നുണകൾ പൊളിച്ചെഴുതിയ ശാന്തൻ
നാടകംകൊണ്ട് ജീവിക്കാനാകുമെന്നും ശാന്തൻ നാടകവേദിക്ക് കാട്ടിക്കൊടുത്തു. നാടകം ചെയ്ത് മാത്രം ജീവിച്ചു ശാന്തൻ. ഉള്ളടക്കത്തിന്റെ കരുത്തും രചനയുടെ മികവുമാണ് പരിഗണിക്കുന്നതെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളാണ് ശാന്തന്റെ രചനകൾ’’ -സുഹൃത്തായ എ. ശാന്തകുമാറിനെക്കുറിച്ച് എഴുതുന്നു.അകാലത്തിൽ സോമൻ കടന്നുപോയപ്പോൾ ശാന്തനുണ്ട് എന്നത് ഒരു ധൈര്യമായിരുന്നു. ‘ഒരു ദേശം മുഴുവനും നുണപറയുമ്പോഴും’ നേരിന്റെ വാക്കായി നിൽക്കുന്ന ഒരു ജീവൻ ഒപ്പമുണ്ട് എന്നത് ഒരു കരുത്താണ്. സോമൻ പോയപ്പോഴാണ് സോമന്റെ നിഴലിൽനിന്നും പുറത്തുവന്ന എ. ശാന്തകുമാർ എന്ന നാടകകൃത്തിനെ ഞാനൊക്കെ കണ്ണുതുറന്ന് കാണുന്നത്....
Your Subscription Supports Independent Journalism
View Plansനാടകംകൊണ്ട് ജീവിക്കാനാകുമെന്നും ശാന്തൻ നാടകവേദിക്ക് കാട്ടിക്കൊടുത്തു. നാടകം ചെയ്ത് മാത്രം ജീവിച്ചു ശാന്തൻ. ഉള്ളടക്കത്തിന്റെ കരുത്തും രചനയുടെ മികവുമാണ് പരിഗണിക്കുന്നതെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളാണ് ശാന്തന്റെ രചനകൾ’’ -സുഹൃത്തായ എ. ശാന്തകുമാറിനെക്കുറിച്ച് എഴുതുന്നു.
അകാലത്തിൽ സോമൻ കടന്നുപോയപ്പോൾ ശാന്തനുണ്ട് എന്നത് ഒരു ധൈര്യമായിരുന്നു. ‘ഒരു ദേശം മുഴുവനും നുണപറയുമ്പോഴും’ നേരിന്റെ വാക്കായി നിൽക്കുന്ന ഒരു ജീവൻ ഒപ്പമുണ്ട് എന്നത് ഒരു കരുത്താണ്. സോമൻ പോയപ്പോഴാണ് സോമന്റെ നിഴലിൽനിന്നും പുറത്തുവന്ന എ. ശാന്തകുമാർ എന്ന നാടകകൃത്തിനെ ഞാനൊക്കെ കണ്ണുതുറന്ന് കാണുന്നത്. ആർട്സ് കോളജിൽ അവൻ ദീദിയുടെ കൂട്ടുകാരനായിരുന്നു. സോമൻ മാഷ് അവളുടെ പ്രിയപ്പെട്ട അധ്യാപകനും. ദീദി വഴിയാണ് ശാന്തന്റെ ഓരോ നാടകവും ഓരോരോ അനുഭവങ്ങളായി മുന്നിൽ വന്നുനിന്നത്.
“അച്ഛൻ തളർവാതം പിടിച്ചു കിടപ്പിലായതോടെ പ്രധാന അധ്യാപകന്റെ ഭാര്യ എന്ന റോളിൽനിന്ന് ഞങ്ങൾ മക്കളെ പോറ്റാൻ അലക്കുകാരിയുടെ റോളിലേക്ക് മാറിയ എന്റെ അമ്മയുടെ വേഷപ്പകർച്ച, അതാണ് ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട വേഷപ്പകർച്ച. ആദ്യത്തെ കഥാപാത്രം. നാടകംപോലെ മാറിപ്പോയ അമ്മയുടെ ജീവിതം, അതാണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ട ആദ്യത്തെ നാടകം’’ -എ. ശാന്തകുമാർ എന്ന നാടകകൃത്ത് അവിടെ പിറക്കുന്നു.
സോമന്റെ അതേ അച്ചിൽ വാർത്ത മറ്റൊരു മനുഷ്യനായിരുന്നു ശാന്തനും. പിന്നെ അവനെ കാണുന്നത് സോമനെ കാണുന്നതുപോലെയായി. എവിടെ തന്റെ നാടകമുണ്ടെങ്കിലും ദീദി അത് കണ്ടിരിക്കണം എന്ന നിർബന്ധബുദ്ധിയുണ്ടായിരുന്നു ശാന്തന്. സ്വന്തം നാടകങ്ങളുടെ ഒരു ഫെമിനിസ്റ്റ് ഉരകല്ലായി അവൻ ദീദിയെ കണ്ടു. ഓരോ നാടകത്തിന്റെ അവതരണം കഴിയുമ്പോഴും ചൂടോടെ അതിന്റെ വിമർശനങ്ങൾ ഏറ്റുവാങ്ങി. ഫെമിനിസ്റ്റ് നാടകങ്ങൾ ആണുങ്ങൾക്ക് എഴുതാനാവുമോ? അതൊരു വെല്ലുവിളി പോലെയായിരുന്നു ശാന്തന്. ആദ്യ നാടകസമാഹാരത്തിന് ദീദിയെക്കൊണ്ട് അവതാരികയും എഴുതിച്ചു. എന്തു വിമർശനവും എഴുതാം എന്ന ധാരണയോടെ തന്നെ. മുറിവേറ്റവർക്ക് മാത്രമറിയാനാവുന്ന വേദനയുടെ ആവിഷ്കാരമാണ് ശാന്തന്റെ നാടകങ്ങളെന്ന് ദീദി ആമുഖമെഴുതി.
1999ൽ ‘പെരുംകൊല്ലൻ’ എന്ന നാടകത്തിലൂടെ ശാന്തൻ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി. അക്കാലത്ത് കടന്നുപോയ സോമേട്ടൻ മുന്നിലുണ്ടായതുകൊണ്ടാവാം ശാന്തൻ നിരന്തരം നാടകം എഴുതി അവതരിപ്പിച്ചുകൊണ്ടേയിരുന്നു. 2001ൽ നാടകരംഗത്തെ സമഗ്രസംഭാവനക്ക് നിലമ്പൂർ ബാലൻ അവാർഡ് ശാന്തൻ നേടി. പുരസ്കാരങ്ങളുടെ ഒരു പ്രളയംതന്നെ പിന്നെ അവനെ തേടിയെത്തി. കോഴിക്കോടൻ നാടകവേദിയുടെ മുഖമായി ശാന്തൻ. 70 നാടകങ്ങൾ.
അതിൽ ലൈംഗിക തൊഴിലാളികളെ മാത്രം െവച്ച് ചെയ്ത ‘ഒറ്റ രാത്രിയുടെ കാമുകിമാർ’പോലെ സാഹിത്യ ചരിത്രത്തിലെ ഏറ്റവും മൗലികവും ഉജ്ജ്വലവുമായ രചനയും ശാന്തനിൽനിന്നുണ്ടായി. രചന മാത്രം നിർവഹിച്ച് സംവിധാനമടക്കമുള്ള ആ നാടകത്തിന്റെ സർവമേഖലകളും ലൈംഗിക തൊഴിലാളികളുടെ സർഗാത്മകതക്കായി വിട്ടുകൊടുത്ത് പിന്മാറി നിൽക്കാൻ ശേഷിയുള്ള കരുത്തായിരുന്നു ശാന്തൻ.
2008ൽ ദീദി അർബുദ ബാധിതയായപ്പോഴാണ് ശാന്തന്റെ മറ്റൊരു മുഖം കണ്ടത്. വിവരമറിഞ്ഞ് ഏതോ മദ്യശാലയുടെ ചൂടിൽ ഉരുകി അവൻ ദീദിയെ ഫോൺ വിളിച്ചു കരഞ്ഞു: “നീ തിരിച്ചുവരും, നീ തിരിച്ചുവരും. സോമേട്ടൻ പൊയ്ക്കളഞ്ഞതുപോലെ നീ പോവില്ല’’ -അതൊരു മന്ത്രംപോലെയായിരുന്നു. രണ്ടു വർഷം നീണ്ട ചികിത്സാ കാലത്തുടനീളം തിരിച്ചുവരവിന്റെ സൗഹൃദമന്ത്രമായി ശാന്തൻ ഒരു ഫോൺ അകലത്തുണ്ടായിരുന്നു. അവളുടെ തിരിച്ചുവരവിന് അത്തരം സൗഹൃദങ്ങൾ ഒരു സാന്ത്വന സ്പർശമായി കൂട്ടിനുണ്ടായിരുന്നു.
സിനിമയും നാടകവുമൊക്കെ ശാന്തന് ജീവിക്കാനുള്ള തീരാത്ത കൊതിയുടെ എത്തിപ്പിടിക്കൽ മാത്രമായിരുന്നു. പക്ഷേ, ഭൂമിയിൽ അവന്റെ സമയം ഹ്രസ്വമായിരുന്നു. രക്താർബുദത്തിന്റെ രൂപത്തിലാണ് മഹാമാരി അവനെ തേടിയെത്തിയത്. അതിജീവനം കൺമുന്നിലുണ്ടായിരുന്നു. മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ അവനെ കാണാൻ ചെന്നപ്പോൾ ജീവിതപങ്കാളി ഷൈനിയെ ആശ്വസിപ്പിക്കാനാണ് ശാന്തൻ ദീദിയോട് ആവശ്യപ്പെട്ടത്. അർബുദത്തോട് പോരാടി തിരിച്ചുവന്നവർ ഭൂമിയിലുണ്ട് എന്നതിന് തെളിവ് കാട്ടിക്കൊടുക്കാൻ. ഒരു സിനിമ എഴുതുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ എ. സോമന് കഴിഞ്ഞില്ല. എന്നാൽ, 2020 െഫബ്രുവരി 28ന് എ. ശാന്തകുമാർ വെള്ളിത്തിരയിൽ തെളിഞ്ഞു.
ഷൈജു അന്തിക്കാട് സംവിധാനംചെയ്ത ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ശാന്തന്റേതായിരുന്നു. സോമേട്ടൻ അവസാനകാലം സിനിമ സ്വപ്നം കണ്ടിരുന്നു. പക്ഷേ, അത് സാക്ഷാത്കരിക്കും മുമ്പ് വിടപറഞ്ഞു. ആ ശൂന്യത അനിയൻ ശാന്തൻ ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലൂടെ നികത്തി. നിർഭാഗ്യം കോവിഡിന്റെ രൂപത്തിലെത്തി ശാന്തനെ തട്ടിയെടുത്തു. 2021 ജൂൺ 16ന് വേദനയുടെ മറ്റൊരു ഓർമദിവസം കൂടി പിറന്നു. ശാന്തനോർമകൾ ഇന്ന് കോഴിക്കോടിന്റെ ഓർമയുടെ ചരിത്രമാണ്.
ശാന്തന്റെ നാടകത്തിന്റെ ഊർജം എത്തിപ്പിടിക്കാനായില്ലെങ്കിലും മതം മതിലുകൾ തീർക്കുന്ന പ്രണയകാലത്തിന് ആ കഥ ഒരു വെല്ലുവിളിയായിരുന്നു: ഒരു ദേശം മുഴുവനും നുണ പറയുമ്പോൾ പ്രണയം എങ്ങനെ പിടിച്ചുനിൽക്കും എന്ന വെല്ലുവിളി. മതം/ മദം അളന്ന് തിരിച്ച് വേലികെട്ടിയെടുത്ത പ്രണയത്തെ തിരിച്ചുപിടിക്കുന്നു എന്നതാണ് ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തെ വേറിട്ടതാക്കുന്നത്. നാടകംകൊണ്ട് ജീവിക്കാനാകുമെന്നും ശാന്തൻ നാടകവേദിക്ക് കാട്ടിക്കൊടുത്തു. നാടകം ചെയ്ത് മാത്രം ജീവിച്ചു ശാന്തൻ.
ഉള്ളടക്കത്തിന്റെ കരുത്തും രചനയുടെ മികവുമാണ് പരിഗണിക്കുന്നതെങ്കിൽ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യസൃഷ്ടികളാണ് ശാന്തന്റെ രചനകൾ. ‘സ്വപ്നവേട്ട’ എന്ന നാടകം ‘ഡ്രീം ഹണ്ട്’ എന്ന പേരിൽ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള, കാലിക്കറ്റ് യൂനിവേഴ്സിറ്റികളിൽ അത് പാഠപുസ്തകമാണ്. എന്നാൽ, ശാന്തൻ എഴുതിയത് കഥയോ കവിതയോ നോവലോ അല്ല, നാടകമാണ്. അതുകൊണ്ടുതന്നെ എഴുത്തിന്റെ ജാതിവ്യവസ്ഥക്കകത്ത് അത് അദൃശ്യമാകും.
നാടകാന്തം കവിത്വം എന്നൊക്കെ പറയുമെങ്കിലും നാടകത്തിന് മലയാള സാഹിത്യത്തിൽ രണ്ടാംകിട പദവിയേ ഉള്ളൂ. ‘കഥ’യായി എഴുതിയിരുന്നെങ്കിൽ ശാന്തന്റെ 70 നാടകങ്ങളെ 70 കവർസ്റ്റോറികളായി അവതരിപ്പിക്കേണ്ടിവരുമായിരുന്നു മലയാളത്തിലെ സാഹിത്യ മാസികകൾക്ക്. നാടകമാകുന്നതോടെ എല്ലാം ചെറുതാകുന്നു. അതച്ചടിക്കാൻ ആഴ്ചപ്പതിപ്പുകളെയും പ്രസാധകരെയും കിട്ടുക എന്നത് ദുഷ്കരമാകും. വരേണ്യതയുടെ കളിനിയമങ്ങളാണ് കാര്യങ്ങൾ നിർണയിക്കുന്നത്.
‘വൃദ്ധവൃക്ഷങ്ങൾ’, ‘കറുത്ത വിധവ’, ‘ചിരുത ചിലതൊക്കെ മറന്നുപോയി’, ‘ചരിത്രസന്ധിയിൽ ആണ്ടിയേട്ടൻ’, ‘ഒറ്റ രാത്രിയുടെ കാമുകിമാർ’, ‘ജീവിക്കാനുള്ള സന്ദേശങ്ങൾ’, ‘വീടുകൾക്കെന്തു പേരിടും?’, ‘ദൈവത്തിന്റെ കുപ്പായങ്ങൾ’, ‘സ്വപ്നവേട്ട’, ‘ഒരേയൊരു ചുവപ്പ്’, ‘നാസർ’, ‘നിന്റെ പേരെന്താണ്?’, ‘ഞങ്ങൾക്ക് ഒരു അടുക്കളയുണ്ടായിരുന്നു’, ‘മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം’, ‘നാടകം പൂത്ത കാടുകൾ’, ‘കലഹത്തിന്റെ കല’, ‘നാടക ചൂട് നിങ്ങളെ പൊള്ളിക്കുന്നുവോ’, ‘മരിച്ചവരുടെ സ്ഥലം’… ശാന്തൻ ഇനിയുമെത്രയോ കണ്ടെത്തപ്പെടാനിരിക്കുന്നതേയുള്ളൂ. സോമനും ശാന്തനും തോറ്റവരല്ല. സ്പന്ദിക്കുന്ന കാലം അവരുടെ വാക്കുകളിലുണ്ട്.
ആശുപത്രിക്കിടക്കയിൽ ശാന്തൻ പൂർത്തിയാക്കിയ ‘മധുര കണക്ക് ’ എന്ന തിരക്കഥ ആത്മമിത്രവും ശാന്തന്റെ നാടകങ്ങളിലെ സ്ഥിരം അഭിനേതാവുമായ ഹരീഷ് പേരടിയുടെ മുൻകൈയിൽ സിനിമയാവുന്നുണ്ട്. ഹരീഷ് തന്നെ നായകനായി അഭിനയിക്കുന്ന സിനിമയുടെ ഒരു ഘട്ടം ചിത്രീകരണം പൂർത്തിയായി.
ഹരീഷ് പേരടി ആ സന്തോഷം രേഖപ്പെടുത്തുന്നു: ‘‘നാടകകാലത്ത് തുടങ്ങിയ സൗഹൃദമാണ് എനിക്ക് ശാന്തനുമായിട്ടുള്ളത്. കഴിഞ്ഞ ജൂലൈയിലായിരുന്നു ശാന്തനെ മരണം കവര്‍ന്നുകൊണ്ടുപോയത്. രക്താർബുദ ബാധിതനായിരുന്നു. അതിനിടെ കോവിഡും പിടികൂടി. ശാന്തന്റെ അകാലവിയോഗത്തിന് അത് വഴിെവച്ചു. അതിനുമുമ്പ് അവന്‍ എനിക്ക് എഴുതിനല്‍കിയ തിരക്കഥയാണ് ‘മധുര കണക്ക്’. നിരവധി നാടകങ്ങളെഴുതി സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും ശാന്തന്‍ സിനിമക്കുവേണ്ടി തിരക്കഥ എഴുതുന്നത് ഇത് രണ്ടാം തവണയാണ്.
ആദ്യചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യ’മായിരുന്നു. മികച്ച സ്വഭാവനടനടക്കം സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണ്. അതിനുശേഷമാണ് ശാന്തന്‍ ‘മധുര കണക്ക് ’ എഴുതുന്നത്. ഒരു റിട്ടയേഡ് കണക്ക് അധ്യാപകന്റെ ജീവിതം പറയുന്ന സിനിമയാണ്. ശാന്തന്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍ ജീവന്‍വെക്കാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍.’’
ശാന്തന്റെ മുഴുവൻ നാടകങ്ങളും സമാഹരിച്ച് പുറത്തിറക്കാനുള്ള തീരുമാനവും മുന്നോട്ടുപോകുന്നു. എ. സോമൻ പോയശേഷം ഓരോ ഓർമദിവസം വരുമ്പോഴും കോഴിക്കാട് പറമ്പിൽബസാറിൽ ശാന്തൻ തന്റെ നാടകംകൊണ്ടാണ് ഏട്ടനെ ഓർമകൊണ്ട് ആദരിച്ചത്. ശാന്തനോർമകൾ നാടകം ഹൃദയത്തിലേറ്റുന്ന കോഴിക്കാട്ടുകാരുടെ മനസ്സിൽ വേരുപിടിക്കുമ്പോൾ തളിർക്കുന്നത് സോമന്റെയും സ്വപ്നങ്ങളാണ്.