കാണാതെ പോകുന്ന തിരക്കഥകൾ
ഏപ്രിൽ 18ന് വിടവാങ്ങിയ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരിനെ ഒാർക്കുന്നു. ബൽറാമിന്റെ ജീവിതവും സിനിമാ സങ്കൽപങ്ങളും എന്തായിരുന്നുവെന്നും എഴുതുന്നു.“സിനിമ അസന്തുഷ്ടമായ കലയാണ്, കാരണം അത് പണത്തെ ആശ്രയിച്ചിരിക്കുന്നു”- ആന്ദ്രേ താർക്കോവ്സ്കിചില സൗഹൃദങ്ങൾ എപ്പോഴാണ് ജീവിതത്തിൽനിന്നും ഇറങ്ങിപ്പോയത് എന്ന് മനസ്സിലാവുകയേ ഇല്ല. ഓർമപ്പെടുത്താൻ ഒടുവിൽ മരണംതന്നെ മുട്ടിവിളിക്കേണ്ടി വരുമ്പോഴാണ് നഷ്ടങ്ങളുടെ കഥയോർക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാവിലത്തെ പത്രത്തിൽ, എട്ടാം പേജിൽ എട്ടാം കോളത്തിൽ ...
Your Subscription Supports Independent Journalism
View Plansഏപ്രിൽ 18ന് വിടവാങ്ങിയ തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂരിനെ ഒാർക്കുന്നു. ബൽറാമിന്റെ ജീവിതവും സിനിമാ സങ്കൽപങ്ങളും എന്തായിരുന്നുവെന്നും എഴുതുന്നു.
“സിനിമ അസന്തുഷ്ടമായ കലയാണ്, കാരണം അത് പണത്തെ ആശ്രയിച്ചിരിക്കുന്നു”- ആന്ദ്രേ താർക്കോവ്സ്കി
ചില സൗഹൃദങ്ങൾ എപ്പോഴാണ് ജീവിതത്തിൽനിന്നും ഇറങ്ങിപ്പോയത് എന്ന് മനസ്സിലാവുകയേ ഇല്ല. ഓർമപ്പെടുത്താൻ ഒടുവിൽ മരണംതന്നെ മുട്ടിവിളിക്കേണ്ടി വരുമ്പോഴാണ് നഷ്ടങ്ങളുടെ കഥയോർക്കുക. ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാവിലത്തെ പത്രത്തിൽ, എട്ടാം പേജിൽ എട്ടാം കോളത്തിൽ എട്ടു സെന്റിമീറ്ററിൽ ‘ബൽറാം മട്ടന്നൂർ അന്തരിച്ചു’ എന്ന വാർത്തയിൽ അകാലത്തിൽ നിലച്ച ഒരു കോഴിക്കോടൻ സൗഹൃദത്തിന്റെ ഓർമ വേദനയുണർത്തി.
ബൽറാം മട്ടന്നൂർ ‘കളിയാട്ടം’ എന്ന പ്രശസ്ത സിനിമയുടെ തിരക്കഥാകൃത്തായി മാറുന്നത് അവന്റെ കോഴിക്കോടൻ ജീവിതത്തിനു ശേഷമാണ്. എൺപതുകളുടെ തുടക്കത്തിൽ ചെലവൂർ വേണു ഏട്ടന്റെ ‘സൈക്കോ’യിൽ ഒറ്റയാൾ സഹപത്രാധിപരായും മാനേജറായും സന്തതസഹചാരിയായും കഴിഞ്ഞിരുന്ന കാലത്താണ് ബൽറാമിനെ ഞാനാദ്യം പരിചയപ്പെടുന്നത്. ബൽറാം അന്ന് ‘മുയൽഗ്രാമം’ എന്ന ബാലസാഹിത്യ കൃതി എഴുതിക്കഴിഞ്ഞിട്ടുണ്ട്. അതവൻ ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ എഴുതിയതാണ് എന്നാണ് കഥ. അതിന് ബാലസാഹിത്യ പുരസ്കാരം കിട്ടിയതോടെ അവൻ അതിന്റേതായ പ്രശസ്തിയിലുമായിരുന്നു. സ്വന്തമായി ഒരു ബാലസാഹിത്യ പുസ്തക പ്രസാധകശാലയും ‘സൈക്കോ’ കാലത്ത് അവൻ നടത്തിയിരുന്നു എന്നു തോന്നുന്നു. എപ്പോൾ കാണുമ്പോഴും മനോഹരമായ വർണപുസ്തകങ്ങൾ കൈയിലുണ്ടാകും. അടക്കിപ്പിടിച്ച മട്ടിലാണ് സംസാരിക്കുക. സംസാരത്തോടൊപ്പം ചിരിയുമുണ്ടാകും. പലപ്പോഴും പറഞ്ഞത് വ്യക്തമാകില്ല, തന്നോട് തന്നെ എന്ന മട്ടിലുള്ള ആ സംസാരം പക്ഷേ ഒരിക്കലും മറന്നിട്ടില്ല.
സോവിയറ്റ് യൂനിയൻ ഉള്ള കാലമായിരുന്നു അത്. റഷ്യയിൽനിന്നും പ്രഭാത് ബുക്സിൽ എത്തിയ ഒരു ഗൊഗോളിന്റെ സെന്റ് പീറ്റേഴ്സ്ബർഗിലെ കഥകളിൽനിന്നും ഇറങ്ങിവന്ന ഒരു കഥാപാത്രംപോലെ റാം റാം എന്ന എഴുത്തുകാരൻ കണ്ണൂരിലെ മട്ടന്നൂരിൽനിന്നും കോഴിക്കോട്ട് ഏകാന്തജീവിതം നയിച്ചുപോന്നു. ഒരു എഴുത്തുകാരൻ ആവുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നിരിക്കണം ആ പ്രവാസം. ‘സൈക്കോ’യിലെ തീ പിടിച്ച ചർച്ചകൾ കഴിഞ്ഞ് മടങ്ങുമ്പോൾ പലപ്പോഴും റാം റാം (അത് ബൽറാം എന്ന സ്വന്തം പേര് പരിഷ്കരിച്ചതാണ്) എന്നോടൊപ്പം കൂടാറുണ്ട്. ചിലപ്പോൾ ആ നടത്തം കടപ്പുറത്തേക്ക് നീളും. അല്ലെങ്കിൽ, മാനാഞ്ചിറക്കു ചുറ്റും വരെ നീളും. ചുറ്റുമുള്ള ലോകം അവനെ ഏതെങ്കിലും തരത്തിൽ ആകർഷിച്ചതായി തോന്നിയിട്ടേയില്ല. ഭൂതകാലത്തോടായിരുന്നു അവന്റെ ആഭിമുഖ്യം. മിത്തുകളുടെയും കഥകളുടെയും ലോകത്തായിരുന്നു അവൻ ജീവിച്ചിരുന്നതെന്ന് തോന്നിച്ചു ആ നടത്തങ്ങളിൽ. അതെപ്പോഴോ മുറിഞ്ഞുപോയി. അവൻ അവന്റെ വഴിക്കും ഞാൻ എന്റെ വഴിക്കും തിരിയുന്നതോടെ രണ്ടു പേർ കാണാതാവുന്നു. .......
കളിയാട്ടം കാലം
1997ലായിരുന്നു ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ വരുന്നത്. ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ ബൽറാം മട്ടന്നൂരിന്റെ ‘കളിയാട്ട’മായി പരിഭാഷപ്പെട്ടതോടെ കുറസോവ ‘മാക്ബത്തി’നെ ‘ത്രോൺ ഓഫ് ബ്ലഡ്’ ആക്കി പരിവർത്തിപ്പിച്ച ഒരു മാജിക് ‘കളിയാട്ട’ത്തിന്റെ രചനയിൽ തെളിഞ്ഞു കാണാമായിരുന്നു. അബോധത്തിന്റെ വിളനിലം ‘കളിയാട്ട’ത്തിൽ ബൽറാം തുറന്നിട്ടു. സുരേഷ്ഗോപി എന്ന നടന്റെ ജീവിതത്തിൽ അത് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടി എത്തി. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രം അങ്ങനെ ചരിത്രമായി.
സംവിധായകൻ ലാൽ ഒരു നടന്റെ ജീവിതത്തിന് വെള്ളിത്തിരയിൽ തുടക്കമിട്ടത് ‘കളിയാട്ട’ത്തിലെ പനിയനാണ്, മഞ്ജുവാര്യരുടെ താമരയും അവരുടെ വേറിട്ട മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായി ‘കളിയാട്ട’ത്തെ രേഖപ്പെടുത്തി. മറന്നുപോകാത്ത നിരവധി പാട്ടുകളുള്ള സിനിമ: ‘കളിയാട്ടം’ മലയാളിയുടെ ഓർമയുടെ തുമ്പത്തുണ്ട് എന്നും. കൈതപ്രം രചനയും സംഗീതവും നിർവഹിച്ച എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ അതിന്റെ പ്രശസ്തിക്ക് ആക്കം കൂട്ടി. തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ വർഷങ്ങൾക്കുശേഷം വീണ്ടും എന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത് കളിയാട്ടം ജയാഘോഷങ്ങൾക്ക് നടുവിലാണ്. ഏത് ഷേക്സ്പിയർ കൃതിയെയും ഏത് ഷേക്സ്പിയർ കഥാപാത്രത്തെയും കണ്ണൂരിലെ തെയ്യങ്ങളുടെ ഭാഷ സംസാരിപ്പിക്കാൻ കരുത്തുള്ള ഒരു എഴുത്തുകാരനായായിരുന്നു ആ വരവ്.
എന്നാൽ, ആഘോഷരാവുകൾ അസ്തമിച്ചപ്പോൾ ‘കളിയാട്ട’ത്തിൽ ഏറ്റവും വിസ്മരിക്കപ്പെട്ട മനുഷ്യൻ അതൊരു സിനിമയായി ആദ്യം സ്വപ്നം കണ്ട, ഷേക്സ്പിയറിന്റെ ‘ഒഥല്ലോ’ കണ്ണൂരിലെ തെയ്യം കലാകാരന്മാരുടെ ജീവിതത്തിലേക്ക് പറിച്ചുനട്ട ബൽറാം മട്ടന്നൂർ എന്ന എഴുത്തുകാരനാണ് എന്ന വസ്തുത വെള്ളിത്തിര ബാക്കിയാക്കി . ജയരാജും സുരേഷ് ഗോപിയും ലാലും മഞ്ജുവാര്യരും കൈതപ്രവും വെള്ളിത്തിരയിൽ പുതിയ ഉയരങ്ങളിൽ തിളങ്ങിയപ്പോൾ ബൽറാം മട്ടന്നൂരിനെ തേടി പുതിയ സിനിമ വന്നില്ല. ബൽറാം വീണ്ടും സ്വന്തം വിസ്മൃതിയിൽ അടുത്ത സ്വപ്നത്തിലേക്ക് ആണ്ടിറങ്ങി. ശ്രദ്ധിക്കപ്പെടേണ്ട വസ്തുത ‘കളിയാട്ടം’ പോലൊരു മികച്ച അഡാപ്റ്റേഷന് മികച്ച അഡാപ്റ്റഡ് തിരക്കഥക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നൽകപ്പെട്ടില്ല എന്നതാണ്.
‘ഒഥല്ലോ’ ‘കളിയാട്ട’വും ‘ഹാംലറ്റ്’ ‘കർമയോഗി’യുമായി ജയരാജും വി.കെ. പ്രകാശും വെള്ളിത്തിരയിലെത്തിച്ചു. രണ്ടും എഴുത്തുകാരൻ എന്ന നിലക്ക് സിനിമയിൽ പിടിച്ചുനിൽക്കാൻ ബൽറാമിന് ഗുണം ചെയ്തില്ല. കഥകളുടെ ഒരു കടൽതന്നെ അവൻ ഒപ്പം കൊണ്ടുനടന്നിരുന്നു. എന്നാൽ, ‘കഥയാണ് ഹീറോ’ എന്ന് പരസ്യമായി നിലവിളിക്കുന്ന സിനിമക്ക് അതൊന്നും വേണ്ടായിരുന്നു. താരങ്ങൾക്ക് മനസ്സിലാകുന്നതെന്തോ അത് മാത്രമാണ് സിനിമക്ക് കണ്ടന്റ് അഥവാ തിരക്കഥ എന്ന യാഥാർഥ്യത്തിന് മുന്നിൽ ഒരെഴുത്തുകാരന്റെ സിനിമാ സ്വപ്നങ്ങൾ തട്ടിത്തകർന്ന് ഇല്ലാതായി.
ചങ്ങമ്പുഴ യാത്രകൾ
‘കളിയാട്ട’ത്തിനും മുമ്പേ, 1993ൽ തുടങ്ങിയതാണ് ചങ്ങമ്പുഴയുമൊത്തുള്ള ബൽറാമിന്റെ യാത്രകൾ. നാടകമായും നോവലായും തിരക്കഥയായും ചങ്ങമ്പുഴയെ ബൽറാം കൊണ്ടുനടന്നു. തൊണ്ണൂറുകളിൽ അത് കേൾക്കാത്ത മാധ്യമങ്ങളും സംവിധായകരും നടന്മാരുമുണ്ടാകില്ല. ഒടുവിൽ ‘രമണം’ സിനിമയാക്കാൻ ബൽറാം സ്വയം മുന്നിട്ടിറങ്ങി. നടൻ മുരളി ഒപ്പം നിന്നപ്പോൾ ബൽറാം തന്നെ അതിന്റെ സംവിധായകനാകാൻ സ്വയം തീരുമാനിച്ചു. ആ തീരുമാനം പക്ഷേ മറ്റൊരു ദുരന്തമായി. പല നിർമാതാക്കളെയും അവൻ എത്തിപ്പിടിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഓരോരുത്തരും കൈവിട്ടു. സിനിമയിൽ ഇത്തിരി ഇടം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചിലിൽ മുമ്പൊരു സിനിമ എടുത്തിട്ടില്ലെന്ന സർട്ടിഫിക്കറ്റിന്റെ അഭാവത്താൽ വെട്ടിവീഴ്ത്തപ്പെട്ടു. ഒന്നല്ല, എത്രയോ തവണ. ആയി എന്ന് തോന്നിയിടത്ത് വെച്ചു തന്നെ പല തവണ. എന്നാൽ, അത് സിനിമയായില്ല. മതിയായ ഒരു കൈത്താങ്ങ് സിനിമയിൽനിന്നും അതിനായി അവനു കിട്ടിയില്ല.
“സഹൃദയരെ,
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മറ്റൊരു ജന്മദിനം കൂടി എത്തുകയാണ്. കവിയുടെ ജീവിതത്തെ ഞാൻ പഠിച്ചിട്ട് 24 വർഷം തികയുകയാണ്. ‘രമണം’ എന്ന പേരിൽ കവിയുടെ ജീവിതത്തെ അവലംബിച്ച് നോവൽ, നാടകം, തിരക്കഥ ഒക്കെ വേറെ വേറെ എഴുതി. അടുത്തവർഷം കവിയുടെ ജന്മദിനം വീണ്ടും വരും. അപ്പോൾ ‘രമണം’ തിരക്കഥ ചലച്ചിത്രരൂപം കൈക്കൊണ്ട് പ്രദർശനശാലകളിൽ എത്തും. ‘രമണം’ നോവൽ, ‘രമണം’ നാടകം പുസ്തകശാലകളിൽ എത്തും. മുൻകാലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെതന്നെ പുസ്തകങ്ങൾ ക്രോഡീകരിച്ച് വിൽപന നടത്തിയാണ് ‘രമണ’ത്തിന്റെ നിർമാണച്ചെലവ് കണ്ടെത്തുന്നത്.www.remanam.com, remanam song, Remanam page
അങ്ങയുടെ ബൽറാം,
(ബൽറാം മട്ടന്നൂർ)
2017 ഒക്ടോബർ 9.’’
അതൊരു ഒറ്റയാൾ യുദ്ധപ്രഖ്യാപനമായിരുന്നു. അവസാനം സ്വയം ഏറ്റെടുത്ത ചങ്ങമ്പുഴയുടെ ലോഞ്ചിന് കണ്ണൂരിൽ അവന്റെ നാട്ടിലെ പുസ്തക പ്രകാശന ചടങ്ങിന് പോയ ഓർമയാണ്. ദീദിയെയും പ്രകാശനച്ചടങ്ങിൽ നിർബന്ധിച്ചു വരുത്തിയിരുന്നു. ഭയങ്കര ചടങ്ങായിരുന്നു അത്. ഒരുനാട് തന്നെ ബൽറാമിന്റെ ചങ്ങമ്പുഴ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കുന്ന കാഴ്ച അന്നു കണ്ടു. സിനിമ നടന്നേക്കും എന്നുപോലും തോന്നിച്ചു. മാതൃഭൂമിയിൽ വന്ന് എം.ഡി. എം.പി. വീരേന്ദ്രകുമാറിനും പുസ്തകം കൈമാറി. വലിയ വാർത്തകൾ വന്നു. അവൻ സ്വപ്നങ്ങളുടെ ഭൂപടം വരച്ചിട്ടു അതിൽ. എന്നാൽ, അതും നടന്നില്ല. സിനിമക്കായി അച്ചടിച്ച ആ പുസ്തകങ്ങൾ വിറ്റുതീർന്നില്ല. അതിന്റെ ബാധ്യതയിൽ ബൽറാം പിന്നെ അപ്രത്യക്ഷനായി. ബൽറാമിനെ പിന്നെ കണ്ടതേയില്ല.
സ്വന്തം പുസ്തകങ്ങൾ നടന്നു വിറ്റ് സിനിമ സ്വയം നിർമിക്കുക എന്നത് എത്ര വലിയ സാഹസിക സംരംഭമാണെന്ന് ബൽറാം മനസ്സിലാക്കിയില്ല. അത് ഒരു വലിയ ദുരന്തമായി മാറി. ഒരാൾക്കൊറ്റക്ക് നടന്നു വിൽക്കാവുന്ന ഒന്നല്ല പുസ്തക വിൽപനയുടെ ലോകം എന്ന് ബൽറാമിനെ കമ്പോളം പഠിപ്പിച്ചു കാണണം. ആ തിരക്കഥ ഓർമയുടെ ഇരുണ്ട അട്ടത്തായി. ജീവിതത്തിൽ നിന്നേ പിൻവാങ്ങാനുള്ള സമയം നിശ്ചയിക്കപ്പെട്ടിരുന്നു. അത്രയേ ഭൂമിയിൽ സമയം അനുവദിക്കപ്പെട്ടിരുന്നുള്ളൂ.
അവസാനം അർബുദവുമായുള്ള നീണ്ട പോരാട്ടത്തിൽ നടൻ സുരേഷ്ഗോപിയും സംവിധായകൻ ജയരാജും സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുമൊക്കെ അവനൊപ്പം നിന്നു. ‘രമണം’ യാത്രയിൽ ഒപ്പം നിന്ന സന്തതസഹചാരിയും സംഗീതസംവിധായകനും ഗായകനുമായ രഞ്ജിത്ത് ശ്രീധരൻ എല്ലാറ്റിനും കൂട്ടായി നിന്നു. സൗമ്യയാണ് ബൽറാമിന്റെ ജീവിതപങ്കാളി. ഏക മകൾ ഡോ. ഗായത്രി സൈക്കോളജിയിൽ പിഎച്ച്.ഡി നേടി സ്വന്തം നിലയിൽ ജീവിതയാത്രയിൽ കാലുറപ്പിക്കുന്നു. തിരക്കഥാകൃത്ത് അഗാധമായി ആഗ്രഹിച്ചാൽ ഒരു മികച്ച തിരക്കഥക്ക് ഒരു സിനിമയാകാൻ എത്രനാൾ കാത്തിരിക്കണം?
പത്തു വർഷം? ഇരുപത് വർഷം? മുപ്പത് വർഷം? പോരാ, ചിലപ്പോൾ അത് ഒരിക്കലും സിനിമയേ ആകില്ല. തിരക്കഥാകൃത്ത് ആ കാത്തിരുപ്പിനിടയിൽ എന്നെന്നേക്കുമായി വിട പറയുകയും ചെയ്യും. അതാണ് മട്ടന്നൂർ ബൽറാമിന്റെ രമണം. അതാണ് മലയാളത്തിെൻറ വെള്ളിത്തിരയിലെ തിരക്കഥാകൃത്തുക്കളുടെ ആടുജീവിതം. തന്റെ ആയുഷ്കാല സ്വപ്നമായ ചങ്ങമ്പുഴ സിനിമ നിറവേറ്റാകാതെ ബൽറാം മട്ടന്നൂർ വിട പറഞ്ഞത് അങ്ങനെയാണ്. എന്നാൽ, രോഗക്കിടക്കയിലും ബൽറാം വെറുതെയിരുന്നില്ല. കാശി എന്ന ബൃഹത് നോവൽ എഴുതി പ്രസിദ്ധീകരിച്ചു. എം.വി. ഗോവിന്ദൻ മാഷ് പുസ്തകം പ്രകാശിപ്പിച്ചു. ഒരാൾ മാത്രം അഭിനയിക്കുന്ന ‘അന്യലോകം’ എന്ന തിരക്കഥ പൂർത്തിയാക്കി ഇന്ദ്രൻസിനെ നായകനാക്കി സംവിധാനം ചെയ്യാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.
തിരക്കഥ സംവിധായകൻ ജയരാജ് കൈതപ്രത്തിന് നൽകി പ്രകാശനം ചെയ്തു. ‘ജീവിതം പൂങ്കാവനം’ എന്ന സ്മരണികാ പുസ്തകം നടൻ സുരേഷ്ഗോപി പ്രകാശം ചെയ്തു. കൂടാതെ ദസ്തയേവ്സ്കിയുടെ ‘കുറ്റവും ശിക്ഷയും’ ‘ചമ്മട്ടി’ എന്ന പേരിൽ സിനിമയാക്കാൻ തിരക്കഥയും പദ്ധതിയുമുണ്ടാക്കി. സംഭവ ബഹുലമായിരുന്നു രോഗത്തെ നേരിട്ട കാലം. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. ആരും വിളിച്ചുപറഞ്ഞിരുന്നുമില്ല. ഫേസ്ബുക്കിൽ ബൽറാം സുഹൃത്തല്ലാത്തതുകൊണ്ടായിരിക്കാം ഫേസ്ബുക്ക് അൽഗോരിതം ഒന്നും അറിയിച്ചിരുന്നുമില്ല. തിരിച്ച് ബൽറാമിന്റെ ഗുരു ചെലവൂർ വേണു ഏട്ടൻ കോഴിക്കോട് മെഡിക്കൽ കോളജിലെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ ഓർമ മാഞ്ഞ് കിടപ്പുണ്ട് എന്ന് അവൻ അറിഞ്ഞിരിക്കാൻ ഇടയില്ല. അറിഞ്ഞാൽ ബന്ധപ്പെടുമായിരുന്നു. അറിയിക്കാൻ ബൽറാം മട്ടന്നൂർ എവിടെയോ ഉണ്ടെന്ന് ഞാനും മറന്നിരുന്നു.
ഒരിക്കൽക്കൂടി ആവർത്തിക്കട്ടെ, നാം അഗാധമായി ഒരു സ്വപ്നം കണ്ടാൽ അത് നടപ്പാക്കാൻ ലോകം മുഴുവൻ അതിനായി ഗൂഢാലോചന നടത്തി ഒപ്പം നിൽക്കും എന്ന് പൗലോ കൊയ് ലോ പറഞ്ഞത് ചുമ്മാ, അതൊരു തട്ടിപ്പാണ്. അതൊക്കെ വെറും വാക്കുകൾ മാത്രം. അടക്കിപ്പിടിച്ച ശബ്ദത്തിൽ സ്വകാര്യം പറയുന്നതു പോലെ നടക്കുമെന്നു കരുതിയ സ്വപ്നങ്ങൾ പങ്കുവെക്കാൻ കയറിവരുന്ന ആ ചങ്ങാതി മനസ്സിൽനിന്നും മായുന്നില്ല. സിനിമയുടെ വെള്ളി വെളിച്ചത്തിൽ കരിഞ്ഞുപോയ ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ ഇനി അവന്റെ പേരുമുണ്ടാകും: ബൽറാം മട്ടന്നൂർ. ചങ്ങാതിക്ക് വേദനയോടെ വിട.
(തുടരും)
===============
അന്യലോകം
ബൽറാം അവസാനമെഴുതിയ കുറിപ്പ്
ഒമ്പതാം ക്ലാസിലെ വർഷാന്ത പരീക്ഷക്ക് മുമ്പ് ചിക്കൻപോക്സ് പിടിപെട്ടു. അക്കൊല്ലം പരീക്ഷയെഴുതാനായില്ല. അക്കാലത്ത് ഈ രോഗം അത്ര ചെറുതല്ല. രണ്ടാഴ്ചയെങ്കിലുമാകും ഭേദമാകാൻ. അക്കാലം മുഴുവൻ ആ കൗമാരക്കാരന് ഏകാന്ത ജീവിതമായിരുന്നു. രോഗം ഭേദമായതിനുശേഷം ആദ്യം ചെയ്തത് പഴയ നോട്ടുബുക്കിൽനിന്ന്, എഴുതാത്ത കടലാസുകൾ കീറിയെടുത്ത് തുന്നിച്ചേർക്കുകയായിരുന്നു.
എന്താണ് എഴുതുന്നത് എന്ന് ഒരു രൂപവുമില്ലായിരുന്നു. നിർത്താതെ എഴുതി. ‘മുയൽഗ്രാമം’ എന്നൊരു പേരുമിട്ടു. ‘ബാലയുഗം’ എന്ന ബാലമാസികയാണ് ഇതിനുമുമ്പ് വായിച്ചിട്ടുള്ളത്. ‘മുയൽഗ്രാമം’ എഴുതിക്കഴിഞ്ഞപ്പോൾ തന്നിൽനിന്ന് എന്തോ ചോർന്നുപോയതായി തോന്നി. എന്താണ് സംഭവിച്ചതെന്ന് ഒട്ടും മനസ്സിലായില്ല.
പിന്നീട് 7 വർഷങ്ങൾക്കുശേഷം തലശ്ശേരി കനറാ ബാങ്കിന്റെ മാനേജരായി ബാലസാഹിത്യകാരൻ പി. നരേന്ദ്രനാഥ് വന്നപ്പോഴാണ് ഒരു രൂപമുണ്ടായത്. സുഹൃത്ത് ദിലീപാണ് കൂട്ടിക്കൊണ്ടു പോകുന്നത്. അവൻതന്നെയാണ് ലൈബ്രറികളിൽ പരിചയപ്പെടുത്തി പുസ്തകങ്ങൾ എടുത്തുതരുന്നത്. ലൈബ്രറിയുടെ മൂലയിലിരുന്ന് ഒരു ദിവസം തന്നെ മൂന്നും നാലും പുസ്തകങ്ങൾ വായിക്കും. അക്കാലത്ത് മൂന്നും നാലും കഥകൾ എഴുതിയ ദിവസങ്ങളുണ്ട്. നരേന്ദ്രനാഥാണ് കോഴിക്കോട് ടൂറിങ് ബുക്സ്റ്റാളിലേക്ക് പറഞ്ഞുവിടുന്നത്.
1982ൽ ‘മുയൽഗ്രാമം’ പ്രസിദ്ധീകരിക്കപ്പെട്ടു. തുടർന്ന് ധാരാളം എഴുതി. പ്രസിദ്ധീകരിച്ചതിനെക്കാൾ എത്രയോ മടങ്ങ് പ്രസിദ്ധീകരിക്കാതെ അലമാരയിൽ കിടന്നു. 14 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 4 സിനിമകൾക്ക് തിരക്കഥ എഴുതി. ധാരാളം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തു.
തിരക്കഥ എഴുതിയവയിൽ ‘കളിയാട്ടം’, ‘കർമയോഗി’ തുടങ്ങിയ സിനിമകൾ, ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് പുര സ്കാരങ്ങൾ ലഭിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം ഫിലിം ഫെസ്റ്റി വലുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം യൂനിവേഴ്സിറ്റികളിൽ സിനിമയും തിരക്കഥയും പാഠ്യവിഷയങ്ങളായി. എം.ടി. വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവർ കോഴിക്കോട് ആരംഭിച്ച പുസ്തക പ്രസിദ്ധീകരണശാലയായ ക്ലാസിക് ബുക്ക് ട്രസ്റ്റിന്റെ ചുമതലക്കാരനായി. അഴീക്കോടിന്റെ ‘തത്ത്വമസി’, ബഷീറിന്റെ ശ്രദ്ധിക്കപ്പെടാതെ കിടന്ന കൃതി ‘അനുരാഗത്തിന്റെ ദിനങ്ങൾ’ തുടങ്ങി ധാരാളം പുസ്തകങ്ങൾ ഈ പ്രസിദ്ധീകരണശാലയിലൂടെ വായനക്കാരിലേക്ക് എത്തി.
‘തുടിപ്പുകൾ’ എന്ന ദ്വൈവാരികയിൽ ‘ഭ്രാന്തന്റെ ഡയറി’ എന്നൊരു സ്ഥിരം പംക്തി എഴുതി. മലയാളത്തിലെ ആദ്യത്തെ മനഃശാസ്ത്ര മാസികയായ ‘സൈക്കോ’യിൽ പ്രവർത്തിച്ചു. ‘സൈക്കോ’യിൽ ചിത്രം വരച്ചു. മറ്റെല്ലാ ജോലികളും ചെയ്തു. പഠിക്കുന്ന സമയത്ത് ധാരാളമായി ചിത്രങ്ങൾ വരക്കുമായിരുന്നു. കണ്ണൂരിൽനിന്ന് പ്രസിദ്ധീകരിച്ച ‘ചേതന’ സായാഹ്നപത്രത്തിൽ ലേഖ നമെഴുതുകയും മറ്റ് ജോലികൾ ചെയ്യുകയും ചെയ്തു. പുനത്തിൽ കുഞ്ഞബ്ദുള്ള പറയുമായിരുന്നു ‘രാമാ നീ നോവലെഴുതാനൊന്നും മെനക്കെടേണ്ട. സിനിമക്ക് കഥയെഴുതാൻ നോക്കൂ’ എന്ന്. എന്റെ തലമുറക്ക് സംഘർഷഭരിതമായ ജീവിതമില്ല. അതിനാൽ, ഈടുറ്റ കൃതികൾ ഉണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. തന്റെ ആശയവുമായി ഒത്തുനിൽക്കുമെന്ന് തോന്നിയ സംവിധായകരുമായി കഥ പറയുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തുവെങ്കിലും പലപ്പോഴും പ്രോജക്ടുകൾ മുന്നോട്ടു പോയില്ല.
കുട്ടിക്കാലം മുതലേ ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന സ്വഭാവമായിരുന്നു. ഈ അന്തർമുഖത്വം കാരണം സഹിത്യ-സിനിമാവേദി കളിലൊന്നും എത്തിച്ചേർന്നില്ല. അതുവഴി ലഭിക്കുമായിരുന്ന പുതിയ സൗഹൃ ദങ്ങളും പുത്തൻ അറിവുകളും നഷ്ടപ്പെട്ടു. ഇഷ്ടപ്പെട്ട ഒരു പശ്ചാത്തലം, കഥ ലഭിച്ചാൽ അതിനെക്കുറിച്ച് പഠി ക്കാൻ ഇറങ്ങി പുറപ്പെടുകയായി. അതിനാവശ്യമായ പണച്ചെലവോ സമ യമോ ഗൗനിക്കില്ല. ഈ സ്ക്രിപ്റ്റ് സിനിമയാകുമെന്ന് ഉറപ്പില്ല. സിനിമയാ യില്ലെങ്കിൽ ഒക്കെ നഷ്ടം തന്നെ. അത്തരത്തിൽ ധാരാളം തിരക്കഥകൾ എഴുതപ്പെട്ടു. 1993ലാണ് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച് പഠിക്കാൻ ഇറങ്ങി പുറപ്പെടുന്നത്. തുഞ്ചനും കുഞ്ചനും ശേഷം മലയാളം കണ്ട ഏറ്റവും ജനകീയനായ കവിയുടെ ജീവിതകഥയാണ് പറയുന്നതെന്ന ബോധം എനിക്കുണ്ടായിരുന്നു. പക്ഷേ, മലയാള സിനിമക്ക് ഉണ്ടായില്ല.
‘രമണം’ സിനിമയാക്കാനുള്ള എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് സ്വന്തം പുസ്തകം അച്ചടിച്ച് വിറ്റ് ലഭിക്കുന്ന പണംകൊണ്ട് ‘രമണം’ നിർമിക്കാമെന്ന് തീരുമാനിച്ചത്.
അതിന് പ്രചോദനമായത് മൂന്ന് പേരാണ്: കലാമണ്ഡലം രൂപപ്പെടുത്താൻ മഹാകവി വള്ളത്തോൾ, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിക്കായി പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്കായി സർ സയ്യിദ് അഹമ്മദ് ഖാൻ എന്നിവർ സഹിച്ച അവഹേളനവും അവഗണനയും ഊർജമായി. പക്ഷേ, പ്രവർത്തനം നിശ്ചലമായിപ്പോയി. സാമൂഹിക കാരണങ്ങളുണ്ട്. അതിനപ്പുറം ആരോഗ്യപ്രശ്നങ്ങൾ വന്നുപെട്ടു.
അർബുദം പിടിപ്പെട്ടു. ദീർഘകാലമായി ചികിത്സയിലാണ് കഴിഞ്ഞ ഒരു വർഷത്തിനുമീതെയായി കിടപ്പിലാണ്. രോഗം തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.
രോഗത്തിന്റെ തീവ്രതയിലാണ് ‘അന്യലോകം’ എഴുതുന്നത്. 22ന് ആ കൃതി പ്രകാശനം ചെയ്യപ്പെടുകയാണ്. എനിക്കും മാറാരോഗികളായ അനേകം പേർക്കും ഈ ഒരു ഉദ്യമം ആത്മവിശ്വാസവും പ്രചോദനവുമാകട്ടെ.
==================
അടിക്കുറിപ്പ്:
തെയ്യം കാണും മുമ്പ് ആ ലോകത്തേക്ക് തന്നെ പിടിച്ചുയർത്തിയ വലിയ എഴുത്തുകാരനാണ് ബൽറാം എന്ന് കളിയാട്ടത്തിന്റെ സംവിധായകൻ ജയരാജ് ഓർക്കുന്നു. വീണ്ടും ഒരു ഷേക്സ്പിയർ രചന അവർ ആലോചിച്ചിരുന്നു. എങ്കിലും നടന്നില്ല. അവസാനം രോഗകാലത്തും കളിയാട്ടം ടീം -സുരേഷ് ഗോപിയും കൈതപ്രവും ജയരാജും- ബൽറാമിനൊപ്പം ഒരു സാന്ത്വനമായി കൂടെ നിന്നു.
‘രമണം’ എന്ന തിരക്കഥ ബൽറാം എന്ന എഴുത്തുകാരന്റെ മൂന്ന് പതിറ്റാണ്ടിന്റെ ഓർമകളുടെ വേരുകളുള്ള ഒരു ചങ്ങമ്പുഴ സ്വപ്നമാണ്. അതിലും മികച്ച മറ്റൊരു സ്മാരകം ബൽറാം മട്ടന്നൂർ എന്ന തിരക്കഥാകൃത്തിന് വേറെയുണ്ടാകാൻ വഴിയില്ല. അത് സാധ്യമാകാൻ അവന്റെ ‘കളിയാട്ട’ത്തിന് വെള്ളിത്തിര ജീവിതമൊരുക്കിയ സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിൽ മറ്റൊരു ജനകീയസംരംഭം ഉണ്ടാകട്ടെ. ബൽറാമിന്റെ ഓർമകളോട് ചെയ്യുന്ന നീതിയായി, സിനിമയുടെ ചരിത്രത്തിൽ സൗഹൃദത്തിന്റെ സ്മാരകമായി രമണം ഇടംപിടിക്കട്ടെ.