കാലത്തിന്റെ ശബ്ദം, ശബ്ദത്തിന്റെ കാലം
ഗായകൻ യേശുദാസിന്റെ എൺപത്തിനാലാം ജന്മദിന വാർഷികം മലയാളികൾ വലിയ രീതിയിൽ ആഘോഷിച്ചു. യേശുദാസിന്റെ സംഗീതത്തെ കുറിച്ചും ആ സംഗീതത്തിന്റെ അനുഭവത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.ലോകം കണ്ട ഏറ്റവും മഹാനായ ദാർശനികനാരെന്ന് അറിയാൻ ‘ബി.ബി.സി’ ഈയിടെ നടത്തിയ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത് വന്നത് കാൾ മാർക്സ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രകാരനാരെന്നറിയാൻ ബ്രിട്ടനിലെ ‘ടൈംസ്’ പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വിജയിച്ചത് പാബ്ലോ പിക്കാസോ. ആ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗായകനോ ഗായികയോ ആരെന്ന മറ്റൊരു കണക്കെടുപ്പിൽ മുന്നിലെത്തിയവർ അമേരിക്കയുടെ എൽവിസ് പ്രെസ് ലി,...
Your Subscription Supports Independent Journalism
View Plansഗായകൻ യേശുദാസിന്റെ എൺപത്തിനാലാം ജന്മദിന വാർഷികം മലയാളികൾ വലിയ രീതിയിൽ ആഘോഷിച്ചു. യേശുദാസിന്റെ സംഗീതത്തെ കുറിച്ചും ആ സംഗീതത്തിന്റെ അനുഭവത്തെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ.
ലോകം കണ്ട ഏറ്റവും മഹാനായ ദാർശനികനാരെന്ന് അറിയാൻ ‘ബി.ബി.സി’ ഈയിടെ നടത്തിയ വോട്ടെടുപ്പിൽ ഒന്നാം സ്ഥാനത്ത് വന്നത് കാൾ മാർക്സ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രകാരനാരെന്നറിയാൻ ബ്രിട്ടനിലെ ‘ടൈംസ്’ പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ വിജയിച്ചത് പാബ്ലോ പിക്കാസോ. ആ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗായകനോ ഗായികയോ ആരെന്ന മറ്റൊരു കണക്കെടുപ്പിൽ മുന്നിലെത്തിയവർ അമേരിക്കയുടെ എൽവിസ് പ്രെസ് ലി, വിഖ്യാത ബ്രിട്ടീഷ് ഗായകരായ ബീറ്റിൽസ്, ബോബ് ഡൈലൻ എന്നിവർ. തീർച്ചയായും ബ്രിട്ടനിലെ ജനതക്കിടയിൽ നടത്തുന്ന വോട്ടെടുപ്പിൽ ആംഗലഭാഷയിൽ പാടുന്നവർക്കായിരിക്കുമല്ലോ കുറി വീഴുക.
ഇന്ത്യയിൽ ഇങ്ങനെയുള്ള വോട്ടെടുപ്പ് പതിവില്ല. കേരളം പിറന്ന ആറു പതിറ്റാണ്ട് കാലത്ത് ഏറ്റവും ജനസമ്മതിയുള്ള മലയാളി ആരെന്നറിയാൻ ഒരു വോട്ടെടുപ്പ് നടത്തിയാൽ ആർക്കാകും ആ സ്ഥാനം എന്ന് ആലോചിക്കുക കൗതുകകരമാണ്. ഒരു സംശയവുമില്ല. വിജയി കെ.ജെ. യേശുദാസാകും. ഗായകരിൽ മാത്രമല്ല ആകെയുള്ള മലയാളികളിലും യേശുദാസിനെപ്പോലെ അംഗീകാരം നേടാൻ മറ്റാർക്കുമാവില്ല.
ഇരുപതാം നൂറ്റാണ്ടിൽ വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറെ മഹാന്മാരും മഹതികളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ വർഗ-പ്രായ-രാഷ്ട്രീയ-മത-ജാതി-ലിംഗ-പ്രദേശ ഭേദങ്ങൾക്കൊക്കെ അതീതമായ ജനസമ്മതിയിൽ ഒന്നാമതാകാൻ കേരളത്തിൽ യേശുദാസിനേ കഴിയൂ. മറ്റാരായാലും ചില വിഭാഗങ്ങളിൽനിന്നും മാത്രമേ സമ്പൂർണ അംഗീകാരം നേടുകയുള്ളൂ. അതുകൊണ്ട് തന്നെയാണ് യേശുദാസ് മലയാളി സ്വത്വത്തിന്റെതന്നെ ശബ്ദമായി കരുതപ്പെടുന്നത്.
സംസ്ഥാനം രൂപംകൊണ്ട ശേഷമുള്ള കാലഘട്ടത്തിൽ നെടുനായകത്വം (hegemony) നേടിയ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക-സൗന്ദര്യ മൂല്യങ്ങൾ പ്രകാരം മലയാളിയുടെ ഏറ്റവും തികവാർന്ന ആദർശ ശബ്ദം (perfect ideal) ആണദ്ദേഹം. സവിശേഷമായ ആ കാലഘട്ടം കേരളം ഫ്യൂഡൽ വ്യവസ്ഥയിൽനിന്ന് ആധുനിക-നഗരവത്കൃത-മുതലാളിത്തത്തിലേക്ക് പ്രവേശിച്ച കാലമാണ്.
മുതലാളിത്തത്തിന്റെ സവിശേഷത യന്ത്രവത്കൃതവും നിർമാണത്തികവാർന്നതും മാനകീകൃതവും ഏകരൂപിയുമായ ‘അസംബ്ലി ലൈൻ’ ഉൽപാദനമാണ്. ഗ്രാമീണവും ഫ്യൂഡലുമായ കാലഘട്ടത്തിന്റെ മുഖമുദ്രയാകട്ടെ പരസ്പര ഭിന്നവും ‘തികവ്’ കുറഞ്ഞതുമായ (imperfect) കൈവേല-കരകൗശല ഉൽപാദനവും.
മുതലാളിത്തത്തിന് സഹജമായവിധം ആധുനികവും നാഗരികവും മാനകീകൃതവും മതേതരവുമാണ് യേശുദാസിന്റെ ശബ്ദവും ആലാപനവും സ്വത്വവും. അതിൽ വർഗ-മത-ജാതി-പ്രാദേശിക വഴക്കങ്ങളില്ല. മലയാളത്തിന്റെ ഉച്ചാരണഭാഷ മാനകീകൃതമായത് കേരളപ്പിറവിക്ക് ശേഷമാണ്. അതിനു മുമ്പുള്ള ഭാഷ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി കിടന്നിരുന്ന മലയാളിദേശങ്ങളിലെ മൗലികമായിത്തന്നെ വർഗ-മത-ജാതി-പ്രാദേശിക തലങ്ങളിൽ പരസ്പരഭിന്നമായ ഉച്ചാരണരീതികളും നാട്ടുവഴക്കങ്ങളുമുള്ള ‘മലയാളങ്ങളാ’യിരുന്നു.
വിദ്യാസമ്പന്നരും ഭാഷയിലും സാഹിത്യത്തിലുo പ്രാവീണ്യമുള്ളവരുമൊക്കെയായ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ, സാഹിത്യകാരന്മാർ എന്നിവരിലും ഏറെപ്പേരും എന്നും അങ്ങനെതന്നെ ആയിരുന്നു. എഴുത്തിൽ കൃത്യമായ ഭാഷ ഉപയോഗിക്കുമ്പോഴും സംസാരിക്കുമ്പോൾ മാത്രമല്ല പ്രസംഗിക്കുമ്പോൾപോലും സാമൂഹികവും പ്രാദേശികവുമായ വഴക്കങ്ങൾ പുലർത്തിപ്പോന്നു.
ഐക്യ കേരളത്തിന്റെ മാനകീകൃതമായ മലയാളം ഏറ്റവും തികവാർന്ന ഉച്ചാരണത്തിൽ ആദ്യമായി മലയാളി കേൾക്കുന്നത് യേശുദാസിൽനിന്നാണ്. യേശുദാസിന്റെ സർവാധിപത്യത്തിനു മുമ്പുള്ള നമ്മുടെ പ്രമുഖ ഗായകരുടെ ശബ്ദങ്ങളും ഫ്യൂഡൽ ഘട്ട ഉൽപന്നങ്ങളെപ്പോലെയാണ്. ഗ്രാമ്യവും പ്രാദേശികവും പരസ്പരം വ്യത്യസ്തവും, ‘തികവ് കുറഞ്ഞതുമായ’ ഉൽപന്നങ്ങൾ.
ദാസിന്റെ മുൻഗാമികളോ സമകാലികരോ ആയ കോഴിക്കോട് അബ്ദുൽഖാദർ, എ.എം. രാജ, പി.ബി. ശ്രീനിവാസ്, കമുകറ പുരുഷോത്തമൻ, കെ.എസ്. ജോർജ്, സി.ഒ. ആന്റോ, മെഹബൂബ്, എ.പി. ഉദയഭാനു എന്നിവരുടെയൊക്കെ ശബ്ദങ്ങൾ പരസ്പരവ്യത്യസ്തവും തികഞ്ഞ പുരുഷശബ്ദത്തിന്റെ ‘യേശുദാസ് കാലം’ സൃഷ്ടിച്ച മാനദണ്ഡപ്രകാരം തികവ് കുറവുമാണ്. അവരുടെ ചിലരുടെ സ്വരം അനുനാസികമാണെങ്കിൽ ചിലവ സ്ത്രൈണവും ഗ്രാമ്യവും (രാജ, ജോർജ്) ആണ്. മറ്റു ചിലരുടെ ശബ്ദമാകട്ടെ യേശുദാസിന്റെ തികവാർന്ന പുരുഷശബ്ദത്തിലും (optimal) കൂടുതൽ കനപ്പെട്ടതും (ഉദയഭാനു).
മാനകമായ മലയാള ഉച്ചാരണം അവരുടെ ആലാപനത്തിൽ ഇല്ല. എ.എം. രാജയും പി.ബി. ശ്രീനിവാസുമാകട്ടെ തെലുങ്കരും. ഇവരിൽ ചിലർക്ക് മലബാർ ശൈലി (അബ്ദുൽ ഖാദർ), ചിലർക്ക് കൊച്ചി മട്ട് (ആന്റോ, മെഹബൂബ്), ചിലർക്ക് തമിഴ് മട്ട് (രാജ, ശ്രീനിവാസ്, കമുകറ). യേശുദാസിന്റെ ശബ്ദത്തിൽ അനുനാസികമില്ല, സ്ത്രൈണതയില്ല, പ്രാദേശികതയില്ല. യേശുദാസ് മുതലാളിത്തത്തിലെ ആധുനികനും നാഗരികനും (cosmopolitan) ആയ ആദർശപുരുഷന്റെ ശബ്ദമായി അംഗീകരിക്കപ്പെട്ടപ്പോൾ മറ്റ് എല്ലാ ശബ്ദങ്ങളും പ്രാന്തവത്കരിക്കപ്പെട്ടു. (ഈ യേശുദാസൻ സ്വരാധിപത്യത്തിലും ചെറിയൊരു നാട്ടുരാജ്യമെങ്കിലും സ്വന്തമായി ഭരിക്കാൻ കഴിഞ്ഞ പി. ജയചന്ദ്രനെ അഭിനന്ദിക്കാതെ വയ്യ.)
ആധുനിക കേരളത്തിൽ പ്രത്യക്ഷത്തിൽ ആധിപത്യം നേടിയ ഔപചാരിക മതേതരത്വത്തിനും എത്രയും ഇണങ്ങുന്നതായിരുന്നു യേശുദാസിന്റെ സ്വത്വം. ആധുനിക മലയാളിയുടെ മതേതര ഗാഥയായ ശ്രീനാരായണന്റെ ‘‘ജാതിഭേദം മതദ്വേഷം...’’ എന്ന വരികൾ പാടിതന്നെയാണ് ചലച്ചിത്ര പിന്നണിഗാനലോകത്തേക്കുള്ള യേശുദാസിന്റെ പ്രവേശം എന്നത് യാദൃച്ഛികമെങ്കിലും എത്രയും അർഥഗർഭം. ക്രിസ്ത്യാനിയായി ജനിച്ചിട്ടും കർണാടക സംഗീത വിശാരദൻ, ഹൈന്ദവകീർത്തനങ്ങളുടെ ആലാപനത്തിൽ ഒന്നാമൻ മാത്രമല്ല സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും പ്രിയശിഷ്യൻ, സർവോപരി ഗുരുവായൂരപ്പന്റെയും ശബരിമല അയ്യപ്പന്റെയും മൂകാംബിക ദേവിയുടെയും പ്രഖ്യാപിത ഭക്തൻ.
സവർണ ഹൈന്ദവാധിപത്യം കൊടികുത്തിവാഴുന്ന കർണാടക സംഗീതലോകത്ത് തന്നെ ഇത്രയും ഉയരങ്ങൾ കീഴടക്കിയ മറ്റൊരു ഹൈന്ദവേതരനില്ല എന്ന് ടി.എം. കൃഷ്ണ. ജീവിതകാലം മുഴുവൻ ഗുരുവായൂരപ്പ ദർശനത്തിനായി ആഗ്രഹിച്ചിട്ടും അദ്ദേഹത്തിന് അനുമതി നിഷേധിച്ച ഹൈന്ദവയാഥാസ്ഥിതികർക്കും സവർണ ഹിന്ദുസമുദായത്തിനും പക്ഷേ, ദാസിന്റെ കൃഷ്ണഭക്തി അഭിമാനകരമാണ്.
ഇന്നും മത-സമുദായ ഐക്യത്തിന്റെ നിത്യവക്താവും പരിപൂർണ ഭക്തനുമായ ദാസ് എല്ലാ മതങ്ങൾക്കും സമുദായങ്ങൾക്കും ആത്മീയവാദിക്കും ഭൗതികവാദിക്കും യാഥാസ്ഥിതികനും പുരോഗമനവാദിക്കും ഒരുപോലെ സമ്മതൻ. മതേതരത്വം ആക്ഷേപം നേരിടുന്ന വർത്തമാനകാലത്തും ദാസ് അത് ഉയർത്തിപ്പിടിക്കുന്നത് ആദരണീയമാണ്. പക്ഷേ, അപ്പോഴും വിശ്വാസികൾക്ക് വിരോധം തോന്നുന്ന ഒന്നും അദ്ദേഹത്തിൽനിന്ന് വീഴില്ല.
മലയാളിക്ക് യേശുദാസെന്ന മഹാഗായകനെ കിട്ടിയെങ്കിലും നമുക്ക് അതോടെ എന്തെങ്കിലും നഷ്ടമായോ? വൈവിധ്യത്തിന്റെ സൗന്ദര്യമാണ് നമുക്ക് വന്ന വലിയ നഷ്ടം. നവരസങ്ങളും സകല വികാരങ്ങളും അനുഭവവേദ്യമാകാൻ നമുക്ക് യേശുദാസ് മാത്രമായി. പ്രണയത്തിനും വിരഹത്തിനും വാത്സല്യത്തിനും ഭക്തിക്കും ഹാസ്യത്തിനുമൊക്കെ യേശുദാസിന്റെ ശബ്ദം തന്നെ വേണം. പുതിയ മാനദണ്ഡമനുസരിച്ചുള്ള തികവ് ഇല്ലാത്ത മറ്റു ഉൽപന്നങ്ങളെ എല്ലാം പുറത്താക്കി വിപണി ഭരിക്കുന്ന കുത്തക മുതലാളിത്തശൈലി തന്നെ. യേശുദാസ് സ്വയം ബോധപൂർവം കുത്തക സ്ഥാപിച്ചെന്നല്ല അർഥം. ആ ശബ്ദത്തിന്റെ ആധിപത്യത്തിനു വഴി ഒരുക്കിയ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ചരിത്രഘടകങ്ങളെപ്പറ്റിയാണ് പരാമർശം.
അതേസമയം, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റു ഭാഷകളിലെ സംഗീതലോകത്ത് മലയാളത്തിലെ ദാസിന്റെ കുത്തകപോലെ ഉണ്ടായില്ല. ഒരേസമയം തികച്ചും പ്രതിജനഭിന്നവും അതിസുന്ദരവുമായ ശബ്ദങ്ങളും ശൈലികളും ആ ഭാഷകളിൽ ഒരേസമയംതന്നെ ജനപ്രിയമായി. ഹിന്ദിയിൽ കെ.എൽ. സൈഗാൾ യുഗത്തിന് പിന്നാലെയുള്ള കാലത്ത് മുഹമ്മദ് റഫി ആണ് ഒന്നാമനെങ്കിലും സി.എച്ച്. ആത്മയും കിഷോർകുമാറും മുകേഷും ഹേമന്ത് കുമാറും മന്നാഡെയും തലത്ത് മഹ്മൂദും മഹേന്ദ്ര കപൂറുമൊക്കെ ഒരേസമയം തങ്ങളുടേതായ പാതകളും ജനപ്രിയതയും സംരക്ഷിച്ചു നിർത്തിപ്പോന്നു.
തമിഴിലും ഘണ്ടശാലയും രാജയും പി.ബി. ശ്രീനിവാസും ടി.എം. സൗന്ദർരാജനും തുടർന്ന് യേശുദാസും എസ്.പി. ബാലസുബ്രഹ്മണ്യവും ജയചന്ദ്രനും ഒക്കെ നിറഞ്ഞുനിന്നു. (തമിഴ്പിന്നണി സംഗീതലോകത്ത് ആധിപത്യം ഒരിക്കലും തമിഴർക്കായിരുന്നില്ലെന്നത് മറ്റൊരു കൗതുകം. ഘണ്ടശാലയും ശ്രീനിവാസും രാജയും എസ്.പി.ബിയും തെലുങ്കർ, സൗന്ദർരാജാണ് സൗരാഷ്ട്രക്കാരൻ, മറ്റുള്ളവർ മലയാളികൾ). ഹിന്ദിയിലും തമിഴിലുമൊക്കെ വിവിധ നടന്മാർക്ക് വിവിധ ഗായകരുടെ ശബ്ദമായിരുന്നു അനുയോജ്യം എന്നതും ഈ ബഹുസ്വരതക്ക് കാരണമാകാം.
എം.ജി.ആറിനും ശിവാജി ഗണേശനും അനുയോജ്യൻ സൗന്ദർരാജൻ; ജെമിനി ഗണേശനും മുത്തുരാമനും വേണ്ടി പി.ബി. ശ്രീനിവാസും എസ്.പി. ബാലസുബ്രഹ്മണ്യവും; കമൽഹാസനും രജനികാന്തിനും പറ്റിയവർ യേശുദാസും എസ്.പി.ബിയും എന്നിങ്ങനെ. ഹിന്ദിയിൽ ദിലീപ് കുമാർ, ദേവ് ആനന്ദ് എന്നിവർക്ക് റഫിയും രാജ് കപൂറിന് മുകേഷും മനോജ് കുമാറിന് മഹേന്ദ്ര കപൂറും ഗുരുദത്തിനു ഹേമന്തും രാജേഷ് ഖന്നക്ക് കിഷോറുമാണ് ഏറ്റവും അനുയോജ്യർ എന്നായിരുന്നു കരുതപ്പെട്ടത്. പക്ഷേ, മലയാളത്തിലാകട്ടെ നസീറിനും സത്യനും മധുവിനും ഒരുപോലെ അനുയോജ്യമായിരുന്നു യേശുദാസിന്റെ ശബ്ദം. മോഹൻലാൽ വന്നപ്പോഴാണ് ആദ്യമായി എം.ജി. ശ്രീകുമാർ സ്വന്തം ഇടം ഉറപ്പിച്ചത്.
ശബ്ദസൗന്ദര്യത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണ മറ്റേതൊരു സൗന്ദര്യബോധത്തെയുംപോലെ ചരിത്രബദ്ധമാണ്. ഒന്നോ രണ്ടോ തലമുറകൾക്ക് തികവാർന്നതെന്ന് തോന്നുന്ന ശബ്ദം മറ്റൊരു തലമുറക്കും കാലത്തിനും അങ്ങനെയാകണമെന്നില്ല. സൈഗാളിന്റെ ശബ്ദം ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്നുവെങ്കിലും പിൻതലമുറകൾക്ക് അതായിരുന്നില്ല. ഒരുകാലത്ത് കേരളത്തെ ഇളക്കിമറിച്ച കെ.എസ്. ജോർജിന്റെ ശബ്ദം ഇപ്പോൾ ജനപ്രിയമാകുമോ?
വർത്തമാനകാലത്തെ പുരുഷ പിന്നണിശബ്ദങ്ങൾക്ക് യേശുദാസിന്റെ ഗാംഭീര്യമോ ഉച്ചാരണസ്ഫുടതയോ അവകാശപ്പെടാനില്ലെങ്കിലും എത്രയും ജനപ്രിയമാണെന്ന് ഓർക്കുക. എങ്കിലും തികവാർന്ന പുരുഷശബ്ദത്തിന്റെ പര്യായമായി യേശുദാസ് ഇനി വരുന്ന ഒട്ടേറെ തലമുറകളുടെ മനസ്സിലും ആധിപത്യം വഹിക്കുമെന്നതിൽ സംശയമില്ല.