തമിഴ് സിനിമയിലെ രാഷ്ട്രീയ കാലാവസ്ഥകള്‍
തമിഴ് സിനിമയിൽ ശ്രദ്ധേയ പരീക്ഷണങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം പറയുന്ന തമിഴിലെ പുതുസിനിമകൾ എന്ത് ദൗത്യമാണ് നിർവഹിക്കുന്നത്? തമിഴക രാഷ്ട്രീയത്തെ ഇൗ സിനിമകൾ പ്രതിഫലിപ്പിക്കുന്നുണ്ടോ? -വിശകലനം.ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന തമിഴ് സിനിമാവ്യവസായത്തെ എക്കാലത്തും ആവേശിച്ചിരിക്കുന്ന ഭൂതമാണ് രാഷ്ട്രീയം (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തിലെ (Preamble) “A spectre is haunting Europe...” എന്ന പ്രയോഗത്തോട് കടപ്പാട്. ഇതര ഭാഷാ സിനിമകളില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ വിമുക്തമായൊരു ചരിത്രം തമിഴ് സിനിമക്ക് അവകാശപ്പെടാനാകില്ല. അതിനാല്‍ത്തന്നെ, അതത്...
Your Subscription Supports Independent Journalism
View Plansതമിഴ് സിനിമയിൽ ശ്രദ്ധേയ പരീക്ഷണങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം പറയുന്ന തമിഴിലെ പുതുസിനിമകൾ എന്ത് ദൗത്യമാണ് നിർവഹിക്കുന്നത്? തമിഴക രാഷ്ട്രീയത്തെ ഇൗ സിനിമകൾ പ്രതിഫലിപ്പിക്കുന്നുണ്ടോ? -വിശകലനം.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പ്രമുഖസ്ഥാനം അലങ്കരിക്കുന്ന തമിഴ് സിനിമാവ്യവസായത്തെ എക്കാലത്തും ആവേശിച്ചിരിക്കുന്ന ഭൂതമാണ് രാഷ്ട്രീയം (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആമുഖത്തിലെ (Preamble) “A spectre is haunting Europe...” എന്ന പ്രയോഗത്തോട് കടപ്പാട്. ഇതര ഭാഷാ സിനിമകളില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ വിമുക്തമായൊരു ചരിത്രം തമിഴ് സിനിമക്ക് അവകാശപ്പെടാനാകില്ല. അതിനാല്‍ത്തന്നെ, അതത് കാലത്തെ സിനിമകളിലെ ലാവണ്യപരവും വ്യവസായികവുമായ അടിപ്പടവുകളിലെല്ലാം രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുന്നു.
എന്നാല്‍, ഈ ലേഖനത്തിലെ ‘രാഷ്ട്രീയം’ എന്ന പ്രയോഗം കേവലം ഭരണയന്ത്രത്തെ നിര്‍മിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന കക്ഷിരാഷ്ട്രീയതലത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. സൗന്ദര്യശാസ്ത്രം, വ്യവസായം, സാങ്കേതികതയിലുണ്ടായ മാറ്റങ്ങള്‍, അഭിനയം, പ്രേക്ഷക സ്വീകാര്യത, താരപദവി എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലകളെയും കോര്‍ത്തിണക്കുന്ന വിശാലമായ ആശയതലമാണത്. മറ്റൊരർഥത്തില്‍, തമിഴ് ജനതയുടെ ജീവിതവും സിനിമയുമെല്ലാം ഉള്‍പ്പെടുന്ന വിശാലമായ സാംസ്കാരിക പ്രപഞ്ചമാണ് ഇവിടെ പരിശോധിക്കപ്പെടുന്നതെന്ന് സാരം.
തമിഴ് സിനിമാ വ്യവസായവും താരപദവിയും
മൂലധനത്തിലധിഷ്ഠിതമായ വ്യവസായമാണ് സിനിമ. നിക്ഷേപിക്കപ്പെടുന്ന പണത്തിന് ആനുപാതികമോ അതിലധികമോ തിരികെ ലഭിക്കുകയെന്ന പ്രാഥമികലക്ഷ്യമാണ് കല-ജനപ്രിയ സിനിമകള്‍ ഒരുപോലെ നിറവേറ്റുന്നത്. കലാസിനിമകളുടെ പശ്ചാത്തലത്തില്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത് പ്രേക്ഷക- നിരൂപക പ്രശംസയും ഫെസ്റ്റിവല്‍ വേദികളും പുരസ്കാരങ്ങളുമടങ്ങുന്ന സാംസ്കാരിക മൂലധനമാകുമ്പോള്‍, ജനപ്രിയ സിനിമയുടെ സമവാക്യമനുസരിച്ച് ലാഭം സാമ്പത്തിക നേട്ടത്തിലൊതുങ്ങുന്നു.
ഇതോടൊപ്പം, ലഭ്യമാകുന്ന പ്രേക്ഷക-നിരൂപക പ്രശംസയും അംഗീകാരങ്ങളും അധിക മൂലധനമാകുന്നു. സമകാലിക തമിഴ് സിനിമാവ്യവസായം പരിശോധിക്കുമ്പോള്‍ താരനിബിഡമായ വമ്പന്‍ ജനപ്രിയ ചിത്രങ്ങള്‍ വാണിജ്യവിജയം നേടുന്നതിനോടൊപ്പം മികച്ച ഒരുപറ്റം ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയതായി കാണാവുന്നതാണ്.
വിക്രം, ലിയോ, ജയിലര്‍, പൊന്നിയിന്‍ സെല്‍വന്‍ I, II തുടങ്ങിയ വലിയ കാന്‍വാസിലൊരുങ്ങിയ ചിത്രങ്ങള്‍ കേവലം താരപ്പകിട്ടിന്റെ മേന്മയില്‍ മാത്രമല്ല പ്രേക്ഷക സ്വീകാര്യത നേടിയത്. മണിരത്നം, ലോകേഷ് കനകരാജ്, നെല്‍സണ്‍ തുടങ്ങിയ സംവിധായകര്‍ ജനപ്രിയ സിനിമയുടെ വ്യാകരണങ്ങളെ പലമട്ടില്‍ തിരുത്തിയെഴുതുന്ന കാഴ്ചയാണ് ഇത്തരം സിനിമകള്‍ അവശേഷിപ്പിച്ചത്. ഇവയോടൊപ്പം, ചേര്‍ത്തുവായിക്കേണ്ടവയാണ് ‘രായന്‍’, ‘മഹാരാജാ’, ‘മെയ്യഴകന്‍’, ‘അമരന്‍’ തുടങ്ങിയ ചിത്രങ്ങള്‍ നേടിയ വിജയവും. താരബാഹുല്യമെന്നതിനേക്കാള്‍, മുഖ്യ അഭിനേതാക്കളുടെ മികച്ച പ്രകടനം, കെട്ടുറപ്പുള്ള കഥാഘടന എന്നിവയാണ് ഇവയുടെ വിപണിവിജയത്തെ നിര്‍ണയിച്ച ഘടകങ്ങള്‍.
എന്നാല്‍, വലിയ പ്രതീക്ഷകളുണര്‍ത്തി പ്രദര്‍ശനത്തിനെത്തുകയും പ്രേക്ഷക സ്വീകാര്യത നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്ത ചിത്രങ്ങളും നിരവധിയാണ്. ‘ഗോട്ട്’, ‘വാരിസ്’, ‘ബീസ്റ്റ്’, ‘വലിമൈ’, ‘തുനിവ്’, ‘ഇന്ത്യന്‍ 2’ തുടങ്ങിയവ പ്രേക്ഷകരെയും താരങ്ങളുടെ ആരാധകരെയും തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. ഇക്കാലയളവില്‍ വിജയിച്ച ചില ചിത്രങ്ങളെങ്കിലും അവയുടെ ഉള്ളടക്കത്തിലുള്‍പ്പെട്ട ഹിംസാത്മകതയുടെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങി.
കൂടാതെ, ഇവയില്‍ ചില ചിത്രങ്ങളുടെ ഉള്ളടക്കത്തില്‍ മയക്കുമരുന്നിനെക്കുറിച്ചുള്ള പരാമര്‍ശത്തിന്റെ ആധിക്യമുണ്ടെന്ന ആരോപണവുമുയര്‍ന്നു. ഇത്തരത്തില്‍ പരിശോധിക്കുമ്പോള്‍ വിപണനവിജയത്തോടൊപ്പം സംവാദാത്മകമായ അന്തരീക്ഷവും സമകാലിക തമിഴ് സിനിമാവ്യവസായത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായകമാകുന്നു.
ചെറുതുകളുടെ വര്‍ണപ്രപഞ്ചം
വലിയ താരനിരയുടെ പിന്‍ബലത്തിലൊരുങ്ങുന്ന ചിത്രങ്ങള്‍ വ്യവസായമെന്ന നിലയിലുള്ള ഭാഷാസിനിമകളുടെ മുഖമായി പരിഗണിക്കപ്പെടുമ്പോള്‍, കലാമൂല്യവും വിപണിസാധ്യതകളും സമ്മേളിക്കുന്ന ചെറുസിനിമകള്‍ പ്രസ്തുത വ്യവസായത്തിന്റെ പൊതുഘടനയെ നിര്‍വചിക്കുന്നു. ഉദാഹരണമായി, വിജയ് നായകനായ ‘ലിയോ’, രജനികാന്തിന്റെ ‘ജയിലര്‍’, ശിവകാര്‍ത്തികേയന്റെ ‘അമരന്‍’ തുടങ്ങിയ ചിത്രങ്ങള്‍ യഥാക്രമം 2023, 2024 വര്‍ഷങ്ങളില്‍ നേടിയ വിപണി വിജയം ഇന്ത്യന്‍ സിനിമാഭൂപടത്തില്‍ തമിഴ് സിനിമയെ വിപണികേന്ദ്രിതമായി അടയാളപ്പെടുത്തി.
സിനിമാ നിര്‍മാണം, വിതരണം, ഒ.ടി.ടിയിലെ സ്വീകാര്യത എന്നിങ്ങനെ വ്യവസായത്തിന്റെ നാനാതലങ്ങളില്‍ വലിയ സിനിമകള്‍ക്ക് ശ്രദ്ധേയമായ പങ്കുണ്ട്. എന്നാല്‍, എന്താണ് തമിഴ് സിനിമയുടെ യഥാർഥ സൗന്ദര്യമെന്നത് തിരയേണ്ടത് വിപണിവിജയത്തോടൊപ്പം നിരൂപക-പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ചെറുസിനിമകളിലാണ്.
കഴിഞ്ഞ രണ്ട് ദശകത്തിലേറെ നീണ്ടുനില്‍ക്കുന്ന തമിഴ് സിനിമയിലെ ഭാവുകത്വപരിണാമം പരിശോധനാവിധേയമാക്കുമ്പോള്‍ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ കണ്ടെത്താനാകും. ഇവയില്‍, ചിലതെങ്കിലും വ്യവസായ സിനിമയുടെ ജനപ്രിയ ചേരുവകള്‍ക്കതീതമായ തലത്തില്‍ പരീക്ഷണാത്മകമായ ഉള്ളടക്കം, നവീനമായ ആഖ്യാനശൈലി എന്നിവ മുന്നോട്ടുവെച്ചവയാണ്. തമിഴ് സിനിമയിലെ ന്യൂ ജനറേഷന്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന സിനിമകളുമായി 2010നു ശേഷം ഒരു പുതുനിര സംവിധായകര്‍ രംഗപ്രവേശം ചെയ്തു.
നളന്‍ കുമാരസാമി, കാര്‍ത്തിക് സുബ്ബരാജ്, എം. മണികണ്ഠന്‍, ബാലാജി ധരണീധരന്‍, ത്യാഗരാജന്‍ കുമാരരാജ എന്നിവരിലാരംഭിച്ച് പാ. രഞ്ജിത്ത്, മാരി സെല്‍വരാജ്, വെട്രിമാരന്‍, രാംകുമാര്‍, എ.ജി. അമിത്, ലോകേഷ് കനകരാജ്, ലെനിന്‍ ഭാരതി, സി. പ്രേംകുമാര്‍ (പട്ടിക അപൂര്‍ണം) തുടങ്ങിയ സംവിധായകര്‍ തമിഴ് സിനിമക്ക് പുതിയ ചലച്ചിത്ര ഭാഷ്യം നിര്‍മിച്ചവരാണ്. ഇവയില്‍ പലരുടെയും സിനിമാപരീക്ഷണങ്ങളെ മുന്‍നിര്‍ത്തി പലമട്ടിലുള്ള ചര്‍ച്ചകള്‍ മുമ്പുണ്ടായിട്ടുമുണ്ട്. എന്നാല്‍, തമിഴ് സിനിമയിലെ താരപ്രഭാവത്തിനതീതമായ സിനിമാ പ്രയോഗമാതൃകകള്‍ ഭൂരിപക്ഷം മലയാളി പ്രേക്ഷകര്‍ക്കും അന്യമാണ്.
‘ഓനായും ആട്ടിന്‍കുട്ടിയും’ (2013), ‘പന്നയാറും പത്മിനിയും’ (2014), ‘ഉത്തമ വില്ലന്‍’ (2015) തുടങ്ങിയ ചിത്രങ്ങള്‍ സംവിധായകരുടെയും അഭിനേതാക്കളുടെയും ഉള്ളടക്കത്തിലെയും പരിചരണരീതിയിലെയും സവിശേഷതകള്‍മൂലവും ശ്രദ്ധ നേടിയവയാണെങ്കില്‍, മലയാളി ചലച്ചിത്രാസ്വാദന പരിസരങ്ങളില്‍ സവിശേഷമായി അടയാളപ്പെടാതെ പോയ ചില സിനിമകളാണ് ‘കട്റത് തമിഴ്’ (2007), ‘ആരണ്യകാണ്ഡം’ (2010), ‘വാകൈ സൂടാ വാ’ (2011), ‘വിടിയും മുന്‍’ (2013), ‘തങ്കമീന്‍കള്‍’ (2013), ‘മെട്രോ’ (2016), ‘കുട്രമെ ദണ്‍ഡണൈ’ (2016), ‘കുരങ്ക് ബൊമ്മൈ’ (2017), ‘ഒരു കിടായിന്‍ കരുണൈ മനു’ (2017), ‘കേ.ഡി.’ (2019), ‘കടൈസി വ്യവസായി’ (2022) എന്നിവ.
പാ രഞ്ജിത്ത്, മാരി സെല്‍വരാജ്, വെട്രിമാരന്‍ എന്നിവരുടെ സിനിമകള്‍ അവയുടെ രാഷ്ട്രീയമായ ഉള്ളടക്കംകൊണ്ടും സംവിധാന മികവുകൊണ്ടും ശ്രദ്ധ നേടിയെങ്കില്‍ ‘ജോക്കര്‍’ (2016), ‘മേര്‍ക്ക് തുടര്‍ച്ചി മലൈ’ (2018), ‘പേരന്‍പ്’ (2018) എന്നിവ നിരൂപക ശ്രദ്ധമൂലം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളാണ്. ഇവിടെ സവിശേഷമായി ശ്രദ്ധിക്കേണ്ട രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്, തമിഴ് സിനിമയില്‍ മുമ്പില്ലാത്തവിധം പരീക്ഷണാത്മകമായ ആഖ്യാന ശൈലികള്‍ 2000നു ശേഷം സജീവമാണ്. രണ്ട്, ഏതെങ്കിലും വിധത്തിലുള്ള പ്രചാരണങ്ങള്‍ക്ക് (രാഷ്ട്രീയ പശ്ചാത്തലം, താരസാന്നിധ്യം, നിരൂപക ശ്രദ്ധ തുടങ്ങിയവ) വിധേയമാകാത്ത നിരവധി മികച്ച ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകരിലേക്കെത്തുന്നില്ലെന്ന യാഥാർഥ്യം.
മുമ്പ് സൂചിപ്പിച്ച ചിത്രങ്ങളും മറ്റനേകം ചെറുചിത്രങ്ങളും 2010നു ശേഷം തമിഴ് സിനിമയിലുണ്ടായിട്ടും എന്തുകൊണ്ടാവാം ചലച്ചിത്ര സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന മലയാളി പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും ഇവ അന്യമായിത്തുടരുന്നത്? തിയറ്റര്‍, ഒ.ടി.ടി വേദികള്‍, ടെലിഗ്രാം ഡൗണ്‍ലോഡിങ് തുടങ്ങിയ പലവിധ മാധ്യമങ്ങളിലൂടെ സിനിമകള്‍ ആസ്വദിക്കുന്ന മലയാളി ജനതയുടെ മുന്നിലേക്ക് എന്തുകൊണ്ട് ഇത്തരം ചെറുചിത്രങ്ങള്‍ എത്തുന്നില്ലായെന്നത് പരിശോധിക്കേണ്ട വിഷയമാണ്.
ജനപ്രിയവും താരനിബിഡവുമായ ചിത്രങ്ങളേക്കാളുപരി ചെറു തമിഴ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകരെ പരിചയപ്പെടുത്തുവാന്‍ മാധ്യമങ്ങള്‍ക്കും നിരൂപകര്‍ക്കും സാധിക്കുന്നില്ലായെന്നത് ഏറെ ഗൗരവമേറിയ വിഷയമാണ്. ജനപ്രിയ സിനിമകളുടെ കെട്ടുകാഴ്ചകളെയും താരപ്പൊലിമകളെയും മാത്രം വാഴ്ത്തിയും വിമര്‍ശിച്ചും മലയാളി സിനിമാ റിവ്യൂ/ നിരൂപണങ്ങള്‍ നീങ്ങുമ്പോള്‍, ചെറു സിനിമകളുടെ തമിഴ് വസന്തം വിസ്മരിക്കപ്പെടുന്നു.
തങ്ങള്‍ക്കനുയോജ്യമായ രാഷ്ട്രീയം പ്രക്ഷേപിക്കുന്ന സിനിമകള്‍ക്ക് (ഉദാ. ജയ് ഭീം എന്ന സിനിമയെ മുന്‍നിര്‍ത്തി കേരളത്തിലരങ്ങേറിയ ചര്‍ച്ചകള്‍) ലഭിക്കുന്ന സാംസ്കാരികയിടം പലപ്പോഴും മികച്ച ചെറു സിനിമാസംരംഭങ്ങള്‍ക്ക് ലഭിക്കുന്നില്ലായെന്ന യാഥാർഥ്യം നിലനില്‍ക്കുന്നു. മറ്റൊരർഥത്തില്‍, രാഷ്ട്രീയ പക്ഷപാതിത്വങ്ങള്‍ക്കപ്പുറം സിനിമയെന്ന മാധ്യമത്തെ മുന്‍നിര്‍ത്തിയുള്ള സജീവ ചര്‍ച്ചകള്‍ക്ക് ഇക്കാലയളവില്‍ പ്രസക്തി ലഭിക്കുന്നില്ല. പ്രത്യയശാസ്ത്ര വായനകള്‍ക്കതീതമായ സിനിമാ കാഴ്ചകള്‍ തിരിച്ചുവരേണ്ടതിന്റെ അനിവാര്യതകൂടി ഇത്തരം ചെറുചിത്രങ്ങളുടെ തിരോധാനം ആവശ്യപ്പെടുന്നു.
തമിഴ് സിനിമയും ജാതിസമവാക്യങ്ങളും
പ്രബല പിന്നാക്ക ജാതി സമൂഹങ്ങളുടെ അധികാരപ്പോരിമ വിളിച്ചോതിയിരുന്ന തമിഴ് സിനിമയുടെ ഇന്നലെകളില്‍നിന്ന് ഭിന്നമായി കീഴാള പ്രാതിനിധ്യ ശബ്ദങ്ങളാല്‍ മുഖരിതമാണ് സമകാലിക തമിഴ് സിനിമ. പാ. രഞ്ജിത്തില്‍ ആരംഭിക്കുന്ന അത്തരമൊരു ചലച്ചിത്ര പ്രതിഭാസം, മാരി സെല്‍വരാജിലൂടെ കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. അതിനുപിന്നിലെ പ്രധാന പ്രചോദകമായിത്തീരുന്നത് നിര്‍മാണ-വിതരണ മേഖലയിലെ ദലിത് മൂലധന നിക്ഷേപമാണെന്നതില്‍ സംശയമില്ല.
പാ. രഞ്ജിത്തിന്റെ ഉടമസ്ഥതയില്‍ നിര്‍മിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്ത നിരവധി സിനിമകള്‍ കീഴാള ശബ്ദങ്ങളെ ഉറക്കെ കേള്‍പ്പിച്ചു. മറ്റൊരർഥത്തില്‍, പ്രത്യയശാസ്ത്ര പ്രചാരണോപാധിയെന്നതിനോടൊപ്പം വിപണി-വ്യവസായ സാധ്യതകൾകൂടി സ്വായത്തമാക്കുകയെന്ന അടിസ്ഥാന കമ്പോളയുക്തി പാ. രഞ്ജിത്തിലൂടെ നടപ്പിലാകുന്നു.
അദ്ദേഹം സംവിധാനംചെയ്ത സിനിമകള്‍ക്ക് പുറമെ, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിച്ച ‘പരിയേറും പെരുമാള്‍’ (2018), ‘ഇരണ്ടാം ഉലഗപ്പോരിന്‍ കടൈസി ഗുണ്ട്’ (2019), ‘റൈറ്റര്‍’ (2021), ‘സേത്തുമാന്‍’ (2022), ‘ബൊമ്മൈ നായകി’ (2023), ‘കുതിരവാല്‍’ (വിതരണം/ 2022), ‘ബ്ലൂ സ്റ്റാര്‍’ (2024), ‘ജെ. ബേബി’ (2024) തുടങ്ങിയ ചിത്രങ്ങള്‍ തമിഴ് സിനിമയുടെ സമകാലിക ഭാവുകത്വത്തെ രാഷ്ട്രീയപരമായും കലാപരമായും അടയാളപ്പെടുത്തുന്നവയാണ്.
സമാനമായി, മാരി സെല്‍വരാജിന്റെ ചിത്രങ്ങളും കാലത്തിന്റെ രാഷ്ട്രീയ-കല-സാംസ്കാരിക പരിസരങ്ങളെ അടയാളപ്പെടുത്തുന്നവയാണ്. ‘മാമന്നന്‍’ (2023), ‘വാഴൈ’ (2024) തുടങ്ങിയ ചിത്രങ്ങള്‍ ജാത്യാധികാരത്തിന്റെയും തൊഴില്‍ ചൂഷണത്തിന്റെയും വിവിധ വശങ്ങള്‍ ചിത്രീകരിക്കുന്നവയാണ്.
അവയില്‍, കീഴാള രാഷ്ട്രീയം മുഴങ്ങിക്കേള്‍ക്കുന്നുവെങ്കില്‍ത്തന്നെയും കലാപരമായ മികവില്‍ ഇവ മുന്നിട്ടുനില്‍ക്കുന്നുവെന്നതില്‍ സംശയമില്ല. മറ്റൊരർഥത്തില്‍, സിനിമയുടെ രാഷ്ട്രീയ ധ്വനികള്‍ കേവലം സംഭാഷണങ്ങളിലൊതുക്കാതെ അവയുടെ ആഖ്യാനപരിസരങ്ങളിലേക്കു കൂടി വികസിക്കുന്ന തരത്തിലാണ് സമകാലിക സിനിമകള്‍ പ്രവര്‍ത്തിക്കുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കീഴാള രാഷ്ട്രീയം അനാവൃതമാകുന്നുവെന്നതാണ് 2024ല്‍ പുറത്തുവന്ന ‘ബ്ലൂ സ്റ്റാര്‍’, ‘ലബ്ബര്‍ പന്ത്’ തുടങ്ങിയ ചിത്രങ്ങളെ ശ്രദ്ധേയമാക്കുന്നത്. സുശീന്ദ്രന്റെ ‘ജീവ’യുടെ (2014) പശ്ചാത്തലവും ക്രിക്കറ്റ് മത്സരവും അവിടെ നിലനില്‍ക്കുന്ന ജാതിചിഹ്നങ്ങളുമായിരുന്നു. ജാതി മാഹാത്മ്യം പ്രഘോഷിക്കുന്ന തമിഴ് സിനിമകള്‍ പ്രക്ഷേപിക്കുന്ന തരത്തിലല്ല, കീഴാള ചലച്ചിത്ര ധാര രാഷ്ട്രീയം കൈകാര്യംചെയ്യുന്നതെന്നതാണ് ശ്രദ്ധേയം.
അതിന്റെ മികച്ച ദൃഷ്ടാന്തമാണ് പാ. രഞ്ജിത്തിന്റെ ‘നക്ഷത്തിരം നഗര്‍കിറത്’ (2022). ഒരു നാടകസംഘത്തിന്റെ പശ്ചാത്തലത്തില്‍ കീഴാള-ലിംഗ രാഷ്ട്രീയം തന്റെ പതിവ് സംവിധാന ശൈലിയില്‍നിന്ന് ഭിന്നമായി അവതരിപ്പിക്കാന്‍ രഞ്ജിത്തിനായി. ചുരുക്കത്തില്‍, കീഴാള ജനതയുടെ മുഴക്കങ്ങളായി തമിഴ് സിനിമയില്‍ പുതുഭാഷ്യങ്ങളൊരുങ്ങിയ കാലം കൂടിയാണിതെന്നതില്‍ തര്‍ക്കമില്ല.
താര പരിണാമത്തിന്റെ ദൃശ്യരേഖകള്‍
സമകാലിക തമിഴ് സിനിമകള്‍ അഭിനേതാക്കളുടെ പ്രകടനത്തില്‍ കാതലായി വന്നുചേര്‍ന്ന മാറ്റങ്ങളുടെ പേരില്‍ സവിശേഷമായി അടയാളപ്പെടുന്നുണ്ട്. അവയിലേറെ ശ്രദ്ധ നേടിയ ചിലരുടെ പ്രകടനങ്ങളെ അവരുടെ പൂർവകാല അഭിനയ മാതൃകകളോട് ചേര്‍ത്ത് പരിശോധിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു ലഘു വിശകലനത്തിന് വിധേയമാകേണ്ട താര-നടന ശരീരങ്ങളാണ് എസ്.ജെ. സൂര്യ, വടിവേലു, സൂരി എന്നിവര്‍. തങ്ങള്‍ കാലങ്ങളായി പരുവപ്പെട്ടിരുന്ന കഥാപാത്ര നിര്‍മിതികളുടെ ചട്ടക്കൂടുകളില്‍നിന്ന് അഭിനയത്തിന്റെ പുതുസാധ്യതകള്‍ ഇവര്‍ കണ്ടെത്തിയെന്നത് ശ്രദ്ധേയമാണ്.
‘ഇരൈവി’ (2016), ‘സ്പൈഡര്‍’ (2016) തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങള്‍ക്കുശേഷം എസ്.ജെ. സൂര്യയുടെ അഭിനയവഴികള്‍ ഏറെ കൗതുകം നിറഞ്ഞ രീതികളിലാണ് മുന്നേറിയത്. ‘മോണ്‍സ്റ്റര്‍’ (2019), ‘മാനാട്’ (2021), ‘മാര്‍ക്ക് ആന്റണി’ (2023), ‘ജിഗര്‍ദണ്ട ഡബിള്‍ X’ (2023) തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും അഭിനയപ്രാധാന്യവുമുള്ള വേഷങ്ങള്‍ പ്രേക്ഷകശ്രദ്ധ നേടുന്നതില്‍ വിജയിച്ചു. സമാനമായി, ഹാസ്യതാരത്തില്‍നിന്ന് സിനിമയിലെ കേന്ദ്ര കഥാപാത്രമായി പരിണമിച്ചവരില്‍ വടിവേലു, സൂരി എന്നിവരെ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
‘ഇംസൈ അരസന്‍ 23ാം പുലികേശി’ എന്ന മുഴുനീള ഹാസ്യചിത്രത്തിലെ കഥാപാത്രത്തില്‍നിന്ന് അപകര്‍ഷബോധവും അരക്ഷിതാവസ്ഥയും നയിക്കുന്ന ‘മാമന്നനി’ലെ (2023) കേന്ദ്ര കഥാപാത്രമായുള്ള വടിവേലുവിന്റെ പകര്‍ന്നാട്ടം ഏറെ പ്രശംസിക്കപ്പെട്ടു. അഭിനയപാരമ്പര്യത്തില്‍ ഹാസ്യവേഷങ്ങളില്‍നിന്ന് സ്വഭാവനടനിലേക്ക് പരാവര്‍ത്തനംചെയ്ത നാഗേഷിന്റെ ശൈലിയോടാണ് വടിവേലുവിന്റെ ഭാവവിന്യാസങ്ങള്‍ കൂടുതല്‍ ആഭിമുഖ്യം പ്രകടിപ്പിക്കുന്നത്.
എന്നാല്‍, അഭിനയ മികവുകൊണ്ട് സമകാലിക തമിഴ് സിനിമയിലെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ സൂരിക്ക് സാധിക്കുന്നു. തന്റെ ശരീരത്തിലടങ്ങിയിരിക്കുന്ന നടികോര്‍ജത്തെ കെട്ടഴിച്ചുവിടുന്ന മട്ടിലാണ് ‘വിടുതലൈ’ (2023), ‘ഗരുഡന്‍’ (2024), ‘കൊട്ടുകാളി’ (2024) തുടങ്ങിയ ചിത്രങ്ങളില്‍ സൂരി അഭിനയിച്ചത്. മറ്റൊരർഥത്തില്‍, സമകാലിക തമിഴ് സിനിമയുടെ നിര്‍ണായകമായ കണ്ടെത്തലെന്നുപോലും സൂരിയുടെ നടനവൈഭവത്തെ അടയാളപ്പെടുത്താനാകും.
ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ, രാഷ്ട്രീയ മുക്തമായൊരു ചലച്ചിത്രലോകം തമിഴിന് അന്യമാണ്. അത്തരത്തിലുള്ള തമിഴ് കക്ഷിരാഷ്ട്രീയ മേഖലയിലേക്കുള്ള പുതിയ ചുവടുവെപ്പാണ് വിജയിയുടെ പാര്‍ട്ടി പ്രഖ്യാപനം. തമിഴ്നാട്ടില്‍ നിലവില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ മുതലാക്കുകയെന്ന ലക്ഷ്യം തമിഴക വെട്രി കഴകം പൂര്‍ത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. അതിന്റെ വിവിധ സൂചനകള്‍ തന്റെ സിനിമകളില്‍ വിജയ് ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ‘പുലി’ (2015), ‘മെര്‍സല്‍’ (2017), ‘സര്‍ക്കാര്‍’ (2018) തുടങ്ങിയ ചിത്രങ്ങളില്‍ നിസ്വാർഥനായ നേതാവിന്റെ പരിവേഷം അണിയാന്‍ തിരനായകന് സാധിച്ചു.
2024ല്‍ തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ‘ഗോട്ട്’ പലമട്ടിലും അത്തരം വായനകളുടെ സാധ്യത അവശേഷിപ്പിക്കുന്നു. സിനിമയുടെ ആരംഭത്തിലുള്ള സംഘട്ടനരംഗത്തില്‍ ക്യാപ്റ്റന്‍ വിജയകാന്തിന്റെ മുഖസാമ്യവുമായാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. വിജയകാന്തിന്റെ രാഷ്ട്രീയ അനന്തരാവകാശിയെന്ന തലത്തിലേക്ക് വിജയ് പരിഗണിക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയെന്ന ലക്ഷ്യവും പ്രസ്തുത രംഗത്തിനുണ്ട്.
സമാനമായി, സിനിമയുടെ അവസാനഭാഗത്ത് ശിവകാര്‍ത്തികേയന്റെ രംഗപ്രവേശം ചലച്ചിത്ര മേഖലയിലെ വിജയ് യുടെ പിന്‍ഗാമിയായി അദ്ദേഹത്തെ സ്ഥാനപ്പെടുത്തുന്ന തരത്തിലാണ് നടപ്പിലാക്കിയിരിക്കുന്നത്. ചുരുക്കത്തില്‍, തമിഴ് രാഷ്ട്രീയ-സിനിമ മേഖലകളിലെ പുതുതരംഗങ്ങളൊരുങ്ങുന്നത് വിജയ് യുടെ രാഷ്ട്രീയ സിനിമാ മേഖലകളിലെ നയരൂപവത്കരണങ്ങളെ അടിസ്ഥാനമാക്കിയാവും എന്നത് നിശ്ചയമാണ്.
‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന മലയാളം സിനിമക്കും, മോഹന്‍ലാല്‍ (ജയിലര്‍), ഫഹദ് ഫാസില്‍ (വേലക്കാരന്‍, മാമന്നന്‍, വേട്ടയന്‍), മഞ്ജു വാര്യര്‍ (അസുരന്‍, തുനിവ്, വേട്ടയന്‍), വിനായകന്‍ (ജയിലര്‍) തുടങ്ങിയ അഭിനേതാക്കള്‍ക്കും തമിഴ്നാട്ടില്‍ ലഭിച്ച വലിയ സ്വീകരണം പാൻ-ഇന്ത്യന്‍ തലത്തിലേക്കുയരുന്ന തമിഴ് സിനിമ വ്യവസായത്തിന്റെ സൂചന നല്‍കുന്നു.
ബോബി ഡിയോള്‍ (കങ്കുവ), ശിവരാജ് കുമാര്‍ (ജയിലര്‍), സഞ്ജയ് ദത്ത് (ലിയോ) തുടങ്ങിയവരുടെ തമിഴ് സിനിമയിലെ സാന്നിധ്യം ഭാഷാഭേദങ്ങള്‍ക്കതീതമായി വളരുന്ന തമിഴ് സിനിമ വ്യവസായത്തിന്റെ സൂചനകളാണ്. ഒ.ടി.ടി വേദികളുടെ വ്യാപനത്തോടെ ആഗോളതലത്തിലേക്ക് ഇന്ത്യന്‍ സിനിമകള്‍ കയറ്റുമതി ചെയ്യപ്പെടുന്നു. അവയില്‍ തമിഴ് സിനിമയടങ്ങുന്ന തെന്നിന്ത്യന്‍ സിനിമാവ്യവസായത്തിന് നിര്‍ണായക പങ്കാണുള്ളതെന്നതില്‍ തര്‍ക്കമില്ല.