നോട്ട് നിരോധനം അമേരിക്കൻ ചാരപദ്ധതിയോ?; രാജ്യത്തിന് അത് നൽകിയതെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏർപ്പെടുത്തിയ നോട്ട് നിരോധനം ആറു വർഷം പിന്നിടുകയാണ്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500,1000 രൂപ നോട്ടുകൾ, ഒരു മുന്നറിയിപ്പും നൽകാതെ പിൻവലിച്ചത്. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ സാമ്പത്തിക ദുരന്തം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ടു. ഇതുവഴി ഇന്ത്യയിലെ മൊത്തം കറൻസിയുടെ ഏകദേശം 86 ശതമാനം (16.6 ലക്ഷം കോടി) ആണ് നിരോധിക്കപ്പെട്ടത്. ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനും ജേണലിസ്റ്റും ഗ്രന്ഥകാരനും വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ പീറ്റർ കോയിനിങ് മോദിയുടെ നോട്ട് നിരോധനത്തെ 21ാം നൂറ്റാണ്ടിലെ ധനസംബന്ധമായ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്.
കള്ളപ്പണ വേട്ട, ഭീകരവാദനിർമാർജനം തുടങ്ങിയ വ്യാജവും കപടവുമായ വായ്ത്താരികൾ ഉപയോഗിച്ചാണ് ജനങ്ങളെ അങ്ങേയറ്റം േദ്രാഹിക്കുന്ന നടപടി ആവിഷ്കരിക്കപ്പെട്ടത്. നോട്ട് നിരോധനത്തിെൻറ ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകം മുഴുക്കെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുകഴിഞ്ഞു. എന്നാൽ കള്ളപ്പണത്തെക്കുറിച്ച് നരേന്ദ്ര മോദിയും കേന്ദ്രസർക്കാറും നടത്തിയ വിമർശനങ്ങൾക്ക് ധനശാസ്ത്രജ്ഞർ ശാസ്ത്രീയമായ മറുപടി ഇനിയും പറഞ്ഞുകഴിഞ്ഞിട്ടില്ല. മാത്രമല്ല കള്ളപ്പണത്തെക്കുറിച്ച് ഭരണകൂടവും പൊതുസമൂഹവും നിലനിർത്തുന്ന അബദ്ധധാരണ തിരുത്താനുള്ള അടിസ്ഥാനപരമായ ശ്രമം നടന്നിട്ടുമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് മൊത്തം കറൻസിയുടെ ആറു ശതമാനമാണ് കള്ളപ്പണം. നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സമ്പാദിച്ചതും േസ്രാതസ്സ് വെളിപ്പെടുത്താത്തതും നികുതി അടയ്ക്കാത്തതുമായ പണത്തെയാണ് സാധാരണയായി കള്ളപ്പണം എന്ന് വിളിക്കുന്നത്. മുതലാളിത്ത മൂലധനത്തിെൻറ ആറു ശതമാനംമാത്രം വരുന്ന കള്ളപ്പണത്തെ നേരിടാൻവേണ്ടിയാണ് നോട്ട് നിരോധനം ഏർപ്പെടുത്തിയത് എന്നാണ് മോദിയുടെ അവകാശവാദം. എന്നാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത് കള്ളപ്പണക്കാരാണ് എന്ന യാഥാർഥ്യം തന്ത്രപൂർവം മറച്ചുവെക്കപ്പെട്ടു. കറൻസി വിനിമയത്തിെൻറ ഇരട്ടിയോളം വരുന്ന (32.5 ലക്ഷം കോടി) പണവും കള്ളപ്പണമാണെന്ന് 2011 ജൂലൈയിൽ സുപ്രീംകോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2012 ഫെബ്രുവരിയിൽ സി.ബി.ഐ ഡയറക്ടർ പ്രസ്താവിച്ചിരിക്കുന്നത് ഇത് 500 ബില്യൺ അമേരിക്കൻ ഡോളർ ആണെന്നാണ്. അതായത് 32.5 ലക്ഷം കോടി രൂപ.
മുതലാളിത്തവ്യവസ്ഥ തന്നെ ഒരു കള്ളപ്പണവ്യവസ്ഥയാണെന്ന് ഉറപ്പിച്ചുപറയാൻ സാമ്പത്തിക ശാസ്ത്രജ്ഞർക്ക് ഇനിയും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. മുതലാളിത്തത്തെക്കുറിച്ച് കാൾ മാർക്സ് തെൻറ വിഖ്യാത കൃതിയായ മൂലധനത്തിൽ നടത്തിയ അനന്യസാധാരണവും അഗാധവുമായ വിശകലനം എന്നത്തെക്കാളും കൂടുതൽ പ്രസക്തമായിവരുന്ന ഒരു കാലഘട്ടമാണിത്. മുതലാളിത്ത വ്യവസ്ഥതന്നെ അധിഷ്ഠിതമായിരിക്കുന്നത് നിർദയമായ ചൂഷണവ്യവസ്ഥയിലാണ്. തൊഴിലാളികളുടെ അധ്വാനശക്തിയെ നിർദയം ചൂഷണം ചെയ്തുകൊണ്ടാണ് മുതലാളിത്തം വളർന്നുവരുന്നത്. മൂലധനത്തിെൻറ വ്യാപ്തിയിലുണ്ടാകുന്ന വർധന മുതലാളികൾ തമ്മിലുള്ള മത്സരത്തെ മൂർച്ഛിപ്പിക്കുന്നതായി മാർക്സ് നിരീക്ഷിക്കുന്നു. തൊഴിലാളികൾക്കിടയിൽ പ്രവൃത്തി വിഭജനം ഏർപ്പെടുത്തിയും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും പ്രകൃതി ശക്തികളെ നഗ്നമായി ചൂഷണംചെയ്തുമാണ് കൂടുതൽ ചരക്കുകൾ നിർമിക്കുന്നത്. മുതലാളിത്ത മത്സരത്തിെൻറ അനിവാര്യഫലമായി സമ്പത്ത് ചെറുന്യൂനപക്ഷംവരുന്ന മുതലാളികളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. വിഖ്യാത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റി തെൻറ കാപ്പിറ്റലിസം ഇൻ ദ 21 സെഞ്ച്വറി എന്ന ഗ്രന്ഥത്തിൽ മാർക്സിെൻറ നിഗമനങ്ങളെ സാധൂകരിക്കുന്ന നിരീക്ഷണങ്ങളാണ് നടത്തുന്നത്. 18ാം നൂറ്റാണ്ടുമുതൽ ഇന്നുവരെ അമേരിക്കയിലും യൂറോപ്പിലും ഉണ്ടായിട്ടുള്ള മുതലാളിത്ത വികസനത്തെയാണ് തോമസ് പിക്കറ്റി പ്രശ്നവത്കരിക്കുന്നത്. ഈ കാലയളവിൽ അമേരിക്കയിലും യൂറോപ്പിലും ഭയാനകമായ രീതിയിൽ സാമ്പത്തിക അസമത്വം വർധിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം കണക്കുകൾ സഹിതം കണ്ടെത്തുന്നത്. സാമ്പത്തികാസമത്വം ഭയാനകമാംവിധം വർധിക്കുമ്പോഴും ശതകോടീശ്വരന്മാരുടെ എണ്ണം കൂടുകയല്ല, കുറയുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കണ്ടെത്തുന്നു.
അടുത്തിടെ ഒക്സ്ഫാം ഗ്രൂപ്പ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ഇന്ത്യൻ സമ്പത്തിെൻറ ആകത്തുകയുടെ 58 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈകളിലാണെന്നാണ് ഈ നിരീക്ഷണം. ഈ കണക്കനുസരിച്ച് 84 ശതകോടീശ്വരന്മാരാണ് ഇന്ത്യൻ സമ്പത്തിെൻറ 58 ശതമാനം സ്വന്തമാക്കിയിരിക്കുന്നത്. 1930 കോടി ഡോളർ സമ്പത്തുള്ള അംബാനിയും 1670 കോടി ഡോളർ സമ്പത്തുള്ള ദിലീപ് സാംഗ്വിയും 1500 കോടി ഡോളർ സ്വത്തുള്ള അസിം േപ്രംജിയും ഉൾപ്പെടുന്ന ശതകോടീശ്വരന്മാരാണ് ഇന്ത്യ എന്ന വിശാലമായ രാജ്യത്തിെൻറ സമ്പത്തിൽ ഭൂരിഭാഗവും കൈയടക്കിവെച്ചിരിക്കുന്നത്. വിജയ് മല്യ, നരേന്ദ്ര മോദിയുടെ ആത്മസുഹൃത്തായ അദാനി, അമൃതാനന്ദമയി, ശ്രീശ്രീ രവിശങ്കർ, ബാബാ രാംദേവ് തുടങ്ങിയ ശതകോടീശ്വരന്മാർ സ്വിസ് ബാങ്കിൽ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചതിനെക്കുറിച്ച് അമേരിക്കയിലെ വിക്കിലീക്സ് ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു.
ആഗോളതലത്തിൽ അമേരിക്കയുടെ സൈനിക ശേഷി അസാമാന്യമായ രീതിയിൽ വികസിപ്പിക്കാനും ലോകപൊലീസിങ് നടപ്പാക്കാനും തുടങ്ങിയതോടെ നവ ലിബറലിസം ലോകത്ത് ശക്തിപ്രാപിച്ചു. ഇതോടെ മുതലാളിത്ത രാഷ്ട്രങ്ങൾ വെൽഫെയർ രാഷ്ട്രസങ്കൽപം കൈവെടിയുകയും ജനക്ഷേമകരമായ നടപടികളിൽനിന്നും ഭരണകൂടത്തെ പിൻവലിക്കുകയും ചെയ്തു
മൂലധനം അതിെൻറ സർവാധിനിവേശത്തിെൻറ പാരമ്യതയിലാണ് ഇന്ന്. മുതലാളിത്തം പക്ഷേ, സാമ്രാജ്യത്വവും പിന്നിട്ട് സാമ്രാജ്യത്തിേൻറതായ പുതിയ യുഗത്തിലാണ്. അേൻറാണിയോ നെഗ്രി തെൻറ 'സാമ്രാജ്യം' എന്ന ഗ്രന്ഥത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. പഴയ സാമ്രാജ്യത്വ കാലത്തിലെ മുതലാളിത്തമല്ല ഇന്ന് ലോകമാകെ പ്രവർത്തിക്കുന്നത്. സാമ്രാജ്യത്വ രാജ്യങ്ങൾക്ക് ലോക രാഷ്ട്രീയത്തിൽ അതിെൻറ നിർണായക ശക്തി ഉണ്ടെങ്കിലും മുതലാളിത്തം ഇന്നും രാജ്യാതിർത്തികളെ അതിലംഘിച്ച് വ്യാപിക്കുകയാണ്. ദേശീയ ഭരണകൂടങ്ങളെ അതിജീവിക്കുന്ന ഒരു പ്രതിഭാസമായി ഇന്ന് മുതലാളിത്തം മാറിയിരിക്കുന്നു. ഇതിനർഥം ദേശീയ ഭരണകൂടങ്ങൾ അപ്രത്യക്ഷമായി എന്നല്ല. മറിച്ച് ദേശീയ ഭരണകൂടങ്ങൾക്കുമേൽ ആഗോള മൂലധനത്തിന് അതിെൻറ നിയന്ത്രണാധികാരം ലഭിച്ചു എന്നതാണ്. മൂലധനം ഇന്ന് പ്രവർത്തിക്കുന്നത് ഒരു ആഗോള പരമാധികാര ശക്തിയായിട്ടാണ്. ബി.ജെ.പി ഭരണം നടത്തുന്ന ഇന്ത്യയിലെ രാഷ്ട്രീയ കാര്യങ്ങൾപോലും നിയന്ത്രിക്കുന്നതിൽ ആഗോള മൂലധനത്തിന് കൈവന്ന നിർണായക പ്രാധാന്യം നാം തിരിച്ചറിയേണ്ടതുണ്ട്.
മൂലധനം പത്തൊമ്പതാം നൂറ്റാണ്ടിൽ ഫാക്ടറികളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നതെങ്കിൽ ഇന്ന് അത് ലോകത്തെതന്നെ ഒരു ഫാക്ടറിയാക്കി മാറ്റിയിരിക്കുന്നു. അതേസമയം മുതലാളിത്ത വികസനത്തിെൻറ മൂന്നാംഘട്ടത്തിലൂടെയാണ് നാം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. മൂലധനം സർവതിനെയും അതിെൻറ ചൂഷണയന്ത്രത്തിലേക്ക് ആഗിരണം ചെയ്യുകയാണ്. മൂലധനത്തിെൻറ അധിനിവേശ ഘടന ഇന്ന് വിപുലമാവുകയാണ്. അധിനിവേശ പ്രത്യയശാസ്ത്രം മാത്രമല്ല അധിനിവേശത്തിെൻറ മൂർത്തവും എന്നാൽ സൂക്ഷ്മവുമായ ഘടന ഒരു ഭീമൻ വലപോലെ ലോകത്തിനുമേൽ വിരിച്ചിട്ടിരിക്കുകയാണ്. അധിനിവേശ പ്രത്യയശാസ്ത്രത്തെ ഈ വലക്കുള്ളിലേക്കാണ് ലോകമുതലാളിത്തം വലിച്ചടുപ്പിച്ച് ആവാഹനം ചെയ്യുന്നത്. മൂലധനത്തിെൻറ അസാധാരണ വിസ്ഫോടനത്തിെൻറ ഫലമായി ഈ അധിനിവേശയന്ത്രം കൂടുതൽ ശക്തമാവുകയാണ്. ഈ അധിനിവേശ പ്രത്യയശാസ്ത്രത്തെ, അധിനിവേശത്തിെൻറ സർവവ്യാപിയായ ഘടനായന്ത്രത്തിലേക്കാവാഹിച്ച്, ന്യൂനപക്ഷങ്ങൾക്കും പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കുമെതിരെ ഹിംസാത്മകമായി തിരിച്ചുവിടുകയാണ്.
ആഗോളീകരണ കാലഘട്ടത്തിൽ ഫിനാൻസ് മൂലധനത്തിന് വ്യവസായ മൂലധനത്തേക്കാൾ പ്രാധാന്യം ലഭിക്കുന്നു. ഫിനാൻസ് മൂലധനത്തിെൻറ സവിശേഷതയെക്കുറിച്ച് മാർക്സ് 'മൂലധനം' മൂന്നാം വാല്യത്തിൽ വിശദീകരിക്കുന്നുണ്ട്. സ്വയം വികസിക്കാനുള്ള കഴിവ് മൂലധനത്തിനുണ്ട് എന്നാണ് മാർക്സ് നിരീക്ഷിക്കുന്നത്. ആഗോളീകരണ ഘട്ടത്തിൽ ഉൽപാദന വളർച്ചയുടെ നിരക്ക് കുറഞ്ഞു കുറഞ്ഞ് വരുന്നു. ഫിനാൻസ് മൂലധനം ലോകമെങ്ങും സ്വതന്ത്രമായി ഒഴുകുന്നു. വളർച്ച നിരക്ക് ഇടിയുന്നു. എങ്കിലും മൂലധനം അധ്വാനശക്തിയെ നോക്കുകുത്തിയാക്കി നിർത്തി പണത്തെ പുനരുൽപാദിപ്പിക്കുന്നു. ഉൗഹക്കച്ചവടം, ചൂതാട്ടം തുടങ്ങി അനേകം മാർഗങ്ങളിലൂടെ പണം ഭീമാകാരമായി വികസിക്കുന്നു. തൊഴിലാളികളുടെ സഹായം ഇല്ലാതെതന്നെ ഫിനാൻസ് മൂലധനത്തിന് പണത്തെ പുനരുൽപാദിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ഉൽപാദനവുമായി ഒരു ബന്ധവുമില്ലാത്ത മൃതമൂലധനം ലോകമെങ്ങും കുമിഞ്ഞുകൂടുന്നു. ഈ നിലയിൽ മുതലാളിത്തം ഒരു കള്ളപ്പണ വ്യവസ്ഥ തന്നെയാണ്. പ്രകൃതിവിഭവങ്ങൾ, പരിസ്ഥിതി എന്നിവയെ എല്ലാം തകർത്തെറിഞ്ഞുകൊണ്ട് മുതലാളിത്തം മൃതമൂലധനം വികസിപ്പിക്കുന്നു.
ആഗോളതലത്തിൽ അമേരിക്കയുടെ സൈനിക ശേഷി അസാമാന്യമായ രീതിയിൽ വികസിപ്പിക്കാനും ലോകപൊലീസിങ് നടപ്പാക്കാനും തുടങ്ങിയതോടെ നവ ലിബറലിസം ലോകത്ത് ശക്തിപ്രാപിച്ചു. ഇതോടെ മുതലാളിത്ത രാഷ്ട്രങ്ങൾ വെൽഫെയർ രാഷ്ട്രസങ്കൽപം കൈവെടിയുകയും ജനക്ഷേമകരമായ നടപടികളിൽനിന്നും ഭരണകൂടത്തെ പിൻവലിക്കുകയും ചെയ്തു. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽനിന്ന് ഭരണകൂടം പിറകോട്ടു വലിയാൻ തുടങ്ങി. ഈ മേഖലകളിലെ സർക്കാർ ചെലവുകൾ ഗണ്യമായി വെട്ടിക്കുറച്ചുകൊണ്ടാണ് ഇതിനു തുടക്കമിട്ടത്. ഇതിനുപകരം ജയിൽ ബജറ്റ് വർധിപ്പിച്ചും സമ്പന്നർക്ക് നികുതിയിളവുകൾ ചെയ്തുകൊടുത്തും പാവപ്പെട്ടവരെ ക്രിമിനലുകളാക്കിയും അമേരിക്കയടക്കമുള്ള മുതലാളിത്തരാഷ്ട്രങ്ങൾ അവയുടെ വർഗപരമായ മുഖം പുറത്തുകാണിച്ചു.
കെയ്നീഷ്യൻ ജനക്ഷേമരാഷ്ട്ര സങ്കൽപങ്ങൾ കൈവെടിഞ്ഞ് സ്വകാര്യവത്കരണ-ഉദാരീകരണ നടപടി ശക്തമാക്കി. സ്വതന്ത്രവിപണിയെ േപ്രാത്സാഹിപ്പിച്ചും മുതലാളിത്ത-വിപണി മത്സരം സുഗമമാക്കിയും സ്വതന്ത്രവ്യാപാരം ശക്തിപ്പെടുത്തിയും സാമ്പത്തിക നിയന്ത്രണനടപടികൾ റദ്ദുചെയ്തും പാവപ്പെട്ടവർക്കുള്ള സബ്സിഡികൾ വെട്ടിക്കുറച്ചും നവലിബറലിസം അതിെൻറ നവഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കി. പൊതുമണ്ഡലത്തെ തകർത്തുകൊണ്ടും ദാരിദ്യ്രം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ് തുടങ്ങിയ അടിസ്ഥാന സാമൂഹിക പ്രശ്നങ്ങളോട് മുഖംതിരിഞ്ഞുനിന്നുകൊണ്ടും നവലിബറൽ മുതലാളിത്തം മുന്നോട്ടുപോവുകയാണിന്ന്. ഭക്ഷ്യസുരക്ഷ, ഭക്ഷ്യവസ്തുക്കളുടെ കരുതൽ, ആരോഗ്യരക്ഷാനടപടികൾ എന്നീ വിഷയങ്ങളെല്ലാംതന്നെ നിഷ്കരുണം തമസ്കരിക്കപ്പെടുകയാണ്. പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ക്രൂരമായി കൊലചെയ്തുകൊണ്ട് കോർപറേറ്റുകൾക്ക് എവിടെയും കടന്നുവരാനും ജനങ്ങളെ അവരുടെ ജീവിതത്തിൽനിന്നും പറിച്ചെറിയാനും കഴിയുന്നു. ജലം, മണ്ണ്, അന്തരീക്ഷം ആഹാരം എന്നിവയെല്ലാം ഭയാനകമായരീതിയിൽ മലിനീകരണത്തിന് വിധേയമാവുന്നത് നവലിബറൽ ജനാധിപത്യത്തിെൻറ അഥവാ നവലിബറൽ ഫാഷിസത്തിെൻറ നിഷ്ഠുരത വെളിപ്പെടുത്തുന്നതാണ്.
അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ സാമ്രാജ്യത്വസ്ഥാപനങ്ങളുടെ സഹായത്തോടെ മൂന്നാംലോകരാഷ്ട്രങ്ങളെയെല്ലാം സാമ്രാജ്യത്വത്തിെൻറ മുഖച്ഛായയിൽ പുനർനിർമിക്കുകയാണിന്ന് ആഗോളീകരണശക്തികൾ. ഇതിെൻറയെല്ലാം ഫലമായി കൃഷിക്കാരും അധ്വാനിക്കുന്ന ജനവിഭാഗങ്ങളും കടക്കെണിയിൽ അകപ്പെടുകയും ആത്മഹത്യക്കും കൂട്ട പലായനത്തിനും വിധേയരാവുന്നു. കുടിയേറ്റക്കാരും കുടിയിറക്കപ്പെട്ടവരും കിടപ്പാടം നഷ്ടപ്പെട്ടവരും തെരുവുയാചകരും ചേരിനിവാസികളും എല്ലാം നഷ്ടപ്പെട്ട ആദിവാസികളും ഭൂരഹിതരായ ദലിതരും നാടോടികളും മറ്റു പാർശ്വവത്കൃതരുമടങ്ങുന്ന ഒരിരുണ്ട ഭൂഖണ്ഡം ലോകസമ്പന്നരുടെ മറുപുറത്തായി രൂപംകൊണ്ടിരിക്കുന്നു.
നോട്ട് നിരോധനത്തിെൻറ ആഘാതങ്ങൾ
ഇന്ന് മൂലധനം തൊഴിലാളികളുടെ അധ്വാനശക്തിയെയും പ്രകൃതിയെയും പരിസ്ഥിതിയെയും സമൂലം നശിപ്പിക്കുകയാണെന്ന് പറഞ്ഞുവല്ലോ. പ്രകൃതിക്കു മേൽ നടത്തുന്ന നിഷ്ഠുരമായ ആക്രമണത്തിെൻറയും കൊള്ളയുടെയും ഫലമായി ജീവജാലങ്ങളുടെയും മനുഷ്യെൻറയും തന്നെ നിലനിൽപ് ഒരു വെല്ലുവിളിയെ നേരിടുകയാണ്. പാരിസിൽ ചേർന്ന കാലാവസ്ഥാ സമ്മേളനം ഈ ആശങ്കകൾ സാർവദേശീയ തലത്തിൽ ചർച്ചചെയ്യുകയുണ്ടായി. വിഷമാലിന്യങ്ങളുടെ പ്രയോഗം പരിസ്ഥിതിയെ അതിഗുരുതരമായി ബാധിക്കുന്നു. കായലുകൾ, നദികൾ, കാട്ടരുവികൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങി കടലുകൾ വരെ ഇന്ന് അപകടഭീഷണിയിലാണ്. വിഷവാതകങ്ങളും മറ്റു വിഷമാലിന്യങ്ങളും കടലുകളെപ്പോലും വെറുതെ വിടുന്നില്ല. ആവാസവ്യവസ്ഥ അതിഗുരുതരമായ വെല്ലുവിളിയെ നേരിടുന്നു. രാസമാലിന്യങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മാരകമായ രോഗങ്ങൾക്ക് വഴിതെളിക്കുന്നു. ഋതുഭേദങ്ങളുടെ സ്വാഭാവിക താളം പോലും താറുമാറായിരിക്കുന്നു. ആഗോളതാപനം അതിെൻറ പാരമ്യതയിലാണ്. ജലേസ്രാതസ്സുകൾ വറ്റി വരണ്ടതോടെ മനുഷ്യരും ജീവജാലങ്ങളും മരിച്ചുവീഴുന്നു. കൃഷിനാശത്തിെൻറ ഫലമായി ദുരിതം വ്യാപിക്കുകയാണ്. മുതലാളിത്ത വികസന മാതൃകകളും മൂലധനത്തിെൻറ ആസക്തികളും മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റിക്കഴിഞ്ഞു. ആദിവാസികൾ, ദലിതർ തുടങ്ങിയ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ വംശഹത്യക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ലോകമൊട്ടെങ്ങും വംശീയജനവിഭാഗങ്ങളും ഗോത്രവർഗങ്ങളും ഭവനരഹിതരും ഭൂരഹിതരും സ്ത്രീകളും തൊഴിലില്ലാത്തവരും നാടോടികളും മറ്റു ദരിദ്രജനവിഭാഗങ്ങളും നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. ലോകവ്യാപകമായി നേരിടുന്ന ഭക്ഷ്യദാരിദ്ര്യം അടിസ്ഥാന ജനവിഭാഗങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നത്. ഭക്ഷ്യധാന്യ ഉൽപാദന രംഗത്ത് ഇന്ന് വലിയൊരു മാന്ദ്യമാണ് നിലനിൽക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വർധിക്കുകയാണ്. ഇന്ത്യയിലും ചൈനയിലും ജനസംഖ്യയെ മൊത്തത്തിലെടുത്താൽ ഭക്ഷ്യധാന്യ ഉൽപാദനം ഗണ്യമായി കുറഞ്ഞിരിക്കുന്നത് കാണാം.
സാമ്പത്തിക വിദഗ്ധർ ഇന്ത്യയിലും ചൈനയിലും സാമ്പത്തിക വളർച്ച ഉണ്ടായി എന്ന് അവകാശപ്പെടുമ്പോഴും ജനങ്ങളുടെ ദാരിദ്ര്യം വർധിച്ചുവരുകയാണ്. ധനമൂലധനം സർക്കാറിെൻറ എല്ലാ ക്ഷേമപദ്ധതികളെയും അട്ടിമറിക്കുന്ന രീതിയിൽ ശക്തി പ്രാപിക്കുകയാണ്. ഭരണകൂടം ജനക്ഷേമ പദ്ധതികളിൽനിന്നെല്ലാം പിൻവാങ്ങുകയാണ്. ഗ്രാമപ്രദേശങ്ങളിലെ വികസന പദ്ധതികൾ, ദരിദ്രർക്കുവേണ്ട ചെലവുകൾ, കാർഷിക പദ്ധതികൾ, പൊതു ആരോഗ്യം, പൊതു വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽനിന്നെല്ലാം ഭരണകൂടം പിൻവലിയുകയാണ്. തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കുകയാണ്. ഗ്രാമീണ സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. ആഭ്യന്തര ഉൽപാദനം മുരടിക്കുകയാണ്. എന്നാൽ മറുഭാഗത്ത് ശതകോടീശ്വരന്മാരും അവരുമായി മെരുങ്ങി കഴിയുന്ന മധ്യവർഗവും സുഖസുഭിക്ഷമായ ജീവിതത്തിൽ ആറാടുകയാണ്. ചെറുകിട വ്യവസായ മേഖലകളും കുടിൽവ്യവസായങ്ങളും പരമ്പരാഗത വ്യവസായങ്ങളും വൻ തകർച്ചയെ നേരിടുകയാണ്. ഈ ഘട്ടത്തിലാണ് നരേന്ദ്ര മോദി ഇന്ത്യൻ ജനകോടികളുടെ മേൽ ഒരുവിധ തത്ത്വദീക്ഷയുമില്ലാതെ നോട്ട് നിരോധനം അടിച്ചേൽപിക്കുന്നത്.
ധനമൂലധനത്തിെൻറ അടിസ്ഥാന സവിശേഷത അതിെൻറ നിയന്ത്രണരഹിതമായ ഒഴുക്കാണ്. അതുപോലെതന്നെ ഉൽപാദനാധിഷ്ഠിതമല്ലാത്ത അതിെൻറ പുനരുൽപാദനം നമ്മുടെ സമ്പദ്വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്നു. പ്രകൃതിവിഭവങ്ങളും പരിസ്ഥിതിയും മനുഷ്യരുടെ അധ്വാനശക്തിയും ഉൾപ്പെട്ട അമൂല്യമായ യഥാർഥ സമ്പത്തിനു പകരം പണത്തെ സമ്പത്തായി മൂലധനം പ്രതിഷ്ഠിക്കുന്നു. അറ്റമില്ലാത്ത ആർത്തിയുടെയും ആസക്തിയുടെയും പ്രതീകമായി മുതലാളിത്ത കാലഘട്ടത്തിൽ പണം മാറുന്നു. അങ്ങനെ യഥാർഥ സമ്പത്തിനെ വിറ്റഴിച്ച് പണം കുന്നുകൂട്ടുന്ന പ്രക്രിയയായി ലോകം മുഴുവൻ വ്യാപിക്കുന്നു. ഇതിനെയാണ് മുതലാളിത്ത വികസനം എന്ന് വിളിക്കുന്നത്. സാധാരണ ജനങ്ങൾ ദുരിതജീവിതത്തിെൻറ നരകക്കയത്തിൽ വീണുപിടയുമ്പോൾ ഒരുപിടി ശതകോടീശ്വരന്മാരും അവരുടെ കാവലാളുകളായ മധ്യവർഗവും ആർഭാട ജീവിതം നയിക്കുകയാണ്. ഇവിടെയാണ് മുതലാളിത്തത്തിെൻറ ആധുനിക സ്വഭാവത്തെ നാം വിലയിരുത്തേണ്ടത്. ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാൻ വേണ്ട സാഹചര്യങ്ങൾപോലും ഇവിടെ ഇല്ലാതിരിക്കെ ഒരു പണരഹിത സമ്പദ്വ്യവസ്ഥ പടുത്തുയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്.
മുതലാളിത്തമെന്നത് ധനമൂലധനത്തിെൻറ സർവവ്യാപിയായ തേരോട്ടമാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ മുതലാളിത്തം മിച്ചമൂല്യം കവർന്നെടുക്കുന്നതിനെപറ്റി മാർക്സ് സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. തൊഴിലാളികളുടെ അധ്വാനശക്തിയെ ചൂഷണം ചെയ്തുകൊണ്ടാണ് മുതലാളി മിച്ചമൂല്യം കുന്നുകൂട്ടുന്നത്. തൊഴിലാളിക്ക് ലഭിക്കുന്ന കൂലിയുടെ ഇരട്ടിയാണ് സാമാന്യതലത്തിൽ മുതലാളി കൈക്കലാക്കുന്നത്. എന്നാൽ ധനമൂലധന കാലഘട്ടത്തിൽ പക്ഷേ, മാർക്സിെൻറ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് മുതലാളിത്തം മിച്ചമൂല്യം നിയന്ത്രണരഹിതമായും അനന്തമായും ഉൽപാദിപ്പിക്കപ്പെടുകയാണ്. തൊഴിലാളികളുടെ അധ്വാനശക്തി ഉപയോഗിച്ചും ഉപയോഗിക്കാതെയും ചൂതാട്ടത്തിലൂടെയും കൊള്ളപ്പലിശയിലൂടെയും മുതലാളിത്തം പുനരുൽപാദിപ്പിക്കുന്ന അധികമൂല്യം ആരെയും അമ്പരപ്പിക്കുംവിധം ഭീമാകാരമാണ്. ഇന്ത്യയിലെ ശതകോടീശ്വരന്മാർ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ആകെ തന്നെ ദുർബലമാക്കിയിരിക്കുകയാണ്. ധനമൂലധനത്തിെൻറ ആസുരമായ കാലഘട്ടത്തിൽ മുതലാളിത്തം ചങ്ങാത്ത മുതലാളിത്തമായി വികാസംപ്രാപിച്ചുകൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കളും ദല്ലാളന്മാരും വ്യാപാരികളും എല്ലാമടങ്ങുന്ന ഒരു ബൃഹത് ശൃംഖലയാണ് ചങ്ങാത്ത മുതലാളിത്തം. ഈ ചങ്ങാത്ത മുതലാളിത്തത്തിൻകീഴിൽ മൂലധനം നടത്തുന്ന ഓപറേഷൻ തന്നെയാണ് രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നിർണയിക്കുന്നത്. അധോലോക പ്രവർത്തനങ്ങളിലൂടെയാണ് ധനമൂലധനം ഇന്ന് വികസിക്കുന്നത്. രാഷ്ട്രീയ പ്രവർത്തനം, സാംസ്കാരിക പ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം, കല, മാധ്യമ പ്രവർത്തനം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് ചങ്ങാത്ത മുതലാളിത്തമാണ്.
വികസനത്തിെൻറ പേരിൽ ഭൂമി, വനം, മണ്ണ്, ജലം, കായൽ, നദി, തണ്ണീർതടങ്ങൾ, സമുദ്രതീരങ്ങൾ എല്ലാംതന്നെ നശിപ്പിക്കപ്പെടുകയാണെന്ന് സൂചിപ്പിച്ചുവല്ലോ. ലക്ഷക്കണക്കിനു ജനങ്ങൾ അവരുടെ ആവാസ ഭൂമികളിൽനിന്ന് പിഴുതെറിയപ്പെടുകയാണ്. ആഗോള സാമ്പത്തിക കുഴപ്പത്തിെൻറ പ്രത്യാഘാതങ്ങൾ ജീവിതത്തിെൻറ സർവമേഖലകളിലും അർബുദംപോലെ പിടിമുറുക്കിയിരിക്കുന്നു. ആയിരക്കണക്കിന് കർഷകർ വർഷം പ്രതി ആത്മഹത്യ ചെയ്യപ്പെടുന്നു. ഇതിനു പുറമെ വംശഹത്യകൾ പെരുകുന്നു. ഇതെല്ലാം സ്വാഭാവികമായി നടക്കുകയല്ല. മൂലധനത്തിെൻറ സർവാധികാരം ആണ് ഇത് ചെയ്യുന്നത്. കൊളോണിയൽ കാലഘട്ടത്തിൽ ബ്രിട്ടീഷ് വ്യവസായ നയം എങ്ങെനയാണ് ഇന്ത്യയുടെ പരമ്പരാഗത സമ്പദ്മേഖലയെ തകർത്തെറിഞ്ഞത് എന്ന് നമുക്കറിയാം. മൂലധനം ലാഭത്തിനുമാത്രമാണ് പ്രാധാന്യം കൊടുക്കുന്നത്. റൊക്കം പൈസ ഒഴികെ മറ്റൊന്നിനും അത് പരിഗണന കൽപ്പിക്കുന്നില്ല എന്ന് മാർക്സ് പറഞ്ഞതോർക്കുക. മൂലധനം ദ്രവമായതിനെയെല്ലാം ഖരമാക്കുകയും ഖരമായതിനെയെല്ലാം ദ്രവമാക്കുകയും ചെയ്യുന്നു. അത് സ്വന്തം പ്രതിച്ഛായയിൽ ലോകത്തെ പുനഃസൃഷ്ടിക്കുന്നു. ആർത്തിപൂണ്ട് ലാഭത്തിനുവേണ്ടി അത് ലോകം മുഴുവൻ പരക്കം പായുന്നു. മനുഷ്യബന്ധങ്ങൾക്ക് അത് പുല്ലിെൻറ വിലപോലും കൽപ്പിക്കുന്നില്ല. സാംസ്കാരിക പ്രവർത്തകരെയും എഴുത്തുകാരെയും മാധ്യമപ്രവർത്തകരെയും അധ്യാപകരെയും എന്നുവേണ്ട സമൂഹത്തിെൻറ എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവരെയും അത് അപമാനവീകരണത്തിന് വിധേയമാക്കുന്നു. ധനമൂലധനം ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടാണ് ലാഭത്തെ പുനരുൽപാദിപ്പിക്കുന്നത്. കൊള്ളപ്പലിശക്കാരുടെയും കഴുത്തറുപ്പൻ ബാങ്കർമാരുടെയും അവരുടെ കങ്കാണിമാരുടെയും ഗുണ്ടകളുടെയും മർദനങ്ങളും പീഡനങ്ങളും സഹിച്ച് അനേകായിരങ്ങൾ ആത്മഹത്യ ചെയ്യപ്പെടുന്നു, കൊല ചെയ്യപ്പെടുന്നു. ഇഞ്ചിഞ്ചായി മരണം വരിക്കുന്നു. അനേക ലക്ഷം ജനങ്ങളെ ചോരയിലൂടെയും കണ്ണീരിലൂടെയും കഷ്ടപ്പാടിലൂടെയും വലിച്ചിഴക്കാതെ മുതലാളിത്തത്തിന് ഒരിക്കലും മിച്ചമൂല്യം കുന്നുകൂട്ടാൻ ആകുകയില്ല. അതുകൊണ്ട് അടിസ്ഥാനപരമായി മുതലാളിത്തമെന്നാൽ അത് കവർച്ചയാണ്. പലിശയും മുതലും കൊടുക്കാനാവാതെ സ്വന്തം കിടപ്പാടം മുതലാളിക്ക് തീറെഴുതി തെരുവിലേക്ക് ഇറങ്ങിപ്പോകുന്ന അനേകായിരങ്ങളുടെ ഇരുണ്ട ജീവിതത്തിന് മുകളിലാണ് മുതലാളിത്തം അതിെൻറ വർണ പൊങ്കാലകൾ ആഘോഷിക്കുന്നത്.
മുതലാളിത്തം ചരിത്രത്തിൽ നടത്തിയിട്ടുള്ളതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ഭയാനകമായ പ്രവൃത്തികളെ എത്രമാത്രം വിസ്മരിക്കാൻ ശ്രമിച്ചാലും അത് അസാധ്യമാക്കുംവിധം ഭീകരമായി അത് ചരിത്രത്തിൽ മുദ്രണംചെയ്യപ്പെട്ടിരിക്കുന്നു. നഗരജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ന് ജീവിക്കുന്നത് ചേരികളിലാണ്. Planet of slums എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ മൈക്ക് ഡേവിസ് ലോകമെങ്ങുമുള്ള ചേരിനിവാസികളുടെ ജീവിതത്തെ കുറിച്ച് വിശദീകരിക്കുന്നു. അമേരിക്ക അടക്കമുള്ള ലോകത്തിലെ സമ്പന്നരാജ്യങ്ങളിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഭവനരഹിതരായി ജീവിക്കുന്നു. ദിവസങ്ങളോളം ഉറക്കം ലഭിക്കാത്ത ഈ ചേരിനിവാസികൾ പാതിരാവുകളിൽ നടത്തുന്ന അലർച്ചകൾ ഭയാനകവും അതേസമയം ദാരുണവുമാണ്. ലോകത്തിൽ സാമ്പത്തികവും സാമൂഹികവുമായ ഒരു അഗാധഗർത്തം തന്നെ മുതലാളിത്തം സൃഷ്ടിച്ചിരിക്കുന്നു. സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തിെൻറ ഗർത്തമാണത്. ഈ ഗർത്തം അനുദിനം വികസിച്ചുവരുകയാണ്. ധനമുതലാളിത്തത്തിെൻറ ഭ്രാന്തമായ പരക്കംപാച്ചിലാണ് ഈ അസമത്വം സൃഷ്ടിക്കുന്നത്. വികസനത്തിെൻറ പേരിൽ മൂലധനം കേന്ദ്രീകരിക്കുകയും മിച്ചമൂല്യം കുന്നുകൂട്ടുകയും അവസാനം ജനകോടികളെ അവരുടെ ജീവിതമേഖലകളിൽനിന്നും പിഴുതെറിയുകയും ചെയ്യുക എന്നതാണ് മുതലാളിത്ത വികസനത്തിെൻറ അന്തിമഫലം. ഇന്ന് വികസനത്തിന് മുൻപ് തന്നെ ജനങ്ങൾ തെരുവാധാരമാകുന്നു. അണക്കെട്ടുകളുടെ നിർമാണം, വൻകിട വൈദ്യുതി പദ്ധതികൾ, തുറമുഖ നിർമാണം, എയർപോർട്ട് നിർമാണം, സ്പെഷൽ സാമ്പത്തിക മേഖലകൾ, ആണവപദ്ധതികൾ തുടങ്ങി ധനമൂലധനം പടച്ചുവിടുന്ന വികസനപദ്ധതികൾ അനേകകോടി ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്നു. ധനമൂലധനത്തിെൻറ ദുരന്തഗ്രസ്തമായ വികസന പ്രവർത്തനങ്ങൾ ദരിദ്രജനതയെ ജീവിതത്തിൽനിന്ന് പറിച്ചെറിയുകയും ഇതര ജനവിഭാഗങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രക്രിയയാണ്. നവ ലിബറൽ നയങ്ങൾ മൂന്നാം ലോകരാഷ്ട്രങ്ങളുടെ മേൽ അടിച്ചേൽപിച്ചതിെൻറ പ്രത്യാഘാതങ്ങൾ ഈ അവസരത്തിൽ സ്മരണീയമാണ്. മൂന്നാം ലോക രാജ്യങ്ങൾ വികസിത മുതലാളിത്ത രാജ്യങ്ങളുടെ കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് അടിപ്പെടുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ ദിനംപ്രതി തൊഴിൽരഹിതരാകുന്നു. കിടപ്പാടം നഷ്ടപ്പെട്ട ജനലക്ഷങ്ങൾ അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നു. മതിയായ രേഖകളില്ലാത്തതിനാൽ അവരിൽ പലരും അന്യരാജ്യങ്ങളിലെ ജയിലറകളിൽ കഴിയേണ്ടിവരുന്നു.
ഇതാണ് ധനമുതലാളിത്തത്തിെൻറ സമാനതകളില്ലാത്ത കൊള്ളകൾ. ടൂറിസം വികസനത്തിെൻറയും ബുള്ളറ്റ് െട്രയിനുകളുടെയും ഹൈടെക് വികസനത്തിെൻറയും ഡിജിറ്റൽ വിപ്ലവത്തിെൻറയും ഇരകളാകുന്നത് ലോകത്തിലെ സാധാരണക്കാരായ ജനങ്ങളാണ്. ദരിദ്രരായ ഈ ജനസാമാന്യത്തെ ഭൂമിയിൽനിന്നും നിഷ്കാസനം ചെയ്യാൻ വേണ്ടി ധനമുതലാളിത്തം നടത്തുന്ന പ്രവൃത്തികളോളം കിരാതമായ മറ്റൊന്നും ചരിത്രത്തിലില്ല. ജനകോടികളെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഭീകരകൃത്യമാണിത്. ഈ യാഥാർഥ്യം മറച്ചുപിടിക്കാൻ വേണ്ടി നവലിബറലിസത്തിെൻറ വക്താക്കൾ പലതരം പൊയ്മുഖങ്ങളുമുപയോഗിക്കുന്നു. ഉദാരീകരണം, ലിബറൽ ജനാധിപത്യം, വികസനം, സാർവദേശീയ സാഹോദര്യം, ഭീകരവാദ നിർമാർജനം എന്നിവയാണവ.
അമേരിക്കൻ ചാരപദ്ധതി
മോദി 2016 നവംബർ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനം പലരും കരുതുന്നതുപോലെ ഒരു രഹസ്യമായിരുന്നില്ല. ഇത് വളരെ ജാഗ്രതയോടെ സൂക്ഷിക്കപ്പെട്ട ഒരു തുറന്ന രഹസ്യമായിരുന്നു എന്നാണ് ജർമൻ ധനശാസ്ത്രജ്ഞനായ ഡോ. നോർബർട്ട് ഹേറിങ് പറയുന്നത്. 2012ൽ മദ്രാസ് ഹൈകോടതി റിസർവ് ബാങ്കിന് ഒരു നിർദേശം നൽകിയിട്ടുണ്ട്. 500െൻറയും 1000െൻറയും നോട്ടുകൾ പിൻവലിക്കാനുള്ള നിർദേശമാണിത്. ഒരുപക്ഷേ ഇതായിരിക്കും നോട്ട് നിരോധനത്തെക്കുറിച്ചുള്ള ഇന്ത്യയിൽ ലഭ്യമായ ആദ്യത്തെ വിവരം. പല ഇംഗ്ലീഷ് പത്രങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014ൽ ഹിന്ദു പത്രത്തിെൻറ ബിസിനസ് ലൈനിൽ നോട്ട് നിരോധിക്കപ്പെടുന്നതിനെക്കുറിച്ച് വാർത്തയുണ്ട്. നോർബർട്ട് ഹേറിങ്ങിെൻറ ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അമേരിക്കൻ ചാരപദ്ധതിയുടെ ചുരുളുകൾ നിവർത്തുന്നതാണ്. അമേരിക്കയിലെ വികസന ഏജൻസിയായ ഉസൈദ് ആണ് ഇന്ത്യയെ പണരഹിത സമ്പദ്വ്യവസ്ഥ ആക്കാനുള്ള പദ്ധതിക്ക് രൂപംകൊടുത്തത്. അലോക് ഗുപ്ത ആണ് ഉസൈദിെൻറ ചീഫ് ഓപറേറ്റിങ് ഓഫിസർ. 2016ലാണ് ഉസൈദ് അതിെൻറ ഡിജിറ്റൽ ഓപറേഷൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. എന്നാൽ ഇതിനുവേണ്ടുന്ന അധുനാതന സാങ്കേതികവിദ്യ 2012ൽ തന്നെ ആവിഷ്കരിക്കപ്പെടുന്നുണ്ട്.
വാഷിങ്ടൺ ആണ് ഇന്ത്യയിലെ നോട്ട് നിരോധനപദ്ധതിയുടെ പിറകിൽ പ്രവർത്തിച്ച ഗൂഢശക്തിയെന്ന് ഡോ. നോർബർട്ട് ഹേറിങ് നിരവധി തവണ വെളിപ്പെടുത്തി കഴിഞ്ഞു. അദ്ദേഹം ജർമൻ ബിസിനസ് ജേണലിസ്റ്റാണ്. Gates Foundation (Microsoft), Master Card Foundation എന്നീ സ്ഥാപനങ്ങളാണ് അമേരിക്കയുടെ ഡിജിറ്റൽ ഓപറേഷെൻറ പിറകിൽ പ്രവർത്തിക്കുന്നത്. ഇത്തരമൊരു പദ്ധതിയുടെ ആസൂത്രകരിൽ ഒരാളാണ് രഘുറാം രാജൻ. റിസർവ് ബാങ്ക് ഇന്ത്യയുടെ മുൻ ഗവർണറായ അദ്ദേഹം നോട്ട് നിരോധനത്തിനെതിരായിരുന്നു എന്ന ഒരു വ്യാജപ്രചാരണം നിലവിലുണ്ട്. അമേരിക്കൻ ഫിനാൻസ് അസോസിയേഷെൻറ പ്രസിഡൻറായിരുന്നു അദ്ദേഹം. അമേരിക്കക്ക് അദ്ദേഹം നൽകിയിട്ടുള്ള ധനകാര്യസംബന്ധമായ സംഭാവനകൾക്ക് പ്രതിഫലമായി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയുടെ ഡിജിറ്റൽ ഓപറേഷെൻറ വിവരങ്ങൾ അറിയുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരിൽ പ്രമുഖനാണ് രഘുറാം രാജൻ.
ആഗോളതലത്തിൽ ഐ.ടി ബിസിനസിലൂടെയും ആധുനിക ബാങ്കിങ് സംവിധാനത്തിലൂടെയും അമേരിക്കയുടെ കോർപറേറ്റ് പദ്ധതികൾ നടപ്പാക്കാൻ വേണ്ടിയാണ് ഉസൈദ് കാഷ്ലെസ് ഇക്കോണമി എന്ന പദ്ധതിക്ക് രൂപം കൊടുത്തത്. ഇതിെൻറ ഒരു പ്രധാനപ്പെട്ട ഇര ഇന്ത്യയാവണമെന്നത് അവർ ലക്ഷ്യമിട്ടിരുന്നു. ഈ ലക്ഷ്യമാണ് ഔദ്യോഗികമായി നരേന്ദ്ര മോദിയിലൂടെ സഫലമാകുന്നത്. എന്നാൽ നരേന്ദ്ര മോദിയുടെ ആത്മനിഷ്ഠവും അസംബന്ധപരവുമായ ഒരു പ്രവൃത്തിയായിട്ടാണ് നല്ലൊരു വിഭാഗം ആളുകളും ഇപ്പോഴും നോട്ട് നിരോധനത്തെ വിലയിരുത്തുന്നത്. അമർത്ത്യസെൻ അടക്കമുള്ള ധനശാസ്ത്രജ്ഞർക്ക് ഇനിയും നോട്ട് നിരോധനത്തിനു പിറകിൽ പ്രവർത്തിച്ച അമേരിക്കൻ ലക്ഷ്യങ്ങൾ മനസ്സിലായിട്ടില്ല. ആഗോളതലത്തിൽ അമേരിക്കയുടെ ധനതാൽപര്യങ്ങൾ ഉറപ്പിക്കുക എന്നതാണ് ഇതിെൻറ പ്രധാന ഉദ്ദേശ്യം. പണത്തിെൻറ വിനിമയത്തിന് പകരം അമേരിക്കൻ കമ്പനികളിലൂടെ അടിച്ചിറക്കുന്ന കാർഡുകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ വിനിമയം രണ്ടു തരത്തിലാണ് അമേരിക്കയെ സഹായിക്കുന്നത്. ഒന്നാമത് അമേരിക്കയുടെ ധനകാര്യ താൽപര്യത്തിന് ഇതര രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങളെ വിശേഷിച്ചും ബാങ്കുകളെ കീഴ്പ്പെടുത്തുക. അതോടൊപ്പം ഇതര രാജ്യങ്ങളിലെ ധനകാര്യസ്ഥാപനങ്ങളെ സൂക്ഷ്മനിരീക്ഷണത്തിനും പരിശോധനക്കും വിധേയമാക്കുക. ഇതിനെല്ലാത്തിനുമുപരി അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ബിസിനസാണ്. നേരത്തേ പറഞ്ഞതുപോലെ ആധാർ പദ്ധതിയിലൂടെ അമേരിക്ക നേടിയെടുത്തത് കോടിക്കണക്കിന് ഡോളറാണ്. ഇനിയും ചിരകാലം അവർ ആധാർ പദ്ധതിയിലൂടെ കോടികൾ കൊയ്തെടുക്കും. കാരണം, ആധാർ കാർഡുകൾ നിർമിക്കുന്നതിെൻറയും ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിെൻറയും അത് തരംതിരിക്കുന്നതിെൻറയും പരിശോധിക്കുന്നതിെൻറയും നിരീക്ഷിക്കുന്നതിെൻറയും സൂക്ഷിക്കുന്നതിെൻറയും സൂക്ഷ്മ വിവരങ്ങൾ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക താൽപര്യങ്ങൾക്കനുസൃതമായി കൈമാറ്റം ചെയ്യപ്പെടുന്നതിെൻറയും പരിപൂർണ നിയന്ത്രണം അമേരിക്കയുടെ മാതൃസ്ഥാപനങ്ങൾക്കായിരിക്കും. ഇതുപോലെതന്നെയാണ് കാഷ്ലെസ് പദ്ധതിയുടെയും സ്ഥിതി. പണരഹിതമായ വിനിമയങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന കാർഡുകളെല്ലാം തന്നെ നിർമിക്കപ്പെടുന്നത് അമേരിക്കയിലാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വ്യവസായമാണിത്. ഇന്ത്യയിലെ പൊതുബാങ്കുകളെയെല്ലാം തന്നെ സ്വകാര്യവത്കരിക്കുന്നതിലൂടെ മാത്രമേ അമേരിക്കൻ കോർപറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. അനൗപചാരികമായ സമ്പദ്വ്യവസ്ഥകളും പണകേന്ദ്രിതമായ സമ്പദ്വ്യവസ്ഥയും മുച്ചൂടും നശിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ കാർഡ് നിർമാണ വ്യവസായമാണ് അമേരിക്കയിൽ ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിെൻറ താൽപര്യങ്ങൾ വള്ളിപുള്ളിവിടാതെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിനീതവിധേയനായ ഒരു ദല്ലാൾ മാത്രമാണ് നരേന്ദ്ര മോദി.
കാഷ്ലെസ് വിനിമയം
പണരഹിതമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള അമേരിക്കൻ-ഇന്ത്യൻ കോർപറേറ്റ് സംയുക്ത പദ്ധതി വലിയ തീവെട്ടിക്കൊള്ളക്കുള്ള തയാറെടുപ്പാണ്. ഇന്ത്യയിലാകെ 125 കോടി ജനങ്ങളുടെ ഒരു വർഷത്തെ ശരാശരി വരുമാനം ഒരുലക്ഷം രൂപയാണ്. അങ്ങനെവരുമ്പോൾ ഒരാളുടെ ഒരുദിവസത്തെ ശരാശരി വരുമാനം 275 രൂപയാണ്. ഈ ശരാശരി വരുമാനത്തിൽ 10 ശതമാനം ആ വ്യക്തി സമ്പാദിക്കുന്നു എന്ന് കരുതുക. അപ്പോൾ ഒരു ദിവസം 25 രൂപ സമ്പാദിക്കുന്നു. ഇന്ത്യയിലാകെ 90 ശതമാനം ജനങ്ങളാണ് പണം വിനിമയത്തിനുവേണ്ടി ഉപയോഗിക്കുന്നത്. 112 കോടി ജനങ്ങൾ 250 രൂപ വീതം ശരാശരി ഒരു ദിനം ചെലവിടുന്നു. അതായത് 28,000 കോടി. അങ്ങനെ വരുമ്പോൾ 28,000 കോടി രൂപയുടെ ഒരു ശതമാനം െക്രഡിറ്റ് ആൻഡ് ഡെബിറ്റ് കാർഡ് നിർമാതാക്കൾ തങ്ങളുടെ സേവനത്തിനുള്ള സർചാർജായി ഈടാക്കുന്നു. ഒരു ദിവസം 280 കോടി രൂപ. ഒാരോ വർഷവും ഒരു ലക്ഷം കോടി രൂപ കാഷ്ലെസ് പദ്ധതിയിലൂടെ അമേരിക്കൻ കോർപറേറ്റ് കമ്പനിയിലേക്ക് ഒഴുകുന്നു. ഇതാണ് മോദിയുടെ ഡിജിറ്റൽ ഇേക്കാണമിയുടെ രഹസ്യം.
ഇന്ത്യൻ ഭരണകൂടവും അമേരിക്കൻ കോർപറേറ്റുകളും തമ്മിൽ രഹസ്യധാരണയിലൂടെ ഉണ്ടാക്കിയ നോട്ട് നിരോധനത്തിെൻറ ഈ വെളിവാകപ്പെട്ട രഹസ്യങ്ങൾ അതീവ ഗൗരവത്തോടെ ചർച്ചചെയ്യപ്പെടേണ്ടതാണ്. ധാരാളം അമേരിക്കൻ കമ്പനികൾ ഈ നിഗൂഢപദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. Better than Cash Foundation (BTCA), ഇതിൽ ഒരു പ്രധാന കണ്ണിയാണ്. അമേരിക്കൻ കമ്പനികളുമായി എല്ലാവിധ ചർച്ചകളും നടത്തി പൂർണമായ തയാറെടുപ്പോടുകൂടിയാണ് മോദി തെൻറ ഈ തീവെട്ടിക്കൊള്ളയുടെ സാക്ഷാത്കാരത്തിനായുള്ള നോട്ട് നിരോധനപ്രഖ്യാപനം നടത്തുന്നത്. മോദി പതിവിനു വിപരീതമായ രീതിയിൽ നടത്തിയ അമേരിക്കൻ സന്ദർശനങ്ങളുടെ നിഗൂഢത ഇതിനോടു ചേർത്തുവായിക്കണം. പക്ഷേ, നിർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സന്ദർശനങ്ങളെ ഒന്നും തന്നെ ഗൗരവപൂർവം വിലയിരുത്താൻ രാഷ്ട്രീയ കക്ഷികൾക്കോ, മാധ്യമങ്ങൾക്കോ കഴിഞ്ഞില്ല. അദാനി, നിലേക്കനി തുടങ്ങിയ ശതകോടീശ്വരന്മാർ മോദിയുടെ നോട്ട് നിരോധന പദ്ധതികൾക്കുവേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. നോട്ട് നിരോധനത്തിലൂടെ അംബാനിക്ക് മറ്റൊരു പ്രധാനലക്ഷ്യം നേടിയെടുക്കാനുണ്ടായിരുന്നു. ഓൺ ലൈൻ പേമെൻറ് പ്ലാറ്റ്ഫോമിെൻറ ഉടമയാണ് അദാനി. ഇത്തരത്തിൽ ഇന്ത്യയുടെ പരമാധികാരം സ്വാതന്ത്ര്യവും ജനങ്ങളുടെ ജീവിതവും ഭദ്രമാക്കാൻ ചുമതലപ്പെടുത്തപ്പെട്ട ഭരണകൂടം തന്നെ ഇതിനെയെല്ലാം തുരങ്കം വെക്കുന്ന ചാരപദ്ധതിക്ക് കൂട്ടുനിൽക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇനി വരാനിരിക്കുന്നത് നെഗറ്റീവ് ഇൻററസ്റ്റിെൻറ കാലഘട്ടമാണെന്ന ഒരു ചർച്ച ബിസിനസ് രംഗത്ത് നടക്കുന്നുണ്ട്. അതായത് ജനം ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ബാങ്ക് ജനങ്ങൾക്ക് പലിശ കൊടുക്കുന്നതിനുപകരം ജനങ്ങൾ ബാങ്കിന് പലിശ കൊടുക്കുന്ന ഒരവസ്ഥ സങ്കൽപ്പിച്ചുനോക്കുക. പലപ്പോഴും യൂറോപ്പിൽ ഇത് സംഭവിച്ചിട്ടുണ്ട്. ബാങ്ക് പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണിത്. നെഗറ്റീവ് പലിശ ബാങ്ക് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പല രാജ്യങ്ങളിലും പ്രയോഗത്തിൽ വന്നിട്ടുണ്ട്. ഇത്തരമൊരു അവസ്ഥയുടെ സാധ്യത ഇന്ത്യയിൽ തള്ളിക്കളയാനാകില്ല. ജനങ്ങളുടെ സമ്പാദ്യം പിൻവലിക്കാനുള്ള അവകാശം ഇന്ത്യയിലല്ലാതെ ലോകത്തൊരിടത്തും ഇല്ലാതാക്കിയിട്ടില്ല. അതുപോലെതന്നെ പിൻവലിക്കുന്ന പണത്തിന് പരിധി നിശ്ചയിക്കുക തുടങ്ങിയ വഷളൻ നടപടി മോദി ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ലോക സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന കോർപറേറ്റുകൾ ബാങ്കിങ് രംഗത്ത് ഇത്തരത്തിലുള്ള ക്രൂരമായ പരീക്ഷണങ്ങൾ നടപ്പാക്കും.
മേൽപ്പറഞ്ഞ പരീക്ഷണങ്ങളിലൊന്നാണ് ഐസ് 9 സൊല്യൂഷൻ. എന്താണ് ഐസ് 9 പരിപാടി? ബാങ്കുകളിലെ പണം ജനങ്ങൾക്കിടയിലേക്ക് പുനർവിതരണം ചെയ്യുന്നതിനുപകരം അതിനെയെല്ലാം മരവിപ്പിച്ചു നിർത്തുക. ബാങ്കുകളും എ.ടി.എമ്മുകളും സ്തംഭിപ്പിക്കുക. ഇത്തരം പദ്ധതികൾ ഇനിയും പരീക്ഷിക്കാനാണ് കോർപറേറ്റ് ശക്തികൾ ഇനിയും ശ്രമിക്കുന്നത്.
ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങൾ മുതൽ സാധാരണ കർഷകർ, തൊഴിലാളികൾ എന്നിവർ ഉൾപ്പെട്ട ജനവിഭാഗങ്ങൾ ആകെ തന്നെ നോട്ട് നിരോധനത്തിെൻറ പ്രത്യാഘാതങ്ങൾ അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. എല്ലാവിഭാഗം ജനങ്ങളെയും ഇത് രൂക്ഷമായി ബാധിക്കുമെങ്കിലും ഏറ്റവും സാധാരണക്കാരെയാണ് കൂടുതൽ ഹനിക്കുന്നത്. ഇതിനു കാരണം മൂലധനം എത്രമാത്രം അപമാനവീകൃതമായ ഒന്നാണെങ്കിൽപോലും സമ്പദ് വ്യവസ്ഥ ചലിക്കണമെങ്കിൽ മുതലാളിത്തത്തിൻകീഴിൽ മൂലധനം പ്രവർത്തിച്ചേ പറ്റൂ. ഗ്രാമീണ സമ്പദ്വ്യവസ്ഥ മുഖ്യമായും ആശ്രയിച്ചുനിൽക്കുന്നത് പരമ്പരാഗത മുതലാളിത്തത്തെയാണ് എന്ന് നേരത്തേ പറഞ്ഞുവല്ലോ. ഭൂപരിഷ്കരണം, ശാസ്ത്ര-സാങ്കേതിക വികസനം, ഗതാഗതം, വാർത്താവിനിമയം, ഇൻറർനെറ്റ്, ബാങ്കിങ്, സ്കൂളുകൾ, കോളജുകൾ തുടങ്ങി ആധുനിക വികസനപദ്ധതികൾ ഇനിയും കടന്നുചെന്നിട്ടില്ലാത്ത ഗ്രാമങ്ങളാണ് ഇന്ത്യയിൽ ഭൂരിഭാഗവും. പകുതിയോളം വരുന്ന ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഇല്ലെന്ന് നേരത്തേ സൂചിപ്പിച്ചു. വയനാട്ടിൽപോലും പല പ്രദേശങ്ങളിലും ഒരു ബാങ്കിൽ എത്തിപ്പെടണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിക്കണം.
തൊഴിലാളിവർഗത്തിൽ ഭൂരിഭാഗവും അസംഘടിത തൊഴിൽമേഖലയിലാണ് പ്രവർത്തിക്കുന്നത്. അവർക്ക് ന്യായമായ വേതനം ലഭിക്കുന്നില്ല. അവരുടെ ജീവിതസാഹചര്യങ്ങളും വളരെ ദയനീയമാണ്. നാട്ടിൻപുറത്തെ പട്ടിണിപാവങ്ങളും ആദിവാസികളും ദലിതരും തെരുവുയാചകരും ഉൾപ്പെട്ട ഇന്ത്യൻ ജനങ്ങൾ ഡിജിറ്റൽ പേമെൻറിനെ ആശ്രയിക്കണമെന്ന് പറയുന്നത് എന്തൊരു അസംബന്ധമാണെന്ന് ആലോചിക്കുക. പണം കൈവശം വെക്കുക എന്നുള്ളത് ഒരാളുടെ മൗലിക അവകാശങ്ങളിൽ ഒന്നുതന്നെയാണ്. സ്വന്തം പണം അഥവാ സമ്പാദ്യം പിൻവലിക്കുക എന്ന പൗരാവകാശം ലംഘിക്കപ്പെടുകയാണ്. ഇതെല്ലാം തന്നെ അമേരിക്കൻ കോർപറേറ്റ് പദ്ധതികൾക്കുവേണ്ടിയാണെന്ന് നാം കണ്ടുകഴിഞ്ഞു.