ദേവക്കൂത്തിലെ ദേവി
തെയ്യക്കാലമാണിത്. ലോകത്തിൽതന്നെ തെയ്യം കെട്ടിയാടുന്ന ഏക സ്ത്രീയാണ് കണ്ണൂരിലെ വെങ്ങര സ്വദേശിനി അംബുജാക്ഷി. ‘ദേവക്കൂത്ത്’ എന്ന തെയ്യം കെട്ടിയാടുന്ന അവർ തന്റെ ജീവിതത്തെയും കലയെയും കുറിച്ചും ‘ദൈവ’മായി മാറുന്ന അവസ്ഥകളെ കുറിച്ചും സംസാരിക്കുന്നു.സർവജ്ഞപീഠം കയറാൻ പോയ ശങ്കരാചാര്യരുടെ വഴിയിലൂടെ കടന്നുപോയ അലങ്കാരൻ എന്ന പുലയ യുവാവിനോട് അശുദ്ധിയാകും എന്ന കാരണത്താൽ വഴിമാറാൻ ശങ്കരാചാര്യർ പറഞ്ഞപ്പോൾ “ഏങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും...
Your Subscription Supports Independent Journalism
View Plansതെയ്യക്കാലമാണിത്. ലോകത്തിൽതന്നെ തെയ്യം കെട്ടിയാടുന്ന ഏക സ്ത്രീയാണ് കണ്ണൂരിലെ വെങ്ങര സ്വദേശിനി അംബുജാക്ഷി. ‘ദേവക്കൂത്ത്’ എന്ന തെയ്യം കെട്ടിയാടുന്ന അവർ തന്റെ ജീവിതത്തെയും കലയെയും കുറിച്ചും ‘ദൈവ’മായി മാറുന്ന അവസ്ഥകളെ കുറിച്ചും സംസാരിക്കുന്നു.
സർവജ്ഞപീഠം കയറാൻ പോയ ശങ്കരാചാര്യരുടെ വഴിയിലൂടെ കടന്നുപോയ അലങ്കാരൻ എന്ന പുലയ യുവാവിനോട് അശുദ്ധിയാകും എന്ന കാരണത്താൽ വഴിമാറാൻ ശങ്കരാചാര്യർ പറഞ്ഞപ്പോൾ
“ഏങ്കളെ കൊത്തിയാലും
നീങ്കളെ കൊത്തിയാലും
ചോരയല്ലേ തേവരേ...”
എന്നു ചോദിച്ച് അലങ്കാരൻ എന്ന പുലയ യുവാവ് ശങ്കരാചാര്യരെ നിലംപരിശാക്കുന്നുണ്ട്. അലങ്കാരനെ ചുട്ടുകൊന്നു എന്നതാണ് പിന്നീടുള്ള കഥ. ഒരു ബ്രാഹ്മണനോട് ചോദ്യം ചോദിച്ചതിന്റെ ശിക്ഷയായിരുന്നുവത്രെ അത്. പുലയ യുവാവായ അലങ്കാരൻ ശിവന്റെ പ്രതിരൂപമാണെന്ന മിത്തും ഉണ്ടായി. അങ്ങനെ പല തരത്തിലും ‘പൊട്ടൻ’ എന്ന തെയ്യം രൂപപ്പെട്ടു. പുലയ സമുദായത്തിലും മലയ സമുദായത്തിലുമുള്ളവർ ഈ തെയ്യം കെട്ടി ആടി. 2013ൽ പൊട്ടൻ തെയ്യത്തെക്കുറിച്ച് ഈ ലേഖകൻ ഒരു ഡോക്യുമെന്ററി തയാറാക്കുമ്പോഴുള്ള ചർച്ചകളിൽനിന്നാണ് ഇത്തരം മിത്തുകളിലെ പലതരം സാമൂഹികതയിൽനിന്നുള്ള വായനകളെക്കുറിച്ച് പലരും പറഞ്ഞറിയുന്നത്. എന്റെയും നിന്റെയും ചോര ഒന്നല്ലേ തേവരേ എന്നു ചോദിക്കുന്ന ഒരാൾ എങ്ങനെയാണ് പൊട്ടൻ എന്നു വിളിക്കപ്പെടുന്നത് എന്ന സംശയങ്ങളും അന്നുണ്ടായിരുന്നു. തീയിൽ ചാടുന്ന പൊട്ടൻ തെയ്യം പുലയന്റെ, തീപോലെ ചുട്ടുപൊള്ളുന്ന വെയിലിലുള്ള അടിമപ്പണികളെയും ഓർമിപ്പിക്കുന്നു എന്ന ചർച്ചകളും ഉണ്ടായി.
അതേസമയം, ഉത്തര മലബാറിലെ തെയ്യങ്ങളിൽ പലതരത്തിലുള്ള മിത്തുകളും ഐതിഹ്യങ്ങളും പുരാണങ്ങളും ആയി ബന്ധപ്പെട്ട കഥകൾ പ്രചാരത്തിലുണ്ട്. ഡിസംബർ മുതൽ മേയ് മാസം വരെയുള്ള കാലങ്ങളിൽ കീഴാളരായ പുരുഷന്മാർ ദൈവങ്ങളായി മാറും. അവർ തെയ്യക്കോലങ്ങളായി മനുഷ്യരിലേക്ക് ഇറങ്ങും. പുലയ, മലയ, വണ്ണാൻ, ആദിവാസികൾ അങ്ങനെ പലതരം പിന്നാക്ക കീഴാള സമുദായങ്ങളിലുള്ള അവർ മനുഷ്യരുടെ മുന്നിൽ ഉറഞ്ഞു ദൈവങ്ങളായി മാറും. മനുഷ്യരോടു സംസാരിക്കും. അവരെ തൊടും. തമാശ പറയും. സുഖവിവരങ്ങളൊക്കെ അന്വേഷിക്കും. ശരീരം തൊടാതെ പ്രസാദം എറിഞ്ഞുകൊടുക്കുന്ന ബ്രാഹ്മണ പൂജാരീതികളെ തകർത്ത് ഈ തെയ്യങ്ങൾ കെട്ടിയാടും. ഈ തെയ്യങ്ങൾ ജാതിയെ മറികടക്കുന്നുണ്ട്.
ഇത്തരം പുരുഷ തെയ്യങ്ങളുടെ ഇടയിലേക്കാണ് തെയ്യം കെട്ടിയാടി അംബുജാക്ഷി വരുന്നത്. പുരുഷ തെയ്യങ്ങളുടെ കൂട്ടത്തിൽനിന്നു വേറിട്ട്, ഉത്തര മലബാറിൽ ഒരുപക്ഷേ കേരളത്തിൽ അല്ലെങ്കിൽ ലോകത്തിൽതന്നെ തെയ്യം കെട്ടിയാടുന്ന ഏക സ്ത്രീയായിരിക്കാം അംബുജാക്ഷി എന്ന കണ്ണൂരിലെ വെങ്ങര സ്വദേശിനി. സമൂഹം അംബുജാക്ഷി അമ്മ എന്നു വിളിക്കുന്ന, ദേവക്കൂത്ത് എന്ന തെയ്യം കെട്ടിയാടുന്ന അംബുജാക്ഷിയുമായി നടത്തിയ സംഭാഷണമാണ് തുടർന്നുള്ളത്.
കേരളത്തിലെ ഏക സ്ത്രീ തെയ്യം ദേവക്കൂത്ത് ആണല്ലോ താങ്കൾ കെട്ടിയാടുന്നത്. കണ്ണൂരിലെ ചെറുകുന്നിലെ കൂലോം തായക്കാവിലാണ് ഈ തെയ്യം കെട്ടിയാടുന്നത്. ഈ തെയ്യം പ്രക്രിയകളും അനുഭവങ്ങളും ഒന്ന് വിവരിക്കാമോ?
കണ്ണൂരിലെ ചെറുകുന്ന് തെക്കുമ്പാട് കൂലോം തായക്കാവ് ആണ് കേരളത്തിൽ സ്ത്രീ തെയ്യം കെട്ടിയാടുന്ന ഒരേയൊരു സ്ഥലം. അതാണ് എന്റെ സ്ഥലം. ജീവിതത്തിൽ ആദ്യമായി ദേവക്കൂത്ത് തെയ്യം കെട്ടിയാടുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതിയായിരുന്നു. തെയ്യം കെട്ടിയാടുന്നതിന് മുമ്പ് 41 ദിവസത്തെ വ്രതമുണ്ട്. ‘പള്ളിമാല ഗ്രന്ഥം’ എന്ന പുസ്തകം തൊട്ടാണ് അനുഷ്ഠാനം തുടങ്ങുന്നത്. രാവിലെ കുളിയും നാമജപങ്ങളും ഒക്കെ ഉണ്ടാകും. ഒരു സ്ത്രീ തെയ്യം കെട്ടിയാടുന്നതുകൊണ്ട് ജനം വന്നും പോയും ഇരിക്കും. അവരോടൊക്കെ സംസാരിക്കുമ്പോഴും പെരുമാറുമ്പോഴും എനിക്ക് സന്തോഷം തന്നെയാണ്. ഈ കോലങ്ങളെപ്പറ്റിയും തെയ്യങ്ങളെപ്പറ്റിയുമാണ് എന്നെ ക്കാണാൻ വരുന്ന ആളുകൾ സംസാരിക്കുക. ഈ തെയ്യം കെട്ടിയാടുമ്പോൾ ഒരുപാട് കൃതികൾ പഠിക്കാനുണ്ട്. രാവിലെയും വൈകുന്നേരവും വിളക്കു വെച്ചുകൊണ്ട് ഈ പുസ്തകങ്ങൾ പഠിക്കും. ദേവക്കൂത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ‘പള്ളിമാല ഗ്രന്ഥ’ത്തിലാണുള്ളത്. അത് സംസ്കൃതത്തിലാണ്. അത് മലയാളത്തിലേക്ക് തർജമചെയ്താണ് പഠിക്കുക. വ്രതം എടുക്കുന്ന 41 ദിവസം മാംസം പറ്റില്ല. ആ സമയങ്ങളിൽ പച്ചക്കറി മാത്രമേ കഴിക്കൂ. ഇവിടെ എന്റെ വീട്ടിൽ ഒരു പൂജാമുറിയുണ്ട്. ആ പൂജാമുറിയിൽ പായ വിരിച്ച് അതിലാണ് കിടക്കുക. കിടക്കയൊന്നും പാടില്ല.
മലബാറിലെ അനുഷ്ഠാന കലയായ തെയ്യം പുരുഷന്മാരുടെ ഒരു ലോകമാണല്ലോ. പക്ഷേ, അങ്ങനെയൊരു ലോകത്തേക്കാണ് തെയ്യം കെട്ടുന്ന ഏക സ്ത്രീയായി താങ്കൾ ഇപ്പോൾ മാറുന്നത്. എങ്ങനെയാണ് ദേവക്കൂത്ത് എന്ന ഈ തെയ്യം കെട്ടിയാടുന്നതിലേക്ക് എത്തുന്നത്?
ഭർത്താവ് കണ്ണന്റെ ഇളയച്ഛന്റെ ഭാര്യ ലക്ഷ്മി അമ്മയായിരുന്നു ആദ്യം ദേവക്കൂത്ത് കെട്ടിയാടിയിരുന്നത്. ഞങ്ങൾ മലയ സമുദായത്തിൽപെട്ടവരാണ്. മലയ സമുദായത്തിലെ പുരുഷന്മാരാണ് ‘നാരദൻ’ എന്ന തെയ്യം കെട്ടിയാടുന്നത്. ഭർത്താവിന്റെ ഇളയമ്മ ഏഴുപ്രാവശ്യം ദേവക്കൂത്ത് കെട്ടിയാടി. പിന്നീട് കാലു വയ്യാതായപ്പോൾ അത് പിൻതലമുറക്കാരിലേക്ക് കൈമാറേണ്ടതായി വന്നു. അവരുടെ പിൻതലമുറക്കാരനായ മൂത്ത മകന്റെ ഭാര്യയാണ് ഞാൻ. ഞാൻ ഇതിലൊന്നും പ്രവർത്തിക്കാറുണ്ടായിരുന്നില്ല. എനിക്ക് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ എന്റെ മകൻ അവിടെ നാരദൻ തെയ്യം കെട്ടിയാടുന്നുണ്ടായിരുന്നു. അന്ന് ഞാൻ അവിടെ പോയി. അന്നാണ് ഞാൻ ദേവക്കൂത്ത് എന്ന സംഭവം കാണുന്നത്. പക്ഷേ, ഇത് എന്നിലേക്ക് വരുമെന്നൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ഇളയമ്മക്ക് വയ്യാതായപ്പോൾ ദേവക്കൂത്ത് എന്നോടു കെട്ടിയാടാൻ പറഞ്ഞു. അങ്ങനെ എന്റെ മക്കളും മക്കളുടെ ഭർത്താക്കന്മാരും എല്ലാവരും എനിക്ക് പ്രോത്സാഹനവുമായി വന്നു. അല്ലെങ്കിൽ ഈ ദേവക്കൂത്ത് അന്യാധീനപ്പെട്ടു പോകും. അങ്ങനെയാണ് ദേവക്കൂത്ത് എന്ന തെയ്യം കെട്ടി ഞാൻ തെയ്യം കലാരൂപത്തിലേക്ക് വന്നത്.
47ാമത്തെ വയസ്സിലാണ് ഞാൻ ദേവക്കൂത്ത് കെട്ടിയാടാൻ തുടങ്ങുന്നത്. ഇപ്പോൾ 60 വയസ്സായി. ദേവക്കൂത്ത് ഇളയമ്മ കെട്ടിയാടുമ്പോൾ ഭർത്താവിന്റെ സഹോദരിമാരാണ് പാടുന്നത്. ഈ തെയ്യക്കോലം കെട്ടുന്നതും പാടുന്നതുമെല്ലാം സ്ത്രീകളാണ്. ഇളയമ്മയുടെ കൂടെ പാടാൻ പോകുന്ന സഹോദരിമാർ ഡാൻസ് ടീച്ചർമാരാണ്. അവർ അതിന്റെ ചുവടുകളൊക്കെ എനിക്ക് പറഞ്ഞുതന്നു. ദേവക്കൂത്തിന്റെ ചുവടുകൾ അവർ കാണിച്ചു തന്നു. അങ്ങനെയാണ് ഞാൻ ചുവടുകൾ പഠിച്ചത്.
തെയ്യം കെട്ടിയാടുമ്പോൾ തെയ്യം കലാകാരൻ/കലാകാരി മറ്റൊരു ആത്മീയമായ അനുഭവത്തിലേക്ക് കടക്കുമെന്ന് കേട്ടിട്ടുണ്ട്. താങ്കളുടെ അനുഭവം എന്തായിരുന്നു?
ദേവലോകത്തുനിന്ന് അർച്ചനക്കുവേണ്ടി പുഷ്പങ്ങൾ ശേഖരിക്കാൻ വന്ന ദേവതയെയാണ് ദേവക്കൂത്തിൽ കെട്ടിയാടുന്നത്. ആ രൂപത്തിൽ കെട്ടിയാടുമ്പോൾ ആ ദേവതയായി നമ്മൾ പരകായപ്രവേശനം ചെയ്യും. തെയ്യം കെട്ടുമ്പോൾ ഞാൻ ഞാനല്ലാതെയായി മാറുന്ന ഒരു അനുഭൂതിയാണ് ഉണ്ടാവുക. അതിന്റെ അനുഭവം എന്താണെന്നു വിവരിക്കാൻ ബുദ്ധിമുട്ടാണ്. തെയ്യം കെട്ടിയാടുമ്പോൾ അനുഗ്രഹങ്ങൾ വാങ്ങാൻ ഒരുപാട് ജനം കടന്നുവരും. ആദ്യമായിട്ട് ദേവക്കൂത്ത് പഠിച്ചു കെട്ടിയാടുമ്പോൾ എനിക്ക് എന്തെങ്കിലും അപാകത പറ്റുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷേ, തെറ്റുകളൊന്നും സംഭവിക്കാതെ ദൈവാനുഗ്രഹംകൊണ്ട് നല്ലരീതിയിൽതന്നെ അത് കഴിഞ്ഞു.
ഓരോരോ തെയ്യത്തിനും അവയുടെ മിത്തുകളും കഥകളും ഐതിഹ്യങ്ങളും ഉണ്ടാകുമല്ലോ. ദേവക്കൂത്ത് എന്ന ഈ തെയ്യത്തിന്റെ പിന്നിലുള്ള കഥ എന്താണ്?
ദേവക്കൂത്ത് എന്നാൽ ഒരു പെണ്ണുടലിൽ കെട്ടിയാടുന്ന തെയ്യമാണ്. ദേവലോകത്തു നിന്ന് പുഷ്പങ്ങൾ ശേഖരിക്കാനായി ഒരുകൂട്ടം ദേവസ്ത്രീകൾ വന്നിറങ്ങുന്നതിൽ തുടങ്ങുന്നതാണ് ഈ തെയ്യത്തിന്റെ ഐതിഹ്യം. അവർ ആടിയും പാടിയും പൂ പറിക്കുകയായിരുന്നു. അതിൽ ഒരു ദേവസ്ത്രീ ഒരു വള്ളിക്കെട്ടിനുള്ളിൽ അകപ്പെട്ടുപോയി. ആ സമയത്ത് നാടുവാഴിയായ ഒരു തമ്പുരാൻ ഈ ദേവിയെ കണ്ടു. ദേവിയെ വള്ളിക്കെട്ടിൽ കണ്ട തമ്പുരാൻ പുറംലോകക്കാരെ ഒക്കെ വിളിച്ചുവരുത്തി. അങ്ങനെ പുറംലോകക്കാരും ഈ തമ്പുരാനും കൂടി ഒരു കുച്ചിൽ (കുടിൽ) കെട്ടി അവിടെ ഈ ദേവിയെ പാർപ്പിച്ചു. അപ്പോൾ ഈ ദേവിക്ക് ദേവലോകത്തേക്കു പോകണം. മൂന്നാമത്തെ ദിവസം നാരദ മഹർഷിയെ വിളിച്ചു വരുത്തി. ആ നാരദമുനി വസ്ത്രവും കൊണ്ടുവന്നു ഈ ദേവിയെ ദേവലോകത്തേക്ക് കൊണ്ടുപോകുന്നതാണ് ദേവക്കൂത്ത് എന്ന ഈ തെയ്യത്തിന്റെ ഐതിഹ്യം.
ദേവക്കൂത്ത് എന്ന സ്ത്രീ തെയ്യത്തിന് പുരുഷന്മാർ കെട്ടുന്ന തെയ്യങ്ങളിൽനിന്ന് ചുവടുകളിലൊക്കെ വ്യത്യാസമുണ്ടാകുമല്ലോ?
പുരുഷന്മാർ തെയ്യം കെട്ടിയാടുമ്പോൾ വളരെ ചടുലമായിട്ടുള്ള ചുവടുകളാണ് വെക്കുക. സ്ത്രീ അത്ര ചടുലമല്ലാത്ത ചലനങ്ങളിലൂടെയാണ് ദേവക്കൂത്തിന്റെ ചുവടുകൾ വെക്കുക. ദേവക്കൂത്തിന്റെ പാട്ടിന് അനുസരിച്ചാണ് ദേവി നൃത്തം വെക്കുക.
“തെച്ചീ മലരോ
തോട്ടത്തിലെല്ലാം
തെച്ചീ മലരോ
കൊയ്യാമോ തോഴീ
ഈശ്വരാ മലരോ
തോട്ടത്തിലെല്ലാം
ഈശ്വരാ മലരോ
കൊയ്യാമോ തോഴീ
...ചെമ്പക മലരോ
തോട്ടത്തിലെല്ലാം”
ഇത് ദേവസ്ത്രീകൾ തോട്ടത്തിൽ പൂ പറിക്കുമ്പോൾ പാടുന്ന പാട്ടാണ്.
ഈ പാട്ടുകൾ പാടുമ്പോൾ ഈ ദേവക്കൂത്ത് തെയ്യം സ്വയം മതിമറന്ന് ആടും. മറ്റ് തെയ്യങ്ങൾ മനുഷ്യരോടു വർത്തമാനം പറയുമെങ്കിലും ഈ തെയ്യം അങ്ങനെ ചെയ്യില്ല. അനുഗ്രഹം വാങ്ങിക്കാൻ വരുന്ന ഭക്തജനങ്ങൾക്ക് അരിമണിയാണ് പ്രസാദം. മറ്റ് തെയ്യങ്ങൾ പുഷ്പങ്ങളും ഭസ്മവും മഞ്ഞക്കുറികളും എല്ലാമാണ് കൊടുക്കുക. ദേവിയുടെ കാലും തൊട്ട് തൊഴുതു അരിയും വാങ്ങി ജനം പോകും. ഈ അരി ആഹാരത്തിന്റെ കൂടെ വേവിച്ച് കഴിക്കും. ദേവക്കൂത്ത് പകൽ ഒരു പതിനൊന്നു പന്ത്രണ്ടു മണിക്ക് അരങ്ങത്തു വരും. ഒരു ഒന്നര മണിക്കൂർകൊണ്ട് തെയ്യം കെട്ടിയാടി കഴിയും. എന്റെ ഭർത്താവിന്റെ സഹോദരിമാരാണ് ഞാൻ തെയ്യം കെട്ടുമ്പോൾ പാട്ട് പാടുക. ഈ പാടുന്ന പാട്ടിനെ തോറ്റംപാട്ട് എന്നാണ് പറയുക.
ഈ തെയ്യത്തിന്റെ വേഷവിധാനങ്ങൾ എങ്ങനെയാണ്?
ദേവക്കൂത്തിന്റെ, ഈ തെയ്യത്തിന്റെ, തലയിൽ കെട്ടുന്ന വേഷത്തിന് തലപ്പാളി എന്നു പറയും. അതിന്റെ കിരീടത്തിന് തൊപ്പാരം എന്നാണ് പറയുക. 21 ഗുരുക്കന്മാരെ സങ്കൽപിച്ച് തലയിൽ കെട്ടുന്ന വേഷമാണ് തലപ്പാളി. തൊപ്പാരം ആണ് ആദ്യം തലയിൽ കെട്ടുക. തലപ്പാളി രണ്ടാമത് കെട്ടും. മൂന്നാമത് കെട്ടുന്നതാണ് തലപ്പ്. നാലാമത് ചെവിക്ക് കെട്ടുന്നതാണ് ചുയിപ്പ്. പിന്നെ മാല. അരക്കു കെട്ടുന്നതിനെ വെളിമ്പൻ എന്നു പറയും. കഴുത്തിൽ കെട്ടുന്നതിനെ പവ്വം എന്നു പറയും. അത് കുറെയധികം മാലകളാണ്. ൈകയിൽ വളയുണ്ടാകും.
പ്രധാനമായും കീഴാള സമൂഹങ്ങളിൽപെട്ട പുരുഷന്മാരാണല്ലോ തെയ്യക്കോലങ്ങൾ കെട്ടിയാടുന്നത്. മലയ സമുദായം എന്ന കീഴാള സമൂഹത്തിൽനിന്നാണ് അംബുജാക്ഷിയെപ്പോലെ ഒരു തെയ്യം കലാകാരി ഉണ്ടാകുന്നത്?
ഞങ്ങൾ മലയ സമുദായത്തിൽപെട്ട ദലിത് സമൂഹമാണ്. പരമശിവന്റെ തൃക്കണ്ണിൽനിന്നു സൃഷ്ടിക്കപ്പെട്ടവരാണ് മലയ സമുദായത്തിൽപെട്ടവർ എന്നാണ് ഐതിഹ്യപ്രകാരമുള്ള വിശ്വാസം. കോതാമൂരി പാട്ട്, വേടൻ പാട്ട്, മലയൻകെട്ട് തുടങ്ങിയവ മലയ സമുദായത്തിലെ പൂർവികർ ഉണ്ടാക്കിയതാണ്. മനുഷ്യരുടെ ശരീരത്തിലെ കണ്ണേറു മാറ്റുന്ന മനുഷ്യരാണ് ഞങ്ങളുടെ സമുദായക്കാർ. പനി, തലവേദന, മാനസികമായ വിഷമങ്ങൾ, അതൊക്കെ തീർക്കാൻ വേണ്ടിയാണ് കണ്ണേറു കഴിക്കുന്നത്. അത് ചെയ്യുന്നത് മലയ സമുദായത്തിൽപെട്ടവരാണ്.
തെയ്യം കെട്ടിയാടുക മലയ സമുദായത്തിന്റെ പ്രധാനപ്പെട്ട തൊഴിലുകളിൽ ഒന്നാണ്. തെയ്യം കെട്ടുക, കണ്ണേറു പാട്ട്, ദോഷങ്ങൾ തീർക്കാനുള്ള തച്ചുമന്ത്രം തുടങ്ങിയവയിലൂടെയാണ് പഴയകാലത്തെ മലയ സമുദായത്തിൽപെട്ടവർ ജീവിച്ചു വന്നത്. ഇന്ന് മലയ സമുദായത്തിൽപെട്ടവർ എല്ലാത്തരം ജോലികളും ചെയ്യുന്നുണ്ട്. ചിലർ തുന്നൽപ്പണികളും കുടപ്പണികളും ചെയ്യാറുണ്ട്. എന്റെ ഭർത്താവിന്റെ അമ്മ വയറ്റാട്ടിയുടെ ജോലി ചെയ്തിട്ടുണ്ട്. മലയ സമുദായത്തിൽപെട്ടവർ ഓണത്തിനും വിഷുവിനും ആചാരപ്രകാരം അരിക്ക് പോകും. ഓരോ വീടുകളിലും പോയി അരിയും പണവും ദക്ഷിണയായി സ്വീകരിക്കും.
കീഴാള വിഭാഗങ്ങളിലെ വിവിധ സമുദായങ്ങളിൽപെട്ടവർ തെയ്യം കെട്ടുന്നതു പോലെതന്നെ ഉത്തര മലബാറിൽ വിവിധ സമൂഹങ്ങളിൽപെട്ടവർ അവരുടെ ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ കെട്ടിയാടിക്കാറുണ്ട്?
ഓരോരോ ക്ഷേത്രങ്ങൾ ആരാണ് നടത്തുന്നത്, അവർതന്നെയാണ് അതിന്റെ അവകാശികൾ. കണ്ണൂരിലെ ചീറുമ്പക്കാവ് ആശാരിമാരാണ് നടത്തുന്നത്. അതിന്റെ അവകാശികൾ ആശാരിമാരാണ്. ഇട്ടമ്മൽ പുതിയ ഭഗവതി ക്ഷേത്രം തിയ്യരാണ് നടത്തുന്നത്. അതിന്റെ അവകാശികൾ അവരാണ്. പക്ഷേ, അവിടെയൊക്കെ കളിയാട്ടങ്ങൾ നടക്കുമ്പോൾ തെയ്യം കെട്ടിയാടേണ്ടതും കർമങ്ങൾ ചെയ്യേണ്ടതും മലയ സമുദായത്തിൽപെട്ടവരാണ്. വണ്ണാൻ സമുദായത്തിൽപെട്ടവരും ഈ ക്ഷേത്രങ്ങളിൽ തെയ്യം കെട്ടിയാടാറുണ്ട്. ഞാൻ തെയ്യം കെട്ടുന്ന തെക്കുമ്പാട് കൂലോം തായിക്കാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥർ മണിയാണി സമുദായത്തിൽപെട്ടവരാണ്.
വളരെയധികം പുരോഗമനമൊക്കെ പറയുമ്പോഴും മലബാർ ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഇടംതന്നെയാണ്. മലയ സമുദായത്തിന്റെ അനുഭവം അംബുജാക്ഷിയുടെ കാഴ്ചയിൽ എങ്ങനെയാണ്..?
ഞങ്ങൾക്ക് ജാതിവിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ല. മുൻ തലമുറയിൽപെട്ടവർ അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല. മുമ്പ് പേറ്റിച്ചിമാരായി മലയ സമുദായത്തിൽപെട്ടവരെയാണ് കൊണ്ടുപോവുക. അതുകൊണ്ടുതന്നെ ഏത് ഇല്ലത്തും മലയ സമുദായത്തിൽപെട്ടവർക്ക് പ്രവേശനമുണ്ട്. പ്രസവം എടുക്കണമെങ്കിൽ മലയ സമുദായത്തിൽപെട്ട സ്ത്രീകൾ വേണം. പക്ഷേ, പുലയ സമുദായത്തിനൊന്നും ഞങ്ങളെപ്പോലെ എവിടെയും കയറിപ്പോകാൻ ഒന്നും പറ്റിയിരുന്നില്ല.
ഭർത്താവ് കണ്ണൻ ഏതൊക്കെ തെയ്യങ്ങളാണ് കെട്ടിയാടുക?
ഗുളികൻ, രക്തചാമുണ്ഡി, മടയി ചാമുണ്ഡി, വിഷ്ണു മൂർത്തി, ഉച്ചിട്ടിയമ്മ, പൊട്ടൻ തെയ്യം തുടങ്ങിയ തെയ്യങ്ങൾ ഭർത്താവ് കെട്ടിയാടാറുണ്ട്. ശങ്കരാചാര്യരെ പരീക്ഷിക്കാൻ ശിവൻ പുലയന്റെ രൂപത്തിൽ വന്നതിന്റെ ഐതിഹ്യത്തിൽനിന്നാണ് പൊട്ടൻദൈവം രൂപംകൊള്ളുന്നത്. യമധർമൻ എന്ന സങ്കൽപത്തിൽനിന്നാണ് ഗുളികൻ തെയ്യം ഉണ്ടാകുന്നത്. ഗുളികൻ തെയ്യം ശിവന്റെ ഒരു അംശംകൂടിയാണ്. നീചന്മാരെ വധിക്കാൻ വേണ്ടി ചാമുണ്ഡി വരുന്ന ഐതിഹ്യമാണ് രക്തചാമുണ്ഡി എന്ന തെയ്യത്തിന്റേത്.
തെയ്യം കെട്ടിയാടുമ്പോഴുള്ള വരുമാനമൊക്കെ എങ്ങനെയാണ്?
ഒരു സ്ത്രീ തെയ്യം എന്ന നിലയിൽ പുറംലോകത്തു നിന്നുള്ളവർ കാണാൻ വേണ്ടിവരാറുണ്ട്. വിദേശികളും സ്വദേശികളുമൊക്കെയായ ധാരാളം മനുഷ്യർ വരും. തെയ്യം കെട്ടുമ്പോൾ അനുഗ്രഹം വാങ്ങാൻ വരുന്നവർ ദക്ഷിണ തരും. രണ്ടു മനുഷ്യർ തെയ്യത്തിന്റെ മുന്നിൽ ഒരു ചുവന്ന പട്ട് പിടിക്കും. അതിൽ കുറെ അരി ഉണ്ടാകും. ആ അരി തെയ്യത്തിന്റെ ൈകയിലേക്ക് ഈ പട്ട് പിടിച്ചവരാണ് വാരിത്തരുക. ഈ അരി അനുഗ്രഹം വാങ്ങിക്കുന്നവർക്ക് കൊടുക്കും. അത് ആഹാരത്തിൽ ചേർത്ത് കഴിക്കുക എന്നതാണ് വിശ്വാസം. തെയ്യം അരി കൊടുക്കുമ്പോൾ അനുഗ്രഹം വാങ്ങിക്കാൻ വരുന്നവർ ഈ പട്ടിലേക്ക് പൈസ ഇടും. ആ പൈസ തെയ്യം കെട്ടുന്ന ആളായ എനിക്ക് ഉള്ളതാണ്. ക്ഷേത്രത്തിലേക്ക് ഉള്ള പൈസ വേറെ ഒരു ഇടത്തിൽ നിക്ഷേപിക്കാം.
വർഷത്തിൽ ഒരിക്കൽ ദൈവമാകുന്ന ഒരു കീഴാള സ്ത്രീയാണല്ലോ അംബുജാക്ഷി. സമൂഹം എങ്ങനെയാണ് കാണുന്നത്?
ഞാൻ കണ്ണൂരിലെ പഴയങ്ങാടിയിലെ ബീവി റോഡിൽ ആർ.എസ് പോസ്റ്റ് ഓഫിസിൽ സ്വീപ്പറായി ഇപ്പോൾ ജോലിചെയ്യുന്നുണ്ട്. ജോലിസ്ഥലത്ത് പോകുമ്പോഴും പൊതുസമൂഹത്തിൽ ജീവിക്കുമ്പോഴും എല്ലാവർക്കും എന്നോടു ബഹുമാനംതന്നെയാണ്. തെയ്യം കെട്ടുന്ന ഒരു അമ്മയോടുള്ള ബഹുമാനം എനിക്ക് ലഭിക്കാറുണ്ട്. എന്നെ അറിയാവുന്നവർ എല്ലാവരും എന്നെ കാണുമ്പോൾ ഒരു വണക്കം തരും. ഇവരാണ് ദേവക്കൂത്ത് തെയ്യം കെട്ടുന്ന സ്ത്രീ എന്ന് എല്ലാവരും പറയും.
അതുപോലെ വളരെ ആഘോഷപൂർവം അംബുജാക്ഷിയെ ആനയിച്ചു കൊണ്ടുപോയാണ് തെയ്യക്കോലം കെട്ടുന്നത്..?
തെയ്യം കെട്ടാൻ ധനുമാസം മൂന്നാം തീയതിയാണ് ഇറങ്ങുക. അപ്പോൾ മൂന്നു ക്ഷേത്രങ്ങളിൽ തൊഴുതിട്ട് വേണം തെയ്യം കെട്ടുവാൻ. മുച്ചിലോട്ട്, മണ്ണകം, പിന്നെ ഞങ്ങളുടെ തറവാട്ടു ക്ഷേത്രം, ഈ ക്ഷേത്രങ്ങളിൽ തൊഴുതതിനു ശേഷമാണ് തെയ്യം കെട്ടാൻ പോവുക. അതിനുശേഷം തെയ്യം കെട്ടാനായി എന്നെ കൂട്ടാൻ ആൾക്കാർ വരും. എന്നിട്ട് അയ്യോത്ത് എന്ന ഒരു കടവിൽ എത്തും. അപ്പോൾ വള്ളുവ കുറുപ്പന്മാർ എന്ന കുറുപ്പന്മാർ ചങ്ങാടവും കൊണ്ടുവരും. അയ്യോത്ത് കടവിൽ ഒരു അരയാലുണ്ട്. അവിടെ മൂന്നുവട്ടം പ്രദക്ഷിണംവെച്ചു തൊഴുതു വേറൊരു തറയിലും തൊഴുതു കഴിഞ്ഞു വള്ളുവ കുറുപ്പന്മാരുടെ കൂടെ ചങ്ങാടത്തിൽ കയറിയാണ് പോവുക. ഒരു ചങ്ങാടത്തിൽ തെയ്യം കെട്ടുന്ന എന്നെയും വേറൊരു ചങ്ങാടത്തിൽ എന്റെ കൂടെയുള്ളവരെയും ആനയിച്ചാണ് കൊണ്ടുപോവുക. നമ്മൾ കുറുപ്പന്മാരുടെ ഒരു തറവാട്ടിൽ എത്തും. അവിടെ എത്തുമ്പോൾതന്നെ വിളക്കും തളികയും പായയും എല്ലാം അവിടെ എത്തും. ഒരു എട്ട് മണിയോടെ ഞാൻ തെയ്യം കെട്ടുന്ന ക്ഷേത്രത്തിൽനിന്നും ആൾക്കാർ വരും. എട്ടുമണിയോടുകൂടി തെയ്യം കെട്ടുന്ന എന്നെ താലപ്പൊലിയടക്കം ആനയിച്ചു കൊണ്ടുപോകും. അവിടെവെച്ചു നാലുഭാഗവും അരിയിട്ട് തൊഴുതതിനു ശേഷമാണ് തെയ്യക്കോലം കെട്ടുക.
തെയ്യക്കോലം കെട്ടിക്കഴിഞ്ഞാൽ മുഖത്തെഴുത്ത് മുഴുവൻ മായ്ക്കും. പക്ഷേ, കണ്ണ് എഴുതിയത് മായ്ക്കില്ല. അത് തെയ്യം കെട്ടിക്കഴിഞ്ഞു മൂന്നാമത്തെ ദിവസം മാത്രമേ മായ്ക്കുകയുള്ളൂ. അത് മായ്ക്കുന്നതുവരെ ഞാൻ ദേവിയായി ഇരിക്കും എന്നാണ് സങ്കൽപം.
തെയ്യം കെട്ടുന്ന ഒരേയൊരു സ്ത്രീ എന്ന രീതിയിൽ ഫോക് ലോർ അവാർഡ് ഒക്കെ കിട്ടേണ്ടതല്ലേ?
തെയ്യം കെട്ടുന്ന സ്ത്രീ എന്ന രീതിയിൽ ഒരുപാട് ഇടങ്ങളിൽ സ്വീകരണത്തിന് പോയിട്ടുണ്ട്. എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിൽ അമ്മ വന്നു വിളക്ക് വെക്കണം എന്നു പറഞ്ഞു മനുഷ്യര് വിളിക്കും. പല സ്കൂളുകളിലും കോളജുകളിലും പോയിട്ടുണ്ട്. അത്തരം സ്വീകരണങ്ങളിൽ ഒരു സ്ത്രീ എന്ന രീതിയിൽ വലിയ ബഹുമാനങ്ങൾ കിട്ടാറുണ്ട്. ഞാൻ അമ്മയില്ലാതെ വളർന്ന മകളായതുകൊണ്ട് വളരെയധികം കഷ്ടപ്പെട്ടിരുന്നു. 16 വയസ്സുള്ളപ്പോൾതന്നെ കല്യാണം കഴിച്ച് ഭർത്താവിന്റെ വീട്ടിൽ ഞാനെത്തി. ഭർത്താവ് അപ്പോൾതന്നെ തെയ്യംകെട്ടിയിരുന്നു. ഈ വീട്ടിൽവന്നശേഷമാണ് എന്റെ ജീവിതം മാറുന്നത്. ഫോക് ലോർ അവാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെയാണ് എന്നൊന്നും എനിക്ക് അറിയില്ല. ആരെങ്കിലും പറഞ്ഞു തന്നാൽ അതിന് അപേക്ഷിക്കാം.
വേറെ എവിടെയും തെയ്യം കെട്ടാറില്ലേ? അത്തരം സാധ്യതകൾ ഉണ്ടാകില്ലേ?
ഒരിക്കൽ ഗൾഫിൽനിന്നും ഒരാൾ എന്നെ വിളിച്ചു. ഞാൻ സ്ത്രീ തെയ്യം കെട്ടിയാടുന്ന ആളല്ലേ എന്നു ചോദിച്ചു. കോഴിക്കോട് ഒരു ക്ഷേത്രത്തിൽ സ്ത്രീ കോലങ്ങളാണ്. അതായത് സ്ത്രീകളായ ദൈവങ്ങൾ. അത് കെട്ടിയാടുന്നത് പുരുഷന്മാരാണ്. അവിടെ സ്ത്രീ തെയ്യം കെട്ടിയാടി തരുമോ എന്നു ചോദിച്ചു. അതൊരിക്കലും നടക്കാത്ത കാര്യമാണെന്ന് പറഞ്ഞു. ഞാൻ ഇപ്പോൾ കെട്ടിയാടുന്ന ചെറുകുന്ന് കൂലോം തായക്കാവിൽ അല്ലാതെ വേറെ ഒരിടത്തും ഞാൻ കെട്ടിയാടാൻ പാടില്ല.