മരുന്നുവിപണിയിലെ റാൻബാക്സിയുടെ വൻ തട്ടിപ്പ് വെളിച്ചത്തെത്തിച്ച ദിനേഷ് ഠാക്കൂർ സംസാരിക്കുന്നു
രാജ്യാന്തര തലത്തിൽതന്നെ മരുന്നുവിപണിയിൽ വലിയ തട്ടിപ്പുകൾ പലതരത്തിൽ അരങ്ങേറുന്നുണ്ട്. അതിൽ ഒന്നായിരുന്നു റാൻബാക്സിയുടെ പ്രവർത്തനം.അത് വെളിച്ചത്തുെകാണ്ടുവന്ന വിസിൽ ബ്ലോവർ ദിനേഷ് ഠാക്കൂർ സംസാരിക്കുന്നു. ഒപ്പം മരുന്നുവിപണിയിലെ ചില തട്ടിപ്പുകളും തുറന്നു കാട്ടുന്നു.
ഇന്ത്യയിലെ വൻകിട മരുന്നുനിർമാണ കമ്പനികളിലൊന്നായ റാൻബാക്സിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു ദിനേഷ് ഠാക്കൂർ. 2004ൽ ജോലിക്കിടെ അദ്ദേഹം കണ്ടെത്തിയ രഹസ്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. മരുന്ന് പരിശോധനാ ഫലം തിരുത്തുന്ന തട്ടിപ്പായിരുന്നു അത്. ഇതിന് കൂട്ടുനിൽക്കാൻ ദിനേഷ് ഠാക്കൂറിെൻറ മനഃസാക്ഷി അനുവദിച്ചില്ല. ജോലി രാജിവെച്ച് അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ (എഫ്.ഡി.എ) വിസിൽ േബ്ലാവറായി. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2013 മേയ് 13ന് റാൻബാക്സിക്ക് അമേരിക്കൻ കോടതി പിഴയിട്ടത് 500 മില്യൺ ഡോളറായിരുന്നു (ഏകദേശം 3500 കോടി രൂപ). ലോകത്തിലെ എല്ലാ മരുന്ന് ഉൽപാദകർക്കുമുള്ള മുന്നറിയിപ്പായിരുന്നു ഈ പിഴ. തട്ടിപ്പുകൾ ഒരുപാടു കാലം മറച്ചുവെക്കാനാവില്ലെന്ന സന്ദേശംകൂടിയാണിത്. ജീവന് ഭീഷണി ഉയർന്നിട്ടും വ്യക്തിജീവിതത്തെ പല തരത്തിൽ ബാധിച്ചിട്ടും ദരിദ്രരായ രോഗികൾ മാത്രമായിരുന്നു ദിനേഷ് ഠാക്കൂറിെൻറ മനസ്സിൽ. റാൻബാക്സിക്ക് കനത്ത അടിയായ കോടതി വിധി ആ കമ്പനിയുടെ തകർച്ചയുടെകൂടി തുടക്കമായിരുന്നു.
വ്യാജപേരുള്ള ഇ-മെയിൽ
യാഹൂവിൽ വ്യാജപേരിലുണ്ടാക്കിയ മെയിലിൽനിന്നാണ് ദിനേഷ് ഠാക്കൂർ അമേരിക്കൻ അധികൃതരെ തനിക്ക് ലഭിച്ച വിവരങ്ങൾ ആദ്യം അറിയിച്ചത്. മെയിൽ അയച്ചാൽ തെൻറ ജോലി അവസാനിക്കുമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ, കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. നീണ്ട നിയമനടപടികളുടെയും അന്വേഷണങ്ങളുടെയും തുടക്കം മാത്രമായിരുന്നു അത്. ഇന്ത്യയിൽ വിസിൽ േബ്ലാവർമാർക്ക് ജീവൻ നഷ്ടമാകുന്ന കാലം. ആർക്കും മടുത്തുപോകുന്ന അവസ്ഥ. എന്നാൽ, ദിനേഷ് ഠാക്കൂർ പിന്മാറാൻ തയാറായില്ല. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചില്ല. പല വിധത്തിൽ സമ്മർദങ്ങളുണ്ടായിരുന്നു. ഏതു ധീരനും പതറുന്ന അവസ്ഥയെ ദിനേഷ് ഠാക്കൂർ അതിജീവിച്ചു. ആ അതിജീവനം ലോകത്തിന് നൽകിയത് ചില കയ്പുറ്റ സത്യങ്ങളാണ്. പേക്ഷ, ഇത് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായിരുന്നു.
മരുന്നുനിർമാണ മേഖലയിൽ നിലനിന്ന ആരും അറിയാത്ത രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ മനുഷ്യെൻറ ചങ്കുറപ്പാണ്.അമേരിക്കൻ വിപണിയിലേക്ക് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ എത്തിച്ച കമ്പനിയായിരുന്നു റാൻബാക്സി. ഇന്ത്യയിൽ ഏറെ ആഘോഷിച്ച കോർപറേറ്റ് വിജയമാണ് റാൻബാക്സിയുടേത്. എന്നാൽ, പൊയ്ക്കാലുകളിൽ നടക്കുന്ന വിജയ തേരായിരുന്നു അതെന്ന് തെളിയാൻ എട്ടു വർഷമെടുത്തു. ലോകത്തെ മരുന്നുനിർമാണം എത്രമാത്രം സുരക്ഷിതമാണ് എന്ന ചോദ്യമുയർത്താൻ ദിനേഷ് ഠാക്കൂറിെൻറ പോരാട്ടത്തിന് സാധിച്ചു.
റാൻബാക്സിയിൽ മാത്രം ഒതുങ്ങുന്നതല്ല ഇത്തരം തട്ടിപ്പുകൾ. മരുന്നുനിർമാണത്തിെൻറ ചീഞ്ഞതും ആരും പറയാൻ മടിക്കുന്നതുമായ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ റാൻബാക്സിക്കെതിരായ അമേരിക്കയിലെ നിയമനടപടിയിലൂടെ സാധിച്ചു.
ഇരുണ്ടവഴികളിലൂടെ കാതറിൻ എബാെൻറ സഞ്ചാരം
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിെലയും മരുന്നുനിർമാണത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിച്ച അമേരിക്കയിലെ പ്രശസ്ത അന്വേഷണാത്മക മാധ്യമപ്രവർത്തക കാതറിൻ എബാെൻറ (KATHERINE EBAN) 'Bottle of Lies, Ranbaxy and the Darkside of Indian Pharma- എന്ന പുസ്തകം ആരും കടന്നുചെല്ലാൻ മടിക്കുന്ന ഈ വ്യവസായത്തിെൻറ ഇരുണ്ട വഴികളിലൂടെയുള്ള യാത്രയാണ്. അതിന് വഴിയൊരുക്കിയതിൽ ദിനേഷിന് നിർണായക പങ്കുണ്ട്.
2008ൽ കാതറിൻ എബാനെ അമേരിക്കയിലെ പീപ്പിൾസ് ഫാർമസി റേഡിയോ പരിപാടിയുടെ അവതാരകൻ ജോ ഗ്രേയ്ഡൻ (Joe Graedon) ഫോൺവിളിച്ചതാണ് ഈ പുസ്തകം എഴുതാനുള്ള തുടക്കം. ഈ പരിപാടിയിൽ പല തവണ കാതറിൻ പങ്കെടുത്തിരുന്നു. വിലകുറഞ്ഞ ജനറിക് മരുന്നുകൾ കഴിച്ച നിരവധി രോഗികൾ പാർശ്വഫലത്തെക്കുറിച്ചും മറ്റും പരാതി പറഞ്ഞ് ജോ ഗ്രെയ്ഡനെ സമീപിച്ചിരുന്നു. ഈ പരാതികൾ അദ്ദേഹം അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ(എഫ്.ഡി.എ) ശ്രദ്ധയിൽപെടുത്തിയപ്പോൾ ജനറിക് മരുന്നുകളും ബ്രാൻഡ് മരുന്നുകളും ഒരുപോലെയാണെന്നും ഇതു കഴിക്കുന്ന രോഗികളുടെ പ്രതികരണം വ്യത്യസ്തമായിരിക്കുമെന്നായിരുന്നു മറുപടി. ഇതേതുടർന്നാണ് ജോ ഗ്രേയ്ഡൻ കാതറിനെ സമീപിക്കുന്നത്. ഇതോടെ വിശദമായ അന്വേഷണത്തിന് കാതറിൻ തയാറെടുക്കുകയായിരുന്നു. പുസ്തകം പൂർത്തിയാകാൻ അഞ്ചു വർഷമെടുത്തു.
ഇന്ത്യ, ചൈന, ഘാന, ഇംഗ്ലണ്ട്, അയർലൻഡ്, മെക്സിക്കോ, അമേരിക്ക എന്നീ രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ഡോക്ടർമാർ, രോഗികൾ, അഭിഭാഷകർ, പൊതുജന ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടെ 240 പേരെ പലതവണ അഭിമുഖം നടത്തിയാണ് കാതറിൻ എബാൻ പുസ്തകം തയാറാക്കിയത്. ഇതിനായി 20,000 രേഖകൾ പരിശോധിച്ചു. ഇതിൽ പലതും രഹസ്യ രേഖകളായിരുന്നു. പുസ്തകം എഴുതാൻ കാതറിനെ സഹായിച്ചവരിൽ ഏറെയും മരുന്നു നിർമാണ കമ്പനികളിൽ ജോലിചെയ്ത ജീവനക്കാരായിരുന്നു. അവരാണ് പല വിവരങ്ങളും നൽകിയത്. ഇവരിൽ മിക്കവരും ഇന്ത്യക്കാരാണ്. 2019ലാണ് അമേരിക്കയിൽ ഈ പുസ്തകം പുറത്തിറങ്ങിയത്. പിന്നാലെ ഇന്ത്യയിലും എത്തി.
തെറ്റ് സമ്മതിച്ച് റാൻബാക്സി
മറ്റു രാജ്യങ്ങളിൽ നിർമിക്കുന്ന മരുന്നുകൾ അമേരിക്കൻ വിപണിയിൽ എത്തിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷെൻറ അനുമതി ആവശ്യമാണ്. മരുന്നുകളുടെ പരിശോധന ഫലം ഉൾപ്പെടുന്ന രേഖകൾ തിരുത്തിയെന്നാണ് റാൻബാക്സിക്കെതിരായ കേസ്. അപേക്ഷയോടൊപ്പം നൽകിയ മരുന്നുകളുടെ ഫലങ്ങളിലാണ് മാറ്റം വരുത്തിയത്. തങ്ങളുടെ കുറ്റം റാൻബാക്സി സമ്മതിച്ചിരുന്നു. ഏഴു ക്രിമിനൽ കേസുകളാണ് കമ്പനിക്കെതിരെ ചുമത്തിയത്. റിപ്പോർട്ടുകൾ യഥാസമയം സമർപ്പിക്കാതിരിക്കുക, വഞ്ചന, നിയമലംഘനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ഒത്തുതീർപ്പിെൻറ അടിസ്ഥാനത്തിൽ അമേരിക്കൻ നിയമമന്ത്രാലയം 2013 ജനുവരി രണ്ടിന് തയാറാക്കിയ േരഖയിൽ ഇക്കാര്യം സമ്മതിച്ച് അമേരിക്കയിലെ റാൻബാക്സി കോർപറേറ്റ് സെക്രട്ടറി ഇർവിങ് കഗൻ ഒപ്പുവെച്ചിട്ടുണ്ട്. ഈ രേഖ കോടതിയിൽ സമർപ്പിച്ചു. ഇതിെൻറ അടിസ്ഥാനത്തിലാണ് മേരിലാൻഡിലെ കോടതി റാൻബാക്സിക്ക് 500 മില്യൺ ഡോളർ പിഴയിട്ടത്. ഇതിന് പിന്നാലെ അമേരിക്കൻ വിപണിയിൽനിന്ന് റാൻബാക്സിയുടെ 22ൽ അധികം മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി. കമ്പനിയുടെ ഹിമാചൽപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ നിർമിക്കുന്ന മരുന്നുകൾക്കായിരുന്നു വിലക്ക്.
റാൻബാക്സിയുടെ കുതിപ്പും കിതപ്പും
വിപണിയിൽ കുതിച്ചുകയറ്റത്തിെൻറയും പിന്നീട്, കുടുംബപോരിെൻറയും ട്വിസ്റ്റ് നിറഞ്ഞതാണ് റാൻബാക്സിയുടെ പൂർണചിത്രം. ഇന്ത്യ കൂടാതെ അമേരിക്കൻ യൂറോപ്യൻ വിപണിയിലും റാൻബാക്സിയുടെ മരുന്നുകൾ ഏറെ വിറ്റിരുന്നു.
1937ൽ അമൃത്സറിൽ ബന്ധുക്കളായ രഞ്ജിത്തും ഗുർബക്സും മരുന്നുവിതരണ ഏജൻസിയായാണ് റാൻബാക്സി തുടങ്ങിയത്. 1947ൽ ഇരുവരും കടം വാങ്ങിയ പണം തിരിച്ചു നൽകാനാവാത്തതിനാൽ ഭായി മോഹൻ സിങ് കമ്പനി ഏറ്റെടുത്തു. 1969ലാണ് ഇദ്ദേഹം മരുന്നുനിർമാണത്തിലേക്ക് തിരിഞ്ഞത്.
വർഷങ്ങൾക്കു ശേഷം റാൻബാക്സി ഇന്ത്യയിലെ വൻകിട മരുന്നുനിർമാണ കമ്പനിയായി. ഭായി മോഹൻസിങ്ങിെൻറ മകൻ പർവീന്ദർ സിങ്ങാണ് പിന്നീട് കമ്പനി നിയന്ത്രിച്ചത്. ഇദ്ദേഹത്തിെൻറ കാലത്താണ് റാൻബാക്സി വിദേശ വിപണിയിലേക്ക് കടന്നത്. 1999ൽ പർവീന്ദർ മരിച്ചതോടെ മക്കളായ മൽവീന്ദർ മോഹൻ സിങ്ങും ശിവിന്ദർ മോഹൻ സിങ്ങും ഉടമകളായി. ഇക്കാലത്താണ് റാൻബാക്സി വൻ വിവാദത്തിൽപെടുകയും അമേരിക്കയിൽ നിയമനടപടി നേരിടുകയുംചെയ്തത്.
സിങ് സഹോദരങ്ങളുടെ പോര് സഹോദരങ്ങളായ മൽവീന്ദർ മോഹൻ സിങ്ങിനും ശിവിന്ദർ മോഹൻ സിങ്ങിനും റാൻബാക്സിയിൽ 34.8 ശതമാനം ഷെയറുണ്ടായിരുന്നു. ഇവർ 2008ൽ റാൻബാക്സിയെ 4.6 ബില്യൺ ഡോളറിന് ജപ്പാനിലെ മരുന്നുനിർമാണ കമ്പനിയായ ഡെയ്ച്ചിക്ക് (DAIICHI SANKYO) കൈമാറി. ഇൗ തുകയിൽ 2.4 ബില്യൺ ഡോളറും സിങ് സഹോദരങ്ങൾക്കായിരുന്നു. 2014ൽ ഇന്ത്യയിലെ പ്രമുഖ മരുന്നുനിർമാണ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽ റാൻബാക്സിയെ ഏറ്റെടുത്തു. റാൻബാക്സിയുടെ 100 ഓഹരിയുള്ളവർക്ക് സൺഫാർമയുടെ 80 ഓഹരികൾ നൽകുമെന്ന കരാറിെൻറ അടിസ്ഥാനത്തിലായിരുന്നു കൈമാറ്റം. ഈ ഇടപാടിൽ മറ്റ് പണമൊന്നും കൈമാറിയിരുന്നില്ല. 2013ൽ റാൻബാക്സിയുടെ വിറ്റുവരവ് 12410.43 കോടിയായിരുന്നു.
ജപ്പാൻ കമ്പനിയിൽനിന്ന് ലഭിച്ച വൻ തുക ഫോർട്ടിസ് ഹെൽത്ത് ഗ്രൂപ്പിലായിരുന്നു സഹോദരങ്ങൾ പ്രധാനമായും നിേക്ഷപിച്ചത്. കുറച്ചു വർഷങ്ങൾക്കുശേഷം ഫോർട്ടിസ് ഹെൽത്ത് കെയർ ഇന്ത്യയിലെ വൻകിട ആശുപത്രി ഗ്രൂപ്പായി. അമേരിക്കയിൽ റാൻബാക്സിക്കെതിരെ നടക്കുന്ന അന്വേഷണം മറച്ചുവെച്ചാണ് ഇടപാട് നടത്തിയതെന്നാരോപിച്ച് സിങ് സഹോദരങ്ങൾക്കെതിരെ 2013ൽ ഡെയ്ച്ചി (DAIICHI SANKYO) സിംഗപ്പൂരിലെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ കേസിൽ ഡെയ്ച്ചിക്ക് 3500 കോടി നൽകണമെന്ന് ട്രൈബ്യൂണൽ വിധിച്ചു.
വിധിക്കെതിരെ സിങ് സഹോദരങ്ങൾ സിംഗപ്പൂർ ഹൈകോടതിയെയും ഡൽഹി ഹൈകോടതിയെയും സമീപിച്ചുെവങ്കിലും ഫലമുണ്ടായില്ല. ഈ കേസിൽ ഇടപെടാൻ 2018ൽ ഇന്ത്യൻ സുപ്രീംകോടതിയും വിസമ്മതിച്ചു.
ജപ്പാൻ മരുന്നുനിർമാണ കമ്പനിക്ക് മൽവീന്ദർ സിങ്ങും ശിവിന്ദർ സിങ്ങും 2500 കോടി രൂപ നൽകണമെന്ന സിംഗപ്പൂർ ഹൈകോടതിയുടെ മറ്റൊരു വിധിക്കെതിരെയുള്ള ഹരജി സിംഗപ്പൂർ സുപ്രീംകോടതി 2020 മേയിൽ തള്ളി. ഫോർട്ടിസിലെ നിേക്ഷപവുമായി ബന്ധപ്പെട്ടും ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിങ് സഹോദരങ്ങൾ തെറ്റിപ്പിരിഞ്ഞതും വാർത്തകളിൽ ഇടംപിടിച്ചു. മൂത്ത സഹോദരൻ മൽവീന്ദർ സിങ്ങിനെതിരെ ശിവിന്ദർ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. റെലിഗേർ ഫിൻവെസ്റ്റ് ലിമിറ്റഡിൽനിന്ന് 750 കോടി വകമാറ്റിയെന്നും രേഖകളിൽ മൽവീന്ദർ, തെൻറ ഭാര്യയുടെ വ്യാജ ഒപ്പിട്ടെന്നുമായിരുന്നു ശിവിന്ദറിെൻറ ആരോപണം.
പിന്നീട് ശിവിന്ദർ ഈ പരാതി പിൻവലിച്ചു. അമ്മയുടെ നിർദേശപ്രകാരം പ്രശ്നങ്ങൾ മധ്യസ്ഥതയിൽ തീർക്കാമെന്ന ധാരണയിലായിരുന്നു പരാതി പിൻവലിച്ചത്. എന്നാൽ, മധ്യസ്ഥ നീക്കങ്ങൾ വിജയിച്ചിരുന്നില്ല. ഇതിനിടെ, തന്നെ ശിവിന്ദർ ആക്രമിച്ചെന്നാരോപിച്ച് മൽവീന്ദർ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഫോർട്ടിസ് ഹെൽത്ത് കെയറിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിങ് സഹോദരങ്ങൾ കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരാണെന്ന് 2020ൽ സുപ്രീംകോടതി വിധിച്ചിരുന്നു.
ജനറിക് മരുന്നുകൾ അനിവാര്യം, ഗുണനിലവാരം പ്രധാനം
പല രാജ്യങ്ങളിലേക്കും കയറ്റുമതിചെയ്യാൻ പല നിലവാരത്തിലുള്ള മരുന്നുകളായിരുന്നു കമ്പനികൾ നിർമിച്ചിരുന്നത്. ജനറിക് മരുന്നുകൾ എല്ലാ രാജ്യങ്ങളുടെയും ആരോഗ്യമേഖലക്ക് അനിവാര്യമാണ്. എന്നാൽ, ഇതിെൻറ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അതിനേക്കാൾ പരമപ്രധാനമാണ്.
35കാരനായ ദിനേഷ് ഠാക്കൂർ 2003ൽ റിസർച്ച് എക്സിക്യൂട്ടിവ് ആയാണ് റാൻബാക്സിയിൽ ജോലിക്ക് ചേർന്നത്. താൻ ജോലിചെയ്ത കമ്പനിയെ കോടതിയിൽ കുറ്റം സമ്മതിപ്പിച്ച ദിനേഷ് ഠാക്കൂറിനെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ തേടിയെത്തി. 2013ൽ ടാക്സ്പെയേഴ്സ് എഗൻസ്റ്റ് ഫ്രോഡ് ഏർപ്പെടുത്തിയ വിസിൽ േബ്ലാവർ പുരസ്കാരം, 2014ൽ അമേരിക്കയിലെ ക്ലിഫ് റോബേർട്സൺ സെൻറിനൽ അവാർഡ് എന്നിവ ഇതിൽ പ്രധാനമാണ്. ആഗോളതലത്തിൽ രോഗികൾക്ക് താങ്ങാവുന്ന, ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാൻ നിലകൊള്ളുന്ന പൊതുജനാരോഗ്യ പ്രവർത്തകനാണ് ഇദ്ദേഹം. തെൻറ നിയമപോരാട്ടത്തെക്കുറിച്ചും മരുന്നുനിർമാണ മേഖലയെക്കുറിച്ചും ദിനേഷ് ഠാക്കൂർ മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.
വൻകിട മരുന്നുനിർമാണ കമ്പനിയായ റാൻബാക്സിയിൽ ഉന്നതപദവിയിൽ ഉണ്ടായിരുന്ന താങ്കൾ എങ്ങനെയാണ് വിസിൽ േബ്ലാവറായത്?
പ്രൊഫഷനലായി ജോലിചെയ്യുന്ന ആരും വിസിൽ േബ്ലാവറാകാൻ തീരുമാനിച്ച് വരുന്നതല്ല. സാഹചര്യമാണ് അങ്ങനെയാക്കിത്തീർക്കുന്നത്. ശരിയാണെന്ന് പൂർണബോധ്യമുള്ളതാണ് ചെയ്തത്. ഞാൻ കെമിക്കൽ എൻജിനീയറായിരുന്നു. മറ്റ് രാജ്യങ്ങളിലെ വിപണിയിലേക്ക് കടക്കാൻ കമ്പനിയുടെ ഉൽപന്നങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വിവിധ സർക്കാർ ഏജൻസികളുടെ അനുമതി തേടുന്നതിന് സമർപ്പിക്കുക എന്നതായിരുന്നു എെൻറ ചുമതല. ജോലിക്കിടെ ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ വളരെ മോശമായിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം അമേരിക്കൻ അധികൃതരെ അറിയിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
റാൻബാക്സിയുടെ തട്ടിപ്പ് എങ്ങനെയായിരുന്നു?
തങ്ങൾ ചെയ്ത തെറ്റെന്താണെന്ന് അമേരിക്കൻ കോടതിയിൽ റാൻബാക്സി സമ്മതിച്ചിട്ടുണ്ട്. അവർ സമർപ്പിച്ച രേഖകളിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ വിഷയം കുറച്ചു വാക്കുകളിൽ ഒതുക്കാവുന്നതല്ല. വളരെ വിശദീകരിച്ച് പറയേണ്ട വിഷയമാണിത്.
അമേരിക്കയിൽ റാൻബാക്സിക്കെതിരായ താങ്കളുടെ നിയമപോരാട്ടത്തിന് ഫലം കാണാൻ എട്ടു വർഷമെടുത്തു (2005-13). ശക്തമായ നിയമങ്ങളുണ്ടെന്ന് കരുതുന്ന അമേരിക്കയിൽപോലും ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഈ ഗുരുതര വിഷയം കൈകാര്യം ചെയ്യുന്നതിൽ എന്തുകൊണ്ടാണ് ഇത്ര കാലതാമസമെടുത്തത്?
ഇതിന് രണ്ടു കാരണങ്ങളുണ്ട്. ഇന്ത്യയിൽ കള്ളത്തരങ്ങൾ കാണിക്കുന്നവരെ ശിക്ഷിക്കാൻ യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (US FDA) അധികാരമില്ല. അവരുടെ നിയമപരിധിക്ക് പുറത്താണത്. മാതൃസ്ഥാപനത്തിെൻറ അമേരിക്കയിലെ അനുബന്ധ കമ്പനിക്ക് പിഴ ചുമത്താൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളൂ. ഇത്തരം നിയമപരമായ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാനാവില്ല. കൂടുതൽ തട്ടിപ്പ് നടന്നത് ഇന്ത്യയിലാണ്. രണ്ടാമത്, തെറ്റ് ചെയ്തവരെ ശിക്ഷിക്കുന്നതിൽ നമ്മുടെ രാജ്യത്തെ ബ്യൂറോക്രസി ഇഴയുന്നതുപോലെ വളരെ പതുക്കെയാണ് അമേരിക്കയിലും കാര്യങ്ങൾ നീങ്ങുന്നത്. തെളിവുകൾ കണ്ടെത്തുന്നതും ശിക്ഷ ഉറപ്പുവരുത്തുന്നതും വളരെ നീണ്ട പ്രക്രിയയാണ്.
താങ്കളുടെ നിയമപോരാട്ടത്തിെൻറ പ്രത്യാഘാതമെന്തായിരുന്നു? മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ അത് എങ്ങനെയൊക്കെ സഹായിച്ചു?
എെൻറ പോരാട്ടം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ വിജയിച്ചോ എന്നു പറയാനാകില്ല. എന്നാൽ, ഈ വ്യവസായത്തെ ബാധിച്ച മഹാമാരി എന്താണെന്ന് അവബോധമുണ്ടാക്കാനും രോഗികൾക്ക് ഈ വിഷയത്തിൽ കൂടുതൽ ജാഗ്രതപുലർത്താനും ഇത് സഹായിച്ചിട്ടുണ്ട്.
റാൻബാക്സി 500 മില്യൺ ഡോളർ പിഴ നൽകണെമന്നായിരുന്നു അമേരിക്കൻ കോടതി വിധി. എന്നാൽ, ആ കമ്പനിയുടെ ഒരു ഉദ്യോഗസ്ഥൻപോലും ശിക്ഷിക്കപ്പെട്ടില്ല. അമേരിക്കൻ നിയമത്തിെൻറ പോരായ്മയാണോ ഇത്?
ഞാൻ നേരത്തേ പറഞ്ഞതുപോലെ രാജ്യാന്തര തലത്തിൽ നടത്തിയ കുറ്റങ്ങൾക്ക് ഉത്തരവാദികളെ കണ്ടെത്തുന്നതിൽ നിയമത്തിെൻറ പരിമിതിയുണ്ട്. ഇന്ത്യയിലെ കുറ്റവാളിയെ അറസ്റ്റ്ചെയ്യാൻ അമേരിക്കൻ അന്വേഷണ ഉദ്യോഗസ്ഥന് സാധിക്കില്ല. കുറ്റവാളിയെ കൈമാറുക എന്നത് വളരെ നീണ്ട നടപടിക്രമവുമാണ്.
മരുന്നുനിർമാണം, ഗവേഷണം എന്നീ മേഖലകളിൽ ഇന്ത്യയുടെ വളർച്ചയെ എങ്ങനെ കാണുന്നു?
മരുന്നുകളുടെയും ഉപകരണങ്ങളുടെയും നിർമാണത്തിൽ പ്രത്യേകിച്ച് ജനറിക് മരുന്നുകളുടെ കാര്യത്തിൽ വളരെ വിപുലവും അതിവേഗം വളരുന്നതുമായ വിപണിയാണ് ഇന്ത്യ. ഒരു രാജ്യമെന്ന നിലയിൽ നമ്മൾ ഇതുവരെ പുതിയ രാസപദാർഥങ്ങളോ അല്ലെങ്കിൽ biological entity യോ ഉള്ള യോഗ്യമായ ഒരു മരുന്നും ഉൽപാദിപ്പിച്ചിട്ടില്ല. (As a country, we have not yet produced one single drug which qualifies as a new chemical or biological entity.) ഗവേഷണ രംഗത്ത് നമ്മൾ അധികം നിേക്ഷപം നടത്തുന്നുമില്ല.
ഇന്ത്യയിലെ മരുന്നുനിർമാണ വ്യവസായത്തിൽ ലക്ഷക്കണക്കിന് ആളുകൾ ജോലിചെയ്യുന്നുണ്ടെന്നും താങ്കളുടെ ആരോപണങ്ങൾ ആ മേഖലയെ പിന്നോട്ടടിപ്പിക്കും എന്നായിരുന്നുവല്ലോ ഇന്ത്യ സർക്കാറിെൻറ വാദം. ഇതേക്കുറിച്ച് എന്തുപറയുന്നു?
ഇത്തരം അവകാശവാദങ്ങൾ വർഷങ്ങളായി ആവർത്തിക്കുന്നുണ്ട്. ഇതല്ലല്ലോ സത്യം.
വിലകുറച്ചു ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ഗുണനിലവാരം എങ്ങനെ ഉറപ്പുവരുത്താനാകും? വിലകൂടിയ ബ്രാൻഡഡ് മരുന്നുകൾ എത്രപേർക്ക് വാങ്ങാനാവും?
ഇത് ശരിയായ ചോദ്യമല്ല. ജനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുക എന്നത് സർക്കാറിെൻറ ഉത്തരവാദിത്തമാണ്.
മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യയിലെ നിയമങ്ങൾ ഫലപ്രദമാണോ? ഇത് കൂടുതൽ കർശനമാക്കേണ്ടതുണ്ടോ?
അതെ, നിയമങ്ങൾ തീർച്ചയായും കർക്കശമാക്കണം.
ഇന്ത്യൻ മരുന്ന് ഉൽപാദനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 2016ൽ താങ്കൾ നൽകിയ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഈ ഹരജിയിലെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഹൈകോടതികളെ സമീപിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.
എയ്ഡ്സിനും മറ്റ് മാരക േരാഗങ്ങൾക്കും ആഫ്രിക്ക ഉൾപ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്ത മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. രാജ്യാന്തര തലത്തിൽ നിയമങ്ങൾ ഏകോപിപ്പിക്കാൻ ലോകാരോഗ്യ സംഘടനക്ക് ഇടപെടാൻ കഴിയുമോ?
ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ലോകാരോഗ്യ സംഘടനയുടെ (WHO) വായമൂടിക്കെട്ടുകയാണ് അംഗ രാജ്യങ്ങൾ ചെയ്യുന്നത്. കോവിഡ് മഹാമാരിയുടെ ഉദ്ഭവം അന്വേഷിക്കുന്ന കാര്യത്തിൽ ഇത് നമ്മൾ കണ്ടതാണ്. ലോകാരോഗ്യ സംഘടനയുടെ പരിമിതി വെളിപ്പെടുത്തുന്ന ഒന്നാന്തരം ഉദാഹരണമാണിത്.
ഫാർമസ്യൂട്ടിക്കൽ മേഖലയിൽ അതിവേഗം വളർന്ന നിരവധി ഇന്ത്യൻ കമ്പനികളുണ്ട്. അമേരിക്കയിലേക്കുള്ള കയറ്റുമതി ഈ കമ്പനികളെ ഏറെ സഹായിച്ചിട്ടുണ്ട്. ജനറിക് മരുന്ന് വിൽപനയിൽ ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം അനുമതി എന്ന അമേരിക്കൻ FDA നിയമമല്ലേ യഥാർഥത്തിൽ പരിശോധനാ ഫലം മാറ്റുന്ന തട്ടിപ്പിന് ഇടയാക്കിയത്?
ജനറിക് മരുന്നുകമ്പനികളുടെ ഉൽപന്നങ്ങൾക്ക് വിപണി അനുവദിക്കുന്നതിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (US FDA) ചട്ടങ്ങളിൽ പോരായ്മയുണ്ട്. ഈ നിയമങ്ങളിലെ പഴുതടയ്ക്കാനുള്ള ഭേദഗതി യു.എസ് കോൺഗ്രസിെൻറ പരിഗണനയിലാണ്.
മരുന്ന് കഴിച്ചവർക്ക് ഗുരുതര ആരോഗ്യ പ്രശ്നമുള്ളതായി കണ്ടെത്തിയാൽ അവർക്ക് ആശ്വാസമാകുന്ന ഫലപ്രദമായ നിയമങ്ങൾ ഇന്ത്യയിലുണ്ടോ?
എെൻറ അഭിപ്രായത്തിൽ ഇല്ല എന്നേ പറയാനാകൂ.
ഗുണനിലവാരമുള്ള മരുന്നുകൾ രോഗികൾക്ക് ഉറപ്പുവരുത്തുന്നതിൽ താങ്കളുടെ ഇപ്പോഴത്തെ പ്രവർത്തനം എന്താണ്?
The Citizens for Affordable, Safe and Effective Medicine (CASEM) എന്ന സമാനമനസ്കരുടെ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. സുരക്ഷിതവും ഫലപ്രദവുമായ ഇന്ത്യൻ നിർമിത മരുന്നുകൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക, മരുന്നുനിർമാണവുമായി ബന്ധപ്പെട്ട് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്കരിക്കുക, ഇത്തരം നിയമങ്ങൾ തിരുത്താനും സുതാര്യത ഉറപ്പുവരുത്താനും സർക്കാറുകളെയും കോടതികളെയും സമീപിക്കുക എന്നതാണ് ഇതിെൻറ ലക്ഷ്യം. രാജ്യത്തെ മരുന്നുനിർമാണമേഖലയിലെ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാൻ സംവാദങ്ങൾ സംഘടിപ്പിക്കാറുണ്ട്. സർക്കാറിെൻറയും പാർലമെൻററി സമിതികളുടെയും റിപ്പോർട്ടുകൾ, നിയമനിർമാണങ്ങൾ എന്നിവ ഞങ്ങളുടെ വെബ്സൈറ്റിൽ (casemindia.org)പ്രസിദ്ധീകരിക്കാറുണ്ട്.
ആരോഗ്യമേഖലയിൽ ജനപക്ഷത്ത് നിന്നുള്ള ഇടപെടൽ ഇന്ത്യയിൽ സജീവമാണോ?
ഈ ചോദ്യത്തിന് ഉത്തരം പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. സർക്കാറിെൻറ ഇടപെടൽ ഫലപ്രദമാണോ എന്ന് വിശകലനംചെയ്യാൻ നമ്മുടെ കൈയിൽ കൃത്യമായ വിവരങ്ങളില്ല. യഥാർഥ വസ്തുതകളില്ലെങ്കിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനുമാവില്ല.
ആഫ്രിക്കയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിലൂടെ രോഗികൾക്കുണ്ടായ പാർശ്വഫലങ്ങൾ എന്തെല്ലാമായിരുന്നു? എത്ര വർഷം കഴിഞ്ഞാണ് ഇത് തിരിച്ചറിഞ്ഞത്?
ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാൻ വ്യക്തമായ വിവരങ്ങൾ എെൻറ കൈവശമില്ല. എന്നാൽ, ചില വാർത്തകൾ ഇതിനുള്ള ഉത്തരമാണ്. ഉദാഹരണത്തിന് ഗുജറാത്തിലെ ഫാർമ കമ്പനിയായ മാർസ് റെമഡീസിെൻറ മരുന്നുകൾ നൈജീരിയയിൽ വിൽക്കുന്നത് ആ രാജ്യത്തെ നാഷണൽ ഏജൻസി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ആൻഡ് കൺട്രോൾ (NAFDAC) കരിമ്പട്ടികയിൽ പെടുത്തിയത് പ്രിൻറ് റിപ്പോർട്ട് ചെയ്തിരുന്നു. നിലവാരമില്ലാത്ത മരുന്നുകൾ വ്യാജ അവകാശവാദങ്ങളോടെ വിറ്റതിനാണ് ഇത്. മരുന്നുകളുടെ ഗുണനിലവാരം അളക്കുന്നത് ഓരോ രാജ്യത്തും വ്യത്യസ്തമായാണ്.
പരമാവധി ലാഭം എന്ന വൻകിട കമ്പനികളുടെ ലക്ഷ്യം സാക്ഷാത്കരിക്കുമ്പോൾ പാവപ്പെട്ട രോഗികൾക്ക് ആരാണ് സംരക്ഷണം നൽകേണ്ടത്?
ജനം പിന്നെ എന്തിനാണ് സർക്കാറുകളെ തെരഞ്ഞെടുക്കുന്നത്. അവർക്കു തന്നെയാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ഉത്തരവാദിത്തമുള്ളത്.
നിലവിൽ മരുന്നുകമ്പനികളുടെ ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് തെളിവുകളുണ്ടോ?
ഗുണനിലവാരമില്ലാത്ത മരുന്നുകളുമായി ബന്ധപ്പെട്ട് അമേരിക്കയിൽ നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമേരിക്കൻ വിപണിയിലുണ്ടായിരുന്ന ചില ഗുളികകളിൽ കാൻസറിന് വരെ കാരണമായേക്കാവുന്ന കൊടിയ വിഷം അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എഫ്.ഡി.എ) ഇക്കാര്യം സ്ഥിരീകരിച്ചതായി ബ്ലൂംബർഗ് ബിസിനസ് വീക്ക് റിപ്പോർട്ട്ചെയ്തിരുന്നു.