പെൺസിനിമയും ജീവിതവും ‘പാൻഓപ്ടികോൺ’ സമൂഹത്തിൽ
‘‘തൊഴിലിടത്തെ ലൈംഗിക പീഡനക്കേസുകളിൽ പരാതികൾ ഉന്നയിച്ചാൽ എന്താണ് സംഭവിക്കുക എന്ന യാഥാർഥ്യം തുറന്നുകാട്ടുന്ന നിരവധി സിനിമകൾ ഇത്തവണത്തെ ഇഫി ഗോവയിൽ കാണാനായി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 15 സിനിമകളിൽ എട്ടെണ്ണം സ്ത്രീകൾ സംവിധാനം നിർവഹിച്ചവയായിരുന്നു.’’ ഇതിനപ്പുറം എന്താണ് ഗോവയിലെ സ്ത്രീ ചലച്ചിത്രോത്സവം സ്ത്രീ അനുഭവങ്ങളോട് ഇടപെട്ടതെന്ന് ചലച്ചിത്രപ്രവർത്തക കൂടിയായ ലേഖിക എഴുതുന്നു.ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫുക്കോയുടെ ‘പാൻഓപ്ടികോൺ’ വ്യാഖ്യാനങ്ങൾ സാഹിത്യവും സിനിമയും തത്ത്വചിന്തയും പഠിക്കുന്നവർക്ക് സുപരിചിതമാണ്. സുരക്ഷാഭടന്മാർ ജയിൽപുള്ളികളെ നിതാന്തമായി നിരീക്ഷിക്കുകയും അങ്ങനെയൊരു...
Your Subscription Supports Independent Journalism
View Plans‘‘തൊഴിലിടത്തെ ലൈംഗിക പീഡനക്കേസുകളിൽ പരാതികൾ ഉന്നയിച്ചാൽ എന്താണ് സംഭവിക്കുക എന്ന യാഥാർഥ്യം തുറന്നുകാട്ടുന്ന നിരവധി സിനിമകൾ ഇത്തവണത്തെ ഇഫി ഗോവയിൽ കാണാനായി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 15 സിനിമകളിൽ എട്ടെണ്ണം സ്ത്രീകൾ സംവിധാനം നിർവഹിച്ചവയായിരുന്നു.’’ ഇതിനപ്പുറം എന്താണ് ഗോവയിലെ സ്ത്രീ ചലച്ചിത്രോത്സവം സ്ത്രീ അനുഭവങ്ങളോട് ഇടപെട്ടതെന്ന് ചലച്ചിത്രപ്രവർത്തക കൂടിയായ ലേഖിക എഴുതുന്നു.
ഫ്രഞ്ച് ചിന്തകനായ മിഷേൽ ഫുക്കോയുടെ ‘പാൻഓപ്ടികോൺ’ വ്യാഖ്യാനങ്ങൾ സാഹിത്യവും സിനിമയും തത്ത്വചിന്തയും പഠിക്കുന്നവർക്ക് സുപരിചിതമാണ്. സുരക്ഷാഭടന്മാർ ജയിൽപുള്ളികളെ നിതാന്തമായി നിരീക്ഷിക്കുകയും അങ്ങനെയൊരു നിരീക്ഷണത്തിന് തങ്ങൾ വിധേയരാണ് എന്ന ബോധം അവർക്കുണ്ടാക്കുകയും തിരിച്ച്, നിരീക്ഷിക്കുന്നവർ എവിടെയെന്ന് അവർക്ക് കാണാനാവാതിരിക്കുകയും ചെയ്യുന്ന ഒരു വാസ്തുവിദ്യയാണത്.
കാലം മാറി. ഇന്നെവിടെയും ഒരു സി.സി.ടി.വി നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, സ്ത്രീകളുടെ ജീവിതവും സിനിമയും കുറച്ചുകൂടി ഗതികെട്ട സാഹചര്യത്തിലാണുള്ളത്. അത് തങ്ങൾക്കുള്ളിൽ, ബോധത്തിൽ അബോധത്തിൽ നിക്ഷേപിക്കപ്പെട്ട ഒരു പാൻഓപ്ടിക് തടവ്മുറിയിലാണ് ജീവിക്കുന്നത്. അതുകൊണ്ടാണ് ഉറക്കത്തിലായാലും മരണശയ്യയിലായാലും ഉടുപ്പൊന്ന് നീങ്ങിപ്പോയാൽ നാമറിയുന്നത്. സ്ത്രീ സിനിമയും സ്ത്രീ ജീവിതവും നിതാന്തമായി അകത്തുനിന്നും പുറത്തുനിന്നുമുള്ള ഒരു പാൻഓപ്ടിക് നോട്ടത്തിന് വിധേയമാണ്.
അനക്കം അവിടെ എളുപ്പമില്ല. ‘‘എങ്കിൽ ആ ബസിൽനിന്ന്, പീഡനമുറിയിൽനിന്നും എന്തുകൊണ്ട് ചാടിപ്പോയില്ല’’ എന്ന് പണ്ടൊരു ജഡ്ജിക്ക് 40ലധികം പേർ പീഡിപ്പിച്ച പെൺകുട്ടിയോട് ചോദിക്കേണ്ടിവന്നത് സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഈ പാൻഓപ്ടിക് അവസ്ഥയെക്കുറിച്ചുള്ള സാക്ഷരതാശൂന്യതയാലാണ്. ‘‘എന്തുകൊണ്ട് പീഡനവിവരം പുറത്തുപറയാൻ ഇത്ര നീണ്ട വർഷമെടുത്തു’’ എന്ന് അടുത്തിടെ സുപ്രീംകോടതി അതിജീവിതയോട് ചോദിക്കുന്നത് ഇതേ യുക്തിയാലാണ്. പെൺനിശ്ശബ്ദതയുടെ ഈ നീണ്ട മൗനവർഷങ്ങൾ ആൺഘടികാരങ്ങൾകൊണ്ട് അളക്കാനാകില്ല.
ഈ ‘പാൻഓപ്ടികോൺ’ നോട്ടം തിരിച്ചിട്ടാൽ എങ്ങനെയുണ്ടാകും? അതാണ് ഇത്തവണത്തെ ഇഫിഗോവയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ജോർജിയ, ഫ്രാൻസ്, ഇറ്റലി, റുമേനിയ എന്നീ രാഷ്ട്രങ്ങളെ പ്രതിനിധാനംചെയ്തെത്തിയ ജോർജിയൻ സംവിധായകനായ ജോർജ് ഷിക്കാറുലിഡ്സെ സംവിധാനംചെയ്ത ‘പാൻഓപ്ടികോൺ’ എന്ന സിനിമ ഒരു പെൺവായനക്ക് പ്രസക്തമാക്കുന്നത്. നായകനായ സാന്ദ്രോക്ക് തന്റെ യൗവന ലൈംഗിക തൃഷ്ണകൾ ഒളിച്ചുകൊണ്ടു നടക്കേണ്ടിവരുന്നത് അയാൾ ഈ പാൻഓപ്ടികോൺ ഘടനക്കകത്ത് കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ്. ഒടുവിൽ ഒരു ആർട്ട് ഗാലറിയിലെ നഗ്നമോഡൽ ആയി, സ്വതന്ത്രനായി നിൽക്കുന്നതിലൂടെ അയാൾ പൊഴിച്ചുകളയുന്നത് നോട്ടങ്ങൾക്ക് വിധേയനായി ജീവിക്കേണ്ടിവരുന്ന സ്വന്തം ഭയംതന്നെയാണ്. മിഷേൽ ഫുക്കോവിനെ ഉദ്ധരിച്ചുകൊണ്ടാണ് സിനിമ ഈ രംഗസൂചന നൽകുന്നത്.
സിനിമയിലെ നാണമില്ലായ്മ പലതരത്തിലാണ് പ്രവർത്തിക്കുന്നത്. കൊടിയ മൗനമായും അത് അവതരിക്കും. ഇന്ത്യയിൽ സിനിമ എന്ന തൊഴിലിടത്തിൽ ലൈംഗിക പീഡനം നടക്കുന്നുണ്ടോ? ഇല്ല എന്നാണ് സിനിമയിലെ അധികാരസ്ഥാനത്തിരിക്കുന്ന എല്ലാവരുടെയും ഐകകണ്ഠ്യേനയുള്ള പറച്ചിൽ. ഇഫിഗോവയിൽ വലിയ പ്രത്യാശ ഉയർത്തിയ ഒന്നായിരുന്നു കലാ അക്കാദമിയിൽ ‘സ്ത്രീസുരക്ഷയും സിനിമയും’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച. ഒരു സിനിമ കാണാനുള്ള അവസരം ഒഴിവാക്കിയാണ് ആരെങ്കിലും എന്തെങ്കിലും പറയും എന്ന വിചാരത്താൽ ആ പാനൽ ചർച്ചക്ക് പോയത്. സംവിധായകൻ ഇംതിയാസ് അലി, നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം, നടിമാരായ ഖുഷ്ബു സുന്ദർ, ഭൂമി പട്നേക്കർ എന്നിവരായിരുന്നു ചർച്ചെക്കത്തിയ സിനിമയിലെ വിദഗ്ധർ.
എന്നാൽ, ഇന്ത്യൻ സിനിമ എന്നാൽ സമത്വസുന്ദരമായ ഒരു ഉട്ടോപ്യയാണെന്നാണ് ആ വിദഗ്ധർ ഐകകണ്ഠ്യേന അഭിപ്രായപ്പെട്ടത്. ആർക്കും ഒരു പരാതിയുമില്ല. 2017ൽ മലയാള സിനിമയിലെ തൊഴിലിടത്ത് ഒരു നടി ഒരുകൂട്ടം ഗുണ്ടകളാൽ ക്വട്ടേഷൻ ബലാത്സംഗം നേരിടേണ്ടിവന്നത് ആരും കേട്ടിട്ടുപോലുമില്ല. അതേതുടർന്ന് ആദ്യമായി മലയാള സിനിമ എന്ന തൊഴിലിടത്തെക്കുറിച്ച് പഠിക്കാൻ സർക്കാർതന്നെ ജസ്റ്റിസ് ഹേമ അധ്യക്ഷയായി ഒരു കമ്മിറ്റി രൂപവത്കരിച്ചതും ആരും പരാമർശിച്ചതുപോലുമില്ല. കാസ്റ്റിങ് കൗച്ച് അടക്കം സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ മലയാളം ഫിലിം ഇൻഡസ്ട്രിയിൽ കാലങ്ങളായി നിലവിലുണ്ടെന്ന് ആ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്നിട്ടുണ്ട് എന്നും ആരും അറിഞ്ഞതായി നടിച്ചില്ല.
ആ കമ്മിറ്റിയുടെ റിപ്പോർട്ടിനെച്ചൊല്ലി കഴിഞ്ഞ ഏതാനും വർഷങ്ങളായി സുപ്രീംകോടതി വരെ നടക്കുന്ന നിയമ പോരാട്ടങ്ങളും ബി.ബി.സി അടക്കമുള്ള ലോകമാധ്യമങ്ങളുടെ ശ്രദ്ധ അത് ആകർഷിച്ചതും ‘സ്ത്രീ സുരക്ഷയും സിനിമയും’ എന്ന പാനൽ ചർച്ച അറിഞ്ഞതായിപോലും ഭാവിച്ചില്ല. സുഹാസിനിയും ഖുഷ്ബുവും മലയാള സിനിമയുമായി പതിറ്റാണ്ടുകളായി ബന്ധമുള്ളവരായിട്ടും ദേശീയ മാധ്യമങ്ങൾ മുഴുവനും ചർച്ചചെയ്തു കൊണ്ടിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പരാമർശിക്കാൻപോലും തയാറായില്ല. ചർച്ച കേൾക്കാൻ എത്തിയവർക്ക് അതിൽ ഇടപെടാൻ ലഭിച്ച അവസാനത്തെ ഏതാനും നിമിഷങ്ങൾ താരാരാധകരുടെ മൂന്ന് ചോദ്യങ്ങളിൽ ഒതുക്കി അവതാരിക പരിപാടി അവസാനിപ്പിക്കുകയും ചെയ്തു. പാനൽ വിദഗ്ധരുടെ മൗനം ശ്രദ്ധേയമായിരുന്നു. ആ മൗനം പക്ഷേ ഇഫിഗോവയിൽ ലോകസിനിമക്ക് ഉണ്ടായിരുന്നില്ലെന്നത് സിനിമ എന്ന പ്രസ്ഥാനം പണത്തിനും അധികാരത്തിനും മുന്നിൽ ഇനിയും പൂർണമായി തലകുനിച്ചിട്ടില്ല എന്നതിന്റെ ആശ്വാസകരമായ തെളിവുകളാണ്.
തൊഴിലിടത്തെ ലൈംഗിക പീഡനക്കേസുകളിൽ പരാതികൾ ഉന്നയിച്ചാൽ എന്താണ് സംഭവിക്കുക എന്ന യാഥാർഥ്യം തുറന്നുകാട്ടുന്ന നിരവധി സിനിമകൾ ഇത്തവണത്തെ ഇഫി ഗോവയിൽ കാണാനായി. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ 15 സിനിമകളിൽ എട്ടെണ്ണം സ്ത്രീകൾ സംവിധാനം നിർവഹിച്ചവയായിരുന്നു. എല്ലാവരും തന്നെ ഒന്നിനൊന്ന് മികച്ച അവതരണങ്ങളിലൂടെ സ്ത്രീ ജീവിതങ്ങൾ നേരിടുന്ന ദുരവസ്ഥകൾ പുറത്തുകൊണ്ടുവന്നു. ‘വീർ സവർക്കർ’ ഇഫിയുടെ ഉദ്ഘാടന ചിത്രമാണ് എന്ന കാമ്പയിൻ കേട്ട് ഇഫി ബഹിഷ്‍കരിച്ച് നാട്ടിൽതന്നെ കഴിഞ്ഞിരുന്നെങ്കിൽ നഷ്ടമാവുക ആണാധിപത്യം അടക്കിവാഴുന്ന സിനിമയുടെ ഉള്ളടക്കത്തിന്റെ മേഖലയിൽ ഈ സംവിധായികമാർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവങ്ങൾ എന്തെന്ന് അറിയാനുള്ള അവസരമായിരുന്നു.
ലോകസിനിമയിൽ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതകൾ പറയുന്നതിൽ എന്നും പുരുഷന്മാരായ സംവിധായകരെക്കാൾ സ്ത്രീ സംവിധായകർ എത്രയോ കാതം മുന്നോട്ടുപോയിട്ടുണ്ടെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം. 2024ലെ ഇഫിഗോവയും അതു ശരിെവച്ചു. സ്ത്രീ ജീവിതത്തെക്കുറിച്ചുള്ള അഗാധമായ അന്ധതകൾ എത്ര മഹാന്മാരായ ആൺ സംവിധായകരുടെ സിനിമകളെ ചുരുക്കിക്കളയാറുണ്ട്. എന്നാൽ, സ്ത്രീ സംവിധായകർക്ക് ഈ പരിമിതി ഇല്ല. ആണിന്റെയും പെണ്ണിന്റെയും പരിമിതികളും സാധ്യതകളും അറിയുന്ന, ആണിനും പെണ്ണിനും അതീതവ്യക്തിത്വമായ ഋതുപർണഘോഷിനെപ്പോലുള്ള സംവിധായകരുടെ അഭാവം ഇന്ത്യൻ സിനിമയെ എത്രയോ പിറകോട്ട് നടത്തുന്നുണ്ട്.
ബ്ലാക്ക് ബോക്സ് ഡയറീസ്
‘ഇത് കേരളമാണ്’ എന്ന് ആണയിടുന്നവരുടെ നാടാണ് കേരളം. എന്നാൽ, കേരളത്തിൽ ജപ്പാനിൽനിന്നുള്ള ഷിയോറി ഇറ്റോ (Shiori Ito) ചെയ്ത ‘ബ്ലാക്ക് ബോക്സ് ഡയറി’ പോലെ ഒരു സിനിമ ഇന്നുവരെ ചെയ്യാനിടവന്നിട്ടില്ല. അതിനുള്ള ‘ഇടം’ കേരളത്തിൽ ഇന്നുവരെയും ഉണ്ടായിട്ടില്ല എന്നും പറയാം. ജപ്പാനിലെ മാധ്യമപ്രവർത്തകയും എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയുമായ ഷിയോറി ഇറ്റോ താൻ നേരിട്ട ലൈംഗിക പീഡന അതിക്രമം രേഖപ്പെടുത്താൻ തന്റെ മുഖത്തേക്ക് തന്നെ കാമറ തിരിച്ചുെവച്ച് ജപ്പാനിലെ മാത്രമല്ല ചലച്ചിത്ര ചരിത്രം തന്നെ തിരുത്തിയെഴുതിയ സംവിധായികയാണ്. എന്നെ സംബന്ധിച്ചിടത്തോളം 55ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഹൃദയം ഏതെന്ന് ചോദിച്ചാൽ അത് ‘ബ്ലാക്ക് ബോക്സ് ഡയറീസ്’ എന്ന ഡോക്യു മൊണ്ടാഷ് ആണ്. സിനിമയും ജീവിതവും ചരിത്രവും ഓർമയും അതിജീവനവും എല്ലാം ‘ബ്ലാക്ക് ബോക്സ് ഡയറീസി’ൽ കൂടിക്കുഴയുന്നു.
ജപ്പാന്റെ പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ (Shinzo Abe)യുടെ ജീവചരിത്രകാരനാണ് ഷിയോറി ഇറ്റോക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. എല്ലാ തെളിവുകളും നിരത്തിയിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയാണുണ്ടായത്. എന്നാൽ, ആ പോരാട്ടത്തിൽ തോൽവി സമ്മതിക്കാൻ തയാറല്ലാതിരുന്ന ഷിയോറി ഇറ്റോ താൻ നേരിട്ട പീഡനാനുഭവങ്ങൾ ഒരു വാർത്താസമ്മേളനത്തിലൂടെ തുറന്നുപറയുകയും അതേക്കുറിച്ച് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കുകയും ഒരു ഡോക്യുമെന്ററി സിനിമ എടുക്കുകയും ചെയ്താണ് ജപ്പാനെ ഞെട്ടിച്ച് അവിടെ ഒരു ‘മീ ടൂ’ തരംഗത്തിന് തന്നെ വഴിയൊരുക്കിയത്.
കാമറ തന്നിലേക്കു തന്നെ തിരിച്ചുെവച്ചാണ് ഷിയോറി ഈ വിപ്ലവം നടത്തിയത്. അതിന്ന് ചലച്ചിത്ര ചരിത്രമാണ്. ‘‘ഞാനെങ്ങനെ എന്റെ ബലാത്സംഗിയെ തുറന്നുകാട്ടി’’ എന്ന ഷിയോറിയുടെ വെളിപ്പെടുത്തൽ ജപ്പാനെ പിടിച്ചുകുലുക്കുക തന്നെ ചെയ്തു. അധികാരത്തിന്റെ ഇടനാഴിയിലെ ഏതെങ്കിലുമൊരു കണ്ണിയുമായാണ് ഏറ്റുമുട്ടലെങ്കിൽ അത് എത്രമാത്രം കഠിനമായ ഒരു യാത്രയാണ് എന്ന് കേരളം സാക്ഷി പറയും. രാഷ്ട്രീയാധികാരത്തിലിരിക്കുന്ന വ്യക്തി തന്നെ പീഡകനായാൽ അതിനെതിരായ അതിജീവിതയുടെ പോരാട്ടം എത്രമാത്രം കഠിനമായിരിക്കും എന്ന് കാട്ടിത്തരുന്ന സിനിമയാണ് സ്പെയിനിൽനിന്നുള്ള ‘അയാം നിവങ്ക’. ഐസാർ ബൊല്ലിയൻ (Iciar Bollain) എന്ന സംവിധായിക ഇഫി ഗോവയിലേക്ക് കടത്തിക്കൊണ്ടുവന്ന ഈ സിനിമ സമാനമായ സാഹചര്യത്തിൽ കേരളത്തിലെ അതിജീവിതമാർ നടത്തുന്ന പോരാട്ടങ്ങൾക്ക് ഒരടിക്കുറിപ്പാണ്. സ്പെയിനിൽനിന്നും കേരളത്തിലേക്കുള്ള ദൂരം എത്ര ചെറുതാണ് എന്ന് ‘അയാം നിവങ്ക’ ഓർമപ്പെടുത്തും.
‘ക്രിക്കറ്റ്സ് ഇറ്റ്സ് യുവർ ടേൺ’ ആണ് പിന്നിട്ട ഫെസ്റ്റിവലിൽ ഹൃദയത്തിൽ തറച്ച മറ്റൊരു സിനിമ. കസാഖ്സ്താനിൽനിന്നുള്ള ഒൽഗ കൊറോട്ക്ക (Olga Korotko) എന്ന സംവിധായിക സോവിയറ്റ് കാലത്തിന്റെ പതനത്തിനും പുതിയതിന്റെ ആവിർഭാവത്തിനുമിടയിൽ സ്ത്രീ ജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധികളുടെ കഥ പറയുന്നു. നഷ്ടപ്പെട്ടു എന്നു തോന്നുന്നിടത്ത് തിരിച്ചുവരാനുള്ള കഴിവാണ് അതിജീവനത്തിന്റെ പാതയിലെ നിർണായക ചുവടുവെപ്പ് എന്ന് സിനിമ ഓർമപ്പെടുത്തുന്നു. മെൻസ് ക്ലബിന്റെ അനന്തമായ ആഘോഷങ്ങൾക്കിടയിൽ ശരിതെറ്റുകൾ ഇല്ല. കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടിയെ വെടിവെച്ചു വീഴ്ത്തുന്ന കാമുകൻ സമ്മാനിതനാവുകയാണ്. സമാന്തരമായി കേരളത്തിലെ മാധ്യമങ്ങളിൽനിന്നും പ്രതികരണം ചോദിച്ചുകൊണ്ടുള്ള ഫോൺവിളികളിൽനിന്നും കേട്ട സംഭവവികാസങ്ങൾ സ്ക്രീനിൽ കണ്ടുകൊണ്ടിരുന്നതിന്റെ മാറ്റൊലിയായിരുന്നു.
എന്തൊക്കെ അടിച്ചമർത്തലുകൾ നടത്തിയാലും കലക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള ശേഷിയുണ്ട് എന്ന് ഓർമപ്പെടുത്തുന്നു ഷെല്ലിയുടെ പ്രശസ്തമായ ‘ഓസിമാൻഡിയസ്’ എന്ന കവിത. സിനിമയിലെ ശക്തരായ ഓസിമാൻഡിയസുകൾ കെട്ടിപ്പൊക്കിയ അധികാര ഗോപുരങ്ങൾ തകർന്നടിയുമ്പോഴും അവർക്കെതിരെ പ്രതിരോധം ചമച്ച കലാരൂപങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട് എന്ന് ഷെല്ലിയുടെ കവിത ഓർമപ്പെടുത്തുന്നുണ്ട്. എത്ര വലിയ അധികാരത്തിനും ഒരു നാൾ തകർന്നടിയാതെ വയ്യ എന്ന മുന്നറിയിപ്പ് കവിത മനുഷ്യവംശത്തിന് കൈമാറുന്നുണ്ട്. ആ ചുവട് വെക്കുക എന്നതാണ് അതിജീവനത്തിന്റെ ആദ്യ പാഠം. വില്യം ഷേക്സ്പിയറുടെ ‘ദ ടെമ്പസ്റ്റ്’ ഓർമപ്പെടുത്തുന്നതുപോലെ, ‘‘നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്.’’