Begin typing your search above and press return to search.
proflie-avatar
Login

വൈവിധ്യപൂർണതയുടെ ദൃശ്യപരിണതികൾ

വൈവിധ്യപൂർണതയുടെ   ദൃശ്യപരിണതികൾ
cancel

മേയ്​ 6ന്​ വിടവാങ്ങിയ ചലച്ചിത്രസംവിധായകൻ ഹരികുമാറിന്റെ സർഗപ്രപഞ്ചത്തിലെ അവിസ്​മരണീയ ചലച്ചിത്ര രചനകളിലൂടെ ഒരു സൂക്ഷ്മസഞ്ചാരം.മലയാള സിനിമ ഇന്ന് ഇതിവൃത്തപരമായ സവിശേഷതകൾക്കൊപ്പം ആഖ്യാനസംബന്ധിയായ കുതിച്ചുചാട്ടങ്ങളുടെ കൂടി കലയാണ്. എന്ത് പറയുന്നു, എന്തിന് പറയുന്നു, എങ്ങനെ പറയുന്നു, എപ്പോൾ പറയുന്നു എന്നതെല്ലാം പ്രധാനമാണ്. പരമ്പരാഗതവും സമകാലികവുമായ ജീവിതസമസ്യകൾ മുന്നോട്ടുവെക്കുമ്പോഴും ഏതൊരു കലാസൃഷ്​ടിയെയുംപോലെ സിനിമയും എല്ലാ കാലത്തി​ന്റെയും കലയായിരിക്കണം. അപ്പോൾ മാത്രമാണ് അത് ക്ലാസിക്​ എന്ന് വിശേഷിപ്പിക്കാനാവുംവിധം തലമുറകൾ കടന്ന് വളർന്ന് ശാശ്വതഭാവം കൈക്കൊള്ളുന്നത്....

Your Subscription Supports Independent Journalism

View Plans
മേയ്​ 6ന്​ വിടവാങ്ങിയ ചലച്ചിത്രസംവിധായകൻ ഹരികുമാറിന്റെ സർഗപ്രപഞ്ചത്തിലെ അവിസ്​മരണീയ ചലച്ചിത്ര രചനകളിലൂടെ ഒരു സൂക്ഷ്മസഞ്ചാരം.

മലയാള സിനിമ ഇന്ന് ഇതിവൃത്തപരമായ സവിശേഷതകൾക്കൊപ്പം ആഖ്യാനസംബന്ധിയായ കുതിച്ചുചാട്ടങ്ങളുടെ കൂടി കലയാണ്. എന്ത് പറയുന്നു, എന്തിന് പറയുന്നു, എങ്ങനെ പറയുന്നു, എപ്പോൾ പറയുന്നു എന്നതെല്ലാം പ്രധാനമാണ്. പരമ്പരാഗതവും സമകാലികവുമായ ജീവിതസമസ്യകൾ മുന്നോട്ടുവെക്കുമ്പോഴും ഏതൊരു കലാസൃഷ്​ടിയെയുംപോലെ സിനിമയും എല്ലാ കാലത്തി​ന്റെയും കലയായിരിക്കണം. അപ്പോൾ മാത്രമാണ് അത് ക്ലാസിക്​ എന്ന് വിശേഷിപ്പിക്കാനാവുംവിധം തലമുറകൾ കടന്ന് വളർന്ന് ശാശ്വതഭാവം കൈക്കൊള്ളുന്നത്. അത്തരമൊരു പരിശ്രമത്തി​ന്റെ സഫലമായ പരിണതിയാണ് ഹരികുമാറിന്റെ ചലച്ചിത്ര രചനകളിൽ ഏറെയും. ഏത് തലത്തിൽ വിലയിരുത്തുമ്പോഴും മലയാള സിനിമയെ ഇതിവൃത്തപരമായും ആഖ്യാനപരമായും മുന്നോട്ടുനയിക്കാൻ കെൽപുള്ള ചലച്ചിത്രകാരൻമാരുടെ നിരയിൽതന്നെയാണ് അദ്ദേഹത്തി​ന്റെയും സ്​ഥാനം. സ്വയം ആവർത്തിക്കുന്നു എന്നതാണ് ഹരികുമാറി​ന്റെ സമകാലികരായ ചലച്ചിത്രകാരൻമാരിൽ ഏറെ പേരെയും പ്രതിലോമകരമായി ബാധിച്ച ദുരന്തം. പ്രത്യഭിഭിന്നമായ ഇതിവൃത്തങ്ങൾ സ്വീകരിക്കുമ്പോഴും പല ചലച്ചിത്രകാരൻമാരിലും പ്രകടമായി കണ്ട ന്യൂനത ആഖ്യാനത്തിലെ സമാനസ്വഭാവമാണ്.

പ്രകൃതിഭംഗിയിൽ കണക്കിൽ കവിഞ്ഞ ശ്രദ്ധ ചെലുത്തുന്ന ചില ചലച്ചിത്രകാരൻമാർ പ്രകൃതിയെ ഒരു കഥാപാത്രമായി ത​ന്റെ സിനിമകളിൽ സന്നിവേശിപ്പിക്കുന്നു. കഥാഭൂമികക്ക് സവിശേഷ പ്രാധാന്യമുള്ള സിനിമകളിൽ ഒഴികെ ഈ സമീപനം സിനിമയുടെ ആകത്തുകയെ ദോഷകരമായി ബാധിക്കുന്നത് കാണാം. ഒരു ഘടകവും പ്രത്യേകമായി എടുത്തുനിൽക്കാതെ സിനിമയെ മുന്നോട്ടുനയിക്കുക എന്നതാണ് പ്രധാനം. ആകത്തുകയുടെ പൂർണതയിൽ ഇതര ഘടകങ്ങൾ വിലയിക്കപ്പെടുകയാണ് വേണ്ടത്. അല്ലാത്തപക്ഷം കാണികളുടെ ശ്രദ്ധ സിനിമക്കപ്പുറം മറ്റ് വസ്​തുക്കളിലേക്ക് വ്യതിചലിക്കപ്പെടുന്നു എന്ന വൈരുധ്യം സംഭവിക്കുന്നു.

സിനിമ കാഴ്ചയുടെ കലയാണ് എന്ന സാമാന്യതത്ത്വം പരക്കെ അംഗീകരിക്കപ്പെടുമ്പോഴും ഏതുതരം കാഴ്ച എന്ന ചോദ്യം ഏറെ പ്രസക്തമാണ്. സിനിമ സംവേദനം ചെയ്യാൻ ഉദ്ദേശിക്കുന്ന ഇതിവൃത്തം ഏറ്റവും ഫലപ്രദമായും പ്രഹരശേഷിയോടെയും േപ്രക്ഷക​ന്റെ ഉള്ളിലേക്ക് ആഞ്ഞ് പതിപ്പിക്കുക എന്നതാണ് പ്രധാനം. ഇവിടെ സിനിമ എന്ന കലാരൂപം മാത്രമാണ് പ്രധാനം. അതി​ന്റെ ആകത്തുകയുടെ പൂർണതക്കാവണം ഊന്നൽ. സിനിമാ നിർമാണത്തിന് ഉപയുക്തമായ നിരവധി അസംസ്​കൃത വസ്​തുക്കളുണ്ട്. ഇവയൊന്നും സിനിമയുടെ ആകത്തുകയിൽ പ്രകടനപരമാവും വിധം മുഴച്ചുനിൽക്കാതെ ആഖ്യാനം നിർവഹിക്കുക എന്നതാണ് ഒരു നല്ല ചലച്ചിത്രകാര​ന്റെ ദൗത്യം. നിരവധിയായ ഘടകങ്ങളുടെ കൃത്യമായ അനുപാതത്തിലുള്ള സമന്വയം സാധിതമാകുമ്പോൾ മാത്രമാണ് അയാൾ ചലച്ചിത്രകാരൻ എന്നനിലയിൽ പൂർണതയെ സ്​പർശിക്കുന്നത്.

ഛായാഗ്രഹണം മാത്രമായി മുഴച്ചുനിൽക്കുന്ന സിനിമകളുണ്ട്. കഥാസന്ദർഭത്തെ േപ്രാജ്ജ്വലിപ്പിക്കാനുള്ള ഉപകരണം എന്നതിനപ്പുറം ഫിൽറ്ററുകളും ലൈറ്റിങ്ങിലെ ധാരാളിത്തവും വർണങ്ങളുടെ അമിതോപയോഗവും അപകടകരമായ സന്ദേശമാണ് നൽകുന്നത്. വർണവിന്യാസത്തിലും വെളിച്ച ക്രമീകരണത്തിലും സാക്ഷാത്കാരകനും ഛായാഗ്രാഹകനും ചേർന്ന് പുലർത്തേണ്ട അവധാനതയുടെ മലയാളത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് അടൂർ ഗോപാലകൃഷ്ണ​ന്റെയും കെ.ജി. ജോർജി​ന്റെയും സിനിമകൾ. ​െഫ്രയിമുകളെ ഗ്ലാമറൈസ്​ ചെയ്യാൻ ഇവർ ഒരിക്കലും ശ്രമിക്കാറില്ല. തിളങ്ങുന്ന വർണാഭമായ ദൃശ്യങ്ങൾ ഇവരുടെ സിനിമകൾക്ക് അന്യമാണ്. കാരണം, കഥയും കഥാപാത്രങ്ങളും വഴി സംവേദനം ചെയ്യപ്പെടാൻ ഉദ്ദേശിക്കുന്ന ആശയതലത്തിലാണ് ഇവരുടെ ഊന്നൽ. കടുത്ത ചായക്കൂട്ടുകൾ പാടെ ഒഴിവാക്കിയും അതിവൈകാരികതയും അതിനാടകീയതയും പടിക്ക് പുറത്തുനിർത്തിയും ധ്വന്വാത്മകതയുടെ സാധ്യതകൾ വിജയകരമായി പരീക്ഷിച്ചവർ എന്ന നിലയിലാണ് അടൂരും അരവിന്ദനും ഷാജി എൻ. കരുണും ജോർജും അടക്കമുള്ള സംവിധായകൻ വിലമതിക്കപ്പെടുന്നത്.

സ്വയം അനുകരിക്കാത്ത ചലച്ചിത്രകാരൻ

സമാനമായതലത്തിൽ വിലയിരുത്താനാവില്ലെങ്കിലും ഈ ചലച്ചിത്രകാരൻമാരുടെ ആഖ്യാനപരമായ ഗുണസമീപനങ്ങൾ ഒരുപരിധി വരെ ത​ന്റെ സൃഷ്​ടികളിൽ സന്നിവേശിപ്പിക്കുകയും അതേസമയം തനതായ പാത വെട്ടിത്തുറക്കുകയും ചെയ്തു എന്നതാണ് ഹരികുമാറി​ന്റെ പ്രത്യേകത. ഏതാണ്ട് എല്ലാ ജനുസ്സിലുമുള്ള സിനിമകൾ ഒരുക്കിയ ഹരികുമാർ മുഴുനീള ഹാസ്യചിത്രം ഒരുക്കാനും മടിച്ചില്ല. ഹരികുമാർ പൂർവമാതൃകകളെ പാടെ നിരാകരിക്കുന്ന ചലച്ചിത്രകാരനാണ്. ഒരു സിനിമയും പ്രമേയത്തിലും ആഖ്യാനശൈലിയിലും സാധർമ്യം പുലർത്താൻ പാടില്ലെന്ന് അദ്ദേഹം കർശനമായി നിഷ്കർഷിക്കുന്നു. സ്വന്തം ശൈലിയുടെ തടവുകാരനായി മാറാൻ അദ്ദേഹം തയാറാവുന്നില്ല. മറിച്ച്, ഇതിവൃത്തത്തിനും സിനിമയുടെ രൂപശിൽപത്തിനും ഇണങ്ങുന്ന ഒരു പ്രതിപാദനരീതി രൂപപ്പെടുത്താനാണ് അദ്ദേഹത്തി​ന്റെ ശ്രമം.

‘സുകൃതം’, ‘ജ്വാലാമുഖി’, ‘ജാലകം’, ‘ഉദ്യാനപാലകൻ’, ‘ആമ്പൽപ്പൂവ്’, ‘ഒരു സ്വകാര്യം’, ’പറഞ്ഞുതീരാത്ത വിശേഷങ്ങൾ’, ‘അയനം’, ‘ജാലകം’, ‘ഓട്ടോറിക്ഷാക്കാര​ന്റെ ഭാര്യ’... എന്നിങ്ങനെ ഓരോ സിനിമയിലും ഈ ലക്ഷ്യത്തിന് ഉപോദ്ബലകമായ സമീപനങ്ങൾ അദ്ദേഹം സ്വീകരിക്കുന്നു. ഒരിക്കൽ പരീക്ഷിച്ച തിരക്കഥാകൃത്തിനെ ആവർത്തിക്കാൻ അദ്ദേഹം പൊതുവെ ഒരുമ്പെടാറില്ല. എം.ടി, എം. മുകുന്ദൻ, പെരുമ്പടവം, ലോഹിതദാസ്​, ജോൺപോൾ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീനിവാസൻ, കലൂർ ഡെന്നീസ്​, സന്തോഷ് ഏച്ചിക്കാനം... എന്നിങ്ങനെ കലാസമീപനങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന എഴുത്തുകാരെ ത​ന്റെ സിനിമക്കായി ഉപയോഗപ്പെടുത്തുക എന്ന ബുദ്ധിപരമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സ്വയം ആവർത്തിക്കാതിരിക്കുക എന്നപോലെ സിനിമയുടെ ആധാരശിലയായ തിരക്കഥയിലും നൂതനമായ സമീപനങ്ങൾ പരീക്ഷിക്കുക എന്നതാണ് ഹരികുമാറി​ന്റെ രീതി.

വൈവിധ്യം തേടിയുള്ള യാത്രയിൽ അദ്ദേഹം സുശിക്ഷിതമായ ചില നിഷ്ഠകൾ സ്വീകരിക്കുകയും അതൊക്കെ തന്നെ സൃഷ്​ടികളിൽ പ്രതിഫലിക്കാൻ ഇടയാക്കിയിട്ടുമുണ്ട്. ഹരികുമാറി​ന്റെ സിനിമകളിൽ ഇതിവൃത്തത്തി​ന്റെ തലപ്പൊക്കംകൊണ്ടും ആഖ്യാനത്തിലെ സവിശേഷതകൾകൊണ്ടും രൂപശിൽപത്തികവിലും കൂടുതൽ ഔന്നത്യം തേടുന്ന സൃഷ്​ടികൾ ‘സുകൃത’വും ‘ജ്വാലാമുഖി’യുമാണ് എന്ന് പറയുമ്പോൾ മറ്റ് സിനിമകളുടെ നിലവാരം സംബന്ധിച്ച ആശങ്കകൾക്ക് സ്​ഥാനമില്ല. ‘ജാലക’വും ‘ആമ്പൽപ്പൂവും’ ‘ഒരു സ്വകാര്യ’വും ‘അയന’വുമെല്ലാം അതത് കാലഘട്ടങ്ങളിൽ മാറ്റത്തിനൊപ്പം നിന്ന സിനിമകളാണ്.

 

എന്നാൽ, എം.ടിയുടെ ചലച്ചിത്രജീവിതത്തിലെ ഇതഃപര്യന്തമുള്ള രചനകളിൽ ഏറ്റവും സങ്കീർണവും ഗൗരവപൂർണവുമായ ഒരു ഇതിവൃത്തം അടിസ്​ഥാനമാക്കി രൂപപ്പെട്ട തിരക്കഥയാണ് ‘സുകൃതം’. മനുഷ്യാവസ്​ഥയുടെ സൂക്ഷ്മവ്യതിയാനങ്ങളുടെ ആഴമേറിയ ചിത്രം കാഴ്ചവെക്കാൻ ശ്രമിച്ച ഒരു രചനയെ അതി​ന്റെ ഉൾക്കരുത്ത് ചോർന്നുപോകാത്ത വിധം ദൃശ്യാത്മകമായി അടയാളപ്പെടുത്തുന്നു എന്നതാണ് ‘സുകൃത’ത്തി​ന്റെ സവിശേഷത.

ജീവിതം മരണത്തേക്കാൾ ഭയാനകം

ജീവിതത്തെയും മരണത്തെയും മനുഷ്യബന്ധങ്ങളെയും മനുഷ്യമനോഭാവങ്ങളെയും അതുവരെ കാണാത്ത ഒരു വീക്ഷണകോണിൽനിന്ന് നോക്കിക്കണ്ട സിനിമയാണ് ‘സുകൃതം’. ജീവിതം മരണത്തേക്കാൾ ഭയാനകമായ അനുഭവമായി പരിണമിക്കുമ്പോൾ ഒരാൾ അറിഞ്ഞുകൊണ്ട് മരണത്തെ പുൽകുന്നതിൽ എന്താണ് തെറ്റ്?

മനുഷ്യജീവിതത്തി​ന്റെ അന്തസ്സാരശൂന്യതയെ ഇത്ര ഫലപ്രദമായും കടുത്ത പ്രഹരശേഷിയോടും വരച്ചുകാട്ടിയ സിനിമകൾ അപൂർവമാണ്. മനുഷ്യൻ അടിസ്​ഥാനപരമായി ഏകാകിയാണ്. ജനിമൃതികളിൽ ഒരുപോലെ ഈ സത്യം ബാധകമാണ്. പുരുഷാർഥങ്ങളിലൂടെ കടന്നുപോകുന്ന കാലയളവിലും ബന്ധങ്ങൾ എന്ന് നാം വിവക്ഷിക്കുന്ന കെട്ടുപാടുകൾ നിലനിൽക്കുമ്പോഴും ഒരർഥത്തിൽ മനുഷ്യൻ നിരാവലംബനും അനാഥനുമാണ്. ബാഹ്യമായി എല്ലാവരുമുണ്ടെന്ന തോന്നൽ നിലനിൽക്കുമ്പോഴും പ്രായോഗികതലത്തിലും ആന്തരികമായും ആരുമില്ലാത്ത അവസ്​ഥ.

ഓരോ മനുഷ്യനും ജീവിക്കുന്നത് അവനവനു വേണ്ടിതന്നെയാണ്. ഒരു കാലത്ത് കൊട്ടിഗ്ഘോഷിക്കപ്പെട്ടിരുന്ന ത്യാഗസുരഭിലത എന്ന വാക്ക് തന്നെ അന്യംനിന്നുകഴിഞ്ഞു. അതിസ്വാർഥത അതി​ന്റെ ആസുരതയുടെ പരമകാഷ്ഠയിലേക്ക് എത്തിനിൽക്കുന്ന ഒരു സാഹചര്യത്തിൽ ഏറക്കുറെ എല്ലാ ബന്ധങ്ങളും വിഫലവും നിരർഥകവുമായിത്തീരുന്നു. ബന്ധങ്ങൾ സ്വന്തം ജീവിതത്തി​ന്റെ നിലനിൽപിനും വളർച്ചക്കും ഗുണപരതക്കും വേണ്ടിമാത്രമുള്ള ഒരു ഉപോൽപന്നമായി കാണുന്നവരാണ് ഏറെയും. ആത്മാർഥമെന്ന് കരുതപ്പെടുന്ന ബന്ധങ്ങളിൽപോലും ഈ സങ്കുചിതത്വവും സ്വാർഥതയുമുണ്ട്.

‘സുകൃതം’ പറയാൻ ശ്രമിക്കുന്നത് അകാലത്തിൽ രോഗബാധിതനായ രവിശങ്കർ എന്ന പത്രപ്രവർത്തക​ന്റെ കഥയാണ്. അയാളുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് ആധുനിക വൈദ്യശാസ്​ത്രം ഉറപ്പിച്ച ഘട്ടത്തിൽ ഭാര്യ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ഭാവിയും നിലനിൽപ്പും സംബന്ധിച്ച ആകുലതയിലാണ്. അവരുടെ അവസ്​ഥ മനസ്സിലാക്കിയ രവിതന്നെ മുൻകൈ എടുത്ത് ഓരോരുത്തരുടെയും ജീവിതം സുരക്ഷിതമായ തലത്തിലെത്തിക്കാൻ ശ്രമിക്കുന്നു. സ്വന്തം ഭാര്യക്ക് സഹപാഠിയായ രാജേന്ദ്രനുമായി ഒരുമിച്ചുള്ള ജീവിതം പറഞ്ഞുറപ്പിക്കുന്നതുതന്നെ വിശാലമായ ആ മനസ്സിന്റെ പ്രതിഫലനമാണ്. എന്നാൽ, അവിചാരിതമായി സമാന്തര ചികിത്സയിലൂടെ അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇത് ഒപ്പമുള്ളവരെ അസ്വസ്​ഥരും വ്യാകുലചിത്തരുമാക്കുന്നു.

അവർ മനസ്സുകൊണ്ട് എന്നേ അയാളുടെ മരണം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അയാൾ നഷ്​ടപ്പെട്ടുവെന്ന് തീർച്ചയാക്കിയ ഒരു ഘട്ടത്തിൽ അവർ കൂടുതൽ മെച്ചപ്പെട്ട ജീവിതസാധ്യതകൾ ഒരുക്കിവെച്ചു കഴിഞ്ഞിരുന്നു. അവരുടെ മനസ്സ്​ പുതിയ പ്രതീക്ഷകളിൽ അഭിരമിച്ച് കഴിഞ്ഞിരുന്നു. ഇനിയുള്ള അയാളുടെ മടങ്ങിവരവ് അവരെ സംബന്ധിച്ച് ഭാരമോ ബാധ്യതയോ ഒരർഥത്തിൽ അനാവശ്യമോ ആണ്. അയാളുടെ ജീവിതത്തേക്കാൾ അബോധമായി അവർ ആഗ്രഹിക്കുന്നത് മരണമാണ്. രവിശങ്കർ ജോലിചെയ്തിരുന്ന പത്രസ്​ഥാപനംപോലും അയാളുടെ ചരമക്കുറിപ്പ് മുൻകൂട്ടി തയാറാക്കിവെച്ചു കഴിഞ്ഞിരുന്നു. വിപണന താൽപര്യത്തിൽ കവിഞ്ഞ ഒരുബന്ധവും ആത്മാർഥതയും ആർക്കും ആരോടുമില്ല.

ജീവിതം പരസ്​പരബന്ധിതമാണ്. അതിൽതന്നെ ആർക്കാണ് കൂടുതൽ നേട്ടം എന്ന ചിന്തയിൽ അധിഷ്ഠിതവും. പ്രയോജനമില്ലെന്ന് എഴുതി തള്ളപ്പെട്ട ഒരാൾക്ക് മറ്റുള്ളവരുടെ ജീവിതത്തിൽ സ്​ഥാനമില്ല. അവർ അയാളെ സംബന്ധിച്ച് മാനസികമായി എന്നേ മൃതിയടഞ്ഞു കഴിഞ്ഞിരിക്കുന്നു. അവശേഷിക്കുന്ന അയാളുടെ ഭൗതികശരീരംപോലും അവർക്ക് ജഡസമാനമാണ്. അങ്ങനെ മനസ്സുകൊണ്ട് ബലിതർപ്പണം ചെയ്യപ്പെട്ട ഒരു വ്യക്തിയുടെ തിരിച്ചുവരവ് അവരിൽ സൃഷ്​ടിക്കുന്ന അശാന്തി വാക്കുകൾക്കപ്പുറമാണ്. അയാൾ അത് തിരിച്ചറിയുകകൂടി ചെയ്യുമ്പോൾ ആ ജന്മം മനസ്സുകൊണ്ട് അവിടെ പൂർണമായി മരിച്ചുവീഴുകയാണ്. പിന്നീട് അവശേഷിക്കുന്നത് ശരീരം മാത്രമാണ്. അതി​ന്റെ ചലനം എന്നേക്കുമായി അവസാനിപ്പിക്കേണ്ടത് ഉറ്റവർക്കൊപ്പം അയാളുടെയും ആവശ്യമായി പരിണമിക്കുന്നു.

ജീവിതോന്മുഖത എന്നത് മനുഷ്യനിൽ ഏറ്റവും രൂഢമൂലമാവുന്നത് സ്​നേഹിക്കാനും സ്​നേഹിക്കപ്പെടാനും പരസ്​പരം മനസ്സിലാക്കാനും ആഴത്തിൽ തിരിച്ചറിയാനും പ്രതിസന്ധിഘട്ടത്തിൽ കൈത്താങ്ങാവാനും ആരൊക്കെയോ ഉണ്ട് എന്ന തോന്നലിലാണ്. ആരുമില്ല എന്ന തോന്നൽ അനാഥത്വത്തി​ന്റെ പാരമ്യതയിലെത്തിക്കുന്നു. പിന്നീട് മരണത്തെ പുൽകുന്നതു തന്നെയാണ് ശാശ്വത വിശ്രാന്തിക്കുള്ള ഏക പോംവഴി. ജീവിതത്തി​ന്റെയും ബന്ധങ്ങളുടെയും സ്​നേഹത്തി​ന്റെയും സ്​നേഹരാഹിത്യത്തി​ന്റെയും അകംപൊരുൾ തിരിച്ചറിയുന്ന നിമിഷം അവൻ മരണത്തെ സ്​നേഹിച്ചുതുടങ്ങുന്നു. മരണം ജീവിതത്തേക്കാൾ സുന്ദരമാണെന്ന ഈ അവബോധമാണ് രവിശങ്കറെ റെയിൽപാളത്തിലേക്ക് നയിക്കുന്നത്.

അടിസ്​ഥാനപരമായി നൈരാശ്യമോ ജീവിതനിരാസമോ ഉള്ള വ്യക്തിയല്ല രവിശങ്കർ. രോഗം മൂർധന്യാവസ്​ഥയിലെത്തി നിൽക്കുകയും മരണം അനിവാര്യമാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഘട്ടത്തിലും അയാൾ മനസ്സാന്നിധ്യം കൈവിടുന്നില്ല. മറിച്ച് രോഗത്തെ പ്രതിരോധിച്ച് നിൽക്കാനും പ്രതീക്ഷകൾ കൊണ്ട് നേരിടാനും ശ്രമിക്കുന്നു. പ്രകൃതിചികിത്സയിലൂടെ രോഗവിമുക്തിക്കായി ശ്രമിക്കുന്നതും അച്ചടക്കം അന്യമായിരുന്ന സ്വന്തം ജീവിതശൈലി പാടെ മാറ്റിവെച്ച് കടുത്ത ചിട്ടവട്ടങ്ങളിലൂടെ ആയുസ്സ്​ തിരിച്ചുപിടിക്കാനും അയാൾ ശ്രമിക്കുന്നു. ജീവിത തൽപരതയുള്ള ഒരാൾക്ക് മാത്രമേ ഈ തരത്തിൽ ഒരു വഴിമാറി നടത്തം സാധ്യമാവൂ. മരണം തൊട്ടടുത്തെത്തി എന്ന തോന്നലിന് പോലും തളർത്താനാവാത്ത രവിശങ്കറെ തകർത്തു കളയുന്നത് ഏറ്റവും അടുപ്പമുള്ളവരെന്ന് അയാൾ വിശ്വസിച്ചവരിൽനിന്നുള്ള നിരാസമാണ്. ജീവിതം നിരർഥകമായ ഒരു കാലയാപനം മാത്രമാണെന്ന കടുത്ത തിരിച്ചറിവ് അയാളെ സംഭീതനാക്കുന്നു. മരണത്തി​ന്റെ നിതാന്ത സൗന്ദര്യത്തിൽ അയാൾ ആകൃഷ്​ടനാവുന്നു.

മനുഷ്യമനസ്സിന്റെ സൂക്ഷ്മവ്യതിയാനങ്ങൾ കൃത്യമായി വരച്ചിടുന്ന ഈ സിനിമ മിക്കവാറും എല്ലാ ബന്ധങ്ങളും തന്നെ പ്രയോജനകേന്ദ്രീകൃതമാണെന്ന സത്യത്തിന് അടിവരയിടുന്നു. ആരും ആരെയും കാത്തുനിൽക്കുന്നില്ല. വീണുപോകുന്നവൻ എന്നേക്കുമായി വീണുപോവുകതന്നെ ചെയ്യുന്നു. ഉണർന്നിരിക്കുന്നവർ കൂടുതൽ മെച്ചപ്പെട്ട ജീവിതയാപനത്തി​ന്റെ സാധ്യതകൾ തിരയുന്നു. സ്​നേഹം, ആത്മാർഥത, അടുപ്പം, ആത്മബന്ധം... ഇവയെല്ലാം അർഥം നഷ്​ടപ്പെട്ട പൊള്ളയായ വാക്കുകളിലൊതുങ്ങുന്നു. വൃഥാ സങ്കൽപങ്ങളായി പരിണമിക്കുന്നു. അവിടെ ജീവിച്ചിരിക്കുക എന്ന അവസ്​ഥയുടെ അർഥംതന്നെ നഷ്​ടപ്പെടുന്നു. മനുഷ്യ​ന്റെ പരമമായ നിസ്സഹായതയെ ഏറ്റവും ഫലപ്രദമായും കലാപരമായും അഭിവ്യഞ്ജിപ്പിക്കുന്ന സിനിമയാണ് ‘സുകൃതം’.

സ്​ത്രീജീവിതത്തി​ന്റെ സമഗ്ര ചിത്രം

ഹരികുമാറി​ന്റെ സിനിമകളിൽ ഇനിയും തിയറ്ററുകളിലെത്തിയിട്ടില്ലാത്ത ‘ജ്വാലാമുഖി’ ശവം ദഹിപ്പിക്കുന്ന കേരളത്തിലെ ഏക വനിതയുടെ ജീവിതം അധികരിച്ചുള്ള സിനിമയാണ്. മരണം ജീവിതോപാധിയാവുക എന്ന വൈരുധ്യത്തിന് നിമിത്തമാവുന്ന എയ്ഞ്ചൽ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ മുഖ്യമായും സഞ്ചരിക്കുന്നത്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം അടയാളപ്പെടുത്തുന്ന ഒരു ചലച്ചിത്രരചനയാണിത്. ആ തലത്തിൽ സിനിമയുടെ സാമൂഹികമാനങ്ങൾ സംവാദാത്മകമാണ്.

ശവം മറവ് ചെയ്യുന്ന സ്​ത്രീ എന്നതുതന്നെ വ്യവസ്​ഥാപിത സമൂഹത്തിന് അചിന്ത്യമാണ്. കേരളത്തിൽ ഈ തൊഴിൽ ചെയ്യുന്ന മറ്റൊരു സ്​ത്രീയില്ല എന്നതും ഈ യാഥാർഥ്യത്തിന് അടിവരയിടുന്നു. ജീവിതസാഹചര്യങ്ങളാണ് അച്ഛ​ന്റെ മരണശേഷം അദ്ദേഹത്തി​ന്റെ തൊഴിൽ പിന്തുടരാൻ എയ്ഞ്ചലിനെ േപ്രരിപ്പിക്കുന്നത്. പ്രണയപാശത്തിൽ കുരുക്കിയ ഭർത്താവ് രണ്ട് കുട്ടികളെ സമ്മാനിച്ച് ഒരുദിവസം നിഷ്കാസിതനായപ്പോൾ രോഗിയായ അമ്മയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ എയ്ഞ്ചലിന് മുന്നിൽ മറ്റൊരു മാർഗമില്ലായിരുന്നു. ഒരിക്കലും ആ തൊഴിൽ ഇഷ്​ടപ്പെട്ടിട്ടോ പൂർണമനസ്സോടെയോ ആയിരുന്നില്ല അവർ അത് നിർവഹിച്ചു പോന്നത്. എന്നാൽ ഏറ്റെടുത്ത ശേഷം വരുമാനം പരിമിതമായിട്ടുപോലും ത​ന്റെ കർമത്തോട് പരമാവധി നീതി പുലർത്താൻ അവർ ശ്രമിക്കുന്നുമുണ്ട്.

വ്യത്യസ്​ത േശ്രണിയിലുള്ള മൂന്ന് തലമുറ സ്​ത്രീകളുടെ കൂടി കഥയാണിത്. മൂന്ന് കാലഘട്ടങ്ങളെ അവർ പ്രതിനിധാനം ചെയ്യുന്നു. എല്ലാ ദുര്യോഗങ്ങളും ഏറ്റുവാങ്ങി വീടി​ന്റെ അരണ്ട കോണിൽ വിധിയെ പഴിച്ച് മരണം കാത്തുകിടക്കുന്ന അമ്മയും പ്രാതികൂല്യങ്ങളോട് അസാധാരണമായ ആർജവത്തോടെ പൊരുതി ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്ന എയ്ഞ്ചലും ഉപരിവർഗജീവിതത്തി​ന്റെ ആകർഷണങ്ങളിൽ അഭിരമിക്കുന്ന പെൺമക്കളും അടങ്ങുന്ന ഒരു വീടി​ന്റെ പരിസരത്തിലാണ് കഥയുടെ വളർച്ച. പ്രതീക്ഷിക്കാൻ ഒന്നുമില്ലാത്തവരും അമിതപ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരും അവർക്ക് നടുവിൽ ദൈനംദിന ജീവിതയാഥാർഥ്യങ്ങളെ കരളുറപ്പോടെ നേരിടുന്നവരും അടങ്ങുന്ന കുടുംബത്തി​ന്റെ ആവാസസ്​ഥലമാണ് ആ വീട്.

സിനിമയിലെ ഏറ്റവും ആകർഷകമായ രംഗങ്ങളിലൊന്ന് വർഷങ്ങളോളം കുന്നിൻചെരിവിലെ ഒറ്റപ്പെട്ട വീടി​ന്റെ ഇരുട്ടിൽ കഴിയുന്ന അമ്മ എയ്ഞ്ചലിനോട് അസ്​തമയം കാണണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇത് രണ്ട് വിധത്തിൽ വായിച്ചെടുക്കാം. വീട്ടിലെ ഏകാന്തതയിൽനിന്ന് താൽക്കാലികമായെങ്കിലും മോചനം ആഗ്രഹിക്കുന്ന വൃദ്ധയുടെ ആഗ്രഹസാഫല്യം. മടുപ്പിക്കുന്ന ജീവിതാവസ്​ഥകളിൽനിന്നും മോചനം കാംക്ഷിക്കുന്ന ഒരു മനസ്സി​ന്റെ പ്രതിഫലനം. ചലച്ചിത്രകാരൻ ഇതിനെ മറ്റൊരു തലത്തിൽകൂടി വ്യാഖ്യാനിക്കുന്നുണ്ട്.

ഇതേ വൃദ്ധതന്നെ അന്ന് രാത്രി തനിക്ക് സൂര്യോദയം കാണണമെന്നും ബിരിയാണി കഴിക്കണമെന്നും മകളോട് ആഗ്രഹം പ്രകടിപ്പിക്കുന്നു. മനുഷ്യമനസ്സി​ന്റെ സൂക്ഷ്മപരിണതികളെ അപഗ്രഥിക്കുന്ന സന്ദർഭമാണിത്. ജീവിതനിരാസവും വിരക്തിയും ആത്മഹത്യയും മരണകാംക്ഷയുമൊക്കെ നൈമിഷികമായ ഒരു തോന്നലി​ന്റെ ഉപോൽപന്നമാണ്. അടുത്ത നിമിഷംപോലും അതിന് മാറ്റം സംഭവിക്കാം. ഏറ്റവും വിപരീതമായ പരിതോവസ്​ഥയിൽ ജീവിതത്തെ തീവ്രമായി വെറുക്കുമ്പോഴും അതിനെ ആസക്തിയോടെ വാരിപ്പുണരാനുള്ള വ്യഗ്രത മനുഷ്യ​ന്റെ ഉള്ളിലുണ്ട്. ഈ വൈരുധ്യം മനുഷ്യമനസ്സിന്റെ അടിസ്​ഥാനഭാവങ്ങളിലൊന്നാണ്. ജീവിതത്തോടുള്ള താൽപര്യം പൂർണമായി നഷ്​ടപ്പെടുമ്പോഴും മനസ്സിന്റെ ആഴങ്ങളിലെങ്ങോ കടുത്ത ജീവിതാഭിമുഖ്യം നിലനിൽക്കുന്നു.

ജന്മാന്തരങ്ങളെക്കുറിച്ച് വാചാലരാവുന്നവരടക്കം ഏതൊരു മനുഷ്യനും ജീവിതം ഒന്നേയുള്ളൂ എന്ന ബോധ്യത്താൽ ആവേശിതരാണ്. അത് നഷ്​ടപ്പെടുത്താൻ ഏത് പ്രതിലോമകരമായ അവസ​്ഥയിലും അവൻ ഇഷ്​ടപ്പെടുന്നില്ല. പ്രതീക്ഷയുടെ രജതരേഖകൾ തെളിയുമെന്ന വൃഥാമോഹവുമായി പരമാവധി കാലം ജീവിതം തുഴയാനാണ് അവൻ അഭിലഷിക്കുന്നത്. ഇത്തരമൊരു ജീവിതസത്യത്തെ സിനിമയിൽ ഗൂഢാത്മകമായി നിഗൂഹനം ചെയ്തിരിക്കുകയാണ് ഹരികുമാർ. കേന്ദ്രപ്രമേയത്തി​ന്റെ ഏകതാനത അങ്ങനെതന്നെ നിലനിൽക്കുമ്പോഴും നിരവധിയായ അടരുകൾ സിനിമയുടെ ആന്തരികതയിൽ സമന്വയിപ്പിക്കുന്ന സങ്കേതമാണ് ‘ജ്വാലാമുഖി’യുടെ മുഖ്യസവിശേഷത.

യൗവനത്തി​ന്റെ മധ്യാഹ്നത്തിൽ ജീവിതത്തെ സംബന്ധിച്ച എല്ലാ പ്രതീക്ഷകളും നഷ്​ടപ്പെട്ട പാർശ്വവത്കരിക്കപ്പെട്ട എയ്ഞ്ചലി​ന്റെ ആത്മവ്യഥകൾ, വാടകവീടി​ന്റെ നിത്യദുരിതത്തിൽനിന്ന് സ്വന്തമായി ഒരു കൂര എന്ന ജന്മസാഫല്യത്തിലേക്ക് എത്തിപ്പെടാൻ കഴിയാത്ത നിസ്സഹായത, നിയമത്തി​ന്റെ നൂലാമാലകളും അഴിയാക്കുരുക്കുകളും മനുഷ്യനെ എത്രമേൽ സങ്കീർണമായ അവസ്​ഥകളിലേക്ക് നിപതിക്കാൻ ഇടയാക്കുന്നു എന്നത് സംബന്ധിച്ച അന്വേഷണം. ഈ തരത്തിൽ പല അടരുകൾ തമ്മിലുള്ള ജൈവസംശ്ലേഷണം സിനിമയെ സമാനതകളില്ലാത്ത ഒരു ദൃശ്യാനുഭവമാക്കി മാറ്റുന്നു. വൈരുധ്യാത്മകമായ ചിന്താധാരകൾ പരസ്​പരം വിഘടിച്ച് നിൽക്കാതെ ഏകശിലാരൂപമായി സിനിമയുടെ പൊതുഘടനയും കഥാഗാത്രവുമായി ഇണങ്ങിച്ചേരുന്നു. മരണം ഈ സിനിമയുടെ ബാഹ്യവും ആന്തരികവുമായ തലങ്ങളിൽ ഒരുപോലെ വ്യാപരിക്കുന്നു. മരണംകൊണ്ട് ജീവിക്കുന്ന എയ്ഞ്ചൽ മൃതതുല്യമായ ജീവിതം നയിക്കുന്ന സ്​ത്രീയാണ്. മരണം ഒരു ജീവിതോപാധിയാവുമ്പോൾ അപരിചിതരായ മനുഷ്യരുടെ ജീവിതാന്ത്യത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാൻ അവൾ ബാധ്യസ്​ഥയാവുന്നു. ഇത് അവളെ സംബന്ധിച്ച് സ്വാഭാവികവും അനിവാര്യവുമാണ്.

 

മരണം മനുഷ്യ​ന്റെ മനോഭാവങ്ങളിൽ സൃഷ്​ടിക്കുന്ന മാറ്റങ്ങളും മനുഷ്യനിലെ ആന്തരികസത്ത തിരിച്ചറിയാൻ ജീവിതാന്ത്യം എങ്ങനെ ഉപയുക്തമാവുന്നു എന്നത് സംബന്ധിച്ച വിശകലനങ്ങളും സിനിമയിലുണ്ട്. മരിച്ചുപോയ പിതാവി​ന്റെ സംസ്​കാരച്ചടങ്ങുകൾ വിഡിയോയിൽ പകർത്തുന്ന വിദേശവാസികളായ മക്കൾ, പട്ടടയിൽ എരിയുന്നതിന് തൊട്ടുമുമ്പു മാത്രം പരസ്​പരം വഞ്ചിച്ച് ജീവിച്ചിരുന്ന കാലത്തും താൻ ഭർത്താവിനെ എത്ര ആഴത്തിൽ സ്​നേഹിച്ചിരുന്നു എന്ന് തിരിച്ചറിയുന്ന ഭാര്യ, പിതാവി​ന്റെ ചിത എരിയും മുമ്പ് അദ്ദേഹത്തി​ന്റെ സ്​ഥിരനിക്ഷേത്തിനായി ചുടുകാട്ടിൽ അടികൂടുന്ന മക്കൾ...

എന്നിങ്ങനെ മനുഷ്യനെ തിരിച്ചറിയാനും മനുഷ്യന് സ്വയം മനസ്സിലാക്കാനും മരണം സഹായകമാവുന്നതി​ന്റെ അപൂർവസുന്ദര ചിത്രങ്ങൾ ആലേഖനംചെയ്യുന്നു. ഒരേസമയം മരണത്തെയും ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന, രണ്ടി​ന്റെയും പാരസ്​പര്യത്തിനൊപ്പം തനത് സ്വത്വത്തെ വിശകലനംചെയ്യാനും ശ്രമിക്കുന്നു. കാണാതായ ത​ന്റെ മകൾ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ആകുലതയോടെയാണ് ഏറ്റവും ഒടുവിൽ ചുടുകാട്ടിൽ വന്ന ശവം ദഹിപ്പിക്കാൻ എയ്ഞ്ചൽ പോകുന്നത്. ഏതോ ഒരമ്മ നിലവിളിക്കുന്ന ദൃശ്യം അവളുടെ കണ്ണിലുടക്കുന്നു. നഷ്​ടപ്പെട്ട മകളുടെ സമപ്രായക്കാരിയായ ഒരു പെൺകുട്ടിയാണ് നിശ്ചേഷ്​ടയായി ത​ന്റെ മുന്നിലുള്ളത്. അവളുടെ മൃതദേഹം സംസ്​കരിക്കാനായി മുന്നോട്ടുവരുന്ന എയ്ഞ്ചലിന് അത് ത​ന്റെ മകളാണെന്ന് തോന്നുന്നു. ഭ്രമാത്മകതയുടെ ഒരു സവിശേഷ നിമിഷത്തിൽ അവർ മനസ്സിൽ സ്വന്തം മകളുടെ ചിതക്ക് തീ കൊളുത്തുന്നു. അങ്ങനെ അനിശ്ചിതമായ ഒരു കാത്തിരിപ്പിന് അവർതന്നെ വിരാമമിടുന്നു. മരണം പൂർണമാവുന്നത് ഭൗതികസാന്നിധ്യത്തിലൂടെ മാത്രമാണ്. മനസ്സുകൊണ്ടെങ്കിലും എയ്ഞ്ചൽ മകളെ അടക്കുകയാണ്. അവർക്കറിയാം. ഇനിയൊരിക്കലും അവൾ വരില്ലെന്ന്.

മാറ്റങ്ങൾക്കിടയിലെ ഏകാന്തസഞ്ചാരി

മിതത്വത്തി​ന്റെയും ധ്വന്വാത്മകതയുടെയും കൂടി കലയാണ് സിനിമയെന്ന് അടിവരയിട്ട് പറയുന്ന യുവത്വത്തി​ന്റെ കരങ്ങളിലാണ് ഇന്ന് മലയാള സിനിമ. കെ.ജി. ജോർജും അടൂരും തുടങ്ങിവെച്ച ഈ വിശുദ്ധ പാരമ്പര്യത്തി​ന്റെ പുതുതലമുറക്കണ്ണികൾ കഥാഖ്യാനത്തി​ന്റെ പുതുവഴികൾ പരീക്ഷിക്കുകയും ഒരു ചെറുകഥയുടെ ഒതുക്കവും മുറുക്കവും ഭാവാത്മകതയും ധ്വനനഭംഗിയും നിലനിർത്തിക്കൊണ്ട് സിനിമയെ ഒരു ചെറുകഥപോലെ അഥവാ ഗീതകംപോലെ ഏകാഗ്രമായ ഭാവപ്രകാശനത്തിന് ഉപയുക്തമായ കലയായി പരിണമിപ്പിക്കുമ്പോൾ കഴിഞ്ഞ നാല് പതിറ്റാണ്ടായി സമാനസമീപനത്തി​ന്റെ വക്താവും പ്രയോക്താവുമായി ആഘോഷങ്ങളില്ലാതെ കടന്നുപോയ ഒരു ചലച്ചിത്രസൃഷ്​ടാവിനെക്കൂടി നാം ഓർമിക്കേണ്ടതുണ്ട്. ആ യാഥാർഥ്യത്തി​ന്റെ പേരാണ് ഹരികുമാർ.

മലയാള സിനിമയിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് പഴയ തലമുറ സംവിധായകരാണ്. പുതുതലമുറ ഭാവുകത്വപരമായ പരിണാമങ്ങൾക്ക് നിരന്തരം വിധേയരാവുകയും അനുദിനം സിനിമയെ പുതുക്കിപ്പണിതുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. കഥാകഥനം ഇങ്ങനെയും സാധിതമോ എന്ന ആശ്ചര്യം ഉത്ഭൂതമാകുമാറ് പുതിയ ആശയങ്ങളും ചിന്തകളും കാഴ്ചകളും പരിചരണരീതിയുമായി അവർ അത്ഭുതപ്പെടുത്തുന്നു. ലിജോ ജോസ്​ ​െപല്ലിശ്ശേരിയെപ്പോലുള്ള സംവിധായകർ ദൃശ്യഭാഷയെ പുതിയ വിതാനത്തിലേക്ക് ഉയർത്തുകയും മലയാള സിനിമക്ക് ആഗോളമുഖം സമ്മാനിക്കുകയും ചെയ്യുന്നു. സൂക്ഷ്മവിശദാംശങ്ങളിലൂടെ ആഖ്യാനം നിർവഹിക്കുക എന്നത് മലയാളത്തിന് പുതുമയല്ല. അടൂരും ജോർജും പല കാലങ്ങളിൽ അത് നിർവഹിച്ചിട്ടുണ്ടെങ്കിലും അവരിൽനിന്ന് വേറിട്ട ഒരു തലത്തിൽനിന്നുകൊണ്ട് സൂക്ഷ്മാംശങ്ങളെ ദൃശ്യഭാഷയിൽ സന്നിവേശിപ്പിക്കാൻ ദിലീഷ് പോത്തനും മറ്റും നടത്തുന്ന ശ്രമങ്ങൾ സമകാലിക സിനിമയിലെ വേറിട്ട കാഴ്ചയാണ്.

ചർവിതചർവണം ചെയ്യപ്പെട്ട സിനിമാ സങ്കൽപങ്ങളിൽനിന്ന് പൊടുന്നനെ സംഭവിച്ച ഈ കുതിച്ചുചാട്ടങ്ങൾക്ക് നിരന്തരം പാഠഭേദങ്ങളുണ്ടാവുന്നു. ഒട്ടനവധി പുതിയ ചലച്ചിത്രകാരൻമാർ വാർപ്പുമാതൃക ചലച്ചിത്രസ്രഷ്​ടാക്കൾക്ക് ചിന്തിക്കാനോ വിഭാവനം ചെയ്യാനോ കഴിയാത്ത വിധം നടുക്കുന്ന പരീക്ഷണങ്ങളുമായി വരുന്നു. ഇത്തരം വിഗ്രഹഭഞ്ജകർക്കും വളയമില്ലാ ചാട്ടങ്ങൾക്കും നടുവിൽ േപ്രക്ഷകശ്രദ്ധയും മാധ്യമശ്രദ്ധയും നിരൂപകപരിഗണനയും നേടിക്കൊണ്ട് നിലനിൽക്കുക എന്നത് പരിണതപ്രജ്ഞരായ സംവിധായകരെ സംബന്ധിച്ച് ബാലികേറാമലയാണ്. എന്നാൽ, ഹരികുമാർ ഒാരോ കാലത്തും സിനിമയിൽ സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങൾക്കിടയിൽ നിശ്ശബ്ദവിപ്ലവം സൃഷ്​ടിച്ച് മുന്നേറുന്ന ഒറ്റയാനാണ്. എ​ന്റെ വഴി എേന്റതുമാത്രം എന്ന് അദ്ദേഹം പറയാതെ പറയുന്നു. ആൾക്കൂട്ടങ്ങളും ആരവങ്ങളുമില്ലാത്ത ഈ ഏകാന്ത സഞ്ചാരമാണ് ഹരികുമാറി​നെ മലയാള സിനിമാ ചരിത്രത്തിൽ വേറിട്ടുനിർത്തിയത്​.

News Summary - Weekly culture film and theatre