Begin typing your search above and press return to search.
proflie-avatar
Login

അച്ഛനോർമകള്‍

അച്ഛനോർമകള്‍
cancel

അഭിനേതാവും സംവിധായകനുമായ പി.ജെ. ആന്റണിയുടെ ജന്മശതാബ്​ദി വർഷമാണിത്​. മകൾ എലിസബത്ത്​ ആന്റണി അച്ഛനെ ഒാർക്കുന്നു. ആദ്യമേ പറയട്ടെ, എനിക്ക് സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല. പ്രഭാഷണം എന്നുപറയുമ്പോള്‍ പ്രസംഗത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കണമല്ലോ. കേള്‍വിക്കാരെ നമ്മിലേക്ക് അടുപ്പിക്കാനുള്ള കഴിവ് ഒക്കെ വേണമെന്നാണ് പറയുന്നത്. പക്ഷേ, എനിക്ക് അങ്ങനെയൊരു കഴിവില്ല; നിങ്ങളാരും എന്നെ ഒരു വേദിയിലും കണ്ടിട്ടുണ്ടാവില്ല. കാരണമിതാണ്. എന്നില്‍ നിക്ഷിപ്തമായ ദൗത്യം അച്ഛനോർമകള്‍ വിശദീകരിക്കയാണല്ലോ. 45 വര്‍ഷമായി അച്ഛനെക്കുറിച്ചുള്ള ഓരോ പ്രഭാഷണവും കേള്‍ക്കുമ്പോള്‍ ‘നിർമാല്യം’ സിനിമ വീണ്ടും...

Your Subscription Supports Independent Journalism

View Plans
അഭിനേതാവും സംവിധായകനുമായ പി.ജെ. ആന്റണിയുടെ ജന്മശതാബ്​ദി വർഷമാണിത്​. മകൾ എലിസബത്ത്​ ആന്റണി അച്ഛനെ ഒാർക്കുന്നു. 

ആദ്യമേ പറയട്ടെ, എനിക്ക് സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ല. പ്രഭാഷണം എന്നുപറയുമ്പോള്‍ പ്രസംഗത്തേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കണമല്ലോ. കേള്‍വിക്കാരെ നമ്മിലേക്ക് അടുപ്പിക്കാനുള്ള കഴിവ് ഒക്കെ വേണമെന്നാണ് പറയുന്നത്. പക്ഷേ, എനിക്ക് അങ്ങനെയൊരു കഴിവില്ല; നിങ്ങളാരും എന്നെ ഒരു വേദിയിലും കണ്ടിട്ടുണ്ടാവില്ല. കാരണമിതാണ്.

എന്നില്‍ നിക്ഷിപ്തമായ ദൗത്യം അച്ഛനോർമകള്‍ വിശദീകരിക്കയാണല്ലോ. 45 വര്‍ഷമായി അച്ഛനെക്കുറിച്ചുള്ള ഓരോ പ്രഭാഷണവും കേള്‍ക്കുമ്പോള്‍ ‘നിർമാല്യം’ സിനിമ വീണ്ടും വീണ്ടും കാണുമ്പോള്‍ കിട്ടുന്ന അറിവുപോലെ, എനിക്കങ്ങനെയൊന്നും അറിയില്ല. പലരും വായിച്ചും പറഞ്ഞും കേട്ട അറിവുകളുണ്ട്. പക്ഷേ, അത്രയധികം ഓര്‍മകളൊന്നും അച്ഛനെക്കുറിച്ച് ഇല്ലെന്നുതന്നെ പറയാം. പലരും പറയുന്നുണ്ട്; എഴുതുന്നുണ്ട്. നിങ്ങളുടെയൊക്കെ മനസ്സില്‍ അച്ഛനെക്കുറിച്ച് ഒരുപാട് ഓർമകള്‍ ഉണ്ടാകാം, ‘നിർമാല്യ’ത്തിലെ വെളിച്ചപ്പാടായിട്ടാകാം കൂടുതല്‍.

അപ്പച്ചന്‍ വലിയ കമ്യൂണിസ്റ്റായിരുന്നു –എന്നു​െവച്ചാല്‍ പാര്‍ട്ടിക്കാരനെന്നുള്ള അർഥത്തിലല്ല, ജീവിതംകൊണ്ട്. ഞാന്‍ കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റായിരുന്നു അപ്പച്ചന്‍. കൈയില്‍ വരുന്നത്, അതുപോലെതന്നെ മുന്നില്‍ ഇല്ലായ്മ പറഞ്ഞു വരുന്നവര്‍ക്കായി വീതിച്ചുകൊടുക്കും.

അപ്പച്ചന്‍ 54 വര്‍ഷം ഈ ഭൂമിയില്‍ ജീവിച്ചു. സംസ്‌കൃതി സാഹിതി പാസായ ആളാണ്. ടീച്ചറായി ജോലിയൊക്കെ കിട്ടിയതാ –അതൊക്കെ വിട്ടെറിഞ്ഞ് നാടകവുമായി മുന്നോട്ടുപോയി. നാടകത്തിനായി ജീവിതമുഴിഞ്ഞുവെച്ചു. സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും സിനിമ അത്ര മോഹിപ്പിച്ചിട്ടില്ല. നാടകമായിരുന്നു മുഖ്യം. ഇനി ഒരിക്കലും കേരളത്തിലേക്ക് തിരിച്ചുവരില്ല എന്നുപറഞ്ഞാണ് തമിഴ്നാട്ടിലേക്ക് പോയത്. പക്ഷേ, അതുകഴിഞ്ഞ് മൂന്നു ദിവസമേ ജീവിച്ചുള്ളൂ.

അപ്പച്ചന്റെ പോസിറ്റിവ് ക്വാളിറ്റിയെപ്പറ്റിയേ എല്ലാവരും പറയാറുള്ളൂ. അപ്പച്ചന്‍ ഏറ്റവും നല്ല ആളാണെന്ന് ഞാന്‍ പറയില്ല. അപ്പച്ചന്‍ നാടകവും വിപ്ലവവുമായി മുന്നോട്ടുപോകുന്ന സമയത്ത് ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു –ഒരഞ്ചു വയസ്സുകാരി. അത് ഞാനായിരുന്നു. എന്റെ ബാല്യവും കൗമാരവും എനിക്ക് നഷ്ടപ്പെട്ടു. എനിക്ക് എന്റെ അപ്പച്ചനെക്കുറിച്ച് അധികം ഓർമകളില്ല.

അഞ്ചുവയസ്സിലെ ഒരുദിവസം ഒരു കാര്‍ വരുന്നു. എന്നെയും സഹോദരനെയും കയറ്റി, അതില്‍ അപ്പച്ചനും വേറെയാരെല്ലാമോ ഉണ്ടായിരുന്നു. ഞാനുറങ്ങിപ്പോയിരിക്കണം. ഉണരുമ്പോള്‍ ചുറ്റും കുറെ കന്യാസ്ത്രീകള്‍; അവരുടെ നടുവിലായിരുന്നു ഞാന്‍. ആ അഞ്ചുവയസ്സുകാരിയെ ഒരു ബോര്‍ഡിങ് സ്‌കൂളിലേക്ക് പറിച്ചുനടുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല. എന്നെ അവിടെയാക്കി തിരിച്ച് യാത്രയായ അച്ഛനു പിന്നാലെ അലറിക്കരഞ്ഞു ഞാനോടി.

ഞാന്‍ പഠിച്ച സ്‌കൂള്‍ കുട്ടമശ്ശേരിയിലായിരുന്നു. ദൂരെ എച്ച്.എം.ടിയുടെ കെട്ടിടം കാണാം. ചുറ്റും മനോഹരമായ മൊട്ടക്കുന്നുകള്‍. ഗ്രാമീണ മനോഹാരിതയും പച്ചപ്പും കാണാന്‍ എവിടെയൊക്കെ യാത്ര പോകുന്നു. പക്ഷേ, എനിക്ക് അന്നൊന്നും അതൊന്നും ആസ്വദിക്കാനായില്ല; എന്റെ 11 വര്‍ഷക്കാലം.

എനിക്ക് അമ്മച്ചിയെ കാണണം. കാത്തുകാത്ത് ഇരുന്നാല്‍ വെക്കേഷന്‍ വരും, ഞാന്‍ അമ്മച്ചിയെ കാണും. ഇങ്ങനെ വല്ലപ്പോഴും ഞാന്‍ കാണുന്ന എന്റെ മാതാപിതാക്കള്‍. അവര്‍ വല്ലപ്പോഴും മാത്രമേ എന്നെ കാണാന്‍ ബോര്‍ഡിങ്ങില്‍ വരുമായിരുന്നുള്ളൂ.

അമ്മച്ചി എന്നെ മോളെ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അമ്മച്ചിയോട് ചോദിക്കും. എന്തിനാ അമ്മച്ചി എന്നെ ഇങ്ങനെ വിളിക്കണെ –ഈ വിളി കേള്‍ക്കാന്‍ ഞാന്‍ എത്ര ആഗ്രഹിച്ചിരുന്നെന്നോ! ഇപ്പോള്‍ എല്ലാവരും പറയുന്നതു കേള്‍ക്കാം എനിക്ക് എന്റെ ബാല്യത്തിലേക്ക് തിരികെ പോകാന്‍ കഴിഞ്ഞെങ്കിലെന്ന്, പക്ഷേ എനിക്ക് അങ്ങനെയല്ല; എനിക്ക് ബാല്യമില്ലായിരുന്നു.

എന്റെ ബാല്യം നഷ്ടപ്പെടുത്തി സമൂഹത്തിനുവേണ്ടി എല്ലാം ചെയ്തുകൂട്ടുമ്പോള്‍ ഒരു കൊച്ചുകുട്ടിയുടെ ദുഃഖം അവര്‍ക്ക് മനസ്സിലാക്കാനായില്ല. അവരെന്നെ കാണാന്‍ വരുമ്പോള്‍ വീണ്ടും ഇന്ന ദിവസം വരുമെന്ന് പറയും. ഞാന്‍ അന്ന് മുതല്‍ ഒരു ചാര്‍ട്ടുണ്ടാക്കും. എന്റെ കൗമാരം. നാടക ട്രൂപ്പുമായി നടക്കുന്ന അപ്പച്ചന്‍; അപ്പച്ചന്‍ മദ്യപിക്കുകയും ചെയ്യുമായിരുന്നു അതും കുടുംബത്തെ ബാധിച്ചു. പോസിറ്റിവുകള്‍ ധാരാളമുണ്ട്. പക്ഷേ, ഞങ്ങള്‍ നെഗറ്റിവുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. എന്റെ 18ാം വയസ്സില്‍ അപ്പച്ചന്‍ മരിച്ചു.

ചില സമയങ്ങളില്‍ അപ്പച്ചന്‍ ഞങ്ങളോടൊപ്പം നടന്നു. ഒരിക്കല്‍ ഒരു കഥ പറഞ്ഞു. അതെനിക്കായി പറഞ്ഞതാവാം, ഒരു പിതാവിന് വലിയൊരു ലൈബ്രറി ഉണ്ടായിരുന്നു. ഒരേയൊരു മകനേ ഉള്ളൂ. മകനോട് പറയും നീ ഈ പുസ്തകം മുഴുവനും വായിക്കണം, മകന്‍ വായിക്കുന്നില്ലെന്ന് തോന്നി വീണ്ടും പറഞ്ഞു, നീ ഇതില്‍ നൂറെണ്ണം എങ്കിലും വായിക്കണം, പിന്നെ 10 ആക്കി. ഒടുവില്‍ ഒരു വാക്യമാക്കി ചുരുക്കി എഴുതി​െവച്ചു, നീ നല്ലവനായി ജീവിക്കുക. അതെനിക്ക് വേണ്ടി എഴുതിയതാവാം.

അപ്പച്ചന്‍ മരിക്കുമ്പോള്‍ ഒന്നുമില്ല. ഒരു വാടക വീട്ടില്‍ ഞങ്ങള്‍ ജീവിക്കുന്നു. ചുറ്റുമുള്ളതൊന്നും ഞങ്ങളെ ബാധിച്ചില്ല. ആദ്യകാലങ്ങളില്‍ ഒത്തിരി അനുശോചന യോഗങ്ങള്‍ നടന്നു. ഒരു യോഗത്തില്‍ വെച്ച് സി.പി. ശ്രീധരന്‍ പറഞ്ഞു; ഞാനൊരു കാര്യം ചെയ്യാന്‍ പോകുന്നു. പി.ജെ. ആന്റണിയുടെ കുറെ നല്ല പുസ്തകങ്ങള്‍ എടുത്ത് SPCSനെ കൊണ്ട് പ്രസാധനം ചെയ്യാന്‍ പോകുന്നു. അതൊരു രാഷ്ട്രീയവാഗ്ദാനം മാത്രമാണെന്നാണ് കരുതിയത്. പക്ഷേ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം വന്ന് കുറെ പുസ്തകങ്ങള്‍ എടുത്തുകൊണ്ടുപോയി.

കുറച്ചുദിവസം കഴിഞ്ഞ് സി.പി. ശ്രീധരന്‍ വന്ന് അഡ്വാന്‍സ് എന്നും പറഞ്ഞ് കുറേ രൂപ തന്നു. അങ്ങനെയൊരു സമ്പ്രദായം പ്രസാധകര്‍ക്കിടയില്‍ ഇല്ലാന്ന് പിന്നീടാണ് ഞങ്ങള്‍ അറിഞ്ഞത്. വളരെ സാവധാനം ഞാനറിയാതെ തന്നെ കുടുംബജീവിതഭാരവും എന്റെമേല്‍ വന്നുവീണു. ആദ്യകാലത്ത് ആ ഭാഗത്തുള്ള എല്ലാ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കും ട്യൂഷന്‍ എടുത്തു. പിന്നെ എല്‍എല്‍.ബി കഴിഞ്ഞു. തുടക്കക്കാരിയായ വക്കീലിനെന്ത് കിട്ടുമെന്ന് അറിയാമല്ലോ. വെളുപ്പിനെ മുതല്‍ ട്യൂഷന്‍ പിന്നെ വൈകീട്ടും.

ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത്ഭുതപ്പെടും. അതെല്ലാം എങ്ങനെ നടത്തിക്കൊണ്ടുപോയി? വാടകവീട്, കുടുംബച്ചെലവുകള്‍, പഠനം... ആ അനുഭവങ്ങള്‍കൊണ്ട് ഒന്നുണ്ടായി; ഞാനിപ്പോള്‍ എവിടെ കൊണ്ടിട്ടാലും ജീവിക്കും.

എന്റെ കല്യാണം കഴിഞ്ഞു. അപ്പച്ചന്‍ എന്റെ കാര്യങ്ങള്‍ ഒന്നും നോക്കിയിരുന്നില്ല. പക്ഷേ, കല്യാണം കഴിഞ്ഞപ്പോള്‍ അതൊക്കെ മാറി. എന്റെ ലോകം, എന്റെ ഭര്‍ത്താവ്, മക്കള്‍... ഞാനതില്‍ ഇഴുകിച്ചേര്‍ന്നു. എനിക്ക് സാഹിത്യവുമായി ഒരു ബന്ധവുമില്ല. എന്റെ സന്തോഷലോകം കുടുംബത്തില്‍ ഞാനുണ്ടാക്കി.

ഭര്‍ത്താവ് അടുത്തയിടെ മരിച്ചു. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. അമ്മച്ചി എന്റെ കൂടെയുണ്ട്. 92 വയസ്സായി. ഇപ്പോഴും അമ്മച്ചിയെ ഞാനാണ് നോക്കുന്നത്. ഞാനൊരു കാലഘട്ടം മുഴുവന്‍ ദുഃഖവും പേറിനടന്നു.

 

എലിസബത്ത്​ ആന്റണി അച്ഛനെക്കുറിച്ച്​ സംസാരിക്കുന്നു

‘അച്ഛനോർമകള്‍’ എന്നുപറയുമ്പോള്‍ എല്ലാവരും അപ്പച്ചനെ വാഴ്ത്തിപ്പാടുന്നത് ഞാന്‍ കേള്‍ക്കുന്നു. അപ്പച്ചന്‍ ഇങ്ങനെയൊക്കെ ആയതുകൊണ്ടാണ് എനിക്ക് നിങ്ങളുടെ മുന്നില്‍ ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ അവസരമുണ്ടായത്. പക്ഷേ, എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല.

സ്‌നേഹം ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കണം. അച്ഛനുമമ്മക്കും സ്‌നേഹമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. അത് പ്രകടിപ്പിക്കണം.

എല്ലാ കുട്ടികള്‍ക്കും കിട്ടിയിരുന്ന ഒരു ബാല്യം ഉണ്ടല്ലോ, അതെനിക്ക് കിട്ടിയില്ല. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഇത്‌ േകള്‍ക്കുന്നവര്‍ക്ക്, വായിക്കുന്നവര്‍ക്ക് ഇതൊരു നിസ്സാര കാര്യമായിരിക്കാം, പക്ഷേ, എന്റെ അച്ഛനോർമ ഇതൊക്കെ തന്നെയാണ്.170 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കുറെയെല്ലാം ഞാനും കണ്ടിട്ടുണ്ട്. അപ്പച്ചന്‍ ക്യാമ്പില്‍ വളരെ സ്ട്രിക്ടായിരുന്നു. പക്ഷേ, സ്റ്റേജില്‍ കയറുമ്പോള്‍ അതൊക്കെ മാറും.

‘നാടകലഹരി’യില്‍ മരട് ജോസഫേട്ടന്‍ പറയുന്ന ഒരു സംഭവമുണ്ട്. മരട് ജോസഫ് ചേട്ടന്‍ പറയുമ്പോള്‍ ‘ബുദ്ധിമുട്ട്’ എന്ന വാക്ക് ‘ത്തിമുട്ട്’ എന്നേ പറയാറുള്ളൂ. അതിന് അപ്പച്ചന്‍ വലിയ ശിക്ഷയൊക്കെ കൊടുത്തിരുന്നത്രേ– എല്ലാവരോടും വലിയ സ്‌നേഹമായിരുന്നു. ഇംഗ്ലീഷില്‍നിന്നും നാടകമെടുത്ത് അവതരിപ്പിക്കുമ്പോള്‍ കടപ്പാട് ആദ്യമേ പറയും.

ശരിക്ക് പറഞ്ഞാല്‍ കലക്കുവേണ്ടി, പുറംതള്ളപ്പെട്ട കുറെ ആളുകള്‍ക്കുവേണ്ടി അദ്ദേഹം ജീവിച്ചു. മട്ടാഞ്ചേരിയിലെ തൊഴിലാളി ജീവിതത്തെക്കുറിച്ച് ‘ഞങ്ങളുടെ മണ്ണ്’ എന്നൊരു നാടകമെഴുതി. അതിലെ ‘‘മട്ടാഞ്ചേരിയെ മറക്കാമോ...’’ എന്ന ഗാനമെഴുതിയത് എന്റെ അപ്പച്ചനാണെന്ന് പറയാനൊക്കെ വലിയ അഭിമാനമായിരുന്നു.

അപ്പച്ചന്റെ മനസ്സില്‍ മതത്തിനോടുള്ള ഒരമിതവിശ്വാസമുണ്ടായിരുന്നു. എന്നെ പള്ളിയിലടക്കുമോ എന്നറിയില്ല. എന്നാലും ഒന്നു ശ്രമിച്ചുനോക്കൂ, സമ്മതിച്ചില്ലേല്‍ ദഹിപ്പിച്ചാല്‍ മതി എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

അവാര്‍ഡിലൊന്നും വിശ്വാസമില്ലായിരുന്നു. ഭരത് അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പലരും നിര്‍ബന്ധിച്ചാണ് കൊണ്ടുപോയത്. ആ അവാര്‍ഡിനൊരു പ്രത്യേകതയുണ്ട്. ആ വര്‍ഷം മാത്രം ക്യാഷ് അവാര്‍ഡ് ഉണ്ടായിരുന്നില്ല. ഭരത് അവാര്‍ഡ് അവസാനമായി കിട്ടിയത് അപ്പച്ചനാണ്. പിന്നീട് ഭരത് ഇല്ല; പകരം ‘ലോട്ടസ്’ അവാര്‍ഡാണ്.

അപ്പച്ചന്റെ പുസ്തകങ്ങളില്‍നിന്നും പിന്നീട് കുറച്ച് റോയല്‍റ്റിയൊക്കെ കിട്ടിയിരുന്നു. ‘‘ഞാന്‍ മരിച്ചു കഴിഞ്ഞാലും ചില സുമനസ്സുകള്‍ ഒക്കെ പിരിച്ച് പൈസയുമായിവരും. അത് വാങ്ങരുത്’’ എന്ന് അപ്പച്ചന്‍ മരിക്കുംമുമ്പ് പറഞ്ഞിരുന്നു. ഞങ്ങളതുപോലെ ചെയ്തു.

==============

(ഭരത് പി.ജെ. ആന്റണി ജന്മശതാബ്ദിയുടെ ഭാഗമായി പ്രണത ബുക്‌സ് കൊച്ചിയില്‍ സംഘടിപ്പിച്ച ‘അച്ഛനോർമകള്‍’ എന്ന അനുസ്മരണത്തില്‍ നടത്തിയ പ്രഭാഷണമാണിത്​)

News Summary - weekly culture film and theatre