സിനിമയുടെ ശരീരവും വികാരപ്രഭാവങ്ങളും
സിനിമ പോലുള്ള മാധ്യമത്തെ എങ്ങനെ കാര്യക്ഷമമായി സമീപിക്കണമെന്ന കാര്യത്തിലും ഊര്‍ജിതമായ ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. അതിലെ പ്രധാനധാരയാണ് ചലച്ചിത്രാനുഭവത്തിലും ഇന്ദ്രിയസംവേദനത്തിലും വികാരപ്രഭാവങ്ങളിലും ഊന്നുന്ന പ്രാതിഭാസിക വിജ്ഞാനീയ (Phenomenology) ചിന്ത. സിനിമയുടെ പ്രാതിഭാസിക ചിന്തക്കുള്ള ഒരാമുഖമാണ് ഈ ലേഖനം. കഴിഞ്ഞ ലക്കം തുടർച്ച.സിനിമയുടെ അനുഭവം ശരീരവേദ്യ(embodied)മാണെന്ന് പറഞ്ഞല്ലോ. കേള്‍ക്കുകയും കാണുകയും സ്പര്‍ശിക്കുകയും ചലിക്കുകയും...
Your Subscription Supports Independent Journalism
View Plansസിനിമ പോലുള്ള മാധ്യമത്തെ എങ്ങനെ കാര്യക്ഷമമായി സമീപിക്കണമെന്ന കാര്യത്തിലും ഊര്‍ജിതമായ ആലോചനകള്‍ ഉണ്ടായിട്ടുണ്ട്. അതിലെ പ്രധാനധാരയാണ് ചലച്ചിത്രാനുഭവത്തിലും ഇന്ദ്രിയസംവേദനത്തിലും വികാരപ്രഭാവങ്ങളിലും ഊന്നുന്ന പ്രാതിഭാസിക വിജ്ഞാനീയ (Phenomenology) ചിന്ത. സിനിമയുടെ പ്രാതിഭാസിക ചിന്തക്കുള്ള ഒരാമുഖമാണ് ഈ ലേഖനം. കഴിഞ്ഞ ലക്കം തുടർച്ച.
സിനിമയുടെ അനുഭവം ശരീരവേദ്യ(embodied)മാണെന്ന് പറഞ്ഞല്ലോ. കേള്‍ക്കുകയും കാണുകയും സ്പര്‍ശിക്കുകയും ചലിക്കുകയും രുചിക്കുകയും മണക്കുകയും ചെയ്യുന്ന അനുഭവങ്ങള്‍ പലപ്പോഴും കൂടിക്കുഴഞ്ഞാണ് കിടക്കുകയെന്നും സൂചിപ്പിച്ചല്ലോ. അത് നമ്മുടെ ഇന്ദ്രിയസമുച്ചയത്തെ (Sensorium) ഉപയോഗപ്പെടുത്തുന്നു. ഇനി സിനിമാനുഭവത്തില്‍ പ്രാഥമികമായി എന്തൊക്കെ ഘടകങ്ങളാണ് ഉള്ളത് എന്നു നോക്കാം. പൊതുവായി പറഞ്ഞാല്‍ ഇടങ്ങളും രൂപങ്ങളും (Spaces and Figures) ചേര്‍ന്നതാണ് സിനിമ. കുറച്ചുകൂടി വിശദമാക്കിയാല്‍ വ്യക്തികള്‍ (മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും), വസ്തുക്കള്‍, ഇടങ്ങള്‍, അവക്കിടയിലെ പരസ്പര ബന്ധം, മൂവ്മെന്റ് –ചലനം എന്നിവയാണ് സിനിമ എന്ന ആവിഷ്കാര രൂപത്തിന്റെ സവിശേഷത.
സ്ക്രീനിലെ ശരീരങ്ങള്‍ക്കും പ്രേക്ഷകശരീരത്തിനും ഇടയില്‍ ഉണ്ടാകുന്ന വൈകാരികതകളെക്കുറിച്ച് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും അടുത്തകാലത്തായി സിനിമയിലും മറ്റു മേഖലയിലും പ്രബലമായി വരുന്ന അഫെക്ടിവ് ടേണിനെ (The Affective Turn) കുറിച്ചുകൂടി ചിലത് സൂചിപ്പിക്കേണ്ടതുണ്ട്. Affect എന്നതിന് ഭാവശക്തി എന്ന് മലയാളത്തില്‍ പലരും പ്രയോഗിച്ചുപോരുന്നുണ്ട്. എന്നാല്‍ അഫെക്റ്റ് എന്ന പദത്തിന്റെ സങ്കീര്‍ണമായ ധ്വനികള്‍ ‘ഭാവശക്തി’ ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ശക്തി എന്നത് force എന്ന അര്‍ഥത്തില്‍ അഫെക്റ്റിന്റെ ഭാഗമാണെങ്കിലും മറ്റു ചില പ്രത്യേകതകളെ വിശദീകരിക്കുന്നതില്‍ പരിമിതിയുണ്ടാക്കുന്നു. സാംസ്കാരിക ചിന്തകയായ ജെ. ദേവിക ഒരിക്കല്‍ ‘വികാരപ്രഭാവം’ എന്ന വാക്ക് പ്രയോഗിച്ചു കണ്ടു. പുറപ്പെടല്‍, ഉത്ഭവിക്കല് എന്ന അര്‍ഥത്തില്‍ വികാരപ്രഭവം എന്നോ പ്രകാശപൂരിതമാകുക, വിളങ്ങിനില്ക്കുക തുടങ്ങിയ അര്‍ഥത്തില്‍ വികാര പ്രഭാവം എന്നോ അഫെക്റ്റിന് സമാനപദങ്ങളായി ഉപയോഗിക്കാമെന്നാണ് കരുതുന്നത്.
സിനിമയിലും മറ്റു കലകളിലും മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിലും രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലും എല്ലാം അഫെക്റ്റിന് വളരെയധികം പ്രാധാന്യം കൈവന്നിട്ടുണ്ട്. അഫെക്റ്റ് തിയറികള്‍ ഏറെയുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും അഫെക്റ്റ് എന്താണെന്ന് നിര്‍വചിക്കാന്‍ തുനിയുന്നില്ല. നിര്‍വചനം ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്ന് വികാരപ്രഭാവവാദികള് കരുതുന്നു.
2010ല്‍ മെലിസ്സ ഗ്രേഗും (Melissa Gregg), ഗ്രിഗറി സീഗ്വര്ത്തും (Gregory J. Seigworth) എഡിറ്റ് ചെയ്ത ‘ദി അഫെക്റ്റ് തിയറി റീഡര്‍’ (The Affect Theory Reader) എന്ന പുസ്തകത്തിന്റെ, ഏന് ഇന്‍വെന്ററി ഓഫ് ഷിമ്മേഴ്സ് (An Inventory of Shimmers) എന്ന ആമുഖത്തില്‍ വികാരപ്രഭാവങ്ങളെ വിശദമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആമുഖത്തിന്റെ തലക്കെട്ടിലെ ഷിമ്മേഴ്സ് എന്ന വാക്കിന് Shine with a soft, slightly wavering light എന്നാണ് നിഘണ്ടുവിലെ അര്‍ഥം. വിളങ്ങിനില്ക്കുക, പ്രഭാവിതമാകുക എന്നോ പറയാം. പ്രഭകളുടെ/വിളക്കങ്ങളുടെ കലവറ എന്ന് തലക്കെട്ടിനെ വിവര്ത്തനംചെയ്യാം. നൈമിഷികമോ ചിലപ്പോള്‍ കുറച്ചുനേരം നീണ്ടുനില്ക്കുന്നതോ ആയ ഊര്ജപ്രവേഗങ്ങളുടെയോ തീവ്രതകളുടെയോ (forces and intensities) കടന്നുകയറ്റമോ സംക്രമിക്കലോ ആയി അഫെക്റ്റിനെ മനസ്സിലാക്കാം. താല്ക്കാലികമോ നൈമിഷികമോ ആയ വികാരങ്ങളുടെ പൊട്ടിപ്പുറപ്പെടലും പടരലും എന്നു ലളിതമായി പറയാം.
അഫെക്റ്റ് എന്നത് ഇടനിലയിലുള്ള അവസ്ഥയാണ്. നമ്മള് ഒരാളെ, ഒരു വസ്തുവിനെ, ഒരു ഇടത്തെ നേരിടുമ്പോള്‍, അവയുമായി ബന്ധം സ്ഥാപിക്കുന്ന നിമിഷങ്ങളില്‍ നമ്മുടെ ശരീരത്തിലുണരുന്ന പ്രാഥമികമായ പ്രതികരണമാണ് അല്ലെങ്കില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത ഭാവമാണ് അഫെക്റ്റ്. അത് അടിസ്ഥാനപരമായി ലോകത്തില്‍ നാം ജീവിക്കുന്നതിന്റെയും (Existential) സാന്നിധ്യം അടയാളപ്പെടുത്തുന്നതിന്റെയും ഭാഗമാണ്.
ചുറ്റുപാടുകളോട് ബന്ധം സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ്. എന്നാല്‍ ഒരാള്‍ക്ക് ചുറ്റുപാടുമായി, ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ പറ്റാതിരിക്കുക എന്ന അവസ്ഥയും ഉണ്ടല്ലോ. പലപ്പോഴും നിരാശ, വിഷാദം, സങ്കടം എന്നിവയൊക്കെ ഉത്ഭവിക്കുന്നത് ഇവിടെയാണ്. Relatedness, In-betweenness എന്നിവ പൊതുവെ വ്യക്തിജീവിതത്തിലെ പ്രധാനഘടകങ്ങളാണ്.
വൈകാരികതകളുടെ ഉറവെടുക്കല്‍ പ്രക്രിയ എങ്ങനെയാണ്? ‘ദി അഫെക്റ്റ് തിയറി റീഡറി’ല്‍തന്നെ 1884ല്‍ വില്യം ജെയിംസ് എഴുതിയ ‘തിയറി ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് എല്‍സ്പെത് പ്രൊബൈന് (Elspeth Probyn) ഇതിനെ വിശദീകരിക്കുന്നു. അദ്ദേഹം പറയുന്ന ഒരുദാഹരണമുണ്ട്. ഒന്ന്- നമ്മളൊരു സിംഹത്തെ കാണുന്നു, അതൊരു സംവേദനം (Perception) ആണ്.
രണ്ട്- അതേ നിമിഷംതന്നെ നമ്മള് കിടുങ്ങുന്നു. ശരീരം വിറക്കുന്നു. ശരീരത്തിലാണ് നമ്മുടെ ആദ്യ പ്രതികരണം ഉണ്ടാകുന്നത്. മൂന്ന്- പേടിയുണ്ടാകുന്നു. അത് ഭയം എന്ന വികാരമാകുന്നു. ഇതില്‍ ശരീരം വിറക്കുകയും വിയര്‍ക്കുകയും ഒക്കെ ചെയ്യുന്ന ഘട്ടം ഫീലിങ് ആണ്. അതൊരു പ്രക്രിയയാണ്. എന്നാല്‍, ഭയം എന്നത് വികാരത്തിന് നാം ഇടുന്ന പേരാണ്. ഒന്ന് സംവേദനങ്ങളോട് നമ്മുടെ ശരീരത്തിലുണരുന്ന പ്രതികരണവും (In-between bodily process) മറ്റേത് ആ പ്രതികരണത്തിന്റെ പ്രകടിതഭാവവും (expressed form) ആണ്. അതേസമയം, ഭയം എന്ന വികാരവും സ്ഥിരമായി നില്ക്കുന്നതല്ല.
അത് ഏറിയും കുറഞ്ഞും ഇരിക്കും. ഇനി അപമാനബോധം എന്ന വൈകാരികാവസ്ഥയെ പരിഗണിക്കാം. അപമാനബോധം, നമുക്ക് സ്വയം ഉണ്ടാകുന്നതല്ല. നമ്മള് മറ്റുള്ളവര്‍ക്കിടയില്‍ നിലനില്‍ക്കുമ്പോഴാണ് അപമാനം എന്ന വികാരത്തിന് സാധുത ഉണ്ടാകുന്നത്. വൈകാരികതകള്‍ ബന്ധങ്ങളുടെ പാരസ്പര്യത്തിലാണ് ഉണ്ടാകുന്നത്. അതേസമയം ഒരുകാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. വികാരങ്ങള്‍ പലപ്പോഴും ശുദ്ധമായോ കേവലമായോ അല്ല നിലനില്‍ക്കുന്നത്. ഭയത്തില്‍ തന്നെ ഒറ്റപ്പെടല്‍ ഉണ്ടാകും. ആനന്ദാനുഭൂതികളില് പേടിയുണ്ടാകാം. വികാരങ്ങള്‍ പലപ്പോഴും കലര്പ്പുകളായാണ് രൂപപ്പെടുക.
സിനിമയുടെ കാര്യത്തില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ മാത്രമല്ല പ്രേക്ഷകനില്‍ വൈകാരികതകള്‍ ഉണര്‍ത്തുന്നത്. ചില വസ്തുക്കള്‍, നിറങ്ങള്‍, പരുപരുപ്പ്, മിനുപ്പ് അവയുടെ സവിശേഷമായ ഗുണങ്ങള്‍ എന്നിവയും പ്രത്യേകതരം അനുഭൂതികള്‍ ഉണര്‍ത്തും. മതവിശ്വാസത്തിന്റെ കാര്യത്തില്‍ പലപ്പോഴും വൈകാരികഭാവം ഉണര്‍ത്താനുള്ള വസ്തുക്കളുടെ ഈ സാധ്യതയെ ഉപയോഗപ്പെടുത്തുന്നതു കാണാം. ചില പ്രത്യേക ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ ആരാധനാലയങ്ങളില്‍ വിന്യസിക്കുക വഴി വിശ്വാസിയിലേക്ക് വളരെ പെട്ടെന്ന് സംവേദനം ചെയ്യാനും മതാനുഭവത്തിന്റെ അന്തരീക്ഷം ഒരുക്കിയെടുക്കാനും കഴിയും.
സോബ്ചാക്ക് അവരുടെ പുസ്തകത്തില്‍ ഇതെക്കുറിച്ച് എഴുതുന്നുണ്ട്. സ്ക്രീനില്‍ പലതരം വസ്തുക്കള്‍ കാണുമ്പോള്‍, അവയുടെ ഗുണങ്ങള്‍ –പാരുഷ്യം, മാര്‍ദവം, നിറം, ഇഴനെയ്ത്ത്, വലുപ്പം, ആകൃതി തുടങ്ങിയവ പലതരം വൈകാരികതകളാണ് നമ്മിലുണര്‍ത്തുന്നത്. പലതരം തുണിത്തരങ്ങള്‍ സില്‍ക്ക്, കോട്ടന്‍, ലിനന്‍, ഷിഫോണ്‍, വെല്‍വെറ്റ് ഓരോന്നിന്റെയും കാഴ്ച നമ്മിലുണര്‍ത്തുന്ന ഭാവം വ്യത്യസ്തമാണല്ലോ. വസ്തുക്കളുടെ കാഴ്ചയും നമ്മില്‍ വൈകാരികതകളുണര്ത്താനും ചലനങ്ങള്‍ ഉണ്ടാക്കാനും കഴിയും.
ഫ്രോയ്ഡ് അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തില്‍ പറയുന്നതുപോലെ, അഫെക്റ്റില് വിചാരം, ചിന്ത എന്നിവക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. അഫെക്റ്റ് മനുഷ്യനെ ചലിപ്പിക്കുകയാണ്, പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. (Affect does not so much reflect or think; affect acts). അഫെക്റ്റ് തിയറി പ്രധാനമായും പോർചുഗീസ്-ഡച്ച് ചിന്തകനായ ബറുച്ച് സ്പിനോസയുടെ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് വികസിച്ചിട്ടുള്ളതെന്ന് ഇടക്ക് സൂചിപ്പിക്കട്ടെ.
സമകാലിക സിനിമാചിന്തയില് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ജൈല്‍സ് ദെല്യൂസ് (Gilles Deleuze) സ്പിനോസയുടെ ചിന്തയെക്കുറിച്ച് പറയുന്നത്, ശരീരത്തിന്റെ വൈകാരിക നിലകള്‍ക്ക് ഊന്നല്‍ നല്കുന്ന, വേഗതയുടെയും മന്ദതയുടെയും ഒരു രജിസ്റ്റര്‍, അല്ലെങ്കില്‍ ചലനത്തിന്റെയും വിശ്രമത്തിന്റെയും ബന്ധങ്ങളെക്കുറിച്ചുള്ള രേഖാപുസ്തകം എന്നാണ്. ചലനത്തിന്റെ വേഗത, മന്ദത എന്നിവ ചലച്ചിത്രത്തില്‍ ഉണ്ടാക്കുന്ന അനുഭവം വ്യത്യസ്തമാണല്ലോ.
ലോകത്തില്‍ സ്വയം പ്രതിഷ്ഠിക്കാനുള്ള, ലോകവുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ് അഫെക്റ്റ്, അല്ലെങ്കില്‍ വികാരപ്രഭാവങ്ങളെക്കുറിച്ച് നാം ആലോചിക്കുന്നത്. ഇത് വളരെ എളുപ്പത്തില്‍ മനസ്സിലാകണമെങ്കില്‍ ഫേസ്ബുക്കില്‍ വരുന്ന ഫീലിങ് അപ്ഡേറ്റുകളെയും മൂഡ് സ്റ്റാറ്റസുകളെയും കുറിച്ച് ഓര്‍ത്താല്‍ മതി. അത്തരം എക്സ്പ്രഷനുകളിലും ഇമോജികളിലുമെല്ലാം ലോകവുമായി ഇടപെടാനുള്ള ശ്രമമുണ്ട്. നവമാധ്യമങ്ങളുടെ വരവ് അഫെക്റ്റിവ് തിങ്കിങ്ങിന്റെ സാധ്യതകളെ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പറയാം.
നവമാധ്യമങ്ങള്‍ പലപ്പോഴും അഫെക്റ്റിവ് ആയാണ് നമ്മളോട് സംവദിക്കുന്നത്. സിനിമയും അതിനനുസരിച്ച് മാറിയിട്ടുണ്ട്. വൈകാരികതകളുടെ സൂക്ഷ്മമായ നിര്‍മാണം, അവയുടെ തീവ്രമാക്കല്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ ലോകസിനിമയില്‍ കഴിഞ്ഞ കുറച്ചു ദശകങ്ങളായി ധാരാളമായി ഉണ്ടാകുന്നുണ്ട്. പ്രതിനിധാനം എന്നത് വൈകാരികതകളുടെ പ്രതിനിധാനം (Affective Representation) കൂടിയായി മാറുന്നു. ഇതിന് ഏറ്റവും ഫലപ്രദമായ മാധ്യമമാണ് സിനിമ. വേദന, ഭയം, വെറുപ്പ്, സ്നേഹം, അഭിലാഷം, മടുപ്പ്, വിഷാദം, ഉന്മാദം തുടങ്ങിയവയൊക്കെ മനുഷ്യര്‍ എങ്ങനെയാണ് അനുഭവിക്കുന്നത്?
അവ ചലച്ചിത്രങ്ങളിലൂടെ എങ്ങനെയാണ് അനുഭവിപ്പിക്കാനാകുക? തുടങ്ങിയ ആലോചനകള്‍ പുതിയ സിനിമകളില്‍ കാണാം. ഈ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ്-ആസ്ട്രേലിയന്‍ ഫെമിനിസ്റ്റ് ആയ സാറാ അഹമ്മദിന്റെ (Sara Ahmed) ‘ദി കൾചറല്‍ പൊളിറ്റിക്സ് ഓഫ് ഇമോഷന്’ (The Cultural Politics of Emotion -2014) എന്ന കൃതിയെക്കുറിച്ചുകൂടി സൂചിപ്പിക്കാം.
ഈ പുസ്തകത്തില്‍ സാറാ അഹമ്മദ് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്. ഭയം അല്ലെങ്കില്‍ വേദനപോലെയുള്ള ഒരു വികാരത്തെ അതിന്റെ എല്ലാ ഭൗതികമായ പ്രത്യേകതകളോടുംകൂടി, ശരീരപരവും സാമൂഹികവുമായ തലത്തില്‍നിന്ന്, എങ്ങനെയാണ് വസ്തുനിഷ്ഠമായും ഫലപ്രദമായും വിവരിക്കാനാകുക. ഇത് ചലച്ചിത്ര ചിന്തകരോടും കൂടി ചോദിക്കാവുന്ന ചോദ്യമാണ്. എങ്ങനെയാണ് ഉപമകളില്ലാതെ, രൂപകങ്ങളില്ലാതെ വേദനയെ അല്ലെങ്കില്‍ പലതരം വികാരങ്ങളെ ദൃശ്യവത്കരിക്കാനാകുക?
സാറാ അഹമ്മദിന്റെ പ്രധാനമായ വാദങ്ങളിലൊന്ന് വൈകാരികതകളാണ് വ്യക്തികളുടെയും കൂട്ടായ്മകളുടെയും ശരീരത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെ രൂപപ്പെടുത്തുന്നത് എന്നാണ്. മറ്റുള്ളവരോടും വസ്തുക്കളോടുമുള്ള നമ്മുടെ ബന്ധമാണ് നമ്മുടെ ശരീരത്തെ കുറിച്ചുള്ള സങ്കല്പങ്ങളെ സ്വാധീനിക്കുന്നത്. അല്ലെങ്കില്‍ വസ്തുക്കളുമായും ശരീരവുമായും ഉള്ള നമ്മുടെ ബന്ധം വൈകാരികതകളുടെ തലത്തിലാണ് പലപ്പോഴും പ്രകടമാകുക. അതുകൊണ്ടുതന്നെ, നമ്മുടെ സ്വത്വപ്രകാശനം വൈകാരികാവസ്ഥകളുടെ പ്രതിഫലനം കൂടിയാണെന്ന് പറയാം.
വികാരങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ സാറ അവയെ മൃദുവികാരങ്ങളെന്നും (Soft Emotions) കഠിനവികാരങ്ങള്‍ (Hard Emotions) എന്നും തരംതിരിക്കുന്നുണ്ട്. മൃദുവികാരങ്ങള്‍ പലപ്പോഴും സ്ത്രൈണതയുടെ തലത്തില്‍ വെച്ചാണ് നമ്മള് ചര്‍ച്ച ചെയ്യാറ്. സ്ത്രൈണമായ സ്പര്‍ശം എന്നത് മൃദുവായിരിക്കും എന്ന ധാരണയുണ്ട്. അതുകൊണ്ട്, എല്ലാ പൗരന്മാരെയും പരിഗണിക്കുന്ന രാഷ്ട്രം സ്ത്രീലിംഗമായാണ് വിശേഷിപ്പിക്കുക. രാഷ്ട്രത്തിന്റെ സ്പര്‍ശം പരിഗണനയോടുകൂടിയതും മാര്‍ദവമുള്ളതുമാണ്.
മദര്‍ ഇന്ത്യ എന്നത് എല്ലാവരെയും കെയര്‍ ചെയ്യുന്ന ഒരു സങ്കല്പമാണ്. എന്നാല്‍ രാഷ്ട്രം മൃദുരാഷ്ട്രമായി മാത്രമല്ല നിലനില്‍ക്കുന്നതെന്ന് നമുക്കറിയാം. അത് നിസ്സംഗമോ നിര്‍വികാരമോ ആയും പൗരന്മാരെ പരിഗണിക്കാറുണ്ട്. അത് ബന്ധങ്ങളിലും സമീപനങ്ങളിലും ഉണ്ടാക്കുന്ന മാറ്റമാണ്. മൃദുരാഷ്ട്രം (Soft Nation) എന്നത് എളുപ്പം മുറിവേല്ക്കുന്നതും വൈകാരികതയിലേക്ക് നീങ്ങുന്നതുമാണ്. The soft national body is a feminised body, which is ‘penetrated’ or ‘invaded’ by others. വികാരങ്ങളുടെ ഈ രാഷ്ട്രീയത്തെ ഇന്ന് പല തലങ്ങളില്‍നിന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ആണത്തനിര്മിതിയിലും ദേശരാഷ്ട്രനിര്മിതിയിലും ദേശീയതയുടെ പ്രചാരണത്തിലും ഒക്കെ വികാരങ്ങളുടെ പങ്കിനെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ‘‘രാജ്യം തേങ്ങി’’ എന്ന് നാം പറയുന്നത് രാജ്യം, വൈകാരികതകളുള്ള ശരീരം ആണെന്നതിനാലാണ്.
വികാരങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ദുര്‍ബലര്‍ ആയാണ് പല സമൂഹങ്ങളിലും കരുതുന്നത്. ‘വികാരജീവി’ പോലുള്ള പ്രയോഗങ്ങള്‍ ഓര്‍ക്കുക. എന്നാല്‍ ഇമോഷന് എന്നത് നമ്മെ ഒരുതരത്തില്‍ ചലിപ്പിക്കാന്‍ ശേഷിയുള്ളതാണ്. We are moved by the emotions. ഫീലിങ് എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റമാണ്. ഭയം തോന്നുമ്പോള്‍ ഹൃദയമിടിപ്പ് കൂടുകയും വിയര്‍ക്കുകയും ഒക്കെ ചെയ്യുന്നപോലെ.
തന്റെ കൃതിയില്‍ സാറാ അഹമ്മദ് നിര്‍ദേശിക്കുന്നത് വികാരങ്ങളെ നാം വ്യക്തിഗതവും മാനസികവുമായ തലത്തില്‍ മാത്രമല്ല, സാംസ്കാരികവും സാമൂഹ്യവുമായ ഘടനയുടെ തലത്തിലും ചര്‍ച്ചചെയ്യണം എന്നാണ്. വൈകാരികതകള്‍ എങ്ങനെ സമുദായങ്ങളെയും കൂട്ടായ്മകളെയും അവരുടെ ദൈനംദിന ജീവിതത്തെയും ചിട്ടപ്പെടുത്തുന്നു എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. സാറയുടെ ചിന്തകള്‍ ഇന്ദ്രിയ സംവേദനം, വൈകാരികതകളുടെ നിര്‍മാണം എന്നിവയില്‍ പുലര്‍ത്തേണ്ട രാഷ്ട്രീയമായ ജാഗ്രതയെക്കുറിച്ചുകൂടി സൂചിപ്പിക്കുന്നുണ്ട്.
ഇന്ദ്രിയങ്ങള്‍ എന്നത് കേവലം ഗ്രാഹ്യാവയവങ്ങള് മാത്രമല്ല, വ്യക്തികളുടെ സ്മൃതി, അറിവ് എന്നിവയെ സ്പര്‍ശിക്കാനുള്ള, അവയിലേക്ക് കടക്കാനുള്ള ഇടനാഴികൂടിയാണ്. ഇന്ദ്രിയങ്ങളിലേക്കുള്ള ചലച്ചിത്രത്തിന്റെ നേരിട്ടുള്ള സഞ്ചാരം നമ്മുടെ ഓര്‍മകളുടെ ഉറവിടത്തെ കൂടി ഉദ്ദീപിപ്പിക്കുന്നുണ്ട്. ഒരു ദൃശ്യബിംബത്തെ നാം മനസ്സിലാക്കുന്നത് നമ്മുടെ ആന്തരിക ചിത്രങ്ങളെയും അവയുടെ മുന്‍ അനുഭവങ്ങളെയും താരതമ്യപ്പെടുത്തിക്കൂടിയാണ്. എന്നാല്‍, ഓര്‍മകളെ ഉദ്ദീപിക്കുക മാത്രമല്ല ദൃശ്യബിംബങ്ങള്‍ ചെയ്യുന്നത്.
അത് നമ്മുടെ നിലവിലെ ഓര്മകള്ക്കുമീതെ പുതിയ ചിത്രങ്ങള്‍ ആലേഖനംചെയ്യുന്നുമുണ്ട്. വ്യക്തിപരമായി നാം അനുഭവിച്ചിട്ടില്ലാത്ത ഒരനുഭവത്തെ ചലച്ചിത്രത്തിലൂടെ ഒരാളെ അനുഭവിപ്പിക്കാനാകും. അനുഭവത്തിലൂടെയുള്ള ഈ ആലേഖനം ചിലപ്പോള്‍ ഓര്‍മകളെ മാനിപ്പുലേറ്റ് ചെയ്യുകയും അല്ലെങ്കില്‍ നിലവിലുള്ള ഓര്‍മകള്‍ക്കു മീതെ ഒരാള്‍ ‘അനുഭവിച്ചിട്ടില്ലാത്ത’വയുടെ ഓര്‍മകള്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യും. മറ്റൊരര്‍ഥത്തില്‍ നമുക്ക് കൃത്രിമമായ ഓര്‍മകളെ നല്‍കാനും ചിലത് മായ്ച്ചുകളയാനും മറക്കാനും ദൃശ്യബിംബങ്ങള്‍ക്ക് കഴിയും.
ലിവ്ഡ് ബോഡി, ഇന്ദ്രിയങ്ങള്‍ (Senses), വൈകാരികതകള്‍ (Emotionality) എന്നിവയെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അതിന്റെ സാമൂഹിക-രാഷ്ട്രീയ തലത്തെ കുറിച്ചും സൂചിപ്പിച്ചു. ഇവയുടെ കലാചിന്താപരമായ പശ്ചാത്തലത്തെക്കുറിച്ചും എന്തുകൊണ്ട് ശരീരത്തെക്കുറിച്ചും ഇന്ദ്രിയങ്ങളെക്കുറിച്ചും വൈകാരികതകളെ കുറിച്ചും സമകാലിക ചിന്തകര്‍ കൂടുതല്‍ സംസാരിക്കുന്നു എന്നതിനെക്കുറിച്ചും കൂടി പറയേണ്ടതുണ്ട്.
ചലച്ചിത്ര മേഖലയിലും മറ്റു കലാമേഖലയിലും സൗന്ദര്യാനുഭവത്തിന്റെ/ലാവണ്യാനുഭവത്തിന്റെ അടിസ്ഥാനത്തില്‍, ഉച്ച-നീചത്വങ്ങളിലധിഷ്ഠിതമായ പലതരം ശ്രേണീബന്ധങ്ങളുണ്ട്. ഉദാഹരണത്തിന് ജനപ്രിയ സിനിമ/ കലാ സിനിമ എന്ന വിവേചനം. ഇനി സിനിമയും സാഹിത്യവുമെടുത്താല് അച്ചടിച്ചുവരുന്ന സാഹിത്യത്തിന്റെ ശ്രേഷ്ഠതയും ക്ഷണികതയിലൂന്നുന്ന സിനിമാസ്വാദനം താഴ്ന്നതരം ആവിഷ്കാരങ്ങളാണെന്ന ബോധവും. ഇത് പലതരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സിനിമ പൊതുവെ സമയത്തിന്റെയും ഇടങ്ങളുടെയും കലയാണ്. സാഹിത്യം അച്ചടിഭാഷയുടെ കലയാണ്. അത് പാഠവിന്യാസം എന്നതിനപ്പുറം ഭൗതികമായ ഇടങ്ങളെ (Space) കാര്യമായി ഉപയോഗപ്പെടുത്തുന്നില്ല. വെള്ളക്കടലാസിലെ അക്ഷരങ്ങളാണ് സാഹിത്യം. വെള്ളക്കടലാസാണ് ഇവിടെ ഭൗതികമായ സ്പേസ്. കടലാസ് എന്ന സ്പേസിനെ അതിന്റെ പൂര്‍ണമായ സാധ്യതകളോടെ ഉപയോഗപ്പെടുത്താന്‍ സാഹിത്യത്തിന് കഴിയാറില്ല. അതേസമയം, ഭാവനയിലെ ഇടങ്ങളെ അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഇത് രണ്ടുതരം ലോജിക് ആണ്. ഒന്ന്, അച്ചടിയുടെ ലോജിക്കും മറ്റേത് സമയത്തിന്റെയും ഇടങ്ങളുടെയും ഓഡിയോ-വിഷ്വല്‍ ലോജിക്കും. അച്ചടിമാധ്യമമായ സാഹിത്യവും ദൃശ്യ-ശ്രാവ്യ മാധ്യമമായ സിനിമയും ഇന്ദ്രിയങ്ങളുമായി സംവദിക്കുന്നത് വ്യത്യസ്തമായ തലത്തിലാണ്.
പൊതുവെ യൂറോപ്യന്‍ കലാചിന്തയില് വൈകാരികമായ പ്രതികരണങ്ങളുണര്ത്തുന്ന കലാസൃഷ്ടികളുടേത് താഴ്ന്ന തരം ആസ്വാദനമായാണ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ പോസ്റ്റ് മോഡേണിസത്തിന്റെയും പോസ്റ്റ് സ്ട്രക്ചറലിസത്തിന്റെയും വരവ് ഇത്തരം ആശയങ്ങളെ വിമര്‍ശന വിധേയമാക്കുകയോ കാഴ്ചപ്പാടുകളെ മറിച്ചിടുകയോ ചെയ്തിട്ടുണ്ട്. അത് സാംസ്കാരിക മേഖലയില്‍ എങ്ങനെയാണ് വരേണ്യവിഭാഗം ആധിപത്യം പുലര്‍ത്തുന്നതെന്നും മറ്റുള്ളവരെ ഒഴിവാക്കുന്നതെന്നുമുള്ള-സാംസ്കാരിക ആധിപത്യത്തെ ചോദ്യംചെയ്യുന്നുണ്ട്.
ഇവ ഏറക്കുറെ മൂലധനവുമായും സമ്പദ് വ്യവസ്ഥയുമായും ഉൽപാദനവുമായും ബന്ധപ്പെട്ടതുമാണ്. സവിശേഷമായ സമ്പദ് വ്യവസ്ഥ എങ്ങനെയാണ് കലാപ്രവര്‍ത്തനത്തെ സ്വയംനിര്ണയസ്വഭാവമുള്ള മേഖലയായി നിലനിര്‍ത്തുന്നതെന്നും കലാപ്രവര്‍ത്തനം എന്നത് വ്യക്തിഗതമായ തലത്തില്‍ മാത്രം നടത്തേണ്ടതാണെന്നും ഉള്ള ചിന്തകള്‍ വ്യാപിപ്പിച്ചതെങ്ങനെ എന്നതുമായും ബന്ധപ്പെട്ടതാണ്.
കൂട്ടായും സാമൂഹികമായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ (സിനിമയും സംഘകലയാണല്ലോ) കലയുടെ പരിഗണനയില്‍നിന്ന് പുറത്താകുന്നു. ഒരിടത്ത് കലയുടെയും ലാവണ്യത്തിന്റെയും മേഖലയുടെ സ്വയംനിര്‍ണയാവകാശം, ആന്തരികവത്കരണം, വ്യക്തിഗതമായ തലം എന്നിവയെ ഉറപ്പിക്കുന്നു. രണ്ട്, പണം വാങ്ങി ചെയ്യുന്ന കാര്യങ്ങള്‍ വിലകുറഞ്ഞതാണെന്നുള്ള ധാരണ. കലയും കച്ചവടവും തമ്മിലുള്ള മേല്‍കീഴ് ബന്ധംപോലെ.
ചലച്ചിത്ര-കലാ ചിന്തകനായ ഡി.എന്‍. റോഡോവിക്കിന്റെ 'റീഡിങ് ദി ഫിഗറല്‍ ഓര്, ഫിലോസഫി ആഫ്റ്റര്‍ ദി ന്യൂ മീഡിയ’ (Reading the Figural or, Philosophy After the New Media -2001) എന്ന പുസ്തകത്തില്‍ യൂറോപ്യന്‍ കലാസിദ്ധാന്തങ്ങളെ കുറിച്ച് ഴാക്ക് ദെറിദ (Jacques Derrida) നടത്തിയ വിമര്‍ശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്.
യൂറോപ്യന്‍ നവോത്ഥാന കാലത്തെ ജര്‍മന്‍ചിന്തകനായ ഇമ്മാനുവല്‍ കാന്റിന്റെ ക്രിട്ടിക് ഓഫ് ജഡ്ജ്മെന്റ് എന്ന, (സൗന്ദര്യാനുഭവത്തെക്കുറിച്ചും അവയുടെ വിലയിരുത്തലിനെക്കുറിച്ചുമുള്ള) കൃതിയുടെ വരേണ്യതയെക്കുറിച്ച് വിശദമായി തന്നെ ഇതില്‍ വിമര്‍ശനവിധേയമാക്കുന്നുണ്ട്. സൗന്ദര്യത്തെക്കുറിച്ചും അതിന്റെ ആസ്വാദനത്തെക്കുറിച്ചുമുള്ള കാന്റിയന്‍ ചിന്തകള്‍ പ്രധാനമായും വസ്തുനിഷ്ഠതയില്‍ ഊന്നുന്നതാണ്. സൗന്ദര്യം എന്നത് കലാസൃഷ്ടിയിലാണ്. അതിന് ആസ്വാദകനുമായുള്ള ബന്ധം ഒരുതരം നിര്‍മമതയില്‍ (Disinterested) അല്ലെങ്കില്‍ വേറിടലില്‍ (Detached) ആയതാണ്.
കലാവസ്തു എന്നത് അതില്‍തന്നെ പൂര്‍ണമാണ്. ആസ്വാദകന് അത് ആസ്വദിക്കാനുള്ള സാംസ്കാരികമായ സാക്ഷരത (Cultural Literacy) ഉണ്ടായിരിക്കണം. കല എന്നത് സാര്‍വലൗകികമായി ആസ്വദിക്കപ്പെടാന്‍ ശേഷിയുള്ളതാണ്. കലക്ക് നിശ്ചിതമായ യോഗ്യതകളും കാന്റ് അവതരിപ്പിക്കുന്നുണ്ട്. എന്തെങ്കിലും ലക്ഷ്യത്തോടുകൂടിയോ പ്രതിഫലം വാങ്ങിയോ ഉള്ള കല ശ്രേഷ്ഠമായ കലയല്ല.
ദെറിദ ഇതിനെ ശമ്പള (Salary)വുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച ചെയ്യുന്നത്. കാന്റിന്റെ കലാസങ്കല്പം അതുവരെ പരമ്പരാഗതമായ വേലകള്‍ ചെയ്തിരുന്ന പ്രത്യേകിച്ച് ഇന്ന് ക്രാഫ്റ്റ് എന്നോ കരകൗശലവിദ്യകള്‍ എന്നോ വിശേഷിപ്പിക്കുന്ന ജോലികള്‍ ചെയ്യുന്ന വലിയൊരു വിഭാഗത്തെ ഒഴിവാക്കുന്നുണ്ട്. ഒരേസമയം സൗന്ദര്യവും തൊഴിലും സംയോജിപ്പിക്കുന്ന വൈദഗ്ധ്യങ്ങളാണ് ക്രാഫ്റ്റുകള്‍. കാന്റിന്റെ തീര്‍പ്പുകള്‍, ആധുനിക കാലത്ത് കലയുടെ വിതരണത്തെയും ആസ്വാദനത്തെയും സ്വാധീനിക്കുന്ന പ്രതിഫലം, മുതല്‍മുടക്ക് തുടങ്ങിയ കാര്യങ്ങളെ അവഗണിക്കുന്നു. അതുവഴി ശമ്പളിത വര്‍ഗം (Salaried Class) എന്നത് കലയുടെ പരിഗണനയില്‍ വരാത്ത വിഭാഗമാകുന്നു. കല എന്നത് സ്വയം വരേണ്യത നിര്‍മിച്ച് കഴിയുന്ന വര്‍ഗത്തിന്റേത് മാത്രമാകുന്നു.
രണ്ടാമത്തേത്, ഡിസിന്ററസ്റ്റഡ് ഒബ്സെര്‍വര്‍ (Disinterested Observer) എന്ന ആസ്വാദക സങ്കല്പം, നമ്മുടെ ദൈനംദിന ജീവിതവുമായി വേര്‍പെടാനാകാത്ത തരത്തില്‍ ബന്ധമുണ്ടായിരുന്ന കലാരൂപങ്ങളെ കാലഹരണപ്പെട്ടതോ പ്രസക്തിയില്ലാത്തതോ അപരിഷ്കൃതമോ ആക്കുന്നു. പ്രത്യേകിച്ച് നമ്മുടെ അനുഷ്ഠാന കലാരൂപങ്ങളില്‍ പലതും കൂട്ടായ്മയുടെ/ സംഘസ്വത്വത്തിന്റെ നിര്‍മാണത്തെ ലക്ഷ്യമിട്ടുള്ളതോ വൈകാരികതകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നതോ ആണ്.
ഇന്ത്യന്‍ സാഹചര്യത്തില്‍ ക്ഷേത്രസംഗീത-നൃത്തരൂപങ്ങളെ അപ്രസക്തമാക്കി കര്‍ണാടക സംഗീതം എങ്ങനെ മേല്‍ക്കൈ നേടിയെന്നും പതിനെട്ട്-പത്തൊമ്പതാം നൂറ്റാണ്ടോടെ എങ്ങനെ പ്രത്യേക ജനവിഭാഗം ദക്ഷിണേന്ത്യന്‍ സംഗീതത്തിന്റെ സൂക്ഷിപ്പുകാരായി മാറിയെന്നുമുള്ള അന്വേഷണം കലയെക്കുറിച്ചുള്ള കാന്റിയന്‍ സങ്കല്പങ്ങളിലാണ് എത്തുക.
മൂന്നാമത്തേത്, കാന്റ് ചില ഇന്ദ്രിയങ്ങളുടെ അനുഭവം ശ്രേഷ്ഠമെന്നും മറ്റു ചിലത് നീചമെന്നും തരംതിരിക്കുന്നു. കാന്റിനെ സംബന്ധിച്ചിടത്തോളം സംഗീതവും കവിതയും ശ്രേഷ്ഠമാണ്. അത് അമൂര്‍ത്തവും അമേയവുമാണ്. കണ്ണ് ശ്രേഷ്ഠമായ ഇന്ദ്രിയമാണെങ്കിലും കാഴ്ച എന്നത് മലിനപ്പെടാനോ കളങ്കപ്പെടാനോ സാധ്യതയുള്ളതും ഇന്ദ്രിയവേഴ്ചകളില് അഭിരമിക്കുന്നതുമാണ്. രുചി, സ്പര്‍ശം എന്നിവ താഴ്ന്നതരം ആസ്വാദനങ്ങളാണ്. ഈയൊരു ശ്രേണീവത്കരണത്തെ അപനിര്‍മിക്കാനാണ് ഇന്ദ്രിയങ്ങളിലേക്കും വൈകാരികതകളിലേക്കും ശരീരാനുഭവങ്ങളിലേക്കും മുഴുകുന്നത് എന്ന് ലളിതമായി പറയാം.
ഈ പശ്ചാത്തല ചിന്ത സിനിമാപഠനവും അതിന്റെ ഇന്ദ്രിയവ്യാപാരങ്ങളും താരതമ്യേന താഴ്ന്ന ആസ്വാദന നിലവാരമുള്ള ആവിഷ്കാര രൂപമായി കാണാനുള്ള ആശയതലം രൂപപ്പെടുന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ ഉതകുന്നുണ്ട്. സാഹിത്യപഠനത്തെ അപേക്ഷിച്ച് സിനിമാപഠനത്തെ ഇപ്പോഴും സര്‍വകലാശാലകളും അക്കാദമികളും അകറ്റിനിര്‍ത്തുന്നതും ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. ഓരോ സംസ്കാരത്തിലും ഇന്ദ്രിയങ്ങളെ സംബന്ധിച്ച ഉച്ച-നീച കല്പനകള് വ്യത്യസ്തമാണ്.
ഉദാഹരണത്തിന് കാണുക എന്നതിന് ഇന്ത്യന്‍ ആരാധനാ സമ്പ്രദായങ്ങളില്‍ വിശുദ്ധമായ തലമുണ്ട്. വിഗ്രഹങ്ങളെ നോക്കുക, കാണുക എന്നതൊക്കെ ദൈവങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമാണ്. ഡയാന എല്‍. എക്കിന്റെ (Diana L Eck) ദര്ശന്: സീയിങ് ഡിവൈന്‍ ഇമേജ് ഇന്‍ ഇന്ത്യ (Darsan: Seeing the Divine Image in India-1981) എന്ന പുസ്തകം ഈ സവിശേഷതയെക്കുറിച്ച് വിവരിക്കുന്നുണ്ട്.
പുണ്യസ്ഥലങ്ങള്‍ കാണുവാനായി നടത്തുന്ന തീര്‍ഥാടനം, വിഗ്രഹദര്‍ശനം എന്നിവയിലെല്ലാം ഇന്ത്യയിലെ ഹിന്ദു ആരാധനാ പാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ കാണാനാകും. വിഗ്രഹങ്ങളുമായി ഭക്തന്റെ അന്യോന്യത്തിലൂടെ പ്രതീതമാകുന്ന ആനന്ദം ഇന്ത്യന്‍ സിനിമകളിലെ താരനിര്മിതിയിലും കാണാമെന്ന് ഡയാന എക്ക് സൂചിപ്പിക്കുന്നുണ്ട്. ഇത്തരം സവിശേഷതകള്‍ ഇസ്ലാമിലെ സുന്നി-സൂഫി അനുഷ്ഠാനങ്ങളിലും കത്തോലിക്കന് മതവിശ്വാസത്തിലും പ്രബലമായി കാണാം.
ലോറ മല്വിയെപ്പോലുള്ളവര് മുന്നോട്ടുവെച്ച കാഴ്ചയുടെ ലിംഗത്വത്തിലും ദൃശ്യാനന്ദത്തിലും (Gaze and Visual Pleasure) ഊന്നിയുള്ള സിദ്ധാന്തങ്ങളുടെ പരിമിതികളെ മറികടന്നുകൊണ്ട് നോട്ടങ്ങളുടെയും കാണലിന്റെയും വൈവിധ്യങ്ങളെയും വീണ്ടെടുക്കാന്‍ ഡയാനയുടേതുള്പ്പെടെയുള്ള പ്രാതിഭാസിക ചിന്തയിലൂന്നിയുള്ള വിചാരങ്ങള്‍ക്ക് കഴിയുന്നുണ്ട്. സംവേദനത്തിലെ ഇന്ദ്രിയപരതയിലും ഇന്ദ്രിയാനുഭവങ്ങളുടെ സാന്ദ്രതയിലും ഊന്നുകവഴി അവയുടെ മേല്‍-കീഴ് ബന്ധങ്ങളെ അസ്ഥിരപ്പെടുത്താനും പ്രാദേശികമായ സവിശേഷതകളെ തിരിച്ചറിയാനും കഴിയും എന്ന പ്രത്യേകതയും ഈ ചിന്തകള്‍ക്കുണ്ട്.