Begin typing your search above and press return to search.
proflie-avatar
Login

സുതാര്യമാകണം തെര​ഞ്ഞെടുപ്പ്​

സുതാര്യമാകണം തെര​ഞ്ഞെടുപ്പ്​
cancel

രാജ്യത്തെ തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പു കമീഷനുകളും പലതരം വിമർശനം നേരിടുകയാണിപ്പോൾ. മാ​ത്രമല്ല തെരഞ്ഞെടുപ്പ്​ കമീഷന്​ 75 വയസ്സും തികയുന്നു. ഇൗ പശ്ചാത്തലത്തിൽ, മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറും സാമൂഹികപ്രവർത്തകനും ഗവേഷകനും എഴുത്തുകാരനുമായ എസ്​.വൈ. ഖുറൈശിയും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമും നടത്തുന്ന സംഭാഷണം.1937ൽ ഗവൺമെന്‍റ്​ ഓഫ്​ ഇന്ത്യ ആക്ടിനു കീഴിൽ പ്രഖ്യാപിച്ച പൊതു തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്​. അലഹബാദിനടുത്ത മിർസാപൂരിൽ രാത്രി പ്രചാരണത്തിനെത്തിയ ജവഹർലാൽ നെഹ്​റു പ്രഭാഷണം തീർത്തുകഴിഞ്ഞപ്പോൾ സമയം രാത്രി ഒമ്പതിനോടടുത്തു. പ്രസംഗം കഴിഞ്ഞിറങ്ങിയ നെഹ്​റു...

Your Subscription Supports Independent Journalism

View Plans
രാജ്യത്തെ തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പു കമീഷനുകളും പലതരം വിമർശനം നേരിടുകയാണിപ്പോൾ. മാ​ത്രമല്ല തെരഞ്ഞെടുപ്പ്​ കമീഷന്​ 75 വയസ്സും തികയുന്നു. ഇൗ പശ്ചാത്തലത്തിൽ, മുൻ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറും സാമൂഹികപ്രവർത്തകനും ഗവേഷകനും എഴുത്തുകാരനുമായ എസ്​.വൈ. ഖുറൈശിയും മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹീമും നടത്തുന്ന സംഭാഷണം.

1937ൽ ഗവൺമെന്‍റ്​ ഓഫ്​ ഇന്ത്യ ആക്ടിനു കീഴിൽ പ്രഖ്യാപിച്ച പൊതു തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം നടന്നുകൊണ്ടിരിക്കുകയാണ്​. അലഹബാദിനടുത്ത മിർസാപൂരിൽ രാത്രി പ്രചാരണത്തിനെത്തിയ ജവഹർലാൽ നെഹ്​റു പ്രഭാഷണം തീർത്തുകഴിഞ്ഞപ്പോൾ സമയം രാത്രി ഒമ്പതിനോടടുത്തു. പ്രസംഗം കഴിഞ്ഞിറങ്ങിയ നെഹ്​റു പ്രാദേശിക നേതാക്കളോട്​ ‘‘എന്നാൽ ഇറങ്ങട്ടെ’’ എന്ന്​ യാത്രാനുമതി ചോദിച്ചതും അവർ ഒറ്റവാക്കിൽ സമ്മതം മൂളിയതും ഒന്നിച്ച്​. മടക്കയാത്രയിൽ കൂടെയുണ്ടായിരുന്ന ലാൽ ബഹാദുർ ശാസ്ത്രിയോട്​ പറഞ്ഞു: ഇന്നാട്ടുകാർക്ക്​ ഇത്രയും ആതിഥ്യമര്യാദ അറിയില്ലേ? ഒരു കപ്പ്​ ചായപോലും തരാതെയല്ലേ അവർ യാത്രയാക്കിയത്​? നെഹ്റുവിന് വിശക്കുന്നുണ്ടായിരുന്നു.

എവിടെനിന്നാണ്​ വല്ലതും കിട്ടുക. ശാസ്ത്രി ​െറയിൽവേ സ്​റ്റേഷനിലെ റസ്റ്റാറന്‍റിനെ കുറിച്ച്​ ഓർത്തു. അവിടെ ചെന്ന്​ ചായകുടിച്ച്​ കാശു​ കൊടുക്കാൻ കീശ തപ്പിയപ്പോൾ ആരുടെ കൈയിലും മതിയായ പണമില്ല. ഒടുവിൽ നെഹ്​റു കൊടുത്ത ഒന്നേകാൽ ഉറുപ്പികയും പൂർണിമ ബാനർജി നൽകിയ ഒരു രൂപയും ശാസ്ത്രിയുടെ കൈയിലുള്ള ഏതാനും അണകളും ചേർത്ത്​ ഒപ്പിച്ച്​ നാണംകെടാതെ രക്ഷപ്പെടുകയായിരുന്നുവെന്ന്​ പിന്നീട്​ ശാസ്ത്രി തന്നെ ഒരു നെഹ്​റു അനുസ്മരണച്ചടങ്ങിൽ പറയുകയുണ്ടായി.

അതൊരു കാലം. അവിടെനിന്ന്​ പണവും പേശീബലവും ഇന്ത്യയിൽ തെരഞ്ഞെടുപ്പിനെ നി​യന്ത്രിക്കുന്ന കാലമെത്തി. പണം വാരിയെറിഞ്ഞും വോട്ടുപെട്ടികളും ബൂത്തുകളും പിടിച്ചെടുത്തും വോട്ടർമാരെയും പോളിങ്​ ഉദ്യോഗസ്ഥരെയും തോക്കിൻമുനയിൽ നിർത്തിയും തെരഞ്ഞെടുപ്പ്​ തന്നെ റാഞ്ചുന്നത്​ പതിവായി. ആ അട്ടിമറികൾ പുതുകാലത്ത്​ ഇലക്ടറൽ ബോണ്ടുകളിലേക്കും വോട്ടർപട്ടികയിലേക്കും വോട്ടുയന്ത്രത്തിലേക്കും നീണ്ടു. ഏറ്റവുമൊടുവിൽ ജനാധിപത്യത്തിലൂടെ അധികാ​രമേറ്റ ഭരണകൂടം ലോകത്തിലെ മഹാതിശയങ്ങളിലൊന്നായ ഇന്ത്യൻ തെരഞ്ഞെടുപ്പിന്​ ചുക്കാൻപിടിക്കുന്ന തെരഞ്ഞെടുപ്പ്​ കമീഷൻ എന്ന സ്ഥാപനത്തെ തന്നെ കീഴ്​പ്പെടുത്തിക്കളയുന്നെന്ന ആക്ഷേപത്തിലേക്കും ആശങ്കയിലേക്കുമെത്തി.

എന്നാൽ ലോകത്തിന്​ ഇന്ത്യ സമ്മാനിച്ച മൂന്നു സംഭാവനകളി​ൽ ഒന്നായി –താജ്​മഹലും ഗാന്ധിയുമാണ്​ ഒന്നും രണ്ടും– ഗോപാലകൃഷ്ണ ഗാന്ധി എണ്ണിയ ഇന്ത്യയുടെ തെരഞ്ഞെടുപ്പ്​ ജനാധിപത്യത്തിന്​ കാവൽ നിന്ന മുഖ്യ അധികാരികളിൽ ചിലർ ഈ കുത്തൊഴുക്കിലും തെരഞ്ഞെടുപ്പ്​ കമീഷൻ എന്ന സ്ഥാപനത്തിന്‍റെ പദവിയും അന്തസ്സും നഷ്ടപ്പെടാതിരിക്കാൻ പോരാടിയിട്ടുണ്ട്​. തെരഞ്ഞെടുപ്പിലെ പണാധികാരത്തിനെതിരെ വാളെടുത്ത ടി.എൻ. ശേഷൻ, പരിഷ്കരണത്തിന്​ യത്​നിച്ച ജെ.എം. ലിങ്ദോ തുടങ്ങിയവർ ഉദാഹരണം. ആ മുൻനിരയിലെ ആദ്യ ഗണനീയരിലാണ്​ ശഹാബുദ്ദീൻ യാഖൂബ്​ ഖുറൈശി എന്ന എസ്​.വൈ. ഖുറൈശിയുടെ സ്ഥാനം. തെരഞ്ഞെടുപ്പിന്‍റെ സുതാര്യതക്കുവേണ്ടി സമ്മതിദായകരെയും അധികാരസ്ഥരെയും സജ്ജമാക്കുന്നതിനുള്ള പരിഷ്​കരണങ്ങളിലൂടെ കമീഷന്​ പുതുമുഖം നൽകിയയാളാണ്​ ഖുറൈശി. സമ്മതിദായക​രുടെ ബോധവത്​കരണത്തിന്​ വോട്ടേഴ്​സ്​ എജുക്കേഷൻ ഡിവിഷൻ, തെരഞ്ഞെടുപ്പ്​ ചെലവ്​ നിയന്ത്രണം നിരീക്ഷിക്കാനുള്ള ഇലക്​ഷൻ എക്സ്പൻഡിച്ചർ മോണിറ്ററിങ്​ ഡിവിഷൻ, ഉദ്യോഗസ്ഥ പരിശീലനത്തിന്​ ഇന്ത്യ ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഡെമോക്രസി ആൻഡ്​ ഇലക്​ഷൻ മാനേജ്​മെന്‍റ്​ തുടങ്ങിയ സംവിധാനങ്ങൾ ആരംഭിച്ചത്​ അദ്ദേഹമാണ്​. തെരഞ്ഞെടുപ്പ്​ രംഗത്തെ പരിശീലനത്തിനു വേണ്ടി വിവിധ അന്താരാഷ്ട്ര വേദികളിൽ നിരന്തരം സംബന്ധിച്ചുകൊണ്ടിരിക്കുന്നയാളാണ്​ അദ്ദേഹം. ദേശീയമാധ്യമങ്ങളിലെ സ്ഥിരം പംക്തികളിലൂടെ തെരഞ്ഞെടുപ്പ്​, ജനാധിപത്യ രംഗങ്ങളിലെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും കൃത്യമായ പരിഹാരങ്ങളും മാർഗനിർദേശങ്ങളും നൽകുകയുംചെയ്യുന്നുണ്ട്​ അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറുടെ തെരഞ്ഞെടുപ്പ്​, വോട്ടർ പങ്കാളിത്ത വർധനക്കുള്ള അമേരിക്കൻ ഏജൻസി സഹായം എന്നീ വിവാദങ്ങൾ നിറഞ്ഞ സന്ദർഭത്തിലാണ്​ ഈയിടെ അദ്ദേഹം മലപ്പുറം വാഴയൂരിലെ സാഫി ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ അഡ്വാൻസ്​ഡ്​ സ്​റ്റഡീസിൽ പരിപാടിക്കെത്തിയത്. തെരഞ്ഞെടുപ്പ്​ കമീഷന്‍റെ രൂപപരിണാമങ്ങളെക്കുറിച്ച്​, ഖുറൈശിയുടെ മുൻകൈയിൽ നടന്ന ആർ.എസ്​.എസ്​-മുസ്​ലിം സംവാദത്തെക്കുറിച്ച്​ അദ്ദേഹം ‘മാധ്യമ’വുമായി സംസാരിച്ചു. അഭിമുഖത്തിന്‍റെ പ്രധാന ഭാഗങ്ങളി​ലൂടെ:

നമ്മുടെ ഭരണഘടനയുടെ മഹത്തായ സംഭാവനയെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷനെ താങ്കൾ വിശേഷിപ്പിക്കുന്നുണ്ട്. ഇത്തവണ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറുടെ തെ​രഞ്ഞെടുപ്പ്​ സംഭവിച്ച്​ വലിയ വിവാദങ്ങളുയർന്നു. കമീഷന്​ സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപപരിണാമങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

തെരഞ്ഞെടുപ്പ്​ സംവിധാനത്തിന്‍റെ വിശ്വാസ്യതയുയർത്താനുള്ള നടപടികളുണ്ടാവണമെന്ന്​ ഞാനും എനിക്കു മുമ്പുമുള്ള എല്ലാ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർമാരും കാലാകാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ്​. അതതു കാലത്തെ സർക്കാറുകളാണ് ഞങ്ങളെയെല്ലാവരെയും നിയമിക്കുന്നത്. അതിശയകരമെന്നു പറയട്ടെ, പദവിയുടെ അന്തസ്സും നിഷ്പക്ഷതയും പാലിച്ചുതന്നെയാണ്​ ഞങ്ങളെല്ലാം പ്രവർത്തിച്ചുപോന്നത്​. രാജ്യം ഞങ്ങളിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു. എന്നാൽ, കുറഞ്ഞപക്ഷം പ്രതീകാത്മകമായെങ്കിലും ഈ പദവിയിലേക്കുള്ള നിയമനം ഒരു ഉഭയകക്ഷി കൊളീജിയം സംവിധാനത്തിനു വിടുകയാണെങ്കിൽ മുഴുവൻ രാജ്യവും എല്ലാ രാഷ്ട്രീയ പാർട്ടികളും കമീഷനെ വിശ്വാസത്തിലെടുക്കുന്നു എന്ന സന്ദേശം നൽകാൻ കഴിയും.

മുഖ്യ കമീഷണറുടെ കസേരയിൽ ഇരുന്നപ്പോഴും പഴയ സംവിധാനത്തിന്‍റെ ഗുണഭോക്താക്കളായിരുന്നപ്പോഴും ഞങ്ങ​ൾ ഇത്​ ആവശ്യപ്പെട്ടിരുന്നതാണ്​. കൊളീജിയം സംവിധാനം എന്നത്​ വളരെ നല്ല ആശയമാണ്. വിഷയം സുപ്രീംകോടതിയുടെ മുന്നിലെത്തിയപ്പോൾ നിയമനം നിയമത്തിന്‍റെ വഴിയേ ആവണം എന്നുമാത്രമാണ് പരമോന്നത നീതിപീഠം നിർദേശിച്ചത്​. 1950ൽ ഭരണഘടന നിലവിൽ വന്നപ്പോൾ തന്നെ 324ാം വകുപ്പ്​ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 70 വർഷമായിട്ടും നിങ്ങൾ നിയമം ഉണ്ടാക്കിയിട്ടില്ല. പോയി നിയമം നിർമിക്കൂ. അതുവരെ മുഖ്യ വിവരാവകാശ കമീഷണർ, കേന്ദ്ര വിജിലൻസ്​ കമീഷൻ, സി.ബി.ഐ ഡയറക്ടർ എന്നിവരെ നിയമിക്കുന്ന ചീഫ്​ ജസ്റ്റിസ്​ ഉൾ​പ്പെടുന്ന നിലവിലെ കൊളീജിയം തുടരട്ടെ എന്നു കോടതി നിർദേശിച്ചു.

എന്നാൽ, ഗവൺമെന്‍റ്​ ചെയ്തതെന്താണ്​? നിയമം പാസാക്കിയപ്പോൾ അവർ ​20 വർഷമായി തുടരുന്ന കൊളീജിയത്തിന്‍റെ ഘടന മാറ്റി. സുപ്രീംകോടതി ചീഫ്​ ജസ്റ്റിസിനു പകരം മറ്റൊരു മന്ത്രിയെ ഉൾപ്പെടുത്തി. അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്. പ്രത്യക്ഷത്തിൽതന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വളരെ തെറ്റായ തീരുമാനമാണിത്​. ലോകത്തെ ഏറ്റവും മികച്ച വ്യക്തിയെ മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണറായി നിയമിച്ചാൽപോലും, പ്രതിപക്ഷനേതാവിന്​ എതിരെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ മന്ത്രിയും കൂട്ടുപ്രതിനിധികളാകുന്ന ഒരു സമിതിയി നടത്തുന്ന നീതിയുക്തമായ തെരഞ്ഞെടുപ്പായി അതിനെ കണക്കാക്കാൻ കഴിയുമോ? അനാവശ്യമായ ഒരു വെറും പ്രകോപനം മാത്രമായാണ്​ അത്​ കലാശിച്ചത്​. ഒടുവിൽ സി.ഇ.സിയുടെ പാതിരാനിയമനം നടന്നുകഴിഞ്ഞു.

എന്നാൽ, നല്ല രണ്ടു കാര്യങ്ങൾ ഇത്തവണ സംഭവിച്ചിട്ടുണ്ട്​. ഒന്ന്, പുറത്തുനിന്ന് മുഖ്യ കമീഷണറെ കെട്ടിയിറക്കുമെന്ന ഒരു ചർച്ച നേരത്തേയുണ്ടായിരുന്നു, എങ്കിൽ അത്​ വളരെ തെറ്റായ പ്രവണതയായേനെ. കഴിഞ്ഞ രണ്ടും മൂന്നും നാലും വർഷമായി കമീഷനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരുടെ മനോവീര്യം തകർക്കാനേ അത്​ ഇടയാക്കൂ. ആ തെറ്റ് ഒഴിവായിപ്പോയതിൽ സന്തോഷിക്കുന്നു. പതിവുപോലെ മുതിർന്നയാൾക്കാണ്​ സ്ഥാനക്കയറ്റം നൽകിയത്​. കമീഷണറായി പുതുതായി വന്നത്​ വിവേക്​ ജോഷിയാണ്​ എന്നതാണ്​ രണ്ടാമത്തെ നല്ല കാര്യം. എന്‍റെ കേഡറായ ഹരിയാനയിൽനിന്നുള്ള മികച്ച ഓഫിസറാണ് അദ്ദേഹം. നിഷ്കളങ്കനും സത്യസന്ധനുമായ ഒന്നാന്തരം ഉദ്യോഗസ്ഥൻ. യഥാസമയം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായേക്കാവുന്ന മികച്ച ഒരാളെ അവർ തെരഞ്ഞെടുത്തതും നന്നായി.

 

തെരഞ്ഞെടുപ്പ്​ സുതാര്യമാക്കാനുള്ള വഴിയായാണ്​ സുപ്രീംകോടതി നേരത്തേ കൊളീജിയം നിർദേശിച്ചത്. എന്നാൽ, അത്​ നേർപ്പിച്ച്​ പാർലമെന്‍റിന്‍റെ അംഗീകാരം വാങ്ങി സ്വന്തം താൽപര്യത്തിന്​ അനുസൃതമാക്കിത്തീർക്കുകയായിരുന്നു കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടി പാനലുമായി ഇടഞ്ഞു?

സർക്കാറിൽനിന്ന്​ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. പ്രതിപക്ഷത്തുനിന്നുള്ള ഒരാൾക്കെതിരെ ഗവൺമെന്‍റിൽനിന്നുള്ള രണ്ട് അംഗങ്ങൾ എന്നത് മോശം ആശയമാണ്, അത് അനാവശ്യവുമായിരുന്നു. പ്രകോപനപരമായ ഒരു വേണ്ടാവൃത്തി. അതിനിയും വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും. കേസ് ഇപ്പോഴും സുപ്രീംകോടതിയിൽ തീരുമാനമാകാതെ കിടക്കുന്നു. ഒരു നിയമം പാസാക്കണമെന്ന് സുപ്രീംകോടതി നിർദേശിക്കുമ്പോൾ, ഇരുപക്ഷ പങ്കാളിത്തമുള്ള തെരഞ്ഞെടുപ്പായിരിക്കണം എന്നാണല്ലോ അർഥമാക്കുന്നത്​. നിലവിൽ വന്നത്​ ഉഭയകക്ഷി സമിതി​യാണെന്ന്​ പറയാൻ കഴിയില്ല.

പ്രധാനമന്ത്രി (അതും നിസ്സാരക്കാരനല്ല, ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യൻ തന്നെ), അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി എന്നിവർ രണ്ട് അംഗങ്ങളായി പ്രതിപക്ഷ നേതാവിന് എതിരെ വരുന്നത്​ പ്രത്യക്ഷമായും പക്ഷപാതപരമാണ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചീഫ് ജസ്റ്റിസ് കൊളീജിയത്തിന്റെ അംഗമായിരുന്നപ്പോൾ, ഒരു തീരുമാനവും വെല്ലുവിളിക്കപ്പെട്ടിട്ടില്ല. ഒരിക്കൽപോലും, ഒന്നു​പോലും ഇല്ല. അപ്പോൾ, എന്താണ് പ്രശ്നം? ചീഫ് ജസ്റ്റിസ്​ തുടരേണ്ടിയിരുന്നു. പക്ഷപാതമില്ലായ്മയുടെ നല്ല അടയാളമാകാമായിരുന്ന ആ അംഗത്വമാണ്​ അനാവശ്യവും പ്രകോപനപരവുമായി നീക്കംചെയ്യപ്പെട്ടത്​.

കോൺഗ്രസ്​ നിലപാടിനെക്കുറിച്ച്​ എന്തു പറയുന്നു?

അവരുടെ നിലപാട്​ ഉചിതമായിരുന്നു. സുപ്രീംകോടതിയുടെ മുന്നിൽ ഒരു നിയമവ്യവഹാരമിരിക്കെ രണ്ടുനാൾ കൂടി കാത്തുകൂടേ എന്നാണ്​ അവർ ചോദിച്ചത്​. കഴിഞ്ഞ തവണയും ഇതുതന്നെ സംഭവിച്ചു. കോടതി കേസ്​ കേട്ടുകൊണ്ടിരിക്കെ ഗവൺമെന്‍റ്​ ധിറുതിപ്പെട്ട്​ നിയമനം നടത്തി. കോടതി നിർദേശങ്ങൾക്കൊന്നും സർക്കാർ വർഷങ്ങളോളം ചെവികൊടുക്കാത്ത അനുഭവങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവർ വലിയ ധൃതിയിലാണ് നിയമനത്തിനു മുതിർന്നത്​. അത്​ സുപ്രീംകോടതിയെ അവഹേളിക്കുന്ന തരത്തിലായിപ്പോയി. നിങ്ങൾ ആലോചിച്ചിരുന്നുകൊള്ളൂ, ഞങ്ങൾ നിങ്ങളെ കാര്യമാക്കുന്നില്ല എന്ന മട്ടിലായി ഭരണകൂടം.

ഇവിടെ സുപ്രീംകോടതിയെ കുറിച്ചും പറയണം. മുഖ്യ കമീഷണറുടെ കാലാവധി ഫെബ്രുവരി 18ന്​ തീരുമെന്ന കാര്യം പരസ്യമായിരുന്നല്ലോ. എന്നിട്ടും പിന്നെയെന്തുകൊണ്ടാണ് അവർ ആ ഹിയറിങ് 23ന് നിശ്ചയിച്ചത്? അങ്ങനെ, ഒരുവിധത്തിൽ, സർക്കാറിന്​ ന്യായീകരണത്തിനു പഴുതു ലഭിച്ചു. ഇന്നുവരെ ഒരു സ്റ്റേയും ഇല്ല. അതുകൊണ്ട്, സർക്കാർ മുന്നോട്ടുപോയി അവരുടെ ജോലിചെയ്തു. കേസിന്​ തീയതി നൽകുമ്പോൾ എന്തു സംഭവിക്കുമെന്ന്​ സുപ്രീംകോടതി പരിഗണിക്കണമായിരുന്നു. ഒന്നുകിൽ സ്റ്റേ നൽകി ഒരാഴ്ച അല്ലെങ്കിൽ പത്ത് ദിവസം വരെ വിധിക്ക്​ കാത്തിരിക്കാൻ നിർദേശിക്കാമായിരുന്നു. എന്നാൽ അവർ മൗനംപൂണ്ടു. അത്​ സർക്കാർ മുതലെടുത്തു. അവരെന്തിനു അറച്ചുനിൽക്കണം? ഉള്ള അധികാരം അവർ പ്രയോഗിച്ചു.

തെരഞ്ഞെടുപ്പും കേന്ദ്രം എടുക്കുകയാണോ?

തെരഞ്ഞെടുപ്പ്​ കമീഷനെ നിശ്ചയിക്കാനുള്ള പാനൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, തെരഞ്ഞെടുപ്പിലെ എ.ഐ സാ​ങ്കേതികവിദ്യ... ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ തെരഞ്ഞെടുപ്പ്​ കേന്ദ്രസർക്കാർ നേരിട്ടു കൈകാര്യം ചെയ്യുന്നതിനു പിന്നിലെ താൽപര്യങ്ങളെന്താവാം?

മൂന്ന് വ്യത്യസ്ത ചോദ്യങ്ങൾ കൂട്ടിക്കുഴക്കേണ്ടതില്ല. നമുക്ക്​ ഓരോന്നായി പരിശോധിക്കാം. തെരഞ്ഞെടുപ്പ്​ കമീഷനെ നിയമിക്കുന്നതിലുള്ള സർക്കാർ ഇടപെടലിനെക്കുറിച്ചാണ്​ ഇതുവരെ പറഞ്ഞു വന്നത്​. പാനൽ പക്ഷപാതരഹിതമോ ഉഭയകക്ഷി പങ്കാളിത്തമുള്ളതോ ആയിരിക്കണം. അതിൽ സർക്കാറിന് ഭൂരിപക്ഷം ഉണ്ടാകരുത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവുംകൂടി ഉണ്ടായിരുന്ന ഘടനയിൽ അതിനെതിരെ ചോദ്യങ്ങൾ ഉയർന്നിരുന്നില്ല.

രണ്ടാമത്തേത് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. അത് അത്യാവശ്യമുള്ള ഒരു കാര്യമല്ല. അനാവശ്യമായി നിലവിലുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്ന ആ പരിഷ്കാരം ഫെഡറലിസത്തെയും ബാധിക്കും. ഏതായാലും വലിയ ചർച്ചയായിക്കഴിഞ്ഞ ഈ വിഷയത്തിൽ പാർലമെന്‍റ്​ ശരിയായ തീരുമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം.

എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്​ മൂന്നാമത്തേത്​. എ.ഐ സാങ്കേതികവിദ്യ വളരെ പ്രധാനപ്പെട്ടതാണ്. അതിൽ ഗുണവും അപകടവുമുണ്ട്​, തെരഞ്ഞെടുപ്പിൽപോലും. ഇരട്ട വോട്ടർമാരെയും മരിച്ചവരെയും സ്​ഥലം മാറിയവരെയും തിരിച്ചറിയാനും തട്ടിപ്പുകൾ, പണത്തിന്‍റെ ദുരുപയോഗം എന്നിവ കണ്ടെത്താനും എ.ഐ വളരെ സഹായകരമാകും.

അതേസമയം, എ.ഐ വ്യാജങ്ങളും ഡീപ് ഫേക്കുകളും വിദ്വേഷ പ്രസംഗങ്ങളും സൃഷ്ടിക്കാൻ ഉപയുക്തമാവും എന്നതാണ്​ അതിലെ അപകടം. അതിനാൽ, എങ്ങനെ എ.ഐയുടെ ഭീഷണികൾ കുറച്ച്​ ഗുണങ്ങൾ പരമാവധി വർധിപ്പിക്കാം എന്ന സന്തുലിത കാ​ഴ്ചപ്പാടും പ്രയോഗവുമാണ്​ പരിഹാരം. ഇതൊരു ഇന്ത്യൻ പ്രശ്നമോ തെരഞ്ഞെടുപ്പിനെ മാത്രം ബാധിക്കുന്ന പ്രശ്നമോ അല്ല. ഇത് ഒരു ആഗോള പ്രശ്നവും ആശങ്കയുമാണ്. ഒരു പ്രധാന ശക്തിയെന്ന നിലയിൽ ഇന്ത്യ, അനുകരണീയമായ ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

 

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഈ വക കാര്യങ്ങളെല്ലാം കൃത്രിമത്തിന്​ അവസരമൊരുക്കുമെന്ന്​ ആക്ഷേപമുണ്ട്​?

തെരഞ്ഞെടുപ്പിൽ കൃത്രിമമുണ്ടാക്കാൻ അവർ എങ്ങനെയാണ് ശ്രമിക്കുന്നത്? കമീഷനിലേക്ക് സ്വന്തം ആളുകളെ തെരഞ്ഞെടുക്കുകയാണ്​ പ്രധാനവഴി. കഴിഞ്ഞ 70 വർഷമായി എല്ലാ സർക്കാറുകളും ചെയ്തുവന്നതാണിത്​. എല്ലാവരും കണ്ടു​വെച്ചതും കൊണ്ടുവന്നതുമൊക്കെ സ്വന്തക്കാരെ തന്നെ. അതിനാൽ അതേക്കുറിച്ച് ആർക്കും അധികം വാചാലരാകാൻ കഴിയില്ല. തെരഞ്ഞെടുപ്പിന്‍റെ കൃത്രിമം, വോട്ടർ പട്ടികയുടെ കൃത്രിമത്വം പോലുള്ള ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത് ഒരു തെരഞ്ഞെടുപ്പ് മാനേജ്മെന്റ് വിഷയമാണ്.

ജില്ലാ ഭരണകൂടമാണ് അത് കൈകാര്യം ചെയ്യുന്നത്​. അതുകൊണ്ട്, ഈ കൃത്രിമങ്ങൾ അനുവദിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ കർശനമായി നടപടിയെടുക്കണം. അതേ ജില്ലാ ഭരണകൂടം ഞങ്ങളുടെ കീഴിൽ പ്രവർത്തിച്ചിരുന്നുവല്ലോ. ഞങ്ങൾ അവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകി –നോക്കൂ, നേരിയ തട്ടിപ്പും തെറ്റും പിടിക്കപ്പെട്ടാൽ കുറ്റക്കാരെ കഴുവേറ്റും എന്ന തര​ത്തിൽ തന്നെ. ഇപ്പോൾ, കഴിഞ്ഞ 20 വർഷമായി മികച്ച തെരഞ്ഞെടുപ്പുകൾ നടത്തിയ അതേ കമീഷന്​ സ്വന്തം മൂക്കിനു താഴെ നടക്കുന്ന ഈ കൃത്രിമങ്ങൾക്കെതിരെ എന്തുകൊണ്ട് കർശന നടപടി എടുക്കാൻ കഴിയുന്നില്ല? 20-25 വർഷങ്ങൾക്ക് മുമ്പുള്ള തെരഞ്ഞെടുപ്പ് കൃത്രിമങ്ങളുടെ കാലത്തേക്ക്​ തന്നെ നാം മടങ്ങുകയാണോ? തിരുത്തൽ നടപടികൾക്ക്​ ഇപ്പോഴും സമയമുണ്ട്​.

ഫണ്ട്​ വിവാദത്തിൽ കമീഷനും 

ഇന്ത്യയിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സഹായം നിർത്തലാക്കിയത് ഇലോൺ മസ്കിന്റെ ചെലവ് കുറക്കൽ പരിപാടിയുടെ ഭാഗമായിരുന്നു എന്നു വാർത്തയുണ്ടായി. ഈ USAID എന്തായിരുന്നു?

ഇത് തെറ്റായ വാദമാണ്. ലോകത്തെ 150 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാറിതര സംഘടന (എൻ.ജി.ഒ)യാണ്​ USAID. ലോകമെമ്പാടും ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും മറ്റു മേഖലകളിലും പിന്തുണ നൽകുന്നതിനുള്ള യു.എസ് സർക്കാറിന്‍റെ സന്നദ്ധസംഘടനയാണിത്​. നമ്മളും അത്​ പ്രയോജനപ്പെടുത്തുന്നുണ്ട്. എച്ച്​.ഐ.വി സഹായപരിപാടി പ്രധാനമായും USAID ധനസഹായത്തിലായിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടെ USAIDൽനിന്ന് എത്ര സഹായം ലഭിച്ചുവെന്നതിന്​ സർക്കാർ തന്നെ കണക്കു പറയണം. പെട്ടെന്നൊരു നാൾ USAID എന്നത്​ ഒരു മലിനവാക്കായി മാറി. സർക്കാറുമായി ബന്ധപ്പെട്ട ചില ‘ബുദ്ധിമാന്മാർ’ ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നു വരെ കണ്ടെത്തിയിരിക്കുന്നു. അവരോടൊന്ന്​ ചോദിക്കട്ടെ: ​ഇതേ തട്ടിപ്പു കമ്പനിയായ USAID കഴിഞ്ഞ 16 വർഷമായി, നിലവിലെ സർക്കാറിന്റെ 13 വർഷം ഉൾപ്പെടെ, നമ്മെ സഹായിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ? എത്ര ദശലക്ഷക്കണക്കിന് ഡോളറുകളാണ്​ വിവിധ പരിപാടികൾക്കായി അവർ ഇവിടെ ചെലവഴിച്ചിരിക്കുന്നത്​?

അവരൊക്കെ സംശയാസ്പദരാണോ?

ഈയാളുകൾ നിരുത്തരവാദപരമായാണ്​ സംസാരിക്കുന്നത്​. ഈ അതിസാമർഥ്യം ബൂമറാങ്​ ആയി തിരിച്ചടിക്കും. ബാലിശമായ ആരോപണങ്ങളാണ്​ അവരുടേത്​. International Foundation for Electoral Systems (IFES) എന്ന സംഘടനയുമായി ഞാൻ പദവിയിലിരുന്ന കാലത്ത്​ ഒപ്പുവെച്ചിരുന്നു. തെരഞ്ഞെടുപ്പ്​ സംവിധാനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും പ്രചാരണത്തിനുവേണ്ടി 150 രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന ഈ സർക്കാറിതര സംഘടനക്ക്​ ഫണ്ടു ചെയ്യുന്നത്​ USAIDഉം യു.എസ്​ ഗവൺമെന്‍റുമാണ്​. 2012ൽ, വിരമിക്കുന്നതിന്​ 23 ദിവസം മുമ്പാണ്​ ഞാൻ അവരുമായി ധാരണപത്രം ഒപ്പിട്ടത്​. പരസ്പരം സാങ്കേതിക സഹായം നൽകുന്നതിനായിരുന്നു അത്​. നമ്മുടെ 12 ദശലക്ഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ ഇന്ത്യ ഇന്‍റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്​ഷൻ മാനേജ്മെന്‍റ്​ (IIIDEM) എന്നൊരു സ്ഥാപനത്തിന്​ രൂപം നൽകിയിരുന്നു.

ഇന്ത്യയിലെ ​തെരഞ്ഞെടുപ്പ്​ നടത്തിപ്പിന്​ അന്താരാഷ്ട്ര പ്രശസ്തി വർധിച്ചുകൊണ്ടിരുന്നതിനാൽ ഇവിടെനിന്ന് പഠിക്കാനും പകർത്താനും താൽപര്യമുള്ള മറ്റ് ജനാധിപത്യ രാജ്യങ്ങൾക്ക് ഈ സൗകര്യം വിപുലീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇന്ത്യയിൽനിന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളുണ്ടായിരുന്നു. ഇപ്പോൾ നൈജീരിയ, ദക്ഷിണാഫ്രിക്ക, കെനിയ എന്നീ രാജ്യങ്ങൾ വരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് അല്ല, അവരുടെ നിയമങ്ങളും തെരഞ്ഞെടുപ്പും അനുസരിച്ചുള്ള പരിശീലനമാണ്​ അവർക്ക്​ നൽകുക. നമ്മുടെ കൈയിൽ പണമുണ്ടായിരുന്നില്ല. അതിനാൽ, IFES ഏതാനും വിദഗ്​ധരെ നൽകി നമ്മുടെ IIIDEMന്​ പരിശീലനം നൽകും. IFS പിന്തുണയോടെ മറ്റു രാജ്യങ്ങൾക്ക് IIIDEM ഇതേ പരിശീലനം ലഭ്യമാക്കും.

അതായിരുന്നു പരസ്പര ധാരണ. എല്ലാ രാജ്യങ്ങൾക്കും സൗജന്യ പരിശീലനമാണ്​ നാം നൽകിയത്​. ലോകത്തെ 134 രാജ്യങ്ങളിലെ പ്രധാന തെരഞ്ഞെടുപ്പ് കമീഷണർമാരെ ഉൾപ്പെടെ നാം സൗജന്യമായി പരിശീലിപ്പിച്ചു എന്നുപറയുന്നതിൽ വളരെ സന്തോഷമുണ്ട്​. ഈ കഴിഞ്ഞ 13 വർഷവും അതു തുടർന്നുവന്നു. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയത്​ 23 ദിവസത്തിനുള്ളിലാണ്​. അങ്ങനെ നമ്മൾ വിശ്വഗുരുവായി മാറിയത്​ സന്തോഷകരവും അഭിമാനകരവുമാണ്​. ഇന്ത്യ എത്രയും വേഗം വിശ്വഗുരുവാകാനുള്ള ബദ്ധപ്പാടിലാണല്ലോ. അത് ആകുമോ ഇല്ലയോ എന്നത് വേറെ കാര്യം. എന്നാൽ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമീഷൻ എന്നേ വിശ്വഗുരുവായി മാറി.

ഇത്തരത്തിലുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പ്​ കമീഷനെ സംശയത്തിന്‍റെ നിഴലിൽ നിർത്തില്ലേ?

അതേ, അതിനുതന്നെയാണ്​ അവർ ശ്രമിക്കുന്നതും. എന്നാൽ തെരഞ്ഞെടുപ്പ് കമീഷനെ അതൊന്നും ഏശില്ല. ആരോപണവുമായി രംഗത്തുവന്നവർ മുസ്​ലിം പേരുനോക്കി എന്നെയാണ്​ കൊത്തിയെടുത്തത്​. അതൊരു നല്ല അവസരമാക്കാമെന്ന്​ അവർ കരുതി. ഇപ്പോൾ വസ്തുത പുറത്തുവന്നതോടെ അവർ ജാള്യംകൊണ്ട്​ മുഖം മറയ്ക്കുകയാണ്​. എസ്​.വൈ. ഖുറൈശി എന്ന പേരിലേക്ക്​ നോക്കി എടുത്തുചാടിയവർ വസ്തുതകൾ ബോധ്യ​പ്പെട്ടതോടെ ക്ഷമാപണ സ്വരത്തിലാണ്​.

അവർ ഒരു സംയുക്ത പാർലമെന്‍ററി സമിതിയെ അന്വേഷണത്തിനു വെക്കട്ടെ, ഈയാളുകളും അതിൽ കക്ഷിചേരട്ടെ. 21 ദശലക്ഷം ഡോളറിന്‍റെ ഈ സംഖ്യ എവിടെനിന്നാണ് വന്നത്? ഞങ്ങൾക്ക് അറിയില്ല. ഇത് തെരഞ്ഞെടുപ്പ് കമീഷനിലേക്ക് വന്നോ എന്നും അറിയില്ല. ഇന്ത്യയിലെ വോട്ടർ പങ്കാളിത്തത്തെ പിന്തുണക്കാൻ എന്നു മാത്രമാണ് അവർ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമീഷനിൽ ഒരു വോട്ടർ വിദ്യാഭ്യാസ പരിപാടിയുണ്ട്. നിരവധി എൻ.ജി.ഒകൾ അത് ചെയ്യുന്നുണ്ട്​. പണം ചില എൻ.ജി.ഒകൾക്ക്​ ലഭിച്ചിരിക്കാം. ഞങ്ങൾക്ക് അത്​ അറിയണമെന്നുണ്ട്​. അതിനാൽ അന്വേഷണം വേണമെന്നാണ്​ ഞാൻ പറയുക.

 

വിദ്വേഷ രാഷ്ട്രീയവും ആർ.എസ്​.എസുമായുള്ള ചർച്ചയും

വിദ്വേഷ രാഷ്ട്രീയത്തിന്‍റെ കാലത്ത്​ അതിന്​ ശമനം വരുത്താൻ കാര്യമായി യത്​നിച്ചയാളാണ്​ താങ്കൾ? രാജ്യത്തെ നിലവിലെ സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

വളരെ ഗുരുതരമാണ്​ നിലവിലെ സ്ഥിതിവിശേഷം. നിക്ഷിപ്ത താൽപര്യക്കാർ സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ എല്ലാ സാധ്യതകളും ഉപയോഗിച്ച്​ വിദ്വേഷപ്രചാരണം പതിവാക്കിയിരിക്കുന്നു. ഈ വിദ്വേഷ പ്രചാരണം ധ്രുവീകരണത്തിലേക്കാണ്​ നയിക്കുന്നത്​. ഈ ധ്രുവീകരണം ഫലപ്രദവും തെരഞ്ഞെടുപ്പ്​ വിജയത്തിന്​ പരീക്ഷിച്ച്​ വിജയിക്കുമെന്നു തെളിഞ്ഞ തന്ത്രവുമാണ്. അതിനാൽ, അത് വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്നു. നിർഭാഗ്യകരമായ ഈ സ്ഥിതിവിശേഷം ഏതു വിധേനയെങ്കിലും നിയന്ത്രിച്ചേ മതിയാകൂ. രാജ്യത്തെ സുമനസ്സുകൾ അതിനായി കൂട്ടായിരുന്ന്​ ആലോചിക്കണം.

താങ്കളുടെ നേതൃത്വത്തിലുള്ള മുസ്​ലിം പ്രതിനിധിസംഘം ആർ.എസ്​.എസ്​ ചീഫ്​ മോഹൻ ഭാഗവതുമായി ചർച്ച നടത്തുകയും അത്​ മുസ്​ലിം-ആർ.എസ്​.എസ്​ നേതൃതല ചർച്ചക്ക്​ വഴി തുറക്കുകയുംചെയ്തിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ ആ ചർച്ചയുടെ ഫലപ്രാപ്തിയെക്കുറിച്ച്​ എന്തു തോന്നുന്നു?

കഴിഞ്ഞ രണ്ട് വർഷമായി ഭാഗവതും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായി ഞങ്ങൾ മൂന്നു, നാലു തവണ കൂടിക്കാഴ്ച നടത്തി. അതുകൊണ്ട്​ ഒരു ഫലവുമില്ലെന്ന്​ ചിലർ പറയുമ്പോഴും, ഞങ്ങൾ അത്​ ഗൗനിക്കുന്നില്ല. ഞങ്ങളും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല. നൂറു വർഷമായി അവർ ഒരു പ്രത്യേക ആശയം പ്രചരിപ്പിക്കുന്നു. ഒറ്റ രാത്രികൊണ്ട് അവർക്ക്​ യൂട്ടേൺ അടിക്കാനാവില്ല. അതിന്​ ഇത്തിരി സമയം എടുക്കും.

എന്നാൽ ശത്രുവിനോടുപോലും ചർച്ച എപ്പോഴും നല്ലതാണ്. ഞങ്ങൾ അവർക്ക് എന്താണ് നൽകുന്നത്? ഒന്നുമില്ല. ചില വിഷയങ്ങളിൽ കുറിപ്പുകൾ കൈമാറുന്നു, ഞങ്ങളുടെ ആശങ്കകൾ അവരോട് തുറന്നു പ്രകടിപ്പിക്കുന്നു, അവരുടെ സ്വാധീനം ഉപയോഗിച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ ആവശ്യപ്പെടുന്നു. അതിനാൽ, ആ ആശയവിനിമയം, ആ സംഭാഷണം നല്ല തുടക്കമായിരുന്നുവെന്ന്​ ഞാൻ കരുതുന്നു. അത്​ തുടരും. എന്തെങ്കിലും ഫലം ഉണ്ടാകാതിരിക്കില്ല. അദ്ദേഹത്തിന്‍റെ അവസാന വിജയദശമി പ്രസംഗത്തിൽ മുസ്‍ലിംകൾ കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നു എന്ന പതിവ്​ ആരോപണം മയപ്പെടുത്തിയത്​ ഉദാഹരണം.

ഇത്തവണ അദ്ദേഹം അത് പറഞ്ഞില്ല. അദ്ദേഹം ജന​പ്പെരുപ്പത്തെക്കുറിച്ച് സംസാരിച്ചു, ജനസംഖ്യാ മാറ്റങ്ങൾ 75 വർഷം മുമ്പ് ഇന്ത്യയിൽ അല്ലെങ്കിൽ ദക്ഷിണ സുഡാനിൽ അല്ലെങ്കിൽ കിഴക്കൻ തിമൂറിൽ സംഭവിച്ച വിഭജനത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞു. എന്നാൽ, മുസ്‍ലിംകൾ കൂടുതൽ കുട്ടികളെ ഉൽപാദിപ്പിക്കുന്നു എന്ന പതിവ്​ ആക്ഷേപം ഉന്നയിച്ചില്ല എന്ന കാര്യം ഞാൻ ശ്രദ്ധിച്ചു. കാരണം മുസ്‍ലിംകൾ രാജ്യത്തെ മറ്റ് ഏതെങ്കിലും സമൂഹത്തേക്കാൾ വേഗത്തിൽ കുടുംബാസൂത്രണം സ്വീകരിക്കുന്നു എന്ന് ഞങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയതാണ്​. ഞങ്ങളുടെ നിർമാണാത്മകമായ ചർച്ചയും സംഭാഷണവും ഒരു പോസിറ്റിവ് സ്വാധീനം ഉണ്ടാക്കിയെന്ന് ഞാൻ കരുതുന്നു.

പക്ഷേ, വിദ്വേഷപ്രചാരണവും അതിക്രമവും വർധിക്കുകയാണല്ലോ?

അവരുടെ അവകാശവാദമനുസരിച്ച്​ ആർ.എസ്​.എസ്​ ആണ്​ ഒറിജിനൽ സംഘടന. പിന്നീട്​ ഉയർന്നുവന്ന നിരവധി സംഘടനകൾ അവരുടെ നിയന്ത്രണത്തിന് പുറത്തേക്ക് പോയി. ഇപ്പോൾ, ആർ.എസ്​.എസിനേക്കാൾ വിഷം പടർത്തുന്നത്​ അവരാണ്​. പേരു പറയാൻ കഴിയാത്ത പലതരമുണ്ട്​ അതിൽ. അവർ ആർ.എസ്​.എസിന്‍റെ വരുതിയിൽ ഒതുങ്ങുന്നില്ല എന്നാണ്​ ഞങ്ങൾക്ക് ലഭിച്ച ധാരണ. അത്തരക്കാരെയും നിയന്ത്രിക്കാൻ അവർക്ക്​ കഴിയേണ്ടതാണ്​.

 

ഇടതു വിമർശനം വിഡ്ഢിത്തം

കേരളത്തിലടക്കം ഇടതുപക്ഷ-ലിബറൽ വൃത്തങ്ങൾ ആർ.എസ്.എസുമായുള്ള ഈ ചർച്ചകളെ പരിഹസിക്കുകയും അപലപിക്കുകയുംചെയ്തു. ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നാണ്​ അവർ പറയുന്നത്​. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ശുദ്ധ വിഡ്ഢിത്തം, അല്ലാതെന്തു പറയാൻ! വീട്ടിൽ കയറി അടച്ചിരുന്ന്​ നെഞ്ചത്തടിക്കുന്നതിൽ അർഥമില്ല. ചർച്ചകൊണ്ട്​ എന്താണിപ്പോൾ നഷ്ടപ്പെടുത്തിയത്? സംവാദത്തിനു പോകുമ്പോൾ ഒന്നും നേടാനില്ലെന്നു തന്നെയാണ്​ ഞാനും പറഞ്ഞിരുന്നത്​. അതുതന്നെ പുറത്തുനിന്നു അവരും പറയുന്നു. ഒന്നും ഉണ്ടാകില്ല എന്ന ധാരണയിൽതന്നെയാണ്​ ഞങ്ങളും തുടങ്ങിയത്. എന്നാൽ ഒന്നും നഷ്ടപ്പെടാനും ഇല്ലല്ലോ. അവരും ഒന്നും കൊണ്ടുപോകുന്നില്ല. അവർക്ക്​ എന്താണ്​ ഇതുകൊണ്ട്​ കാര്യം? അവർ ഇപ്പോൾത്തന്നെ അധികാരത്തിലാണ്. അവർക്ക് എന്തും ചെയ്യാൻ ഒരു സാധൂകരണത്തിന്‍റെയും ആവശ്യമില്ല. എല്ലാറ്റിനുമുപരി, ഞങ്ങൾ വെറും അഞ്ച് അടുത്തൂൺ പറ്റിയ ആളുകൾ.

അതുകൊണ്ട്, ഈ ഇടതുപക്ഷ നിലപാട് തികച്ചും വിഡ്ഢിത്തമാണ്. നമ്മൾ എന്താണ് ചെയ്യുന്നത്? വീട്ടിൽ ഇരുന്ന് അവരെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട്​ എന്താണ് നേടുന്നത്? ഇടതുപക്ഷക്കാരുടെ ശ്രമങ്ങൾ എന്താണ് നേടുന്നത്? വെറും പൂജ്യം. കുറഞ്ഞപക്ഷം ഞങ്ങളുടെ ശ്രമങ്ങൾ, മുഖാമുഖമുള്ള ആശയവിനിമയത്തിലൂടെ ധാരണകളിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്​. നേരത്തേ ചൂണ്ടിക്കാട്ടിയപോലെ അവരുടെ നയനിലപാടുകൾ മയപ്പെടുത്താൻ സംഭാഷണംകൊണ്ടു കഴിയുന്നുണ്ട്​. മറ്റു വിഷയങ്ങളും ഞങ്ങൾ അവരുമായി ചർച്ചചെയ്യുന്നുണ്ട്.

വിദ്യാഭ്യാസം ഒന്നേ പരിഹാരം

മുസ്‍ലിം, ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന ഒരാൾ എന്ന നിലയിൽ, ന്യൂനപക്ഷങ്ങളുടെ മുന്നോട്ടുള്ള മാർഗം എന്താണ്​ കാണുന്നത്?

വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം. ഞങ്ങൾ മികവിൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുഴുവൻ സമുദായങ്ങൾക്കും, ഏതെങ്കിലും ഒരു വിഭാഗത്തിനല്ല, മുഴുവൻ രാജ്യത്തിനും വിദ്യാഭ്യാസം ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസം കൊണ്ടാണ്​ ഇന്ത്യ ഒരു വൻശക്തിയായി മാറിയത്. ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ തുടങ്ങി ഉന്നതവിദ്യാ കേന്ദ്രങ്ങളിലൂടെ നമ്മൾ ലോകത്തെ ഭരിക്കുന്നു.

 

അതുകൊണ്ട്, വിദ്യാഭ്യാസമാണ് സമുദായത്തിന്‍റെയും രാജ്യത്തിന്‍റെയും പ്രശ്നത്തിനുള്ള ഉത്തരം. അലയൻസ് ഫോർ എജുക്കേഷൻ ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫ് ദി അണ്ടർപ്രിവിലേജ്ഡ് (AEEDU) എന്ന കൂട്ടായ്മക്ക്​ ഞങ്ങൾ രൂപംനൽകിയത്​ ഈ ലക്ഷ്യത്തിൽ ഊന്നി പ്രവർത്തിക്കാനാണ്​. ന്യൂനപക്ഷങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല അതിന്‍റെ പ്രവർത്തനം. അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രാജ്യത്തെ മുഴുവൻ ജനങ്ങളിലേക്കും അതിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ്​ ഞങ്ങളുടെ ശ്രമം.

News Summary - Former Chief Election Commissioner, S.Y. Qureshi