രാജ്യദ്രോഹി -പി.കെ പാറക്കടവ് മാധ്യമം വാർഷികപ്പതിപ്പിൽ എഴുതിയ കഥ
''അയാൾ ഒരിക്കലും നിസ്കരിക്കാറുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ആളുകൾ ബലമായി പിടിച്ച് അയാളെ പള്ളിയിലേക്ക് കൊണ്ടുപോയി. വുളു എടുത്ത് നിസ്കാരത്തിന് നിന്നു. നിയ്യത്ത് ചെയ്ത് അല്ലാഹു അക്ബർ എന്ന് പറഞ്ഞ് കൈ കെട്ടി. ആളുകൾ നോക്കിനിൽക്കേ അയാൾ പള്ളിയിൽ വിരിച്ച വിരിപ്പിൽ വെള്ളത്തുള്ളികളായി ഉരുകി ഉറ്റി വീണു. തുണിയിൽ ഒപ്പിയെടുത്താണ് വിശ്വാസികൾ ഖബറടക്കിയത്''.
മണിക്കൂറുകൾ മാത്രമുള്ള പരോളിൽ, കൈകൾ ബന്ധിച്ച്, പോലീസുകാരോടൊപ്പം വീട്ടിലേക്ക് വന്നുകയറിയപ്പോൾ അടുത്ത വീട്ടുകാരും ബന്ധുക്കളുമായി ഒട്ടേറെപ്പേരുണ്ടായിരുന്നു, കോലായിലും മുറ്റത്തുമൊക്കെയായി.
പെട്ടെന്ന് അവരുടെയൊക്കെ അടക്കിപ്പിടിച്ച സംസാരം നിലക്കുകയും ഭയപ്പെടുത്തുന്ന നിശ്ശബ്ദത അവിടമാകെ തളംകെട്ടി നിൽക്കുകയും ചെയ്തു.
നേരെ അകത്തേക്ക് നടന്നു. അപ്പോഴും രണ്ട് പോലീസുകാർ ഒപ്പമുണ്ടായിരുന്നു. മുറിയുടെ നടുവിൽ ഉമ്മാമ ഒരു വെള്ളപ്പുതപ്പായി ഒരു ബെഞ്ചിൽ കിടക്കുകയാണ്. ചന്ദനത്തിരി പുകഞ്ഞ് കത്തുന്നുണ്ട്.
കഥകളുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുപോയ ഉമ്മാമയുടെ കാച്ചിത്തുണിയുടെ കോന്തലയിൽ ഒരുപാട് കഥകളുണ്ടായിരുന്നു. ആ കഥകളുടെ ഓർമ അയാളെ കുട്ടിക്കാലത്തേക്ക് തിരിച്ചുകൊണ്ടുപോയി.
ഉമ്മാമ കോന്തലയിൽനിന്ന് കഥയുടെ കെട്ടഴിക്കുന്നു. ''ഇത് ഒരു വലിയ്യിെൻറ കഥയാണ്.'' അപ്പോഴവൻ ചെവി കൂർപ്പിച്ച് ഉമ്മാമയുടെ മുമ്പിൽ കഥ കേൾക്കാനിരിക്കുകയാണ്.
''അയാൾ ഒരിക്കലും നിസ്കരിക്കാറുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ആളുകൾ ബലമായി പിടിച്ച് അയാളെ പള്ളിയിലേക്ക് കൊണ്ടുപോയി. വുളു എടുത്ത് നിസ്കാരത്തിന് നിന്നു. നിയ്യത്ത് ചെയ്ത് അല്ലാഹു അക്ബർ എന്ന് പറഞ്ഞ് കൈ കെട്ടി.
ആളുകൾ നോക്കിനിൽക്കേ അയാൾ പള്ളിയിൽ വിരിച്ച വിരിപ്പിൽ വെള്ളത്തുള്ളികളായി ഉരുകി ഉറ്റി വീണു. തുണിയിൽ ഒപ്പിയെടുത്താണ് വിശ്വാസികൾ ഖബറടക്കിയത്.
ആളുകൾ പരസ്പരം പറഞ്ഞു: അല്ലാഹുവിനെ ഓർത്ത് സ്വയം അലിഞ്ഞലിഞ്ഞ് ഇല്ലാതായതാണ്. ഇതാണ് വലിയ്യ്. ഔലിയ.''
- സൂഫി കഥകൾ -
- ജിന്നിെൻറയും ഇഫ്രീത്തിെൻറയും കഥകൾ-
- കുതിരപ്പുറത്ത് കയറി വന്ന് പിശാചുക്കളോട് പടവെട്ടി രാജകുമാരിയെയുംകൊണ്ട് ശരവേഗത്തിൽ പറക്കുന്ന രാജകുമാരെൻറ
കഥകൾ-
ഈ ലോകം ആറ്റംകൊണ്ടല്ല, കഥകൾ കൊണ്ടാണുണ്ടാക്കിയതെന്ന് പിന്നീട് വായിച്ചറിഞ്ഞതല്ല. ഉമ്മാമ ഉണ്ടാക്കിത്തന്ന ബോധമാണ്.
എന്നിട്ടും
എന്നിട്ടും
ഉമ്മാമ പറഞ്ഞുതരാത്ത ഒരു കഥയുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വലിയുപ്പയുടെ പേരക്കുട്ടി, പുസ്തകം വായിച്ചതിന്, ചോദ്യങ്ങൾ ചോദിച്ചതിന് രാജ്യദ്രോഹക്കുറ്റത്തിന് ജയിലിലായിപ്പോയ കഥ-
ഇതാ ഉമ്മാമാ, ആ രാജ്യദ്രോഹി-
കോടതിയിൽനിന്ന് ജാമ്യം ലഭിക്കാതെ-
അവനെ ആരോ ചുമലിൽ പിടിച്ചു.
''പള്ളിയിലെടുക്കാൻ നേരമായി.''
മയ്യിത്ത് നമസ്കരിക്കാനായില്ല.
മനസ്സിൽ ഉരുവിട്ടു.
''അല്ലാഹുമ്മ ഇഗ്ഫിർ ലഹു വർഹം ഹു.''
-ഇവരെ പരിശുദ്ധ വെള്ളംകൊണ്ടും മഞ്ഞുവെള്ളംകൊണ്ടും ആലിപ്പഴംകൊണ്ടും കുളിപ്പിക്കുകയും ശുദ്ധ വസ്ത്രത്തെ അലക്കി വൃത്തിയാക്കുംവിധം ഇവരുടെ ദുരിതങ്ങളെ അകറ്റുകയും ചെയ്യേണമേ?''
അനുവദിച്ച സമയം കഴിഞ്ഞിരിക്കുന്നു. കൂടെയുള്ള കാവൽക്കാർ ഓർമിപ്പിക്കുന്നു.
തിരിച്ചു വണ്ടിയിൽ കയറുമ്പോൾ അകത്തളങ്ങളിൽനിന്നുള്ള തേങ്ങലുകൾ കാതിൽ എത്തുന്നുണ്ട്.
മൂടിക്കെട്ടിയ അന്തരീക്ഷം. ഇരുണ്ട് വരുന്നതുപോലെ-
കാർമേഘങ്ങൾക്കിടയിൽനിന്നുവരുന്ന സൂര്യപ്രകാശത്തെ പ്രതീക്ഷേയാടെ നോക്കി
നോക്കി-