‘ചില ജോലികൾ ഇല്ലാതായേക്കാം; എന്നാൽ പുതിയ സാധ്യത വരും’
നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി പൂർണതോതിൽ പ്രവർത്തനസജ്ജമായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം എല്ലാവരിലുമുണ്ട്. തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയാണ് അതിൽ പ്രധാനം. അതിനെക്കുറിച്ച് ചാറ്റ്ജിപിടി തന്നെ എന്തുപറയുന്നുവെന്ന് നോക്കാം. മൊഴിമാറ്റം: ബാസിൽ ഇസ്ലാംനമുക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനംകൂടിയാണ് ചാറ്റ്ജിപിടി. പൂർണസജ്ജമാകാത്ത ചാറ്റ്ജിപിടിയിൽ നമുക്ക് ചെയ്യാവുന്നതും ചോദ്യങ്ങൾ...
Your Subscription Supports Independent Journalism
View Plansനിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി പൂർണതോതിൽ പ്രവർത്തനസജ്ജമായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം എല്ലാവരിലുമുണ്ട്. തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയാണ് അതിൽ പ്രധാനം. അതിനെക്കുറിച്ച് ചാറ്റ്ജിപിടി തന്നെ എന്തുപറയുന്നുവെന്ന് നോക്കാം.
മൊഴിമാറ്റം: ബാസിൽ ഇസ്ലാം
നമുക്ക് ചോദ്യങ്ങൾ ഉന്നയിക്കാനുള്ള സംവിധാനംകൂടിയാണ് ചാറ്റ്ജിപിടി. പൂർണസജ്ജമാകാത്ത ചാറ്റ്ജിപിടിയിൽ നമുക്ക് ചെയ്യാവുന്നതും ചോദ്യങ്ങൾ ഉന്നയിക്കുകതന്നെ. നിർമിതബുദ്ധി തൊഴിൽ നഷ്ടമുണ്ടാക്കുമോ? എന്താണ് തൊഴിൽമേഖലയിൽ ഇനി സംഭവിക്കുക? ചാറ്റ്ജിപിടി നൽകുന്ന ഉത്തരങ്ങൾ വായിക്കാം.
നിർമിതബുദ്ധി (എ.ഐ) മനുഷ്യരിൽ വലിയ അളവിലുള്ള തൊഴിൽനഷ്ടത്തിലേക്ക് നയിക്കുമോ?
പല വ്യവസായങ്ങളിലും മേഖലകളിലും എ.ഐ സാങ്കേതികവിദ്യയും യന്ത്രവത്കരണവും നടപ്പാക്കുന്നത് തൊഴിൽ വിപണിയെയും ജോലിസാധ്യതകളെയും ബാധിക്കുമെന്നത് ശരിയാണ്.
പ്രത്യേക ജോലികൾ യന്ത്രവത്കരിക്കാനും അതിന്റെ കാര്യക്ഷമത വർധിപ്പിക്കാനും എ.ഐക്ക് കഴിയുമെന്നിരിക്കെ, നിർമിതബുദ്ധി സൃഷ്ടിക്കൽ, അറ്റകുറ്റപ്പണി, നടത്തിപ്പ് എന്നീ മേഖലകളിൽ ഒരുപാട് തൊഴിൽസാധ്യതകൾ സൃഷ്ടിക്കാൻ കഴിയും. ഒപ്പം, മനുഷ്യന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും സർഗാത്മകതയും പ്രശ്നപരിഹാരശേഷിയും ആവശ്യമായ കൂടുതൽ മൂല്യവത്തായ പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ജോലിക്കാരെ അത് പ്രാപ്തരാക്കുന്നുണ്ട്. തൊഴിലുകളിൽ എ.ഐ ബാധിക്കുന്നതിന്റെ തോത് പ്രദേശത്തിനും വ്യവസായത്തിനും ജോലിക്കും അനുസരിച്ച് വ്യത്യാസപ്പെടുമെന്ന കാര്യം പ്രധാനമാണ്. യന്ത്രവത്കരിക്കപ്പെടാൻ ചില ജോലികൾക്ക് മറ്റുള്ളവയെക്കാൾ സാധ്യത കൂടുതലാണ്. മൊത്തത്തിൽ, സങ്കീർണവും ബഹുമുഖവുമായ ഫലങ്ങളാണ് എ.ഐ തൊഴിൽമേഖലയിൽ സൃഷ്ടിക്കാൻ പോകുന്നത്. അതിന്റെ ഭാവിയെക്കുറിച്ച് കൃത്യമായ പ്രവചനങ്ങൾ നൽകുക ഈയവസരത്തിൽ ബുദ്ധിമുട്ടാണ്. അതിനെയെല്ലാം മുൻകൂട്ടിക്കണ്ട് ആവശ്യമായ നടപടി സ്വീകരിക്കുക എന്നതാണ് ഇപ്പോൾ പ്രധാനം.
ഏതൊക്കെ വ്യവസായങ്ങളെയാണ് ഈ മാറ്റം നേരിട്ട് ബാധിക്കുക?
എ.ഐയുടെയും യന്ത്രവത്കരണത്തിന്റെയും കടന്നുവരവ് ഇപ്പോൾതന്നെ പല മേഖലകളെയും ബാധിച്ചുകഴിഞ്ഞിട്ടുണ്ട്; ഭാവിയിൽ അത് തുടരാനേ ഇനി സാധ്യതയുള്ളൂ. അവയിൽ ചില മേഖലകൾ ഇവയെല്ലാമാണ്:
1. ഉൽപാദനം: ഓട്ടോമേഷനും റോബോട്ടിക്സും ഉൽപാദന മേഖലകളിൽ ദശകങ്ങളായി ഉപയോഗത്തിലുണ്ട്. ഇപ്പോൾ നിർമാണ പ്രക്രിയകളെ മെച്ചപ്പെടുത്താനും കഴിവുറ്റതാക്കാനും ഈ മേഖലയിൽ എ.ഐ വ്യാപകമായി സ്വീകരിച്ചുവരുന്നു.
2. ഗതാഗതം: സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങളും ഡ്രോണുകളും ഗതാഗത മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചുകഴിഞ്ഞു. അതിനി കൂടുതൽ നിലവാരമുള്ളതും വ്യാപകവുമായിത്തീരാനാണ് സാധ്യത.
3. ചില്ലറവ്യാപാരം, ഇ-കോമേഴ്സ്: വൈയക്തിക അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകൾ, ചാറ്റ്ബോട്ടുകൾ, വെർച്വൽ സഹായികൾ എന്നിവയിലൂടെ ഉപഭോക്തൃ അനുഭവത്തെ നന്നാക്കാൻ നിർമിതബുദ്ധിയെ ഉപയോഗിക്കുന്നതിനൊപ്പം ചരക്കുകളുടെ നിയന്ത്രണം, വിതരണ ശൃംഖലയുടെ നവീകരണം, വെട്ടിപ്പുകൾ കണ്ടെത്തുക എന്നീ ആവശ്യങ്ങൾക്കും അവ ഉപയോഗിച്ചുവരുന്നു.
4. സാമ്പത്തിക വിനിമയം: വെട്ടിപ്പുതട്ടിപ്പുകൾ കണ്ടുപിടിക്കുക, വായ്പാ കണക്കുകൾ സൂക്ഷിക്കുക, നിക്ഷേപങ്ങളുടെ വിശകലനം എന്നീ ആവശ്യങ്ങൾക്കാണ് ഈ മേഖലയിൽ എ.ഐ ഉപയോഗിക്കുന്നത്.
5. ആരോഗ്യ സംരക്ഷണം: ആരോഗ്യ പരിശോധനകളും മരുന്ന് വികസിപ്പിക്കുന്നതും ശുശ്രൂഷ ആസൂത്രണം ചെയ്യുന്നതും മെച്ചപ്പെടുത്തുന്നതിനും ഭരണപരമായ പ്രവൃത്തികൾ സുഗമമാക്കുന്നതിനും എ.ഐ ഉപയോഗപ്പെടുത്തുന്നുണ്ട്.
എ.ഐയും ഓട്ടോമേഷനും സ്വാധീനിച്ച ഏതാനും ചില വ്യവസായ മേഖലകളെയാണ് ഇവിടെ പരാമർശിച്ചത്. എ.ഐയുടെ സ്വാധീനം നിശ്ചിത സാഹചര്യവും ആവശ്യവും അനുസരിച്ച് മാറുമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ മേഖലകളിൽ തൊഴിൽ ചെയ്യുന്ന വലിയൊരു വിഭാഗം തൊഴിലാളികൾക്ക് എന്താണ് അപ്പോൾ സംഭവിക്കുക?
ചില സാഹചര്യങ്ങളിൽ, നിർമിതബുദ്ധിയെ സ്വീകരിക്കുന്നതോ യന്ത്രവത്കരണമോ ചില ജോലികൾ ഇല്ലാതാക്കിയേക്കാം. പ്രത്യേകിച്ചും, യന്ത്രവത്കരിക്കാൻ കഴിയുന്ന ആവർത്തിത പ്രവൃത്തികൾ. ഉദാഹരണത്തിന്: നിർമാണ മേഖലയിലേക്ക് റോബോട്ടുകൾ കടന്നുവന്നതോടെ കായികാധ്വാനം ആവശ്യമായ തരത്തിലുള്ള ജോലികൾ കുറഞ്ഞു.
എന്നാൽ, എ.ഐയുടെ കടന്നുവരവ് പുതിയ തൊഴിൽസാധ്യതകളും കൊണ്ടുവരുന്നുണ്ട് എന്നത് മറന്നുകൂടാ. മാത്രവുമല്ല, ഓട്ടോമേഷൻ തൊഴിലാളികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും സർഗാത്മകതയും പ്രശ്നപരിഹാരശേഷിയും ആവശ്യമായ കൂടുതൽ മൂല്യവത്തായ പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്. ഇത് പുതിയ വൈദഗ്ധ്യങ്ങളുടെ വികാസത്തിലേക്കും തൊഴിൽ സാധ്യതകളിലേക്കും വഴിതുറക്കുന്നു.
തൊഴിൽരഹിതരാക്കപ്പെടുന്നവരെ ഉൾക്കൊള്ളുന്ന പുതിയ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നാണോ പറയുന്നത്?
അതേ. നിർമിതബുദ്ധി നടപ്പാക്കലും തുടർന്നുള്ള ഓട്ടോമേഷനും ആദ്യഘട്ടത്തിൽ ചില തൊഴിലുകളെ ഇല്ലാതാക്കിയേക്കാം. അപ്പോഴും അതിന് മനുഷ്യ തൊഴിലാളികൾക്കായി പുതിയ ജോലികൾ സൃഷ്ടിക്കാൻ സാധിക്കും. പ്രത്യേകിച്ചും, നിർമിതബുദ്ധി ഘടനകളുടെ സൃഷ്ടിപ്പും അറ്റകുറ്റപ്പണികളും പ്രായോഗികവത്കരണവുമായി ബന്ധപ്പെട്ട ഇടങ്ങളിലാവും അതുണ്ടാവുക.
ഉദാഹരണത്തിന്, നിർമിതബുദ്ധി വികസിപ്പിക്കുന്നതിന് ഡേറ്റ അനാലിസിസ്, മെഷീൻ ലേണിങ്, പ്രോഗ്രാമിങ് തുടങ്ങി പലതരം സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. ഇതെല്ലാം ഏറെ ആവശ്യമുള്ള സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിർമിതബുദ്ധിയുടെ വളർച്ച ഇത്തരത്തിലുള്ള കഴിവുകളുള്ളവർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുകയേയുള്ളൂ.
കൂടാതെ സിസ്റ്റം ഡിസൈൻ, ടെക്നിക്കൽ സപ്പോർട്ട്, ക്വാളിറ്റി അഷ്വറൻസ് എന്നീ മേഖലകളിലും തൊഴിലവസരങ്ങൾ ഏറെയുണ്ടാവും. നിർമിതബുദ്ധി സംവിധാനങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനും നടത്തിപ്പിനും ഈ ജോലികൾ അനിവാര്യമാണ്.
തങ്ങളുടെ വ്യവസായത്തിൽ എ.ഐകൊണ്ട് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് തൊഴിലാളികൾ സദാ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. അതിലൂടെ മാറുന്ന വിപണിക്ക് അനുയോജ്യമായ പുതിയ വൈദഗ്ധ്യങ്ങളും അറിവുകളും പരിശീലിച്ചെടുക്കേണ്ടതും ആവശ്യമാണ്.
എന്നാൽ, ഈ വൈദഗ്ധ്യങ്ങൾ നേടിയതുകൊണ്ടുമാത്രം സുസ്ഥിരമായ ഒരു തൊഴിലവസരം ഉറപ്പാക്കാൻ കഴിയില്ലല്ലോ. വൈകാതെതന്നെ അവയെല്ലാം ചെയ്യാൻ മെഷീനുകൾ പ്രാപ്തരാവില്ലേ?
എ.ഐയും ഒാട്ടോമേഷനും പുരോഗമിക്കുന്നതിനനുസരിച്ച് നിലവിൽ മനുഷ്യാധ്വാനം ആവശ്യമായ ജോലി ചെയ്യാൻ യന്ത്രങ്ങൾ പ്രാപ്തമാവുമെന്നത് ശരിയാണ്. എങ്കിലും തൊഴിലവസരം പൂർണമായി ഇല്ലാതാകാൻ ഇത് കാരണമാവില്ല.
ആദ്യമായി, പുതിയ എ.ഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിനനുസരിച്ച് അവക്ക് ആവശ്യമായ ഗവേഷണവും നിർമാണവും അറ്റകുറ്റപ്പണികളും നടത്തേണ്ടതുണ്ട്. ഇതിനായി സങ്കീർണമായ എ.ഐ സംവിധാനങ്ങൾ രൂപകൽപന ചെയ്യാനും തകരാറുകൾ പരിഹരിക്കാനും വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമാണ്.
രണ്ടാമതായി, പ്രത്യേക പ്രവൃത്തികൾ നിർവഹിക്കുന്നതിൽ യന്ത്രങ്ങൾ കൂടുതൽ കഴിവ് തെളിയിച്ചാലും മനുഷ്യർക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ട്. സർഗാത്മകത, സഹാനുഭൂതി, വൈകാരിക ധിഷണ എന്നീ മാനുഷിക ഗുണങ്ങൾ ഉദാഹരണം. ഇതൊക്കെ ആവശ്യമായ മേഖലകളിൽ ആ ഡിമാൻഡ് നിലനിൽക്കുകയേ ഉള്ളൂ.
അവസാനമായി, നിർമിതബുദ്ധിയുടെ തൊഴിൽവിപണിയിലുള്ള ആഘാതം അത്യന്താപേക്ഷിതമല്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. അത് പ്രാഥമികമായും മനുഷ്യരുടെ പക്കൽനിന്നുള്ള തീരുമാനവും നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യമാണ്.
ഭരണകൂടങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇനി പുതിയ തൊഴിൽ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കാനും പുതിയ ജോലികളിലേക്ക് മാറാനും തൊഴിലാളികളെ സഹായിക്കുംവിധമുള്ള പരിശീലന പരിപാടികളിലും വിദ്യാഭ്യാസത്തിലും നിക്ഷേപമിറക്കേണ്ടതുണ്ട്. അങ്ങനെ തൊഴിൽ വിപണിയിൽ എ.ഐ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളെ ഒഴിവാക്കുന്നതിനുള്ള നടപടികളാണ് അവർ സ്വീകരിക്കേണ്ടത്.
വൈദഗ്ധ്യം ആവശ്യമില്ലാത്ത ആവർത്തിത തൊഴിലുകളോ?
വൈദഗ്ധ്യം ആവശ്യമില്ലാത്ത, സാധാരണ ജോലികൾ മറ്റുള്ളവയെക്കാൾ വേഗത്തിൽ യന്ത്രവത്കരിക്കപ്പെടാൻ സാധ്യതയുണ്ട്. സ്ഥിരമായതും ആവർത്തിതവുമായ അസംബ്ലി ലൈൻ വർക്ക്, ഡേറ്റ എൻട്രിപോലുള്ള ജോലികൾ യന്ത്രങ്ങളും നിർമിതബുദ്ധി സംവിധാനങ്ങളും ഉപയോഗിച്ച് യന്ത്രവത്കരിക്കാൻ കഴിയും.
എന്നാൽ, വൈദഗ്ധ്യമാവശ്യമില്ലാത്ത എല്ലാ ജോലികളും യന്ത്രവത്കരിക്കപ്പെടണമെന്നില്ല. ക്ലീനിങ്, കസ്റ്റമർ സർവിസ് പോലുള്ള ചിലതിൽ മനുഷ്യസ്പർശമോ തീരുമാനങ്ങളോ ആവശ്യമായി വരും. മാത്രവുമല്ല, ചില ജോലികൾ വൈദഗ്ധ്യം ആവശ്യമുള്ളതായി കണക്കാക്കപ്പെടുന്നില്ലെങ്കിലും അവക്ക് മാറുന്ന തൊഴിൽ വിപണിയുമായി ഒത്തുപോകാൻ പരിശീലനവും നിപുണത വികസനവും ആവശ്യമായിവരും.
പുതിയ വൈദഗ്ധ്യങ്ങൾ വികസിപ്പിക്കുന്നതിലൂടെയും പുതിയ അവസരങ്ങളോട് തുറന്ന മനോഭാവം പുലർത്തിക്കൊണ്ടും മാറുന്ന തൊഴിൽവിപണിയിലേക്ക് തൊഴിലാളികൾക്ക് തയാറെടുക്കാം. അതിനാവശ്യമായ പരിശീലന പരിപാടികളിൽ നിക്ഷേപിച്ചുകൊണ്ട് നയരൂപകർത്താക്കൾക്ക് അവരെ പിന്തുണക്കുകയും ചെയ്യാം.
കണ്ടന്റ് ഡെവലപ്മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എന്തുസംഭവിക്കും?
ഈ മേഖലയിലെ എ.ഐ മൂലമുള്ള മാറ്റങ്ങൾ സമ്മിശ്രമായിരിക്കാനാണ് സാധ്യത.
ഒരുവശത്ത്, ഡേറ്റ അനാലിസിസ്, കണ്ടന്റ് ക്യൂറേഷൻ, കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ തുടങ്ങിയ കണ്ടന്റ് ഡെവലപ്മെന്റിന്റെ ചില വശങ്ങളെ സുസംഘടിതമാക്കുന്നതിൽ സഹായിക്കാൻ നിർമിതബുദ്ധിക്ക് കഴിയും. ഉദാഹരണത്തിന്, വലിയ ഡേറ്റ സെറ്റുകളെ വിശകലനംചെയ്ത് അതിലെ ട്രെൻഡുകളും അതു നൽകുന്ന സൂചനകളും തിരിച്ചറിയാനും എ.ഐക്ക് കഴിയും. അല്ലെങ്കിൽ, ഉപയോക്താക്കളുടെ സ്വഭാവവും മുൻഗണനകളും മനസ്സിലാക്കി അനുയോജ്യമായ കണ്ടന്റുകൾ നിർദേശിക്കാനും അവക്ക് കഴിയും. ഇതൊക്കെയും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാനും കൂടുതൽ വിശാലമായ പ്രേക്ഷകരിലേക്ക് എത്താനും കണ്ടന്റ് ഡെവലപർമാരെ സഹായിക്കുന്നു.
മറ്റൊരുവശത്ത് സർഗാത്മകത, കഥപറച്ചിൽ, വൈകാരിക ബന്ധം എന്നിങ്ങനെയുള്ള ഘടകങ്ങൾ മനുഷ്യർക്ക് മാത്രമായുള്ള അതുല്യ കഴിവുകളാണ്. അവ ഈ മേഖലയുടെ കേന്ദ്രസ്ഥാനത്ത് തുടരുമെന്ന് മാത്രമല്ല, നിർമിതബുദ്ധിക്ക് അവ അനുകരിക്കുക ബുദ്ധിമുട്ടേറിയ കാര്യവുമാവും. അതിനാൽ നിർമിതബുദ്ധിയും ഓട്ടോമേഷനും മനുഷ്യ കണ്ടന്റ് ഡെവലപർമാർക്ക് പൂരകമായി നിലനിൽക്കുകയും, മനുഷ്യ സർഗാത്മകതയും നിർണയാധികാരവും കേന്ദ്രസ്ഥാനത്ത് നിലനിൽക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കും ഈ മേഖല മുന്നോട്ടു പോവുക.
തൊഴിലവസരങ്ങളുടെ കാര്യത്തിൽ, നിർമിതബുദ്ധിയും യന്ത്രവത്കരണവും ഈ മേഖലയിൽ നടപ്പാക്കുന്നത് ഡേറ്റ അനാലിസിസ്, എ.ഐ ഇംപ്ലിമെന്റേഷൻ, കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചേക്കാം. എങ്കിലും, കണ്ടന്റ് പ്രൊഡക്ഷൻ, ട്രാൻസ്ക്രിപ്ഷൻ പോലുള്ള ജോലികൾ യന്ത്രവത്കരിക്കപ്പെടുകയോ തുച്ഛമായ വേതനവ്യവസ്ഥയിൽ പുറംകരാറായി നൽകുകയോ ചെയ്തേക്കാം.
♦