എം.ടിയിൽനിന്ന് ഏറ്റുവാങ്ങിയ നാലുകെട്ടുകൾ
മലയാള സിനിമയിൽ എങ്ങനെയാണ് നാലുകെട്ടുകൾ ഇടംപിടിക്കുന്നത്? സിനിമകളിൽ എങ്ങനെയൊക്കെയാണ് നാലുകെട്ടുകൾ ആവിഷ്കരിക്കപ്പെട്ടത്? ആ നാലുകെട്ടുകൾ പിന്നീട് എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനം. കഴിഞ്ഞ ലക്കം തുടർച്ചനാലുകെട്ടുകളെ സിനിമകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതും വാണിജ്യവിജയത്തിന്റെ സൂത്രവാക്യമായി ഉറപ്പിച്ചതും എം.ടിയാെണന്നു പറഞ്ഞു. തൊള്ളായിരത്തി എഴുപതുകൾ പിന്നിടുന്നതോടെ നാലുകെട്ടുകളുടെ ഈ ചലച്ചിത്രസാധ്യത നിരവധി...
Your Subscription Supports Independent Journalism
View Plansമലയാള സിനിമയിൽ എങ്ങനെയാണ് നാലുകെട്ടുകൾ ഇടംപിടിക്കുന്നത്? സിനിമകളിൽ എങ്ങനെയൊക്കെയാണ് നാലുകെട്ടുകൾ ആവിഷ്കരിക്കപ്പെട്ടത്? ആ നാലുകെട്ടുകൾ പിന്നീട് എങ്ങനെയൊക്കെ മാറിത്തീർന്നു? -പഠനം. കഴിഞ്ഞ ലക്കം തുടർച്ച
നാലുകെട്ടുകളെ സിനിമകളുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചതും വാണിജ്യവിജയത്തിന്റെ സൂത്രവാക്യമായി ഉറപ്പിച്ചതും എം.ടിയാെണന്നു പറഞ്ഞു. തൊള്ളായിരത്തി എഴുപതുകൾ പിന്നിടുന്നതോടെ നാലുകെട്ടുകളുടെ ഈ ചലച്ചിത്രസാധ്യത നിരവധി പേർ ഏറ്റെടുക്കുകയും അതുവഴി വലിയ ഹിറ്റുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. തോപ്പിൽ ഭാസി, മാടമ്പ് കുഞ്ഞുകുട്ടൻ, ലോഹിതദാസ്, രഘുനാഥ് പലേരി, ഷിബു ചക്രവർത്തി, രഞ്ജിത്ത്, പി. ബാലചന്ദ്രൻ, കലൂർ ഡെന്നിസ്, ബി. ഉണ്ണികൃഷ്ണൻ തുടങ്ങി പല തിരക്കഥാകൃത്തുക്കളും മുഖ്യധാരാ സിനിമയെ നാലുകെട്ടുകളുടെ പരിസരത്തുതന്നെ പിടിച്ചുനിർത്തുന്നതിൽ വലിയ യജ്ഞങ്ങൾ നടത്തുകയുണ്ടായി.
ശങ്കരൻ നായർ, സുരേഷ് ഉണ്ണിത്താൻ, ജയരാജ്, ഷാജി കൈലാസ്, ഐ. വി. ശശി, യൂസഫലി കേച്ചേരി, കെ.ആർ. മോഹനൻ, ടി.കെ. രാജീവ് കുമാർ, രാജസേനൻ, രഞ്ജിത്ത് തുടങ്ങി നിരവധി സംവിധായകർ ആ തിരക്കഥകളിൽനിന്ന് സൂപ്പർഹിറ്റുകൾ ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ട് ഈ രീതി ഒരുശീലംപോലെ വളരെക്കാലം കൊണ്ടുനടന്നിട്ടുണ്ട്.
മുഖ്യധാരാ സിനിമകളിൽ മാത്രമല്ല, സമാന്തര സിനിമകളിലും (കലാസിനിമകൾ) നാലുകെട്ടുകൾ ലൊക്കേഷനായും ജീവിതസംസ്കാരമായും ഇക്കാലത്ത് സജീവത നേടുന്നുണ്ട്. അടൂരിന്റെ ‘എലിപ്പത്തായ’വും ഷാജി എൻ. കരുണിന്റെ ‘പിറവി’, ‘വാനപ്രസ്ഥം’ എന്നീ സിനിമകളും അരവിന്ദന്റെ ‘വാസ്തുഹാര’യും ശ്യാമപ്രസാദിന്റെ ‘അഗ്നിസാക്ഷി’യും എം.പി. സുകുമാരൻ നായരുടെ ‘കഴക’വും ടി.വി. ചന്ദന്റെ ‘പൊന്തൻമാട’യുമൊക്കെ ഇതിന്റെ മാതൃകകളാണ്.
തൊള്ളായിരത്തി അറുപതുകളിൽ എം.ടിയാണ് നാലുകെട്ടു സിനിമകളെ ഒരു സവിശേഷ ചലച്ചിത്ര ജനുസ്സാക്കി സ്ഥാനപ്പെടുത്തിയതെങ്കിലും അതേ അറുപതുകളിൽത്തന്നെ ഒരു പ്രവണത എന്ന നിലയിൽ പല സിനിമാക്കാരെയും അത് വശീകരിക്കാൻ തുടങ്ങുന്നുണ്ട്. അത്തരം പ്രമേയങ്ങൾ പ്രത്യേകതാൽപര്യത്തോടെ സ്വീകരിച്ച ചലച്ചിത്രകാരനാണ് തോപ്പിൽ ഭാസി. കമ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണം മുഖമുദ്രയാക്കി നാടകത്തിലേക്കും പിന്നീട് സിനിമയിലേക്കും വന്നെത്തിയ തോപ്പിൽ ഭാസി സാമൂഹിക പരിണാമത്തിന്റെ ഒരു പ്രവൃത്തിസ്ഥാനം എന്ന നിലയിൽ ചില സിനിമകളിൽ നാലുകെട്ടുകളിലെ ജീവിതങ്ങളും തറവാടിത്തത്തിന്റെ സംഘർഷങ്ങളും വിഷയമാക്കിയിട്ടുണ്ട്.
കൂട്ടുകുടുംബം എന്ന സിനിമയെ ഇതിന്റെ ഒരു മാതൃകാരൂപമായി പരിഗണിക്കാവുന്നതാണ്. നാലുകെട്ടിന്റെ പശ്ചാത്തലമുള്ള ഒരു തറവാടിന്റെ കഥയാണ് സേതുമാധവൻ സംവിധാനം ചെയ്ത ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇലഞ്ഞിക്കൽ രാമക്കുറുപ്പ് എന്ന നാട്ടുപ്രഭുവിന് രണ്ട് ആൺമക്കളുണ്ട്. പുരോഗമന കാഴ്ചപ്പാടുകൾ പുലർത്തുന്ന മൂത്തമകൻ ദരിദ്രയായ അവർണസ്ത്രീയെ പരിണയിക്കുന്നു. അതിന്റെ പേരിൽ അച്ഛൻ മകനെ തറവാട്ടിൽനിന്നു പുറത്താക്കുന്നു. കാലാന്തരത്തിൽ തറവാടിത്തമൊക്കെ ക്ഷയിച്ച് അയാൾ ജീവിക്കാൻ ഗതിയില്ലാത്ത സ്ഥിതിയിലെത്തുന്നു.
സാമ്പത്തികപരാധീനത മറികടക്കാൻ അയാളുടെ മകൾക്ക് നാടകനടിയുടെ വേഷം കെട്ടേണ്ടിവരുകയും അതോടെ അവളെ വിവാഹം കഴിക്കാനിരുന്ന യുവാവ് അവളെ കൈയൊഴിയുകയും ചെയ്യുന്നു. തറവാടിത്തം തകർന്നടിയുന്നതോടെ മാറുന്ന സമൂഹത്തിന്റെ ചലനങ്ങൾക്കൊപ്പം പങ്കുചേരാൻ രാമക്കുറുപ്പും നിർബന്ധിതനാകുന്നു. അവർണസ്ത്രീയെ വിവാഹം കഴിച്ച മകനെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഒരു പുതിയ സമൂഹനിർമിതിയിൽ അയാളും പങ്കുചേരുന്നു.
നാലുകെട്ടുകളെ എം.ടിയെപ്പോലെ കാൽപനികവത്കരിക്കാനല്ല സാമൂഹിക പരിണാമത്തിന്റെ മൂർത്തമായ ഒരിടം എന്ന നിലയിൽ യാഥാർഥ്യവത്കരിക്കാനാണ് തോപ്പിൽഭാസി ശ്രമിച്ചത്. സിനിമ എന്ന നിലയിൽ അന്ന് അതും വാണിജ്യമൂല്യമുള്ള ഒരു വിഷയമായിരുന്നു. തോപ്പിൽഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആഭിജാത്യം’ എന്ന സിനിമയും ഇതിനു സമാനമായ സന്ദേശം ഉൾക്കൊള്ളുന്നു. ശങ്കരൻ നായർ സംവിധാനം ചെയ്ത തമ്പുരാട്ടിയും നാലുകെട്ടിന്റെ പശ്ചാത്തലമുള്ള ഒരു സിനിമയാണ്.
നാലുകെട്ടുകളും കോവിലകങ്ങളും മറ്റും ഉൾപ്പെടുന്ന അനുഭവ-ഭാവനാലോകങ്ങളെ സിനിമയുടെ വാണിജ്യവിജയതത്ത്വമായി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെ ആവേശപൂർവം സഞ്ചരിച്ച ചലച്ചിത്രകാരന്മാരാണ് ലോഹിതദാസും സിബി മലയിലും. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ തയാറാക്കിയ നിരവധി നാലുകെട്ടു സിനിമകളുണ്ട്. ‘തനിയാവർത്തന’ത്തിലാണ് ഇതിന്റെ തുടക്കം (1987).
‘ഹിസ് ഹൈനസ് അബ്ദുള്ള’ (1990) ‘ഭരതം’ (1991) ‘കമലദളം’ (1992) തുടങ്ങിയവ ഇത്തരത്തിൽ നാലുകെട്ടുജീവിതങ്ങളെ കാൽപനികവത്കരിച്ച് വാണിജ്യവിജയം നേടിയ സിനിമകളാണ്. സിബി മലയിലിനുവേണ്ടി മാത്രമല്ല പല സംവിധായകർക്കുവേണ്ടിയും ലോഹിതദാസ് നാലുകെട്ടുപ്രമേയങ്ങൾ എഴുതിയിട്ടുണ്ട്. സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ‘ജാതക’ത്തിലും (1989) കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത ‘വാത്സല്യ’ത്തിലും ജോസ് തോമസ് സംവിധാനം ചെയ്ത ‘സാദര’ത്തിലും ലോഹിതദാസ് തന്നെ സംവിധാനം ചെയ്ത ‘കാരുണ്യ’ത്തിലും നാലുകെട്ടോ സമാനമായ ഗാർഹികവ്യവസ്ഥയോ കഥക്കും ജീവിതത്തിനും ആധാരമായി നിൽക്കുന്നു.
എം.ടിയിൽനിന്നുള്ള ഒരു തുടർച്ചയായാണ് നാലുകെട്ട് ജീവിതങ്ങൾ ലോഹിതദാസിന്റെ സിനിമയിലേക്ക് എത്തിയത്. പിന്നണിപ്രവർത്തകരുടെ പേരു ശ്രദ്ധിക്കാതെ സിനിമ കാണുന്നവർക്ക് ‘തനിയാവർത്തനം’ എം.ടിയുടെ രചനയാെണന്ന് സംശയം തോന്നിപ്പോകും. ആഖ്യാനത്തിലും ദൃശ്യഭാഷയിലും അത്രമേൽ എം.ടിയുടെ ശൈലി പ്രകടമാകുന്ന ഒരു സിനിമയായിരുന്നു ‘തനിയാവർത്തനം’. ഓരോ തലമുറയിലും ആചാരംപോലെ ഒരു ഭ്രാന്തനെ നിർമിച്ചെടുക്കുന്ന ഗാർഹികവ്യവസ്ഥയുടെ കേന്ദ്രമായാണ് നാലുകെട്ട് ഈ സിനിമയിൽ പ്രവർത്തിക്കുന്നത്.
നാലുകെട്ടുസംസ്കാരത്തിൽ അല്ലെങ്കിൽ പാരമ്പര്യ ബദ്ധമായ ജീവിതശീലങ്ങളിൽ ആഴ്ന്നുപോയവരിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും എങ്ങനെ സൂക്ഷ്മമായി പ്രവർത്തിക്കുന്നു എന്ന് ഈ സിനിമ കാണിച്ചുതരുന്നുണ്ട്.
ഭ്രാന്തനെ സൃഷ്ടിക്കുന്ന പാരമ്പര്യവ്യവസ്ഥ എന്ന നിലയിലാണ് ‘തനിയാവർത്തന’ത്തിൽ നാലുകെട്ടുകൾ സംഗതമാവുന്നതെങ്കിൽ സമാനമായ ചില വിശ്വാസങ്ങൾ കുടുംബബന്ധങ്ങളിൽ എങ്ങനെ ഇടപെടുന്നു എന്നു കാണിച്ചുതരുന്നു ‘ജാതകം’ എന്ന സിനിമ (1989), സംവിധാനം സുരേഷ് ഉണ്ണിത്താൻ. സംഗീതവും സവർണജീവിതവും തമ്മിലുള്ള ഒരുതരം ഭാവനാത്മക ബന്ധത്തെ ആദർശവത്കരിക്കുന്ന സിനിമയാണ് ‘ഭരതം’ (1991). ‘ഹിസ് ഹൈനസ് അബ്ദുള്ള’ ഒരു കൊട്ടാരത്തിന്റെ പ്രഭാവലയത്തിൽ നടക്കുന്ന കഥയാണെങ്കിലും അതിന്റെ പശ്ചാത്തലത്തിലുടനീളം നാലുകെട്ടുജീവിതത്തിന്റെ അടയാളങ്ങൾ കാണാം.
എം.ടിയുടെ സിനിമകളിൽ നമ്മൾ കൂടുതൽ കാണുന്നത് ക്ഷയിച്ചതോ ക്ഷയോന്മുഖമോ ആയ നാലുകെട്ടുകൾ ആയിരുന്നെങ്കിൽ ലോഹിതദാസിന്റെ തിരക്കഥകളിൽ കാണാനാവുക സാമ്പത്തികക്ലേശം ഒരു പ്രശ്നമല്ലാത്ത മധ്യവർഗ കുടുംബങ്ങളുടെയോ അവരുടെ ജീവിതപരിസരങ്ങളുടെയോ ചില സംഘർഷങ്ങളാണ്.
ഇല്ലായ്മയുടെ ക്ലേശങ്ങളെക്കാൾ സ്നേഹബന്ധങ്ങളിലെയും മനുഷ്യബന്ധങ്ങളിലെയും വിള്ളലുകളിലാണ് ലോഹിതദാസ് കൂടുതൽ ശ്രദ്ധിക്കുന്നത്. പലതരം മനുഷ്യബന്ധങ്ങൾക്കും അതിന്റെ ഫലമായ പലതരം വൈകാരികവിനിമയങ്ങൾക്കും അവസരമുണ്ടെന്നത് നാലുകെട്ടിന്റെ ആവാസവ്യവസ്ഥയിലേക്ക് നോക്കാൻ ലോഹിതദാസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. ക്ഷയിച്ച തറവാടാണ് ‘തനിയാവർത്തന’ത്തിന്റെ പശ്ചാത്തലമെങ്കിലും അതിന്റെ സാമ്പത്തികവശത്തിന് സിനിമയിൽ പ്രാധാന്യമില്ല.
എം.ടിയുടെ സിനിമകളിലെന്ന പോലെ നാലുകെട്ടിന്റേതായ മുദ്രകൾ ലോഹിതദാസിന്റെ സിനിമകളിലും സമൃദ്ധമായി കടന്നുവരുന്നുണ്ട്. വലിയ തൂണുകളും പൂമുഖങ്ങളും ഉള്ള നാലുകെട്ടുകളും എട്ടുകെട്ടുകളും ആ സിനിമകളിലുണ്ട്. മരക്കോവണിയും കുളവും കുളപ്പുരയും ഒക്കെ ‘തനിയാവർത്തന’ത്തിലും ‘ജാതക’ത്തിലും ഒരേരീതിയിൽ തന്നെ പ്രത്യക്ഷപ്പെടുന്നു. കിണ്ടിയും നിലവിളക്കും ഓട്ടുപാത്രങ്ങളുമൊക്കെ നാലുകെട്ടുകളുടെ ചിഹ്നവ്യവസ്ഥയുടെ തുടർച്ചയായി ഈ സിനിമകളിലുമുണ്ട്.
തൊള്ളായിരത്തി തൊണ്ണൂറുകളിലാണ് സിനിമകളിലെ ഈ നാലുകെട്ടു സംസ്കാരം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നത്. സൂപ്പർഹിറ്റുകൾ ആവശ്യമെങ്കിൽ അത് നാലുകെട്ടിന്റെയോ എട്ടുകെട്ടിന്റെയോ പശ്ചാത്തലത്തിൽത്തന്നെ വേണമെന്ന അതിശക്തമായ ബോധം അക്കാലത്തെ സിനിമകളിൽ പ്രകടമായിരുന്നു. ഒരു ഭാഗത്ത് മിമിക്രി സിനിമകൾ ലോ ബജറ്റിലൊതുങ്ങി ജനപ്രിയത നേടി സിനിമാതിയറ്ററുകളെ ആവേശഭരിതമാക്കിക്കൊണ്ടിരുന്ന കാലത്തുതന്നെ ബിഗ് ബജറ്റുകളിൽ നാലുകെട്ടു സിനിമകളും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടിരുന്നു.
1992 മുതലുള്ള ആറേഴു വർഷങ്ങൾക്കിടയിൽ ഈ നിലയിലുള്ള സിനിമകളുടെ പ്രവാഹംതന്നെ മലയാളത്തിൽ ഉണ്ടാവുന്നുണ്ട്. ‘കുടുംബസമേതം’ (ജയരാജ് -1992), ‘സർഗം’ (ഹരിഹരൻ -1992), ‘കമലദളം’ (സിബി മലയിൽ -1992), ‘പൈതൃകം’ (ജയരാജ് -1993), ‘ദേവാസുരം’ (ഐ.വി. ശശി -1993), ‘മണിച്ചിത്രത്താഴ്’ (ഫാസിൽ -1993), മേലേപറമ്പിൽ ആൺവീട് (രാജസേനൻ -1993), ‘പൊന്തൻമാട’ (ടി.വി. ചന്ദ്രൻ -1993), ‘മായാമയൂരം’ (സിബി മലയിൽ -1993), ‘പവിത്രം’ (ടി.കെ. രാജീവ്കുമാർ -1994), ‘സുദിനം’ (നിസ്സാർ -1994), ‘സുകൃതം’ (ഹരികുമാർ -1994), ‘നന്ദിനി ഓപ്പോൾ’ (മോഹൻ കുപ്ലേരി -1994), ‘മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത‘ (സുരേഷ് വിനു -1995), ‘സിന്ദൂരരേഖ’ (സിബി മലയിൽ -1995), ‘മംഗല്യസൂത്രം’ (സാജൻ -1995), ‘കഴകം’ (എം.പി. സുകുമാരൻ നായർ -1996), ‘ആറാം തമ്പുരാൻ’ (ഷാജി കൈലാസ് -1997), ‘കാരുണ്യം’ (ലോഹിതദാസ് -1997), ‘കഥാനായകൻ’ ( രാജസേനൻ -1997), ‘എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്’ (ഹരിഹരൻ -1998), ‘അഗ്നിസാക്ഷി’ (ശ്യാമപ്രസാദ് -1999), ‘വാനപ്രസ്ഥം’ (ഷാജി എൻ. കരുൺ -1999) തുടങ്ങി എത്രയോ ചിത്രങ്ങൾ നാലുകെട്ടിന്റെ പശ്ചാത്തലത്തിൽ ഇക്കാലത്ത് മലയാളത്തിൽ ഉണ്ടാവുന്നുണ്ട്.
ഇതേ കാലയളവിൽത്തന്നെയാണ് എം.ടിയുടെ ‘നാലുകെട്ട്’ എന്ന നോവൽ അദ്ദേഹത്തിന്റെതന്നെ സംവിധാനത്തിൽ ടെലിസീരിയലായി ദൂരദർശൻ സംപ്രേഷണം ചെയ്യുന്നത് (1995). നാലുകെട്ടു സിനിമകളുടെ ഒരു പൂക്കാലംതന്നെയായിരുന്നു തൊണ്ണൂറുകൾ. തൊണ്ണൂറുകൾ കടക്കുന്നതോടെ ഈ പൂക്കാലം പെട്ടെന്ന് മാഞ്ഞുപോകുന്നതും നമ്മൾ കാണുന്നു.
ഹരിഹരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘സർഗം’ എം.ടിയോ ലോഹിതദാസോ എഴുതാൻ വിട്ടുപോയ ഒരു സിനിമയാണെന്നാണ് തോന്നുക. നാലുകെട്ടിന്റെ അനുഭവലോകങ്ങളെ പരമാവധി ചൂഷണം ചെയ്ത ഒരു സിനിമയായിരുന്നു ‘സർഗം’. ഒരു നാലുകെട്ടിന്റെ ദൃശ്യത്തിലാണ് സിനിമ ആരംഭിക്കുന്നതുതന്നെ. വലിയ തൂണുകളോടുകൂടിയ പൂമുഖത്തിന്റെയും വരാന്തയുടെയും മറ്റും ദൃശ്യങ്ങളിലൂടെ ആ നാലുകെട്ടിനെ പരമാവധി വിശദാംശങ്ങളോടെ ചിത്രീകരിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നു.
നിഷേധിയായ ഒരു തമ്പുരാൻ യുവാവും അനുസരണയുള്ള ചങ്ങാതിയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി നാലുകെട്ടിനുള്ളിലെ വൈകാരികജീവിതങ്ങൾ ആവിഷ്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിൽ. ഇത്തരം ജീവിതങ്ങൾ നിക്ഷേപിച്ചുവെക്കാൻ പാകത്തിലുള്ള, ടൈപ്പുകളെന്ന് വിശേഷിപ്പിക്കാവുന്ന കുറേ കഥാപാത്രങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു. സവർണ ശരീരങ്ങൾക്ക് അനുയോജ്യമായ കാസ്റ്റിങ്ങും മേക്കപ്പും വഴി കാൽപനികഭംഗികൾ തികഞ്ഞ നാലുകെട്ടു സിനിമയായി മാറുന്നു ‘സർഗം’.
രഘുനാഥ് പലേരി തിരക്കഥയെഴുതി രാജസേനൻ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ‘മേലേ പറമ്പിൽ ആൺവീട്’. മേലേപറമ്പിൽ എന്ന തറവാടിന്റെ കേന്ദ്രം ഒരു നാലുകെട്ടാണ്. ജനപ്രിയമായ ഒരു പ്രമേയം നാലുകെട്ടിനെ മുൻനിർത്തി ഹാസ്യാത്മകമായി അവതരിപ്പിക്കുകയായിരുന്നു ഈ സിനിമ. എന്നാൽ, യാഥാസ്ഥിതികമായ ഒരു ജീവിതമണ്ഡലം എന്ന നിലയിൽ ഈ സിനിമയിലും നാലുകെട്ടിന് പ്രത്യയശാസ്ത്രപരമായ ഒരു സ്ഥാനമുണ്ട്.
ജനപ്രിയമായ ഫോർമുല എന്ന നിലയിൽ നാലുകെട്ടുജീവിതത്തെ ഏറ്റവും വിജയകരമായി ഉപയോഗിച്ച തിരക്കഥാകൃത്ത് എം.ടിയോ തോപ്പിൽ ഭാസിയോ ലോഹിതദാസോ അല്ല, രഞ്ജിത്ത് ആണ്. 90കളിലും തൊട്ടടുത്ത ദശാബ്ദത്തിലുമായി രഞ്ജിത്ത് രചിച്ച ‘ദേവാസുരം’ (ഐ.വി. ശശി -1993), ‘മായാമയൂരം’ (സിബി മലയിൽ -1993), ‘ആറാം തമ്പുരാൻ’ (ഷാജി കൈലാസ് -1997), ‘നരസിംഹം’ (ഷാജി കൈലാസ് -2000), ‘രാവണപ്രഭു’ (രഞ്ജിത്ത് -2001), ‘നന്ദനം’ (രഞ്ജിത്ത് -2002) എന്നീ സിനിമകൾ അത് തെളിയിക്കുന്നുണ്ട്.
എം.ടിയും ലോഹിതദാസും കണ്ടതുപോലെയല്ല രഞ്ജിത്ത് നാലുകെട്ടുകളെ കണ്ടതും അവതരിപ്പിച്ചതും. ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സമൃദ്ധിയുടെയും തറവാടിത്തഘോഷണങ്ങളുടെയും മായിക ലോകങ്ങളാണ് രഞ്ജിത്തിന്റെ കഥകളിലെ നാലുകെട്ടുകൾ. പ്രണയം വിഷയമാകുന്ന ‘മായാമയൂര’ത്തിലും ‘നന്ദന’ത്തിലും ഗ്രാമീണവരേണ്യജീവിതത്തിന്റെ പരിവേഷമാണ് നാലുകെട്ടിനുള്ളത്. ‘ദേവാസുര’ത്തിൽ മദിക്കുന്ന പ്രഭുത്വത്തിന്റെ ഊർജപ്രഭവസ്ഥാനമായി നാലുകെട്ടും അതിന്റെ പ്രത്യയശാസ്ത്രവും വെളിപ്പെടുന്നു.
മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തിലൂടെ അർമാദിക്കുന്നത് നാടുവാഴിത്തത്തിന്റെ പൂർവകാലംതന്നെയാണ്. ഈ തറവാടിത്തത്തിന്റെ ഭാഗമായ കുടിപ്പകയും മത്സരങ്ങളും ആണത്തഘോഷണവുമൊക്കെയാണ് ‘ആറാം തമ്പുരാനി’ൽ പ്രകടമായത്. നാലുകെട്ടുജീവിതത്തെയും അക്കാലത്തെ ജനപ്രിയ സൂത്രവിദ്യകളെയും സമന്വയിപ്പിച്ചുകൊണ്ട് ജനപ്രിയ സിനിമയുടെ ഏറ്റവും ആകർഷകമായ ഒരു രൂപം സൃഷ്ടിച്ചെടുക്കുകയാണ് രഞ്ജിത്തും ആ സിനിമകളുടെ സംവിധായകരും ചെയ്തത്.
സജീവമായ ഒരു കാർണിവൽ ലോകമായാണ് ‘ദേവാസുര’ത്തിൽ നാലുകെട്ട് അവതരിപ്പിക്കപ്പെട്ടത്. രാജഭരണത്തിന്റെ ഒരു ആദിരൂപം ‘ദേവാസുര’ത്തിന്റെ ആഖ്യാനത്തിലുണ്ട്. മോഹൻലാലിന്റെ മംഗലശ്ശേരി നീലകണ്ഠൻ രാജാവിന്റെയും ഇന്നസെന്റ് അഭിനയിക്കുന്ന കാര്യസ്ഥൻ വാര്യർ മന്ത്രിയുടെയും പ്രതിരൂപങ്ങളാണ്. ഫ്യൂഡൽ കാലഘട്ടത്തിലെ ജന്മിയും കാര്യസ്ഥനും തന്നെ. അയാളുടെ ശിങ്കിടികളായി നടക്കുന്ന പരിവാരങ്ങൾക്ക് ഒരു സേനയുടെ സ്വഭാവവുമുണ്ട്. നെപ്പോളിയന്റെ വില്ലൻകഥാപാത്രം രാക്ഷസരാജാവിന്റെ (രാവണപ്രഭു), ആധുനികരൂപമാണ്. ഇങ്ങനെ പഴയ രാജകുമാരൻ -രാക്ഷസൻ കഥയുടെ ഒരു ബൃഹദാഖ്യാനമായി നാലുകെട്ടുജീവിതം പ്രവർത്തിക്കുന്നു.
പാട്ടും കച്ചേരിയും കഥകളിയും ഒക്കെ സ്ഥിരമായി നടന്നിരുന്ന ഒരു കാർണിവൽ പൂർവകാലം ആവർത്തിക്കുകയാണ് കാലങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തുന്ന നീലകണ്ഠന്റെ ലക്ഷ്യം. സിനിമയിലെ ആദ്യദൃശ്യംതന്നെ അമ്പലത്തിലെ ഉത്സവമാണ്. നെറ്റിപ്പട്ടം കിട്ടിയ ആനകൾ, കെട്ടുകുതിരകൾ, കാവടി, എഴുന്നള്ളിപ്പ്, മുത്തുക്കുടകൾ, ചെണ്ടമേളം ഇങ്ങനെയുള്ള ഉത്സവത്തിന്റേതായ ദൃശ്യശ്രാവ്യപ്പൊലിമ വരാൻ പോകുന്ന ജീവിതമേളങ്ങളുടെയെല്ലാം സൂചകമാണ്. നാലുകെട്ടു സിനിമകളിൽ പൊതുവേ കാണപ്പെടുന്ന പൂമുഖവും കുളപ്പുരയും കുളക്കടവും തിരുവാതിരയുമൊക്കെ സിനിമയിൽ കൃത്യമായി വിന്യസിക്കപ്പെട്ടിട്ടുണ്ട്. എം.ടിയുടെ നാലുകെട്ടുസിനിമകളിൽ കണ്ട, ക്ഷയിച്ച നാലുകെട്ടല്ല ഈ സിനിമകളിലെ നാലുകെട്ട്.
സമ്പന്നമായ ഫ്യൂഡൽകാലഘട്ടത്തെ ഓർമപ്പെടുത്തുന്ന, ആ സമൃദ്ധിയുടെ ആഘോഷങ്ങൾ പിന്തുടരുന്ന ഒരു നാലുകെട്ടാണ്. കേരളീയ പൊതുബോധത്തിൽ നിലനിന്നുപോരുന്ന നാലുകെട്ടും നാലുകെട്ടുകളെ സംബന്ധിച്ച ഭാവനകളും ഈ സിനിമ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. സിനിമയുടെ ജനപ്രിയതക്കും വിജയത്തിനും ഈ ചേരുവകൾ നൽകുന്ന സംഭാവന ചെറുതല്ല.
നാലുകെട്ട് എന്ന യാഥാർഥ്യം നാലുകെട്ട് എന്ന കൽപനാലോകമായി തികച്ചും രൂപാന്തരം പ്രാപിക്കുന്നതും ഈ സിനിമകളിൽ കാണാം. പഴയകാലത്തെ നാലുകെട്ടു ജീവിതത്തിന്റെ കാർണിവൽ അന്തരീക്ഷം തികച്ചും പിന്തുടരുന്ന ഒരു സിനിമയാണ് രാജസേനൻ സംവിധാനം ചെയ്ത ‘കഥാനായകൻ’. മരുമക്കത്തായവും കൂട്ടുകുടുംബസമ്പ്രദായവും പിന്തുടരുന്ന, അനേകം അംഗങ്ങളുള്ള, സ്വന്തമായി ആനയുള്ള, സമ്പന്നമായ തറവാടിന്റെ കഥയാണ് ഈ സിനിമയിൽ പറയുന്നത്. ഐശ്വര്യസമ്പന്നമായ നാലുകെട്ടുകളെക്കുറിച്ചുള്ള ഒരു ഭാവനാചിത്രം മൂർത്തരൂപത്തിൽ ഈ സിനിമയിൽ പ്രേക്ഷകർക്ക് കാണാം.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ആറാം തമ്പുരാൻ’ പ്രമേയംകൊണ്ട് ‘ദേവാസുര’ത്തിന്റെ ഒരു രണ്ടാം പതിപ്പാണ്. ‘ദേവാസുര’ത്തിലെ ശേഖരന്റെ സ്ഥാനത്ത് കുളപ്പുള്ളി അപ്പൻ എന്ന വില്ലൻ പ്രഭു. പഴയ നാലുകെട്ടുപരിസരങ്ങളിലേക്കു മടങ്ങിയെത്തുന്ന ജഗന്നാഥൻ അവിടെ നടത്തുന്ന പരാക്രമങ്ങളും കലാപരിപാടികളുമാണ് സിനിമയുടെ ഉള്ളടക്കം.
ഇതിലുമുണ്ട് ഉത്സവവും അതുമായി ബന്ധപ്പെട്ട മേളങ്ങളും. കളരിയെക്കൂടി കൊണ്ടുവന്ന് കേരളീയ പ്രഭുകുടുംബങ്ങൾക്ക് പ്രതാപം കൂട്ടാനും സിനിമ ശ്രദ്ധിക്കുന്നു. ഇതേ പ്രഭുത്വത്തിന്റെ ആവർത്തനങ്ങൾ ആയിരുന്നു രണ്ടായിരത്തിനു ശേഷം വന്ന ‘നരസിംഹ’വും ‘രാവണപ്രഭു’വും. 2008ൽ ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാടമ്പി’യും ഇതേ അച്ചിൽ വാർത്തെടുത്ത സിനിമയാണെന്നു കാണാം. (ഈ ജനുസ്സിൽ മലയാളത്തിലുണ്ടായ അവസാനത്തെ നാലുകെട്ടു സിനിമ ഇതാണെന്നു തോന്നുന്നു.)
‘നന്ദനം’ (2002), ‘രാപ്പകൽ’ (കമൽ -2005), ‘വടക്കുന്നാഥൻ’ (ഷാജൂൺ കാര്യാൽ -2006)എന്നിവയാണ് രണ്ടായിരത്തിനുശേഷം മലയാളത്തിലുണ്ടായ ശ്രദ്ധേയമായ നാലുകെട്ടു സിനിമകൾ. മാടമ്പിത്തരത്തിന്റെ കരബലത്തെക്കാൾ മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതലങ്ങളെ പിന്തുടരുന്നു എന്ന നിലയിലും ശ്രദ്ധേയങ്ങളാണ് ഈ സിനിമകൾ.
‘നാലുകെട്ട്’ പ്രതിനിധാനം ചെയ്യുന്നത് തറവാടിത്തം, പ്രഭുത്വം എന്നീ ആശയങ്ങളാണ്. സാമൂഹികമായും സാമ്പത്തികമായും ഉയർന്നപദവി ഉണ്ടായിരുന്നവരായിരുന്നു കോവിലകങ്ങളുടെയും നാലുകെട്ടുകളുടെയും അവകാശികൾ. സാധാരണ ജനങ്ങളെ സംബന്ധിച്ച് രാജകീയ ജീവിതത്തിന്റെ മാതൃകകളും അതുതന്നെയായിരുന്നു. അതുകൊണ്ടുതന്നെ സാധാരണജനങ്ങളുടെ കൽപനാലോകങ്ങളിൽ ആദർശപരിവേഷത്തോടെയാണ് നാലുകെട്ടുകൾ നിലനിന്നുപോന്നിട്ടുള്ളത്. രാജഭരണവും ഫ്യൂഡൽ വ്യവസ്ഥയും മറഞ്ഞുപോയിട്ടും ആ അഭിനിവേശം സാമാന്യജനങ്ങളുടെ മനസ്സിൽനിന്ന് മാഞ്ഞുപോയിട്ടില്ല.
ഈ അഭിനിവേശങ്ങളെ മുതലെടുത്ത് സിനിമയുടെ വാണിജ്യമൂല്യം കൂട്ടുകയാണ് തൊണ്ണൂറുകളിലെ നാലുകെട്ടു സിനിമകൾ ചെയ്തുകൊണ്ടിരുന്നത്. സാമൂഹിക പരിണാമങ്ങളുടെ ആഘാതത്താൽ ക്ഷയിച്ചുപോയ നാലുകെട്ടുകളും കൽപനാലോകത്ത് നിന്നുകൊണ്ട് സാധാരണജനങ്ങളെ വ്യാമോഹിച്ചുപോരുന്ന നാലുകെട്ടുകളും ഇക്കാലത്ത് സിനിമക്കു വിഷയമായിട്ടുണ്ട്.
എം.ടിയുടെ ഒരുവിഭാഗം സിനിമകൾക്കൊപ്പം എം.പി. സുകുമാരൻ നായരുടെ കഴകം, ഷാജി കരുണിന്റെ പിറവി, അടൂരിന്റെ എലിപ്പത്തായം തുടങ്ങിയ ചിത്രങ്ങൾ ക്ഷയിച്ച തറവാടുകളെ പ്രതിനിധാനം ചെയ്യുമ്പോൾ രഞ്ജിത്ത് തിരക്കഥയെഴുതിയ ചിത്രങ്ങൾ കാൽപനികമായ ഫ്യൂഡൽ ജീവിതലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. മധ്യവർഗ കുടുംബങ്ങളിലെ സാധാരണക്കാരൻ എന്ന് ഇമേജുണ്ടായിരുന്ന മോഹൻലാൽ ഈ തറവാടിത്ത സിനിമകളിലൂടെ എങ്ങനെയാണ് ഒരു അതിനായകപദവിയിലേക്ക് പരിണമിച്ചതെന്ന് ‘വാട്ട് ഈസ് ലെഫ്റ്റ് ഓഫ് മലയാളം സിനിമ’ എന്ന ലേഖനത്തിൽ രതീഷ് രാധാകൃഷ്ണൻ നിരീക്ഷിക്കുന്നുണ്ട്. (2010: 30) തറവാടിത്തം എന്ന പ്രമേയം ഒരു നടന്റെ താരപരിവേഷത്തെപ്പോലും മാറ്റിമറിച്ചു എന്നത് ഇത്തരം സിനിമകൾക്ക് കിട്ടിയ വമ്പിച്ച സ്വീകാര്യതയാണ് സൂചിപ്പിക്കുന്നത്.
ഇങ്ങനെ വ്യത്യസ്തമായ രണ്ടുതരം താൽപര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനാൽ കലാസിനിമക്കും വാണിജ്യസിനിമക്കും ഒരേപോലെ പ്രിയപ്പെട്ട വിഷയമായിരുന്നു നാലുകെട്ടു ജീവിതം. എം.ടിയുടെ പല ചിത്രങ്ങളും കലാസിനിമയോട് ചേർന്നുനിൽക്കുന്ന മധ്യവർത്തി സിനിമകളാണ്. ‘ഇരുട്ടിന്റെ ആത്മാവും’ ‘കുട്ട്യേടത്തി’യും ‘നഖക്ഷതങ്ങളും’ ‘നിർമാല്യ’വുമൊക്കെ അതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളുമാണ്. ആ സിനിമകളെല്ലാം സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളവയാണ്.
കലാസിനിമ എന്ന നിലയിൽത്തന്നെ തയാറാക്കപ്പെട്ട ‘എലിപ്പത്തായം’, ‘പിറവി’, ‘പുരുഷാർത്ഥം’, ‘വാസ്തുഹാരാ’, ‘അശ്വത്ഥാമാവ്’, ‘പൊന്തൻമാട’, ‘അഗ്നിസാക്ഷി’ തുടങ്ങിയ ചിത്രങ്ങളിൽ സാമൂഹിക യാഥാർഥ്യങ്ങളുടെയും സമകാലികമായ സാമൂഹിക രാഷ്ട്രീയ ദാർശനിക സാഹചര്യങ്ങളുടെയും നേർക്കാഴ്ചകൾ എന്നനിലയിലാണ് നാലുകെട്ടുകളോ സമാനമായ ഗാർഹികാന്തരീക്ഷമോ കടന്നുവരുന്നത്. ‘ഭരതം’ (സിബി മലയിൽ), ‘ജാതകം’ (സുരേഷ് ഉണ്ണിത്താൻ), ‘തനിയാവർത്തനം’ (സിബി മലയിൽ), ‘പരിണയം’ എന്നീ ചിത്രങ്ങളെയും മധ്യവർത്തി സിനിമകളുടെ ഗണത്തിൽ പെടുത്താം.
എന്നാൽ, ‘മണിച്ചിത്രത്താഴ്’ (ഫാസിൽ), മേലേ പറമ്പിൽ ആൺവീട്’ (രാജസേനൻ), ‘പവിത്രം’ (രാജീവ് കുമാർ), ‘കമലദളം’ (സിബി മലയിൽ), ‘സർഗം’ (ഹരിഹരൻ) തുടങ്ങിയ ചിത്രങ്ങൾക്ക് തികച്ചും വാണിജ്യസിനിമയുടെ സ്വഭാവങ്ങളാണുള്ളത്. ഏതു വിഭാഗത്തിൽപ്പെട്ടതായാലും ജനസ്വീകാര്യതക്കൊപ്പം ദേശീയവും പ്രാദേശികവുമായ പുരസ്കാരങ്ങൾക്കു പരിഗണിക്കപ്പെടാനും നാലുകെട്ടുസിനിമകൾക്ക് സാധിച്ചിട്ടുണ്ട്. നാലുകെട്ടുജീവിതങ്ങളിലേക്ക് ചലച്ചിത്രകാരന്മാർ ആകർഷിക്കപ്പെട്ടതിന് ഇതും ഒരു കാരണമാണ്.
കേരളത്തിന്റെ വാസ്തുപാരമ്പര്യത്തെപ്പറ്റി പറയുമ്പോൾ ആദ്യം നമ്മൾ ഉയർത്തിക്കാണിക്കുക നാലുകെട്ടുകളെയാണ്. (‘‘നാലുപുര അല്ലെങ്കിൽ നാലുകെട്ട് ആണല്ലോ മലയാളിയുടെ ഉത്തമവും ഉത്കൃഷ്ടവുമായ ഭവനമാതൃക’’ എന്ന് ഭാസ്കരനുണ്ണി. 2012:75) എന്നാൽ, ചെറിയൊരു സാമൂഹികവിഭാഗം മാത്രമാണ് നാലുകെട്ടുകളിലോ സമാനമായ നിർമിതികളിലോ താമസിച്ചിരുന്നത്. അടുത്തകാലം വരെ സവർണവിഭാഗങ്ങൾക്ക് മാത്രമേ നാലുകെട്ടുകൾ നിർമിക്കാനും അതിൽ വസിക്കാനും അവകാശമുണ്ടായിരുന്നുള്ളൂ.
ഈ സവർണ വിഭാഗങ്ങളിൽത്തന്നെ എല്ലാവരും നാലുകെട്ടുകളിൽ താമസിച്ചിരുന്നുമില്ല. മുന്നൂറു നാനൂറു കുടുംബങ്ങൾ വസിക്കുന്ന പ്രദേശങ്ങളിൽപോലും വിരലിലെണ്ണാവുന്ന വിധം നാലുകെട്ടുകളേ ഉണ്ടായിരുന്നുള്ളൂ. പ്രാദേശികമായി ഈ കണക്കിൽ വ്യത്യാസമുണ്ടാവാം. എന്നാൽ, ഈ അനുപാതത്തിലല്ല നാലുകെട്ടുകൾക്ക് മലയാള സിനിമയിൽ വിശേഷിച്ചും വാണിജ്യസിനിമയിൽ സ്ഥാനം ലഭിച്ചിട്ടുള്ളത്.
ജാതീയമോ സാമൂഹികമോ ഭൗതികമോ ആയ വരേണ്യതകളെ ആവിഷ്കരിക്കേണ്ടി വന്ന സന്ദർഭങ്ങളിൽ ചലച്ചിത്രകാരന്മാരെ നാലുകെട്ടുകൾ ശക്തമായി പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ കാർണിവൽ സ്വഭാവത്തെ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുവാൻ നാലുകെട്ടുകൾക്ക് സാധിെച്ചന്നും നമ്മുടെ സിനിമാചരിത്രം വ്യക്തമാക്കിത്തരുന്നു.
ഡ്രാക്കുളക്കോട്ടയായി മാറുന്ന നാലുകെട്ടുകൾ
തൊള്ളായിരത്തി തൊണ്ണൂറുകളിൽ വാണിജ്യസിനിമയെ അടക്കിവാണ നാലുകെട്ടുകൾ അടുത്ത ദശാബ്ദത്തിൽ എത്തുന്നതോടെ സിനിമയിൽനിന്ന് അതിവേഗം പിൻവാങ്ങുന്നതാണ് കാണുന്നത്. അതിനുശേഷവും നാലുകെട്ടിന്റെ ചുറ്റുവട്ടങ്ങളിൽ സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ട്രെൻഡ് എന്ന നിലയിൽ മലയാളസിനിമയിൽ അതിന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു.
ചില പ്രത്യേകതരം സിനിമകളിൽ, ചരിത്രം വിഷയമാവുന്ന സിനിമകളിലോ ഹൊറർ സിനിമകളിലോ മാത്രമായി നാലുകെട്ടുകളുടെ സാന്നിധ്യം ചുരുങ്ങിപ്പോവുന്നതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നമ്മൾ കണ്ടത്. നാലുകെട്ടുകളുടെ ഈ പരിമിതപ്രയോഗവും സമകാലികജീവിതത്തിന്റെ ഇടം എന്ന നിലയിലുള്ള സ്വീകാര്യതയില്ലായ്മയും സാമൂഹികവും സൗന്ദര്യപരവുമായ നിരവധി ഘടകങ്ങളോട് ചേർന്നുനിൽക്കുന്നുണ്ട്. ആ വിഷയം ചർച്ചചെയ്യുന്നതിനുമുമ്പായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നാലുകെട്ടുകൾ മലയാള സിനിമയിൽ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നുകൂടി പരിശോധിക്കാം.
ചരിത്രവിഷയങ്ങൾ പ്രമേയമാകുന്ന സിനിമകളിൽ സ്വാഭാവികമായും കേരളത്തിന്റെ പൂർവകാലജീവിതങ്ങളും ഫ്യൂഡൽസാഹചര്യങ്ങളും വിഷയമാവാതിരിക്കില്ല. അതുകൊണ്ടുതന്നെ പഴയ കാലത്തെ നാടുവാഴി-പ്രഭുകുടുംബങ്ങളെയും ജന്മിത്തത്തെയും ചിത്രീകരിക്കേണ്ടി വന്ന സന്ദർഭങ്ങളിൽ സിനിമകൾക്ക് നാലുകെട്ടുകളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ‘പഴശ്ശിരാജാ’, ‘കായംകുളം കൊച്ചുണ്ണി’, ‘മാമാങ്കം’, ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘പത്തൊമ്പതാം നൂറ്റാണ്ട്’ തുടങ്ങിയ ചിത്രങ്ങളിൽ നാലുകെട്ടുകൾ ഈ നിലയിലാണ് കടന്നുവരുന്നത്.
പുരാവൃത്തങ്ങൾ വിഷയമാവുന്ന ‘ഒരു വടക്കൻ വീരഗാഥ’യിലും ‘ഒടിയനി’ലും നാലുകെട്ടോ സമാനമായ നിർമിതിയോ പശ്ചാത്തലമാവുന്നുണ്ട്. സമകാലിക ജീവിതമല്ല വിഷയമാവുന്നത് എന്നതിനാൽ ഈ സിനിമകളിലെ നാലുകെട്ടുകൾക്ക് ആ നിലയിലുള്ള പ്രസക്തിയും സ്വാഭാവികതയുമുണ്ട്. സമകാലികജീവിതം ആവിഷ്കരിക്കാനുള്ള ഉപാധി എന്നനിലയിൽ നാലുകെട്ടുകൾ സ്വീകരിക്കപ്പെടാത്ത സാഹചര്യം വന്നുകഴിഞ്ഞു എന്നുകൂടി ഉറപ്പിക്കുന്നുണ്ട് ഇത്തരം സിനിമകൾ.
ഹൊറർ അഥവാ ഭീകരസിനിമകളുടെ പശ്ചാത്തലം എന്ന നിലക്കാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തുമ്പോൾ നാലുകെട്ടുകൾ പ്രധാനമായും ഉപയോഗിക്കപ്പെട്ടത്. നിഗൂഢതകൾ ഒളിപ്പിച്ചുവെക്കുന്ന കൊട്ടാരങ്ങളും എടുപ്പുകളും ഉപേക്ഷിക്കപ്പെട്ട ബംഗ്ലാവുകളുമൊക്കെ ലോകമെമ്പാടുമുള്ള ഭീകരസിനിമകളുടെ പശ്ചാത്തലമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതിന്റെ എക്കാലത്തെയും മികച്ച മാതൃകാരൂപം ഡ്രാക്കുളക്കോട്ടയാണ്. ബ്രാം സ്റ്റോക്കർ രചിച്ച ‘ഡ്രാക്കുള’ എന്ന നോവലിന്റെ (1897) പശ്ചാത്തലം.
ഭയാനകമായ അന്തരീക്ഷമുള്ള, നിഗൂഢതകളുള്ള ഒരു കൊട്ടാരം. അതിൽ ചോരകുടിയനായ ഒരു ഭീകരൻ പ്രഭു. അവിടെ വന്നുപെടുന്ന ഉത്സാഹിയായ ഒരു യുവാവ്. ജൊനാഥൻ ഹാർക്കർ. തിന്മയുടെ മൂർത്തിയായ ഡ്രാക്കുളപ്രഭുവിന്റെ ഹിംസാത്മകമായ പ്രവൃത്തികളും ആ ശക്തിയെ തളക്കാൻ ജൊനാഥൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ നോവലിന്റെയും പിൽക്കാലത്ത് അതിനെ അടിസ്ഥാനമാക്കി ഉണ്ടായ ഇരുന്നൂറിലധികം സിനിമകളുടെയും ഉള്ളടക്കം. ഈ പാറ്റേണിൽ എത്രയോ ഭീകരസിനിമകൾ ലോകമെമ്പാടും ഉണ്ടായിട്ടുണ്ട്; ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ആ പാറ്റേൺ പിന്തുടർന്നുകൊണ്ട് കേരളീയസന്ദർഭത്തിൽ സമീപകാലത്ത് തയാറാക്കപ്പെട്ട ഒരു സിനിമയാണ് ‘ഭ്രമയുഗം’ (രാഹുൽ സദാശിവൻ, 2024). ഡ്രാക്കുളക്കോട്ടയുടെ ഘടനയും പല ചേരുവകളും ‘ഭ്രമയുഗ’ത്തിലും കാണാം. നാലുകെട്ടുകളെക്കുറിച്ചുള്ള പുതിയ കാലത്തിന്റെ സങ്കൽപങ്ങളുടെ കൃത്യമായ ഒരു രൂപരേഖയാണ് ‘ഭ്രമയുഗ’ത്തിൽ നമ്മൾ കാണുന്നത്. നാലുകെട്ടുകൾക്കുമേൽ പണ്ടേ നിലനിന്നിരുന്ന ഒരുതരം നിഗൂഢതയും കൗതുകവും കാലാന്തരത്തിൽ ഭയാനകതയുടെ ഒരിടമായി, ഡ്രാക്കുളക്കോട്ടയുടെ ഒരു പ്രതിരൂപമായി പരിണമിച്ചു എന്നാണ് ‘ഭ്രമയുഗം’ തെളിയിക്കുന്നത്.
‘ഭ്രമയുഗ’ത്തിൽ അവതരിപ്പിക്കപ്പെടുന്നത് നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന കേരളീയസാഹചര്യമാണ്. ദ്രവിച്ചതെങ്കിലും പഴയകാലത്തിന്റെ പ്രൗഢി സൂചിപ്പിക്കുന്ന നാലുകെട്ടും പരിസരവും വസ്തുക്കളും. അവയെല്ലാംതന്നെ ഭയത്തിന്റെ ഉറവിടങ്ങളായാണ് സിനിമയിൽ സംഗതമാകുന്നത്. അവിടെയാണ് പൈശാചികതയുടെ മനുഷ്യരൂപമായ കൊടുമൺ പോറ്റിയുടെ വാസം.
ഡ്രാക്കുള നോവലിലെ കോട്ടയുടെ പ്രതിരൂപമാണ് ഇവിടത്തെ നാലുകെട്ട്. ഏതു രൂപത്തിലും പ്രത്യക്ഷപ്പെടാൻ കഴിയുന്ന പൈശാചികശക്തിയുടെ മനുഷ്യരൂപമാണ് ഡ്രാക്കുള. അതുപോലെ ആരുടെ രൂപത്തിലും പ്രത്യക്ഷപ്പെടാൻ കഴിയുന്ന ചാത്തന്റെ ആൾരൂപമാണ് ഇവിടത്തെ കൊടുമൺ പോറ്റി. അകത്ത് പ്രവേശിച്ചാൽ പുറത്തിറങ്ങാൻ കഴിയാത്ത ഭയങ്കരലോകമാണ് ഡ്രാക്കുളക്കോട്ട പോലെ ഈ നാലുകെട്ടും.
അവിടേക്കാണ് തേവൻ എന്ന പാണയുവാവ് കയറിവരുന്നത്, ‘ഡ്രാക്കുള’യിലെ ജൊനാഥനെപ്പോലെ. കൊടുമൺ പോറ്റി എന്ന ഭീകരൻപ്രഭുവിന്റെ വിളയാട്ടമാണ് ‘ഭ്രമയുഗ’ത്തിൽ പിന്നീടങ്ങോട്ട് കാണുന്നത്. ആ പൈശാചികശക്തിയെ നശിപ്പിക്കാൻ ജൊനാഥനെ പോലെ തേവനും ശ്രമിക്കുന്നുണ്ട്. ഡ്രാക്കുള എന്ന രചനയുമായി ഇത്തരത്തിൽ നേരിട്ട് തന്നെ സാദൃശ്യം പുലർത്തുന്നു ‘ഭ്രമയുഗം’ എന്ന സിനിമ.
നാലുകെട്ടുകൾ സിനിമയിൽ ഇനി നിൽക്കുക ഇത്തരത്തിൽ ഭയജനകമായ ഒരു അപരലോകം എന്ന നിലയിലാകാനാണ് സാധ്യത എന്ന് സൂചിപ്പിക്കുന്നു ഈ സിനിമ. സാമാന്യവും സാധാരണവുമായ മനുഷ്യ ജീവിതങ്ങളിൽനിന്ന് നാലുകെട്ടുകൾ സിനിമയെ സംബന്ധിച്ചെങ്കിലും അകന്നുപോയിരിക്കുന്നു എന്നതിന്റെ ഏറ്റവും പ്രബലവും പ്രകടവുമായ തെളിവാണ് ‘ഭ്രമയുഗം’.
‘ഡ്രാക്കുള’ മാതൃകയിലുള്ള കഥകളും കഥാപാത്രങ്ങളും മലയാള സിനിമയിൽ മുമ്പും ഉണ്ടായിട്ടുണ്ട്. ആ സിനിമകളിൽ പലതിലും നാലുകെട്ടുകൾ തന്നെയാണ് പശ്ചാത്തലമായിരുന്നതും. കേരളീയ സന്ദർഭത്തിൽ ഒരു ഭീകരസിനിമ (ഹൊറർ) ഭാവന ചെയ്യേണ്ടിവന്നപ്പോഴെല്ലാം സിനിമക്കാരുടെ മനസ്സിൽ സ്വാഭാവികമായും ഉയർന്നുവന്ന ഭീകരതയുടെ കേന്ദ്രം നാലുകെട്ടുകളായിരുന്നു. അഥവാ മലയാളത്തിലെ ഹൊറർ സിനിമകളിൽ ഡ്രാക്കുളക്കോട്ടയുടെ സ്ഥാനം വഹിച്ചത് പലപ്പോഴും നാലുകെട്ടുകളായിരുന്നു എന്നർഥം. ‘വയനാടൻ തമ്പാൻ’ (വിൻെസന്റ്, 1978), ‘കള്ളിയങ്കാട്ട് നീലി’ (എം. കൃഷ്ണൻ നായർ -1979), ‘കലിക’ (ബാലചന്ദ്രമേനോൻ -1980), ‘ശ്രീകൃഷ്ണപ്പരുന്ത്’ (വിൻസെന്റ് -1984), ‘അഥർവ്വം’ (ഡെന്നിസ് ജോസഫ് -1989), ‘ബ്രഹ്മരക്ഷസ്സ്’ (വിജയൻ കരോട്ട് -1990), ‘മണിച്ചിത്രത്താഴ്’ (ഫാസിൽ -1993), ‘ആകാശഗംഗ’ (വിനയൻ -1999), ‘വെള്ളിനക്ഷത്രം’ (വിനയൻ- 2004), ‘അപരിചിതൻ’ (സഞ്ജീവ് ശിവൻ -2004), ‘അനന്തഭദ്രം’ (സന്തോഷ് ശിവൻ -2005), ‘യക്ഷിയും ഞാനും’ (വിനയൻ -2010), ‘പ്രേതം 2’ (രഞ്ജിത്ത് ശങ്കർ 2018) തുടങ്ങി നിരവധി സിനിമകൾ നാലുകെട്ടുകൾ പശ്ചാത്തലമായി ഉണ്ടായിട്ടുണ്ട്.
‘കള്ളിയങ്കാട്ടു നീലി’യും ‘മണിച്ചിത്രത്താഴും’ ‘കലിക’യും ഹൊറർ സിനിമയുടെ ഗണത്തിൽ പെടുമെങ്കിലും ഭീകരസ്വഭാവമുള്ള ഒരു അതീതശക്തിയുടെ സാന്നിധ്യം അവയിൽ ഇല്ല. നിഗൂഢതകൾ ഏതെങ്കിലും ഭീകരശക്തിയുടേതല്ലെന്ന് വ്യാഖ്യാനിച്ചുറപ്പിക്കുന്ന രീതിയിലാണ് അവയുടെ ഇതിവൃത്തം. എങ്കിലും ഭീകരതയുടെ ആവിഷ്കാരത്തിന് മൂന്നു സിനിമകളും നാലുകെട്ടിന്റെ അന്തരീക്ഷമാണ് ഉപയോഗിക്കുന്നത്.
ഡ്രാക്കുളയുടെ ഒരു കേരളീയരൂപമായിരുന്നു 1978ൽ തയാറാക്കപ്പെട്ട ‘വയനാടൻ തമ്പാൻ’ എന്ന ചിത്രം. ‘ഭ്രമയുഗ’ത്തിന്റെ ഒരു മുൻഗാമി. നൂറ്റാണ്ട് പഴക്കമുള്ള ഒരു തറവാടാണ് കഥാകേന്ദ്രം. തറവാട്ടിലെ വൃദ്ധനായ കാരണവർക്ക് (ഫ്യൂഡൽ പ്രഭുവിന്) നിത്യയൗവനം ലഭിക്കാൻ അയാളുടെ ഉപാസനാമൂർത്തിയായ കരിമുത്തേ (ഭ്രമയുഗത്തിലെ ചാത്തന്റെ പൂർവികൻ) ഒരുപായം പറഞ്ഞുകൊടുക്കുന്നു. കുറെ കന്യകമാരെ വശീകരിച്ച് കൊണ്ടുവന്ന് മൂർത്തിക്ക് സമർപ്പിക്കുക. അതിനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന ഫ്യൂഡൽപ്രഭുവിന്റെ ഹിംസാത്മകമായ പ്രവൃത്തികളാണ് സിനിമയുടെ ഉള്ളടക്കം.
കരിമുത്തേ എന്ന ഭീകരമൂർത്തിയുടെ ആവാസസ്ഥാനം പഴയ നാലുകെട്ടാണ്. പി.വി. തമ്പിയുടെ പ്രസിദ്ധമായ നോവലിന്റെ അനുകൽപനമാണ് ‘ശ്രീകൃഷ്ണപ്പരുന്ത്’ എന്ന ചിത്രം. ഒരു ഫ്യൂഡൽ തറവാട്ടിലെ മാന്ത്രികനായ അമ്മാവൻ തന്റെ മന്ത്രവിദ്യ അരാജകജീവിതം നയിക്കുന്ന മരുമകൻ കുമാരന് കൈമാറുന്നു. ഈ യുവമന്ത്രവാദിക്ക് ചൂരക്കാട്ട് പട്ടേരി എന്ന ഭയങ്കരനായ ക്ഷുദ്രമന്ത്രവാദിയോട് ഏറ്റുമുട്ടേണ്ടതുണ്ട്. (ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി ഈ മന്ത്രവാദിയെ ഓർമപ്പെടുത്തുന്നു).
ഈ ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെങ്കിൽ ‘അഥർവ്വ’ത്തിൽ (1989) മമ്മൂട്ടിയാണ് മന്ത്രവാദിയായി വരുന്നത്. നാലുകെട്ടു പശ്ചാത്തലത്തിൽ തന്നെയാണ് ഈ സിനിമയിലും ആഭിചാരങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമൊക്കെ അരങ്ങേറുന്നത്. വിനയൻ സംവിധാനംചെയ്ത ‘ആകാശഗംഗ’, ‘വെള്ളിനക്ഷത്രം’, ‘യക്ഷിയും ഞാനും’ എന്നീ മൂന്നു സിനിമകളും കേരളീയ ഫ്യൂഡൽ അന്തരീക്ഷത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രേതകഥകളാണ്. സ്വാഭാവികമായും നാലുകെട്ടുകൾ തന്നെ ഈ സിനിമകളുടെ പശ്ചാത്തലം.
റുമേനിയയിലെ ഡ്രാക്കുളക്കോട്ടയിൽ പോയി ഒറിജിനൽ ഡ്രാക്കുളയെ ആവാഹിച്ച് കേരളത്തിലെത്തുന്ന മലയാളി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഡ്രാക്കുള 2012’ എന്ന ഒരു ഹൊറർ സിനിമയും (2013) വിനയൻ സംവിധാനംചെയ്തിട്ടുണ്ട്. മന്ത്രവാദിയുടെ വീട് എന്ന നിലയിൽ ഈ സിനിമയിലും നാലുകെട്ട് കടന്നുവരുന്നു. ‘ആകാശഗംഗ’ എന്ന സിനിമയിൽ പല നാലുകെട്ടുകൾ വിശദാംശങ്ങളോടെ തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്.
ഭയജനകമായ നാടോടിക്കഥകളുടെ സ്വഭാവം പുലർത്തുന്ന ‘അനന്തഭദ്രം’ സുനിൽ പരമേശ്വരന്റെ അതേ പേരിലുള്ള നോവലിന്റെ അനുകൽപനമാണ്. തികച്ചും ഭയജനകമായ ഇടമായി നാലുകെട്ടുകൾ സ്ഥാനപ്പെടുന്നത് ഈ സിനിമയിൽ നമ്മൾ കാണുന്നു. പ്രണയവും രതിയും ഒക്കെ വിഷയമാണെങ്കിലും അവക്കെല്ലാം മുകളിൽ ഭീകരവും മാന്ത്രികവുമായ ഒരു കൽപനാലോകമാണ് പ്രാധാന്യം നേടുന്നത്. നാലുകെട്ടിന്റെ ഈ സിനിമയിലെ പങ്കാളിത്തവും ഒരു ഡ്രാക്കുളക്കോട്ടയുടേതാണ്.
ഭീകരനായ പ്രഭുവിന്റെ സ്ഥാനത്ത് മനോജ് കെ. ജയൻ അവതരിപ്പിക്കുന്ന ദിഗംബരൻ എന്ന മന്ത്രവാദി നിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിനുശേഷം വന്ന നാലുകെട്ടു സിനിമകൾ എന്ന നിലയിൽ ശ്രദ്ധിക്കേണ്ട സിനിമകളാണ് ‘വെള്ളിനക്ഷത്ര’വും ‘അനന്തഭദ്ര’വും. രണ്ടിലും പഴയപോലെ തറവാട്, തറവാടിത്തം തുടങ്ങിയ ബൃഹദാഖ്യാനങ്ങൾ നാലുകെട്ടിനൊപ്പം സംഗതമാകുന്നുണ്ട്. എന്നാൽ, സ്വാഭാവികമായ ഒരു ഗാർഹിക ആവാസവ്യവസ്ഥ എന്ന നിലയിലല്ല ഭയജനകമായ കൽപനാലോകം എന്ന നിലയിലാണ് ഇവയിൽ നാലുകെട്ടുകളുടെ സ്ഥാനം.
നാലുകെട്ടുകളെ കേന്ദ്രീകരിച്ച് സാമൂഹികപ്രാധാന്യമുള്ള സിനിമകൾ അല്ല ഇരുപതാം നൂറ്റാണ്ടിനുശേഷം കൂടുതലും ഉണ്ടാക്കപ്പെട്ടത് എന്നാണ് ഇതിനർഥം. ഇരുപതാം നൂറ്റാണ്ടിലെ നാലുകെട്ടു സിനിമകളിൽ സാമൂഹികജീവിതത്തിനും സാധാരണ ജീവിതത്തിനും സ്ഥാനമുണ്ടായിരുന്നെങ്കിൽ ഇരുപതാം നൂറ്റാണ്ട് പിന്നിട്ടതോടെ, ഹൊറർ പ്രമേയങ്ങൾക്കായി നാലുകെട്ടുകൾ മിക്കവാറും സ്ഥാനപ്പെട്ടുപോയി. ‘അനന്തഭദ്ര’വും ‘വെള്ളിനക്ഷത്ര’വും ‘അപരിചിതനും’ ‘ഭ്രമയുഗ’വുമൊക്കെ അതാണ് തെളിയിക്കുന്നത്.