ഗോത്രഭാവനയുടെ ജലഭൂപടങ്ങൾ
ഫെബ്രുവരി 10ന് വിടവാങ്ങിയ ഇന്ത്യൻ ചിത്ര-ശിൽപ കലയിലെ അതികായൻ എ. രാമചന്ദ്രനെയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് എഴുതുകയാണ് കലാനിരൂപകനും കവിയും ചിത്രമെഴുത്തുകാരനും ശിൽപിയുമായ ലേഖകൻ. ദേശഭാവനയുടെ ബൃഹദാഖ്യാനങ്ങളും ആദർശാത്മകതയുടെ സൗന്ദര്യവും ഇന്ത്യൻ ആധുനിക കലയുടെ നാൾവഴികളിൽ ഉൾച്ചേർത്തതുവഴി എന്നും അദ്ദേഹം ഒാർമിക്കപ്പെടുമെന്ന് എഴുതുന്നു.അരനൂറ്റാണ്ടിലധികമായി ഇന്ത്യൻ ചിത്ര-ശിൽപ കലയിൽ അനിഷേധ്യമായ സ്ഥാനമുറപ്പിച്ച മലയാളി ആർട്ടിസ്റ്റാണ് നമ്മെ വിട്ടുപിരിഞ്ഞ എ. രാമചന്ദ്രൻ. വണ്ടായും പൂമ്പാറ്റയായും മീനായും പക്ഷിയായും സ്വന്തം ഉണ്മയെ പ്രകൃതിയിലേക്ക് പരകായപ്രവേശം നടത്തി അനേകം...
Your Subscription Supports Independent Journalism
View Plansഫെബ്രുവരി 10ന് വിടവാങ്ങിയ ഇന്ത്യൻ ചിത്ര-ശിൽപ കലയിലെ അതികായൻ എ. രാമചന്ദ്രനെയും അദ്ദേഹത്തിന്റെ കലയെയും കുറിച്ച് എഴുതുകയാണ് കലാനിരൂപകനും കവിയും ചിത്രമെഴുത്തുകാരനും ശിൽപിയുമായ ലേഖകൻ. ദേശഭാവനയുടെ ബൃഹദാഖ്യാനങ്ങളും ആദർശാത്മകതയുടെ സൗന്ദര്യവും ഇന്ത്യൻ ആധുനിക കലയുടെ നാൾവഴികളിൽ ഉൾച്ചേർത്തതുവഴി എന്നും അദ്ദേഹം ഒാർമിക്കപ്പെടുമെന്ന് എഴുതുന്നു.
അരനൂറ്റാണ്ടിലധികമായി ഇന്ത്യൻ ചിത്ര-ശിൽപ കലയിൽ അനിഷേധ്യമായ സ്ഥാനമുറപ്പിച്ച മലയാളി ആർട്ടിസ്റ്റാണ് നമ്മെ വിട്ടുപിരിഞ്ഞ എ. രാമചന്ദ്രൻ. വണ്ടായും പൂമ്പാറ്റയായും മീനായും പക്ഷിയായും സ്വന്തം ഉണ്മയെ പ്രകൃതിയിലേക്ക് പരകായപ്രവേശം നടത്തി അനേകം ചിത്രപരമ്പരകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. നിർവചനങ്ങൾക്കപ്പുറത്തെ നിറങ്ങളിലേക്ക് ഒഴുകും പായൽപോലെ ആ ചിത്രലോകം ഒരു സമാന്തര ഗോത്രജീവിതം നയിച്ചു. രാജാ രവിവർമ ഇന്ത്യൻ വിഷയങ്ങളെ പടിഞ്ഞാറൻ ശൈലിയിൽ ആവിഷ്കരിച്ചുകൊണ്ടാണ് ആധുനികനായതെങ്കിൽ പിൽക്കാല ഇന്ത്യൻ കല അഭിസംബോധന ചെയ്തതും വിമർശനവിധേയമാക്കിയതും മുഖ്യമായും യൂറോ കേന്ദ്രിത കലാസങ്കൽപങ്ങളെയായിരുന്നു.
പാശ്ചാത്യഭിന്നമായ ഒരു തദ്ദേശീയ കലക്കുവേണ്ടിയുള്ള വാദം ബംഗാൾ സ്കൂളിലും മദ്രാസ് സ്കൂളിലും പ്രകടമായിരുന്നു. ഇന്ത്യൻ ആധുനിക കലയിലെ തദ്ദേശീയതാ ഭാവുകത്വമെന്ന സൗന്ദര്യശാസ്ത്ര പ്രമേയം ശക്തമായി തന്റെ രചനകളിലൂടെ മുന്നോട്ടുവെച്ചു എന്നതാണ് എ. രാമചന്ദ്രന്റെ കലാ ചരിത്ര സന്ദർഭം.
1935ൽ ആറ്റിങ്ങലിൽ ജനിച്ച രാമചന്ദ്രൻ കേരള സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ശാന്തിനികേതനിൽ കലാപഠനത്തിന് പോകുന്നത്. മലയാളി ആർട്ടിസ്റ്റിന്റെ ഇന്നും തുടരുന്ന കല തേടിയുള്ള കുടിയേറ്റങ്ങളുടെ ആദ്യകാല ഉദാഹരണങ്ങളിലൊന്ന് കൂടിയാണ് രാമചന്ദ്രന്റെ നാടോടിത്തം (കേരളത്തിൽ തുടർന്നിരുന്നെങ്കിൽ തനിക്കൊരിക്കലും ഇവ്വിധം സ്വയം പ്രകാശിപ്പിക്കാൻ അവസരമുണ്ടാവുമായിരുന്നില്ലെന്ന് പലപ്പോഴും അദ്ദേഹം സൂചിപ്പിച്ചിരുന്നു). കേരളീയമായ അനുഭവങ്ങളും ജീവിതവും തന്റെ കലക്ക് മുതൽക്കൂട്ടായെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക മലയാള സാഹിത്യത്തിലുണ്ടായ നവ മുന്നേറ്റങ്ങളെ സൂക്ഷ്മമായി പിന്തുടർന്ന രാമചന്ദ്രൻ നവോത്ഥാന മൂല്യങ്ങളിൽ ഊന്നിനിന്ന് കലയെപ്പറ്റി ചിന്തിച്ചു.
തകഴിയുടെയും ബഷീറിന്റെയും ഒ.വി. വിജയന്റെയും വി.കെ.എന്നിന്റെയും സാഹിത്യഭാവനക്ക് സമാന്തരമായി തന്റെ കലാസങ്കൽപങ്ങളെ അദ്ദേഹം കരുപ്പിടിപ്പിച്ചു. ആധുനിക കേരളീയ ചിത്രകല ഏറിയകൂറും മദ്രാസ് സ്കൂൾ കലാഭാവുകത്വത്തിന്റെ തുടർച്ചയായിരുന്നപ്പോഴാണ് എ. രാമചന്ദ്രൻ ശാന്തിനികേതൻ ഭാവുകത്വത്തിൽ ആകൃഷ്ടനാവുന്നത്.
നന്ദലാൽ ബോസിന്റെയും ബിനോദ് ബിഹാരി മുഖർജിയുടെയും രാംകിങ്കർ ബെയ്ജിന്റെയും വിദ്യാർഥി ആയിരുന്ന രാമചന്ദ്രനിൽ ശാന്തിനികേതൻ സ്കൂളിന്റെ സൗന്ദര്യസങ്കൽപം പലമട്ടിൽ പ്രവർത്തിച്ചു. രവിവർമക്കുശേഷം കേരളത്തിന്റെ കലാഭൂപടത്തിൽ അദ്ദേഹം കെ. മാധവമേനോനെ കണ്ടു. മാധവമേനോൻ പിന്തുടർന്ന ശാന്തിനികേതൻ ആശയങ്ങൾ രാമചന്ദ്രനെ പ്രചോദിപ്പിച്ചു. എന്നാൽ, കെ.സി.എസിനെപ്പോലെ മാധവമേനോനിൽ ഒരു താത്ത്വിക അടിത്തറ ഉണ്ടായിരുന്നില്ലെന്നും രാമചന്ദ്രൻ നിരീക്ഷിച്ചു.
സമകാലിക ജീവിതത്തിന്റെ അന്തഃസംഘർഷങ്ങൾ പ്രമേയമാവുന്ന ചിത്രപരമ്പരകളിലൂടെയാണ് രാമചന്ദ്രൻ തന്റെ കലാജീവിതം തുടങ്ങുന്നത്. ആത്മപീഡയുടെയും വേദനകളുടെയും സാമൂഹിക വിമർശനത്തിന്റെയും അക്കാല ആധുനികതയിലെ പൗരബോധത്തിന്റെയും സൃഷ്ടികളായിരുന്നു അവ. തീക്ഷ്ണ വർണങ്ങളിലും കറുപ്പിലും രചിക്കപ്പെട്ട ആ ചിത്രങ്ങൾ കാണികളിൽ ഭയവും ആകുലതയും നിറക്കാൻ പോന്നവയായിരുന്നു. ‘ഹോമേജ്’ (1962), ‘ഇന്ത്യൻ റിസറക്ഷൻ’ (1965), ‘അനാട്ടമി ലെസൺ’ (1971), ‘കാളീപൂജ’ (1972) തുടങ്ങിയ ആദ്യകാല ചിത്രങ്ങളിൽനിന്നും ‘യയാതി’ (1983) പോലെ ഒരു ബൃഹദ് ചിത്രത്തിലേക്കെത്തുമ്പോൾ രാമചന്ദ്രനിലുണ്ടായ പരിണാമം വളരെ വലുതാണ്.
ഗോത്രജീവിതത്തിലേക്ക് തിരിച്ചുവെച്ച കണ്ണാടിയാണ് രാമചന്ദ്രനിലെ കലാകൃത്തിന്റെ അടയാളമുദ്രയായിത്തീർന്നത്. ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്, നാശസ്ഥലിയിൽ (ഡിസ്ടോപിയ)നിന്നും സാങ്കൽപികദേശ (ഉട്ടോപ്യ)ത്തിലേക്കുള്ള ചുവടുമാറ്റമായി രാമചന്ദ്രന്റെ കലയിലെ ഈ ഭാവുകത്വമാറ്റത്തെ കലാചരിത്രകാരനായ ആർ. ശിവകുമാർ രേഖപ്പെടുത്തുന്നു.1
സംഘർഷാത്മകവും വൈരുധ്യാത്മകവുമായ ആശയസംഘാതമായി ‘പ്രിമിറ്റിവിസം’ കലയിൽ പ്രത്യക്ഷപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിലെ യൂറോ-അമേരിക്കൻ കലയിലാണ്. പ്രാചീനതാവാദം ഒരു ആധുനിക വിപ്ലവാശയമായിരുന്നു എന്നതാണ് അത് ലോകമെമ്പാടുമുള്ള കലാലോകത്തെ സ്വാധീനിക്കാൻ കാരണം. അഭൂതപൂർവമായി വളർന്നുവന്ന നാഗരികതയോടും വ്യവസായ വളർച്ചയോടുമുള്ള സർഗാത്മകപ്രതികരണം എന്ന നിലയിൽ അവ വ്യാപകമായി സ്വീകരിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ, ആഫ്രിക്കയിലെ ഗോത്രകലയും ഓഷ്യാനിയയിലെയും തദ്ദേശീയ അമേരിക്കയിലെയും കലാപ്രവണതകളും ലോകകലയിൽ ദൃശ്യത കിട്ടിത്തുടങ്ങി. പോൾ ഗോഗിൻ, പിക്കാസോ, മതീസ് തുടങ്ങിയ കലാകൃത്തുക്കൾ പെയിന്റിങ്ങിലും ശിൽപത്തിലും ഗോത്രമാതൃകകൾ വിനിയോഗിച്ചുകൊണ്ട് കല ചെയ്തു. ആധുനിക കലാകൃത്തുക്കൾ പ്രാചീനതാസങ്കൽപങ്ങളെ കലയിൽ ഏറ്റെടുക്കുന്നതിനെക്കുറിച്ച് നടത്തിയ പഠനത്തിൽ അമേരിക്കൻ കലാചരിത്രകാരൻ റോബർട്ട് ഗോൾഡ് വാറ്റെർ കാൽപനികമെന്നും വൈകാരികമെന്നും ബൗദ്ധികമെന്നും അബോധമെന്നും നാലുതരത്തിൽ പ്രാചീനതാ ദത്തെടുപ്പിനെ വിശകലനം ചെയ്യുന്നുണ്ട്.
ഗോഗിന്റേതും മതീസിന്റേതും കാൽപനികബദ്ധമായ പ്രാചീനതയാണെന്നും ജർമൻ എക്സ്പ്രഷണിസ്റ്റുകളുടെ, പ്രത്യേകിച്ചും ക്രിച്നറുടെ കലയെ വൈകാരികബദ്ധമായതെന്നും പിക്കാസോയുടേത് ബൗദ്ധികബദ്ധമായ പ്രാചീനതയെന്നും ഗോൾഡ് വാറ്റെർ നിരീക്ഷിക്കുന്നു.2 ഒപ്പം, ദാദായിസ്റ്റുകളിലും സർറിയലിസ്റ്റുകളിലും പ്രാചീനതയുടെ അബോധപ്രേരണകൾ അദ്ദേഹം തിരിച്ചറിയുന്നു.
പോൾ ഗോഗിന്റെ ‘നമ്മൾ എവിടെനിന്ന് വരുന്നു? എന്താണ് നമ്മൾ? നമ്മളെവിടെ പോകുന്നു?’ (1897) എന്ന ചിത്രം മിത്തുകളുടെയും പ്രാചീനതാ വീണ്ടെടുപ്പിന്റെയും ഉത്തമ മാതൃകയാണ്. രാമചന്ദ്രന്റെ ‘യയാതി’ക്ക് (1983) ഗോഗിന്റെ ചിത്രവുമായുള്ള വിദൂരബന്ധം ആ അർഥത്തിൽ യാദൃച്ഛികം മാത്രമാവില്ല. മഹാഭാരതത്തിലെ യയാതി കഥയെ രാജസ്ഥാനിലെ ഗൗഡിയ ലോഹാർ നാടോടി വിഭാഗക്കാരെ ആധാരമാക്കി ഉഷസ്സ്, മധ്യാഹ്നം, സന്ധ്യ എന്നീ ത്രിത്വത്തിലാണ് പന്ത്രണ്ട് പാനലുകളിലായി 60 അടി നീളവും എട്ടടി വീതിയുമുള്ള ‘യയാതി’ എന്ന ബൃഹദ് ചിത്രം രാമചന്ദ്രൻ പൂർത്തിയാക്കുന്നത്.
യയാതിയുടെ പിറവിയെപ്പറ്റി രാമചന്ദ്രൻ ഇങ്ങനെ സൂചിപ്പിക്കുന്നു:
“ഞാൻ ഏറെക്കാലമായി കൊണ്ടുനടന്നിരുന്ന ഒരു ഇതിവൃത്തമാണ് യയാതിയുടേത്. മാനുഷികമായ എല്ലാ ദൗർബല്യങ്ങളുമുള്ള ഒരു യഥാർഥ മനുഷ്യനാണ് യയാതി. ‘മഹാഭാരത’ത്തിലെ അസംഖ്യം കഥാപാത്രങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്ന യയാതിയെ പാരമ്പര്യമൂല്യങ്ങൾ ബന്ധിതനാക്കുന്നില്ല. തന്നെപ്പറ്റി ശരിക്കും അറിയാവുന്ന യയാതി തന്റെ നിസ്സാരതകളെ അതിജീവിക്കാൻ ശ്രമിക്കുന്നു. ശരീരത്തിന്റെയും ഹൃദയത്തിന്റെയും വേദനകൾ യയാതി നന്നായി മനസ്സിലാക്കുന്നു. ഒന്നിനുവേണ്ടി മറ്റൊന്നിനെ അദ്ദേഹം നിഷേധിച്ചില്ല.
സമ്പൂർണതയിലേക്കുള്ള പ്രയാണം അങ്ങനെയാണ് അദ്ദേഹം സാധിക്കുന്നത്. അതുവഴി യയാതി ഈശ്വരതുല്യനായി. ശ്രീകൃഷ്ണനെയോ ശ്രീരാമനെയോ പോലെ ജേതാവിന്റെ സ്ഥാനമല്ല യയാതിയുടേത്. ഭീഷ്മരെയോ അർജുനനെയോ പോലെ വീരനായകനുമല്ല യയാതി. എന്നാൽ, അവർക്കൊന്നും കൈവരിക്കാൻ കഴിയാത്ത വിധം യയാതിക്ക് ഉയരാൻ സാധിച്ചിട്ടുണ്ട്. മനുഷ്യത്വമാണ് ‘യയാതി’യിലേക്ക് എന്നെ ആകർഷിച്ചത്.”3
ഇങ്ങനെ കൽപിതകഥകളുടെയും മിത്തുകളുടെയും സൗന്ദര്യധാരകളെ താൻ കണ്ടുമുട്ടിയ ഇന്ത്യൻ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യരുമായി ചാർച്ചപ്പെടുത്തുന്നവയായിരുന്നു രാമചന്ദ്രന്റെ പിൽക്കാല രചനകൾ. സാഹിതീയമായ ഉൾക്കാഴ്ചകളും മിത്തുകളെക്കുറിച്ചുള്ള അവബോധവും അത്തരം രചനകൾക്ക് സഹായകമായി.
രാമചന്ദ്രന്റെ സൃഷ്ടികളുടെ പ്രദർശനങ്ങൾ ക്യൂറേറ്റ് ചെയ്തിട്ടുള്ള ആർ. ശിവകുമാർ, 2023 ഒക്ടോബറിൽ ഡൽഹിയിലെ വധേര ആർട്ട് ഗാലറി സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ശിൽപങ്ങളുടെ അവസാന പ്രദർശനത്തിൽ നടത്തിയ പ്രഭാഷണത്തിൽ സൂചിപ്പിച്ചതുപോലെ, രാമചന്ദ്രന്റെ കൃതികൾക്ക് എല്ലായ്പോഴും പരമ്പരാഗത ഘടകങ്ങൾ ഉണ്ടായിരുന്നുവെന്നും, അത് ആധുനികതയിൽനിന്ന് വിച്ഛേദിച്ച ഒന്നല്ല എന്നും മനസ്സിലാക്കാം. അദ്ദേഹം താമരക്കുളം വരക്കുമ്പോൾ അത് പാരിസ്ഥിതിക തകർച്ചയുമായി ബന്ധപ്പെട്ട് ലോകമെമ്പാടും എന്താണ് സംഭവിക്കുന്നത് എന്നതിന്റെ ഒരു രൂപകമായി മാറുന്നുവെന്നും ശിവകുമാർ നിരീക്ഷിക്കുന്നു. ഇങ്ങനെ മിത്തിൽനിന്നും പാരിസ്ഥിതികാവബോധത്തിലേക്ക് നീളുന്ന ഒരു സർഗാത്മകപാത രാമചന്ദ്രൻ തന്റെ ചിത്രപരമ്പരകളിൽ കരുതിവെച്ചു.
2019ലാണ് എറണാകുളം ദർബാർ ഹാൾ ആർട്ട് സെന്ററിൽ ‘ദി മഹാത്മ ആൻഡ് ദി ലോട്ടസ് പോണ്ട്’ എന്ന പ്രദർശനം നടന്നത്. കേരളത്തിൽ നടന്ന എ. രാമചന്ദ്രന്റെ അവസാന പ്രദർശനവുമാണത്. തന്റെ ഗാന്ധിബന്ധത്തെക്കുറിച്ചും ഗ്രാമീണതയെക്കുറിച്ചും അന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“ഗാന്ധിജി ഉദ്ദേശിച്ചതുപോലെ ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത്. ഗ്രാമീണജീവിതത്തിന്റെ ശുദ്ധതയും പാരിസ്ഥിതികാവബോധവും ഒക്കെ ഇന്ന് ആളുകൾ മറന്നുകഴിഞ്ഞു. താമരക്കുളം ഒരു പ്രതീകമാണ്. അതൊരു ചെറിയ പ്രപഞ്ചമാണ്. ഞാൻ പോവുന്ന സ്ഥലങ്ങളിലെ പല ഋതുക്കളിലെ –മഴക്കാലത്തെയും തണുപ്പുകാലത്തെയും വേനൽക്കാലത്തെയും –ഭാവങ്ങളാണ് ഞാൻ പഠിച്ചു രേഖപ്പെടുത്തിയത്. ഗ്രാമീണജീവിത സാഹചര്യങ്ങളെ ചിത്രീകരിക്കാൻ പോവുന്നയിടങ്ങളിലെതന്നെ പരിസ്ഥിതിയാണത്. ഈ ചിത്രങ്ങളെയും ഗാന്ധിജിയെയും ഒന്നിച്ച് വെക്കുമ്പോൾ, എനിക്ക് തോന്നുന്നു, ആശയത്തിൽ വ്യത്യാസമൊന്നുമില്ല.
കലാകാരൻ എന്നനിലയിൽ ഞാൻ ടാഗോറിനെ ആരാധിക്കുന്നു, മൊറാലിറ്റി കൺസെപ്റ്റിൽ ഞാൻ ഗാന്ധിജിയെയും. ഗാന്ധിജി ഒരു പൊളിറ്റിക്കൽ സിംബൽ അല്ല എനിക്ക്. നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യസന്ധമായിരിക്കണം. നമ്മുടെ ആത്മാവിനെ വഞ്ചിച്ചുകൊണ്ട് ജീവിതത്തിൽ ഒരു കാര്യവും ചെയ്യരുത്. ടാഗോറിന്റെ സാർവദേശീയതാ സങ്കൽപങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരം നിവാസി എന്ന ചുറ്റുവട്ടത്തിൽനിന്നും ലോകാന്തരമായി ചിന്തിക്കാനും പ്രവർത്തിക്കാനും ടാഗോർ വലിയ പ്രേരണ നൽകിയിട്ടുണ്ട്.”4
ഗാന്ധി ആശയങ്ങൾ തന്റെ കലക്ക് പുറകിലുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ രാമചന്ദ്രൻ ‘ദി മഹാത്മ ആൻഡ് ദി ലോട്ടസ് പോണ്ട്’ എന്ന പ്രദർശനത്തിൽ ഗാന്ധി ശിൽപവും ഇൻസ്റ്റലേഷനായി ചെയ്തു. രാമചന്ദ്രന്റെ ഗാന്ധി സത്യഗാന്ധിയാണ്. അവ പ്രതീകമായിരിക്കെത്തന്നെ സത്യകഥയെയും പിറകിൽ പേറുന്നു. തൊഴുതുനിൽക്കുന്ന ഗാന്ധിശിൽപത്തിന് പുറകിൽ വെടിയേറ്റ തുള കാണാം. ഹേ റാം എന്ന് – ഗാന്ധിക്ക് അഭയവും കൊലയാളികൾക്ക് മൃത്യുവാക്കുമായി പിന്നീട് മാറിയ –പ്രാർഥനാമന്ത്രം അതിനുചുറ്റും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഗാന്ധിയെയും ടാഗോറിനെയും ആശയപരമായി പിൻപറ്റുകയും ശാന്തിനികേതൻ ഭാവുകത്വം സൗന്ദര്യശാസ്ത്രമായി സ്വീകരിക്കുകയും ചെയ്ത രാമചന്ദ്രന്റെ കലാകൃതികൾ, പക്ഷേ ശാന്തിനികേതൻ ആർട്ടിസ്റ്റുകളുടെ ദൃശ്യഭാഷയായിരുന്നില്ല സ്വീകരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വലുപ്പവും മാധ്യമവും ഒക്കെ ശാന്തിനികേതൻ രീതികളിൽനിന്ന് വ്യത്യസ്തമാണ്. കേരളത്തിലെ ചുവർചിത്രങ്ങളുടെയും കളമെഴുത്തിന്റെയും സ്വാധീനം അവയിലുണ്ട്. ചുവർചിത്രകലയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ അദ്ദേഹം മുന്നോട്ടുവെക്കുന്ന പല നിരീക്ഷണങ്ങളും സ്വന്തം കലയിലും സ്വാധീനം ചെലുത്തുന്നതായി.5 അജന്ത ചിത്രങ്ങൾ പകർത്തുകയും സ്വാധീനം ഉൾക്കൊള്ളുകയുംചെയ്ത നന്ദലാൽ ബോസിന്റെ ശിഷ്യത്വം രാമചന്ദ്രനിൽ സമാന്തരമായ മറ്റൊരു വഴി വെട്ടുകയായിരുന്നു. കേരളീയ ചുവർചിത്രങ്ങൾ പകർത്തി വരക്കുകയും പഠിക്കുകയും ചെയ്യുകവഴി നന്ദലാൽ ബോസ് തുടങ്ങിവെച്ച തദ്ദേശീയാധുനികതാ പദ്ധതി രാമചന്ദ്രൻ മറ്റൊരർഥത്തിൽ പിന്തുടരുക കൂടിയായിരുന്നു.
രാമചന്ദ്രന്റെ ഗ്രാമീണതാ ദത്തെടുപ്പുകൾ അക്കാലത്തുതന്നെ വിമർശിക്കപ്പെടുകയുംചെയ്തു. താൻ പ്രതിനിധിയല്ലാത്ത ഗ്രാമത്തെ പുറമെനിന്ന് വീക്ഷിക്കുന്നതിന്റെ അപരനോട്ടം ആ ചിത്രങ്ങളിൽ വിമർശകർ കണ്ടെടുത്തു. ഒരു ജീവിതപ്രശ്നവും അലട്ടാത്ത ഉടലുകൾ മാത്രമായി ഗ്രാമീണസ്ത്രീകളെ കാൽപനികവത്കരിച്ചുവെന്നതാണ് അത്തരം ചിത്രങ്ങൾ നേരിട്ട മറ്റൊരു വിമർശനം. ഒരുപക്ഷേ ആ വിമർശനങ്ങളെ ഉൾക്കൊണ്ടതുകൊണ്ടാവണം സമീപകാല ചിത്രങ്ങളിൽ മനുഷ്യരൂപങ്ങൾ കുറഞ്ഞതും അത് കുറെക്കൂടി പ്രകൃതിക്കാഴ്ചകൾ മാത്രമായി തീരുകയുംചെയ്തത്. സാങ്കൽപിക പ്രകൃതിയുടെ ആവാസവ്യവസ്ഥയായി തന്റെ ചിത്രലോകത്തെ രാമചന്ദ്രൻ പുനർനിർവചിച്ചു. അതിൽ പാരിസ്ഥിതികവും സൗന്ദര്യാത്മകവുമായ ഇടങ്ങൾ തേടി.
പെയിന്റർ എന്ന നിലയിലുള്ള അസ്തിത്വത്തിനപ്പുറം ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിൽ മുപ്പതുവർഷക്കാലം കലാധ്യാപകൻ ആയിരുന്നതിന്റെ വെളിച്ചത്തിൽ രാമചന്ദ്രൻ ഒരു കലാവിദ്യാഭ്യാസ വിചക്ഷണൻ എന്ന നിലയിലും നിരവധി സംഭാവനകൾ നൽകി. കൊളോണിയൽ ഉൽപന്നമായ നമ്മുടെ കലാവിദ്യാഭ്യാസത്തെ പരിഷ്കരിക്കാനുള്ള ആശയങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. ഒപ്പം അതുവഴി സൗന്ദര്യബോധമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കൽപവും. സമൂഹത്തിലെ എല്ലാത്തരം വ്യവഹാരങ്ങളിലും കലാത്മകമായ പരിഹാരങ്ങൾ കാണാനും സാംസ്കാരികമായ ആവശ്യങ്ങൾക്കെല്ലാം ഉതകുന്ന രീതിയിൽ കലയെ പ്രായോഗികമായി വിനിയോഗിക്കാനുമുള്ള ആലോചനകൾ അദ്ദേഹം നടത്തി, അവ വേണ്ടരീതിയിൽ ലക്ഷ്യം കണ്ടില്ലെങ്കിലും.
എന്തുതന്നെയായാലും, ഇന്ത്യൻ ആധുനിക കലയുടെ നാൾവഴികളിൽ എ. രാമചന്ദ്രൻ എന്ന പേരിന്റെ ചരിത്രപരമായ പ്രസക്തി അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങുന്നത്. അതിൽ ദേശഭാവനയുടെ ബൃഹദാഖ്യാനങ്ങളുണ്ട്, ആദർശാത്മകതയുടെ സൗന്ദര്യവും.
=============
കുറിപ്പുകൾ
1. രാമചന്ദ്രന്റെ കലയെ അതിന്റെ സമഗ്രതയിൽ നോക്കിക്കാണുന്ന പഠനമാണ് ആർ. ശിവകുമാറിന്റേത്. കാണുക: R Sivakumar, Ramachandran: A Retrospective, (New Delhi: Vadehra Art Gallery, 2009)
2. Goldwater, Robert. Primitivism in Modern Art, (Massachusetts: Harvard University Press, 1986)
3. പി. സുരേന്ദ്രൻ, രാമചന്ദ്രന്റെ കല, (ബാംഗ്ലൂർ: കലായാത്ര, 2001)
4. എ. രാമചന്ദ്രൻ/ സുധീഷ് കോട്ടേമ്പ്രം, “നമ്മുടെ കല കൊളോണിയൽ മനഃസ്ഥിതിയിൽനിന്ന് പുറത്തുകടക്കണം”, ചിത്രവാർത്ത (തൃശൂർ: കേരള ലളിതകലാ അക്കാദമി, ഒക്ടോബർ 2019), പേജ് 14-25
5. A Ramachandran, Painted Abode of Gods: Mural Traditions of Kerala, (New Delhi: Vadehra Art Gallery, 2005)