Begin typing your search above and press return to search.
proflie-avatar
Login

ദ്രാ​വി​ഡ ച​രി​ത്രം തേ​ടി ജാ​പ്പ​നീ​സു​കാ​ർ

history
cancel
കേ​ര​ള​ത്തി​​ന്റെ ച​രി​ത്ര​വും സം​സ്കാ​ര​വും പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച​ത്​ യൂ​റോ​പ്യ​ന്മാ​ർ മാ​ത്ര​മ​ല്ല. നി​ര​വ​ധി ജ​പ്പാ​ൻ​കാ​രു​മു​ണ്ട്. ജ​പ്പാ​നി​ലെ ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദേ​ശ പ​ഠ​നവ​കു​പ്പി​ലെ (TUFS) ച​രി​ത്ര-​സാ​മൂ​ഹി​ക ശാ​സ്ത്ര പ​ണ്ഡി​ത​ന്മാ​ർ ഇ​വി​ടെ വി​ജ്ഞാ​നം വി​ള​യി​ക്കു​ന്ന​തി​ൽ ധാ​രാ​ളം പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​വ​രി​ൽ ചി​ല​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ ച​രി​ത്ര​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ലേ​ഖ​ക​ൻ.

ഇ​ന്ത്യ​യു​ടെ ച​രി​ത്രം ഗം​ഗാ​ത​ട​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്നു​വെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, തെ​ക്കേ​യി​ന്ത്യ എ​ന്നൊ​രു പ്ര​ദേ​ശ​മോ അ​വി​ടെ സ​മ്പ​ന്ന​മാ​യ ഒ​രു സം​സ്കാ​ര​മോ ച​രി​ത്ര​മോ നി​ല​നി​ന്നി​രു​ന്നി​ല്ല എ​ന്ന തോ​ന്ന​ലു​ണ്ടാ​ക്കാ​ൻ വ​ട​ക്കെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​കാ​ല ച​രി​ത്ര​കാ​ര​ന്മാ​ർ ശ്ര​മി​ച്ചി​രു​ന്നു. അ​തി​ന് കു​റ​ച്ചൊ​ക്കെ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത് മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​രാ​യ കെ.​എ. നീ​ല​ക​ണ്ഠ​ ശാ​സ്ത്രി, പി.​ടി. ശ്രീ​നി​വാ​സ അ​യ്യ​ങ്കാ​ർ തു​ട​ങ്ങി​യ അ​ക്കാ​ദ​മി​ക ച​രി​ത്ര​കാ​ര​ന്മാ​രാ​ണ്. മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യു​ടെ കീ​ഴി​ൽ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന നി​ർ​വ​ഹി​ച്ചുവ​ന്ന ഇ​വ​രാ​ണ് ത​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തി​​ന്റെ​ ച​രി​ത്രം ദേ​ശീ​യ ച​രി​ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​ക്കി മാ​റ്റു​ന്ന​തി​ന് പ​രി​ശ്ര​മി​ച്ച​ത്.

അ​തു​പോ​ലെ, ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​​ന്റെ പ​കു​തി​യോ​ടു​കൂ​ടി മാ​ത്ര​മാ​ണ് കേ​ര​ള ച​രി​ത്ര​ത്തെ​ക്കു​റി​ച്ച് ശാ​സ്ത്രീ​യ​വും അ​ക്കാ​ദ​മി​ക​വു​മാ​യ ച​രി​ത്ര​ര​ച​ന ആ​രം​ഭി​ച്ച​ത്. അ​തി​ൽ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി എം.​ജി.​എ​സ് (മു​റ്റാ​യി​ൽ ഗോ​വി​ന്ദ​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ) എ​ന്ന മൂ​ന്ന​ക്ഷ​രം മു​ഴ​ച്ചു​ത​ന്നെ നി​ൽ​ക്കു​ന്നു. എം.​ജി.​എ​സ് ത​​ന്റെ ഗു​രു​വാ​യി ക​ണ്ട മ​ല​യാ​ള ഭാ​ഷാ പ​ണ്ഡി​ത​നും ഗ​വേ​ഷ​ക​നു​മാ​യ ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള വാ​യി​ച്ചെ​ടു​ത്ത ശാ​സ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ക​ർ​ന്നു​ന​ൽ​കി​യ ആ​ശ​യ​ങ്ങ​ളും ഒ​പ്പം എം.​ജി.എ​സി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷണ​ങ്ങ​ളു​മാ​ണ് പി​ൽ​ക്കാ​ല​ത്ത് കേ​ര​ള ച​രി​ത്രപ​ഠ​ന​ത്തി​ലെ ‘കാ​ലി​ക്ക​റ്റ് സ്കൂ​ളി’​ന് മാ​തൃ​ക​യാ​യി മാ​റി​യ​ത്.

ദ​ക്ഷി​ണേ​ന്ത്യ​ൻ ച​രി​ത്ര​പ​ഠ​ന​ത്തി​ൽ ശ്രീ​നി​വാ​സ അ​യ്യ​ങ്കാ​ർ, നീ​ല​ക​ണ്ഠ​ ശാ​സ്ത്രി, ടി.​വി. മ​ഹാ​ലിം​ഗം, എം.ജി.​എ​സ്, എ​ൻ. സു​ബ്ര​ഹ്മ​ണ്യം തു​ട​ങ്ങി​യ​വ​ർ തു​റ​ന്നി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ നി​ര​വ​ധി വി​ദേ​ശീ​യ​രു​മെ​ത്തി. ബ​ർ​ട്ട​ൻ സ്റ്റെ​യി​ൻ, സ്റ്റീ​ഫ​ൻ എ​ഫ്. ഡേ​ൽ, റോ​ബി​ൻ ജെ​ഫ്രി തു​ട​ങ്ങി​യ നി​ര​വ​ധി​പേ​ർ ആ ​ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, ത​ങ്ങ​ൾ​ക്ക് വ​ള​രെ അ​ന്യ​മാ​യ ഒ​രു പ്ര​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന് ച​രി​ത്ര​വും സം​സ്കാ​ര​വും പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച​വ​രി​ൽ യൂ​റോ​പ്യ​ന്മാ​ർ മാ​ത്ര​മ​ല്ല ഏ​ഷ്യ​ക്കാ​രും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ജ​പ്പാ​നി​ലെ ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദേ​ശപ​ഠ​ന വ​കു​പ്പി​ലെ (TUFS) ച​രി​ത്ര-​സാ​മൂ​ഹി​ക​ ശാ​സ്ത്ര പ​ണ്ഡി​ത​ർ ആ​ദ്യ​കാ​ല ദ​ക്ഷി​ണേ​ന്ത്യ​ൻ ച​രി​ത്ര​കാ​ര​ന്മാ​ർ ഉ​ഴു​തു​മ​റി​ച്ചി​ട്ട മ​ണ്ണി​ൽ പു​തി​യ വി​ജ്ഞാ​നം വി​ള​യി​ക്കു​ന്ന​തി​ൽ ധാ​രാ​ളം പ​ണി​യെ​ടു​ത്തു. അ​വ​രി​ൽ ചി​ല​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​രി​ശ്ര​മ​മാ​ണ് ചു​വ​ടെ.

ക​രാ​ഷി​മ പൂ​രി​പ്പി​ച്ച സ​മ​സ്യ​ക​ൾ

മെ​ഡി​റ്റ​റേ​നി​യ​ൻ പ്ര​ദേ​ശ​ത്തു​നി​ന്ന് പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​​ന്റെ സ​ഹാ​യ​ത്താ​ൽ മ​ല​ബാ​ർ തീ​ര​ത്ത് എ​ത്തി​ച്ചേ​ർ​ന്ന ഹി​പാ​ല​സ് എ​ന്ന നാ​വി​ക​​ന്റെ വ​ര​വ്​ കേ​ര​ള ച​രി​ത്ര​ത്തി​ൽ വ​ള​രെ പ്രാ​ധാ​ന്യം നേ​ടി​യ ഒ​രു സം​ഭ​വ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഹി​പാ​ല​സി​ന് മു​മ്പും ഈ ​കാ​റ്റു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഗ്രീ​ക് ഹെ​ല​നി​സ്റ്റി​ക് കാ​ല​ഘ​ട്ട​ത്തി​ലും ഈ ​മ​ൺ​സൂ​ൺ കാ​റ്റി​നെ കു​റി​ച്ച് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും തെ​ളി​വു​ക​ളു​ണ്ട്. ആ​യ​തി​നാ​ൽ ഇ​ത്ത​രം തെ​റ്റാ​യ പ്ര​സ്താ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ പ​ല​രും ത​യാ​റാ​യി​ട്ടി​ല്ല.

അ​തി​ലൊ​രാ​ളാ​ണ് ജ​പ്പാ​നി​ൽ​നി​ന്നും കേ​ര​ള​മു​ൾ​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ ച​രി​ത്രം പ​ഠി​ക്കാ​നെ​ത്തി​യ നൊ​ബോ​രു ക​രാ​ഷി​മ (1933-2015). ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​മാ​യി ഉ​ണ്ടാ​യ ക​ച്ച​വ​ടബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ​റ​യു​ന്ന പ​ല ഗ്ര​ന്ഥ​ങ്ങ​ളി​ൽനി​ന്നും ഈ ​സ​മ​സ്യ​ക്കു​ള്ള മ​റു​പ​ടി അ​ദ്ദേ​ഹം ക​ണ്ടെ​ത്തി. റോ​മ​ൻ ഭൂ​മി​ശാ​സ്ത്ര​ജ്ഞ​നാ​യ പ്ലി​നി ത​​ന്റെ ‘നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി’ എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച കാ​റ്റ് എ​ന്ന​ർ​ഥം വ​രു​ന്ന ‘ഹൈ​പാ​ലോ​സ്’ എ​ന്ന പ​ദം ഹി​പ്പാ​ല​സ് എ​ന്ന വ്യ​ക്തിനാ​മ​മാ​യി പ​രി​ണ​മി​ച്ച​തെ​ന്ന് സ​മ​ർ​ഥി​ക്കാ​നാ​ണ് ക​രാ​ഷി​മ ശ്ര​മി​ച്ച​ത്.

പെ​രി​പ്ല​സു​കാ​ര​ൻ എ​ന്ന​റി​യ​പ്പെ​ട്ട പ​ര്യ​വേ​ക്ഷ​ക​നും (പെ​രി​പ്ല​സ് മാ​രി​സ് എ​റി​ത്രി​യേ എ​ന്ന ഗ്ര​ന്ഥ​ത്തി​​ന്റെ ക​ർ​ത്താ​വ്) ഹി​പാ​ല​സ് എ​ന്ന വ്യ​ക്തി​യു​ടെ ക​ണ്ടെ​ത്ത​ലാ​യി പ​റ​യാ​തെ ഒ​രു കാ​റ്റി​നെ മാ​ത്ര​മേ പ​രാ​മ​ർ​ശി​ക്കു​ന്നു​ള്ളൂവെ​ന്ന്, റൊ​മാ​നി​സ് എ​ഫ്.​ഡെ, എ. ​ടെ​ഹ​ർ​നി​യ എ​ന്നി​വ​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ ‘ക്രോ​സി​ങ്: ഏ​ർ​ലി മെ​ഡി​റ്റ​റേ​നി​യ​ൻ കോ​ണ്ടാ​ക്ട്സ് വി​ത്ത് ഇ​ന്ത്യ’ (1997) എ​ന്ന ഗ്ര​ന്ഥ​ത്തെ മു​ൻ​നി​ർ​ത്തി ക​രാ​ഷി​മ സ​മ​ർ​ഥി​ക്കു​ക​യു​ണ്ടാ​യി. (Noboru Karashima (Ed.), A Concise History of South India, Oxford University Press, NewDelhi, 2014, p.74)

ഈസ്റ്റ് ഇന്ത്യ മാപ്പ്

ജ​പ്പാ​നി​ലെ ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ക​രാ​ഷി​മ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ ച​രി​ത്ര​കാ​ര​നാ​യി മാ​റു​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​യാ​ണ്. ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ ത​​ന്റെ വി​ജ്ഞാ​ന​വ്യാ​പ​ന​ത്തി​​ന്റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും കു​റി​ച്ച് ക​രാ​ഷി​മ പ​ഠി​ക്കാ​നി​ട​യാ​യി. 1966ൽ ​മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പുരി​ൽ ന​ട​ന്ന ആ​ദ്യ അ​ന്ത​ർ​ദേ​ശീ​യ ത​മി​ഴ് സം​സ്കാ​ര പ​ഠ​ന കോ​ൺ​ഫ​റ​ൻ​സി​ൽ പു​തു​മ​യു​ള്ള ഒ​രു ക​ണ്ടെ​ത്ത​ൽ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ദ​ക്ഷി​ണേ​ന്ത്യ​ൻ പ​ഠ​ന​ങ്ങ​ളി​ലേ​ക്ക് ക​രാ​ഷി​മ​യു​ടെ വ​ര​വ​റി​യി​ച്ച​ത്.

ചോ​ള കാ​ല​ഘ​ട്ട​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന അ​ല്ലൂ​ർ, ഇ​ഷ​നി​മം​ഗ​ലം എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലെ ഗ്രാ​മ​ഭ​ര​ണ​വ്യ​വ​സ്ഥ​ക​ളെ താ​ര​ത​മ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഒ​രു പ​ഠ​ന​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. ബ്രാ​ഹ്മ​ണ​സ​ഭ​ക​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ട്ടി​രു​ന്ന ഇ​ഷ​നി​മം​ഗ​ല​ത്തെ അ​പേ​ക്ഷി​ച്ച് അ​ല്ലൂ​ർ ഒ​രു ബ്രാ​ഹ്മ​ണേ​ത​ര ഗ്രാ​മ​വും അ​വി​ട​ത്തെ ഭ​ര​ണ​വ്യ​വ​സ്ഥ ഗ്രാ​മ​സം​ഘ​ങ്ങ​ളാ​ൽ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും കൃ​ഷി​ക്കാ​ർ​ത​ന്നെ​യാ​ണ് ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത പു​ല​ർ​ത്തി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം തെ​ളി​യി​ച്ചു. തു​ട​ർ​ന്ന് ചോ​ള ശാ​സ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നും അ​തി​ലൂ​ടെ തെ​ക്കേ ഇ​ന്ത്യ​യു​ടെ ച​രി​ത്ര പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന​തി​നും അ​ദ്ദേ​ഹം പ​രി​ശ്ര​മി​ച്ചു. അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ത​ഞ്ചാ​വൂ​ർ ത​മി​ഴ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വൈ. ​സു​ബ്ബ​രാ​യ​ലു, മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ. സു​ബ്ര​ഹ്മ​ണ്യം എ​ന്നി​ങ്ങ​നെ പ്ര​മു​ഖ​ർ ത​യാ​റാ​കു​ക​യുംചെ​യ്തു.

പ്രാ​ചീ​ന ലി​പി​പ​ഠ​ന​ത്തി​ൽ വ്യു​ൽ​പത്തി നേ​ടി​യ വ്യ​ക്തി​യെ​ന്ന​നി​ല​യി​ൽ ക​രാ​ഷി​മ​ക്ക് ഒ​ട്ടേ​റെ മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ചു. ത​ന്മൂ​ലം 1980ൽ ​ക​രാ​ഷി​മ​ക്ക് ചോ​ളശാ​സ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന് ദ്രാ​വി​ഡി​യ​ൻ ലിം​ഗ്വി​സ്റ്റി​ക് അ​സോ​സി​യേ​ഷ​ൻ മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. (P. Basith Assarani, Nobrou Karashima: An Inspired Tamilian Historiographer, JETIR, November 2018, Volume 5, Issue 11; www.jetir.org ).

ചോ​ള​ന്മാ​രു​ടെ​യും വി​ജ​യ​ന​ഗ​ര രാ​ജാ​ക്ക​ന്മാ​രു​ടെ​യും ശാ​സ​ന​ങ്ങ​ൾ കൃ​ത്യ​മാ​യും ആ​യാ​സ​ര​ഹി​ത​മാ​യും വാ​യി​ച്ചെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വി​രു​തു കാ​ണി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ ലി​ഖി​ത​ങ്ങ​ളു​ടെ വാ​യ​ന​ക്ക് ‘ക​രാ​ഷി​മ മോ​ഡ​ൽ’ ത​ന്നെ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം വി​ജ​യി​ച്ചു. ക​രാ​ഷി​മ ഒ​രി​ക്ക​ൽ പ്ര​സ്താ​വി​ച്ച​ത്, “സാ​ധാ​ര​ണ​യാ​യി ഒ​രു അ​ക്കാ​ദ​മി​ക പ​ണ്ഡി​ത​നെ​ന്ന മി​ക​വോ​ടെ ശാ​സ​ന​ങ്ങ​ളെ യാ​ന്ത്രി​ക​മാ​യ രീ​തി​യി​ൽ ഏ​തെ​ങ്കി​ലും സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ മാ​ർ​ഗ​ത്തി​ൽ വാ​യി​ച്ചെ​ടു​ക്കാ​ൻ ശ്ര​മി​ക്കാ​റി​ല്ല. അ​ത് തെ​റ്റാ​യ ഒ​രു രീ​തി​യാ​യാ​ണ് ഞാ​ൻ കാ​ണു​ന്ന​ത്. ഞാ​നാ​ദ്യം ആ ​ലി​ഖി​ത​ങ്ങ​ളു​ടെ മ​ന്ത്ര​ണം ശ്ര​ദ്ധി​ക്കും. എ​ന്നി​ട്ട് അ​വ​യു​മാ​യി സം​ഭാ​ഷ​ണം ആ​രം​ഭി​ക്കും. അ​തി​ലൂ​ടെ പു​തി​യ കാ​ര്യ​ങ്ങ​ൾ എ​ന്നി​ലേ​ക്ക് എ​ത്തി​ച്ചേ​രും.’’ (Parvathy Menon, Nobrou Karashima: An Obituary, Review of Agrarian Studies, Vol. VI, No. 1, June 2016). ആ​ദ്യ​കാ​ല ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ. ​സു​ബ്ബ​രാ​യ​ലു​വു​മാ​യി ചേ​ർ​ന്ന് ചോ​ള​ശാ​സ​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ‘South Indian History and Society: Studies from Inscriptions AD 850-1800’ എ​ന്ന ഗ്ര​ന്ഥ​വും ‘A Concordance of the Names in Chola Inscriptions’ എ​ന്ന ഗ്ര​ന്ഥ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ക​രാ​ഷി​മ​ക്ക് സാ​ധി​ച്ചു.

ചേ​ര ശാ​സ​ന​ങ്ങ​ളെ ആ​ധി​കാ​രി​ക​മാ​യി പ​ഠി​ച്ച എം.​ജി.​എ​സു​മാ​യി ക​രാ​ഷി​മ ന​ല്ലൊ​രു ആ​ത്മ​ബ​ന്ധം ഉ​ണ്ടാ​ക്കി​യെ​ടു​ത്തു. മി​ക്ക​പ്പോ​ഴും ചോ​ള ശാ​സ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​നാ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം എം.​ജി.​എ​സി​​ന്റെ സ​ഹാ​യം തേ​ടി​യി​രു​ന്നു. നൊ​ബോ​രു ക​രാ​ഷി​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് എം.​ജി.​എ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്: “ഗ്രാ​മ​ക്ഷേ​ത്ര​ മ​ഹാ​സ​ഭ​ക​ളി​ൽ ദേ​വ​സ്വം (ദേ​വ​​ന്റെ സ്വ​ത്ത്) എ​ന്ന പൊ​തു​സ്വ​ത്ത് സം​വി​ധാ​നം​ എ​ങ്ങ​നെ സ്വ​കാ​ര്യ​സ്വ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ൽ എ​ത്തി എ​ന്ന മ​ർ​മ​പ്ര​ധാ​ന​മാ​യ പ്ര​ശ്‌​ന​മാ​ണ് മാ​ർ​ക്സി​സ്റ്റ് സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ അ​ദ്ദേ​ഹം അ​പ​ഗ്ര​ഥി​ച്ച​ത്.

ചോ​ള​ച​രി​ത്രം ആ​ധി​കാ​രി​ക​മാ​യി പ​ഠി​ച്ചെ​ഴു​തി​യ പ്ര​ഫ​സ​ർ കെ.​എ. നീ​ല​ക​ണ്ഠ​ ശാ​സ്ത്രി​യും ടി.​വി. മ​ഹാ​ലിം​ഗ​വും ഒ​ന്നും ഇ​ത്ത​രം സൈ​ദ്ധാ​ന്തി​ക​പ്ര​ശ്‌​ന​ങ്ങ​ൾ കൈ​കാ​ര്യംചെ​യ്തി​രു​ന്നി​ല്ല’’ (എം.​ജി.​എ​സ് നാ​രാ​യ​ണ​ൻ, ജാ​ല​ക​ങ്ങ​ൾ: ഒ​രു ച​രി​ത്രാ​ന്വേ​ഷി​യു​ടെ വ​ഴി​ക​ൾ കാ​ഴ്ച​ക​ൾ, ക​റ​ന്റ് ബു​ക്സ്, തൃ​ശൂ​ർ, പു. 486). ​എം.​ജി.​എ​സു​മാ​യി നീ​ണ്ട കാ​ല​ത്തെ സൗ​ഹൃ​ദം സൂ​ക്ഷി​ച്ചി​രു​ന്ന ക​രാ​ഷി​മ ടോ​ക്യോ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ അ​ന്ത​ർദേ​ശീ​യ പ​ഠ​ന​വി​ഭാ​ഗ​ത്തി​ൽ (TUFS) വി​സി​റ്റി​ങ് പ്ര​ഫ​സ​റാ​യി ചേ​ർ​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നും എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​വി​ടേ​ക്ക് പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​ധ്യാ​പ​ന​ത്തി​നും മ​റ്റു​മാ​യി ക്ഷ​ണി​ക്കു​ക​യു​ണ്ടാ​യി. ക​രാ​ഷി​മ​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ച് ടോ​ക്യോ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് ഫോ​റി​ൻ സ്റ്റ​ഡീ​സി​ൽ റി​സ​ർ​ച് പ്ര​ഫ​സ​റാ​യി ഒ​രു വ​ർ​ഷം (1994-95) പ്ര​വ​ർ​ത്തി​ക്കാ​നും എം.​ജി.​എ​സ്. നാ​രാ​യ​ണ​നു സാ​ധി​ച്ചു.

ക​രാ​ഷി​മ​യു​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ പ​ഠ​ന​ങ്ങ​ൾ

ഒ​ന്നാം അ​ന്ത​ർ​ദേ​ശീ​യ ത​മി​ഴ് കോ​ൺ​ഫ​റ​ൻ​സു​മാ​യി (International Association of Tamil Research) ആ​രം​ഭി​ച്ച അ​ദ്ദേ​ഹ​ത്തി​​ന്റെ ബ​ന്ധം, 1989ൽ ​ഏ​ഴാം കോ​ൺ​ഫ​റ​ൻ​സി​​ന്റെ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹ​ത്തെ ന​യി​ച്ചു. തു​ട​ർ​ന്ന് ലോ​ക​ത്തി​ലെ ആ​ദ്യ ഭാ​ഷ​യാ​യി ക​രു​തു​ന്ന ത​മി​ഴി​​ന്റെ വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നു​മാ​യി അ​ദ്ദേ​ഹം ചെ​യ്ത സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണ്. ഇ​ന്ത്യ​ക്കാ​ര​ന​ല്ലാ​തി​രു​ന്നി​ട്ടും എ​പ്പി​ഗ്രാ​ഫി​ക്ക​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ പ​ദ​വി (1985) ക​രാ​ഷി​മ അ​ല​ങ്ക​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ട്ടാ​മ​ത് അ​ന്ത​ർ​ദേ​ശീ​യ ത​മി​ഴ് കോ​ൺ​ഫ​റ​ൻ​സ് (1995) ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന​ത്.

ഒ​മ്പ​താം സ​മ്മേ​ള​നം (2009) ന​ട​ന്ന വേ​ള​യി​ൽ രാ​ഷ്ട്രീ​യ​മാ​യ ഇ​ട​പെ​ട​ൽ​മൂ​ലം അ​ദ്ദേ​ഹം സ​ഹ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് ത​ൽ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി​വെ​ച്ചൊ​ഴി​ഞ്ഞു (1989-2010). സ്ഥാ​നം ഒ​ഴി​ഞ്ഞെ​ങ്കി​ലും 2015 ന​വ​ംബ​ർ 26ന് 82ാം ​വ​യ​സ്സി​ൽ അ​ദ്ദേ​ഹം മ​ര​ണം വ​രി​ക്കു​ന്ന​തു​വ​രെ ത​മി​ഴ് ഭാ​ഷ​ക്കും സം​സ്കാ​ര​ത്തി​നു​മൊ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യു​ടെ ച​രി​ത്ര പ​ഠ​ന വ​ള​ർ​ച്ച​ക്കും വി​കാ​സ​ത്തി​നും വേ​ണ്ടി അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ചു. ഇ​ന്ത്യാ ച​രി​ത്ര-​സം​സ്കാ​ര ഭാ​ഷാ​പ​ഠ​ന മേ​ഖ​ല​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ഭാ​ര​ത സ​ർ​ക്കാ​ർ പ​ത്മ​ശ്രീ (2013) ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. മു​മ്പ് സൂ​ചി​പ്പി​ച്ച​തി​നു പു​റ​മെ വി​ജ​യന​ഗ​രം, മ​ധു​ര നാ​യ്ക്ക​ന്മാ​ർ, പാ​ണ്ഡ്യ​ൻ​മാ​ർ തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സാ​ഹി​ത്യ-​ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന Towards a New Formation: South Indian Society under Vijayanagar Rule (1992), History and Society in South India: The Cholas to Vijayanagar (2001), A Concordance of Nayaks: The Vijayanagara Inscriptions in South India (2002), Ancient to Medieval: South Indian Society in Transition (2009), A Concise History of South India: Issues and Interpretations (2014) തു​ട​ങ്ങി​യ കൃ​തി​ക​ൾ അ​ദ്ദേ​ഹ​ത്തി​​ന്റേ​താ​യി പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ക​രാ​ഷി​മ​യു​ടെ കൃ​തി​ക​ൾ ഏ​റെ​യും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ഓ​ക്സ്ഫ​ഡ് യൂ​നി​വേ​ഴ്സി​റ്റി പ്ര​സാ​ണ്. ഏ​ഷ്യ​യു​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ, പാ​ച​ക​രീ​തി​ക​ൾ, സം​സ്കാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച ജ​പ്പാ​നി​ലെ നി​ര​വ​ധി ടി​.വി ഷോ​ക​ളി​ലെ അ​വ​താ​ര​ക​നാ​യി​ട്ടും ക​രാ​ഷി​മ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഏ​ഷ്യ​ൻ സം​സ്കാ​ര​ത്തി​​ന്റെ സം​ര​ക്ഷ​ണ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മാ​യി Fukoka City International Foundation ന​ൽ​കു​ന്ന Fukoka Asian Cultural Prize (1995), മി​ക​ച്ച സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ജ​പ്പാ​​ന്റെ ഉ​ന്ന​ത അ​വാ​ർ​ഡാ​യ Japan Academy Prize (2003), Person of Cultural Merit (2007) എ​ന്നി​വ പ​ത്മ​ശ്രീ​ക്കു പു​റ​മെ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ അ​വാ​ർ​ഡു​ക​ളാ​ണ്.

നൊ​ബോ​രു ക​രാ​ഷി​മ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽനിന്ന് ‘പത്മശ്രീ’ സ്വീകരിച്ചപ്പോൾ

നൊ​ബോ​രു ക​രാ​ഷി​മ​യു​ടെ പ​താ​ക ഏ​ന്തി​യ​വ​ർ

ക​രാ​ഷി​മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​​ന്റെ സു​ഹൃ​ത്തു​ക്കളും ശി​ഷ്യ​രും ശി​ഷ്യ​രു​ടെ ശി​ഷ്യ​രും ഇ​ന്ത്യാ പ​ഠ​ന​ത്തി​ൽ പ്ര​ത്യേ​കി​ച്ചും ദ​ക്ഷി​ണേ​ന്ത്യാ പ​ഠ​ന​ത്തി​ൽ താ​ൽ​പ​ര്യം കാ​ണി​ച്ച് മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല, ജാ​പ്പ​നീ​സ് ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ഫ​സ​ർ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന സു​കാ​സ മി​സു​ഷി​മ ഇ​ന്ത്യാ ച​രി​ത്ര​ത്തി​ലും ദ​ക്ഷി​ണേ​ന്ത്യ​ൻ ച​രി​ത്ര-​സം​സ്കാ​ര​ത്തി​ലും ക​രാ​ഷി​മ​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടു മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ച​രി​ത്ര​ത്തി​ൽ ജാ​തി സ​മ്പ്ര​ദാ​യം, കു​ടി​യേ​റ്റം, ജ​ന​സം​ഖ്യ മാ​റ്റ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ പ​ഠ​നം വ്യാ​പി​ച്ചി​രു​ന്നു.

ത​മി​ഴ് സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലും പു​റ​ത്തും ത​മി​ഴ് വം​ശ​ജ​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് നേ​രി​ട്ട് പ​ഠ​നം ന​ട​ത്തു​ന്ന​തി​നും അ​ദ്ദേ​ഹം താ​ൽ​പ​ര്യം കാ​ണി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ ച​രി​ത്ര​മ​ന്വേ​ഷി​ച്ച് തെ​ക്ക​നേ​ഷ്യ​യി​ലെ​യും തെ​ക്കു​കി​ഴ​ക്ക​നേ​ഷ്യ​യി​ലെ​യും നി​ര​വ​ധി പു​രാ​രേ​ഖ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ 250 വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട്ടി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ളെ ച​രി​ത്ര​പ​ര​മാ​യി അ​പ​ഗ്ര​ഥി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ദ​ർ​ശി​ച്ച ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച രേ​ഖ​ക​ളെ​ല്ലാംത​ന്നെ ഡി​ജി​റ്റൈ​സ് ചെ​യ്ത് സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ​ചെ​ലു​ത്തി.

ഇ​ന്ത്യ പ്ലേ​സ് ഫൈ​ൻ​ഡ​റും മി​സു​ഷി​മ​യും

ഭൂ​മി​ശാ​സ്ത്ര​വി​വ​ര ശേ​ഖ​ര​ണ സം​വി​ധാ​ന (Geographical Information System - GIS) ച​രി​ത്ര ഗ​വേ​ഷ​ണ​ത്തെ മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്ന ക​ണ്ടെ​ത്ത​ലി​ന്റെ ആ​ദ്യ​കാ​ല വ​ക്താ​വാ​യി​രു​ന്നു മി​സു​ഷി​മ. ത​ന്മൂ​ലം 2012 മു​ത​ൽ Asian Network for GIS –based Historical Studies (ANGIS) എ​ന്ന സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചു. ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ‘മി​സു​ഷി​മ ലാ​ബ്’ വ​ഴി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ജി.ഐ.​എ​സ് അ​ധി​ഷ്ഠി​ത ഗ​വേ​ഷ​ണ ഗേ​റ്റ് വേ​യാ​യ ‘Indian Place Centre’ന്റെ ​പ്ര​ധാ​ന വ​ക്താ​വും മി​സു​ഷി​മ​യാ​യി​രു​ന്നു. ഇ​ന്ത്യ​യെ​ന്ന സ​മ്പ​ന്ന​മാ​യ പൈ​തൃ​ക​ത്തെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​ഹാ​യി​ക്കു​ന്ന ഒ​രു ഉ​പ​ക​ര​ണ​മെ​ന്ന​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച ടൂ​ൾ ആ​ണി​ത്. ഇ​തി​നാ​യി അ​ഞ്ചു വ​ർ​ഷ​വും 1.2 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റും ചെ​ല​വ​ഴി​ച്ചു. ജ​പ്പാ​ൻ സൊ​സൈ​റ്റി ഫോ​ർ ദ ​പ്ര​മോ​ഷ​ൻ ഓ​ഫ് സ​യ​ൻ​സി​ൽ​നി​ന്നു​ള്ള ധ​ന​സ​ഹാ​യം ല​ഭ്യ​മാ​യ​തി​നാ​ൽ ഈ ​ഗേ​റ്റ്‌​വേ​യു​ടെ ഉ​പ​യോ​ഗം സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കിവ​ന്നി​രു​ന്ന​ത്.

ഇ​തി​ലൂ​ടെ ഗ​വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലെ ഗ്രാ​മ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നു. ഇ​തി​ൽ, 1869 മു​ത​ൽ 2010 വ​രെ​യു​ള്ള സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ ടോ​പ്പോ​ഗ്ര​ഫി​ക്ക​ൽ മാ​പ്പു​ക​ളി​ൽ​നി​ന്നു​ള്ള ഡേ​റ്റ​യും 2001ലെ ​ജി​ല്ല ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ൽ​നി​ന്നു​ള്ള സെ​ൻ​സ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡേ​റ്റ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ത്ര​മ​ല്ല, ഡി​ജി​റ്റ​ൽ ഫോ​ർ​മാ​റ്റി​ൽ മ​റ്റ് പ​ല​ത​ര​ത്തി​ലു​ള്ള വി​വ​ര​ങ്ങ​ളു​മാ​യി ലി​ങ്ക് ചെ​യ്യാ​ൻ ഗ​വേ​ഷ​ക​നെ ഇ​ത് അ​നു​വ​ദി​ക്കു​ന്നു​മു​ണ്ട്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, “ഇ​ന്ത്യ​യി​ലെ എ​ല്ലാ ഗ്രാ​മ​ങ്ങ​ളി​ലെ​യും ജ​ന​സം​ഖ്യാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ​യോ കാ​ല​ക്ര​മേ​ണ ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്തി​​ന്റെ വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തെ​യോ അ​ല്ലെ​ങ്കി​ൽ തൊ​ഴി​ൽ ഘ​ട​ന​യി​ലെ മാ​റ്റ​ങ്ങ​ളെ​യോ പ്ര​തി​നി​ധാ​നം​ചെ​യ്യാ​ൻ ഒ​രാ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ, അ​ത് ഇ​പ്പോ​ൾ 10 അ​ല്ലെ​ങ്കി​ൽ 20 മി​നി​റ്റി​നു​ള്ളി​ൽ ചെ​യ്യാ​നാ​കും.’’ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ ടോ​പ്പോ​ഷീ​റ്റു​ക​ളി​ലേ​ക്കും 2001ലെ ​സെ​ൻ​സ​സ് ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​ലേ​ക്കും സെ​ൻ​സ​സ് ഓ​ഫ് ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റ് റെ​ഗു​ലേ​ഷ​നു​ക​ളാ​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ നേ​ടു​ന്ന​ത് സാ​ധാ​ര​ണ ഗ​വേ​ഷ​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി​ട്ടാ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്നും ലൈ​ബ്ര​റി​ക​ളി​ൽ​നി​ന്നും ടോ​പ്പോ​ഗ്ര​ഫി​ക്ക​ൽ ഷീ​റ്റു​ക​ൾ വാ​ങ്ങി​യെ​ടു​ത്താ​ണ് മി​സു​ഷി​മ ഇ​തി​​ന്റെ നി​ർ​മാ​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

ജി.​ഐ.​എ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റി​​ന്റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് പ്ര​ഫ. മി​സു​ഷി​മ ‘ദി ​ഹി​ന്ദു’​വി​ന് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്ന​ത്: “നി​ങ്ങ​ൾ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് യു​നൈ​റ്റ​ഡ് പ്ര​വി​ശ്യ​ക​ളാ​യി​രു​ന്ന ഒ​രു വി​ദൂ​ര കു​ഗ്രാ​മ​ത്തി​ൽ​നി​ന്ന് ര​ണ്ട് ത​ല​മു​റ​ക​ൾ​ക്കു​ മു​മ്പ് കു​ടി​യേ​റി​യ ഒ​രു ഇ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് ക​രു​തു​ക. ആ ​ഗ്രാ​മ​ത്തി​​ന്റെ പേ​ര് ‘രാം​ഗ​ഢ്’ എ​ന്നാ​ണെ​ന്നും അ​ത് ഗം​ഗ​യു​ടെ അ​ടു​ത്താ​ണെ​ന്നും ആ ​ഗ്രാ​മ​ത്തി​ൽ​നി​ന്ന് ബ​നാ​റ​സി​ലെ​ത്താ​ൻ ര​ണ്ടു ദി​വ​സം കാ​ള​വ​ണ്ടി​യി​ലും പി​ന്നീ​ട് ബോ​ട്ടി​ലും ഒ​രു ദി​വ​സ​മെ​ടു​ത്തു​വെ​ന്നും നി​ങ്ങ​ളു​ടെ മു​ത്ത​ശ്ശി നി​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് നി​ങ്ങ​ൾ​ക്ക് ഓ​ർ​മ​യു​ള്ള​ത്.

നി​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ വ​ന്ന ഗ്രാ​മം സ​ന്ദ​ർ​ശി​ക്കാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു, പ​ക്ഷേ അ​തി​​ന്റെ സ്ഥാ​ന​മോ അ​ത് സ്ഥി​തി​ചെ​യ്യു​ന്ന സം​സ്ഥാ​ന​ത്തി​​ന്റെ​യോ ജി​ല്ല​യു​ടെ​യോ ആ​ധു​നി​ക നാ​മം​പോ​ലും നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. ഗം​ഗാ​സ​മ​ത​ല​ങ്ങ​ളി​ൽ ഒ​ന്നി​ല​ധി​കം രാം​ഗ​ഢു​ക​ളു​ണ്ടെ​ന്ന് നി​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്നു. നി​ങ്ങ​ളു​ടെ രാം​ഗ​ഢ് ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ടോ എ​ന്നു​പോ​ലും നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. ഗൂ​ഗി​ൾ മാ​പ്പു​ക​ൾ ഇ​തി​നാ​യി നി​ങ്ങ​ളെ സ​ഹാ​യി​ക്കി​ല്ല. ഈ ​സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന പു​തി​യ മാ​ർ​ഗ​മാ​ണി​ത്. പ്ലേ​സ് ഫൈ​ൻ​ഡ​ർ ഗേ​റ്റ്‌​വേ​യി​ലെ ‘രാം​ഗ​ഢ്’ കൂ​ടാ​തെ ഡ​സ​ൻക​ണ​ക്കി​ന് രാം​ഗ​ഢ് അ​തി​​ന്റെ സാ​ധ്യ​മാ​യ എ​ല്ലാ സ്പെ​ല്ലി​ങ് വ്യ​തി​യാ​ന​ങ്ങ​ളോ​ടും കൂ​ടി സ്ക്രീ​നി​ൽ ദൃ​ശ്യ​മാ​കും, ഓ​രോ​ന്നി​നും പ്ര​സ​ക്ത​മാ​യ ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​നം, അ​ക്ഷാം​ശം, രേ​ഖാം​ശം എ​ന്നി​വ​യു​ടെ പേ​ര്.

കൂ​ടാ​തെ 2001ലെ ​ഇ​ന്ത്യ​ൻ സെ​ൻ​സ​സി​​ന്റെ ലൊ​ക്കേ​ഷ​ൻ കോ​ഡും. നി​ങ്ങ​ളു​ടെ മു​ത്ത​ശ്ശി​യു​ടെ വാ​ക്കാ​ലു​ള്ള വി​വ​ര​ണ​ത്തി​​ന്റെ ശ​ക​ല​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തി​നും നി​ങ്ങ​ളു​ടെ പൂ​ർ​വി​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നും നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ നി​ങ്ങ​ളു​ടെ തി​ര​യ​ൽ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ന​ട​ത്താം.’’ (The Hindu, Madras, 23rd October 2013, http://www.thehindu.com/todays-paper/tp-national/a-stateoftheart- digital-tool-for-india-studies/ article 5063053. ece) സാ​ങ്കേ​തി​ക രം​ഗ​ത്തെ മാ​റ്റ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് GIS അ​ടി​സ്ഥാ​ന ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും മി​സു​ഷി​മ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ ഈ ​മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല ചു​വ​ടു​വെ​പ്പാ​യി​രു​ന്നു.

കേ​ര​ള​ത്തെ തൊ​ട്ട​റി​ഞ്ഞ തോ​ഷി അ​വാ​യ

കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ൾ ത​​ന്റെ ച​രി​ത്ര പ​ഠ​ന മേ​ഖ​ല​യി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ഉ​ൾ​പ്പെ​ടു​ത്തി​യ ജാ​പ്പ​നീ​സ് ച​രി​ത്ര​കാ​രി​യാ​യി​രു​ന്നു തോ​ഷി അ​വാ​യ. കേ​ര​ള​ത്തി​ലെ സ്ത്രീ​പ​ക്ഷ പ​ഠ​ന​ങ്ങ​ൾ​ക്കും വി​വി​ധ സ​മു​ദാ​യ​ങ്ങ​ളു​ടെ ഇ​ട​യി​ൽ നി​ല​നി​ന്നി​രു​ന്ന മ​രു​മ​ക്ക​ത്താ​യ സ​മ്പ്ര​ദാ​യ​ത്തി​​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വാ​യ പ​ഠ​നം ന​ട​ത്തി. ത​​ന്റെ പ​ഠ​ന​ത്തി​നാ​യി നി​ര​വ​ധി ത​വ​ണ കേ​ര​ള​ത്തി​ലെ​ത്തി​യ അ​വാ​യ​ക്ക് മ​ല​യാ​ളി​ക​ളാ​യ നി​ര​വ​ധി ച​രി​ത്ര​കാ​ര​ന്മാ​രു​മാ​യി അ​ക്കാ​ദ​മി​ക​മാ​യ ബ​ന്ധം സ്ഥാ​പി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നു. ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ഒ​രു സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ വേ​ള​യി​ൽ തോ​ഷി അ​വാ​യ​യു​മാ​യി ഉ​ണ്ടാ​ക്കി​യ സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് എം.​ജി.എ​സ്. നാ​രാ​യ​ണ​ൻ ത​​ന്റെ ആ​ത്മ​ക​ഥ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്: “ബ​സി​റ​ങ്ങി​യ​പ്പോ​ൾ ഒ​രു ജാ​പ്പ​നീ​സ് പെ​ൺ​കു​ട്ടി എ​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്നു. തോ​ഷി അ​വാ​യെ എ​ന്നാ​ണ് പേ​ര്.

അ​വ​ളാ​ണ് എ​​ന്റെ ഗൈ​ഡ്. ക​രാ​ഷി​മ​യു​ടെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഇ​ന്ത്യ​യി​ൽ, കേ​ര​ള​ത്തി​ൽ 19ാം നൂ​റ്റാ​ണ്ടി​ലെ നാ​യ​ർ-​ന​മ്പൂ​തി​രി-​ഈ​ഴ​വ-​മാ​പ്പി​ള സ​മു​ദാ​യ പ​രി​ഷ്‌​ക​ര​ണ ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി ഗ​വേ​ഷ​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. അ​പ്പോ​ൾ എ​ന്നെ പ​രി​ച​യ​പ്പെ​ടു​ന്ന​തും ഞാ​നു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന​തും പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ​ല്ലോ. ഇ​ങ്ങ​നെ ബു​ദ്ധി​പൂ​ർ​വ​മാ​ണ് അ​വ​ർ ഓ​രോ സെ​മി​നാ​ർ അം​ഗ​ത്തി​നും ഗൈ​ഡു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു​ ന​ൽ​കി​യ​ത്. അ​തെ​ത്ര​മാ​ത്രം ഫ​ല​പ്ര​ദ​മാ​യെ​ന്ന് അ​വ​ളു​ടെ ക​ഥ ക​ണ്ട​റി​യാം. ഇ​ന്ന് കാ​ൽ​നൂ​റ്റാ​ണ്ടി​നു​ശേ​ഷം, അ​വ​ൾ ടോ​ക്യോ യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഫോ​റി​ൻ സ്റ്റ​ഡീ​സി​ൽ ദ​ക്ഷി​ണേ​ന്ത്യാ ച​രി​ത്രം പ​ഠി​പ്പി​ക്കു​ന്ന പ്ര​ഫ​സ​റാ​ണ്. ആ​ധു​നി​ക​ ദ​ശ​യി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ സാ​മു​ദാ​യി​ക പ​രി​ഷ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ചാ​ണ് ക​രാ​ഷി​മ​യു​ടെ കീ​ഴി​ൽ എ​​ന്റെ​യുംകൂ​ടി സ​ഹാ​യ​ത്തോ​ടെ പി​എ​ച്ച്.​ഡി ഗ​വേ​ഷ​ണം ചെ​യ്‌​ത​ത്. വി​വാ​ഹം ചെ​യ്‌​തി​ട്ടി​ല്ല.

സെന്റ് ജോർജ് ഫോർട്ടിന്റെ മാപ്പ്

മു​ഴു​വ​ൻസ​മ​യ ഗ​വേ​ഷ​ണ​മാ​ണ് ജീ​വി​തം. മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നു​മ​റി​യാം. ടോ​ക്യോ​യി​ലെ വീ​ട്ടി​ൽ മ​ല​യാ​ളം ലൈ​ബ്ര​റി​യു​ണ്ട്. 1983നു ​ശേ​ഷം ഏ​താ​ണ്ട് എ​ല്ലാ വ​ർ​ഷ​വും അ​വ​ൾ കാ​ലി​ക്ക​റ്റ്-​കേ​ര​ള യൂ​നി​വേ​ഴ്സ‌ി​റ്റി​ക​ളി​ൽ വ​ന്ന് കു​റെ ദി​വ​സം കൂ​ടാ​റു​ണ്ടാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ കൂ​ടെ വീ​ട്ടി​ലും താ​മ​സി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​ച​യ​മാ​ണ്. ബ്രി​ട്ടീ​ഷ് മ്യൂ​സി​യം ലൈ​ബ്ര​റി​യി​ൽ ഫെ​ലോ​ഷി​പ്പോ​ടെ പ​ല​പ്പോ​ഴും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ​ത​വ​ണ കോ​ഴി​ക്കോ​ട് വ​രു​മ്പോ​ഴും എ​ൻ.​ബി.​എ​സി​ൽ​നി​ന്ന് ധാ​രാ​ളം മ​ല​യാ​ളം പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങി ക​പ്പ​ലി​ൽ ജ​പ്പാ​നി​ലേ​ക്ക​യ​ക്കാ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യു​ക പ​തി​വാ​യി​രു​ന്നു. ക​രാ​ട്ടേ പ​ഠി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​ക്ക് സെ​ക്ക​ൻ​ഡ് ഷോ ​സി​നി​മ​ക്ക് പോ​കാ​ൻ ഒ​രു മ​ടി​യു​മി​ല്ല. മ​ല​യാ​ളം സി​നി​മ ക​ണ്ടാ​ണ് ഭാ​ഷ കു​റെ​യേ​റെ പ​ഠി​ച്ച​ത്.’’ (എം.​ജി.​എ​സ്. നാ​രാ​യ​ണ​ൻ, ജാ​ല​ക​ങ്ങ​ൾ, പു. 489)

​ആ​ധു​നി​ക തി​രു​വി​താം​കൂ​റി​​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തെ കു​റി​ച്ച് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ അ​വ​ർ സാ​മ്പ്ര​ദാ​യി​ക ച​രി​ത്ര​കാ​ര​ന്മാ​ർ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച തി​രു​വി​താം​കൂ​ർ വാ​ർ​പ്പ് മാ​തൃ​ക​ക​ളെ അ​നു​ക​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം ബ​ർ​ട്ട​ൺ സ്റ്റെ​യി​ൻ, അ​ഷി​ൻ ദാ​സ് ഗു​പ്ത എ​ന്നി​വ​ർ ഉ​യ​ർ​ത്തിക്കാ​ണി​ച്ച ചി​ല സൈ​ദ്ധാ​ന്തി​ക വ​ശ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നും ശ്ര​മി​ക്കു​ന്നു​ണ്ട്. ബ​ർ​ട്ട​ൺ സ്റ്റെ​യി​​നി​ന്റെ ‘സൈ​നി​ക സ​മ്പ​ദ്ഘ​ട​ന’ (military fiscalism), ദാ​സ് ഗു​പ്ത​യു​ടെ ‘ക​ച്ച​വ​ട രാ​ഷ്ട്രം’ (trade state) എ​ന്നീ സ​ങ്ക​ൽ​പ​ങ്ങ​ളെ 18ാം നൂ​റ്റാ​ണ്ടി​ലെ തി​രു​വി​താം​കൂ​ർ പ​ഠ​ന​ത്തി​നാ​യി തോ​ഷി അ​വാ​യ ഉ​പ​യോ​ഗി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന മ​രു​മ​ക്ക​ത്താ​യ​ത്തെ കു​റി​ച്ച് ഗ​ഹ​ന​മാ​യ പ​ഠ​നം ന​ട​ത്തി​യ അ​വാ​യ ത​​ന്റെ പ​ഠ​ന നി​ഗ​മ​ന​ങ്ങ​ൾ വി​വി​ധ അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ലും ജേ​ണ​ലു​ക​ളി​ലും അ​വ​ത​രി​പ്പി​ച്ചു. 2003ൽ ​പു​റ​ത്തു​വ​ന്ന Hayami Yoko എ​ഡി​റ്റു ചെ​യ്ത് പ്ര​സി​ദ്ധീ​ക​രി​ച്ച Modernity and Gender: Perspectives from Asia and the Pacific എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ തോ​ഷി അ​വാ​യ​യു​ടേ​താ​യി വ​ന്ന Becoming a ‘Female Citizen’ in Colonial Kerala, India എ​ന്ന പ്ര​ബ​ന്ധ​ത്തി​ലൂ​ടെ കേ​ര​ള സം​ബ​ന്ധി​യാ​യ ച​രി​ത്ര​പ​ഠ​ന​ങ്ങ​ൾ​ക്ക് അ​ന്ത​ർ ദേ​ശീ​യ മാ​ന​ങ്ങ​ൾ ല​ഭി​ച്ചു. കെ.​പി.​പി. ന​മ്പ്യാ​ർ ത​യാ​റാ​ക്കി​യ ‘ജാ​പ്പ​നീ​സ് മ​ല​യാ​ളം ഡി​ക്ഷ​ന​റി’​യു​ടെ പൂ​ർ​ത്തീക​ര​ണ​ത്തി​നാ​യി തോ​ഷി അ​വാ​യ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളെ അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു​ണ്ട്. (കെ.​പി.​പി. ന​മ്പ്യാ​ർ, ജാ​പ്പ​നീ​സ് മ​ല​യാ​ളം ഡി​ക്ഷ്​ന​റി, പു. ii)

ചരിത്രകാരനായ പ്രഫ. യമാക്കിയും എം.ജി.എസും

കേ​ര​ള​ത്തി​ലെ മി​ഷ​ന​റി​മാ​രെ തേ​ടി​യി​റ​ങ്ങി​യ കോ​ജി ക​വാ​ഷി​മ

ടോ​ക്യോ​യി​ലെ കോ​കു​ഷി​ക​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം പ്ര​ഫ​സ​റാ​യ കൊ​ജി ക​വാ​ഷി​മ​യു​ടെ പ്ര​ധാ​ന പ​ഠ​ന​മേ​ഖ​ല കേ​ര​ള​ത്തി​ലെ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. 1994ൽ ​ല​ണ്ട​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്.​ഡി ഗ​വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​മാ​ണ് ‘Missionaries and A Hindu State: Travancore, 1856-1936’ എ​ന്ന പേ​രി​ൽ പു​സ്ത​ക​മാ​യി പു​റ​ത്തു​വ​ന്ന​ത്. തി​രു​വി​താം​കൂ​ർ എ​ന്ന നാ​ട്ടു​രാ​ജ്യ​ത്തെ ആ​ധു​നി​ക​ത​യി​ലേ​ക്ക് മി​ഷ​ന​റി​മാ​ർ ഏ​ത് രീ​തി​യി​ലാ​ണ് പ​രി​വ​ർ​ത്ത​ന​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് അ​ദ്ദേ​ഹം ഈ ​ഗ്ര​ന്ഥ​ത്തി​ലൂ​ടെ പ​രി​ശോ​ധി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല, തി​രു​വി​താം​കൂ​ർ, കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യം, ശു​ചി​ത്വം, വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ മി​ഷ​ന​റി​മാ​ർ കൊ​ണ്ടു​വ​ന്ന മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ര​വ​ധി പ​ഠ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ണ്ട്.

ക​ർ​ണാ​ടി​ക് സം​ഗീ​ത​ത്തി​ന്റെ പാ​ര​മ്പ​ര്യവ​ഴി​യേ ത​കാ​ക ഇ​നോ​യു

ജ​പ്പാ​നി​ലെ ദെ​യി​ത്തോ ബു​ങ്ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റാ​യ ത​കാ​ക ഇ​നോ​യു ക​ർ​ണാ​ടി​ക് സം​ഗീ​ത​ത്തി​ന്റെ ജാ​പ്പ​നീ​സ് മു​ഖ​മാ​ണ്. ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഗോ​ത്രസം​ഗീ​ത​ത്തി​ൽ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി​ട്ടെ​ത്തി​യ വേ​ള​യി​ലാ​ണ് ക​ർ​ണാ​ട​ക സം​ഗീ​ത​ത്തെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യാ​ൻ സാ​ധി​ച്ച​ത്. തു​ട​ർ​ന്ന് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലും ഡോ​ക്ട​റ​ൽ പ​ഠ​ന​ത്തി​നാ​യി ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല​യി​ലും ചേ​ർ​ന്ന​പ്പോ​ഴും സം​ഗീ​തം​ത​ന്നെ​യാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​ത്ത​ത്. ന​ല്ലൊ​രു സം​ഗീ​ത​ജ്ഞ​യാ​യി മാ​റി​യ ഇ​നോ​യു ഇ​ന്ത്യ​ക്കും ജ​പ്പാ​നും പു​റ​മെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചുവ​ന്നു.

ദ​ക്ഷി​ണേ​ന്ത്യ​യു​ടെ ച​രി​ത്ര​വും സം​സ്കാ​രും ആ​ഴ​ത്തി​ൽ പ​ഠി​ക്കു​ന്ന​തി​ന​ു പ​രി​ശ്ര​മി​ച്ച അ​വ​ർ ത​ഞ്ചാ​വൂ​രി​ലെ മ​റാ​ത്ത സം​സ്കാ​രം, തെ​ക്കേ​യി​ന്ത്യ​യി​ലെ വി​വി​ധ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദേ​വ​ദാ​സി​ക​ളു​ടെ ജീ​വി​തം എ​ന്നി​ത്യാ​ദി വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്തി​വ​ന്നു. ദേ​വ​ദാ​സി​ക​ളു​ടെ ജീ​വി​തം അ​ന്വേ​ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പംത​ന്നെ ദേ​വ​ദാ​സി സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​വേ​ണ്ടി പ​രി​ശ്ര​മി​ച്ച പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും (Anti-Nautch Movement) പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. ത​കാ​ഷി ഷി​നോ​ദ, തോ​ഷി​കോ ഷു​ദ എ​ന്നി​വ​രോ​ടൊ​പ്പം ചേ​ർ​ന്ന് ഇ​നോ​യു ര​ചി​ച്ച ‘Social Transformation and Cultural Change in South Asia’ (2017) എ​ന്ന ഗ്ര​ന്ഥം പ്ര​സി​ദ്ധ​മാ​ണ്.

തു​ട​രു​ന്ന ജാ​പ്പ​നീ​സ് പാ​ത

ആ​ധു​നി​ക ആ​ന്ധ്ര​യു​ടെ ച​രി​ത്ര​വും തെ​ലു​ഗു ഭാ​ഷ​യും പ്ര​ധാ​ന പ​ഠ​ന​മാ​യി ക​ണ്ട കെ​യ്കോ യ​മാ​ഡ​യും (ഇ​ബ​ർ​ക്കി സ​ർ​വ​ക​ലാ​ശാ​ല)​ ത​മി​ഴ് ഭാ​ഷ​യും സാ​ഹി​ത്യ​വും മു​ഖ്യ വി​ഷ​യ​മാ​ക്കി പ​ഠ​നം ന​ട​ത്തിവ​ന്ന ഹി​രോ​ഷി യ​മാ​ഷി​ത്ത​യും (തൊ​ഹോ​കു സ​ർ​വ​ക​ലാ​ശാ​ല) ഈ ​നി​ര​യി​ലെ പ്ര​മു​ഖ​രാ​ണ്. ത​മി​ഴ് സം​സ്കാ​ര പ​ഠ​നം (Tamilology) –ദ്രാ​വി​ഡ സം​സ്കാ​ര പ​ഠ​നം മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​വ​രു​ന്ന യ​മാ​ഷി​ത്ത ഫി​ലോ​സ​ഫി​യി​ൽ ത​​ന്റെ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടു​ന്ന​തി​നാ​യി മ​ദ്രാ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ കാ​ലം (1989) മു​ത​ൽ ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്കാ​ര​ത്തെ​യും കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠ​ന​മാ​രം​ഭി​ച്ചു.

തൊ​ഹോ​കു സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തെ​ക്ക​നേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും തെ​ക്കേ ഇ​ന്ത്യ​യു​ടെ​യും പ​ഠ​ന​ത്തി​ൽ കൂ​ടു​ത​ൽ വ്യാ​പൃ​ത​നാ​യി. 2014 മു​ത​ൽ 2018 വ​രെ ജാ​പ്പ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​ൻ സ്റ്റ​ഡീ​സി​ന്റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റാ​യും 2020 മു​ത​ൽ 2022 വ​രെ ജാ​പ്പ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ സൗ​ത്ത് ഏ​ഷ്യ​ൻ സ്റ്റ​ഡീ​സി​​ന്റെ ഡ​യ​റ​ക്ട​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു. ഇ​ന്ത്യ​യി​ൽ ഉ​ത്ഭ​വി​ച്ച മ​ത​ങ്ങ​ൾ അ​നു​ഷ്ഠി​ച്ചു വ​രു​ന്ന​വ​രു​ടെ വി​ശ്വാ​സ, ആ​ചാ​ര, അ​നു​ഷ്ഠാ​ന​ങ്ങ​ൾ ഏ​തു രീ​തി​യി​ലാ​ണ് തെ​ക്ക​നേ​ഷ്യ​യി​ലും തെ​ക്കു കി​ഴ​ക്ക​നേ​ഷ്യ​യി​ലും നി​ല​നി​ന്നിരു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് നേ​രി​ട്ട് അ​റി​യു​ന്ന​തി​നു​ള്ള ഫീ​ൽ​ഡ് പ​ഠ​ന​ങ്ങ​ളും അ​ദ്ദേ​ഹം ന​ട​ത്തി​വ​ന്നു. മ​തം, സം​സ്കാ​രം, ത​ത്ത്വ​ശാ​സ്ത്രം എ​ന്നി​വ​ക്കു പു​റ​മെ ഇ​ന്ത്യ​ൻ സി​നി​മ പ​ഠ​ന മേ​ഖ​ല​യി​ലും അ​ദ്ദേ​ഹ​ത്തി​​ന്റെ കൈ​യെ​ത്തി.

ആ​ധു​നി​ക ദ​ക്ഷി​ണേ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക​വും പാ​രി​സ്ഥി​തി​ക​വു​മാ​യ മേ​ഖ​ല​യെ പ​ഠ​ന​വി​ഷ​യ​മാ​ക്കി​യ ഹ​രു​ക യ​ന​ഗി​സാ​വ​യു​ടെ (ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല) പ്ര​ധാ​ന​പ്പെ​ട്ട ചി​ല കൃ​തി​ക​ളാ​ണ് ‘Local Agrarian Societies in Colonial India’, ‘A Century of Change: Caste and Irrigated Lands in Tamil Nadu, 1860's –1970's’, ‘Indian Economic Growth in Historical Perspective: The Roots of Development’ തു​ട​ങ്ങി​യ​വ. ക​ർ​ണാ​ട​ക​യു​ടെ ആ​ധു​നി​ക ച​രി​ത്ര​വും ക​ന്ന​ട സാ​ഹി​ത്യ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള നൊ​ബോ​ഹി​രോ ഓ​ത (ടോ​ക്യോ സ​ർ​വ​ക​ലാ​ശാ​ല) മ​റ്റൊ​രു പ്ര​മു​ഖ ച​രി​ത്ര​കാ​ര​നാ​ണ്. ഇ​വ​രു​ടെ​യൊ​ക്കെ ആ​ക​ർ​ഷ​ണീ​യ വ​ല​യ​ത്തി​ൽ​പെ​ട്ട നി​ര​വ​ധി യു​വ ജാ​പ്പ​നീ​സ് ച​രി​ത്ര​കാ​ര​ന്മാ​രും ദ​ക്ഷി​ണേ​ന്ത്യ​ൻ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന പ്ര​ാദേ​ശി​ക ച​രി​ത്ര​ര​ച​ന​യി​ൽ ജാ​തി, മ​തം, രാ​ഷ്ട്രീ​യം, പ്രാ​ദേ​ശി​ക​താ​വാ​ദം എ​ന്നി​വ നി​ഴ​ലി​ച്ചു​നി​ൽ​ക്കു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ഒ​രു മു​ൻ​വി​ധി​യും ഇ​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ച​രി​ത്ര​ര​ച​ന​ക്കും ഇ​ട​ന​ൽ​കു​ന്നു എ​ന്ന​താ​ണ് ജാ​പ്പ​നീ​സ് ച​രി​ത്ര​കാ​ര​ന്മാ​രു​ടെ ദ​ക്ഷി​ണേ​ന്ത്യ​യെ കു​റി​ച്ചു​ള്ള ര​ച​നാ​രീ​തി പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യെ​ന്ന് നി​സ്സം​ശ​യം പ​റ​യാ​ൻ ക​ഴി​യും.

Show More expand_more
News Summary - weekly history