സൗന്ദര്യവർധക വസ്തുക്കൾക്ക് വേണ്ടി പ്രതിവർഷം കൊല്ലുന്നത് 30 ലക്ഷം സ്രാവുകളെ; ഇതിൽ രണ്ടരക്കോടി വംശനാശ ഭീഷണിയിൽ
text_fieldsസമുദ്രലോകത്തെ വ്യത്യസ്ത ജീവികളാണു സ്രാവുകൾ. ഇവയ്ക്ക് കാഴ്ചശക്തി കൂടുതലാണ്. സ്രാവുകൾ ആദ്യമായി സമുദ്രത്തിൽ പ്രത്യക്ഷപ്പെട്ടത് 46 കോടി വർഷങ്ങൾക്ക് മുൻപാണെന്നാണ് കരുതപ്പെടുന്നത്. പൊതുവെ ഇവയെ കടലിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവികളായാണ് ഹോളിവുഡ് സിനിമകളിലും മറ്റും അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ സ്രാവ് വര്‍ഗം മറ്റ് കടല്‍ജീവികളെ വേട്ടയാടി കൊന്ന് തിന്നാത്തവയാണെന്ന് നേരത്തെ തന്നെ പഠനങ്ങൾ തെളിച്ചിരുന്നു.
പക്ഷേ ഓരോ വർഷവും ചത്തൊടുങ്ങുന്നത് എട്ട് കോടി സ്രാവുകളാണ്. ഇവയിൽ രണ്ടരക്കോടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു. സ്രാവുകളെ പിടിക്കുന്നതിനും കൊലപ്പെടുത്തുന്നതിനുമെതിരെ ധാരാളം നിയമങ്ങളുണ്ടെങ്കിലും അതൊന്നും വേണ്ട വിധത്തിൽ ഗുണം ചെയ്യുന്നില്ലെന്നും ഗവേഷകർ പറയുന്നു.
സൗന്ദര്യവർധക വസ്തുക്കൾക്ക് വേണ്ടി 30 ലക്ഷം സ്രാവുകളെ പ്രതിവർഷം കൊല്ലുന്നുണ്ടെന്നാണു കണക്ക്. സ്രാവിന്റെ കരളിൽ നിന്നെടുക്കുന്ന എണ്ണയിൽ (ഷാർക് ലിവർ ഓയിൽ) സ്‌ക്വാലിൻ എന്നൊരു രാസവസ്തുവുണ്ട്. ആഴക്കടലിൽ സ്രാവുകളുടെ ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും നീന്താനും അവയെ സഹായിക്കുന്ന ഘടകമാണ് ഇത്. സസ്യങ്ങളിലും മനുഷ്യരിലുമൊക്കെ ചെറിയ രീതിയിൽ ഇത് കാണപ്പെടാറുണ്ട്. സൗന്ദര്യവർധക വസ്തുക്കളിൽ മോയ്‌സ്ചറൈസർ ആയും സ്‌ക്വാലിൻ ഉപയോഗിക്കാറുണ്ട്.
വംശനാശത്തിന്റെ വക്കിലാണ് ഇപ്പോൾ സ്രാവുകൾ. മനുഷ്യർ നടത്തുന്ന വേട്ടയാടലുകളും ഇവ നേരിടുന്ന പ്രാധാന വെല്ലുവിളിയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിൽ 70 ശതമാനത്തോളം സ്രാവുകൾ നശിച്ചെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ ഭാഗമായി സമുദ്രജലത്തിന്റെ താപനില ഉയരുന്നതും ഇവയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നു. കടലിലേക്കെത്തുന്ന പ്ലാസ്റ്റികില്‍ വലിയൊരു ശതമാനം ആല്‍ഗകളിലും ഒഴുകി നടക്കുന്ന സസ്യങ്ങളിലും കുടുങ്ങി കിടക്കാറുണ്ട്. ഇതും ഇവരുടെ നാശത്തിന് കാരണമാകുമെന്ന് ഗവേഷകര്‍ ഭയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.