തങ്കലാനിൽ തെളിയുന്നത്
തമിഴ് സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘തങ്കലാൻ’ കാണുന്നു.ചിത്തംരചിക്കുന്നു ചിത്തം നയിക്കുന്നു... ബുദ്ധമുനേ ജയ ബുദ്ധമുനേ ജയ ബുദ്ധമുനേ ജയ ബുദ്ധമുനേ -സഹോദരനയ്യപ്പൻ, ‘ബുദ്ധസ്തോത്രം’ 1934 തെന്നിന്ത്യൻ പ്രവാസലോകങ്ങളെയും യുവതയെയും ആവേശഭരിതരാക്കുന്നതാണ് ഇൗ ആഗസ്റ്റ് 15ന് പുറത്തുവന്ന, പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’. ഇൗ സിനിമ ജനതയുടെ സ്വാതന്ത്ര്യ സമത്വ സാഹോദര്യങ്ങളെ വീണ്ടെടുക്കുന്ന പ്രബുദ്ധമായ ജനായത്ത സംസ്കാര രാഷ്ട്രീയ പ്രതിനിധാനമാവുന്നു. സംസ്കാര നാഗരികമൂല്യങ്ങളെയും ബഹുസംസ്കാര ജനായത്തപ്പോരാട്ടങ്ങളെയും പാ യുടെ പുത്തൻപടം ഉയിരറിവാക്കുന്നു. ആദിമയിന്ത്യൻ സൈന്ധവജനതതിയുടെ...
Your Subscription Supports Independent Journalism
View Plansതമിഴ് സംവിധായകൻ പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘തങ്കലാൻ’ കാണുന്നു.
ചിത്തംരചിക്കുന്നു ചിത്തം നയിക്കുന്നു...
ബുദ്ധമുനേ ജയ ബുദ്ധമുനേ ജയ
ബുദ്ധമുനേ ജയ ബുദ്ധമുനേ
-സഹോദരനയ്യപ്പൻ, ‘ബുദ്ധസ്തോത്രം’ 1934
തെന്നിന്ത്യൻ പ്രവാസലോകങ്ങളെയും യുവതയെയും ആവേശഭരിതരാക്കുന്നതാണ് ഇൗ ആഗസ്റ്റ് 15ന് പുറത്തുവന്ന, പാ രഞ്ജിത്തിന്റെ ‘തങ്കലാൻ’. ഇൗ സിനിമ ജനതയുടെ സ്വാതന്ത്ര്യ സമത്വ സാഹോദര്യങ്ങളെ വീണ്ടെടുക്കുന്ന പ്രബുദ്ധമായ ജനായത്ത സംസ്കാര രാഷ്ട്രീയ പ്രതിനിധാനമാവുന്നു. സംസ്കാര നാഗരികമൂല്യങ്ങളെയും ബഹുസംസ്കാര ജനായത്തപ്പോരാട്ടങ്ങളെയും പാ യുടെ പുത്തൻപടം ഉയിരറിവാക്കുന്നു.
ആദിമയിന്ത്യൻ സൈന്ധവജനതതിയുടെ ഭാഗമായ സംഘകാലഗണങ്ങളും ഗോത്രങ്ങളുമെല്ലാം ബുദ്ധിസവുമായുള്ള ബന്ധത്തിലൂടെ എങ്ങനെ മൈത്രീപൂർണവും കരുണാമയവും പ്രജ്ഞാപരവുമായ പാരിസ്ഥിതിക സാംസ്കാരികാവബോധത്തിൽ വൈദികവർണാശ്രമം സ്ഥാപിക്കപ്പെടുന്ന മധ്യകാലംവരെ ജീവിച്ചു എന്നാണ് തമിഴകത്തെ ആദിവാസികളായ തങ്കലാനും കൂട്ടരും കാട്ടിത്തരുന്നത്. അവരുടെ മുനി ജിനമുനിയെന്ന ശാക്യമുനിതന്നെയെന്നാണ് പാ യുടെ പുത്തൻപടമായ ‘തങ്കലാൻ’ ഉള്ളുണർത്തുന്ന, കാഴ്ചയുടെ അതിശയാവേശങ്ങളോടെ വെളിപ്പെടുത്തുന്നത്.
ചിയാൻ വിക്രമവതരിപ്പിക്കുന്ന നായകനും അയാളുടെ മുത്തപ്പനും എത്രമാത്രം ഹൃദയബന്ധത്തോടെയാണ് ബുദ്ധരുടെ വെട്ടിയ തല കാണുമ്പോൾ മുനിയെന്നു വിളിക്കുന്നത്. മുനി ശാക്യമുനിയാണെന്ന് അമരവും ഗുരുവും ശിഷ്യരും കേരളത്തിലാവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. തലൈവെട്ടി മുനിയപ്പൻ പ്രതിമകളൊക്കെ ബുദ്ധരുടെ ശിൽപങ്ങളാണെന്ന് മദ്രാസ് ഹൈകോടതിയുടെ വിധിയും അടുത്തകാലത്തുണ്ടായി. സ്റ്റാലിൻ രാജാങ്കമടക്കമുള്ള ചലച്ചിത്ര സംസ്കാര വിമർശകരുടെ രചനകളും കോടതിയിലേക്കു പരിഗണിച്ചു. തലവെട്ടിത്തേവരയ്യം അടൂർ പള്ളിക്കലിനടുത്തായുണ്ട്.
ബുദ്ധിയും ബോധവുമുണർത്തുന്ന അരുളിൻതിരപ്പടമാണ് പുത്തനഴകിയമെന്ന പുതു ഈസ്തറ്റിക്സിൽ പാ ചെയ്തിരിക്കുന്നത്. സംഘകാല പാണരുടെ രാഗയീണങ്ങളായ പണ്ണുപോലെ ലോകത്തിൻശോകത്തെയും ദുരിതങ്ങളെയും തിരിച്ചറിഞ്ഞ് അതിനുകാരണനിവാരണമുണർത്തിയ ലോകനാരും നാഗപ്പനും പൊന്നപ്പനും തങ്കപ്പനും കുട്ടപ്പനും പൊന്നുവും കുട്ടുവും കനകമുനിയും തങ്കമോനായിയും മോനുവുമായ ചാക്യചിങ്ങനായ ശാക്യസിംഹനും ചങ്ങനായ സംഘക്കാരനുമാണ് തെന്നിന്ത്യയുടെ വെളിച്ചമായി വീണ്ടും വെള്ളിത്തിരയിലൂടെ ഉടലാർന്നുദിക്കുന്നത്. സൂര്യചന്ദ്രൻമാരെപ്പോലെ സത്യത്തെയേറെക്കാലം മൂടിവെക്കാനാവില്ലയെന്നാണ് ബുദ്ധരുടെ വചനം.
ആദിവാസികളും ദലിതരും പ്രാതിനിധ്യത്തിൽ പിന്നാക്കമായ അവർണബഹുജനങ്ങളുമടങ്ങുന്ന തമിഴകത്തെ ജനതയുടെ ബുദ്ധപാരമ്പര്യവും ലോകോത്തര സംസ്കാരവും കൂടിയാണ് തങ്കലാനും ആദിവാസികളും മണ്ണിൽനിന്നും തനിത്തങ്കംപോലെ വീണ്ടെടുക്കുന്നത്. മാരമോഹിനീ പരീക്ഷണവേളയിൽ കൈനീട്ടി മണ്ണിനെത്തൊട്ട ഭൂമീസ്പർശ മുദ്രകാട്ടിയ ബുദ്ധരുടെ അറിവൊളിയുടെ കാഴ്ചാരൂപകമാണു തങ്കം. തങ്കലാനെന്നാൽ തങ്കത്തിൻ മകനെന്നക്ഷരാർഥം. തങ്കലാനും മകനസോകനുമത് ഉള്ളുണർത്തുന്നു. മലയാളികളായ പാർവതിയും മാളവികയും മികച്ച പ്രകടനം നടത്തുന്നു.
നാഗരെന്നുതന്നെയാണ് പാ രഞ്ജിത്ത് തങ്കലാനിലെ ഒരു ഗോത്രത്തിനു പേരു കൊടുത്തിരിക്കുന്നത്. പൊൻമകനായ തങ്കലാന്റെ മകൻ അസോകനാണു താനും. ധമ്മലിപിയിൽ ശകാരമല്ല സകാരമാണുള്ളത്. അതിനാലാണ് “രായ അസോകോ” എന്ന് കർണാടകത്തിലെ സന്നതിയിലെ കനഗനഹള്ളിയെന്ന കനകപ്പള്ളി സ്തൂപലിഖിതം അസോകരുടെ ഛായാശിൽപത്തിനു കീഴേ രേഖപ്പെടുത്തിയിരിക്കുന്നത്. മക്കളെപ്പിന്തുടർന്നു തെന്നിന്ത്യയിലെത്തിയാണ് മുത്തപ്പനായ ചന്ദ്രഗുപ്തമൗര്യരെപ്പോലെ അസോകർ ജീവൻവെടിഞ്ഞത്.
പായുടെ തിരപ്പടത്തിൽ അസോക മൗര്യരുടെ കൊടിയടയാളമായ മോർ എന്ന മയിലും അസോകർ ബുദ്ധരെ സൂചിപ്പിക്കാനുപയോഗിച്ച ഗജോത്തമരൂപമായ ആനയെ സൂചിപ്പിക്കുന്ന മലയും നിറയുന്നു. മയിലുകളുടെ കാതരമായ വിളിയും മറുവിളിയും മൗര്യബൗദ്ധനാഗരികതയുടെ കാലാന്തര വിലാപമായി സിനിമയിൽ നിറയുന്നു.
തുടക്കം തന്നെ വടക്കൻ തമിഴക പരിധിയിലെ ആനൈമലയുടെ വിദൂര വൈഡ്ഷോട്ടിലൂടെയാണ്. അവസാനഷോട്ടിനു തൊട്ടുമുമ്പും യാനൈമലൈയുടെ വിദൂരദൃശ്യമുണ്ട്. പോരാട്ടമവസാനിക്കുന്നില്ലയെന്ന സൂചനയിലാണ് സമരോത്സുകരായ തങ്കലാനും കൂട്ടരും. ഇടക്കിടക്ക് മയിലുകളും നാഗങ്ങളും കടന്നുവരുന്ന മൈത്രീപൂർണവും സമുദായപരവുമായ പ്രാപഞ്ചിക സ്നേഹ സാഹോദര്യങ്ങൾ നിറയുന്ന ബിംബാവലികളും ശബ്ദാവലികളുമാണ് പാ യുടെ പടത്തിലുള്ളത്.
കാടും മേടും തകർക്കുമ്പോൾ സർപ്പങ്ങളുടെ കോപവും ശാപവുമുണ്ടാകുന്നു. കല്ലിന്റെ കരളും ചോരയുമായ തങ്കത്തെത്തേടുന്ന വെള്ളക്കാരും അവർക്കു കപ്പം കൊടുത്തു കഴിയുന്ന ബ്രാഹ്മണിക ചാതുർവർണ്യരക്ഷകരായ ഭൂസ്വാമിമാരും നാട്ടുരാജാക്കളും കവർന്ന ഭൂമിക്കുവേണ്ടി കോലാർ ഖനികൾ കുഴിച്ചുണ്ടാക്കിയ തമിഴകത്തെ പറയരും ഇതരദലിതരും അവരുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ ജീവിതസമരവുമാണ് ചലച്ചിത്രത്തിൻ വർത്തമാന ചരിത്ര പശ്ചാത്തലം. കോലാർ ഖനിത്തൊഴിലാളികളായ തമിഴക ദലിതരുടെ പഴയ കൊളോണിയൽ ഫോട്ടോഗ്രാഫുകൾ ക്രെഡിറ്റ് ശീർഷകങ്ങളിൽ ഉപയോഗിക്കുന്നത് സിനിമ ചരിത്രയാഥാർഥ്യമൂല്യത്തെയേറ്റുന്നു. പീരിയഡ്മൂവിയെന്ന കാലഘട്ടത്തിരപ്പടമായും ‘തങ്കലാൻ’ കാണാം.
പതിനൊന്നാം നൂറ്റാണ്ടോടെ ശൈവന്മാരായ ചോളന്മാരുടെ മധ്യകാലത്തുതന്നെ പൊന്നിൻഖനിയായി തീർന്ന പ്രദേശമാണ് പൊന്നാറിൻകരയിലെ തങ്കമണ്ണ്. ടിപ്പുവിൻ കാലത്തും ഇവിടെ ഖനനം നടന്നു. അതാണ് ബ്രിട്ടീഷുകാരെ 1850കളോടെ ഇങ്ങോട്ടാകർഷിച്ചത്. ബ്രിട്ടീഷുകാരുടെ മധ്യവർത്തികളും ഗുമസ്തശിപായിമാരും കണക്കന്മാരും മൊഴിമാറ്റക്കാരുമായി പ്രവർത്തിച്ച ബ്രാഹ്മണരും ഇടനിലക്കാരായ ഇതരസവർണരും എങ്ങനെയാണ് അവർണരെയും ആദിവാസികളെയും അടിമകളാക്കാനും കൂടുതൽ ചൂഷണംചെയ്യാനും ദല്ലാൾ-കങ്കാണിപ്പണിയെടുത്തതെന്നു വ്യക്തമാക്കുന്നു പടത്തിലെ കുറിയിട്ട മുണ്ടിനു മീതേ കറുത്ത കോട്ടിട്ടു തലപ്പാവും െവച്ചുനടക്കുന്ന ബ്രാഹ്മണ ദ്വിഭാഷി.
സായിപ്പു തൊഴിലാളികളും പങ്കാളികളുമായി പറഞ്ഞവരെ അടിമയെന്നാണീ പരിശുദ്ധപരിഭാഷി മൊഴിമാറ്റുന്നത്. ഇതുമണത്ത ‘തങ്കലാൻ’ ഇടക്കുകയറിയതു തിരുത്തുന്നുണ്ട്. അധിനിവേശാധുനികതയുടെ ഗുണഫലങ്ങൾ ആംഗല ഭാഷയും യൂറോപ്യൻ കുപ്പായവുമായി സ്വീകരിച്ച് കുതിരപ്പുറത്തു വന്നു പണിയെടുത്തു നേടിയ പൊൻപണം കൊടുത്തു കങ്കാണിയുടെ കണക്കനെ വിരട്ടി മണ്ണു തിരിച്ചുപിടിക്കുന്ന തങ്കലാനെ ചിയാനും പായും കൂടി അവിസ്മരണീയമാക്കുന്നു. ബ്രിട്ടീഷ് ജാക്കറ്റെന്ന കുപ്പായം സ്വീകരിച്ചു നർത്തനംചെയ്യുന്ന പെണ്ണുങ്ങളെയും കാണാം, നാടാർ സ്ത്രീകളുടെ മാറുമറയ്ക്കൽ പോരാട്ടത്തിൻ ഇരുനൂറാം വാർഷികത്തിൽ.
പാ യുടെ മിസൻസീനും മൊണ്ടാഷും ഇടിമിന്നലും കോരിച്ചൊരിയലുംപോലെ ചരിത്രകാലങ്ങളേയുമിടങ്ങളേയും വിപുലമായിക്കലർത്തിയാഖ്യാനം ചെയ്യുന്നതാണ്. കാലത്തിനും ദൂരത്തിനും കുറുകേയുള്ള സഞ്ചാരമായി അതു സിനിമയെ മാറ്റുന്നു. മാന്ത്രികവും ഭാവനാത്മകവുമായ ഗ്രാഫിക് സാങ്കേതികതയും ശബ്ദദൃശ്യമിശ്രണവും പാ യുടെ പ്രത്യേകതയാണ്.
ആർജവത്തോടെ ജനപ്രിയ സംസ്കാരത്തിലിടപെട്ട് പുതുനീതിവ്യവഹാരങ്ങളെ കൂടുതൽ ജനകീയവും ജനായത്തപരവുമാക്കിമാറ്റുകയാണ് പാ. പലപ്പോഴും ആഖ്യാനത്തിൻ രേഖീയതയെ തകർത്ത് ചിതറിക്കപ്പെട്ടവരുടെ ജീവിതത്തെയും തകർക്കപ്പെട്ട മണ്ണിൻ മനവും മാനവും പൊന്നും സൂചിതമാക്കുന്നു. ആദിമജനതയുടെ മൊഴിവഴക്കങ്ങളും രൂപഭാവമാറ്റങ്ങളും മാനസികഭാവങ്ങളുമെല്ലാം പ്രതിഫലിപ്പിക്കുന്ന അപൂർവമായ ഒരു തിരപ്പടവഴക്കമാണ് പാ സാധ്യമാക്കുന്നത്.
തമിഴകത്ത് ബുദ്ധരുടെ വഴിയും വെളിച്ചവും തുറന്നത് പാശ്ചാത്യാധുനികതയുടെ ഇടപെടലുണ്ടായ പത്തൊമ്പതാം നൂറ്റാണ്ടിൽ അനഗാരികധമ്മപാലയും അയ്യോതിതാസപണ്ഡിതരും കേണൽ ഓൽക്കോട്ടും ജോൺരത്തിനവും ചേർന്നാണ്. അയ്യോതിയെ അഥവാ ബുദ്ധവചനത്തെ അയോധ്യാദാസനാക്കുന്ന സംസ്കൃതചിത്തരുമുണ്ട്.
തലവെട്ടിച്ചവിട്ടിത്താഴ്ത്തിയ ശാക്യമുനിയുടെ ഉടലിലേക്കു ജനത വെട്ടിമാറ്റപ്പെട്ട തല ചേർത്തുെവച്ചു തങ്ങളുടെ യഥാർഥ പാരമ്പര്യത്തെ വിമോചനാത്മകമായും ബോധോദയപരമായും പടത്തിൽ വീണ്ടെടുക്കുന്നു. തിരപ്പടത്തെ ബഹുജനങ്ങളുടെ ജനായത്തപരമായ പ്രാതിനിധ്യ പ്രതിനിധാനങ്ങളിലൂന്നിയ സംസ്കാര രാഷ്ട്രീയ വിമോചനപ്പോരാട്ടമാക്കി മാറ്റുന്നു പാ യുടെ സിനിമകൾ.