അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചാൽ മാവോവാദിയാകുമോ?; ചിത്ര നിലമ്പൂർ നിലപാടുകൾ വ്യക്തമാക്കുന്നു
ആദിവാസി സമൂഹത്തിെന്റ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ചിത്ര നിലമ്പൂർ ഭരണകൂട ഭീഷണിയുടെ നടുവിലാണ്. മാവോവാദി എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു.തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഭരണകൂടമാണ് അതിന് ഉത്തരവാദിയെന്ന പോസ്റ്റ് അടുത്ത ദിവസങ്ങളിൽ ചിത്ര നിലമ്പൂർ േസാഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. ഇൗ പശ്ചാത്തലത്തിൽ അവർ തെന്റ ജീവിതാവസ്ഥകളും നിലപാടുകളും വ്യക്തമാക്കുന്നു.
അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെയേൽപ്പിക്കണമെന്നും, ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകണമെന്നും ആവശ്യപ്പെട്ടാൽ അവരെങ്ങനെയാണ് മാവോവാദിയാവുന്നത്? ഇൗ ചോദ്യങ്ങൾ ചോദിക്കുന്നത് ആദിവാസി ഐക്യവേദി സംസ്ഥാന അധ്യക്ഷ ചിത്ര നിലമ്പൂരാണ്. ആദിവാസികളുടെ അവകാശസമരങ്ങളിലൂടെ കേരളത്തിൽ ശ്രദ്ധേയയാണ് ചിത്ര നിലമ്പൂർ. ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടങ്ങൾക്ക് ശക്തിപകരുകയാണ് ചിത്ര ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കേരളത്തിലെ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ 12 വർഷക്കാലമായി അവർ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഗോത്രജനതയെ മുന്നോട്ടുനയിക്കാൻ കഴിയൂ എന്ന തിരിച്ചറിവാണ് ചിത്രയെ വേറിട്ട പൊതുപ്രവർത്തകയാക്കി മാറ്റുന്നത്. അവകാശ സംരക്ഷണത്തിനായി ആദ്യം അറിവു നേടൂ, അക്ഷരങ്ങളാണ് പോരാട്ടത്തിന് ഏറ്റവും വലിയ ആയുധമെന്ന് ആഹ്വാനം ചെയ്യുകയാണ് ചിത്ര. പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്ക വിഭാഗത്തിൽനിന്നും സ്വപ്രയത്‌നത്തിലൂടെ ഉദിച്ചുയർന്ന സ്ത്രീ പോരാളിയാണ് അവർ. തീവ്രവാദിയായി മുദ്രകുത്തി ഇല്ലാതാക്കാനുള്ള നിരവധി പേരുടെ ശ്രമങ്ങളെ അതിജീവിച്ചാണ് പോരാട്ടം.
പച്ചയായ ജീവിത യാഥാർഥ്യങ്ങളാണ് ആദിവാസി ഐക്യവേദി നേതാവായി ചിത്രയെ മാറ്റിയത്. പൊതുപ്രവർത്തനരംഗത്ത് നേരിടേണ്ടിവന്ന അനുഭവങ്ങളും ദുരനുഭവങ്ങളും പങ്കുവെക്കുകയാണ് അവർ ഈ അഭിമുഖത്തിൽ. ''ഒരു ആദിവാസി സ്ത്രീ എന്തിനാണ് നിരന്തരമായി കേരളത്തിലെ വിവിധ ആദിവാസി ഊരുകൾ സന്ദർശിക്കുന്നത്? എന്തിനാണ് ആദിവാസികൾക്ക് വേണ്ടി പോരാടുന്നത്? അവർ എന്തിനാണ് ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചും വനാവകാശ നിയമങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുന്നത്'' -ഇതൊക്കെയാണ് ചിത്രയോട് പൊലീസ് ഉന്നയിക്കുന്ന സംശയം. പൊലീസിന്റെ സംശയങ്ങൾക്കുള്ള മറുപടികൂടിയാണ് ചിത്രയുടെ ജീവിതവഴികൾ.
നമ്മൾ സംസാരം തുടങ്ങുക വളരെ പിന്നിൽനിന്നാണ്. ചിത്രയെന്ന ആക്ടിവിസ്റ്റിനെ രൂപപ്പെടുത്തിയതിൽ കുട്ടിക്കാലത്തിന് പങ്കുണ്ടാവുമല്ലോ. എന്തായിരുന്നു കുട്ടിക്കാല ജീവിതം?
കുട്ടിക്കാലത്തെ ജീവിതം സന്തോഷകരമായിരുന്നില്ല. ഒറ്റപ്പെടലായിരുന്നു എന്നും. വിദ്യാഭ്യാസകാലം ഏഴാം ക്ലാസ് വരെ അപ്പൻകാപ്പ് ഊരിൽനിന്നായിരുന്നു. കാട്ടുനായ്ക്ക വിഭാഗത്തിലാണ് ജനനം. അപ്പനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. വലിയ ബുദ്ധിമുട്ടിലൂടെയാണ് കുടുംബം നീങ്ങിയിരുന്നത്. മിക്കപ്പോഴും പട്ടിണിയാണ്. മഴക്കാലത്ത് ആഹാരമൊന്നും ഉണ്ടാവില്ല. മുണ്ടേരി ട്രൈബൽ യു.പി സ്‌കൂളിലാണ് ആദ്യ പഠനം. കാട്ടിനുള്ളിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. നാലര കിലോമീറ്റർ കൊടുംകാട്ടിലൂടെ നടന്നു വേണം പുറത്തെത്താൻ.
പഠിക്കാൻ മിടുക്കിയായിരുന്നു. നല്ല അധ്യാപകരും നല്ല സുഹൃത്തുക്കളും വിദ്യാലയത്തിൽ ഉണ്ടായിരുന്നു. ജാതിവിവേചനം അവിടെ ഞാൻ അനുഭവിച്ചിട്ടില്ല. ഓർക്കാൻ കുട്ടിക്കാലത്തെ ഏറ്റവും നല്ല ഓർമ സ്‌കൂൾ അന്തരീക്ഷം മാത്രമാണ്.
ഊരിലെ ജീവിതം സന്തോഷകരമായിരുന്നു. നല്ല മൂപ്പന്മാരുടെ കീഴിലായിരുന്നു ഊര്. ഓർമയിൽ കുങ്കൻ മൂപ്പനും ചാത്തൻ മൂപ്പനും ആയിരുന്നു മൂപ്പന്മാർ. അക്കാലമൊക്കെ ഇന്നും ഓർമയിലുണ്ട്. വലിയ വലിയ സന്തോഷമായിരുന്നു കൊടും വനത്തിലെ അപ്പൻകാപ്പ് ഊരിലെ ആദ്യകാല ജീവിതം. കാടും കാട്ടാറും കിളികളും മൃഗങ്ങളും കൂട്ടായിനിന്ന കാലമായിരുന്നു. എന്നാൽ പുതിയ കാലഘട്ടവും മാറിമറിഞ്ഞ വിദ്യാഭ്യാസ രംഗത്തെ മാറ്റവും ഊരിലെ ജീവിതം മടുപ്പിച്ചു. മദ്യമായിരുന്നു ഊരിനെ മുഴുവൻ ദുരിതമാക്കിയ വില്ലൻ. ഊര് ജനത മദ്യത്തിന്റെ പിടിയിലേക്ക് വഴിമാറിയതോടെ ൈസ്വരജീവിതം തകർന്നു.
വിവാഹം, കുടുംബജീവിതം?
പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം നന്നേ ചെറുപ്പത്തിൽതന്നെ അമ്മമാരായി മാറുന്നതാണ് ഊരിലെ അവസ്ഥ. അതിനാൽ പഠിക്കാൻ പെൺകുട്ടികൾക്ക് കഴിഞ്ഞിരുന്നില്ല. എന്റേതും സ്ഥിതി മറിച്ചായിരുന്നില്ല. എസ്.എസ്.എൽ.സി പഠനം കഴിഞ്ഞപ്പോൾ തന്നെ വിവാഹം നടന്നു. അന്ന് പതിനാറ് വയസ്സ് മാത്രമാണുള്ളത്. വിവാഹം എന്നൊക്കെ പറഞ്ഞാൽ ഒരു ചെറിയ ചടങ്ങ് മാത്രമാണ്. ബാലവിവാഹമായിരുന്നു എന്‍റേത്. സന്തോഷകരമായിരുന്നു ആദ്യകാല കുടുംബജീവിതം. പൊതുപ്രവർത്തനത്തിലേക്ക് വന്നതോടെ കുടുംബജീവിതത്തിൽ ചില വെല്ലുവിളികൾ ഉണ്ടായി. ദാമ്പത്യം തകരാനും ഒറ്റപ്പെടാനും വഴിയൊരുക്കി. എന്നെ പൊതുപ്രവർത്തന രംഗത്ത് ആദ്യം എതിർത്തത് ഭർത്താവായിരുന്നു. ഈ എതിർപ്പാണ് എന്നെ ശക്തയാക്കിയത്. തുടർന്ന് പഠിക്കാനും കൂടുതൽ ലോകത്തെ അറിയാനും എന്നെ പ്രാപ്തയാക്കിയതും എതിർപ്പുകളിൽനിന്ന് ലഭിച്ച പോരാട്ടവീര്യമാണ്. പിന്നീടങ്ങോട്ട് മക്കൾക്കുവേണ്ടിയും മർദിത ജനവിഭാഗങ്ങൾക്കു വേണ്ടിയും ജീവിക്കാനുള്ള പോരാട്ടമായിരുന്നു. പലതും അനുഭവിച്ചു പിന്നീടുള്ള ജീവിതത്തിൽ. ചെറുപ്രായത്തിൽ രണ്ട് മക്കളുടെ അമ്മയായി ഞാൻ മാറിയിരുന്നു.
മകൾ ഗോപികയുമായും മകൻ ഗോകുലുമായും സന്തോഷകരമായ കുടുംബജീവിതം നയിച്ച് പോരുന്നു. വിദ്യാർഥികളായ മക്കൾ എന്നെ മനസ്സിലാക്കുന്ന സുഹൃത്തുക്കൾകൂടിയാണ്.
ആദ്യ സമരം?
അതിജീവനമായിരുന്നു എന്റെ ആദ്യസമരം. ജീവിക്കാൻ ഒരു തൊഴിൽ ആവശ്യമായിരുന്നു. മക്കളെ പഠിപ്പിക്കണം, നല്ല നിലയിൽ വളർത്തണം എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. 18ാം വയസ്സിൽ വനത്തിനുള്ളിലെ അളയ്ക്കൽ കോളനിയിൽ ബാലവിജ്ഞാന കേന്ദ്രം അധ്യാപികയായി. പിന്നീട് തണ്ടൻകല്ല് കോളനിയിലെ ബാലവിജ്ഞാന കേന്ദ്രത്തിൽ അധ്യാപികയുടെ റോളിലേക്ക് മാറി. എന്നാൽ അധ്യാപികയുടെ ജോലി അധികകാലം തുടരാൻ കഴിഞ്ഞില്ല. പത്തു വർഷത്തിലേറെ എസ്.ടി പ്രൊമോട്ടറായി സേവനം. പിന്നീട് പോത്തുകല്ല് ഗ്രാമപഞ്ചായത്തിൽ സി.ഡി.എസ് അംഗമായി. കുടുംബശ്രീ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ആ സമയങ്ങളിലാണ് മഹിള സംഖ്യ എന്ന എൻ.ജി.ഒയിൽ പഞ്ചായത്ത് കോഓഡിനേറ്ററായി പ്രവർത്തിക്കാനായി അവസരം ലഭിക്കുന്നത്. സ്ത്രീ ശാക്തീകരണമായിരുന്നു അവരുടെ ലക്ഷ്യം. എന്റെ ജീവിതത്തിൽ ഉണ്ടായ എല്ലാ മാറ്റങ്ങളുടെയും തുടർച്ച അതായിരുന്നു. എനിക്ക് ശരിയെന്ന് തോന്നുന്നതെല്ലാം എഴുതി, പ്രസംഗിച്ചു, ഒറ്റക്ക് യാത്ര ചെയ്തു. ലിംഗസമത്വത്തെക്കുറിച്ച് ചിന്തിച്ചു, പഠിച്ചു. സമൂഹത്തിൽ കെട്ടിപ്പടുത്തുയർത്തിയ ചില വാർപ്പുമാതൃകകളെ തല്ലിയുടയ്ക്കാൻ എന്റെ ചിന്തകൾക്കുമായി.
ഇക്കാലത്താണ് തുടർന്നു പഠിക്കാനുള്ള ആഗ്രഹമുണ്ടാവുന്നത്. ഞാൻ ചിന്തിച്ചു. വിദ്യാഭ്യാസത്തിന് പരിധിയില്ല. അതിർവരമ്പുകളില്ല. സ്ത്രീ സമൂഹത്തിന്റെകൂടി ഭാഗമാണ്. അവൾക്കും ഒരുപാടേറെ തന്റെ സമൂഹത്തിന് വേണ്ടി ചെയ്യാനുണ്ട്. പുറംലോകത്തേക്കിറങ്ങാനും സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കാനും ആദിവാസി സമൂഹത്തെ രക്ഷപ്പെടുത്താനും വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് ഞാൻ ചിന്തിച്ചു. നമ്മുടെ മനസ്സിൽ ഒരു ആഗ്രഹമുണ്ടെങ്കിൽ അത് ലക്ഷ്യത്തിലേക്കെത്തിക്കാൻ ഒരു പാത തുറന്നു തരാൻ ആരെങ്കിലുമെത്തും എന്നുള്ള സത്യം എന്റെ ജീവിതത്തിലും പലവട്ടം സംഭവിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്ന് സമീക്ഷ എന്ന പദ്ധതി ആയിരുന്നു. നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ തുടങ്ങിയ ആ പദ്ധതിയിൽ സുഹൃത്തും സഹപ്രവർത്തകയുമായ സലീന നിലമ്പൂർ ഉണ്ടായിരുന്നു, അവരാണ് എന്നെ സഹായിച്ചത്. അങ്ങനെയാണ് തുടർപഠനം നടത്തിയതും പ്ലസ് ടുവും ഡിഗ്രിയും പാസായതും. പ്ലസ് ടു പഠനം വലിയ സന്തോഷം നൽകിയിരുന്നു. നിരവധി ബാധ്യതകളിലൂടെ നീങ്ങുമ്പോഴാണ് പഠനത്തിലേക്ക് വഴിമാറിയത്. ചരിത്രത്തിലായിരുന്നു ബിരുദം നേടിയത്. എന്നെ വലിയൊരു വായനക്കാരിയാക്കിയതും ചരിത്രപഠനമായിരുന്നു. തുടർപഠനവും വായനയിലൂടെയും അനുഭവത്തിലൂടെയും നേടിയ അറിവും ഇന്നും എന്റെ ജനതക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത് എന്നത് ഏറെ അഭിമാനകരമാണ്.
പൊതുപ്രവർത്തനത്തിലേക്ക് എത്തിയത് എങ്ങനെയായിരുന്നു?
വിദ്യാഭ്യാസത്തിലൂടെ മാത്രമേ ആദിവാസികൾക്ക് മാറ്റം സാധിക്കൂ എന്ന് ഞാൻ തിരിച്ചറിഞ്ഞത് അളയ്ക്കൽ, തണ്ടൻകല്ല് എന്ന ഊരിലെ അനുഭവങ്ങളിൽനിന്നായിരുന്നു. ആ ഊരിലെ ജനത ഏറെ അകന്നാണ് ജീവിച്ചിരുന്നത്. പൊതു ഇടത്തിലേക്ക് ഇറങ്ങാൻ അവർക്ക് ഭയമായിരുന്നു. അവർക്ക് ഗോത്രഭാഷയല്ലാതെ മറ്റൊരു ഭാഷയറിയില്ല. പൊതു സമൂഹം എന്തെന്ന് അറിയാത്ത അവസ്ഥ. ലൈംഗിക ചൂഷണങ്ങൾ അടക്കം പലതരം ചൂഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന അവർക്കുവേണ്ടി ശബ്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്താണ് ഈ മേഖലയിലെത്തിയത്. അക്ഷരങ്ങളിലൂടെ മാത്രമേ അവകാശങ്ങളെ കുറിച്ച് ആദിവാസികളെ ബോധവത്കരിക്കാൻ സാധിക്കൂ എന്ന് ബോധ്യപ്പെട്ടതോടെയാണ് ഞാൻ വിദ്യാഭ്യാസ സൗകര്യങ്ങൾക്കായുള്ള പോരാട്ടം ആരംഭിക്കുന്നത്. അങ്ങനെയാണ് നിലമ്പൂരിൽ ട്രൈബൽ സ്‌കൂൾ ആരംഭിക്കുന്നത്. ഭൂ പ്രശ്‌നമാണ് ആദിവാസികൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നമെന്ന തിരിച്ചറിവാണ് ആദിവാസി ഐക്യവേദിയെന്ന സംഘടനക്ക് രൂപംകൊടുക്കാൻ പ്രേരിപ്പിച്ചത്. 2010ലാണ് പൊതുപ്രവർത്തന രംഗത്ത് സജീവമാവുന്നത്. 2017വരെ വിവിധ ഊരുകളിലെ വിഷയങ്ങളിൽ ഇടപെടുകയും സമരത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു.
പൊതുപ്രവർത്തനരംഗത്തേക്ക് വരുമ്പോൾ ആദ്യകാലത്ത് നേരിട്ട വിഷയങ്ങൾ?
ആദിവാസികൾ നിശ്ശബ്ദരായിരിക്കണമെന്നതാണ് പൊതു നിയമം. സ്ത്രീകളാണെങ്കിലും അതുതന്നെ. ആദിവാസി സ്ത്രീകളാണെങ്കിൽ മനുഷ്യരായിപോലും പരിഗണിക്കപ്പെടരുതെന്ന പൊതുബോധം ഉള്ള നാട്ടിലാണ് ഞാൻ പൊതുപ്രവർത്തനത്തിനായി ഇറങ്ങിത്തിരിക്കുന്നത്. അത് പലർക്കും വലിയ വിഷയമായിരുന്നു. എന്നെ നോക്കി പലരും നെറ്റി ചുളിച്ചു, എന്നെ ഇല്ലാതാക്കാൻ പലരും ഗൂഢാലോചന നടത്തി. ആദ്യമൊക്കെ ഭയപ്പെടുത്തി, ഒരു സ്ത്രീയെന്ന നിലയിൽ എളുപ്പം ചെയ്യാവുന്നത് അപവാദ പ്രചാരണമാണ്. അതും ഫലിക്കാതെ വന്നപ്പോൾ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നു എന്നായി. പലതരത്തിലുള്ള എതിർപ്പുകൾ നേരിടേണ്ടിവന്നു. പലപ്പോഴും മനസ്സ് തളർന്നിട്ടുണ്ട്. ആരുമറിയാതെ കരഞ്ഞിട്ടുണ്ട്. എന്നാൽ എതിർപ്പുകളെല്ലാം എന്നെ ശക്തയാക്കുകയായിരുന്നു. വർധിതവീര്യത്തോടെ തിരിച്ചുവരാൻ എനിക്ക് കഴിഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടേയും കോൺട്രാക്ടർമാരുടെയും വക്രബുദ്ധി ജീവിതത്തിലും തീരാനഷ്ടങ്ങളുണ്ടാക്കി. ഞാനിടപെട്ട പല വിഷയങ്ങളിലും എനിക്ക് മാനസിക സംഘർഷങ്ങളുണ്ടാക്കിയത് ഇക്കൂട്ടരായിരുന്നു. ഒരു ആദിവാസി സ്ത്രീ എന്ന പുച്ഛമായ കാഴ്ചപ്പാട് അവർക്കുണ്ടായിരുന്നു. എന്നെ ഈ മേഖലയിൽനിന്നും പിന്തിരിപ്പിക്കാൻ പല രീതിയിലും ശ്രമിച്ചു. 2015ൽ ഒരു ദിവസം രാത്രിയിൽ ഞാൻ താമസിക്കുന്ന വീട്ടിലെത്തി കോളിങ്ബെൽ അടിച്ചു. രാത്രി ഏറെ വൈകിയിരുന്നു. ഞാൻ എഴുന്നേറ്റ് വാതിൽ തുറന്നു. എന്നോട് ചോദിച്ചു ആരാണ് അകത്തെന്ന്. ഞാൻ കാര്യം തിരക്കി. അപ്പോൾ വഴിക്കടവിൽ മാവോവാദികളെ കണ്ടെന്നും അതിനാൽ ശ്രദ്ധിക്കണമെന്നു പറയാനാണ് വന്നതെന്നുമായി പൊലീസ്. ഇത് മനഃപൂർവമുള്ള ബുദ്ധിമുട്ടിക്കലായിരുന്നു. എവിടെയോ മാവോവാദി സാന്നിധ്യമുണ്ടായതിന് അവരെന്തിനാണ് എന്നെ രാത്രിയിൽ ബുദ്ധിമുട്ടിച്ചതെന്ന് മനസ്സിലാവുന്നില്ല.
കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങൾ പൊതുവായി നേരിടുന്ന വിഷയങ്ങൾ?
അവരുടെ ജീവിതരീതി നഷ്ടപ്പെട്ടു എന്നതാണ് ഈ ജനവിഭാഗം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. കാട് നഷ്ടപ്പെട്ടു എന്നതാണ് അവർ നേരിടുന്ന വിഷയം. അവരുടെ ആഹാരം വനവിഭവങ്ങളായിരുന്നു. വനംവകുപ്പിന്റെ നിയമങ്ങൾ കർശനമായതോടെ അവർക്ക് ഭക്ഷണം നഷ്ടപ്പെട്ടു. അവരുടെ ആചാരങ്ങൾ നഷ്ടപ്പെട്ടു. കാട്ടുനായ്ക്കരും ചോലനായ്ക്കരും അധികം പൊതുസമൂഹത്തിനോട് അടുപ്പം പുലർത്തുന്നവരല്ല. കാടാണ് അവരുടെ ലോകം. എന്നാൽ കാട് അന്യമായി. അതിരുകളില്ലാതെ ജീവിച്ചവരാണ് അവർ. അവർക്ക് ഭൂമിക്ക് രേഖകൾ ആവശ്യമില്ല, അവർക്ക് സമ്പാദ്യശീലമില്ല. കാരണം അവർ സ്വതന്ത്രരായി ജീവിച്ചവരാണ്. എന്നാൽ വനം വകുപ്പ് അവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പി.വി.ടി ഗ്രൂപ്പിൽ പെട്ട കാട്ടുനായ്ക്കരും ചോലനായ്ക്കരും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഇന്നും ഏറെ പിന്നിലാണ്. ചോലനായ്ക്ക വിഭാഗം ഉൾക്കാട്ടിൽ മാത്രം ജീവിക്കുന്നവരാണ്, എന്നാൽ പൊതുസമൂഹവുമായി ഏറക്കുറെ അടുത്തു നിൽക്കുന്നവരാണ് കാട്ടുനായ്ക്കർ. അതിനാൽ കാട്ടുനായ്ക്കരായ കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു ഞാൻ ഏറ്റവും ആഗ്രഹിച്ചത്. അവർക്കായി ആരംഭിച്ച ഇന്ദിരഗാന്ധി മെമ്മോറിയൽ മോഡൽ റെസിഡൻസി സ്‌കൂൾ പ്രവർത്തിക്കാനും അതിൽ എന്റെ മകളെ ചേർത്തുകൊണ്ട് തന്നെ, മറ്റുള്ള നിരവധി കുട്ടികളെ വനത്തിനുള്ളിൽനിന്ന് കൊണ്ടുപോയി സ്‌കൂളിൽ ചേർക്കാനും എനിക്ക് സാധിച്ചു. കാട്ടുനായ്ക്കരുടെ ഇടയിൽ വിദ്യാഭ്യാസം നൽകാൻ ടീച്ചറായി പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. അനുഭവങ്ങൾതന്നെയാണ് സാമൂഹിക പ്രവർത്തനത്തിലേക്ക് നയിച്ചത്.
തീവ്രവാദിയായി മുദ്രകുത്താനുള്ള നീക്കങ്ങൾ എന്നുമുതൽ ആരംഭിച്ചു?
അധികൃതർ എന്തിനാണ് ഊര് വിലക്കു കൽപ്പിച്ച് അകറ്റിനിർത്താൻ ശ്രമിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. എന്റെ യാത്രയിലൂടെ വിവിധ ജില്ലകളിലെ കുറെ ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. അതിലേറെയും ഗോത്ര സുഹൃത്തുക്കളാണ്. യാത്രയുടെ ഭാഗമായും സൗഹൃദപരമായും ഒക്കെ അവരുടെ വീടുകളിൽ തങ്ങേണ്ടിവന്നിട്ടുണ്ട്. രാത്രിയിൽ അവരുമായി കുറെ നേരം സംസാരിച്ചിരിക്കുക പതിവാണ്. തങ്ങളുടെ ജീവിതദുരിതങ്ങളെക്കുറിച്ചായിരിക്കും അധികവും എല്ലാവരുടേയും സംസാരം. അങ്ങനെ ഒരു ദിവസം വയനാട് ജില്ലയിലെ പ്രാക്തന ഗോത്രവിഭാഗത്തിലെ ഒരു സുഹൃത്തിന്റെ വീട്ടിലും താമസിച്ചു. നേരം വെളുത്തപ്പോൾത്തന്നെ എനിക്ക് ഫോൺ കോളുകളുടെ ബഹളമായി. ട്രൈബൽ വകുപ്പും പൊലീസ് വകുപ്പും ഒക്കെ എന്നെ വിളിച്ചു. എന്തിനായിരുന്നു അവിടെ വന്നത്? ആരുടെ വീട്ടിൽ തങ്ങി? മീറ്റിങ് നടത്തിയോ? ഫോട്ടോ എടുത്തോ? കൂടെ ആരൊക്കെ വന്നു? അവർ ആരെല്ലാമാണ്? ഇങ്ങനെ പല ചോദ്യവും ചോദിച്ചു.
ചോദ്യങ്ങൾക്കെല്ലാം ലളിതമായി ഞാൻ മറുപടി നൽകി. മാവോവാദി സാന്നിധ്യമുള്ള ഏരിയ ആയതിനാലാണ് ഇങ്ങനെ ചോദിച്ചത് എന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. എനിക്ക് ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. ചോദ്യം ചെയ്യൽ നല്ലതാണ്. അത് മോശമായി എനിക്ക് തോന്നിയില്ല. എന്നാൽ ഈ ചോദ്യം ചെയ്യാൻ കാണിക്കുന്ന ആർജവവും ആദിവാസികളുടെ ഊരിലെ പ്രവർത്തനങ്ങൾക്കുകൂടി കാണിക്കണമായിരുന്നു. ആദിവാസികളുടെ ഊരിൽ മറ്റ് ഉന്നതരുടെ മീറ്റിങ്ങുകളും അതുവഴിയുള്ള ഭീഷണികളും അവരുടെ ഇടപെടൽമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കയാണ്. അതിൽ വളരെയധികം ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. ഇതൊന്നും ആർക്കും ഒരു പ്രശ്‌നമായി തോന്നുന്നില്ല. വിദ്യാഭ്യാസമുള്ള ആദിവാസികളോ സംഘടനകളോ ഊരിലൊന്നു വന്നാൽ, ഒന്നു സംസാരിച്ചാൽ അത് വലിയ ചോദ്യമായി മാറും. ഭൂ പ്രശ്‌നം മുതൽ കുടിവെള്ളം, വൈദ്യുതി, റോഡ്, പാലം തുടങ്ങി ഒരു വികസനവും കടന്നെത്താത്ത ഊരുകൾ വയനാട്, മലപ്പുറം, തൃശൂർ തുടങ്ങിയ വിവിധ ജില്ലകളിലുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലുകളും ഉണ്ടാവാറില്ലേ?
വോട്ടു ചോദിക്കാൻ മാത്രമാണ് ത്രിതല പഞ്ചായത്ത് മെംബർമാർ വരുക. പിന്നീട് ഞങ്ങളുടെ ഒരു കാര്യവും അവർ അന്വേഷിക്കില്ല. ഊരുകൂട്ടം ചേരാറില്ല. പകരം ഓരോ വീട്ടിലും വന്ന് പ്രൊമോട്ടർ ഒപ്പ് ശേഖരിച്ച് പോകും. ഒരു സൗകര്യവും ഇല്ല എന്ന്, വരുന്നവരോടൊക്കെ വാ തോരാതെ ഞങ്ങൾ പറയും. കുട്ടികൾക്ക് പഠിക്കാൻ ഒരു സൗകര്യവുമില്ല. റേഷൻ കിട്ടുന്നതുകൊണ്ട് ഞങ്ങൾക്ക് വയർ വിശപ്പില്ലാതെ കിടക്കാം. എന്നാൽ റേഷൻ വാങ്ങാൻ 500 രൂപ കൊടുത്ത് വണ്ടി വിളിച്ച് പോകണം. ചായയോ, കറിവെക്കാൻ സാധനമോ ഇല്ല. തൊഴിലുറപ്പ് നിർത്തിവെച്ചു. അതിനാൽ കൈയിൽ കാശില്ല. ഇതെല്ലാം കാണിച്ച് കലക്ടർക്കോ മറ്റോ ഞങ്ങൾ ഒപ്പിട്ട് അപേക്ഷ കൊടുത്താൽ മറ്റ് ഉദ്യോഗസ്ഥർ വന്ന് ഭീഷണിപ്പെടുത്തുക പതിവാണ്. എന്തും സഹിച്ച് ഞങ്ങൾ അടിമകളായി ജീവിക്കണം. ഇതാണ് പലരുടേയും ആഗ്രഹവും പ്രവൃത്തിയും.
ജനറൽ ഫണ്ട്, ടി.എസ്.പി, ത്രിതല പഞ്ചായത്തിൽനിന്നും ട്രൈബൽ ഡിപ്പാർട്മെന്റിൽനിന്നും ലഭിക്കുന്ന പദ്ധതികൾ, ഊരുകൂട്ടം എന്നിവയെക്കുറിച്ചൊന്നും ഗുണഭോക്താക്കൾക്ക് അറിവില്ല. എന്നാൽ ഇവർക്ക് ഇത്തരം കാര്യങ്ങൾ മറ്റാരെങ്കിലും പറഞ്ഞുകൊടുത്താൽ അവർക്കെതിരെ അന്വേഷണവും മറ്റു പുലിവാലുകളുമായി. പോക്‌സോ, അട്രോസിറ്റി ആക്ട്, വനാവകാശം, പെസ തുടങ്ങിയ നിയമങ്ങളെക്കുറിച്ചൊന്നും ഇവർ കേട്ടിട്ടുപോലുമില്ല. ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കേണ്ട വകുപ്പ് അധികാരികൾ ഒരു ഇടപെടലും നടത്തുന്നുമില്ല. കരുളായി വനത്തിന്റെ ഉൾഭാഗത്തുള്ള ഒരു കോളനിയിലെ ഒരു പെൺകുട്ടിയെ ചിലർ ചേർന്ന് നഗരത്തിലെ ലോഡ്ജ്മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഇന്നും ആരും മറന്നിട്ടുണ്ടാവില്ല. കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിക്ക് നീതി ലഭിച്ചില്ല. അവൾക്ക് ഭാഷയറിയാത്തതിനാൽ തെളിവുകൾ ഹാജരാക്കാനോ ആരൊക്കെയാണ് പീഡിപ്പിച്ചതെന്ന് കോടതിയിൽ പറയാനോ കഴിഞ്ഞില്ല. അവൾക്ക് അനുകൂലമായ നിലപാട് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സർക്കാർ വക്കീൽ കാലുമാറി, പൊലീസും വനംവകുപ്പ് അധികൃതരും സാക്ഷിപറഞ്ഞില്ല. കാരണം ആ കേസിലെ മുഖ്യപ്രതി പൊലീസിന്റെ ഒരു ശിങ്കിടിയായിരുന്നു. ഇതാണ് അവസ്ഥ. ആദിവാസി പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ പൊലീസ് പോലും നമുക്കൊപ്പം നിൽക്കില്ല. നിങ്ങൾ നോക്കൂ, അട്ടപ്പാടിയിലെ മധുവിന്റെ മരണത്തിൽ എന്താണ് സംഭവിച്ചത്. സംഭവം നടന്നിട്ട് വർഷം നാലായിട്ടും കേസിൽ വിചാരണ ആരംഭിക്കാൻപോലും കഴിഞ്ഞിട്ടില്ല. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാവുന്നില്ല. പൊതുസമൂഹത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാവുമോ? ഇത്തരം ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് എന്നെ മാവോവാദിയെന്ന് മുദ്രകുത്താൻ ചിലർ ശ്രമിക്കുന്നത്.
യഥാർഥത്തിൽ നിലമ്പൂർ മേഖലയിൽ മാവോവാദി സാന്നിധ്യമുണ്ടോ?
''മാവോവാദി സാന്നിധ്യമുണ്ട്. പിന്നെ വന്യമൃഗ ശല്യമുണ്ട്. ഊരുകളിൽ പുറത്തുള്ളവർ പോകാൻ പാടില്ല'' എന്നാണ് വനംവകുപ്പ് നിർദേശം. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ പറയുന്ന ഉത്തരം ഇതാണ്. പക്ഷേ കാരണം ഇതൊന്നുമല്ല എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അടിമകളാക്കി വെച്ചിരിക്കുന്ന ഈ ആദിവാസികളുടെ കദനകഥ പുറംലോകം അറിയും. ഇന്ന് സമൂഹമാധ്യമങ്ങൾ പല പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കിയിട്ടുണ്ട്. ഒരു ലൈവ്, അല്ലെങ്കിൽ കുറച്ച് ഫോട്ടോ, വിഡിയോ. ഇത്രയും മതി ഇതെല്ലാം പുറംലോകമറിയാൻ. അങ്ങനെ വന്നാൽ അന്വേഷണത്തിനായി ഉത്തരവു വരും. കറങ്ങുന്ന കസേരയിലും എയർകണ്ടീഷനിലും ഇരുന്ന് സുഖിക്കുന്ന നമ്മുടെ ബഹുമാന്യരായ ഉദ്യോഗസ്ഥർക്ക് പണി കൂടിവരും. കാടും മലയും കയറിയിറങ്ങി പണിയെടുക്കേണ്ടിവരും. ഇതൊക്കെയാണ് കാര്യം. ആദിവാസികൾക്ക് വികസനം വന്നിട്ട് എന്ത് കാര്യം. അവർ പണ്ടേ കാടിനുള്ളിൽ ഒന്നും ഇല്ലാതെ വളർന്നവരല്ലേ ? അങ്ങനെത്തന്നെ ഇനിയും ജീവിച്ചോളും, ഇതാണ് മിക്ക ഉദ്യോഗസ്ഥരുടെയും ചിന്ത. പിന്നെ സൗകര്യമുള്ള പ്രദേശത്ത് വികസനം എത്തിക്കാൻ ശ്രമിക്കുന്നത് അവിടെയുള്ള കോൺട്രാക്ടറും കുറെ വെള്ളയുടുപ്പിട്ട നേതാക്കന്മാരുമാണ്. അത് ആദിവാസി സുഖിച്ച് ജീവിക്കട്ടെ എന്ന് കരുതിയൊന്നുമല്ല. മറിച്ച് സ്വന്തം പോക്കറ്റിലേക്ക് കെട്ടുകൾ വീഴാനുള്ള സുവർണാവസരം ഇതാണല്ലോ എന്ന് കരുതിയാണ്. യഥാർഥ മാവോവാദി വന്നു പോകുന്നിടം നിയമപാലകർക്ക് നന്നായിട്ടറിയാം. പക്ഷേ അവരുടെ പിറകെ നടന്നാൽ വിവരമറിയും എന്നും അറിയാം. അപ്പോപിന്നെ പണിയെടുത്തു എന്നു കാണിക്കാൻ വല്ല ആദിവാസി നേതാക്കളേയോ പ്രവർത്തകരെയോ ചോദ്യംചെയ്താലല്ലേ പറ്റൂ.
ആദിവാസികൾ സ്വന്തം അവകാശം ചോദിച്ചു വാങ്ങാൻ സമരം ചെയ്യാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾ സമരം ചെയ്ത് ചോരക്കളം തീർത്താൽ ആർക്കും ഒരു പ്രശ്‌നവുമില്ല. ഒന്നു ചോദിച്ചോട്ടെ, എല്ലാവരെപ്പോലെ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ മൗലികാവകാശങ്ങളും അവകാശപ്പെട്ടവരല്ലേ ആദിവാസികൾ? എന്തുകൊണ്ട് ഞങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കുന്നു? എന്തുകൊണ്ട് ഞങ്ങൾ സംഘടിച്ചുകൂടാ..? എന്തുകൊണ്ട് ഞങ്ങൾക്ക് പ്രതിഷേധങ്ങൾ നടത്തിക്കൂടാ..? ആദിവാസി ഇന്ത്യൻ പൗരനായിട്ടും എന്തുകൊണ്ട് നിങ്ങൾ പൊതുസമൂഹം ഞങ്ങളെ അംഗീകരിക്കുന്നില്ല..? അറിവുള്ള ആദിവാസികളെ, വിദ്യാസമ്പന്നരെ നിങ്ങൾ ഭയപ്പെടുന്നതെന്തിനാണ്? അവർ മാവോവാദികളാണോ എന്ന് നിങ്ങൾ ചിന്തിക്കുന്നതെന്തിനാണ്? ഞങ്ങൾക്കും വേണ്ടേ സ്വാതന്ത്ര്യം...ഞങ്ങൾക്കും വേണ്ടേ മൗലിക അവകാശം...
ആദിവാസി ഐക്യവേദിയെയും ചിത്ര നിലമ്പൂരിനെയും ആരാണ് ഭയപ്പെടുന്നത്?
ആദിവാസികളെ ചൂഷണം ചെയ്ത് ജീവിക്കുന്നവരാണ് എന്നെ ഇല്ലാതാക്കാൻ നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ആദിവാസി ഊരുകളിൽ വിവിധ പ്രോജക്ടുകൾ കരാർ എടുക്കുന്നവരാണ് എന്നെ എതിർത്തിരുന്നത്. കരാറുകാർ പലപ്പോഴും പണം തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ എത്തുന്നവരാണ്. എന്താണ് പദ്ധതിയെന്നോ എന്താണ് ചെയ്യാൻ പോവുന്നതെന്നോ അറിയാത്ത ഊരുനിവാസികളുടെ കണ്ണിൽ പൊടിയിട്ട് കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേർന്ന് പണം തട്ടുന്നതിനെ ഞാൻ എതിർക്കാൻ തുടങ്ങി. തട്ടിപ്പുവിവരം പുറത്തുകൊണ്ടുവന്നു. എനിക്കെതിരെ ആദ്യമായി നീക്കം തുടങ്ങുന്നതിനും ഇതായിരുന്നു കാരണം. ഞാൻ മാവോവാദിയാണെന്ന് പറഞ്ഞ് പൊലീസിൽ വ്യാജ പരാതിപോയി. എന്നെ പോത്തുകല്ല് പൊലീസ് ഒരു ദിവസം മുഴുവൻ ചോദ്യംചെയ്തു. എനിക്കൊപ്പമുണ്ടായിരുന്ന ധന്യ എന്ന പെൺകുട്ടി ജീൻസ് ധരിച്ചുവെന്നായിരുന്നു വലിയൊരു ആക്ഷേപം. ജീൻസ് ധരിച്ചവളാണെങ്കിൽ മാവോവാദി ആയിരിക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം. എനിക്കെതിരെ വ്യാപകമായി മാവോവാദി എന്ന പേരിൽ പ്രചാരണം നടത്തി. എന്റെ അമ്മയോട് പോലും, എന്നെ പൊലീസ് അറസ്റ്റു ചെയ്തുവെന്നും തോക്കുമായി എനിക്കൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു എന്നൊക്കെ പ്രചരിപ്പിച്ചു. അന്നൊക്കെ ഞാൻ ഏറെ വിഷമിച്ചു, വീട്ടിൽ അടച്ചിരുന്നു. അന്നൊക്കെ പുസ്തകങ്ങൾ വായിച്ചാണ് മാനസികമായ ബുദ്ധിമുട്ടുകളെ അതിജീവിച്ചത്. ഭൂവിഷയത്തിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സമരത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്. എവിടെപോയാലും പൊലീസ് എനിക്കെതിരെ പ്രചാരണം നടത്തും. ചിത്ര വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ പങ്കെടുക്കരുത്, അവർ പൊലീസിന്റെ നോട്ടപ്പുള്ളിയാണ് എന്നൊക്കെ. എനിക്കെതിരെ ഞങ്ങളുടെ ആളുകളെതന്നെയാണ് ഇത്തരം കുപ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നത്. ഇടമലയാറിൽ ഞങ്ങൾ സമരം നടത്തി. ട്രൈബൽ ഹോസ്റ്റലിലാണ് അവിടെ ആദിവാസികൾ താമസിക്കുന്നത്. തൊട്ടടുത്ത ഊരായ താളുകണ്ടത്തുനിന്ന് ഊരുമൂപ്പൻ ഞങ്ങളെ കാണാൻ വന്നു. അവിടെത്ത പ്രശ്‌നങ്ങൾ പറയാനായാണ് വന്നത്. അദ്ദേഹത്തെ ഫോറസ്റ്റുകാർ ഭീഷണിപ്പെടുത്തി. ഇത്തരം സംഘടനക്കാരെ മേലാൽ ഇവിടേക്ക് വിളിച്ചുവരുത്തരുതെന്നായിരുന്നു താക്കീത്. ആലപ്പുഴയിൽ 2003ൽ ആദിവാസികൾക്ക് അനുവദിച്ച ഭൂമി ഇപ്പോഴും അന്യാധീനപ്പെട്ടു കിടക്കുകയാണ്. 2009ലുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ 518 ഏക്കർ ഭൂമിയിലെ 217 ഏക്കർ ഭൂമി മൂന്നു വർഷമായി സർവേ ചെയ്തുവെങ്കിലും പട്ടയം കൊടുത്തില്ല. ഭൂമിയില്ലാത്തതല്ല ഇവിടെ പ്രശ്‌നം, അതൊന്നും കൊടുക്കില്ലെന്നതാണ്. ഇതെല്ലാം പലതരം മാഫിയകൾ കൈയടക്കിെവച്ചിരിക്കയാണ്. ഇതാണ് പ്രധാന പ്രശ്‌നം.
പൊലീസിന് ചിത്രയെക്കുറിച്ച് വ്യക്തമായ ധാരണയില്ലേ..?
ഞങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസിന് വ്യക്തമായി അറിയാം. എനിക്കെതിരെ ഒരു കേസുപോലുമില്ല, ഒരു സ്ഥലത്തും കുഴപ്പങ്ങളുണ്ടാക്കിയിട്ടില്ല, സമരം ചെയ്യുന്നത് വ്യക്തമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. സർക്കാറുമായി നല്ല നിലയിലാണ് ഞങ്ങളുടെ നിലപാടുകൾ. ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നുമുണ്ട്. ഞങ്ങൾ ആയുധവുമായി പോരാട്ടമൊന്നും നടത്തുന്നില്ല. നേരിട്ട് എതിർക്കാൻ കഴിയാത്തവരാണ് എന്നെ മാവോവാദിയായി മുദ്രകുത്തുന്നത്. മാവോവാദിയാണെന്ന് പ്രചരിപ്പിച്ചാൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിച്ചു വീട്ടിലിരിക്കുമെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നു. 10 വർഷം മുൻപ് എന്നെ പൊലീസ് ചോദ്യംചെയ്യാനായി വിളിച്ചപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥൻ പിന്നീട് എന്നോട് പറഞ്ഞു, ചിത്ര മാവോവാദിബന്ധമുള്ള ആളല്ലെന്ന് പൊലീസിന് അറിയാം, ഇതിന്റെയൊക്കെ പിറകിൽ ചിലരാണെന്ന്.
ട്രൈബൽ സ്‌കൂൾ നേരിടുന്ന വിഷയങ്ങൾ?
പ്രാക്തന ഗോത്രവിഭാഗമായ ചോലനായ്ക്കർ, കാട്ടുനായ്ക്കർ കുട്ടികളെ സ്‌കൂളിൽ എത്തിക്കുകയെന്നതായിരുന്നു ഞാൻ ആദ്യകാലത്ത് നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ട്. കുട്ടികൾ എന്ന് ജനിച്ചുവെന്നതിന് വ്യക്തമായ രേഖകളില്ല. സ്‌കൂളിൽ ചേരാൻ ജനനസർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. അത്തരം രേഖകൾ ഉണ്ടാക്കുകയായിരുന്നു ആദ്യ പരിശ്രമം. കുട്ടികളെ സ്‌കൂളിൽ എത്തിച്ചാൽ അവിടെ നിലനിർത്തുകയെന്നതും വലിയ ബുദ്ധിമുട്ടുള്ളതായിരുന്നു.
നിലമ്പൂരിലെ സ്‌പെഷൽ സ്‌കൂളിൽ ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർഥികൾ അനുഭവിക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാൻ പലപ്പോഴും ഹോസ്റ്റലിന്റെ ചുമതലക്കാർക്ക് പറ്റാറില്ല. പ്രത്യേക പരിഗണന വേണ്ടവരാണ് ഈ കുട്ടികൾ എന്ന ബോധം പല ജീവനക്കാർക്കും അധ്യാപകർക്കും ഇല്ല. കാട്ടിൽ കഴിഞ്ഞിരുന്നവരാണ് ഇതെന്ന് പരിഗണിക്കാതെ കുട്ടികളെ അനാവശ്യമായി ശിക്ഷിക്കുന്നത് പതിവാണ്.
ആദിവാസിവിദ്യാർഥികളുടെ പഠനകാര്യത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ രക്ഷിതാക്കൾക്ക് കഴിയില്ല. അവർ ദരിദ്രരും അക്ഷരാഭ്യാസമില്ലാത്തവരുമായിരുന്നു. അതിനാൽ മക്കൾ എന്താണ് പഠിക്കുന്നെതന്നോ സൗകര്യങ്ങളുണ്ടോ എന്നൊന്നും ആരും അറിയാറില്ല. ആദിവാസികളുടെ മക്കളാണ് എന്നതിനാൽ അതൊന്നും ആരും പരിഗണിക്കാറുമില്ല. സ്‌കൂൾ വിദ്യാർഥികൾക്കായി 200 ഹോസ്റ്റലുകളാണ് കേരളത്തിലുള്ളത്. എന്നാൽ ബിരുദതലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കേരളത്തിൽ എന്ത് സൗകര്യമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത് എന്നു പരിശോധിക്കാൻ ഇതുവരെ ആരും തയാറായില്ല.
എന്തുകൊണ്ടാണ് പല പദ്ധതികളും ഊരുകളിലേക്ക് എത്താത്തത്?
പദ്ധതികൾ തയാറാക്കുന്നത് മറ്റാരുടെയോ ബുദ്ധിയാണ്. അവർക്ക് എന്ത് ലാഭം ഉണ്ടാവുമെന്നാണ് പദ്ധതിയുടെ ആലോചനയിൽ തന്നെ ഉണ്ടാവുന്നത്. ഒരിക്കലും ആവശ്യമില്ലാത്ത നിരവധി നിർമാണങ്ങളാണ് ആദിവാസി മേഖലയിൽ ഉണ്ടാവുന്നത്. ആരാണ് ഗുണഭോക്താവ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ ഇനിയെങ്കിലും ശ്രമിക്കണമെന്നാണ് ഞങ്ങളുടെ പ്രധാന ആവശ്യം. പദ്ധതിപണം മുഴുവൻ ഏതോ കുറച്ച് വ്യക്തികളുടെ പോക്കറ്റിലേക്ക് പോകുന്നു, ആരും ഈ വക കാര്യങ്ങൾ അന്വേഷിക്കാറില്ല. ഇത് മാറണം, ആദിവാസികളുടെ പേരിലുള്ള കൊള്ള അവസാനിപ്പിക്കണം.
കുടിവെള്ള പ്രശ്‌നമാണ് മിക്ക ഊരുകളിലുമുള്ള പ്രധാന പ്രശ്‌നം. ശുചിമുറികളില്ലാത്തതും ഗുരുതരമായ ആരോഗ്യ പ്രശ്‌നവുമാണ് ആദിവാസി ഊരുകളിലുള്ളത്. എല്ലാ മേഖലയിലും വലിയ പ്രതിസന്ധിയാണ് ആദിവാസികൾ നേരിടുന്നത്. പോഷകാഹാര കുറവാണ് ഇതിൽ ഏറ്റവും ഗുരുതരം. ആദിവാസി ഊരുകളിൽ ശിശുമരണമുണ്ടാവുമ്പോഴുള്ള പ്രഖ്യാപനം മാത്രമാണ് അധികൃതരിൽ നിന്നും ഉണ്ടാവുന്നത്. പ്രഖ്യാപനം, മന്ത്രിമാരുടെ സന്ദർശനം, അതോടെ തീർന്നു.
ഊരുവിലക്കുപോലുള്ള വിഷയങ്ങളിലുള്ള ഇടപെടലുകൾ?
ഊരുവിലക്കിനാൽ ഒറ്റപ്പെട്ടുപോവുന്നവരെ സഹായിക്കുന്നതിനും ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. ഇടുക്കിയിൽ മുതുവാൻ കമ്യൂണിറ്റിയിൽ പെട്ട ഒരു കുടുംബം കഴിഞ്ഞ 20 വർഷമായി ഊരുവിലക്കാൽ ജീവിതം ദുസ്സഹമായി കഴിയുകയാണ്. അവർക്ക് കിടപ്പാടം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. എത്രയോ വർഷമായി അവർ ദുരിതത്തിലാണ്.
ആദിവാസി മേഖലയിൽ ഏതുതരത്തിലുള്ള വികസനമാണ് താങ്കൾ ലക്ഷ്യമിടുന്നത്?
ഞാൻ നേരത്തേ സൂചിപ്പിച്ചല്ലോ, ആദിവാസികളെ എന്തിനാണ് സർക്കാർ നഗരവാസിയെപോലെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഞങ്ങളുയർത്തുന്ന പ്രധാന ചോദ്യം. ഊരു വിദ്യാലയങ്ങൾ അടക്കമുള്ള സംവിധാനങ്ങളാണ് വേണ്ടത്. തേനും വനവിഭവങ്ങളും ശേഖരിച്ചാണ് ഉപജീവനം. അവർക്ക് അതിനുള്ള സൗകര്യം ഉണ്ടാക്കുകയാണ് വേണ്ടത്. വനത്തിൽ തേൻ ശേഖരിച്ചാൽ അത് ന്യായമായ വിലയ്ക്ക് ശേഖരിക്കാനുള്ള സംവിധാനം ട്രൈബൽ ഡിപ്പാർട്മെന്റ് ഉണ്ടാക്കണം. അവരുടെ വിഭവങ്ങൾ വിൽക്കാനും അവർക്കാവശ്യമായ സാധനങ്ങൾ വാങ്ങാനും പറ്റണം. പരമ്പരാഗതമായ തൊഴിലുകൾ പരിപോഷിപ്പിക്കാനുള്ള സംവിധാനമാണ് ഏർപ്പെടുത്തേണ്ടത്. വനത്തിൽ മൽസ്യം പിടിക്കാനും മാംസം ശേഖരിക്കാനുമുള്ള അവകാശം നൽകണം.
ചിത്രയോട് രാഷ്ട്രീയ പാർട്ടികളുടെ പൊതുവെയുള്ള സമീപനം എങ്ങനെയാണ്?
ഞാൻ ഒരു രാഷ്ട്രീയപാർട്ടിയുടെയും ചട്ടുകമായി പ്രവർത്തിക്കാത്ത ആളാണ്. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നു. എന്റെ സമൂഹത്തിന് നേടിക്കൊടുക്കണമെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ ജനപ്രതിനിധിയാവാനോ ഒന്നുമല്ല എന്റെ ശ്രമം. അതിനാൽ ആരുമായും സന്ധിയുണ്ടാക്കാനോ രഹസ്യമായി സഹായിക്കാനോ ഒന്നും ഞാൻ ശ്രമിക്കാറില്ല. അതിനാൽ രാഷ്ട്രീയ നേതാക്കൾക്കാർക്കും എന്നോട് താൽപര്യമില്ല, അത് സ്വാഭാവികം മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയക്കാരും വലിയ സ്‌നേഹം പ്രകടിപ്പിക്കുന്നതല്ലാതെ ആദിവാസികളുടെ പ്രശ്‌നങ്ങൾ പഠിക്കാനോ അവരെ സഹായിക്കാനോ ആരും താൽപര്യം കാണിക്കാറില്ല എന്നതാണ് സത്യം. നമ്മൾ സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതാണ് രാഷ്ട്രീയക്കാർക്ക് എതിർപ്പ് വർധിക്കാനുള്ള കാരണവും. പലരും പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും അതിനാലാണ്.
ആദിവാസി ഐക്യവേദിയെങ്ങനെയാണ് രൂപപ്പെട്ടത്?
ഞാൻ ഏറെക്കാലം നിലമ്പൂരിലെ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങളുടെ ഇടയിൽ മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് ആദിവാസികളുടെ പൊതുവായ പ്രശ്‌നങ്ങൾ നേരിടുന്നതിന് ഒരു പൊതു സംഘടന ആവശ്യമാണെന്ന ബോധം എന്നിലുണ്ടാവുന്നത്. കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ആദിവാസി സംഘടനാ നേതാക്കളുമായി ഞാൻ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തി. അങ്ങനെ 2017ൽ അട്ടപ്പാടിയിൽെവച്ചാണ് ആദിവാസി ഐക്യവേദിക്ക് രൂപംനൽകുന്നത്. ഞാനാണ് ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷ, ബിനു പുത്തൻപുര ജന. സെക്രട്ടറി, പി.കെ. പ്രകാശ്, ഉത്തമൻ ളാഹ എന്നിവർ മറ്റു ഭാരവാഹികളുമാണ്. ഒൻപത് ജില്ലകളിൽ ഐക്യവേദിയുടെ പ്രവർത്തനം സജീവമാണ്. ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും വിവിധങ്ങളായ വിഷയങ്ങൾ ഏറ്റെടുക്കാനായി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സർക്കാറിനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കാനും പരിഹാരമുണ്ടാക്കിയെടുക്കാനുമായാണ് സംഘടന കൂടുതൽ പ്രാധാന്യം നൽകുന്നത്.
എന്താണ് നിലവിൽ ആദിവാസി ഊരുകളിലെ അവസ്ഥ?
ആദിവാസി ഊരുകളിൽ ഇന്നും സ്ഥിതി ദയനീയമായി തുടരുകയാണ്. സർക്കാർ നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ ആദിവാസികൾക്ക് വേണ്ട പദ്ധതിയാണോ ഇതെന്ന് ആരും അന്വേഷിക്കാറില്ല. ആദിവാസികൾ കാട്ടിൽ യഥേഷ്ടം അലഞ്ഞു തിരിഞ്ഞ് ജീവിച്ചവരാണ്. സ്വതന്ത്രരായി ജീവിച്ചവരെ നിയമത്തിന്റെ പേരിൽ നിയന്ത്രിക്കാൻ തുടങ്ങിയതോടെ അവരുടെ ജീവിതം വലിയ ബുദ്ധിമുട്ടുള്ളതായി. വനവിഭവങ്ങൾ ശേഖരിച്ചാണ് പ്രാക്തന ഗോത്രവിഭാഗമായ കാട്ടുനായ്ക്കരും ചോലനായ്ക്കരും ജീവിച്ചിരുന്നത്. നിയമങ്ങൾ അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു. വനാവകാശ നിയമവും പെസ നിയമവും നടപ്പാക്കിയാൽ മാത്രമേ ആദിവാസി ഊരുകൾക്ക് പഴയ അവസ്ഥയിലേക്ക് തിരികെ എത്താൻ കഴിയൂ. ജീവിതവും പഴയ ആചാരങ്ങളും അനുഷ്ഠാനങ്ങളും തിരികെ പിടിക്കേണ്ടതുണ്ട്. ആദിവാസി ക്ഷേമത്തിന്റെ പേരിൽ അവരെ നഗരത്തിലെ ഫ്ലാറ്റിലേക്ക് കൊണ്ടുവരുകയല്ലല്ലോ വേണ്ടത്. സ്വയം ഭരണാവകാശം നൽകണം. ഊരുമൂപ്പന് അധികാരങ്ങൾ നൽകണം. സർക്കാറിന്റെ നിയമക്കുരുക്കിൽനിന്നും ആദിവാസികളെ മോചിപ്പിക്കണം. അവരെ ഇഷ്ടംപോലെ ജീവിക്കാൻ അനുവദിക്കണം.
സ്വാഭാവികമായ ജീവിതത്തിൽ ഉണ്ടായ മാറ്റം ആരോഗ്യപരമായ പിന്നാക്കാവസ്ഥയിലേക്ക് ആദിവാസികളെ കൊണ്ടെത്തിച്ചിരിക്കയാണ്.
ട്രൈബൽ ഡിപ്പാർട്മെന്റിന്റെ ഇടപെടൽ ഫലപ്രദമല്ലെന്നാണോ പറയുന്നത്?
ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്താനും പദ്ധതികൾ തയാറാക്കാനുമായാണ് ട്രൈബൽ ഡിപ്പാർട്മെന്റ്. എന്നാൽ ആദിവാസികളെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്നതിൽ ട്രൈബൽ ഡിപ്പാർട്മെന്റിന് വലിയ പങ്കാണുള്ളത്. ആദിവാസി ക്ഷേമം എന്നത് അവർക്ക് തീരെ താൽപര്യമില്ലാത്തതാണ്. ആദിവാസികളുടെ പേര് പറഞ്ഞ് ഒരു വകുപ്പ്, കുറേ ആളുകൾക്ക് ജീവിക്കാനുള്ള ഒരു മാർഗം, അത്രമാത്രമാണ് ട്രൈബൽ ഡിപ്പാർട്മെന്റ്. ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾ മാത്രമാണ് അവർ നടപ്പാക്കുക. ഊരുകൂട്ടത്തിന്റെ അഭിപ്രായങ്ങൾ അവർ ഒരിക്കലും തേടാറില്ല. ഊരുമൂപ്പനെപോലും തീരുമാനിക്കുന്നതിൽ അവർ ഇടപെടും.
പൊലീസിന്റെയും വനപാലകരുടെയും നിലപാട് ആദിവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ടോ?
പൊലീസും വനംവകുപ്പ് ജീവനക്കാരും ആദിവാസികൾക്ക് എന്നും എതിരാണ്. ആദിവാസി പരാതിക്കാരനാണെങ്കിൽ ഉറപ്പായും പൊലീസ് പ്രതികൾക്കൊപ്പമായിരിക്കും. എന്നാൽ ആദിവാസിക്കെതിരെ എന്തെങ്കിലും പരാതിവന്നാൽ അന്വേഷിക്കുകപോലും ചെയ്യാതെ അവരെ ജയിലിലടയ്ക്കാൻ പൊലീസ് വലിയ ആവേശമാണ് കാണിക്കുന്നത്. ഇത് കേരളത്തിൽ എല്ലായിടങ്ങളിലും ഒരുപോലെയാണെന്നാണ് എനിക്ക് ബോധ്യമായിട്ടുള്ളത്. ഞാൻ നിരവധി കേസുകളിൽ ഇടപെട്ടിട്ടുണ്ട്. ജാതി വിവേചനം ഏറെയാണ്.
കാട്ടിൽ ജീവിക്കുന്നവർക്ക് നിയമപരമായി അതിർത്തികൾ നിശ്ചയിക്കും. അത്തരത്തിലുള്ള അതിർത്തിയൊന്നും നിശ്ചയമില്ലാത്തവരാണ് കാട്ടുനായ്ക്കരും ചോലനായ്ക്കരെയുമൊക്കെപോലുള്ള വിഭാഗങ്ങൾ. അവരുടെ യാത്രയൊക്കെ കർശനമായി നിയന്ത്രിച്ചിരിക്കയാണ് വനംവകുപ്പ്. ചെക്ക് പോസ്റ്റുകളിൽ നിരന്തരമായ പരിശോധനക്ക് വിധേയമാവണം. ഒരു ഊരിൽനിന്നും മറ്റൊരു ഊരിലെ ആളുകൾ വരുന്നതുപോലും വനംവകുപ്പ് ഉദ്യോഗസ്ഥർ തടയും. അവരുടെ അവകാശങ്ങളെകുറിച്ച് ബോധവാന്മാരല്ലാത്തതിനാൽ അവർ മൗനംപാലിക്കും. വനാവകാശവും പെസയുമൊന്നും അവരിൽ എത്രപേർക്ക് അറിയാം.
അവരുടെ ഇടയിലേക്ക് ഞാൻ പോയാൽ നിയമങ്ങളും അവകാശങ്ങളും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുമെന്നതിനാൽ മിക്ക ഊരുകളിലേക്കും എനിക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ് അധികൃതർ. ആദിവാസികളെ മനുഷ്യരായിപോലും കാണാൻ തയാറാവാത്ത പൊലീസ്, വനപാലക സംവിധാനങ്ങളാണ് ആദിവാസികൾക്ക് ശാപം.
കോവിഡ് കാലത്തും വലിയ ഇടപെടലുകൾ വേണ്ടിവന്നല്ലോ?
കോവിഡിനെ തുടർന്ന് പൊതുസമൂഹം നേരിടുന്ന ബുദ്ധിമുട്ടുകൾ എല്ലാവർക്കും അറിയാം. എന്നാൽ ഒരുതുണ്ട് ഭൂമിയില്ലാത്ത, ഒന്നും സമ്പാദ്യമില്ലാത്ത ആദിവാസികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് എല്ലാവർക്കും ഊഹിക്കാവുന്നതേയുള്ളൂ.
കോവിഡ് ബാധയെ തുടർന്നുണ്ടായ ആദ്യ ലോക്ഡൗണിൽ ഏറ്റവും ദുരിതമനുഭവിച്ചത് ആദിവാസികളാണ്. പലർക്കും കോവിഡിനെ കുറിച്ച് അറിയില്ല. ലോക്ഡൗണിനെ കുറിച്ച് അറിയില്ല. ആരും ഭക്ഷണസാധനങ്ങൾ ശേഖരിച്ചുവെക്കുന്നവരല്ല. അരിയില്ലാതെ ഏറെ ദുരിതത്തിലായി, നിരവധി ഊരുകൾ പട്ടിണിയിലായി. ഞങ്ങൾ ഇടപെട്ടതിന്റെ ഭാഗമായാണ് ഭക്ഷണസാധനങ്ങൾ എത്തിക്കാനായത്. ആദ്യ ലോക്ഡൗൺകാലത്ത് ഏറ്റവും ദുരിതമനുഭവിച്ചത് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികളായിരുന്നു. ആർക്കും ഓൺലൈൻ പഠനത്തിനുള്ള സൗകര്യമുണ്ടായിരുന്നില്ല. ഈ വിദ്യാർഥികൾ എങ്ങനെ പഠിക്കുമെന്ന് സർക്കാറും ആലോചിച്ചിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തെ അതിജീവിക്കാൻ വലിയ ഇടപെടലുകൾ തന്നെ നടത്തേണ്ടിവന്നു. വൈദ്യുതിയില്ല, മൊബൈൽ ഇല്ല, ടി.വിയില്ല, ഇന്റർനെറ്റില്ല... ഒന്നുമില്ലാത്ത കുട്ടികളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പത്രമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നിരന്തരമായി സർക്കാറിനെ അറിയിച്ചു, ഊരിലും പഠന അവസരം സൃഷ്ടിച്ചു എന്നതാണ് സന്തോഷകരമായ അനുഭവം.
പൊതുപ്രവർത്തനത്തിൽ മറക്കാനാവാത്ത ഇടപെടൽ ഏതായിരുന്നു?
വെള്ളൻ പൊട്ടാടിയുടെ കേസാണ് എനിക്ക് മറക്കാനാവാത്ത സംഭവം. എന്നെ മാനസികമായി ഏറെ ബുദ്ധിമുട്ടിച്ച സംഭവവും അതുതന്നെ. ആത്മഹത്യയെക്കുറിച്ച് പോലും ആലോചിച്ച കാലമായിരുന്നു അത്. ആദിവാസിയുവാവ് ആടുജീവിതം നയിക്കുന്നതായി എനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂരിലെ ഒരു വീട്ടിൽ ഞാൻ എത്തുന്നത്. ബധിരനും മൂകനുമായ ആ യുവാവ് നന്നേ ചെറുപ്പത്തിൽ ആ വീട്ടിൽ എത്തിയതാണ്. കാലികളെ മേയ്ക്കുകയാണ് അവന്റെ ജോലി. കിടക്കാൻ അവന് സ്ഥലം കൊടുക്കാത്തതിനാൽ അവൻ കാലിത്തൊഴുത്തിലാണ് കിടന്നിരുന്നത്. വസ്ത്രം കീറിപ്പറിഞ്ഞ് മുഷിഞ്ഞ് നാറിയ നിലയിലായിരുന്നു. പ്രാകൃതനായിരുന്നു ഒറ്റകാഴ്ചയിൽ. ആരുടെയും കരളലിയിക്കുന്ന രൂപം. അവന് പേരുപോലും നഷ്ടപ്പെട്ടിരുന്നു. ഞാൻ വിഷയം വിവിധ ഡിപ്പാർട്മെന്റുകളുടെ മുന്നിലെത്തിച്ചു. ട്രൈബൽ ഡിപ്പാർട്മെന്റിൽനിന്നും മറ്റു വകുപ്പുകളിൽനിന്നും വളരെ മോശം പ്രതികരണമാണ് എനിക്ക് ലഭിച്ചത്. അവന്റെ ബന്ധുക്കൾ പോലും എനിക്ക് എതിരായി. അവന്റെ ജീവിതം തകർക്കാനാണ് ഞാൻ ശ്രമിച്ചതെന്നൊക്കെയായി. എല്ലാ കോണിൽനിന്നും എനിക്കെതിരെ അക്രമം ഉണ്ടായി. ഞാൻ വാടകക്കായിരുന്നു താമസിച്ചിരുന്നത്. ഞാൻ മാവോവാദിയാണെന്നും അനാശാസ്യ കേന്ദ്രം നടത്തുന്നു എന്നൊക്കെ കാണിച്ച് അവിടേക്ക് ഊമക്കത്തുവന്നു. ഇതെല്ലാം എന്നെ ശരിക്കും ആദ്യമൊന്ന് തളർത്തി. എന്നാൽ ഞാൻ വിടാൻ തയാറായില്ല. പത്രമാധ്യമങ്ങളിൽ വിഷയം വാർത്തയായി. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടു. അവന് എഴുത്തും വായനയും അറിയില്ല. ഏത് ഭാഷയിൽ വെള്ളനെ കാര്യങ്ങൾ ധരിപ്പിക്കുമെന്നറിയാതെ ഞാൻ ഏറെ വിഷമിച്ചു. എന്തായാലും മനുഷ്യാവകാശ കമീഷന്റെ അന്വേഷണത്തിൽ ആ വീട്ടുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഏഴ് ലക്ഷം രൂപ വെള്ളന് നഷ്ടപരിഹാരം നൽകാനും വീടുെവച്ചു കൊടുക്കാനും ഉത്തരവായി. വ്യക്തിപരമായി എനിക്ക് ഏറെ എതിർപ്പുകൾ സമൂഹത്തിൽനിന്നും അധികൃതരിൽനിന്നും ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഞാൻ ഉയർത്തിയ വിഷയത്തിൽ വിജയംവരിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇന്നും.
ഉറച്ച നിലപാടിലാണ് ഞാൻ പ്രവർത്തിക്കുന്നത്. ആദിവാസിയും ഒപ്പം സ്ത്രീയുമാണ്. സ്ത്രീയെന്ന നിലയിൽ ഏറെ പ്രതിസന്ധിയുണ്ട്, ഒപ്പം ആദിവാസിയായതിന്റെയും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്.
ആദിവാസി വിദ്യാർഥികൾ പ്ലസ് ടു പാസാവുന്നുണ്ട്, എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും അവരിൽ പലരും എത്തുന്നില്ലല്ലോ..?
അതു ശരിയാണ്. പ്ലസ് ടു വരെ പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഉള്ളത്. അതു പോരാ, ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ശ്രദ്ധ ഉണ്ടാവുന്നില്ല. പലരും ഊരിലേക്ക് തിരികെ പോവുന്നു, അവർ തുടർന്നു പഠിക്കുന്നില്ല. ആദിവാസികൾക്കായി പ്രത്യേക റിക്രൂട്ട്‌മെന്റ് ആരംഭിക്കണം, അവരെ സർക്കാർ സ്ഥാപനങ്ങളിൽ പ്രത്യേക പരിഗണന നൽകി നിയമിക്കണം, അതിനായി കോച്ചിങ് സെന്ററുകൾ ആരംഭിക്കണം ഇതാണ് ഞാൻ കുറേ കാലമായി ഉന്നയിക്കുന്ന ആവശ്യം. ആദിവാസി യുവാക്കളെ ലഹരിമാഫിയ പിടികൂടുകയാണ്. വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നു. ആത്മഹത്യയിലേക്കാണ് ഇത്തരം യുവതികൾ ചെന്നെത്തുന്നത്. പ്രണയക്കുരുക്കിൽ അകപ്പെട്ട് നിരവധി പേർ ആത്മഹത്യ ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്.
ആദിവാസികളുടെ ക്ഷേമത്തിനായി എന്തൊക്കെ പ്രവർത്തനങ്ങളാണ് പ്ലാൻ ചെയ്യുന്നത്?
ഊരുപഠനശാലയാണ് പ്രധാന ലക്ഷ്യം. ആദിവാസികൾ വനത്തിനുള്ളിൽനിന്നും ശേഖരിക്കുന്ന വിഭവങ്ങൾ, കാട്ടുതേൻ, പച്ചമരുന്ന് തുടങ്ങിയവ ശേഖരിക്കുന്നതിന് എല്ലായിടങ്ങളിലും കേന്ദ്രങ്ങൾ സ്ഥാപിക്കണം. ആദിവാസികൾ ഉണ്ടാക്കുന്ന കുട്ട, വട്ടി, പായ തുടങ്ങിയവ വാങ്ങിച്ച് വിൽക്കാനുള്ള കേന്ദ്രവും നമ്മുടെ ലക്ഷ്യമാണ്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് നമ്മൾ ആരംഭിച്ചിരിക്കുന്നത്, അതിനായി ഒരു സർവിസ് സൊസൈറ്റി ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലമ്പൂർ കേന്ദ്രമാക്കിയാണ് ഈ സൊസൈറ്റിയുടെ പ്രവർത്തനം.
ഏറ്റെടുക്കുന്ന സമരങ്ങൾ? പോരാട്ടങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ടോ?
തീർച്ചയായും. ആദിവാസി വിദ്യാർഥികളുടെ പഠനസൗകര്യങ്ങൾക്കായി ഞങ്ങൾ നടത്തിയ നിൽപ്പുസമരം വിജയം കണ്ടു. വയനാട്ടിൽ ട്രൈബൽ സ്‌കൂളിൽ സീറ്റുകൾ വർധിപ്പിച്ചു. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലെ അറാക്കപ്പ ഊരിലെ ആദിവാസികൾ ഏഴുമാസമായി സമരത്തിലാണ്. വാസയോഗ്യമായ ഭൂമി ആവശ്യപ്പെട്ടുകൊണ്ടാണ് അവിടെ സമരം നടക്കുന്നത്. വിജയം കാണുംവരെ ആ സമരം തുടരും. ഈ സമരത്തിന് മുന്നണി പോരാളികളായി ഞങ്ങളുണ്ട്. നിലമ്പൂരിൽ ഭൂമിക്കുവേണ്ടിയുള്ള സമരം വിജയം കണ്ടല്ലോ. 17,000 ആദിവാസികളുള്ള സ്ഥലമാണ് നിലമ്പൂർ. ഒൻപതുമാസം സമരം ചെയ്താണ് അത് നേടിയത്. 538 ഏക്കർ സ്ഥലം സർക്കാർ അനുവദിച്ചു. റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പട്ടയം അനുവദിക്കപ്പെടുന്നതോടെ കുറേയേറെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമാവും. നിരവധി പ്രശ്‌നങ്ങളിൽ ഇടപെടലുകൾ നടത്തുന്നുണ്ട്. സർക്കാറിൽ നിരന്തരമായി നിവേദനങ്ങളും അപേക്ഷകളുമായി ഞങ്ങളുണ്ട്. സായുധസമരത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. സമരത്തിലൂടെ അവകാശങ്ങൾ നേടിയെടുക്കാനാവും എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ സമരം തുടരുകതന്നെ ചെയ്യും. ആദിവാസികളുടെ അവകാശത്തിനായി അവസാനശ്വാസംവരെ പോരാടുകതന്നെ ചെയ്യും.