സിനിമയിലെ ഭാഷ പറയുന്നത് എന്ത്?
സിനിമക്ക് തനതായ ഒരു ഭാഷയുണ്ട്. അതേസമയം, സിനിമ സംസാരിക്കുന്ന ഭാഷയുണ്ട്. അതെങ്ങനെയൊക്കെയാണ് കാണികളോട് സംവദിക്കുന്നത്? ഭാഷ ഇങ്ങനെ മതിയോ?
മലയാള സിനിമകൾ നേടുന്ന വലിയ സ്വീകാര്യത; 'പുഷ്പ', 'കെ.ജി.എഫ് 2', 'ആർ.ആർ.ആർ' മുതലായ മറ്റു ദക്ഷിണേന്ത്യൻ സിനിമകൾക്ക് ലഭിച്ച വമ്പൻ കലക്ഷനുകൾ, ഹിന്ദി 'രാഷ്ട്രഭാഷ' എന്നനിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന, തമിഴ് തായിയുടെ ചിത്രം കാണിച്ച് എ.ആർ. റഹ്മാൻ നടത്തിയ പ്രതീകാത്മക പ്രഖ്യാപനം, കിച്ചാ സുദീപും അജയ് ദേവ്ഗണും തമ്മിൽ നടന്ന ട്വിറ്റർ വാഗ്വാദങ്ങൾ മുതലായ സംഭവങ്ങളെല്ലാം 'സിനിമയിലെ ഭാഷ' എന്ന വിഷയത്തെ/പ്രശ്നത്തെ വീണ്ടും...
Your Subscription Supports Independent Journalism
View Plansമലയാള സിനിമകൾ നേടുന്ന വലിയ സ്വീകാര്യത; 'പുഷ്പ', 'കെ.ജി.എഫ് 2', 'ആർ.ആർ.ആർ' മുതലായ മറ്റു ദക്ഷിണേന്ത്യൻ സിനിമകൾക്ക് ലഭിച്ച വമ്പൻ കലക്ഷനുകൾ, ഹിന്ദി 'രാഷ്ട്രഭാഷ' എന്നനിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന, തമിഴ് തായിയുടെ ചിത്രം കാണിച്ച് എ.ആർ. റഹ്മാൻ നടത്തിയ പ്രതീകാത്മക പ്രഖ്യാപനം, കിച്ചാ സുദീപും അജയ് ദേവ്ഗണും തമ്മിൽ നടന്ന ട്വിറ്റർ വാഗ്വാദങ്ങൾ മുതലായ സംഭവങ്ങളെല്ലാം 'സിനിമയിലെ ഭാഷ' എന്ന വിഷയത്തെ/പ്രശ്നത്തെ വീണ്ടും പരിഗണനയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഒരർഥത്തിൽ, വിചിത്രമായ ഒരു സമയത്താണ് ഈ ചർച്ചകൾ വീണ്ടും ഉയർന്നുവരുന്നത്, ഒരുപക്ഷേ, നമ്മൾ ഇന്നു കാണുന്നത് സിനിമയെക്കുറിച്ച പഴയ ഭാവനകളുടെ ഏങ്ങലടികളാവാം, ചിലപ്പോൾ അവയുടെ തിരിച്ചുവരവും.
രണ്ടായിരമാണ്ടിന്റെ രണ്ടാം പാദം മുതൽ 'ചെറിയ സിനിമകളുടെ' വലിയ തള്ളിക്കയറ്റമുണ്ടായി. ചെറിയ സിനിമകൾ എന്നു പറയുമ്പോൾ- ചെറിയ പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന, ചെറിയ നായകർ അഭിനയിക്കുന്ന, പ്രധാനമായും മൾട്ടിപ്ലെക്സുകൾക്കോ ടെലിവിഷനോ വേണ്ടി നിർമിക്കപ്പെടുന്ന സിനിമകൾ. ഈ സമയത്താണ് ഹിന്ദി സിനിമ മുംബൈയിൽനിന്നും ഡൽഹിയിലേക്കും അവിടെനിന്ന് മറ്റ് ഇന്ത്യൻ ഗ്രാമങ്ങളിലേക്കും മാറി സഞ്ചരിക്കുന്നത്. ഭാഷയും അതോടൊപ്പം മാറി. അപ്രകാരം, തനി ഹിന്ദുസ്ഥാനിയെ മറികടന്ന് മൈഥിലി, ഭോജ്പുരി തുടങ്ങിയ കൂടുതൽ പ്രാദേശികമായ ഭാഷാഭേദങ്ങൾ സിനിമയിലേക്കു വന്നു. മനോരമ 'സിക്സ് ഫീറ്റ് അണ്ടർ', 'ഓംകാര', 'ഇഷ്ഖിയ', 'പീപ്ലി ലൈവ്', 'ഗാങ്സ് ഓഫ് വാസെയ്പൂർ' തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണങ്ങളാണ്. ഭോജ്പുരി സിനിമകളുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമകൾ പ്രാദേശികവത്കരിക്കപ്പെടുന്നതിനെ (provincialization) കുറിച്ച്, അഥവാ ഭോജ്പുരി സിനിമാ സൗന്ദര്യശാസ്ത്രത്തിന്റെ ഘടകങ്ങളെ എപ്രകാരമാണ് ബോളിവുഡ് ഏറ്റെടുക്കുന്നതെന്ന് ഫിലിം തിയറിസ്റ്റായ അക്ഷയകുമാർ പഠനം നടത്തിയിട്ടുണ്ട്. അതേസമയംതന്നെ, ഹിന്ദിയിതര പ്രദേശങ്ങളെ സിനിമയുടെ കഥാസ്ഥലമായി സ്വീകരിക്കാനും ഹിന്ദി സിനിമകൾ ശ്രമിച്ചിട്ടുണ്ട്. കഹാനി (വെസ്റ്റ് ബംഗാൾ), ഹൈദർ (കശ്മീർ), 'ലവ് ഷൗ ടെയ് ചിക്കൻ ഖുറാന' (പഞ്ചാബ്), 'ഏക് ദീവാനാ ഥാ' (കേരളം) തുടങ്ങിയവ ഉദാഹരണങ്ങൾ. ചുരുക്കത്തിൽ, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിൽ ഹിന്ദി സിനിമയിലെ 'ഹിന്ദി' കൂടുതൽ പ്രാദേശികവത്കരിക്കപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്, മുമ്പത്തെക്കാൾ നന്നായി പ്രാദേശികമായ സാഹചര്യങ്ങളെ കൂടുതൽ ജനകീയമായി അവതരിപ്പിക്കാൻ അതു ഭാഷയെ പ്രാപ്തമാക്കിയിട്ടുണ്ട്.
21ാം നൂറ്റാണ്ടിന്റെ ആദ്യത്തെ കുറച്ചു വർഷങ്ങൾ ബോളിവുഡിലെ വമ്പൻ താരങ്ങൾക്ക് അത്ര സുഖകരമായിരുന്നില്ലെങ്കിലും, ആ സമയത്താണ് 'സൂപ്പർസ്റ്റാർ' സൗന്ദര്യബോധം ബോളിവുഡിൽ പുനഃപ്രതിഷ്ഠ നേടുന്നത്. ഈ മുന്നേറ്റം പ്രാദേശികവത്കരിക്കപ്പെട്ട ബോളിവുഡിന്റെ സൗന്ദര്യശാസ്ത്രത്തിൽനിന്ന് ഏറെ കടംകൊണ്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ വസ്തുത. പഞ്ചാബ് കേന്ദ്രമാക്കി നിർമിച്ച 'റബ് നെ ബനാ ദി ജോഡി' എന്ന ചിത്രത്തിൽ ചെറിയ വേഷവും സൂപ്പർസ്റ്റാർ വേഷവും സമന്വയിപ്പിച്ച് ഇരട്ട റോളിൽ ഷാറൂഖ് ഖാൻ പ്രത്യക്ഷപ്പെട്ടു. ഉത്തർപ്രദേശ് കേന്ദ്രമാക്കി നിർമിച്ച 'ദബാങ്' എന്ന സിനിമയിലൂടെ സൽമാൻ ഖാൻ വലിയ ഓളമുണ്ടാക്കി. ബോളിവുഡിലും താരപരിവേഷങ്ങളെ കുറിച്ച അതിന്റെ വ്യാകരണങ്ങളിലും മറ്റു സിനിമാ വ്യവസായങ്ങൾ ചെലുത്തുന്ന സ്വാധീനത്തെ ശരിവെക്കുന്നതായിരുന്നു അജയ് ദേവ്ഗണിന്റെ 'സിംഗം', ആമിർ ഖാന്റെ 'ഗജിനി' തുടങ്ങിയ സിനിമകൾ. ബോളിവുഡിന് ഇനിമേൽ ദക്ഷിണേന്ത്യയെ ഒഴിവാക്കാൻ തരമില്ല എന്നതിന്റെ ആദ്യ സൂചനകളിൽ ഒന്നായിരുന്നു 'ഓം ശാന്തി ഓമി'ലെ 'യെന്നാ റാസ്കലാ' എന്ന ഭാഗം.
അതുകൊണ്ടുതന്നെ, ഹിന്ദി ഇന്ത്യൻ/സൗത്ത് ഇന്ത്യൻ എന്ന ദ്വന്ദം (binary) വീണ്ടും പ്രയോഗിക്കുന്നത് മേൽപറഞ്ഞ സാഹചര്യങ്ങളുടെ ലളിതവത്കൃതമായ മനസ്സിലാക്കലുകൾക്കേ ഉപകരിക്കൂ. സിനിമയും ഭാഷയും തമ്മിലുള്ള ബന്ധം പലതലങ്ങളിൽനിന്ന് പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.
ആദ്യ വർഷങ്ങളിൽ സിനിമയിൽ ശബ്ദമുണ്ടായിരുന്നില്ല. അതേസമയംതന്നെ സിനിമകൾ ഒരിക്കലും മൂകമായിരുന്നില്ല എന്നും സിനിമാ ചരിത്രകാരന്മാർ പറയുന്നു. സിനിമാ സ്ക്രീനിങ്ങുകൾക്കുശേഷം എപ്പോഴും സംഗീത പരിപാടികളും ചർച്ചകളുമുണ്ടായിരുന്നു. ഹോളിവുഡ് സിനിമകളുടെ ചരിത്രത്തെക്കുറിച്ചു പഠനം നടത്തിയ മിരിയം ഹാൻസൻ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകങ്ങളിൽ വലിയ തിയറ്ററുകൾ സ്ഥാപിക്കപ്പെടുന്നതിനും മുമ്പേയുള്ള സിനിമയുടെ ആദ്യ കാലങ്ങളെ പ്രതിപാദിപ്പിച്ചുകൊണ്ട് പറയുന്നത്, സിനിമയിലെ ബാബേലിന്റെ കാലം (time of babel) എന്നാണ്. നിക്കളോഡിയൻ (Nickelodeon) എന്ന പേരിൽ അക്കാലത്ത് നിലനിന്നിരുന്ന ചെറിയ പ്രദർശനങ്ങൾ ചെറു ദേശങ്ങൾക്ക് വിരുന്നായിരുന്നു. സിനിമകൾക്ക് അക്കാലത്ത് ആഖ്യാനപരമായ ഒരു ക്രമമുണ്ടായിരുന്നില്ല. ഏതു ക്രമത്തിൽ പ്രദർശിപ്പിക്കണമെന്നത് അവതാരകരായിരുന്നു തീരുമാനിച്ചിരുന്നത്. ശേഷം കമന്റേറ്റർമാർ േപ്രക്ഷകർക്ക് തൃപ്തികരമാവുംവിധം ഓരോ വിഷ്വലുകെള കുറിച്ചും വിശദീകരണം നൽകും. അപ്രകാരം, ഒരേ വിഷ്വലുകൾക്ക് ഒരേ നഗരത്തിലെ ഇറ്റാലിയൻ പ്രാന്തങ്ങളിലും ജൂതപ്രാന്തങ്ങളിലും അതതു സമൂഹത്തിന്റെ സംഘടിത ഭാഷയും ആഭ്യന്തരമായ ഹാസ്യകൽപനകളും പരിഗണിച്ചുകൊണ്ട് രണ്ടു ക്രമവും രണ്ടുതരം വിശദീകരണങ്ങളുമുണ്ടായി. ഹോളിവുഡ് സിനിമകളുടെ ആഖ്യാനക്രമവും 'ആഗോള'ഭാഷയും നിർമിക്കപ്പെടുന്നത് അനാശാസ്യകേന്ദ്രങ്ങൾ എന്നാരോപിച്ചുകൊണ്ട് നിക്കളോഡിയനുകളെ അന്യാധീനപ്പെടുത്തുന്നതോടെയാണ്. അതേസമയം തന്നെ, എല്ലാ പശ്ചാത്തലങ്ങളിൽനിന്നും വംശ-വിഭാഗങ്ങളിൽനിന്നുമുള്ള ആളുകൾ വരുകയും സിനിമ കാണുകയും ചെയ്യുന്ന വലിയ തിയറ്ററുകളിലേക്ക് സിനിമാമൂലധനത്തെ ഹോളിവുഡ് മാറ്റിസ്ഥാപിക്കുകയും ചെയ്തു.
ആദ്യത്തെ ശബ്ദചിത്രം 'ദി ജാസ് സിംഗർ' ഇറങ്ങുന്നത് 1927ലാണ്. ആദ്യത്തെ ഇന്ത്യൻ ശബ്ദചിത്രമായ 'ആലം ആര' 1931ലും പുറത്തിറങ്ങി. ഇന്ത്യൻ സിനിമയിൽ ശബ്ദം വന്നതോടെ, മാർക്കറ്റുകൾ/പ്രദേശങ്ങൾ ഭാഷാ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവരക്കേണ്ടുന്ന അവസ്ഥ സംജാതമായി. പ്രമുഖ ഫിലിം തിയറിസ്റ്റായ എം. മാധവപ്രസാദിന്റെ പഠനങ്ങളെ മുൻനിർത്തി ആലോചിക്കുമ്പോൾ, സിനിമയും ഭാഷയും തമ്മിലുള്ള ബന്ധം മൂന്നുതരത്തിലാണുള്ളത്. ആദ്യത്തേത് തികച്ചും നേരിട്ടുള്ള ബന്ധമാണ് -അതായത് സിനിമക്ക് ഭാഷയുടെ വിഭവങ്ങളെ പുഷ്ടിപ്പെടുത്താനും അതിനെ വേറിട്ട ഒരു അസ്തിത്വമായി സ്ഥാപിക്കാനും കഴിയും. മാർക്കറ്റുകളെ ഭാഷാഭേദങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റിവരച്ചതിനുശേഷമുള്ള വർഷങ്ങളിൽ, സിനിമക്കകത്ത് അതിന്റെ വിപണനകേന്ദ്രം കണ്ടെത്താൻ ഭാഷാ ദേശീയതയെ (linguistic nationalism) സഹായിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിനിമയിലെ ഭാഷതന്നെയാണ്. ഭാഷാ സിനിമകൾ അതിന്റെ പ്രേക്ഷകരുടെ ചരിത്രപരമായ തുടർച്ചയെ അടയാളപ്പെടുത്തിയത് പഴയ കാലങ്ങളിൽനിന്നും വ്യത്യസ്തമായ ഒരു ഭാഷാ സംവർഗമായിട്ടാണ്. 1983ൽ ഐക്യ ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിത്തീർന്ന എൻ.ടി. രാമറാവുവിന്റെ വിജയത്തെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ട്, തെലുങ്ക് സ്വാഭിമാനത്തിന്റെ മുദ്രാവാക്യങ്ങളെക്കുറിച്ച് ഫിലിം തിയറിസ്റ്റും ചരിത്രകാരനുമായ എസ്.വി. ശ്രീനിവാസ് ഇപ്രകാരം അഭിപ്രായപ്പെടുന്നുണ്ട്; തെലുങ്ക് പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ തെലുങ്ക് ഭൂതകാലത്തിലേക്കും അതിന്റെ പ്രതാപത്തിലേക്കുമുള്ള അവരുടെ ഒരേയൊരു ബന്ധം എൻ.ടി.ആറിന്റെ സിനിമകൾതന്നെയാണ്. ഇതിനു സമാനമായി, എൻ.ടി.ആറിന്റെ പുരാണ സിനിമകൾക്കുവേണ്ടിയുള്ള ഒരു പുതിയ തെലുങ്ക് ഭാവുകത്വം കണ്ടെത്തുന്നതോടെയാണ് (പ്രേക്ഷകരുടെ) സംഘടിത ഭാവനയിൽ തെലുങ്ക് ഭാഷക്ക് ശോഭനമായ ഭൂതകാലമുണ്ടായത് എന്നാണ് മറ്റൊരു സിനിമാ സൈദ്ധാന്തികയായ ഉമാ മഹേശ്വരി ബ്രുംഗുബന്ദ അഭിപ്രായപ്പെടുന്നത്.
സിനിമയും ഭാഷയും തമ്മിലെ രണ്ടാമത്തെ ബന്ധം മെറ്റാ-ഭാഷയുമായി ബന്ധപ്പെട്ടതാണ്. അഥവാ, സിനിമയിൽ സംസാരിക്കുന്ന ഭാഷക്കപ്പുറത്ത്, ഒരു സിനിമക്ക് മറ്റൊരു ഭാഷയുടെ വ്യാകരണവും യുക്തിയുമുണ്ടാവാം. പഴയ ഹിന്ദി സിനിമകളുടെ മെറ്റാ-ഭാഷ ഉർദുവായിരുന്നെങ്കിൽ, പുതിയ ബോളിവുഡ് സിനിമകളുടെ മെറ്റാ-ഭാഷ ഇംഗ്ലീഷാണ് എന്നതാണ് പഴയ ഹിന്ദി സിനിമകളും നിലവിലെ ബോളിവുഡ് സിനിമകളും തമ്മിലെ ഒരു പ്രധാന വ്യത്യാസം എന്ന് മാധവ പ്രസാദ് അഭിപ്രായപ്പെടുന്നുണ്ട്. സിനിമയിലെ പ്രണയകൽപനകൾ ഇക്കാലത്തിനിടക്ക് ഇപ്രകാരമാണ് മാറ്റത്തിനു വിധേയമായത് എന്നാലോചിച്ചാൽ ഇതു കൂടുതൽ വ്യക്തമാവും. ഉർദു യുക്തി എപ്പോഴും കുലീനമായ (courtly) സ്നേഹത്തിലേക്ക് ചേർന്നുനിൽക്കുമ്പോൾ, സ്നേഹത്തിന്റെ പ്രകാശനം ഭിന്നമായ രൂപകങ്ങളെ ആശ്രയിച്ചിരിക്കും. അതേസമയം, I love you എന്നത് ഒരു ഇംഗ്ലീഷ് വാക്യം മാത്രമല്ല, മറിച്ച് ഉപരിസൂചിത സാഹചര്യത്തിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കാത്ത ഒരു ഇംഗ്ലീഷ് മെറ്റാ-ഭാഷകൂടിയാണ്. വൻവിജയം നേടിയ 'ബാഹുബലി', 'കെ.ജി.എഫ്', 'ആർ.ആർ.ആർ' എന്നീ സിനിമകളിൽ പ്രത്യേകിച്ച് ദക്ഷിണമായ (south) ഒന്നുമില്ലെന്നും, അധീശ സാംസ്കാരിക-ദേശീയതയുടെ സങ്കൽപങ്ങളോട് ചേർന്നുനിൽക്കുന്നവയാണ് അവയെന്നുമാണ് ചരിത്രകാരനായ നിസ്സിം മണ്ണത്തൂക്കാരൻ അടുത്തിടെ (20.05.2022) 'ദ ഹിന്ദു'വിൽ എഴുതിയ ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നത്. അവയെല്ലാം (ഒരുപക്ഷേ) ഹിന്ദി മെറ്റാ-ഭാഷയുടെ ഉൽപന്നങ്ങളാണെന്നും പറയാം. ബഹുഭാഷാ ചിത്രങ്ങളായ കാലാപാനി, മരക്കാർ തുടങ്ങിയ സിനിമകളും ദേശീയതാവാദത്താൽ പ്രേരിതമായി നിർമിക്കപ്പെട്ടവയാണ്.
വ്യത്യസ്തമായ ഭാഷകൾ സംസാരിക്കുന്ന സിനിമകൾ തമ്മിൽ ബന്ധങ്ങളും സമാനതകളുമുണ്ടാകാം. ഇവിടെ ഡബ് ചെയ്ത ചിത്രങ്ങളെയും ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്ക് റീമേക്ക് ചെയ്ത ചിത്രങ്ങളെയും കുറിച്ച് ആലോചിക്കാം. വിഷ്വലുകൾക്കുമപ്പുറം, വ്യത്യസ്തമായ ഭാഷകളാണ് സംസാരിക്കുന്നതെങ്കിലും ശബ്ദവിതാനങ്ങളുടെ ഭാഷയിലെങ്കിലും വ്യത്യസ്ത വ്യവസായങ്ങളിൽനിന്നുള്ള സിനിമകൾക്ക് തമ്മിൽ ബന്ധമുണ്ടായേക്കും. വിപ്ലവത്തിനു മുമ്പുള്ള ഇറാനിലെ 'ഫിലിംഫാർസി'യിൽ ഹിന്ദി ശബ്ദങ്ങൾക്കും പാട്ടുകൾക്കുമുള്ള സ്വാധീനത്തെക്കുറിച്ച് ക്ലെയർ കൂളി നടത്തിയ പഠനം ഉദാഹരണം.
ഭാഷക്കപ്പുറത്തെ സിനിമ
ഭാഷക്ക് ഇതുവരെ പറയാൻ സാധിക്കാത്ത സംഗതികളെ ആലോചിക്കാൻ സിനിമക്കു കഴിയുന്നു എന്നതാണ് സിനിമയും ഭാഷയും തമ്മിലെ മൂന്നാമത്തെ ബന്ധം. ഒരുപക്ഷേ, ഉപരിസൂചിത ഉദാഹരണങ്ങളെ സൂചിപ്പിച്ചുകൊണ്ട്, വളരെ പ്രാദേശികമായ ഒരു സാഹചര്യത്തിൽ I love you എന്ന ഇംഗ്ലീഷ് പ്രയോഗത്തെ സാധ്യമാക്കിയത് സിനിമയാണെന്ന് പറയാൻ കഴിയും. ഇതുവരെ ഒരു പേരില്ലാത്ത പുതിയ ക്രമത്തെക്കുറിച്ചുള്ള ഭാവനകൾ അവതരിപ്പിക്കുമ്പോൾതന്നെ, ഏകാധിപത്യത്തിന്റെ പഴയ രൂപകങ്ങളിലേക്ക് ഇടറിവീഴുന്ന ഒരു രാഷ്ട്രീയ ഭാഷയാണ് സിനിമാ താരങ്ങൾ സാധ്യമാക്കുന്നതെന്ന് രജനികാന്തിന്റെ സിനിമകളെ സൂചിപ്പിച്ചുകൊണ്ട് മാധവ പ്രസാദ് അഭിപ്രായപ്പെടുന്നുണ്ട്.
ഭാഷയും വിഷ്വലുകളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ട ചരിത്രസന്ദർഭത്തിലാണ് ഇപ്പോൾ നമ്മളുള്ളത്. മുമ്പത്തെക്കാളേറെ, ഒരുപാട് തലങ്ങളിൽ ഒരു സിനിമക്ക് നിലനിൽപുണ്ടാവേണ്ടതുണ്ട്. അതൊരു െട്രയിലറായി നിലനിൽക്കണം, പാട്ട്-ചെറിയ തമാശകൾ-മീമുകൾക്ക് പാകമായ വിഷ്വലുകൾ-വൈറലാകുന്ന വിധമുള്ള ആംഗ്യങ്ങൾ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്കുതകുന്ന യൂനിറ്റുകളായി അവയെ തരംതിരിക്കാനാവണം. ഈ തരംതിരിവുകൾ പഴയകാല സിനിമകളിലും കാണാമെങ്കിലും, സിനിമയിൽനിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലേക്ക് സിനിമയെ ആയാസകരമായി പുനഃസൃഷ്ടിക്കാൻ പുതിയ ഡിജിറ്റൽ രൂപം അതിനെ സാധ്യമാക്കിയിട്ടുണ്ട്. ജെയിംസ് ജോയ്സിന്റെ യൂലിസീസിന്റെ (ulysses) ഭാഷയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട്, വ്യവസായ വിപ്ലവത്തിനുശേഷം നഗര പ്രദേശങ്ങളിലുണ്ടായ, പുതിയ സാമൂഹിക യാഥാർഥ്യങ്ങളോട് പ്രതികരിക്കുന്നതിലായിരുന്നു ജോയ്സ് വിജയിച്ചതെന്ന് ലിറ്റററി സോഷ്യോളജിസ്റ്റായ ഫ്രാങ്കോ മോററ്റി പറയുന്നുണ്ട്. കാഴ്ചകളിലും ശബ്ദങ്ങളിലുമുണ്ടായ വിസ്ഫോടനം വ്യതിചലനത്തെ/പതർച്ചകളെ (distraction) നഗരജീവിതത്തിന്റെ ഒരു പ്രത്യേകതയാക്കി മാറ്റി. മനുഷ്യരുടെ (പുതിയ) ശ്രദ്ധാശേഷിക്കനുസരിച്ച് വാക്യങ്ങളെ ചിട്ടപ്പെടുത്തി എന്നതാണ് ജോയ്സിന്റെ പ്രധാന സവിശേഷത. അങ്ങനെ, ഒരുപാട് ഭാഗങ്ങളുള്ള നീണ്ട വാക്യങ്ങൾക്കു പകരം, പൂർണമായ ചെറുവാക്യങ്ങൾ പുതിയ സാമൂഹിക സാഹചര്യങ്ങളിൽ കൂടുതൽ വിജയകരമായി.
നമ്മളാകട്ടെ ഇന്ന് കൂടുതൽ ശ്രദ്ധാമാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഇപ്പോൾതന്നെ നമ്മുടെ ഒരുപാട് കാര്യങ്ങളുടെ നടുവിലാണ്. ഇപ്പോൾ ഞാൻ കാണേണ്ട എപ്പിസോഡുകൾക്കു മുമ്പ് മറ്റൊന്നുണ്ടായി. ഞാൻ കണ്ട ഒരു സീരീസിന് ഒരു പശ്ചാത്തല കഥയുണ്ട്, അതു പിന്നീടാണ് ഇറങ്ങുക. ഈ ദിവസത്തിലെ ഒരു പ്രധാന മരണം ദിവസങ്ങൾക്കുമുന്നേ നടന്നതുപോലെ നമുക്കു തോന്നുന്നു, നാം കേൾക്കുന്ന തമാശകൾ മാസങ്ങൾക്കു മുമ്പുള്ളതുപോലെയും പുതിയ ഉൾക്കാഴ്ചകളെന്നു പറയുന്നവ വർഷങ്ങളായി നമ്മൾ വായിച്ചുകൊണ്ടിരുന്നതിന്റെ നവീകൃത രൂപമാണെന്നും നമുക്കനുഭവപ്പെടുന്നു. ഇങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുടെ നടുവിലാണ് നാമുള്ളത്. എങ്കിലും നമ്മുടെ ഭാഷകൾക്ക് ഇപ്പോഴും ഒരു വായനക്രമവും സംസാരക്രമവുമുണ്ട്. ആയതിനാൽ, ഭാഷ എന്നത് ചരിത്രപരമാണ്, അതിന്റെ ഏറ്റവും അടിസ്ഥാനപരമായ തലത്തിൽപോലും സമയത്തിലൂടെ മാത്രമേ അതിന് രൂപംകൊള്ളാനാകൂ. എങ്കിലും, ചരിത്രം എന്നതിനെക്കാൾ സമകാലികതയാണ് (simultaneity) നമ്മുടെ സമയത്തിന്റെ ക്രമം. ഈ സമകാലികതയെയാണ് നമ്മൾ വ്യതിചലനം എന്നു വിളിക്കുന്നത്. ഒരു തുടക്കവും അവസാനവും ഉണ്ടാകണം, അപ്രകാരം അടിസ്ഥാനപരമായ രൂപത്തിൽതന്നെ ചരിത്രപരവുമായിരിക്കണം എന്ന നമ്മുടെ ഭാഷയുടെ ഈ പരിമിതി തന്നെയാണ് 'അറൈവൽ' (ഡെന്നിസ് വില്യനെവൂ, 2016) എന്ന ഹോളിവുഡ് സിനിമയുടെ കേന്ദ്രതന്തു. സമകാലികതയുടെ ഭാഷയിൽ- (ഭൂതവും ഭാവിയും വർത്തമാനവും ഒരുമിച്ച് വിചാരിക്കുന്ന ഭാഷയിൽ) വിഹരിക്കാനെത്തുന്ന ഒരു അന്യജീവിയുടെ കഥയാണ് അതു പറയുന്നത്. ചരിത്രത്തിന്റെതന്നെ പുറത്തുനിൽക്കുന്നതിന്റെ ശക്തിയാണത്.
ഒരൊറ്റ ഉപരിയുക്തിയുടെ പേരിൽ അതിന്റെ ഭാഗങ്ങൾ തമ്മിൽ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നില്ല എന്നതാണ് സമകാലിക വിഷ്വൽ മാധ്യമങ്ങളുടെ ഒരു പ്രത്യേകത എന്ന് അമേരിക്കൻ സാംസ്കാരിക സൈദ്ധാന്തികനായ സ്റ്റീവൻ ഷാവിറോ 'പോസ്റ്റ്-സിനിമാറ്റിക് അഫക്ട്' എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. സമാനമായി, ന്യൂ ജനറേഷൻ മലയാളം സിനിമകളുടെ പ്രത്യേകതയായി മാറിയ മനുഷ്യേതര നോട്ടങ്ങളെ (non-human gaze) കുറിച്ച് അലക്സാണ്ടർ ഗാല്ലോവേയുടെ മീഡിയ തിയറി അവലംബിച്ചുകൊണ്ട് ജെൻസൻ ജോസഫ് വിശദീകരിക്കുന്നുണ്ട്. സിനിമയിലെ ദൃശ്യങ്ങൾ/വിഷ്വലുകൾ ഇനിമേൽ മനുഷ്യനേത്രങ്ങളുടെ യുക്തിയാൽ ബന്ധിതമല്ലതന്നെ.
സിനിമയും ഭാഷയും തമ്മിൽ
സിനിമയിലെ അർഥങ്ങളുടെ/ഭാഷയുടെ ഏറിയപങ്കും നിർമിക്കുന്നത് അതിൽ അഭിനയിക്കുന്ന നായകനാണ്. താരപരിവേഷങ്ങൾ അതോടൊപ്പം പ്രതീക്ഷകളുടെയും മാതൃകകളുടെയും ഒരു വലിയനിര തന്നെ കൊണ്ടുവരുന്നു. താരശരീരം അർഥവത്തായ ശരീരമാണ്. ഇവിടെയാണ് ഭാഷ ഇൻഡസ്ട്രിയുമായി കണ്ടുമുട്ടുന്നത്. ഇൻഡസ്ട്രിയാണ് താരത്തെ നിർമിക്കുന്നത്. ശബ്ദ സിനിമകൾ വന്ന സമയത്തു തന്നെയാണ് താരപരിവേഷം സ്ത്രീകളിൽനിന്നും പുരുഷന്മാരിലേക്ക് മാറ്റപ്പെടുന്നത്. പുരുഷനാണ് ഭാഷയെ പ്രതിനിധാനംചെയ്തിരുന്നത്, കാരണം ഭാഷ അതിനെതന്നെ രേഖപ്പെടുത്തിയിരുന്നത് ഒരു സമൂഹമായാണ്, ആ സമൂഹത്തിന്റെ മൂല്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് പുരുഷാധിപത്യപരമായിട്ടുമാണ്. എന്തുകൊണ്ടാണ് സൗത്ത് ഇന്ത്യൻ സിനിമകൾ ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാങ്കേതികവിദ്യകളിലുള്ള പുരോഗമനങ്ങൾ, ഭാഷ പരിഗണിക്കാതെതന്നെ സിനിമയുടെ വ്യാകരണങ്ങളെ ക്രമീകരിക്കാനുള്ള ശ്രമങ്ങൾ, ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് തുടങ്ങിയ ഘടകങ്ങൾക്ക് സാധിക്കും. അപ്പോഴും നിലനിൽക്കുന്ന ഒരു ചോദ്യം എന്ത് അർഥപ്രപഞ്ചമാണ് ഒരു ദക്ഷിണേന്ത്യൻ താരം സിനിമക്ക് നൽകുന്നത് എന്നതാണ്. സിനിമാറ്റിക് സാങ്കേതികതയിലൂടെയും അനേകവർഷത്തെ സിനിമാ കരിയറിലൂടെ അടിഞ്ഞുകൂടുന്ന പൊരുളുകളിലൂടെയുമാണ് ഒരു താരത്തിന് അർഥം ലഭിക്കുന്നത്. അപ്പോൾ, പരിചിതമല്ലാത്ത, എന്നാൽ സിനിമാറ്റിക് രൂപങ്ങളിലൂടെ (ക്ലോസ്അപ്പുകൾ, കോരിത്തരിപ്പിക്കുന്ന മ്യൂസിക്കുകൾ, ശക്തമായ ഡയലോഗ് ഡെലിവറികൾ, അടി മുതൽ മുടി വരെ ഭ്രമിപ്പിക്കുന്ന കാമറ ചലനങ്ങൾ) അവതരിപ്പിക്കപ്പെടുന്ന സൗത്ത് ഇന്ത്യൻ ശരീരം പ്രതിനിധാനം ചെയ്യുന്നത് എന്താണ്? ആഗോളീകരണത്തിന്റെ അവസരത്തിൽ (1980കളുടെ അവസാനത്തിലും 1990കളുടെ ആദ്യത്തിലും) ഉയർന്നുവന്ന ബോളിവുഡ് താരങ്ങൾ, ബോളിവുഡിലെ പുതിയ വികാസങ്ങൾക്കൊത്ത ഡിമാന്റുകളെക്കുറിച്ച് ആലോചിക്കുകയും എന്നാൽ, അതു പൂർത്തീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്ത ഒരു ഇടർച്ചയിലേക്കാണ് ഇത് വിരൽ ചൂണ്ടുക. 1990കളിലെ കൗമാരക്കാർക്ക് നമ്മുടെ സാംസ്കാരിക ചരിത്രത്തിൽ വളരെ നാളുകളായി ഉണ്ടായിരുന്ന താൽപര്യം അവസാനിക്കുകയാണ്, ബോളിവുഡിന്റെ ആഭ്യന്തരമായ കഥയിൽനിന്നും ബാഹ്യമായ ഒരു മധ്യവർത്തി (mediator) മാഞ്ഞുപോവുന്നതാണ് ഒരുപക്ഷേ ഇന്നു നമ്മൾ സൗത്തിൽനിന്നും കണ്ടുകൊണ്ടിരിക്കുന്നത്.
(കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനു കീഴിലുള്ള മണിപ്പാൽ സെന്റർ ഫോർ ഹ്യുമാനിറ്റീസിൽ അധ്യാപകനാണ് ലേഖകൻ. മൊഴിമാറ്റം: അഫ്സൽ ഹുസൈൻ )