‘പുരോഗമന’ മലയാളിയും ഒരു സിനിമാറ്റിക് വിചാരണയും
അഭിലാഷ് ബാബു സംവിധാനംചെയ്ത, ഈ വർഷത്തെ IFFK യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’ എന്ന ചിത്രം കാണുന്നു. ഒരു വ്യക്തിക്ക് കുടുംബം, സമൂഹം എന്നീ അധികാര ഘടനകളുമായുള്ള ബന്ധം സൂക്ഷ്മതലത്തിലുള്ള വിശകലനങ്ങൾക്ക് എല്ലാക്കാലത്തും വിധേയമാവാറുണ്ട്. ജൈവികമായ അധികാരശ്രേണിയുടെ ആഴത്തിലുള്ള വേരുകളും, അതിന്റെ പ്രവർത്തനങ്ങളും വ്യക്തിയെന്ന സംജ്ഞയുമായി സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ മാനങ്ങൾ പലവിധമാണ്. പൊതുസമൂഹവും, അതിന്റെ പരിച്ഛേദമായ കുടുംബമെന്ന ചെറുസമൂഹവും ഒരു മർദകോപകരണമായി സ്വയം അടയാളപ്പെടുകയും അതിൽ നിന്നും വിഘടിച്ചുനിൽക്കാനുള്ള വ്യക്തികളുടെ ശ്രമങ്ങളെ കുലംകുത്തലായി...
Your Subscription Supports Independent Journalism
View Plansഅഭിലാഷ് ബാബു സംവിധാനംചെയ്ത, ഈ വർഷത്തെ IFFK യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’ എന്ന ചിത്രം കാണുന്നു.
ഒരു വ്യക്തിക്ക് കുടുംബം, സമൂഹം എന്നീ അധികാര ഘടനകളുമായുള്ള ബന്ധം സൂക്ഷ്മതലത്തിലുള്ള വിശകലനങ്ങൾക്ക് എല്ലാക്കാലത്തും വിധേയമാവാറുണ്ട്. ജൈവികമായ അധികാരശ്രേണിയുടെ ആഴത്തിലുള്ള വേരുകളും, അതിന്റെ പ്രവർത്തനങ്ങളും വ്യക്തിയെന്ന സംജ്ഞയുമായി സൃഷ്ടിക്കുന്ന സംഘർഷങ്ങളുടെ മാനങ്ങൾ പലവിധമാണ്. പൊതുസമൂഹവും, അതിന്റെ പരിച്ഛേദമായ കുടുംബമെന്ന ചെറുസമൂഹവും ഒരു മർദകോപകരണമായി സ്വയം അടയാളപ്പെടുകയും അതിൽ നിന്നും വിഘടിച്ചുനിൽക്കാനുള്ള വ്യക്തികളുടെ ശ്രമങ്ങളെ കുലംകുത്തലായി കാണുകയും ചെയ്യുന്നതാണ് പൊതുവായ രീതി.
വ്യക്തികളുമായുള്ള അധികാരകേന്ദ്രങ്ങളുടെ സംഘർഷങ്ങളുടെ മൂലകാരണമായി വർത്തിക്കാറുള്ളത് പരമ്പരാഗതമായ മൂല്യവ്യവഹാരങ്ങളോടുള്ള കലഹങ്ങളും, പുരോഗമനാശയങ്ങളെ പുൽകാനുള്ള നവപൗരന്റെ അഭിവാഞ്ഛയുമാണ് ഇത്തരം കലഹങ്ങളുടെ അടിസ്ഥാന കാരണമായി ദൃശ്യപ്പെടാറുള്ളത്. സമൂഹം അടിച്ചേൽപ്പിക്കുന്ന, പഴമയുടെ മൂശയിൽ വാർത്ത നിയമങ്ങളോടുള്ള കലഹം, വ്യക്തികളെ തങ്ങൾക്ക് മേൽ അടിച്ചേൽപിച്ച പലവിധത്തിലുള്ള സാമൂഹിക-കുടുംബ-മതപരമായ ചിട്ടവട്ടങ്ങളിൽ നിന്നുള്ള കുതറിമാറലുകൾക്ക് പ്രേരിപ്പിക്കാറുണ്ട്.
ഇത്തരത്തിലുള്ള സമരങ്ങളേറ്റെടുക്കുന്ന ചില വ്യക്തികളെങ്കിലും, തങ്ങളുടേതായ ഇടങ്ങൾ സൃഷ്ടിച്ചുകൊണ്ട്, നവീനമായ ഒരു കുടുംബവ്യവസ്ഥിതി സൃഷ്ടിക്കുന്നതും കാണാം. ഈ നവസംഘർഷങ്ങളുടെ ഫലമായി ഉരുത്തിരിയുന്ന ജൈവികസ്ഥലികളായ പുത്തൻ കുടുംബങ്ങൾ ആന്തരികവും ബാഹ്യവുമായ നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതും കാണാം. ഈ ഇടങ്ങളിൽ എത്രത്തോളം ജനാധിപത്യം സാധ്യമാണ്? പരമ്പരാഗതമായതും ലിംഗപദവിയാൽ ശ്രേണീബദ്ധമായതുമായ അധികാരഘടനയെ പ്രതിരോധിക്കാൻ സാധിക്കുമോ? ഇത്തരം കുടുംബഘടനക്കകത്ത് വ്യക്തികൾ എത്രത്തോളം സ്വതന്ത്രരാണ് തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമായി ഉയർന്നു വരാറുണ്ട്. ഈ സമസ്യകളെയും അതുയർത്തുന്ന വിചിത്രങ്ങളായ സന്ദർഭങ്ങളേയും ഗഹനമായി പരിശോധിക്കുന്ന ചിത്രമാണ് അഭിലാഷ് ബാബു സംവിധാനം ചെയ്ത ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’. ഈ വർഷത്തെ IFFKയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മുന്നോട്ടുവെക്കുന്ന ആശയങ്ങളും വ്യവഹാര സാധ്യതകളും അതീവ പ്രാധാന്യമർഹിക്കുന്നവയാണ്.
ഒരു മോക്കുമെന്ററി (mockumentary) യുടെ സ്വഭാവത്തിലാണ് സംവിധായകൻ അഭിലാഷ് ബാബു ഈ ചിത്രമൊരുക്കിയിരിക്കുന്നത്. Mockumentary എന്നത് ‘mock’ +‘documentary’ എന്നീ വാക്കുകൾ ഒന്നിച്ച് വന്നതാണ്. ഇത് കല്‍പിത (fictional) സംഭവങ്ങളും കഥാപാത്രങ്ങളും അടങ്ങിയിട്ടുള്ള ഒരു കഥ പറയുന്ന സിനിമ/ ടി.വി ഫോർമാറ്റാണ്. എന്നാൽ, ആ രംഗങ്ങൾ ശരിയായ ഡോക്യുമെന്ററിയായാണ് അവതരിപ്പിക്കുന്നത്. മോക്കുമെന്ററികളിൽ സാധാരണയായി ഹാസ്യവും വിമർശനവും മുഖ്യമായിരിക്കും. ഡോക്യുമെന്ററിയുടെ ശൈലിയായ സ്റ്റിൽ കാമറ ഷോട്ടുകൾ, അഭിമുഖങ്ങൾ, ‘ആർക്കൈവൽ’ ദൃശ്യങ്ങൾ, എന്നിവ ഉപയോഗിച്ച്, മിഥ്യാ യഥാർഥമായിട്ടുള്ള ഒരു ദൃശ്യാനുഭവം സൃഷ്ടിക്കുന്നതാണ് ലക്ഷ്യം.
കൃഷാന്ത് സംവിധാനംചെയ്ത മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ മോക്കുമെന്ററിയുടെ സാധ്യതകൾ ഉപയോഗിച്ചത് ശ്രദ്ധ നേടിയിരുന്നു. ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’ ഒരു കുടുംബത്തിലേക്ക് കാമറ തിരിച്ചുെവച്ചുകൊണ്ട്, പുരോഗമന മലയാളിയുടെ പല അടരുകളുള്ള പൊയ്മുഖത്തെ അനാവരണംചെയ്യുകയാണ്. നളിനി, സുനീർ മുഹമ്മദ്, നവീൻ, ധന്യ എന്നിവരടങ്ങിയ കുടുംബം അതിന്റെ ഒട്ടനവധിയായ സവിശേഷതകളാൽ ഒരു സംവിധായകന്റെ ശ്രദ്ധ നേടിയതിനെത്തുടർന്ന് അയാൾ ആ കുടുംബാംഗങ്ങളുമായി നടത്തുന്ന അഭിമുഖത്തിന്റെ മാതൃകയിലാണ് ചിത്രം പുരോഗമിക്കുന്നത്.
വ്യക്തി, കുടുംബം, സദാചാരം, സമൂഹം
ഈ ‘വ്യത്യസ്ത’ കുടുംബത്തിലെ സുനീറും നളിനിയും ജീവിതപങ്കാളികളാണ്. അതുപോലെ സുനീറിന്റെ ആദ്യ വിവാഹത്തിലെ മകനായ നവീനും, നളിനിയുടെ ആദ്യ വിവാഹത്തിലെ മകളായ ധന്യയും ഒരുമിച്ചു ജീവിക്കുന്നു. സർക്കാർ ഉദ്യോഗസ്ഥനായ സുനീർ വ്യവസ്ഥാപിതമായ മത-സദാചാര മാമൂലുകളോട് ചെറുപ്പത്തിലേ അകലം പാലിച്ചു ജീവിക്കുന്ന, പുരോഗമന രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുള്ള ഒരാളാണ്. സോഷ്യലിസത്തിലും സാമൂഹിക നീതിയിലുമധിഷ്ഠിതമായ വിശ്വാസ പ്രമാണങ്ങളാണ് സുനീറിന്റേത്.
നളിനി ഒരു യാഥാസ്ഥിതിക കുടുംബത്തിൽ വളർന്നയാളാണ്. വിവാഹത്തോടെ താനൊരു അടിമജീവിതത്തിലേക്കാണ് എടുത്തെറിയപ്പെട്ടത് എന്ന് വൈകി മാത്രം തിരിച്ചറിഞ്ഞ്, വിവാഹബന്ധം വേർപെടുത്തി, സ്വന്തം കാലിൽ നിൽക്കുകയാണ് എഴുത്തുകാരി കൂടിയായ നളിനി. ഡിവോഴ്സിനെ തുടർന്ന് സ്വന്തം വീട്ടുകാരിൽനിന്നുള്ള അവഗണനയിലൂടെ, ആണധികാരത്തിന്റെ ഏറ്റവും നിഷ്ഠുരമായ രൂപത്തിൽ നളിനിക്ക് അനുഭവവേദ്യമാവുന്നുണ്ട്. നവീൻ സ്വതന്ത്ര ചിന്തയുള്ള, ആർട്ടിസ്റ്റ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്ന യുവാവാണ്.
നവരാഷ്ട്രീയ ചിന്താലോകത്തോട് സംവദിക്കുന്ന, മനുഷ്യ ബന്ധങ്ങളെ അവയുടെ അധികാരഘടനയോട് ചേർത്തുെവച്ചുകൊണ്ട് വിശകലനംചെയ്യാനുള്ള പ്രാപ്തിയുള്ള ആളുമാണ് നവീൻ. ധന്യ വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിക്ക് ശ്രമിക്കുന്ന അവസ്ഥയിലാണ്. സ്വന്തമായി ഒരു ജീവിതം നിർമിച്ചെടുക്കാനുള്ള അദമ്യമായ ആഗ്രഹം ധന്യയിൽ കാണാം. ഈ നാലുപേരുടെയും സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ആശയലോകം, സമകാലിക പുരോഗമന മലയാളി ജീവിതത്തിന്റെ നാട്യങ്ങളെ ക്രിയാത്മകമായി അപനിർമിക്കുന്നുണ്ട്. ഈ സൂക്ഷ്മ വിമർശനത്തിന്റെ കണിശതയും മൂർച്ചയുമാണ് ഈ ചിത്രത്തെ സവിശേഷമാക്കുന്നത്.
ഇവരെക്കൂടാതെ, ഈ വ്യക്തികളെക്കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണം അവതരിപ്പിക്കാനായി എത്തുന്ന രണ്ടുപേരെയും ഇവിടെ കാണാം. ഒരാൾ നവീനിന്റെയും ധന്യയുടെയും സുഹൃത്തായ സ്റ്റെഫിയാണെങ്കിൽ മറ്റേയാൾ സുനീറിന്റെ സുഹൃത്തായ അനിലാണ്. ഇരുവരും തങ്ങളുടെ കാഴ്ചപ്പാടിൽ ഈ കുടുംബജീവിതത്തെ വിശകലനംചെയ്യുന്നത് കാണാം. പുറമെ കാണികൾക്കു ലഭിക്കുന്ന ഒരു ചിത്രത്തിനപ്പുറം, ഈ മനുഷ്യരേയും അവരുടെ വികാര-വിചാര-ചിന്താ പദ്ധതികളെക്കുറിച്ചും ആഴത്തിലുള്ള തിരിച്ചറിവുകൾ പകർന്നുനൽകാൻ ഈ ‘കുടുംബ നിരീക്ഷകർ’ക്കാവുന്നുണ്ട്.
Specialized നിരീക്ഷകരെ ദിനംപ്രതി ചുട്ടെടുക്കുന്ന സത്യാനന്തര മാധ്യമ വിചാരണമുറിക്കാലത്ത്, തികച്ചും സ്വതന്ത്രമായി തങ്ങളുടെ സ്വകാര്യതയിൽ ജീവിക്കുന്ന ഈ മനുഷ്യരുടെ ജീവിതത്തിലേക്ക് എത്തി നോക്കാനുള്ള certified ഏജൻസികളായി ഈ നിരീക്ഷകർ മാറുന്നത് കാണാം. അയൽപക്കത്തേക്ക് ഒളിഞ്ഞുനോക്കാനുള്ള മലയാളിയുടെ അടങ്ങാത്ത ത്വര അഭിനവ ബിഗ്ബോസ് കാലത്ത് കാണികളെ തളച്ചിടുന്നതിലേക്കാണ് നയിച്ചത്. മുഖ്യധാരാ സമ്പ്രദായവുമായി ഒത്തുപോവാത്ത എന്തിനെയും വിശകലനങ്ങൾക്ക് വിധേയമാക്കി അസാധാരണ പ്രതിഭാസമാക്കി വിലയിരുത്തുന്ന സാമൂഹിക ഹെജിമണിക് വ്യവസ്ഥയെയും ചിത്രം വിമർശിക്കുന്നുണ്ട്.
നവ മലയാളിയുടെ മാധ്യമസംസ്കാരത്തിന്റെ ജീർണതയുടെ ഞെട്ടിക്കുന്ന ആഴം ഇവിടെ കാണാം. താൻ എങ്ങനെ ഇത്തരമൊരു ഡോക്യുമെന്ററിയെടുക്കാൻ തീരുമാനിച്ചുവെന്നതിന് ചിത്രത്തിലെ സംവിധായകന്റെ കഥാപാത്രം പറയുന്നതുപോലും ‘‘നിങ്ങളുടെ ഈ അസ്വാഭാവികതയാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചതെ’’ന്നാണ്. സവർണ പുരോഗമന മലയാളി അക്കാദമിക്കുകൾ തങ്ങളുടെ ഗവേഷണ പ്രബന്ധങ്ങൾക്കുള്ള വിഷയങ്ങൾ തേടി അവർക്ക് ‘അസ്വാഭാവികമായി’ തോന്നിയ ആദിവാസി ജീവിതങ്ങൾ തേടി ഊരുകളിലേക്ക് ചെല്ലുന്ന മനോഭാവം തന്നെയാണ് ഇവിടെയും ദൃശ്യപ്പെടുന്നത്.
ഈ കുടുംബത്തിലെ അംഗങ്ങൾ ഒറ്റ നോട്ടത്തിൽ പുരോഗമനപരവും സംഘർഷരഹിതവുമായ ഒരു ജീവിതമാണ് നയിക്കുന്നതെന്ന് തോന്നിയേക്കാമെങ്കിലും, സൂക്ഷ്മമായ നിരീക്ഷണത്തിൽ ഇവർക്കുള്ളിലെ അന്തർസംഘർഷങ്ങൾ വ്യക്തമാവുന്നുണ്ട്. സുനീറിന് പുരോഗമന-മതരഹിത ജീവിതം അനായാസകരമായി സ്വീകരിക്കാവുന്ന ഒന്നാണെങ്കിൽ, നളിനി ജീവിതത്തിന്റെ എല്ലാ ദുർഘടങ്ങളായ പരീക്ഷണങ്ങളും അതിജീവിച്ച്, വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള വഴിവെട്ടി വന്നവളാണ്.
ധന്യക്ക് തന്റെ അമ്മയുടെ ചോയ്സ് അംഗീകരിക്കാൻ സാവകാശം ആവശ്യമുണ്ട്. അവർക്കിടയിലെ വ്യക്തിസംഘർഷങ്ങളും ഇവിടെ സംഗതമാണ്. സ്ഥിരവരുമാനം, ജോലി തുടങ്ങിയ തീരുമാനങ്ങളോടുള്ള നവീനിന്റെ സമീപനവും ധന്യക്ക് ദഹിക്കുന്നതല്ലെന്ന് കാണാം. നവീൻ തന്നിൽ അച്ഛന്റെ സ്വാധീനം കൂടിപ്പോയോ എന്ന് സന്ദേഹിക്കുന്ന അവസ്ഥയിലാണ്.
അച്ഛന്റെ സ്നേഹം അൽപംകൂടി കടന്ന് രക്ഷാകർതൃത്വ മനോഭാവത്തിലേക്ക് (patronizing attitude) വളരുന്നതിൽ അയാൾ അസ്വസ്ഥനാണ്. കൂടാതെ താൻ ക്വീർ പ്രൈഡ് മാർച്ചിൽ പങ്കെടുത്തതിന് അസ്വസ്ഥനായ സുനീറിന്റെ മനോഭാവത്തെ നവീൻ വിമർശിക്കുന്നുണ്ട്. സ്റ്റെഫി ഒരു പടികൂടി കടന്ന്, സുനീറിനെ പാട്രിയാർക്കിയുടെ എല്ലാ സൂചനങ്ങളും പേറുന്ന ഒരാളായും വിലയിരുത്തുന്നത് കാണാം. ഇത്രയേറെ ആത്മസംഘർഷങ്ങൾ പേറുന്ന ഒരു കുടുംബത്തിലേക്ക് സദാചാര മല്ലു മൊറാലിറ്റിയുടെ വിഴുപ്പുഭാണ്ഡവുമായാണ് ഒരു ഡോക്യുമെന്ററിയെടുക്കാനായി സംവിധായകന്റെ കഥാപാത്രമെത്തുന്നത്.
എന്താണ് പുരോഗമനം? എത്രത്തോളം ഒരു സാമൂഹികജീവിക്ക് പുരോഗമനമാവാം? ആരാണ് പുരോഗമനത്തിന്റെ ലക്ഷണശാസ്ത്രങ്ങൾ തീരുമാനിക്കുന്നത്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഈ ചിത്രം ഉയർത്തുന്നുണ്ട്. ഈ കുടുംബത്തെ ഒരു അസാധാരണ കുടുംബമായി സമീപിക്കാനുള്ള തീരുമാനംപോലും ഇവിടെ വിമർശിക്കപ്പെടുന്നുണ്ട്. സ്റ്റെഫിയുടെ അഭിപ്രായത്തിൽ heteronormative ലിംഗപദവീ ബന്ധങ്ങൾ മാത്രം സാധ്യമായ ഒരിടത്ത് അസാധാരണത്വം തിരയുന്നത് തന്നെ ബാലിശമാണ്. മാത്രമല്ല, ചിത്രത്തിലെ സംവിധായകന്റെ കഥാപാത്രം, ഇടക്കെങ്കിലും ഒരു മഞ്ഞപ്പത്ര റിപ്പോർട്ടറെ അനുസ്മരിപ്പിക്കുന്ന തരത്തിൽ മസാല പുരട്ടിയ, ലൈംഗികതയിൽ ഫോക്കസ് ചെയ്തുള്ള ചോദ്യങ്ങൾ ചോദിക്കുന്നതും, കുടുംബത്തിലെ അംഗങ്ങൾ ഏറക്കുറെ അസ്വസ്ഥരായി തന്നെ അവയോട് പ്രതികരിക്കുന്നതും കാണാം. ഈ ബന്ധങ്ങൾക്കിടയിൽനിന്ന് incest കണ്ടെടുക്കാനുള്ള തത്രപ്പാടും മനസ്സിലാക്കാവുന്നതാണ്.
നരവംശ ശാസ്ത്രജ്ഞനായ ക്ലോഡ് ലെവിസ്ട്രോസിന്റെ അഭിപ്രായത്തിൽ, ഇൻസെസ്റ്റിന്റെ (incest) നിരോധനം മനുഷ്യബന്ധങ്ങളുടെ അടിസ്ഥാന ഘടനയും പ്രകൃതിയിൽനിന്ന് സംസ്കാരത്തിലേക്കുള്ള മാറ്റത്തിന്റെ നിർണായക ഘട്ടവുമാണ്. ഈ നിഷിദ്ധമായ ബന്ധം സ്ഥാപിച്ചെടുക്കേണ്ടത് തങ്ങളിൽനിന്ന് കുതറിമാറി സ്വയം ഒരിടം കണ്ടെത്തുന്നവരോടുള്ള മധ്യവർഗ സദാചാരത്തിന്റെ പ്രതികാരമായി കാണാം. സംവിധായകൻ പ്രതിനിധാനംചെയ്യുന്നത് ഇത്തരത്തിൽ മുറിവേറ്റ ഭൂരിപക്ഷ സദാചാര സങ്കൽപത്തെയാണ്.
ഘടനാപരമായ പരീക്ഷണങ്ങൾ സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാലത്ത് ‘മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ’ പോലൊരു സിനിമാശ്രമം വലിയ പിന്തുണയർഹിക്കുന്നുണ്ട്. ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്തിയ രണ്ടരലക്ഷം രൂപ മാത്രം ബജറ്റിൽ വെറും 13 മണിക്കൂർകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. പുരോഗമന നാട്യങ്ങളുടെ മേലങ്കിയണിഞ്ഞ മധ്യവർഗ മലയാളി സമൂഹത്തിന് നേരെ അഭിലാഷ് ബാബു ക്രിയാത്മകമായി ഒരു ദർപ്പണം ഉയർത്തിപ്പിടിക്കുകയാണ്. അതിൽ തെളിയുന്ന പ്രതിഫലനങ്ങൾ ഗൗരവതരമായ സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളിലേക്ക് വഴിവെട്ടുമെന്നതിൽ സംശയങ്ങൾക്ക് സ്ഥാനമില്ല.