Begin typing your search above and press return to search.
proflie-avatar
Login

കടംകൊണ്ട കാഴ്ചകള്‍

കടംകൊണ്ട കാഴ്ചകള്‍
cancel

സിനിമയെന്ന കാഴ്​ചയെയും ചലച്ചിത്രോത്സവം എന്ന ‘ആഘോഷ’ത്തെയും കുറിച്ചുള്ള അനുഭവങ്ങൾ എഴുതുകയാണ്​ സംവിധായകനും നടനുമായ ലേഖകൻ. ഒാരോ സിനിമയും ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. കണ്ട സ്വപ്നങ്ങളില്‍നിന്നും തികച്ചും അയഥാര്‍ഥമായ ഒരവസ്ഥ പലപ്പോഴും വിടാതെ പിന്തുടരാറുണ്ടെന്ന്​ എഴുതുന്നു.ഒരു ചതുരത്തില്‍നിന്നും പുകയുടെ ഒരു നാളം വെളുത്ത തിരശ്ശീലയില്‍ വീഴുമ്പോള്‍ കാണുന്ന ചലിക്കുന്ന ചിത്രങ്ങളാണ് ആദ്യം കാണുന്നത്. അന്നതിനു നിറങ്ങളുണ്ടായിരുന്നില്ല. കറുപ്പും വെളുപ്പും മാത്രം മനസ്സില്‍ നിറഞ്ഞു. സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടാവില്ല എന്ന് കുട്ടിക്കാലത്ത് വലിയവരാരോ പറയുന്നത്...

Your Subscription Supports Independent Journalism

View Plans
സിനിമയെന്ന കാഴ്​ചയെയും ചലച്ചിത്രോത്സവം എന്ന ‘ആഘോഷ’ത്തെയും കുറിച്ചുള്ള അനുഭവങ്ങൾ എഴുതുകയാണ്​ സംവിധായകനും നടനുമായ ലേഖകൻ. ഒാരോ സിനിമയും ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. കണ്ട സ്വപ്നങ്ങളില്‍നിന്നും തികച്ചും അയഥാര്‍ഥമായ ഒരവസ്ഥ പലപ്പോഴും വിടാതെ പിന്തുടരാറുണ്ടെന്ന്​ എഴുതുന്നു.

ഒരു ചതുരത്തില്‍നിന്നും പുകയുടെ ഒരു നാളം വെളുത്ത തിരശ്ശീലയില്‍ വീഴുമ്പോള്‍ കാണുന്ന ചലിക്കുന്ന ചിത്രങ്ങളാണ് ആദ്യം കാണുന്നത്. അന്നതിനു നിറങ്ങളുണ്ടായിരുന്നില്ല. കറുപ്പും വെളുപ്പും മാത്രം മനസ്സില്‍ നിറഞ്ഞു. സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ ഉണ്ടാവില്ല എന്ന് കുട്ടിക്കാലത്ത് വലിയവരാരോ പറയുന്നത് കേട്ടിരുന്നു. അതുകൊണ്ടുതന്നെ തിരശ്ശീലയിലെ ചിത്രങ്ങള്‍ നിറങ്ങള്‍ ഇല്ലാത്തതെന്ന് കരുതി എന്നും അവയൊക്കെ കണ്ട് തീര്‍ത്തു. അന്നതിനു സൗകര്യമുണ്ടായിരുന്നു. അച്ഛന്‍റെ സിനിമ കൊട്ടകയിലെ സിനിമ വരുന്ന ആദ്യപ്രദര്‍ശനം മുതല്‍ രാത്രി തീരുന്നതുവരെ മൂന്നു കളി കാണാന്‍ കഴിഞ്ഞ കാലമായിരുന്നു. മലയാളവും തമിഴും ചിലപ്പോഴൊക്കെ ഹിന്ദിയും കണ്ടുപോന്നു.

അവയൊക്കെ ഒരേ ജീവിതമായിരുന്നു പറഞ്ഞിരുന്നത്. നഗരത്തിലും ഗ്രാമത്തിലും ജീവിക്കുന്നവരുടെ കഥകള്‍ അതിശയോക്തിയുടെ വർണങ്ങള്‍ ചേര്‍ത്ത് നിറമില്ലാതെ പറഞ്ഞു. കുതിരയും മറ്റുമൃഗങ്ങളും മനുഷ്യരും ഒരേപോലെ തിരശ്ശീലയില്‍ ഓടി. തിയറ്ററിലെ ഓപറേറ്ററുടെ മുറിയില്‍ പ്രൊജക്ടറിനരികിലെ ചുവര്‍ചതുരത്തിലൂടെ കണ്ട സിനിമകളില്‍നിന്നും പുറത്തേക്കിറങ്ങിയത് മുതിര്‍ന്നതിനുശേഷം. നിറമില്ലാത്ത തിരശ്ശീലയില്‍നിന്നും ദൃശ്യത്തിന്‍റെ മറ്റൊരു കാഴ്ചയിലേക്കായിരുന്നു അത്.

ചിത്രം വരക്കാന്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍. വരച്ച ചിത്രങ്ങളില്‍ നിറങ്ങള്‍ ഒരുപാടുണ്ട്. ഏഴിനുമപ്പുറം കാഴ്ചയില്‍ വെളിപ്പെടുന്നത് അസാധാരണമായത്. വഴികളും ധാരാളം. നടന്നുതീര്‍ത്തതും ഓടിയലഞ്ഞതുമായത്. അവയിലൊക്കെ കണ്ടതും അനുഭവിച്ചതും അത്ഭുതങ്ങള്‍ തീര്‍ത്ത വിസ്മയം. അച്ഛന്‍റെ കൂടെ അലഞ്ഞ ചിത്രക്കാഴ്ചകളില്‍നിന്നും വിഭിന്നമായ പുതിയ കാഴ്ചകളിലേക്ക് പകര്‍ത്തിയത് അക്ഷരത്തിന്‍റെ ശക്തി പകർന്നുകിട്ടിയപ്പോഴാണ്. സ്വന്തമായ സഞ്ചാരവഴികളില്‍ അതൊക്കെ കണ്ടനുഭവിച്ചുതീര്‍ത്തത് അക്കാലങ്ങളില്‍ കിട്ടിയ സൗഹൃദങ്ങള്‍.

നഗരങ്ങള്‍ മാറിക്കൊണ്ടേയിരുന്നു. ഓരോയിടവും പുതിയതെന്തെങ്കിലും ബാക്കി​െവച്ചു. പാലക്കാടന്‍ ഗ്രാമീണ നഗരത്തിലെ ഹൃദയ തിയറ്ററില്‍നിന്നും കോഴിക്കോട് ക്രൗണ്‍ തിയറ്ററിലേക്ക് മാറിയപ്പോള്‍ സിനിമയും മാറി. ഹോളിവുഡ് മാസ് സിനിമകളിലെ ഹീറോയിസം. നക്ഷത്രയുദ്ധകഥകളും അന്യഗ്രഹജീവികളും വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നതും ദ്വീപില്‍ പെട്ടുപോകുന്ന കൗമാരത്തിന്‍റെ പ്രണയവേഴ്ചകളും മാഡ് മാക്സ് സീരീസും, യുദ്ധവിദഗ്​ധനായ റാംബോയും ബോക്സിങ് ചാമ്പ്യന്‍ റോക്കിയും നിധിവേട്ടക്കായുള്ള സാഹസികയാത്രകളും അക്കാലത്തെ സ്ഥിരം കാഴ്ചകളായി. കുട്ടിക്കാലത്ത് നിറമില്ലാതെ കണ്ട തമിഴ് എം.ജി.ആര്‍, ജയശങ്കര്‍ ചിത്രങ്ങളുടെ വര്‍ണപ്പൊലിമയോടെയുള്ള ആവര്‍ത്തന കഥകള്‍. ആകെയുള്ളത് തമിഴ് മലയാളം സിനിമയില്‍നിന്നും വേറിട്ട പരിപൂർണത മാത്രം. സിനിമകള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

യാത്രയുടെ മറ്റൊരു താവളമാകുന്നത് കൊച്ചിയാണ്. ജോലിയും പഠനവുമായി എത്തിപ്പെട്ട നഗരത്തില്‍ ഏകനായി. പരിചിതമെങ്കിലും അപരിചിതമായത്. കുട്ടിക്കാലത്ത് അച്ഛന്‍ പെങ്ങളുടെ വീട്ടില്‍ വന്ന് താമസിച്ച് ഷേണായീസും ലിറ്റ്ല്‍ ഷേണായീസും പത്മയും ശ്രീധറും മാത്രം കണ്ടു നടന്ന വഴികളിലൂടെ വന്നുചേര്‍ന്ന ആ ദിവസങ്ങളില്‍ വെറുതെ നടന്നു. പ്രധാനപാത വിട്ട് ഇടവഴികളിലേക്ക് നടന്ന ഒരുദിവസമായിരുന്നു കലാപീഠമെന്ന ബോര്‍ഡ് കണ്ടത്.

ദേവന്‍ മാഷും സംഘവും തുടങ്ങിയ ചിത്രകലാവിദ്യാലയമെന്നും അവിടെ കലാധരന്‍ എന്ന ചിത്രകാരന്‍ ഉണ്ടാവുമെന്നും പറഞ്ഞത്, എറണാകുളത്ത് വന്ന നാളില്‍, മുമ്പ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ചെന്നുകാണാറുള്ള ടി.കെ. രാമചന്ദ്രനായിരുന്നു. ടി.കെയെ വീണ്ടും എറണാകുളത്തെ ചിറ്റൂര്‍ റോഡിലെ നിള പബ്ലിക്കേഷന്‍സിന്‍റെ ഓഫിസില്‍​വെച്ച് കണ്ടു. കലാവിമര്‍ശനം മാര്‍ക്സിസ്റ്റ് മാനദണ്ഡം പുസ്തകമിറങ്ങിയ കാലമായിരുന്നു അത്. എന്‍.എസ്. മാധവന്‍റെ ‘ഖസാക്കിലെ സമ്പദ് വ്യവസ്ഥ’യെന്ന ലേഖനവും സച്ചിദാനന്ദന്‍ മാഷിന്‍റെ ‘സൃഷ്ടി സ്വാതന്ത്ര്യം സൗന്ദര്യം: വൈരുധ്യാത്മക നിരൂപണത്തിനു ഒരാമുഖം’ ഒക്കെ ചര്‍ച്ചയായ കാലം. വായനയുടെയും വരകളുടെയും സിനിമകളുടെയും ഒരു ലോകം തൊട്ടടുത്തുണ്ട് എന്ന് ടി.കെ വഴികാട്ടിയായി.

 

ഇടപ്പാത വിട്ടു ചെറിയ ആ ഇടവഴിയിലേക്ക് കയറി. ബദാം മരങ്ങള്‍ തണല്‍ വിരിച്ച ചെത്തിത്തേക്കാത്ത ഒരു ചെറുകെട്ടിടം. മുറ്റത്ത് നിറയെ മനുഷ്യത്തലകള്‍ കല്ലുരൂപങ്ങളായി. പുറത്താരെയും കാണാത്തതുകൊണ്ട് അകത്ത് കയറി. അകത്തും ആരുമില്ല. ചുവരില്‍ ഫ്രെയിം ചെയ്ത ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്നു. അതൊരു എക്സിബിഷന്‍ ഒന്നുമല്ലായിരുന്നു. ചുവരോരത്ത് ഫ്രെയിം ചെയ്ത വലിയ കാന്‍വാസുകള്‍ അടുക്കി​െവച്ചിരുന്നു. പെട്ടെന്ന് ചുവരിലെ ഒരു കര്‍ട്ടന്‍ നീക്കി അകത്തുനിന്നും ഉടുത്തിരുന്ന മുണ്ടുകൊണ്ട് മുഖം തുടച്ച് ഒരാള്‍ കയറിവന്നു. ഒന്ന് ഞെട്ടി. നിറഞ്ഞ ചിരി. അത് കലാധരന്‍ ആയിരുന്നു.

ഒരു വഴി തുറക്കുന്നത് അങ്ങനെയാണ്. ആ ഇടമായിരുന്നു ചിത്രകലയുടെയും സാഹിത്യത്തിന്‍റെയും നവസിനിമയുടെയും വിശാലമായ ദൃശ്യങ്ങള്‍ കാണിച്ചുതന്നത്. പിന്നെയുള്ള എല്ലാ വൈകുന്നേരങ്ങളും കലാപീഠത്തിന്‍റെ മരത്തണലില്‍ പലരെയും കേട്ടു. സ്കൂള്‍ ഒാഫ് ഡ്രാമയിലെ നരിപ്പറ്റ രാജുവും കൂട്ടരും ചെയ്ത ‘ഗോദോയെ കാത്ത്’ എന്ന നാടകം കണ്ടു. മാറിവരുന്ന കാലത്തിന്‍റെ നാടകങ്ങളും കവിതകളും കഥകളും ചിത്രങ്ങളും ആ മരത്തണലിലും ഇരുട്ടിലും അകത്തെ ചുവരിലും പാഠങ്ങളായി. ആ നാളുകളിലൊന്നായിരുന്നു കൊച്ചിന്‍ ഫിലിം സൊസൈറ്റി ആരംഭിക്കുന്നത്. സത്യത്തില്‍ അത് കാഴ്ചയുടെ ആരംഭംതന്നെയായിരുന്നു.

അതുവരെ വായിച്ച കഥകള്‍ നിറഞ്ഞ കാഴ്ചയുടെ തിരശ്ശീല ഉയരുകയായിരുന്നു. അന്നുവരെ കണ്ട സിനിമകളുടേതല്ലാത്ത ഒരു ലോകം കൊച്ചിന്‍ ഫിലിം സൊസൈറ്റി കാണിച്ചുതരാന്‍ തുടങ്ങി. റഷ്യന്‍ ഫ്രഞ്ച് ആഫ്രിക്കന്‍ ലാറ്റിന്‍ അമേരിക്കന്‍ തുടങ്ങിയ മൂന്നാം ലോക രാജ്യ ചിത്രങ്ങള്‍ ആ തിരശ്ശീലയില്‍ നിറഞ്ഞാടി. സിനിമ വെറും ആകാശത്തുകൂടെ പാറിപ്പോകുന്ന കാഴ്ചയല്ലെന്ന് തിരിച്ചറിയുകയായിരുന്നു.

കലൂര്‍ അശോകയിലും വളഞ്ഞമ്പലത്തെ ലക്ഷ്മണിലും ചാവറ കൾചറല്‍ സെന്‍റര്‍ ഹാളിലും എറണാകുളം പബ്ലിക് ലൈബ്രറിയിലും ബര്‍ഗ്മാനും ഫെല്ലിനിയും കുറസോവയും ഐസന്‍സ്റ്റീനും പുഡോവ്കിനും ഹെര്‍സോഗും ആന്ദ്രെവൈദയും ഗൊദാര്‍ദും തര്‍ക്കോവ്സ്കിയും കൊഞ്ചലോവ്സ്കിയും അലക്സാണ്ടര്‍ സുക്രോവും സിനിമയെന്തെന്ന് പറഞ്ഞുതന്നു. സംഭാഷണമില്ലാതെ ചിത്രങ്ങള്‍കൊണ്ടുമാത്രം നിശ്ശബ്ദതക്ക് മീതെ ചിന്തിക്കാന്‍ ശബ്ദമേകി. ഭാഷമാത്രമല്ലാതെയും ദര്‍ശനമേകാമെന്ന് സിനിമ പഠിപ്പിച്ചു.

 

ഏതൊരു കലയും ഒരു അസത്യമാണ്. പക്ഷേ, മഹത്തായ കലകള്‍ ജീവിതത്തിന്‍റെ സത്യമെന്തെന്ന് ആ അസത്യങ്ങള്‍കൊണ്ട് പറഞ്ഞുതരുന്നു. മനുഷ്യനും മരണവും തമ്മിലുള്ള അസാധാരണമായ വേഴ്ചയുടെ അനുഭവമൊരുക്കിയ ‘സെവൻത് സീല്‍’ എന്ന ചിത്രംതന്നെയാണ് ഇന്നും ഭൂലോകത്തിലെ സാധാരണ ജീവിതത്തില്‍ വിളയാടുന്നത്. മനുഷ്യന്‍ കടന്നുപോകുന്ന വഴികളിലെല്ലാം അതനുഭവിപ്പിക്കുകയാണ്. തിരശ്ശീലയില്‍ ഇന്നുവരെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ജീവന്മരണ മത്സരത്തിന്‍റെ അത്ഭുതം നിറഞ്ഞ ആവിഷ്കാരമാണത്. മനുഷ്യനുള്ളിടത്തോളം കാലം ഈ മത്സരം നിലനിൽക്കുകയും ചെയ്യുമെന്ന് ഓര്‍മിപ്പിക്കുന്നതാണത്.

ജീവിക്കുന്ന ജീവിതത്തില്‍ വിശ്വാസത്തോടെ ജീവിക്കുന്നുവെങ്കിലും ദൈവമെന്ന സങ്കൽപത്തോട് സംശയാലുവായിത്തീരുന്ന അന്‍റോണിയസ് ബ്ലോക് തോറ്റാല്‍ കീഴടങ്ങാമെന്ന് വെല്ലുവിളിച്ചുകൊണ്ട് മരണത്തോടൊപ്പം ചതുരംഗം കളിക്കാനിരിക്കുകയും ഒടുവില്‍ മരണമെന്ന ശാശ്വതമായ സത്യം തിരിച്ചറിഞ്ഞാടുകയുംചെയ്യുന്ന ആ അത്ഭുതംതന്നെയാണ് ഇന്നും ജീവിച്ചിരിക്കുന്നവര്‍ നേരിട്ടുകൊണ്ട് ബോധ്യപ്പെടുന്നത്. 67 വര്‍ഷം മുമ്പ് ചെയ്ത ആ സിനിമ ഇന്നും നിറമില്ലാത്ത കറുപ്പിലും വെളുപ്പിലും കാണുമ്പോഴും അനുഭവിക്കുന്ന ഒരാന്തലുണ്ട്. അതൊരിക്കലും അവസാനിക്കുകയില്ല. ഇനിയുള്ള കാഴ്ചകള്‍ കണ്ടുതീരാന്‍ വേണ്ടി യാത്രചെയ്തുകൊണ്ടേയിരിക്കുന്നു. ഒരിക്കലും കാഴ്ചകള്‍ അവസാനിക്കുകയില്ലെന്ന് ഓര്‍ത്തുകൊണ്ട് കാണുന്ന കണ്ണുകള്‍ അടഞ്ഞുപോകുന്നു. അതൊരു ജീവിതത്തിന്‍റെ അവസാനവുമാകുന്നു.

ഒാരോ സിനിമയും ഒന്നില്‍നിന്നും മറ്റൊന്നിലേക്കുള്ള തുടര്‍ച്ചയാണ്. കണ്ട സ്വപ്നങ്ങളില്‍നിന്നും തികച്ചും അയഥാര്‍ഥമായ ഒരവസ്ഥ പലപ്പോഴും വിടാതെ പിന്തുടരാറുണ്ട്. സ്വപ്നങ്ങള്‍ മനസ്സിന്‍റെ അടരുകളില്‍ തങ്ങിനിൽക്കുകയും ചിലപ്പോഴൊക്കെ അത് യഥാര്‍ഥമാണെന്ന് തോന്നിപ്പിച്ചുകൊണ്ട് വെളിപ്പെടുകയും ചെയ്യുന്നുണ്ടാവും. മനുഷ്യനും പ്രകൃതിയും അതിനകത്തെ ഭീകരമായ ദൃശ്യങ്ങളുമായി അതിനോടൊന്നും പൊരുത്തപ്പെട്ടുപോകാനാവാതെ നിരന്തരം അടരാടുന്ന അസാമാന്യ പ്രതിഭകള്‍. ജീവിതത്തില്‍നിന്നും കണ്ടെടുക്കുന്ന അത്ഭുത കഥാപാത്രങ്ങളുമായി ഇപ്പോഴും വിടാതെ നീണ്ടുപോകുന്ന ഷോട്ടുകള്‍ സിനിമയെന്ന മാധ്യമത്തെ ഭ്രമിപ്പിക്കുന്ന ഒരു ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിന്‍റെ ചിത്രങ്ങള്‍ അഗ്വരൈയുടെ അടയാളപ്പെടുത്താത്ത ഭൂമിയിലൂടെയുള്ള കഠിനമായ സഞ്ചാരവും പെറുവിലെ കാടുകളിലെ ഒരു പർവതത്തിനു മുകളിലേക്ക് ആവിക്കപ്പല്‍ കടത്താന്‍ ശ്രമിക്കുന്ന അതിശയമാര്‍ന്ന ഒരു കഥ.

 

ഇതൊരിക്കലും വിശ്വസിക്കാനാവാത്തത്, എന്നാല്‍ ഹെര്‍സോഗിന്‍റെ നിഘണ്ടുവില്‍ അവിശ്വസനീയം എന്ന വാക്കില്ലാത്തതുകൊണ്ട് യാഥാര്‍ഥ്യമാക്കിയ ‘ഫിറ്റ്സ്കരാല്‍ഡോ’ എന്ന ചിത്രവും ഒരു സിനിമയെങ്ങനെ നിര്‍മിക്കാമെന്ന ഭ്രാന്തന്‍ചിന്തക്ക് ഉദാഹരണമായി ഇന്നുമുണ്ട്. വന്യമായ പ്രകൃതിയും ആഞ്ഞടിക്കുന്ന കടൽത്തിരകളും ആര്‍ത്തലച്ചൊഴുകിവരുന്ന ബോട്ടുകളും പ്രകൃതിയെ ചൊൽപ്പടിയിലാക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ ക്രോധവും ചരിത്രത്തെ അടക്കിഭരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍റെ കഥയാവുന്നു. ഈ സിനിമകളൊക്കെതന്നെയാണ് ചലച്ചിത്രമെന്ന വിസ്മയത്തെ വരുതിയിലാക്കാന്‍ ശ്രമിക്കാനുള്ള പ്രേരണയായത്.

ചലച്ചിത്രങ്ങള്‍ സ്വപ്നം കാണാനുള്ള ഒരുപാധിയായിരുന്നു. വായിച്ച പുസ്തകങ്ങളില്‍നിന്നും കണ്ടെടുത്ത നിമിഷങ്ങള്‍ നിറമാര്‍ന്ന കാഴ്ചയായി മാറുന്നത് ആ സ്വപ്നങ്ങളിലായിരുന്നു. കൊച്ചിന്‍ ഫിലിം സൊസൈറ്റിയില്‍ ദിനേശനും തങ്കച്ചനും ജോര്‍ജും ചേര്‍ന്ന് പുതിയതെന്തെങ്കിലും കണ്ടെത്തുമെന്നന്വേഷിക്കുവാന്‍ കൂട്ടിരുന്നു. കണ്ടുകഴിഞ്ഞ് പറഞ്ഞതൊക്കെ ചിലപ്പോള്‍ തൊട്ടടുത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. പാലാരിവട്ടത്തെ പാടങ്ങളിലും തെങ്ങിന്‍ത്തോപ്പിലും മട്ടാഞ്ചേരിയിലെ ഇടവഴികളും ഇപ്പോഴും ബാക്കിപോലെ കിടക്കുന്ന പ്രാചീനമായ സ്മരണകളും അതിനകത്തുള്ള വ്യത്യസ്ത ദേശങ്ങളുടെ ചരിത്രവും പള്ളുരുത്തിയിലെ അമ്പലമൈതാനവും ശ്രീനാരായണഗുരു മന്ദിരവും സിനിമയില്‍ അതുവരെ കണ്ടിട്ടില്ലാത്ത എന്തെങ്കിലും മികച്ചത് നിര്‍മിക്കാന്‍ കൂട്ടിരുന്നു.

ദിനേശന്‍റെ ബാങ്കിനു മുന്നിലെ കാത്തിരിപ്പിലും കാരിക്കാമുറി ഷാപ്പിലെ മരബെഞ്ചിലും, ചിത്രകാരന്‍ ചിക്കുവിന്‍റെ വീട്ടിലെ കാര്‍ ഷെഡിലും കലാപീഠത്തിലെ ആളൊഴിഞ്ഞ വൈകുന്നേരങ്ങളിലും കൊച്ചിയുടെ വ്യത്യസ്തമായ ജീവിതത്തിന്‍റെ കഥകള്‍ പറഞ്ഞുകേട്ടു തുടങ്ങി. ഓരോ അനുഭവവും പറയുമ്പോള്‍ അത് ദേശാഭാഷാന്തരങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങണമെന്ന ചിന്തകളായിരുന്നു നയിച്ചത്. അക്ഷരങ്ങളുടെ അച്ചുപെറുക്കി​െവച്ചുണ്ടാക്കിയ പേജുകള്‍ അച്ചടിക്കുന്ന ഒരു പ്രിന്‍ററുടെ അച്ചുകൂടത്തില്‍നിന്നും ഒരക്ഷരം കാണാതെയാവുകയും അതില്ലാതെ ആയപ്പോള്‍ ഭാഷ നഷ്ടപ്പെടുകയുംചെയ്യുന്ന അയാളുടെ വേവലാതിയും പ്രശ്നങ്ങളും ഒരു ഷോര്‍ട്ട് ഫിലിം ആക്കുന്നതിന്‍റെ പ്രാരംഭജോലികള്‍ പൂര്‍ത്തിയാക്കി.

അധികം ആലോചിക്കുകയും അമിതമായി സിനിമ കാണുകയും ചെയ്യുന്നതുകൊണ്ടുതന്നെയാവും ആ കഥയും അതിനെഴുതിയ തിരക്കഥയും പലയാവര്‍ത്തി വായിച്ച് ഇതെന്തിനു സിനിമയാക്കുന്നു എന്ന ചോദ്യവുമായി കാരിക്കാമുറിയിലെ മരബെഞ്ചില്‍ സിനിമയവസാനിപ്പിച്ചു. കഥക്ക് പിന്നില്‍ കഥകളുണ്ടാവുന്നത് മറ്റൊരാളോട് സംവദിക്കാനാണ്. മനുഷ്യമനസ്സിലെ ഭയവും കൂട്ടിലടക്കപ്പെട്ടതുപോലെയുള്ള ജീവിതാകുലതകളും ഒരിക്കലും അവസാനിക്കാത്ത ജിജ്ഞാസയും അനാവരണം ചെയ്യാനാവാത്ത അന്യവത്കരണവും ദൃശ്യത്തിന്‍റെ അനന്തമായ ആകാശം കാണിച്ചുതരുന്നു. ഒരു സ്രഷ്ടാവിന്‍റെ വ്യക്തിത്വത്തിനപ്പുറത്തേക്ക് അതിന്‍റേതായ ജീവിതം അടയാളപ്പെടുത്തുന്ന പൂർണമായ ഒരു കലാരൂപം, അതിനുവേണ്ടിയുള്ള പ്രയാണമാണ് സിനിമ.

1986ല്‍ കൊച്ചിയിലെ ഗാനം റസ്റ്റാറന്‍റില്‍ ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങിയതിന്‍റെ ഉദ്ഘാടന വാര്‍ത്ത ടെലിവിഷനില്‍ കാണുന്നത്. ലോകത്തിലെ ഏറ്റവും പുതിയ സിനിമകള്‍ കാണാന്‍ ഒരവസരം എന്ന് കരുതി കടം വാങ്ങിയ കാശുമായി ആ രാത്രിതന്നെ തിരുവനന്തപുരത്തേക്ക് ബസു കയറി. ഐ.എഫ്.എഫ.ഐ അന്ന് ഓരോവർഷവും വ്യത്യസ്ഥ ഇന്ത്യൻ നഗരങ്ങളിലാണ് സംഘടിപ്പിച്ചിരുന്നത്. ആ വര്‍ഷം അത് തിരുവനന്തപുരത്തായിരുന്നു. പിന്നീട് 1994ല്‍ കേരളത്തിനുമാത്രമായി ഒരു ചലച്ചിത്രോത്സവം കോഴിക്കോട് തുടങ്ങി. ഇന്നത് 29ാമത്തെ ചലച്ചിത്രോത്സവമാകുന്നു. 86 മുതല്‍ ഇന്നിതുവരെ ആ സിനിമകളുടെ ഒപ്പം യാത്ര ചെയ്യുന്നുണ്ട്. ചലച്ചിത്രോത്സവത്തിലെ കാഴ്ചക്കാരനില്‍നിന്നും സംഘാടക സമിതിയിലേക്കുള്ള സഞ്ചാരം.

അന്ന് നഗരത്തിലെ തിയറ്ററുകളില്‍നിന്നും ടിക്കറ്റെടുത്തായിരുന്നു ആ സിനിമകളൊക്കെ കണ്ടത്. ഏറിയാല്‍ മൂന്നു സിനിമക്കപ്പുറം കാണാന്‍ കഴിയാത്തത്. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള യാത്രയും കഴിപ്പും കാഴ്ചക്കാരുടെയിടയിലെ പരിചിതമുഖങ്ങളോട് സംസാരിച്ച് കഴിഞ്ഞ് തിരിച്ചുകയറുമ്പോള്‍ അതൊരോട്ടമാകും. കുട്ടിക്കാലത്ത് അച്ഛന്‍റെ കൊട്ടകയില്‍ ഒരുദിവസം മൂന്നു ഷോ കണ്ടുപോയത് ഒരുതരത്തില്‍ എന്‍റെ സിനിമ ഫെസ്റ്റിവലിന്‍റെ മുന്നൊരുക്കമായി ഞാനിന്നു കാണുന്നു. അന്നത് ഒരു സിനിമ മാത്രമായിരുന്നു. ഇന്നത് വ്യത്യസ്തമായ നാലു സിനിമകളിലേക്ക് മാറിയിരിക്കുന്നു. ഒരു മടുപ്പുമില്ലാതെ ലഹരിയേകുന്ന ദൃശ്യങ്ങളുടെ കുത്തൊഴുക്ക്. അതിലൊരിക്കലും തട്ടും തടവുമില്ലാതെ ഒഴുകാന്‍ കഴിയുന്നു. ഒരു ചലച്ചിത്രകാരന്‍ പിറവിയെടുക്കാന്‍ കാണുന്ന ഈ ചലച്ചിത്രങ്ങള്‍ ധാരാളം എന്ന് ഇന്നത്തെ തലമുറ അടയാളപ്പെടുത്തുന്നു.

 

മധുപാൽ

2008ലും 2012ലും കേരളത്തിലെ ചലച്ചിത്രോത്സവത്തില്‍ രണ്ട് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത് ഒരു ചലച്ചിത്രകാരന്‍ ആ മാധ്യമത്തെ അറിഞ്ഞതിന്‍റെ പ്രതിഫലനംതന്നെയാവും എന്നുതന്നെയാണ് വിശ്വസിക്കുന്നത്. ‘തലപ്പാവും’ ‘ഒഴിമുറി’യും പിന്നെയും പല ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തു. എങ്കിലും സ്വന്തം നാട്ടിലെ ഒരുത്സവത്തിന്‍റെ ഭാഗമാകുമ്പോഴാണ്, അല്ലെങ്കില്‍ അവിടത്തെ പ്രേക്ഷകരില്‍നിന്നും ലഭിക്കുന്ന ആശംസകളാണ് മുന്നോട്ട് നയിക്കുന്നത്.

സിനിമയുടെ പ്രവര്‍ത്തനങ്ങളുമായി സഞ്ചരിച്ച കാലത്തും ഡിസംബര്‍ ആവുമ്പോഴേക്കും അറിയാതെ മനസ്സൊരുക്കുന്നത് ചലച്ചിത്രോത്സവത്തിന്‍റെ ആള്‍ത്തിരക്കിലേക്കാണ്. മുമ്പുണ്ടായിരുന്ന കൂട്ടംകൂടിയുള്ള സിനിമക്കാഴ്ചകളില്‍നിന്നും തിരിച്ചറിഞ്ഞത് സിനിമ കാണണമെങ്കില്‍, അതും അവനവനിഷ്ടപ്പെട്ടത്, ഒറ്റക്കാവുന്നതാണ് നല്ലത് എന്നാണ്. കൂടെയുള്ളവരുടെ താൽപര്യങ്ങളും ഇഷ്ടങ്ങളും നോക്കിയിരുന്നാല്‍ സ്വന്തം ആഗ്രഹങ്ങള്‍ക്ക് പിന്നീട് വേറെ വഴി കാണേണ്ടിവരും. ഇന്നത് അത്ര പ്രശ്നമുള്ള കാര്യമല്ല. ചെറു സ്ക്രീനുകളില്‍ ഇത് കാണാന്‍ സാധിച്ചേക്കും. സിനിമ നിര്‍മിക്കുന്നത് വലിയ തിരശ്ശീലയില്‍ അതിന്‍റെ മുഴുവന്‍ വലുപ്പവും കാണിക്കാന്‍ വേണ്ടിയാണെന്ന ബോധമുള്ളതുകൊണ്ടുതന്നെ ചലച്ചിത്ര പ്രദര്‍ശനശാലകളാണ് അവസാന ലക്ഷ്യം.

News Summary - weekly culture film and theatre