ഏകസ്വരത സാഹിത്യത്തിന് മുഖ്യഭീഷണി: ഗീതാഞ്ജലി ശ്രീ സംസാരിക്കുന്നു
അന്താരാഷ്ട്രതലത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന എഴുത്തുകാരിയും ‘ബുക്കർ പ്രൈസ്’ ജേതാവുമായ ഗീതാഞ്ജലി ശ്രീ സംസാരിക്കുന്നു.ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യ പുരസ്കാരമായ ‘ബുക്കർ പ്രൈസ്’ 2022ൽ ഇന്ത്യയിലെത്തിച്ച ഗീതാഞ്ജലി ശ്രീ അന്താരാഷ്ട്രതലത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന...
Your Subscription Supports Independent Journalism
View Plansഅന്താരാഷ്ട്രതലത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന എഴുത്തുകാരിയും ‘ബുക്കർ പ്രൈസ്’ ജേതാവുമായ ഗീതാഞ്ജലി ശ്രീ സംസാരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യ പുരസ്കാരമായ ‘ബുക്കർ പ്രൈസ്’ 2022ൽ ഇന്ത്യയിലെത്തിച്ച ഗീതാഞ്ജലി ശ്രീ അന്താരാഷ്ട്രതലത്തിൽ സജീവമായി ചർച്ചചെയ്യപ്പെടുന്ന എഴുത്തുകാരിയാണ്. പുരസ്കാരം നേടിക്കൊടുത്ത ‘രേത് സമാധി’ എന്ന നോവൽ സജീവ ചർച്ചയിലേക്കും വിവാദങ്ങളിലേക്കും കടന്നുവന്നിരിക്കയാണ്. ഹിന്ദിയിൽ എഴുതപ്പെട്ട ഒരു രചന ആദ്യമായി അന്താരാഷ്ട്രതലത്തിൽ വിലമതിക്കുന്ന അവാർഡിന് അർഹമായി എന്നതിലൂടെ ഗീതാഞ്ജലിയുടെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു. മൂന്നര പതിറ്റാണ്ടായി സാഹിത്യജീവിതത്തിൽ തുടരുന്ന 60 വയസ്സ് പിന്നിട്ട ഗീതാഞ്ജലിയുടെ എഴുത്ത് ഹിന്ദിയിലായതിനാൽതന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുക വളരെ ശ്രമകരമായിരുന്നു. എന്നാൽ ‘രേത് സമാധി’യുടെ വിവർത്തിത പതിപ്പായ ‘ടോമ്പ് ഓഫ് സാൻഡ്’ അതിവേഗമാണ് സാഹിത്യ ലോകത്ത് സ്വീകരിക്കപ്പെട്ടത്. 2018ൽ രചിക്കപ്പെട്ട പുസ്തകം വിഷാദം, വാർധക്യം, പലായനം, സ്ത്രീ അതിജീവനം തുടങ്ങിയ അനുഭവങ്ങളെ സർഗാത്മകമായി സംയോജിപ്പിച്ചാണ് വായനാലോകത്ത് വ്യതിരിക്തത നേടിയെടുത്തത്. അതിലുപരി ഇന്ത്യയും പാകിസ്താനും തമ്മിൽ ചരിത്രപരമായി അകലാൻ കാരണമായ വിഭജനത്തിന്റെ വേദനയും നോവൽ പകർത്തുന്നുണ്ട്.
ഹിന്ദി ഹൃദയഭൂമിയെന്ന് വിളിക്കാവുന്ന ഇന്നത്തെ ഉത്തർപ്രദേശ് സംസ്ഥാനത്താണ് ഗീതാഞ്ജലി ശ്രീ ജനിക്കുന്നതും വളരുന്നതും. പിതാവ് സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സ്ഥലംമാറ്റത്തോടൊപ്പം വിവിധ പ്രദേശങ്ങളിലേക്ക് സഞ്ചരിക്കേണ്ടി വന്നു. പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നെങ്കിലും ഹിന്ദിയുമായാണ് ജൈവബന്ധം രൂപപ്പെട്ടത്. വായന വികസിച്ചത് ഹിന്ദിയിലൂടെയായതിനാൽ എഴുത്തും അതുവഴിതന്നെ രൂപപ്പെട്ടു. ആദ്യത്തെ ചെറുകഥയായ ‘ബേൽപത്ര’ പ്രസിദ്ധീകരിക്കുന്നത് 1987ൽ ആണ്. 1991ൽ പ്രസിദ്ധീകരിച്ച ‘അനുഗൂഞ്ച്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെയാണ് ഹിന്ദി സാഹിത്യരംഗത്ത് ശ്രദ്ധേയായിത്തുടങ്ങുന്നത്. ‘തിരോഹിത്’, ‘ഹമാര ശഹർ ഉസ് ബരസ്’, ‘ഖാലി ജഗഹ്’,‘മായ്’ എന്നിവയാണ് ‘രേത് സമാധി’ക്ക് മുമ്പ് എഴുതപ്പെട്ട നോവലുകൾ. കൂട്ടത്തിൽ ‘മായ്’ ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ഉർദു തുടങ്ങി നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ‘ഹമാര ശഹർ ഉസ് ബരസ്’ എന്നത് ഇന്ത്യയിലെ ഒരു സാങ്കൽപിക നഗരത്തിന്റെ 1990കൾക്ക് ശേഷമുള്ള വർഗീയവത്കരണത്തെ വിഷയമാക്കുന്നതാണ്. സാമൂഹിക യാഥാർഥ്യങ്ങളെ കൺതുറന്ന് കാണുകയും സാഹിത്യത്തിൽ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത എഴുത്തുകാരിയാണ് ഇവർ. ഒരുപക്ഷേ ഹിന്ദി സാഹിത്യലോകത്തുനിന്ന് ഉന്നത അന്താരാഷ്ട്ര ബഹുമതി നേടിയിട്ടും ഡൽഹിയിൽ സ്ഥിര താമസക്കാരിയായ ഇവരെത്തേടി ഭരണാധികാരികളിൽനിന്ന് അഭിനന്ദനവാക്കുകൾപോലും ലഭിക്കാതായത് അതിനാലായിരിക്കണം. ‘രേത് സമാധി’ ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കമുള്ള നോവലാണെന്ന ആരോപണവുമായി തീവ്രവലതുപക്ഷ കക്ഷികൾ രംഗത്തു വന്നതോടെ രാജ്യത്ത് അവർ പങ്കെടുക്കുന്ന പൊതു പരിപാടികൾ മാറ്റിവെക്കുന്ന സാഹചര്യം വരെയുണ്ടായിരിക്കയാണ്. എങ്കിലും ബുക്കർ ജേതാവായതോടെ ലോകത്തിനു മുന്നിൽ ഇന്ത്യൻ സാഹിത്യത്തിന്റെ അംബാസഡർ എന്ന നിലയിലാണ് ഗീതാഞ്ജലി ശ്രീ പ്രത്യക്ഷപ്പെടുന്നത്. അന്താരാഷ്ട്ര പുസ്തകോത്സവങ്ങളിലും സാഹിത്യ സമ്മേളനങ്ങളിലും പറഞ്ഞും കേട്ടും മുന്നേറുന്ന തിരക്കിനിടയിലാണിപ്പോൾ. ദുബൈയിൽ സംഘടിപ്പിക്കുന്ന എമിറേറ്റ്സ് ലിറ്ററേച്ചർ ഫെസ്റ്റിവലിന് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഗീതാഞ്ജലി ശ്രീ മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖം.
ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെടുന്ന എഴുത്തുകാരിയാണിപ്പോൾ. ബുക്കർ പുരസ്കാരത്തിലേക്ക് വഴിനടത്തിയ ‘രേത് സമാധി’ എന്ന നോവലിനെക്കുറിച്ച് പറഞ്ഞു തുടങ്ങാമോ? എന്തുകൊണ്ടാണ് അത്തരമൊരു രചന നടത്തിയത്?
എഴുത്തുകാർ സാധാരണ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. എന്നാലിതിന് പലപ്പോഴും കൃത്യമായ ഉത്തരം പറയാൻ അവർ അയോഗ്യരായിരിക്കും. എഴുത്തുകാർ രചന നടത്തുന്നു, എന്നിട്ട് വായനക്കാർക്കും നിരൂപകർക്കും ആസ്വദിക്കാനും വിലയിരുത്താനും പ്രശംസിക്കാനും തള്ളിപ്പറയാനും ഒക്കെയായി വിട്ടുകൊടുക്കുന്നു. ഇതാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. സർഗാത്മക രചനയുടെ പ്രക്രിയയിൽ എഴുത്തുകാർപോലും എല്ലാ കാര്യങ്ങളും തിരിച്ചറിണമെന്നില്ല. എന്നാലത് തീർച്ചയായും ഓരോരുത്തരുടെയും നിർവചിക്കാനാവാത്ത സ്വയം പ്രകാശനമായിരിക്കും. ‘രേത് സമാധി’ 80 വയസ്സിലെത്തിയ ഒരു വയോധികയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള രചനയാണ്. അവർ സ്വജീവിതത്തോട് പുതിയ അഭിനിവേശം കണ്ടെത്തുകയും സ്വന്തം തീരുമാനങ്ങളിൽ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്യുകയാണ്. ഇതിലൂടെ നമുക്ക് ചുറ്റുമുള്ള തെറ്റുകളുടെ വലിയൊരു ഭാഗം വായനക്കാരെ പരിചയപ്പെടുത്തുന്നതിനായി പുറത്തുകൊണ്ടുവരുകയാണ്. അതിനാലാകണം ഈ നോവൽ നമ്മുടെ കാലത്തെ ‘ചിരിപ്പിക്കുന്ന ഐതിഹ്യ’മായി മാറുന്നത്.
‘രേത് സമാധി’യെ ഒറ്റ വാചകത്തിൽ സംഗ്രഹിക്കാൻ ആവശ്യപ്പെട്ടാൽ എന്തായിരിക്കും ഉത്തരം?
നമ്മെ സുരക്ഷിതരാക്കുന്നതെന്ന് നാം കരുതുന്ന മതിലുകൾ, വേലികൾ, അതിർത്തികൾ എന്നിവയുടെ അവസാനിക്കാത്ത അപകടത്തെ സൂക്ഷിക്കുക എന്നതായിരിക്കും എന്റെ ഉത്തരം.
‘രേത് സമാധി’ക്ക് ലഭിച്ച അംഗീകാരം ഇന്ത്യൻ ഭാഷാ സാഹിത്യത്തിന്, പ്രത്യേകിച്ച് ഹിന്ദിക്ക് കരുത്താവുമെന്ന് കരുതുന്നുണ്ടോ? ഹിന്ദി എഴുത്തുകാർക്കും സാഹിത്യത്തിനും കൂടുതൽ ദൃശ്യത കൈവരാനിത് സഹായിക്കുമോ?
തീർച്ചയായും കുറച്ചുകാലത്തേക്കെങ്കിലും അത്തരമൊരു പരിഗണന ലഭിക്കാനുള്ള സാധ്യതയാണതിൽ കാണുന്നത്. എന്നാൽ, ഒരു സംഭവത്തിലൂടെ മാത്രം വലിയ മാറ്റം നമുക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. പ്രസാധകരും വിവർത്തകരും മറ്റ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാം ഫലപ്രദവും തുടർച്ചയുള്ളതും യോജിച്ചതുമായ തന്ത്രങ്ങൾ ആവിഷ്കരിച്ച് പരിശ്രമിക്കേണ്ടതുണ്ട്. എന്നാലേ ഹിന്ദി സാഹിത്യം കൂടുതൽ മേഖലകളിലേക്ക് എത്തിച്ചേരുകയുള്ളൂ.
‘രേത് സമാധി’ 80ാം വയസ്സിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് വിഷാദത്തിലേക്ക് വീഴുകയും പാകിസ്താനിലേക്ക് യാത്രപോവുകയും ചെയ്യുന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്. പാകിസ്താൻ ഒരു ഇന്ത്യൻ നോവലിൽ കടന്നുവരുമ്പോൾ തീർച്ചയായും വിഭജനം അതിന്റെ കേന്ദ്ര വിഷയമായി മാറുന്നത് കാണാനാവും. എന്തുകൊണ്ടായിരിക്കും വിഭജനമെന്ന ചരിത്രപരമായ സന്ദർഭം എഴുത്തിൽ വീണ്ടും വീണ്ടും കടന്നുവരുന്നത്?
വിഭജനം എന്നത്, നിർഭാഗ്യവശാൽ അവസാനിക്കാത്ത ഒന്നാണ്. കടന്നുപോയ ചരിത്രത്തിലെ ഒരു സംഭവമെന്ന നിലക്കല്ല, സമകാലിക യാഥാർഥ്യമെന്ന നിലയിലാണ് എഴുത്തുകാർ അതിനെ പരിഗണിക്കുന്നത്. എന്നിരുന്നാലും, വിഭജനത്തെക്കുറിച്ചുള്ള ‘രേത് സമാധി’യുടെ ആശങ്ക രാജ്യവിഭജനത്തോടെ തീരുന്നതല്ല. യുവാക്കളും വയോധികരും, ഉയർന്നവരും താഴ്ന്നവരും, മനുഷ്യനും ഉപ/മനുഷ്യരല്ലാത്തവരും ഒക്കെ തമ്മിലുള്ള വിഭജനം ഇത് വിഷയമാക്കുന്നു. തീർച്ചയായും എല്ലാ അതിരുകളും സൃഷ്ടിക്കുന്ന അപകടത്തെ കുറിച്ചാണ് നോവൽ സംസാരിക്കാൻ ശ്രമിച്ചത്.
നോവൽ ഇതിനകം ചില വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. ‘മതവികാരത്തെ വ്രണപ്പെടുത്തി’ എന്നതടക്കമുള്ള വിമർശനങ്ങൾ നേരിടുകയും ഭീഷണിയുടെ തലത്തിലേക്കു മാറുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഈ പശ്ചാത്തലത്തിൽ എവിടെയാകണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ വരക്കേണ്ടത് എന്നാണ് താങ്കളുടെ അഭിപ്രായം?
വിവാദങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ നൽകുന്നവരാണ് തെറ്റുചെയ്യുന്നതെന്നാണ് ഞാൻ കരുതുന്നത്. യഥാർഥത്തിൽ അത്തരം കാര്യങ്ങളെ അവഗണിക്കുകയാണ് വേണ്ടത്. നിങ്ങൾ നോവൽ സൃഷ്ടിച്ച വായനയോടുള്ള സ്നേഹവും താൽപര്യവും അത് വളർത്തിയെടുത്ത പുതുവായനക്കാരെയും കാണൂ. അത് പരിഗണിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്.
എങ്കിലും നിങ്ങൾകൂടി ഈ കാര്യം ചോദിച്ച സ്ഥിതിക്ക് ഞാൻ ചില പ്രതികരണങ്ങൾ നടത്താം. വിമർശനമോ ഒരു നോവലിനോട് അനിഷ്ടമുണ്ടാകുന്നതോ ഒന്നും ഒരിക്കലും പ്രശ്നമല്ല. എന്നാൽ, വ്യത്യസ്തതകളോടുള്ള അസഹിഷ്ണുതയും അഭിപ്രായവ്യത്യാസങ്ങൾ സംവാദങ്ങളിലൂടെ അല്ലാതെ പ്രകടിപ്പിക്കുന്നതും വലിയ പ്രശ്നംതന്നെയാണ്. ഒരു സാഹിത്യരൂപത്തെ അതിന് ബാധകമല്ലാത്ത നിയമങ്ങൾകൊണ്ട് വിധിക്കുകയാണിവിടെ സംഭവിക്കുന്നത്. നിങ്ങൾക്ക് സാഹിത്യത്തെ സാഹിത്യാതീതമായ അളവുകോലുകളിൽ വിലയിരുത്താനാവില്ല. ഞാനൊരു ഹിന്ദു കുടുംബത്തിൽ ജനിച്ചു വളർന്ന സ്ത്രീയാണ്. അതെനിക്ക് ഹിന്ദുമതത്തോട് അഗാധമായ ബന്ധം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. മറ്റു മതങ്ങളെ ബഹുമാനിക്കാനും അതെന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ സ്ത്രീയെയും മതത്തെയും എങ്ങനെ സ്നേഹിക്കണമെന്നും ആദരിക്കണമെന്നും ഒരാളും എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല.
ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങളുമായി അത് ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഒരു രാഷ്ട്രവും സമൂഹവും കെട്ടിപ്പടുക്കേണ്ടത് വിദ്യാഭ്യാസവും സഹിഷ്ണുതയും നിറഞ്ഞ ഇടങ്ങളാണ്. അവിടെ എഴുത്തുകാർക്കും കലാകാരന്മാർക്കും അവരുടെ ആവിഷ്കാരങ്ങൾ നിർവഹിക്കാനുള്ള അവസരമുണ്ടാകണം. എന്റെ ലോകത്തോടുള്ള സംവേദനം എന്നിൽനിന്ന് ഉണ്ടാകേണ്ടതാണ്. അത് സംഭാഷണത്തിൽനിന്നാണ് ഉണ്ടാകേണ്ടത്, അക്രമത്തിൽനിന്നല്ല എന്നാണ് സുചിന്തിതമായ അഭിപ്രായം.
താങ്കളെ വളരെധികം സ്വാധീനിച്ച എഴുത്തുകാർ ആരൊക്കെയാണ്?
ആ പട്ടിക ഒരുപക്ഷേ വളരെ നീണ്ടതായിരിക്കും. ഞാനത് സംഗ്രഹിക്കാൻ ശ്രമിക്കുമ്പോൾ പലരെയും ഒഴിവാക്കേണ്ടതായി വരും. അത് ‘മഹാഭാരതം’ എഴുതിയ വ്യാസനിൽനിന്ന് ആരംഭിക്കുന്നതും സമകാലിക ലോകത്തെ ദസ്തയേവ്സ്കി, കൃഷ്ണ സോബ്തി, ഇൻതിസാർ ഹുസൈൻ, ജെ.എം. കോറ്റ്സി, ചിനുവ അച്ചെബെ, ഫണീശ്വർ നാഥ് രേണു, ഹാൾഡോർ ലാക്നെസ്, കാഫ്ക, ഒസാമു ഡാസായ്, ഫെർണാണ്ടോ പെസോവ, ജോർജ് ലൂയി ബോർഗസ്, ടോണി മോറിസൺ, ആലീസ് മൺറോ, ഗാവോ ഷിൻജിയാങ്, സാദത്ത് ഹസൻ മന്റോ... എന്നിങ്ങനെ നീണ്ടുപോകുന്നതാണ്.
ആധുനിക ഇന്ത്യൻ സാഹിത്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? ആരാണാ വെല്ലുവിളികൾ തീർക്കുന്നത്?
വെല്ലുവിളികൾ ധാരാളമായുണ്ട്. വിപണി, രാഷ്ട്രം, സാമൂഹിക യാഥാസ്ഥിതികത്വം പോലുള്ള മാരക പ്രഹരശേഷിയുള്ള വ്യത്യസ്ത ശക്തികളുടെ ഇടപെടലുകളിലൂടെയാണത് സൃഷ്ടിക്കപ്പെടുന്നത്. ബഹുസ്വരതയിൽനിന്നും സ്വാതന്ത്ര്യത്തിൽനിന്നും അകലുകയും ഏകസ്വരതയിലേക്ക് മാറുകയും ചെയ്യുന്നത് ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് വിശേഷിപ്പിക്കാം. എന്നാൽ തീർച്ചയായും ഈ പ്രവണത ഇന്ത്യയിൽ മാത്രമുള്ള ഒന്നല്ലെന്ന് ഞാൻ കൂട്ടിച്ചേർക്കുകയാണ്.
വായനലോകത്തിന് ഈയടുത്ത കാലത്ത് വീണ്ടുമൊരു നോവൽ പ്രതീക്ഷിക്കാമോ? എന്താണ് ഭാവിപദ്ധതി?
വളരെ പെട്ടെന്ന് ഒന്നും തന്നെയില്ല. തുടർച്ചയായി ചടങ്ങുകളിലും അഭിമുഖങ്ങളിലും പ്രഭാഷണങ്ങളിലുമൊക്കെയായി പങ്കെടുത്ത് വരുകയാണ്. അത് ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്. എന്നാൽ, അത് കുറച്ചുകൊണ്ടുവന്ന് എന്റെ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു വരേണ്ടതുണ്ട്.
പൂർത്തിയാക്കിവെച്ച ഒരു നോവലിന് അവസാന മിനുക്കുപണികൾ നൽകുക എന്നതായിരിക്കും എഴുത്തിലെ ആദ്യ പ്രവർത്തനം.