ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന രേവതി ലോൾ 'മാധ്യമ'ത്തോട് സംസാരിക്കുന്നു
മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റും ഗ്രന്ഥകർത്താവുമാണ് രേവതി ലോൾ. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്ന രേവതി ഗുജറാത്ത് വംശഹത്യയും തുടർസംഭവങ്ങളും ഗൗരവമായ പഠനത്തിന് വിധേയമാക്കിയിട്ടുണ്ട്. അതേപ്പറ്റി 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകമെഴുതിയ അവർ തന്റെ നിഗമനങ്ങളും നിലപാടുകളും തുറന്നുപറയുന്നു.
''ജനാലക്കുള്ളില്നിന്ന് തിരമാലപോലെ കട്ടിപ്പുക പുറത്തുവരുന്ന ദൃശ്യം കണ്ടാണ് അവന് നിന്നത്. പുല്ലുമേഞ്ഞ, മണ്ണുകൊണ്ടുള്ള ഒരു കുടിലിന്റെ ജനാലയായിരുന്നു അത്. അതിനകത്ത് മരക്കാലില്‍ ഒരു സ്ത്രീയുടെ കത്തുന്ന ശരീരം കെട്ടിയിട്ടിട്ടുണ്ടായിരുന്നു. ആ സ്ത്രീ നിന്നുകത്തുകയായിരുന്നു. പാദത്തില്‍നിന്ന് തീ ആളിക്കത്തുന്നു. സാരി കത്തിപ്പടരുന്നു. അവരുടെ കണ്ണു തുറന്നുതന്നെയാണിരുന്നത്. പക്ഷേ, കനത്ത നിശ്ശബ്ദതയായിരുന്നു. അവരുടെ നിലവിളി പ്രാണനൊപ്പം നേരത്തേ നിലച്ചിരുന്നു. പക്ഷേ, ആ കണ്ണുകള്‍ അവനെ തറച്ചുനോക്കി. അവന് തിരികെ വീട്ടിലേക്കോടി. ആ ഓർമയുടെ ഞെട്ടലോടെ പത്തു വയസ്സുകാരന് ഗുഡ്ഡു പറഞ്ഞു.''
മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ രേവതി ലോള് എഴുതിയ 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകത്തിൽ അനുഭവങ്ങൾ നിന്ന് എരിയുകയാണ്. ഇതൊരു സാങ്കൽപിക കഥയല്ല. 2002 ഫെബ്രുവരി 28ന് അരങ്ങേറിയ ഗുജറാത്ത് വംശഹത്യയും അതിലേക്കു നയിച്ച ഗുജറാത്തിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലവും അതിനുശേഷമുള്ള നേരനുഭവങ്ങൾ കൂട്ടിച്ചേർത്തുവെച്ച പുസ്തകമാണിത്. കലാപത്തിലെ ഇരകളെയും വേട്ടക്കാരെയും പിന്തുടർന്ന് ശേഖരിച്ച അനുഭവക്കുറിപ്പുകൾ. കലാപത്തില്‍ പങ്കാളികളായ സുരേഷ്, ദന്‍ഗര്‍, പ്രണവ് എന്നീ മൂന്ന് ചെറുപ്പക്കാരുടെ കലാപകാലത്തെയും അതിനു മുമ്പും പിന്നീടുമുള്ള ജീവിതത്തിലൂടെയാണ് രേവതി ലോള് ഗുജറാത്ത് വംശഹത്യയുടെ നാനാവശങ്ങളിലേക്ക് വെളിച്ചം വീശുന്നത്. ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നവരിലൊരാളാണ് രേവതി. പതിറ്റാണ്ടിലേറെ നടത്തിയ അന്വേഷണത്തിന്റെയും സമൂഹത്തിലെ വെറുപ്പിനെതിരായ പോരാട്ടത്തിന്റെയും അനുഭവങ്ങൾ തൃശൂരിൽ ബഹുജന കൂട്ടായ്മ നടത്തിയ പ്രഭാഷണ പരമ്പരയിലെത്തിയ രേവതി ലോൾ 'മാധ്യമ'വുമായി പങ്കുവെക്കുന്നു.
ജനിച്ചുവളർന്ന പശ്ചാത്തലവും പഠനവും മാധ്യമപ്രവർത്തകയായുള്ള പ്രവേശനവും വിശദീകരിക്കാമോ?
ഡൽഹിയിലാണ് ജനിച്ചതും വളർന്നതും. ഡൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം, ജെ.എൻ.യുവിൽനിന്ന് ബിരുദാനന്തര ബിരുദം. തുടർന്ന് എൻ.ഡി.ടി.വിയിൽ 90കളുടെ പകുതിയിലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പോസ്റ്റിൽ എത്തിയത്. വാർത്ത വായനയിൽ ആങ്കറിന്റെ വായനക്കനുസരിച്ച് പേപ്പർ തിരിച്ചുകൊടുക്കുക എന്നതായിരുന്നു ആദ്യ ജോലി. ഈയിടക്ക് മ്യൂസിക് വിഡിയോകൾ ചെയ്തു. മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് ജേണലിസ്റ്റ് വിഭാഗത്തിലേക്ക് മാറിയത്. സ്റ്റാർ ന്യൂസിന് വേണ്ടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ സ്റ്റോറികൾ ചെയ്തിരുന്നു. പലതവണ എൻ.ഡി.ടി.വിയിൽനിന്ന് പോവുകയും തിരിച്ചെത്തുകയും ചെയ്തു. 2009ലാണ് അവസാനമായി എൻ.ഡി.ടി.വിയിൽനിന്ന് പുറത്തുവന്നത്.
വളരെ ചുരുങ്ങിയ കാലംകൊണ്ട് മാധ്യമമേഖലയിൽ ഇടം കണ്ടെത്താൻ താങ്കൾക്കായി. ഇടപെട്ട മേഖലകളും വിഷയങ്ങളും?
പൊളിറ്റിക്കൽ ഫീച്ചറുകൾ എഴുതുന്നതിലായിരുന്നു താൽപര്യം. 'സംഘർഷങ്ങളും കലാപങ്ങളും' എന്ന വിഷയമായിരുന്നു സ്പെഷലൈസ് ചെയ്തത്. രാഷ്ട്രീയ സ്പർധകൾ, സ്ത്രീ പീഡനങ്ങൾ, മത സംഘർഷങ്ങൾ എന്നിവ കൂടുതലായി കൈകാര്യംചെയ്തു. കാർഗിൽ യുദ്ധം ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടു വർഷമാണ് ബംഗാളിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ മനുഷ്യത്വ ഹീന നടപടികൾ സംബന്ധിച്ച അന്വേഷണം നടത്താനെടുത്തത്. അത് ജനശ്രദ്ധയും അംഗീകാരവും നേടിയിരുന്നു. നേപ്പാൾ അടിയന്തരാവസ്ഥ, ഗ്യാനേന്ദ്ര രാജാവും കുടുംബവും കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഭവവികാസങ്ങൾ എൻ.ഡി.ടി.വിക്കുവേണ്ടി ചെയ്തു. ദൈനംദിന വാർത്തകളല്ലാതെ കുറച്ചുസമയം നീണ്ടുനിൽക്കുന്ന അന്വേഷണ റിപ്പോർട്ടുകളോടായിരുന്നു താൽപര്യം. മാസങ്ങളും വർഷങ്ങളുമെടുത്ത് പുതിയ ഒരു സംഭവം കൊണ്ടുവരുന്നതിനായിരുന്നു താൽപര്യം. കൂടെ കുറച്ചു ഡോക്യുമെന്ററികൾ ചെയ്തു. കൂടെ എഴുത്തുമുണ്ടായിരുന്നു. ആർട്ടിക്കിളുകൾ എഴുതാൻ കിട്ടിയ അവസരമാണ് 'തെഹൽക'യിലേക്ക് എത്തിച്ചത്. പ്രിന്റ് മീഡിയയിൽ കുറച്ചുനാൾ ഫ്രീലാൻസ് ആയി എഴുതിയിരുന്നു. തെഹൽകയിൽ മൂന്നുവർഷം ജോലി ചെയ്തു.
'എൻ.ഡി.ടി.വി'യിൽനിന്ന് എത്രമാത്രം വ്യത്യസ്തമായിരുന്നു 'തെഹൽക' എന്ന അനുഭവം?
ജീവിതത്തിലെ നിർണായക വർഷങ്ങളായിരുന്നു 'എൻ.ഡി.ടി.വി' കാലം. ദൂരദർശൻ കൂടാതെ സ്വകാര്യ ചാനലുകൾ രംഗപ്രവേശം ചെയ്തിട്ടില്ലാത്ത സമയത്താണ് എൻ.ഡി.ടി.വി എത്തുന്നത്. മുകൾതട്ടെന്നോ താഴെത്തട്ടെന്നോ വേർതിരിവില്ലാതെ സമഭാവനയോടെ കണ്ടിരുന്ന തൊഴിൽ അന്തരീക്ഷം തുടക്കം മുതൽതന്നെ അവിടെ ഉണ്ടായിരുന്നു. എല്ലാവർക്കും സ്വന്തം വീടായിരുന്നു അത്. അക്കാലത്ത് കുട്ടികൾക്ക് ക്രഷ് സംവിധാനംപോലും അവിടെയുണ്ടായിരുന്നു. സാനിറ്ററി വെണ്ടിങ് മെഷീനും കുട്ടികളുണ്ടായാൽ മാതാവിനും പിതാവിനും നിശ്ചിത ലീവ് പോലും അനുവദിച്ചിരുന്നു. 2009ൽ ജോലി വിട്ടശേഷമാണ് തെഹൽകയിൽ ചേരുന്നത്. നേരെ വിപരീതമായിരുന്നു അവിടെയുള്ള അനുഭവം. ഒടുവിൽ എഡിറ്റർക്കെതിരെയുള്ള പീഡന ആരോപണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജിവെക്കുകയായിരുന്നു.
അനാട്ടമി ഓഫ് ഹേറ്റ് (വെറുപ്പിന്റെ ശരീരശാസ്ത്രം) എന്ന പുസ്തകത്തിന്റെ രചനയിൽ എത്തിച്ചേർന്നത് എങ്ങനെയാണ്?
ഗോദ്ര കലാപം നടന്ന് ഒരു വർഷത്തിന് ശേഷം ഗുജറാത്തിൽ എൻ.ഡി.ടി.വി കറസ്പോണ്ടന്റ് ആയിരുന്ന കാലത്താണ് എത്തിയത്. അവിടത്തെ അക്രമത്തിൽ മാനസികമായെങ്കിലും പങ്കാളികളായ എല്ലാ ഇടത്തരം ഹിന്ദു കുടുംബങ്ങളും പറഞ്ഞ ഒരേ കാര്യം ''നിങ്ങൾ പുറത്തുനിന്നുള്ളവർക്ക് പറഞ്ഞാലും മനസ്സിലാവില്ല, എന്തിനാണ് ഞങ്ങൾ മുസ്ലിമുകൾക്കെതിരായ ആക്രമണങ്ങളെ അനുകൂലിച്ചതെന്ന്'' എന്നായിരുന്നു. ഞാൻ പറഞ്ഞു, ''എനിക്കറിയില്ല, അതറിയാനാണ് വന്നത് '' -അവർ മറുപടി പറഞ്ഞില്ല. പക്ഷേ, അവരുടെ ചോദ്യം എന്നിൽനിന്ന് വിട്ടുപോയില്ല. ഇവരിലേക്ക് ഇനിയും എത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
ശരിക്ക് അക്രമത്തെ അനുകൂലിച്ചവരാണ് ശരിക്കും ഇരകളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം, അവരുടെ തല കളിമണ്ണ് പോലെയായിരുന്നു. അവർ എത്തിച്ചേർന്ന മാനസിക വ്യാപാരങ്ങളെ, അതിന് സ്വാധീനിച്ച ഘടകങ്ങളെ കണ്ടെത്തി അവരെ മാറ്റുകയാണ് വേണ്ടതെന്ന് തോന്നി. അങ്ങനെ ചെയ്തില്ലെങ്കിൽ വീണ്ടും രാഷ്ട്രീയക്കളിയുടെ ഇരയായി വർഗീയതയുടെ ചട്ടുകമായി അവർ മാറും. ആരാണ് ആ കൃത്യം നിറവേറ്റുക. നമുക്കത് ചെയ്യാനായില്ലെങ്കിൽ ഈ സമൂഹത്തിന്റെ വർഗീയ ചെയ്തികളെ അപലപിക്കുന്നതിൽ അർഥമുണ്ടോ. ആ ചോദ്യങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞപ്പോൾ ഒട്ടേറെ രാത്രികളിൽ ഉറക്കം നഷ്ടമായി.
2003ൽ അപകടത്തിൽപെട്ട് ഞാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അവിടെ ഒരാളെ പരിചയപ്പെട്ടു – പ്രണവ്. കലാപകാരികളോടൊപ്പമുണ്ടായിരുന്ന ആളായിരുന്നു. വിദ്യാർഥിയായിരിക്കെ ഹോസ്റ്റലിൽ എത്തിയ എ.ബി.വി.പി, ബജ്റംഗ്ദൾ പ്രവർത്തകരാണ് സംഘത്തിന്റെ ഭാഗമാകാൻ നിർബന്ധിച്ചതെന്ന് അയാൾ പറഞ്ഞു. കലാപം കഴിഞ്ഞ് പഠനം കഴിഞ്ഞ് നിയമബിരുദവും നേടി ഒടുവിൽ അയാൾ ചെന്നെത്തിയത് കലാപത്തിനിരയായ മുസ്ലിംകളെ പുനരധിവസിപ്പിക്കുന്ന എൻ.ജി.ഒയിലായിരുന്നു. ആ കാലത്താണ് അയാൾക്ക് മനംമാറ്റം ഉണ്ടാകുന്നത്. അയാൾ വളർന്ന ചുറ്റുപാടാണ് അത്തരം കൂട്ടുകെട്ടിൽ ചേരാൻ അയാൾക്ക് പ്രേരണയായത്. എന്നെയും താങ്കളെയുംപോലുള്ള സാധാരണക്കാരനാണ് അയാൾ. ഞാൻ അയാളെ കണ്ടുമുട്ടുമ്പോൾ അയാൾ പൂർണമായും നല്ല മനുഷ്യനായി പരിവർത്തനം ചെയ്യപ്പെട്ടിരുന്നു. അയാളുടെ അനുഭവം പറഞ്ഞപ്പോൾ വെറുപ്പിനെ മാറ്റാൻ കഴിയുമെന്ന് അറിയാനായത് ആശ്ചര്യം ജനിപ്പിച്ചു. എന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമാകാൻ നിമിത്തമായ സംഭവം ഇതായിരുന്നു. പുസ്തകത്തിന്റെ രചനക്ക് കാരണമാകാനും. ആദ്യം ഡോക്യുമെന്ററി ചെയ്യാനായിരുന്നു ആലോചിച്ചത്. അവരിലേക്ക് പോയപ്പോൾ അതിന്റെ സങ്കീർണത ബോധ്യപ്പെട്ടു. പിന്നീട് പുസ്തകമാക്കാമെന്ന് തീരുമാനിച്ചു.
കലാപത്തിന്റെ ഭാഗമായ നൂറിലേറെ പേരെ കണ്ടിരുന്നു. ആ സമയത്ത് ഞാൻ ആലോചിച്ചു; കുറേ പേരെ കണ്ട് അനുഭവം എഴുതുകയാണോ അതോ കുറച്ചുപേരെ തെരഞ്ഞെടുത്ത് അവരിലേക്ക് അന്വേഷണം നടത്തി ആഴത്തിലുള്ള പഠനമാണോ വേണ്ടതെന്ന്. അങ്ങനെയാണ് അവരിൽനിന്ന് ഗുജറാത്തിന്റെ വ്യത്യസ്ത മേഖലകളിലെ മൂന്നുപേരെ ഞാൻ സെലക്ട് ചെയ്തത്. മൂന്നു പേരുടെ കഥകളും വ്യത്യസ്തമായിരുന്നു. അവരുടെ മാനസിക വ്യാപാരങ്ങളും സാമൂഹിക സാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായിരുന്നു. ഗുജറാത്തിൽ മൂന്നുവർഷം താമസിച്ചാണ് ഇവരെ റിസർച് ചെയ്ത് എഴുത്ത് പൂർത്തിയാക്കിയത്. 2018ലായിരുന്നു ഇംഗ്ലീഷിൽ പുസ്തകം പുറത്തിറങ്ങിയത്. പൂർത്തിയാവാൻ 16 വർഷമെടുത്തു. കാരണം, 2005ലായിരുന്നു മനഃപരിവർത്തനം ചെയ്തവരെ കണ്ടെത്തിയത്. 2013 വരെ അവരെ വിശ്വസിപ്പിച്ച് അയാളുടെ കഥ കേൾക്കാനെടുത്ത സമയമാണ്.
വെറുപ്പ് എന്ന ആശയത്തെ ധാരാളമായി വിശദീകരിക്കുന്നുണ്ടല്ലോ. അത് സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ എങ്ങനെയാണ് വിശകലനം ചെയ്യുന്നത്?
വെറുപ്പിനെ അറിയുക എന്നാൽ വെറുപ്പിന്റെ ഉള്ളിലേക്ക് ഇറങ്ങിയുള്ള യാത്രയാണ്. ഒരാളെ ആ മാനസികാവസ്ഥയിലേക്ക് എത്താനിടയാക്കിയ യാത്ര. അതിൽ ഇര ആ മനുഷ്യനായിരിക്കും. സാഹചര്യങ്ങളാകും കുറ്റക്കാർ. അവിടെയാണ് ഒരാൾക്ക് പശ്ചാത്താപത്തിന്റെയും വെറുപ്പിനെതിരായുമുള്ള മാനസികാവസ്ഥ പകർന്നുനൽകാനാകുക. വ്യക്തികളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതായി വന്നേക്കും. ആ വ്യക്തിക്ക് വെറുപ്പിൽനിന്ന് പുറത്തുകടക്കാൻ വഴി തുറന്നുകൊടുക്കേണ്ടി വന്നേക്കും. പക്ഷേ, പലപ്പോഴും നാം അതിനൊന്നും മെനക്കെടാറില്ല.
വെറുപ്പിനെ മാത്രമായി നോക്കിയാൽ സമൂഹം മുഴുവൻ വെറുപ്പുമാത്രമേ കാണാനാകൂ. വെറുപ്പിന്റെ പ്രത്യാഘാതങ്ങളെ വിലയിരുത്തുകയാണ് വേണ്ടത്. പക്ഷേ, വെറുപ്പിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ മനഃപരിവർത്തനം വന്ന കലാപകാരിയെപ്പോലെ ധാരാളം ഡാർക്ക് ഹീറോകളെ കണ്ടെത്താനാകും.അയാളുടെ കഥ അധികം പേർ കേട്ടിരിക്കില്ല. വിഭജനത്തിന്റെ കഥകൾ അധികം നാം കേട്ടിട്ടില്ലല്ലോ. അതിൽ പങ്കെടുത്തവരുടെ കഥകൾ കേട്ടിട്ടുണ്ടോ. അന്നത്തെ കലാപത്തിൽ മുസ്ലിമുകളെ ഇരയാക്കിയവർ, ഹിന്ദുക്കളെ ഇരയാക്കിയവർ. അവരെക്കുറിച്ച് നാം ഒന്നും അറിഞ്ഞിട്ടില്ല, പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണത്. അത്തരം സത്യത്തിന്റെ കഥകൾ അധികം കേൾക്കാൻ ഇഷ്ടമില്ലാത്ത സമൂഹമാണ് നമ്മുടേത്. ഒരു എഴുത്തുകാരി എന്ന നിലയിൽ, സത്യാന്വേഷി എന്ന നിലയിൽ, പത്രപ്രവർത്തക എന്ന നിലയിൽ എനിക്ക് ഈ കഥകൾ പറഞ്ഞേ തീരൂ. മരിക്കും മുമ്പ് എനിക്ക് അതേ ചെയ്യാനുമുള്ളൂ. വെറുപ്പിനുള്ളിലെ കഥകൾ അതിന്റെ സങ്കീർണതകളോടെത്തന്നെ അതിൽ കുറ്റാരോപിതരായവരുടെ കണ്ണിലൂടെ വിവരിക്കുക. അവരുടെ ചിന്തകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകും അയാളുടെ പ്രവൃത്തിക്ക് കാരണം സമൂഹമാണ് അത് ചെയ്യാൻ പ്രേരിപ്പിച്ചതെന്ന്. അതറിയുക എന്നതും എഴുത്തുകാരന്റെ കടമയാണ്. ഇത്തരക്കാരുടെ സ്വാനുഭവങ്ങളാണ് കൂടുതൽ പേരിലേക്ക് എത്തിച്ചേരുക.
ഗുജറാത്ത് കലാപങ്ങൾക്ക് കാരണം നമ്മുടെ മൗനമാണെന്ന് താങ്കൾ പറഞ്ഞിട്ടുണ്ടല്ലോ..?
ബിൽക്കീസ് ബാനുവിന്റെ കുടുംബത്തെ കൊലചെയ്യാനും അവരെ ബലാത്സംഗം ചെയ്യാനും എങ്ങനെ ഒരാൾക്ക്, ഒരു സംഘത്തിന് ആകുന്നു; അവർക്ക് എങ്ങനെ സമൂഹത്തിൽ തുടർന്ന് ജീവിക്കാനാകുന്നു. എങ്ങനെയാണ് അവർ പിന്നീട് ആഘോഷിക്കപ്പെടുന്നത്... ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് 13 വർഷത്തെ നിതാന്തമായ പിന്തുടരലിലൂടെ മനഃപരിവർത്തിതനായ പ്രണവ് എന്ന ചെറുപ്പക്കാന്റെ മനസ്സിലേക്ക് എന്നെ എത്തിച്ചത്.
എന്റെ പുസ്തകത്തിലെ മറ്റൊരു കഥാപാത്രമായ സുരേഷിനെയെടുക്കാം. അയാൾ അഭിമാനത്തോടുകൂടിയാണ് മുസ്ലിം സ്ത്രീയെ അച്ചാറിടുന്ന പോലെ വെട്ടിനുറുക്കിയെന്ന് പൊങ്ങച്ചം പറയുന്നത്. സുരേഷ് ഒരു വ്യക്തി മാത്രമല്ല, ഒരുപാട് പേരാണ്. അയാൾ പൊങ്ങച്ചം പറയുന്നത്, അയാളെ കേൾക്കാൻ ആളുണ്ട് എന്നതിനാലാണ്. രാജ്യത്ത് ഒരുപാട് പേർ സുരേഷ് ചെയ്തപോലെ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് എന്നതിനാലാണ് അയാൾക്ക് കേൾവിക്കാരുണ്ടാകുന്നത്; അയാൾ ആഘോഷിക്കപ്പെട്ടതും. സുരേഷ് അവർക്കുവേണ്ടിയാണ് അത് ചെയ്തത്. ആ സംഘം അവരുടെ വെറുപ്പിനെ സുരേഷിൽ പ്രതിഷ്ഠിക്കുകയായിരുന്നു. വെറും ഉപകരണം മാത്രമായ അയാളെ മനസ്സിലാക്കേണ്ടതുണ്ട്. നമ്മളൊക്കെ അടങ്ങുന്ന സമൂഹമാണ് സുരേഷിനെ അതിന് പ്രേരിപ്പിച്ചത്. നമ്മുടെ ചിന്തകളുടെ, വീക്ഷണങ്ങളുടെ പരാജയമാണ് അയാളുടെ പ്രവൃത്തികളുടെ പ്രേരണ. നാമും കൂടി ഉൾപ്പെട്ടവരാണ് അതിന് കാരണക്കാർ. ഇതിനേക്കാളുപരി നാം അറിയേണ്ടത് ആ സംഭവത്തിന് കാരണമായ രാഷ്ട്രീയമാണ്. അതാണ് വെളിപ്പെടേണ്ടതും. ആ രാഷ്ട്രീയത്തെയാണ് എതിർത്ത് പരാജയപ്പെടുത്തേണ്ടതും. അതാണ് ഞാൻ പുസ്തകത്തിൽ വിശദീകരിക്കുന്നത്. കലാപശേഷം അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി 'ഗൗരവ് യാത്ര' നടത്തിയത് എന്തിനായിരുന്നു. രാജ്യം മുഴുവൻ കുറ്റം ആരോപിക്കപ്പെട്ട ഗുജറാത്ത് ജനതയെ അഭിമാനിതരാകാൻ ലക്ഷ്യമിട്ട യാത്രയായിരുന്നു അത്. കുറ്റാരോപിതരായ സമൂഹത്തെ വീണ്ടും തല ഉയർത്തിപ്പിടിക്കാൻ ആഹ്വാനംചെയ്ത യാത്ര. രാജ്യം ലജ്ജകൊണ്ട് തല കുനിച്ചുനിന്ന സമയമായിരുന്നു അത്. പക്ഷേ ആ മുഖ്യമന്ത്രി അത് കണക്കിലെടുത്തേ ഇല്ല.
കലാപസംഭവങ്ങളിൽ രാഷ്ട്രീയക്കാരന്റെയും രാഷ്ട്രീയത്തിന്റെയും പങ്ക് എത്രമാത്രമായിരുന്നു?
ഗുജറാത്ത് വംശഹത്യ ഗോധ്ര സംഭവത്തിന്റെ ഫലമായി സ്വാഭാവികമായുണ്ടായ ഒന്നല്ല. മറിച്ച്, ദീര്‍ഘകാലമായി സംഘ്പരിവാര്‍ നടത്തിവരുന്ന വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരണത്തിന്റെ അനന്തരഫലമായിരുന്നു. ഹിന്ദുക്കള്‍ വളരെക്കാലമായി ഇരകളായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള സങ്കൽപകഥ അവര്‍ നേരത്തേ സൃഷ്ടിച്ചെടുത്തിരുന്നു. ഗുജറാത്തിൽ 24 ജില്ലകളുണ്ട്. ഇതിൽ 16 ജില്ലകൾ കലാപത്തിൽ പങ്കാളികളായി. ഒരു ജില്ലയിൽ നടന്ന കലാപ രാഷ്ട്രീയ പ്രവർത്തനം മറ്റ് ജില്ലകളിലും പറിച്ചുനടപ്പെടുകയായിരുന്നു. അതിനാൽ, കലാപത്തിന്റെ ഉത്തരവാദിത്തത്തിൽനിന്ന് സംസ്ഥാന ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല. പിന്നീട് വ്യക്തിപരമായി ആരെല്ലാം കുറ്റമുക്തരായി എന്നതിലല്ല കാര്യം. ഭരണകൂടം എന്ന നിലയിൽ കലാപം നടക്കുമ്പോൾ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു എന്നതാണ് ചോദ്യം. എന്താണ് നിങ്ങളുടെ ഉത്തരവാദിത്തം. ഭരണനേതൃത്വം ഒന്ന് അപലപിക്കുകപോലും ചെയ്തില്ലല്ലോ. ഒന്നു തറപ്പിച്ചു പറയാനാകും,സംസ്ഥാന ഭരണത്തിന്റെ തലപ്പത്തിരുന്ന രാഷ്ടീയനേതൃത്വം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല, പലപ്പോഴും അവരുടെ നിഷ്ക്രിയത കലാപം ആളിക്കത്തിക്കാനും ഇടയാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാർ പൊതുസമൂഹത്തിന്റെ കണ്ണാടിയാണ്. അവരെ മാത്രം കുറ്റംപറഞ്ഞ് സമാധാനിക്കാൻ നമുക്കാവില്ല. രോഗാതുര സമൂഹമാണ് നമ്മുടേത്. നമ്മുടെ വിഷലിപ്തമായ ചിന്തകളും ദേഷ്യവും അസ്വസ്ഥതകളും മറ്റുള്ളവരിൽ അടിച്ചേൽപിച്ച് രസിക്കുന്നവരേറെയാണ് സമൂഹത്തിൽ. സമൂഹം ഇങ്ങെനയാണെന്ന് പറഞ്ഞ് രാഷ്ട്രീയക്കാരെ പഴിചാരി അവരുടെ പാവകളായി നിന്നുകൊടുക്കുന്നവരാണ് നാം. അതിനാൽ നമ്മളും ഉത്തരവാദികളാണ്.
പുസ്തകത്തിൽ പറയുന്ന കഥാപാത്രങ്ങൾക്ക് ശരിക്ക് എന്താണ് സംഭവിച്ചത്?
പുസ്തകത്തിൽ വിശദീകരിക്കപ്പെട്ട മൂന്നുപേരിൽ സുരേഷ് എന്നയാൾ ഫെബ്രുവരി 28ന്റെ വംശഹത്യയുമായി ബന്ധപ്പെട്ട് നടന്ന ബലാത്സംഗം, കൊലപാതകം, കൊള്ളയും കൊള്ളിവെപ്പും ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായി. ദന്‍ഗര്‍ പ്രാദേശിക ബി.ജെ.പി നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായി. പ്രണവാകട്ടെ വംശഹത്യയില്‍ പങ്കെടുക്കേണ്ടതായി വന്ന സാഹചര്യത്തെ പഴിച്ച് കഴിയുന്നതിനിടയില്‍ വംശഹത്യയിലെ ഇരകളുടെ പുനരധിവാസം നിര്‍വഹിക്കുന്ന ഒരു സര്‍ക്കാറിതര സംഘടനയില്‍ മാനേജ്മെന്റ് തലത്തില്‍ ഭംഗിയായി ജോലി ചെയ്ത് തന്റെ കുറ്റബോധത്തില്‍നിന്നു മുക്തി നേടി. പക്ഷേ, അവിടെയും സംഘ്പരിവാറിന്റെയും അവരുടെ, സര്‍ക്കാറിന്റെയും വിദ്വേഷത്തിനിരയായി അവന് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. ഈ മൂന്നു ചെറുപ്പക്കാരും കഥാപാത്രങ്ങളല്ല. ജീവിച്ചിരിക്കുന്ന വ്യക്തികളാണ്. അവരുമായും വംശഹത്യയെ അതിജീവിച്ചവരുമായും സംസാരിച്ച് അവര്‍ പറഞ്ഞത് പകര്‍ത്തി ഗുജറാത്ത് വംശഹത്യയുടെ രേഖാചിത്രം വരക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ 'വെറുപ്പിന്റെ ശരീരശാസ്ത്രം' എന്ന പുസ്തകത്തിലൂടെ.
വെറുപ്പിന്റെ രാഷ്ട്രീയം ഇപ്പോൾ പ്രവർത്തിക്കുന്നത് എങ്ങനെയാണ്; പ്രത്യേകിച്ച് പ്രധാനമന്ത്രിയായ മോദി അധികാരത്തിലിരിക്കുമ്പോൾ?
വെറുപ്പിന്റെ രാഷ്ട്രീയം നിർമിക്കുന്നതിലും അതിനനുസരിച്ച് സാമൂഹിക അന്തരീക്ഷം പരത്തുന്നതിലും നമുക്കൊക്കെ പങ്കുണ്ട്. നമ്മളൊക്കെത്തന്നെയാണ് കുറ്റക്കാർ. അതിൽ മോദിയെയോ യോഗിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വെറുപ്പിന്റെ ഉൽപാദനയൂനിറ്റായി ഒരാളെ കാണുന്നത് ശരിയാണെന്ന് പറയാനാകില്ല. ഉദാഹരണമായി ബിൽക്കീസ് ബാനു കോടതിയെ സമീപിച്ചപ്പോഴും ഒടുവിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചപ്പോഴും എന്തുകൊണ്ടാണ് ജനം നീതി ചോദിച്ച് തെരുവിലിറങ്ങാതിരുന്നത്. 2012ൽ നിർഭയ ബലാത്സംഗത്തിന് ഇരയായപ്പോൾ രാജ്യം മുഴുവൻ തെരുവിലിറങ്ങിയല്ലോ. കോടതിയും രാഷ്ട്രീയക്കാരും എല്ലാവരും ചേർന്ന് ഉണ്ടാക്കിയ വൻ സമ്മർദം വിധിയിൽപോലും എടുത്തുപറഞ്ഞിരുന്നു. ഒരു മുസ്ലിം സ്ത്രീയുടെ കാര്യം വരുമ്പോൾ ജനങ്ങളുടെ പൊതുബോധം എവിടെപ്പോയി. ഇന്ത്യയിലെ മധ്യവർത്തിസമൂഹം സ്വയം വിമർശിക്കാതെ രാഷ്ട്രീയക്കാരെ വിമർശിച്ച് സായുജ്യമടയുന്നത് സ്ഥിരം കാഴ്ചയാണ്. അവർക്ക് രാഷ്ട്രീയക്കാരോട് ഇത്ര പുച്ഛമാണെങ്കിൽ അവർ എന്തിന് അവർക്ക് വോട്ട് ചെയ്യണം. എന്തുകൊണ്ട് ആ പ്രതികരണക്കാർ സ്ഥാനാർഥികളാകുന്നില്ല. പുതിയ രാഷ്ട്രീയ പാർട്ടികളെ തെരഞ്ഞെടുക്കുന്നില്ല. പുതിയവ ഉണ്ടാക്കുന്നില്ല. എന്തിനാണ് വെറുപ്പ് പ്രചരിപ്പിക്കുന്നവരെ വീണ്ടും വീണ്ടും അധികാരത്തിലെത്തിക്കുന്നത്.
ബിൽക്കീസ് ബാനു 20 വീടുകളാണ് 20 വർഷ കാലയളവിൽ മാറിത്താമസിച്ചത്. ഒടുവിൽ വർഷങ്ങൾക്കുമുമ്പ് ഹൈകോടതിതന്നെ നിർദേശിച്ചിരുന്നു –അവർക്ക് വീടും ഒരു ജോലിയും ആവശ്യമാണെന്ന്. ആരെങ്കിലും ഏതെങ്കിലും മാധ്യമപ്രവർത്തകർ ആ ദൗത്യം ഏറ്റെടുത്തോ. ഇല്ല. ഞാൻ രാഷ്ട്രീയക്കാേരാട് ഈ ചോദ്യങ്ങൾ വർഷങ്ങളായി ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഫലമുണ്ടാകുന്നില്ല. രാഷ്ട്രീയക്കാർ നമുക്കാവശ്യമുള്ളതെല്ലാം നമുക്ക് തരുന്നുണ്ട്.
ഉദാഹരണം പറയാം. ജൈവ പച്ചക്കറികൾ വർഷങ്ങൾക്കു മുമ്പേ നമ്മുടെ നാട്ടിൽ വിളഞ്ഞിരുന്നു. അവയുടെ ഉൽപന്നങ്ങൾ ചെലവാകാതെ കടകളിൽ ഇരുന്നു. ഇന്ന് സ്ഥിതി മാറി. ഓർഗാനിക് പച്ചക്കറികൾക്ക് നല്ല ഡിമാൻഡാണ്. നല്ല വിലയും കിട്ടുന്നു. അതായത് ഡിമാൻഡാണ് നിർണായകം. ജനത്തിന് നല്ലത് വേണമെന്ന തോന്നലുണ്ടാകണം. അവർ അതിനായി ആഗ്രഹിക്കണം. എന്നാലേ നല്ല രാഷ്ട്രീയക്കാരും ജനോപകാര നടപടികളും ഉണ്ടാകൂ. അതായത് നാം നല്ല രാഷ്ട്രീയക്കാരെ ആവശ്യെപ്പടുന്നില്ല. അതിനാൽ നമുക്ക് ലഭിക്കുന്നുമില്ല. നമ്മളാണ് പരാജയപ്പെടുന്നത്. സമൂഹമാണ് പരാജയപ്പെടുന്നത്. നാം ഒരു ഫേസ്ബുക്ക് പോസ്റ്റിട്ട് ഉത്തരവാദിത്തം തീർന്നു എന്ന് പറഞ്ഞ് സമാധാനിച്ച് നമ്മുടെ മധ്യവർത്തി സമൂഹം കാലങ്ങളായി മൗനം തുടരുകയാണ്. നാം സാമൂഹിക മാറ്റത്തിന് ആഗ്രഹിക്കുന്നതേ ഇല്ല. ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാം എന്തെങ്കിലും ചെയ്തേ തീരൂ. നാം കുറച്ചെങ്കിലും ഇറങ്ങി പ്രവർത്തിക്കണം. നാം അതിന് തയാറല്ലല്ലോ.
ബിൽക്കീസ് ബാനു കേസിൽ ഇത്തരത്തിൽ വിധി പ്രതീക്ഷിച്ചിരുന്നോ. സുപ്രീംകോടതിയിൽ ഹരജി നൽകിയ ശേഷമുള്ള തുടർനടപടികൾ എന്തായി?
ജേണലിസ്റ്റ് എന്നതിനേക്കാളുപരി സാധാരണക്കാരി എന്ന നിലയിൽ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന സംഭവമാണ് ബിൽക്കീസ് ബാനുവിന്റെ കുടുംബാംഗങ്ങളെ കൊന്ന് അവളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവം. അതും സ്വതന്ത്രഭാരതത്തിന്റെ 75ാം വാർഷികത്തിൽ. കോടതിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട രേഖകളുടെ വാസ്തവം അന്വേഷിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. നമ്മളിലൊക്കെ ഒരു ബിൽക്കീസ് ഉണ്ട്. അവർ കടന്നുപോയ ദുരനുഭവങ്ങളിൽ കോടതിയിൽ ഉത്തരം കിട്ടാതെപോയ ചോദ്യങ്ങളുണ്ട്. അതിനാലാണ് വിധിക്കെതിരെ ഹരജി ഫയൽ ചെയ്തത്. സി.പി.എം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര, പ്രഫ. രൂപ് രേഖ് വർമ തുടങ്ങിയവർ ഒപ്പമുണ്ട്. വിഷയം ഉടൻ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഡ്വ. അപർണ ഭട്ട് എന്നിവർ ഹരജി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഹരജി പരിഗണിച്ച കോടതി രണ്ടാഴ്ചക്കകം ഗുജറാത്ത് സർക്കാറിനോട് വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. അടുത്ത ഹിയറിങ്ങിനായി കാത്തിരിക്കുകയാണ്.
ബിൽക്കീസ് ബാനുവിന്റെ കുടുംബം എങ്ങനെയാണ് കഴിയുന്നത്. കണ്ടിരുന്നോ?
ഇല്ല. ഇപ്പോൾതന്നെ നൂറുകണക്കിന് മാധ്യമപ്രവർത്തകരുടെ 'എന്ത് തോന്നുന്നു' എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തിട്ടുണ്ടാകും.
ഗുജറാത്ത് കലാപകാലത്ത് ബിൽക്കീസിന്റെ കേസ് മറ്റ് കേസുകളിൽനിന്ന് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?
ഗോധ്ര തീവണ്ടി കൂട്ടക്കൊലയുടെ തുടർച്ചയായുണ്ടായ കലാപത്തിൽ വീടുപേക്ഷിച്ച് പോവുകയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും മൂന്നുവയസ്സുള്ള മകളുൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തെന്നാണ് മുഖ്യ കേസ്. ഇതിൽ ജീവപര്യന്തത്തിന് വിധിക്കപ്പെട്ട 11 പ്രതികളെയാണ് സ്വതന്ത്രരാക്കിയത്. ഗുജറാത്ത് കലാപകാലത്തെ മറ്റ് ബലാത്സംഗ കേസുകളും ബിൽക്കീസ് കേസുമായി കൂട്ടിക്കുഴക്കരുത്. വ്യക്തമായ രാഷ്ട്രീയ കാരണങ്ങളാലുള്ള ആസൂത്രണമാണ് ബിൽക്കീസിന്റെ കേസിലുള്ളത്. അവൾ മുസ്ലിംകൾ നേരിടുന്ന പ്രശ്നങ്ങളുടെ ഇരയാണ്. 10 വർഷം മുമ്പ് നിർഭയയെ ബലാത്സംഗം ചെയ്തപ്പോൾ മുഴുവൻ രാജ്യത്തിലും പ്രതിഷേധം പരന്നൊഴുകിയില്ലേ. ഉദ്യോഗസ്ഥ-നീതിന്യായ സംവിധാനങ്ങൾക്ക് മേൽ വൻ സമ്മർദമാണ് അത് ചെലുത്തിയത്. കേസ് ബിൽക്കീസിന്റേതായപ്പോൾ നാം മിണ്ടാതിരിക്കുന്നു. ആ മൗനത്തിന്റെ അർഥം ഇപ്പോഴും ഉച്ചത്തിൽ സമൂഹത്തിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ബിൽക്കീസിന്റെ കേസ് പൊളിറ്റിക്കലാണ്. കേസിലെ പ്രതികളെ ഹാരമണിയിച്ച് സ്വീകരിക്കുന്നത് കാണുമ്പോൾ നമുക്ക് മനസ്സിലാവില്ലേ, അതിന്റെ രാഷ്ട്രീയമെന്താണെന്ന്. നമ്മൾ പ്രേക്ഷകരായി ഇവയെല്ലാം കണ്ടു രസിക്കുകയാണ്. നമ്മുടെ മൗനം എന്നത് ഈ കുറ്റകൃത്യത്തെ സഹായിക്കലാണ്.
അടുത്ത വിധിവരെ വെറുതെ കാത്തിരിക്കാനാവില്ല. രാജ്യത്തിലെ പൗരയെന്ന നിലയിൽ പ്രതിഷേധിക്കേണ്ടതുണ്ട്; തെരുവിലിറങ്ങേണ്ടതുണ്ട്. ജേണലിസ്റ്റ് എന്ന നിലയിലും പൗര എന്ന നിലയിലും ഞാൻ ഈ വിഷയത്തിൽ സംസാരിച്ചുകൊണ്ടേയിരിക്കും; മാർക്കറ്റിൽ, കടകളിൽ, ബസുകളിൽ, എന്റെ നിരീക്ഷണങ്ങളോട് താൽപര്യമില്ലാത്തവരോടും. തെറ്റായ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥ വൃന്ദങ്ങളിലാണോ നിങ്ങൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം ചോദിച്ചേ തീരൂ. ഗുജറാത്ത് ജനത മാസങ്ങൾക്കകംതന്നെ പോളിങ്ബൂത്തിലെത്തും. ഇങ്ങനെയാണോ ഭരണകൂടം പ്രജകളെ സംരക്ഷിക്കുന്നതെന്ന ചോദ്യം മുഴങ്ങിക്കൊണ്ടേയിരിക്കണം. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നത് ഇങ്ങനെയാണോ. ജേണലിസ്റ്റ് എന്ന നിലയിൽ നാലു ചുവരുകൾക്കുള്ളിൽനിന്ന് വാർത്തകളെഴുതുക എന്നതാകും എന്റെ കരിയറിന് നല്ലത്. എന്നാൽ, ഞാൻ അതിന് തയാറല്ല. പ്രതികളെ തിരിച്ച് ജയിലിലടക്കുക എന്നത് മാത്രമല്ല, പൗരൻ എന്ന നിലക്ക് അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകതന്നെ വേണം. അതോ എന്നിലെ പൗരൻ ചത്തുപോയോ, അതോ ഉറങ്ങിപ്പോയോ ഈ ചോദ്യങ്ങൾ സ്വയം നാമോരോരുത്തരിലും ഉണരേണ്ടതുണ്ട്.
പുസ്തകം യാഥാർഥ്യമാകാൻ കാത്തിരിപ്പ് ഏറെ വേണ്ടിവന്നു. ഒടുവിൽ ക്രൗണ്ട് ഫണ്ടിങ്ങും വേണ്ടിവന്നു. പുസ്തകത്തിലേക്കുള്ള യാത്രയും തുടർന്നുള്ള അനുഭവങ്ങളും പങ്കുവെക്കാമോ?
ഗോധ്ര സംഭവം കഴിഞ്ഞ് 16 വർഷം കഴിഞ്ഞാണ് എന്റെ പുസ്തകം ഇറങ്ങിയത്. കലാപം എന്നത് ഒരാളിന്റെ ഉള്ളിൽ എങ്ങനെ രൂപപ്പെടുന്നു, എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണത്തിന്റെ ഭാഗമായുള്ള രചനയാണ്. അത് പൂർത്തിയാക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള കഥകൾ നാം അധികം കേട്ടിട്ടില്ല, വായിച്ചിട്ടില്ല. അത്തരത്തിൽ ഒന്ന് വായിക്കപ്പെടുമെന്ന് തോന്നി.
പുസ്തകമെഴുത്ത് ഒരു വർഷംകൊണ്ട് പൂർത്തിയാകുമെന്നാണ് വിചാരിച്ചിരുന്നത്. അത് ഇറക്കാനുള്ള പണം പരിചയമുള്ളവർ തരാമെന്ന് പറഞ്ഞിരുന്നു. പുസ്തകമൊരുക്കാനുള്ള യാത്രകൾക്കിടെ ആ പണം തീർന്നുപോയി. മാത്രമല്ല, രണ്ട് വർഷംകൂടി അധികം വേണ്ടിവന്നു പൂർത്തീകരിക്കാൻ. ഫെലോഷിപ്പിന് അയച്ചു. കിട്ടിയില്ല. ഒടുവിൽ ക്രൗഡ് ഫണ്ടിങ് ആയിരുന്നു അവസാന ആശ്രയം. സമൂഹമാധ്യമങ്ങൾ വഴി ഇന്റർനെറ്റ് കാമ്പയിൻ തുടങ്ങി. ആശയം വിശദീകരിച്ച് ലഘു വിഡിയോ അതിൽ പോസ്റ്റ്ചെയ്തു. അത്ഭുതകരമായിരുന്നു പ്രതികരണം. 108 പേർ സഹായിക്കാനെത്തി. 18 ദിവസംകൊണ്ട് പിരിഞ്ഞുകിട്ടിയത് 9.8 ലക്ഷം രൂപ. ശരിക്കും വിരണ്ടുപോയി ഞാൻ. ആളുകൾ എന്റെ രചനക്കായി പണമിറക്കിക്കഴിഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് പൂർത്തിയാക്കിയേ തീരൂ. കാമ്പയിൻ വിജയിച്ചു എന്ന് പോസ്റ്റിട്ട് നന്ദി പറഞ്ഞു. ഉടൻ പുസ്തകമിറക്കുകയും ചെയ്തു. പുസ്തകം വളരെയധികം വിറ്റുപോയിട്ടില്ല. പബ്ലിഷർ പറഞ്ഞിരുന്നു; സമയമെടുക്കുമെന്ന്. പക്ഷേ, ഗംഭീര പ്രതികരണമാണ് വായിച്ചവരിൽനിന്ന് ഉണ്ടായത്. പിന്നെ വിറ്റഴിക്കാൻ വേണ്ടിയായിരുന്നില്ല, ഞാൻ എഴുതിയത്. എന്റെ നിശ്ചയമായിരുന്നു അത്.
താങ്കൾ പുസ്തകത്തിൽ പരാമർശിക്കുന്ന സുരേഷിൽനിന്ന് മർദനവും ഏൽക്കേണ്ടിവന്നില്ലേ..?
കള്ളച്ചാരായം വാറ്റുകയും വിൽപന നടത്തുകയും ചെയ്യുന്നതിനൊപ്പം ചില്ലറ മോഷണവും കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ചേരിനിവാസിയാണ് സുരേഷ്. ദലിതാണെങ്കിലും സംഘ്പരിവാറിന്റെ പ്രചാരണത്തിന്റെ സ്വാധീനം അവനിലും ഉള്ളിന്റെയുള്ളില്‍ മുസ്ലിംകളോട് വെറുപ്പുള്ളവനാക്കിത്തീർത്തിരുന്നു. എല്ലാവിധ ക്രിമിനല്‍ സ്വഭാവങ്ങളുമുള്ള ചെറുപ്പക്കാരനാണ് ഇയാള്‍. അതിനാലാണയാള്‍ സംഘ്പരിവാറിന്റെ സ്ൈട്രക്കിങ് ഫോഴ്സില്‍ ചേര്‍ന്നത്. കലാപകാലത്ത് കൊള്ളയും കൊലയും വേണ്ടുവോളം നടത്തി. അയാൾ ശിക്ഷിക്കപ്പെട്ടിട്ടും നിരന്തരം പരോൾ അനുവദിക്കപ്പെട്ടു. പരോളില്‍ ഇറങ്ങിയ അവസരത്തില്‍ സ്വന്തം ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിക്കുകയും കൈയിലും കാലിലും സിഗരറ്റുകൊണ്ട് പൊള്ളിക്കുകയും ചെയ്ത വ്യക്തിയാണ് ഇയാള്‍. ഈ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ആ സമയത്താണ് ഞാന്‍ അയാളെ കുറിച്ച് എഴുതുന്നത്. അയാളെ ഒരവസരത്തില്‍ കാണുകയും ചെയ്തു. ആ കൂടിക്കാഴ്ചയില്‍ അദ്ദേഹം എന്റെ മുഖത്തടിച്ചു. കണ്ണില്‍നിന്നും ചോര പൊടിയുന്നതുവരെ മർദിച്ചു. ആ സംഭവത്തില്‍ അയാള്‍ക്കെതിരെ ഞാന്‍ കേസ് നല്കി. തുടര്‍ന്ന് അയാളുടെ പരോള്‍ റദ്ദാക്കി. അന്ന് പൊലീസ് പറഞ്ഞത് ഇനി അയാള്‍ക്ക് പരോള്‍ അനുവദിക്കില്ലെന്നാണ്. എന്നാല്‍, അയാള്‍ക്ക് വീണ്ടും പരോള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു കോടതി റിപ്പോര്‍ട്ടും കണ്ടില്ല.
പുസ്തകമെഴുതിയ ശേഷം ജേണലിസ്റ്റ് കരിയറിലേക്ക് തിരിച്ചുപോയോ?
ഇല്ല. പുസ്തകമെഴുത്തിനുശേഷം ജീവിതം മാറിമറിഞ്ഞു. ലിംഗപരമായും സാമൂഹികമായും മതപരമായും വിവേചനങ്ങൾ നേരിടുന്ന സമൂഹമാണ് നമ്മുടേതെന്ന തിരിച്ചറിവ് ഉറക്കംകെടുത്തി. സമൂഹത്തെ ബാധിച്ച വിഷലിപ്തതയുടെ കഥകൾ പറയുകയല്ല, സമൂഹത്തിലിറങ്ങി എന്തെങ്കിലും ചെയ്തേ തീരൂ എന്ന് തോന്നി. സമൂഹം മാറണമെങ്കിൽ ഞാൻ സുരക്ഷിത ഇടത്തിലിരുന്നാൽ പോരാ പറഞ്ഞുകൊണ്ടേയിരിക്കണമെന്ന തിരിച്ചറിവ് ഉണ്ടായി. ഡൽഹിയിൽനിന്ന് പടിഞ്ഞാറൻ യു.പിയിലെ ഷാംലിയിലേക്ക് താമസം മാറി. വിവേചനങ്ങൾ നേരിടുന്നവരുടെ അവകാശപ്പോരാട്ടത്തിനായി സർഫറോഷി ഫൗണ്ടേഷൻ എന്ന എൻ.ജി.ഒ തുടങ്ങി. അവർക്കായുള്ള പ്രവർത്തനങ്ങൾ തുടരുന്നു. പലരും ചോദിക്കാറുണ്ട് ഇനിയും നീ, എഴുതിയ പുസ്തകത്തിൽനിന്ന് പുറത്തുവന്നില്ലേ എന്ന്. ഇല്ല, സാധിക്കുന്നില്ല എന്നാണ് മറുപടി.
മുഖ്യധാര മാധ്യമങ്ങൾ 'ഗോധി മീഡിയ'യുടെ പിടിയിലാണെന്ന അഭിപ്രായമുണ്ടോ. മാധ്യമപ്രവർത്തക എന്ന നിലയിൽ ചോദിച്ചോട്ടെ മാധ്യമങ്ങളുടെ ഭാവിയെ എങ്ങനെ കാണുന്നു?
എന്റെ സുഹൃത്ത് രവീഷ് കുമാർ ഉണ്ടാക്കിയ വാക്കാണ് ഗോധി മീഡിയ. അത് അക്ഷരാർഥത്തിൽ ശരിയാണ്. മോദിയുടെ മടിയിലാണ് മാധ്യമങ്ങൾ. സ്വതന്ത്ര നിലപാടുള്ള വലിയ മീഡിയ ഹൗസുകൾ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നു. മീഡിയ ഹൗസും മാധ്യമപ്രവർത്തകരും റിസ്ക് ഏറ്റെടുക്കുന്നില്ല. മീഡിയ ഹൗസുകൾ ഇൻകം ടാക്സ് റെയ്ഡുകൾ ഭയപ്പെടുന്നു. ജൈവികമായ വാർത്തകൾ മാധ്യമപ്രവർത്തകരിൽനിന്നും ഉണ്ടാകുന്നുമില്ല. അവർ 'സുരക്ഷിത' മാധ്യമപ്രവർത്തനം നടത്തുന്നു. ഇന്നത്തെ സാഹചര്യത്തിൽ തുറന്നെഴുതാൻ കഴിയുന്ന സാങ്കേതിക ലോകത്ത് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചെറിയ മീഡിയ ഹൗസുകളാണ് നല്ലത്.
ചങ്ങാത്ത മുതലാളിത്ത നയങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. ജനാധിപത്യം ദുർബലപ്പെടുന്നു. നിഷ്ക്രിയമായ പ്രതിപക്ഷം... ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രതീക്ഷ നൽകുന്നുണ്ടോ?
നമ്മുടെ ജനപ്രതിനിധികളുടെ സ്വത്ത് വിവരം പരിശോധിച്ചാലറിയാം; കോടിപതികളായ എത്രപേരുണ്ടെന്ന്. വ്യവസായി ജനപ്രതിനിധികൾ കൂടിക്കൊണ്ടിരിക്കുന്നു. എം.എൽ.എയും എം.പിയുമാകാൻ വൻ തുക പാർട്ടി നേതാക്കൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽപോലും കോടികളാണ് മറിയുന്നത്. പാർട്ടികളുടെ നയങ്ങളും അതനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ കക്ഷികൾ ചിതറിക്കിടക്കുകയാണ്. പൊതുജന മുന്നേറ്റങ്ങളാണ് ആദ്യം ഉണ്ടാകുന്നത്. പിന്നീടാണ് രാഷ്ട്രീയ പാർട്ടികൾ അത് ഏറ്റുപിടിക്കുന്നത്. എൻ.ആർ.സി സമരത്തിലും കർഷകസമരത്തിലും അത് കാണാമായിരുന്നു. ബിൽക്കീസ് ബാനു പോലും ധനിക മുസ്ലിം ആയിരുന്നെങ്കിൽ മറ്റൊരു കഥയായിരുന്നേെന. ജനാധിപത്യത്തിൽ അരികുവത്കരിക്കപ്പെട്ടവർ എവിടെയാണ് എന്ന ചോദ്യം നേരത്തേ ഉയരുന്നതാണ്. സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വവും അവഗണനയും അവസാനിപ്പിക്കണം. അതിന് ലളിതമായി ചെയ്യാൻ പറ്റുന്ന കാര്യമുണ്ട്. ഓണത്തിന് നിങ്ങളുടെ വീട്ടിൽ മാലിന്യം പെറുക്കുന്നവരെ നിങ്ങളോടൊപ്പം ഊണ് കഴിക്കാൻ വിളിക്കാമോ. നിങ്ങളുടെ പെരുന്നാളും ക്രിസ്മസും എല്ലാവരുമൊത്ത് ആഘോഷിക്കാൻ തയാറുണ്ടോ. എങ്കിൽ, കുറച്ചെങ്കിലും മാറ്റം സംഭവിക്കും. പക്ഷേ, എത്ര പേർക്ക് അത് സാധിക്കും.