‘‘അമിതാഭ് ബച്ചൻ ഒരു ബാർബർ ഷാപ്പുകാരനോട് ചെയ്തത്’’ -ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ഓർമയെഴുത്ത്
വളപട്ടണവും പൊയ്ത്തുംകടവ് ഗ്രാമവും നിറയുന്ന ഓർമ എഴുത്താണ് ഇത്. മുമ്പ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘വനജ ടാക്കീസ്’ എന്ന സിനിമ ഓർമയുടെ തുടർച്ച.നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യർ കഥപോലെ മുന്നിൽ വരുന്നു.ഞങ്ങളുടേത് ഒരു പൗരാണിക തുറമുഖ നഗരമാണ്. കേരളത്തിലെ ഏക ഇൻലാൻഡ് പോർട്ട്. കാര്യം അഴീക്കൽ പോർട്ട് എന്നാണ് പേരെങ്കിലും അത് പൊയ്ത്തുംകടവിലാണ്. പൊയ്ത്തുംകടവ് കഴിഞ്ഞാണ് വളപട്ടണം പുഴ നേരെ അഴിമുഖത്തെത്തുന്നത്. അവിടെയാണ് അഴീക്കൽ....
Your Subscription Supports Independent Journalism
View Plansവളപട്ടണവും പൊയ്ത്തുംകടവ് ഗ്രാമവും നിറയുന്ന ഓർമ എഴുത്താണ് ഇത്. മുമ്പ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘വനജ ടാക്കീസ്’ എന്ന സിനിമ ഓർമയുടെ തുടർച്ച.നിഷ്കളങ്കരായ ഒരുകൂട്ടം മനുഷ്യർ കഥപോലെ മുന്നിൽ വരുന്നു.
ഞങ്ങളുടേത് ഒരു പൗരാണിക തുറമുഖ നഗരമാണ്. കേരളത്തിലെ ഏക ഇൻലാൻഡ് പോർട്ട്. കാര്യം അഴീക്കൽ പോർട്ട് എന്നാണ് പേരെങ്കിലും അത് പൊയ്ത്തുംകടവിലാണ്. പൊയ്ത്തുംകടവ് കഴിഞ്ഞാണ് വളപട്ടണം പുഴ നേരെ അഴിമുഖത്തെത്തുന്നത്. അവിടെയാണ് അഴീക്കൽ. നൂറ്റിപ്പത്ത് കിലോമീറ്റർ താണ്ടിവരുമ്പോഴേക്കും പുഴ വീതി കൂടിക്കൂടിവരും. കന്നട, തുളു, കൊങ്കണി, ബ്യാരി ഇങ്ങനെ പലതരം ഭാഷകൾ കേട്ടും മനുഷ്യ/തിര്യക്ക് ജീവജാല ലോകങ്ങൾ കണ്ടും കേട്ടും അറിഞ്ഞുവരുന്ന പുഴ അഴിമുഖത്ത് എത്തുന്നതോടെ അതുവരെ കാണാത്ത കടലിന്റെ ആഴവും പരപ്പും കണ്ട് ക്ലാസിൽ കയറാൻ മടിച്ചുനിൽക്കുന്ന കുട്ടിയെപ്പോലെ ഒരു നിൽപുണ്ട്. പല പ്രാദേശിക സംസ്കാരങ്ങളും കാവ്യാത്മകമായി അനുഭവിച്ച് കടലിനോട് എത്തിച്ചേരുന്നതിനുമുമ്പ് മഹാത്ഭുതങ്ങളിലേക്കും അമ്പരപ്പിലേക്കും നീങ്ങുന്നു. അതിലൊന്നാണ് റെയിൽവേപ്പാലം. ഇന്ത്യ മുഴുവൻ ചുറ്റാം, കൊങ്കൺ വഴി പോയാൽ. ബ്രിട്ടീഷുകാർ നിർമിച്ച ഈ ഉരുക്കുപാലം കണ്ണെത്താദൂരത്തോളം വീതിയുള്ള പുഴയുടെ നെഞ്ചിൽ കാലുകളൂന്നി നിൽക്കുന്നു. പുഴയുടെ ഏതോ ഭൂതകാല സ്മൃതി കരയ്ക്കടുപ്പിച്ചതുപോലെയാണ് പുഴക്കരികിലുള്ള വനജാ ടാക്കീസ്.
തലമുറകൾ പലതിനെ ആനന്ദിപ്പിക്കുകയും ചിരിപ്പിക്കുകയും രോഷംകൊള്ളിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്ത ആ ടാക്കീസ് അഞ്ചാറുമാസം മുമ്പ് മരിച്ചു. കോവിഡ് കാലം അനേകം മനുഷ്യരെ കൊന്നിട്ടുണ്ട്. എന്നാൽ ഒരു സിനിമാ തിയറ്ററിനെ കൊന്നത് ഞങ്ങളുടെ വനജയെയാണ്. ഓല ടാക്കീസ് എന്ന പരമ്പരാഗത കന്യകാത്വത്തെ ലംഘിക്കാതെ അവൾ കാലയവനികക്കുള്ളിൽ മറഞ്ഞു. കേരളത്തിലെ ഏതെങ്കിലും തിയറ്ററിന്റെ തൊട്ടടുത്ത് കൂകിപ്പായുന്ന തീവണ്ടിപ്പാളം ഉള്ളതായി എന്റെ അറിവിലില്ല. എനിക്ക് പതിനേഴ്-പതിനെട്ട് വയസ്സുള്ളപ്പോഴാണ് ബി.ആർ. ചോപ്ര നിർമിച്ച് രവി ചോപ്ര സംവിധാനംചെയ്ത
‘The burning train’ എന്ന ഹിന്ദി സിനിമ വളപട്ടണം വനജാ ടാക്കീസിൽ വരുന്നത്. അന്നത്തെ എന്റെ പ്രിയതാരങ്ങളെല്ലാം അതിലുണ്ട്. ധർമേന്ദ്ര, ഹേമമാലിനി, വിനോദ്ഖന്ന, പ്രവീൺബാബി, ജിതേന്ദ്ര, ഡാനി... അതിൽ ആർ.ഡി. ബർമൻ ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്. റെയിൽവേ പശ്ചാത്തലമായി നിറഞ്ഞാടിയ ആ സിനിമ ഞങ്ങളെ വിഭ്രമിപ്പിച്ചു. യാഥാർഥ്യം ഏത്, സങ്കൽപം എന്ത് എന്ന് അറിയാതെ ജനം വനജാ ടാക്കീസിൽ വന്നുനിറഞ്ഞു. അതിന് പ്രത്യേകമായ ഒരു കാരണമുണ്ട്. അത് വിചിത്രവുമാണ്. പലപ്പോഴും സിനിമയിൽ െട്രയിൻ കുതിച്ചുപായുമ്പോൾ തിയറ്ററിന് തൊട്ടപ്പുറത്തെ റെയിൽവേ ട്രാക്കിലൂടെ യഥാർഥ തീവണ്ടി വലിയ ശബ്ദത്തിൽ കടന്നുപോവുകയാണ്. ഇത് തിയറ്ററിൽ ഒരു സ്പെഷൽ ഇഫക്ട് തന്നെ ഉണ്ടാക്കി. ഒരുപക്ഷേ, കേരളത്തിൽ ആദ്യമായി ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശാബ്ദം പിന്നിട്ട കാലത്ത് സിനിമ കൈവരിച്ച സ്പെഷൽ ഇഫക്ട് ജാലവിദ്യ ഞങ്ങളുടെ ഗ്രാമീണർ ഇതുവഴി അനുഭവിച്ചു എന്നു പറഞ്ഞാൽ അതിനകത്ത് ഒരു മാജിക്കൽ റിയലിസമുണ്ട്. തിയറ്റർ െട്രയിൻ പോകുന്നത് കാണുമ്പോൾ ശരിക്കുമുള്ള െട്രയിൻ തൊട്ടുപിറകിലൂടെ കൂവിപ്പായുന്നതിന്റെ ഭ്രമാത്മകതയെപ്പറ്റി ഒന്ന് സങ്കൽപിച്ചു നോക്കിയാൽ ആ മാജിക്കൽ റിയലിസത്തിന്റെ തടവിലാകും, കുറച്ചു നേരത്തേക്കെങ്കിലും, നമ്മൾ.
പണ്ടൊരു തിരുമേനി തിയറ്ററിൽ സിനിമ കാണാൻ പോയി. അതിൽ മദംപൊട്ടിയ ആന ചീറിപ്പാഞ്ഞുവരുന്ന ക്ലോസപ്പ് ഷോട്ടുണ്ട്. തറടിക്കറ്റിലിരുന്നു സിനിമ കാണുകയായിരുന്ന തിരുമേനി എഴുന്നേറ്റ് പുറത്തേക്കോടിക്കളഞ്ഞു. തിയറ്ററിൽ ടിക്കറ്റ് മുറിക്കുന്ന ആൾ നമ്പൂതിരിയോട് പറഞ്ഞു: ‘‘ഓടണ്ട, തിരുമേനി... അത് സിനിമേലെ ആനയാ...’’ ഓട്ടം തുടരുന്നതിനിടയിൽ നമ്പൂതിരി വിളിച്ചുപറഞ്ഞു: ‘‘ശിവ, ശിവ! സിനിമേലെ ആനയാണ് താനെന്ന് ആനയ്ക്കറിയ് വോന്ന് ന്താ, ഇത്ര നിശ്ചയം..?’’
കത്തുന്ന തീവണ്ടി, തല ചെരിച്ച് മമ്മദ്
എന്തായാലും ഇതിനു സമാനമായ ഒരനുഭവം വനജാ ടാക്കീസിന്റെ തറ ടിക്കറ്റെടുത്തിരുന്ന് സിനിമ കണ്ടോണ്ടിരുന്ന കീരിയാട്ടെ മമ്മദിനും (യഥാർഥ പേര് വേറെയാണ്) തോന്നി. ‘ബേണിങ് െട്രയിനി’ൽ കുതിച്ചുവരുന്ന വണ്ടിയുടെ അതേസമയത്ത് പുറത്തെ റെയിൽവേ ലൈനിൽ ഒരു വണ്ടി കിടിലൻ ശബ്ദമുണ്ടാക്കി കടന്നുപോയി. മമ്മദ് ഒരുനിമിഷം സംശയിച്ചുപോയതിന് കുറ്റം പറയാനാവില്ല. സംഗതി മാജിക്കൽ റിയലിസമാണ്. ഇനി ഇത് ശരിക്കുമുള്ള തീവണ്ടിയായിക്കൂടെന്നില്ല. അങ്ങനെയെങ്കിൽ പെട്ടില്ലേ? ക്ലോസപ്പിൽ വരുന്ന വണ്ടിയുടെ സീൻ വന്നതോടെ ഇരുന്ന ഇരിപ്പിൽ മമ്മദ് ഒന്ന് കാര്യമായി ചെരിഞ്ഞുകൊടുത്തു! ഇത് തിയറ്ററിൽ കൂട്ടച്ചിരിയുണ്ടാക്കി. മാത്രമല്ല മമ്മദിന് നാട്ടുകാർ ഒരു ‘നിക്ക്നെയിം’ ഇട്ടും കൊടുത്തു: ‘ചെരിഞ്ഞ മമ്മദ്’. പാവത്തിന് ആരെങ്കിലും തന്നെ അങ്ങനെ വിളിക്കുന്നത് വലിയ ദേഷ്യവുമായിരുന്നു. ഒടുവിൽ വിളിക്കാതെ ആക്ഷൻ കാണിച്ച് പോലും പലരും മമ്മദിനെ വിറളി പിടിപ്പിച്ചു.
കൗമാരകാലത്ത് എന്നോട് ആരാണ് യഥാർഥ ഭാഗ്യവാൻ എന്നു ചോദിച്ചാൽ തീർച്ചയായും അത് ബാർബർഷാപ്പ് നടത്തുന്ന പ്രകാശനാണെന്ന് പറയും. കാരണം, പൊയ്ത്തുംകടവിലെ പ്രകാശന്റെ ബാർബർ ഷാപ്പിനു മുന്നിൽ തിയറ്ററുകാർ മരത്തിന്റെ ചട്ടയിൽ തീർത്ത ഒരു ചതുര െഫ്രയിം ഉണ്ട്. സിനിമാബോർഡ് എന്നാണ് നമ്മളതിനെ വിളിച്ചിരുന്നത്. അവിടെയുള്ള രണ്ട് ബോർഡിൽ ഒന്ന് വനജാ ടാക്കീസിന്റേതാണ്. മറ്റൊന്ന് ധനരാജ് തിയറ്ററിന്റേതും. അക്കാലത്ത് സിനിമാ ബോർഡ് കടയുടെ മുന്നിൽ വെക്കുകയും കട അടക്കുമ്പോൾ അകത്തെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്നവർക്ക് മാറിമാറി വരുന്ന സിനിമകൾ ഫ്രീയായി കാണാം. ഒരു കൈയിൽ മൈദകൊണ്ട് ഉണ്ടാക്കിയ പശയുടെ ബക്കറ്റും മറ്റേ കൈയിൽ ചെറിയൊരു ഏണിയും പിറകിലെ സ്റ്റാൻഡിൽ നിറയെ സിനിമാ പോസ്റ്ററുമായി വരുന്ന ‘സിനിമാക്കാരൻ’ ഞങ്ങളുടെ വലിയ കൗതുകമായിരുന്നു. ഒരു അഭ്യാസിയുടെ പാടവത്തോടെ ഇദ്ദേഹം പോകുന്ന പോക്കിൽ പ്രകാശന്റെ കടക്ക് മുന്നിലും നിർത്തും. എന്നിട്ട് പ്രത്യേക മെയ് വഴക്കത്തോടെ അതിൽനിന്നിറങ്ങി പുതിയ സിനിമയുടെ പോസ്റ്ററൊട്ടിക്കും. ഭാവിയിൽ ആരാവണമെന്ന് ചോദിച്ചാൽ ഈ പോസ്റ്ററൊട്ടിക്കുന്ന ആളാവണമെന്ന് പറയണമെന്ന് തോന്നുന്ന വിധത്തിൽ ഒരു ആരാധനയാണ് ഈ സിനിമാക്കാരനോട്. കാരണം, വെള്ളിയാഴ്ച പുതിയ സിനിമ വരുന്നു, വ്യാഴാഴ്ച പോസ്റ്ററൊട്ടിക്കുന്നു. ചുരുട്ടിവെച്ച് പോസ്റ്റർ നിവർത്തുംവരെ ജിജ്ഞാസകൊണ്ടൊരു നെഞ്ചിടിപ്പാണ്. േപ്രംനസീറോ, ജയനോ, സോമനോ, മധുവോ? ചുറ്റും കൂടിയ നാട്ടുകാർ ഉറ്റുനോക്കുന്നത് ഇതാണ്. ഏത് പടം എന്നതുപോലും രണ്ടാമതാണ്. പോസ്റ്ററൊട്ടിക്കുന്ന ആൾക്ക് എന്ത് സുഖമാണ്. അയാൾക്ക് ബുധനാഴ്ച തന്നെ പോസ്റ്റർ കിട്ടും! ഇത്രയും ഭാഗ്യവാൻ വേറെ ആരുമില്ലെന്ന് ഗ്രാമത്തിലെ കൗമാരക്കാരിൽ ചിലരെങ്കിലും അങ്ങനെ വിശ്വസിച്ചിരുന്നു. മാത്രമല്ല, അയാൾക്ക് മാറിമാറി വരുന്ന സിനിമയും കാണാം. പ്രകാശന് സിനിമയുടെ പാസ് കൈമാറുന്നതും അസൂയ കലർന്ന് ഞങ്ങൾ നോക്കി.
അന്ന് ഇതുപോലുള്ള സിനിമാ ബോർഡുകൾ വെക്കുന്ന സ്ഥലം ഏത് ഉറക്കത്തിൽവെച്ച് ചോദിച്ചാലും ഞങ്ങൾ പറയും. ഒരിക്കൽ അങ്ങനെയൊരു സംഭവവുമുണ്ടായി.
എന്തൊരു മറവിശക്തി
ഭൂമിശാസ്ത്രം ക്ലാസിലാണ്. ഇംപോസിഷൻ എഴുതിക്കൊണ്ടുവരാൻ പറഞ്ഞിട്ട് സമദ് ചെയ്തില്ല. മാഷ് എഴുന്നേൽപിച്ച് നിർത്തി, ഒന്നര മീറ്റർ നീളമുള്ള ചൂരലുമായി വന്നു.
സമദിനോട് കാർക്കശ്യ സ്വരത്തിൽ മാഷ് ചോദിച്ചു:
‘‘എന്താണ് ഇംപോസിഷൻ എഴുതിക്കൊണ്ടുവരാതിരുന്നത്?’’
അവൻ വിക്കി വിക്കി കരയുംപോലെ വിറച്ച്കൊണ്ടു നിന്നു.
ചൂരൽ അന്തരീക്ഷത്തിൽ വീശി മാഷ് ചോദിച്ചു:
‘‘പറയെടാ, എന്താ മിഴിച്ചുനോക്കുന്നത്. നീ എന്തുകൊണ്ട് ഇംപോസിഷൻ എഴുതിക്കൊണ്ടുവന്നില്ല?’’
അവൻ വിതുമ്പിക്കൊണ്ടു പറഞ്ഞു: ‘‘മറന്നു പോയി, മാഷേ.’’
‘‘മറവി നിനക്ക് സ്ഥിരം ഉള്ളതാണോ?’’
‘‘വെറും മറവിയാണ് മാഷേ.’’
മാഷ് ചൂരല് അന്തരീക്ഷത്തിൽ ഒന്ന് ചുറ്റിക്കൊണ്ട് പറഞ്ഞു:
‘‘ഇതിനെക്കൊണ്ട് പത്ത് അടിയാണ് ശിക്ഷ.’’
‘‘അടിക്കല്ലേ, അടിക്കല്ലേ... മാഷേ...’’
‘‘ശരി, അടിക്കുന്നില്ല. പക്ഷേ, ഒരു കാര്യം പറയണം.’’
അവൻ പേടിയോടെ മാഷെ മിഴിച്ചുനോക്കി.
‘‘നിന്റെ ഉപ്പാന്റെ പൊര കണ്ണൂർ സിറ്റീലല്ലേ?’’
അവൻ തലയാട്ടി.
‘‘ആഴ്ചയിൽ എത്ര തവണ പോകാറുണ്ട്?’’
‘‘നാലഞ്ച് തവണ.’’
‘‘എങ്ങനെയാ പോകല്?’’
‘‘ബസ്സിലാണ് മാഷേ.’’
‘‘ശരി. അവിടെ പോകുന്ന വഴിക്ക് സിനിമാ പോസ്റ്റർ ഒട്ടിക്കുന്ന സ്ഥിരം സ്ഥലവും ടാക്കീസിന്റെ പേരും പറ. പറഞ്ഞാൽ അടിക്കില്ല.’’
അവൻ ഒന്ന് സംശയിച്ച് പിന്നെ ചറപറാ പറയാൻ തുടങ്ങി. വനജ, ധനരാജ്, പ്രകാശ്, പൂതപ്പാറ രൂപ, കൽപക, കണ്ണൂർ എൻ.എസ്, സംഗീത, നാഷണൽ, സെൻട്രൽ... എല്ലാം ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞുതീർത്തു.
മാഷ് തനിക്ക് വന്ന പൊട്ടിച്ചിരി ഗൗരവത്തോടെ ചുണ്ടിൽ അമർത്തിപ്പിടിക്കുന്നത് ഞങ്ങൾ കണ്ടു.
ഒരു അഭിനന്ദനസ്വരത്തിൽ മാഷ് പറഞ്ഞു: ‘‘കറക്ട്!’’
എന്നിട്ട് കൂട്ടിച്ചേർത്തു.
നീയല്ലേ പറഞ്ഞത് നിനക്ക് ഭയങ്കര മറവിയാണ് മാഷേന്ന്. ഇപ്പം മറവിയൊന്നുമില്ലല്ലോ. അപ്പോൾ താൽപര്യമുള്ള കാര്യങ്ങൾ നിനക്ക് നന്നായി ഓർത്തുവെക്കാൻ പറ്റുന്നുണ്ട്.
തുടർന്ന് മാഷ് ചൂരൽ മേശപ്പുറത്തേക്ക് വലിച്ചെറിയുംപോലെ വെച്ചിട്ട് ഓർമയും താൽപര്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഗംഭീരമായ ഒരു ക്ലാസെടുത്തു. സത്യത്തിൽ പിൽക്കാലത്ത് എനിക്ക് മനഃശാസ്ത്ര വിഷയത്തിൽ വലിയ താൽപര്യം ജനിപ്പിക്കുന്നതിൽ ഈ ഭൂമിശാസ്ത്രം മാഷ് കാരണമായിത്തീർന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വന്ന മാഷ് അധികകാലം സ്കൂളിൽ ഉണ്ടായില്ല. നല്ലൊരു വായനക്കാരനായിരുന്നു ആ മാഷ്. ഇപ്പോൾ എവിടെയാണെന്നറിയില്ല. മാഷ് ഇത് വായിക്കാനിടയായെങ്കിൽ എന്ന് ആഗ്രഹിച്ചുപോവുകയാണ്.
ഈ ബച്ചനെക്കൊണ്ട് തോറ്റു!
പൊയ്ത്തുംകടവ് ഗ്രാമത്തിൽ രണ്ട് ബാർബർ ഷാപ്പാണ് ഉണ്ടായിരുന്നത്. ഇടക്ക് ഒന്നുകൂടി വന്നെങ്കിലും പൂട്ടിപ്പോയി.
ഞങ്ങൾ ആദ്യമായി അറിഞ്ഞ ഫാഷൻ അമിതാഭ് ബച്ചന്റെ ഹെയർ സ്റ്റൈലാണ്. അക്കാലത്തെ എല്ലാ ചെറുപ്പക്കാരുടെയും തലമുടിയും അമിതാഭ് ബച്ചനെ അനുകരിച്ച് ചെവി പൊത്തിയ നിലയിൽ കട്ട് ചെയ്തുകൊണ്ടാണ്. ബെൽബോട്ടം പാന്റ്സും വന്നതോടെ ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പലതരം അമിതാഭ് ബച്ചന്മാർ അരങ്ങ് വാണു. സത്യത്തിൽ മദ്റസയിലെ അധ്യാപകർക്കൊന്നും ഇത് സിനിമാ ഫാഷനാണെന്ന് മനസ്സിലായില്ല. കാരണം, അവർ ജീവിതത്തിൽ ഒരിക്കൽപോലും സിനിമ കാണുന്നവരായിരുന്നില്ല.
ബച്ചൻ കട്ട് സാർവത്രികമായതോടെ ബാർബർ അലീക്കയാണ് കാര്യമായി കുടുങ്ങിപ്പോയത്. ഫാഷൻ തരംഗമായി ആളിപ്പടർന്നതോടെ അദ്ദേഹത്തിന് ജോലിയില്ലാതായി. ബച്ചൻ കട്ടിനെതിരെ അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചുവെങ്കിലും അതൊന്നും വിലപ്പോയില്ല. ഇതേ സ്ഥിതിതന്നെയായിരുന്നു അടുത്ത ബാർബർ ഷാപ്പിലും.
ഗ്രാമത്തിൽ ഞാൻ കണ്ട ഏറ്റവും സാമൂഹിക ചിന്തയുള്ള ആൾ അലീക്ക തന്നെയാണ്. ലോകത്തിലെ ഒട്ടുമിക്ക കാര്യത്തെപ്പറ്റി അറിയാമായിരുന്നു. നല്ല രാഷ്ട്രീയബോധവും ചരിത്രബോധവുമുള്ള അദ്ദേഹത്തിന്റെ ജന്മദേശം കൊല്ലം ജില്ലയിലെവിടെയോ ആണ്. ചെറുപ്പത്തിലേ അലഞ്ഞുതിരിഞ്ഞ ജീവിതമായതിനാൽ അക്ഷരാഭ്യാസം സാധ്യമായില്ല. പക്ഷേ, പ്രധാനപ്പെട്ട പത്രങ്ങളൊക്കെ തന്റെ ഷോപ്പിൽ അദ്ദേഹം വരുത്തിക്കും. അമിതാഭ് ബച്ചൻ എന്ന ഒരാൾ കാരണമാണ് തനിക്ക് ജോലി ഇല്ലാതായതെന്നും കുട്ടികൾ നഗരത്തിലേക്ക് ബസ് കയറി അവിടത്തെ ‘ഹെയർ സലൂണി’ൽനിന്നാണ് മുടിമുറിച്ച് വരുന്നതെന്നും അദ്ദേഹം മനസ്സിലാക്കാൻ സമയമെടുത്തു. ഒരുദിവസം അമിതാഭ് ബച്ചന്റെ സിനിമയുടെ പരസ്യം പ്രത്യക്ഷപ്പെട്ടു. അപ്പോൾ ആരോ ആ പടം ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു:
‘‘അലീക്കാ, ഇതാരാണെന്ന് അറിയാമോ?’’
അദ്ദേഹം പറഞ്ഞു: ‘‘ഇല്ല.’’
മറ്റേ ആൾ വിശദീകരിച്ചു: ‘‘ഇതാ ഇയാളെ സൂക്ഷിച്ചുനോക്കിക്കോ. ഈ പഹയനാണ് നിങ്ങളുടെ കുടുംബം പട്ടിണിയ്ക്കിടുന്നത്. ഹിന്ദി സിനിമയിൽ പുതുതായി വന്ന അവതാരമാണ്.’’
‘‘ഇയാളെന്തിനാണ് എന്റെ കുടുംബം പട്ടിണിയാക്കുന്നത്? എനിക്കൊന്നും മനസ്സിലാവുന്നില്ല.’’
മറ്റേ ആൾ വിശദീകരിക്കുന്നു; ‘‘ഈ പഹയന്റെ ചെവിയുടെ ഭാഗം കണ്ടോ? അവിടെ മുടി ഇറക്കിമുറിച്ചത് മനസ്സിലായോ, ഇതാണ് ബച്ചൻ കട്ട്. ഇപ്പളത്തെ ഫേഷനാ. ഇബ്ലീസിന്റെ അലാമത്ത് തന്നെ!’’
അലീക്ക അതീവ സങ്കടത്തിലായി.
സുഹൃത്ത് വിശദീകരിച്ചു: ‘‘ഇതിന് ഒരൊറ്റ വഴിയേ ഉള്ളൂ. വനജാ ടാക്കീസിൽ ബച്ചന്റെ പടം വരുന്നുണ്ട്. ഒരു ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് പോവുക. എന്നിട്ട് ആ പഹയൻ മുടി മുറിച്ചതെങ്ങനെയെന്ന് ഒന്ന് പഠിച്ച് വെക്കുക. എന്നിട്ട് ബാർബർ ഷാപ്പിൽ ബോർഡ് വെക്കുക. ‘ഇവിടെ അമിതാബച്ചൻ കട്ട് ചെയ്ത് കൊടുക്കുന്നതായിരിക്കും.’ ’’
ബോർഡ് വെച്ചതും അന്നുതന്നെ നാലഞ്ച് ചെറുപ്പക്കാർ വന്നു.
ഒരു ഊഹംവെച്ച് അലീക്ക വെച്ചുമുറിച്ച അമിതാഭ് ബച്ചൻ കട്ട് ഒരുമാതിരി എലിക്കട്ട് പോലെ ആയിപ്പോയത് വലിയ പൊല്ലാപ്പിന് ഇടവരുത്തി. അദ്ദേഹം വല്ലാതെ നിരാശനായിരിക്കേ അദ്ദേഹത്തിന്റെ ആ പഴയ സുഹൃത്ത് ഒരു സന്തോഷവാർത്ത അലീക്കയെ അറിയിച്ചു.
ബച്ചൻകട്ട് ബാംഗ്ലൂരിൽനിന്ന് പഠിപ്പിച്ചുകൊടുക്കുന്നുണ്ട്. അഡ്രസ് സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കത്തയച്ചു നോക്കൂ.
അടുത്ത ആഴ്ച അദ്ദേഹത്തിന് മറുപടി വന്നു. ‘‘ഉടൻ വരിക.’’
വരേണ്ട റൂട്ടും വിശദമായി എഴുതിയിരുന്നു. ഫീസും.
ഫീസ് കടുപ്പം തന്നെ. എന്നാലും അന്നം മുട്ടുന്നതിനെക്കാൾ നല്ലത് അത് പഠിക്കുകതന്നെ. ബച്ചൻ എന്ന ഒരുത്തനെകൊണ്ട് ജീവിക്കാൻ പറ്റാണ്ടായിരിക്കുന്നു.
പിറ്റേന്ന് തന്നെ അദ്ദേഹം ബാംഗ്ലൂരിലേക്ക് വണ്ടി കയറി.
രണ്ടാഴ്ചക്കാലം അലീക്കയുടെ ബാർബർ ഷാപ്പിന്റെ മരപ്പലകകൊണ്ടുള്ള ‘നിര’ അടഞ്ഞുകിടന്നു.
ഏത് ബച്ചനെയും അതിജീവിക്കാനുള്ള ഉശിര് അദ്ദേഹത്തിൽ ജന്മസിദ്ധമായിരുന്നു.
ഇങ്ങനെ എന്തെല്ലാം മനുഷ്യ പ്രതിസന്ധികൾ മലയാളി കടന്നുപോയിരിക്കുന്നു!