'അപ്പോള്‍ ഞാനൊരു ബൂര്‍ഷ്വാ കലാകാരനായിരുന്നു'; ഗൊദാർദ് തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുന്നു
ലോകസിനിമയുടെ ഭാഷയെ മാറ്റിയെഴുതിയ സംവിധായകനാണ് ഴാങ് ലൂക് ഗൊദാർദ്. സെപ്റ്റംബർ 14ന് ഗൊദാർദ് വിടപറഞ്ഞു. ആ പശ്ചാത്തലത്തിൽ ആഴ്ചപ്പതിപ്പിന്റെ ലക്കം 1199ൽ പ്രസിദ്ധീകരിച്ച അഭിമുഖം പുനഃപ്രസിദ്ധീകരിക്കുന്നു. ചലച്ചിത്രപ്രവർത്തകരായ ഗൊദാർദും ഗോറിനുമായി വർഷങ്ങൾക്ക് മുമ്പ് Kent Karrol നടത്തിയ സംഭാഷണത്തിൽനിന്ന് ഗൊദാർദിന്റെ ഭാഗം മാത്രമാണ് ഇവിടെ ചേർത്തിട്ടുള്ളത്. തന്റെ സിനിമയെക്കുറിച്ചാണ് ഇതിൽ ഗൊദാർദ് സംസാരിക്കുന്നത്. ഈ നിലപാടുകളിൽനിന്ന് പിന്നീട് ഗൊദാർദ് മുന്നോട്ടുപോയെങ്കിലും 1960കളുടെ അവസാനം അദ്ദേഹത്തെ രൂപപ്പെടുത്തിയ സിനിമാ ചിന്തകൾ എെന്തന്ന് അഭിമുഖം വ്യക്തമാക്കുന്നു.
ഒരു കൂട്ടായ്മ എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ടോ? ഒരു വ്യക്തിക്ക്, സ്വതന്ത്ര സംവിധായകന് രാഷ്ട്രീയമായി (Politically) സിനിമകള്‍ ഉണ്ടാക്കാന്‍ പറ്റുമോ?
അത് പലതിനെയും ആശ്രയിച്ചിരിക്കുന്നു. ആദ്യം നിലനില്‍ക്കുന്ന ഭരണവർഗ സമ്പദ്വ്യവസ്ഥയിൽനിന്ന് സ്വതന്ത്രമാവണം. സ്വതന്ത്രമാവുക എന്നാല്‍ എന്താണ് എന്ന് മനസ്സിലാക്കണം. അതിന് കാമ്പസില്‍ ഒരു ഹിപ്പി ആവുക എന്ന് അർഥമില്ല. ബർക്കലി ഒരു സ്വതന്ത്രമായ പ്രദേശമാണ് എന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും, സ്വതന്ത്രമായ ഈ പ്രദേശത്തിന്റെ അതിര്‍ത്തിയിലേക്ക് പോവുമ്പോള്‍ ജയില്‍ അഴികള്‍ പഴയതുപോലെ നിലനില്ക്കുന്നു, അത് കൂടുതല്‍ അദൃശ്യമാണ് എന്നു മാത്രം. നിങ്ങള്‍ ആദ്യമായി ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിൽനിന്നാണ് മോചനം നേടേണ്ടത്, അപ്പോള്‍ നിങ്ങള്‍ക്ക് വിപ്ലവത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് പോകാന്‍ പറ്റും. അപ്പോൾ ഒരു കൂട്ടായ്മയായി, സംഘമായി പ്രവര്‍ത്തിക്കുക എന്നത് പ്രധാനമാണ്. ഐക്യത്തിനായി സംഘടിക്കുക. സിനിമ ഐക്യം ഉണ്ടാക്കാന്‍ സഹായിക്കുന്നതാണ്. സിനിമ ഉണ്ടാക്കുക എന്നത് രാഷ്ട്രീയത്തിന്റെ പുതിയ ആശയങ്ങൾ സൃഷ്ടിക്കാനുള്ളതിലെ ഒരു സ്ക്രൂ മാത്രമാണ്.
കര്‍തൃത്വം എന്ന സങ്കൽപം, സ്വതന്ത്രമായ ഭാവന എന്നത് വ്യാജമാണ്. പക്ഷേ, ഈ ബൂര്‍ഷ്വാ ആശയം ഇതുവരെയും മാറ്റിസ്ഥാപിക്കപ്പെട്ടിട്ടില്ല. ആള്‍ക്കാരെ ഒന്നിച്ചു കൊണ്ടുവരുക എന്നതായിരിക്കും ഇതിന്റെ ആദ്യപടി. അപ്പോള്‍ നിങ്ങള്‍ക്ക് സ്വതന്ത്രമായ ചര്‍ച്ച സാധ്യമാണ്. പക്ഷേ, രാഷ്ട്രീയപരമായ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചില്ലെങ്കില്‍ സ്വതന്ത്ര ചര്‍ച്ച സാധ്യമല്ല. അല്ലെങ്കില്‍ സംഘടിതമായ സൃഷ്ടി ഒരു ഭക്ഷണശാലയിലെ കൂട്ടഭക്ഷണം മാത്രമാവും.
ഇത് നിശ്ചിതമായ നൈപുണ്യമോ നിശ്ചിതമായ അറിവോ ആവശ്യപ്പെടുന്നുണ്ടോ?
ഉണ്ട്, പക്ഷേ ആ നൈപുണ്യവും അറിവും സാമൂഹികമാണ്. ശരിയാണ്, ഒരു തോക്ക് ഉപയോഗിക്കാന്‍ അതിനുള്ള കഴിവും പ്രാപ്തിയും ആവശ്യമാണ്. വേഗത്തില്‍ ഓടാന്‍ ശക്തിയുള്ള കാലുകളും പരിശീലനവും ആവശ്യമാണ്. ഫോട്ടോ എടുക്കുമ്പോള്‍ ഔട്ട് ഓഫ് ഫോക്കസ് ആവാതിരിക്കാന്‍ അത്തരത്തിലുള്ള കഴിവ് ആവശ്യമാണ്. പക്ഷേ, കഴിവിന്റെ സാമൂഹിക ഉപയോഗവും ഉണ്ട്. ആ സാങ്കേതിക അറിവ്, അല്ലെങ്കില്‍ ആ പ്രാപ്തി വായുവില്‍ മേഘങ്ങളെപ്പോലെ നിലനില്‍ക്കുന്നതല്ല.
സിനിമയുടെ സൗന്ദര്യശാസ്ത്രം മാത്രമല്ല, ചരിത്രവും തകര്‍ക്കണം എന്നാണോ താങ്കള്‍ അർഥമാക്കുന്നത്? അപ്പോള്‍ ആദ്യം ഒരു റാഡിക്കല്‍ ആവുക, പിന്നീട് ഒരു ചലച്ചിത്രകാരന് ആവുക എന്നതല്ലേ നല്ലത്?
ഞങ്ങള്‍ രണ്ടുപേരും ഇതിന് ഒരു ഉദാഹരണമാണ്. ഞാന്‍ ഒരു ബൂര്‍ഷ്വാ സിനിമാക്കാരന് ആയിരുന്നു. പിന്നീട് ഒരു പുരോഗമന സിനിമാക്കാരന്. പിന്നീട് ഒരു സിനിമാ ജോലിക്കാരന് മാത്രം. ഴാന്‍-പെരി (ഗോറിന്) ഒരു വിദ്യാർഥിയും പിന്നെ ഒരു തീവ്രവാദിയും ആയിരുന്നു. പിന്നെ സിനിമയിലേക്ക് പോകണം എന്ന് ഒരുവേള അദ്ദേഹം വിചാരിച്ചു. കാരണം, സിനിമ പ്രത്യയശാസ്ത്ര സമരത്തിലെ ഒരു പ്രധാന ഭാഗമാണ്. ഇത് ഇന്നത്തെ ഫ്രാന്‍സിൽ വർഗസമരത്തിലെ പ്രാഥമികമായ വശമാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചു. അദ്ദേഹത്തിന് സിനിമയുടെ സങ്കേതങ്ങള്‍ എന്നെക്കാള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം കര്‍ത്തവ്യം എന്ന നിലയില്‍ പഠിക്കേണ്ടിയിരുന്നു, ഹോബി എന്ന രീതിയില്‍ അല്ല.
നൈപുണ്യത്തിന്റെ പ്രയോജനങ്ങള്‍ ഉപയോഗപ്പെടുത്തുക സാധ്യമാണോ? താങ്കള്‍ കൂടെ പ്രവര്‍ത്തിച്ചുകൊണ്ട് ഏതുതരത്തിലുള്ള സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് താങ്കളുടെ കാമറാമാനായ റാവുള് കോര്ട്ടാര്ഡിനെ ഉപയോഗിക്കുമോ?
എന്തുകൊണ്ട് ഇല്ല? ഉദാഹരണമായി, ഈ സമയത്ത് ഞങ്ങള്‍ക്ക് ഒരു എഡിറ്റര്‍ വേണം. ഞങ്ങള്‍ക്ക് അത് ചെയ്യാനറിയാത്തതുകൊണ്ടോ കഴിയാത്തതുകൊണ്ടോ അല്ല. നന്നായി പരിശീലനം കിട്ടിയ ഒരാള്‍ വേണം. അപ്പോള്‍ കാര്യങ്ങള്‍ വേഗത്തില്‍ നീങ്ങും. ഞങ്ങള്‍ക്ക് എത്രയും വേഗത്തില്‍ പോവേണ്ടതുണ്ട്. ഞാന്‍ അർഥമാക്കുന്നത് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാന്‍ ലെനിന് ഒരു ടാക്സി പിടിക്കാം. ടാക്സി ഡ്രൈവര്‍ ഒരു ഫാഷിസ്റ്റ് ആണോ എന്ന് നോക്കേണ്ട ആവശ്യമില്ല. എഡിറ്റിങ്ങിന്റെ കാര്യവും ഇതുപോലെയാണ്. അൽ ഫത്തക്കുവേണ്ടി (Al Fatah) ഞങ്ങള്‍ ചെയ്ത രണ്ടു വ്യത്യസ്ത രീതികളില്‍ രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്ന രണ്ടു പെണ്‍കുട്ടികളെ കുറിച്ചുള്ള സിനിമയെ കുറിച്ച് (Here and Elsewhere) ഞങ്ങള്‍ സംശയാലുക്കളാണ്. ഇവര്‍ വിപ്ലവപ്രക്രിയയുടെ വ്യത്യസ്ത അവസ്ഥകളിലാണ്. ഇതില്‍നിന്ന് സിനിമക്ക് അനുയോജ്യമായത് ഏതാണെന്ന് ഒരു രാഷ്ട്രീയ വീക്ഷണകോണിലൂടെ ഞങ്ങള്‍ക്ക് തിരഞ്ഞെടുക്കണമായിരുന്നു. വളരെ കൃത്യമായ രാഷ്ട്രീയ കാര്യപരിപാടിയുള്ള ഒരു സംഘവുമായി ബന്ധമുള്ളവളായിരുന്നു ഒരു പെണ്‍കുട്ടി. ആ സമയത്ത് ഞങ്ങള്‍ ഈ സംഘത്തോട് യോജിക്കുന്നുണ്ടായിരുന്നു. മറ്റേ കുട്ടി രാഷ്ട്രീയപരമായി അൽപം തീവ്രത കുറഞ്ഞവളായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് അവളെ സംബന്ധിച്ച് പുരോഗമനം ആയിരിക്കാം. മാത്രവുമല്ല, ഈ പുരോഗമനത്താൽ ഞങ്ങള്‍ക്ക് തമ്മില്‍ കൂടുതല്‍ ഫലവത്തായ രാഷ്ട്രീയ ബന്ധം ഉണ്ടാകും.
സാങ്കേതിക പ്രശ്നങ്ങള്‍ എന്നു വിളിക്കപ്പെടുന്ന എല്ലാ കാര്യങ്ങളെയും അവയുടെ വളരെ ലളിതമായ തലത്തിലേക്ക് ചുരുക്കിയതോടുകൂടി ഞങ്ങള്‍ ഒരു ചുവട് മുന്നോട്ടുവെച്ചു. നിങ്ങള്‍ ഫോട്ടോഗ്രഫിയെ കുറിച്ച് ഒരു പുസ്തകം വായിക്കുമ്പോൾ, അത് ഹോളിവുഡ് ഫോട്ടോഗ്രാഫറുടേത് ആവട്ടെ, അല്ലെങ്കില്‍ കൊഡാക്കിന്റെ ആവട്ടെ, അതൊരു ആറ്റംബോംബ് ഉണ്ടാക്കുന്നതുപോലെ ആയി തോന്നാം, എന്നാല്‍ അങ്ങനെ അല്ല. ഇത് സത്യത്തില്‍ വളരെ ലളിതമാണ്. അതുകൊണ്ട് ഞങ്ങൾ വളരെ കുറച്ചു ദൃശ്യങ്ങള്‍ മാത്രം ഉണ്ടാക്കുകയാണ്. രണ്ടില്‍ കൂടുതല്‍ ട്രാക്കുകൾ ഉപയോഗിക്കില്ല, അപ്പോള്‍ മിക്സിങ് ലളിതമാവും.
ഹോളിവുഡിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹോളിവുഡ് എല്ലാവരുമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അത് ന്യൂസ് റീല്‍ ആവട്ടെ, ക്യബിന്സ് ആവട്ടെ, യൂഗോസ്ലാവിയക്കാര് ആവട്ടെ, അല്ലെങ്കില്‍ ന്യൂയോർക് ഫിലിം ഫെസ്റ്റിവല്‍ ആവട്ടെ, അല്ലെങ്കില്‍ വേണ്ട, കാന്‍ ഫെസ്റ്റിവല്‍ ആവട്ടെ, അല്ലെങ്കില്‍ Cinematheque Francaise ആവട്ടെ, അല്ലെങ്കില്‍ Cahiers du Cinema ആവാം. ഹോളിവുഡ് എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാം. ഞങ്ങള്‍ ഓരോ പ്രാവശ്യവും ഹോളിവുഡ് എന്നു പറയുമ്പോള്‍ അത് സിനിമ എന്ന പ്രത്യയശാസ്ത്ര ഉൽപന്നത്തിന്റെ സാമ്രാജ്യത്വമാണ്.
നിങ്ങള്‍ വിശദീകരിച്ച രീതിയിലുള്ള വിപ്ലവ രാഷ്ട്രീയ പ്രക്രിയയിലൂടെ നിങ്ങള്‍ ആദ്യമായി ഉണ്ടാക്കിയ സിനിമയാണോ See You at Mao?
ആദ്യത്തേത് A Movie like the Others എന്ന സിനിമയായിരുന്നു. 1968 മേയ്-ജൂണില്‍ ഫ്രാന്‍സിൽ ഉണ്ടായ സംഭവങ്ങള്‍ക്ക് തൊട്ടു പിന്നാലെയാണ് ഈ സിനിമ ഉണ്ടാക്കിയത്. പക്ഷേ, അതൊരു പൂർണ പരാജയമായിരുന്നു. അതുകൊണ്ട് അൽപം ചിന്തിച്ചുകൊണ്ടുള്ള ശരിയായ ആദ്യസംരംഭം See You at Mao ആണെന്ന് പറയാം. ഈ സിനിമ ഒരു തരത്തിലുള്ള ബൂര്‍ഷ്വാ സിനിമയാണ്. അതേസമയം നിർമാണത്തിൽ പല വശങ്ങളിലും അത് പുരോഗമനാത്മകമാണ്. അതിന്റെ സാങ്കേതിക ലാളിത്യത്തിന്റെ കാര്യത്തില്‍.
ഉദാഹരണമായി, ഈ സിനിമയിലെ നഗ്നയായ സ്ത്രീയുടെ ഷോട്ട് വളരെ പുരോഗമനാത്മകമായ സംവാദം ഉണ്ടാക്കും. ഇന്നലെ വൈകുന്നേരം ഹ്യൂസ്റ്റനില്െവച്ച് ഒരു വിദ്യാർഥി പറയുകയുണ്ടായി: ''Zabriskie Point (സംവിധാനം: ആന്റോണിയോണി) എന്ന സിനിമയും ഈ സിനിമയും തമ്മില്‍ ഒരു വ്യത്യാസവുമില്ല.'' ഞാന്‍ പറഞ്ഞു: ''ശരി. Zabriskie Point കണ്ടതിനുശേഷം നിങ്ങള്‍ എന്താണ് ചെയ്തത്?'' അയാള്‍ പറഞ്ഞത്: "ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നു." ഞാന്‍ പറഞ്ഞു: ''ശരി. എന്തിനെ കുറിച്ചാണ് താങ്കള്‍ കൂടുതല്‍ ചിന്തിക്കുന്നത്?'' "എനിക്ക് അറിയില്ല", അയാള്‍ പറഞ്ഞു. See You at Mao എന്ന സിനിമയെ കുറിച്ച് അയാള്‍ തിരിച്ചു ചോദിച്ചു: ''സ്ത്രീശരീരത്തിനു പകരം എന്തുകൊണ്ട് ഒരു പുരുഷശരീരം ഉപയോഗിച്ചില്ല?'' അപ്പോള്‍ ഞാന്‍ പറഞ്ഞു: ''സ്ത്രീ വിമോചനത്തിനായി ഒരു ദൃശ്യം സൃഷ്ടിക്കാനായി എങ്ങനെ ശ്രമിക്കുകയും നിർമിക്കുകയും ചെയ്യാം എന്നാണ് ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. പിന്നെ ഞങ്ങള്‍ യഥാർഥ രാഷ്ട്രീയപരവും പുരോഗമനപരവുമായ ചര്‍ച്ചകൾ നടത്തുന്നുണ്ട്. ഇത് Zabriskie Pointല്‍ നിങ്ങള്‍ക്ക് ഒരിക്കലും കണ്ടെത്താന്‍ കഴിയില്ല. ലളിതമായ സങ്കേതങ്ങള്‍ പുരോഗമനാത്മകമായ രാഷ്ട്രീയ ആശയങ്ങള്‍ ഉണ്ടാക്കും എന്നതുകൊണ്ട് ഞങ്ങള്‍ ഇതാണ് അർഥമാക്കുന്നത്.''
സിനിമ കാണുന്ന പ്രേക്ഷകരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയും സിനിമയോടുള്ള നിങ്ങളുടെ സ്വന്തം മനോഭാവങ്ങളെയും അടിസ്ഥാനമാക്കിയാണോ നിങ്ങളുടെ തുടര്‍ന്നുള്ള ഓരോ സിനിമയുടെയും വിജയം?
പ്രധാനമായും ഞങ്ങളുടെ മനോഭാവമാണ് പുരോഗതിയെ നിർണയിക്കുന്നത്. കാരണം, ഇതുവരെ ഞങ്ങളുടെ സിനിമകളില്‍ നെഗറ്റിവ് വശങ്ങള് ഉണ്ടായിരുന്നു. എന്നാല്‍, ഈ നെഗറ്റിവ് വശങ്ങളെ തുടര്‍ന്നുവരുന്ന സിനിമകളില്‍ പോസിറ്റിവ് വശങ്ങളാക്കി പരിവര്‍ത്തിപ്പിക്കാൻ കഴിയും എന്നതാണ് വസ്തുത. എന്നിരുന്നാലും അവ പുരോഗമനാത്മകമായ വഴിയിലൂടെയാണ് കൈവരിച്ചത്.
വിതരണത്തിലെ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
നിർമാണവും വിതരണവും തമ്മിലുള്ള വൈരുധ്യമാണ് ഒന്ന്. സാമ്രാജ്യത്വ ശക്തികളാണ് ഈ വൈരുധ്യം ഉണ്ടാക്കിയത്. വിതരണം അവരുടെ നിയന്ത്രണത്തിലാക്കി. "ഞങ്ങള്‍ ഉൽപന്നം വിതരണം ചെയ്യണം എന്നതിനാല്‍ വിതരണത്തിന് പറ്റിയ രീതിയില്‍ സിനിമ ഉണ്ടാക്കണം" എന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ക്ക് നേരെ വിപരീതമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. സിനിമ എങ്ങനെ നിർമിക്കണം, സിനിമ എങ്ങനെ ഉണ്ടാക്കണം എന്ന് ആദ്യം പഠിക്കണം. പിന്നെ വിതരണം എങ്ങനെ നടത്തണമെന്ന് ഞങ്ങള്‍ പഠിക്കും. അതായത്, ഞങ്ങളുടെ ഏതാനും സിനിമകള്‍, വളരെ കുറച്ച് പണം, നിലവിലുള്ള രീതിയില്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. വില്‍ക്കാനായി ഉണ്ടാക്കുക എന്നതാണ് പഴയ രീതി. മറ്റൊരാള്‍ക്ക് വില്‍ക്കാനായി ഉണ്ടാക്കുക. പുതുതായി മറ്റൊന്ന് ഉണ്ടാക്കാനായി വില്‍ക്കുക. ഇപ്പോള്‍ ഇത് അവസാനിച്ചിരിക്കുന്നു. സാമ്പത്തികം കാരണമായി സിനിമ ഉണ്ടാക്കുന്ന രീതി ഞങ്ങള്‍ അവസാനിപ്പിക്കുന്നു. സിനിമ ഉണ്ടാക്കുക എന്നത് വളരെ പ്രധാനമല്ല എന്ന് ഒരു പ്രത്യേക ചരിത്രനിമിഷത്തിൽ ഞങ്ങള്‍ക്ക് മനസ്സിലാകും.
യഥാർഥ വിപ്ലവകരമായ സിനിമകള്‍, രാഷ്ട്രീയ വഴിയിലൂടെയുള്ള രാഷ്ട്രീയ സിനിമകള്‍ക്ക് ഉദാഹരണം എന്തെങ്കിലും ഉണ്ടോ?
ഉണ്ടായിരിക്കാം. ഉണ്ടെങ്കില്‍ത്തന്നെ അറിയപ്പെടാത്തവയാകും. ഏഷ്യയില്‍ ഒന്നോ രണ്ടോ ഉണ്ടായിരിക്കാം. അതുപോലെ ആഫ്രിക്കയിലും. എനിക്ക് അറിയില്ല. ചൈനയില്‍ അവര്‍ ആ രീതിയില്‍ പ്രവര്ത്തിക്കുന്നുണ്ടായിരിക്കാം. പക്ഷേ, ചൈനയുടെ സാഹചര്യവുമായി ബന്ധപ്പെട്ട്, ചൈനക്കാരെ സംബന്ധിച്ച് അത് എളുപ്പമാണ്. കാരണം, അവിടെ ഇരുപതു വര്‍ഷക്കാലത്തെ ജനങ്ങളുടെ സർവാധിപത്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പ്രത്യയശാസ്ത്ര ഉപരിഘടനയെ ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇതിനർഥം അവര്‍ക്ക് കലയിലും സാഹിത്യത്തിലും ശരിയായ, വിപ്ലവാത്മകമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രാപ്തി ഉണ്ട് എന്നാണ്.
Battle of Algiers (സംവിധാനം: Gillo Pontecorvo), Z (സംവിധാനം: Costa Gavras) എന്നീ സിനിമകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
വർഗസമരത്തില്നിന്നോ അല്ലെങ്കില്‍ വിമോചന പ്രസ്ഥാനങ്ങളില്‍നിന്നോ ആണ് ഒരു വിപ്ലവസിനിമ ഉണ്ടാവേണ്ടത്. ഈ സിനിമകള്‍ സമരത്തിന്റെ ഭാഗമല്ല, അവ റെക്കോഡ് ചെയ്യുക മാത്രമാണ്. അവ വെറും രാഷ്ട്രീയത്തെ കുറിച്ചുള്ള സിനിമകളാണ്. രാഷ്ട്രീയക്കാരെെവച്ച് ചിത്രീകരിച്ചത്. അവര്‍ റെക്കോഡ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവനായും പുറത്താണ് ഈ സിനിമകള്‍. ഒരു തരത്തിലും ആ പ്രവര്‍ത്തനത്തിന്റെ ഫലമല്ല. കൂടിവന്നാല്‍, അവ ഉൽപതിഷ്ണുവായ സിനിമകളാണ്.
അവര്‍ ആക്രമിക്കുകയാണ് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചൈനക്കാര്‍ പറയുന്നതുപോലെ പഞ്ചസാരയിൽ പൊതിഞ്ഞ വെടിയുണ്ടയാണിത്. ഈ പഞ്ചസാര വെടിയുണ്ടകളാണ് ഏറ്റവും അപകടകാരികള്‍.
പ്രശ്നത്തെ അപഗ്രഥിക്കുന്നതിനു മുമ്പ് അവര്‍ ഒരു പ്രതിവിധി മുന്നോട്ടുവെക്കുന്നു. ഇതിലൂടെ അവര്‍ പ്രശ്നത്തിനു മുമ്പ് പ്രതിവിധിയെ വെക്കുന്നു. അതേ നിമിഷം അവര്‍ യാഥാർഥ്യത്തെ പ്രതിനിധാനമായി തെറ്റിദ്ധരിക്കുന്നു. ഒരു സിനിമ യാഥാർഥ്യമല്ല. അത് പ്രതിനിധാനം മാത്രമാണ്. ബൂര്‍ഷ്വാ സിനിമാക്കാര് യാഥാർഥ്യത്തിന്റെ പ്രതിനിധാനത്തിലാണ് കേന്ദ്രീകരിക്കുക. ഞങ്ങള്‍ ആ പ്രതിനിധാനത്തിന്റെ യാഥാർഥ്യത്തെ കുറിച്ചാണ് ചിന്തിക്കുന്നത്.
അവരെ കഠിനമായി ആക്രമിക്കുന്നു എന്നതിനാല്‍ ഞങ്ങളുടെ പല പദ്ധതികളും ബ്രിട്ടീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച് ടെലിവിഷനുകള്‍ നിരസിച്ചു. അവര്‍ ഞങ്ങളെ എഫ്.ബി.ഐയെപോലെ കാണുന്നു. ഞങ്ങള്‍ക്ക് ഓസ്കറിനുള്ള സാധ്യതയില്ല. മാത്രമല്ല, സി.ബി.എസിന് വില്‍ക്കാനുള്ള സാധ്യതയും ഇല്ല.
എമിലി സോള ഒരു നല്ല ഉദാഹരണമാണ്. അദ്ദേഹം ഒരു പുരോഗമന എഴുത്തുകാരനായാണ് ആരംഭിച്ചത്. ഖനിത്തൊഴിലാളികളെയും തൊഴിലാളി വർഗത്തെയും കുറിച്ച് അദ്ദേഹം എഴുതി. അദ്ദേഹം പിന്നീട് തന്റെ പുസ്തകത്തിന്റെ ധാരാളം കോപ്പികള്‍ വിറ്റു. അയാള്‍ ഒരു യഥാർഥ ബൂര്‍ഷ്വാസിയായി മാറി. പിന്നീട് ഫോട്ടോഗ്രഫി കണ്ടുപിടിച്ചു. അപ്പോള്‍ അദ്ദേഹം ഫോട്ടോഗ്രാഫുകള്‍ ഉണ്ടാക്കി. അവസാനകാലത്ത് അദ്ദേഹം ഉണ്ടാക്കിയിരുന്നത് പൂന്തോട്ടത്തില്‍ ഇരിക്കുന്ന തന്റെ ഭാര്യയുടെയും കുട്ടികളുടേതുമാണ്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പുസ്തകം ഖനിത്തൊഴിലാളി സമരം പ്രതിപാദിക്കുന്നതായിരുന്നു. അദ്ദേഹത്തിന് സമരംചെയ്യുന്ന തൊഴിലാളികളുടെ ഫോട്ടോകള്‍ എടുക്കാമായിരുന്നു. പക്ഷേ, അദ്ദേഹം അങ്ങനെ ചെയ്തില്ല. പകരം തന്റെ ഭാര്യയുടെ ഫോട്ടോകൾ എടുക്കുകയായിരുന്നു. ഇംപ്രഷനിസ്റ്റ് ചിത്രകാരന്മാരെപ്പോലെ. Manet റെയിൽവേ സ്റ്റേഷന്റെ ചിത്രം വരച്ചു. എന്നാല്‍ സ്റ്റേഷനില്‍ വലിയ സമരം നടക്കുന്ന കാര്യത്തെ കുറിച്ച് അയാള്‍ ബോധവാനായിരുന്നില്ല. അപ്പോള്‍ സിനിമയുടെ വികസനവും കാമറയുടെ കണ്ടുപിടിത്തവും പുരോഗമനം ആയിരുന്നില്ല. നോവലില്‍ ഉള്ള പല കാര്യങ്ങള്‍ പകരാനുള്ള പലതരത്തിലുള്ള സൂത്രമായിരുന്നു. നോവലും സിനിമയുണ്ടാക്കുന്നതും തമ്മിലുള്ള ബന്ധം, സ്ക്രിപ്റ്റ് എഴുതുന്ന രീതി, സംവിധായകന് സിനിമയെ രൂപപ്പെടുത്തുന്ന രീതി – എല്ലാം ഭരണവർഗ പ്രത്യയശാസ്ത്രത്തെ ഉറപ്പിക്കുന്നതാണ്.
നേര്‍രേഖയിലുള്ള ആഖ്യാനം നോവലിനെ മരണത്തില്‍ എത്തിച്ചു. യാഥാർഥ്യത്തെ ഒരു വിപ്ലവാത്മക സന്ദര്ഭത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നോവലിസ്റ്റുകള്‍ പ്രാപ്തരായിരുന്നില്ല. കാരണം, ആഖ്യാനരീതി എവിടെനിന്നാണ് വരുന്നത് എന്ന് അവര്‍ ഒരിക്കലും അപഗ്രഥിച്ചില്ല. ആരാണ് ഇത് കണ്ടുപിടിച്ചത്? ആര്‍ക്കുവേണ്ടി? ആര്‍ക്ക് എതിരെ? ഒരു സിനിമയില്‍ ശുദ്ധമായ സങ്കേതങ്ങള്‍ ഇല്ല. നിഷ്പക്ഷമായ കാമറ അല്ലെങ്കില്‍ സൂം എന്നൊന്നില്ല. ഇവയുടെ സാമൂഹിക ഉപയോഗം മാത്രമേ ഉള്ളൂ. 16 mm കാമറയുടെ സാമൂഹിക ഉപയോഗം ഉണ്ടാവാം. എന്നാല്‍, ഇത് കണ്ടുപിടിച്ചപ്പോള്‍ വെളിച്ചത്തെ കുറിച്ചോ എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ പറ്റുന്ന കാമറയെ കുറിച്ചോ വിശകലനങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവയുടെ സാമൂഹിക ഉപയോഗം ഹോളിവുഡ് നിയന്ത്രിച്ചു.
കൂടുതല്‍ സിനിമകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന തരത്തിലുള്ള സന്ദര്‍ഭം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? പകരം തന്റെ ഊര്‍ജം മുഴുവന്‍ സിനിമ ഉണ്ടാക്കാന്‍ അനുവദിക്കാത്ത വിധത്തിലുള്ള മറ്റൊരുതരത്തിലുള്ള വിപ്ലവ പ്രവര്‍ത്തനത്തിന് സമര്‍പ്പിക്കണം എന്ന് തീരുമാനിക്കാന്‍ തോന്നിയിട്ടുണ്ടോ?
പൊരുതിക്കൊണ്ടാണ് ചെ ഗുവേര മരിച്ചത്. ആ രീതിയിലാണ് പലരും അദ്ദേഹത്തെ നോക്കുന്നത്. അവരും അതുപോലെ ചെയ്യണം എന്നാണ് അവര്‍ ചിന്തിക്കുന്നത്. അതൊരു വലിയ കാൽപനിക സങ്കൽപമാണ്.
സിനിമയിലെ സാമ്പത്തികം എന്ന വിഷയത്തെ കുറിച്ച് എന്തു പറയുന്നു? താങ്കള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന സിനിമകളെ കുറിച്ചും. എന്തുകൊണ്ടാണ് താങ്കള്‍ ഈ സിനിമകള്‍ ഉണ്ടാക്കുന്നത് എന്നതിനെ കുറിച്ചും പല വിതരണ മാർഗങ്ങളും ടി.വി സ്റ്റേഷനുകളും കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായ സാഹചര്യത്തില്‍ പണത്തിന്റെ സാധാരണ സ്രോതസ്സുകള്‍ ലഭ്യമല്ലാതാവില്ലേ?
ഇതുകൊണ്ടാണ് ഞങ്ങള്‍ക്ക് നഗരപ്രാന്തങ്ങളിലോ ഫാക്ടറിയിലോ വിഡിയോ ടേപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നത്. ഇരുനൂറ് ആള്‍ക്കാരോട് അവരുടെ വിവരങ്ങള്‍ അവര്‍ക്ക് എത്തിക്കാനായി ആഴ്ചയില്‍ ഇരുപതു സെന്റ് വീതം ചോദിക്കുക എന്നതാണ് ഏക സാധ്യത. അവരില്‍നിന്നുള്ള വിവരങ്ങള്‍ അവര്‍ക്ക് എത്തിക്കുക. അപ്പോള്‍ ഇതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അപ്പോഴും ഗ്രോവ് പ്രസിനുവേണ്ടി ഞങ്ങള്‍ ചെയ്യാന്‍ പോവുന്ന നാല് സിനിമയാണ് ഉള്ളത്. ഗ്രോവ് പ്രസ് രണ്ടു സിനിമകള്‍ മുന്‍കൂറായി വാങ്ങിച്ചുകഴിഞ്ഞു. ഞങ്ങളെ സംബന്ധിച്ച് ഇതിന്റെ അർഥം എന്താണ്? അമേരിക്കയില്‍ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് ആ സിനിമയെ നിയന്ത്രിക്കാന്‍ പറ്റും. അതിനർഥം, ഇത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്കുണ്ടായിരുന്ന പണത്തേക്കാള്‍ കൂടുതലാണ്. അതായത് ആറേഴു മാസക്കാലം സിനിമയെ കുറിച്ച് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള പ്രാപ്തി ഞങ്ങള്‍ക്കുണ്ടാവും. അതായത്, ആറുമാസക്കാലം ഭക്ഷണത്തെ കുറിച്ച് വേവലാതിപ്പെടേണ്ട. അപ്പോള്‍ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്.
Vladmir and Rosa എന്ന ആദ്യ സിനിമ ലൈംഗികതയുമായി ബന്ധപ്പെട്ടതാണ്. ഗ്രോവ് പ്രസ് രതിജന്യമായ സിനിമകളിലും അതുപോലെ രാഷ്ട്രീയ അവാങ് ഗാർദ് കലയിലും അവര്‍ തൽപരരാണ്. അതേസമയം, തീവ്രവാദികള്‍ക്ക് സിനിമയില്‍നിന്ന് എന്തെങ്കിലും പഠിക്കാന്‍ കഴിയും. ഗ്രോവ് പ്രസാണ് സിനിമക്ക് പിന്നില്‍ എന്നറിയുമ്പോള്‍ അവര്‍ കുപിതരാവുകയാണെങ്കില് അതൊരു വൈരുധ്യമാണ്. ജനങ്ങളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഒരു സിനിമ കാഴ്ചവെക്കാന്‍ കഴിഞ്ഞു എന്നത് തീര്‍ത്തും പുരോഗമനാത്മകം തന്നെയാണ്. അവര്‍ ശരിക്കും രോഷാകുലരാവുകയാണെങ്കില് അത് രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് നയിക്കും. അതായത് ഒരു വൈരുധ്യം ഉണ്ട് എന്നത് തീര്‍ച്ചയാണ്, എന്നാല്‍ ഉത്തരം വളരെ വ്യക്തമാണ്: ഞങ്ങളുടെ സമീപനത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ഉണ്ട്. വിപ്ലവം ഇതിനകം സംഭവിച്ചുകഴിഞ്ഞു എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരേക്കാൾ കൂടുതല്‍ യാഥാർഥ്യ ബോധമുള്ളവരാണ് ഞങ്ങൾ.
Vladmir and Rosa, 18th Brumaire എന്നീ സിനിമകൾ ഫിക്ഷനല്‍ സിനിമകള്‍ ആയിരിക്കുമോ? വിപ്ലവ കൽപിത സിനിമകള്‍ ഉണ്ടാക്കുകയാണോ താങ്കളുടെ ലക്ഷ്യം?
Vladmir and Rosa എന്ന സിനിമയോടുകൂടി ഞാന്‍ വീണ്ടും ഫിക്ഷനില്‍ തുടങ്ങാന്‍ ശ്രമിക്കുകയാണ്. പക്ഷേ, അത് വളരെ ബുദ്ധിമുട്ടായിരിക്കും. ഫിക്ഷനിലേക്ക് പോവുന്ന പാത ഇപ്പോഴും വ്യക്തമല്ല. അത് ഇപ്പോഴും കുറ്റിക്കാടുകളും മരങ്ങളും മാത്രമാണ്. സിനിമ ഫിക്ഷന്‍ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. യാഥാർഥ്യം യാഥാർഥ്യവും. ഡോക്യുമെന്ററി യാഥാർഥ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഫിക്ഷന്‍ ഫിക്ഷനാണ്. യാഥാർഥ്യം യാഥാർഥ്യവും. സിനിമ ഫിക്ഷനാണ്. വിപ്ലവ കൽപിത / ഫിക്ഷനല്‍ സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് വിഷയം. ബൂര്‍ഷ്വാ ഫിക്ഷന്‍ ഉണ്ടാക്കിയതിനു ശേഷം വിപ്ലവ ഫിക്ഷനിലേക്ക് പോവുക എന്നത് ധാരാളം ഇരുണ്ട രാജ്യങ്ങളിലൂടെയുള്ള യാത്രക്ക് സമമാണ്.
ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യവുമായുള്ള താങ്കളുടെ പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലാണോ ആ സിനിമയുടെ പ്രവര്‍ത്തനത്തെ കാണുന്നത്?
ഇത് സ്ത്രീയും പുരുഷനും തമ്മില്‍ എന്നപോലെയാണ്. ഒരാള്‍ മറ്റൊരാളുടെ പുറംഭാഗവും അകംഭാഗവും ആവുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാൻ പറ്റൂ. അല്ലെങ്കില്‍ അതൊരു ബൂര്‍ഷ്വാ വിവാഹം മാത്രമായിരിക്കും. Grove Pressമായുള്ള ഞങ്ങളുടെ കരാര്‍ ഒരു ബൂര്‍ഷ്വാ വിവാഹം ആയിരുന്നു. പക്ഷേ, ഇത് ശരിയാണ്, കാരണം ആളുകള്‍ ഇത്തരത്തിലാണ് ഇന്ന് വിവാഹിതരാവുന്നത്.
താങ്കളുടെ ആദ്യകാല സിനിമകളെ, വിശേഷിച്ച് വ്യക്തമായ രാഷ്ട്രീയമുള്ള La Chinoise പോലുള്ള സിനിമകളെ താങ്കള്‍ ഇപ്പോള്‍ എങ്ങനെയാണ് കാണുന്നത്?
അവ ഹോളിവുഡ് സിനിമകളാണ്. കാരണം, അപ്പോള്‍ ഞാനൊരു ബൂര്‍ഷ്വാ കലാകാരനായിരുന്നു. അവ എന്റെ ശവങ്ങളാണ്.
ബൂര്‍ഷ്വാ സിനിമയില്‍നിന്ന് വിപ്ലവ സിനിമയിലേക്കുള്ള വിച്ഛേദനം ഏത് സമയത്താണ് സംഭവിച്ചത്?
1968 മേയ്-ജൂണില്‍ ഫ്രാന്‍സില്‍ അരങ്ങേറിയ സംഭവവികാസങ്ങൾക്കിടയില്‍.
ആദ്യകാല സിനിമകളെ ഇന്ന് പരിശോധിക്കുമ്പോള്‍ ഏതിനെങ്കിലും നിഷേധാത്മകമായ രീതിയില്‍ അല്ലാതെയുള്ള യോഗ്യത ഉള്ളതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
ഒരുപക്ഷേ, Weekend, Pierrot le Fou എന്നീ സിനിമകള്‍. Two or Three Things I Know About Her എന്ന സിനിമയിലും ചില കാര്യങ്ങള്‍ ഉണ്ട്. പോസിറ്റിവ് ആയ ചില കാര്യങ്ങള്‍ ഈ സിനിമകളില്‍ ഉണ്ട്. One Plus One ആയിരുന്നു എന്റെ അവസാനത്തെ ബൂര്‍ഷ്വാ സിനിമ. അന്ന് ഞാന്‍ വലിയ ധാര്‍ഷ്ട്യമുള്ള ആളായിരുന്നു. വെറുതെ ദൃശ്യങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ ഈ ദൃശ്യങ്ങള്‍ എന്താണ് എന്ന് എനിക്ക് അറിയാം എന്ന് ചിന്തിച്ചുകൊണ്ട് വിപ്ലവത്തെ കുറിച്ച് സംസാരിക്കാന്‍ കഴിയും എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്.
One AM (One American Movie) എന്ന സിനിമ എന്തായി? ഇവിടേക്ക് രണ്ടു വര്‍ഷം മുമ്പ് താങ്കള്‍ അവസാനമായി അമേരിക്കയിലേക്ക് വന്നപ്പോള്‍ ചിത്രീകരിച്ച സിനിമ? താങ്കള്‍ ഈ സിനിമ എപ്പോഴെങ്കിലും പൂര്‍ത്തിയാക്കുമോ?
ഇല്ല. അത് മരിച്ചു. ഇത് രണ്ടുകൊല്ലം പഴക്കമുള്ളതാണ്. തീര്‍ത്തും വ്യത്യസ്തമായ ഒരു സമയത്തേത്. അത് ചിത്രീകരിച്ച സമയത്ത്, ഒരു ബൂര്‍ഷ്വാ കലാകാരെനപ്പോലെ Eldridge Cleaver (അമേരിക്കന്‍ എഴുത്തുകാരന്, രാഷ്ട്രീയ പ്രവര്ത്തകന്) അല്ലെങ്കില്‍ Tom Haydenനെ (അമേരിക്കന്‍ സാമൂഹിക-രാഷ്ട്രീയ പ്രവര്ത്തകന്, എഴുത്തുകാരന്) പോലുള്ളവരുടെ അടുത്തു ചെന്ന് അഭിമുഖം നടത്താമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ, എനിക്ക് തെറ്റി. അതുപോലെ Tom Haydenനും തെറ്റി, എന്നെ അതിന് അനുവദിച്ചതിന്. കാരണം, അത് സിനിമാ പ്രവര്‍ത്തനമായിരുന്നു. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനം ആയിരുന്നില്ല. ഞാന്‍ ബര്‍ക്കലിയിൽ ആയിരുന്നപ്പോള്‍ ഞാന്‍ ടോമിനോട് സംസാരിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. മാത്രമല്ല, അയാള്‍ക്ക് തെറ്റി എന്ന് ഞാന്‍ വിചാരിച്ചു എന്ന് പറയുകയും ചെയ്തു. പക്ഷേ, Cleaver ശരിയായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തിന് ആയിരം ഡോളര്‍ നല്കി. ആ പണം സ്വീകരിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ച് ശരിയായ തീരുമാനമായിരുന്നു. അദ്ദേഹത്തിന്റേത് ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. അമേരിക്കയില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് ആ പണം ആവശ്യമായിരുന്നു.
ബൂര്‍ഷ്വാ കാലത്തുള്ള ആരെങ്കിലുമായി, ത്രൂഫോ അല്ലെങ്കില്‍ കോര്ത്താര്ഡ് (Raoul Coutard) പോലുള്ള ആരെങ്കിലുമായി താങ്കള്‍ ഇപ്പോള്‍ ബന്ധം പുലര്‍ത്തുന്നുണ്ടോ?
ഇല്ല. സംസാരിക്കാനായി ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ഇല്ല. ഞങ്ങള്‍ പരസ്പരം വ്യക്തികള്‍ എന്ന നിലയില്‍ പൊരുതുകയല്ല. അവര്‍ ബൂര്‍ഷ്വാ ചവറ് ഉണ്ടാക്കുകയാണ്, ഞാന്‍ വിപ്ലവ ചവറ് ഉണ്ടാക്കുകയായിരുന്നു.