എഴുത്തിന്റെ നയതന്ത്രം
ടർക്കിഷ് നോവലിസ്റ്റ് ഫിറാത് സുനേൽ തന്റെ നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ചും തുർക്കിയെ കുറിച്ചും സംസാരിക്കുന്നു. അഭയാർഥിത്വം, വംശീയ ഉന്മൂലനം, ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഈ സംഭാഷണത്തിൽ വിഷയമാകുന്നു.നയതന്ത്ര ഉദ്യോഗവും എഴുത്തും തമ്മിൽ?രണ്ടും തമ്മിൽ ബന്ധമൊന്നുമില്ല. വെല്ലുവിളിയായും നേട്ടമായും അതിനെ കാണാം. തുർക്കി വിദേശസർവിസിലെ നോവലെഴുത്തുകാരനായ ആദ്യ സ്ഥാനപതിയാണ് ഞാൻ. ഇന്ത്യയിൽ അംബാസഡറായി ചുമതലയേൽക്കുമ്പോൾ...
Your Subscription Supports Independent Journalism
View Plansടർക്കിഷ് നോവലിസ്റ്റ് ഫിറാത് സുനേൽ തന്റെ നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ചും തുർക്കിയെ കുറിച്ചും സംസാരിക്കുന്നു. അഭയാർഥിത്വം, വംശീയ ഉന്മൂലനം, ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ഈ സംഭാഷണത്തിൽ വിഷയമാകുന്നു.
നയതന്ത്ര ഉദ്യോഗവും എഴുത്തും തമ്മിൽ?
രണ്ടും തമ്മിൽ ബന്ധമൊന്നുമില്ല. വെല്ലുവിളിയായും നേട്ടമായും അതിനെ കാണാം. തുർക്കി വിദേശസർവിസിലെ നോവലെഴുത്തുകാരനായ ആദ്യ സ്ഥാനപതിയാണ് ഞാൻ. ഇന്ത്യയിൽ അംബാസഡറായി ചുമതലയേൽക്കുമ്പോൾ ചില പത്രങ്ങൾ എഴുതി, തുർക്കി ഒരു നോവലിസ്റ്റിനെ അംബാസഡറായി നിയോഗിക്കുന്നുവെന്ന്. ഇന്ത്യക്കാർ എഴുത്തിനെയും എഴുത്തുകാരനെയും എത്ര ആദരവോടെ കാണുന്നു എന്നതിന്റെ സൂചനയായിരുന്നു അത്. എഴുത്തുകാരനായി കാണുന്നതാണ് എനിക്ക് ഇഷ്ടം. അതേസമയം ഒരു നയതന്ത്ര ഉദ്യോഗസ്ഥനാണ്. 30 വർഷത്തോളമായി ഞാൻ സർവിസിലുണ്ട്.
അംബാസഡർ എഴുത്തുകാരനായിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. സമയംതന്നെ പ്രധാനം. രാവിലെ മുതൽ വൈകുംവരെ, ചിലപ്പോൾ രാപ്പകൽ മുഴുവനും തന്നെ ഓഫിസിലും ഔദ്യോഗിക കാര്യങ്ങളിലും മുഴുകണം. നോവൽ എഴുതണമെങ്കിൽ എല്ലാം മറന്ന്, ശുദ്ധമനസ്സോടെ ഏകാഗ്രതയിലിരിക്കണം. അതിന് ഒഴിഞ്ഞിരിക്കാൻ ഇടവും നേരവും വേണം. അതത്ര എളുപ്പമല്ല. അതിനു കണ്ടെത്തിയ വഴി സമയം മാനേജ് ചെയ്യുകയാണ്. അവധിയടക്കം ദിനേന പുലർച്ചെ അഞ്ചിനു ഞാൻ എഴുതാനിരിക്കും. എട്ടുമണി വരെ എഴുത്ത്.
രണ്ടാമത്തെ കാര്യം, ഒരു നയതന്ത്രജ്ഞനായിരിക്കുമ്പോൾ ഒരു രാജ്യത്തെ പ്രതിനിധാനംചെയ്യുകയാണ്. അതിനാൽ തീർച്ചയായും ചില പരിമിതികളുണ്ട്. എഴുത്തിൽ നല്ല കരുതൽ വേണം. എനിക്ക് എന്തും എഴുതാനാവില്ല. ഇത് എനിക്ക് ഉദ്യോഗനിയമനത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ബോധ്യമായിരുന്നു. അതുകൊണ്ടുതന്നെയാവണം, ഇന്നോളം നോവലെഴുത്തിൽ എനിക്ക് പ്രയാസമൊന്നും നേരിടേണ്ടി വന്നിട്ടില്ല.
ഭാഷയാണ് മറ്റൊരു പ്രശ്നം. ഞാൻ വക്കീലാണ്, ഡിപ്ലോമാറ്റ് ആണ്, ഗ്രന്ഥകാരനാണ്. ഈ മൂന്നു റോളിലും വെവ്വേറെ ഭാഷയും പദാവലികളും ശൈലികളുമാണല്ലോ വേണ്ടിവരുക. നിയമവ്യവഹാരത്തിൽ നിങ്ങൾക്ക് കൃത്യവും കണിശവും ഒരേയൊരു അർഥവുമുള്ള വാക്കുകളും പ്രയോഗങ്ങളും മതി. എഴുത്തുകാരനാവുമ്പോൾ നിങ്ങൾക്ക് വൈവിധ്യവും സുന്ദരവുമായ പദസമ്പത്തും ഭാഷാശൈലിയും വശമുണ്ടായിരിക്കണം. നിയമപുസ്തകത്തിന്റെ, നയതന്ത്രത്തിന്റെ ഭാഷ നോവലെഴുത്തിനു കൊള്ളില്ല.
എന്നാൽ, മറ്റൊരു നിലക്കു നോക്കിയാൽ ഈ പരിമിതികളെയൊക്കെ മറികടക്കുന്ന നേട്ടങ്ങളുമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥൻ എന്ന നിലക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യാം. ഓരോ രാജ്യത്തിനും പുതിയൊരു സംസ്കാരമാണ്. പുത്തൻ രുചിയും മണവുമാണ്. പുതിയ സംസ്കാരങ്ങളുമായി അഭിമുഖീകരിക്കുമ്പോൾ നമ്മുടെ ഭാവനയെ അത് സമ്പന്നമാക്കും. ഒരു ഡിപ്ലോമാറ്റിന് ഒരിക്കലും ഒരു ഇവന്റോ സ്റ്റോറിയോ തേടിപ്പോകേണ്ടി വരില്ല. അവിടത്തെ തൊഴിൽ സാഹചര്യങ്ങളിൽനിന്ന് അയാളിലേക്ക് അതു വന്നു ചേരുകയാണ്. അങ്ങനെയൊരു നേട്ടമുണ്ട്. അംബാസഡർവൃത്തിയും എഴുത്തും ഒരുമിച്ചു കൊണ്ടുപോകുന്നതിൽ എനിക്ക് ഇതുവരെ വിഷമമൊന്നുമുണ്ടായിട്ടില്ല. മാത്രമല്ല, ചിലപ്പോഴൊക്കെ ഒന്നു മറ്റൊന്നിന് സഹായകരമായിത്തീരാറുണ്ട്. വെളുപ്പാൻകാലത്ത് എഴുന്നേറ്റ് നോവലെഴുത്തു തുടങ്ങുമ്പോൾ വൈകാരികമായി നമ്മുടെ മനോബലം വർധിക്കും. ഇത് ഔദ്യോഗികജോലികൾക്ക് സഹായകരമാകാറുണ്ട്.
ഇത് ആദ്യ നോവലാണോ?
അതേ, ഈ നോവൽ ഞാൻ എഴുതിത്തുടങ്ങിയത് ജോർജിയയിൽവെച്ചാണ്.
എന്തായിരുന്നു ഇത്തരമൊരു നോവലിനുള്ള അടിയന്തര പ്രചോദനം?
ചെറുപ്പത്തിൽതന്നെ ചെറുകഥകളും പത്രങ്ങളിൽ ലേഖനങ്ങളുമൊക്കെ എഴുതിയിരുന്നു. ജോർജിയയിൽ 2003ൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരിക്കുമ്പോൾ ഞാൻ അഹിസ്കക്കാരായ മെസ്ഖെതിയൻ തുർക്കികളെ കണ്ടു. ജോർജിയയിലെ അഹിസ്ക പ്രവിശ്യയിലായിരുന്നു അവരുടെ വാസം. അവിടെ വിവിധ കുടിയേറ്റ വംശക്കാരുണ്ടായിരുന്നു. അതിലൊന്നാണ് അഹിസ്കൻ തുർക്കികൾ എന്നോ മെസ്ഖെതിയന്മാർ എന്നോ വിളിക്കുന്നവർ. തുർക്കിയുടെ അതിർത്തിദേശമായ അഹിസ്കയിൽനിന്നു ജോർജിയയിലെ മെസ്ഖെതിയയിലേക്കു മാറിയവരായിരുന്നു അവർ. ജോർജിയയിൽവെച്ചു ഞാൻ എൺപതും എൺപത്തഞ്ചുമൊക്കെ പ്രായമുള്ള അഹിസ്കൻ വൃദ്ധതുർക്കികളെ കാണാനിടയായി. 1944ൽ ജോർജിയയിൽനിന്നു മധ്യേഷ്യയിലേക്ക് നാടുകടത്തപ്പെട്ടവരായിരുന്നു അവർ. ലക്ഷം ആളുകൾ ഇങ്ങനെ ആട്ടിയോടിക്കപ്പെട്ടു. 20-40 ദിവസം നീണ്ട യാത്രക്കിടയിൽ അവരിൽ 30,000 പേർ പട്ടിണിയും അതിശൈത്യവും കാരണം മരണപ്പെട്ടു. ഈ ഭീകരദുരന്തത്തിൽനിന്നു രക്ഷപ്പെട്ടവരിൽ ചിലരെ കാണാനിടയായി. അത് ഏറെ കൗതുകവും അസാധാരണത്വവുമുളവാക്കിയ അനുഭവമായിരുന്നു. അവർ എന്നോട് പഴയ കഥകൾ പറഞ്ഞു. അവരുടെ കുട്ടിക്കാലം വിശദീകരിച്ചു. അതു കേൾക്കാനായി ഞാൻ അവർക്കൊപ്പം ആ പഴയ ഗ്രാമങ്ങളിലേക്കു ചെന്നു. അവരുടെ ബാല്യകാല ഭവനങ്ങളും കടകളും അങ്ങാടിയുമൊക്കെ എനിക്ക് കാണിച്ചു തന്നു. എന്നാൽ, അങ്ങനെയൊരു ഗ്രാമമോ വീടുകളോ ഒന്നും അവിടെ ശേഷിച്ചിരുന്നില്ല. അവർ പൂർവികരെ സംസ്കരിച്ച സെമിത്തേരികളിലേക്ക് എന്നെ കൊണ്ടുപോയി. ശവക്കൂനകളുടെ ചെറിയൊരടയാളം പോലും ബാക്കിയുണ്ടായിരുന്നില്ല. എല്ലാം നിശ്ശേഷം തകർത്തുകഴിഞ്ഞിരുന്നു. രണ്ടോ മൂന്നോ ഗ്രാമങ്ങൾ ഞാൻ സന്ദർശിച്ചു. ചിലത് വലിയ കുന്നുകളുടെ പുറത്തായിരുന്നു. അങ്ങോട്ടു വെറും കാലിൽ നടന്നും കുതിരപ്പുറത്തു കയറിയുമൊക്കെയാണ് ഞാൻ ചെന്നെത്തിയത്. അവിടെ എൺപത്തഞ്ചും തൊണ്ണൂറുമൊക്കെ വയസ്സായവരെ കണ്ടു. അവർ അവരുടെ പഴയ ഗ്രാമങ്ങളിലേക്ക് എന്റെ കൂടെ വരുമ്പോൾ വളരെ സന്തോഷത്തിലായിരുന്നു. ആഹാ, നാടെത്തിയല്ലോ, എന്റെ വീട് ഇവിടെയാണ് എന്നൊക്കെ ആർത്തുവിളിച്ച് അവർ ആഹ്ലാദത്തോടെ എനിക്കു കാണിച്ചുതരുകയാണ്. എന്നാൽ, കാണാൻ അവിടെ ഒരു അടയാളവും ബാക്കിയുണ്ടായിരുന്നില്ല. ദുരന്തകഥകൾ മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ. എല്ലാം അവരുടെ ജീവിതത്തിലെ നേരനുഭവങ്ങൾ. എങ്ങനെയാണ് തങ്ങൾ അതിജീവിച്ചതെന്ന്, രാജ്യഭ്രഷ്ടിനു മുമ്പുള്ള ജീവിതം എങ്ങനെയെന്ന് അവർ വിവരിച്ചു തന്നു. അഭിമുഖങ്ങൾ, വിഡിയോ ചിത്രീകരണം, ഓഡിയോ റെക്കോഡിങ്, ഫോട്ടോഗ്രാഫുകൾ –അങ്ങനെ എല്ലാം ഞാൻ പകർത്തിവെച്ചു. ഇതെല്ലാം മുന്നിൽവെച്ചാണ് നോവലെഴുത്തിനു മുതിർന്നത്.
അപ്പോൾ ഇതു സാധാരണ നോവൽപോലെ കാൽപനികം ആണെന്നു പറഞ്ഞുകൂടാ.
ഇത് ചരിത്രപശ്ചാത്തലമുൾക്കൊണ്ട നോവലാണ്. ചരിത്രനോവലെഴുതുമ്പോൾ അതിലെ സംഭവങ്ങളെല്ലാം യാഥാർഥ്യമായിരിക്കണം. അതൊരു ഫുൾ ഫിക്ഷൻ പോലല്ല. നോവലിൽ കഥാപാത്രങ്ങളെ യഥേഷ്ടം തിരഞ്ഞെടുക്കാം. എന്നാൽ, ഇവിടെ അത് പറ്റില്ല. എന്റെ നോവലിൽ കഥാപാത്രങ്ങൾ ചിലത് വസ്തുതാപരമാണ്, ചിലത് ഭാവനാത്മകവും. എന്നാൽ അതിൽ വിവരിക്കുന്ന ചരിത്രപശ്ചാത്തലങ്ങളത്രയും യഥാതഥമാണ്.
ജോർജിയയിലെ അഹിസ്ക പ്രദേശം നൂറ്റാണ്ടുകളായി ഒട്ടോമൻ ഭരണത്തിൻകീഴിലായിരുന്നു. അഹിസ്കൻ തുർക്കുകൾ അവിടെ കൂടുകെട്ടിയിട്ടും അത്രതന്നെ വർഷങ്ങളായി. അവർ മാത്രമല്ല, പ്രദേശത്ത് അസരികളും അർമനികളും ഗ്രീക്കുകളും ജോർജിയക്കാരുമൊക്കെ അവിടെ വാസമുറപ്പിച്ചവരിലുണ്ടായിരുന്നു. അഹിസ്ക നഗരത്തിൽ തുർക്കുകൾ ന്യൂനപക്ഷമായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിൽ അവർക്കായിരുന്നു ഭൂരിപക്ഷം. ഉസ്മാനീ അധീശത്വം കാരണം അവരുടെ ഭാഷയായിരുന്ന ടർക്കിഷ് ആയിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. അർമീനിയക്കാരായ ചിലർ എഴുപതു വർഷങ്ങൾക്കിപ്പുറവും തുർക്കി ഭാഷ സംസാരിക്കുന്നതു ഞാൻ കണ്ടു. ഭിന്നിപ്പിച്ചു ഭരിക്കുക നയമായി സ്വീകരിച്ച ജോസഫ് സ്റ്റാലിന്റെ ഡെമോഗ്രാഫിക് പോളിസിയുടെ ഭാഗമായി പല വംശീയവിഭാഗങ്ങളെയും ജോർജിയയിൽനിന്നു പുറന്തള്ളി. അഹിസ്കൻ തുർക്കുകളും ക്രീമിയൻ തുർക്കുകളുമൊക്കെ അക്കൂട്ടത്തിലുണ്ട്.
സ്റ്റാലിന്റെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമായിരുന്നോ ഈ പുറന്തള്ളൽ?
അഹിസ്കൻ വംശജരിലെ മക്കളും ഭർത്താക്കളുമായിരുന്ന യുവാക്കൾ ജർമനെതിരായി രണ്ടാം ലോകയുദ്ധത്തിൽ പൊരുതിയവരായിരുന്നു. അവരിൽ ചിലർ യുദ്ധമുന്നണിയിൽനിന്നു തിരിച്ചുപോന്നു. സൈനിക സേവനത്തെക്കുറിച്ചു ചിന്തിക്കാൻപോലും കഴിയാത്ത സമാധാനപ്രിയരായ ജനതയായിരുന്നു അഹിസ്കൻ തുർക്കികൾ. കൃഷീവലന്മാരായിരുന്ന അവർക്ക് യുദ്ധായുധങ്ങൾ പ്രയോഗിക്കേണ്ട വിധമൊന്നും വശമുണ്ടായിരുന്നില്ല. ഗുലാകുകളോട് എന്നപോലെ സ്റ്റാലിന് അവരോട് പകവെക്കേണ്ട കാര്യമുണ്ടായിരുന്നില്ല. രണ്ടാം ലോകയുദ്ധം അവസാനിക്കെ 1944 ഒടുവിൽ നവംബറിലാണ് അഹിസ്കക്കാരെ നാടുകടത്തുന്നത്. തുർക്കി സോവിയറ്റ് യൂനിയന്റെ ശത്രുരാജ്യമാണ്. അതിനാൽ അതിർത്തിയോട് ചേർന്ന് തുർക്കി ന്യൂനപക്ഷം ഭീഷണി സൃഷ്ടിച്ചേക്കാമെന്ന ശങ്കയിലാവാം അവരെ വിദൂര മധ്യേഷ്യൻ ദിക്കുകളിലേക്ക് നാടുകടത്താൻ അദ്ദേഹം തീരുമാനിച്ചത്.
സാമ്രാജ്യത്വപരമോ മതപരമോ ആയ വല്ല ഘടകങ്ങളും സ്റ്റാലിന്റെ ഈ വംശീയ നാടുകടത്തലിനു പിന്നിലുണ്ടായിരുന്നുവെന്നു കരുതാമോ?
അതു ശരിയല്ല. ജനവിഭാഗങ്ങളെ പരസ്പരം മാറ്റി പുനരധിവസിപ്പിക്കുന്ന പദ്ധതിയായിരുന്നു സ്റ്റാലിന്റെ ജനസംഖ്യാപരമായ വിഭജനത്തിന്റെ പിറകിൽ. ഒരു ഭാഗത്തും ഒരു പ്രത്യേക ജനവിഭാഗത്തെ ഭൂരിപക്ഷമായി വളരാതിരിക്കാൻ അവരെ ചിന്നിച്ചിതറിക്കാൻ സ്റ്റാലിൻ നന്നായി ശ്രദ്ധിച്ചിരുന്നു. ജോർജിയൻ അതിർത്തിയിൽ തുർക്കുകളുടെ സാന്നിധ്യം വർധിക്കുന്നതിൽ ഭീഷണി മണത്താവാം അദ്ദേഹം ഈ കൂട്ട പുറന്തള്ളലിന് ഒരുമ്പെട്ടത്.
ലോകത്തിന്റെ പല ഭാഗത്തും വംശീയപ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. അഹിസ്കൻ പ്രശ്നവും അത്തരത്തിൽപെട്ടതാണോ?
ഓരോ വംശീയപ്രശ്നവും അതിന്റെ കാരണവും തമ്മിൽ വ്യത്യാസമുണ്ടാവും. ഒന്ന് മറ്റൊന്നുമായി താരതമ്യം ചെയ്യാൻ പറ്റില്ല. അന്നത്തെ യുദ്ധസാഹചര്യവും സ്റ്റാലിന്റെതന്നെ അടിച്ചമർത്തൽ നയങ്ങളുമാവാം. മറ്റിടങ്ങളിലെ കാരണങ്ങൾ മറ്റു വല്ലതുമാവാം. അതുകൊണ്ടുതന്നെ ഓരോ പ്രശ്നവും വെവ്വേറെതന്നെ പഠിക്കുകയും വിലയിരുത്തുകയും വേണം.
ഈ നോവലിലൂടെ താങ്കൾ ഉയർത്തിക്കാട്ടാൻ ഉദ്ദേശിച്ചത് എന്താണ്?
അധികമാളുകൾക്കും അറിയാത്ത വലിയൊരു സംഭവമാണ് നോവലിലൂടെ അനാവരണംചെയ്യുന്നത്. നൂറുകണക്കിന് വർഷങ്ങളായി സമാധാനപൂർവം ഒരു പ്രശ്നവുമില്ലാതെ, ഗവൺമെന്റിനോടു കൂറുപുലർത്തി തന്നെ നിങ്ങൾ സ്വസ്ഥമായി കഴിഞ്ഞുവരുകയാണ്. അർമീനിയൻ, ജോർജിയൻ, റഷ്യൻ, ഗ്രീക് സുഹൃത്തുക്കളുമായി ഒത്തൊരുമയോടെ വസിക്കും കാലം ഭരണകൂടത്തിന്റെ ജനസംഖ്യ നയത്തിനു നിങ്ങൾ ഇരയാകേണ്ടി വരുന്നു. പെട്ടെന്നൊരു നാൾ സൈനികർ വന്ന് നിങ്ങളുടെ വീടുകൾ കൈയേറുന്നു. ആയിരക്കണക്കിനു മൈലുകൾക്ക് അപ്പുറത്തേക്ക് നിങ്ങളെ ആട്ടിയോടിക്കുന്നു. ജനങ്ങളുടെ ജീവനും ജീവിതവും രാഷ്ട്രീയക്കാരും ഭരണകൂടവും എങ്ങനെ ഇടപെട്ട് നശിപ്പിക്കുന്നു എന്നതിന്റെ പ്രത്യക്ഷ തെളിവാണ് അഹിസ്കൻ തുർക്കികളുടെ അനുഭവം. വേദനാജനകവും തീവ്രവൈകാരികവുമായ ആ കഥ ആളുകൾക്കു പറഞ്ഞുകൊടുക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. ഇവിടെ രാഷ്ട്രീയ താൽപര്യങ്ങളൊന്നുമില്ല, മാനവികമായ അനുതാപമല്ലാതെ. ഞാൻ നേരിൽ കണ്ട ദയനീയമായ കാഴ്ചകളായിരുന്നു അത്. ആ അതിജീവിതർ എന്നോടു പറഞ്ഞ മനം വിങ്ങുന്ന കഥകൾ.
എല്ലാവരും പോയി, എല്ലാം നശിച്ചു എന്നുറപ്പിച്ച ശേഷവും ദശകങ്ങൾക്കു ശേഷം പഴയ കൂട്ടുകാരായ ഒമറും നികയും പണ്ട് അവർ കളിച്ചുവളർന്ന അതേ വാൾനട്ട് മരത്തിന്റെ ചുവട്ടിൽ വികാരനിർഭരമായി സന്ധിക്കുന്ന രംഗമുണ്ട് നോവലിൽ?
അവസാന അധ്യായത്തിൽ പറയുന്നത് നോവലിന്റെ രചനയിലേക്ക് എന്നെ നയിച്ച ഹൃദയസ്പർശിയായ അനുഭവംതന്നെയാണ്. അതിൽ പറയുന്നതുപോലുള്ള പുനഃസമാഗമത്തിന് നേർസാക്ഷിയായിട്ടുണ്ട് ഞാൻ. അഹ്മദോവ് എന്ന പേരുള്ള ഒരു അഹിസ്കൻ വയോധികന് എൺപത്തഞ്ച് വയസ്സുണ്ട്. അദ്ദേഹം സൈനികനായി ജർമനിക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരിക്കെയാണ് നാട്ടിൽ കുടുംബം പലായനത്തിന് നിർബന്ധിക്കപ്പെടുന്നത്. ഇരുപതുവർഷം മുമ്പ് അയാൾ തന്റെ പഴയ ഗ്രാമത്തിലേക്ക് തിരിച്ചുവന്നു. അപ്പോൾ അവിടെ ആരും ഒന്നും ഉണ്ടായിരുന്നില്ല.
ഞാൻ അഹിസ്കൻ കഥകൾ തേടി നടക്കുന്നതിനിടെ അദ്ദേഹവുമായി പരിചയപ്പെട്ടു. ഒരു നാൾ അദ്ദേഹത്തിന്റെ കൂടെ അയൽഗ്രാമത്തിലൊരിടത്ത് ഇരിക്കുകയാണ്. ഒരു ജോർജിയക്കാരൻ അവിടെ വന്നു. അഹ്മദോവിന്റെ അതേ പ്രായംതന്നെ വരും. വാകിങ് സ്റ്റിക്കിൽ ഊന്നി നടന്നുവന്ന അയാൾ അഹ്മദോവുമായി റഷ്യൻഭാഷയിൽ കുശലം പറഞ്ഞു. കുറച്ചു കഴിഞ്ഞു സംഭാഷണത്തിലേക്കു നീങ്ങിയ അവരുടെ ഭാഷ ടർക്കിഷിലേക്ക് മാറി. എനിക്ക് അത്ഭുതമായി– ആ പഴയ സ്നേഹിതർ ഇപ്പോഴും പഴയ ഭാഷ കൈവിട്ടിട്ടില്ല.
ഞങ്ങൾ അഹ്മദോവിന്റെ ഗ്രാമത്തിലേക്ക് പോയി. അറുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും അയാൾ എനിക്ക് ആ നാട്ടിൻപുറം വിശദമായി കാണിച്ചുതന്നു. പൂർണമായി എല്ലാം തകർത്തു തരിപ്പണമാക്കിയ അവിടെ ഗ്രാമമോ വീടടയാളങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും കൃത്യമായി ചില പോയന്റുകളിൽ വിരൽ ചൂണ്ടി അയാൾ ഉറപ്പിച്ചു പറഞ്ഞു; എന്റെ വീട് ഇവിടെയാണ്. അത് എന്റെ കൂട്ടുകാരന്റെ വീട്, അത് ഞങ്ങളുടെ കൊച്ചു അങ്ങാടി... അങ്ങനെയങ്ങനെ. പിന്നെ അഹ്മദോവ് എന്നെ സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിടെ സെമിത്തേരിയോ ശവക്കല്ലറകളുടെ നേരിയ അടയാളംപോലുമോ കണ്ടില്ല. അയാൾ ചെയ്തതെന്തെന്നോ? സ്വന്തക്കാരുടെ മൃതദേഹം സംസ്കരിച്ച സ്ഥലം കാണാൻ കഴിയാതെ തളർന്ന ആ വയോധികൻ രണ്ടും കൈയിലും മുഖമമർത്തി വിങ്ങിക്കരഞ്ഞ് എന്റെ മുന്നിൽ തളർന്നിരുന്നു. അതെന്നെ ഏറെ നൊമ്പരപ്പെടുത്തി. അവിടെനിന്നാണ് എന്റെ നോവലിന്റെ തുടക്കം എന്നു പറയാം.
വാസ്തവത്തിൽ ഇതൊരു ചരിത്രകൃതിയാണ്?
അല്ല, ഇത് നോവൽതന്നെ. വേണമെങ്കിൽ ചരിത്രനോവൽ എന്നു പറഞ്ഞോളൂ. ഈ വലിയ മാനുഷികദുരന്തത്തെക്കുറിച്ച് തുർക്കിക്കാർക്ക് അത്ര അറിവുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് എല്ലാവർക്കും അഹിസ്കൻ തുർക്കുകളുടെ കഥയറിയാം. എന്റെ കൃതിക്കുശേഷം ഈ ജനവിഭാഗത്തെക്കുറിച്ചുള്ള പഠനങ്ങളും ഡോക്യുമെന്ററികളും സിനിമകളുമൊക്കെ പുറത്തുവന്നു.
അഭയാർഥികളുടെ കഥ ലോകത്ത് ഇന്നും മാറ്റമില്ലാതെ തുടരുകയാണല്ലോ.
അതേ, അറ്റമില്ലാതെ തുടരുന്ന ആഗോളദുരന്തമാണത്.
എല്ലായിടത്തും ന്യൂനപക്ഷമാണ് ഇരകൾ? കലുഷിതമാകുന്ന പ്രദേശങ്ങളാകട്ടെ വിഭവസമൃദ്ധവും അതിസുന്ദരവുമായ ഭൂപ്രദേശങ്ങളും. എന്തുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്?
നേരത്തേ പറഞ്ഞല്ലോ, ഓരോ സംഘർഷത്തിനും ഒരു മൂലകാരണമുണ്ടാകും. കൊസോവോയിൽ, ബാൾക്കനിൽ, സിറിയയിൽ ഒക്കെ കാണുന്നത് ഒരേ സംഭവമല്ല. എന്നാൽ, അതൊക്കെയും ദുരന്തങ്ങളാണ്. കൊക്കേഷ്യയിൽ അസരികൾ നഗർണോ-കരാബാക്ക് യുദ്ധത്തെ തുടർന്ന് അർമീനിയക്കാർ അതിർത്തി കൈയേറിയതിനാൽ അഭയാർഥികളായി മാറിയിരിക്കുന്നു. തുർക്കി ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അഭയാർഥികളെ കൈകാര്യം ചെയ്യേണ്ടിവരുന്ന രാഷ്ട്രമായി മാറിയിരിക്കുന്നു. നാൽപതു ലക്ഷം സിറിയൻ അഭയാർഥികളുണ്ട് ഞങ്ങളുടെ രാജ്യത്ത്. ആഭ്യന്തരസംഘർഷത്തിന്റെ ഇരകളാണവർ. അതുപോലെയാണ് അഫ്ഗാൻ അഭയാർഥികളും. മതവിവേചനത്തിന്റെയും വംശീയവിദ്വേഷത്തിന്റെയും ഭാഗമായി പുറന്തള്ളപ്പെട്ട റോഹിങ്ക്യൻ അഭയാർഥികളുമുണ്ട് അവിടെ. കൊക്കേഷ്യയിൽനിന്നു വംശഹത്യയെ തുടർന്ന് പലായനം ചെയ്തവരുണ്ട്. കാലാവസ്ഥ വ്യതിയാനം എന്ന ഉരുണ്ടുകൂടുന്ന വലിയ ഭീഷണിയുടെ ഇരകളും ഇക്കൂട്ടത്തിലുണ്ട്. ഏതു വിധമായാലും അഭയാർഥികളുടെ ദുരന്തകഥ ആവർത്തിച്ചുകൊണ്ടിരിക്കുക തന്നെയാണ്.
താങ്കളുടെ മറ്റു രചനകൾ?
ഇതാണെന്റെ ആദ്യ നോവൽ. അത് തുർക്കിയിൽ വലിയ അംഗീകാരം നേടി. ഇതുവരെയായി ആറു പതിപ്പുകൾ വിറ്റഴിഞ്ഞു. തുർക്കിയിലും അസർബൈജാനിലും നോവൽ വലിയ ചർച്ചക്ക് വിഷയമായി. തുർക്കിയിൽ ഈ നോവൽ ഡോക്ടറൽ തീസിസിന് വിഷയമായിട്ടുണ്ട്. അതിനുശേഷം ‘ഇസ്മിർ ലീ’ എന്ന നോവൽ പുറത്തിറങ്ങി. മറ്റൊരു ചരിത്രനോവലാണ് രണ്ടു വർഷം മുമ്പു പുറത്തിറങ്ങിയ sirpincik feneri (The Light house Family). അതിന്റെ ഇംഗ്ലീഷ് പതിപ്പ് ഇന്ത്യയിലടക്കം ഉടനെ പുറത്തിറങ്ങും. അതും ഒരു ചരിത്രനോവലാണ്. രണ്ടാം ലോകയുദ്ധ കാലത്ത് പശ്ചിമ തുർക്കിയിലെ വിദൂരദേശത്തെ ഒരു ലൈറ്റ് ഹൗസ് കീപ്പറുടെ കഥയാണത്. പെട്ടെന്നൊരു നാൾ ജർമൻ നാസികൾ ഗ്രീക് ദ്വീപുകൾ ഒന്നാകെ കൈയടക്കി. അതും യാതനകളുടെയും ദുരന്തത്തിന്റെയും കഥയാണ്. പുതിയതൊരെണ്ണം എഴുത്തു പൂർത്തിയാക്കി പ്രസാധകർക്ക് കൈമാറാനിരിക്കുകയാണ്.