Begin typing your search above and press return to search.
proflie-avatar
Login

ജീവിതസമരങ്ങൾ ആഘോഷഭരിതമാകുമ്പോൾ

ജീവിതസമരങ്ങൾ   ആഘോഷഭരിതമാകുമ്പോൾ
cancel

രാജേഷ് ജെയിംസ് സംവിധാനംചെയ്ത ‘ദ സ്ലേവ്സ് ഓഫ് എംപയർ’ എന്ന ഡോക്യുമെന്ററി കാണുന്നു. ഫോർട്ട് കൊച്ചിയിൽ കൊളോണിയൽ കാലത്ത് തുണി അലക്കാൻ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നുവെന്ന് പറയപ്പെടുന്ന അലക്കു തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.മിഷേൽ ഡോ സെർട്ടോ എന്ന ഫ്രഞ്ച് ചിന്തകന്റെ ദൈനംദിന ജീവിത പ്രവൃത്തി (Practice of Everyday Life) എന്ന കൃതി സാധാരണക്കാരായ ഹീറോകൾക്കാണ് സമർപ്പിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ മുഴക്കത്തിൽ മുങ്ങിപ്പോകുന്ന ശബ്ദങ്ങളാണ് ഇവരുടേതെന്ന് ഡോ സെർട്ടോ പറയുന്നു. തൊഴിലിന്റെയും വിനോദങ്ങളുടെയും സന്തോഷങ്ങളുടെയും പ്രാദേശിക ശൃംഖലകളിലൂടെ മാത്രമേ ഈ സാധാരണ മനുഷ്യരുടെ ദൈനംദിന യത്നങ്ങളെ...

Your Subscription Supports Independent Journalism

View Plans
രാജേഷ് ജെയിംസ് സംവിധാനംചെയ്ത ‘ദ സ്ലേവ്സ് ഓഫ് എംപയർ’ എന്ന ഡോക്യുമെന്ററി കാണുന്നു. ഫോർട്ട് കൊച്ചിയിൽ കൊളോണിയൽ കാലത്ത് തുണി അലക്കാൻ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നുവെന്ന് പറയപ്പെടുന്ന അലക്കു തൊഴിലാളികളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

മിഷേൽ ഡോ സെർട്ടോ എന്ന ഫ്രഞ്ച് ചിന്തകന്റെ ദൈനംദിന ജീവിത പ്രവൃത്തി (Practice of Everyday Life) എന്ന കൃതി സാധാരണക്കാരായ ഹീറോകൾക്കാണ് സമർപ്പിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ മുഴക്കത്തിൽ മുങ്ങിപ്പോകുന്ന ശബ്ദങ്ങളാണ് ഇവരുടേതെന്ന് ഡോ സെർട്ടോ പറയുന്നു. തൊഴിലിന്റെയും വിനോദങ്ങളുടെയും സന്തോഷങ്ങളുടെയും പ്രാദേശിക ശൃംഖലകളിലൂടെ മാത്രമേ ഈ സാധാരണ മനുഷ്യരുടെ ദൈനംദിന യത്നങ്ങളെ അവരുടെ ജീവിതസമരവുമായി ബന്ധിപ്പിക്കാൻ കഴിയുകയുള്ളൂ എന്നദ്ദേഹം വാദിക്കുന്നു. ദൈനംദിന പ്രവ​​ൃത്തികളുടെ സൂക്ഷ്മമായ യുക്തികൾ വെളിച്ചത്ത് വരുന്നത് അവയുടെ വിശദാംശങ്ങളിലാണെന്ന ഉൾക്കാഴ്ചയാണ്​ ഏറ്റവും പ്രധാനം.

ഇത്തരം സാധാരണ മനുഷ്യരുടെ അസാധാരണ ജീവിതങ്ങളെ ദൈനംദിനത്തിൽ; അതിന്റെ എല്ലാ വിശദാംശങ്ങളോടുംകൂടി ആവിഷ്കരിക്കുന്നവയാണ് രാജേഷ് ജെയിംസിന്റെ ഡോക്യുമെന്ററികൾ. ഈയിടെ സമാപിച്ച കേരളത്തിന്റെ അന്തർദേശീയ ഡോക്യുമെന്ററി ഷോട്ട്ഫിലിം മേളയിൽ ദൈർഘ്യമുള്ള ഡോക്യുമെന്ററികളുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ദ സ്ലേവ്സ് ഓഫ് എംപയർ’ എന്ന ചിത്രവും വ്യത്യസ്തമല്ല. ഫോർട്ട് കൊച്ചിയിൽ പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ അധിനിവേശകാലത്ത് തുണി അലക്കാനായി തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നുവെന്ന് പറയപ്പെടുന്ന വണ്ണാൻ സമുദായക്കാരായ അലക്കുതൊഴിലാളികളുടെ ജീവിതചരിത്രവും സാമൂഹിക സാഹചര്യങ്ങളുമാണ് ഇതിന്റെ പ്രമേയം.

തൊഴിലിന്റെ, വിനോദത്തിന്റെ ദൈനംദിനത്തിലാണ് സംവിധായകന്റെ മിക്കവാറും ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ സാമൂഹിക സ്വത്വത്തിന്റെ സംഘർഷങ്ങളും അടിച്ചമർത്തലുകൾക്കെതിരായ പോരാട്ടങ്ങളും രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകളും രൂപപ്പെടുത്തുന്നത്. കലാപ്രവർത്തകരായ ജീ ഇമാൻ സെമ്മലർ, ലിവിങ് സ്മൈൽ വിദ്യ എന്നീ രണ്ട് ട്രാൻസ്ജൻഡേഴ്​സിന്റെ ട്രക്കിലുള്ള ജീവിതയാത്രയെ പിന്തുടരുന്ന നേക്കഡ് വീൽസിൽ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം കഥാപാത്രങ്ങൾ ഉച്ചത്തിൽതന്നെ പറയുന്നുണ്ട്. പൗരാവകാശത്തിന്റെ, അംഗീകാരത്തിന്റെ, അന്തസ്സിന്റെ അവകാശബോധമാണത്.

നികുതി പിരിക്കുന്ന ഭരണകൂടത്തിനെയും ഹെട്രോനോർമാറ്റിവിറ്റി സ്ഥാപനവത്​കരിച്ച സമൂഹത്തെയുമാണത് നേരിട്ട് അഭിസംബോധനചെയ്യുന്നത്. ജീവിതയാതനകളിൽ അസാമാന്യമായ മനോദാർഢ്യവും സഹനശേഷിയും കൈമുതലാക്കിയ മൂന്ന് അസാധാരണ സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനമാണ് ഇൻ തണ്ടർ, ലൈറ്റ്നിങ് ആൻഡ് റെയിൻ. പൊതുനിരത്തിൽ ലൈംഗിക അതിക്രമം നേരിട്ട ദലിത് ട്രാഫിക്​ വാർഡനായ പത്മിനിയുടെ നീതിക്കായുള്ള പോരാട്ടമായിരുന്നു രാജേഷിന്റെ ആദ്യ ചിത്രമായ സീബ്ര ലൈൻസിന്റെ പ്രമേയം. ദലിത് സ്ത്രീകളുടെ ശരീരം നിരന്തരം ഭരണകൂട-വരേണ്യ അതിക്രമത്തിന് വിധേയമാകുന്ന സംഭവങ്ങൾ ജാതിയും നിയമവും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നു. പത്മിനിക്കെതിരെയുള്ള പച്ചയായ ജാതി അധി​േക്ഷപം അവരുടെ പരാതിയിൽ രേഖപ്പെടുത്താൻ മടിക്കുന്ന നിയമപാലകരിൽ തെളിയുന്നത് ഈ ബലതന്ത്രമാണ്.

സാമ്രാജ്യത്തിന്റെ അടിമകൾ

ഭരണകൂട കേന്ദ്രിതമായ ചരിത്ര ആഖ്യാനങ്ങളിൽ സ്ഥാനം നേടാത്ത അടിമത്തത്തിന്റെയും ചൂഷണത്തിന്റെയും ഇരുണ്ട അധ്യായങ്ങളെ വെളിച്ചത്ത് കൊണ്ടുവരിക എന്നത് സംവിധായകൻ തന്റെ ചിത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി അഭിമുഖങ്ങളിൽ പറയുന്നുണ്ട്. തെളിവു സാമഗ്രികളുടെ ശേഖരണത്തിലും വിശകലനത്തിലുമുള്ള കീഴ്​ വഴക്കങ്ങൾ വിട്ടുവീഴ്ച ഇല്ലാതെ പിന്തുടരുന്ന അക്കാദമിക് ചരിത്രരചനയിലും രീതിശാസ്ത്രപരമായ പരിമിതികളും ഉൾക്കാഴ്ചയുടെ അന്ധതയും (blindness of insight) മൂലം ഇത്തരം ഒഴിവാക്കലുകൾ കടന്നുവരാം. 1780-1830 കാലത്തെ ഫോർട്ട് കൊച്ചിയുടെ സാമൂഹിക സാഹചര്യം ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രേഖകളിലൂടെ പുനഃസൃഷ്ടിക്കുന്ന അഞ്ജനാ സിങ്ങിന്റേതുപോലുള്ള പണ്ഡിതോചിതമായ അന്വേഷണത്തിൽ കൊച്ചികോട്ടക്ക്​ പുറത്തുള്ള സമുദായങ്ങളെക്കുറിച്ചുള്ള വിശദമായ പ്രതിപാദനത്തിൽ അടിമകളായ വണ്ണാൻ സമുദായക്കാരില്ല എന്നത് ഇതിന് തെളിവാണ്.

ചരിത്രരചനയിലെ ഇത്തരം നിശ്ശബ്ദതകളെ പ്രശ്നവത്​കരിക്കുന്ന, എത്നോഗ്രഫിക് ഡോക്യുമെന്ററിയുടെ സ്വഭാവമുള്ള സാമ്രാജ്യത്വത്തിന്റെ അടിമകളിൽ പ​േക്ഷ, ആഖ്യാനത്തെ നിയന്ത്രിക്കുന്നത് തന്നെ ഈ കഥാപാത്രങ്ങളാണ്. ചരിത്രരചനയിലെ നിശ്ശബ്ദതകളിലും ഒഴിവാക്കലുകളിലും അസ്വസ്ഥമായ സമകാലിക ബോധത്തിന്റെ പ്രതികരണോപാധിയാണിത് എന്നത് പ്രധാനമാണ്.

 

രാജേഷ്​ ജെയിംസ്​

രാജേഷ്​ ജെയിംസ്​

അടിമത്ത ആധുനികത എന്ന തന്റെ ഗ്രന്ഥത്തിൽ പ്രസിദ്ധ ചരിത്രകാരനായ സനൽമോഹൻ എത്നോഗ്രഫിക്​ ചരിത്രമെഴുത്തിനെക്കുറിച്ച് പറയുന്നത് ഇവിടെ പ്രസക്തമാണ്: “ചരിത്രപരമായ ചോദ്യത്തിന്റെ അന്വേഷണത്തിന് എത്നോഗ്രഫിയുടെ സങ്കേതങ്ങൾ ഉപയോഗിക്കുക വഴി സംഭവങ്ങളുടെ വിവിധങ്ങളായ അർഥങ്ങളെ ഇഴപിരിച്ചെടുക്കാനുള്ള സാധ്യത തുറക്കുന്നു.

പുരാശേഖര വിശകലനത്തോടൊപ്പം വിഷയികളെ തീക്ഷ്​ണമായി നിരീക്ഷിക്കുകയും അവരുടെ ആഖ്യാനങ്ങളെ രേഖപ്പെടുത്തുകയുംചെയ്യുന്നു.” പക്ഷേ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കൊളോണിയൽ അധിനിവേശത്തിന്റെ സാഹചര്യം ഒഴിച്ചുനിർത്തിയാൽ ഡോബിഖാനയിലെ അലക്ക് തൊഴിലാളികളെ പോർചുഗീസ്, ഡച്ച് കാലത്ത് രേഖപ്പെടുത്തുന്ന ചരിത്രപരമായ രേഖകളുടെ പിൻബലം ചിത്രത്തിലില്ല എന്നത് ഒരു പരിമിതിയാണ്.

ഭാഷാ സ്വത്വത്തിന്റെ ഉറപ്പിക്കലിനും പ്രകടനത്തിനും സിനിമയും സാംസ്കാരികമായ പ്രവൃത്തികളും പ്രധാന ചേരുവയാകുന്ന ചിത്രത്തിലെ സന്ദർഭങ്ങൾ അതീവ രസകരമാണ്. സെൽവൻ എന്ന അലക്കു തൊഴിലാളിയുടെ ജീവിതം ഉദാഹരണമാണ്. രാജൻ, പ്രാട്ടി, രാജശേഖരൻ എന്നിവരാണ് മറ്റു മൂന്ന് കേന്ദ്ര കഥാപാത്രങ്ങൾ. ഇവരിലൂടെ ഡോബിഖാനയിലെ സാമൂഹിക ബന്ധത്തിന്റെ ഇഴയടുപ്പം നമുക്ക് ബോധ്യപ്പെടുന്നുണ്ട്. ദൈനംദിന തലത്തിൽ സാമൂഹികത ആചാരങ്ങളും വിനോദവും കൂടിച്ചേർന്നാണ് ഉരുത്തിരിയുന്നത്. അതത് കാലത്തെ അധികാരഘടനകളാൽ അടിച്ചമർത്തപ്പെട്ട ഒരു സാമൂഹിക വിഭാഗം ജീവിതയാതനകളെ പ്രസാദാത്മകമായി നേരിടുന്നതിനെ വിശദമായി രേഖപ്പെടുത്തുന്നു എന്ന നിലയിൽ ചിത്രത്തിന് സാർവലൗകികമായ മാനങ്ങൾ ഉണ്ട്.

പ​​േക്ഷ, ഡോബിഖാനയിലെ ജീവിതാനുഭവങ്ങൾ അവയുടെ സവിശേഷമായ ദൃശ്യ-ശ്രാവ്യ തലങ്ങളിലാണ് പ്രേക്ഷകന് അനുഭവവേദ്യമാകുന്നത്. കട്ട ‘ലോക്കലായ’ കഥാപാത്രങ്ങളുടെ തൊഴിലും സാമൂഹികമായ ഇടപാടുകളും അടുപ്പങ്ങളും വിനോദത്തിനായി ചെയ്യുന്ന കാര്യങ്ങളും തീക്ഷ്​ണമായി രേഖപ്പെടുത്തുന്നു. ആധിപത്യത്തി​െന്റയും ചൂഷണത്തിന്റെയും വിവിധ അച്ചുതണ്ടുകളായ വർഗം, ജാതി, ലിംഗം എന്നിവ കുറുകെ മുറിക്കുന്ന മനുഷ്യരും സന്ദർഭങ്ങളുമാണ് രാജേഷിന്റെ എല്ലാ ചിത്രങ്ങളിലുമുള്ളത്. അവരുടെ ജീവിതാനുഭവങ്ങളുടെ ആഖ്യാനങ്ങളിൽ ഇതിന്റെ നിരന്തര സാന്നിധ്യമുണ്ട്.

രൂപം സൂക്ഷ്മ രാഷ്ട്രീയത്തിന്റെ ആവിഷ്കാരം

രാജേഷ് ജെയിംസിന്റെ ചിത്രങ്ങളിലെ ആഘോഷഭരിതമായ അന്തരീക്ഷത്തിന് ഒരു പ്രധാന കാരണം അതിലുള്ള മനുഷ്യരുടെ ദൈനംദിന ജീവിതരാഷ്ട്രീയത്തിലുള്ള സംവിധായകന്റെ അടിയുറച്ച വിശ്വാസംതന്നെ. 2018ൽ പുറത്തിറങ്ങിയ ‘ഇൻ തണ്ടർ, ലൈറ്റ്നിങ് ആൻഡ് റെയിൻ’ എന്ന ചിത്രത്തിൽ അത് വളരെ പ്രകടമാണ്. വില്യം ഷേക്സ്പിയ​റിന്റെ വിഖ്യാത നാടകമായ മാക്ബത്തിന്റെ പ്രമേയം ചിത്രത്തിലുടനീളം മാറ്റൊലികൊള്ളുന്നു. നാടകത്തിന് തുടക്കംകുറിക്കുന്ന മൂന്ന് യക്ഷികൾ നൽകുന്ന അശുഭകരമായ സൂചനകൾ യാഥാർഥ്യമായി ഭവിക്കുന്നത് ശ്രേണീനിബദ്ധവും അധികാര ഉപജാപങ്ങൾ നിറഞ്ഞതുമായ ആധുനിക പാശ്ചാത്യ സംസ്കാരത്തിന്റെ ജീർണതയിലാണെന്ന് ടെറി ഈഗിൾടൺ ചൂണ്ടിക്കാട്ടിയത് സംവിധായകനെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

മാക്ബത്തിലെ യക്ഷികളെ ഈ ധാർമിക-രാഷ്ട്രീയ മൂല്യങ്ങളെ അംഗീകരിക്കാത്ത നായികമാരായാണ് ഈഗിൾടൺ കാണുന്നത്. ഡോക്യുമെന്ററിയിലാവട്ടെ പരിഷ്കൃത കൊച്ചി നഗരത്തിന്റെ അടിത്തട്ടിൽ ആഴത്തിൽ വേരോടിയ ജാതി-പുരുഷാധിപത്യത്തെ തുറന്നുകാണിക്കുന്നവരാണ് ഈ യക്ഷികൾ. വനിത ഫുട്​ബാൾ കോച്ചായ സീന സി.വി, നാടൻപാട്ട് ഗായികയും കക്കവാരൽ തൊഴിലാളിയുമായ അമ്മിണി അമ്മ, ശവശരീരം ദഹിപ്പിക്കുന്ന സെലീന മൈക്കൽ എന്നിവരാണ് ചിത്രത്തിനവസാനം കൊച്ചിയിലെ കാർണിവലിന് സംഗമിക്കുന്ന ഈ മൂന്ന് കഥാപാത്രങ്ങൾ.

തന്റെ പ്രമേയങ്ങളുടെ രാഷ്ട്രീയത്തോട് യോജിച്ച സിനിമ വെരിറ്റേ ശൈലിയാണ് രാജേഷ് ‘സ്​ലേവ്സ് ഓഫ് എംപയറി’ലും ‘ഇൻ തണ്ടർ, ലൈറ്റ്നിങ് ആൻഡ് റെയിനി’ലും പരീക്ഷിച്ചിരിക്കുന്നത്. സംവിധായകന്റെ ഇടപെടൽ തീരെ കുറച്ച്, കൃത്രിമത്വം ഒട്ടും ഇല്ലാതെ യാഥാർഥ്യത്തെ പകർത്താനാണ് ഇവിടെ ശ്രമം.

 

സിനിമാ വെരിറ്റേ ശൈലിയോട് നീതി പുലർത്തുംവിധം രണ്ട് ചിത്രത്തിലും ഒരു ആഖ്യാതാവില്ല. അതിലുള്ള ആളുകളുടെ ജീവിതസാക്ഷ്യങ്ങളിലൂടെയാണ് ചിത്രങ്ങൾ മുന്നോട്ട് പോവുന്നത്. ആകർഷണീയമായ ദൃശ്യങ്ങളും ശബ്ദങ്ങളും കൂട്ടിച്ചേർത്ത് സിനിമയുണ്ടാക്കുന്നതിന് ബദലായി തൊഴിലിലും വിനോദത്തിലും ഏർപ്പെട്ടിരിക്കുന്ന മനുഷ്യർ കാമറയെ കാര്യമായി ഗൗനിക്കാതെ തങ്ങളുടെ ജീവിതാനുഭവങ്ങൾ പറയുന്നതായാണ് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നത്.

ഫുട്​ബാൾ കോച്ചായ സീന സി.വി പരിശീലനം കൊടുക്കുന്നതിന്റെ ചെറിയ ഇടവേളകളിലാണ് വരേണ്യ-പുരുഷാധിപത്യ സമൂഹത്തോടുള്ള തന്റെ നിരന്തരമായ ഇടച്ചിലുകൾ വിവരിക്കുന്നത്. അമ്മിണി അമ്മ കക്ക വാരുന്നതിനിടെ തന്റെ കഥ പറയുമ്പോൾ ജീവിതത്തിന്റെ ദൈനംദിന ഇടങ്ങളായ കായൽപരപ്പിന്റെ ഓളങ്ങളും തുരുത്തുകളും അരുവികളും നമ്മളും അനുഭവിക്കുന്നുണ്ട്.

കൊച്ചിയിലെ ഒരു നാടൻപാട്ട് സംഘത്തിലെ പ്രധാന ഗായികയായ അമ്മിണി അമ്മ തോണി തുഴഞ്ഞ് ആനന്ദ​ത്തോടെ പാട്ടുകൾ പാടി പോകുന്ന രംഗം പ്രസരിപ്പിക്കുന്ന ഊർജം ചെറുതല്ല. സെലീനയുടെ ആഖ്യാനത്തിന്റ വേദിയായ ശ്മശാനത്തിൽ നിർത്താതെ എരിയുന്ന ചിതയുടെ ശബ്ദം അനുഭവവേദ്യമാണ്. കത്തിയെരിയുന്ന ശവങ്ങളുടെ ശബ്ദത്തിന്റെയും ഗന്ധത്തിന്റെയും അന്തരീക്ഷത്തിലാണ് ഗാർഹിക പീഡനത്തിന്റെ ശാരീരിക അനുഭവങ്ങൾ സെലീന വിവരിക്കുന്നത്. ‘സ്​ലേവ്സ് ഓഫ് എംപയറി’ലും സിനിമ വെരിറ്റേയുടെ ഭാവനാത്മകമായ ഉപയോഗം ദൃശ്യമാണ്.

വെള്ളത്തിന്റെ നിരന്തരമായ ഒഴുക്കിന്റെ ഈർപ്പം തൊട്ടറിഞ്ഞാണ് പ്രേക്ഷകർ ഡോബിഖാനയിലെ ജീവിതങ്ങളോട് സംവദിക്കുന്നത്. ചിത്രം ബ്ലാക്ക് ആൻഡ് വൈറ്റിലായത് ഡോബിഖാനയിലെ അലക്കി വെളുപ്പിച്ച തുണികളും അലക്കു തൊഴിലാളികളുടെ കറുത്ത ഉടലുകളും തമ്മിലുള്ള അന്തരത്തെ തെളിച്ചു കാണിക്കാൻ സഹായിച്ചതായി സംവിധായകൻ പറയുന്നു. ആഭിജാത നാഗരിക സമൂഹത്തിന്റെ അടിത്തട്ടിലുള്ള പൈശാചികതയുടെയും അഴുക്കിന്റെയും തിന്മ സ്വന്തം ശരീരത്തിൽ പേറാനും കഴുകിക്കളയാനും അരികുകളിലേക്ക് തള്ളപ്പെടുന്നവരാണ് ഈ സിനിമകളിലെ മനുഷ്യർ.

യാതന നിറഞ്ഞതെങ്കിലും ആഘോഷഭരിതവും വർണാഭവുമായ ദൈനംദിന ജീവിതംകൊണ്ട് ആഴത്തിൽ വേരോടിയ അധികാരഘടനകളെ പുനർനിർമിക്കാനുള്ള ശേഷി ആർജിക്കുന്ന സമകാലിക യക്ഷികളും ഹീറോകളുമാണവർ. അവരെ തിരഞ്ഞ് കണ്ടെത്താനുള്ള സംവിധായകന്റെ രാഷ്ട്രീയ ഭാവനയാണ് ഏറ്റവും പ്രശംസയർഹിക്കുന്നത്. ഈ മികവിനുള്ള അംഗീകാരമായി 2020ലെ മികച്ച ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ഗവൺമെന്റിന്റെ അവാർഡും കേരള സർക്കാറിന്റെ സ്ത്രീ പഠനകേന്ദ്രത്തിന്റെ 2016ലെ പി.കെ. റോസി അവാർഡും മറ്റനവധി ദേശീയ, അന്തർ ദേശീയ പുരസ്കാരങ്ങളും രാജേഷിനെ തേടിയെത്തി.

സാമൂഹിക-സാമ്പത്തിക നിയന്ത്രണങ്ങൾക്കുള്ളിൽ ഉരുത്തിരിയുന്ന ദൈനംദിനത്തിലെ തൊഴിലും വിനോദവും എങ്ങനെയാണ് ജീവിതസമരത്തിലെ തന്ത്രങ്ങളും കലാവിഷ്കാരവും സ്വച്ഛന്ദമായ സംരംഭങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നത് എന്ന സെർട്ടിയോവിന്റെ ചോദ്യത്തോടുള്ള പ്രതികരണമായി ‘നേക്കഡ് വീൽ’ എന്ന ചിത്രത്തിലെ അശോകൻ എന്ന ലോറി ഡ്രൈവറുടെ പ്രതികരണത്തെ മനസ്സിലാക്കാം: “ജോലി വിട്ട് നിങ്ങൾക്കെവിടെ പോകാൻ കഴിയും... ഈ കാമറ വിട്ട് നിങ്ങൾക്കെവിടെ പോകാൻ കഴിയും? അത് നിങ്ങളുടെ തൊഴിലാണ്... ലോറിയും തൊഴിലും വിട്ട് ഞാൻ എങ്ങോട്ട് പോകാനാണ്? പോയിട്ടെന്താണ് കാര്യം? നമുക്ക് ജീവിക്കണ്ടെ? പല സമയത്തും ഞാൻ മൂഡ് ഔട്ട് ആയിട്ടുണ്ട് ഇതുപോലെ. പ​േക്ഷ, ഇത് നമ്മളെ കരയിപ്പിക്കും, ചിരിപ്പിക്കും, തിന്നാൻ തരും, കുടിക്കാൻ തരും, ഊട്ടും ഉറക്കും.”

News Summary - weekly culture film and theatre