''ആദിവാസികൾക്കും നൽകേണ്ടേ ഭരണഘടനാവകാശം''; ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ സംസാരിക്കുന്നു
ചെങ്ങറയിലെ സമരപോരാളികൾഅട്ടപ്പാടിയിലടക്കം പട്ടിണിമരണം തുടർക്കഥയായപ്പോഴാണ് ആദ്യമായി ആദിവാസികൾ സംഘടിതമായി സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. മുത്തങ്ങയിലെ അടിച്ചമർത്തലിലൂടെ ആദിവാസികളുടെ നട്ടെല്ലൊടിക്കാൻ പൊലീസിന് കഴിഞ്ഞു. അത് കുടിയേറ്റക്കാർക്കും വേട്ടക്കാർക്കും വേണ്ടി സർക്കാർ നടത്തിയ അടിച്ചമർത്തലായിരുന്നു....
Your Subscription Supports Independent Journalism
View Plansചെങ്ങറയിലെ സമരപോരാളികൾഅട്ടപ്പാടിയിലടക്കം പട്ടിണിമരണം തുടർക്കഥയായപ്പോഴാണ് ആദ്യമായി ആദിവാസികൾ സംഘടിതമായി സെക്രട്ടേറിയറ്റിന് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങിയത്. മുത്തങ്ങയിലെ അടിച്ചമർത്തലിലൂടെ ആദിവാസികളുടെ നട്ടെല്ലൊടിക്കാൻ പൊലീസിന് കഴിഞ്ഞു. അത് കുടിയേറ്റക്കാർക്കും വേട്ടക്കാർക്കും വേണ്ടി സർക്കാർ നടത്തിയ അടിച്ചമർത്തലായിരുന്നു. മർദനമേറ്റവരിൽ നിരവധിപേർ പിൽക്കാലത്ത് രോഗികളായി മരണത്തെ വരവേറ്റു. ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും മർദനമേറ്റവർക്ക് നീതി ലഭിച്ചിട്ടില്ല. ഭരണഘടന സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന സർക്കാർ ആദിവാസികളുടെ ഭരണഘടനാ അവകാശങ്ങൾ പരിഗണിച്ചിട്ടില്ല. ഭരണഘടന ഉറപ്പാക്കുന്ന സംരക്ഷണം കേരളത്തിലെ ആദിവാസികൾക്ക് അന്യമാകുന്നു. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ ആദിവാസി മേഖലയിലെ ഭൂമി, വിഭവം, തൊഴിൽ, ചൂഷണം, മർദനം, കൊലപാതകം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിൽ ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ സംസാരിക്കുന്നു.
കേരള സർക്കാറുമായി നേരിട്ട് അവസാനമായി ചർച്ച നടത്തിയത് നിൽപുസമരത്തിലാണല്ലോ. പുതുതായി ഉയർന്നുവന്ന ആവശ്യങ്ങളും അന്ന് ചർച്ചചെയ്തു. സർക്കാർ പല ഉറപ്പുകളും നൽകി. പിന്നീട് സംഭവിച്ചത് എന്താണ്?
സെക്രട്ടേറിയറ്റിന് മുന്നിലെ കുടിൽകെട്ടി സമരത്തിന്റെ തുടർച്ചതന്നെയായിരുന്നു നിൽപുസമരം. പുതിയതായി ഉന്നയിച്ചത് വനാവകാശം മാത്രമായിരുന്നു. 2006ൽ ആണല്ലോ പാർലമെന്റ് വനാവകാശ നിയമം പാസാക്കിയത്. മറ്റു കാര്യങ്ങളെല്ലാം പഴയതായിരുന്നു. 1996ലെ പെസ നിയമം (പഞ്ചായത്തുകളുടെ വ്യവസ്ഥകൾ -ഷെഡ്യൂൾഡ് ഏരിയകളിലേക്കുള്ള വിപുലീകരണ നിയമം- The Provisions of the Panchayats (Extension to the Scheduled Areas Act) -PESA) നടപ്പാക്കാനുള്ള നീക്കങ്ങൾ കുറച്ചുകൂടി മുന്നോട്ടു പോയത് നിൽപുസമരത്തിനു ശേഷമാണ്. 2001ലെ കരാറിൽ സർക്കാർ പെസ നിയമം നടപ്പാക്കാമെന്ന് ഉറപ്പുനൽകിയിരുന്നു. വനാവകാശം, പെസ നിയമം, നിക്ഷിപ്ത വനഭൂമി, മുത്തങ്ങ പാക്കേജ് എന്നിവയായിരുന്നു നിൽപുസമരത്തിൽ ഉമ്മൻ ചാണ്ടി സർക്കാറുമായി പ്രധാനമായും ചർച്ചചെയ്തത്.
പെസ നിയമം നടപ്പാക്കാനുള്ള ചില നടപടികളിൽ സർക്കാർ മുന്നോട്ടുപോയി. മുത്തങ്ങ പാക്കേജ് അംഗീകരിക്കുകയും ചെയ്തു. പെസ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് ഉമ്മൻ ചാണ്ടി സർക്കാർ കേന്ദ്ര ആദിവാസി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. എന്നാൽ, അതിൽ ചില വിശദീകരണങ്ങൾ മന്ത്രാലയം ചോദിച്ചു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയപ്പോൾ സംസ്ഥാന സർക്കാർ വേണ്ട വിവരങ്ങൾ കേന്ദ്രത്തിന് നൽകിയില്ല. സംസ്ഥാനത്തുണ്ടായ ഭരണമാറ്റം പെസ നിയമം നടപ്പാക്കുന്നതിന് പ്രതികൂലമായി. അധികാര വികേന്ദ്രീകരണം പറയുന്ന എൽ.ഡി.എഫിനോ സി.പി.എം രൂപവത്കരിച്ച ആദിവാസി ക്ഷേമസമിതിക്കോ പെസ നിയമം സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. സർക്കാറിന് രാഷ്ട്രീയമായ താൽപര്യമില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപവത്കരിച്ചെങ്കിലും കേന്ദ്ര ആദിവാസി മന്ത്രാലയത്തിൽ ഇടപെടലുകൾ നടത്തിയില്ല. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ അഞ്ചു വർഷം പാഴാക്കി. സർക്കാറിനെ സഹായിക്കാനായി കില പെസ നിയമത്തെക്കുറിച്ച് വിപുലമായ ദേശീയ സെമിനാർ നടത്തി. ആ റിപ്പോർട്ടും സർക്കാറിന് നൽകി. മോശമല്ലാത്ത റിപ്പോർട്ടാണ് കില സർക്കാറിന് സമർപ്പിച്ചത്. അതേസമയം, കിർത്താഡ്സിനെയും റിപ്പോർട്ട് തയാറാക്കാൻ സർക്കാർ ഏൽപിച്ചു. അത് വേണ്ടവണ്ണം നിർവഹിക്കാൻ കിർത്താഡ്സിലെ ഗവേഷകർക്ക് കഴിഞ്ഞില്ല.
കിർത്താഡ്സിന്റെ എസ്.സി-എസ്.ടി പഠനങ്ങളിൽ പൊതുവിൽ ഈ ദൗർബല്യം കാണുന്നുണ്ടല്ലോ. അവർ സർക്കാറിന്റെ ഫണ്ട് കിട്ടുന്നതിനുവേണ്ടിയുള്ള പഠനങ്ങൾ മാത്രമാണ് നടത്തുന്നതെന്ന് ആരോപണമുണ്ടല്ലോ?
കേരളത്തിലെ ആദിവാസി മേഖലകളിൽ സ്വയംഭരണം വേണം എന്ന ഒരു നിലപാട് കിർത്താഡ്സിനുണ്ടോ എന്നത് സംശയമാണ്. കിർത്താഡ്സിലെ ഗവേഷകർക്ക് ഇപ്പോഴും പെസ നിയമം എന്താണെന്ന് മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് ഇക്കാര്യത്തിൽ കിർത്താഡ്സിന് കാര്യമായ സംഭാവന നൽകാൻ കഴിയാതെപോയത്. വനാവകാശ നിയമവും അതിനെ അടിസ്ഥാനമാക്കിയുള്ള ആദിവാസി ഗ്രാമപഞ്ചായത്ത് നിയമവും അടക്കം കേരളത്തിൽ നടപ്പാക്കാനുള്ള വലിയ സാധ്യതയുണ്ട്. ഈ വിഷയം ഭരണപരിഷ്കാര കമീഷന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി കേരളത്തിൽ ട്രൈബൽ ഭരണസംവിധാനത്തെ ഉടച്ചുവാർക്കണമെന്നും ആവശ്യപ്പെട്ടു. കമീഷന് അതിനോട് അനുകൂല നിലപാടാണ് ഉണ്ടായിരുന്നത്. പട്ടികവർഗ വകുപ്പ് ഘടനാപരമായിതന്നെ ഉടച്ചുവാർക്കണം. പെസ നിയമത്തിന് പൂരകമായ ഭരണസംവിധാനം കേരളത്തിൽ ഉണ്ടാക്കണം. ഗ്രാമസഭകളിൽ ഊന്നിയുള്ള ഒരു ഭരണസംവിധാനമാണ് ആദിവാസി മേഖലകളിൽ വേണ്ടത്. എല്ലാം തിരുവനന്തപുരത്തുള്ള പട്ടികവർഗ ഡയറക്ടറേറ്റ് തീരുമാനിക്കുന്ന രീതി അവസാനിപ്പിക്കണം. സ്റ്റാഫിന്റെ പകുതിതന്നെ പുതിയ രീതിയിൽ ക്രമീകരിക്കണം. ഊരുകളെ കേന്ദ്രീകരിച്ചായിരിക്കണം വികസന നയം ആവിഷ്കരിക്കേണ്ടത്. അതിനു പ്രമോട്ടർമാരെയും സോഷ്യൽവർക്കർമാരെയും കാര്യമായി ഉപയോഗിക്കണം. ഈ നിർദേശങ്ങളൊക്കെ ഭരണപരിഷ്കാര കമീഷൻ അംഗീകരിച്ചിരുന്നു. അത് സർക്കാറിന് മുന്നിൽ റിപ്പോർട്ട് ആയി സമർപ്പിക്കുകയും ചെയ്തുവെന്നാണ് അറിഞ്ഞത്. എന്നാൽ, സർക്കാർതലത്തിൽ ആദിവാസികളുടെ ഗ്രാമപഞ്ചായത്ത് നിയമത്തെ ഗൗരവത്തിൽ എടുത്തിട്ടില്ല. വനാവകാശ ഗ്രാമസഭകൾ പെസ ഗ്രാമസഭകൾക്ക് തുല്യമാണെന്ന് സർക്കാറിന് മനസ്സിലായിട്ടില്ല.
മുത്തങ്ങ സമരത്തെ തുടർന്ന് ജയിലിൽ കിടക്കേണ്ടിവന്ന കുട്ടികളുടെ പ്രശ്നത്തിൽ സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് നിൽപുസമരത്തിൽ ഉറപ്പുതന്നിരുന്നുവല്ലോ. പിന്നീട് അതിൽ എന്തുണ്ടായി?
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസി കുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്കിയുള്ളൂ. മനുഷ്യാവകാശ കമീഷന് ഇന്‍സ്പെക്ടര്‍ ജനറലായിരുന്ന സഞ്ജീവ് പട്ജോഷി 2011 ജൂണ്‍ 20ന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത 161 പട്ടികവര്‍ഗ കുട്ടികളെയാണ് ജയിലിലടച്ചത്. നില്പുസമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മുത്തങ്ങ സമരത്തെ തുടർന്ന് ജയിലില്‍ കഴിഞ്ഞ മുഴുവന്‍ കുട്ടികള്‍ക്കും നഷ്ടപരിഹാരമായി ഒരുലക്ഷം രൂപ നൽകുമെന്നായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ ഉറപ്പ്. കുട്ടികളുടെ എണ്ണം കണക്കാക്കാൻ പട്ടികവര്‍ഗ വകുപ്പിനെയാണ് ചുമതലപ്പെടുത്തിയത്. വയനാട്ടിലെ പട്ടികവര്‍ഗ ഓഫിസാണ് എണ്ണം വെട്ടിക്കുറച്ച് നഷ്ടപരിഹാര പാക്കേജ് അട്ടിമറിച്ചത്. കുട്ടികളുടെ പേരും വയസ്സുമെല്ലാം രേഖപ്പെടുത്തിയ രജിസ്റ്റര്‍ അപ്രത്യക്ഷമായി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാത്രം 121 കുട്ടികള്‍ മാതാക്കളോടൊപ്പം ഉണ്ടായിരുന്നു. ഇതില്‍ ഒന്നും ഒന്നരയും വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു. നാൽപതിലധികം ദിവസം ജയിലിൽ കിടന്ന കുട്ടികൾ മാത്രമേ പട്ടികവർഗ വകുപ്പ് അംഗീകരിച്ചുള്ളൂ. രണ്ടു മുതൽ 20 ദിവസം വരെ ജയിലിൽ കിടന്ന കുട്ടികളുണ്ട്. ആ കുട്ടികളുടെ അവകാശം പട്ടികവർഗ വകുപ്പ് നിഷേധിച്ചു. പനമരം ക്യാമ്പിലടക്കം പലയിടത്തും മാതാപിതാക്കളോടൊപ്പം കുട്ടികളെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചിരുന്നു. പലേപ്പാഴായി അവരെ വിട്ടയച്ചു. അവരുടെയൊന്നും കണക്ക് ശേഖരിച്ചില്ല. ഹൈകോടതി ഉത്തരവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. അതുകൂടി പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ കേസ് വീണ്ടും കോടതിയിൽ എത്തിക്കാൻ വൈകി. അഡ്വ. കെ. നന്ദിനിയാണ് കോടതിയിൽ ഇതുസംബന്ധിച്ച ഹരജി നൽകിയത്.
ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകിയുള്ള പുനരധിവാസം കാര്യമായി മുന്നോട്ടുപോയിട്ടില്ല? 2001ൽ പ്രഖ്യാപിച്ചതാണല്ലോ പുനരധിവാസ പാക്കേജ്. അതിന്റെ സ്ഥിതി ഇന്ന് എന്താണ്? സമരത്തിൽ പങ്കെടുത്ത എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും? അത് സംബന്ധിച്ച കണക്കുകൾ ലഭ്യമാണോ? നിൽപുസമരത്തിൽ മുന്നോട്ടുവെച്ചത് മുത്തങ്ങയിലെ സമരത്തിൽ പങ്കെടുത്ത ആളുകൾക്ക് പുനരധിവാസം ഉറപ്പുവരുത്തണമെന്നാണല്ലോ. അക്കാര്യത്തിൽ സർക്കാർ എന്തെല്ലാം നടപടി സ്വീകരിച്ചു?
പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ സർക്കാർ കാര്യമായ പ്രവർത്തനമൊന്നും നടത്തിയിട്ടില്ല. ആദ്യഘട്ടം എന്നനിലയിൽ 289 പേരുടെ ലിസ്റ്റ് തയാറാക്കി. 2015-16ലാണ് ഈ പ്രവർത്തനം തുടങ്ങുന്നത്. പുനരധിവാസത്തിനുവേണ്ടി ലഭിച്ച അപേക്ഷകൾ 650 ആയിരുന്നു. സംസ്ഥാന സർക്കാർ പട്ടികവർഗ വകുപ്പിലെ പ്രമോട്ടർമാരെ ഉപയോഗിച്ച് ലിസ്റ്റ് തയാറാക്കിയിരുന്നു. അതിൽ 480 പേരാണ് ഉണ്ടായിരുന്നത്. സർക്കാർ ഉത്തരവ് ഇറക്കിയപ്പോൾ അതിന്റെ അനുബന്ധമായി കൊടുത്ത ലിസ്റ്റ് 480 പേരുടേതായിരുന്നു. അതിൽ തർക്കം ഉന്നയിച്ചപ്പോൾ വിശദമായ സർവേ നടത്തി ആദിവാസികളുടെ മൊഴിയെടുത്ത് ലിസ്റ്റ് തയാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. കേസുകളുടെ വിവരങ്ങളും ആദിവാസികൾക്കുണ്ടായ നഷ്ടവും എല്ലാം രേഖപ്പെടുത്തി വിപുലമായ റിപ്പോർട്ടാണ് സർക്കാറിന് സമർപ്പിച്ചത്. അതിൽ 650 പേരാണ് ഉണ്ടായിരുന്നത്. പല കോളനികളിലെയും ആദിവാസികൾ അപേക്ഷ നൽകാൻ തയാറായിരുന്നില്ല. മുത്തങ്ങ സമരത്തിലുണ്ടായ പൊലീസ് ഭീകരതയിൽനിന്ന് അവർ മോചിതരായിട്ടില്ല. ഉദാഹരണമായി നടവയൽ കണിയാമ്പറ്റ കോളനികളിൽ ഉള്ളവർ അപേക്ഷ നൽകിയിട്ടില്ല. മുത്തങ്ങ സമരഭൂമിയിൽ ഉണ്ടായിരുന്നത് 828 കുടുംബങ്ങളാണ്. അവരെല്ലാം സമരത്തിൽ ഉറച്ചുനിന്നവരാണ്. ഭൂവിതരണത്തിന് ഉണ്ടാക്കിയ ലിസ്റ്റിൽ ഒരു സെന്റ് ഭൂമിപോലും ഇല്ലാത്ത ആളുകളെയാണ് പരിഗണിച്ചത്. പണിയ കമ്യൂണിറ്റിയുടെ ലിസ്റ്റ് ആണ് സർക്കാർ തയാറാക്കിയത്. അത് ശരിയല്ലെന്ന് അന്നുതന്നെ സർക്കാറിനോട് പറഞ്ഞു. സമരത്തിൽ കൊടിയ മർദനമേറ്റ് ജയിലിൽ കിടന്നവരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതിനെ എതിർത്തു. മുത്തങ്ങയിൽ പീഡിതരായ ആളുകൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു. നിരവധി കേസുകളിൽപെട്ട് ജയിലിൽ കിടന്ന് മർദനമേറ്റ ആളുകൾക്ക് മുൻഗണന നൽകണം. ആ നിലയിലാണ് ലിസ്റ്റ് തയാറാക്കി സർക്കാറിനു സമർപ്പിച്ചത്. പല കുടുംബങ്ങൾക്കും അഞ്ചോ ആറോ സെന്റ് ഭൂമി ഉണ്ടാകാം. പക്ഷേ, ഇക്കാര്യത്തിൽ അത് പരിഗണിക്കാൻ ആവില്ല. പയ്യമ്പള്ളി വില്ലേജിൽ നാലും അഞ്ചും സെന്റ് ഭൂമിയുള്ളവരുണ്ട്. 159 പേർക്ക് പലഘട്ടങ്ങളിലായി പട്ടയമേള നടത്തി. അതിൽ നൂറു കുടുംബങ്ങൾക്ക് കൊടുത്തത് മാത്രമേ വാസയോഗ്യമായ ഭൂമിയുള്ളൂ. ബാക്കി കൃഷിയോഗ്യമോ വാസയോഗ്യമോ ആയ ഭൂമിയല്ല. വാളാട് മലയിൽ കൊടുത്തത് വാസയോഗ്യമല്ല. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ആദിവാസികൾ കൂട്ടത്തോടെ അവിടം വിട്ടു.
മുത്തങ്ങയിൽ പൊലീസിന്റെ വെടിയേറ്റ് രക്തസാക്ഷിയായ ജോഗിയുടെ മകനു കൊടുത്തതുപോലും വാസയോഗ്യമല്ലാത്ത ഭൂമിയാണ്. മാനന്തവാടിക്ക് അടുത്തുള്ള കല്ലോടി എന്ന സ്ഥലത്താണ് ഭൂമി നൽകിയത്. കാഞ്ഞിരങ്ങാട് കൊടുത്ത ഭൂമിയിൽ നാലു കുടുംബങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. മരിയനാട് 40 പേർക്ക് ഭൂമി കൊടുക്കാൻ തീരുമാനിച്ചുവെങ്കിലും 12 പേർക്ക് മാത്രമാണ് ഭൂമി നൽകിയത്. മരിയനാട് പട്ടയമേള നടത്തിയെങ്കിലും എട്ട് കുടുംബങ്ങൾക്ക് മാത്രമേ അവിടെ പ്രവേശിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 40 കുടുംബങ്ങൾക്കാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്. എസ്റ്റേറ്റിലെ തൊഴിലാളികൾ എതിർത്തതോടെ സർക്കാർ പിൻവാങ്ങി. മേപ്പാടി വില്ലേജിലെ വെള്ളരിമലയിലുള്ള 100 ഏക്കർ മാത്രമാണ് വാസയോഗ്യമായ ഭൂമി.
തൊണ്ടർനാട് 27 കുടുംബങ്ങൾക്ക് രണ്ട് തവണയായി പട്ടയം നൽകി. ഭൂരിപക്ഷവും വാസയോഗ്യമല്ലാത്ത ഭൂമി. അതിനാൽ അവിടേക്ക് പോകാൻ ആദിവാസികൾ തയാറായില്ല. ചാലിഗദ്ധയിലെ ആദിവാസികൾ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരാണ്. അവർ ആറളത്ത് പോയി പട്ടയമേളയിൽ പങ്കെടുത്ത് പട്ടയം വാങ്ങി തിരിച്ചുപോരുന്നവരാണ്. മുത്തങ്ങ പാക്കേജിലുള്ള 30-40 കുടുംബങ്ങൾ ആറളത്ത് പോവുകയും തിരിച്ചുവരുകയും ചെയ്തു. അവർക്ക് ആറളത്ത് പട്ടയം നൽകിയെന്ന കാരണത്താൽ പാക്കേജിൽ ഉൾപ്പെടുത്തിയില്ല. ഇവരെല്ലാം കൂടിയാണ് മരിയനാട് സമരം ആരംഭിച്ചിരിക്കുന്നത്. സമരത്തിൽ ജോഗിയുടെ മകൻ ഉൾപ്പെടെയുണ്ട്. പലയിടത്തും കൊടുത്ത ഭൂമി വാസയോഗ്യമല്ലാത്തതിനാൽ ആളുകൾ കൂട്ടത്തോടെ മരിയനാട് എത്തി. നൂറിനടുത്ത് കുടുംബങ്ങൾ മരിയനാട് എസ്റ്റേറ്റിലേക്ക് എത്തി. മുത്തങ്ങയിലെ ആദിവാസികൾക്ക് ഭൂമി നൽകി പുനരധിവാസം എന്നത് മുന്നോട്ടുപോയിട്ടില്ല. ആദിവാസി പുനരധിവാസ മിഷനെയാണ് ഈ പ്രവർത്തനം ഏൽപിക്കേണ്ടത്. അത് സർക്കാർ ചെയ്തിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ഭൂമി നൽകണമെങ്കിൽ മിഷനെ ശക്തിപ്പെടുത്തണം. സമയബന്ധിതമായി ഭൂമി നൽകാൻ സർക്കാർ സംവിധാനം ഒന്നും ചെയ്യുന്നില്ല. രാഷ്ട്രീയ ആവശ്യത്തിന് വേണ്ടിയാണ് ആദിവാസി മേഖലകളിൽ പലപ്പോഴും പട്ടയമേളകൾ നടത്തുന്നത്. ആറുമാസം കൂടുമ്പോൾ അനുഷ്ഠാനംപോലെ പട്ടയമേള നടത്തും. മേള കഴിയുമ്പോൾ റവന്യൂ ഉദ്യോഗസ്ഥർ പട്ടയം ഫയലിലിട്ട് പോകും. ആദിവാസിക്ക് ഭൂമി കിട്ടില്ല. പട്ടയമേള നടത്തിയെന്ന് അവകാശപ്പെടുന്നവർ പട്ടയ കടലാസ് പോലും ആദിവാസിക്ക് നൽകാത്ത അനുഭവങ്ങളുണ്ട്. ഭൂമി എവിടെയാണെന്ന് കാണിച്ചുകൊടുക്കുക എന്ന പ്രക്രിയ റവന്യൂ ഉദ്യോഗസ്ഥർ ചെയ്യാറില്ല. മേപ്പാടി വില്ലേജിൽ ലഭിച്ച ഭൂമി ആദിവാസികൾതന്നെ കാണിച്ചുകൊടുത്തതാണ്. കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി പുതുതായി കണ്ടെത്തി ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനാണ് സർക്കാർ തയാറാകേണ്ടത്. കേന്ദ്രാനുമതി ലഭിച്ച 19,000 നിക്ഷിപ്ത വനഭൂമിയിൽ ആയിരം ഏക്കർ വയനാട്ടിൽ കൊടുക്കാം എന്നായിരുന്നു നേരത്തേ തീരുമാനം. 500 ഏക്കർ ആണ് സാങ്കേതികമായി അതിൽ അവശേഷിക്കുന്നത്. അത് മുത്തങ്ങയിൽ സമരത്തിൽ പങ്കെടുത്തവർക്ക് പതിച്ചു നൽകാമെന്നാണ് ഉമ്മൻ ചാണ്ടി സർക്കാർ ഉറപ്പുനൽകിയത്. അതിന് നിലവിൽ കണ്ടെത്തിയ ഭൂമി വാസയോഗ്യമോ കൃഷിയോഗ്യമോ അല്ല. മുത്തങ്ങ പുനരധിവാസ പാക്കേജ് ഒട്ടും മുന്നോട്ടുപോയില്ല. സർക്കാറിന്റെ മുൻഗണനാ പട്ടികയിൽ ഇപ്പോൾ അത്തരമൊരു വിഷയമില്ല. അതാണ് ആദിവാസികൾ നേരിടുന്ന പ്രശ്നം.
ആദിവാസികളുടെ ഭൂരാഹിത്യം എൽ.ഡി.എഫ് സർക്കാർ പരിഗണിക്കുന്നില്ല..? അവർ ഭൂമിയേക്കുറിച്ച് സംസാരിക്കണ്ടെന്നാണ് വകുപ്പ് മന്ത്രി പറയുന്നത്.
സർക്കാറിന്റെ മുൻഗണന വിഷയമല്ല ആദിവാസികളുടെ ഭൂരാഹിത്യം. ആദിവാസി ഭൂരഹിതരുടെ എണ്ണം കുറച്ചുകാണിക്കാനാണ് സർക്കാർ നിരന്തരം ശ്രമിക്കുന്നത്. കണക്കുകൾ കൊണ്ടുള്ളൊരു കളിയാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വയനാട്ടിൽ മരിയനാട് സമരം തുടങ്ങിയപ്പോൾ ഇനി ആയിരത്തിൽ താഴെ കുടുംബങ്ങൾക്ക് മാത്രമേ ഭൂമി നൽകാനുള്ളൂവെന്നാണ് സർക്കാർ ഏജൻസികൾ വ്യക്തമാക്കിയത്.
വനാവകാശ നിയമം നടപ്പാക്കണമെന്നല്ലേ നിൽപുസമരത്തിൽ പ്രധാനമായി ഉന്നയിച്ചത്. തൃശൂരിലെ ചില ആദിവാസി മേഖലകളിൽ സാമൂഹിക വനാവകാശം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടല്ലോ. അതിലെന്താണ് യാഥാർഥ്യം?
സാമൂഹിക വനാവകാശം നിയമപരമായി നടപ്പാക്കണമെന്നാണ് ഗോത്രമഹാസഭ സർക്കാറിനോട് ആവശ്യപ്പെട്ടത്. തൃശൂരിൽ നടന്നത് വനം വകുപ്പിന്റെ കഴിവായിട്ട് വിലയിരുത്താനാവില്ല. ഡോ. അമിതാഭ് ബച്ചനെ പോലെയുള്ളവർ നിയമം നടപ്പാക്കുന്നതിനുവേണ്ടി ആദിവാസികൾക്ക് പരിശീലനം നൽകി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാടർ കമ്യൂണിറ്റിക്കിടയിൽ വിപുലമായ സർവേ നടത്തി. ആദിവാസികളെ വനാവകാശ നിയമത്തെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ പഠിപ്പിച്ചു. സാമൂഹിക വനാവകാശത്തിന്റെ മാപ്പിങ് ഉൾപ്പെടെ നടത്തിയത് ആദിവാസികളാണ്. അതിനാൽ കാടർ കമ്യൂണിറ്റിയുടെ വനാവകാശം ഏതാണ്ട് 450 ചതുരശ്ര കിലോമീറ്റർ ഉറപ്പുവരുത്താൻ അവർക്ക് കഴിഞ്ഞു. അത് മാർക്ക് ചെയ്തു കൊടുത്തത് ആദിവാസികൾതന്നെയാണ്. അത് വനം വകുപ്പിനെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്തു.
അങ്ങനെയൊരു മോഡൽ കേരളത്തിൽ ഉണ്ടായ സ്ഥിതിക്ക് വനം വകുപ്പിനെ ബോധ്യപ്പെടുത്താൻ സാധ്യമല്ലേ?
വനം വകുപ്പ് ആ മോഡലിനെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അത്തരം നീക്കം കേരളത്തിൽ ഉണ്ടായില്ല. ആദിവാസി പങ്കാളിത്തത്തോടെയാണ് മാപ്പ് തയാറാക്കേണ്ടത്. അതിന് ഗ്രാമസഭക്ക് പരിശീലനം നൽകാൻ അമിതാഭ് ബച്ചനെ പോലെയുള്ളവർക്ക് കഴിഞ്ഞു. പരിശീലനം ലഭിച്ചാൽ ആദിവാസികൾതന്നെ അവരുടെ പാരമ്പര്യ അറിവുകൾവെച്ച് അതിന്റെ മാപ്പ് തയാറാക്കും. വനം വകുപ്പ് പിന്തുണ നൽകിയാൽ മാത്രം മതി. ആദിവാസികൾ സ്ഥിരമായി സഞ്ചരിച്ചിരുന്ന വഴികൾ, പാറക്കെട്ടുകൾ, തോടുകൾ ഇതൊക്കെ അടയാളപ്പെടുത്താൻ അവർക്ക് മാത്രമേ കഴിയൂ. ആദിവാസികൾക്ക് അവിടെ സഞ്ചരിച്ച് അടയാളപ്പെടുത്താൻ എളുപ്പമാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അത് സാധ്യമല്ല. ആദിവാസി അവിടെ അവരുടെ ദൈവങ്ങളെ സന്ദർശിച്ചിട്ടാണ് വനവിഭവ ശേഖരണത്തിന് പോകുന്നത്. അതൊക്കെ അവർക്കുമാത്രം അറിയാവുന്ന അറിവുകളാണ്. നാലോ അഞ്ചോ ദിവസംകൊണ്ട് വലിയൊരു ഏരിയയെ അടയാളപ്പെടുത്താൻ ആദിവാസിക്ക് കഴിയും. യു.പി.എസ് സംവിധാനം ഉപയോഗിച്ച് അതിന് കൃത്യത വരുത്തുക എന്നതാണ് വനം വകുപ്പ് ചെയ്യേണ്ടത്.
ഒരു പ്രദേശത്തുതന്നെ ഒന്നിലധികം കമ്യൂണിറ്റികൾക്കും ഒന്നിലധികം ഗ്രാമസഭകൾക്കും അവകാശം ഉണ്ടാകും. എന്നാൽ, ആദിവാസികൾ തമ്മിൽ അവകാശതർക്കം ഉണ്ടാകാറില്ല. ഒരു ഗോത്രം ഒരു പ്രത്യേക ഏരിയയിലൂടെ യാത്ര ചെയ്യുന്നവരായിരിക്കും. മറ്റൊരു വിഭാഗവും ഇതേ ഏരിയയിലൂടെതന്നെ സഞ്ചരിക്കുമെങ്കിലും അവർ തമ്മിൽ സംഘർഷം ഉണ്ടാകാറില്ല.
അട്ടപ്പാടി, നിലമ്പൂർ, വയനാട് എ.ജി പരിശോധന നടത്തിയശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനാവകാശത്തെക്കുറിച്ച് ധാരണയില്ലെന്നും അവരെ നിയമം പഠിപ്പിക്കണമെന്നുമാണല്ലോ റിപ്പോർട്ട് നൽകിയത്. വയനാട്ടിൽ നിയമം നടപ്പാക്കുന്നതിന്റെ സ്ഥിതി എന്താണ്?
വയനാട്ടിൽ ആദിവാസി പങ്കാളിത്തം ഇല്ലാതെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മാപ്പ് തയാറാക്കിയത്. ഉദ്യോഗസ്ഥർ സാമൂഹിക വനാവകാശം വളരെ പരിമിതപ്പെടുത്തി. ചില ഗ്രാമസഭകൾക്ക് ലഭിച്ച സാമൂഹിക വനാവകാശം രണ്ട് ഏക്കർ ആണ്. ഗോത്ര ആചാരങ്ങൾക്കും സംസ്കാരത്തിനും പുല്ലുവിലയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൽപിച്ചിരിക്കുന്നത്. ആദിവാസി സമൂഹത്തിന്റെ പാരമ്പര്യ അറിവുകളെയും അനുഷ്ഠാനങ്ങളെയും അംഗീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. വനം വകുപ്പ് വനാവകാശത്തെ വനവിഭവ ശേഖരണത്തിൽ ഒതുക്കി.
മാപ്പിങ് നടത്താനുള്ള സൂക്ഷ്മമായ അറിവ് ആദിവാസി കമ്യൂണിറ്റിക്ക് മാത്രമേയുള്ളൂ. അത് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയില്ല. എന്നാൽ, ആദിവാസി സമൂഹത്തിന് പരിശീലനം നൽകി അവരെക്കൊണ്ട് മാപ്പ് തയാറാക്കാൻ വനം വകുപ്പ് തയാറല്ല. ആദിവാസി പങ്കാളിത്തം ഉറപ്പാക്കുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു. ബ്യൂറോക്രാറ്റിക് സമീപനമാണ് ഇക്കാര്യത്തിൽ വനം വകുപ്പ് സ്വീകരിച്ചത്. നിയമം നടപ്പാക്കേണ്ടത് പട്ടികവർഗ വകുപ്പാണ് എന്ന ബോധ്യം അവർക്കില്ല. പട്ടികവർഗ വകുപ്പിന് വനാവകാശ നിയമത്തെക്കുറിച്ച് ബോധ്യമില്ല. അവർ എല്ലാം വനം വകുപ്പിന് ഏൽപിച്ച് മാറിനിൽക്കുന്നു.
വനം-പട്ടികവർഗ വകുപ്പ് മന്ത്രിമാർ തമ്മിൽ രണ്ട് വകുപ്പുകളുടെ ഭൂമി കൈമാറ്റത്തെ കുറിച്ചാണ് പലപ്പോഴും ചർച്ച ചെയ്തിരുന്നത്. വനാവകാശ നിയമം എന്തെന്ന് ഈ വകുപ്പുകളിലെ മന്ത്രിമാരും തിരിച്ചറിഞ്ഞിട്ടില്ല?
ഭൂപതിവ് നിയമം ആയിട്ടാണ് വനം-പട്ടികവർഗ വകുപ്പ് മന്ത്രിമാർ ഇതിനെ കണ്ടത്. ചാലക്കുടി ആതിരപ്പിള്ളി മേഖലയിലെ കാടർ കമ്യൂണിറ്റിക്ക് ലഭിച്ച അറിവ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. വയനാട് തെറ്റായ മോഡൽ നടപ്പാക്കി. പല സ്ഥലങ്ങളിലും മേൽ കമ്മിറ്റികൾ ആദിവാസികളുടെ അപേക്ഷകൾ പരിഗണിക്കാതെ മാറ്റിവെച്ചിരിക്കുന്നു. ഉദാഹരണമായി പടിഞ്ഞാറൻ അട്ടപ്പാടിയിലെ കുറുമ്പ മേഖലയിൽ ഇക്കാര്യത്തിൽ സർക്കാർ കുറച്ച് മുന്നോട്ടുപോയിരുന്നു. അവിടെ പാരമ്പര്യമായി തന്നെ ഗ്രാമസഭകൾ നിലനിൽക്കുന്നുണ്ട്. എന്നിട്ടും വനം വകുപ്പ് ആദിവാസികളുടെ അവകാശങ്ങൾ അംഗീകരിക്കുകയോ അവരുടെ അപേക്ഷകൾ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല. സർക്കാർ കണക്കുകളിൽ സംസ്ഥാനത്ത് വ്യക്തിഗത വനാവകാശം കൊടുക്കുന്നതിനെ കുറിച്ചാണ്. അതാണ് വനാവകാശത്തിന്റെ മേന്മയായി സർക്കാർ എടുത്തു കാണിക്കുന്നത്. സാമൂഹിക വനാവകാശം അംഗീകരിക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണ്.
പഴയകാലത്ത് ആദിവാസികൾ താമസിച്ചിരുന്ന മേഖലകളിൽനിന്ന് അവരെ കുടിയിറക്കിയിട്ടുണ്ട്. ഈ മേഖലകളിൽ വനാവകാശ നിയമം അനുസരിച്ച് ഇനിയും അവകാശം ഉന്നയിക്കാൻ കഴിയുമോ?
നിയമമനുസരിച്ച് അത്തരം വീണ്ടെടുക്കലുകൾ സാധ്യമാണ്. എന്നാൽ, സർക്കാറിന് നിയമത്തെക്കുറിച്ച് ബോധ്യമില്ല. നിയമപ്രകാരം വായ്മൊഴി തെളിവുകൾ മാത്രം മതി. ഉദാഹരണമായി കുറിച്യാട് വനാവകാശമനുസരിച്ച് നൽകേണ്ടതായ ഭൂമിയാണ്. എന്നാൽ, ഇപ്പോൾ അത് സർക്കാർ സ്വയംസന്നദ്ധ പുനരധിവാസ കേന്ദ്രം എന്നനിലയിലാണ് പരിഗണിച്ചത്. കുറിച്യാട് വനത്തിലേക്ക് പോകുന്ന വഴി നീരുറവയുണ്ട്. അവിടെ ആദിവാസികളുടെ ആചാരത്തിന്റെ തെളിവുകൾ ഉണ്ട്. അവിടെനിന്നാണ് 10 വർഷം മുമ്പ് മാറ്റിപ്പാർപ്പിച്ചത്. ആദിവാസികൾ വെച്ചുപിടിപ്പിച്ച കവുങ്ങുകളടക്കമുള്ള മരങ്ങൾ എല്ലാം അവിടെയുണ്ട്. അതെല്ലാം തെളിവാണ്. ആദിവാസികളെ അവിടെനിന്ന് മാറ്റിപ്പാർപ്പിച്ചാൽപോലും നിയമപ്രകാരം ആദിവാസികൾക്ക് അത് അവകാശപ്പെട്ടതാണ്. അതിന്റെ തെളിവ് രേഖപ്പെടുത്തി ഗ്രാമസഭ അപേക്ഷ സമർപ്പിക്കണം. കുടിയിറക്കപ്പെട്ട പ്രദേശത്തിന്മേൽ അവകാശവാദം ഉന്നയിക്കാൻ നിയമപരമായി അവകാശമുണ്ട്.
ആദിവാസികൾ ഇനി ഭൂമിക്കുവേണ്ടി സമരം ചെയ്തിട്ട് കാര്യമില്ലെന്നാണ് മന്ത്രി കെ. രാധാകൃഷ്ണൻ പറയുന്നത്. ഭൂമിക്കുവേണ്ടിയുള്ള വിവാദങ്ങളൊക്കെ അവസാനിപ്പിച്ചിട്ട് പുതിയ ലോകത്തിലേക്ക് സഞ്ചരിക്കണമെന്നാണ്..?
2006 മുതൽ 2022 വരെ കേരളത്തിലെ, വിദേശ തോട്ടം ഭൂമിയുടെ ചരിത്രം ചൂണ്ടിക്കാണിച്ച കാലമാണ്. നിവേദിത പി. ഹരൻ മുതൽ എം.ജി. രാജമാണിക്യം വരെ കേരളത്തിലെ വിദേശ തോട്ടം ഭൂമി ആരുടെ കൈവശമാണെന്നും അത് കൈവശം വെച്ചിരിക്കുന്നവർക്ക് ഭൂമിയിൽ ഉടമസ്ഥതയില്ലെന്നും സർക്കാറിന് റിപ്പോർട്ട് നൽകി. രാജാവിന്റെ കാലത്ത് നൽകിയ പാട്ട കടലാസ് ഉപയോഗിച്ചാണ് അവരൊക്കെ ഭൂമി കൈവശംവെക്കുന്നത്. അതുകൊണ്ട് കേരളത്തിൽ ഭൂമി അടഞ്ഞ അധ്യായമാണെന്ന് പറയുന്ന സർക്കാർ നിലപാട് തെറ്റാണ്. ഭൂമി ഏറ്റവും തുറന്ന വിഷയമായി വന്ന കാലഘട്ടമാണിത്. എന്നാൽ, ഭൂപരിഷ്കരണം ആവശ്യപ്പെട്ട് വലിയൊരു പ്രസ്ഥാനം കേരളത്തിൽ രൂപപ്പെടുന്നില്ല. ഭൂമിയുടെ രാഷ്ട്രീയം ഉന്നയിക്കുന്നതിൽ ആദിവാസി-ദലിത് പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടുവെന്ന് പറയാം. സർക്കാർ അതിനെയാണ് ഉപയോഗപ്പെടുത്തുന്നത്. ഇപ്പോൾ വഴിതിരിച്ചുവിടുന്നതും ഈ കേന്ദ്ര പ്രദേശത്തെയാണ്. നവോത്ഥാന സമിതി ഉണ്ടാക്കി ആദിവാസി-ദലിത് സംഘടനകളെ സർക്കാറിന്റെ കൂടെ നിർത്തുകയാണ്. അതുവഴി ഭൂപ്രശ്നം ഉന്നയിക്കുന്നതിൽനിന്ന് ഇവരെ പിന്തിരിപ്പിക്കുന്നു. ആദിവാസി-ദലിത് സംഘടനകളെ കൂടെനിർത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷം ഈ വിഭാഗങ്ങൾക്ക് സർക്കാറിൽനിന്ന് കാര്യമായ പ്രയോജനമൊന്നും ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്താണ് ദലിത്-ആദിവാസി സംഘടനകളെ കൂടെനിർത്താൻ ആദ്യശ്രമം നടത്തിയത്. അതിന് ചില താൽപര്യങ്ങൾ ഉണ്ടായിരുന്നു. വലിയ സമ്പന്നർ ഒന്നുമില്ലെങ്കിലും ആദിവാസി-ദലിത് വിഭാഗത്തിലെ താരതമേന്യ മെച്ചപ്പെട്ട സംഘടനകൾക്ക് കോളജ് നൽകിയാണ് ഉമ്മൻ ചാണ്ടി അവരെ വരുതിയിൽ നിർത്തിയത്. ആദിവാസി-ദലിത് വിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങൾ സർക്കാർ പരിഹരിക്കേണ്ടതാണ്. എന്നാൽ, സംഘടനകളുടെ ശക്തിയെ ദുർബലപ്പെടുത്തി പ്രശ്നങ്ങളിൽനിന്ന് വഴിതിരിച്ച് വിടുകയാണ് സർക്കാർ ചെയ്യുന്നത്.
പല കാര്യങ്ങളിലും സംസ്ഥാന സർക്കാർ പറയുന്നത് കേന്ദ്ര അനുമതി ലഭിച്ചില്ല എന്നാണ്. കേന്ദ്ര അനുമതി ലഭിച്ച 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയിൽ 10,000 ഏക്കർ ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾക്ക് നൽകാൻ സർക്കാർ തയാറായിട്ടില്ല... അതിനു കാരണം എന്താണ്?
കേന്ദ്രാനുമതി ലഭിച്ചതിന് ഒരു നീണ്ട ചരിത്രമുണ്ട്. 2001നും 2004നും ഇടയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ കത്ത് ഇടപാടുകൾ നടന്നിരുന്നു. അതിന്റെ ഫലമായിട്ടാണ് ഒടുവിൽ അനുമതി ലഭിച്ചത്. അന്ന് നടന്ന കാര്യങ്ങൾ എന്താണെന്ന് പട്ടികവർഗ വകുപ്പിനറിയില്ല. കേന്ദ്ര സർക്കാറുമായുള്ള ഫയൽ കൈകാര്യം ചെയ്തിരുന്നത് വനം വകുപ്പാണ്. നിൽപുസമരത്തിലെ പ്രധാന ആവശ്യം സുപ്രീംകോടതി അനുവദിച്ച നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യണമെന്നാണ്. ഇതിന്റെ സത്യാവസ്ഥ സർക്കാറിന്റെ പ്രധാന കേന്ദ്രങ്ങളിൽനിന്ന് വനം വകുപ്പ് മറച്ചുവെച്ചു. മന്ത്രിസഭാ യോഗങ്ങളിൽ ഈ വിഷയം ചർച്ചക്ക് വെച്ചില്ല. മന്ത്രിമാരോട് ഇക്കാര്യം പറഞ്ഞു മനസ്സിലാക്കിയില്ല. നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യുന്നതിന് വനം വകുപ്പിലെ സി.സി.എസ് റാങ്കിലുള്ള ഒരാളിനെ ഇതിന്റെ ഉത്തരവാദിത്തം നൽകണമായിരുന്നു. ഫോറസ്റ്റ് റീസെറ്റിൽമെന്റ് കമീഷണർ പോസ്റ്റ് അതിന് ആവശ്യമായിരുന്നു. ആ പോസ്റ്റ് ക്രിയേറ്റ് ചെയ്തുവെങ്കിലും ഒന്നരവർഷം ഒന്നും ചെയ്തില്ല. വനം ആസ്ഥാനത്ത് അതിനുവേണ്ടി തുറന്ന ഓഫിസ് ഒന്നും ചെയ്യാതെ ഉദ്യോഗസ്ഥർ ശമ്പളം പറ്റിയതിന്റെ കഥ എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ പാഴാക്കിയെന്നാണ് എ.ജി റിപ്പോർട്ട് ചെയ്തത്. ആ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിന് പകരം എ.ജി വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ വനം വകുപ്പ് ഓഫിസ് തന്നെ അടച്ചുപൂട്ടി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായാണ് സർക്കാർ ഓഫിസ് അടച്ചുപൂട്ടിയത്. അതൊരു അട്ടിമറിയായിരുന്നു.
2009ലാണ് കേന്ദ്രത്തിൽനിന്നും ഭൂമി വിതരണം ചെയ്യാൻ അന്തിമ അനുമതി ലഭിച്ചത്. 2009ൽ ഏപ്രിൽ മാസം ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ ബെഞ്ചിൽ വന്നപ്പോഴാണ് അനുമതി ലഭിച്ചത്. നഷ്ടപരിഹാരമായി കേരളം നൽകേണ്ട 500ലധികം കോടി രൂപയുടെ ചർച്ച നടക്കട്ടെ. വളരെ പെട്ടെന്ന് ഭൂമി പതിച്ചുകൊടുക്കണം എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. കേന്ദ്ര ഉന്നതാധികാര കമ്മിറ്റിയുടെ മുന്നിൽ കേരളം വിതരണം നടത്താവുന്ന നിക്ഷിപ്ത വനഭൂമിയുടെ പട്ടിക തയാറാക്കി കൊടുത്തിരുന്നു. ആദ്യ പ്രപ്പോസൽ നൽകിയപ്പോൾതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറി തുടങ്ങി. വിതരണത്തിന് ലിസ്റ്റ് ചെയ്ത നിക്ഷിപ്ത വനഭൂമി പലതും വാസയോഗ്യമോ കൃഷിയോഗ്യമോ ആയിരുന്നില്ല. ഈ ഭൂമി ഒരിക്കലും ആദിവാസികൾക്ക് കിട്ടരുതെന്ന് വനം വകുപ്പിന് നിർബന്ധമുണ്ടായിരുന്നു. ലിസ്റ്റ് ചെയ്ത വനഭൂമിയിൽ പലയിടത്തും സർക്കാറിന്റെയോ മറ്റുള്ളവരുടെയോ കൈയേറ്റം ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. ആദിവാസികളുടെ ജീവിതത്തിന് ഉതകുന്ന തരത്തിൽ നല്ല ഭൂമിയല്ല ലിസ്റ്റ് ചെയ്യപ്പെട്ടത്.
വയനാട് ജില്ലക്കു വേണ്ടിയാണ് നിക്ഷിപ്ത ഭൂമി ആവശ്യപ്പെട്ടതെങ്കിലും പതിനായിരം ഏക്കർ ഭൂമി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് അനുവദിച്ചത്. അട്ടപ്പാടിയിലെ ആദിവാസികൾപോലും അവിടെ പോയി താമസിക്കില്ല. വനംവകുപ്പ് ബോധപൂർവം നടത്തിയ അട്ടിമറിയാണിത്. പട്ടികവർഗ വകുപ്പിനടക്കം ഇത്തരമൊരു ഫയലുണ്ടെന്ന കാര്യം പോലും അക്കാലത്ത് അറിയില്ലായിരുന്നു. വയനാട് ജില്ലയിലെ നല്ല കൃഷിഭൂമികളെല്ലാം പലരും നേരത്തേ കൈയേറി. അവശേഷിക്കുന്നത് മരിയനാട് എസ്റ്റേറ്റിലെ ഭൂമി മാത്രമാണ്.
കേന്ദ്ര സർക്കാർ അനുവദിച്ച ഭൂമിയിൽ 10,000 ഏക്കറും ഇപ്പോഴും വനം വകുപ്പ് വിതരണം ചെയ്തിട്ടില്ല. വനം വകുപ്പ് ഭരണഘടനാ വിരുദ്ധമായിട്ടല്ലേ പ്രവർത്തിച്ചത്. സുപ്രീംകോടതി വിധിയുടെ ലംഘനമല്ലേ അവർ നടത്തിയത്?
നിരവധി വ്യവസ്ഥയോടെയാണ് സുപ്രീംകോടതി നിക്ഷിപ്ത വനഭൂമി അനുവദിച്ചത്. ആദിവാസി പുനരധിവാസത്തിന് കൊടുക്കേണ്ട ഭൂമി വാസയോഗ്യവും കൃഷിയോഗ്യവും ആയിരിക്കണം. അത് പാലിക്കാൻ വനം വകുപ്പിന് കഴിഞ്ഞില്ല. ആലക്കോട് എസ്റ്റേറ്റ് ഒന്നരക്കോടി രൂപ നൽകിയാണ് പട്ടികവർഗ വകുപ്പ് വാങ്ങിയത്. അതിൽ 650 ഏക്കർ ഭൂമി ജൈവവൈവിധ്യമുള്ളതിനാൽ വനം വകുപ്പിന് കൈമാറി. നിക്ഷിപ്ത വനഭൂമി വിട്ടുതരുമ്പോൾ വനം വകുപ്പിന് പകരമായി തിരികെ കൊടുക്കേണ്ട ഭൂമിയെല്ലാം ഭദ്രമായി അവരുടെ കൈയിലെത്തി. ആദിവാസിക്ക് പതിച്ചു നൽകേണ്ട 10,000 ഏക്കർ ഇപ്പോഴും അവർ നൽകിയില്ല. ഇത് ആദിവാസികളോട് കേരളം കാണിച്ച വഞ്ചനയാണ്. വനം വകുപ്പ് നടത്തിയ ഗൂഢാലോചനയാണിത്. ഇക്കാര്യത്തിൽ ഗൗരവമായ ഇടപെടൽ നടത്തേണ്ടത് പട്ടികവർഗ വകുപ്പാണ്. അവർ നോക്കുകുത്തിയായി. പലയിടത്തും കൈയേറ്റം നടന്നിട്ടും വനം വകുപ്പ് നിശ്ശബ്ദമായിരുന്നു. ഒടുവിൽ വയനാട്ടിൽ ഡി.എഫ്.ഒ ധനേഷ് കുമാർ മാത്രമാണ് വെറ്ററിനറി സർവകലാശാല കുന്നിടിച്ചപ്പോൾ വിശദമായ റിപ്പോർട്ട് നൽകി അതിനെ തടഞ്ഞത്. 2011ൽ റവന്യൂ വകുപ്പിൽനിന്ന് മറ്റൊരു ഉത്തരവുണ്ടായി. 1999ലെ നിയമപ്രകാരം ആദിവാസികൾക്ക് നൽകേണ്ട പകരം ഭൂമി കേന്ദ്രം അനുവദിച്ച നിക്ഷിപ്ത വനഭൂമിയിൽനിന്ന് കൊടുക്കാമെന്നായിരുന്നു. കേന്ദ്രം അനുവദിച്ചത് ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാനാണ്.
ആദിവാസികൾക്ക് പകരം ഭൂമി നൽകേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. 1975ലെ നിയമം അട്ടിമറിച്ച് 1999ലെ നിയമം പാസാക്കുമ്പോൾ സർക്കാർ പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങി നൽകാമെന്ന് നിയമസഭയിൽ ഉറപ്പുനൽകിയിരുന്നു. എന്നാൽ, 1999ലെ നിയമം നടപ്പാക്കാൻ പകരം ഭൂമിയായി സർക്കാർ എങ്ങും ഭൂമി കണ്ടെത്തിയില്ല. ആ ഉത്തരവിനോട് വനം വകുപ്പ് വിയോജിപ്പ് രേഖപ്പെടുത്തി. രണ്ടു വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടി. അട്ടപ്പാടിയിലെ ആദിവാസികൾക്ക് മണ്ണാർക്കാട് ഭൂമി കൊടുക്കാൻ പട്ടയം നൽകി. ആദിവാസികൾ മണ്ണാർക്കാട്ടേക്ക് പോയില്ല. ചുരുക്കത്തിൽ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി കൊടുക്കണമെന്ന പാക്കേജ് വനം വകുപ്പ് ആസൂത്രിതമായി അട്ടിമറിച്ചു.
ആദിവാസികളുടെ ആവശ്യമാണ് കോടതി പരിഗണിച്ചത്. ഇച്ഛാശക്തിയുള്ള സർക്കാർ ആണെങ്കിൽ കാബിനറ്റ് തീരുമാനമെടുത്ത് നിക്ഷിപ്ത വനഭൂമി കണ്ടെത്തി ആദിവാസികൾക്ക് വിതരണം ചെയ്യാം. കേന്ദ്ര അനുമതിയുണ്ട്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ 10,000 ഏക്കർ ഭൂമി ആദിവാസികൾക്ക് ലഭിക്കും. നിൽപുസമരത്തിൽ ഇക്കാര്യം ഉന്നയിച്ചെങ്കിലും അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ ഗൗരവപൂർവം ഈ കാര്യം കൈകാര്യം ചെയ്തില്ല. പലരും കൈയേറി നഷ്ടപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാം എന്നാണ് സർക്കാർ ഉറപ്പുനൽകിയത്. ഭൂമിയുടെ ലിസ്റ്റിൽ റീ വർക്ക് ചെയ്തു പുതിയ റിപ്പോർട്ട് വനം വകുപ്പ് ഉണ്ടാക്കണം. അത് അവർ ചെയ്യാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. സുപ്രീംകോടതി വിധികൾക്ക് ലംഘനമാണ്.
(തുടരും)