''ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല''; ചെമ്പൻ വിനോദ് സിനിമയും ജീവിതവും സംസാരിക്കുന്നു
അഭിനയഭാവുകത്വത്തെ പല രീതിയിൽ മാറ്റിയെഴുതുന്ന അഭിനേതാവ് ചെമ്പൻ വിനോദ് സംസാരിക്കുന്നു
മലയാള സിനിമയുടെ പതിവുശീലങ്ങളെയും മുൻധാരണകളെയും തിരുത്തിയ നടനും രചയിതാവുമാണ് ചെമ്പൻ വിനോദ് ജോസ്. 11 വർഷം മുമ്പ് 2010ൽ ഇറങ്ങിയ 'നായകൻ' എന്ന സിനിമക്കൊപ്പമാണ് ചെമ്പൻ എന്ന പേര് മലയാളികൾ കേൾക്കാൻ തുടങ്ങിയത്. പേര് മാത്രമല്ലായിരുന്നു, അഭിനയത്തിലും ആ നടൻ പുതിയ ഭാവുകത്വങ്ങൾ തിരശ്ശീലയിലെത്തിച്ചു. സിനിമ അന്നുവരെ വെച്ചുപുലർത്തിയിരുന്ന പല സൗന്ദര്യസങ്കൽപങ്ങളെയും ചോദ്യംചെയ്ത ശരീരഭാഷയായിരുന്നു ചെമ്പേൻറത്. ആ അഴകിൽ ചെമ്പെൻറ 60 സിനിമകളാണ് തിയറ്ററിലെത്തിയത്. 'ഈ.മ.യൗ'വിലെ അഭിനയത്തിലൂടെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ രജതമയൂര പുരസ്കാരം നേടിയ ആദ്യ മലയാള നടനെന്ന ബഹുമതികൂടി ആ പേരിന് സ്വന്തമാണ്.
ഏഴാം ക്ലാസ് മുതൽ സ്കൂൾപഠനത്തിന് സ്വയം ഇടവേള നൽകി തിയറ്ററുകളിൽ ഉച്ചപ്പടത്തിനോടിയെത്തിയ കഥയാണ് സിനിമയെ പറ്റിയോർക്കുേമ്പാൾ ചെമ്പന് ഓർമയിലോടിയെത്തുക. അങ്ങനെ എന്നും പുതിയ പുതിയ സിനിമകൾ കാണാൻ കൊതിച്ചിരുന്ന ആ കൗമാരക്കാരൻ വളരെ അപ്രതീക്ഷിതമായാണ് തിയറ്ററിലെ ബാൽക്കണി സീറ്റിൽ നിന്ന് തിരശ്ശീലയിലെത്തുന്നത്. ഫിസിയോതെറപ്പി പഠിച്ചിറങ്ങിയ ചെമ്പെൻറ നിലപാടുകളും വ്യത്യസ്തമാണ്. സഹനടൻ, കൊേമഡിയൻ, നായകൻ, പ്രതിനായകൻ എന്നിങ്ങനെ പല വേഷങ്ങൾ. 'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെ രചയിതാവുമായി. ഒരിടവേളക്ക് ശേഷം 'ഭീമെൻറ വഴി'യുമായെത്തി. 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ', 'തമാശ', 'െജല്ലിക്കെട്ട്', 'ചുരുളി', 'ഭീമെൻറ വഴി' അടക്കമുള്ള സിനിമകൾ നിർമിച്ച് തിയറ്ററിലെത്തിച്ചു. ചെമ്പെൻറ സിനിമയും സിനിമയിലെ ചെമ്പനും ഒരു പതിറ്റാണ്ട് പിന്നിടുന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംസാരിക്കുന്നു.
രണ്ട് സിനിമകൾ രചിച്ചു. 2017ൽ 'അങ്കമാലി ഡയറീസ്', 2021ൽ 'ഭീമെൻറ വഴി'. താങ്കൾ ആ സിനിമയുടെ ഭാഗമായി ഒപ്പം ഉണ്ടായിരുന്നെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയും അഷ്റഫ് ഹംസയുമാണ് ആ സിനിമകൾ സംവിധാനംചെയ്തത്. ആ രണ്ട് സിനിമകളെയും താങ്കൾ എങ്ങനെയാണ് കാണുന്നത്? രണ്ട് സംവിധായകരെയും എങ്ങനെയാണ് വിലയിരുത്തുന്നത്?
'അങ്കമാലി ഡയറീസി'െൻറ ഷൂട്ട് ഒരു ദിവസം മാത്രമേ കണ്ടിട്ടുള്ളൂ. ആ സിനിമയിൽ ഒരു ചെറിയ സീനിൽ മാത്രമേ ഞാനുള്ളൂ. അതിന് വേണ്ടിയുള്ള ഒരു ഹാഫ് ഡേ ഷൂട്ട് മാത്രമാണ് ഞാൻ കണ്ടത്. ഞാൻ എഴുതിക്കൊടുത്തു, ലിജോ അത് ഗംഭീരമായി ഷൂട്ട് ചെയ്തു. ഞാൻ സംവിധാനം ചെയ്യാനിരുന്ന സിനിമയാണത്. പക്ഷേ, ഞാൻ ചെയ്യുന്നതിനെക്കാൾ വളരെ മുകളിലാണ് ലിജോ ചെയ്തത്. 'ഭീമെൻറ വഴി'യാണെങ്കിലും ഏതോ ഒരു സമയത്ത് സംവിധായകൻ അഷ്റഫ് ഹംസയുമായി സംസാരിക്കുേമ്പാൾ അത് ചെമ്പൻ തന്നെ ഡയറക്ട് ചെയ്യ് എന്ന് അഷ്റഫ് പറഞ്ഞിട്ടുണ്ട്. എനിക്ക് പക്ഷേ 'ഭീമെൻറ വഴി' ചെറിയ പടമായിട്ടാണ് ഫീൽ ചെയ്തത്, ചെറിയ പടം എന്ന് പറഞ്ഞാൽ അത്രയും കാരക്ടേഴ്സ് ഒന്നുമില്ലല്ലോ, ചെറിയ പ്രദേശത്ത് നടക്കുന്ന സിനിമ. കുറച്ചുകൂടി വലിയ സിനിമയാണ് ഞാൻ സംവിധാനം ചെയ്യേണ്ടതെന്ന തോന്നലിൽ അങ്ങനെ അതങ്ങട്ട് പോയി. നോക്കുേമ്പാൾ എെൻറ എഴുത്തിെൻറ ഒരു രീതിയും അഷ്റഫിെൻറ വേറെ ഒരു താളവുമുണ്ട്. ഞങ്ങൾ രണ്ട് പേരും രണ്ട് ടൈപ്പ് ആളുകളാണ്. അതിെൻറ എല്ലാ വ്യത്യാസവുമുണ്ട്. ഇതിെൻറ രണ്ടിെൻറയുമിടയിലുള്ള ഒരു മീറ്ററിലായിരിക്കും ഈ സിനിമ വരിക. അതാണ് 'ഭീമെൻറ വഴി'. അതിൽ അഭിനന്ദിക്കേണ്ടത് അഷ്റഫിനെ തന്നെയാണ്. ഞാനെഴുതുേമ്പാൾ അങ്ങനത്തെ ഇമോഷൻസൊന്നും ഡീറ്റെയ്ൽഡായി പറയാൻ സാധ്യതയില്ല, വളരെ വേഗത്തിൽ പറഞ്ഞ് പോകാനാണ് സാധ്യതയുള്ളത്. ആ കഥയെ സിനിമയുടെ പരുവത്തിലേക്ക് കൊണ്ടുവന്നത് അഷ്റഫ് തന്നെയാണ്. രണ്ട് സംവിധായകരും രണ്ട് രീതിയിലാണ് ചെയ്തത്. ഞാൻ കണ്ടതിനേക്കാളും മികച്ച രീതിയിലാണ് രണ്ട് സിനിമകളും ചെയ്തിരിക്കുന്നത്.
2010ൽ 'നായകൻ', 2021ൽ 'ചുരുളി', 'ഭീമെൻറ വഴി'...ഇതുവരെ 60 സിനിമകൾ. പതിനൊന്ന് വർഷത്തെ സിനിമാജീവിതത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്. ഇത്രയും കാലം തുടർച്ചയായി സിനിമ ഫീൽഡിൽ നിൽക്കുക, അതും ഒരേസമയം പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഹിറ്റ് സിനിമകൾ..?
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ വന്ന 'നായകൻ' ആണ് എെൻറ ആദ്യ സിനിമ. ശരവണൻ എന്ന കഥാപാത്രം. അതുകൊണ്ടുതന്നെ എനിക്ക് എന്നും അതൊരു പ്രിയപ്പെട്ട സിനിമയാണ്. പിന്നെമൈൽ സ്റ്റോൺ 'ആമേൻ' ആണ്. ആമേനാണ് ഹ്യൂമറൊക്കെ ചെയ്യാൻ പറ്റുന്ന കഥാപാത്രത്തെ തന്നത്. അത് വളരെ നന്നായിട്ട് വന്നത് 'സപ്തമ.ശ്രീ. തസ്കരാഃ'യിലാണ്. അവിടുന്ന് 'ഒരു സെക്കൻഡ് ക്ലാസ് യാത്ര' മറ്റൊന്ന് 'കലി', അങ്ങനെ കുറെ സിനിമകൾ... പിന്നെ 'ഈ.മ.യൗ', അങ്ങനെ പല സിനിമകളും ഒരു മൈൽസ്റ്റോണായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമ്മള് പോകുന്നു, ആക്ട് ചെയ്യുന്നു, വരുന്നു. ഇടയിൽ 'അങ്കമാലി ഡയറീസ്' ഉണ്ടായി... അങ്ങനെയൊക്കെ. അല്ലാതെ ഞാൻ അതിൽ വലിയ വിലയിരുത്തലൊന്നും നടത്തിയിട്ടില്ല. അതിെൻറയൊന്നും ആവശ്യമില്ല. നമ്മൾ ഇപ്പോ അങ്ങനെ വിലയിരുത്തേണ്ടതായിട്ട് എന്താ ഉള്ളേ.
കഴിഞ്ഞ ദിവസം ഞങ്ങൾ ഇരുന്ന് സംസാരിക്കുന്നതിനിടയിൽ ആർട്ട് നിങ്ങളിൽ വരുത്തിയ മാറ്റം എന്താണെന്ന് ആഷിക് അബു എന്നോട് ചോദിച്ചു. ആർട്ട് വരുത്തിയ കുറെ മാറ്റങ്ങൾ ഉണ്ട്. അത് നമ്മൾ സ്വയം മനസ്സിലാക്കുകയെന്നതാണ്. വെറുതെ അത് പുറത്തുള്ള ആൾക്കാരോട് പറഞ്ഞ് കൺഫ്യൂസ് ചെയ്യിക്കേണ്ടതില്ലല്ലോ. ആളുകൾ വിചാരിക്കും, ഇയാൾ ഇപ്പോ പറഞ്ഞിട്ട് വേണം നമുക്ക് ഇതൊക്കെ മനസ്സിലാക്കാൻ. അതു വേണ്ട. എനിക്ക് വന്ന കുറെ മാറ്റങ്ങൾ ഉണ്ട്. അത് നല്ലതാണെന്ന് ഞാൻ കരുതുന്നു. അങ്ങനെതന്നെയാണ് എല്ലാ സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്. സുഖിപ്പിക്കാൻ വേണ്ടി പറയുന്ന ഒരു സുഹൃദ്വലയമല്ല എനിക്കുള്ളത്.
ആർട്ട് വരുത്തിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പറയാമോ?
ഞാൻ ആർട്ടിലാണ് പൂർണമായിട്ടും വിശ്വസിക്കുന്നത്. അത് എല്ലാം വളരെ നല്ല മാറ്റങ്ങളാണ് എന്നിൽ വരുത്തിയിട്ടുള്ളത്. എനിക്ക് അങ്ങനെയാണ് സ്വയം മനസ്സിലായിട്ടുള്ളത്. അത് പക്ഷേ മറ്റുള്ളവരോട് പറഞ്ഞുകൊടുക്കാൻ പറ്റിയെന്ന് വരില്ല. സ്വയം മനസ്സിലായ ഒരു ഐഡിയയിൽ, ജീവിതത്തിലായാലും കാഴ്ചപ്പാടുകളിലായാലും വളരെ നല്ല മാറ്റങ്ങളാണ് ആർട്ട് വരുത്തിയിരിക്കുന്നത്.
'അങ്കമാലി ഡയറീ'സിലും 'ഭീമെൻറ' വഴിയിലും കണ്ട ഒരു പ്രത്യേകത എന്താണെന്ന് വെച്ചാൽ സിനിമയിലെ മിക്ക കഥാപാത്രങ്ങൾക്കും കൃത്യമായ െഎഡൻറിറ്റിയുണ്ട്. ആ കഥാപാത്രങ്ങൾ സിനിമക്ക് പുറത്തും എസ്റ്റാബ്ലിഷ് ആകുന്നു. ഒരു എഴുത്തുകാരെൻറ വിജയംകൂടിയാണത്. കഥാപാത്ര നിർമിതിയിൽ താങ്കൾ ശ്രദ്ധിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
സിനിമയുടെ ബേസിക് കൺസെപ്റ്റ് അല്ലെങ്കിൽ സങ്കൽപംതന്നെ ആളുകളെ എൻറർടെയിൻ ചെയ്യിക്കുക എന്നുള്ളതാണ്. മാക്സിമം ആളുകളെ എൻറർടെയ്ൻ ചെയ്യിക്കുന്ന ഒരു സിനിമ ഉണ്ടാക്കുക. ഓരോ സിനിമയും ഒരു പ്രോബ്ലമാണ്, കണക്കിലൊക്കെയുള്ളതുപോലെയുള്ള പ്രോബ്ലം. പ്രേക്ഷകർക്ക് ഒരു പ്രോബ്ലം കൊടുക്കുന്നു, രണ്ട് രണ്ടര മണിക്കൂർകൊണ്ട് അതിനൊരു സൊലൂഷൻ കണ്ടെത്തുന്നു.
അവര് ൈലഫിലെ ബാക്കി പ്രോബ്ലംസ് മറന്നിട്ടാണ് ഒരു സിനിമക്ക് കയറുന്നത്. അവരെ ആ സിനിമയിലേക്ക് വൃത്തിയായിട്ട് കൂട്ടിക്കൊണ്ട് പോകാനായിട്ടുള്ള മനഃപൂർവമായ എല്ലാ ശ്രമങ്ങളും കഥാപാത്ര നിർമിതിയിലായാലും ഡയലോഗ്സിലായാലും മാക്സിമം ശ്രദ്ധിക്കാറുണ്ട്.
വിലയിരുത്തുന്നവർ അതിനെ പല രീതിയിൽ വിലയിരുത്തുകയും വേറെ രീതിയിൽ ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുവെന്നു മാത്രം. എന്നെ സംബന്ധിച്ച്, ഞാൻ ബേസിക്കലി കളവ് ചെയ്യാത്തയൊരാളാണ്. കളവ് ചെയ്തിട്ടുണ്ട്, അമ്മയുടെ ബാഗിൽനിന്നും അപ്പാപ്പെൻറ കടയിൽനിന്നും വീട്ടിലെ മേശ കുത്തിത്തുറന്നും പണം കട്ടിട്ടുണ്ട്. ബേസിക്കലി ഇതൊക്കെ സിനിമ കാണാൻ വേണ്ടിയിട്ടായിരുന്നു പലപ്പോഴും. സിനിമ കാണാൻ പോകുേമ്പാ ഹോട്ടലിൽ കയറി ഭക്ഷണവും കഴിക്കും. ഇപ്പഴും അങ്ങനെ അമ്മയുടെ േപഴ്സിൽനിന്ന് പണം കട്ടെടുത്തും നുണപറഞ്ഞും സിനിമ കാണാൻ വരുന്ന അഞ്ചാറ് പേർ ഒരു തിയറ്ററിലുണ്ടാവും. എെൻറ പോളിസിയാണ് കളവ് ചെയ്യില്ലെന്നുള്ളത്. പക്ഷേ ഞാനത് ചെയ്തത് സിനിമ കാണാൻ വേണ്ടിയിട്ടാണ്. ഞാൻ ബാംഗ്ലൂരിലുള്ളപ്പോൾ മുഴുവൻ തെലുങ്ക് പടവും കാണാൻ പോയിട്ടുണ്ട്. പിന്നീട് എെൻറ സഹധർമിണിയായ ആളോട് ഞാൻ ഡേറ്റിങ് ചെയ്തുകൊണ്ടിരുന്ന കാലത്ത് മീറ്റിങ്ങൊക്കെയുണ്ടെന്ന് നുണ പറഞ്ഞാണ് ഞാൻ സിനിമ കാണാൻ പോയിരുന്നത്. അങ്ങനെയും വരുന്ന അഞ്ചോ പത്തോ ആളുകൾ തിയറ്ററിലുണ്ടാകും. ഇങ്ങനെ കളവ് നടത്തിയും നുണപറഞ്ഞും ചിലപ്പോൾ ജീവിതത്തിൽ വേറെ എന്തെങ്കിലും ടെൻഷൻ അടിച്ച് വന്നിരിക്കുന്നവരെ എൻറർടെയ്ൻ ചെയ്യിക്കുക എന്ന ഒരു ബാധ്യതയാണ് ഒരു റൈറ്റർ അല്ലെങ്കിൽ ഫിലിംമേക്കർ എന്ന നിലയിൽ നമുക്കുള്ളത്. ഞാൻ, റൈറ്റർ എന്നനിലക്ക്, പ്രൊഡ്യൂസർ എന്നനിലക്ക് ഉദ്ദേശിക്കുന്നത് അതാണ്.
വളരെ വിഷമിച്ചും ചെയ്യാൻ ഇഷ്ടപ്പെടാത്ത ഒരു കാര്യം ചെയ്തും പൈസയുണ്ടാക്കി തിയറ്ററിൽ വരുന്ന ഒരാൾ ഉണ്ടെങ്കിൽ, അങ്ങനെ വന്നയാൾക്ക് നല്ലൊരു സിനിമ കാണാൻ പറ്റിയല്ലോ എന്ന് തോന്നാൻ വേണ്ടിയിട്ട് അത്തരമൊരു സിനിമ കൊടുക്കുക എന്നത് എെൻറയൊരു ബാധ്യതയാണ്.
കുട്ടിക്കാലത്തേ തിയറ്ററിൽ പോയി സിനിമ കാണാൻ തുടങ്ങിയ താങ്കളിലേക്ക് സിനിമ കാര്യമായി എത്തുന്നതെങ്ങനെയാണ്?
അപ്പൻ പറഞ്ഞുകേട്ടിട്ടുള്ളതാണ്. സിനിമക്ക് പോകുേമ്പാൾ എന്നെ തിയറ്ററിൽ കയറ്റില്ല. ഞാൻ ഭയങ്കര കരച്ചിലും ബഹളവുമൊക്കെയായിരിക്കും. അതുകൊണ്ട് പുറത്ത് ഒരു കടയിലിരുത്തും. പുള്ളിയെ എല്ലാവർക്കും അറിയാവുന്നതുകൊണ്ട് അങ്ങനെയൊരു സൗകര്യമുണ്ടായിരുന്നു. ഒരുദിവസം അങ്ങനെ പുറത്ത് ഇരുത്താനുള്ള സാഹചര്യം ഉണ്ടായില്ല. കരഞ്ഞ് വിളിച്ച എന്നെ നിർബന്ധിച്ച് തിയറ്ററിൽ കൊണ്ടുപോകേണ്ടി വന്നു. തിയറ്ററിനുള്ളിലെത്തുേമ്പാൾ ബൈക്ക് ജംപ് ചെയ്യുന്ന സീൻ എന്തോ കണ്ടപ്പോൾ ഞാൻ കൈയടിച്ചുവെന്നാണ് അപ്പൻ പറഞ്ഞിട്ടുള്ളത്. അവിടുന്നാണ് തുടക്കം. ഏഴാം ക്ലാസ് മുതൽ തിയറ്ററിൽ േപായിതുടങ്ങി. പഠിക്കാത്തതിനോ വേറെയെന്തെങ്കിലും കുസൃതി കാട്ടിയതിനോ ഇതുവരെ അടിയൊന്നും കിട്ടിയിട്ടില്ല. ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയതിന് മാത്രമേ അടികിട്ടിയിട്ടുള്ളൂ. ഏഴാം ക്ലാസ് മുതൽ ഞാൻ ഇൗ പരിപാടി തുടങ്ങിയിട്ടുണ്ട്. അങ്കമാലിയിലും ആലുവയിലുമൊക്കെ പോയി നൂൺഷോയായാണ് സിനിമകൾ കണ്ടുകൊണ്ടിരുന്നത്. അങ്കമാലിയിൽ അന്ന് സെമി പോൺ സിനിമകളാണ് നൂൺ ഷോക്ക് തിയറ്ററിലുണ്ടായിരുന്നത്.
കഥയെഴുതുന്നതിൽ, പറയുന്നതിലൊക്കെ താങ്കൾ എങ്ങനെയാണെത്തിയത്? സീരിയസായ വായനയും എഴുത്തുമൊക്കെ പണ്ടുമുതലേയുണ്ടായിരുന്നോ?
എനിക്ക് അങ്ങനത്തെ പരിപാടിയൊന്നുമില്ല. അതൊന്നുമുള്ള ആളൊന്നുമല്ല ഞാൻ. പുസ്തകങ്ങൾ വാങ്ങി വായിച്ച് മഹാനാകാനൊക്കെ ശ്രമിക്കാറുണ്ട്. പക്ഷേ അതൊന്നും നടക്കാറില്ല. പാതിവഴിയിൽ അവസാനിക്കാറാണ് പതിവ് (ചിരിക്കുന്നു). എങ്ങോെട്ടങ്കിലും വിമാനത്തിൽ യാത്ര ചെയ്യുേമ്പാൾ ചിലപ്പോൾ ഏതെങ്കിലും പുസ്തകം വാങ്ങി ഒറ്റയിരിപ്പിന് വായിക്കാറാണ് പതിവ്. അങ്ങനെയാണ് കൂടുതൽ വായനയും. കുറെ ബുക്സുണ്ട്. മിക്കതും പകുതിയും മുക്കാലുമൊക്കെ വായിച്ച് നിർത്തിയതാണ്. വായിക്കൽ പൊതുവെ കുറവാണ് ആക്ച്വലി. ഒരു വായനക്കാരൻ എന്ന് പറയാൻ പറ്റില്ല.
വായന നമ്മൾ എഴുതാൻ പോകുന്ന കാര്യത്തിന് ഗുണംചെയ്യുന്ന പരിപാടി ആയിരിക്കില്ല. േവറൊന്നിൽനിന്ന് ഇൻഫ്ലുവൻസായിട്ട് എഴുതിയാൽ... എനിക്ക് അറിയില്ല എെൻറ ഒരു തോന്നലായിരിക്കും. ഒരു മുസ്ലിം നടത്തുന്ന ചായക്കട എന്ന് പറയുേമ്പാൾ പലപ്പോഴും പല സിനിമകളിലും കാണുന്നത് -''അനക്കൊരു ചായ എടുക്കട്ടെ''യെന്ന് ചോദിക്കുന്ന ഒരാളും തട്ടമിട്ട ഒരു സ്ത്രീയുമൊക്കെയുണ്ടാകും. ശരിക്കും അങ്ങനെയൊന്നുമല്ലല്ലോ. ഒരു എഴുത്തുകാരനെന്ന് പറയുേമ്പാൾ താടിയും കണ്ണാടിയും വെച്ച് സഞ്ചിയും തൂക്കിനടക്കുന്ന ഒരാളായിരിക്കും. ഇത്തരം ടൈപ്പ് ഇമേജുകൾ ഒരുപക്ഷേ വായനയിൽനിന്ന് കിട്ടാം. പക്ഷേ അങ്ങനെയല്ലല്ലോ കാര്യങ്ങൾ. ചിലപ്പോൾ നമ്മൾ എഴുതുന്ന കാരക്ടേഴ്സിന് അങ്ങനത്തെ ഇമേജുകളായി പോകും. റിയൽ ലൈഫിൽനിന്ന് എപ്പൊഴൊക്കെയോ ഒബ്സർവ് ചെയ്ത കാരക്ടേഴ്സിെൻറ ഇൻഫ്ലുവൻസായിരിക്കും നമ്മുടെ എഴുത്തിൽ വരുന്നത്. അതുകൊണ്ട് പുസ്തകം വായിച്ചിട്ട് അങ്ങനെയൊരു ഇൻഫ്ലുവൻസ് ഉണ്ടാകാറില്ല. പിന്നെ നമ്മൾ അങ്ങനെ വലിയ ഫിലോസഫിയും പരിപാടികളൊന്നും വെച്ചുപുലർത്തുന്ന ആളല്ല. വായന കുറവാണ്.
റിയലിസ്റ്റിക്കായി നിൽക്കുക എന്നതാണോ കാഴ്ചപ്പാട്..?
അങ്ങനെയൊരു കാഴ്ചപ്പാടാണ് കുറേക്കൂടി ഉള്ളത്.
'അങ്കമാലി ഡയറീസി'ലും 'ഭീമെൻറ വഴി'യിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ഉണ്ട്. അന്ന എന്ന പേരുള്ള നടി പിന്നീട് ലിച്ചി എന്ന പേരിൽ ആണ് അറിയപ്പെട്ടത്. 'ഭീമെൻറ വഴി'യിലെ ബ്ലെസിയും ശക്തമായ കഥാപാത്രമാണ്. ഒരുവേള പ്രതിനായകനെ കായികമായി മലർത്തി അടിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾവരെയുണ്ട്. എന്തുകൊണ്ടാണ് താങ്കളുടെ സ്ത്രീ കഥാപാത്രങ്ങൾ ഇത്ര ബോൾഡ് ആയി ഇരിക്കുന്നത്..?
റിയൽ ലൈഫിലെ ആളുകളും അവരുടെ പഴ്സനാലിറ്റിയുമൊക്കെ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യും. എെൻറ അമ്മ, പെങ്ങൾ, കസിൻ സിസ്റ്റേഴ്സ്, കുറച്ച് കാലത്തേക്ക് ഉണ്ടായിരുന്ന ഗേൾഫ്രണ്ട്സും കുറേകാലത്തേക്ക് ഉണ്ടായിരുന്ന ഗേൾഫ്രണ്ട്സും എെൻറ ആദ്യ ഭാര്യ സുനിതയും രണ്ടാമത്തെ ഭാര്യ മറിയവും എെൻറ ഇപ്പോഴത്തെ പെൺസുഹൃത്തുക്കളുമെല്ലാം നല്ല ബോൾഡാണ്. അവരവരുടെ കാര്യങ്ങളിൽ സോളിഡ് ആയി തീരുമാനമെടുക്കാനും അങ്ങനെയൊന്നും പതറാത്ത ആൾക്കാരുമാണ്. നമ്മൾ ഇടപഴകുന്ന സമൂഹത്തിെൻറയോ ഫ്രണ്ട് സർക്കിളിെൻറയോ ഒരേ ആവറേജായിരിക്കുമല്ലോ നമ്മൾ. അതുതന്നെയാണ് നമ്മുടെ എഴുത്തിലും പ്രതിഫലിക്കുന്നത്. അത് മാത്രമേയുള്ളൂ. അങ്ങനത്തെ ആളുകളുമായിട്ടാണ് ഞാൻ മിങ്കിൾ ചെയ്യുന്നത്.
പക്ഷേ 'ഭീമെൻറ വഴി'യിൽ മറുവശത്ത് വിവാഹത്തിനു മുമ്പ് അയൽവാസിയായ യുവാവുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ മടിയില്ലാത്ത, പിന്നെ, മറ്റൊരാളെ പ്രേമിച്ച് ഇറങ്ങിപ്പോകുന്ന പെൺകുട്ടി. നാട്ടിൻപുറത്ത് വന്നിട്ടും പബും ബിയർപാർലറും തേടുന്ന നായികയും... ഒരേസമയം മലയാളിയുടെ നെറ്റി ചുളിക്കുന്ന കഥാപാത്രങ്ങളായും സ്ത്രീകളെത്തുന്നുണ്ട്..?
മലയാളിയുടെ എന്ത് സദാചാരബോധം? എന്തുകൊണ്ടാണ് ആ പെൺകുട്ടിയുടെ ആംഗിളിൽനിന്ന് ചിന്തിക്കാത്തത്? അവൾക്കൊരു ഗുഡ്ടൈം... അയാളൊരു സുന്ദരൻ, സേഫായിട്ട് കാര്യങ്ങൾ ചെയ്യുന്നു. ഒരു ഉഷ്ണമേഖല കാലാവസ്ഥയായിട്ട് വളരെ നേരത്തേ മെൻസസ് ആകുന്ന ഒരു പെൺകുട്ടിക്ക് ഇതൊന്നും അധികകാലം വെച്ചോണ്ടിരിക്കാൻ പറ്റില്ല. We are horny, കാമാസക്തി കൂടുതലുള്ള ആളുകളാണ്. ഉഷ്ണമേഖലയാണ് നമ്മുടെ കാലാവസ്ഥ. അതിലുള്ള ഒരു പെൺകുട്ടി, അവൾ നോക്കുേമ്പാൾ ചേട്ടൻ കൊള്ളാം. ക്യൂട്ടാണ്. ആരും അറിയില്ല. എല്ലാം സേഫാണ്. പിന്നെ നോക്കുേമ്പാൾ വേറൊരു ആലോചന വന്ന്, അവളെ പൊന്ന് പോലെ നോക്കുമെന്ന് അവൾക്ക് തോന്നി. അപ്പോൾ അവെൻറ കൂടെ പോയി. നമുക്ക് അവളുടെ ആംഗിളിൽനിന്നും എടുക്കാലോ. അപ്പുറത്ത് ഭീമനാണെങ്കിൽ അവനും അവളോട് വലിയ റിലേഷനൊന്നുമുണ്ടായിരുന്നില്ലല്ലോ. അവന് കല്യാണമൊന്നും വേണ്ട, സെക്സ് മതിയെന്നാണല്ലോ ആലോചിക്കുന്നത്. അതുപോലെ ഇവൾക്കും അങ്ങനെ ചിന്തിച്ചുകൂെട. അത് എന്ത് സദാചാരബോധത്തെയാണ് തകർക്കുന്നത്?
മലയാള സിനിമക്ക് ഒരുകാലത്ത് താരങ്ങളെ പിന്തുടരുന്ന പ്രേക്ഷകരായിരുന്നു. അവിടെനിന്നും നടന്മാരെ തിരയുന്ന പ്രേക്ഷകരിലേക്ക് മലയാള സിനിമ മാറിയിട്ട് അധിക നാളായിട്ടില്ല. ഈ പരിണാമത്തിൽ ചെമ്പൻ വിനോദ് എന്ന പേരിനുള്ള പങ്കും ചെറുതല്ല. സഹതാരം, നടൻ, വില്ലൻ, കോമഡി തുടങ്ങി കഥ, തിരക്കഥ മേഖലകളിൽ വരെ ഇതിനകം ചെമ്പൻ വിനോദ് സ്വന്തമായി ഒരിടം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ഫ്ലക്സിബിളായി താങ്കൾക്ക് ഇതെങ്ങനെ കഴിയുന്നു?
അത് എന്നോട് ചോദിച്ചാൽ എനിക്ക് അറിയില്ല. നമ്മളത് ചെയ്യുന്നുവെന്നല്ലാതെ, അതിന് ഒരു ഉത്തരം പറയാനാകില്ല. അത് അങ്ങനെ സംഭവിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ്. അതിനെ പറ്റി വലിയ സ്റ്റഡി നടത്തിയിട്ടൊന്നുമില്ല. ഞാൻ അതിന് വേണ്ടി വലിയ പ്രിപറേഷൻസൊന്നും നടത്താറില്ല. അവിടെ ചെല്ലുേമ്പാൾ റൈറ്ററും ഡയറക്ടറുമുണ്ടാകുമല്ലോ, അവരോട് ചോദിക്കും ഇങ്ങനെ ചെയ്യാമോ. അതിെൻറ ഒരു ബേസിക് ഐഡിയയിൽനിന്ന് അങ്ങ് ചെയ്യുന്നു. അത്രേയുള്ളൂ. എല്ലാ സിനിമകളുടെയും കഥ പൂർണമായും കേൾക്കും.
റിജക്ട് ചെയ്ത സിനിമകളുണ്ടോ?
ഒരു കഥ എനിക്ക് വർക്കൗട്ടാകുമെന്ന് തോന്നിയില്ലെങ്കിൽ ഞാൻ അത് വർക്കൗട്ടാകില്ലെന്നുതന്നെ പറയും. അവരെങ്ങനെയെടുക്കുമെന്ന് നമുക്ക് അറിയില്ല.
അങ്കമാലി ഡയറീസും ഭീമെൻറ വഴിയും ഈ കഥകൾ ലിജോയോടും അഷ്റഫ് ഹംസയോടുമല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ല, വേറെ ആരോടും പറഞ്ഞിട്ടില്ല.
രണ്ട് സിനിമകളും സ്വയം സംവിധാനം ചെയ്യാൻ വെച്ചിരുന്നതാണല്ലേ?
ഒരു കാലഘട്ടത്തിെൻറ തോന്നലായിരുന്നു അത്. 'ഭീമെൻറ വഴി' ചെയ്തൂടെ എന്ന് അഷ്റഫ് സജസ്റ്റ് ചെയ്തു. നേരത്തേ പറഞ്ഞപോലെ, ഞാൻ പിന്നെ വേണ്ടെന്ന് വെച്ചതാണ്.
സംവിധാനംചെയ്യുന്ന സിനിമ ഉടനെയുണ്ടാകുമോ?
അങ്ങനെെയാരു സോളിഡ് തീരുമാനമൊന്നും ഇല്ല. നമ്മൾ വിചാരിച്ച ഒന്നും നടക്കാറില്ല. അതുകൊണ്ട് തന്നെ ഞാനങ്ങനെയൊന്നും തീരുമാനിച്ചിട്ടില്ല. അങ്ങനെ ചെയ്യേണ്ടി വന്നാൽ ചെയ്യും. ഇനി ഡയറക്ഷനുംകൂടി പിടിച്ച് കളയാമെന്നൊരു പദ്ധതിയൊന്നുമില്ല. അങ്ങനെ ചെയ്യേണ്ടിവന്നാൽ ചെയ്യും.
ഡ്രീം ഉണ്ടോ?
ഇല്ല, അങ്ങനെ ഡ്രീമായിട്ടൊന്നുമില്ല. ചെയ്യേണ്ടിവന്നാൽ ചെയ്യാമെന്നുള്ളതാണ്. ഞാൻ മാത്രമല്ല, എല്ലാവരും ഉണ്ടാകും എന്നെ സഹായിക്കാൻ.
അങ്കമാലി ഡയറീസും ഭീമെൻറ വഴിയും - ഈ സിനിമയിലൊരു ഡിസിക്ലയ്മറുണ്ട്. തികച്ചും സാങ്കൽപികമായ കഥയാണെന്ന്. (സെൻസർഷിപ്പ് സൗകര്യങ്ങൾക്ക് അത് വേണം) ഈ രണ്ട് സിനിമകളും പൂർണമായും സാങ്കൽപിക കഥ മാത്രമാണോ?
കഥ സാങ്കൽപികംതന്നെയാണ്. അങ്ങനെയൊരു കഥയൊന്നും അങ്കമാലിയിൽ നടന്നിട്ടില്ല. ഭീമെൻറ വഴിയിലും അത് തന്നെയാണ്. പക്ഷേ ബേസിക് കഥയിൽ വേറെ വേർഷൻസും ആളുകളുമുണ്ടായിരിക്കാം. പേരുകൾ യാഥാർഥ്യമാണ്. പക്ഷേ അവരൊന്നും സിനിമയിലുള്ളതുപോലുള്ള പണികൾ ചെയ്യുന്നവർ അല്ല. പേരുകളിലും കളിപ്പേരുകളിലുമുള്ള കൗതുകങ്ങൾ ഉള്ളതുകൊണ്ട് എടുത്തിട്ടുണ്ടെന്നല്ലാതെ റിയൽ ലൈഫിൽ ഉള്ള വളരെ കുറച്ച് സംഭവങ്ങളേയുള്ളൂ. എെൻറ സിനിമയിലെ റൊമാൻസൊന്നും റിയൽ ലൈഫിൽ ഉള്ളതല്ല. എെൻറ ലൈഫിലും നടന്നിട്ടില്ല, ഞാൻ കേട്ടിട്ടുമില്ല. അത് ഫിക്ഷൻതന്നെയാണ്. സംഘട്ടനം, ചിലപ്പോൾ അതിെൻറ കാരണങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. ഓവറോൾ 'അങ്കമാലി ഡയറീസി'െൻറ കഥ നോക്കിയാൽ അങ്ങനെയൊരു പരിപാടി അങ്കമാലിയിൽ നടന്നിട്ടില്ല. അത് പൂർണമായും ഫിക്ഷൻ തന്നെയാണ്. എന്നാൽ ഭീമെൻറ വഴിയിലെ ബേസിക് കഥ എെൻറ സുഹൃത്ത് വീട്ടിലേക്കുള്ള വഴിയുണ്ടാക്കിയ സംഭവത്തിൽനിന്ന് തന്നെയാണ്. ഒരു ലൈൻ കിട്ടാൻ വേണ്ടിയിട്ട് എടുക്കുന്നുവെന്ന് മാത്രം.
അങ്കമാലിയിൽ വലിയ സൗഹൃദവലയം ഉണ്ടായിരുന്നോ?
ഉണ്ടായിരുന്നു. പിന്നെ ഞാൻ ചെറുപ്പത്തിലേ ബാംഗ്ലൂരിലേക്ക് പോയി. സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഞങ്ങൾ അഞ്ച് പത്ത് പേരടങ്ങുന്ന ഒരു ഗാങ് ഉണ്ടായിരുന്നു. സിനിമക്കൊക്കെ ഒരുമിച്ച് േപാകുന്ന ഒരു ഗാങ്.
'ചുരുളി'യുടെ ക്രാഫ്റ്റിനൊപ്പം അതിലെ സംഭാഷണവും വിലയിരുത്തപ്പെട്ടു. ഒരുകൂട്ടം ക്രിമിനലുകൾ അവർ അച്ചടിഭാഷ സംസാരിക്കണമെന്ന് വാശി പിടിക്കുന്നതിൽ അർഥമില്ല. 'കുലീനരായ' ആർക്കും കണ്ടിരിക്കാവുന്ന ഒരു സിനിമ അല്ല എന്നൊക്കെയായിരുന്നു ഉയർന്നു വന്ന വിമർശനം?
നമ്മൾ അങ്ങനെ കുലീനതയിലും കാര്യങ്ങളിലൊന്നും വിശ്വസിക്കുന്ന ആളുകളല്ല. മാത്രമല്ല സംഭാഷണ ഭാഷയൊന്നും ചർച്ചെചയ്യപ്പെടേണ്ട കാര്യമല്ല. സിനിമ ആർട്ട് േഫാം എന്നനിലക്ക് മാത്രമേ എടുക്കേണ്ട കാര്യമുള്ളൂ. അതിനകത്ത് വേറെ ചർച്ച ചെയ്യേണ്ടതോ, വേറെ കമൻറ് പറയേണ്ടതോ ഉണ്ടെന്ന് തോന്നുന്നില്ല. തെറി പറഞ്ഞാൽ ആൾക്കാർക്ക് എന്ത് ഫീൽ ചെയ്യുമെന്നല്ലല്ലോ നമ്മൾ നോക്കുന്നത്. സിനിമക്ക് അത് അനിവാര്യമാണോ എന്നാണ് നോക്കുന്നത്. പിന്നെ അതൊരു പ്രൈവറ്റ് പ്ലാറ്റ്േഫാമിൽ റിലീസായ സിനിമയാണ്. നിങ്ങൾ പൈസകൊടുത്ത് അംഗത്വം നേടുകയും അങ്ങനെ നിങ്ങൾ കാണുകയും ചെയ്യുന്ന സിനിമയാണത്. അതിൽ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് 18 + എന്ന്. അപ്പോൾ ആ സിനിമ കാണുന്നവർ ആ ഒരു ബോധ്യത്തോടെയാണ് കാണുന്നത്.
അതുകൊണ്ടാണോ തിയറ്റർ ഒഴിവാക്കി ഒ.ടി.ടിയിൽ റിലീസ് ചെയ്തത്?
അതൊന്നുമല്ല, റിലീസിങ് തിയറ്ററിെൻറ അവയ്ലബിലിറ്റി, പിന്നെ വേറെ സിനിമകളുടെ തിരക്ക്. പിന്നെ അതിെൻറ പിന്നാലെ നടക്കാൻ സമയമില്ലാത്തതുകൊണ്ട് ഒ.ടി.ടിയിൽ കൊടുത്തതാണ്.
'ചുരുളി' ഒ.ടി.ടിയിലാണ് വന്നത്. ഒ.ടി.ടി - തിയറ്റർ റിലീസുകളെ എങ്ങനെയാണ് കാണുന്നത്?
േഗ്ലാബലായിട്ട് റീച്ച് കിട്ടാനുള്ള സാധ്യതയുണ്ട്. പിന്നെ ഒ.ടി.ടിയുടെ നല്ല വശങ്ങൾ, ചീത്ത വശങ്ങളൊക്കെ നമുക്ക് അറിയില്ല. അതിൽ സ്റ്റഡി നടത്തിയവരുണ്ടല്ലോ ഇവിടെ.
സിനിമാ ലോകത്തെ മികച്ച ക്രാഫ്റ്റ്മാനാണ് ലിേജാ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിെൻറ ആദ്യ സിനിമയിലൂടെ സിനിമാ ലോകത്തേക്ക് വന്നയാളാണ് താങ്കൾ. നിങ്ങൾ ഇരുവരും തമ്മിലുള്ള ബോണ്ടിങ് എവിടെനിന്നാണ് തുടങ്ങുന്നത്? ചെമ്പൻ എഴുതുന്ന സിനിമ ലിജോ ചെയ്യുന്നു, ലിജോയുടെ സിനിമകളിൽ ചെമ്പൻ അഭിവാജ്യഘടകമാകുന്നു?
ടീനേജ് ലെവലിൽ ഹലോ, ഹായ് ബന്ധമുള്ളവർ മാത്രമായിരുന്നു ഞങ്ങൾ. പിന്നീട് അത് സിനിമകളെ പറ്റിയുള്ള ചർച്ചകളിലേക്ക് വളർന്നു. അങ്ങനെ ഉരുത്തിരിഞ്ഞ് വന്നതാണ്. അല്ലാതെ ബോധപൂർവം ഒന്നുമല്ല. നമ്മൾ കണക്ടായി, ഞങ്ങൾക്കിടയിൽ ഭയങ്കര കെമിസ്ട്രിയായി എന്ന് വെച്ച് സിനിമയിലേക്ക് വരാം അങ്ങനെയൊന്നുമല്ല. അതത് കാലഘട്ടങ്ങളിൽ അറിയാതെ ഓർഗാനിക്കായിട്ട് ഉണ്ടായിവന്നതാണ്. അവൻ ചാലക്കുടിയും ഞാൻ അങ്കമാലിയുമാണ്. അന്ന് എെൻറ സംസാരത്തിലോ മനസ്സിലോ അഭിനയമോഹമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ലിജോ ടെക്നിക്കൽ വശത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. സംവിധാനം ചെയ്യണമെന്ന ആഗ്രഹവും അവനുണ്ടായിരുന്നു. ചെറുപ്പത്തിലെന്ന് പറഞ്ഞാൽ 10-20 വയസ്സുള്ളപ്പോൾ. 'നായകൻ' സിനിമയിൽ ഞാൻ വളരെ ആക്സിഡൻറലായിട്ട് വന്ന് പെട്ടതാണ്. സ്ക്രിപ്റ്റ് ഡിസ്കഷൻ നടക്കുന്ന കാലത്ത് അവരെ കാണാനായി കയറിയതാണ്.
'നായകനി'ൽ അഭിനയിക്കാനെത്തുേമ്പാഴും സിനിമയിൽ ഒരു കരിയർ കണ്ടിരുന്നോ?
ഞാൻ തമാശക്ക് വന്ന് അഭിനയിച്ചതാണ് 'നായകനി'ൽ. അത് കഴിഞ്ഞപ്പോഴും സിനിമയിൽ ഒരു കരിയർ കണ്ടിരുന്നില്ല. 'നായകന്' മുമ്പ് വരെ ഞാൻ സിനിമ കാണുന്ന ഒരു പ്രേക്ഷകൻ മാത്രമായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സിനിമാ ജീവിതത്തിൽ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
അവൻ ചെയ്ത പ്രോജക്ടുകളിൽ ഭാഗമാവുേമ്പാൾ ഉണ്ടാകുന്ന ഒരു സ്വാധീനമുണ്ടല്ലോ. നമ്മൾ നല്ല സുഹൃത്തുക്കളായിരുന്നതിനാൽ കൂടുതൽ സമയം ഒരുമിച്ചുണ്ടായിരുന്നു. അതിെൻറ ഒരു സ്വാധീനമുണ്ട്. അഭിനയിക്കാൻ ആദ്യം പറയുന്നത് ലിജോ ആണ്.
ചെമ്പൻ വിനോദ് ജോസ് എന്ന വ്യക്തിയുടെ പ്രഫഷനൽ ലൈഫ് ഫിസിയോതെറപ്പിസ്റ്റ് ആയിരുന്നു, ആ ഫീൽഡിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടോ?
അത് വെറുതെ പഠിച്ചെന്നേയുള്ളൂ. ആ മേഖലയിലൊന്നും ജോലി ചെയ്തിട്ടില്ല.
2010ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകനി'ൽ (ഇൻസ്പെക്ടർ ശരവണൻ) ആയി വരുന്നു, 2011ലും ലിജോയുടെ 'സിറ്റി ഒാഫ് ഗോഡി'ൽ മറ്റൊരു വേഷം, 2012ലാണ് 'ഓർഡിനറി'യിൽ (സുഗീത്) വരുന്നത് (ആ വർഷം രണ്ട് സിനിമകൾകൂടി ചെയ്തു-ഫ്രൈഡേ, ഔട്ട് സൈഡർ). രണ്ട് സിനിമകൾ ഇറങ്ങിയിട്ടും താങ്കളെ മറ്റ് സംവിധായകരൊന്നും സമീപിച്ചില്ലേ, അതോ താങ്കൾ ചാൻസ് ചോദിച്ച് പോകാതിരുന്നതാണോ? രണ്ട് വർഷം മറ്റ് സംവിധായകർക്കൊപ്പമൊന്നും സിനിമ വന്നില്ല?
ഞാൻ പക്ഷേ ആ സമയത്ത് േവറെ കുറെ പരിപാടിയായിട്ട് തിരക്കിലായിരുന്നു. സമയം കിട്ടുേമ്പാൾ വന്ന് ചെയ്തുപോകുമായിരുന്നു. ബാംഗ്ലൂരിലായിരുന്നു ആ കാലത്ത്. ഇതുവരെ ഞാൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ല.
ചാൻസ് ചോദിക്കാത്ത മലയാള സിനിമയിലെ ഏകനടൻ താങ്കളായിരിക്കുമോ?
അതൊന്നും പറയാൻ പറ്റില്ല. ഇഷ്ടംപോലെ ആൾക്കാരുണ്ടാകും. ഞാൻ പോയിട്ടില്ല.
താങ്കളുടെ അടുത്ത് ചാൻസ് ചോദിച്ച് വരാറുണ്ടോ?
ചാൻസ് ചോദിച്ച് വരാറൊക്കെയുണ്ട്. നമ്മൾ െചയ്യുന്ന സിനിമക്കനുസരിച്ചായിരിക്കും ഒരാളെ കണ്ടെത്തുക. അത് എപ്പോഴും വേറെ രീതിയിലൊക്കെയായിരിക്കും. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ചാൻസ് ചോദിച്ച് വരാറുണ്ട്.
എന്നെങ്കിലും എതെങ്കിലും താരത്തിെൻറ ഫാൻബോയ് ആയിരുന്നോ?
ഞാൻ ആരുടെയും ഫാൻബോയ് ആയിരുന്നില്ല, അത്തരം പരിപാടികളൊന്നുമില്ലായിരുന്നു. സിനിമ ആസ്വദിക്കുക എന്നത് മാത്രമായിരുന്നു പരിപാടി.
'ഭീമെൻറ വഴി'യിൽ കൊസ്തേപ്പ് എന്ന കഥാപാത്രത്തെ താങ്കളാണ് അവതരിപ്പിക്കാനിരുന്നതെന്ന് കേട്ടിരുന്നു. ഷർട്ടിടാതെയുള്ള വേഷമായതുകൊണ്ട്, ആളുകൾക്ക് കരടിയെപോലെ തോന്നുമെന്നൊക്കെ താങ്കൾതന്നെ പറഞ്ഞതായി കേട്ടിരുന്നു. സോഷ്യൽ മീഡിയയിലും അത്തരം പരാമർശങ്ങൾ ഉണ്ടാകാറുണ്ട്. സിനിമയിലും ജീവിതത്തിലും ശരീരസൗന്ദര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?
കരടിയെന്ന് വിളിക്കുമെന്നുള്ളതുകൊണ്ടൊന്നുമല്ല. കുഞ്ചാക്കോ ബോബൻ സുന്ദരനായ നായകൻ, വില്ലനും കുറേ കൂടി സുന്ദരനായാൽ നന്നാകുമെന്ന് തോന്നി. അങ്ങനെയാണ് ജിനു ജേക്കബിനെ അതിലേക്ക് കാസ്റ്റ് ചെയ്തത്. കരടിയെന്നൊന്നും ആൾക്കാർ വിളിക്കുന്നത് എെൻറ മാറ്ററല്ല.
സിനിമക്ക് അത്തരം സൗന്ദര്യസങ്കൽപം ആവശ്യമുണ്ടോ?
നമ്മൾ ഒരു സൊസൈറ്റിയിൽ ജീവിക്കുേമ്പാൾ അത് ഡിമാൻഡ് ചെയ്യുന്ന കാര്യമുണ്ടല്ലോ, ഇവിടെ ജീവിക്കുേമ്പാൾ ഇവിടത്തെ സൊസൈറ്റിക്ക് ഒരു സൗന്ദര്യസങ്കൽപമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ജിനു ജോസഫ് കാണാൻ നല്ല സുന്ദരനായിട്ടുള്ള ആളാണ്. സുന്ദരനായ ഒരാളെയാണല്ലോ നമ്മൾ സുന്ദരാ എന്ന് വിളിക്കുന്നത്. എന്നെ കാണാൻ അയാളുടെയത്ര സൗന്ദര്യം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. അതൊരു പ്രശ്നമേ അല്ലല്ലോ. എന്നേക്കാൾ നന്നായിട്ട് അയാൾ ചെയ്താൽ വൃത്തിയാകുമെന്ന് തോന്നി.
ബോഡിഷെയ്മിങ് ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടോ?
ഇതുവരെ ഞാൻ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടില്ല.
സോഷ്യൽ മീഡിയകളിൽ വരുന്ന അത്തരം കമൻറുകൾ..?
ഞാനിങ്ങനെ ഇരിക്കുന്നതുകൊണ്ടാണല്ലോ ഇവിടംവരെയെത്തിയത്. അത്തരം കമൻറുകൾ മൈൻഡ് ചെയ്യുന്ന ആളാണെങ്കിൽ ഇവിടെ വരെ എത്തില്ലല്ലോ. സാധാരണ ആളുകളുടെ ശരീരപ്രകൃതിയോ കൈയും കാലിെൻറ ഷെയ്പോ ഒന്നുമല്ല എേൻറത്. ഞാൻ ഇവിടെവരെയെത്തിയത് ഇൗ ബോഡിയുള്ളതുകൊണ്ടാണല്ലോ. ഇനി ബോഡി ഷെയ്മിങ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നല്ലതിനാണല്ലോ.
അഭിനയവും തിരക്കഥയും -രണ്ടിലും താങ്കൾ സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിക്കഴിഞ്ഞു. ഏതിനാണ് കൂടുതൽ പ്രയോറിറ്റി?
അഭിനയത്തിനു തന്നെയാണ്. എഴുത്ത്, അത് ഇടക്ക് അങ്ങ് നടക്കുന്നതാണ്. എഴുത്തിന് വേണ്ടി ഇരിക്കാറില്ല.
പുതിയ സിനിമക്കായി എഴുത്ത് വല്ലതുമുണ്ടോ?
ഓരോന്ന് അങ്ങനെ നടക്കുന്നുണ്ട്. ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. പടം പിടിച്ച് പുറത്തിറങ്ങുേമ്പാൾ മാത്രമേ പുറത്തിറങ്ങി എന്ന് പറയാൻ പറ്റുകയുള്ളൂ. നമ്മുടെ കാര്യങ്ങൾ അങ്ങനെയാണ്.
സഹനടനും വില്ലനും നായകനും കോമഡിയുമൊക്കെ ചെയ്ത ഒരാൾ വന്നാണ് 'പൊറിഞ്ചു മറിയ'ത്തിൽ ഡിസ്കോ ഡാൻസ് ചെയ്യുന്നത്. സിനിമയിൽ ചെയ്യാൻ സ്വപ്നം കാണുന്ന എതെങ്കിലും വേഷങ്ങളുേണ്ടാ?
ആ വേഷം വന്നപ്പോൾ അത് നന്നായിട്ട് ചെയ്തു. ഒരു വേഷം ചെയ്യണമെന്ന സ്വപ്നവുമായിട്ട് നടക്കുന്ന ആളല്ല ഞാൻ. ഓരോ വേഷവും വരുേമ്പാൾ അതങ്ങ് ചെയ്യും. ഒരു കാരക്ടർ സ്വപ്നം കണ്ട് നടന്നിട്ട് അത് കിട്ടിക്കഴിഞ്ഞാൽ, വേറൊരു കാരക്ടർ വരുേമ്പാൾ അത് ചെയ്യാൻ തോന്നിയില്ലെങ്കിൽ അവിടെ അവസാനിച്ചപോലെയാകില്ലേ. നമ്മൾ ഉദ്ദേശിക്കുന്ന കഥകളല്ലല്ലോ ആളുകൾ നമ്മളോട് പറയുന്നത്. അതുകൊണ്ട് തന്നെ നമ്മൾ ഉദ്ദേശിക്കുന്ന കാരക്ടറുമായിരിക്കില്ല. ഒരു കാരക്ടർ വരുേമ്പാൾ അത് കൊള്ളാമെന്ന് തോന്നി ആ ഒരു എക്സൈറ്റ്മെൻറിൽ അതങ്ങനെ പോകും. ഒരു കാരക്ടർ വെയ്റ്റ് ചെയ്ത് നിന്നിട്ട്. അത് വന്നില്ലെങ്കിൽ വെറുതെ ഡെസ്പാകില്ലേ, അതിെൻറ ആവശ്യമില്ലല്ലോ.
അന്യഭാഷാ ചിത്രങ്ങളിൽനിന്ന് കൂടുതൽ വിളികൾ വരുന്നുണ്ടോ... കമൽ ഹാസൻ നായകനാകുന്ന 'വിക്രമി'ൽ വില്ലനാണെന്ന് പറയുന്നു. അന്യഭാഷാ സിനിമയിൽ സജീവമാകുമോ?
'വിക്രമി'ൽ വില്ലനാണ്. പ്രോജക്ടൊക്കെ നോക്കി, ഇവിടത്തെ ഒഴിവൊക്കെ നോക്കിയിട്ടാണ് തീരുമാനിക്കുക.
താങ്കളുടെ രണ്ടാം വിവാഹം കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയയിൽ ചില കുറിപ്പുകൾ വന്നിരുന്നു. ഒരു സിനിമാ താരത്തിെൻറ അഭിനയത്തെ ക്രിട്ടിസൈസ് ചെയ്യുന്നതുപോലെ പേഴ്സനൽ കാര്യങ്ങളിലും സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്നതിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
അങ്ങനെ ചെയ്യുന്നവർക്ക് എന്തേലും സുഖം കിട്ടുന്നുണ്ടാകും. എെൻറ രണ്ടാം വിവാഹവാർത്ത കേൾക്കുേമ്പാൾ അങ്ങനെ ചിലർക്ക് സുഖം കിട്ടുന്നുണ്ടെങ്കിൽ നല്ല കാര്യമാണല്ലോ. അത് എന്ത് തന്നെയായിക്കൊള്ളട്ടെ. നമ്മളെകൊണ്ട് കുറച്ചാളുകൾക്ക് ഒരു സുഖം കിട്ടും. നമ്മൾ എടുക്കുന്ന സിനിമയുടെ ഉദ്ദേശ്യവും അത് തന്നെയാണല്ലോ, കുറച്ച് ആളുകളെ സന്തോഷിപ്പിക്കുന്നു. ഇവർക്ക് വേറെ സന്തോഷം. സിനിമ കാണുന്നവർക്ക് വേറെ സന്തോഷം. അതിൽ ഒരു മാനസികപ്രയാസവുമില്ല. ഇതെന്നെ പേഴ്സനലായി ബാധിക്കുന്ന കാര്യങ്ങളല്ല. എന്നെ പറ്റിയോ എെൻറ ഭാര്യയെ പറ്റിയോ, ഞങ്ങളുടെ പ്രായത്തെ പറ്റിയോ എന്ത് കമൻറ് ചെയ്താലും എന്നെ എങ്ങനെയാണ് അത് പേഴ്സനലി ബാധിക്കുക. ഞാനും മറിയവുമായിട്ടുള്ള ബന്ധത്തെ ബാധിക്കുന്നില്ല. ഞാനും സമൂഹവുമായിട്ടുള്ള ബന്ധത്തെ ബാധിക്കുന്നില്ല. പേഴ്സനലായിട്ടുപോലും ബാധിക്കുന്നില്ല. അത്തരം പോസ്റ്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല. ചിലർ എനിക്ക് വിഷമത്തോടെ അയച്ച് തരാറുണ്ട്. അവരെനിക്ക് അത് അയച്ച് തരുന്നത് അവരുടെ വിഷമം എന്നെ അറിയിക്കാനാണോ, ഇതൊക്കെ വരുന്നുണ്ട് എന്ന് അറിയിക്കാനാണോ എന്ന് നമുക്ക് അറിയില്ല. നമ്മൾ ഇതൊക്കെ ആലോചിക്കാൻ പോയാൽ നമ്മുടെ ൈലഫ് എവിടെയും എത്തില്ല. എനിക്ക് ആലോചിക്കാൻ വേറെ കുറെ കാര്യങ്ങൾ ഉണ്ട്.
ഈ അറുപത് സിനിമകളിൽ താങ്കളുടെ സിഗ്നേചർ ഫിലിമേതാണ്?
'ഈ.മ.യൗ', 'ചുരുളി'യൊക്കെയായിരിക്കും. 'പൊറിഞ്ചു മറിയവു'മുണ്ട്. ഒരൊറ്റ ഉത്തരം പറയാൻ പറ്റില്ല. അത് ഡിേപ്ലാമസികൊണ്ടൊന്നുമല്ല. എനിക്ക് അങ്ങനെ പറയാൻ പറ്റുന്നില്ല. അതല്ല ഒരു പടം പറഞ്ഞാൽ മറ്റൊരാൾക്ക് വിഷമം ഉണ്ടാകുമെന്നതുകൊണ്ടുമല്ല. ഞാൻ എല്ലാ പടവും ഇഷ്ടപ്പെട്ട് ചെയ്തതാണ്.
മലയാള സിനിമയിൽ അഭിനയത്തിന് രജതമയൂരം ലഭിച്ച നടനാണ്, അവാർഡുകളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
അവാർഡുകൾ നല്ലതാണ്. ഇങ്ങനെയുള്ള അവാർഡുകൾ ലഭിക്കുേമ്പാൾ മാത്രം അംഗീകരിക്കുന്ന കുറെ ആളുകൾ ഉണ്ട്. എന്നാൽ ഞാനതിനെയൊന്നും വലുതായിട്ട് കാണുന്നില്ല. നമ്മളെ കൂടെ നിന്നവർക്കും, നമ്മളെ വിശ്വസിച്ചവർക്കുമൊക്കെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അവാർഡുകളെ പറ്റി ആലോചിക്കാറില്ല. ആ അവാർഡ് കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു. നമ്മുടെ ആ സിനിമക്ക് കിട്ടുമോ... അത്തരം കാര്യങ്ങളൊന്നും ഞാൻ ആലോചിക്കാറില്ല.
അപ്പൻ (മാളിയേക്കല് ചെമ്പന് ജോസ്) ഈ അടുത്ത് വിട്ടുപോയി. അപ്പൻ ജീവിതത്തിലും സിനിമയിലും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?
ഞാൻ അപ്പനുമായിട്ട് അങ്ങനെ വലിയ ബന്ധമുണ്ടായിരുന്ന ആളല്ല. അപ്പച്ചൻ പണ്ട് രജനീകാന്തിെൻറ ഏതോ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. ഡയറിയൊക്കെ എഴുതുന്ന ഒരു ലൈഫ് സ്റ്റൈൽ ഉള്ള ആളാണ്. സിനിമകളെ പറ്റി അപ്പച്ചനുമായി ഒരു ചർച്ചയൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. എന്നാൽ അപ്പച്ചനും അമ്മച്ചിയും (ആനീസ്) സിനിമയെ പറ്റി സംസാരിക്കാറൊക്കെയുണ്ട്. അത് അമ്മച്ചി എന്നോട് ഇടക്ക് പറയും. 'പൊറിഞ്ചു മറിയം േജാസി'ൽ ശവപ്പെട്ടിയിലൊക്കെയുള്ള സീൻ അവർക്ക് ചെറിയ പ്രയാസങ്ങളൊക്കെയുണ്ടാക്കിയിരുന്നു.
ചെറുപ്പകാലം..?
17 വയസ്സുവരെ അങ്കമാലിയിൽ കിടങ്ങൂരിലാണ് പഠിച്ചത്. അത് കഴിഞ്ഞ് മഹാരാജാസിൽ പ്രീഡിഗ്രിക്ക് ചേർന്നു. ഒരു മാസമേ അവിടെ പോയുള്ളൂ. അവിടെ പോയിവരാനുള്ള സമയത്തിെൻറ അസൗകര്യമൊക്കെയുള്ളതുകൊണ്ട് കളമശ്ശേരി സെൻറ് പോൾസ് കോളജിലേക്ക് പോയി. അവിടെ കഴിഞ്ഞ ശേഷമാണ് ബാംഗ്ലൂരിലേക്ക് പോയത്.
ചെമ്പൻ എന്ന പേരിന് പിന്നിൽ?
അത് വീട്ടുപേരാണ്, മാളിയേക്കൽ ചെമ്പൻ എന്നാണ്. എല്ലാവരും ഞങ്ങളെ ചെമ്പൻമാർ എന്നാണ് വിളിക്കുക. അതിൽനിന്നാണ് ചെമ്പോ്സകി എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പേര് വന്നത്.
ഒരു പാൻ ഇന്ത്യൻ യാത്ര നടത്തിയിരുന്നല്ലേ..?
സിനിമ കഴിഞ്ഞാൽ യാത്ര തന്നെയാണ് ഇഷ്ടം. ഒരു ഇന്ത്യായാത്ര നടത്തിയിരുന്നു. ഞാനും സുഹൃത്തും ഒരു മാസം ഇന്ത്യ മുഴുവൻ ഡ്രൈവ് ചെയ്തു. പച്ചയണിഞ്ഞ് നിൽക്കുന്ന ഇന്ത്യയെ കണ്ട് മടങ്ങി. എല്ലായിടത്തും പച്ചപ്പ്. 11,000 കിലോമീറ്ററാണ് ഒരു മാസംകൊണ്ട് താണ്ടിയത്.