തമിഴകത്ത് അയോയുഗപ്പിറവി

ആദിച്ചനല്ലൂർ ആർക്കിയോളജി സൈറ്റ്- ചിത്രങ്ങൾ: എം.എൻ. സുഹൈബ്
ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്നാട്ടിലാണോ? ഇരുമ്പിന്‍റെ ഉപയോഗം സംബന്ധിച്ച് ഇന്നേവരെയുള്ള കണ്ടെത്തലിനേക്കാൾ ഒന്നര സഹസ്രാബ്ദത്തിലേറെ മുമ്പ് തമിഴ്നാട്ടിൽ ഇരുമ്പ് ഉപയോഗിച്ചിരുന്നോ? പുതിയ കണ്ടെത്തലുകളെക്കുറിച്ച് എഴുതുകയാണ് മാധ്യമം പത്രാധിപസമിതി അംഗംകൂടിയായ ലേഖകൻ. പുതിയ ഉദ്ഖനനം നടക്കുന്ന മേഖലകൾ സന്ദർശിച്ച ശേഷമാണ് ഇൗ റിപ്പോർട്ട് തയാറാക്കിയത്.
ഇരുമ്പിന്‍റെ ഉപയോഗത്തെ സൂചിപ്പിക്കുന്ന സംഘകാല കൃതിയായ നട്രിനൈയിലെ ഈ വരികൾ ഉദ്ധരിച്ചാണ് തമിഴകത്തെ ഇരുമ്പുയുഗപ്പിറവിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തിയത്.
* * *
ദ്രാവിഡപ്പഴമയും പെരുമയും ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരവസരവും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പാഴാക്കാറില്ല. ചരിത്രവും സംസ്കാരവും മുതൽ പുരാവസ്തു ഗവേഷണ രംഗം വരെ എന്തും അദ്ദേഹത്തിന് ആയുധങ്ങളാണ്. വേദസംസ്കാരത്തിനപ്പുറം ദ്രാവിഡമാണ് ഇന്ത്യയുടെ ആത്മാവും ആധാരവുമെന്ന കേവലവാദം ആവർത്തിക്കുക മാത്രമല്ല, അതിനുള്ള തെളിവുകൾ നിരത്തുന്നതിൽ ബദ്ധശ്രദ്ധനുമാണ് അദ്ദേഹം. ഈ വർഷം തുടങ്ങി ആദ്യ മൂന്നാഴ്ചക്കുള്ളിൽ രണ്ടുതവണയാണ് ഈ വിഷയത്തിൽ സ്റ്റാലിൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ലോകം ഉറ്റുനോക്കിയ രണ്ടു പ്രഖ്യാപനങ്ങൾക്കായിരുന്നു അത്.
ജനുവരി അഞ്ചിന് സിന്ധുനദീതട സംസ്കാരം കണ്ടെത്തിയതിന്‍റെ നൂറാം വാർഷികം കൊണ്ടാടുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന സമ്മേളനം ഉദ്ഘാടനംചെയ്യവെയായിരുന്നു ആദ്യ പ്രഖ്യാപനം. ഒരു നൂറ്റാണ്ടായി ചരിത്രത്തിന് മുന്നിൽ പ്രഹേളികയായി തുടരുന്ന സിന്ധുനദീതട സംസ്കാരത്തിലെ ലിപി വായിക്കുന്നവർക്ക് ഒരു ദശലക്ഷം ഡോളറിന്‍റെ സമ്മാനമായിരുന്നു അത്. ‘‘സിന്ധുനദീതടത്തിൽ ഒരുകാലത്ത് പുഷ്കലമായിരുന്ന എഴുത്ത് രീതിയെ ഇന്നും നമുക്ക് വ്യക്തമായി വായിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. പുരാവസ്തു ശാസ്ത്രജ്ഞരുടെയും ഭാഷാഗവേഷകരുടെയും അതികഠിനമായ പരിശ്രമങ്ങളെല്ലാം ഈ സമസ്യക്ക് മുന്നിൽ നിഷ്ഫലമാകുകയായിരുന്നു. അതിനാൽ, പുരാവസ്തു ഗവേഷകർക്ക് ബോധ്യമാകുന്ന നിലയിൽ ഈ ലിപിയുടെ കെട്ടഴിക്കാൻ സാധിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ അങ്ങനെ ആർക്കും ഒരു ദശലക്ഷം യു.എസ് ഡോളറിന്‍റെ സമ്മാനം ഞാൻ പ്രഖ്യാപിക്കുകയാണ്’’ –സ്റ്റാലിൻ പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയിലും ഡി.എം.കെയുടെ അധ്യക്ഷനായും സ്റ്റാലിൻ തുടരുന്ന നിലപാടുകളുടെ ആവർത്തനമായിരുന്നു പിന്നീടുള്ള വാക്കുകൾ: ‘‘തമിഴ്നാടോ തമിഴ് ഭാഷയോ കൂടാതെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ ചരിത്രം എഴുതാൻ കഴിയില്ല. രാജ്യചരിത്രത്തിൽ തമിഴ്നാടിന് അതിന്‍റെ ശരിയായ സ്ഥാനം ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. സിന്ധു നദീതടത്തിൽ കാളകളുണ്ടായിരുന്നു. ദ്രാവിഡ ചിഹ്നമാണ് കാളകൾ. അങ്ങ് സിന്ധുനദീതടം മുതൽ ഇവിടെ അലങ്കനല്ലൂരിൽ (മധുരക്ക് അടുത്തുള്ള ജല്ലിക്കട്ടിന് പ്രശസ്തമായ ഗ്രാമം) വരെ കാളയുടെ സാന്നിധ്യം വ്യാപിച്ചുകിടക്കുന്നു. പൗരാണിക തമിഴ് സാഹിത്യത്തിൽ ജല്ലിക്കട്ടിനെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. സിന്ധുനദീ തട സംസ്കാരത്തിൽ മനുഷ്യൻ കാളയെ മെരുക്കാൻ ശ്രമിക്കുന്ന മുദ്രണങ്ങളുണ്ട്.’’
തമിഴകത്തെ ആധാരമാക്കി ഇന്ത്യയുടെ ചരിത്രമെഴുതുന്നതിന് ഉതകുന്ന ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് തന്‍റെ സർക്കാറിന്‍റെ ദൗത്യമെന്ന് 2021ൽ അധികാരമേറ്റതു മുതൽ സ്റ്റാലിൻ ആവർത്തിക്കുന്നതാണ്. അതിനുള്ള അധ്വാനവും പണവും ചെലവഴിക്കുന്നതിലും സ്റ്റാലിന് മടിയേതുമില്ല. സിന്ധുനദീതട ലിപി വായിക്കുന്നതിന് സമ്മാനം പ്രഖ്യാപിച്ചതിന് മൂന്നാഴ്ച തികയുന്നതിനുമുമ്പേ, ജനുവരി 23ന് സ്റ്റാലിൻ വീണ്ടും ലോകത്തെ ഞെട്ടിച്ചു. ഇത്തവണ പക്ഷേ, മാനവ സംസ്കൃതിയുടെ വികാസ പരിണാമങ്ങളെ കുറിച്ചുള്ള ഇതുവരെയുള്ള ധാരണകളെ മൊത്തം മാറ്റിയെഴുതുന്ന പ്രഖ്യാപനമായിരുന്നു.
ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്നാട്ടിലാണ്. ഇരുമ്പിന്‍റെ ഉപയോഗം സംബന്ധിച്ച് ഇന്നേവരെയുള്ള കണ്ടെത്തലിനേക്കാൾ ഒന്നര സഹസ്രാബ്ദത്തിലേറെ മുമ്പ് തമിഴ്നാട്ടിൽ ഇരുമ്പ് ഉപയോഗിച്ചിരിക്കുന്നു. തൂത്തുക്കുടിയിലെ ശിവകല, തിരുനെൽവേലിയിലെ ആദിച്ചനല്ലൂർ, കൃഷ്ണഗിരിയിലെ മയിലാടുംപാറൈ, സേലത്തെ മങ്കാട്, തിരുവണ്ണാമലൈയിലെ കിൽനമണ്ടി എന്നിവിടങ്ങളിൽനിന്ന് ഉദ്ഖനനത്തിൽ ലഭിച്ച ലോഹഭാഗങ്ങളുടെ വിദഗ്ധ ശാസ്ത്രീയ പരിശോധനയാണ് ഈ നിഗമനത്തിലെത്താൻ തമിഴ്നാട് ആർക്കിയോളജി വകുപ്പിനെ സഹായിച്ചത്.
ആദിച്ചനല്ലൂർ ആർക്കിയോളജി സൈറ്റിലെ കാഴ്ചകൾ
മുഖ്യമന്ത്രിയെന്ന രാഷ്ട്രീയക്കാരനാണ് അക്കാദമിക പ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയതെങ്കിലും ഇതിനായി ആശ്രയിച്ച പരിശോധനകളും അതിലെ നിഗമനങ്ങളും കുറ്റമറ്റതായിരുന്നു. ഇതുപ്രകാരം ശിവകലയിൽനിന്ന് ലഭിച്ച ഇരുമ്പിന്‍റെ മൂന്നു സാമ്പിളുകളുടെ പഴക്കം ബി.സി 3345 വരെ നീളുന്നു. അതായത് ആകെ 5300ൽ ഏറെ വർഷം പഴക്കം. വടക്കൻ ഈജിപ്തിലെ അൽഗിർസയിലുള്ള ശവക്കല്ലറകളിൽനിന്ന് 1911ൽ കണ്ടെത്തിയ ലോഹകഷണങ്ങളാണ് ഇന്നേവരെ ലഭ്യമായ ഏറ്റവും പഴക്കമുള്ള ഇരുമ്പ്. അതിന്‍റെ പഴക്കം ബി.സി 3400. പക്ഷേ, ഈ ഇരുമ്പ് ഉൽക്കാപതനത്തിന്‍റെ ഭാഗമായ അഭൗമ വസ്തുവാണ്. ഭൂമിയിലെ അയിര് സ്ഫുടംചെയ്തുള്ള ഇരുമ്പിൽ ഇതുവരെ കിട്ടിയതിൽ ഏറ്റവും പഴക്കമുള്ളത് തുർക്കിയിലെ അനത്തോലിയയിലാണ്. ബി.സി 1300ലാണ് ഇവിടെനിന്ന് കിട്ടിയ ഇരുമ്പിന്‍റെ പഴക്കം. അയിര് സ്ഫുടംചെയ്ത് ഇരുമ്പുണ്ടാക്കുന്ന വിദ്യ അനത്തോലിയയിൽനിന്നാണ് ലോകത്തിന്‍റെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം.
ഇന്ത്യയിൽ ഇരുമ്പ് യുഗം തുടങ്ങിയത് ബി.സി 1000ന് അടുത്താണെന്നായിരുന്നു കുറച്ചുമുമ്പു വരെയുള്ള ധാരണ. അടുത്തിടെ യു.പിയിലെ അക്തയിലും തെലങ്കാനയിലെ കച്ചിഗുഡയിലും നടത്തിയ ഉദ്ഖനനങ്ങളിൽ ഈ കാലഗണനയെ പിന്നിലാക്കുന്ന തെളിവുകൾ ലഭിച്ചിരുന്നു. എന്നാൽ, ഈ മുൻധാരണയെയൊക്കെ അപ്രസക്തമാക്കുന്നതാണ് തമിഴ്നാട്ടിലെ കണ്ടെത്തൽ. ‘‘ഇന്ത്യയുടെ ചരിത്രം ഇവിടെനിന്നാണ് (തമിഴ്നാട്) തുടങ്ങേണ്ടത്. നമ്മുടെ ദ്രവീഡിയൻ മോഡൽ സർക്കാറിന്‍റെ അതിശ്രദ്ധാപൂർവമായ ഇടപെടലുകളുടെ ഫലമായി നമ്മുടെ പൗരാണിക സാഹിത്യങ്ങളിൽ എഴുതിയതൊക്കെയും ഇതാ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. തമിഴ് കുലത്തിനും തമിഴ്നാടിനും തമിഴകത്തിനും ഇത് അഭിമാനമാണ്. മാനവരാശിക്കുള്ള തമിഴകത്തിന്‍റെ ഉപഹാരമാണിതെന്ന് നമുക്ക് സാഭിമാനം പറയാം’’ –സ്റ്റാലിൻ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
പൊരുനൈ തീരം വഴി ശിവകലയിലേക്ക്
തിരുനെൽവേലി-തിരുച്ചെന്തൂർ സംസ്ഥാന പാതയിൽ തണൽവിരിക്കുന്ന വടവൃക്ഷങ്ങൾക്കും കാറ്റിലുലയുന്ന വാഴത്തോപ്പുകൾക്കും അപ്പുറം താമ്രപർണിയെന്ന മഹാനദി. താമ്രപർണിയെന്നു പറഞ്ഞാൽ തമിഴ് സാംസ്കാരികതയുടെയും ചരിത്രത്തിന്‍റെയും ആവേശത്തിലമരുന്ന പുതിയ തലമുറക്ക് ചിലപ്പോൾ ദഹിക്കില്ല. ‘പൊരുനൈ’ എന്ന് തന്നെ പറയണം.
അങ്ങകലെ പൊതികൈ മലയിലെ അസ്ത്യാർകൂടത്തുനിന്ന് ഉത്ഭവിച്ച് തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെ ഒഴുകി മാന്നാർ ഉൾക്കടലിൽ ചെന്നുചേരുന്ന താമ്രപർണിക്ക് സംഘസാഹിത്യത്തിൽ പേര് ‘പൊരുനൈ’യെന്നാണ്. താമ്രപർണിയെന്ന പേരിന് ആയിരം വർഷത്തെയൊക്കെ പഴക്കമേയുള്ളുവത്രെ. വൈഗയെയും കാവേരിയെയുംപോലെ ഒരുപക്ഷേ, അതിനെക്കാളൊക്കെ ചരിത്രം പേറുന്ന മഹാനദിക്ക് അതിന്‍റെ തനതു തമിഴ്നാമം തന്നെ വേണമെന്ന് തമിഴർ ശഠിക്കുന്നു. പൊരുനൈ തടത്തിലെ ശ്രീവൈകുണ്ഠത്തെ ശ്രീ കുമാര ഗുരുപര സ്വാമികൾ ഹയർസെക്കൻഡറി സ്കൂളിലെ ചരിത്രാധ്യാപകനായ മാണിക്കത്തിന്‍റെ വാക്കുകളിൽ ‘പൊരുനൈ’ എന്ന് ഉപയോഗിക്കാത്തവർ ഈ കാലഘട്ടത്തിന്‍റെ വൈകാരിക പരിസരത്തിന് ചേരാത്തവരാണ്.
നമ്മുടെ കഥയിൽ ഈ മാണിക്കം നിർണായക ഘടകമാണ്. അതിലേക്ക് വരുന്നതിനുമുമ്പ് വീണ്ടും തിരുച്ചെന്തൂർ റോഡിലേക്ക്. പുളിയംകുളം കഴിഞ്ഞാൽ റോഡിന്‍റെ ഇരുവശങ്ങളിലും പച്ചനിറത്തിലുള്ള ലോഹവേലി. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പുരാവസ്തു ഖനനകേന്ദ്രങ്ങളിലൊന്നായ ആദിച്ചനല്ലൂർ സൈറ്റാണത്. റോഡിന്‍റെ ഇരു പാർശ്വങ്ങളിലുമായി 114 ഏക്കർ സ്ഥലത്താണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) നിയന്ത്രണത്തിലുള്ള ഉദ്ഖനന മേഖല. റോഡിന്‍റെ ഇടതുവശത്തെ വളപ്പിലേക്ക് കയറിയാൽ വലിയൊരു ഓലപ്പന്തൽ. പന്തലിനപ്പുറം പൊരുനൈ നദി സ്വച്ഛമായി ഒഴുകുന്നു. അങ്ങേക്കരയിൽ നദിയുടെ യഥാർഥ വലുപ്പം വ്യക്തമാക്കുന്ന മണൽപ്പരപ്പിനും അപ്പുറം പച്ചപുതച്ച വള്ളനാട് കുന്നുകളുടെ കാഴ്ചയാകും കണ്ണിലാദ്യം തടയുക.
അതും നോക്കി നിൽക്കുമ്പോൾ എ.എസ്.ഐയുടെ താൽക്കാലിക ജീവനക്കാരൻ ഗജാ ഓലപ്പന്തലിനുള്ളിലേക്ക് ക്ഷണിച്ചു. മാനവചരിത്രത്തെ കുറിച്ച ഇതുവരെയുള്ള ധാരണകളെ തിരുത്തിയെഴുതുന്ന മഹത്തായ ഭൂമികയിലേക്കുള്ള ക്ഷണമാണ്. ഇരുമ്പുയുഗത്തിന്‍റെ തുടക്കം തമിഴകത്താണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിക്കുമ്പോൾ അതിന് കരുത്തായത് ആദിച്ചനല്ലൂരിലെ കണ്ടെത്തലുകളുമാണ്. സംഭവബഹുലമായ ആദിച്ചനല്ലൂരിന്‍റെ ആർക്കിയോളജി ചരിത്രത്തിലെ ഏറ്റവും ഒടുവിലത്തെ ഉദ്ഖനനങ്ങളിൽ (2021-22, 2022-23) വാളുകൾ, കഠാരകൾ, കുന്തങ്ങൾ, അസ്ത്രമുനകൾ, ചാട്ടുളികൾ തുടങ്ങിയ ലോഹവസ്തുക്കൾ കണ്ടെത്തിയിരുന്നു.
ട്രഞ്ച് നമ്പർ 17ലെ നാലാം പാളിയിൽ 220 സെന്‍റിമീറ്റർ താഴ്ചയിൽ കണ്ടെത്തിയ ഇരുമ്പുവസ്തുവിന്‍റെ പരിശോധനയുടെ ഫലമാണ് 2517-2613 ബി.സിയിലേക്ക് ഇരുമ്പുയുഗത്തിന്‍റെ ഉദയത്തെ വലിച്ചുകൊണ്ടുപോകുന്നത്. അതായത് ബി.സി മൂന്നാം സഹസ്രാബ്ദത്തിന്‍റെ പകുതിയിലേക്ക്. ഇന്നത്തെ തുർക്കിയയിൽ നിലനിന്ന ഹിറ്റൈറ്റ് സാമ്രാജ്യത്തിന്‍റെ കാലത്താണ് ആദ്യമായി ഇരുമ്പ് ഉപയോഗിക്കാൻ തുടങ്ങിയതെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. അവിടെ കണ്ടെത്തിയ ഇരുമ്പിന്‍റെ പഴക്കമാകട്ടെ, ബി.സി 1380 ആണ്. ആദിച്ചനല്ലൂരുമായി തട്ടിച്ചുനോക്കുമ്പോൾപോലും അനത്തോലിയയിലെ ഹിറ്റൈറ്റ് സൈറ്റിൽനിന്ന് കിട്ടിയ ഇരുമ്പ് ആയിരത്തോളം വർഷം പിന്നിലാണ്.
പക്ഷേ, കഥ അവിടെയും തീരുന്നില്ല. ആദിച്ചനല്ലൂരിൽനിന്ന് 14 കിലോമീറ്റർ കിഴക്കുമാറി പൊരുനൈയുടെ ഇടത്തേക്കരയിലെ ശിവകലയിൽ ചരിത്രം മറ്റൊരു വിസ്മയം രചിക്കുന്നു. അവിശ്വസനീയമാം വണ്ണം വിസ്തൃതമായ ജലരാശിക്ക് നടുവിലാണ് ശിവകലയെന്ന ചുവപ്പുമണ്ണിന്‍റെ ഭൂമി. പൊരുനൈക്ക് കുറുകേയുള്ള ശ്രീവൈകുണ്ഠം ഡാം കടന്ന് പേരൂർകുളത്തിന് കരയിലൂടെ വേണം ശിവകല തടാകത്തിനും പെരുകുളം തടാകത്തിനും മധ്യേയുള്ള വിചിത്ര പ്രകൃതിയിലേക്ക് കടന്നെത്താൻ. ചുവന്ന മണ്ണ്. കാര്യമായി ചെടികൾപോലും വളരാത്ത പ്രദേശം. ഒറ്റപ്പെട്ട മരങ്ങൾ. അതും ഉയരം കുറഞ്ഞത്.
പ്രത്യേകതരം വെളുത്ത, തിളങ്ങുന്ന കല്ലുകളാണ് എങ്ങും. ഈ കല്ലുകൾക്ക് ചില പ്രത്യേകതകളുണ്ട്. പടക്ക, വെടിമരുന്ന് നിർമാണത്തിന് ഇത് ഉപയോഗിക്കുന്നു. വെടിമരുന്നിനൊപ്പം പൊടിച്ചുചേർക്കും. വെടിക്കെട്ടിന് വർണഭംഗി പകരാൻ ഈ കല്ലിന് കഴിയുമത്രെ. തൊട്ടാൽ തണുപ്പാണെങ്കിലും കടുത്ത സൂര്യപ്രകാശത്തിന്റെ ചൂടിനെ പരിസരത്തേക്ക് ഇരട്ടിയിരട്ടിയായി ഇത് പ്രസരിപ്പിക്കും. ഇവിടെങ്ങും ചെടിയും മരങ്ങളും വളരാത്തതിന് കാരണമതാണെന്ന് നാട്ടുകാർ പറയുന്നു. വിളിപ്പാടകലെ തടാകക്കരയിലുള്ള പ്രകൃതിയുടെ ഹരിതാഭയൊന്നും ഇവിടെയില്ല. കത്തിക്കാളുന്ന വെയിലിൽനിന്ന് വേഗം ശിവകല പറമ്പിലെ ടിൻഷീറ്റ് ഷെഡിന്‍റെ തണലിലേക്ക് കയറി.
പ്രദേശവാസിയായ നടരാജനാണ് ലോകം വിസ്മയത്തോടെ വായിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ശിവകല പുരാഭൂമിയുടെ കാവൽക്കാരൻ. അഞ്ചര സഹസ്രാബ്ദത്തിന്‍റെ അതിപ്രൗഢമായ ചരിത്രത്തിനാണ് കാവൽനിൽക്കുന്നതെന്ന ഗർവൊന്നും നടരാജനില്ല. ഇതുവരെ കണ്ടെത്തിയതിനേക്കാളും വലുതെന്തോ ഈ ചുവന്ന മണ്ണിന്‍റെ അടരുകൾക്കുള്ളിൽ ഉണ്ടെന്ന പ്രതീക്ഷകൾ ശേഷിപ്പിച്ചാണ് ശിവകലയിലെ മൂന്നാംഘട്ട ഉദ്ഖനനം രണ്ടുവർഷം മുമ്പ് അവസാനിപ്പിച്ചത്. അന്നത്തെ കണ്ടെത്തലുകളാണ് ഇരുമ്പുയുഗ ചരിത്രത്തെ ബി.സി 5300ലേക്ക് കൂട്ടിക്കൊണ്ടുപോയത്.
ഉദ്ഖനനം കഴിഞ്ഞ ഗർത്തങ്ങൾക്ക് മുകളിലാണ് വിശാലമായ ഷെഡ് നിർമിച്ചിരിക്കുന്നത്. അടച്ചുപൂട്ടിയ ഷെഡിന് ഉള്ളിലേക്ക് കയറുമ്പോൾ മണ്ണിന്‍റെ ആദിമഗന്ധം. രണ്ടുതട്ടുകളിലായി 12 സമചതുര ഗർത്തങ്ങൾ. പല ഗർത്തങ്ങളിലും അവിടെനിന്ന് ലഭിച്ച മൺപാനകൾ. പലതും ഇളക്കിയെടുത്തിട്ടില്ല. ഒരേസമയം അനുഗ്രഹവും ശാപവുമാണ് മൺപാനകളെന്ന് പുരാവസ്തു ഗവേഷകർ പറയും. ഒരിടത്ത് ഖനനം തുടങ്ങുമ്പോൾ ആദ്യമൊക്കെ പാനകളുടെ കാഴ്ച ആവേശം സൃഷ്ടിക്കും. പക്ഷേ, ആദിച്ചനല്ലൂരും ശിവകലയും കീഴടിയുമൊക്കെ പോലെ വലിയ സൈറ്റുകളിൽനിന്ന് ലഭിക്കുന്ന അസംഖ്യം പാനകൾ പിന്നീട് ഭാരമാകും. അങ്ങനെ നിരവധി പാനകൾ ശിവകലയിലെ ഖനന ഗർത്തങ്ങളിൽതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ചിലതൊന്നും മണ്ണിൽനിന്ന് പൂർണമായും ഇളക്കിയെടുത്തിട്ടുമില്ല.
ശിവകലയിലും പരിസരത്തുമായി എട്ടിടങ്ങളിലാണ് ഖനനം നടന്നത്. അതിൽ മൂന്നിടങ്ങൾ ശ്മശാനഭൂമിയും ബാക്കിയുള്ളവ വാഴ്വിടങ്ങളുമാണ്. നാമിപ്പോൾ നിൽക്കുന്ന ശിവകല പറമ്പ് എന്ന 500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ശ്മശാന ഭൂമിയാണ്. ഇരുമ്പുയുഗം മുതൽ ഈയടുത്തുവരെയും ഇവിടെ മനുഷ്യരെ സംസ്കരിച്ചിരുന്നുവെന്നതിന് ഒറ്റകാഴ്ചയിൽ തന്നെ തെളിവുണ്ട്. ഷെഡിനുള്ളിലെ ഖനന ഗർത്തങ്ങൾക്ക് നടുവിൽ ഉയർന്നുനിൽക്കുന്ന വെള്ളയടിച്ച ക്രിസ്ത്യൻ ശവകുടീരങ്ങൾ. കെട്ടിപ്പൊക്കിയ രണ്ട് വലിയ കല്ലറകളും ഒരെണ്ണം തറനിരപ്പിലും. ഷെഡിന് പുറത്ത് ശിവകല പറമ്പിലെ മറ്റൊരു കല്ലറയിൽ, അവിടെ അടക്കിയ ജാനറ്റ് റാണിയുടെ മരണദിനം രേഖപ്പെടുത്തിയിട്ടുണ്ട്; 22.04.2009. സ്മാരകശിലയിൽ ഒരു ബൈബിൾ വാക്യവും: ‘‘ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിക്ക് പാത്രമായവർ.’’ ക്രിസ്ത്യാനികളെ മാത്രമല്ല, വിവിധ ഹിന്ദുവിഭാഗക്കാരെയും ഈ തരിശുനിലത്തിൽ അടക്കിയിട്ടുണ്ട്.
ശിവകല പറമ്പിൽ മാത്രം രണ്ടിടത്തായി 17 കുഴികളാണ് കുഴിച്ചത്. മറ്റിടങ്ങളിലെ ഏഴെണ്ണം ഉൾപ്പെടെ 24 എണ്ണം. വിവിധ വലുപ്പത്തിലുള്ള 160 മൺപാനകളാണ് മൊത്തം ലഭിച്ചത്. കൂടിയ ഉയരം 115 സെന്‍റിമീറ്റർ. കുറഞ്ഞത് 65 സെ.മീ. ചിലതിനൊക്കെ മേൽമണ്ണിന്‍റെ സമ്മർദത്താൽ കാലാന്തരത്തിൽ വിള്ളൽ വീണിട്ടുണ്ടായിരുന്നു. മിക്കതിന്‍റെയും മേൽമൂടി ഭദ്രമായി അടച്ചനിലയിലായിരുന്നു. ഇരുമ്പ് വസ്തുക്കൾ മൺപാനക്കുള്ളിൽനിന്നും പുറത്തുനിന്നും ലഭിച്ചു. കഠാര, അസ്ത്രമുന, മോതിരം, ഉളി, കോടാലി, വാൾ തുടങ്ങി 85 ഇരുമ്പ് വസ്തുക്കളാണ് കിട്ടിയത്. പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നവയാണ് A2 നമ്പർ കുഴിയിൽനിന്ന് കിട്ടിയ മൂന്നു മൺപാനകൾ.
ഭദ്രമായി മൂടിയ നിലയിൽ കണ്ടെത്തിയ ഈ പാനകൾക്കുള്ളിൽനിന്ന് മനുഷ്യാസ്ഥികൾ, ഇരുമ്പുവസ്തുക്കൾ, നെല്ല് എന്നിവ കണ്ടെത്തി. ഈ നെല്ലിന്‍റെ കാർബൺ ഡേറ്റിങ് ഫലം ബി.സി 1155 ആണ് കാണിച്ചത്. ഈ ഫലത്തിൽ ഉത്തേജിതരായ ഗവേഷകർ സമീപത്തെ വാഴ്വിട മേഖലയായ വളപ്പാലൻപിള്ള തിരടിലെ A1 കുഴിയിൽനിന്ന് ലഭിച്ച മരക്കരിയുടെ സാമ്പിളും മറ്റ് ഇരുമ്പ് വസ്തുക്കളും പരിശോധനക്കയച്ചു. അതിലാണ് ഇരുമ്പിന്‍റെ പഴക്കം ബി.സി 2953 -ബി.സി 3345 കാലമാണെന്ന് തെളിഞ്ഞത്. അങ്ങനെയാണ് തമിഴകത്ത് ഇരുമ്പിന്‍റെ ഉപയോഗം ബി.സി നാലാം സഹസ്രാബ്ദത്തിന്‍റെ ആദ്യപാദത്തിലേക്ക് നീളുന്നുവെന്ന നിഗമനത്തിലെത്തിയത്.
ലോകത്തെ സംബന്ധിച്ചിടത്തോളം അതിമഹത്തായ കണ്ടെത്തലാണിതെന്ന് കേരള കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് മുൻ ഡയറക്ടർ ഡോ. പി.ജെ. ചെറിയാൻ വ്യക്തമാക്കി. ‘‘മാനവകുലത്തിന്‍റെ പരിണാമം, സാങ്കേതിക വികാസം എന്നിവയെ കുറിച്ചുമുള്ള ധാരണകളെ ചോദ്യം ചെയ്യുന്നതും ദീർഘകാലമായി നിലനിൽക്കുന്ന ആഖ്യാനങ്ങളിൽ പുനർവായന ആവശ്യപ്പെടുന്നതുമാണ് ഇത്. മാനവചരിത്രത്തെ പാലിയോലിത്തിക്, മെസോലിത്തിക്, നിയോലിത്തിക്, ചാൽകോലിത്തിക്, അയൺ ഏജ് എന്നിങ്ങനെ വേർതിരിക്കുന്ന ഗോർഡൺ ചൈൽഡിന്‍റെ ചട്ടക്കൂട് സമഗ്രവും വസ്തുനിഷ്ഠവുമാണെന്ന ധാരണയാണ് നിലനിൽക്കുന്നത്.
രേഖീയമായ ഈ വർഗീകരണത്തിൽ പുനരാലോചനക്കുള്ള സമയമാണോ ഇത്? മാനവകുലത്തിന്‍റെ പ്രത്യഭിജ്ഞാന, സാംസ്കാരിക വികാസം ഒരിക്കലും ഏകമുഖമായ, സാർവലൗകിക ഗതിക്ക് അനുസരിച്ചായിരുന്നില്ല. സാങ്കേതിക, ഭൗതിക പുരോഗതി അസമമായ, പലപ്പോഴും അപ്രവചനീയമായ പാതകളിലാണ് സംഭവിച്ചത്. പ്രാദേശിക വിഭവങ്ങൾ, കാലാവസ്ഥ, പരിസ്ഥിതി, ഇടപെടലുകൾ എന്നിവയെല്ലാം ഇതിൽ പങ്കുവഹിക്കുന്നു.
ശിവകല പറമ്പിലെ ഒടുവിലത്തെ കല്ലറകളിലൊന്ന്,ശിവകല ആർക്കിയോളജി സൈറ്റിലെ കാഴ്ച
വികാസപരിണാമം സംബന്ധിച്ച ലളിത വ്യാഖ്യാനങ്ങളോട് മാനവചരിത്രത്തിന്‍റെ സങ്കീർണത പ്രതിരോധം തീർക്കുകയാണ്. കുറഞ്ഞത്, കാലഗണനാപരമായ വികാസചക്രങ്ങൾ പലപ്പോഴും അതിക്രമിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയണം. ചരിത്രത്തിന്‍റെ അഗാധതകളിലേക്കുള്ള പ്രയാണത്തിൽ തമിഴ്നാട് സ്വീകരിക്കുന്ന ബഹുവിഷയക, സഹകരണ സമീപനം ഒരു അമൂല്യ മാതൃകയാണ്. നഷ്ട ഭൂതകാലത്തിന്‍റെ തെളിവിലധിഷ്ഠിതമായ, ശാസ്ത്രീയ പുനർനിർമാണത്തിൽ തമിഴ്നാട് ആർക്കിയോളജി വകുപ്പ് പുത്തൻ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ്’’ –ഡോ. ചെറിയാൻ വ്യക്തമാക്കി. ഇരുമ്പുയുഗത്തിന്‍റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ‘Antiquity of Iron: Recent Radiometric Dates from Tamil Nadu’ എന്ന പുസ്തകത്തിൽ എഴുതിയ ഏക മലയാളിയും ഡോ. ചെറിയാൻ ആണ്.
തമിഴ്നാടിന്റെ കണ്ടുപിടിത്തം ഉടൻതന്നെ അക്കാദമിക പഠനരംഗത്തേക്ക് എത്തുമെന്ന് കേരള സർവകലാശാല ആർക്കിയോളജി ഡിപ്പാർട്മെന്‍റിലെ അസി. പ്രഫസർമാരായ ഡോ. എസ്.വി. രാജേഷും ഡോ. ജി.എസ്. അഭയനും ചൂണ്ടിക്കാട്ടുന്നു. ഇരുമ്പിന്‍റെ ആവിർഭാവം കണ്ടെത്തിയത് തന്നെ വലിയ നേട്ടമാണ്. ഈ പ്രദേശങ്ങളിൽ ഇരുമ്പിന്‍റെ ഉല കൂടി കണ്ടെത്തപ്പെട്ടാൽ ഈ കണ്ടെത്തലിന്‍റെ പ്രാധാന്യം പതിന്മടങ്ങ് വർധിക്കും. തമിഴ്നാടിന്റെ ഇത്തരം ശ്രമങ്ങൾ കേരളത്തിലെ പുരാവസ്തു ഗവേഷകർക്കും ആവേശം പകരുന്നതാണ്. സമാനമായ വൻകിട ഗവേഷണങ്ങൾ ഇവിടെയും നടക്കേണ്ടതുണ്ടെന്നും ഡോ. രാേജഷും ഡോ. അഭയനും കൂട്ടിച്ചേർത്തു. ജനുവരി 23ന് ചെന്നൈയിൽ മുഖ്യമന്ത്രി സ്റ്റാലിൻ നടത്തിയ ഇരുമ്പുയുഗപ്പിറവി പ്രഖ്യാപന ചടങ്ങിലേക്ക് ഡോ. രാജേഷിന് ക്ഷണം ഉണ്ടായിരുന്നു.