ആ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല; ഗൗരിയമ്മയാണ് ശരിയായി പ്രശ്നം ഉയർത്തിയത് -എ.കെ ബാലൻ സംസാരിക്കുന്നു
കേരളം ആദിവാസികളോട് കാണിച്ച അനീതിക്ക് കണക്കില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂപ്രശ്നം ഇന്നും സർക്കാറിന് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. യു.എൻ ധേബറിന്റെ നേതൃത്വത്തിലുള്ള കമീഷൻ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് കേന്ദ്രസർക്കാറിന് 1960ലാണ് റിപ്പോർട്ട് നൽകിയത്. അതിനെ തുടർന്നാണ് 1975 ഏപ്രിൽ ഒന്നിന് സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ ആറുമാസത്തിനകം ഭൂമി അന്യാധീനപ്പെടുന്നത് തടയാനുള്ള നിയമം കൊണ്ടുവരണമെന്ന പ്രമേയം...
Your Subscription Supports Independent Journalism
View Plansകേരളം ആദിവാസികളോട് കാണിച്ച അനീതിക്ക് കണക്കില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂപ്രശ്നം ഇന്നും സർക്കാറിന് പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. യു.എൻ ധേബറിന്റെ നേതൃത്വത്തിലുള്ള കമീഷൻ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകണമെന്ന് കേന്ദ്രസർക്കാറിന് 1960ലാണ് റിപ്പോർട്ട് നൽകിയത്. അതിനെ തുടർന്നാണ് 1975 ഏപ്രിൽ ഒന്നിന് സംസ്ഥാന മന്ത്രിമാരുടെ യോഗത്തിൽ ആറുമാസത്തിനകം ഭൂമി അന്യാധീനപ്പെടുന്നത് തടയാനുള്ള നിയമം കൊണ്ടുവരണമെന്ന പ്രമേയം പാസാക്കിയത്. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരം കേരളത്തിലും 1975ലെ നിയമം നിയമസഭ ഏകകണ്ഠമായി പാസാക്കി. ആദിവാസികളെ സംബന്ധിച്ചിടത്തോളം ഈ നിയമം പ്രയോജനം ഉണ്ടാക്കിയില്ല എന്നതല്ലേ സത്യം?
കേന്ദ്രസർക്കാറിന്റെ നിർദേശപ്രകാരമാണ് സംസ്ഥാനത്തെ ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ 1975ലെ കെ.എസ്.ടി (കേരള പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കലും) നിയമം കേരള നിയമസഭ പാസാക്കിയത്. അടിയന്തരാവസ്ഥക്കാലത്താണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് ഇന്ദിര ഗാന്ധി നിർമാണത്തിന് പ്രത്യേക നിർദേശം നൽകിയത്. അതിനെ തുടർന്നാണ് നമ്മുടെ നിയമസഭയും നിയമം പാസാക്കിയത്. 1960 മുതൽ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു നിയമത്തിലെ പ്രധാന വ്യവസ്ഥ. കോടതികളിൽ ഇത് ചോദ്യംചെയ്യാതിരിക്കുന്നതിന് നിയമം പിന്നീട് ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. പക്ഷേ, ഒരു ദശകം കഴിഞ്ഞ് 1986ൽ മാത്രമാണ് ചട്ടമുണ്ടാക്കിയത്. ചുരുക്കിപ്പറഞ്ഞാൽ ആദിവാസിക്ക് അവകാശപ്പെട്ട ഭൂമി അവർക്ക് നൽകുന്നതിന് 1975ലെ നിയമം നടപ്പാക്കാൻ മുന്നണി സർക്കാറുകൾക്ക് കഴിഞ്ഞില്ല.
1975ലെ നിയമവും മറ്റു സംസ്ഥാനങ്ങളിലെ സമാനമായ നിയമവും ഭരണഘടനാ ബാധ്യതകളിൽനിന്ന് ഉണ്ടായതാണ്. ആദിവാസികളെ സംബന്ധിച്ചിടത്തോളം പച്ചയായ ഭരണഘടനാ ലംഘനവും നിയമലംഘനവുമല്ലേ ഇക്കാര്യത്തിൽ കേരളത്തിൽ നടന്നത്. 1999ൽ കൈയേറ്റക്കാർക്ക് അനുകൂലമായിട്ടല്ലേ കേരളം നിയമം ഭേദഗതി ചെയ്തത്?
ആദിവാസി ഭൂമി കൈയേറിയവർ അത് കൈവശംവെച്ചനുഭവിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അത് 1975ലെ നിയമത്തിന്റെ തകരാർ ആയിരുന്നില്ല. ഭൂമി കൈവശംവെച്ചിരുന്നവർ വനവാസികളായിരുന്നു. അവരെ അവിടെനിന്നും ആട്ടിയോടിക്കുക എന്ന് പറയുമ്പോൾ ആദിവാസികളും വനവാസികളും തമ്മിൽ സംഘർഷം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരമൊരു ഘട്ടത്തിലാണ് എൽ.ഡി.എഫും യു.ഡി.എഫും ആലോചിച്ച് 1975ലെ നിയമം ഭേദഗതി ചെയ്യാൻ 1996ൽ തീരുമാനിച്ചത്. നിയമസഭ പാസാക്കിയ പുതിയ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. 1999ൽ അതേ നിയമംതന്നെ നിയമസഭ പാസാക്കി. 1975ലെ നിയമത്തിലെ കൈയേറ്റത്തിന്റെ വർഷം മാറ്റി. 1986 ജനുവരി 24 വരെ കൈയേറിയ ഭൂമിക്ക് സാധൂകരണം നൽകുകയായിരുന്നു ഭേദഗതി. ഏറക്കുറെ ആദിവാസികൾക്ക് ഭൂമി തിരിച്ചുകിട്ടേണ്ട ഭൂമിക്കുമേലുള്ള നിയമപരമായ അവകാശം അതോടെ അവസാനിച്ചു. 1975ലെ നിയമം പ്രയോഗത്തിൽ വരുത്താൻ എൽ.ഡി.എഫിനും യു.ഡി.എഫിനും കഴിഞ്ഞില്ല. അട്ടപ്പാടിയിൽ വലിയ രക്തച്ചൊരിച്ചിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചത്. 1975ലെ നിയമപ്രകാരം ഉത്തരവ് നടപ്പാക്കാൻ ഒറ്റപ്പാലം സബ് കലക്ടർ ആയിരുന്ന സുബ്ബയ്യൻ അട്ടപ്പാടിയിൽ എത്തിയിരുന്നു. അദ്ദേഹത്തെ കൈയേറ്റക്കാർ സംഘടിച്ച് തടയുകയും മർദിക്കുകയുംവരെ ഉണ്ടായി.
അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നത് പൊലീസ് കൈയേറ്റക്കാർെക്കാപ്പം നിൽക്കുകയും സബ് കലക്ടർക്ക് സംരക്ഷണം നൽകിയില്ലെന്നുമാണല്ലോ..? രാഷ്ട്രീയ പാർട്ടികൾ എല്ലാം നിയമത്തിനുപരി കുടിയേറ്റ സംഘത്തിന്റെ ഭാഗമായി. അവർക്കു മുന്നിൽ നിസ്സഹായരായി നോക്കിനിൽക്കാനേ ആദിവാസികൾക്ക് കഴിഞ്ഞുള്ളൂ..?
അട്ടപ്പാടിയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് നിയമഭേദഗതി കൊണ്ടുവന്നത്. 1999ലെ നിയമ ഭേദഗതി നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ കെ.ആർ. ഗൗരിയമ്മ മാത്രമാണ് അതിൽ എതിർപ്പ് പ്രകടിപ്പിച്ചത്. വ്യക്തിപരമായി എനിക്ക് 1999ലെ നിയമഭേദഗതിയോട് യോജിപ്പ് ഉണ്ടായിരുന്നില്ല. ഗൗരിയമ്മയാണ് ശരിയായ പ്രശ്നം ഉയർത്തിക്കൊണ്ടുവന്നത്. ഞാനും പാലക്കാട് ജില്ല സെകട്ടറി ചന്ദ്രനും അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെല്ലാം പോയി തെളിവെടുപ്പ് നടത്തിയിരുന്നു. അന്ന് ഭൂമി നഷ്ടപ്പെട്ടത് യാഥാർഥ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, 1999ലെ നിയമത്തിന് മറ്റൊരു ഗുണമുണ്ടായിരുന്നു. അഞ്ചേക്കറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബത്തിന് അഞ്ചേക്കറിൽ അധികമുള്ള അതേ ഭൂമി മടക്കി നൽകണം എന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നു. അഞ്ചേക്കറിൽ താഴെ ഭൂമിയാണ് നഷ്ടപ്പെട്ടതെങ്കിൽ അവിടെ കൈവശക്കാരന് സംരക്ഷണം നൽകും. നഷ്ടപ്പെട്ട ഭൂമിക്ക് തത്തുല്യമായ ഭൂമി പകരമായി ആദിവാസികൾക്ക് സർക്കാർ കൊടുക്കും എന്നായിരുന്നു നിയമത്തിലെ മറ്റൊരു വ്യവസ്ഥ. നിയമത്തിൽ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും പ്രയോഗത്തിൽ ഇത് രണ്ടും നടപ്പായില്ല. നിയമഭേദഗതി വഴി ആദിവാസി ഭൂമി കൈയേറ്റക്കാരായ വന്തവാസികൾക്ക് വിട്ടുകൊടുക്കുകയാണ് ചെയ്തത്. അന്യാധീനപ്പെട്ട ഭൂമിക്ക് തുല്യമായ പകരം ഭൂമി സർക്കാർ ആദിവാസിക്ക് നൽകണം എന്ന വ്യവസ്ഥ പാലിക്കാനായില്ല. അഞ്ചേക്കറിലധികം നഷ്ടപ്പെട്ട ആദിവാസിക്ക് അതേ ഭൂമി അഞ്ചേക്കറിൽ അധികമുള്ളത് കൊടുക്കാനും വന്തവാസികൾ സമ്മതിച്ചില്ല. ഫലത്തിൽ 1999ലെ നിയമത്തിന് ഈ അപകടം കൂടിയുണ്ടായി.
1996ലെ ബില്ല് അവതരിപ്പിക്കുമ്പോൾ ഒരു ഹെക്ടർ (രണ്ടര ഏക്കർ) ഭൂമിയിൽ അധികമുള്ളത് തിരിച്ചുപിടിക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 1999ലെ നിയമം പാസാക്കിയപ്പോൾ ഭൂപരിധി രണ്ട് ഹെക്ടർ (അഞ്ച് ഏക്കർ) ആയി മാറി. അത് കെ.എം. മാണി അടക്കമുള്ളവരുടെ ആവശ്യമായിരുന്നില്ലേ. അട്ടപ്പാടിയിലെ ആദിവാസികൾ പറയുന്നത് അന്യാധീനപ്പെട്ട ഭൂമിയുടെ 50 ശതമാനം എന്ന് വ്യവസ്ഥയുണ്ടാക്കിയിരുന്നെങ്കിൽ ഇരുകൂട്ടർക്കും അതേ ഭൂമി ലഭിച്ചേനെയെന്നാണ്. ഇടതു സർക്കാർ 1999ലെ നിയമത്തിൽ പ്രാധാന്യം നൽകിയത് ഭൂമി കൈയേറിയവരുടെ ആവശ്യത്തിനല്ലേ..?
അഞ്ചേക്കർ വേണമെന്നത് ഭൂരിപക്ഷം പേരുടെ ആവശ്യമായിരുന്നു. യഥാർഥത്തിൽ ആദിവാസികൾ ജന്മാവകാശമായി അനുഭവിച്ചുപോയ ഭൂമിയാണ് അവർക്ക് അന്യാധീനപ്പെട്ടത്. പ്രായോഗികമായ കാരണത്താൽ ഭൂമി നഷ്ടപ്പെട്ടു. ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടില്ല എന്ന് ഒരിടത്തും പറയാൻ ആർക്കും കഴിയില്ല. പകരം ഭൂമി കൊടുക്കാം എന്ന സർക്കാറിന്റെ വാഗ്ദാനം നടപ്പാക്കാനും കഴിഞ്ഞില്ല. പിന്നീട് 2001ൽ ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ കുടിൽകെട്ടി സമരത്തോടെയാണ് ആദിവാസി ഭൂപ്രശ്നം വീണ്ടും സജീവമാകുന്നത്. അന്ന് യു.ഡി.എഫ് സർക്കാർ സി.കെ. ജാനു അടക്കമുള്ളവരുമായി ഒരു കരാർ ഉണ്ടാക്കി. ആ കരാർ പ്രകാരം ആദിവാസികൾക്ക് ഭൂമി വിതരണംചെയ്യാൻ എ.കെ. ആന്റണി സർക്കാറിനും കഴിഞ്ഞില്ല. അപ്പോഴാണ് മുത്തങ്ങ സംഭവം ഉണ്ടായത്. മുത്തങ്ങക്കുശേഷം എ.കെ. ആന്റണി മാതൃകാപരമായ ഒരു സമീപനം സ്വീകരിച്ചിട്ടുണ്ട്.
പട്ടികവർഗ ഫണ്ടിൽനിന്ന് 42 കോടി നൽകി ആറളം കേന്ദ്രസർക്കാറിൽനിന്ന് ഏറ്റെടുക്കാൻ എ.കെ. ആന്റണി എടുത്ത തീരുമാനമാണോ..?
ആറളം കേന്ദ്രസർക്കാറിൽനിന്ന് ഏറ്റെടുത്തുവെങ്കിലും അത് ആന്റണി സർക്കാറിന്റെ കാലത്ത് വിതരണം ചെയ്തില്ല. എന്റെ കാലഘട്ടത്തിലാണ് ആറളം ഫാമിലെ ഭൂമി വിതരണം നടത്തിയത്. ആദിവാസികളുടെ പുനരധിവാസത്തിനുവേണ്ടി 30,000 ഏക്കർ നിക്ഷിപ്ത വനഭൂമി വിട്ടുകിട്ടുന്നതിന് ആന്റണി കേന്ദ്രസർക്കാറിന് റിപ്പോർട്ടു നൽകിയതാണ് പ്രധാന കാര്യം. പിന്നീട് സുപ്രീംകോടതിയുടെ അനുമതിയോടെയാണ് ആദിവാസി പുനരധിവാസത്തിനായി 19,000 ഏക്കർ നിക്ഷിപ്ത വനഭൂമി കേന്ദ്രസർക്കാർ അനുവദിച്ചത്. ആ ഭൂമി വനം വകുപ്പ് ആദിവാസി പുനരധിവാസത്തിന് വിട്ടുതരേണ്ടതാണ്. ഇതിനിടയിൽ മറ്റൊരു നാടകം ഇവിടെ അരങ്ങേറി. പാർലമെന്റിൽ 2006ൽ കേന്ദ്ര വനാവകാശ നിയമം പാസാക്കിയിരുന്നു. 2009ൽ സംസ്ഥാനത്ത് അത് നടപ്പാക്കാൻ തുടങ്ങി. അതിന്റെ ചട്ടമൊക്കെ 2008ലാണ് തയാറാക്കിയത്. എൽ.ഡി.എഫ് ഭരണകാലത്താണ് നിയമം നടപ്പാക്കിത്തുടങ്ങിയത്. വി.എസിന്റെ കാലഘട്ടത്തിൽ ഞാനും ബിനോയ് വിശ്വവും റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനും അടക്കം മൂന്നു മന്ത്രിമാർ രാപ്പകൽ ഇതിനുവേണ്ടി പണിയെടുത്തു. അതോടൊപ്പം പോൾ ആന്റണി, നിവേദിത പി. ഹരൻ, മനോഹരൻ തുടങ്ങിയ ഉദ്യോഗസ്ഥരാണ് നിയമം നടപ്പാക്കുന്നതിന് രൂപരേഖ തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. ദിവസങ്ങളോളം ചർച്ചചെയ്താണ് തീരുമാനമെടുത്തത്.
അന്ന് ആദിവാസികൾ കൈവശം വെച്ചിരുന്ന ഭൂമിക്ക് അതിരുകളില്ലായിരുന്നു. അവരുടെ ഭൂമിക്ക് പടിഞ്ഞാറും കിഴക്കും തെക്കും വടക്കും ഒന്നും ഉണ്ടായിരുന്നില്ല. ഇതിനായി സർവേ നടത്തുന്നതിനു മാത്രം പട്ടികവർഗ വകുപ്പിൽനിന്ന് ഫണ്ട് നൽകി 400 പേരെ നിയോഗിച്ചിരുന്നു. അവർക്ക് പ്രത്യേക പരിശീലനം നൽകിയാണ് ഫീൽഡ് സർവേക്ക് അയച്ചത്. വനാവകാശ കമ്മിറ്റി ഉണ്ടാക്കണം, അതിന്റെ സബ് ലെവൽ കമ്മിറ്റി ഉണ്ടാക്കണം. ജില്ല തലത്തിലും സംസ്ഥാനതലത്തിലും വനാവകാശ കമ്മിറ്റികൾ ഉണ്ടാക്കി. വനഭൂമിക്ക് കൈവശാവകാശ രേഖ (ആർ.ഒ.ആർ) 26,000 പേർക്ക് കൊടുക്കാൻ തീരുമാനിച്ചു. അന്ന് 18,000 പേർക്ക് കൈവശരേഖ വിതരണം ചെയ്യാൻ കഴിഞ്ഞു. വലിയൊരു ജനക്കൂട്ടം പങ്കെടുത്ത യോഗത്തിലാണ് ആദ്യ കൈവശാവകാശ രേഖയുടെ വിതരണം നടന്നത്. മാനന്തവാടിയിൽ നടത്തിയ ആ വലിയ പരിപാടിയിലാണ് സി.കെ. ജാനുവിന്റെ അമ്മ ഭൂമിയുടെ കൈവശരേഖ വാങ്ങിയത്.
ബാക്കി 8000 പേർക്ക് കൈവശരേഖ കൊടുക്കാൻ ഉണ്ടായിരുന്നു. യു.ഡി.എഫ് സർക്കാർ വന്നിട്ട് സർവേ നടത്തിയില്ല. കൈവശരേഖ നൽകുന്നതിനുള്ള തുടർനടപടികളും സ്വീകരിച്ചില്ല. പിന്നീട് എൽ.ഡി.എഫ് സർക്കാർ വന്നപ്പോഴാണ് 4500ഓളം പേർക്ക് കൈവശരേഖ നൽകിയത്. ബാക്കി 2500 പേർക്ക് മാത്രമേ ഇനി കൈവശരേഖ കൊടുക്കാനുള്ളൂ. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ഇപ്പോൾ ഒരു ആദിവാസിക്കും ഭൂമിയില്ലാതെ ഇല്ല. വയനാട്ടിലും ആർ.ഒ.ആർ പ്രകാരം ഭൂമി കൊടുക്കാനില്ല. എന്നാൽ, കൈവശരേഖ (ആർ.ഒ.ആർ) കൊടുത്ത ഭൂമിയിൽ പലതും സുപ്രീംകോടതി അനുമതി നൽകിയ 19,000 ഏക്കർ നിക്ഷിപ്ത വനഭൂമിയുടെ കണക്കിലാണ് വനം വകുപ്പ് ഉൾപ്പെടുത്തിയത്. വനം വകുപ്പ് ഇക്കാര്യത്തിൽ ആദിവാസികളോട് ചെയ്തത് ചതിയാണ്.
സുപ്രീംകോടതിയുടെ അനുമതി ലഭിച്ച നിക്ഷിപ്ത ഭൂമിക്ക് നൽകേണ്ടത് പട്ടയമാണ്, കൈവശാവകാശ രേഖയല്ല. വനാവകാശമനുസരിച്ച് നൽകേണ്ട വനഭൂമിക്ക് കൈവശ രേഖയാണ്. ഇത് രണ്ടും രണ്ടാണ് എന്ന് വനം വകുപ്പ് അംഗീകരിച്ചില്ല. കൈവശരേഖ നൽകുന്നതിന് ടൈറ്റിൽ ഇല്ല. അത് പണയം വെക്കാൻ കഴിയില്ല. നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യുന്നിടത്ത് ആദിവാസികൾക്ക് ലഭിക്കേണ്ടത് പട്ടയമായിരുന്നു. അതിൽ കൃഷി ചെയ്യാൻ കഴിയുമായിരുന്നു. വനം വകുപ്പ് ഇക്കാര്യത്തിൽ തെറ്റായ കണക്കാണ് ഉണ്ടാക്കിയത്. അതിന് ഏറ്റവും നല്ല തെളിവ് വയനാട് ആണ്. വയനാട്ടിലെ കാര്യം പരിശോധിച്ചപ്പോൾ ചില സത്യങ്ങൾ മനസ്സിലായി. അവിടെ നാലായിരത്തിലധികം കൈവശരേഖ കൊടുത്ത കേസുകളുണ്ട്. അതെല്ലാം വനം വകുപ്പ് ഉൾപ്പെടുത്തിയത് നിക്ഷിപ്ത വനഭൂമിയാണ്.
വയനാട്ടിൽ 4844 പേർക്ക് നൽകിയ കൈവശരേഖ ഇപ്പോൾ വനം വകുപ്പിന്റെ നിക്ഷിപ്ത വനഭൂമിയിൽ ഉൾപ്പെടുത്തി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രി യോഗം വിളിച്ചപ്പോൾ ആർ.ഒ.ആർ കൊടുത്ത ഭൂമി നിക്ഷിപ്ത വനഭൂമിയുടെ കണക്കിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് വിശദീകരിച്ചു. യഥാർഥത്തിൽ വയനാട്ടിൽ 13,000 ഏക്കർ നിക്ഷിപ്ത വനഭൂമി സുപ്രീംകോടതി അനുമതിപ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ടതാണ്. അതിൽ 4000 ഏക്കർ ഒഴിവാക്കിയാൽപോലും 9000 ഏക്കർ ഭൂമി ഇപ്പോഴും ആദിവാസികൾക്ക് കൊടുക്കാനുണ്ട്. അങ്ങനെ വനംവകുപ്പ് നിക്ഷിപ്ത വനഭൂമി കൊടുക്കാൻ ബാക്കിയുള്ള സ്ഥലത്താണ് 2012 മുതൽ 1040 ആദിവാസി കുടുംബങ്ങൾ 12 കോളനികളിലായി കുടിൽകെട്ടി താമസിക്കുന്നത്. കഴിഞ്ഞ ആഴ്ച ഞാൻ വയനാട്ടിൽ പോയിരുന്നു. ആദിവാസികളോട് നിക്ഷിപ്ത വനഭൂമിയുടെ കണക്കൊക്കെ പറഞ്ഞു. കേന്ദ്രസർക്കാർ അനുവദിച്ച നിക്ഷിപ്ത വനഭൂമി വയനാട്ടിലെ ആദിവാസികൾക്ക് വനം വകുപ്പ് നൽകണം. മറ്റൊരു ഉദാഹരണം ഇടുക്കിയാണ്. 1993ലെ ഭൂപതിവ് ചട്ടപ്രകാരം 1977 വരെ വനഭൂമിയിൽ താമസിച്ചവർക്ക് പട്ടയം നൽകാം. ഇക്കാലത്ത് അവിടെ വാസമുറപ്പിച്ച ആദിവാസികൾക്കും വനഭൂമിക്ക് പട്ടയം ലഭിക്കും. സാധാരണക്കാർക്ക് പട്ടയം നൽകുകയും അതിനടുത്തു താമസിക്കുന്ന ആദിവാസിക്ക് വനാവകാശമനുസരിച്ച് കൈവശരേഖ നൽകുകയും ചെയ്തു. അത് ആദിവാസികളോട് നടത്തുന്ന ക്രൂരതയാണ്. വയനാട്ടിൽ പോയി വന്നതിനുശേഷം മുഖ്യമന്ത്രിക്ക് ഒരു കത്ത് നൽകി. വയനാട്ടിലെ 1041 പേരുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കണം. ഇപ്രകാരമുള്ള ഒരു 7000 ഏക്കർ നിക്ഷിപ്ത ഭൂമി വനം വകുപ്പിന്റെ കൈയിലുണ്ട്. ഇതിനുപുറമെ 4000 ഏക്കർ വാസയോഗ്യമല്ലാത്ത പാറയാണ്. 7000 ഏക്കർ ഭൂമിയെങ്കിലും അടിയന്തരമായി വിതരണം ചെയ്താൽ വയനാട്ടിലെ ഭൂപ്രശ്നം പരിഹരിക്കാം.
ആദിവാസി ഭൂപ്രശ്നം പിന്നീട് ഉണ്ടാകില്ല. വീടിന്റെ പ്രശ്നവും തീരും. സമ്പൂർണ വൈദ്യുതീകരണമായതിനാൽ വെളിച്ചത്തിന്റെ പ്രശ്നമില്ല. ആദിവാസി മേഖലയിൽ സർക്കാർ ഇഷ്ടം പോലെ പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ആദിവാസികളുടെ സ്ഥലത്ത് തന്നെ ധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ മില്ലറ്റ് വില്ലേജ് പദ്ധതി നടപ്പാക്കി. മില്ലറ്റിലൂടെ ഗംഭീര ഇടപെടലാണ് സർക്കാർ നടത്തിയത്. ആദിവാസികളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രചരിക്കുന്നതുപോലെ ഒരു പ്രശ്നവും അട്ടപ്പാടിയിൽ ഇല്ല.
അട്ടപ്പാടിയിൽ മില്ലറ്റ് (ചെറു ധാന്യം) പദ്ധതിയിൽ വലിയ അഴിമതി നടന്നതായി ധനകാര്യ പരിശോധന വിഭാഗം അട്ടപ്പാടിയിൽ ഫീൽഡ് പരിശോധന നടത്തി സർക്കാറിന് റിപ്പോർട്ട് നൽകിയില്ലേ? അട്ടപ്പാടിയിലെ പല പദ്ധതികളും അമ്പേ പരാജയപ്പെടുന്നുവെന്ന് എ.ജി അടക്കം റിപ്പോർട്ടുകൾ നൽകിയിട്ടില്ലേ?
അട്ടപ്പാടിയെക്കുറിച്ചുള്ള ഈ റിപ്പോർട്ടുകളൊക്കെ തെറ്റാണ്. കഴിഞ്ഞ ആഴ്ച ദൂരദർശൻതന്നെ അട്ടപ്പാടിയിലെത്തി ആദിവാസി മേഖലയിലെ വികസനം ചൂണ്ടിക്കാണിച്ചിരുന്നു. മില്ലറ്റ് പദ്ധതി ആദ്യം നഷ്ടമായിരുന്നു. പിന്നീട് വലിയ ലാഭമായി മാറിയിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസികൾ ഉൽപന്നങ്ങൾ പാക്ക് ചെയ്ത് ട്രേഡ് മാർക്ക് ഒട്ടിച്ച് വിൽക്കുകയാണ്. റാഗി, ചാമ, ചോളം എല്ലാം വിറ്റ് നല്ല വരുമാനമാർഗം ആദിവാസികൾക്കുണ്ടായി. കൃഷിവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ വകുപ്പാണ് ഫണ്ട് നൽകുന്നത്. മികച്ച രീതിയിൽതന്നെയാണ് മില്ലറ്റ് കൃഷി അട്ടപ്പാടിയിൽ നടപ്പാക്കുന്നത്. മില്ലറ്റ് പരാജയപ്പെട്ടുവെന്നത് വെറും പ്രചാരണമാണ്. മില്ലറ്റിന്റെ വിജയം ദൂരദർശൻ വിശദമായി കാണിച്ചിരുന്നു. അതുപോലെ ആദിവാസികളുടെ ഭൂമിയുടെ പ്രശ്നവും പരിഹരിക്കാൻ കഴിയും. സുപ്രീംകോടതി അനുമതി പ്രകാരമുള്ള നിക്ഷിപ്ത ഭൂമിയും നേരത്തേ പറഞ്ഞതരത്തിലുള്ള ഭൂമിയും (തോട്ടഭൂമിയും) കൂടി കിട്ടിയാൽ പട്ടികജാതിക്കാരുടെയും പട്ടിക വർഗക്കാരുടെയും മുന്നാക്ക-പിന്നാക്ക ജാതി വിഭാഗങ്ങളിലെയും പാവപ്പെട്ടവരുടെയും ഭൂപ്രശ്നം പരിഹരിക്കാൻ സാധിക്കും. വസ്തുതകളുടെ വെളിച്ചത്തിൽ ‘മാധ്യമം’ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിൽതന്നെ ഞാനും ഉറച്ചുനിൽക്കുകയാണ്.
വനാവകാശ നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് എ.ജി (അക്കൗണ്ടന്റ് ജനറൽ) ഉദ്യോഗസ്ഥർ അട്ടപ്പാടിയിലും നിലമ്പൂരും പരിശോധന നടത്തിയിരുന്നു. അവർ നൽകിയ റിപ്പോർട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനാവകാശ നിയമത്തെക്കുറിച്ച് പരിശീലനം നൽകണം എന്നാണ്. പരിശോധന നടത്തിയ രണ്ട് സ്ഥലങ്ങളിലും വ്യക്തിഗത വനാവകാശം അംഗീകരിച്ചുവെങ്കിലും സാമൂഹിക വനാവകാശം (കമ്യൂണിറ്റി റൈറ്റ്) നൽകാൻ വനം വകുപ്പ് തയാറായിട്ടില്ല. സാമൂഹിക വനാവകാശം കിലോമീറ്ററുകളോളം വനഭൂമിയിലെ ചെറുവനവിഭവങ്ങളുടെ അവകാശം ആദിവാസി സമൂഹത്തിന് ലഭിക്കേണ്ടതാണ്. അത് അംഗീകരിക്കാൻ സംസ്ഥാനത്തെ വനം വകുപ്പ് തയാറല്ല. വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിൽ ആദിവാസികൾക്ക് അത്തരം അവകാശങ്ങൾ നൽകിയപ്പോൾ അവർ സ്വയം പര്യാപ്ത സമൂഹമായി മാറി. കേരളത്തിലെ ആദിവാസികൾക്ക് വനം വകുപ്പ് ഈ അവകാശം നിഷേധിക്കുകയല്ലേ..?
ആദിവാസികളുടെ ഉപജീവനം ഉറപ്പുവരുത്താൻ വനാവകാശ നിയമം നടപ്പാക്കിയാൽ കഴിയും. വനവിഭവങ്ങൾ ശേഖരിക്കൽ ആദിവാസികളുടെ നിയമപരമായ അവകാശമാണ്. വനാവകാശ നിയമത്തിന്റെ അവിഭാജ്യഘടകമാണത്. ഇവിടെ നടക്കുന്ന പുതിയ പ്രതിഭാസം ആദിവാസികൾക്ക് കൈവശാവകാശ രേഖ നൽകിയ ഭൂമിക്കും പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ ജണ്ടയിടുകയാണ്. കാട് സംരക്ഷിക്കേണ്ടത് ആദിവാസികൾ ആണെന്ന് ബോധ്യം വനം വകുപ്പിന് ഇല്ല. പട്ടാളക്കാർക്കും പൊലീസുകാർക്കും വനം വകുപ്പിനും ഒന്നും വനം സംരക്ഷിക്കാൻ കഴിയില്ല. തീവ്രവാദ ശക്തികൾ ആദിവാസികളെ ഉപയോഗപ്പെടുത്തുന്നതിന് കാരണം ഇതാണ്. കാടും മലയും അവിടെയുള്ള മണ്ണും വൃക്ഷങ്ങളും ജീവികളും പ്രാണികളും മൃഗങ്ങളും എല്ലാമായി മാനസികമായി ഒത്തിണങ്ങിപ്പോകുന്ന മനുഷ്യൻ എന്ന് പറയുന്നത് ആദിവാസികളാണ്. വനം വകുപ്പ് അവരെ വനത്തിന്റെ ശത്രുവായി കണക്കാക്കിയിട്ട് കാര്യമില്ല. അതുകൊണ്ടാണ് എൽ.ഡി.എഫിന്റെ കാലഘട്ടത്തിൽ പൊലീസിലേക്കും എക്സൈസിലേക്കും ആദിവാസികളെ നിയോഗിച്ചതുപോലെ ഫോറസ്റ്റ് ഗാർഡിലേക്കും പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസികളെ നിയമിച്ചത്.
ആദിവാസി സമൂഹത്തിൽനിന്ന് ഉയർന്നുവന്ന സുകുമാരൻ ചാലിഗദ്ധയെ പോലെയുള്ള എഴുത്തുകാർ ചോദിക്കുന്നത് ആദിവാസി മേഖലയിലെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ചാണ്. ഏതാണ്ട് 60 ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏറെയും ആദിവാസി മേഖലകളിലാണ്. അട്ടപ്പാടിയിൽ 38 റിസോർട്ടുകൾ ഉണ്ട് എന്നാണ് ആദിവാസികൾ പറയുന്നത്. ഇതെല്ലാം ആദിവാസി ജീവിതത്തിന് ഭീഷണിയായി മാറുന്നുവെന്നാണ് സുകുമാരൻ ചാലിഗദ്ധയുടെ അഭിപ്രായം. അതുപോലെ ഇന്ത്യൻ പാർലമെന്റ് 1996ൽ ആദിവാസികൾക്ക് കൂടുതൽ നിയമപരിരക്ഷ നൽകുന്നതിനായി പാസാക്കിയ നിയമമാണ് ‘പെസ’. കേരളത്തിൽ ‘പെസ’ നിയമം നടപ്പാക്കുന്നതിനുള്ള നടപടികൾ തടയുന്നത് ആരാണ്?
1996ൽ പാർലമെന്റ് പാസാക്കിയ ‘പെസ’ (Panchayath Act Extended to Scheduled Area -പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ദി ഷെഡ്യൂൾഡ് ഏരിയ ആക്ട്) നിയമം പ്രായോഗികമായി കേരളത്തിൽ നടപ്പാക്കാൻ കഴിയില്ല. ആകെ ഒന്നൊന്നര ശതമാനം ആദിവാസികളെ കേരളത്തിലുള്ളൂ. തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് അതിനു നേതൃത്വം നൽകേണ്ടത്. ‘പെസ’ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച സർക്കാർതലത്തിൽ നടത്തിയിരുന്നു. ഏതെങ്കിലും ഒരു പ്രദേശത്ത് ഇത് നടപ്പാക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുെണ്ടന്ന് തിരിച്ചറിഞ്ഞാണ് തുടർനടപടി സ്വീകരിക്കാത്തത്. അതേസയം, ‘പെസ’ നടപ്പാക്കണ്ട എന്ന് തീരുമാനിച്ചിട്ടില്ല.
നിലവിൽ കേരളം, തമിഴ്നാട്, കർണാടക, പശ്ചിമ ബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ആദിവാസി ഗ്രാമസഭാ നിയമം (പെസ) നടപ്പാക്കിയിട്ടുണ്ട്. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ നിൽപുസമരം ഒത്തുതീർന്നതിന്റെ ഭാഗമായുണ്ടാക്കിയ കരാറിൽ കേരളത്തിൽ ‘പെസ’ നിയമം നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ ആദിവാസി ഗോത്ര മഹാസഭക്ക് ഉറപ്പുനൽകിയിരുന്നു. ‘പെസ’ നിയമം സംബന്ധിച്ച് ‘കില’ തയാറാക്കിയ റിപ്പോർട്ട് സർക്കാറിന്റെ കൈവശമുണ്ട്. നിൽപുസമരത്തെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കേരളം റിപ്പോർട്ടു നൽകിയിരുന്നു. കേന്ദ്ര ട്രൈബൽ മന്ത്രാലയം ഇതുമായി ചില വിശദീകരണങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് കേരളം അതിന് മറുപടി നൽകിയില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് തുടർനടപടികൾ ഒന്നും ഉണ്ടായില്ല. നിയമം നടപ്പാക്കിയാൽ പുറമെനിന്നുള്ള ആളുകൾക്ക് ആദിവാസികളെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കാൻ കഴിയില്ലേ. ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടുന്നതും ചൂഷണവും തടയാൻ കഴിയില്ലേ. ആദിവാസികൾക്ക് പട്ടികവർഗ പ്രദേശത്തിന്റെ പരിരക്ഷ ലഭിക്കില്ലേ..?
പ്രായോഗികമായി ഏതെങ്കിലും ഒരു ബ്ലോക്കിലോ ഒരു പഞ്ചായത്തിലോ പെസ നടപ്പാക്കാൻ കഴിയുന്ന അവസ്ഥയല്ല ഇവിടെയുള്ളത്. അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് രൂപവത്കരിച്ചിട്ടുണ്ട്. അതിന് അനുബന്ധമായി ഇത്തരം കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. കേരളത്തിൽ ‘പെസ’ നിയമം സംബന്ധിച്ച് എന്തുചെയ്യാമെന്ന് ആലോചിക്കാം.
ആദിവാസികൾ കൂടുതലുള്ള പ്രദേശങ്ങളെ പ്രത്യേക പട്ടികവർഗ മേഖലകളാക്കി പ്രഖ്യാപിച്ച് അവർക്കു കൂടുതൽ പ്രാതിനിധ്യമുള്ള പഞ്ചായത്ത് മോഡൽ സംവിധാനമാണ് ‘പെസ’ നിയമം വിഭാവനം ചെയ്യുന്നത്. ‘പെസ’ നടപ്പാക്കിയാൽ ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ആദിവാസി പഞ്ചായത്ത് ഭരണസമിതിക്കാണ് കൈമാറുക. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ഭാരവാഹികൾ അടങ്ങിയ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുക. ഭരണസമിതിയുടെ അനുവാദമില്ലാതെ ആദിവാസി പഞ്ചായത്തിൽ ഉൾപ്പെടുന്നവർക്കു ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയില്ല. പഞ്ചായത്തീരാജ് ആദിവാസിക്ക് അനുഭവിക്കാൻ കഴിയണമെങ്കിൽ പട്ടികവർഗ പ്രദേശമായി പ്രഖ്യാപിച്ചേ കഴിയുകയുള്ളൂ..?
മറ്റ് സംസ്ഥാനങ്ങളിൽ ആദിവാസികളുടെ ജനസംഖ്യ 25 മുതൽ 50 ശതമാനം വരുന്ന മേഖലകളിലാണ് പെസ നടപ്പാക്കിയത്. ഇവിടെ 99 ശതമാനം മറ്റുള്ളവരുള്ള സ്ഥലങ്ങളിൽ എങ്ങനെ പെസ നടപ്പാക്കും. എങ്കിലും ഇക്കാര്യത്തിൽ എന്തുചെയ്യാമെന്ന് ആലോചിക്കാം...
കേരളത്തിലെ പട്ടികജാതി പട്ടികവർഗ വകുപ്പുകളിൽ വലിയ അഴിമതി നടക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇതിന് അറുതിവരുത്താൻ സർക്കാറിന് കഴിയുന്നില്ല. ധനകാര്യ പരിശോധനാ വിഭാഗവും എ.ജിയും (അക്കൗണ്ടന്റ് ജനറലും) സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ വകുപ്പിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ..?
അത് കുറെയൊക്കെ പർവതീകരിച്ചാണ് അവതരിപ്പിക്കുന്നത്. എല്ലാ വകുപ്പുകളിലും ഉദ്യോഗസ്ഥതലത്തിൽ അഴിമതി നടക്കുന്നുണ്ട്. ജനാഭിമുഖ്യമുള്ള സ്കീമുകൾ ആകുമ്പോൾ അതിലുമുണ്ടാകും. എക്സൈസിലും പൊലീസിലും ഒക്കെ അഴിമതി ഉണ്ടല്ലോ. വിദ്യാഭ്യാസരംഗത്തും അഴിമതിയുണ്ട്. എസ്.സി-എസ്.ടി വിഭാഗങ്ങൾക്ക് നീക്കിെവക്കുന്ന പണത്തിന്റെ 60 ശതമാനവും വിദ്യാഭ്യാസത്തിനാണ്. വിദ്യാഭ്യാസം എന്നു പറഞ്ഞാൽ ഗ്രാൻഡ്, പോക്കറ്റ് മണി, ഹോസ്റ്റൽ പ്രവർത്തനം തുടങ്ങി വിവിധ കാര്യങ്ങൾക്കാണ്. അതിലെല്ലാം എന്ത് അഴിമതി നടത്താനാണ് കഴിയുക.
തലസ്ഥാനത്തെ കോർപറേഷനിൽ പട്ടികജാതി ഫണ്ട് വൻതോതിൽ തിരിമറി നടത്തിയെന്ന് ആരോപണമുണ്ടല്ലോ. തദ്ദേശസ്ഥാപനങ്ങൾ സമാനമായി ഫണ്ട് തട്ടിയെടുക്കുന്നില്ലേ? കോർപറേഷന്റെ പട്ടികജാതി ഫണ്ട് തട്ടിയെടുത്തത് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നു..?
കോർപറേഷനുമായി ബന്ധപ്പെട്ട സംഭവത്തിൽ പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥരല്ല അതൊന്നും ചെയ്തത്. അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച മധുവിന്റെ കുടുംബത്തിന് 18.50 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. 10 ലക്ഷം മുഖ്യമന്ത്രിയെക്കൊണ്ടാണ് കൊടുപ്പിച്ചത്. പതിനൊന്നര കോടി ചെലവഴിച്ചാണ് മുക്കാലിയിൽനിന്ന് ആനവായിലേക്ക് റോഡ് വെട്ടിയത്. മധുവിന്റെ മൂത്ത സഹോദരിക്ക് ജോലി കൊടുക്കാൻ വേണ്ടിയാണ് പൊലീസിൽ അന്ന് പ്രത്യേക റിക്രൂട്ട്മെന്റ് നടത്തിയത്. ചെറിയ ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകാം. അത് ചില ഉദ്യോഗസ്ഥർ ചെയ്തുകൂട്ടുന്നതാണ്.
അട്ടപ്പാടിയിലെ ഫാമിങ് സൊസൈറ്റിയിലെ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 37 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്? അത് ഫാം നടത്തിപ്പിലെ കെടുകാര്യസ്ഥതയല്ലേ..?
ഫാമിന്റെ അധികാരി കലക്ടറാണ്. കലക്ടർമാരൊന്നും അഴിമതിക്കാരല്ല. ഞാൻ മന്ത്രിയായിരിക്കുന്ന കാലത്ത് അട്ടപ്പാടിയിൽ പോയി താമസിച്ചിട്ടുണ്ട്.
അട്ടപ്പാടിയിൽ വ്യാജരേഖ ഉണ്ടാക്കി വൻതോതിൽ ഇപ്പോഴും ആദിവാസി ഭൂമി കൈയേറുകയാണ്. ആദിവാസി ഭൂമി കൈയേറുന്നതിന് അറുതിവരുത്താൻ സർക്കാറിന് കഴിയില്ലേ?
ഭൂമി കൈയേറുന്നത് സംബന്ധിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പരാതി കിട്ടിയാൽ സർക്കാർ അന്വേഷിക്കും. ഞാൻ അട്ടപ്പാടിയിൽ ചെന്ന് താമസിച്ചത് മൂലഗംഗയിലാണ്. അവിടെ ആദ്യം എത്തുമ്പോൾ റോഡ് ഉണ്ടായിരുന്നില്ല. അന്ന് അവിടെ വൈദ്യുതിയില്ല. അവിടത്തേക്ക് ഇപ്പോൾ നല്ല റോഡ് ഉണ്ട്. വീടുകളിലെല്ലാം വൈദ്യുതി എത്തിച്ചു. കെ.എസ്.ആർ.ടി.സി ബസ് മൂലഗംഗവരെ പോകുന്നുണ്ട്. ഊരുകളിലേക്ക് ആംബുലൻസ് വരെ അനുവദിച്ചിരുന്നു. ഞാൻ മന്ത്രിയായിരുന്നപ്പോൾ അട്ടപ്പാടിയിൽ നല്ല വികസനം നടന്നിരുന്നു.
നമ്മൾ ഇതുവരെ സംസാരിച്ചത് ഭൂമി, അധികാരം, ആദിവാസി സമൂഹം എന്നിവയുമായി ബന്ധപ്പെട്ടാണ്. നമുക്ക് താങ്കളുടെ ജീവിതം, രാഷ്ട്രീയപ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട് അൽപം സംസാരിക്കാം. ജാതി പീഡനത്തിന്റെ ഒരുപാട് അനുഭവങ്ങൾ പുസ്തകത്തിൽ രേഖപ്പെടുത്തി. അത്തരം അനുഭവം കുട്ടിക്കാലത്ത് ഉണ്ടായോ?
ഭീകരമായ ജാതിപീഡനം കുട്ടിക്കാലത്ത് അനുഭവിച്ചിട്ടുണ്ട്. കുറെ അപ്രിയ സത്യങ്ങളുണ്ട്. അതൊന്നും ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. എന്നെ ജാതീയമായി അകറ്റിനിർത്തിയ ആളുകളൊക്കെ പിന്നെ എന്റെ സഹായം തേടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ എന്നോടൊപ്പം ബെഞ്ചിലിരിക്കാൻ ഒരു പ്രമാണി വിസമ്മതിച്ചിരുന്നു. ഞാനിരിക്കുമ്പോൾ പലപ്പോഴും അയാൾ ക്ലാസിൽ എഴുന്നേറ്റു നിന്ന അനുഭവവും ഉണ്ട്. അത്തരം പല അനുഭവങ്ങൾ സ്കൂളിലും ഉണ്ടായി. എന്റെ അമ്മ വീടൊക്കെ വൃത്തിയാക്കാനും മറ്റും ജോലിക്ക് പോകുമായിരുന്നു. അമ്മക്ക് കൊടുക്കുന്ന ഭക്ഷണം അമ്മ കഴിക്കാതെ ഞാൻ സ്കൂളിൽനിന്ന് വരുമ്പോൾ തരുമായിരുന്നു. അച്ഛൻ നിർമാണ തൊഴിലാളിയായിരുന്നു. അമ്മ കർഷക തൊഴിലാളിയും. കേരളത്തിൽ ഏറ്റവും അധികം കുടിയിറക്കപ്പെട്ട കുടുംബങ്ങളിൽ ഒന്ന് ഞങ്ങളുടേതാണ്. പിന്നീട് ആലോചിക്കുമ്പോൾ അതിന്റെ രഹസ്യം മനസ്സിലായി.
കുടുംബത്തിന്റെ കുടിയിറക്കലുകൾ എന്തിനായിരുന്നു?
ഭൂപരിഷ്കരണ നിയമം പാസായി കുടികിടപ്പുകാർക്ക് കുടിയിരിപ്പ് സുരക്ഷിതമായി വരാൻപോകുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിലാണ് എന്റെ കുടുംബത്തെ ആദ്യം കുടിയിറക്കിയത്. നാദാപുരത്ത് സ്കൂളിന് അടുത്ത് തെക്കേ അമ്പലം എന്ന സ്ഥലത്തെ പറമ്പിൽനിന്നാണ് കുടിയിറക്കിയത്. അത് കമ്യൂണിസ്റ്റ് അനുഭാവിയായ ഒരാളുടെ ഭൂമിയായിരുന്നു. അപ്പോൾ നിയമം വരുന്നുവെന്നൊരു മണം വരുന്നുണ്ട്. രണ്ടാമത് ചാത്തൻ നായർകണ്ടി എന്ന വീട്. അത് മുസ്ലിം ലീഗ് അനുഭാവിയുടേതായിരുന്നു. മുന്നാമത്തെ ആൾ ആന്റണി കോൺഗ്രസിന്റെ അനുഭാവിയായിരുന്നു. നാലാമതും ഒരു സ്ഥലത്തുനിന്ന് കുടിയിറക്കി. അവസാനം അച്ഛൻ അധ്വാനിച്ചുണ്ടാക്കിയ 10 സെന്റ് ഭൂമിയിലാണ് കുടുംബം ജീവിച്ചത്. അവിടെ ഒരു കുടിൽകെട്ടിയാണ് താമസിച്ചത്. അവിടെനിന്നാണ് എസ്.എസ്.എൽ.സിപരീക്ഷ എഴുതുന്നത്. സ്കൂളിലെ വിദ്യാർഥി യൂനിയൻ ലീഡറായി. എസ്.എസ്.എൽ.സിക്ക് സ്കൂളിലെ ഏറ്റവും മികച്ച വിജയം നേടി. ഉയർന്ന മാർക്കോടെ എസ്.എസ്.എൽ.സി വിജയിച്ചു. തുടർന്ന് കണ്ണൂർ ബ്രണ്ണൻ കോളജിലേക്ക് പോയി. അത് ചായ്വുള്ള ഒരു വീടായിരുന്നു.
ബ്രണ്ണൻ കോളജ് ആയിരുന്നല്ലോ രാഷ്ടീയ കളരി. അവിടത്തെ അനുഭവങ്ങൾ എന്തെല്ലാമാണ്?
‘എ.കെ. ബാലൻ ബ്രണ്ണൻ കോളജ്’ എന്ന് പറഞ്ഞാൽ അക്കാലത്ത് വലിയൊരു ഫിഗർ ആയിരുന്നു. വീട്ടിലെ അവസ്ഥയുടെ ദുഃഖത്തോടുകൂടിയാണ് കോളജിൽ പോകുന്നത്. ആ ജീവിതദുരിതങ്ങൾ എല്ലാവരോടും പറയാറില്ല. എന്നാൽ, ചില വിദ്യാർഥികൾക്ക് എന്റെ വീട്ടിലെ കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. എന്റെ എസ്.എഫ്.ഐ പ്രവർത്തനത്തെ ഇതൊന്നും ബാധിച്ചില്ല. പിണറായി വിജയൻ ബ്രണ്ണൻ കോളജ് വിട്ട കാലഘട്ടത്തിലാണ് അവിടെ ചേർന്നത്. ഞാനാണ് മമ്പറം ദിവാകരനോടും കെ.ടി. ജോസഫിനോടും കെ. സുധാകരനോടും ഏറ്റുമുട്ടി എസ്.എഫ്.ഐ വളർത്തിയെടുത്തത്. പിണറായി പഠിക്കുന്ന സമയത്ത് ഇവരാരും കോളജിലില്ല. പിണറായി പഠിക്കുന്ന കാലത്ത് വിദ്യാർഥി സംഘടന കെ.എസ്.എഫ് ആണ്. അതിന് കോളജിലെ വിദ്യാർഥികളിൽ വലിയ സ്വാധീനം ഉണ്ടായിരുന്നില്ല. ഞാൻ എത്തിയപ്പോൾ സംഘടന എസ്.എഫ്.ഐ ആയി മാറി. അക്കാലത്തെ കെ.എസ്.യുവിന്റെ ശക്തമായ കോട്ടയായിരുന്നു ബ്രണ്ണൻ കോളജ്. കെ.എസ്.യുവിനെയും എ.ബി.വി.പിയെയും തകർത്തിട്ടാണ് ഞാൻ ചെയർമാനായി വിജയിച്ചത്. 1973ലാണ് ചരിത്രത്തിലാദ്യമായി ബ്രണ്ണൻ കോളജിൽ എസ്.എഫ്.ഐ ജയിച്ചത്. അന്ന് യൂനിയൻ ഉദ്ഘാടനംചെയ്തത് ഇ.എം.എസ് ആണ്. ആ കാലത്ത് എ.ബി.വി.പിക്കാരും കെ.എസ്.യുക്കാരും എന്നെ കൊലചെയ്യാൻ തീരുമാനിച്ചിരുന്നു. അന്ന് എ.ബി.വി.പി കോളജിൽ കുറെയൊക്കെ ശക്തമാണ്. ഇപ്പോഴത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ന് തലശ്ശേരി സെന്റ് ജോസഫിൽ എട്ടാം തരത്തിൽ പഠിക്കുന്നുണ്ട്. മുരളീധരൻ അേന്ന എ.ബി.വി.പിയിൽ സജീവമായിട്ടുണ്ട്.
ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അക്കാലത്ത് ബ്രണ്ണൻ കോളജിൽ ഉണ്ടായിരുന്നല്ലോ. അദ്ദേഹം എസ്.എഫ്.ഐ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കിയോ?
കെ. സുധാകരൻ അക്കാലത്ത് ബ്രണ്ണൻ കോളജിൽ വിദ്യാർഥിയായിരുന്നു. അദ്ദേഹം എനിക്കെതിരെ ആദ്യകാലത്ത് ശക്തമായി നിലപാട് എടുത്തിരുന്നു. പിന്നീട് സുധാകരൻ കെ.എസ്.യുവിൽനിന്ന് മാറി. സുധാകരൻ പ്രവർത്തിച്ചത് സംഘടനാ കോൺഗ്രസിലായിരുന്നു. അതിനൊരു വിദ്യാർഥി സംഘടനയുണ്ടായിരുന്നു -എൻ.എസ്. ആ വിദ്യാർഥി സംഘടനയുടെ നേതാവായിരുന്നു സുധാകരൻ. അതോടെ സുധാകരന്റെ ശല്യം എനിക്ക് ഒരുപരിധിവരെ ഒഴിവായി കിട്ടിയിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഞാൻ ബ്രണ്ണൻ കോളജ് യൂനിയൻ ചെയർമാൻ ആകുന്നതിൽ സുധാകരന്റെ പങ്ക് കൂടിയുണ്ടായിരുന്നു. കോൺഗ്രസിന്റെ വിദ്യാർഥി സംഘടന രണ്ടായിനിന്നതിനാലാണ് എസ്.എഫ്.ഐക്ക് വിജയിക്കാനായത്. അതോടെ എന്നെ കൊല്ലാൻ തീരുമാനിച്ചു. അത് നടപ്പാക്കാൻ എത്തിയപ്പോൾ അതിനെ തടുത്ത ആളാണ് എസ്.എഫ്.ഐ പ്രവർത്തകനായ അഷ്റഫ്. ബ്രണ്ണൻ കോളജിലെ ആദ്യത്തെ രക്തസാക്ഷി അഷ്റഫാണ്. അഷ്റഫിന് അല്ലെങ്കിൽ എനിക്കായിരുന്നു അത് സംഭവിക്കേണ്ടത്. കുത്തേറ്റ് നിലത്തുവീണ കിടന്ന അഷ്റഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കെ. സുധാകരൻ ആണ്. എസ്.എഫ്.ഐയുടെ നേതാവായ അഷ്റഫിനെ കെ.എസ്.യുക്കാർ ആക്രമിക്കുമ്പോൾ അതിനെ തടുത്ത് എന്നെ പിടിച്ചു രക്ഷിച്ചത് എടക്കാട് ലക്ഷ്മണൻ ആണ്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന് ഈ സംഭവങ്ങളെല്ലാം അറിയാം. പിൽക്കാലത്ത് അദ്ദേഹം വീക്ഷണം പത്രത്തിന്റെ പത്രാധിപരായിരുന്നു. അദ്ദേഹത്തെ ഞാൻ ആദ്യം കാണാൻ പോയപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹവും ഇക്കാര്യം പറഞ്ഞ് കരഞ്ഞു.
കെ.എസ്.യുവുമായി ഇടയാൻ എന്താണ് കാരണം?
കോളജിൽ എസ്.എഫ്.ഐ ജയിച്ചതിനെ തുടർന്ന് യൂനിയൻ ഉദ്ഘാടനത്തിന് ഇ.എം.എസിനെ കൊണ്ടുവരാൻ സമ്മതിക്കില്ലെന്ന് ആയിരുന്നു കെ.എസ്.യുവിന്റെ പ്രഖ്യാപനം. ആ വെല്ലുവിളി അന്ന് എസ്.എഫ്.ഐ ഏറ്റെടുത്തു. ഇ.എം.എസ് ബ്രണ്ണന് കോളജിൽ വന്ന് യൂനിയൻ ഉദ്ഘാടനംചെയ്തു. കെ.എസ്.യുക്കാർ അതിനുള്ള പ്രതികാരമാണ് തീർത്തത്. അന്നത്തെ കെ.എസ്.യു നേതാവായിരുന്ന കെ.ടി. ജോസഫിനെ മരിക്കുന്നതിന് മുമ്പ് ഞാൻ കണ്ടിരുന്നു. അർധബോധാവസ്ഥയിൽ കിടക്കുമ്പോൾ എന്നെ കണ്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു.
അന്ന് കോൺഗ്രസിൽ ഗുണ്ടാ രാഷ്ട്രീയം ശക്തമായ കാലമാണോ? വിദ്യാർഥിരംഗത്തും ഗുണ്ടായിസം നിലനിന്നിരുന്നോ?
കെ.എസ്.യു എന്ന് കേട്ടാൽ അന്ന് വിദ്യാർഥികൾ കിടുകിടാ വിറക്കുന്ന കാലമാണ്. കോളജ് അന്തരീക്ഷം മൊത്തത്തിൽ കെ.എസ്.യുവിന് അനുകൂലം. കോളജിലെ 90 ശതമാനം വിദ്യാർഥികളും കെ.എസ്.യുവിനൊപ്പം ആയിരുന്നു. രണ്ടായി നിന്നാലും കെ.എസ്.യുവിനായിരുന്നു ശക്തി കൂടുതൽ. കണ്ണൂർ എസ്.എൻ കോളജിൽ കെ.എസ്.യു രണ്ടായി നിന്നിട്ടും അവരെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. കെ.എസ്.യുക്കാരായ കെ.പി. മോഹനനും സുശീലനും രണ്ടായി നിന്നാണ് കോളജിൽ മത്സരിച്ചത്. എന്നിട്ടും പരാജയപ്പെടുത്താൻ കണ്ണൂർ എസ്.എൻ കോളജിൽ എസ്.എഫ്.ഐക്ക് കഴിഞ്ഞില്ല. കെ.എസ്.യുക്കാർ തമ്മിൽ മത്സരിക്കുമ്പോൾ ഏതെങ്കിലും ഒരു കെ.എസ്.സി ആണ് വിജയിക്കും. അത്രമാത്രം ശക്തമായിരുന്നു അക്കാലത്തെ കെ.എസ്.യു. ബ്രണ്ണൻ കോളജിൽ ഞാൻ എസ്.എഫ്.ഐയുടെ ചെയർമാനായപ്പോൾ വലിയ കോളിളക്കം ഉണ്ടായി. അതിനുശേഷമാണ് എസ്.എഫ്.ഐ കണ്ണൂർ ജില്ലയിൽ ശക്തിപ്പെട്ടത്. എന്റെ രാഷ്ട്രീയ ജീവിതത്തിലും വഴിത്തിരിവ് ആയത് കോളജിലെ ചെയർമാൻ സ്ഥാനമാണ്. ഡിഗ്രിക്കാണ് അന്ന് കോളജിൽ പഠിച്ചിരുന്നത്. പ്രീഡിഗ്രിക്ക് ബയോളജി ആയിരുന്നു. ബി.എക്ക് മലയാളം മെയിൻ എടുത്തു. പിന്നീട് എൽഎൽ.ബിക്ക് പോയി. ഈ പഠനം എല്ലാം ജീവിതത്തിൽ ഉപകാരമായി. പ്രഗല്ഭരായ പല അധ്യാപകരും പഠിപ്പിച്ചു. എം.എൻ. വിജയൻ മാഷ് അക്കൂട്ടത്തിൽ ഏറ്റവും സ്വാധീനിച്ച അധ്യാപകനാണ്. വിജയൻ മാഷിന് എന്നെ വളരെ ഇഷ്ടമായിരുന്നു. അക്കാലത്ത് നിരവധി കേസുകൾ എന്റെ പേരിൽ ഉണ്ടായി. അങ്ങനെയാണ് അഡ്വ. എൻ.കെ. ദാമോദരനെ പരിചയപ്പെട്ടത്. അദ്ദേഹം പിൽക്കാലത്ത് അഡ്വക്കറ്റ് ജനറലായി. പഠനകാലത്ത് കോടിയേരി ബാലകൃഷ്ണൻ എന്റെ ജൂനിയർ ആയിരുന്നുവെങ്കിലും പാർട്ടിയിൽ എന്റെ സീനിയർ ആയി. ഞാൻ ബ്രണ്ണൻ കോളജിൽ പഠിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണൻ ഹൈസ്കൂളിൽ ആയിരുന്നു. ബാലകൃഷ്ണനെ ഹെഡ്മാസ്റ്റർ തല്ലിയിട്ട് പ്രതിഷേധപ്രകടനത്തിൽ സംസാരിച്ചത് ഞാനാണ്. എൽഎൽ.ബി കഴിഞ്ഞശേഷം പ്രബേഷനറി ഓഫിസറായി ജോലികിട്ടി. അന്ന് വീട്ടിൽ റേഷൻ വാങ്ങാൻ കാശില്ലാത്ത കാലമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് പോകുമ്പോൾ അമ്മയോട് ജോലി കിട്ടിയ കാര്യം പറഞ്ഞിരുന്നു. ബാങ്കിൽ ജോലി കിട്ടി പ്രവേശിക്കാൻ പോകുന്നു എന്നാണ് അമ്മയോട് പറഞ്ഞത്. അമ്മക്ക് എഴുത്തും വായനയും അറിയില്ലെങ്കിലും പൊതുകാര്യങ്ങളൊക്കെ മനസ്സിലായി. നല്ലൊരു ജോലികിട്ടി എന്നായിരുന്നു അമ്മയുടെ വിചാരം. എസ്.എഫ്.ഐയുടെ ഏഴാം സംസ്ഥാന സമ്മേളനമാണ് അന്ന് കോഴിക്കോട് നടന്നത്. എം.വി. രാഘവൻ, പുത്തലത്ത് നാരായണൻ, എസ്. രാമചന്ദ്രൻ പിള്ള ഇവരൊക്കെയായിരുന്നു പാർട്ടി ഫ്രാക്ഷൻ. എ.കെ. ബാലൻ സെക്രട്ടറി ആകണമെന്ന് പാർട്ടി നേതാക്കൾ ഐകക ണ്ഠ്യേന തീരുമാനിച്ചു. കേളുവേട്ടൻ ആണ് അന്ന് പാർട്ടി സെക്രട്ടറി. അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങൾ വ്യക്തമായി അറിയാം. കേളുവേട്ടൻ പാർട്ടി നേതാക്കളോട് കാര്യങ്ങൾ പറഞ്ഞു. കുടുംബം വളരെ ദുരിതത്തിലാണെന്നും ബാലനെ നിർബന്ധിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അപ്പോൾ എം.വി.ആർ പറഞ്ഞത് സി.പി. അബൂബക്കറിന്റെ അനുഭവമാണ്. അബൂബക്കർ ദേശാഭിമാനിയിൽ പിൽക്കാലത്ത് ഉണ്ടായിരുന്നു. കേളുവേട്ടനോട് എം.വി.ആർ പറഞ്ഞു, കോഴിക്കോട് ജില്ലയിൽ വന്നതുകൊണ്ടാണ് സി.പി കോളജ് അധ്യാപകൻ ആയത്. അതല്ലെങ്കിൽ സി.പി പൊതുരംഗത്ത് തന്നെ ഉണ്ടാകുമായിരുന്നു. ആ അവസ്ഥയിലേക്ക് ബാലനെ എത്തിക്കരുതെന്ന് എം.വി.ആറിനോട് പറഞ്ഞു. അന്ന് എന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. ആ ദിവസം കൂത്തുപറമ്പ് ഒരു യോഗത്തിൽ സംസാരിക്കാൻ എം.വി.ആർ പോയി. പിറ്റേദിവസം തിരിച്ചുവന്നപ്പോൾ എന്നോട് തീരുമാനം പുനഃപരിശോധിച്ചുകൂടെയെന്ന് ചോദിച്ചു. എം.വി.ആറിന് അന്ന് പാർട്ടിപ്രവർത്തകരോട് വലിയ സ്നേഹമാണ്. ഞാൻ സംസ്ഥാന സെക്രട്ടറിയാകാമെന്ന് സമ്മതിച്ചു. അപ്പോൾ എം.വി.ആർ എന്നെ പിടിച്ച് ഉമ്മവെച്ചു. തൊട്ടടുത്ത വർഷം ഞാൻ എം.പിയായി. 1980ല് പാലക്കാട്ടുനിന്നാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. പിന്നെ രണ്ടുപ്രാവശ്യം മന്ത്രിയായി, നാലു പ്രാവശ്യം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എം.വി.ആറുമായിട്ടുള്ള ആത്മബന്ധം അവസാനംവരെ നിലനിന്നിരുന്നോ...
അവസാനംവരെ നിലനിർത്തിയിരുന്നു. സി.എം.പി രൂപവത്കരിക്കുന്നതുവരെ അത് തുടർന്നിരുന്നു. എം.വി.ആർ പാർട്ടി വിട്ടുപോയതിൽ വലിയ മാനസികപ്രയാസം അനുഭവിച്ചിരുന്നു. ഞാൻ എം.പി ആയിരിക്കുമ്പോൾ അദ്ദേഹം ഡൽഹിയിൽ വന്നു. പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കേന്ദ്രമന്ത്രിയെ കാണാനാണ് ഡൽഹിയിൽ വന്നത്. ബ്രഹ്മചാരിയുമായി ദീർഘസംഭാഷണം നടത്തി. അക്കാലത്ത് പാർട്ടിക്കുള്ളിൽ ആശയസമരം നടക്കുന്ന കാലമാണ്. 1987 ഓടെയാണ് അദ്ദേഹം പാർട്ടി വിട്ടുപോകുന്നത്.
ഇക്കാലത്ത് എം.വി.ആറുമായി പാർട്ടി നേതൃത്വത്തിലുള്ളവർ സന്ധിസംഭാഷണം നടത്തിയിരുന്നോ. പാർട്ടിയിലുള്ള മുതിർന്ന നേതാക്കൾ മധ്യസ്ഥരായി ഇടപെട്ടിരുന്നോ?
ചെറിയൊരു രൂപത്തിൽ സംഭാഷണങ്ങൾ നടന്നതല്ലാതെ മറ്റൊന്നും അക്കാലത്ത് ഉണ്ടായില്ല. ഫലപ്രദമായി ഒന്നും നടന്നിട്ടില്ല. ഇ.എം.എസ് ഒരു തീരുമാനം പ്രഖ്യാപിച്ചു. അതിനെ എല്ലാവരും അംഗീകരിച്ചു. എം.വി.ആർ, പിണറായി വിജയൻ, പാട്യം ഗോപാലൻ, കേളുവേട്ടൻ, ഇ.വി. കുമാരൻ തുടങ്ങിയവരാണ് എന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയ നേതാക്കൾ. അതിൽ എം.വി.ആർ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാഷ്ട്രീയപ്രവർത്തനം മൂന്ന് ജില്ലയിൽ ആയിട്ടാണ്. കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിലായിരുന്നു രാഷ്ട്രീയപ്രവർത്തനം. പാലക്കാട്ടുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് പാലക്കാട് എന്റെ ജില്ലയായി മാറിയത്. പലരും കോഴിക്കോട് ജില്ലക്കാരനാണെന്നും കണ്ണൂർ ജില്ലക്കാരനാണെന്നുമൊക്കെ പറയാറുണ്ട്. ഞാനൊന്നും ഈ നിലയിൽ എത്തുമെന്നോ ഡോക്ടറെ കല്യാണം കഴിക്കുമെന്നോ മക്കൾ വിദേശത്ത് പോകുമെന്നോ സ്വപ്നം കണ്ടിരുന്നില്ല. മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടി. ഒരാൾ എൻജിനീയറായി. മറ്റൊരാൾ വക്കീലും. അവർക്ക് കേരളത്തിൽ നിൽക്കാൻ താൽപര്യമില്ല. അവർ അവരുടെ വഴി അന്വേഷിച്ച് പുറത്തേക്ക് പോയി.
പാർട്ടിയുടെ ഉയർന്ന കമ്മിറ്റിയിലേക്ക് കയറിപ്പോകാൻ തടസ്സങ്ങൾ നേരിട്ടിരുന്നോ? കോടിയേരിയേക്കാൾ സീനിയർ നേതാവായിട്ടും എന്തുകൊണ്ട് പോളിറ്റ് ബ്യൂറോയിൽ എത്തിയില്ല?
പാർട്ടി വാഗ്ദാനംചെയ്ത എല്ലാ സ്ഥാനങ്ങളും ഏറ്റെടുക്കാൻ ഞാൻ പോയിട്ടില്ല. എന്റെ കൊക്കിൽ ഒതുങ്ങുന്നതേ ഞാൻ കൊത്തൂ. 10- 15 കൊല്ലം മുമ്പ് ആയിരുന്നുവെങ്കിൽ ചൈനയുടെ പ്രസിഡന്റാകാമോ എന്ന് ചോദിച്ചാലും ഞാൻ തയാറാകുമായിരുന്നു. രണ്ട് കോവിഡ് കഴിഞ്ഞതിനുശേഷം ആരോഗ്യസ്ഥിതിയും മാനസികാവസ്ഥയും പാർട്ടിയിലെ വമ്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്നതല്ല. എന്നാലും പാർട്ടിയുടെ സംസ്ഥാന സെക്രേട്ടറിയറ്റ് മെംബറും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. അതിനപ്പുറം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയും അല്ലേയുള്ളൂ. അതിലേക്കൊന്നും എന്റെ മനസ്സ് ഇതുവരെ എത്തിയിട്ടുമില്ല. എനിക്ക് ദഹിക്കാൻ കഴിയുന്നതു മാത്രമേ ഞാൻ കൊത്താറുള്ളൂ. പാർട്ടിയെ സംബന്ധിച്ച് ഒരു പരാതിയും എനിക്കില്ല. മാതൃകാപരമായി ഈ കമ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് ജീവിച്ചത്. മക്കളും ഭാര്യയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഒന്നും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. മന്ത്രിയായ സമയത്തും നൂതനമായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. സംസ്ഥാനത്ത് സമ്പൂർണ വൈദ്യുതീകരണം ഒക്കെ നടപ്പാക്കി. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് ആലോചിക്കാൻ കഴിയാത്തത്ര പുതിയ സ്കീമുകൾ, പുതിയ പദ്ധതികൾ നടപ്പാക്കി.
എസ്.സി- എസ്.ടി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയും പാർശ്വവത്കരണവും തിരിച്ചറിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി അവരെ ബോധപൂർവം നേതൃത്വത്തിലേക്ക് വളർത്തിയെടുക്കാൻ ശ്രമിച്ചിട്ടില്ലെന്ന വാദം ശരിയാണോ?
അതിലുള്ള പ്രശ്നം ഒന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലെ കേഡർ ഡെവലപ്മെന്റ് എന്ന് പറയുന്നത് സംവരണത്തിന്റെ ഭാഗമായിട്ടുള്ളതല്ല. ഏറ്റവും അടിത്തട്ടിൽനിന്ന് ഒരു കേഡർ രൂപപ്പെടുന്ന ഘട്ടത്തിൽ ഏതെങ്കിലും ജോലിയോ മറ്റോ കിട്ടിയാൽ പാർട്ടിപ്രവർത്തനം ഒഴിവാക്കി അതിന് പിന്നാലെ പോകും. മറ്റുള്ള സമുദായങ്ങളെ പോലെയും മറ്റുള്ള വിഭാഗങ്ങളെ പോലെയും രാഷ്ട്രീയത്തിൽ ഉറച്ചുനിന്നു ഉയർന്നുവരാൻ പലപ്പോഴും കഴിയാറില്ല. ഞാനൊക്കെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലേക്ക് വന്നപ്പോൾ അടിത്തട്ടിൽനിന്ന് ഒരുപിടി കേഡർമാർ വാർത്തെടുത്തിരുന്നു. ഉദാഹരണമായി വാസുദേവൻ, രമേശൻ തുടങ്ങിയ പുതിയ കേഡർമാർ വന്നിരുന്നു. എനിക്ക് ജോലി കിട്ടിയിട്ടും പോകാതെ രാഷ്ട്രീയത്തിൽ ഉറച്ചുനിന്നു. ഇന്നായിരുന്നുവെങ്കിൽ ഞാനും ചിലപ്പോൾ ജോലിക്ക് പോകുമായിരുന്നു. ആ കാലഘട്ടത്തിൽ വിപ്ലവം അനിവാര്യമാണ് എന്ന് തോന്നിയതിനാലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഇന്നല്ലെങ്കിൽ നാളെ ലോകം എന്റെ കൈയിലായിരിക്കുമെന്ന ആശയം കൈയിലുണ്ടായിരുന്നു. അക്കാലത്ത് 16 കിലോമീറ്റർ ഒക്കെ നടന്നു പോയിട്ടാണ് കമ്മിറ്റി കൂടിയിട്ടുള്ളത്. അതിലൊരു മടുപ്പും തോന്നിയിരുന്നില്ല. നാദാപുരത്തുനിന്ന് നടന്ന് വടകര കമ്മിറ്റി കൂടാൻ പോകുമായിരുന്നു. അഞ്ച് മണിക്ക് നടന്നിട്ട് 10.30ന് അവിടെ എത്തും. കമ്മിറ്റി കഴിഞ്ഞ് വെളുപ്പിന് മൂന്നുമണിക്ക് തിരിച്ച് നടക്കാൻ തുടങ്ങിയാൽ രാവിലെ ഒമ്പത് മണിക്കാണ് വീട്ടിലെത്തുക. അഞ്ചും ആറ് കിലോമീറ്റർ നടന്നാണ് സ്കൂളുകളിൽ കെ.എസ്.എഫ് ഉണ്ടാക്കാൻ പോയിരുന്നത്. അത്തരം രാഷ്ട്രീയപ്രവർത്തനമൊന്നും ഇന്ന് ആലോചിക്കാൻ കഴിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങളെല്ലാം യാഥാർഥ്യമായി എന്നാണ് തോന്നുന്നത്. അതിനാൽ ഒരു അസംതൃപ്തിയും ഇല്ല. ജീവിതത്തിൽ നിരാശയില്ല.
(അവസാനിച്ചു)