അദൃശ്യകേരളത്തിന്റെ ചരിത്രകാരന്‍
മാർച്ച് അഞ്ചിന് വിടവാങ്ങിയ ജനകീയ ചരിത്രകാരനും എഴുത്തുകാരനുമായ ദലിത് ബന്ധു എൻ.കെ. ജോസിനെ അനുസ്മരിക്കുകയാണ് ചിന്തകനും നിരൂപകനുമായ ലേഖകൻ. കീഴാളജനതയുടെ ഭൂതകാലത്തിന് ദൃശ്യതയും ബ്രാഹ്മണിക് അധീശത്വത്തിനു സാംസ്കാരിക വെല്ലുവിളിയും ഉയര്‍ത്തിയെന്നതാണ് ദലിത് ബന്ധു എന്‍.കെ. ജോസിന്റെ ചരിത്രരചനകളുടെ പ്രാധാന്യവും പ്രസക്തിയുമെന്ന് വാദിക്കുന്നു.
1980കളുടെ തുടക്കത്തിലാണ് ചരിത്രരചനാ പദ്ധതിയെന്നനിലയില്‍ കീഴാളചരിത്രം (Subaltern History) അക്കാദമിക് രംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ ദേശീയവാദചരിത്രത്തിലെ വരേണ്യപക്ഷപാതിത്വത്തെ തുറന്നുകാണിച്ചുകൊണ്ട് പാര്‍ശ്വസമൂഹങ്ങള്‍ക്ക് സാമൂഹിക-ചരിത്രപ്രക്രിയകളിലുള്ള സാന്നിധ്യവും സംഭാവനകളും ചര്‍ച്ചക്ക് വിധേയമാക്കുകയാണ് കീഴാള ചരിത്രരചനയുടെ ലക്ഷ്യമെന്ന് രൺജിത് ഗുഹ തുടക്കത്തിലേ വിശദീകരിക്കുന്നുണ്ട്.
പിന്നീട്, കാഞ്ച ഐലയ്യയെപ്പോലുള്ളവര്‍, വ്യവസ്ഥാപിത ചരിത്രരചനയുടെ രീതിശാസ്ത്രം കീഴാളസമൂഹങ്ങള്‍ക്കും അധികാരത്തിനും ലിഖിതരേഖകള്‍ക്കും പുറത്തുള്ളവര്‍ക്കും സ്വീകാര്യമാവാത്തതിന്റെ കാരണങ്ങൾ കീഴാള ചരിത്രരചനയെന്ന അക്കാദമിക് പ്രോജക്ടിന്റെ വിമര്‍ശനമെന്നനിലയിൽ ഉന്നയിക്കുന്നുണ്ട്. ഒഴിഞ്ഞ പേപ്പറില്‍ എഴുതിത്തുടങ്ങേണ്ട ഒന്നായാണ് കീഴാളസമുദായങ്ങളുടെ ചരിത്രരചനയെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. കാരണം, ചരിത്രമെന്ന ജ്ഞാനമേഖല എപ്പോഴും അധികാരവും സാംസ്കാരിക മേല്‍ക്കോയ്മയുള്ളവരും തങ്ങള്‍ക്ക് അനുയോജ്യമായ നിലയിൽ ഉപയോഗിക്കുന്ന ഒന്നാണെന്ന തിരിച്ചറിവാണ് ഈ വിമര്‍ശനങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്.
നമ്മുടെ ചരിത്രബോധത്തെയും ആഖ്യാനങ്ങളെയും പുതിയരീതിയില്‍ സമീപിക്കുന്നതിന്റെ തുടക്കമായിരുന്നു ഇത്തരം വിശകലനങ്ങളും വിമര്‍ശനങ്ങളുമെന്ന് പറയാം. ആധുനികരാഷ്ട്രത്തിന്റെ യുക്തിയും നിലനില്‍പ്പും സാധൂകരണവും ചേര്‍ന്ന ചരിത്രത്തെയാണ് വ്യവസ്ഥാപിതമെന്ന് വിവക്ഷിക്കുന്നത്. അതിന്റെ പരിധിയില്‍ വരാത്തവർ – ദലിതർ, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, ലൈംഗികവൈവിധ്യമുള്ളവര്‍ –തങ്ങളുടെ സാമൂഹികാസ്തിത്വവും ചരിത്രപരമായ വികാസപ്രക്രിയകളും രേഖപ്പെടുത്തുന്നത് നാല് പതിറ്റാണ്ട് മുമ്പ് വരെ വിരളമായിരുന്നു. ഒരുപക്ഷേ, അക്കാദമിക് മേഖലയിലും ഔദ്യോഗികമണ്ഡലത്തിലും ഇപ്പോഴും വിപുലമായി പ്രയോഗിക്കപ്പെടാത്ത രചനാപദ്ധതിയാണിത്.
നൂറ്റമ്പതിലേറെ ചരിത്രഗ്രന്ഥങ്ങളെഴുതി, മലയാളി ബഹുജനങ്ങള്‍ക്കിടയിൽ പുതിയൊരവബോധം സൃഷ്ടിച്ചുകൊണ്ട് കടന്നുപോയ ദലിത് ബന്ധു എന്‍.കെ. ജോസിനെ അനുസ്മരിക്കുമ്പോള്‍ ആമുഖമായി ഇത്രയും വിശദീകരിക്കേണ്ടതുണ്ട്. അക്കാദമിക് മേഖലയില്‍ കീഴാള -ദലിത് -സ്ത്രീ ചരിത്രമെഴുത്ത് ആഴത്തിലും വ്യാപ്തിയിലും പ്രകടമല്ലെങ്കിലും അനൗദ്യോഗികമായി ഈ മേഖലയിൽ ഇടപെട്ടവരിൽ പ്രധാനിയാണ് എന്‍.കെ. ജോസ്. പി.കെ. ബാലകൃഷ്ണന്‍, ടി.എച്ച്.പി. ചെന്താരശ്ശേരി, കല്ലറ സുകുമാരന്‍, കെ.കെ. കൊച്ച്, സി.എസ്. ചന്ദ്രിക, ചെറായി രാമദാസ് തുടങ്ങി നിരവധിയാളുകള്‍ ഉണ്ടെങ്കിലും ബഹുജനവായനയിലും എഴുത്തിന്റെ വൈപുല്യത്തിലും ദലിത് ബന്ധുവിനോളം സമര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുകയും സ്വീകാര്യത നേടുകയും ചെയ്തവരില്ല എന്നു കാണാം.
1929ല്‍ വൈക്കത്ത് ജനിച്ച, എന്‍.കെ. ജോസ് സ്കൂള്‍-കോളജ് വിദ്യാഭ്യാസകാലം മുതല്‍ കലാരംഗത്തും രാഷ്ട്രീയമേഖലയിലും സജീവമായി പ്രവര്‍ത്തിച്ചാണ് പൊതുജീവിതത്തിലേക്ക് പ്രവേശിച്ചത്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ പഠിക്കുമ്പോൾ ഇടതുപക്ഷ-സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാവുകയും 1952ല്‍ ഗാന്ധിയന്‍ തത്ത്വചിന്തയിൽ ഉപരിപഠനത്തിനായി വാർധയിൽ ചെലവഴിച്ച നാളുകള്‍ തന്റെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആചാര്യ വിനോബഭാവെ, ജയപ്രകാശ് നാരായണന്‍, ആചാര്യ കൃപലാനി, റാം മനോഹര്‍ ലോഹ്യ തുടങ്ങിയവരുമായുള്ള സംവാദങ്ങളും സമ്പര്‍ക്കവുമായിരുന്നു ഈ മാറ്റങ്ങളുടെ അടിസ്ഥാനം.
പഠനത്തിനുശേഷം കേരളത്തിലെത്തിയ എന്‍.കെ. ജോസ് കുറച്ചുനാള്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിൽ പ്രവര്‍ത്തിച്ചെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് യോജിച്ച മേഖലയല്ലെന്ന് തിരിച്ചറിഞ്ഞ് എഴുത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നുകയായിരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ഗാന്ധിയന്‍ തത്ത്വചിന്ത പഠിച്ച എൻ.കെ. ജോസ് പിന്നീട് ഗാന്ധിയുടെ കടുത്ത വിമര്‍ശകനാവുകയും മലയാളിയുടെ സാമൂഹിക ചിന്തയില്‍ അത്രയൊന്നും പ്രാധാന്യം കിട്ടാതിരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ആശയാവലികളെ അടിസ്ഥാനമാക്കി ചരിത്ര-സാംസ്കാരിക മേഖലയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തുവെന്ന കൗതുകകരമായ വസ്തുതയാണ്. ‘വൈക്കം സത്യഗ്രഹം’, ‘ഗാന്ധി-ഗാന്ധിസം-ദലിതര്‍’ തുടങ്ങിയ ഗ്രന്ഥങ്ങളിലാണ് ഗാന്ധിയുടെ ആശയപരവും പ്രായോഗികവുമായ പ്രവര്‍ത്തനങ്ങളിലെ മേല്‍ജാതി ഹിന്ദു താൽപര്യങ്ങൾ ആഴത്തിലും പരപ്പിലും പ്രവര്‍ത്തനക്ഷമമായിരുന്നുവെന്ന് വിമര്‍ശനം ഉന്നയിക്കുന്നത്.
ദലിത് ബന്ധു എന്‍.കെ. ജോസിന്റെ ചരിത്രരചനയുടെ രീതിശാസ്ത്രം എന്താണ്? ഇന്ത്യയുടെയും സവിശേഷമായി കേരളത്തിന്റെയും ഭൂതകാലത്തെക്കുറിച്ച് നിരന്തരം എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ ഊന്നലുകള്‍ എന്തൊക്കെയായിരുന്നു? വ്യവസ്ഥാപിതമായ അർഥത്തില്‍ ഫീല്‍ഡ് വര്‍ക്കുകളും ആര്‍ക്കൈവൽ രേഖകളും നിര്‍ധാരണംചെയ്തുകൊണ്ട് നടത്തേണ്ട ഗൗരവമായ പ്രവര്‍ത്തനമായി ചരിത്രരചനയെ അദ്ദേഹം കണ്ടിരുന്നോ? അതോ സാമൂഹിക-രാഷ്ട്രീയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനുള്ള യത്നങ്ങളുടെ ഭാഗമായാണോ ചരിത്രരചനയെ അദ്ദേഹം സ്വീകരിച്ചത്? എന്‍.കെ. ജോസിന്റെ വിപുലമായ ഗ്രന്ഥങ്ങളിലൂടെ കടന്നുപോകുന്ന ഒരാളിൽ ഇത്തരം സംശയങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
എന്നാൽ, ഇതിന്റെ ഉത്തരം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍തന്നെയുണ്ട്. തന്റെ ചരിത്രപഠനത്തിന്റെ സന്ദര്‍ഭങ്ങൾ ഓര്‍ത്തുകൊണ്ട്, ‘അയ്യന്‍കാളി ഒരു സമഗ്രപഠനം’ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇപ്രകാരം എഴുതി: ‘‘അന്ന് ചരിത്രം ആര്‍ക്കും വേണ്ടാത്ത വിഷയമായിരുന്നു. ഇന്ത്യ ചരിത്രവും ബ്രിട്ടീഷ് ചരിത്രവും ഗ്രീക്-റോമന്‍ ചരിത്രവും പഠനവിഷയമായി ഞാന്‍ കോളജിൽ സ്വീകരിച്ചപ്പോൾ അതിലെ മഠയത്തം ചൂണ്ടിക്കാണിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഇന്ത്യയിൽ ചരിത്രത്തോളം പ്രാധാന്യമുള്ള മറ്റൊരു വിഷയമില്ല.’’
ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിൽ സംഘ്പരിവാർ നേതൃത്വം കൊടുത്ത സര്‍ക്കാറിലെ മുരളി മനോഹര്‍ ജോഷിയുടെ മുന്‍കൈയിലുണ്ടായിരുന്ന മാനവ വിഭവശേഷി വകുപ്പ് ചരിത്രഗ്രന്ഥങ്ങൾ തിരുത്തി എഴുതാനുള്ള നീക്കംനടത്തിയ പശ്ചാത്തലത്തിലാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയതെങ്കിലും സമാനമായ സാഹചര്യം ഇന്നും നിലനില്‍ക്കുന്നതിനാൽ അതിന്റെ പ്രസക്തി വർധിക്കുന്നേയുള്ളൂ. സവിശേഷമായി വിശദീകരിച്ചാല്‍, അധികാര വിമര്‍ശനവും വരേണ്യസമുദായങ്ങളുടെ ഹിംസാത്മകമായ ഭൂതകാലവുമാണ് എന്‍.കെ. ജോസ് പ്രശ്നവത്കരിക്കാന്‍ ശ്രമിച്ചത്.
അതില്‍ സുറിയാനി ക്രൈസ്തവസഭയും സനാതനധർമവും മേല്‍ജാതിപ്രാമാണ്യവും എല്ലാം അതിന്റേതായ പങ്ക് വഹിക്കുന്നുവെന്ന് ചരിത്രപരമായി വിശദീകരിക്കുകയാണ് പ്രധാനമെന്ന് അദ്ദേഹം കരുതി. ചരിത്രം ജാതിയെ കണ്ടതെങ്ങനെയെന്നതും ചരിത്രം അതിനായി നിർമിക്കപ്പെട്ടതെങ്ങനെ എന്നതും ദലിത് ബന്ധു എന്‍.കെ. ജോസിന്റെ പ്രധാനപ്പെട്ട ചിന്താവിഷയമാണെന്ന് ചരിത്രകാരനായ ദിനേശൻ വടക്കിനിയില്‍ നിരീക്ഷിച്ചിട്ടുണ്ട്.
ഇതിനായി പി.കെ. ബാലകൃഷ്ണന്റെ ചരിത്രാഖ്യാനങ്ങളെ രീതിശാസ്ത്രപരമായി ആശ്രയിക്കുന്നുണ്ടെങ്കിലും മൗലികമായ ചില വിയോജിപ്പുകൾ ഇവര്‍ തമ്മിൽ നിലനിൽക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 11, 12 നൂറ്റാണ്ടുകളിലെ കേരളത്തിലെ സാമൂഹികവ്യവസ്ഥ വികസിതമല്ലെന്നും അത് ഗോത്രസമൂഹങ്ങളുടെ വ്യവഹാരസ്വഭാവം മാത്രം പ്രകടിപ്പിക്കുന്ന ഒന്നായിരുന്നുവെന്നുമുള്ള ബാലകൃഷ്ണന്റെ സമീപനത്തോടാണ് എന്‍.കെ. ജോസിനെപ്പോലുള്ള ദലിത് ചരിത്രമെഴുത്തുകാര്‍ അഭിപ്രായവ്യത്യാസം പുലര്‍ത്തുന്നതെന്നും ദിനേശൻ വടക്കിനിയിൽ നിരീക്ഷിക്കുന്നുണ്ട്.
വ്യക്തിയും ചരിത്രവും
വ്യക്തികളാല്‍ നിർമിക്കപ്പെടുന്നതാണോ ചരിത്രം അതോ ചരിത്രപ്രക്രിയകളിലും പരിവര്‍ത്തനങ്ങളിലും ഒരു ഘടകം മാത്രമാണോ വ്യക്തിയെന്നതിനു പല വീക്ഷണങ്ങളിൽ ഉത്തരം കണ്ടെത്താം. ദലിത് ബന്ധു എന്‍.കെ. ജോസിന്റെ ചരിത്രപുസ്തകങ്ങള്‍ വ്യക്തികളെ ചരിത്രനിയന്താക്കളായി പരികൽപന (Hypothesis) ചെയ്യുകയും അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിവര്‍ത്തിക്കുന്ന ഒന്നായി ചരിത്രത്തെ വിഭാവനചെയ്യുകയുമാണ്.
അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ ശീര്‍ഷകങ്ങള്‍തന്നെയാണ് ഈ കാഴ്ചപ്പാടിന്റെ മികച്ച മാതൃക. വാല്മീകി ഒരു ബൗദ്ധനോ?, ഗാന്ധി -അയ്യൻകാളി ഒരു സമഗ്രപഠനം, ജ്യോതിറാവു ഫൂലെ, പഴശ്ശിരാജ- കേരള മിര്‍ജാഫർ, വേലുത്തമ്പി, വൈകുണ്ഠ സ്വാമികള്‍ തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ വ്യക്തിയും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്നവയാണ്. സാമൂഹിക പരിവര്‍ത്തനം, ജാതിവിരുദ്ധത, പൊതുബോധവിമര്‍ശനം എന്നീ പ്രമേയങ്ങളിലൂന്നി വ്യക്തികളെ നിര്‍ധാരണംചെയ്തും വ്യവസ്ഥാപിത ചരിത്രരചനകള്‍ക്ക് ബദല്‍പാഠം നിർമിച്ചുമാണ് അദ്ദേഹത്തിന്റെ ചരിത്രരചനാരീതി വികസിക്കുന്നത്.
തന്റെ നിഗമനങ്ങളെയും നിരീക്ഷണങ്ങളെയും വ്യാജചരിത്രരചനക്ക് എതിരെയുള്ള വിമര്‍ശനമായാണ് എന്‍.കെ. ജോസ് മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടുതന്നെ വരേണ്യാഖ്യാനങ്ങള്‍ക്ക് ബദലായി എഴുതപ്പെട്ട പുസ്തകങ്ങള്‍ക്ക് കീഴാളസമുദായങ്ങളില്‍നിന്നുള്ളവരെയും യുക്തിവാദികളെയും വിപുലമായ നിലയിൽ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. പ്രകോപനപരവും വ്യത്യസ്തവുമായ വായനകളിലൂടെ തങ്ങള്‍ക്ക് അഭിജാതവും സമ്പന്നവുമായ ഭൂതകാലം ഉണ്ടെന്നുള്ള തിരിച്ചറിവ് ബഹുജന വായനയില്‍ ചരിത്രത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിയെഴുതാൻ സഹായിച്ചു. രാജാറാം മോഹന്‍ റോയ്, പഴശ്ശിരാജ എന്നിവരെക്കുറിച്ച് അദ്ദേഹം പറയുന്ന ചില നിരീക്ഷണങ്ങൾ ഇക്കാര്യം വ്യക്തമാകാൻ കൂടുതല്‍ സഹായിക്കും.
‘‘ബംഗാളിലെ ബ്രാഹ്മണകുടുംബത്തിൽ ജനിച്ച രാജാറാം മോഹൻ റോയിയുടെ പ്രവര്‍ത്തനം ഇന്ത്യയിലെ ബ്രാഹ്മണരുടെ ഇടയില്‍മാത്രം ഒതുങ്ങിയിരുന്നു. അതിന്റെ പ്രതിധ്വനിപോലും കീഴേത്തട്ടിലെ ജനങ്ങളില്‍ എത്തിയിരുന്നില്ല. അദ്ദേഹം സവർണരുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രചാരണം കൊടുത്ത കാലത്ത് അവിടെത്തന്നെ അയിത്തജാതിക്കാര്‍ക്ക് സ്വന്തം മാതൃഭാഷപോലും വശത്താക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല.’’ ഇപ്രകാരം സാമാന്യബോധത്തില്‍ അസമത്വം, വിവേചനം, ചൂഷണം, മേധാവിത്വം പോലെ ഇന്ത്യന്‍സമൂഹത്തില്‍ ജാതിമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ തന്റെ ചരിത്രരചനയുടെ അടിസ്ഥാനങ്ങളിലൊന്നായി ദലിത് ബന്ധു സ്വീകരിച്ചു.
നമ്മുടെ പാഠപുസ്തകജ്ഞാനത്തെ തിരുത്തുന്ന മറ്റൊരു സന്ദര്‍ഭം ശ്രദ്ധിക്കുക: കൊളോണിയൽ വിരുദ്ധസമരത്തിലെ നായകനായി പരിഗണിക്കപ്പെടുന്ന പഴശ്ശിരാജയെക്കുറിച്ച് ഇപ്രകാരം എഴുതുന്നു: ‘‘മൈസൂരില്‍ ശ്രീരംഗപട്ടണത്തു ടിപ്പു സുല്‍ത്താനോട് ഏറ്റുമുട്ടി ഇംഗ്ലീഷുകാർ പരാജയപ്പെടുമെന്ന് കണ്ടപ്പോള്‍ ബോംബെയില്‍നിന്നും തലശ്ശേരിയില്‍കൊണ്ടുവന്നിറക്കിയ ഇംഗ്ലീഷ് പട്ടാളത്തെ വേഗം മൈസൂരില്‍ എത്തിച്ച് ഇംഗ്ലീഷുകാരെ ജയിപ്പിക്കാന്‍വേണ്ടി തന്റെ അധീനതയിലായിരുന്ന വയനാട്ടിലൂടെ കടത്തിവിട്ട് പ്രതിഫലമായി 8000 രൂപ കൈക്കൂലി വാങ്ങിയ ധീരശൂര പരാക്രമിയാണ് പഴശ്ശിരാജ.’’
വ്യവസ്ഥാപിത ചരിത്രമെഴുത്തുകാർ യോജിക്കാനിടയില്ലാത്ത പല നിരീക്ഷണങ്ങളും തന്റെ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുകമൂലം അക്കാദമിക് മണ്ഡലം എന്‍.കെ. ജോസിന്റെ പുസ്തകങ്ങള്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയില്ല എന്നത് വസ്തുതയാണ്. വൈക്കം സത്യഗ്രഹം എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ നിത്യചൈതന്യയതി നിശിതമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഭൂതകാലത്തെക്കുറിച്ച് വെറുപ്പും ശത്രുതയും നിറച്ചു ചരിത്രമായി എഴുതുമ്പോള്‍ അത് വായിക്കുന്ന സമകാലിക വായനക്കാരില്‍ വെറുപ്പും ശത്രുതയും ഉണ്ടാക്കാൻ സാധ്യതയേറെയാണെന്നും അതുകൊണ്ട് ഇത്തരം ചരിത്രരചനാ പദ്ധതികളില്‍നിന്നും പിന്‍വാങ്ങണമെന്നുമാണ് നിത്യചൈതന്യയതി ചൂണ്ടിക്കാണിച്ചത്.
മറ്റൊരു കാര്യം, വിവരശേഖരണവും നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനായി ഉപയോഗിച്ച സ്രോതസ്സുകളുടെ അഭാവവുമാണ്. പ്രത്യേകിച്ചും ചരിത്രരചനപോലുള്ള ജ്ഞാനമണ്ഡലത്തില്‍ ഇടപെട്ട് വിവാദപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതിനെ സാധൂകരിക്കുന്ന രേഖകളോ സ്രോതസ്സുകളോ ചേര്‍ക്കുന്നത് ഗവേഷണപരമായ കൃത്യതയും നൈതികമായ സൂക്ഷ്മതയുമാണ്.
എന്‍.കെ. ജോസിന്റെ രചനകളുടെ മുഖ്യപോരായ്മയായി വിമര്‍ശകർ ചൂണ്ടിക്കാണിക്കുന്നത് ഈ ഘടകങ്ങളുടെ അഭാവമാണ്. എങ്കിലും അറിയപ്പെടാത്ത നിരവധി സങ്കൽപനങ്ങളും പില്‍ക്കാല അന്വേഷകര്‍ക്ക് വിശദമായി പരിശോധിക്കാവുന്ന സൂചനകളാലും സമൃദ്ധമാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെന്നു കാണാം. ദളവാക്കുളം സംഭവം, വൈക്കം സത്യഗ്രഹത്തിലെ പുലയപങ്കാളിത്തം എന്നിവ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ കെ.കെ. കൊച്ച്, ജെ. രഘു തുടങ്ങിയ എഴുത്തുകാര്‍ തങ്ങളുടെ വിശകലനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമത്രേ.
അദൃശ്യതയുടെ രാഷ്ട്രീയം
കേരളത്തിന്റെ വ്യവസ്ഥാപിത ചരിത്രത്തിലും ജ്ഞാനസംവാദങ്ങളിലും ഓരങ്ങളിലായിപ്പോയ വ്യക്തികളും പ്രസ്ഥാനങ്ങളും എൻ.കെ. ജോസിന്റെ ഇടപെടലുകളിലൂടെയാണ് മലയാളിയുടെ ബഹുജനവായനയില്‍ വന്നതെന്ന് തുടക്കത്തിൽ സൂചിപ്പിച്ചു. 1980കൾ മുതൽ ദലിത് പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും അദ്ദേഹത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് ദലിത് ബന്ധു എന്ന പേര് തന്റെയൊപ്പം ചേര്‍ത്തത്. 1987ല്‍ കോട്ടയം തിരുനക്കര മൈതാനത്തു നടന്ന ഇന്ത്യന്‍ ദലിത് ഫെഡറേഷന്റെ സമ്മേളനത്തില്‍വെച്ചു കല്ലറ സുകുമാരനാണ് ഈ ബഹുമാനിതമായ വിശേഷണം അദ്ദേഹത്തിന് നല്‍കിയത്.
അയ്യന്‍കാളി ഒരു സമഗ്രപഠനം എന്ന പുസ്തകം കേരളത്തിന്റെ കറുത്ത മുത്തായ കല്ലറ സുകുമാരന് സമര്‍പ്പിച്ചതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തോടും നിലപാടുകളോടുമുള്ള സഹഭാവമാവാം കാരണം. പിന്നീട് മുഖ്യധാരാ രാഷ്ട്രീയത്തിന് പുറത്തുള്ള ദലിത് കൂട്ടായ്മകളെ ആശയപരമായി പിന്തുണക്കുകയും അതിന്റെ പ്രായോഗികാവിഷ്‍കാരമെന്ന നിലയില്‍ പുസ്തകം എഴുതിയതിന്റെ ഉദാഹരണമാണ് വൈകുണ്ഠ സ്വാമിയെക്കുറിച്ചുള്ള പുസ്തകം.
ബഹുജൻ പ്രസ്ഥാനവും നീലലോഹിതദാസൻ നാടാരും ആ പുസ്തകം എഴുതാൻ നല്‍കിയ പ്രേരണയെക്കുറിച്ച് ആമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്. ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ്പോലുള്ള പ്രസ്ഥാനങ്ങളുമായും വിവിധങ്ങളായ കീഴാള സാമൂഹിക പ്രസ്ഥാനങ്ങളുമായും നല്ല ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നതും സവിശേഷമായ കാര്യമാണ്. ബുദ്ധിസത്തിന്റെ ആശയാവലികളോടും കേരളത്തിലെ വിവിധ കൂട്ടായ്മകളോടും നിലനിര്‍ത്തിയ സൗഹാര്‍ദവും സഹകരണവും വിവിധങ്ങളായ കീഴാളവിമോചന പ്രസ്ഥാനങ്ങളെ പ്രതീക്ഷാനിര്‍ഭരമായി കണ്ടുവെന്നതിന്റെ തെളിവാണ്.
1980കളിൽ എൻ.കെ. ജോസ് ദലിത്-കീഴാള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് എഴുതി തുടങ്ങുമ്പോൾ ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ അയ്യൻകാളിപോലുള്ള പുസ്തകങ്ങൾ മാത്രമായിരുന്നു സവിശേഷമായി എടുത്തുപറയാന്‍ കഴിയുന്ന ഗ്രന്ഥം. എന്നാല്‍, പിന്നീട് അക്കാദമിക് മേഖലയിലും അല്ലാതെയും ദലിത്-കീഴാള ജ്ഞാനമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളും എഴുത്തുകളും സജീവമായി. ബഹുജന വായനയില്‍ സ്വീകരിക്കപ്പെട്ട പുസ്തകങ്ങളുടെ രീതിശാസ്ത്രപരവും രചനാപരവുമായ പരിമിതികൾ പുതിയ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്.
അക്കാദമികേതര മേഖലയില്‍ ചെറായി രാമദാസ്, ആര്‍.കെ. ബിജുരാജ് തുടങ്ങിയവർ ആര്‍ക്കൈവൽ രേഖകളും ഫീല്‍ഡ് വര്‍ക്കുകളും ഉപയോഗിച്ച് നടത്തുന്ന ചരിത്രരചനയുടെ മറ്റൊരു മണ്ഡലവും വിസ്തൃതമായിട്ടുണ്ടെന്ന വസ്തുത എൻ.കെ. ജോസിനെപ്പോലെ മുമ്പ് സഞ്ചരിച്ചവരുടെ പരിമിതികള്‍കൂടി ബോധ്യപ്പെടുത്തുന്ന കാര്യമാണ്. എങ്കിലും ആദ്യ പഥികർ എന്ന നിലയിൽ അവർ നേരിടാവുന്ന വെല്ലുവിളികളും പരാധീനതകളും വിസ്മരിച്ചുകൊണ്ടല്ല ഇപ്രകാരം ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നു പ്രത്യേകം പറയട്ടെ.
ദലിത് ബന്ധുവിന്റെ പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടാത്ത മാനുസ്ക്രിപ്റ്റുകളും കാലടി സംസ്കൃത സര്‍വകലാശാല ചരിത്രവിഭാഗം മേധാവി ഡോ. കെ.എം. ഷീബയുടെ മുന്‍കൈയിൽ ഏറ്റെടുക്കുകയും അവ വകതിരിച്ചുകൊണ്ട് ഭാവിയിൽ പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങളും നടക്കുമെന്നത് അക്കാദമിക് സമൂഹം അദ്ദേഹത്തിന്റെ ചരിത്രാഖ്യാനങ്ങളെ സ്വീകരിച്ചതിന്റെ തെളിവായി കാണാം. ടി.എച്ച്.പി. ചെന്താരശ്ശേരി, കവിയൂര്‍ മുരളി തുടങ്ങിയ എഴുത്തുകാര്‍ക്ക് അങ്ങനെയൊരു സാധ്യതയുണ്ടായില്ലായെന്നുകൂടി പറയേണ്ടിയിരിക്കുന്നു.
പരിമിതികളും വിമര്‍ശനങ്ങളും ഉന്നയിക്കാമെങ്കിലും എൻ.കെ. ജോസിനെപ്പോലുള്ളവര്‍ ദലിത്-കീഴാള ചരിത്രമേഖലയിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ കേരളത്തിലെ ചരിത്രവിജ്ഞാനമേഖല വരേണ്യമായ മുന്‍വിധികളിലും ബ്രാഹ്മണ്യധികാരത്തെ ഉറപ്പിക്കുന്നതുമായി കുറേക്കാലംകൂടിയെങ്കിലും മുന്നോട്ടുപോകുമെന്നത് ഉറപ്പായ കാര്യമാണ്. അതിനെ തടഞ്ഞുകൊണ്ട് കീഴാളജനതയുടെ ഭൂതകാലത്തിന് ദൃശ്യതയും ബ്രാഹ്മണിക് അധീശത്വത്തിന് സാംസ്കാരിക വെല്ലുവിളിയും ഉയര്‍ത്തിയെന്നതാണ് ദലിത് ബന്ധു എന്‍.കെ. ജോസിന്റെ ചരിത്രരചനകളുടെ പ്രാധാന്യവും പ്രസക്തിയും. അദ്ദേഹത്തിന്റെ വിടവാങ്ങലിലൂടെ അതിന്റെ അലയൊലികളും സാന്നിധ്യവും അവസാനിക്കില്ലെന്നും ഉറപ്പിച്ചുപറയാം.