അതിന് എനിക്ക് സ്വാതന്ത്ര്യം വേണം: ഗീതാഞ്ജലി ശ്രീ
ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമുേണ്ടാ? എന്താണ് എഴുത്തിന്റെ ദൗത്യം? തന്റെ തന്നെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗീതാഞ്ജലി ശ്രീ ചില നിലപാടുകൾ തുറന്ന് അവതരിപ്പിക്കുന്നു. ഡിസംബർ അവസാനം ഗവ. കോളജ് മടപ്പള്ളിയിൽ നടത്തിയ എം.ആർ. നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ....
Your Subscription Supports Independent Journalism
View Plansഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധത ആവശ്യമുേണ്ടാ? എന്താണ് എഴുത്തിന്റെ ദൗത്യം? തന്റെ തന്നെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗീതാഞ്ജലി ശ്രീ ചില നിലപാടുകൾ തുറന്ന് അവതരിപ്പിക്കുന്നു. ഡിസംബർ അവസാനം ഗവ. കോളജ് മടപ്പള്ളിയിൽ നടത്തിയ എം.ആർ. നാരായണക്കുറുപ്പ് അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ. മൊഴിമാറ്റം: കെ.പി. മൻസൂർ അലി
എഴുത്തുകാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം സമൂഹത്തിലെ എഴുത്തുകാർ, എഴുത്തുകാരും സമൂഹവും, എഴുത്തുകാർക്ക് സമൂഹം തിരികെ നൽകേണ്ട ഉത്തരവാദിത്തം എന്നീ വിഷയങ്ങളെ കുറിച്ച് ചില ചോദ്യങ്ങൾകൂടി സദസ്സിനു മുന്നിൽ വെക്കാൻ ആഗ്രഹിക്കുന്നു.
എഴുത്തുകാർ, സമൂഹം എന്നിവയെക്കുറിച്ച് വളരെ ലളിതമായാണ് നാം സംവദിക്കാറുള്ളതെന്നാണ് ഞാൻ കരുതുന്നത്. എഴുത്തുകാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും നാം അങ്ങനെയാണ് പൊതുവെ സംസാരിക്കാറുള്ളത്. സദസ്സിൽ വിദ്യാർഥികളെ കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നുണ്ട്. ഭാവിയുടെ പ്രതീക്ഷകളാണ് വിദ്യാർഥികളെന്നതുതന്നെ കാരണം. അവസാനത്തിൽ അവരുമായി കൂടുതൽ ആശയവിനിമയം ഞാൻ ആഗ്രഹിക്കുന്നുണ്ട്.
സമൂഹത്തിൽ എഴുത്തുകാരുടെ ഉത്തരവാദിത്തത്തെ കുറിച്ച് പറയുമ്പോൾ ഒരു എഴുത്തുകാരിയായി എന്റെതന്നെ യാത്രകളിലെ ചില കഥകൾ പങ്കുവെച്ച് തുടങ്ങാം. സമൂഹത്തിൽ എഴുത്തുകാർ എന്നാൽ എന്താണ്? സമൂഹം എഴുത്തുകാരെ എങ്ങനെയാണ് നോക്കിക്കാണുന്നത്? മാതൃഭാഷയിൽ എഴുതുന്ന – എന്റെ കാര്യത്തിൽ ഹിന്ദി – ഒരു എഴുത്തുകാരി, അതും ഒരു വനിത നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെക്കുന്നതാകും ഞാൻ പങ്കുവെക്കുന്ന അനുഭവങ്ങൾ. ചിലത് നിങ്ങൾക്ക് നിസ്സാരമായിരിക്കാം. പക്ഷേ, അവ പകർന്നുനൽകുന്ന സന്ദേശങ്ങൾ ഏറെ വലുതാണ്.
ഒന്നാമതായി, ആളുകൾ കുറെക്കൂടി ഗ്ലാമർ തിളക്കമുള്ള ജോലികൾ ചെയ്യുമ്പോൾ നിങ്ങൾ അടച്ചിട്ട മുറിയിൽ ഏകാന്തതയെ കൂട്ടാക്കി എഴുത്തിന്റെ പണിപ്പുരയിലാകും. അവിടെ ആരോരുമില്ലാതെയാകും അധികസമയവും ഇരിക്കേണ്ടിവരുക. എഴുത്തു മാത്രമാകും നിങ്ങൾക്ക് എല്ലാം. ഇത് നിർത്തി കുറെക്കൂടി ഗ്ലാമറസായ വല്ല ജോലികളുമായാലോ എന്ന ചിന്ത നിങ്ങളെ ആവേശിക്കും. അപ്പോഴാണ് ഞാൻ താടിവെച്ച ടാഗോറിനെയും ഹിന്ദിയിൽ ഏറ്റവും മികച്ച വേഷവിധാനങ്ങളുടെ സമൃദ്ധിക്കു നാം പരിചയിച്ച കൃഷ്ണ സോബ്തിയെയും ഓർക്കുന്നത്. അവർ ഒരു സദസ്സിലേക്ക് വരുമ്പോഴേ ആളുകൾ പറയും, ഏതോ അപൂർവ വ്യക്തിത്വം ഇതാ സദസ്സിനെ ധന്യമാക്കി സമാഗതമാകുന്നു. അങ്ങനെയൊക്കെയാണെങ്കിലും, വേഷം മൊത്തമായി പുതിയതിലേക്ക് പരിവർത്തനത്തിന് എനിക്കിഷ്ടമല്ലായിരുന്നു. ചെറിയ കൈക്രിയയെന്ന നിലക്ക് കാഴ്ച മികച്ചതാക്കാൻ ഒരു കണ്ണടയാകാമെന്ന തീരുമാനത്തിൽ അവസാനം ഞാനെത്തി. കാഴ്ചക്ക് കുറെക്കൂടി നാടകീയത നൽകുന്ന ഒരു കണ്ണട തിരഞ്ഞ് അങ്ങനെ കടയിലെത്തി. അവിടെ പലതരം കണ്ണടകൾ കണ്ടു. ഏറ്റവും വിലകൂടിയതുതന്നെ സ്വന്തമാക്കാൻ കടക്കാരനും കൂടെനടന്ന് സഹായിച്ചു. ചിത്രങ്ങളുള്ളതും പൂവുകൊണ്ട് ഞൊറിവെച്ചതുമടക്കം പലതരം. ഓരോന്നും വെച്ചുനോക്കും. ഒടുവിൽ അതിലൊന്നിൽ ഞാൻ തീരുമാനമുറപ്പിച്ചു. മുകൾഭാഗം ചുവന്നും താഴെ വെളുത്തും നാടകീയത ശരിക്കും അടയാളപ്പെടുത്തിയ ഒന്ന്. അതുമായി ഞാൻ ഭർത്താവിനു മുന്നിലെത്തി ചോദിച്ചു, എങ്ങനെയുണ്ട്, ഒരു എഴുത്തുകാരിയെപ്പോലെ തോന്നുന്നുണ്ടോ? കക്ഷി പക്ഷേ, നൽകിയ മറുപടി എങ്ങനെയൊക്കെ മാറിയാലും ഒരു എഴുത്തുകാരിയുടെ മുഖമില്ലെന്നായിരുന്നു. ഒരു സിനിമാ താരമോ രാഷ്ട്രീയക്കാരനോ ബ്യൂറോക്രാറ്റോ ആയിരുന്നെങ്കിൽ അവർ വലിയതു പറയുമായിരുന്നു. പക്ഷേ, എഴുത്തുകാരിയായപ്പോൾ അവർക്കതു പറയാൻ തോന്നിയില്ല. കാരണം, എഴുത്തുകാർ അവർക്ക് അങ്ങനെയൊന്നുമാകില്ല.
ഇനി രണ്ടാമത്തേത് പറയാം. എഴുത്ത് കുറെ മുന്നോട്ടുപോയ കാലം. ചില പുസ്തകങ്ങൾ വിപണിയിലെത്തിയിട്ടുണ്ട്. അഭിമുഖങ്ങളും റിവ്യൂകളും മാധ്യമങ്ങളിൽ വന്നുതുടങ്ങുകയും ചെയ്തു. അതിനിടെ ഒരാൾ വന്നു. ഓട്ടോഗ്രാഫ് വേണം. സംസാരത്തിനിടെ കക്ഷിയുടെ ചോദ്യം, എന്താണ് ജോലി? എഴുത്തെന്ന് മറുപടി. എഴുത്തുകാരിയെന്ന് അറിയാം. എന്നാലും, ശരിക്കും എന്താണ് ജോലി? -ആവർത്തിച്ചുള്ള ചോദ്യം. ആത്മനിർവൃതിക്കായി അതുചെയ്യുന്നുണ്ടാകാമെങ്കിലും ജോലി മറ്റൊന്നുണ്ടാകണമെന്നായിരുന്നു ആളുടെ ആധി.
മൂന്നാം വിഷയം, എന്റെ മാതൃഭാഷയിൽ എഴുതുന്നതുമായി ബന്ധപ്പെട്ടാണ്. ഞാൻ എഴുത്ത് തുടങ്ങിയതു മുതൽ മാതൃഭാഷയായ ഹിന്ദിയിലാണ് രചന. എന്നാൽ, അന്നുമുതലുള്ള ചോദ്യം എന്തിനാണ് മാതൃഭാഷയിൽ എഴുതുന്നത്, ഇംഗ്ലീഷിൽ എന്തുകൊണ്ടില്ല എന്നായിരുന്നു. ഒരു എഴുത്തുകാരിയോട് ചോദിക്കാവുന്ന ഏറ്റവും വിലക്ഷണമായ ചോദ്യം, എന്തുകൊണ്ട് വിദേശഭാഷയിലല്ലാതെ മാതൃഭാഷയിൽ തന്നെ രചന നടത്തുന്നുവെന്നതാണ്. പഴയപോലെ ഇംഗ്ലീഷ് ഒരു വിദേശഭാഷയൊന്നുമല്ലെന്ന് എനിക്കറിയാം. എന്നാലും എനിക്കെന്റെ ഭാഷ മാതൃഭാഷ തന്നെയാണ്. അതിൽ രചന നടത്തുന്നത് എങ്ങനെയാണ് ഒരാളെ കുതൂഹലപ്പെടുത്തുന്നതാകുക. ഒരു ഫ്രഞ്ചുകാരനോട് എന്തുകൊണ്ട് ഇംഗ്ലീഷിനു പകരം ഫ്രഞ്ചിൽ എഴുതുന്നുവെന്ന് ചോദിക്കാമോ? ഇത് ഇന്ത്യയിൽ അഭ്യസ്തവിദ്യർ ഉന്നയിക്കുന്ന ഒരു ചോദ്യമാണ്. അതായത്, വിദ്യാഭ്യാസം ഇംഗ്ലീഷ് ഭാഷയിലാകണം, ഒരിക്കലും മാതൃഭാഷയിലാകരുത്, എഴുത്തും.
അവസാന വിഷയം, ഒരു പെണ്ണെഴുത്തുകാരിയായതുമായി ബന്ധപ്പെട്ടാണ്. ശരിക്കും ഞാനൊരു ഭാഗ്യംചെയ്ത പെണ്ണാണ്. കരിയറിൽ ഒരിക്കലും കാര്യമായ വിവേചനം നേരിടേണ്ടിവന്നിട്ടില്ല. എന്നാലും വ്യവസ്ഥയുടെ ഭാഗമായ വിവേചനം ഇവിടെ നിലനിൽക്കുന്നുണ്ട്. ആണധികാരം വാഴുന്ന ലോകത്ത്, സ്ത്രീയെ കുറിച്ച് പൊതുവായുള്ള പിൻബോധ്യം ഭാഗ്യവതിയായ എന്നെ പോലുള്ളവർക്കും മറികടക്കാനാവില്ലെന്നതു സത്യം. ഒരു എഴുത്തുകാരിയാകുമ്പോൾ ആൺ എഴുത്തുകാരുടെ രചനകൾക്കു തുല്യമായി അവ പരിഗണിക്കപ്പെടാതിരിക്കുകയെന്നതാണ് അതിലൊന്ന്. ഈ വിഷയവും കാര്യമായി ബാധിച്ചില്ലെന്നത് എന്റെ മാത്രം ഭാഗ്യം.
സ്ത്രീക്ക് കൈകാര്യം ചെയ്യാനുള്ളത് കുടുംബം, വീട് തുടങ്ങിയവ മാത്രമാണെന്ന ധാരണയാണ് നിലനിൽക്കുന്നത്. തീർത്തും വ്യക്തിഗതമാകണം അവരുടെ രചനകൾ. അല്ലെങ്കിൽ, എല്ലാം തുറന്നുപറഞ്ഞ് വിപണി പിടിക്കുന്നവ. ഇനി അതൊന്നുമല്ലാത്ത ഒരു രചന പിറന്നാലോ. അനുവാചകരുടെ കൗതുകത്തോടെയുള്ള പരാമർശം മറ്റൊന്നാകും- ഹൊ, ഇതാ, ഈ സ്ത്രീ ഒരു രചന നിർവഹിച്ചിരിക്കുന്നു, വലിയ വിഷയങ്ങളാണ് അതിൽ പ്രമേയം. ഞാൻ വർഗീയത വിഷയമാക്കി രചന നിർവഹിച്ചപോലെ. സ്ത്രീയെന്ന വിഷയം കടന്ന് ഗീതാഞ്ജലി ശ്രീ പുസ്തകമെഴുതിയിരിക്കുന്നുവെന്നാകും വാക്കുകൾ. പെണ്ണെഴുത്തുകാർക്ക് നിശ്ചയിച്ചുവെച്ച അതിരുകളാണ് ഇവയത്രയും നമ്മെ ഓർമപ്പെടുത്തുന്നത്. യഥാർഥത്തിൽ എഴുത്തുകാരിയല്ല, അവരെ അതിരുകളിൽ തളക്കാനിറങ്ങുന്നവരാണ് ഇവിടെ ചെറുതാകുന്നത്. കാരണം, ഓരോ തരി മണലും ചേർന്നാണ് ഈ ലോകത്തെ സൃഷ്ടിക്കുന്നത്. ഒാരോ തുള്ളി വെള്ളവും കടലിനെയെന്നപോലെ. ഈ വിഭജനങ്ങളെല്ലാം ആണധികാരങ്ങൾ തീർത്തതാണ്. എഴുത്തുകാരനെ സമൂഹം ഇപ്പോഴും എത്ര നിസ്സാരനായാണ് കാണുന്നത് എന്ന് കുറിക്കാനാണ് ഇത്രയും ആമുഖമായി ഞാൻ പറഞ്ഞത്. അത് എന്തുകൊണ്ടാകും അങ്ങനെ?
സമൂഹം എഴുത്തുകാരെ എങ്ങനെ കാണുന്നുവെന്ന് ഞാൻ ആലോചിച്ചു. അവരോട് അനുതാപമുണ്ടാകുമ്പോൾ ഇവർ സമൂഹത്തിന് ആസ്വാദനം നൽകുന്ന വിഭാഗമെന്ന് സമൂഹം പറയും. അല്ലാത്ത ഘട്ടങ്ങളിലാകട്ടെ, സമൂഹത്തിന്റെ വിഭവങ്ങളിൽ അർമാദിക്കുന്ന പരാദങ്ങളെന്നാകും കാഴ്ച. പിന്തുണ ഒട്ടും നൽകേണ്ടാത്തവരായി മാറും അപ്പോൾ. ഇനി ഒരു പരിധികൂടി കടന്ന് വിവാദ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നിരിക്കട്ടെ, അതോടെ എഴുത്തുകാർ കീടങ്ങളായി മാറും. ഒതുങ്ങിയിരുന്ന് സ്വന്തം ജോലിയെടുക്കേണ്ടവർ മറ്റുള്ളവരെ അലോസരപ്പെടുത്താനിറങ്ങിയെന്നാകും വിമർശനം. ഈ മൂന്ന് വിഭാഗങ്ങളിലാണ് പൊതുവെ എഴുത്തുകാരുടെ ഇടം.
സർക്കാർ ഫണ്ട് അനുവദിക്കുന്നതുൾപ്പെടെ സമാനമായ മറ്റു വിഷയങ്ങളിലും ഈ കാഴ്ചപ്പാട് ബാധയായി തുടരുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുക്കെ കല, സാഹിത്യം എന്നീ മേഖലകളിൽ വളറെ കുറഞ്ഞും ശാസ്ത്രം, ടെക്നോളജി എന്നിവക്ക് കൂടിയുമാണ് ഫണ്ട് അനുവദിക്കപ്പെടുന്നത്. എഴുത്തുകാർ ആരാണെന്ന കാഴ്ചപ്പാടിന്റെ തുടർച്ചയാണിത്. ഇത് ന്യായമാണെന്നാകും നമ്മുടെ മനസ്സും പറയുന്നത്. മറ്റു പലതിനെയുംപോലെ എഴുത്തുകാരനും അത്ര പ്രയോജനമുള്ള ഒരു ജനുസ്സാണോയെന്ന സന്ദേഹം നിലനിൽക്കുന്നുണ്ട്.
ഇവിടെ മറ്റൊരു അനുഭവം ഞാൻ പറയാം. ജപ്പാനിലാണ് സംഭവം. ആ രാജ്യത്ത് യമാഗിഷി എന്ന പേരിൽ ഒരു പ്രസ്ഥാനമുണ്ട്. സമത്വവും സ്വകാര്യസ്വത്തിന്റെ ഉച്ചാടനവുമാണ് അതിന്റെ പ്രമേയം. യമാഗിഷി കൂട്ടായ്മകളുണ്ടാക്കി അവർക്കിടയിൽ എല്ലാം തുല്യമായി പങ്കുവെക്കുന്നതാണ് രീതി. ഒരുപോലുള്ള വീട്. കുട്ടികൾപോലും ഒരു കുടുംബത്തിനുമാത്രം അവകാശപ്പെട്ടതല്ലാതിരിക്കുക. രണ്ടു വർഷം മാത്രം മക്കൾ മാതാപിതാക്കൾക്കൊപ്പം ജീവിക്കും. പിന്നീട് ഈ കൂട്ടായ്മയുടെ ഭാഗമാകും. പാൽ കറക്കലും വീട് അടിക്കലും കാർഷികവൃത്തിയും അലക്കലും പാത്രം വൃത്തിയാക്കലും തുടങ്ങി എല്ലാ തൊഴിലുകളും പരസ്പരം പങ്കുവെക്കും. ഒരു തൊഴിലും ഒന്നിനെക്കാൾ മികച്ചതോ താഴ്ന്നതോ ആകില്ല, അവിടെ. പരിപാടികൾ നടക്കുമ്പോൾ എല്ലാവരും ചേർന്ന് വസ്ത്രങ്ങളും ആഭരണങ്ങളും സംഘടിപ്പിച്ച് ആവശ്യം കഴിഞ്ഞാൽ തിരികെയേൽപിക്കും... ഇതെല്ലാം എന്നെ ശരിക്കും കുതൂഹലപ്പെടുത്തി.
അവിടെയും പക്ഷേ, എന്നിലെ എഴുത്തുകാരിയുണർന്നു. അവരോടായി ഞാൻ ചോദിച്ചു. ഇത്തരം പതിവുകളുമായി ഞാനും കഴിഞ്ഞുകൂടാൻ നിർബന്ധിതയാകുമെങ്കിൽ ഒറ്റക്കിരുന്ന് തപസ്യയായി ചെയ്യേണ്ട രചന എങ്ങനെ നിർവഹിക്കും? ചിലപ്പോൾ വെറുതെ ആകാശത്തേക്ക് കണ്ണുംനട്ടിരുന്ന് നക്ഷത്രങ്ങളെ നോക്കിയിരിക്കേണ്ടിവരും.
നിങ്ങളുടെ കാഴ്ചയിൽ അത് അനാവശ്യമാകും. അത് എങ്ങനെ സാധ്യമാകും? അവർക്കുണ്ടായിരുന്ന ഉത്തരം, ഇതുപോലെ പുതിയ വിഷയം വന്നാൽ, കൂട്ടായിരുന്ന് ആലോചിച്ച് തീരുമാനമെടുക്കും എന്നായിരുന്നു. അവിടെയും എന്നെ മഥിച്ച വിഷയം, ഒറ്റക്കിരുന്ന് നക്ഷത്രങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുന്ന എഴുത്തുകാരിയെ പൊതുസമൂഹം എന്തുകൊണ്ടാണ് ഉപകാരമില്ലാത്തവരുടെ ഗണത്തിൽ കാണുന്നതെന്നാണ്? അവരുടെ കാഴ്ചയിൽ ഈ വിഭാഗം സമയം കൊല്ലുകയാണ്. വിഷയത്തിൽ കൂടുതൽ പറയും മുമ്പ്, സാഹിത്യം എന്താണെന്നും സാഹിത്യരചനകൾ എങ്ങനെ പിറവിയെടുക്കുന്നുവെന്നും സംബന്ധിച്ച് ചിലതു പറയാം.
എന്താണ് സാഹിത്യം?
സാഹിത്യമെന്നാൽ കഥകളാണ്. ലോകവും മനുഷ്യരും വിഷയമാകുന്ന കഥകൾ. നിന്റെയും എന്റെയും കഥകൾ. ജീവിതത്തെ കുറിച്ച കഥകൾ. ഈ കഥ പറയാൻ പക്ഷേ, സാഹിത്യത്തിന്റേതായ ശാന്തതയും ധ്യാനവും നിറയുന്ന ഒരിടത്ത് ഇരിക്കാനാകണം. അവിടെ ശരിക്കും നിങ്ങൾ തപസ്സിരിക്കുകയാകും. മറ്റൊരിടത്താകുമ്പോൾ ഹൃദയം ചെന്നുതൊടാത്ത സൂക്ഷ്മഗന്ധിയായ വിവരങ്ങൾ അവിടെ നിങ്ങളുടെ കണ്ണുകളിൽ പതിയും. നിത്യജീവിതത്തിന്റെ പെടാപ്പാടുകൾ കുരുക്കിനിർത്തിയ അതിവേഗ പാതയിൽ നിങ്ങളെ അത് പിടിച്ചുവെച്ച് ചുറ്റുമുള്ള കാഴ്ചകൾ പകർന്നുനൽകും. അപ്പോഴാണ് കാര്യങ്ങളെ കുറിച്ച് നിങ്ങൾ കുതൂഹലപ്പെട്ടുതുടങ്ങുക. നിങ്ങളിൽനിന്ന് ചോദ്യങ്ങളുയരുക. സംശയങ്ങൾ നിങ്ങളെ വിടാതെ പിന്തുടരുക. മുമ്പു ചിന്തിച്ച പലതിനെ കുറിച്ചും മറ്റൊരുതലത്തിൽ ചിന്ത വിടരുക. നിരന്തരം ഇതേ പ്രക്രിയ നിലനിൽക്കുമ്പോൾ ജ്ഞാനം വർധിക്കുമെന്നു മാത്രമല്ല, സത്യവും അർഥവും തേടിയുള്ള അന്വേഷണങ്ങൾക്ക് ആഴം ലഭിക്കുകയുമാകും.
സാഹിത്യമെന്നാൽ, നിങ്ങൾ സ്വന്തത്തോടും ചുറ്റുമുള്ളതിനോടും നടത്തുന്ന സംഭാഷണംകൂടിയാണ്. അതു പക്ഷേ, വളരെ തിടുക്കപ്പെട്ട് നടത്താവുന്ന ഒന്നല്ല. ഉദാഹരണത്തിന്, നാം എന്നും കാണുന്ന സൂര്യാസ്തമയ കാഴ്ച. പതിവുദൃശ്യങ്ങളിൽ അതിന് വ്യത്യാസങ്ങളൊന്നുമില്ല. എന്നാൽ, സൂക്ഷ്മമായി നിരീക്ഷിച്ചുനോക്കൂ. ഓരോ അസ്തമയവും വേറിട്ടതാണെന്ന് നിങ്ങളറിയും. മുമ്പൊരിക്കൽ കണ്ണുപതിയാത്ത വർണങ്ങളിൽ നിങ്ങളുടെ കാഴ്ച ഉടക്കും. എന്താണ് ഇവിടെ സംഭവിച്ചിട്ടുള്ളത്? നിങ്ങളുടെ സംവേദനത്തെയും സൂക്ഷ്മതയെയുമാണ് ഇത് മൂർച്ചകൂട്ടുന്നത്. അതുവഴി നിങ്ങൾ കൂടുതൽ സംസ്കാരമുള്ളവനുമായിത്തീരുന്നുവെന്നുകൂടി ഞാൻ പറയും.
ജീവിതവുമായി ബന്ധപ്പെട്ട് ശാന്തമായി നിങ്ങൾ നോക്കിക്കൊണ്ടിരുന്ന, മുന്നിലുള്ള ഈ വസ്തു ഉപയോഗപ്പെടുത്തി നിങ്ങൾ ഒരു ശിൽപിയാകുകയാണ് ചെയ്യുന്നത്. ശിൽപം നെയ്യുമ്പോൾ നിങ്ങൾ പുതുരൂപങ്ങളും അർഥങ്ങളും തിരയുക സ്വാഭാവികം. അതാണ് സാഹിത്യം.
ഇതോടൊപ്പം മറ്റൊന്നുകൂടി സവിശേഷമാണ്. നാം ചുറ്റുമുള്ള വസ്തുക്കളെ ഉപരിപ്ലവമായി മാത്രമാണോ നോക്കിക്കാണുന്നത്? കാര്യങ്ങളുടെ പുറന്തോട് മാത്രമാണോ വിവരണത്തിന്റെ പരിധിയിൽ വരുന്നത്? ഒരിക്കലുമല്ല. കാരണം, ഈ പുറന്തോടിനു താഴെയാണ് യാഥാർഥ്യത്തിന്റെ ഒട്ടുവളരെ അടരുകൾ കിടക്കുന്നത്. നിരന്തരമായി നിരീക്ഷിക്കുകയും അന്വേഷിക്കുകയും ചെയ്യുമ്പോഴേ ഈ ഉള്ളടരുകളിലേക്കും നമ്മുടെതന്നെ അകത്തേക്കും നമുക്ക് പ്രവേശനം സാധ്യമാകൂ. അവനവന്റെ ആഴങ്ങളിലിറങ്ങിയാലേ വലിയ യാഥാർഥ്യങ്ങൾ ഉന്മീലനം ചെയ്തുകിട്ടൂ.
ബോധപൂർവം ലഭിക്കുന്നവ മാത്രമല്ല, ഉപബോധത്തിലും അർധബോധത്തിലും നമ്മെയുണർത്തുന്നതും അങ്ങനെ പുറത്തെത്തും. ഇവ ചിലപ്പോൾ എഴുത്തുകാരന് മാത്രമല്ല, അനുവാചകനും ശരിക്കും വേദനിപ്പിക്കുന്ന, ഞെട്ടൽ നൽകുന്ന ഒരു പ്രക്രിയയാകും.
ഇവിടെ, മറ്റൊരു സുപ്രധാന വിഷയം ചേർത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. എഴുത്തുകാരിലൂടെ പുറത്തെത്തുന്നത് അവന്റെ ഉള്ളറകളാകും. അതോടൊപ്പം അവൻ ചുറ്റുമുള്ള ലോകവും മാനുഷ്യകം മൊത്തത്തിലും ഇവിടെ പരിമേയമായിവരും. ഇതുപക്ഷേ, മറ്റുള്ളവർ മനസ്സിലാക്കുന്നില്ല. ഉദാഹരണത്തിന്, ഇരുണ്ട ലോകം പ്രമേയമാക്കിയ കാഫ്കയെയും ഗാന്ധിജി നടത്തിയ സ്വാതന്ത്ര്യസമരത്തിനൊപ്പം നിന്ന ടാഗോറിനെയും ആലോചിക്കാം. ഇന്ത്യയിലെ ഈ സമരം ആൾക്കൂട്ടഭരണത്തിലേക്ക് നയിക്കുമെന്നും ദേശീയത മറ്റൊരു തലത്തിലുള്ള സ്വത്വരാഷ്ട്രീയത്തെ വളർത്തുന്ന, ജനത്തെ രണ്ടായി പകുക്കുന്ന തിന്മയാണെന്നും ടാഗോർ കരുതി. തന്റെ എഴുത്തിലും പ്രഭാഷണങ്ങളിലും നിരന്തരം ഇതേ കുറിച്ച മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതിന്റെ പേരിൽ പക്ഷേ, അദ്ദേഹം സാമ്രാജ്യത്വ ദാസനായി മുദ്രകുത്തപ്പെട്ടു. ഏറെ വൈകിയാണെങ്കിലും അന്ന് അസംഗതമെന്നു തോന്നിച്ച വലിയ സത്യങ്ങളായിരുന്നു ടാഗോർ മാത്രമല്ല, കാഫ്കയും പറഞ്ഞുകൊണ്ടിരുന്നതെന്ന് നാമിപ്പോൾ തിരിച്ചറിയുന്നു.
എന്നുവെച്ചാൽ, സാഹിത്യം നമ്മുടെ ലോകത്തെ കൂടുതൽ തെളിമയോടെ കാണിച്ചുനൽകുന്ന ഒന്നാണ്. അതേ കുറിച്ച് അറിയണം. അറിഞ്ഞുതുടങ്ങുമ്പോൾ നാം ചോദ്യങ്ങൾ ചോദിച്ചുതുടങ്ങും. അവിടം മുതലാകും നമ്മുടെ മുന്നോട്ടുള്ള പ്രയാണം കൂടുതൽ കരുത്തുള്ളതാകുക.
എന്നിട്ടും സാഹിത്യത്തിന് എന്തുകൊണ്ട് അർഹമായ ഇടം കിട്ടുന്നില്ലെന്നും സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ സാഹിത്യകാരന്മാർ അതിപ്രധാന ഇടം വഹിക്കുന്നവനാണെന്ന തിരിച്ചറിവ് ഇല്ലാതെപോകുന്നുവെന്നുമുള്ള ചോദ്യം അവശേഷിക്കുകയാണ്. ഇതിന് ചുരുങ്ങിയത് രണ്ടു കാരണങ്ങളാണ് ഞാൻ മനസ്സിലാക്കുന്നത്. മറ്റുള്ളവയുമുണ്ടാകാം. അതിലൊന്ന് കോളനിഭരണം നിലനിന്ന നമ്മുടെ ഭൂതകാലമാണ്. രണ്ടാമത്തേത്, നാം നിലകൊള്ളുന്ന വർത്തമാനവും. അന്ന്, സാഹിത്യത്തിന്റെ പ്രധാന ദൗത്യം ദേശീയതയും നവീകരണവുമായിരുന്നു. അന്ന് അതായിരുന്നു കാലത്തിന്റെ ആവശ്യം. പക്ഷേ, അതിന്റെ ‘ഹാങ്ഓവർ’ ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ് പ്രശ്നം. ബഹളമയമായ, അതിവേഗം മാറ്റങ്ങൾ വരിക്കുന്ന വർത്തമാനത്തിലാകട്ടെ നാം ഏറ്റവുമെളുപ്പത്തിലുള്ള ഉത്തരങ്ങളാണ് തേടുന്നത്. നൈമിഷികതയാണ് ഇന്നത്തെയെല്ലാം. അതിൽ അഭിരമിക്കുന്നു നാം. ചിന്തയും ധ്യാനവും കാത്തിരിപ്പുമൊന്നും ഇന്ന് സാധ്യമല്ല. എത്രയെളുപ്പം ഓരോ വിഷയത്തിനും പരിഹാരമാകുന്നുവെന്നതാണ് നമ്മെ അലട്ടുന്നത്.
ഒരു പാലം നിർമാണം പൂർത്തിയായാൽ അതിവേഗം അതുവഴി അപ്പുറത്തെത്താമെന്നതിനാൽ എൻജിനീയറെ നമുക്ക് മനസ്സിലാക്കാം. ലാബിൽ കോവിഡ് വാക്സിൻ എത്രയും പെട്ടെന്നായാൽ ആശ്വാസമാകുമെന്നതിനാൽ ശാസ്ത്രജ്ഞനെയും നമുക്കു മനസ്സിലാക്കാം. ജീവൻരക്ഷയുടെ ഇടനിലക്കാരനായ ഡോക്ടറും തഥൈവ. ഒരു എഴുത്തുകാരന് പക്ഷേ, അങ്ങനെയൊന്നുമില്ല. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന, നാടകീയതയുള്ളതൊന്നും. ഉത്തരങ്ങൾ എഴുത്തുകാരുടെ മുന്നിലെ ചട്ടങ്ങളാകുന്നില്ല. പകരം അവ്യക്തതയും കാലുഷ്യവുമാകും ചിലപ്പോൾ രചനയുടെ ഭാഷ. എന്നാലും, ഡോക്ടർ, എൻജിനീയർ തുടങ്ങിയവരെപ്പോലെ എഴുത്തുകാരും അതിവേഗ പോംവഴികളുടെ തമ്പുരാനാകണമെന്ന് സമൂഹം കാത്തിരിക്കുന്നു. അതുസംഭവിക്കാതെ വരുന്നതോടെ സ്വാഭാവികമായും ഒന്നുകിൽ സാഹിത്യത്തെ ചെറുതായി കാണുകയോ അല്ലെങ്കിൽ അവഗണിച്ച് അരികിൽനിർത്തുകയോ ആകും സംഭവിക്കുക. ഒപ്പം, അതിവേഗത്തിന്റെ തലത്തിലേക്ക് എഴുത്തുകാരും എത്തണമെന്ന സമ്മർദവുമുയരും.
കാലം, സമൂഹം, ഭരണകൂടം, വിപണി... എന്നിങ്ങനെ എഴുത്തുകാരന് സമ്മർദം ചെലുത്തുന്ന ഘടകങ്ങൾ പലതാണ്. എനിക്ക് ആവശ്യപ്പെടാനുള്ളത് എഴുത്തുകാരനും സമൂഹവും തമ്മിൽ പരസ്പരം കൊണ്ടും കൊടുത്തുമുള്ള ഇഴയടുപ്പത്തിന്റെ ഒരു പാലം നിലനിൽക്കണം. അതുപക്ഷേ, സാധ്യമാകാൻ എഴുത്തുകാരനെ അതിന്റെ വഴിക്കുവിടണം. എഴുത്തെന്നാൽ ഒരു സാഹിത്യപ്രക്രിയയാണ്. ഒരു സംസ്കൃത സമൂഹത്തിൽ ഓരോ സാഹിത്യശാഖക്കും അതിന്റേതായ സ്വാതന്ത്ര്യമുണ്ടാകണം. സംസ്കാരത്തിന്റെ വാഹനമെന്ന നിലക്കുള്ള ആദരവും ലഭിക്കണം.
ഭാഷയെ സംരക്ഷിക്കുന്നതാണ് സാഹിത്യം. അതിന്റെ വളർച്ച സാധ്യമാക്കുകയും ചെയ്യുന്നു. ഭാഷ ഒരു മാധ്യമമോ ഉപകരണമോ അല്ല, മറിച്ച് സ്വന്തമായ ഒരു അസ്തിത്വമാണെന്നറിയണം. മേന്മയുള്ള സാഹിത്യം സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതാണ്. ഈ ദൗത്യം നിർവഹിക്കാൻ അതിനെ അനുവദിക്കുകയും വേണം.
ഇവിടെയാണ് എഴുത്തുകാരുടെ സ്വാതന്ത്ര്യം വിഷയമാകുന്നത്. ഇതോടൊപ്പം ഒരു സമൂഹത്തിലെ അംഗം, പൗരൻ, വനിത എന്നിങ്ങനെ പരിഗണനകൾവെച്ച് സാഹിത്യത്തിനുമുണ്ട് ചില കടപ്പാടുകൾ. പരസ്പരം പങ്കുവെച്ചും കടമെടുത്തും ഇവയോരോന്നും കൂട്ടായി ഉപജീവിച്ചുപോരുന്നവയാണ്. ഒന്ന് മറ്റൊന്നിനു മുകളിലാകുന്നതാകരുത്. ഒരു പൗരയെന്ന നിലക്ക് സമൂഹത്തിന്റെ നേർമധ്യത്തിലാകും എന്റെ സ്ഥാനം. എഴുത്തുകാരനാകുമ്പോൾ ഇത്തിരി വേറിട്ടും നിൽക്കണം. ഒരു പൗരയാകുമ്പോൾ വർത്തമാനത്തിലാണ് എന്റെ ജീവിതം. സാഹിത്യത്തിലാകുമ്പോൾ പക്ഷേ, അനന്തവും. ഈ ഇടത്തിലിരുന്നുകൊണ്ടുതന്നെയാണ് സാഹിത്യകാരിയെന്നനിലക്ക് സമൂഹത്തിന് എന്റെ സംഭാവന അർപ്പിക്കാൻ ഞാൻ ശ്രമം നടത്തുന്നത്. ഇതിന് എനിക്ക് സ്വാതന്ത്ര്യം വേണം.