മസിനഗുഡി വഴി ഊട്ടി വഴി
ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്തുതരം കാഴ്ചകളാണ് സമ്മാനിച്ചത്? എന്തായിരുന്നു ചലച്ചിത്രോത്സവത്തിന്റെ മാറുന്ന മുഖം? ഹിന്ദുത്വയോട് എത്രത്തോളം ഗോവ ഫെസ്റ്റിവൽ ഒത്തുപോകുന്നു? മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ േലഖകന്റെ നിരീക്ഷണങ്ങൾ. നുണ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനത്തിന്റെ അനിവാര്യ ചേരുവയായി മാറിയ കാലമാണിത്. നിർമിതബുദ്ധിയുടെ (എ.ഐ) സാധ്യതകൾ രാഷ്ട്രീയം പഠിച്ചത് സിനിമയിൽനിന്നാണെന്ന് പറയാം. 1932ൽ വെനീസ് ചലച്ചിത്രോത്സവത്തിന് അടിത്തറ പാകിയത് മുസോളിനിയാണ് എന്നത് ഒരു യാദൃച്ഛിക സംഭവമല്ല. ഇറ്റാലിയൻ ഫാഷിസത്തിന്റെ ജൈത്രയാത്രയിൽ സിനിമയുടെ പങ്ക് വളരെ...
Your Subscription Supports Independent Journalism
View Plansഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം എന്തുതരം കാഴ്ചകളാണ് സമ്മാനിച്ചത്? എന്തായിരുന്നു ചലച്ചിത്രോത്സവത്തിന്റെ മാറുന്ന മുഖം? ഹിന്ദുത്വയോട് എത്രത്തോളം ഗോവ ഫെസ്റ്റിവൽ ഒത്തുപോകുന്നു? മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രപ്രവർത്തകനുമായ േലഖകന്റെ നിരീക്ഷണങ്ങൾ.
നുണ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനത്തിന്റെ അനിവാര്യ ചേരുവയായി മാറിയ കാലമാണിത്. നിർമിതബുദ്ധിയുടെ (എ.ഐ) സാധ്യതകൾ രാഷ്ട്രീയം പഠിച്ചത് സിനിമയിൽനിന്നാണെന്ന് പറയാം. 1932ൽ വെനീസ് ചലച്ചിത്രോത്സവത്തിന് അടിത്തറ പാകിയത് മുസോളിനിയാണ് എന്നത് ഒരു യാദൃച്ഛിക സംഭവമല്ല. ഇറ്റാലിയൻ ഫാഷിസത്തിന്റെ ജൈത്രയാത്രയിൽ സിനിമയുടെ പങ്ക് വളരെ വലുതാണ്. സിനിമ ഒരു വലിയ നുണ മാത്രമാണെന്ന് പ്രഖ്യാപിച്ച് സിനിമ ഇട്ടെറിഞ്ഞുപോയ ഗൊദാർദ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത് ആ ആവിഷ്‍കാര രൂപത്തിന്റെ ഭൂതാവിഷ്ടമായ കാന്തികാകർഷണമാണ്.
2003ൽ ഡൽഹി സിരിഫോർട്ടിൽ നടന്ന അവസാനത്തെ ഐ.എഫ്.എഫ്.ഐയിൽ െവച്ച് ഇനി ഗോവയാണ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം താവളമെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതവിടെ രണ്ട് പതിറ്റാണ്ട് (2004-2024) അതിജീവിക്കും എന്ന് വിചാരിച്ചതേയില്ല. 2004ൽ ഡൽഹി വിട്ട് ഗോവയിലേക്ക് ചേക്കേറിയപ്പോൾ ആദ്യം ഒരമ്പരപ്പായിരുന്നു: ഡൽഹിയിലെ കൊടുംതണുപ്പിൽ എപ്പോൾ വേണമെങ്കിലും നിറയൊഴിച്ചേക്കാം എന്ന് തോന്നിപ്പിക്കുന്ന യന്ത്രത്തോക്ക് ധാരികൾ ഗോവയിലും ഉണ്ടായിരുന്നെങ്കിലും മണ്ടോവി നദിക്കരയിലെ പാഞ്ചിം നഗരം എപ്പോഴും ഒരാഘോഷത്തിന്റെ നിറവിലായിരുന്നു. അവിടെ സിനിമക്കായിരുന്നില്ല പ്രാധാന്യം. അതിന് പുറത്തെ നിർമിത ആനന്ദങ്ങൾക്കായിരുന്നു. അതുകൊണ്ടുതന്നെ ബോളിവുഡിന് ഗോവയുടെ ഹൃദയം കീഴടക്കാൻ എളുപ്പമായിരുന്നു. സിനിമയുടെ ആനന്ദത്തിന്റെ ആഘോഷം എന്നതാണ് ഇഫിഗോവ (ഐ.എഫ്.എഫ്.ഐ, ഗോവ)യുടെ പ്രഖ്യാപിത നയംതന്നെ.
‘സിനിമാ പാർട്ടി’ എന്നുതന്നെ വിളിക്കാവുന്ന ഒരു പാർട്ടി സംസ്കാരംതന്നെ സിനിമയുടെ അധികാരം ഇവിടെ സൃഷ്ടിച്ചിട്ടുണ്ട്. ആ പാർട്ടി എല്ലാം കീഴടക്കുന്നു. അത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം സ്വന്തമല്ല. അധികാരത്തിന്റെ സ്വന്തമാണ്.
2024ൽ ഇഫിഗോവ 55 വയസ്സ് പിന്നിട്ട് മുതിരുമ്പോൾ അത് രാജ്യത്തെ ശരാശരി ഫിലിം ഫെസ്റ്റിവലുകൾ പ്രേമിക്ക് മുമ്പാകെ ബാക്കിവെക്കുന്ന ചിത്രം എന്തെന്ന പരിശോധന പ്രസക്തമാണ്. നാം ഈ കാണുന്നതാണോ ലോകസിനിമ എന്ന ചോദ്യം ആവർത്തിച്ച് ഉന്നയിക്കാൻ ബാധ്യസ്ഥനാണ് കാണി. ഫെസ്റ്റിവൽ വേദിയിൽ ഇന്ന് സംവാദങ്ങളില്ല. ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിരുന്ന പഴയ ഓപൺ ഫോറങ്ങളുടെ സംസ്കാരം ഇഫി അവസാനിപ്പിച്ചിട്ട് വർഷങ്ങളായി. വാർത്താസമ്മേളനങ്ങളും പൂർണമായും അപ്രസക്തമായിക്കഴിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ ഏതാനും അണിയറപ്രവർത്തകർ ഫെസ്റ്റിവൽ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായി വരുന്നത് ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ ഹിന്ദി ഇതര ഭാഷകളിൽനിന്നും ചലച്ചിത്രപ്രവർത്തകർ ഇഫി ഗോവയിൽ പൂർണമായും അദൃശ്യരായിക്കഴിഞ്ഞു.
സിനിമ മാറി എന്നതാണ് വാസ്തവം. ഇന്ത്യയിൽനിന്നുള്ള സിനിമകൾ ഒഴിച്ചുനിർത്തിയാൽ പുറംനാടുകളിൽനിന്നും വരുന്ന മിക്കവാറും എല്ലാ സിനിമകളും ഇന്ന് ബഹുരാഷ്ട്ര മൂലധന നിർമിത കമ്പനികളുടെ സൃഷ്ടികളാണ്. എല്ലാം പല രാഷ്ടങ്ങളിൽനിന്നുള്ള കമ്പനിപ്പടങ്ങളായി മാറിക്കഴിഞ്ഞു. അങ്ങനെയുള്ള സിനിമകൾക്കേ ഫെസ്റ്റിവൽ ശൃംഖലകളിൽ ഇപ്പോൾ പിടിച്ചുനിൽക്കാൻപോലും കഴിയുന്നുള്ളൂ. സ്വതന്ത്ര, കലാ സിനിമകളുടെ മരണം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ സംഭവിച്ചത് ഈ ബഹുരാഷ്ട്ര കമ്പനി സംസ്കാരം നിർമാണരംഗം കീഴടക്കിയതോടെയാണ്.
അതിന്റെ ഒരു താക്കോൽവാക്കാണ് ‘നെറ്റ്ഫ്ലിക്സ്’. ലോകസിനിമയെ അവർ വിഴുങ്ങിക്കഴിഞ്ഞു. ഗബ്രിയേൽ ഗാർസ്യ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങളും’ ഹുവാൻ റുൾഫോയുടെ ‘പെഡ്രോ പരാമോ’യും നെറ്റ്ഫ്ലിക്സിന്റെ സംഭാവനകളാണ്. നെറ്റ്ഫ്ലിക്സ് പോലെ പല കമ്പനികളുണ്ടെങ്കിലും ആ പേര് ഇന്നൊരു പ്രതീകമാണ്. അഡോണോയെപ്പോലുള്ള നവീന ഇടതുപക്ഷ ചിന്തകർ നിരീക്ഷിച്ച, സംസ്കാരം വ്യവസായമായി മാറിയ കാലത്തിന്റെ അധികാരരൂപങ്ങൾ. നാം എന്തുകാണണം എന്ന് അവർ തീരുമാനിക്കും. ഉള്ളടക്കം ഇനിമേൽ നമ്മുടെ തിരഞ്ഞെടുപ്പല്ല, അവരുടെ തിരഞ്ഞെടുപ്പാണ്.
‘വീർ സവർക്കർ’ സൃഷ്ടിച്ച കെണി
സ്ഥിരമായി ഇഫിഗോവക്ക് എത്തിയിരുന്ന പലരും ഇത്തവണ ഫെസ്റ്റിവലിന് വന്നിരുന്നില്ല. 55ാമത് ഗോവ രാജ്യാന്തര ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം ‘വീർ സവർക്കർ’ ആണ് എന്ന ഒരു നുണപ്രചാരണം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതോടെ സംഭവിച്ച കെണിയായിരുന്നു അത്. അതിൽ കുടുങ്ങിയാണ് പലരും ഫെസ്റ്റിവൽ ബഹിഷ്‍കരിക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. അശ്വത്ഥാമാവ് എന്ന ‘ആന’ മരിച്ചു എന്ന നുണയോടടുത്ത അർധസത്യത്തിന്റെ സൂക്ഷ്മവിനിയോഗമായിരുന്നു അത്.
വാസ്തവത്തിൽ ഇന്ത്യൻ പനോരമയുടെ ഉദ്ഘാടന ചിത്രം മാത്രമായിരുന്നു അത്. 2014ൽ ഒന്നാം നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം മുതൽ ഇഫിഗോവയുടെ പരിണാമത്തിൽ ഏറ്റവും വലിയ അപഭ്രംശം സംഭവിച്ചത് ഇന്ത്യൻ പനോരമക്കാണ്. അതിന്റെ ഉദ്ഘാടന ചിത്രം 2014ന് ശേഷം മിക്കവാറും സംഘ്പരിവാറിന് രാഷ്ട്രീയമായി സ്വീകാര്യമായ സിനിമകൾതന്നെയായിരുന്നു. സിനിമകൾ തിരഞ്ഞെടുക്കാൻ ജൂറിയെ നിയമിക്കുമ്പോൾ മുതൽതന്നെ തുടങ്ങുന്നതാണ് ഫെസ്റ്റിവലിന്റെ ഉള്ളടക്കം എന്താകണം എന്ന അജണ്ടയും.
‘വീർ സവർക്കർ’ ഫെസ്റ്റിവലിലെ ഉദ്ഘാടന സിനിമയാണ് എന്ന തെറ്റിദ്ധാരണ അതിസൂക്ഷ്മമായി നിർമിക്കപ്പെട്ടത് പലരെയും പിറകോട്ട് പോകാൻ നിർബന്ധിതരാക്കി. ഫേസ്ബുക്കിൽ ഫെസ്റ്റിവൽ ബഹിഷ്‍കരണ ആഹ്വാനങ്ങൾ നിറഞ്ഞു. എന്നാൽ ‘‘ഗോവക്ക് എന്നോ ടിക്കറ്റെടുത്തതാണ്, ഞാനത് കാൻസൽ ചെയ്ത് മസിനഗുഡി വഴി ഊട്ടിക്ക് പോകുന്നു’’ എന്ന് പോസ്റ്റിട്ടവർതന്നെ ഗോവയിൽ തിരിച്ചെത്തി. അതാണ് ഇഫിഗോവയുടെ മാജിക്. ഇന്ത്യൻ പനോരമ മുഴുവനും സംഘ്പരിവാർ അനുകൂല സിനിമകളാൽ നിറഞ്ഞാലും ലോകസിനിമയുടെ ‘ഒരു’ മുഖം നമുക്കവിടെ കാണാനാവും.
ബഹുരാഷ്ട്ര കമ്പനികൾ എത്രതന്നെ സിനിമയുടെ പ്രത്യയശാസ്ത്രത്തിൽ പിടിമുറുക്കിയാലും ലോകസിനിമയുടെ ‘ഒരു’ മുഖം അവിടെ കാണാതിരിക്കാനാവില്ല. സിനിമ തിരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര ജൂറിയിൽ ഏത് രാഷ്ട്രത്തിനും സ്വന്തക്കാരെ മാത്രമായി കുത്തിനിറക്കുന്നതിനും ഉപജാപങ്ങൾ വഴിയുള്ള സിനിമകൾ കയറ്റുന്നതിനുള്ള തന്ത്രങ്ങൾ ഫെസ്റ്റിവൽ സംഘാടകർ ആവിഷ്‍കരിച്ചാലും ഏത് ഫെസ്റ്റിവലിലും വിരലിലെണ്ണാവുന്ന മികച്ച സിനിമകൾ കിട്ടും. കാരണം, അത് കൂടാതെ ഒരു ഫിലിം ഫെസ്റ്റിവലിനും നിലനിൽക്കാനാവില്ല. അതാണ് ഏത് ഫെസ്റ്റിവലിന്റെയും പ്രതീക്ഷ. ഇഫിഗോവയുടെയും.
ഫെസ്റ്റിവലുകളുടെ പുറം കാഴ്ചകൾ എത്രതന്നെ പണക്കൊഴുപ്പിന്റെയും താരോത്സവങ്ങളുടെയും എഴുന്നള്ളിപ്പുകളായാലും തിയറ്ററുകൾക്ക് അകത്ത്, വെള്ളിത്തിരയുടെ ആകാശത്ത് ഓരോ രാജ്യത്തുനിന്നും എത്തുന്ന മികച്ച സിനിമകളുടെ മഴവില്ലുകൾ വിരിയും. അതാണ് ആ ഫെസ്റ്റിവലിന്റെ കാമ്പ്. 2024 ഇഫിഗോവയുടെ 55ാം അധ്യായവും ആ നിലക്ക് ഏത് കാണിക്കും ഓർമയിൽ സൂക്ഷിക്കാൻ പാകത്തിലുള്ള മികച്ച സിനിമകളാൽ സമ്പുഷ്ടമായിരുന്നു; ചവറുകൾ എത്ര വേണമെങ്കിലും ഉണ്ടായിരുന്നെങ്കിലും. മസിനഗുഡി വഴി ഊട്ടിക്ക് പോയാലും അവിടെനിന്നും ഒരാളെ ഗോവയിലെത്താൻ പ്രേരിപ്പിക്കുന്നതിന്റെ രഹസ്യവും അതുതന്നെ.
വിഷമയലോകം
ഈ ലോകം എത്രമാത്രം ഭയാനകമാംവണ്ണം ‘ടോക്സിക്’ (വിഷമയം) ആണ് എന്ന് കാട്ടിത്തരുന്നതിൽ ലോകസിനിമയുടെ പുതിയ മുഖം വിജയിക്കുന്നു എന്നത് സന്തോഷജനകമായ കാഴ്ചയാണ്. പലതരം ആണത്തങ്ങളും യുദ്ധ അധികാര തൃഷ്ണകളും ഈ ലോകത്തെ എത്രമാത്രം ജീവിക്കാൻ കൊള്ളാത്തതാക്കി മാറ്റിയിരിക്കുന്നു എന്നും നാം എന്തുമാത്രം പൊട്ടിപ്പിളർന്ന ലോകത്താണ് ജീവിക്കുന്നത് എന്നും അത് കാട്ടിത്തരുന്നു.
ലിേത്വനിയയിൽനിന്നുള്ള ‘ടോക്സിക്’ ആണ് ഈ വർഷം ഐ.എഫ്.എഫ്.ഐയിലെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത്. സോളി ബിലുവൈറ്റ് (Saule Biluvaite) എന്ന സംവിധായിക സോവിയറ്റ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ പതിറ്റാണ്ടുകളും 1990 മുതൽ സോവിയറ്റ് പതനത്തിനു ശേഷമുള്ള മുതലാളിത്ത വിപ്ലവത്തിന്റെ മൂന്നര പതിറ്റാണ്ടും അവിടത്തെ സ്ത്രീ ജീവിതങ്ങളോട്, ചേരികളിലെ മനുഷ്യജീവിതങ്ങളോട് ചെയ്യുന്നതെന്താണ് എന്ന് രേഖപ്പെടുത്തുന്നു.
സ്വന്തം ശരീരമല്ലാതെ മറ്റൊന്നും കൈമുതലായില്ലാത്ത കൗമാരക്കാരികളായ പെൺകുട്ടികൾ മനുഷ്യക്കടത്തിന്റെ ‘കാസ്റ്റിങ് കോൾ’ കിട്ടാനായി ശരീരത്തെയും ജീവിതത്തെയും പരുവപ്പെടുത്തുന്ന വേദന നിറഞ്ഞ കാഴ്ചയാണത്. അച്ഛനമ്മമാർക്കുപോലും ആ ചേരിയിൽനിന്നും സ്വന്തം മക്കളെ രക്ഷപ്പെടുത്താനാവുന്നില്ല. എങ്ങനെയെങ്കിലും എങ്ങോട്ടെങ്കിലും പോയി മക്കൾ രക്ഷപ്പെടട്ടെ എന്നു കരുതുന്നവരാണവർ. എങ്ങോട്ടു പോയാലും രക്ഷ എന്നത് ഒരു പ്രതീതി മാത്രമാണ് എന്നറിയുന്ന മക്കൾക്ക് രക്ഷപ്പെടുകയും വേണ്ട. ‘വിഷമയമായ’ ബന്ധങ്ങൾ നിറഞ്ഞ ആ ലോകത്തിന്റെ കാഴ്ചകളാണ് ‘ടോക്സിക്’ എന്ന ലിേത്വനിയൻ സിനിമ ഒരുക്കുന്നത്. എന്തൊരു ജീവിതമാണ് മനുഷ്യർക്ക് ജീവിക്കേണ്ടിവരുന്നത് എന്ന ഒരുതരം മരവിപ്പ് നമ്മെ പിന്തുടരും.
മികച്ച സിനിമയായി ജൂറി തിരഞ്ഞെടുത്ത ‘ടോക്സിക്’ എന്ന ചിത്രത്തേക്കാൾ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽതന്നെയുള്ള ‘അയാം നിവങ്ക’ എന്ന ഐസാർ ബൊല്ലിയൻ (Iciar Bollain) എന്ന സംവിധായികയുടെ സിനിമയാണ് വ്യക്തിപരമായി കൂടുതൽ പ്രിയപ്പെട്ട ഇഫിഗോവ സിനിമ. തൊഴിലിടത്തിൽ ലൈംഗിക പീഡനം പരാതിപ്പെട്ടാൽ ആ പരാതി പരാതിപ്പെടുന്നവൾക്ക് തന്നെ എത്രമാത്രം വലിയ കുരുക്കായി മാറുന്നു എന്ന് ‘അയാം നിവങ്ക’ കാട്ടിത്തരുന്നു. വിഷമയമായ ഒരു ബന്ധത്തിൽനിന്നുള്ള ഒരു ഇറങ്ങിപ്പോക്ക് എത്രമാത്രം വലിയ ഏകാന്ത ഭാരമാണ് ഒരു സ്ത്രീക്കു മേൽ അടിച്ചേൽപിക്കുന്നതെന്ന് നിവങ്കയുടെ അതിജീവന പോരാട്ടം കാട്ടിത്തരുന്നു.
ലോക സിനിമാ വിഭാഗത്തിൽ പ്രിയ സ്പാനിഷ് സംവിധായകനായ പെഡ്രോ അൽമദോവാറിന്റെ ഏറ്റവും പുതിയ സിനിമയായ ‘ദ റൂം നെക്സ്റ്റ് ഡോർ’ ആയിരുന്നു ഏറ്റവും വലിയ ആകർഷണം. പെഡ്രോ പതിവുപോലെ നിരാശപ്പെടുത്തിയില്ല. മരണം തൊട്ടടുത്ത മുറിയിലേക്ക് എത്തുമ്പോൾ അത് സൗഹൃദങ്ങളിലും മരണത്തിലേക്കുള്ള വ്യക്തിയുടെ ഏകാന്ത പ്രയാണത്തിലും ചെലുത്തുന്ന ആഘാതങ്ങളുടെ ആഴം ‘ദ റൂം നെക്സ്റ്റ് ഡോർ’ കാട്ടിത്തരുന്നു.
ലോക സിനിമ എന്തുപറയുന്നു എന്ന് നോക്കാനാണ് പൊതുവിൽ ഐ.എഫ്.എഫ്.ഐയിൽ ശ്രമിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യൻ സിനിമകൾ ഫോക്കസ് ചെയ്യാറില്ല. ഋതുപർണ ഘോഷ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സിനിമകൾ പിന്തുടർന്ന് കാണാറുണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ വേർപാടോടെ ആ യാത്ര അവസാനിപ്പിച്ചു. ഇത്തവണ ലോകസിനിമാ വിഭാഗത്തിൽ അമേരിക്ക വഴി എത്തിയ പ്രിയസുഹൃത്തും സംവിധായകനുമായ ജയൻ ചെറിയാന്റെ ‘റിഥം ഓഫ് ദമാം’ ആണ് ഒരു ഇന്ത്യൻ സിനിമ എന്നനിലക്ക് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വേറിട്ട ഒരു കാഴ്ചാനുഭവം സമ്മാനിച്ചത്. ആഫ്രിക്കയിൽനിന്നും കൊളോണിയൽ അധിനിവേശ കാലത്ത് ഗോവയിലേക്കുള്ള മനുഷ്യക്കടത്തിന്റെ ഭാഗമായി എത്തപ്പെട്ട സിദ്ധി സമൂഹത്തിന്റെ വംശചരിത്രമാണ് ജയൻ ചെറിയാൻ ദൃശ്യാവിഷ്‍കാരം നടത്തുന്നത്. പത്തുവർഷം നീണ്ട ശ്രമമായി ഗോവൻ കാടുകളിൽ താമസിക്കുന്ന സിദ്ധി സമൂഹത്തോടൊപ്പം ജീവിച്ച് എടുത്ത സിനിമ എല്ലാനിലക്കും ഇന്ത്യൻ സിനിമയിൽ ഓർമയുടെ വംശചരിത്രം രേഖപ്പെടുത്തുന്നു.
പിന്നിട്ട ചരിത്രം സ്ഥൂലമായി അടയാളപ്പെടുത്താൻ ശ്രമിക്കാതെ ഗോത്രസ്മൃതികളുടെ ഈണവും താളവും അതിസൂക്ഷ്മമായി ഒപ്പിയെടുക്കുന്ന ‘ദമാം’ സിദ്ധി സമൂഹത്തിന്റെ ജീവിതം ആദ്യമായി വെള്ളിത്തിരയിൽ എത്തിക്കുന്ന ഒരു മികച്ച രചനയാണ്. തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ ദമാം അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പുറംകാഴ്ചകളും ആഘോഷങ്ങളും അധികാരത്തിന്റെ ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും എത്രതന്നെ മടുപ്പിക്കുന്നതായാലും ഇഫിഗോവ പകരുന്ന പ്രതീക്ഷ കെടുന്നില്ല. എല്ലാം നെറ്റ്ഫ്ലിക്സിൽ കിട്ടുമെങ്കിൽ ഒരു ഫിലിം ഫെസ്റ്റിവൽ അപ്രസക്തമാണ്. അവിടെയാണ് ഫെസ്റ്റിവൽ പ്രീമിയർ എന്നത് ഏതൊരു ഫിലിം ഫെസ്റ്റിവലിന്റെയും പ്രധാന ആകർഷണമായി വരുന്നത്.
101 രാജ്യങ്ങളിൽനിന്ന് 1676 സിനിമകളാണ് ഇഫിഗോവയിലേക്ക് സമർപ്പിക്കപ്പെട്ടത്. 81 രാജ്യങ്ങളിൽനിന്നും 180ലേറെ സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. 16 വേൾഡ് പ്രീമിയർ, 3 അന്താരാഷ്ട്ര പ്രീമിയർ, 43 ഏഷ്യൻ പ്രീമിയർ, 109 ഇന്ത്യൻ പ്രീമിയർ –ഇതിൽ എല്ലാ സിനിമകളും കണ്ട് ഒരു വിലയിരുത്തൽ ആർക്കും സാധ്യമല്ല. ഒരുദിവസം അഞ്ച് സിനിമകൾ െവച്ച് എട്ടു ദിവസം 40 സിനിമകളാണ് കണ്ടത്, അത് പാതിയിലേറെ കണ്ടു മറന്ന സിനിമകളാണ്. കണ്ടുറങ്ങിപ്പോയ സിനിമകളും നിരവധിയാണ്.
ഗോവയിലെ ഐനോക്സിലെ കനത്ത സി.സി.ടി.വി വലയങ്ങൾക്ക് നടുവിൽ, കടുത്ത നിശ്ശബ്ദതയിൽ മാത്രം സിനിമ കാണുന്നവർക്കിടയിൽനിന്നും ഉയരുന്ന കൂർക്കംവലികൾ ഒരുതരം വായനയാണ്. ആ സിനിമ അവരെ സ്പർശിച്ചിട്ടില്ല എന്ന് അത് വിളിച്ചുപറയുന്നു. പല നാടുകളിൽനിന്നും സ്വന്തം കൈയിൽനിന്നും കാശും ചെലവാക്കി ഗോവയിൽ സിനിമ കാണാനെത്തി കൂർക്കം വലിച്ചുറങ്ങുന്നവർ ഉറക്കം വരാത്തവരിൽ ചിരിയും ചിലപ്പോൾ അസ്വാസ്ഥ്യവും ഉയർത്തുമെങ്കിലും എല്ലാ സിനിമകളും എല്ലാവർക്കുമുള്ളതല്ല എന്നതിന്റെ സന്ദേശം അതിൽ വായിക്കാം.
എന്നാൽ, കണ്ണ് മാളിപ്പോകാതെ വെള്ളിത്തിരയിലൂടെ ഏതെല്ലാമോ ജീവിതങ്ങളുടെ മറുകരയിൽ എത്തിപ്പെടുന്ന അനുഭവങ്ങളാണ് ഒരു ഫെസ്റ്റിവലിൽ കിട്ടുന്ന ഏറ്റവും വിലപിടിച്ച അനുഭവം. മസിനഗുഡി വഴി ഊട്ടിയിൽനിന്നായാലും അടുത്ത ഇഫിഗോവക്കായുള്ള കാത്തിരിപ്പ്, കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു. ഭാവി ഇങ്ങനെ ആസൂത്രണംചെയ്യുന്നത് ദൈവത്തെ ചിരിപ്പിച്ചാലും ഇല്ലെങ്കിലും.