''ഞങ്ങൾ ഇവിടെതന്നെയുണ്ടാകും; ഒരു പേടിയുമില്ല'' -ഏലിയാമ്മ വിജയൻ സംസാരിക്കുന്നു
മത്സ്യത്തൊഴിലാളി മേഖലയിലെ അതിജീവന പോരാട്ടങ്ങളിലും സ്ത്രീവിമോചന മുന്നേറ്റങ്ങളിലും നാലര പതിറ്റാണ്ടായി സജീവമായി നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് ഏലിയാമ്മ വിജയൻ. അവരുെട സമരവീര്യത്തെ തകർക്കാൻ വിഴിഞ്ഞം സമരവേളയിൽ ഭരണകൂടംതന്നെ പലതരം ആരോപണങ്ങൾ ഉന്നയിച്ചു. ഏലിയാമ്മ വിജയൻ തന്റെ ഇടപെടലിനെയും സമരജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ താങ്കളെയും 'സഖി'യെയും വലിയ തോതിലുള്ള...
Your Subscription Supports Independent Journalism
View Plansമത്സ്യത്തൊഴിലാളി മേഖലയിലെ അതിജീവന പോരാട്ടങ്ങളിലും സ്ത്രീവിമോചന മുന്നേറ്റങ്ങളിലും നാലര പതിറ്റാണ്ടായി സജീവമായി നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് ഏലിയാമ്മ വിജയൻ. അവരുെട സമരവീര്യത്തെ തകർക്കാൻ വിഴിഞ്ഞം സമരവേളയിൽ ഭരണകൂടംതന്നെ പലതരം ആരോപണങ്ങൾ ഉന്നയിച്ചു. ഏലിയാമ്മ വിജയൻ തന്റെ ഇടപെടലിനെയും സമരജീവിതത്തെയും കുറിച്ച് സംസാരിക്കുന്നു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ താങ്കളെയും 'സഖി'യെയും വലിയ തോതിലുള്ള പ്രതിരോധത്തിൽ ആക്കിയിട്ടുണ്ടോ?
ഒരിക്കലുമില്ല. 'സഖി'യുടെ കഴിഞ്ഞ 26 കൊല്ലത്തെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാറുമായും പുരോഗമന സ്ത്രീപക്ഷ സംഘടനകളുമായും ചേർന്നുനിന്നുകൊണ്ടായിരുന്നു. ഇടതുപക്ഷത്തുള്ള നിരവധിയായ വനിതാ നേതാക്കൾ ഞങ്ങളുമായി ഇപ്പോഴും സഹകരിക്കുന്നുണ്ട്. അവരിൽ പലരും 25ാം വാർഷിക ചടങ്ങിൽ പങ്കെടുക്കുകയും പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും കാലാകാലങ്ങളിൽ ഭരണത്തിലിരിക്കുന്ന സർക്കാറുകളെ ധിക്കരിച്ചോ അവയുടെ വിശ്വാസം നേടാതെയോ 'സഖി' ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. കക്ഷിരാഷ്ട്രീയത്തോടോ സംഘടിത മതങ്ങളോടോ 'സഖി' ഒരിക്കലും ചേർന്ന് നിന്നിട്ടില്ല. നാട്ടിലെ ജനാധിപത്യ സംവിധാനത്തിനുള്ളിൽനിന്നുകൊണ്ട് ലിംഗനീതിക്കു വേണ്ടിയുള്ള കൂട്ടായ ശ്രമങ്ങൾക്ക് നേതൃത്വം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്തിട്ടുള്ളത്. സർക്കാറുകളെ അട്ടിമറിക്കുകയോ നാട്ടിൽ അസ്ഥിരത സൃഷ്ടിക്കുകയോ ഒന്നും ഞങ്ങളുടെ സ്വപ്നങ്ങളിൽപോലും വരുന്നില്ല.
പിന്നെ എന്തുകൊണ്ടാണ് തീവ്ര വലതുപക്ഷവും മുഖ്യധാരാ ഇടതുപക്ഷവും താങ്കളുടെയും 'സഖി'യുടെയും സാമ്പത്തിക ഇടപാടുകളെ സംശയിക്കുന്നത്?
അങ്ങനെ സംശയിക്കുന്നവർ കേവലം ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചാൽ പോരാ. സന്നദ്ധ സംഘടനകൾ കൈപ്പറ്റുന്ന വിദേശ സംഭാവനകളെ നിരീക്ഷിക്കാനും നടപടി എടുക്കാനും കേന്ദ്ര സർക്കാറിന് വിവിധ ഏജൻസികളുണ്ട്. അവയിൽ ഏതിലെങ്കിലും ഒന്നിന് പരാതി കൊടുക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങളെ ശിക്ഷിക്കണം. അത് ചെയ്യാതെ നുണകൾകൊണ്ട് കോട്ടകെട്ടുന്നത് ഇടതുപക്ഷത്ത് എന്നവകാശപ്പെടുന്നവർക്ക് ഭൂഷണമല്ല. ഭരണതലത്തിലുള്ള മിക്കവർക്കും എന്നെ അറിയാം. എന്റെ പ്രവർത്തനങ്ങളെയും അറിയാം. നൈതികമല്ലാത്ത എന്തെങ്കിലും ഞാനോ എന്റെ സംഘടനയോ ചെയ്തിട്ടുണ്ടെങ്കിൽ ഞങ്ങൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിച്ചു ജയിലിലിടണം.
ഐക്യ ജനാധിപത്യ മുന്നണി ഭരിക്കുമ്പോഴും ഇപ്പോൾ ഇടതു ജനാധിപത്യ മുന്നണി ഭരിക്കുമ്പോഴും ഞങ്ങൾ കൊടിയുടെ നിറം നോക്കാതെ സർക്കാറുകളുമായി ചേർന്നുനിന്ന് പ്രവർത്തിച്ചിട്ടുണ്ട്. കൂടുതലും ഞങ്ങളോട് സഹകരണം കാട്ടിയത് ഇടതുപക്ഷമാണ്. ജനകീയാസൂത്രണത്തിന്റെ വിജയത്തിലെ 'സഖി'യുടെ പങ്കിനെ പ്രശംസിച്ചത് ഡോ. തോമസ് ഐസക്കാണ്.
കഴിഞ്ഞ രണ്ടുമാസങ്ങളായി ആരോപണങ്ങളുടെ കുത്തൊഴുക്കാണ്. ഞങ്ങൾ ആരുടെയും കാലുപിടിക്കാൻ പോയിട്ടില്ല. ആരോടും വിശദീകരിക്കാനും പോയിട്ടില്ല. 'സഖി'യുടെ പ്രവർത്തനങ്ങൾ സുതാര്യമാണ്. ആർക്കും പരിശോധിക്കാം.
പിന്നെ എന്തുകൊണ്ടാണ് താങ്കളും താങ്കളുടെ പ്രസ്ഥാനവും ടാർജറ്റ് ചെയ്യപ്പെടുന്നത്?
അതിനുത്തരം ഒന്നേയുള്ളൂ. ഞാൻ എ.ജെ. വിജയന്റെ ജീവിതപങ്കാളിയാണെന്നുള്ളത്. സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കാൻ ഞാൻ മരിയനാട്ട് എത്തുമ്പോൾ വിജയൻ സഹപ്രവർത്തകൻ ആയിരുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിൽ ഞങ്ങൾ ഒരുമിച്ചാണ് വർഷങ്ങളോളം പ്രവർത്തിച്ചത്. വിജയൻ ആ സമൂഹത്തിൽനിന്നുതന്നെയുള്ളയാളാണ്. ഞാൻ പുറമെ നിന്ന് വന്ന് അവിടെ പ്രവർത്തിച്ചയാൾ. അന്നും ഇന്നും ഞങ്ങൾക്ക് രണ്ടു പേർക്കും തീരദേശ സമൂഹത്തിന്റെ അതിജീവനപ്രശ്നങ്ങളിൽ ഒരേ നിലപാടാണുള്ളത്. ഒരാൾ അനുഭവിച്ചറിഞ്ഞതും മറ്റെയാൾ കണ്ടും കേട്ടും അറിഞ്ഞതുമാണെന്ന വ്യത്യാസം മാത്രം. കാൽനൂറ്റാണ്ടു മുമ്പ് ഞാൻ തീരദേശത്തെ പ്രവർത്തനങ്ങൾ വിട്ട് 'സഖി'യിലേക്കും അതിലൂടെ ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേക്കും നീങ്ങി. മത്സ്യത്തൊഴിലാളി സമൂഹത്തിൽ അവരുടേതായ നേതൃത്വം ഉയർന്നുവരുന്നത് കണ്ട സന്തോഷത്തിലായിരുന്നു ആ പിൻവാങ്ങൽ. വിജയൻ അന്നത്തെപ്പോലെ സാമൂഹികസേവന രംഗത്ത് തൊഴിൽ ചെയ്യുന്നയാളല്ല ഇന്ന്. വിവർത്തനം ചെയ്താണ് അദ്ദേഹം ജീവിതവരുമാനം ഉണ്ടാക്കുന്നത്. ആർക്കും അദ്ദേഹത്തിന്റെ കണക്കുകൾ പരിശോധിക്കാം. ലത്തീൻ സഭയുടെ നേതൃത്വത്തിലുള്ള സമരത്തിൽ അദ്ദേഹം പങ്കാളി അല്ലായിരുന്നു. ആശയപരമായി അവരോട് യോജിച്ചിരുന്നു എന്നുമാത്രം. പദ്ധതിയുടെ ആശയം എന്ന് രൂപവത്കരിക്കപ്പെട്ടോ അന്നുമുതൽ തന്നെ അദ്ദേഹം അതിനെതിരായി നിലപാടെടുത്തിട്ടുള്ളയാളാണ്. അതിൽ നിക്ഷിപ്ത താൽപര്യങ്ങൾ ഒന്നുമില്ല. ആരെല്ലാം എന്തെല്ലാം മാറ്റി പറഞ്ഞിട്ടും മറുകണ്ടം ചാടിയിട്ടും അദ്ദേഹം നിന്നിടത്തുതന്നെ നിൽക്കുകയാണ്. തീരദേശത്തെ മനുഷ്യരുടെ അതിജീവനം, നിലനിൽപ്പ്, തീരദേശ പരിസ്ഥിതി, തീരദേശ സാമ്പത്തിക വ്യവസ്ഥ എന്നിവയിലെല്ലാം ഗവേഷണപഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. തീരത്തെക്കുറിച്ച് അക്കാദമികമായും ഗവേഷണപരമായും പഠിച്ച ഒരാളെന്നനിലയിൽ മാത്രമല്ല തീരത്ത് ജനിച്ചുവളർന്ന് അനുഭവിച്ചറിഞ്ഞ സത്യങ്ങളുടെ കൂടി വെളിച്ചത്തിലാണ് പദ്ധതിയെക്കുറിച്ചു കഴിയുന്നത്ര ആധികാരികമായും ആർക്കും നിഷേധിക്കാനാകാത്ത രീതിയിലും ചില അപ്രിയ സത്യങ്ങൾ അദ്ദേഹം തുറന്നു പറയുന്നത്. ആ സത്യം അലോസരപ്പെടുത്തുന്നവരാണ് അദ്ദേഹത്തെ ലക്ഷ്യമിട്ട് എന്നെയും 'സഖി'യെയും വിവാദങ്ങളിൽ കൊണ്ടുപോയിടുന്നത്. അവരോടൊക്കെ സഹതാപമേയുള്ളൂ.
ലത്തീൻ സഭയുടെ വിഴിഞ്ഞത്തെ സമരവുമായി എന്തെങ്കിലും തരത്തിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ടോ?
തിരുവനന്തപുരത്തെ തീരദേശ സമൂഹം ഉയർത്തുന്ന അതിജീവനപരമായ ആശങ്കകൾ നൂറുശതമാനം ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. നാളിതുവരെ ഞാൻ കണ്ടും കേട്ടും അറിഞ്ഞ സത്യങ്ങളാണവ. ചൂഷണത്തിനിരയാവുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന ഏതൊരു സമൂഹത്തോടും നമുക്ക് അനുഭാവം ഉണ്ടാകേണ്ടതല്ലേ? എനിക്കവരോട് അതുണ്ട്. അദാനിയുടെ തുറമുഖം തീരശോഷണത്തിന് കാരണമാകുന്നുണ്ട് എന്നുതന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ, സമരവുമായി ഞാൻ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടായി എന്റെ പ്രവർത്തനമേഖല വേറെയായിരുന്നു. മത്സ്യത്തൊഴിലാളികളെ നയിക്കാൻ അവരുടേതായ നേതൃത്വം രൂപപ്പെട്ടപ്പോൾ പുറമെ നിന്നുള്ളവരുടെ ആവശ്യം അവർക്കില്ലെന്നു മനസ്സിലാക്കി സന്തോഷത്തോടെ രംഗം വിട്ടയാളാണ് ഞാൻ. പേക്ഷ, എന്റെ മനസ്സും ചിന്തകളും എന്നും അവർക്കൊപ്പമാണ്. എന്നിലെ എന്നെയും എന്റെ നിലപാടുകളെയും രൂപപ്പെടുത്തിയത് അവരാണ്. ഞാൻ പഠിച്ച ഏറ്റവും വലിയ സാമൂഹികപാഠങ്ങൾ അവരിൽനിന്നുമാണ്. പിന്നെ ആരോഗ്യപരമായി ചില കടുത്ത വെല്ലുവിളികളിലൂടെയാണ് കുറെ മാസങ്ങളായി കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ആഗ്രഹമുണ്ടായാലും പലയിടത്തും എത്താനും മനുഷ്യരോട് ഇടപെടാനും പഴയതുപോലെ ഇപ്പോൾ സാധിക്കുന്നില്ല.
വിഴിഞ്ഞത്തെ സമരം തീർത്തും അനഭിലഷണീയമായ ചില അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയി. പ്രത്യേകിച്ചും പൊലീസ് സ്റ്റേഷൻ ആക്രമണം. എന്താണഭിപ്രായം?
തീർച്ചയായും ഒഴിവാക്കപ്പെടേണ്ടവതന്നെയായിരുന്നു സമരവുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ. എന്നാൽ, അവ ആരെങ്കിലും മുൻകൂട്ടി ആസൂത്രണം ചെയ്തവയല്ല എന്നാണ് എന്റെ അനുമാനം. കൂട്ടത്തിലുള്ളവരെ അകാരണമായി പിടിച്ചുകൊണ്ടുപോയി എ.ആർ ക്യാമ്പിൽ അടക്കുന്നു എന്ന് കേട്ടപ്പോൾ മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചപ്പോൾ അവരിൽ ചിലർക്ക് അമിത വൈകാരികത തോന്നിയിരിക്കണം. അതിനെയൊന്നും ഞാൻ അനുകൂലിക്കുന്നില്ല. സമരക്കാർ പ്രകോപിതരാകാൻ പാടില്ലായിരുന്നു. എന്നാൽ, മറുവശത്ത് എന്താണ് സംഭവിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് കടലിൽ മീൻപിടിക്കാൻ പോയിരുന്ന മത്സ്യത്തൊഴിലാളിയെയാണ് പിന്നീട് കലാപശ്രമത്തിന് അറസ്റ്റ് ചെയ്ത് ക്യാമ്പിലേക്ക് കൊണ്ടുപോയത്. അത് ആ മനുഷ്യരെ പ്രകോപിപ്പിക്കാൻ ആയിരുന്നില്ലേ? മത്സ്യത്തൊഴിലാളികൾ കടലിനോട് മല്ലിടുന്നവരാണ്. അവരുടെ പ്രതികരണങ്ങളിൽ അതിവൈകാരികത ഉണ്ടാകുമെന്ന് അറിയാത്തവരല്ല സർക്കാറും പൊലീസും. സമരം തുടങ്ങിയപ്പോൾ മുതൽ അവരെ പ്രകോപിപ്പിക്കാൻ പൊലീസും പദ്ധതി അനുകൂലികളായ സവർണ ഹിന്ദുത്വ കൂട്ടായ്മകളും ശ്രമിച്ചിട്ടുണ്ട്. എന്തെല്ലാം അധിക്ഷേപങ്ങളാണ് അവർക്കു നേരെ ചൊരിഞ്ഞത്. ഒടുവിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയിൽ എത്തിയതിൽ സർക്കാറിനും പൊലീസിനും ഉത്തരവാദിത്തമുണ്ട്.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ലത്തീൻ കത്തോലിക്കാ സഭ പറ്റിച്ചുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും ഒക്കെയാണ് ആക്ഷേപം. വാസ്തവത്തിൽ വിഴിഞ്ഞത്തേത് ഒരു സാമുദായിക ലഹള ആയിരുന്നോ?
തീരദേശത്തെക്കുറിച്ചു തികഞ്ഞ അജ്ഞതയുള്ളവരാണ് അത്തരം ആക്ഷേപങ്ങളുമായി വരുന്നത്. വാസ്തവത്തിൽ ലത്തീൻ സഭ മത്സ്യത്തൊഴിലാളികളെ സമരംചെയ്യാൻ പ്രേരിപ്പിക്കുക ആയിരുന്നില്ല. അവരുടെ സമരത്തോട് ചേരാൻ സഭ നിർബന്ധിതമാകുകയായിരുന്നു. സഭയുടെ മുന്നിൽ വേറെ വഴിയില്ലായിരുന്നു. ഉപജീവനവും വീടും വള്ളവും വലയും പദ്ധതിമൂലം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ നേരെ ഇവിടത്തെ ഇടത്-വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൊത്തത്തിൽ മുഖം തിരിച്ചു. ആരും അവരെ സഹായിക്കാൻ ഉണ്ടായില്ല. കാറ്റുകടക്കാത്ത വെയർഹൗസുകളിൽ അവരെ കൊണ്ടുപോയി തള്ളിയിട്ടു തുടങ്ങിയിട്ട് വർഷങ്ങളായി. സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് അത്തരം പുനരധിവാസ ക്യാമ്പുകൾ. നമ്മുടെ മന്ത്രിമാരോ രാഷ്ട്രീയ നേതാക്കളോ എന്തുകൊണ്ടാണ് അവിടെയൊന്നും സന്ദർശിക്കാഞ്ഞത്. കൂടെ നിൽക്കേണ്ട ആരും കൂടെയില്ലാത്ത അവസ്ഥ വന്നപ്പോഴാണ് മത്സ്യത്തൊഴിലാളികൾ അവസാനത്തെ അഭയം എന്ന നിലയിൽ സഭയെ സമീപിച്ചത്. തിരുവനന്തപുരം തീരത്തെ മത്സ്യത്തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ലത്തീൻ കത്തോലിക്കാ സഭക്കാരാണ്. അതുകൊണ്ട് അവരുടെ സമരത്തിൽ ഒപ്പം നിൽക്കുകയല്ലാതെ സഭക്ക് വഴിയില്ലായിരുന്നു. സഭ മാത്രമല്ല മുസ്ലിം വിഭാഗത്തിലെ മത്സ്യത്തൊഴിലാളികളും ധീവര സഭയും എല്ലാം ഈ സമരത്തിൽ ഉണ്ടായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നത് തീരജനതയെ തളർത്താനായിട്ടാണ്. മത്സ്യത്തൊഴിലാളികൾ ഇനിയും സമരം തുടരേണ്ടിവരും.
മത്സ്യത്തൊഴിലാളികൾ രാഷ്ട്രീയമായല്ലേ സംഘടിക്കേണ്ടത്? മതപരമായല്ലല്ലോ?
ഏത് മതവിഭാഗത്തിൽപെട്ട മത്സ്യത്തൊഴിലാളികൾ ആയാലും അവർക്ക് അവരുടെ പള്ളിയും അമ്പലവും ആധ്യാത്മിക കേന്ദ്രങ്ങൾ മാത്രമല്ല. അവരുടെ സാമൂഹികവും സാമ്പത്തികവും വിനോദപരവുമായ വ്യവഹാരങ്ങൾ എല്ലാംതന്നെ അവയുമായി ബന്ധപ്പെട്ടാണ്. ഇന്ത്യയിൽ ഏതു തീരദേശത്തും ഇതുതന്നെയാണ് അവസ്ഥ. ഓഖി വന്നപ്പോഴും കൊറോണയുടെ സമയത്തുമെല്ലാം നാം അത് കണ്ടതാണ്. പുരോഹിതന്മാർ പറഞ്ഞപ്പോൾ അവർ അനുസരിച്ചു. അവർ ശാന്തരായി. പ്രളയം വന്നപ്പോൾ പുരോഹിതർ ആഹ്വാനം ചെയ്തപ്പോൾ അവർ വള്ളങ്ങളുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി. ഈയൊരു സാമൂഹിക അവസ്ഥ പെട്ടെന്നൊന്നും മാറില്ല. മതവും വിശ്വാസവും ആശ്രയത്വവും കൂടിക്കുഴഞ്ഞു നിൽക്കുന്ന അവസ്ഥയുണ്ട്. നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറവും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും ലക്ഷ്യമിട്ടത് മതേതരമായി മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനാണ്. വിജയനും മറ്റും ഇപ്പോഴും ആ നിലയിലാണ് പ്രവർത്തിക്കുന്നത്. പേക്ഷ, ഉന്നതകുലജാതർക്കിടയിലെ വർഗീയതയൊന്നും തീരദേശ സമൂഹങ്ങളിലില്ല. അവർ ആരെയും വെറുക്കുന്നില്ല. അമ്പലത്തിലെ പ്രദക്ഷിണം പോകാൻ സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയവരാണ് വിഴിഞ്ഞത്തെ പ്രക്ഷോഭകർ. തീരദേശത്തെ മുസ്ലിം സമൂഹം ലത്തീൻ ക്രൈസ്തവരായ പ്രക്ഷോഭകരോട് ചേർന്നു നിൽക്കുകയാണ് ചെയ്തത്. മന്ത്രിക്കെതിരായ പുരോഹിതന്റെ വിവാദ പ്രസ്താവനയെ ഒട്ടുംതന്നെ അനുകൂലിക്കുന്നില്ല. അത്തരം ഒരു സാമൂഹിക വീക്ഷണമല്ല തീരദേശ സമൂഹത്തിനുള്ളത് എന്ന് എനിക്ക് അവർക്കിടയിൽ പ്രവർത്തിച്ച ഒരാളെന്ന നിലയിൽ പറയാൻ കഴിയും.
'ദേശാഭിമാനി'യുടെ ഒന്നാം പേജിൽ വിജയന്റെ ചിത്രം അടിച്ചു വന്നു. ഹിന്ദുത്വ പോർട്ടലുകൾ താങ്കളുടെ ചിത്രം െവച്ചുള്ള തേജോവധം തുടരുന്നു. ഭയമുണ്ടോ?
വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ബഹുസ്വര പുരോഗമന മതേതര നിലപാടുകൾ പുലർത്തി പോരുന്നവരാണ് ഞങ്ങൾ ഇരുവരും. സ്വാർഥലക്ഷ്യങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. വിശാലമായ പൊതുതാൽപര്യത്തിനൊപ്പം മാത്രമാണ് നിലകൊണ്ടിട്ടുള്ളത്. ഒരിക്കലും ഏതെങ്കിലും മതത്തിന്റെയോ അതിലെ വിഭാഗങ്ങളുടെയോ വക്താക്കൾ ആയിരുന്നിട്ടില്ല. വിശാല മാനവികതയിലും അടിസ്ഥാന മനുഷ്യാവകാശങ്ങളിലുംതന്നെയാണ് വിശ്വാസം. സമൂഹത്തെ ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചത്; ഭിന്നിപ്പിക്കാനല്ല. വിഴിഞ്ഞത്തെ കോർപറേറ്റ് താൽപര്യങ്ങൾ എങ്ങനെ സ്വന്തം ജനതയുടെ അതിജീവനത്തെ ദുഷ്കരമാക്കുന്നു എന്ന് പൊതുസമൂഹത്തോട് തന്റേതായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിളിച്ചുപറയാനാണ് എന്നും വിജയൻ ശ്രമിച്ചിട്ടുള്ളത്. സഭയുടെ സമരത്തിന് മുമ്പ് സ്വന്തംനിലയിൽ എളിയ സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം കൊടുത്തിരുന്നു. വ്യത്യസ്തമായ കർമഭൂമികളിലാണ് ഞങ്ങൾ എങ്കിലും ഞങ്ങളുടെ മൂല്യബോധവും നിലപാടുകളും എന്നും ഒന്നാണ്. വിശാല പൊതുതാൽപര്യങ്ങൾക്കപ്പുറം ഒന്നുമില്ല. കേരളത്തിന്റെ മതേതര പുരോഗമന ജനാധിപത്യ നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം എളിയ നിലയിൽ ഞങ്ങളുമുണ്ടാകും. അതിൽനിന്നും പിന്മാറ്റാൻ ഒരു ഭീഷണിക്കാർക്കും ആകില്ല. ഞങ്ങൾ ഇവിടെതന്നെയുണ്ടാകും. ഒരു പേടിയുമില്ല.