കേരളം കടത്തിൽ മുങ്ങിയതെങ്ങനെ?; കടത്തിന്റെ ചരിത്രവും വർത്തമാനവും
കടത്തിൽ മുങ്ങിയാഴുമ്പോഴെങ്കിലും കടക്കാരന് (Debtor) ചില പുനർവിചിന്തനം ആവശ്യമായി വരും. എന്തുകൊണ്ട് ഈ അവസ്ഥ, എവിടെയാണ് പതനത്തിന്റെ തുടക്കം? ഇത്തരം ചില അവലോകനങ്ങൾ രക്ഷപ്പെടാനുള്ള അവസാനത്തെ ശ്രമമെന്ന നിലക്കെങ്കിലും നടത്തേണ്ടിവരും. സാമൂഹ്യശാസ്ത്രപരമായി, ബുദ്ധിപൂർവമല്ലാത്ത കടത്തിന്റെ അന്ത്യം രണ്ടാണ്: ഒന്ന് കടക്കാരന്റെ സമ്പൂർണ പാപ്പരീകരണം. രണ്ട്: ഒളിച്ചോട്ടം അല്ലെങ്കിൽ ആത്മഹത്യ. വ്യക്തിക്ക് മാത്രമല്ല, രാഷ്ട്രങ്ങൾക്കും സംസ്ഥാനങ്ങൾക്കുമെല്ലാം ഈ യാഥാർഥ്യം ബാധകമാണ്.
കേരളം ഇപ്പോൾ എത്തിനിൽക്കുന്ന കടത്തിന്റെ അവസ്ഥയെ മനസ്സിലാക്കാൻ അൽപം പിന്നിൽനിന്നുതന്നെ തുടങ്ങണം. സംസ്ഥാനം രൂപവത്കരിക്കപ്പെടുമ്പോൾ കേരളത്തിന്റെ കടം എത്രയായിരുന്നുവെന്നും എന്തായിരുന്നു അതിന്റെ സ്വഭാവം എന്നും അന്വേഷിക്കുന്നത് പലനിലക്കും ഗുണകരമാണ്. അതിലേക്കുള്ള സൂചന 1957 ജൂലൈ 20ന് നിയമസഭയിൽ പൊന്നറ ജി. ശ്രീധറുടെ ചോദ്യത്തിന് സംസ്ഥാന ധനമന്ത്രി നൽകിയ മറുപടിയിലുണ്ട്.
ചോദ്യം 1: തിരു–കൊച്ചി സംസ്ഥാന സർക്കാറിന് 1956 ഒക്ടോബർ 30 വരെ പൊതുജനങ്ങളിൽനിന്നും ഇന്ത്യ സർക്കാറിൽനിന്നുമുള്ള കടം എത്രയാണ്?
ഉത്തരം: പൊതുജനങ്ങളിൽനിന്ന് 6,90,65,000 രൂപയും കേന്ദ്രസർക്കാറിൽനിന്നുള്ള വായ്പ 13,06,66,454 രൂപയുമായിരുന്നു.
ചോദ്യം 2: 1956 നവംബർ ഒന്നിന് കേരളസംസ്ഥാനം രൂപവത്കരിക്കപ്പെടുമ്പോൾ പൊതുജനങ്ങളിൽനിന്നും കേന്ദ്രസർക്കാറിൽനിന്നുമുള്ള കടം എത്രയാണ്?
ഉത്തരം: പൊതുജനങ്ങളിൽനിന്നുള്ള കടം 12,74,47,866 രൂപ. കേന്ദ്രസർക്കാറിൽനിന്നുള്ള വായ്പ: 21,32,66,323 രൂപ.
അതായത്, കേരള സംസ്ഥാനം രൂപവത്കരിക്കപ്പെടുമ്പോഴുള്ള കടം എന്നത് 34,07,14,189 രൂപയാണ്. ചുരുക്കിപ്പറഞ്ഞാൽ 34.07 കോടി. (1)
ധനമന്ത്രി സി. അച്യുതമേനോന്റെ ഉത്തരം സവിശേഷമായി തന്നെ പരിശോധിക്കേണ്ടതുണ്ട്. അതിൽ രണ്ടു കാര്യം സുവ്യക്തമാണ്. ഒന്ന്, കടം പൊതുജനങ്ങളിൽനിന്നും കേന്ദ്രസർക്കാറിൽനിന്നുമുള്ളതാണ്. രണ്ട്: വിദേശ വായ്പയുടെയോ വിദേശ ഇടനിലക്കാരുടേയോ പ്രശ്നം അക്കാലത്തില്ല.
1956 കാലത്ത് കേരളത്തിന് കടം വലിയ ബാധ്യത സൃഷ്ടിച്ചിരുന്നോ എന്നതാണ് അടുത്ത ചോദ്യം. അതിന് അക്കാലത്തെ സാമ്പത്തിക, സാമൂഹിക സ്ഥിതി കൂടി പരിശോധിക്കേണ്ടതുണ്ട്. 1957 ജൂൺ ഏഴിന് നിയമസഭയിൽ ധനമന്ത്രി സി. അച്യുതമേനോൻ സംസ്ഥാനത്തിന്റെ അവസ്ഥകളെപ്പറ്റി ഒരു ചിത്രം നൽകുന്നു. ''സംസ്ഥാന പുനഃസംഘടനയുടെ ഫലമായി മുമ്പത്തെ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനവുമായി ബന്ധപ്പെട്ട കണക്കുകൾ 1956 ഒക്ടോബർ അവസാനത്തിൽ പൂർത്തിയാക്കേണ്ടിയിരുന്നു. ഈ ഏഴുമാസക്കാലത്തെ ചെലവ് 1063.26 ലക്ഷം ഉറുപ്പികയും ആകെ വരവ് 1095.10 ലക്ഷം ഉറുപ്പികയുമായിരുന്നു. ഈ കാലഘട്ടത്തിന്റെ അവസാനത്തിൽ മിച്ചം വന്ന തുക 31.84 ലക്ഷമായിരുന്നു. സാധാരണ ചെലവുകൾക്ക് (റവന്യൂ അക്കൗണ്ട്സ്), പുറമെയുള്ള മൂലധന ചെലവ് (കാപിറ്റൽ എക്സ്പെൻഡിച്ചർ) ഈ കാലഘട്ടത്തിൽ 343.01 ലക്ഷം ഉറുപ്പികയാണ്. 1956-57ലെ അവസാനത്തെ അഞ്ചുമാസത്തേക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1034.43 ലക്ഷം ഉറുപ്പിക വരവും 1374.36 ലക്ഷം ഉറുപ്പിക ചെലവുമാണ്. മൂലധനപരിപാടികൾക്കായി 823.27 ലക്ഷം ഉറുപ്പികയാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.'' (2) അതായത് കേരളത്തിന്റെ ബജറ്റുമായും വരുമാനവുമായും ഒക്കെ തട്ടിച്ചുനോക്കുമ്പോൾ കടം വളരെ ചെറിയ തുകയാണ് എന്നർഥം.
ഇതുമായി കൂട്ടിച്ചേർത്തു വായിക്കേണ്ട ചിലതുകൂടിയുണ്ട്. 1951ലെ സെൻസസ് പ്രകാരം 1,35,49,118 ആണ് കേരളത്തിലെ ജനസംഖ്യ. (4) ധനമന്ത്രി നിയമസഭയിൽ പറഞ്ഞു: ''1956 കാലത്ത് 81 ലക്ഷം ജനങ്ങൾ കാർഷികവൃത്തിയും 69 ലക്ഷം ജനം കാർഷികേതരവൃത്തിയെയും ആശ്രയിച്ചുജീവിക്കുന്ന സംസ്ഥാനമാണ്. കൃഷിയിൽനിന്ന് ആളൊന്നുക്കുള്ള ശരാശരി വാർഷിക വരുമാനം 120 രൂപയായിരുന്നു. കേരളത്തിൽ ഒരാണ്ടിൽ ഉണ്ടാവുന്ന കാർഷികോൽപന്നങ്ങളുടെ ഒട്ടാകെ വില 180 കോടി ഉറുപ്പികയാണ്. അതിൽ ഭക്ഷ്യധാന്യങ്ങളായി കണക്കാക്കുന്ന നെല്ല്, മരച്ചീനി, നേന്ത്രക്കായ എന്നിവയുടെ മാത്രം 57.7 കോടി രൂപവരും. അത് കഴിച്ച് ബാക്കി 122.3 കോടി രൂപയും കർഷകർ വിൽപനക്കായി ഉണ്ടാക്കുന്ന ഉൽപന്നങ്ങളാണ്. കേരളത്തിലെ പഞ്ചവത്സര പദ്ധതിയുടെ തുക 87 കോടി രൂപയായി കേരളസർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പു തന്നെ പ്ലാനിങ് കമീഷൻ തിട്ടപ്പെടുത്തി അനുവദിച്ചിരുന്നു.'' (3)
കേരള സംസ്ഥാന രൂപവത്കരണ വേളയിലെ ഏകദേശ സാമ്പത്തിക സ്ഥിതി നമുക്ക് വ്യക്തമാകുന്നു. അന്നും കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കടബാധ്യത ജനങ്ങൾക്കോ സംസ്ഥാനത്തിനോ മേൽ ഉണ്ടായിരുന്നില്ല. മൊത്തം കടത്തെ ജനസംഖ്യകൊണ്ട് ഹരിച്ചാൽ ഏകദേശം 25.15 രൂപ മാത്രമാണ് ഓരോ വ്യക്തിക്കും മേലുണ്ടായിരുന്ന കടബാധ്യത. (4)
2022ലെ കട അവസ്ഥകൾ
ആറര പതിറ്റാണ്ടിനുശേഷം ഇപ്പോൾ എന്താണ് കേരളത്തിന്റെ കടസ്ഥിതി? നമുക്ക് സംസ്ഥാന സർക്കാറിന്റെ കണക്കുകൾ തന്നെ ആശ്രയിക്കാം. നടപ്പു സാമ്പത്തിക വർഷം (2022–23ൽ) സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 38,202,55,93,391 രൂപയാണെന്ന് ധനകാര്യ വിഭാഗം വ്യക്തമാക്കുന്നു. കേന്ദ്രസർക്കാറിൽനിന്നുള്ള വായ്പകളും മുൻകൂറുകളും 72,529,07,368 രൂപയാണ്. മൊത്തം പൊതുകടം 38,92,785,00,759 രൂപ. അതായത്, 3,89,278. 500759 കോടി (മൂന്നുലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി എഴുപത്തിയെട്ട് കോടി രൂപ) (5) 66 വർഷത്തിനു ശേഷം 34.07 കോടി രൂപ 3,89,278.5 കോടിയായി വർധിച്ചിരിക്കുന്നു എന്നർത്ഥം. 11,425.8 മടങ്ങ് അധികം.
3,89,278. 5 കോടി രൂപ പൊതുകടമുള്ള സംസ്ഥാനത്ത് 2020–21 സാമ്പത്തിക വർഷം ഉപധനാഭ്യർഥന ഉൾെപ്പടെ 2,08,946.79 കോടി രൂപയുടെ ബജറ്റാണ് നിയമസഭ പാസാക്കിയത് എന്നും അറിയണം.(6) 2021 -22ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,17,888.16 കോടി റവന്യൂവരവും 1,49,803.21 കോടി രൂപ റവന്യൂ ചെലവുമുള്ള സംസ്ഥാനമാണ് കേരളം. 2022–23ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 1,34,097.80 വരവും 1,57,065.89 റവന്യൂ ചെലവുമുണ്ടാകും. (7) ഫലത്തിൽ ആറര പതിറ്റാണ്ടിനുശേഷം സംസ്ഥാനത്ത് ആളോഹരി കടവും കുത്തനെ അതിഭീമമായി ഉയർന്നു. അക്കൗണ്ടന്റ് ജനറലിന്റെ താൽക്കാലിക കണക്കുപ്രകാരം 2021 മാർച്ച് 31 വരെ ആളോഹരി കടം 86,885 രൂപയും 2021 ജൂൺ 30 വരെയുള്ള ലഭ്യമായ കണക്ക് പ്രകാരം ആളോഹരി കടം 92,972 രൂപയുമാണ്. (8) 2023 മാർച്ച് ആകുമ്പോൾ ആളോഹരി കടം ഒരു ലക്ഷം രൂപ കവിയും. 2011ലെ കണക്ക് പ്രകാരം 33,406,061 ആണ് കേരളത്തിലെ ജനസംഖ്യ.
ബജറ്റ് പ്രസംഗത്തിൽ ''കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്'' എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന ചോദ്യത്തിന് 'കൂടുതൽ വായ്പ' എന്ന നയമാണ് പിണറായി സർക്കാർ പിന്തുടരുന്നത്. അത് സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കുകയാവും ചെയ്യുക. അതു പരിശോധിക്കും മുമ്പ് കേരളം കടക്കെണിയിലായ ചരിത്രവഴികൾ അൽപംകൂടി വ്യക്തമാക്കണം.
കടത്തിലാഴ്ത്തിയ നയങ്ങൾ, തീരുമാനങ്ങൾ
കേരളത്തിൽ 1956 മുതൽ 1980കളുടെ മധ്യം വരെ വായ്പ (പൊതുകടം) എടുക്കുന്ന കാര്യത്തിൽ നിയന്ത്രണവും അച്ചടക്കവും പുലർത്തിയിരുന്നുവെന്ന് കാണാം (പട്ടിക ഒന്ന് കാണുക).
1956ൽ 34.07 കോടിയായിരുന്ന കടം അഞ്ചുവർഷത്തിനുശേഷം 40.58 കോടി മാത്രമാണ് വർധിച്ചത്. 1961 മാർച്ച് 29ന് നിയമസഭയിൽ ഡെപ്യൂട്ടി മുഖ്യമന്ത്രി ആർ. ശങ്കർ നൽകിയ മറുപടിപ്രകാരം 1961 ജനുവരി 31 വരെ 74,65,18,308 രൂപയാണ് പൊതുകടം.1970 ജനുവരി 13ന് ധനമന്ത്രി നൽകിയ മറുപടിയിൽ 1969 മാർച്ച് 31 വരെ 261.86 കോടി രൂപ പൊതുകടമായി. ആ സമയത്ത് ആദായം നോക്കിയായിരുന്നില്ല വായ്പ എടുത്തിരുന്നത്. കൃഷി, മൃഗസംരക്ഷണം, ജലസേചനം, വിദ്യുച്ഛക്തി ഉൽപാദനം, വ്യവസായ വികസനം തുടങ്ങിയ പദ്ധതികൾക്കായാണ് വായ്പ തുക ചെലവഴിച്ചത്.(9)
1970കളിൽ പൊതുകടം കൂടുന്നില്ല. നിയമസഭാ രേഖകൾ ശരിയാണെങ്കിൽ 1980ന്റെ തുടക്കക്കാലത്ത് പൊതുകടം കുറഞ്ഞതായും കാണാം. 1983 മാർച്ച് നാലിന് നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടിയിൽ 1982 ഡിസംബർ 31 വരെ പൊതു കടം എടുത്തതിൽ ഇനി 194.23 കോടിയാണ് ബാധ്യത. 1983-84 വർഷം 29 കോടിയുടെ പൊതുകടം എടുക്കാൻ ഉദ്ദേശിക്കുന്നുവെന്നും ധനമന്ത്രി അറിയിച്ചു. വാസ്തവത്തിൽ പൊതുകടം നിയന്ത്രിക്കാമെന്നും വേണമെങ്കിൽ കുറക്കാനാവുമെന്നും തെളിയിച്ച കാലമായിരുന്നു, 1970 മുതൽ 1983 വരെയുള്ള കാലം.പക്ഷേ, 1982ലെ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് പൊതുകടം ഉയർന്നു. 1987 മാർച്ച് 31ന് 2779 കോടി രൂപയുടെ പൊതുകടം കേരളം മുതുകിലേറ്റി. 1987 മാർച്ച് 26നാണ് ഇ.കെ. നായനാർ സർക്കാർ അധികാരമേൽക്കുന്നത്. അതായത്, കെ. കരുണാകരൻ സർക്കാറിന്റെ കാലത്ത് 2,585 കോടിയോളം കടബാധ്യത ഉണ്ടായി. ഇക്കാലത്താണ് കടമെടുത്ത് 'വികസനം' സാധ്യമാകുക, ജനങ്ങളെ പ്രീതിപ്പെടുത്തുക എന്ന നയം സംസ്ഥാന സർക്കാറുകളെ ഭരിക്കാൻ തുടങ്ങുന്നത്. പിന്നീട് ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്ത് കടത്തിന്റെ തോത് ഉയർന്നുകൊണ്ടേയിരുന്നു. നായനാർ സർക്കാർ അധികാരത്തിൽ വന്നശേഷം കേന്ദ്രത്തിൽനിന്ന് വാങ്ങിയ കടവായ്പയിൽ 1987-88ൽ 181.51 കോടി രൂപ തിരിച്ചടച്ചു. 1989 ജൂൺ ഏഴിന് നിയമസഭയിലെ മറുപടി പ്രകാരം 1988 മാർച്ച് 321 വരെ കേന്ദ്ര കടം 1615.93 കോടി രൂപയാണ്. പൊതുകടം 3138.19 കോടി രൂപയും.
കടമെടുപ്പിന്റെ കാര്യത്തിൽ 1990 കൾ മുതൽ വീണ്ടും അന്തരീക്ഷം മാറി. 1990ലെ ഡോ. മൻമോഹൻ സിങ്ങിന്റെ ഉദാരീകരണ, ആഗോളീകരണ കാലത്തോടെ കടത്തിന്റെ കെണിയിലേക്ക് കേരളം അമർന്നു. അത് 2000നുശേഷം തീവ്രമായി. 2006 മാർച്ച് 13ലെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ കടബാധ്യത 45,929.05 കോടി രൂപയായിരുന്നു. എന്നാൽ, അക്കൗണ്ടന്റ് ജനറലിന്റെ 2010 മാർച്ച് 31 ലെ കണക്കുകൾപ്രകാരം 70,969.43 കോടി രൂപയുമായിരുന്നു പൊതുകടം. (10) 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 78,673.24 കോടി രൂപയായിരുന്നു (2011 മാർച്ച് 31 വരെ). ഉമ്മൻ ചാണ്ടി സർക്കാർ 2015 മാർച്ച് 31 വരെ 56,767 കോടി രൂപ കടമെടുത്തു. ആ വർഷം മാർച്ച് 31 വരെ ആകെ പൊതുകടം 1,35,440.24 കോടി രൂപയായി ഉയർന്നു. (11) 2015 മാർച്ച് 31ന് പൊതുകടം 1,35,440.24 കോടി രൂപയായി വർധിച്ചു. 2011 മുതൽ 2015 ഒക്ടോബർ വരെ കടപ്പത്രം വഴി 62 തവണ ഉമ്മൻ ചാണ്ടി സർക്കാർ വായ്പയെടുത്തു. 2011-12 മുതൽ 2015-16 വരെ ഓരോ വർഷവും പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് അനുമതി ലഭിച്ച മുഴുവനും ഉമ്മൻ ചാണ്ടി സർക്കാർ വായ്പയെടുത്തു. സർക്കാർ അധികാരത്തിൽ വരുമ്പോൾ 2011 മേയ് 16ലെ കണക്കുകൾപ്രകാരം സംസ്ഥാനത്തിന് 1963.47 കോടി രൂപ ട്രഷറി ബില്ലുകളിൽ നിക്ഷേപമുണ്ടായിരുന്നു. 2011-12 വർഷം കടപത്രം മുഖേന 8800 കോടിയും സമാഹരിച്ചു. 2012-13 വർഷത്തിൽ 11,583, 2013-14 വർഷത്തിൽ 12,800, 2014–2015 വർഷത്തിൽ 13,200 കോടിയും 2015-16 വർഷത്തിൽ 1,04,500 രൂപയും സമാഹരിച്ചു.(12) കേന്ദ്രസർക്കാർ നിശ്ചയിച്ച വായ്പ പരിധിക്കുള്ളിൽനിന്നു തന്നെയാണ് കേരളം എന്നും കടമെടുത്തിട്ടുള്ളത് എന്നതിൽ തർക്കമില്ല. പക്ഷേ, ആ പരിധിക്കുള്ളിൽ മുഴുവനും വായ്പ എടുക്കണമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഉമ്മൻ ചാണ്ടി സർക്കാറിനുശേഷം അധികാരമേറ്റ പിണറായി സർക്കാർ കടമെടുപ്പിൽ കൂടുതലായി ചലിച്ചു. കേരളത്തെ കടത്തിൽ മുക്കിയാഴ്ത്തി. യഥാർഥത്തിൽ തിരിച്ചുവരവ് സാധ്യമാവാത്തവിധം കടക്കെണിയിലേക്ക് തള്ളിയിട്ടതിന്റെ ഉത്തരവാദിത്തം പിണറായി വിജയന്റെ ഒന്ന്, രണ്ട് സർക്കാറുകൾക്കാണ്.
ലോകബാങ്കിന് കേരളം കീഴ്പ്പെട്ട വിധം
കേരളത്തിന്റെ കടചരിത്രത്തിൽ ലോകബാങ്കിനും അതിനോടുള്ള വിധേയത്വത്തിനും നല്ല പങ്കുണ്ട്. 1944ലെ ബ്രട്ടൺവുഡ് കോൺഫറൻസിനെ തുടർന്നാണ് ലോകബാങ്കും ഐ.എം.എഫും രൂപവത്കരിക്കപ്പെടുന്നത്. വാഷിങ്ടൺ ഡി.സി ആസ്ഥാനമായ ഇരുസ്ഥാപനങ്ങളും ലക്ഷ്യമിട്ടത് 'ദരിദ്രവും ഇടത്തരം സാമ്പത്തിക ശേഷിയുമുള്ള രാജ്യങ്ങളിൽ മൂലധന പദ്ധതികൾക്ക്' വായ്പയും ഗ്രാന്റും നൽകാനാണ്. ലോകബാങ്കിന്റെ പ്രസിഡന്റ് പരമ്പരാഗതമായി അമേരിക്കക്കാരനാകുന്നതാണ് പതിവ്. ആദ്യഘട്ടത്തിലെ മെല്ലപ്പോക്കിനുശേഷം 1960 കളുടെ മധ്യത്തോടെ ലോകബാങ്ക് പ്രവർത്തനം ഉൗർജിതമായി.
1960കളുടെ അന്ത്യത്തിൽതന്നെ കേരളത്തിലേക്ക് ലോകബാങ്ക് 'സഹായം' എത്തി. 1969ൽ ലോകബാങ്കിൽനിന്ന് വൈദ്യുതി ബോർഡിന് ധനസഹായം ലഭിച്ചു. (13) വൈദ്യുതി ബോർഡിലൂടെയാണ് ലോകബാങ്ക് കേരളത്തിലേക്ക് പിടിമുറുക്കുന്നത്. 1972ൽ എച്ച്.വി ഇൻസ്ട്രുമെന്റ്, ട്രാൻസ്ഫോർമറുകൾ, മീറ്ററുകൾ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനം, പവർലൈൻ കാരിയർ-കമ്യൂണിക്കേഷൻ യന്ത്രങ്ങൾ, ഗ്രൗണ്ട് വയർ എന്നിവക്കായി വിദേശനാണയം വായ്പയായി ലഭിച്ചു. ഐ.ഡി.എ വായ്പകൾ സംബന്ധിച്ച ചർച്ചകൾക്കായി ലോകബാങ്ക് പ്രതിനിധികൾ 1971 നവംബറിൽ വൈദ്യുതി ഓഫിസിൽ എത്തി.
വൈദ്യുതിക്കു പിന്നാലെ കാർഷികമേഖലയിലേക്ക് ലോകബാങ്ക് കടന്നു. സംസ്ഥാനത്തെ തെങ്ങ്, കുരുമുളക്, കശുമാവ് എന്നിവയുടെ കൃഷി മെച്ചപ്പെടുത്താൻ പദ്ധതി തയാറാക്കി. 1976 ഡിസംബർ 20ന് വാഷിങ്ടണിൽ നടന്ന ചർച്ചകളിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധാനംചെയ്ത് കാർഷികോൽപാദന കമീഷണർ പി.ജി. മുരളീധരൻ, കൃഷി ഡയറക്ടർ എസ്. ഗോപാലൻ, റബർ ബോർഡ് ചെയർമാൻ കെ.എം. ചാണ്ടി എന്നിവർ പങ്കെടുത്തു. 246.60 കോടിയുടെ വായ്പയായിരുന്നു ലക്ഷ്യം. അമേരിക്കയിലേക്ക് പറക്കും മുമ്പ് വിശദമായ പദ്ധതി കേരളം തയാറാക്കി. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നാളികേര വികസനം, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കുരുമുളക് വികസനം, നിലമ്പൂരിൽ വിത്തുൽപാദന കേന്ദ്രം, കണ്ണൂർ ജില്ലയിൽ കശുമാവ് കൃഷി വർധിപ്പിക്കൽ, റബർ േപ്രാസസിങ് സൗകര്യം വികസിപ്പിക്കാൻ സംസ്ഥാനത്ത് 10 ക്രമ്പ് റബർ ഫാക്ടറികൾ സ്ഥാപിക്കുക എന്നിവയായിരുന്നു പദ്ധതി.(14)
തെങ്ങുകൃഷി വർധിപ്പിക്കാൻ 62.10 കോടി അടങ്കൽ നിശ്ചയിച്ച പദ്ധതിക്ക് ലോകബാങ്ക് സഹായം 27 കോടി രൂപയായിരുന്നു. (15) ലോകബാങ്ക് സഹായത്തെക്കുറിച്ച വിവരങ്ങൾ ആദ്യഘട്ടത്തിൽ സർക്കാർ മൂടിവെക്കുകയാണ് ചെയ്തത്. 1980 ഫെബ്രുവരി 20ന് നിയമസഭയിൽ ടി.എം. ജേക്കബിന്റെ ചോദ്യത്തിന് ജലസേചന മന്ത്രി ഡോ. എ. സുബ്ബറാവു സംസ്ഥാനത്തെ കല്ലട, മൂവാറ്റുപുഴ, കാക്കടവ്, ഇടമലയാർ ഇറിഗേഷൻ േപ്രാജക്ട് എന്നീ ജലസേചന പദ്ധതികൾക്ക് ലോകബാങ്ക് സഹായം ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കി. 1986ൽ പൂർത്തിയാകുന്ന പദ്ധതികളായിരുന്നു ഇത്. ലോബാങ്കിൽനിന്നുള്ള വായ്പകൾ പലതും അനാവശ്യമായിരുന്നു. ഒരുപക്ഷേ, കേരള സർക്കാറിനു തന്നെ, തങ്ങളുടെ വിഭവങ്ങൾ ഉപയോഗിച്ച് ചെയ്യാനാവുമായിരുന്ന കാര്യങ്ങൾക്കാണ് ലോകബാങ്കിന്റെ സഹായം തേടിയത്. അതുവഴി ലോകബാങ്ക് അനാവശ്യ നിബന്ധനകൾ കേരളത്തിന് അടിച്ചേൽപിക്കുകയുംചെയ്തു.
ലോകബാങ്കിൽനിന്നു വായ്പ എടുക്കുന്നതിനും സഹായം സ്വീകരിക്കുന്നതിനുമെതിരെ കേരളത്തിൽ ഇടതുപക്ഷവും പുരോഗമന സംഘടനകളും ശക്തമായ പ്രതിരോധം തീർത്തു. ലോകബാങ്ക് വൈസ് പ്രസിഡന്റിനെ തടയൽ അടക്കമുള്ള സമരങ്ങൾ നടന്നു. എന്നാൽ, സമരങ്ങൾ പതിയെ ഇല്ലാതായി. ലോകബാങ്കും ഐ.എം.എഫും ചർച്ചകളിൽനിന്ന് അപ്രത്യക്ഷമായി. കടക്കെണിയിൽ അമർന്ന കേരളത്തെപ്പറ്റി വലിയ ശ്രദ്ധ പൊതുസമൂഹവും നൽകാതായി. ഇതാണ് ഇപ്പോഴത്തെ കടമെടുപ്പ് ത്വരക്ക് സഹായകരമായ സാമൂഹിക അവസ്ഥ.
2014 ജൂലൈ 11 ന് നിയമസഭയിലെ മറുപടി പ്രകാരം ലോകബാങ്ക് സഹായത്തോടെ കെ.എസ്.ടി.പി- രണ്ട് പദ്ധതിയിൽ 363 കിലോമീറ്റർ ദൈർഘ്യം വരുന്ന ആറു പ്രധാന റോഡുകൾ ഒമ്പതു പാക്കേജുകളിലായി നിർമാണം നടത്തുന്നുണ്ട്. 2403 കോടി രൂപ അടങ്കൽ കണക്കാക്കുന്ന കെ.എസ്.ടി.പി രണ്ട് പദ്ധതിയിൽ 216 യു.എസ് മില്യൺ ഡോളർ (1160 കോടി രൂപ) ആണ് ലോകബാങ്ക് സഹായം. സംസ്ഥാന വിഹിതം 1237 കോടിയാണ്.
കടമെടുപ്പിനെക്കുറിച്ച് ഒരു തെറ്റിദ്ധാരണ സംസ്ഥാനം നേരിട്ട് വിദേശസ്ഥാപനങ്ങളിൽനിന്ന് വായ്പ എടുക്കുന്നുവെന്നാണ്. സംസ്ഥാന സർക്കാർ വിദേശ ഏജൻസികളിൽനിന്ന് നേരിട്ട് കടം എടുക്കാറില്ല. വിദേശവായ്പ കേന്ദ്രസർക്കാർ വഴിയാണ് ലഭിക്കുക. വിദേശ സഹായ പദ്ധതികൾക്കായിട്ടുള്ള അധിക കേന്ദ്ര സഹായമായിട്ടാണ് പണം എത്താറ്. അതു കേവലം സാങ്കേതികപ്രശ്നം കൂടിയാണ്. ലോകബാങ്കുമായി കേരളം നേരിട്ടുതന്നെ ചർച്ച നടത്തുന്നു, വ്യവസ്ഥകൾ അംഗീകരിക്കുന്നു. പണം കേന്ദ്ര അക്കൗണ്ടിലൂടെ വരുന്നു. കോൺഗ്രസ് സർക്കാറുകൾ ഭരിച്ചപ്പോൾ ലോകബാങ്ക് വായ്പ എടുക്കൽ എളുപ്പമായിരുന്നുവെന്നാണ് മറ്റൊരു അർഥം.
ഏഷ്യൻ െഡവലപ്മെന്റ് ബാങ്കിന്റെ കടന്നുവരവ്
ലോകബാങ്കിന് പിന്നാലെ ഏഷ്യൻ െഡവലപ്മെന്റ് ബാങ്കും കേരളത്തിലെത്തി. 1995-1996 കാലത്ത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.ഡി.ബി വായ്പ എടുക്കാൻ ശ്രമിച്ചപ്പോൾ എൽ.ഡി.എഫ് ശക്തിയുക്തം എതിർത്തു. അന്ന് സി.പി.എം സാമ്രാജ്യത്വവിരുദ്ധ പോരാളികളായി കളം നിറഞ്ഞു.
1998 ആഗസ്റ്റിൽ ഏഷ്യൻ െഡവലപ്മെന്റ് ബാങ്കിന്റെ പ്രതിനിധികൾ വായ്പ പദ്ധതികളുമായി കേരളത്തിൽ വന്നു. 1998 ആഗസ്റ്റ് 30, 31 തീയതികളിൽ ബാങ്കിന്റെ പ്രതിനിധി സംഘം കേരളത്തിൽ എത്തി. അന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫാണ് കേരളം ഭരിക്കുന്നത്. പ്രതിഷേധമൊന്നും കാര്യമായി ഉണ്ടായില്ല. കേരളത്തെ ദത്തെടുക്കാനുള്ള ഒരു പദ്ധതിയും എ.ഡി.ബി അവതരിപ്പിച്ചു. 1999 ജൂൺ 30ന് ധനമന്ത്രി എ.ഡി.ബിയിൽനിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്നതായി നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമായി പറഞ്ഞു. ആ സമയത്ത് വായ്പയെപ്പറ്റി അന്തിമ ചർച്ച നടന്നിരുന്നില്ല. എന്നാൽ, ഭരണം നഷ്ടപ്പെട്ടപ്പോൾ എൽ.ഡി.എഫ് നിലപാട് മാറ്റി. എ.ഡി.ബി അനുകൂല സമീപനത്തിന്റെ പേരിൽ യു.ഡി.എഫ് സർക്കാറിനെതിരെ 2002 മാർച്ച് 14 ന് നിയമസഭയിൽ അടക്കം എൽ.ഡി.എഫ് പ്രതിരോധം തീർത്തു. കോടിയേരി ബാലകൃഷ്ണനായിരുന്നു സഭയിൽ എ.ഡി.ബി വിരുദ്ധ പോരാളി. ശരിക്കും, നായനാർ സർക്കാറിന്റെ കാലത്ത് ഏഴു തവണ എ.ഡി.ബിയുമായി ചർച്ച നടത്തിയിരുന്നു. 1998 ആഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ ആദ്യ ചർച്ച നടന്നു. 2000 ഏപ്രിൽ ഏഴിന് എ.ഡി.ബി ധനസഹായത്തിനുള്ള മൂന്നാമത്തെ ഫോക്കൽ സ്റ്റേറ്റായി കേരളത്തെ തിരഞ്ഞെടുത്ത് എത്രയും വേഗം വായ്പ നൽകണമെന്ന് സംസ്ഥാന സർക്കാർ എ.ഡി.ബിേയാട് അഭ്യർഥിച്ചു. വൈദ്യുതി മേഖല, വികസനപദ്ധതികൾ, പബ്ലിക് റിസോഴ്സ് മാനേജ്മെന്റ് മേഖലകളാണ് വായ്പയിൽ ഉൾപ്പെടുത്തിയത്. 2000 ജൂലൈ 24ന് എ.ഡി.ബി സംഘം സന്ദർശനം നടത്തിയ വേളയിൽ പബ്ലിക് റിസോഴ്സസ് മാനേജ്മെന്റിന് ധനസഹായം നൽകാമെന്ന് സമ്മതിച്ചു. 2000 ആഗസ്റ്റ് 12ന് മന്ത്രിസഭായോഗം ധനസഹായം സംബന്ധിച്ച വ്യവസ്ഥ അംഗീകരിച്ചു. ആ സമയത്ത് എ.ഡി.ബി വായ്പ ലഭിക്കാനായി പുനരുദ്ധാരണം സാധ്യമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങൾ അടച്ചുപൂട്ടാമെന്നും ലാഭമില്ലാത്തവയിലെ ജീവനക്കാരെ വി.ആർ.എസ് പ്രകാരം ഒഴിവാക്കാമെന്നും കേരള സർക്കാർ എ.ഡി.ബിയോട് തത്ത്വത്തിൽ അംഗീകരിച്ചിരുന്നു. (16)
2001ൽ അധികാരത്തിൽ വന്ന എ.കെ. ആന്റണി മന്ത്രിസഭക്ക് 2004 ജനുവരിവരെ എ.ഡി.ബി, ലോകബാങ്ക് സ്ഥാപനങ്ങളിൽനിന്ന് 1012.96 കോടി രൂപ കേന്ദ്രസർക്കാർ മുഖേന ലഭിച്ചു. ഭരണനവീകരണത്തിനും സാമ്പത്തിക പരിഷ്കരണ നടപടികൾക്കുമായാണ് തുക ലഭിച്ചത്. അതിൽ 200 കോടി രൂപ വൈദ്യുതി ബോർഡിന് നൽകി. 300 കോടി രൂപ ടി.പി അക്കൗണ്ടുകൾ നിർത്തലാക്കിയതു പ്രകാരമുള്ള അഡ്ജസ്റ്റ്മെന്റ് നടത്തി. 25 കോടി രൂപ അസറ്റ് റിന്യൂവൽ ഫണ്ട് രൂപവത്കരിക്കുന്നതിന് വിനിയോഗിച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ പുനഃസംഘടനക്ക് 50 കോടി നൽകി. 2004 ജനുവരി വരെ എ.ഡി.ബിയിൽനിന്ന് 601.30 കോടി രൂപ വായ്പയായി ലഭിച്ചു. അതിൽ 70 ശതമാനം വായ്പയും 30 ശതമാനം ഗ്രാന്റുമായിരുന്നു. (17) 2004 മാർച്ച് 31 വരെ 125 മില്യൻ ഡോളർ വായ്പ ലഭിക്കുമെന്നായിരുന്നു ധാരണ.
എ.ഡി.ബിയിൽനിന്ന് സംസ്ഥാന സർക്കാർ വായ്പ എടുക്കുന്നതിനെതിരെ 2002ൽ കേരളത്തിൽ പല രൂപത്തിൽ പ്രതിഷേധ പ്രകടനങ്ങളും ഹർത്താലും നടന്നു. സെക്രേട്ടറിയറ്റിനു മുന്നിൽ നിരാഹാര സമരം നടന്നു. ഗിരീഷ് കുമാർ, ദിലീപ് രാജ്, മൈേത്രയൻ, ജയശ്രീ, നളിനി ജമീല തുടങ്ങിയവർ മാസങ്ങൾ നീണ്ട സമരത്തിൽ പങ്കാളികളായി. സർക്കാർ മണ്ണുമാന്തിയുമായി എത്തി സമരപന്തൽ പൊളിച്ചു. വായ്പ കരാറിൽ സർക്കാർ ഒപ്പിട്ട ദിവസം ജനാധിപത്യ ഹർത്താൽ പ്രഖ്യാപിക്കപ്പെട്ടു. 2002 ഏപ്രിൽ 30ന് തിരുവനന്തപുരത്ത് ഏഷ്യൻ െഡവലപ്മെന്റ് ബാങ്കിന്റെ നോഡൽ ഓഫിസ് മൂന്നു സ്ത്രീകളും ഏഴു പുരുഷന്മാരും അടങ്ങുന്ന 'പോരാട്ടം' സംഘം തല്ലിത്തകർത്തു.
എ.ഡി.ബി ഉദ്യോഗസ്ഥരുടെ തലവൻ ഡോ. റെയ്സ കീബ്രിയുടെ ദേഹത്ത് കരിഓയിൽ ഒഴിച്ചു. പക്ഷേ, സർക്കാർ മുന്നോട്ടുപോയി. എ.ഡി.ബിയുടെ നിഷ്ഠുരമായ വ്യവസ്ഥകൾ പലതും അംഗീകരിച്ചു. പതിയെ സമരങ്ങളും അവസാനിച്ചു. സമരങ്ങളും പ്രതിഷേധങ്ങളും അവസാനിച്ചത് കൂടുതൽ കടമെടുക്കാനും സാമ്രാജ്യത്വ സ്ഥാപനങ്ങളോട് കൂടുതൽ വിധേയത്വം പുലർത്താനും സംസ്ഥാന സർക്കാറുകൾക്ക് സഹായകരമായി.
പിണറായി സർക്കാറുകളുടെ കടമെടുപ്പ്
2016ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം കടമെടുപ്പ് ഏറ്റവും ഉയർന്ന തോതിലായി. കേരളം നേരിട്ട രണ്ടു പ്രളയം, കോവിഡ് മഹാമാരി എന്നിവ സൃഷ്ടിച്ച പ്രതിസന്ധികൾ ന്യായമായി നിരത്താമെങ്കിലും കടമെടുപ്പിൽ വീണ്ടുവിചാരമില്ലാത്ത വിധത്തിലാണ് പിണറായി സർക്കാർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2016-17ൽ 1,25,882.85 കോടിയായിരുന്ന കടം 2023 മാർച്ച് ആകുമ്പോൾ 3,89,278.500759 കോടിയായി ഉയരും. അതായത്, അഞ്ചുവർഷ കാലയളവിൽ മാത്രം 2,63,395 കോടി രൂപയുടെ കടമെടുപ്പ് നടക്കും. ഈ തുക 60 വർഷംകൊണ്ട് കേരളം കടമെടുത്തതിനേക്കാൾ 1,37,512.2 കോടി രൂപ കൂടുതലാണ്. ലളിതമായി പറഞ്ഞാൽ കേരളത്തെ കടത്തിൽ മുക്കിയാഴ്ത്തിയതിൽ പിണറായി സർക്കാറുകൾക്കാണ് ഏറ്റവും അധികം പങ്ക്. ഓരോ വർഷവുമെടുത്ത കടത്തിന്റെ (തനി)കാര്യത്തിലും പിണറായി സർക്കാറിന്റെ കാലത്തെ ഇടപെടൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും (പട്ടിക 2 കാണുക). പ്രതിദിനം 50 കോടി രൂപയോളം എൽ.ഡി.എഫ് സർക്കാർ കടമെടുത്തു. പ്രതിമാസ ശരാശരി കടമെടുപ്പ് 1481.71 കോടി രൂപയുമാണ്.
പിണറായി സർക്കാറുകളുടെ കടമെടുപ്പിന്റെ ഫലമായി കേരളീയർ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സമൂഹമായി മാറിക്കഴിഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ ദേശീയ കടം-നിക്ഷേപ സർവേ ഫലമനുസരിച്ച് കേരളത്തിൽ ഗ്രാമീണ മേഖലയിൽ 2.41 ലക്ഷം രൂപയും നഗരങ്ങളിൽ 2.33 ലക്ഷം രൂപയുമാണ് കുടുംബത്തിന്റെ ശരാശരി കടം. ദേശീയതലത്തിൽ ഗ്രാമീണ കുടുംബത്തിന്റെ ശരാശരി കടം 60,000 രൂപയും നഗരത്തിൽ 1.20 ലക്ഷം രൂപയുമായിരിക്കുമ്പോഴാണ് ഇത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം 2021 ജൂലൈ 29 വരെ (മേയ് 20നാണ് സർക്കാർ അധികാരമേറ്റത്) വരെ 10,705.48 കോടി രൂപ ആകെ വായ്പ എടുത്തു. അതിൽ നബാർഡ് വഴി എടുത്ത വായ്പ 17.64 കോടിയാണ്. അതിന് 2.75 ശതമാനം പലിശ. എൻ.എസ്.എസ്.എഫ് വഴി എടുത്ത വായ്പ 1687.84 കോടി. കടപത്രങ്ങൾ വഴി 9000 കോടിയും വായ്പ എടുത്തു. (18) 2021-22ൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ വായ്പ പരിധി ജി.എസ്.ഡി.പിയുടെ 4.5 ശതമാനം, അതായത് ഏകദേശം 40,597 കോടി രൂപ വായ്പ എടുക്കാൻ അനുവദിച്ചിരുന്നു. 0.50 ശതമാനം സംസ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള മൂലധന ചെലവിന്റെ ലക്ഷ്യം കൈവരിക്കണമെന്ന നിബന്ധനക്കും 0.50 ശതമാനം ഉൗർജമേഖലയിലെ പരിഷ്കാരങ്ങൾക്കും വിധേയമായിട്ടാണ് അനുമതി നൽകിയത്. 2019-20 സാമ്പത്തിക വർഷത്തിൽ മൂന്നു ശതമാനം വായ്പ പരിധിക്കു പുറമെ 1471 കോടി രൂപയുടെ അധികവായ്പയും കോവിഡ് പശ്ചാത്തലത്തിൽ 2020–21 സാമ്പത്തിക വർഷത്തിൽ ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനം വായ്പ പരിധിക്കു പുറമെ നിബന്ധനകൾക്ക് വിധേയമായി രണ്ടു ശതമാനം അധിക വായ്പയും സംസ്ഥാനത്തിന് അനുവദിച്ചിരുന്നു.
കടമെടുപ്പിനെ ന്യായീകരിക്കാൻ പിണറായി സർക്കാറിനും സർക്കാർ സ്തുതിപാഠകർക്കും പലതരം മറുപടിയുണ്ട്. ഫിസിക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (എഫ്.ആർ.ബി.എം) നിയമപ്രകാരം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ജി.എസ്.ഡി.പിയുടെ നിശ്ചിത ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. അതിനെ അടിസ്ഥാനമാക്കിയുള്ള വായ്പ പരിധിക്കുള്ളിൽനിന്ന് മാത്രമേ സംസ്ഥാന സർക്കാറിന് കടമെടുക്കാൻ കഴിയൂ എന്നാണതിൽ പ്രധാനം. അതായത്, തങ്ങൾ അനധികൃതമായോ അനിയന്ത്രിതമായോ കടമെടുക്കുന്നില്ല എന്നാണ് ഇതുവഴി ദ്യോതിപ്പിക്കുന്നത്. 2021 ഏപ്രിൽ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ അഞ്ചുമാസ കാലയളവിൽ സംസ്ഥാന സർക്കാർ 28,850.47 കോടി രൂപ കടമെടുത്തു. ഓരോ മാസവും 5770 കോടി രൂപ വീതം കടമെടുപ്പ്. അതുവഴി അഞ്ചരമാസംകൊണ്ട് ആളോഹരി കടബാധ്യത 70.72 ശതമാനം വർധിച്ചു. 2019–20, 2020–21 കാലത്ത് കടം കൂടാൻ കാരണമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നത് ഇതാണ്: 2019–20ൽ സംസ്ഥാനങ്ങൾ അഭിമുഖീകരിച്ച സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു ശതമാനം വായ്പ പരിധിക്കു പുറമെ 1471 കോടി രൂപയുടെ അധിക വായ്പ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ലഭ്യമാക്കിയിരിക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020–21 സാമ്പത്തിക വർഷത്തിൽ ജി.എസ്.ഡി.പിയുടെ മൂന്നു ശതമാനം വായ്പ പരിധിക്ക് പുറമെ രണ്ടു ശതമാനം അധിക വായ്പ എടുക്കാൻ (18,087 കോടി രൂപ) ചില പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന നിബന്ധനയോടെ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുമതി നൽകിയിരുന്നു. (19) പക്ഷേ, അപ്പോഴും അനുമതി നൽകിയ തുക മുഴുവൻ വായ്പ എടുക്കണോ എന്ന ചോദ്യത്തിന് ധനമന്ത്രിക്ക് മറുപടിയില്ല.
കിഫ്ബി വഴിയുള്ള കടം വേറെയുമുണ്ട്. സർക്കാർ ബോധപൂർവം തന്നെ കിഫ്ബി കടത്തെ പൊതുകടത്തിൽ ചേർത്ത് പറയാറില്ല. സംസ്ഥാനത്ത് കിഫ്ബി ഫണ്ടിങ് വഴി 70,762.05 കോടി രൂപയുടെ 962 പദ്ധതികൾ അനുവദിച്ചിട്ടുണ്ട്. പാലങ്ങൾ, റോഡുകൾ, ജലസേചനം തുടങ്ങിയ മേഖലകളിലാണ് കിഫ്ബി പദ്ധതി വഴി പണമെത്തുന്നത്. ഇതിന്റെ പലിശസഹിതം നിശ്ചിത കാലത്തിനുശേഷം സംസ്ഥാന വരുമാനത്തിൽനിന്നുതന്നെ നൽകണം. അതിനാൽ, അതും മൊത്തം പൊതുകടത്തിൽ തന്നെയാണ് കൂട്ടേണ്ടത്. 2016–17 മുതൽ 2020–21 വരെ കിഫ്ബി പരസ്യങ്ങൾക്ക് മാത്രമായി 70,40,24,810 രൂപ ചെലവഴിച്ചുവെന്ന് അറിയുക (20).
സംസ്ഥാന ജി.ഡി.പിയുടെ ശതമാനത്തിൽ നോക്കിയാൽ കേരളത്തേക്കാൾ കടബാധ്യതയുള്ള സംസ്ഥാനങ്ങൾ ഇന്ത്യയിൽ പലതും ഉണ്ടെന്നാണ് കടത്തെക്കുറിച്ച കേരളത്തിന്റെ മറ്റൊരു ന്യായീകരണം. ആന്ധ്രപ്രദേശ്, നാഗാലാൻഡ്, മിസോറം, പഞ്ചാബ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് കടബാധ്യത കേരളത്തിനേക്കാൾ ഉണ്ട്. എന്നാൽ, ഈ സംസ്ഥാനങ്ങളുടെ വിസ്തൃതി, ജനസംഖ്യ, ഉപഭോഗ അവസ്ഥ, ഉൽപാദന പരത, കൃഷിയും വ്യവസായവും തമ്മിലുള്ള അനുപാതം തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിൽ പലതും ഉപഭോക്തൃ കേന്ദ്രീകൃത സംസ്ഥാനങ്ങളല്ല. ഉൽപാദനക്ഷമമായ മേഖലകളുണ്ട്. വരുമാന േസ്രാതസ്സുകളുമുണ്ട്. അതല്ല കേരളത്തിന്റെ അവസ്ഥ.
കടമെടുപ്പിന്റെ രീതി പ്രശ്നം
സാമ്പത്തിക ശാസ്ത്രത്തിൽ കടം വാങ്ങൽ തെറ്റായ കാര്യമല്ല. അത് പലപ്പോഴും ആവശ്യവുമാണ്. പക്ഷേ, ഏതൊരു വായ്പ വാങ്ങലിനും നിശ്ചിതമായ ഒരു രീതി ഘടനയുണ്ട്. അതിൽ ആദ്യത്തേത്, കടം വാങ്ങുന്നയാൾ അല്ലെങ്കിൽ സ്ഥാപനം തങ്ങളുടെ വരുമാനത്തിന് അനുസരിച്ചാവണം കടം വാങ്ങേണ്ടത് എന്നാണ്. അതായത്, തിരിച്ചടിക്കാനുള്ള ശേഷിയും വരുമാനമായി പണം വരാനുള്ള സാധ്യതയുമാണ് അതിൽ പ്രധാനം. രണ്ടാമത്തേത് വാങ്ങിയ കടം ഉൽപാദനക്ഷമമാവണം. വരുമാനം സൃഷ്ടിക്കണമെന്നർഥം. ഉൽപാദനക്ഷമമല്ലാത്ത താൽക്കാലിക ആവശ്യത്തിന് (ഭക്ഷണം, ആഡംബരം മുതലായ) ഉപയോഗിച്ചാൽ അത് ബാധ്യതയായി മാറും. വരുമാനം ഇല്ലാത്ത അവസ്ഥയിൽ പ്രത്യേകിച്ചും. കേരളം തെറ്റിച്ചത് കടമെടുപ്പിന്റെ ഈ രീതിശാസ്ത്രമാണ്.
സംസ്ഥാനം കടമെടുത്ത തുക വിനിയോഗിച്ചത് ഉൽപാദനവർധനവിനോ ഉൽപാദനക്ഷമമായ മേഖലയിലോ അല്ല. മറിച്ച്, 'അടിസ്ഥാന സൗകര്യ'വികസനത്തിനും നിത്യചെലവിനുമാണ്. റോഡ്, പാലം, കെട്ടിടങ്ങൾ, ഭരണനിർവഹണം തുടങ്ങിയവക്കാണ്. ഇത്തരം നിർമാണ പ്രവൃത്തികൾ വേണ്ടെന്നല്ല. വരുമാനം വർധിപ്പിക്കുന്ന തരത്തിലുള്ള ഉൽപാദന മേഖലയിലേക്ക് കടമെടുത്ത പണം ഒട്ടും തിരിച്ചുവിട്ടില്ല എന്നതാണ് പ്രശ്നം. അതുവഴി കടം കുമിഞ്ഞുകൂടി. വരുമാനമൊട്ട് ഉണ്ടായതുമില്ല. 2020-21 ൽ സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം 47660.84 കോടിയായിരുന്നു. മുൻവർഷത്തേക്കാൾ -5.29 ശതമാനം കുറവ്. തനത് നികുതിയേതര വരുമാനം7327.331 കോടിയാണ്. അതും മുൻവർഷത്തേക്കാൾ -40.26 ശതമാനം കുറവ്. (മൊത്തം തനത് വരുമാനം 54988.15 കോടി. മുൻവർഷത്തേക്കാൾ -12.14 ശതമാനം കുറവ്). കേന്ദ്രനികുതികളുടെയും ഗ്രാന്റുകളുടെയും വിഹിതം 42628.68 കോടിയാണ്. ഇതെല്ലാമടക്കമുള്ള മൊത്തം റവന്യൂ വരുമാനമെന്നത് 9761.83 കോടിയാണ്.(21)
ശമ്പളം, പെൻഷൻ, സാമൂഹിക ക്ഷേമപ്രവർത്തനം, പലിശവീട്ടൽ, സർക്കാറിന്റെ ആഡംബരപ്രകടനം എന്നിവക്കാണ് കടമെടുത്ത തുക നല്ല പങ്കും ചെലവിട്ടത്. കടമെടുത്ത് ഈ കാര്യങ്ങൾ ചെയ്യുക എന്നത് ഒരു വിധത്തിലും മികച്ച ധനതത്ത്വരീതിയല്ല. സംസ്ഥാനത്ത് ഒരു മാസം മൊത്തം പെൻഷൻ വിതരണത്തിനു മാത്രം 845.49 കോടി രൂപയാണ് വേണ്ടത്. ഇതിൽ സാമൂഹിക സുരക്ഷ പെൻഷൻ വിതരണത്തിനുള്ള 740.94 കോടി രൂപയും സർക്കാർ നൽകുന്ന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന 16 ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ വിതരണത്തിനുള്ള 103.94 കോടി രൂപയും ഉൾപ്പെടുന്നു. കൂടാതെ, കായിക യുവജനക്ഷേമ വകുപ്പ് മുഖേന നൽകുന്ന പെൻഷനുകൾക്ക് 0.16 കോടിയും സാംസ്കാരികവകുപ്പ് നൽകുന്ന പെൻഷന് 43 കോടിയും ചലച്ചിത്ര അക്കാദമി മുഖേന നൽകുന്ന പെൻഷന് 0.02 കോടിയും ഇതിൽപെടുന്നു. (22)
കടമെടുപ്പിലെ അപകടം കെ.എൻ. ബാലഗോപാൽ തന്നെ പറയുന്നുണ്ട്: ''ഓരോ സാമ്പത്തിക വർഷത്തിലും തിരിച്ചടവ് നടത്തേണ്ടതായിട്ടുള്ള തുക തിരിച്ചടവ് ദിവസം തന്നെ തിരികെ നൽകേണ്ടതായിട്ടുണ്ട്. സർക്കാർ ഓരോ വർഷവും എടുക്കുന്ന കടത്തിൽനിന്നും മുൻവർഷങ്ങളിൽ എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് ഉണ്ടെങ്കിൽ അത് കിഴിച്ചതിനുശേഷമുള്ള തുക മാത്രമേ വിനിയോഗിക്കാൻ സാധിക്കുകയുള്ളൂ.'' (23) കടബാധ്യതകളിൽനിന്ന് മറികടക്കാൻ സർക്കാർ ഉദ്ദേശിക്കുന്ന കാര്യം കെ.എൻ. ബാലഗോപാൽ പറയുന്നത് ഇങ്ങനെയാണ്: നികുതിപിരിവ് കാര്യക്ഷമമാക്കുക, നികുതിയേതര വരുമാനം വർധിപ്പിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക, വിഭവസമാഹരണം വർധിപ്പിക്കുക. (24)
തിരിച്ചടവ് വലിയ പ്രശ്നമാണ്. 2021 ജൂലൈ 29ന് എ.പി. അനിൽകുമാർ നടപ്പു സാമ്പത്തിക വർഷം സംസ്ഥാന ഖജനാവിൽനിന്നും വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ എത്ര രൂപ നൽകണം എന്ന് ചോദിച്ചതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി ഇങ്ങനെയാണ്: 2021–22 സാമ്പത്തിക വർഷം ബജറ്റിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുള്ള ഹ്രസ്വകാല വെയ്സ് ആൻഡ് മീൻസ് അഡ്വാൻസിന്റെ തിരിച്ചടവ് ഒഴികെ 13,021.25 കോടി രൂപ വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ വകയിരുത്തിയിട്ടുണ്ട്. ഹ്രസ്വകാല വെയ്സ് ആൻഡ് മീൻസ് വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ 39,425 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വായ്പകളിൻമേലുള്ള പലിശ ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം 15,810.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട് (പട്ടിക 3, 4 കാണുക).
പലിശ ഇനത്തിൽ വലിയ തുക (ഏകദേശം 15,810.83 കോടി രൂപ) സംസ്ഥാനത്തിന് ഓരോ സാമ്പത്തിക വർഷവും നഷ്ടമാകുന്നുണ്ട്. ഇതേ പലിശത്തുക മാത്രം മതി കേരളത്തിന്റെ വികസനത്തിന് മൂലധനമായി.
തൊട്ടു മുന്നിലുള്ള ദുരന്തം
വായ്പ എടുക്കുന്നതിനെക്കുറിച്ച് ശരിയായ ആലോചന സർക്കാറിന് ഇല്ലെന്നു വ്യക്തം. കടത്തിൽ മുങ്ങിനിൽക്കുമ്പോഴാണ് കേരളം 63,941 കോടി രൂപ ചെലവ് വരുന്ന കെ-റെയിൽ പദ്ധതിക്ക് ഒരുങ്ങുന്നത്. (25) കെ-റെയിൽ പദ്ധതി വരുമാനം സൃഷ്ടിക്കുന്നില്ല എന്നു മാത്രമല്ല വീണ്ടും കടക്കെണിയിലേക്ക് കേരളത്തെ മുക്കിത്താഴ്ത്തുകയും ചെയ്യും.
ധനമന്ത്രി അവകാശപ്പെട്ടതുപോലെ ചെലവ് ചുരുക്കൽ പ്രക്രിയ സംസ്ഥാനത്ത് കാര്യമായി നടക്കുന്നുമില്ല. ആഡംബരം പല രീതിയിൽ പ്രകടമാണ്. മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിലടക്കം കുത്തിത്തിരുകലുകളും നടക്കുന്നു. നികുതി പിരിവും കാര്യക്ഷമമല്ല. പ്രതീക്ഷിക്കാത്ത പ്രകൃതിദുരന്തമോ, വരൾച്ചയോ മറ്റോ ഉണ്ടായാൽ കേരളത്തിന്റെ അവസ്ഥ കൂടുതൽ ദയനീയമാകും. കരകയറാൻ പറ്റാത്ത അവസ്ഥയിൽ അമരും.
കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് മോദിസർക്കാർ പുലർത്തുന്ന നിഷേധസമീപനം പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കും. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി കേരളത്തിന് ലഭിക്കുന്നത് ഒരു ശതമാനം വിഹിതം മാത്രമാണ്. വൻകിട കോർപറേറ്റുകളെ സഹായിക്കുന്ന തരത്തിലാണ് കേന്ദ്രം നികുതിയിളവുകൾ നൽകുന്നത് എന്നതിലും തർക്കമില്ല. കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഭവങ്ങളുടെ അനുപാതത്തിലും കുറവുണ്ട്. പതിനഞ്ചാം ധനകാര്യ കമീഷൻ നികുതി വിഭവങ്ങളുടെ അനുപാതം 42ൽനിന്ന് 41 ശതമാനമാക്കി കുറച്ചു. ഡിവിസിബിൾ പൂളിൽനിന്ന് ലഭിക്കേണ്ട വിഹിതം 1.92 ശതമാനമായി കുറച്ചു. ഇതിനർഥം കേന്ദ്രത്തെ അപകടസ്ഥിതിയിൽ രക്ഷക്കായി ആശ്രയിക്കാനാവില്ല എന്നു തന്നെയാണ്.
അതിനേക്കാൾ എല്ലാം പ്രധാനമായി ജി.എസ്.ടി. നഷ്ടപരിഹാരയിനത്തിൽ 2022 ജൂണിനുശേഷം 11,000 കോടി രൂപ കേരളത്തിന് നഷ്ടമാകും. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്ന സംവിധാനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കാനൊരുങ്ങിക്കഴിഞ്ഞു. ഈ തുകയും കൂടി ഇല്ലാതായാൽ കേരളം കടത്തിൽ കൈകാലിട്ടടിക്കും. അതിനെ മറികടക്കാൻ വീണ്ടും വായ്പയെ ആശ്രയിക്കുക മാത്രമാണ് വഴി. പക്ഷേ, കടത്തിൽ മുങ്ങിക്കഴിഞ്ഞാൽ പിന്നെ പലിശയും മുതലും എങ്ങനെ ഈടാക്കുമെന്നാണ് ഗ്രാമങ്ങളിലെ സഹകരണ ബാങ്കുകാർ വരെ ചിന്തിക്കുക. അപ്പോഴോ? കേരളം തന്നെ ഇല്ലാതാകുമെന്ന് ചുരുക്കം.
വായ്പകൾക്ക് നിയന്ത്രണം സ്വയം ഏർപ്പെടുത്തി കേരളം പുനർസാമ്പത്തിക ക്രമം ഏർപ്പെടുത്തുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. വരുമാനം വർധിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധിക്കേണ്ട അടിയന്തര കാര്യം. ഉൽപാദന മേഖലയെ ത്വരിതപ്പെടുത്തണം. കടമെടുക്കുന്നതും കേരളത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടസ്സപ്പെടുത്തുമെന്ന് അറിഞ്ഞ് കെ- റെയിൽ പോലുള്ള ഭീമൻ പദ്ധതികൾ നിർത്തിവെക്കണം. ചെലവും ആഡംബരവും കുറച്ചുകൊണ്ട് നികുതി വരുമാനം വർധിപ്പിക്കണം. പ്രവാസി സമൂഹത്തിന്റെ അടക്കം പിന്തുണയോടെ പുതിയ വഴിയിലൂടെ സഞ്ചരിക്കുകയാണ് ഇപ്പോൾ വേണ്ടത്. കേവലമായ വാഗ്ദാനങ്ങളല്ല, സുസ്ഥിരവും സ്വാശ്രിതവുമായ സാമ്പത്തിക ക്രമം കെട്ടിപ്പടുക്കുകയാണ് അഭികാമ്യം. അതിന് സർക്കാർ ഒന്നും ചെയ്യുന്നതായി തോന്നുന്നില്ല. ഫലം പ്രവചനാതീതവും ഭീകരവുമാവാൻ മാത്രമാണ് സാധ്യത.
സൂചിക
1. Proceedings of the Kerala Legislative Assembly, 1957 July 20
2. നിയമസഭാ നടപടിക്രമങ്ങൾ 1957 ജൂൺ 7
3. Presentation Of Budget For The Financial Year 1957–58 Statement, KLA, 1957 ജൂൺ 7
4. 1957ലെ യഥാർഥ ജനസംഖ്യ പരിഗണിച്ചാൽ ആളോഹരി കടം 20 രൂപയോളമേ വരൂ.
5. വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് 2022–23. ഈ സ്റ്റേറ്റ്മെന്റ് 2022 മാർച്ചിൽ നിയമസഭക്ക് മുന്നിൽ സമർപ്പിക്കപ്പെട്ടു.
6. എ.പി. അനിൽകുമാറിന്റെ ചോദ്യത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2021 ആഗസ്റ്റ് 12ന് നിയമസഭയിൽ നൽകിയ മറുപടി.
5. 1961 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യ 16,903,715 ആയിരുന്നു.
7. 2022 മാർച്ച് 11ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ ബജറ്റ് പ്രസംഗം.
8. എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 2021 ആഗസ്റ്റ് 12ന് നിയമസഭയിൽ നൽകിയ മറുപടി.
9. നിയമസഭാ നടപടിക്രമങ്ങൾ, KLA, 1970 ജനുവരി 13.
10. 2011 ഫെബ്രുവരി 7ന് എ.എ. അസീസിന്റെ ചോദ്യത്തിന് ധനമന്ത്രി നൽകിയ മറുപടി.
11. നിയമസഭാ നടപടിക്രമങ്ങൾ, KLA, 2015 നവംബർ 20.
12. നിയമസഭാ നടപടിക്രമങ്ങൾ, 2015 നവംബർ 30.
13. 1972 മാർച്ച് ഏഴിന് നിയമസഭയിൽ വൈദ്യുതി മന്ത്രി നൽകിയ ഉത്തരം.
14. 1976 ഡിസംബർ 22ന് നിയമസഭയിൽ കൃഷി മന്ത്രി നൽകിയ മറുപടി.
15. 1977 ജൂലൈ ഏഴിന് നിയമസഭയിൽ കൃഷി മന്ത്രി നൽകിയ മറുപടി.
16. നിയമസഭാ നടപടിക്രമങ്ങൾ, KLA, 2002 ജൂൺ 14.
17. നിയമസഭാ നടപടിക്രമങ്ങൾ, KLA, 2004 ജനുവരി 21.
18. 2021 ജൂലൈ 29ന് നിയമസഭയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി.
19. റോജി എം. ജോണിന്റെ ചോദ്യങ്ങൾക്ക് 2021 ആഗസ്റ്റ് 12ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി.
20. 2021 ആഗസ്റ്റ് 12ന് ധനമന്ത്രി നിയമസഭയിൽ നൽകിയ മറുപടി.
21. സാമ്പത്തിക അവലോകനം 2021, വാല്യം2, കേരള സർക്കാർ
22. ഇത് 2021 ആഗസ്റ്റ് മാസത്തിലെ കണക്കാണ്. 2021 ആഗസ്റ്റ് 12ന് ധനമന്ത്രിയുടെ മറുപടി.
23. 2021 ആഗസ്റ്റ് 12ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നൽകിയ മറുപടി.
24. അതേ ഉത്തരം.
25. 2022 മാർച്ച് 11ന് കെ.എൻ. ബാലഗോപാൽ നടത്തിയ ബജറ്റ് പ്രസംഗത്തിൽനിന്നാണ് തുക ഉദ്ധരിച്ചിട്ടുള്ളത്.