'വാട്സ്ആപ് സന്ദേശം സത്യമായി കരുതാത്ത വിവരസാക്ഷരത നിങ്ങൾക്ക് ആവശ്യമുണ്ട്'; മുഹമ്മദ് സുബൈർ സംസാരിക്കുന്നു
ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകനിന്ദ തുറന്നുകാട്ടിയതിനെ തുടർന്ന് ഭരണകൂട പ്രതികാര നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകനും ‘ആൾട്ട് ന്യൂസി’ന്റെ സ്ഥാപക എഡിറ്റർമാരിൽ ഒരാളുമായ മുഹമ്മദ് സുബൈറുമായി നടത്തിയ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ആദ്യഭാഗം മാധ്യമം വാർഷികപ്പതിപ്പ് 2022ൽ പ്രസിദ്ധീകരിച്ചിരുന്നു.
'ആൾട്ട് ന്യൂസി'ന്റെ തുടക്കത്തിൽ ഫണ്ടിനായുള്ള നിങ്ങളുടെ ശ്രമം ഫലം കണ്ടില്ല എന്നു പറഞ്ഞല്ലോ. പിന്നെ എങ്ങനെയാണ് അത് സംഭവിച്ചത്? നാലഞ്ചു മാസമായപ്പോഴേക്കും ഞങ്ങളുടെ ഫാക്ട്ചെക്ക് പോസ്റ്റുകൾ ട്വിറ്ററിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അക്കാലത്ത് ബി.ജെ.പി സർക്കാറിനെയും വക്താക്കളെയുമടക്കമുള്ളവരെ വിമർശിക്കുന്ന നിരവധി ആർട്ടിക്കിളുകൾ...
Your Subscription Supports Independent Journalism
View Plans'ആൾട്ട് ന്യൂസി'ന്റെ തുടക്കത്തിൽ ഫണ്ടിനായുള്ള നിങ്ങളുടെ ശ്രമം ഫലം കണ്ടില്ല എന്നു പറഞ്ഞല്ലോ. പിന്നെ എങ്ങനെയാണ് അത് സംഭവിച്ചത്?
നാലഞ്ചു മാസമായപ്പോഴേക്കും ഞങ്ങളുടെ ഫാക്ട്ചെക്ക് പോസ്റ്റുകൾ ട്വിറ്ററിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. അക്കാലത്ത് ബി.ജെ.പി സർക്കാറിനെയും വക്താക്കളെയുമടക്കമുള്ളവരെ വിമർശിക്കുന്ന നിരവധി ആർട്ടിക്കിളുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചു.
ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ ഫ്ലഡ്ലിറ്റ് സ്ഥാപിച്ചെന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജ ചിത്രമാണ് അവയിലൊന്ന്. 2014നു മുമ്പ് അതിർത്തിയിൽ കാര്യമായ നിരീക്ഷണമില്ലായിരുന്നെന്നും നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം ജാഗ്രത വർധിച്ചെന്ന മട്ടിലായിരുന്നു ബി.ജെ.പി അനുകൂലികളുടെ പ്രചാരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2016-17ലെ വാർഷിക റിപ്പോർട്ടിലടക്കം ഈ വ്യാജചിത്രം ഉൾപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. (2016ൽ ഹിന്ദി ദിനപത്രമായ 'ദൈനിക് ഭാസ്കറും' ശേഷം ഹിന്ദുത്വ പ്രൊപഗണ്ട വെബ്സൈറ്റായ 'ദ ഫിയർലെസ് ഇന്ത്യനും' ഈ ചിത്രം ഇന്ത്യ-പാക് അതിർത്തിയിലേതെന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു). യഥാർഥത്തിൽ മൊറോക്കോ- സ്പെയിൻ അതിർത്തിയിൽനിന്നുള്ള ചിത്രമായിരുന്നു അത്. ആ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറുമായി (ജാവിയർ മൊയാനോ) ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം അതേ ആംഗിളിൽ പകർത്തിയ സമാനമായ രണ്ടു മൂന്നു ചിത്രങ്ങൾകൂടി ഞങ്ങൾക്ക് അയച്ചുതന്നു. ഇതിനുശേഷമാണ് 'ആൾട്ട് ന്യൂസ്' പ്രസ്തുത ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചത്. തെറ്റ് വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയത്തിന് കുറിപ്പിറക്കേണ്ടിവന്നു. അത് ഞങ്ങൾക്ക് കൂടുതൽ റീച്ച് കിട്ടിയ സംഭവമായിരുന്നു. ആൾട്ട് ന്യൂസിന്റെ ഉള്ളടക്കം കണ്ട് ബംഗളൂരു കേന്ദ്രമായ മീഡിയ ഫണ്ടിങ് സ്ഥാപനമായ ഇൻഡിപെൻഡന്റ് ആൻഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ (ഐ.പി.എസ്.എം.എഫ്) ഞങ്ങളെ ബന്ധപ്പെടുകയായിരുന്നു. കൂടുതൽ പേരെ ഉൾപ്പെടുത്തി ഓഫിസ് വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാനാവുമെന്ന് അവർ അറിയിച്ചു. ഞാനും പ്രതീകും ബംഗളൂരു കണ്ണിങ്ഹാം റോഡിലെ അവരുടെ ഓഫിസിലെത്തി സംസാരിച്ചു. ആദ്യഘട്ടത്തിൽ 2018ൽ ഒരു കോടിയും 2019ൽ 70 ലക്ഷവും 2020ൽ 50 ലക്ഷവും അവർ ഫണ്ട് ചെയ്തു. തുടക്കത്തിലുള്ള കൈത്താങ്ങാണ് അവർ നൽകിയത്. പിന്നീട് ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ ഫണ്ട് കണ്ടെത്തി പ്രവർത്തിക്കുകയായിരുന്നു.
(മുതിർന്ന പത്രപ്രവർത്തകരായ മുകുന്ദ് പത്മനാഭൻ, ടി.എൻ. നൈനാൻ, നടനും സംവിധായകനുമായ അമോൽ പലേകർ, സി.ബി. ഭവെ, ഡോ. രുക്മിണി ബാനർജി, മുതിർന്ന അഭിഭാഷകനായ ശ്യാം ദിവാൻ എന്നിവരടങ്ങുന്ന ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ളതാണ് ഐ.പി.എസ്.എം.എഫ്. കേരളത്തിൽനിന്നുള്ള മൾട്ടിമീഡിയ പോർട്ടലായ 'ട്രൂ കോപ്പി തിങ്ക്', മുതിർന്ന മാധ്യമപ്രവർത്തകയായ സീമ മുസ്തഫയുടെ 'ദ സിറ്റിസൺ', ബർക്ക ദത്തിന്റെ 'മോജോ സ്റ്റോറി', 'ദ കാരവൻ', 'ദ പ്രിന്റ്' , 'സ്വരാജ്യ', 'ആർട്ടിക്കിൾ 14', 'മീഡിയനാമ' തുടങ്ങിയവക്കെല്ലാം ഐ.പി.എസ്.എം.എഫ് ഗ്രാന്റ് നൽകുന്നുണ്ട്)
ഐ.ടി ജോലി വിട്ട് മുഴുവൻ സമയ മാധ്യമപ്രവർത്തകനാവാനുള്ള തീരുമാനം എപ്പോഴാണ് എടുക്കുന്നത്?
2018 തുടക്കത്തിലാണ് ഞങ്ങൾക്ക് ഫണ്ട് ലഭിക്കുന്നത്. മുഴുവൻ സമയവും ഇതിലിറങ്ങാനുള്ള സമയമായില്ലേ എന്ന് പ്രതീക് ചോദിച്ചു. ഐ.ടി ജോലി വിട്ട് മാധ്യമപ്രവർത്തനത്തിലേക്കിറങ്ങുന്നതിനോട് വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. ആ സമയം ഞാൻ നോകിയയുടെ ബംഗളൂരുവിലെയും ജപ്പാനിലെയും ഓഫിസിൽ മാറിമാറി ജോലി ചെയ്തുവരുകയായിരുന്നു. സമാധാനപൂർവമുള്ള ജോലി, നല്ല ശമ്പളം, ഇടക്കിടെ വിദേശയാത്രകൾ. അവരുടെ കണ്ണിൽ ഞാൻ കംഫർട്ടബിൾ സോണിലായിരുന്നു. അവരെ പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. ഭാര്യയെയും മാതാപിതാക്കളെയും പറഞ്ഞു സമ്മതിപ്പിക്കാൻ ഒരു വർഷത്തോളമെടുത്തു. അപ്പോഴും പൂർണമായി സമ്മതമുണ്ടായിരുന്നില്ല. 2018 സെപ്റ്റംബറിൽ ഞാൻ ഐ.ടി ജോലി രാജിവെച്ച് ആൾട്ട് ന്യൂസിലെ മുഴുവൻ സമയ ജോലിക്കാരനായി.
പ്രതീകിന്റെയും താങ്കളുടെയും കുടുംബപശ്ചാത്തലം തീർത്തും വ്യത്യസ്തമാണ്..?
അതെ. ഞാൻ പറഞ്ഞല്ലോ. സാധാരണ മിഡിൽ ക്ലാസ് ഫാമിലിയാണ് എന്റേത്. സർവൈവ് ചെയ്തുവന്ന കുടുംബമാണ്. പ്രതീകിന്റെ കുടുംബം മുഴുവൻ ആക്ടിവിസ്റ്റുകളാണ്. മാതാപിതാക്കളായ മുകുൾ സിൻഹയും നിർജാരി സിൻഹയും ശാസ്ത്രജ്ഞരായിരുന്നു. പിതാവ് ജോലി രാജിവെച്ച് നിയമം പഠിച്ച് പൗരാവകാശങ്ങൾക്കായി മുഴുവൻ സമയ അഭിഭാഷകനായി പ്രവർത്തിക്കുകയായിരുന്നു. ദലിതുകൾക്കും തൊഴിലാളികൾക്കുമായി നിരവധി കേസുകൾ അദ്ദേഹം നടത്തി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ഇരകൾക്കായി സൗജന്യമായിത്തന്നെ നിയമസേവനം നൽകി. (ഗുജറാത്ത് കലാപം അന്വേഷിക്കാനുള്ള നാനാവതി-മേത്ത കമീഷനിൽ അംഗമായിരുന്ന അദ്ദേഹത്തിന്റെ നിയമനടപടിയിലാണ് മായ കൊട്നാനി ജയിലിലാവുന്നത്. നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായിരുന്നു. അർബുദ ബാധിതനായി 2014ലാണ് അദ്ദേഹം മരിക്കുന്നത്). അമ്മ നിർജാരി സിൻഹയാണ് ആൾട്ട് ന്യൂസിന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നത്.
എന്റെ കാര്യങ്ങൾ അങ്ങനെയല്ല. 2020ൽ എനിക്കെതിരെ ആദ്യ കേസ് വന്നതിനുശേഷം ഉമ്മ യൂട്യൂബിൽ എന്നെക്കുറിച്ച കാര്യങ്ങൾ തിരയാൻ തുടങ്ങി. ഫേസ്ബുക്കിലും ട്വിറ്ററിലും യൂട്യൂബിലും ബ്രൗസ് ചെയ്യുന്നത് അറിയാഞ്ഞിട്ടാണ് എനിക്കെതിരായ വാർത്തകൾ യൂട്യൂബിൽ തപ്പുന്നത്. ആരൊക്കെ എന്തൊക്കെയാണ് മകനെ കുറിച്ച് പറഞ്ഞിട്ടുള്ളത് എന്നാണ് തിരഞ്ഞിരുന്നത്. ഇന്നുവരേക്കും ഉമ്മ അങ്ങനെയാണ്. ദിവസവും പത്തു പതിനഞ്ച് വിഡിയോകൾ കാണും. എന്നെ വിമർശിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഡിയോ കാണുമ്പോൾ ഉമ്മ അസ്വസ്ഥയാവും. അടുത്തകാലത്ത് എനിക്ക് ലഭിച്ച പിന്തുണ ഉമ്മയെ സന്തോഷവതിയാക്കിയിട്ടുണ്ട്.
താങ്കളെക്കുറിച്ച് മനസ്സിലാക്കുമ്പോൾ, മുഖ്യധാര മാധ്യമപ്രവർത്തകരോട് വല്ലാതെ അടുക്കാത്ത ഒരു പ്രകൃതമാണ് താങ്കളുടേത്. എന്തുകൊണ്ടാണ് അങ്ങനെ?
നേരത്തേ മുതൽ പ്രതീകുമായി നിരവധി മാധ്യമപ്രവർത്തകർ ബന്ധം പുലർത്തുന്നുണ്ട്. എനിക്കാരുമായും ബന്ധമുണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെ ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നയാളല്ല. ലൈം ലൈറ്റിൽ വരാൻ തീരെ ഇഷ്ടപ്പെടാത്തയാളാണ് ഞാൻ. എന്നെ ഇപ്പോൾ പല ചാനലുകാരും അഭിമുഖത്തിന് വിളിച്ചിരുന്നു. അനുവദിച്ചിട്ടില്ല. കാമറക്ക് മുന്നിൽ എനിക്കത്ര കംഫർട്ടബിളായി സംസാരിക്കാൻ കഴിയില്ല. അതെന്റെ കുറവായിരിക്കാം. അവതാരകരെക്കാളുപരി ഗ്രൗണ്ട് റിപ്പോർട്ടേഴ്സുമായാണ് ഞാൻ കൂടുതൽ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. എനിക്കറിയാവുന്ന ഗ്രൗണ്ട് റിപ്പോർട്ടർമാരുടെ ലിസ്റ്റ് ഞാൻ ട്വീറ്റ് ചെയ്തിരുന്നു. അവരെ അറിയാവുന്നവർ ടാഗ് ചെയ്ത് പരസ്പരം ബന്ധം സ്ഥാപിക്കണമെന്ന് ഞാൻ അഭ്യർഥിച്ചു. ഗ്രൗണ്ട് റിപ്പോർട്ടേഴ്സാണ് പലപ്പോഴും മികച്ച റിപ്പോർട്ടുകൾ കൊണ്ടുവരുന്നത്. എന്നാൽ, ആ ക്രെഡിറ്റ് അവർക്ക് ലഭിക്കാറില്ല. അവതാരകർ വെറും അവതാരകർ മാത്രമാണ്. എന്നാൽ, അവരാണ് ഹീറോസ് ആവുന്നത്. പലപ്പോഴും ചാനലുകളുടെ ഇടപെടലിൽ ഗ്രൗണ്ട് റിപ്പോർട്ടേഴ്സിന്റെ നല്ല റിപ്പോർട്ടുകൾ പുറത്തുവരാറില്ല. യഥാർഥത്തിൽ അവരുടെ ശബ്ദമാണ് ഉയർത്തപ്പെടേണ്ടത്. ഗ്രാമങ്ങളിൽനിന്നും ഒറ്റപ്പെട്ടയിടങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അവരിൽനിന്നാണ് എനിക്ക് കൂടുതൽ സ്റ്റോറികൾ ലഭിക്കുന്നത്. മുഖ്യധാര മാധ്യമങ്ങൾ നൽകാനിടയില്ലാത്ത വാർത്തകൾ കൈമാറാനും വസ്തുതകൾ ഉറപ്പുവരുത്താനും എനിക്കത് സഹായകരമാവുന്നു.
ഇക്കാലത്ത് പല മുഖ്യധാര മാധ്യമങ്ങളും ഫാക്ട് ചെക്കിങ് കോളങ്ങളും വ്യാജവാർത്ത മുന്നറിയിപ്പും നൽകുന്നുണ്ട്. ആൾട്ട് ന്യൂസ് തീർത്ത ഒരു ട്രെൻഡിനുശേഷമാണ് ഇത് സംഭവിച്ചതെന്ന് പറയാം. എങ്ങനെയായിരുന്നു നിങ്ങളുടെ തുടക്കകാലത്തെ അനുഭവങ്ങൾ? വസ്തുത പരിശോധന നടത്തുന്ന മറ്റു മാധ്യമങ്ങളിൽനിന്ന് ആൾട്ട് ന്യൂസിനെ വേർതിരിക്കുന്നത് എന്താണ്?
കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഞങ്ങളെയായിരിക്കാം. മുംബൈ ആസ്ഥാനമായ ഫാക്ട് ചെക്കിങ് വെബ്സൈറ്റായ 'ബൂം' ഞങ്ങൾക്ക് മുമ്പെ ഇത് ചെയ്തുതുടങ്ങിയിരുന്നു. എന്നാൽ, നിർഭാഗ്യവശാൽ അവർക്ക് കാര്യമായ റീഡേഴ്സിനെ ലഭിച്ചില്ല. ഇപ്പോൾ വാർത്താമാധ്യമങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ഫാക്ട് ചെക്കിങ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, പലതും ബിസിനസിന്റെ ഭാഗമാണ്. ഉദാഹരണം പറയാം. ഹിന്ദി മേഖലയിൽ നല്ല സർക്കുലേഷനുള്ള പത്രമാണ് 'ദൈനിക് ജാഗരൺ'. പക്ഷപാതപരമായി പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനമാണത്. അവർ നടത്തുന്ന ഫാക്ട് ചെക്കിങ് വെബ്സൈറ്റാണ് 'വിശ്വാസ് ന്യൂസ്'. 'ടൈംസ് ഓഫ് ഇന്ത്യ' അടുത്തിടെ വരെ ഫാക്ട് ചെക്കിങ് നടത്തിയിരുന്നു. 'ഇന്ത്യ ടുഡേ'ക്ക് അഫ്വ എന്ന പേരിൽ സംവിധാനമുണ്ട്.
സാധാരണ വിഷയങ്ങൾ എല്ലാവരും ഫാക്ട് ചെക്കിങ് നടത്തി നൽകും. എന്നാൽ, രാഷ്ട്രീയ പാർട്ടികളുമായോ നേതാക്കളുമായോ സർക്കാറുകളുമായോ ബന്ധപ്പെട്ട വിഷയങ്ങളിൽ പക്ഷപാതം കാണാറുണ്ട്. ഫാക്ട് ചെക്കിങ് നടത്തുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്. ഫേസ്ബുക്കുമായും ട്വിറ്ററുമായും ദിനേന ഞങ്ങൾ ബന്ധപ്പെടുന്നുണ്ട്. വിദ്വേഷമടങ്ങുന്ന ഉള്ളടക്കം അവയിൽ പ്രത്യക്ഷപ്പെട്ടാൽ അതേക്കുറിച്ച് അവരെ ഉണർത്തലും ആൾട്ട് ന്യൂസിന്റെ ജോലിയുടെ ഭാഗമാണ്. കൂടാതെ, മുഖ്യധാര മാധ്യമങ്ങളിൽ വരുന്ന വസ്തുതാപരമല്ലാത്ത റിപ്പോർട്ടുകൾ ഞങ്ങൾ ഫാക്ട് ചെക്ക് ചെയ്യാറുണ്ട്. നിലവിൽ മറ്റൊരു മാധ്യമവും അതുചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. മാധ്യമങ്ങൾക്കു നേരെ ഒരു വാച്ച് ഡോഗിനെപ്പോലെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ മാധ്യമങ്ങളെയും ആ ഫാക്ട് ചെക്ക് വാർത്തയുടെ കൂടെ ഞങ്ങൾ ടാഗ് ചെയ്യാറുണ്ട്. ചുരുങ്ങിയത് അവർ സൂക്ഷ്മത പുലർത്തുന്നതിനും മറ്റുള്ളവർക്ക് പാഠമാകാനും വേണ്ടിയാണത്. വാട്സ്ആപ്പിൽ സാധാരണക്കാർ ഫോർവേഡ് ചെയ്യുന്നതുപോലെയല്ല മുഖ്യധാര മാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകുമ്പോഴുള്ള പ്രതിഫലനം. നിരവധി ആളുകളിലേക്കാണ് തെറ്റായ വിവരം എത്തിച്ചേരുന്നത്. നിങ്ങൾ (മുഖ്യധാര മാധ്യമങ്ങൾ) തിരുത്തുന്നില്ലെങ്കിൽ നിങ്ങൾ തിരുത്തപ്പെടും. തെറ്റ് കുറ്റംതന്നെയാണ്.
ഫാക്ട് ചെക്കിങ്ങിന്റെ ഓതന്റിസിറ്റി ആരാണ് നിശ്ചയിക്കുന്നത്?
ഇന്ത്യയിലെ മിക്ക ഫാക്ട്ചെക്കിങ് വെബ്സൈറ്റുകൾക്കും സർട്ടിഫിക്കറ്റ് നൽകുന്നത് ഇന്റർനാഷനൽ ഫാക്ട് ചെക്കിങ് നെറ്റ്വർക്ക് (ഐ.എഫ്.സി.എൻ) ആണ്. തുടക്കത്തിൽ ഞങ്ങളും ഇവരുടെ സർട്ടിഫിക്കേഷനിലാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഞങ്ങൾക്കതിന് വേറെ മാർഗമുണ്ട്. ഐ.എഫ്.സി.എന്നിന്റെ പാരന്റിങ് ബോഡി പോയിന്റർ ആണ്. ഏതു മാധ്യമസ്ഥാപനത്തിനും പോയിന്ററുമായി ടൈ അപ് നടത്താം. നമ്മൾ അവരുമായി ടൈ അപ് നടത്തിയാൽ സ്വാഭാവികമായും ഫേസ്ബുക്കുമായും ടൈ അപ്പാവും. അങ്ങനെയാണ് അതിന്റെ ഘടന. ഫേസ്ബുക്കുമായി ടൈ അപ് ആയാൽ വൻതോതിൽ പണം ലഭിക്കും. പക്ഷേ, അവരുടെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും. ആരുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ ഭീമന്മാർ ഞങ്ങളുമായി ബന്ധത്തിന് ആഗ്രഹിക്കുന്നുണ്ടാവും. എന്നാൽ, ഞങ്ങളത് ആഗ്രഹിക്കുന്നില്ല. പല മാധ്യമങ്ങളും ഫാക്ട് ചെക്കിങ് വെബ്സൈറ്റ് നടത്തുന്നതും ഇത്തരം ഫണ്ട് കണ്ടാണ്. ഞങ്ങൾക്ക് പണമല്ല എല്ലാം; ധാർമികതയാണ്. മിക്ക മാധ്യമങ്ങളും പരസ്യത്തിന്റെ വരുമാനത്തിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ആൾട്ട് ന്യൂസിൽ നിങ്ങൾക്ക് പരസ്യം കാണാനാവില്ല.
ഇത്രയും കാലത്തിനിടെ ഏകദേശം എത്ര ഫാക്ട് ചെക്കിങ് വാർത്തകൾ നിങ്ങൾ പുറത്തുവിട്ടിട്ടുണ്ടാകും? അവയിൽ നിങ്ങൾക്ക് കൂടുതൽ റീച്ച് കിട്ടിയ വർക്ക് ഏതാണ്?
നാലായിരത്തിലേറെ വരും. അവയിൽ കൂടുതൽ ചർച്ചയായ ഒന്നായിരുന്നു കുട്ടികളുടെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സംബന്ധിച്ച് ചെയ്ത സ്റ്റോറി സീരീസ്. ഇത് 2018ലാണെന്നാണ് ഓർമ. മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങി ഹിന്ദി ബെൽറ്റിലായിരുന്നു ഈ അഭ്യൂഹം കൂടുതൽ പ്രചരിച്ചിരുന്നത്. പിന്നീടത് തെലങ്കാന, ആന്ധ്ര, കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോയി വൃക്ക എടുത്തുവിൽക്കുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രചാരണം. അഭ്യൂഹത്തെ തുടർന്ന് പലരെയും ആൾക്കൂട്ടം പലയിടത്തായി മർദിച്ചു കൊന്നു. പലർക്കും ക്രൂരമായ മർദനമേറ്റു. ഭിക്ഷക്കാർ, ട്രാൻസ്ജെൻഡറുകൾ, പാവപ്പെട്ട മദ്യപർ തുടങ്ങിയവരായിരുന്നു ഇതിന്റെ ഇരകൾ. ദിനേന ഞങ്ങൾക്ക് അഞ്ചും ആറും വിഡിയോ ഇതിന്റേത് ലഭിക്കുമായിരുന്നു. അപ്പോൾ യഥാർഥത്തിൽ എത്ര സംഭവങ്ങൾ അരങ്ങേറിക്കാണുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരാളെ കുറ്റക്കാരനെന്ന് മുദ്രകുത്തുമ്പോൾ നിരപരാധിയെന്ന് തെളിയിക്കപ്പെടേണ്ടത് അയാളുടെ ബാധ്യതയായി മാറുന്നതുപോലെ ശ്രമകരമാണ് ഇത്തരം സന്ദർഭങ്ങളിലെ വിഡിയോ ദൃശ്യങ്ങളുടെ നിജസ്ഥിതി ഉറപ്പുവരുത്തുക എന്നത്. മർദനത്തിനിരയാക്കപ്പെടുന്നയാൾ കുട്ടികളെ തട്ടിയെടുക്കാൻ വന്നയാളല്ലെന്ന് ബോധ്യപ്പെടുത്തണമായിരുന്നു. ഒരു ഫാക്ട് ചെക്കർ നേരിടുന്ന യഥാർഥ വെല്ലുവിളി അതാണ്.
ഇതുസംബന്ധിച്ച് ഞങ്ങൾ നിരവധി ആർട്ടിക്കിളുകൾ നൽകി. ഇത്തരം സ്റ്റോറി ചെയ്യാൻ രണ്ടുപേരെ പ്രത്യേകം ചുമതലപ്പെടുത്തി. മിക്ക സംഭവങ്ങളും ഗ്രാമങ്ങളിൽ അരങ്ങേറിയിരുന്നതിനാൽ കിട്ടുന്ന വിഡിയോകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുക എന്നതായിരുന്നു ഏറെ ശ്രമകരം. അവ ഉറപ്പുവരുത്തി രാജസ്ഥാനിലെയും യു.പിയിലെയും മധ്യപ്രദേശിലെയുമൊക്കെ പൊലീസിന് അയച്ചുകൊടുത്തു. എന്തുകൊണ്ട് ഇതിനെതിരെ നിങ്ങൾ ഒരു ഡ്രൈവ് നടത്തുന്നില്ല എന്ന് ആരാഞ്ഞു. ഗ്രാമവാസികളെ ബോധവത്കരിക്കാൻ എന്താണ് നിങ്ങൾ മുൻകൈയെടുക്കാത്തത് എന്ന് ചോദിച്ചു. പതിയെ അതിനു നടപടിയുണ്ടായി. ഞങ്ങളുടെ പരിശ്രമങ്ങളിൽ മറക്കാനാവാത്ത ഒന്ന് അതാണ്. ഫേസ്ബുക്ക് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഇൻസിസ്റ്റ് പോസ്റ്റ്, ദ ഹിന്ദുത്വപോലെയുള്ള സംഘങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതാണ് മറ്റൊന്ന്. നടിമാരുടെ അർധനഗ്ന ചിത്രങ്ങൾ നൽകിയും ഗോസിപ്പ് വാർത്തകൾ നൽകിയും ഫോളോവേഴ്സിനെ കൂട്ടിയശേഷം ഈ പേജുകൾ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകൾക്ക് വിൽക്കുന്നത് സംബന്ധിച്ച് തെളിവ് സഹിതം റിപ്പോർട്ട് നൽകി. അനോണിമസ് പേരുകളിൽ ഈ പേജുകൾ നടത്തിയിരുന്ന പലരും ബി.ജെ.പിയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരായിരുന്നു. ഒരേസമയം ദേശസ്നേഹ പേജുകളും പോൺ പേജുകളും ഈ പ്രൊഫൈലുകളിൽനിന്ന് നടത്തുന്നത് റിപ്പോർട്ട് ചെയ്തതോടെ അത്തരം പേജുകൾ മുഴുവൻ ഫേസ്ബുക്കിൽനിന്ന് പൂർണമായി പിൻവലിക്കപ്പെട്ടു.
ഹിന്ദിയിലും ഇംഗ്ലീഷിലുമാണല്ലോ നിങ്ങൾ ഇപ്പോഴുള്ളത്. മറ്റു ഭാഷകളിലേക്ക് വിപുലീകരിക്കാൻ പദ്ധതിയുണ്ടോ?
തീർച്ചയായും. ഞങ്ങളുടെ സംഘത്തിൽ 15 പേരുണ്ട്. ഇപ്പോൾ ലഭിക്കുന്ന സംഭാവനകൾകൊണ്ട് ഞങ്ങൾക്ക് അതിജീവിക്കാൻ കഴിയും. പക്ഷേ, ഈ ബജറ്റിൽ വിപുലീകരണം നടക്കില്ല. ഭാവിയിൽ കന്നട, മലയാളം ഭാഷകളിൽ എന്തായാലും ഞങ്ങൾ വരും. കേരളത്തിൽ ചിലരുമായി ഞങ്ങൾ ചർച്ചയിലാണ്. കന്നടയിൽ ആരംഭിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഞാൻ ജയിലിലാവുന്നത്. നിലവിൽ ആൾട്ട് ന്യൂസ് ആപ്പിൽ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനമുണ്ട്. മിസ് ഇൻഫർമേഷൻ സ്കാനർ എന്ന സംവിധാനം പണിപ്പുരയിലാണ്. ഫാക്ട് ചെക്കിങ് എന്നതിലപ്പുറം വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഡോക്യുമെേന്റഷൻ (Hate crime documentation), വിവര സാക്ഷരത (Information Literacy) എന്നിവയും ഞങ്ങളുടെ പ്രധാന ഭാവി പദ്ധതികളാണ്.
എന്താണാ പദ്ധതികൾ? ഒന്നു വിശദമാക്കാമോ?
വിവരസാക്ഷരത എന്നത് വളരെ ആവശ്യമുള്ള ഒന്നാണ്. വിമർശനാത്മകമായി ചിന്തിക്കുക (Critical thinking) എന്നതും അതുപോലെ പ്രധാനമാണ്. നിങ്ങൾക്ക് വാട്സ്ആപ്പിൽ ഒരു സന്ദേശം ലഭിക്കുമ്പോൾ അത് സത്യമാണെന്ന് കരുതുന്നതിന് പകരം അത് സത്യമായിരിക്കുമോ എന്ന് സംശയിക്കണം. നമ്മുടെ ഏറ്റവും അടുത്തയാളാണ് അത് അയച്ചത് എന്നതുകൊണ്ടു മാത്രം ആ കാര്യം സത്യമായിക്കൊള്ളണമെന്നില്ല. അതിനെ വിമർശനാത്മകമായി കാണാൻ കഴിയണം. ഈ ഒരു രീതിയിൽ ജനങ്ങളെ ചിന്തിക്കാൻ പ്രേരിപ്പിക്കുകയാണ് വിവരസാക്ഷരത വഴി ഞങ്ങൾ ലക്ഷ്യമിടുന്നത്. പുതുതലമുറ എന്ന നിലയിൽ ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർഥികളിൽ ഇതു നടപ്പാക്കാനാണ് തീരുമാനം. വിദ്യാഭ്യാസ കരിക്കുലത്തിൽ ഇത് ഒരു വിഷയമായെങ്കിലും ഉൾപ്പെടുത്താനാണ് ശ്രമം. കൊൽക്കത്തയിലാണ് പൈലറ്റ് പദ്ധതി. തുടർന്ന് തമിഴ്നാട്ടിൽ ആരംഭിക്കും. ശേഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഞങ്ങളോട് സഹകരിക്കുന്ന സ്കൂളുകളിലും കോളജുകളിലും എൻ.ജി.ഒകളുടെയും സംഘടനകളുടെയും സഹായത്തോടെ ഇത് നടപ്പാക്കും. ഇതിനായി കരിക്കുലം തയാറാക്കി മറ്റു ഭാഷകളിലേക്കുകൂടി വിവർത്തനം ചെയ്യും. കൂടാതെ, ഗ്രാമങ്ങളിലേക്കിറങ്ങിച്ചെന്ന് ഇതു സംബന്ധിച്ച ബോധവത്കരണ പരിപാടികളും പ്ലാനിലുണ്ട്. ഒന്നോ രണ്ടോ മൂന്നോ നാലോ വർഷം കൊണ്ടുമാത്രം ഇതു ഫലം കാണില്ലെന്നറിയാം. എന്നാൽ, ഭാവിയിൽ തീർച്ചയായും ഇത് ഇംപാക്ട് സൃഷ്ടിക്കും.
വിദ്വേഷ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഡോക്യുമെേന്റഷൻ കഴിഞ്ഞ ആറേഴു മാസമായി ഞങ്ങൾ ചെയ്തുവരുന്നുണ്ട്. ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ പത്രങ്ങളോ ചാനലുകളോ മറ്റോ പതിവായി വിദ്വേഷ പ്രചാരണം നടത്തുന്നുണ്ടെങ്കിൽ അവയെ ഡോക്യുമെന്റ് ചെയ്യും. സമൂഹമാധ്യമങ്ങളിൽനിന്ന് അതു സംബന്ധിച്ച വിവരങ്ങൾ പിന്നീട് നഷ്ടപ്പെട്ടാലും ഞങ്ങളുടെ പക്കൽ അതുണ്ടാവും. ആര് എവിടെ എപ്പോൾ പറഞ്ഞു/ചെയ്തു എന്ന രീതിയിൽ അതിന് ഡോക്യുമെന്റ് ഹിസ്റ്ററിയുണ്ടാവും.
കൗതുകകരമായ ട്വിറ്റർ പ്രൊഫൈലാണ് താങ്കളുടേത്. zoo bear... സറ്റയറാണോ?
(ചിരിക്കുന്നു) അല്ല. ഞാൻ ഏഴാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന സമയത്ത് എന്റെ ഉറ്റ കൂട്ടുകാരനായ പ്രവീൺ എന്നെ കളിയാക്കാൻ പറഞ്ഞതായിരുന്നു അത്. സൂ ബെയർ അഥവാ സൂ കാ ബാലു എന്ന്. ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചപ്പോൾ പ്രൊഫൈലായി അതുതന്നെ കിടക്കട്ടെ എന്നുകരുതി. പ്രവീൺ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്.
ഇതുവരെ താങ്കൾക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തു?
(പിന്നെയും ചിരി) 11 കേസുകളാണുള്ളത്. ഇനിയും കൂടാം. അവർ അടുത്ത കേസിന്റെ പണിപ്പുരയിലാവും. 2020ലാണ് ആദ്യ കേസ് വരുന്നത്. ഒരേ വിഷയത്തിൽ ഡൽഹിയിൽ ഐ.ടി ആക്ട് പ്രകാരവും ഛത്തിസ്ഗഢിൽ പോക്സോ ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ഈ കേസിൽ ഡൽഹി കോടതിയും പൊലീസും രണ്ടര മാസം മുമ്പ് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഈ എഫ്.ഐ.ആറിന്റെ പേരിൽ വീണ്ടും എന്നെ ഡൽഹിക്ക് വിളിപ്പിച്ചാണ് മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുന്നത്. അതു ഞാൻ പ്രതീക്ഷിച്ചതായിരുന്നു. നിങ്ങളേതായാലും ഇവിടെ വന്നില്ലേ... പുതിയ കേസിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കണം എന്നുപറഞ്ഞു. തുടർന്ന് അവർ രണ്ടു ചോദ്യം ചോദിച്ചു. അതോടെ, നിങ്ങൾ സഹകരിക്കുന്നില്ലെന്നും അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതീകും താങ്കളും ഒരേ സ്ഥാപനത്തിന്റെ സ്ഥാപകരാണ്. എന്തുകൊണ്ടാണ് നിങ്ങളെ ഉന്നംവെക്കുന്നത്?
ഹിന്ദു നാമമുള്ള ഒരാളെ ദേശദ്രോഹിയാക്കുന്നതിലും എളുപ്പമാണ് മുസ്ലിം നാമധാരിയെ ദേശവിരുദ്ധനാക്കുന്നത്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താതെ വരുമ്പോൾ അവരെ ട്വീറ്റ് വഴി നേരിട്ട് ഉണർത്തുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നതാണ് എന്റെ രീതി. മാധ്യമപ്രവർത്തനത്തിലുപരി ആക്ടിവിസം എന്ന രീതിയിൽ ഞാൻ ട്വീറ്റ് ചെയ്യുന്നതാണ് ബി.ജെ.പിയെ കൂടുതൽ പ്രകോപിപ്പിക്കുന്നത്. ഞങ്ങളുടെ ഇടപെടൽകൊണ്ട് നടപടിയെടുക്കാൻ പൊലീസ് നിർബന്ധിതരായിത്തീരുന്നു.
താങ്കളുടെ അറസ്റ്റുകൊണ്ട് സർക്കാറിന്റെ നിലപാട് വ്യക്തമാണ്. നിർഭയമായ മാധ്യമപ്രവർത്തനത്തിന്റെ പേരിൽ താങ്കളെ ഒതുക്കാനാണ് ഭരണകൂടത്തിന്റെ ശ്രമം?
അതെ. എന്റെ അറസ്റ്റുകൊണ്ട് ബി.ജെ.പി സർക്കാർ രണ്ടു കാര്യങ്ങളാണ് ഉദ്ദേശിച്ചത്. ഒന്നാമതായി, കുറെ കാലമായി അവരുടെ പ്രവർത്തകരും അനുയായികളും അവരെ പിന്തുണക്കുന്നവരും ബി.ജെ.പി ഐ.ടി സെല്ലും എന്റെ അറസ്റ്റ് ആവശ്യപ്പെടുന്നുണ്ടായിരുന്നു. വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതും വിദ്വേഷപ്രചാരണങ്ങളെ കുറിച്ച് ജനങ്ങളെ ഉണർത്തുന്നതും അവരിൽ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. പ്രത്യേകിച്ചും മറ്റു മാധ്യമങ്ങൾ ചെയ്യാത്തതായിരുന്നു അവ. സംഘ്പരിവാർ അനുയായികളെ തൃപ്തിപ്പെടുത്താൻ സർക്കാറിന് എന്റെ അറസ്റ്റ് നിർബന്ധമായിരുന്നു. എന്നാൽ, എന്റെ പേരിൽ അതിനു തക്കതായ കേസുണ്ടായിരുന്നില്ല. നൂപുർ ശർമയുമായി ബന്ധപ്പെട്ട ട്വീറ്റായാലും യതി നരസിംഹയുമായി ബന്ധപ്പെട്ട ട്വീറ്റായാലും അവയെല്ലാം അവരുടെ പ്രസ്താവനകൾ എടുത്തുകാണിക്കുകയാണ് ഞാൻ ചെയ്തത്. അതുകൊണ്ടുമാത്രം എന്നെയവർക്ക് അറസ്റ്റ് ചെയ്യാനാവില്ലായിരുന്നു. എന്നാൽ, എന്നെ അവർക്ക് അറസ്റ്റ് ചെയ്യണം താനും. അങ്ങനെയാണ് അവർ ക്ലീൻ ചിറ്റ് നൽകിയ ഡൽഹി കേസിൽ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. എന്റെ അറസ്റ്റ് അവർക്ക് ആഘോഷമായിരുന്നു.
രണ്ടാമതായി, എന്നെപ്പോലെയുള്ള റിപ്പോർട്ടർമാരും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന ആക്ടിവിസ്റ്റുകളും അടക്കമുള്ളവരെ സർക്കാറിന് പേടിപ്പിച്ച് നിർത്തണമായിരുന്നു. ഞങ്ങൾ എപ്പോഴും നിങ്ങളുടെ പിന്നാലെയുണ്ട് എന്നും നാലു വർഷം മുമ്പുള്ള ട്വീറ്റിന്റെ പേരിൽ എനിക്കെതിരെ കേസെടുത്തതുപോലെ നിങ്ങളെയും കുടുക്കാൻ ഞങ്ങൾക്ക് കഴിയുമെന്നുമുള്ള സന്ദേശം സർക്കാറിന് മറ്റുള്ളവർക്ക് പകരണമായിരുന്നു. പ്രത്യേകിച്ചും, മാധ്യമപ്രവർത്തകർക്ക്. വസ്തുതാ റിപ്പോർട്ടിന്റെ പേരിൽപോലും കേസെടുക്കാൻ കഴിയുമെന്ന അപകടകരമായ സന്ദേശം അതിലുണ്ട്. ഒരു ഫാക്ട് ചെക്കിന്റെ പേരിൽമാത്രം എനിക്കെതിരെ പലയിടത്തായി മൂന്ന് കേസുകളുണ്ട്. ഡൽഹിയിലേക്കും യു.പിയിലേക്കും എന്നെ തുടർച്ചയായി കൊണ്ടുപോയി പരേഡ് നടത്തുകയും കുറ്റവാളിയെപ്പോലെ മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തത് അതിന്റെ ഭാഗമാണ്. പൊലീസ് പറഞ്ഞിട്ടാണ് ഞാൻ മാസ്ക് ധരിക്കുന്നത്. ഹാഥറസിൽ 250 പൊലീസുകാരാണ് എന്നെ വലയം ചെയ്തിരുന്നത്. അജ്മൽ കസബിനോ അല്ലെങ്കിൽ മറ്റേതെങ്കിലും കൊടും ക്രിമിനലിനോ അത്രയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ജനങ്ങളെ ഭയപ്പെടുത്തുകയല്ലാതെ മറ്റൊരു ലക്ഷ്യവും അതിന് പിന്നിലുണ്ടായിരുന്നില്ല.
ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുണ്ടായോ?
അത് ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. ആൾട്ട് ന്യൂസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുക എന്നതായിരുന്നു അറസ്റ്റിന് പിന്നിലെ മറ്റൊരു ലക്ഷ്യം. വസ്തുതകളെ അവതരിപ്പിക്കുന്ന പ്ലാറ്റ്ഫോമായതിനാൽ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഭരണകൂടത്തിന് ഞങ്ങളെ ഒന്നും ചെയ്യാനാവില്ല എന്നറിയാമായിരുന്നു. അവർക്ക് പിടിവള്ളിയാവാൻ സാധ്യതയുള്ളത് സാമ്പത്തിക ഇടപാടുകളായിരുന്നു. അതിൽ ഞങ്ങൾ തുടക്കം മുതൽ സൂക്ഷ്മത പാലിച്ചിരുന്നു. വിദേശ ഫണ്ടിങ് സ്വീകരിക്കേണ്ട എന്നതായിരുന്നു അവയിലൊന്ന്. വിദേശത്ത് കഴിയുന്ന ഇന്ത്യൻ പൗരന്റെ അടുക്കൽനിന്നുപോലും ഞങ്ങൾ സംഭാവന സ്വീകരിച്ചിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ സിറിയ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഫണ്ട് വരുന്നുണ്ടെന്ന് ആരോപിച്ച് അവർക്ക് ഞങ്ങളെ പൂട്ടാമായിരുന്നു. ഇന്ത്യയിൽനിന്ന് മാത്രമാണ് ഞങ്ങൾ സംഭാവന സ്വീകരിച്ചിട്ടുള്ളത്. അതും ഇന്ത്യൻ പൗരനായ, ഇന്ത്യയിൽ താമസിക്കുന്ന, ഇന്ത്യയിലെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുന്ന, പാൻ കാർഡുള്ള വ്യക്തികളിൽനിന്നു മാത്രം. കഴിഞ്ഞ ജനുവരിയിലോ ഫെബ്രുവരിയിലോ ആണെന്നു തോന്നുന്നു, യു.എസിൽ കഴിയുന്ന മലയാളിയായ പ്രമുഖ വ്യക്തി ഞങ്ങൾക്ക് രണ്ടു ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. യു.എസിൽ താമസിക്കുന്നതിനാൽ നാട്ടിലെ ബന്ധുവിന്റെ അക്കൗണ്ടിൽനിന്നാണ് അദ്ദേഹത്തിന്റെ പേരിൽ പണമയച്ചത്. ബന്ധുവിന്റെ പാൻ നമ്പറാണ് നൽകിയതെങ്കിലും അയച്ചത് യു.എസിലുള്ളയാളുടെ പേരിലായതിനാൽ ഞങ്ങളവരെ ബന്ധപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിൽ നിർഭാഗ്യവശാൽ ആ പണം സ്വീകരിക്കാൻ നിവൃത്തിയില്ലെന്ന് അറിയിച്ച് സംഭാവന തിരികെ നൽകി. ഞങ്ങൾക്ക് സംഭാവന നൽകിയ വ്യക്തികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പക്ഷേ, ഞങ്ങൾ സൂക്ഷ്മത പാലിക്കുന്നതിനാൽ അക്കാര്യത്തിൽ അവർക്കൊന്നും ചെയ്യാനാവുമായിരുന്നില്ല. ഞങ്ങൾക്ക് സംഭാവന നൽകുന്നവരെ ഭയപ്പെടുത്തലും ഭരണകൂടത്തിന്റെ ലക്ഷ്യമാണ്. ജനങ്ങളുടെ സംഭാവന നിലച്ചാൽ ആൾട്ട്ന്യൂസിന്റെ പ്രവർത്തനം നിലക്കും. അതു സംഭവിച്ചാൽ ബി.ജെ.പിയെയും ഹിന്ദുത്വയെയും വിമർശിക്കാൻ ഞങ്ങളുണ്ടാവില്ലെന്ന് അവർക്കറിയാം.
ജയിലിലെ അനുഭവം എങ്ങനെയായിരുന്നു?
ജയിലിൽ എനിക്ക് ദുരനുഭവങ്ങളൊന്നുമുണ്ടായില്ല. ഞാൻ ഭാഗ്യവാനായിരുന്നു. പ്രതിപക്ഷ പാർട്ടികളോടും മാധ്യമങ്ങളോടും സമൂഹമാധ്യമങ്ങളോടും ഇക്കാര്യത്തിൽ നന്ദിയുണ്ട്. മറ്റൊന്ന് ഞാൻ പുറത്തിറങ്ങിയാൽ ജയിലനുഭവങ്ങളെ കുറിച്ച് എഴുതുമോ എന്ന് പേടിച്ചാണോ എന്നറിയില്ല എന്നോട് നന്നായാണ് ജയിൽ അധികൃതർ പെരുമാറിയത്. താരതമ്യേന മെച്ചപ്പെട്ട ഭക്ഷണമാണ് ലഭിച്ചത്. ടി.വി കാണാനും ലൈബ്രറിയിൽ പോകാനും അനുമതിയുണ്ടായിരുന്നു. മറ്റു ജയിലുകളെ അപേക്ഷിച്ച്, തിഹാർ ജയിലിലേത് മോശമല്ലാത്ത അനുഭവമായിരുന്നു. സ്പെഷൽ ജയിലിലായിരുന്നു താമസം. എനിക്കവിടെ നല്ല സുഹൃത്തുക്കളെ കിട്ടി. സീതാപൂർ ജയിലിൽ നാലുദിവസമാണ് കഴിഞ്ഞത്. ജയിലിൽ കഴിയുന്ന 80 ശതമാനത്തിലധികം പേരും വിചാരണ നേരിടുന്നവരാണ്. എനിക്ക് നിയമസഹായം നൽകാൻ മികച്ച ലീഗൽ ടീമുണ്ടായിരുന്നു. എന്നാൽ, ജയിലിൽ കഴിയുന്ന പലരും അതിന് നിവൃത്തിയില്ലാതെ ഏറെ കാലമായി വിചാരണ നേരിടുന്നവരാണ്. അവരെ കുറിച്ചും പൊലീസിലെ പരിഷ്കരണത്തിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ എഴുതണമെന്ന് ജയിലർ എന്നോടു പറഞ്ഞു.
അറസ്റ്റിനുശേഷം താങ്കളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടായോ?
എന്റെ ജീവിതത്തിൽ മാറ്റമുണ്ടായിട്ടില്ല. നൂപുർ ശർമ വിഷയം സർക്കാറിനെയും ഹിന്ദുത്വ കേന്ദ്രങ്ങളെയും ശരിക്കും പ്രകോപിപ്പിച്ചിരുന്നു. അതിനുശേഷം എനിക്കെതിരെ പല സംസ്ഥാനങ്ങളിൽ കേസ് നൽകാൻ ട്വിറ്ററിലും ഫേസ്ബുക്കിലും ഹിന്ദുത്വ പ്രൊഫൈലുകൾ ആഹ്വാനം ചെയ്തു. പണം വാഗ്ദാനം ചെയ്തായിരുന്നു കേസ് നൽകാൻ പ്രേരിപ്പിച്ചിരുന്നത്. ഭീഷണികൾ വന്നു. എന്റെ വീടുവരെ തങ്ങൾക്കറിയാമെന്ന് മുന്നറിയിപ്പും ചിലർ നൽകി. അവർ കാര്യമായി എന്തൊക്കെയോ പദ്ധതിയിടുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. വീടിനു മുന്നിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചു. എന്റെ കുട്ടികളെ പുറത്തുവിടുന്നത് ഒഴിവാക്കി. സ്കൂളിലേക്ക് പറഞ്ഞയക്കുന്നതുപോലും താൽക്കാലികമായി നിർത്തി. എന്റെ കുടുംബത്തിന് പേടിയുണ്ട്. അവരെ കുറിച്ചോർത്തുമാത്രം എനിക്കും പേടിയുണ്ട്. എനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചപ്പോൾ പൊലീസിന്റെ സംരക്ഷണം തേടാൻ പലരും ഉപദേശിച്ചു. എന്നാൽ, ബി.ജെ.പി സർക്കാറിന് കീഴിലെ പൊലീസിന്റെ സംരക്ഷണം തേടുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ എതിരാളികൾക്ക് കൂടുതൽ സഹായകരമാവുമെന്ന് എനിക്കുതോന്നി. എന്റെ വീടിന്റെ ലൊക്കേഷൻ ഹിന്ദുത്വ ഗ്രൂപ്പുകൾക്ക് അറിയാം. ഇപ്പോൾ അവർ നിശ്ശബ്ദരായിരിക്കാം. പക്ഷേ, ഭാവിയിൽ അവർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല.
(അവസാനിച്ചു)