‘സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ അഞ്ചുലക്ഷം ഏക്കർ വിദേശ തോട്ടഭൂമി ഏറ്റെടുക്കാം’ -എ.കെ. ബാലനുമായുള്ള ദീർഘ സംഭാഷണം
കേരളത്തിൽ ഭൂപ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു, ഇനി വിതരണത്തിന് ഭൂമിയില്ല എന്നാണ് പൊതുവെ ഉയരുന്ന വാദം. എന്നാൽ, അത് തെറ്റാണെന്നും ഭൂരിഹതർക്ക് നൽകാൻ കേരളത്തിൽ ഭൂമിയുണ്ടെന്നും സമ്മതിക്കുകയാണ് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലൻ. വിദേശ കമ്പനികളുടെ കൈവശം അനധികൃതമായി ഇരിക്കുന്ന ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തെ ഭൂമികൈയേറ്റത്തെ സംബന്ധിച്ച് സർക്കാർ സമഗ്രമായൊരു ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം...
Your Subscription Supports Independent Journalism
View Plansകേരളത്തിൽ ഭൂപ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുന്നു, ഇനി വിതരണത്തിന് ഭൂമിയില്ല എന്നാണ് പൊതുവെ ഉയരുന്ന വാദം. എന്നാൽ, അത് തെറ്റാണെന്നും ഭൂരിഹതർക്ക് നൽകാൻ കേരളത്തിൽ ഭൂമിയുണ്ടെന്നും സമ്മതിക്കുകയാണ് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ.കെ. ബാലൻ. വിദേശ കമ്പനികളുടെ കൈവശം അനധികൃതമായി ഇരിക്കുന്ന ഭൂമി ഏറ്റെടുക്കേണ്ടതുണ്ടെന്നും സംസ്ഥാനത്തെ ഭൂമികൈയേറ്റത്തെ സംബന്ധിച്ച് സർക്കാർ സമഗ്രമായൊരു ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ഇൗ സംഭാഷണത്തിൽ ആവശ്യപ്പെടുന്നു.
കേരള നിയമസഭയിൽ ഭൂമാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ രാഷ്ട്രീയ നേതാക്കളിലൊരാളാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. വി.എസ്. അച്യുതാനന്ദനൊപ്പം നിയമസഭയിൽ ഭൂമാഫിയക്കെതിരെ അടിയന്തര പ്രമേയം അവതരിപ്പിക്കുകയും നെല്ലിയാമ്പതിയിലടക്കം ഇടപെടുകയും ചെയ്തിരുന്നു എ.കെ. ബാലൻ. പ്രതിപക്ഷത്തായിരുന്നപ്പോൾ യു.ഡി.എഫിന്റെ ഭൂമാഫിയ ബന്ധത്തെയും താൽപര്യത്തെയും ബാലൻ തുറന്ന് എതിർത്തു.
സി.പി.എമ്മിൽ എ.കെ. ബാലൻ അവഗണിക്കാനാവാത്ത ശബ്ദമാണ്. അനുഭവജ്ഞാനം ഏറെയുള്ള നേതാവ്. അസാധ്യമായ യാത്രക്കുള്ള ക്ഷണംപോലെയാണ് എം.വി. രാഘവൻ അദ്ദേഹത്തെ പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തനത്തിലേക്ക് എത്തിച്ചത്. അത് ജീവിതത്തിലെ വഴിത്തിരിവായി. ചൂഷകരുടെ ജനാധിപത്യം പട്ടികവിഭാഗങ്ങൾക്ക് മേൽ കുതിരകയറുമ്പോൾ ബാലന് കണ്ടുനിൽക്കാനാവുന്നില്ല. അതിനാലാണ് ചില അപ്രിയ സത്യങ്ങൾ അദ്ദേഹം തുറന്നുപറയുന്നത്.
1947നു മുമ്പ് ബ്രിട്ടീഷ് കമ്പനികളും പൗരന്മാരും കൈവശം വെച്ചിരുന്ന അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി സർക്കാർ നിയമനിർമാണത്തിലൂടെ തിരിച്ചുപിടിക്കണം എന്നാണ് എ.കെ. ബാലന്റെ ഖണ്ഡിതമായ അഭിപ്രായം. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് കത്ത് നൽകിയെങ്കിലും അതൊന്നും പരിഗണിച്ചില്ല. ’57ലെ പാർട്ടിയുടെ മാനിഫെസ്റ്റോയിലും പാർട്ടി പരിപാടിയിലും വിദേശ തോട്ടങ്ങളുടെ ദേശസാൽക്കരണം മുഖ്യ മുദ്രാവാക്യമായിരുന്നു. എന്നാൽ, ഇന്ന് സി.പി.എം-സി.പി.ഐ പാർട്ടികളും പിണറായി സർക്കാറും വിദേശ തോട്ടം ഏറ്റെടുക്കണം എന്ന നിലപാടിൽ അല്ല. കേരളത്തിന്റെ ഭൂപരിഷ്കരണം സംബന്ധിച്ച് പഠനം നടത്തിയ ഡോ. ടി.എം. തോമസ് ഐസക്ക് പോലും ഈ ആവശ്യം ഉന്നയിക്കുന്നില്ല. അത് കാലഹരണപ്പെട്ടൊരു ആവശ്യമായാണ് തോമസ് ഐസക് വിലയിരുത്തുന്നത്. ചില ദലിത് സൈദ്ധാന്തികരുടെയും വിവിധ നക്സലൈറ്റ് ഗ്രൂപ്പുകളുടെയും ആവശ്യം എന്ന നിലയിലാണ് ഐസക് ഇക്കാര്യത്തെ അവതരിപ്പിക്കുന്നത്.
അതേസമയം, ഭൂരഹിതരായ പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ജീവിതത്തെ വിലയിരുത്തിയാണ് എ.കെ. ബാലൻ സംസാരിക്കുന്നത്. കേരളത്തിലെ ദലിത് ആദിവാസി സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ട കാര്യമാണിത്. മുൻ അഡീഷനൽ ചീഫ് സെക്രട്ടറി (റവന്യൂ) നിവേദിത പി. ഹരൻ, ലാൻഡ് റവന്യൂ മുൻ അസിസ്റ്റന്റ് കമീഷണർ ഡോ. ഡി. സജിത് ബാബു, ജസ്റ്റിസ് എൽ. മനോഹരൻ, ഡിവൈ.എസ്.പി എൻ. നന്ദനൻപിള്ള, ഐ.ജി എസ്. ശ്രീജിത്ത്, എം.ജി. രാജമാണിക്യം, ഗവ. മുൻ പ്ലീഡർ അഡ്വ. സുശീല ആർ. ഭട്ട് തുടങ്ങിയവർ റിപ്പോർട്ടുകളിലൂടെ സർക്കാറിനോട് ചൂണ്ടിക്കാണിച്ച അതേ കാര്യമാണ് എ.െക. ബാലൻ ആവശ്യപ്പെടുന്നത്. എ.കെ. ബാലൻ ഇപ്പോൾ അധികാരത്തിന്റെ അകത്തളത്തിൽ ഇല്ല. അദ്ദേഹം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണ്. എ.കെ. ബാലനുമായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ:
കേരളത്തിലെ ഭൂപ്രശ്നത്തിൽ താങ്കൾ ഇടപെട്ടുതുടങ്ങിയത് എന്നു മുതലാണ്? എന്തായിരുന്നു അതിനു കാരണം?
നാലുതവണ കുടിയിറക്കപ്പെട്ടൊരു കുടുംബമാണ് എന്റേത്. അത്തരമൊരു അനുഭവത്തിലൂടെയാണ് ബാല്യകാല ജീവിതം കടന്നുപോയത്. അതിനാൽ ഭൂരഹിതരെക്കുറിച്ച സംസാരിക്കാൻ ജീവിതാനുഭവമാണ് എന്റെ പാഠപുസ്തകം. ആ അനുഭവം ആരും എനിക്ക് പറഞ്ഞുതരേണ്ടതില്ല. നിയമസഭയിൽ പലതരത്തിലും ഭൂമാഫിയക്കെതിരെ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. അതിന് ഉദാഹരണമാണ് 2014 ജൂലൈ എട്ടിന് അവതരിപ്പിച്ച അടിയന്തര പ്രമേയം. നെല്ലിയാമ്പതിയിലെ ഭൂമി തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന ഒരു ചിത്രമാണ് അതിലൂടെ ഞാൻ പുറത്തു കൊണ്ടുവന്നത്.
2014 ഏപ്രിൽ 28ന് പാലക്കാട് ജില്ലയിലെ നെന്മാറ നെല്ലിയാമ്പതിയിൽ സർവേ നമ്പർ 493ൽപെട്ട 786 ഏക്കർ ഭൂമിക്ക് കരുണ (പോബ്സൻ) എസ്റ്റേറ്റിന് നികുതി അടക്കാൻ എൻ.ഒ.സി നൽകി. ചിറ്റൂർ അഡീഷനൽ തഹസിൽദാർ കണ്ടീഷനലായിട്ടല്ലാതെ പട്ടയം നൽകുന്നതിനും കരം വാങ്ങുന്നതിനും നിർദേശം കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ കരുണ പ്ലാന്റേഷൻ (പോബ്സ് എസ്റ്റേറ്റ് ) 2,27,980 രൂപ കുടിശ്ശിക കരം കൊടുത്തു. കൈവശാവകാശ രീതി കൊടുക്കുകയും പട്ടയം കൊടുക്കുന്നതിനുമുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. നെന്മാറ ഡി.എഫ്.ഒ എടുത്ത തീരുമാനം എല്ലാ നിയമവ്യവസ്ഥകൾക്കും കീഴ്വഴക്കങ്ങൾക്കും എതിരായിരുന്നു. അത് സർക്കാറിനും ജനങ്ങൾക്കും എതിരായ വെല്ലുവിളിയാണ്. ഡി.എഫ്.ഒ ഈ തീരുമാനമെടുത്തത് കേവലം ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമായിരുന്നില്ല. എസ്റ്റേറ്റ് ഉടമകളുടെ വലിയ സമ്മർദം അദ്ദേഹത്തിനുമേൽ ഉണ്ടായി. ഞാൻ സംശയം പ്രകടിപ്പിച്ച മൂന്ന് കാര്യങ്ങളും പരിശോധിക്കാൻ നിർദേശം നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അതുവരെ നികുതി അടക്കാൻ അവർക്ക് കൊടുത്തിട്ടുള്ള എൻ.ഒ.സി മരവിപ്പിക്കുമെന്നും വ്യക്തമാക്കി. ഞാൻ അൽപം മുമ്പ് ഡി.എഫ്.ഒയെ വിളിച്ചു. 2014ലെ സംഭവത്തിന്റെ തുടർനടപടി അന്വേഷിച്ചു. അത് ഇപ്പോഴും മരവിപ്പിച്ചില്ല. ഭൂമി ഇപ്പോഴും തോട്ടം ഉടമകളുടെ കൈവശമാണ്. എല്ലാ രേഖകളും ഞാൻ ഹാജരാക്കിയിട്ടും ഒന്നും നടന്നില്ല. ഉമ്മൻ ചാണ്ടി സർക്കാർ അതൊന്നും മുഖവിലക്കെടുത്തില്ല. സർക്കാറിനെ സ്വാധീനിക്കാൻ എസ്റ്റേറ്റ് ഉടമകൾക്ക് കഴിഞ്ഞു. ഭൂമിയുടെമേൽ മാനിപുലേഷൻ ആണ് നെല്ലിയാമ്പതിയിൽ നടന്നത്. ചീഫ് കൺസർവേറ്ററും ഡി.എഫ്.ഒയും നൽകിയ രേഖകൾ ഒരാഴ്ച പഠിച്ചാണ് നിയമസഭയിൽ നെല്ലിയാമ്പതി ഭൂമി തട്ടിപ്പ് അവതരിപ്പിച്ചത്. എന്നെ സ്വാധീനിക്കാൻ എസ്റ്റേറ്റ് ഉടകൾ ആളെ വിട്ടിരുന്നു. അതൊന്നും നടന്നില്ല. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനുമെല്ലാം എസ്റ്റേറ്റ് ഉടമകൾക്കു വേണ്ടിയാണ് സംസാരിച്ചതെന്ന് നിയമസഭാ രേഖകളിൽ വ്യക്തമാണ്.
വർത്തമാനകാലത്ത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഭൂരഹിതരോട് ചോദിക്കുന്നത് നിങ്ങൾക്ക് തരാൻ ഭൂമിയെവിടെ എന്നാണ്. 1950കളിൽ ഇ.എം.എസ് പറഞ്ഞത് വിദേശ കമ്പനികൾ തോട്ടങ്ങളിലൂടെ നമ്മുടെ സമ്പത്ത് കൊള്ളയടിച്ച് കടത്തിക്കൊണ്ടു പോകുന്നത് അവസാനിപ്പിക്കണമെന്നാണ്. അന്ന് ഇ.എം.എസ് നടത്തിയ പഠനത്തിന് സമാനമാണ് നിവേദിത പി. ഹരനും രാജമാണിക്യവും സുശീല ഭട്ടും അടക്കമുള്ളവർ സമർപ്പിച്ച റിപ്പോർട്ടുകൾ. എന്നാൽ, ആ പഠനറിപ്പോർട്ടുകളെ താങ്കൾ അംഗീകരിക്കുന്നുണ്ടോ?
താങ്കൾ ഉന്നയിച്ചതുപോലെ 1947നു മുമ്പ് കേരളത്തിന്റെ വലിയൊരു ഭാഗം ഭൂമി ബ്രിട്ടീഷുകാരുടെ കൈയിൽ തന്നെയായിരുന്നു. രാജാക്കന്മാർ അവർക്ക് ഇഷ്ടംപോലെ ഭൂമി പാട്ടത്തിന് കൊടുത്തിരുന്നു. 1947ന് ശേഷം ഈ ഭൂമി സ്വാഭാവികമായി സർക്കാറിൽ എത്തിച്ചേരേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, അത് ബ്രിട്ടീഷുകാർ കൈവശംവെച്ച കാലത്ത് സംരക്ഷിച്ച താൽപര്യത്തെക്കാൾ ക്രൂരമായ താൽപര്യമാണ് പിന്നീട് നിലനിന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏതാനും ചില വ്യക്തികളുടെ കൈയിലായി. ഭൂമി ബ്രിട്ടീഷുകാരുടെ കൈയിൽ അല്ലെന്ന് മാത്രം. സർക്കാറിന്റെ കൈവശം വരേണ്ടുന്ന ഭൂമി വീണ്ടും ചില നിക്ഷിപ്ത താൽപര്യക്കാരുടെയും അധോലോകത്തിന്റെയും കൈയിലായി എന്നതാണ് സത്യം. അങ്ങനെ ഭൂമിയുടെ കൈവശാവകാശം മാറിപ്പോയി.
ലക്ഷക്കണക്കിന് ഏക്കർ റവന്യൂ, വനം, പുറമ്പോക്ക് ഭൂമികൾ ഈ രൂപത്തിൽ മാറിപ്പോയിട്ടുണ്ട്. ചില സമുദായ സംഘടനകളും (പേരുപറയാൻ അറിയാത്തതുകൊണ്ടല്ല അത് സംബന്ധിച്ച രേഖകൾ എല്ലാം ഉണ്ട്) ഇതിൽ പങ്കാളികളാണ്. ദേവവസത്തിന്റെ സ്വത്ത് അടക്കം - സ്വത്ത് എന്നാൽ അത് സർക്കാറിന്റെ സ്വത്താണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻവേണ്ടിയെന്ന പേരിലാണ് സമുദായ സംഘടനകൾ ഭൂമി കൈവശംെവച്ചിരിക്കുന്നത്. ഇപ്പോഴും അവർ ഭൂമി കൈവശം വെച്ചിരിക്കുകയാണ്. സർക്കാറിൽ നിക്ഷിപ്തമായിട്ടുള്ള ദേവസ്വം ഭൂമിയടക്കം പലരുടെയും കൈവശത്തിലാണ്. വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ല എന്നരൂപത്തിലാണ് ഭൂരഹിതനായ പാവപ്പെട്ടവന്റെ അവസ്ഥ. കേരളത്തിൽ ഭൂമിയില്ലാത്തതല്ല പ്രശ്നം. ഇവിടെ ഇഷ്ടംപോലെ സർക്കാർ ഭൂമിയുണ്ട്. പക്ഷേ, പതിനായിരങ്ങൾക്ക് കയറിക്കിടക്കാൻ ഇടമില്ല. ശവമടക്കാൻ അടുക്കള പൊളിക്കേണ്ട ഗതികേടിലാണ് ഭൂപരിഷ്കരണം നടപ്പാക്കിയ സംസ്ഥാനത്തെ പട്ടികജാതി -വർഗം അടക്കമുള്ള പാവങ്ങൾ. ലക്ഷക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറി അനധികൃതമായി കൈവശം വെച്ചിരിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. പലരുടെയും കൈവശമുള്ളത് വ്യാജരേഖയാണ്. എന്നിട്ടും ചിലർ പ്രചരിപ്പിക്കുന്നത് ഇവിടെ വിതരണംചെയ്യാൻ ഭൂമിയില്ല എന്നാണ്. ഇടതുപക്ഷത്തിന്റെ ആളുകളും വലതുപക്ഷത്തിന്റെ ആളുകളും അത് പ്രചരിപ്പിക്കുന്നുണ്ട്. ഭൂരഹിതർക്ക് ഭൂമി കൊടുക്കാൻ യഥാർഥത്തിൽ ഗവൺമെന്റിന്റെ കൈയിൽ ഭൂമിയുണ്ട്. ഭൂരഹിതർക്ക് വിതരണംചെയ്യാൻ ഭൂമിയില്ലെന്ന് സർക്കാർ പറയുമ്പോൾ ഇതിൽ അരഞ്ഞുപോകുന്ന വിഭാഗം പട്ടികജാതി-പട്ടികവർഗക്കാരാണ്. ഇക്കാര്യത്തിൽ നല്ലൊരു രൂപത്തിൽ ഭൂമിയുടെ പ്രശ്നം ‘മാധ്യമം’ പത്രത്തിലൂടെയാണ് പുറത്തുവന്നിട്ടുള്ളത്. പട്ടികവർഗ വിഭാഗത്തിന് കിട്ടേണ്ടത് കിട്ടിയിട്ടില്ല എന്ന് വസ്തുതകൾ നിരത്തിയാണ് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ധാരാളം ഭൂരേഖകൾ ഇക്കാര്യത്തിൽ ‘മാധ്യമം’ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ടാണ് ഇൗ അഭിമുഖത്തിന് ഞാൻ തയാറായതും.
സ്വാതന്ത്ര്യാനന്തര കേരളത്തിൽ ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ജീവിതനിലവാരത്തിൽ വലിയ മാറ്റമുണ്ടായി. അതോടെ, സംസ്ഥാനത്തെ ഭൂപ്രശ്നം പരിഹരിച്ചെന്ന് വാദിക്കുന്നവരുണ്ടല്ലോ. ഇനിയൊരു ഭൂപരിഷ്കണം ആവശ്യമിെല്ലന്നാണല്ലോ അവരുടെ വാദം..?
കേരളത്തിന്റെ ഭൂപ്രശ്നം ഭൂപരിഷ്കരണത്തിലൂടെ പരിഹരിക്കപ്പെട്ടു എന്ന് ആർക്കും വിലയിരുത്താനാകില്ല. ഒരു ഭാഗം പരിഹരിക്കപ്പെട്ടു. പാട്ട കുടിയന്മാർക്കും വെറും പാട്ടക്കാരനും കാണ കുടിയാനും രക്ഷ കിട്ടി. അതില്ല എന്ന് നമുക്ക് പറയാനാവില്ല. ഭൂപരിഷ്കരണത്തിലൂടെ ഏതാണ്ട് 35 ലക്ഷത്തോളം വരുന്ന മനുഷ്യർ ഭൂമിയുടെ ഉടമകളായി. യഥാർഥത്തിൽ അടിസ്ഥാന വർഗം എന്നു പറയുന്ന പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് ഭൂമി ലഭിച്ചിട്ടില്ല. അവർ പാട്ട കുടിയാനും കാണ കുടിയാനും ആയിരുന്നില്ല. ജന്മിയുടെയും നാടുവാഴിയുടെയും പണിക്കാരായിരുന്നു ഈ വിഭാഗങ്ങൾ. അതിനാൽ അവർക്ക് കുടികിടപ്പു മാത്രമാണ് കിട്ടിയത്. കുടികിടപ്പ് പരമാവധി 10 സെന്റ് ആണ്. അതിനപ്പുറം ഭൂമി ആരും നൽകിയിട്ടില്ല. ആ 10 സെന്റ് തന്നെ പലരും നൽകിയിട്ടുമില്ല. അങ്ങനെ കിട്ടിയ അഞ്ചും ആറും സെന്റ് ഭൂമിയിൽ ഇപ്പോൾ രണ്ടും മൂന്നും കുടുംബങ്ങളാണ്. യഥാർഥത്തിൽ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുമ്പേയുള്ള ദുരിതമാണ് പട്ടികജാതി-വർഗ വിഭാഗങ്ങൾ പല സ്ഥലത്തും അനുഭവിക്കുന്നത്. അതാണ് കേരളത്തിലെ ഏറ്റവും വലിയ ദുരന്തം.
ഭൂമി കിട്ടിയ വിഭാഗങ്ങൾക്ക് അതിന്റെ ഫലമായി സമ്പത്ത് ആർജിക്കാൻ കഴിഞ്ഞു. സാമൂഹിക പദവിയും അവർക്ക് ലഭിച്ചു. ഭൂമിയിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിച്ചു. ഭൂപരിഷ്കരണത്തിലൂടെ ഭൂമി ലഭിച്ച വിഭാഗങ്ങൾക്ക് കേരളത്തിൽ നാനാ രൂപത്തിലുള്ള വളർച്ചയുണ്ടായി. അവരുടെ വളർച്ച ശക്തിപ്പെട്ടു. കുടിയിരിപ്പുകാരന്റെ സ്ഥിതി അതല്ല. അവർക്ക് ഭൂമിയിൽനിന്ന് വരുമാനം ഇല്ല. ദിവസവും പണിചെയ്ത് കിട്ടുന്ന കൂലി നിത്യ ചെലവിനുപോലും തികയുന്നില്ല. അല്ലെങ്കിൽ അത് ഭക്ഷണമടക്കം നിത്യജീവിത ചെലവിന് മാത്രമേ തികയൂ. അവർ പഴയ അഞ്ച് സെന്റിലും മൂന്ന് സെന്റിലും കോളനികളിൽതന്നെ കിടക്കുകയാണ്. ഈ വിഭാഗത്തിലെ വിദ്യാഭ്യാസം ലഭിച്ച കുറച്ചുപേർ രക്ഷപ്പെട്ടു – വിദ്യാഭ്യാസം ലഭിച്ചവർ രക്ഷപ്പെട്ടുവെന്ന് പറയുമ്പോഴും അവരുടെ കൈവശവും ഭൂമിയില്ല. പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ പലരും വാടകക്കാണ് താമസിക്കുന്നത്. അവർ ആധുനികലോകത്തെ കുടികിടപ്പുകാരാണ്. അവരുടെ ജീവിതനിലവാരവും മറ്റുള്ളവരെ അപേക്ഷിച്ച് വളരെ പരിതാപകരമായ അവസ്ഥയിലുമാണ്.
ഭൂപരിഷ്കരണത്തിലൂടെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് പരിരക്ഷ ലഭിച്ചില്ലെന്നാണോ ഈ പറയുന്നതിന്റെ അർഥം. അക്കാര്യം രാഷ്ട്രീയമായി പുനഃപരിശോധിക്കേണ്ടതല്ലേ..?
ഭൂപരിഷ്കരണത്തിന് പോസിറ്റിവായ ഒരു ഭാഗവും നെഗറ്റിവായ മറ്റൊരു ഭാഗവും ഉണ്ട്. നെഗറ്റിവ് ഭാഗം ഉണ്ടാകും എന്ന് തിരിച്ചറിഞ്ഞാണ് മിച്ചഭൂമി ഏറ്റെടുത്ത് ഭൂപരിഷ്കരണത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. അതാണ് നിയമത്തിലെ നാഴികക്കല്ല്. എന്നാൽ, ഏഴര ലക്ഷത്തോളം മിച്ചഭൂമി ഒരു ലക്ഷത്തിൽ താഴെയായി. സംസ്ഥാനത്തെ ആറരലക്ഷത്തോളം മിച്ചഭൂമി പല രൂപത്തിൽ ജന്മിമാർ തിരിമറി നടത്തി. യഥാർഥത്തിൽ ഏഴരലക്ഷം ഏക്കർ മിച്ചഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ പട്ടികവിഭാഗത്തിന് ഭൂമി ലഭിക്കുമായിരുന്നു. മിച്ചഭൂമി കിട്ടിയിരുന്നുവെങ്കിൽ പാവപ്പെട്ടവന്റെ ഭൂ പ്രശ്നം അവിടെ പരിഹരിക്കുമായിരുന്നു. കേരളത്തിൽ അതുണ്ടായില്ല.
1957ൽ അധികാരത്തിൽ വന്ന് 1959ൽ പുറത്തുപോയ കമ്യൂണിസ്റ്റ് പാർട്ടിയുടെ സർക്കാർ പിന്നീട് അധികാരത്തിൽ വന്നത് 1967ലാണ്. അതിനിടയിലാണ് ഈ നാടകങ്ങൾ എല്ലാം അരങ്ങേറിയത്. മിച്ചഭൂമിക്കുമേൽ തിരിമറി നടത്താൻ കഴിഞ്ഞത് ഇക്കാലത്താണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം പൂർണാർഥത്തിൽ നടപ്പാക്കാൻ കഴിഞ്ഞില്ല. മറ്റൊരു ഭാഗത്ത് ഭൂമിയുടെ കേന്ദ്രീകരണവും നടന്നു. തോട്ടഭൂമിക്ക് പരിധി നിശ്ചയിച്ചില്ല. തോട്ടഭൂമിക്ക് പരിധി വെക്കാതിരുന്നത് ശാസ്ത്രീയ ബോധത്തിന്റെ ഭാഗമായിട്ടാണ്. ഒന്ന് അതിന്റെ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയായിരുന്നു. മറ്റൊന്ന് സംഘടിതമായിട്ടുള്ള തൊഴിലാളികളുടെ ക്രയശേഷിയായിരുന്നു. തോട്ടം ഭൂമി നിയമത്തിനുള്ളിൽ കൊണ്ടുവന്നാൽ രണ്ടും ഇല്ലാതാകുമെന്ന് വിലയിരുത്തിയാണ് തോട്ടഭൂമിക്ക് ഇളവ് നൽകിയത്. തോട്ടത്തിന്റെ വരുമാനം മൊത്തത്തിൽ ലഭിക്കുമെന്നും തൊഴിലാളികൾക്ക് സംഘടിതസ്വഭാവം ഉണ്ടാവുമെന്നും പ്രതീക്ഷിച്ചാണ് ഭൂമിക്ക് പരിധി നിശ്ചയിക്കാതിരുന്നത്. ഈ പഴുത് ഉപയോഗിച്ച് അർഹതപ്പെട്ട തോട്ടം ഭൂമിക്ക് പുറമേ അതിനു ചുറ്റും അനധികൃതമായ സ്വന്തം ഭൂമി ഉണ്ടാക്കി. അതിന് മികച്ച ഉദാഹരണമാണ് മൂന്നാറിൽ ടാറ്റ കൈവശം വെച്ചിരിക്കുന്ന ഭൂമി. ഒരു കണക്ക് പ്രകാരം 57,000 ഏക്കർ ആണ് അവർക്ക് കൈവശം വെക്കാൻ അനുവദിച്ചിട്ടുള്ളതെന്ന് കരുതുക. അത്രയും ഭൂമികൂടി അവർ വളച്ചുകെട്ടിയിട്ടുണ്ട്. സർക്കാറിന്റെ കൈവശം മൂന്നാറിൽ ഭൂമിയില്ല. അനധികൃതമായി അവർ കൈയേറിയതിനെ കുറിച്ചുപോലും സർക്കാറിന്റെ കൈയിൽ കണക്കില്ല. അംഗീകൃത തോട്ടത്തിന്റെ പേരിൽ അനധികൃതമായി ഭൂമി ഒരു ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്നു.
മറ്റൊന്ന്, ആയിരക്കണക്കിന് സർക്കാർഭൂമി പലരും പാട്ടത്തിന് എടുത്തിട്ടുണ്ട്. പാട്ടംപോലും കൃത്യമായി അടക്കുന്നില്ല. പാട്ടക്കാലാവധി കഴിഞ്ഞാൽ ആ ഭൂമിയെല്ലാം സർക്കാറിൽ നിക്ഷിപ്തമാണ്. കേരളത്തിൽ പാട്ടക്കാലാവധി കഴിഞ്ഞ് ഭൂമിയൊന്നും തന്നെ സർക്കാറിന് തിരിച്ചു കിട്ടിയിട്ടില്ല. പാട്ടം സംബന്ധിച്ച് സർക്കാർ പരിശോധന നടത്തുന്നതുമില്ല. ഏത് ആവശ്യത്തിനാണോ പാട്ടം കൊടുത്തത് അതിനു മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അത് തരംമാറ്റി ഉപയോഗിക്കുകയാണ് ഇപ്പോൾ നടത്തുന്നത്.
താലൂക്ക് ലാൻഡ് ബോർഡാണ് ഭൂമി ഇളവ് നൽകിയത്. തോട്ടഭൂമി തരംമാറ്റിയത് സംബന്ധിച്ച് കണക്കുകൾ സൂക്ഷിക്കേണ്ടതും താലൂക്ക് ലാൻഡ് ബോർഡല്ലേ. തോട്ടഭൂമി തരംമാറ്റിയത് സംബന്ധിച്ച് നിയമസഭയിലെ ചോദ്യത്തിന് മന്ത്രി കെ. രാജൻ നൽകിയ മറുപടി സർക്കാറിന്റെ കൈവശം കണക്കില്ലെന്നാണ്. താലൂക്ക് ലാൻഡ് ബോർഡ് ഇക്കാര്യത്തിൽ പരിശോധന നടത്തുന്നില്ലെന്നാണോ പറയുന്നത്?
അക്കാര്യം തന്നെയാണ് പറയാനുള്ളത്. കൃത്രിമ രേഖയുണ്ടാക്കി പാട്ടഭൂമിയെ സ്വന്തമാക്കുകയാണ് പല തോട്ടം ഉടമകളും ചെയ്യുന്നത്. അവർ പുതിയ ടൈറ്റിൽ ഉണ്ടാക്കി മറ്റൊരാളിന് ഭൂമി കൈമാറ്റം ചെയ്യുകയാണ്. ഭൂമി വ്യാജരേഖ ഉണ്ടാക്കിയ ചിത്രമാണ് ഞാൻ പറഞ്ഞത്. ഈ രൂപത്തിൽ ചുരുങ്ങിയത് അഞ്ചു ലക്ഷം ഏക്കർ ഭൂമി ഇവിടെയുണ്ട്. കേരളത്തിലെ സർക്കാറിന്റെ ഉടമസ്ഥതയിലേക്ക് വരേണ്ട ഭൂമിയാണ് നഷ്ടപ്പെട്ടത്. ഐ.ജി എസ്. ശ്രീജിത്തിനെ ഇന്ന് രാവിലെയും വിളിച്ചിരുന്നു. മനുഷ്യാവകാശ കമീഷന്റെ നിർദേശപ്രകാരമാണ് അദ്ദേഹം കേരളത്തിലെ തോട്ടം മേഖലയെക്കുറിച്ച് അന്വേഷണം നടത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീജിത്തിന്റേത് ഗംഭീര പഠനമായിരുന്നു. 2014ൽ റിപ്പോർട്ടു കൊടുത്തതിനുശേഷം 39 കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. അതെല്ലാം ഭൂമി തിരിമറിയുമായി ബന്ധപ്പെട്ട കേസുകളാണ്. ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ ഉണ്ടായിട്ടില്ല. റിപ്പോർട്ടിൽ അടിവരയിട്ട് രേഖപ്പെടുത്തിയത് 1947നു മുമ്പ് ബ്രിട്ടീഷുകാർ കൈവശംവെച്ചിരുന്നതും 47നു ശേഷം കേരള സർക്കാറിന്റെ കൈവശം എത്തിച്ചേരേണ്ടതുമായ ഭൂമി വ്യാജരേഖകൾ ഉണ്ടാക്കി തിരിമറി നടത്തി തോട്ടങ്ങൾ സ്വന്തമാക്കി എന്നാണ്. ഇതുസംബന്ധിച്ച് ശാസ്ത്രീയമായ വിശദീകരണവും വസ്തുതകളും അദ്ദേഹം അവതരിപ്പിച്ചു. അതുപോലെ തുച്ഛമായ തുക നികുതിയായി അടച്ച് കോടിക്കണക്കിന് രൂപ ഇവർ തട്ടിയെടുക്കുന്നുണ്ട്. മിച്ചമൂല്യം കേരളത്തിന് പുറത്തേക്കാണ് വിദേശ കമ്പനികൾ കൊണ്ടുപോകുന്നത്. തോട്ടം മേഖലയിൽനിന്ന് ഈ കമ്പനികൾ സർക്കാറിന് കൊടുക്കുന്ന റോയൽറ്റി വളരെ ചെറിയ തുകയാണ്. തോട്ടം ഉടമകൾ കോടിക്കണക്കിന് രൂപ കൊള്ളയടിക്കുന്നു എന്നാണ് ശ്രീജിത്ത് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2009ലെ ഭൂപരിഷ്കരണ ഭേദഗതി നിയമത്തിൽ നെല്ലിയാമ്പതിയിലെ നാല് മേജർ തോട്ടങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായിട്ടില്ല. അതിന്റെ ജ്വലിക്കുന്ന ഒരു ഉദാഹരണമാണ് നെല്ലിയാമ്പതിയിലെ പോബ്സൻ എസ്റ്റേറ്റ് (കരുണ പ്ലാന്റേഷൻ) 756 ഏക്കർ അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്.
നെല്ലിയാമ്പതിയിൽ കരുണ മാത്രമല്ലല്ലോ. പ്രഫ. എ.വി. താമരാക്ഷൻ അധ്യക്ഷനായി നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ 52 തോട്ടങ്ങൾ നെല്ലിയാമ്പതിയിൽ ബ്രിട്ടീഷുകാരുടേതായിരുന്നു എന്നാണ് കണക്ക്. കൊച്ചിരാജാവ് പാട്ടത്തിന് കൊടുത്തതാണ് ഈ എസ്റ്റേറുകൾ. രാജാക്കന്മാർ നൽകിയ പാട്ടത്തിന്റെപോലും കാലാവധി കഴിഞ്ഞു. അതിനാൽ നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് മാത്രമല്ലല്ലോ വിഷയം...?
അത് ശരിയാണ്. നെല്ലിയാമ്പതിയിലെ എല്ലാ എസ്റ്റേറ്റുകളും കൊച്ചിരാജാവ് ബ്രിട്ടീഷുകാർക്ക് പാട്ടത്തിന് കൊടുത്തതാണ്. നിയമസഭയിൽ കരുണ എസ്റ്റേറ്റ് സംബന്ധിച്ച് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂരുമായി വലിയ ഏറ്റുമുട്ടൽ തന്നെ നടന്നു. അന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കരുണ വിഷയത്തിൽ സംസാരിച്ചു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മറുപടി പറയാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. ഒടുവിൽ ഉമ്മൻചാണ്ടി പറഞ്ഞത് വനം വകുപ്പ് നൽകിയ എൻ.ഒ.സി അനുമതി മരവിപ്പിക്കാം എന്നാണ്. കരുണ എസ്റ്റേറ്റിൽനിന്ന് നികുതി വാങ്ങില്ല എന്ന് മുഖ്യമന്ത്രി സഭക്ക് ഉറപ്പുനൽകി. കരുണ എസ്റ്റേറ്റ് എടുക്കാൻ സർക്കാർ നടപടി സ്വീകരിക്കും എന്നാണ് സഭയിൽ പറഞ്ഞത്. പിന്നീട് ഒരു നടപടിയും സ്വീകരിച്ചില്ല. നിയമസഭയിൽ നൽകിയ ഉറപ്പിന് കടകവിരുദ്ധമായാണ് സർക്കാർ പിന്നീട് നടപടി സ്വീകരിച്ചത്. അന്ന് റവന്യൂ മന്ത്രി അടൂർ പ്രകാശ് നികുതി അടക്കാൻ അനുമതി നൽകി. എസ്റ്റേറ്റ് ഉടമയുടെ കൈയിൽതന്നെയാണ് കരുണയുള്ളത്. ഉടമകൾ നടത്തുന്ന തിരിമറിക്ക് ഞെട്ടിപ്പിക്കുന്ന ഏറ്റവും നല്ല ഉദാഹരണമാണ് ഈ സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നെ വന്ന് കണ്ടിരുന്നു.
ധനേഷ് കുമാർ ആയിരുന്നു അന്നത്തെ ഡി.എഫ്.ഒ. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ കൺകറൻസും ഉണ്ടായിരുന്നു. സർക്കാർ അന്വേഷണം നടത്താൻ സർക്കാർ എട്ടംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. അവർ കൊടുത്ത റിപ്പോർട്ട് മന്ത്രിയും സെക്രട്ടറിയും കാബിനറ്റും കാണണ്ടേ. നിയമ വകുപ്പിന്റെ അനുമതി വേേണ്ട. ഇതൊന്നും സംഭവിച്ചിട്ടില്ല. കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഡി.എഫ്.ഒ അനുമതി നൽകുകയാണ് ഉണ്ടായത്. അന്നത്തെ അഡ്വക്കേറ്റ് ജനറൽ ആയിരുന്നു ദണ്ഡപാണി. അദ്ദേഹം ഈ ഭൂമി സ്വകാര്യഭൂമിയാണ് എന്ന് നിയമോപദേശം നൽകി. അദ്ദേഹത്തിന്റെ കീഴിലുള്ള േലാ വകുപ്പ് ഇത് സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ട് നൽകി. സർക്കാർ ഭൂമിയാണെന്ന രേഖകൾ ഹാജരാക്കിയാണ് ഞാൻ സംസാരിച്ചത്. അന്ന് നിയമസഭയിൽ ഉന്നയിച്ച കാര്യങ്ങൾ ബോധ്യപ്പെട്ട മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. ഉമ്മൻ ചാണ്ടി നിയമസഭക്കു നൽകിയ ഉറപ്പ് നടപ്പാക്കാൻ കഴിഞ്ഞില്ല. അതോടൊപ്പം ലാൻഡ് ബോർഡ് സെക്രട്ടറിയായിരുന്ന പി. മേരിക്കുട്ടി കരുണ എസ്റ്റേറ്റ് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു (പാലക്കാട് കലക്ടർ). അവർ പറഞ്ഞത് 1963ലെ ഭൂപരിഷ്കരണ നിയമത്തിലെ 72ാം വകുപ്പ് പ്രകാരം ഇത് സർക്കാറിൽ നിക്ഷിപ്തമാണെന്നും ഭൂപരിഷ്കരണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും പി. മേരിക്കുട്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നെല്ലിയാമ്പതിയിൽ 52ഓളം തോട്ടം ഉടമകൾ 30,000 ഏക്കർ ഭൂമിയാണ് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നതെന്ന് മേരിക്കുട്ടിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിൽ മുൻ അഡീഷനൽ സെക്രട്ടറി നിവേദിത പി. ഹരൻ അന്വേഷണം നടത്തിയിരുന്നു. ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെ കൈയേറ്റമാണ് അവർ പുറത്തുകൊണ്ടുവന്നത്. നിവേദിത നൽകിയ റിപ്പോർട്ട് സെക്രേട്ടറിയറ്റിൽ പൊടിപിടിച്ചു കിടപ്പാണ്. കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻ 50,000 ഏക്കർ ഭൂമി അനധികൃതമായി കൈവശംവെച്ചു എന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയത്. മൂന്നാർ മേഖലയിലെ ഒമ്പത് എസ്റ്റേറ്റുകളിലായി ഏതാണ്ട് ഒരു ലക്ഷം ഏക്കർ ഭൂമി കൈയേറിയതായി സ്വകാര്യ പരാതിയിൽ മൂന്നാർ, ദേവികുളം, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. ഈ പരാതികളിൽ തുടർനടപടി ഉണ്ടായിട്ടില്ല. ഹാരിസൺസ് മലയാളം കമ്പനി 70,000 ഏക്കർ കൈവശം വെച്ചിരിക്കുന്നതായി സർക്കാറിന് റിപ്പോർട്ട് ലഭിച്ചു. അതുപോലെ റവന്യൂ, വനം, പാട്ട ഭൂമികൾ ഉൾപ്പെടെ പലരുടെയും കൈവശമുണ്ട്. 3000 ഏക്കറിലധികം ഭൂമി എ.വി.ടി കമ്പനി മറിച്ചുവിറ്റു. 230 തോട്ടം ഉടമകളിലും സ്ഥാപനങ്ങളിലുമായി അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമി അനധികൃതമായി കൈവശംവെച്ചിരിക്കുന്നു. ഈ ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടിയാണ് അക്കാലത്ത് യു.ഡി.എഫ് സർക്കാർ സ്വീകരിച്ചത്.
അതേസമയം, ഒന്നാം പിണറായി സർക്കാർ ഈ ഭൂമി ഏറ്റെടുക്കുന്നതിന് ചില നീക്കങ്ങൾ നടത്തി. അതിന് ശക്തമായ തുടർച്ച ഉണ്ടാകണം. ഉദാഹരണത്തിന് മിച്ചഭൂമി കേസ് നോക്കുക. 1963ലെ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടതാണ് നമ്മുടെ താലൂക്ക് ലാൻഡ് ബോർഡുകൾ, ട്രൈബ്യൂണലുകൾ എന്നിവ. ഇതിന്റെ ഭൂപരിഷ്കരണ (ലാൻഡ് റിഫോംസ് ) റിവ്യൂ കമ്മിറ്റിയുണ്ട്. അതിൽ ഞാൻ അംഗമാണ്. കഴിഞ്ഞ അഞ്ചുവർഷം അതിന്റെ ഒരു യോഗം മാത്രമാണ് നടന്നത്. ഈ സർക്കാർ നിലവിൽ വന്നതിനുശേഷം ഒരു യോഗം വിളിച്ചു. ഇങ്ങനെയാണ് സമീപനം കാണിക്കുന്നതെങ്കിൽ കെട്ടിക്കിടക്കുന്ന കേസുകൾ എങ്ങനെ തീർപ്പുകൽപിക്കുമെന്ന് യോഗത്തിൽ ഞാൻ ചോദിച്ചു. മന്ത്രി കെ. രാജന് ഞാൻ പറഞ്ഞ കാര്യം നന്നായി ബോധ്യപ്പെട്ടു. അദ്ദേഹം പറഞ്ഞ മറുപടി മൂന്നുമാസത്തിൽ റിവ്യൂ കമ്മിറ്റി യോഗം വിളിക്കാമെന്നാണ്. ഞാൻ പറഞ്ഞ കാര്യങ്ങളോട് മന്ത്രി രാജൻ യോജിക്കുകയാണ് ഉണ്ടായത്. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിക്കേണ്ടതുണ്ട്.
ലാൻഡ് ട്രൈബ്യൂണലിൽ 92,332 കേസുകളുണ്ട്. താലൂക്ക് ബോർഡിൽ 1432 കേസുണ്ട്. കണ്ണൂരും തൃശൂരും ആലപ്പുഴയും അപ്പലേറ്റ് അതോറിറ്റി ഉണ്ട്. 1420 കേസ് അവിടെയുമുണ്ട്. ഹൈകോടതിയിൽ 297 കേസുണ്ട്. ഏതാണ്ട് 95,000ഓളം കേസുകളാണ് ലാൻഡ് ബോർഡിന്റെയും ലാൻഡ് ട്രൈബ്യൂണലിന്റെയും മുന്നിൽ നിലവിലുള്ളത്. ഇത് സമയബന്ധിതമായി റിവ്യൂ നടത്തണം. അല്ലെങ്കിൽ അതെല്ലാം അനന്തമായി നീണ്ടുപോകും. ഈ സംവിധാനങ്ങളൊക്കെയുണ്ടായിട്ടും നടപടികൾ ഉണ്ടാകുന്നില്ല.
ഇക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ ഒന്നും ചലിക്കുന്നില്ല..? ലാൻഡ് റവന്യൂ കമീഷണറുടെ ഓഫിസിൽനിന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയാൽ തുടർപ്രവർത്തനം സമയബന്ധിതമായി ഉണ്ടാകുന്നില്ല. റവന്യൂ വകുപ്പിനെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നുണ്ടോ? അതുകൊണ്ടാണോ ചലനമുണ്ടാകാത്തത്?
റവന്യൂ സംവിധാനങ്ങളുടെ മെല്ലെപ്പോക്കിനെക്കുറിച്ച് ഞാൻ മുഖ്യമന്ത്രിയോട് സംസാരിച്ചിരുന്നു. ഭൂമി സംബന്ധിച്ച് ചർച്ചചെയ്യാൻ റിവ്യൂ കമ്മിറ്റി വിളിക്കണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രി അക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഇതെല്ലാം നേരിട്ട് ചെയ്യാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. അദ്ദേഹത്തിന് ഭൂമിയുടെ പ്രശ്നം നല്ലതുപോലെ സംഗ്രഹിച്ച് കുറിച്ചുകൊടുക്കേണ്ടതുണ്ട്. തോട്ടഭൂമിയടക്കം കൈവശംവെച്ചിരിക്കുന്നത് ചില്ലറക്കാരല്ല. ഏത് മുന്നണി സർക്കാർ ഭരിക്കുമ്പോഴും സർക്കാറിനുള്ളിലും സർക്കാറിന്റെതന്നെ വക്കീലന്മാരും ലാൻഡ് മാഫിയയും അതിനോട് അനുബന്ധിച്ചുള്ള ഒരു വിഭാഗവും വളരെ ശക്തമായി പ്രവർത്തിക്കുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ റവന്യൂ മന്ത്രി ആയിരുന്നപ്പോൾ ഗവ. സ്പെഷൽ പ്ലീഡർ ആയിരുന്ന അഡ്വ. സുശീല ആർ. ഭട്ട് ഹാരിസൺ ഭൂമിക്കേസിൽ ഏറെ മുന്നോട്ടുപോയി ഹൈകോടതിയിൽനിന്ന് അനുകൂലമായ വിധികൾ സമ്പാദിച്ചിരുന്നു. നിയമനിർമാണത്തിലൂടെ വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന പാട്ടഭൂമി ഏറ്റെടുക്കണമെന്ന് ഡോ. എം.ജി. രാജമാണിക്യം റിപ്പോർട്ട് നൽകി. എന്നാൽ, എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ സുശീല ആർ. ഭട്ടിനെ ഗവ. പ്ലീഡർ സ്ഥാനത്തുനിന്ന് നീക്കി. പകരം അഡ്വ. രഞ്ജിത്ത് തമ്പാനെ റവന്യൂ കേസുകൾ ഏൽപിച്ചു. അതോടെ കേസുകൾ പരാജയപ്പെടുകയല്ലേ എൽ.ഡി.എഫ് ഭരണകാലത്ത് സംഭവിച്ചത്?
അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ പറ്റില്ല. അഡ്വ. സുശീല ഭട്ട് നന്നായി കേസ് വാദിച്ചു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. വർക്കിന്റെ ബാഹുല്യം ഹൈകോടതിയിലെ വക്കീലന്മാർക്കുണ്ടാകും. പക്ഷേ, എന്തു ബാഹുല്യം ഉണ്ടായാലും സ്ഥായിയായി നമ്മുടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിയിട്ടുള്ള ഒരു നിയമനിർമാണവുമായി ബന്ധപ്പെട്ട കേസിൽ 100 ശതമാനം നേട്ടം ഉറപ്പുവരുത്തുക എന്നത് എൽ.ഡി.എഫിന്റെ ബാധ്യതയാണ്.
അങ്ങനെയാണെങ്കിൽ രാജമാണിക്യം നൽകിയ റിപ്പോർട്ടിലെ നിയമനിർമാണം എന്ന ശിപാർശ നടപ്പാക്കാൻ എൽ.ഡിഎഫ് മുന്നോട്ടു കൊണ്ടുപോകേേണ്ട. നാട്ടുരാജാക്കന്മാർ 1947നു മുമ്പ് ബ്രിട്ടീഷ് പൗരന്മാർക്കും കമ്പനികൾക്കും പാട്ടത്തിന് നൽകിയ അഞ്ച് ലക്ഷത്തിലധികം ഏക്കർ ഭൂമിയുണ്ടെങ്കിൽ മുഴുവൻ സർക്കാർ തിരിച്ചുപിടിക്കണം എന്നല്ലേ രാജമാണിക്യം ശിപാർശ ചെയ്തത്?
നമ്മൾ ചർച്ചചെയ്യേണ്ട ഒരുപാട് വിഷയങ്ങൾ അതിലുണ്ട്. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി കിട്ടേണ്ട അർഹതപ്പെട്ട ഭൂമി ലഭിക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് അതിന് ഒരു നിയമനിർമാണം ആവശ്യമാണെങ്കിൽ അത് വേണമെന്നാണ് എന്റെ അഭിപ്രായം. അനിവാര്യമായി നിയമനിർമാണം വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതേസമയം നമ്മൾ നോക്കേണ്ടത്, പാവപ്പെട്ട കൈവശക്കാരും ഇടത്തരക്കാരും ഉണ്ടാകും. അവരെയും സർക്കാർ സംരക്ഷിക്കണം. അവരെ ബുദ്ധിമുട്ടിക്കേണ്ടതില്ല. 1977 വരെ വനഭൂമി കൈവശംവെച്ചവർക്ക് സംരക്ഷണം നൽകണം എന്നാണല്ലോ നിയമവും ചട്ടവും പറയുന്നത്. 1977 എന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. നിയമപരമായി സംരക്ഷണം കിട്ടും എന്ന പ്രതീക്ഷയിൽ അതിനുശേഷവും വനഭൂമി കൈയേറ്റം നടക്കുന്നുണ്ട്. 1977നു ശേഷം നടന്ന കൈയേറ്റത്തെ അംഗീകരിക്കാനാവില്ല. രണ്ടാമത് യു.ഡി.എഫ് സർക്കാർ തോട്ടം ഉടമകളെ സഹായിക്കാൻ മറ്റൊന്നുകൂടി ചെയ്തു. തോട്ടം ഭൂമിയിൽ തോട്ടവിളക്കുമാത്രമായാണ് ഇളവ് നൽകിയത്. അതുകൊണ്ടാണ് ഭൂപരിധിയില്ലാതായത്. അതല്ലെങ്കിൽ നാളികേര കൃഷിക്കാരന് 15 ഏക്കറും നെൽകൃഷിക്കാരനു 15 ഏക്കറും നിശ്ചയിച്ചതുപോലെ തോട്ടത്തിനും പരിധി നിശ്ചയിക്കാമായിരുന്നു. 15 ഏക്കർ കഴിഞ്ഞിട്ടുള്ള തോട്ടം ഭൂമി സർക്കാർ ഏറ്റെടുക്കണമായിരുന്നു. അത് സർക്കാർ ചെയ്തില്ല. ഇപ്പോൾ ആലോചിച്ചാൽ നെൽകൃഷിക്കാരനും തെങ്ങുകൃഷിക്കാരനും വിഡ്ഢികളായി. തോട്ടം എത്ര ഏക്കറും നിലനിർത്തുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. വർത്തമാനകാലത്ത് തോട്ടത്തിന് ആദായമുണ്ടോ ഇല്ലയോ എന്നത് മറ്റൊരു പ്രശ്നമാണ്. അത് ഈ പറയുന്ന കാര്യവുമായി ബന്ധമുള്ളതല്ല. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം തോട്ട ഇതര ആവശ്യത്തിന് ഉപയോഗിക്കാമെന്ന് യു.ഡി.എഫ് നിയമത്തിൽ ഭേദഗതി ചെയ്തു.
നിലവിൽ എൽ.ഡി.എഫും തോട്ടഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന് ആലോചിക്കുന്നുണ്ടല്ലോ.
അങ്ങനെയൊന്നുമില്ല. അഞ്ച് ശതമാനം ഉപയോഗം എന്നത് മാറിവന്ന ചില സാഹചര്യങ്ങളിൽ തോട്ടവിളകൾക്ക് നഷ്ടമാണ്. അപ്പോൾ വേറെ ഏതെങ്കിലും ഇടവിളകൾ വേണ്ടിവരും. അത് നമുക്ക് മനസ്സിലാക്കാം. എന്നാൽ, അതിന്റെ തണലിൽ ഭൂമിയുടെ ഉദ്ദേശ്യം എന്തായിരുന്നോ അതിനെ വെല്ലുവിളിക്കത്തക്ക രൂപത്തിലുള്ള മാഫിയ രൂപപ്പെട്ടു കഴിഞ്ഞു. ഉദാഹരണത്തിന് ആയിരം ഏക്കർ തോട്ടഭൂമി കൈവശമുള്ളവർക്ക് അഞ്ച് ശതമാനം ഭൂമി എന്ന് പറഞ്ഞാൽ അമ്പത് ഏക്കർ വരും. 10,000 ഏക്കർ കൈവശമുള്ള തോട്ടം ഉടമക്ക് അത് 500 ഏക്കറാകും. ഈ 500 ഏക്കർ തരം മാറ്റി കഴിഞ്ഞാൽ തരം മാറ്റിയത് അതിൽ കൂടുതൽ തോട്ടമാണോയെന്ന് അന്വേഷിക്കാൻ ഇവിടെ ആരുമില്ല. അതിനുള്ള സംവിധാനം നമ്മുടെ സർക്കാറിൽ ഇല്ല.
തോട്ടഭൂമിയിൽ എത്ര ഏക്കർ തരംമാറ്റി ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് നിയമസഭയിൽപോലും ഉത്തരം നൽകിയിട്ടില്ല. തരംമാറ്റിയ തോട്ടഭൂമിയുടെ കണക്ക് സർക്കാറിൽ ഇപ്പോഴും നിലവിലില്ല. ഇക്കാര്യത്തിൽ സർക്കാർ നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നിയമസഭയിലെ മറുപടി?
അതെ. തരംമാറ്റിയ തോട്ടഭൂമിക്ക് കണക്കില്ലാത്ത കാലഘട്ടത്തിലാണ് യു.ഡി.എഫ് സർക്കാർ ടൂറിസത്തിന് അഞ്ച് ശതമാനം കൂടി അനുവദിച്ചത്. ഭൂമിയിൽ ഇടവിളകളും മറ്റ് സാധ്യതകളും ഉപയോഗപ്പെടുത്തി വരുമാനം ഉണ്ടാകട്ടെ. അഞ്ച് ശതമാനത്തിന്റെ തണലിൽ തോട്ടഭൂമിയിൽ വ്യവസായം പറ്റില്ല. അങ്ങനെ തരംമാറ്റാൻ തുടങ്ങിയാൽ തോട്ടം പിന്നീട് ഉണ്ടാവില്ല. തോട്ടത്തിനു പകരം അവിടെ ഉണ്ടാകാൻ പോകുന്നത് വ്യവസായമായിരിക്കും. അപ്പോൾ വൻകിട വ്യവസായിക്ക് പരിധിയില്ലാതെ ഭൂമി നൽകേണ്ടി വരും. യഥാർഥത്തിൽ ഇ.എം.എസും വി.ആർ. കൃഷ്ണയ്യരും ഒന്നും ആലോചിക്കാതെ അല്ലല്ലോ ഭൂപരിഷ്കരണ നിയമനിർമാണം നടത്തിയത്. തോട്ടഭൂമിക്ക് പരിധി നിശ്ചയിക്കേണ്ട എന്ന് തീരുമാനിച്ചതും അവരാണ്. ഇത്തരം കാര്യങ്ങളിൽ ഭേദഗതി വരുത്തുന്ന സമയത്ത് വിപുലമായ ചർച്ച സർക്കാർ നടത്തണം. ചർച്ച നടത്തിയിട്ടു മാത്രമേ തോട്ടഭൂമിയുടെ തനിമയില്ലാതാക്കാൻ പറ്റൂ.
ഇക്കാര്യത്തിൽ ഇടതുപക്ഷത്തിനുള്ളിൽതന്നെ അഭിപ്രായവ്യത്യാസമുണ്ടോ? തോമസ് ഐസക്കിന്റെ ‘ഭൂപരിഷ്കരണം ഇനി എന്ത്’ എന്ന പുസ്തകം മുന്നോട്ടുവെക്കുന്ന ആശയം തോട്ടഭൂമി അടിയന്തരമായി ഏറ്റെടുക്കേണ്ടതില്ല എന്നാണ്. തോട്ടം പാട്ടഭൂമി സംബന്ധിച്ച ഓരോ കേസും വ്യത്യസ്തമായി പരിശോധിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. മന്ത്രി കെ. രാജന്റെ അഭിപ്രായത്തിൽ രാഷ്ട്രീയമായി ഇടതുപക്ഷം നയപരമായ തീരുമാനം എടുത്തിട്ടില്ല എന്നാണ്. അതേസമയം, റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി രാജമാണിക്യം, സുശീല ഭട്ട്, മുൻ ലാൻഡ് റവന്യൂ കമീഷണർ സജിത്ത് ബാബു, ജസ്റ്റിസ് മനോഹരൻ, കൗശികൻ തുടങ്ങിയവരെല്ലാം തോട്ടഭൂമി സർക്കാർ ഏറ്റെടുക്കണം എന്ന് വാദിക്കുന്നു. രാഷ്ട്രീയ നേതൃത്വമാണോ വിദേശ തോട്ടങ്ങൾ ഏറ്റെടുക്കുന്നതിന് തടസ്സം നിൽക്കുന്നത്?
ഇക്കാര്യത്തിൽ ഇടത് ജനാധിപത്യ മുന്നണി വ്യക്തമായൊരു അഭിപ്രായ ഐക്യത്തിൽ അല്ലെങ്കിൽ പൊതു അഭിപ്രായത്തിൽ എത്തിയിട്ടില്ല. യു.ഡി.എഫ് തോട്ടഭൂമിയിൽ അഞ്ച് ശതമാനം തരംമാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഇടതുപക്ഷം എതിരായിരുന്നു. അത് മിസ് യൂസ് ചെയ്യും എന്ന് തിരിച്ചറിഞ്ഞാണ് എതിർത്തത്. എൽ.ഡി.എഫിൽ എല്ലാ പാർട്ടികളും അതിനെ എതിർത്തിരുന്നു.
താങ്കളുടെ ‘പുതിയ ആകാശവും പുതിയ ഭൂമിയും’ എന്ന പുസ്തകത്തിൽ സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിൽ നിയമനിർമാണത്തിലൂടെ ഭൂമി ഏറ്റെടുക്കാമെന്ന് അഭിപ്രായപ്പെട്ടല്ലോ. ഇപ്പോഴും ആ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണോ? തോമസ് ഐസക്കിന്റെ ‘ഭൂപരിഷ്കരണം ഇനിയെന്ത്’ എന്ന പുസ്തകത്തിൽ ഇതേ നിലപാട് അല്ല മുന്നോട്ടുവെക്കുന്നത്. പാർട്ടിക്കുള്ളിൽ വ്യത്യസ്തമായ നിലപാടുകളാണോ രണ്ടു പേരും മുന്നോട്ടുവെക്കുന്നത്?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഞാൻ പറയുന്നതും ഐസക് പുസ്തകത്തിൽ രേഖപ്പെടുത്തിയതും തമ്മിൽ വലിയ വ്യത്യാസമില്ല. ഞാൻ പറയുന്നത് ഭൂപരിഷ്കരണ നിയമത്തിന്റെ ആത്യന്തികമായ ലക്ഷ്യം ഇവിടെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് ഒരു പരിധിയുമില്ലാതെ അനധികൃതമായി ഭൂമി കൈവശംവെക്കുന്നത്. അത് ഇല്ലാതാക്കണമെങ്കിൽ നിയമനിർമാണംതന്നെ ആവശ്യമാണ്. അതിന് രണ്ടാം ഭൂപരിഷ്കരണം എന്ന വാക്ക് ഒന്നും ഞാൻ ഉപയോഗിക്കുന്നില്ല. നിയമനിർമാണത്തിൽ ഭേദഗതി കൊണ്ടുവന്നാലും മതി. വേറെ നിയമം പാസാക്കിയാലും മതി. ഭൂമി വൻകിടക്കാരുടെ കൈവശത്തിലാണ്. ഭൂമി അർഹതപ്പെട്ടവർക്ക് കിട്ടിയിട്ടില്ല.
അതിന് എളുപ്പമാർഗം ഈ അഞ്ചു ലക്ഷം ഏക്കർ വിദേശ തോട്ടംഭൂമി നിയമനിർമാണത്തിലൂടെ ഏറ്റെടുക്കുക എന്നതല്ലേ? മിച്ചഭൂമി കേസുകൾ തീരുന്നതുവരെ ഭൂരഹിതർ ഭൂമിക്കുവേണ്ടി കാത്തിരിക്കേണ്ടതുണ്ടോ?
സംസ്ഥാനത്തെ ഭൂമികൈയേറ്റത്തെ സംബന്ധിച്ച് സർക്കാർ സമഗ്രമായൊരു ധവളപത്രം പുറപ്പെടുവിക്കണം. നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണം. ഇക്കാര്യത്തിൽ ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ ഇരുന്ന് ആലോചിച്ച് ഈ ഭൂമിയെ സംബന്ധിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കി നിയമനിർമാണത്തിലേക്ക് പോകണം. അത് വളരെ നിസ്സാരമായി നടപ്പാക്കാവുന്ന ഒന്നല്ല. പലരൂപത്തിലും നിയമനിർമാണത്തെ കോടതികളിൽ ചോദ്യംചെയ്യപ്പെട്ടേക്കാം. നിയമപരമായ നിലനിൽപ് ഉറപ്പുവരുത്തണമെങ്കിൽ നല്ല ഗൃഹപാഠം നടത്തേണ്ടതുണ്ട്.
വിദേശ തോട്ടഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ നിയമവിദഗ്ധരുടെ ഉപദേശക സമിതി ഉണ്ടാക്കി മുന്നോട്ടുപോകാൻ കഴിയില്ലേ? അതിനുവേണ്ടി നിയമനിർമാണം നടത്താൻ കഴിയില്ലേ?
അതൊരു നല്ല നിർദേശവും അഭിപ്രായവുമാണ്. അതിനെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. ഇതു പറയാൻ കാരണം ഇപ്പോൾ ഭൂമിപ്രശ്നം രൂക്ഷമാവുകയാണ്. നമ്മൾ രണ്ടോ മൂന്നോ സെന്റ് ഭൂമി വീട് വെക്കാൻ കൊടുത്തു എന്നതുകൊണ്ട് കേരളത്തിലെ ഭൂപ്രശ്നം പരിഹരിക്കപ്പെടില്ല.
കാർഷിക മേഖലയുടെ വികസനത്തിന് ഭൂമിയുടെ പുനർവിതരണം ആവശ്യമല്ലേ? തോട്ടം കൃഷിയടക്കം വിള പരിവർത്തനത്തിന് ആലോചിക്കേണ്ടതല്ലേ?
തീർച്ചയായും. കേരളത്തിന്റെ കാർഷിക ഉൽപാദനം വികസനത്തിന് ആവശ്യമാണ്. തോട്ടവും മറ്റും ഇപ്പോഴത്തെ നടത്തിപ്പു തന്നെ തുടരണമെന്ന് എന്താണ് ഇത്ര നിർബന്ധം. സഹകരണ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് ഇത് നടത്താവുന്നതാണ്. സർക്കാറിന് ഏറ്റെടുത്ത് നേരിട്ട് നടത്താവുന്നതാണ്. തോട്ടം മേഖല നഷ്ടമാണെന്ന് ചൂണ്ടിക്കാണിച്ച് തോട്ടമുടമകൾക്ക് സർക്കാർ നികുതി ഇളവ് ഉൾപ്പെടെ നൽകിക്കൊണ്ടിരിക്കുകയാണ്. ഉൽപാദനം കൂട്ടുന്നതിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും തൊഴിൽ നൽകുന്ന സർക്കാറിന് പുതിയ വഴികൾ സ്വീകരിക്കാവുന്നതാണ്.
ശ്രീലങ്കൻ സർക്കാർ ബ്രിട്ടീഷ് തോട്ടങ്ങൾ ഏറ്റെടുത്ത് കർഷകർക്ക് 50 ശതമാനം വീതം നൽകി നിയമനിർമാണം നടത്തിയിട്ടുണ്ട്... പുരോഗമന കേരളത്തിൽ ബ്രിട്ടീഷ് തോട്ടങ്ങൾ ഏറ്റെടുക്കാൻ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ല..?
കേരളത്തിലും അത് ചെയ്യാവുന്നതാണ്. ഭൂമിയുടെ പ്രശ്നം പരിഹരിക്കുന്നതിന് സംബന്ധിച്ച് ഭൂപരിഷ്കരണത്തിനുശേഷം നിയമത്തെ പലതരത്തിലും അട്ടിമറിക്കുകയുണ്ടായി. ഇന്നത്തെ ഭൂമിയുടെ ലഭ്യതയുടെ പ്രശ്നം ഒരു ധവളപത്രം ഇറക്കണം. ഇത് സംബന്ധിച്ച് ഫലപ്രദമായ പഠനം നടത്തണം. നിയമനിർമാണം വഴി ഭൂമി സർക്കാറിന്റെ കൈവശം വരണം. സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ലക്ഷം ഏക്കർ ഭൂമിയുണ്ടെന്ന് പറയുന്നത്. 2.5 ഏക്കറേയുള്ളൂവെന്ന് തെളിയുകയാണെങ്കിൽ അത്രയും ആകട്ടെ. 97,000 കേസിൽ ഒരു ലക്ഷം ഏക്കർ മിച്ചഭൂമി സർക്കാറിന് ലഭിക്കാനുണ്ട്.
റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 1947ന് മുമ്പ് ബ്രിട്ടീഷ് തോട്ടങ്ങളായിരുന്ന ഭൂമിയിലെ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാൻ ഉത്തരവിറക്കിയിരുന്നു. പാലക്കാട്, വയനാട് കലക്ടർമാർ ബ്രിട്ടീഷ് തോട്ടങ്ങൾ ഏതാണെന്ന് കണ്ടെത്തി സിവിൽ കോടതിയിൽ കേസ് നൽകാൻ തയാറായിട്ടില്ല. കെ.പി. യോഹന്നാന്റെ വിവാദമായ ചെറുവള്ളി എസ്റ്റേറ്റ് അടക്കം 37 കേസുകൾ മാത്രമാണ് ഇതുവരെ സിവിൽ കോടതിയിലെത്തിയത്. ഇത് സർക്കാറിന്റെ അനാസ്ഥ അല്ലേ? ഇതൊന്നും റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപെടുന്നില്ല..?
ഈ പറഞ്ഞ കാര്യങ്ങളടക്കം രേഖപ്പെടുത്തി ഇതുസംബന്ധിച്ച് ഒരു നോട്ട് ഞാൻ തയാറാക്കുന്നുണ്ട്. അടുത്ത ഭൂപരിഷ്കരണ റിവ്യൂ കമ്മിറ്റി കൂടുമ്പോൾ വിശദമായി അവതരിപ്പിക്കും. റവന്യൂ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യത്തിൽ വലിയ താൽപര്യമുണ്ട്. അതിനാൽ, വിഷയം ഗൗരവമായിതന്നെ ഏറ്റെടുക്കും.
കഴിഞ്ഞ സർക്കാറിന്റെ അഞ്ചുവർഷം എന്താണ് സംഭവിച്ചത്? റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കാര്യമായ ഒരു ഇടപെടലും നടത്തിയിട്ടില്ല. അദ്ദേഹം അവതരിപ്പിച്ച ഏക ബില്ല് നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി ആയിരുന്നു. വിദേശ തോട്ടത്തിന്റെ കാര്യത്തിൽ അദ്ദേഹം ഒരിഞ്ച് മുന്നോട്ടുപോയില്ല...
നെൽവയൽ-തണ്ണീർത്തട നിയമഭേദഗതി ചരിത്രത്തിെല നാഴികക്കല്ലാണ്. എന്നാൽ, വിദേശ തോട്ടഭൂമി സംബന്ധിച്ച വിഷയത്തിൽ തുടർനടപടി വേണ്ടത്ര രീതിയിൽ മുന്നോട്ടുപോയിട്ടില്ല.
യു.ഡി.എഫ് രാഷ്ട്രീയ നേതൃത്വത്തിനുമേൽ വൻകിട കമ്പനികൾ സ്വാധീനം ചെലുത്തിയതുപോലെ എൽ.ഡി.എഫ് സർക്കാറിനുമേലും സമ്മർദം ഉണ്ടാവാനിടയില്ലേ... ഹാരിസൺസ് അടക്കമുള്ള കേസുകളിൽ തുടർനടപടി ഉണ്ടാകാതെ പോയതിന് കാരണം അതാണോ?
അങ്ങനെ ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ഫലപ്രദമായ റിവ്യൂ നടത്തി സർക്കാറിൽ നിക്ഷിപ്തമായിട്ടുള്ള ഭൂമി ഏതാണോ, പാട്ടഭൂമി ഏതാണോ, അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ഭൂമി ഏതാണോ ഇതെല്ലാം തരംതിരിച്ചെടുക്കണം. അതൊക്കെ പെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ല. അതുപോലെ കോടതികളിൽ വ്യവഹാരത്തിൽ കിടക്കുന്ന ഭൂമിയും ലാൻഡ് ബോർഡിലും ട്രൈബ്യൂണലിലും കെട്ടിക്കിടക്കുന്ന കേസുകളും യുദ്ധകാല അടിസ്ഥാനത്തിൽ പരിശോധിക്കണം. സർക്കാർ പലതരത്തിലും അദാലത്ത് നടത്തുന്നതുപോലെ ഇതും വളരെ വേഗത്തിൽ നടപടി സ്വീകരിക്കണം.
റവന്യൂ വകുപ്പിന്റെയും ഉത്തരവിന് ശേഷം ചെറുവള്ളി എസ്റ്റേറ്റ് കാര്യത്തിലെങ്കിലും സർക്കാറിന് ഇടപെടാൻ കഴിയില്ല... അത് ശ്രീപത്മനാഭന്റെ പണ്ടാരവക ഭൂമിയാണെന്നതിന് രേഖകൾ ഹാജരാക്കാൻ റവന്യൂ വകുപ്പിന് കഴിയും. കെ.പി. യോഹന്നാനിൽനിന്ന് വിമാനത്താവളത്തിന് സർക്കാർ ഭൂമി സർക്കാർതന്നെ വില കൊടുത്തെടുക്കേണ്ട ആവശ്യമുണ്ടോ? നിലവിൽ സർക്കാറിനുവേണ്ടി ഹാജരാകുന്ന അഡ്വ. സജി കൊടുത്ത ഇതുസംബന്ധിച്ച രേഖകളെല്ലാം ഹാജരാക്കിക്കഴിഞ്ഞു..?
ചെറുവള്ളിയിലേത് സർക്കാറിന് അവകാശപ്പെട്ട ഭൂമിയാണ്. അത് ഇല്ലാതായതിന്റെ കാലഗണനപ്രകാരമുള്ള ചരിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് സമാനമാണ് നെല്ലിയാമ്പതി. കൊല്ലേങ്കാട് രാജാവ് പാട്ടത്തിന് നൽകിയതാണ്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും വർഷങ്ങൾ ഏറെ കഴിഞ്ഞു. ഭൂമി തിരിച്ചുപിടിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യം ഗൗരവമായി സർക്കാർ പരിഗണിക്കണം. നിയമവിരുദ്ധമായി കൈവശംവെച്ചിരുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ പുതിയ നിയമനിർമാണം വേണ്ടിവന്നാൽ അതിനടക്കം സർക്കാർ തയാറാകണമെന്നാണ് എന്റെ അഭിപ്രായം.
(തുടരും)