'അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുന്നതാണ് അരാജകത്വം'
പുതുകാല സിനിമകളിലെ സജീവ സാന്നിധ്യവും ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ അഭിനേതാവായി തിരഞ്ഞെടുക്കപ്പെടുകയുംചെയ്ത സാമൂഹികപ്രവർത്തക കൂടിയായ ജോളി ചിറയത്ത് സംസാരിക്കുന്നു. ദീർഘസംഭാഷണത്തിന്റെ രണ്ടാം ഭാഗം.
സ്കൂളിലെയും കോളജിലെയും രാഷ്ട്രീയ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിടെക്നിക് സ്വകാര്യവത്കരണത്തിനെതിരെ എസ്.എഫ്.ഐയുടെ സമരം. അന്ന് കരുണാകരൻ ഗവണ്മെന്റാണ്. ഞാൻ കെ.എസ്.യു ഒക്കെയാണെങ്കില്പോലും എന്നോടു വന്ന് എസ്.എഫ്.ഐക്കാര്‍ സമരം തുടങ്ങുകയാണെന്നു പറഞ്ഞു. പള്ളി സ്കൂളായതുകൊണ്ട് അതിന്റെ ചരിത്രത്തില്‍ സമരം വളരെ കുറവാണ്. സാധാരണക്കാരുടെ പഠനത്തെ ബാധിക്കുന്നതാണെങ്കില്‍ ഞാന്‍ സമരത്തിന്റെ കൂടെ ഉണ്ടാകുമെന്ന്...
Your Subscription Supports Independent Journalism
View Plansസ്കൂളിലെയും കോളജിലെയും രാഷ്ട്രീയ അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു?
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിടെക്നിക് സ്വകാര്യവത്കരണത്തിനെതിരെ എസ്.എഫ്.ഐയുടെ സമരം. അന്ന് കരുണാകരൻ ഗവണ്മെന്റാണ്. ഞാൻ കെ.എസ്.യു ഒക്കെയാണെങ്കില്പോലും എന്നോടു വന്ന് എസ്.എഫ്.ഐക്കാര്‍ സമരം തുടങ്ങുകയാണെന്നു പറഞ്ഞു. പള്ളി സ്കൂളായതുകൊണ്ട് അതിന്റെ ചരിത്രത്തില്‍ സമരം വളരെ കുറവാണ്. സാധാരണക്കാരുടെ പഠനത്തെ ബാധിക്കുന്നതാണെങ്കില്‍ ഞാന്‍ സമരത്തിന്റെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു. അടുത്തദിവസം കെ.എസ്.യുക്കാരൊക്കെ നോക്കുമ്പോള്‍ ഞാന്‍ എസ്.എഫ്.ഐയുടെ ഒപ്പം നിന്ന് ഇൻക്വിലാബ് വിളിക്കുന്നു. കെ.എസ്.യുക്കാര്‍ എന്നെ പച്ചത്തെറി വിളിച്ചു. കെ.എസ്.യുക്കാര്‍ ഉടനെ കല്ലെറിയുകയാണ്, കൂക്കിവിളിക്കുകയാണ്. സമരത്തിന്റെ ഗതി മാറി മൂന്നു ദിവസം സ്കൂള്‍ അടച്ചിട്ടു. എന്നെ കെ.എസ്.യുക്കാരനായ ഒരുത്തന് കേട്ടാല്‍ അറക്കുന്ന തെറി വിളിച്ചിരുന്നു. എന്നെ തെറി വിളിച്ചവനെ ടി.സി കൊടുത്തു വിടണമെന്ന് എസ്.എഫ്.ഐ നിലപാടെടുത്തു. അതൊന്നും വേണ്ട, വ്യക്തിപരമായി മാപ്പ് പറഞ്ഞാല്‍ മതിയെന്നു ഞാന്‍ പറഞ്ഞു.
കോളജ് അനുഭവങ്ങള്‍ എന്തൊക്കെയായിരുന്നു? പിന്നീടുള്ള രാഷ്ട്രീയ വിശ്വാസങ്ങള്‍ രൂപപ്പെട്ടത് എങ്ങനെയാണ്?
സ്കൂളിനുശേഷം ഞാന്‍ പ്രീ ഡിഗ്രിക്കു പഠിക്കാന്‍ പോകുന്നത് നാട്ടിക എസ്.എന്‍ കോളജിലാണ്. ഞാനാണെങ്കില്‍ 'മനോരമ'യിലെയും 'മംഗള'ത്തിലെയും നോവലുകള്‍ വായിച്ച് കാമുകനെയും പ്രതീക്ഷിച്ചാണ് കോളജിലേക്ക് പോകുന്നത്. അവിടെ സമരം ചെയ്യണം എന്ന ആഗ്രഹമൊന്നുമില്ല. പ്രണയം സംഭവിക്കാത്തതിന്റെ വിഷമവുമുണ്ട്. അതിന്റെ ഇടയില്‍ എസ്.എഫ്.ഐ ചേട്ടന്മാര് വന്നു സംസാരിക്കുമ്പോള്‍ സെന്സിബിള് ആയി തോന്നി. ഞാന്‍ പതുക്കെ എസ്.എഫ്.ഐയുടെ കലക്ടിവ് പരിപാടികളില്‍ രഹസ്യമായി പോകാന്‍ തുടങ്ങി. ഞാന്‍ കെ.എസ്.യുക്കാരി ആണല്ലോ. ആദ്യത്തെ കൊല്ലം രണ്ടു വഞ്ചിയില്‍ കാലിട്ടാണ് ഞാന്‍ എസ്.എഫ്.ഐ പരിപാടികളില്‍ പോയത്. അത് കഴിഞ്ഞ് എസ്.എഫ്.ഐയില്‍ മെംബര്‍ഷിപ്പെടുത്തു. ഞാന്‍ എല്ലാ സമരങ്ങളുടെയും മുന്‍പന്തിയിലെത്തി. സമരങ്ങളുടെ നേതൃത്വത്തിലെത്തി. അങ്ങനെ അവിടെ വനിതാ വിങ്ങിന്റെ സെക്രട്ടറിയായി. ഡിഗ്രി സെക്കൻഡ് ഇയര്‍ പഠിക്കുമ്പോഴാണ് ഞാന്‍ എസ്.എഫ്.ഐയുടെ കാമ്പസിലെ ജോയന്റ് സെക്രട്ടറിയാകുന്നത്. അപ്പോഴേക്കും ഞങ്ങളുടെ ജീവിതസാഹചര്യമൊക്കെ മാറി. അപ്പച്ചന്റെ കട വിറ്റു. ഞങ്ങളിരിക്കുന്ന വീട് വിറ്റു. ഞങ്ങള്‍ വേറൊരു വീട്ടിലേക്ക് മാറി. ഞങ്ങള്‍ അതുവരെ ജീവിച്ച സാഹചര്യങ്ങളില്‍നിന്ന് താഴോട്ടുപോയി. ഞാന്‍ ട്യൂഷനൊക്കെ എടുത്തിട്ടാണ് പഠിക്കുന്നത്. ഡിഗ്രി അവസാന വർഷം ഞാന്‍ ബാലുവിനെ പ്രണയിച്ച് വിവാഹംചെയ്തു. വിവാഹം രഹസ്യമായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിനെതിരെ പ്രൊപഗാൻഡ നടത്തിയതും എസ്.എഫ്.െഎക്കാർ ആയിരുന്നു. ബാലുവിനെക്കുറിച്ച് എന്റെ വീട്ടിലേക്ക് മോശം മെസേജുകള്‍ കൊടുത്തു പേടിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ തന്നെ സ്വയം തീരുമാനിച്ച് പഠിക്കുന്നതുകൊണ്ട് വീട്ടുകാര്‍ക്ക് ഒന്നുംചെയ്യാൻ പറ്റിയില്ല. അതിന്റെ ഇടയില്‍ എസ്.എഫ്.ഐക്കാര്‍ക്ക് സ്ത്രീ നേതാക്കള്‍ എന്നു പറഞ്ഞാല്‍ വെറും ഡമ്മികൾ ആയിരുന്നു. തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് പുരുഷന്മാരാണ്. നമ്മള് ഒപ്പിടാന്‍ മാത്രം മതി, ഞാന്‍ അതിനെ ചോദ്യംചെയ്തു. അവര്‍ അസ്വസ്ഥരാകാൻ തുടങ്ങി. അങ്ങനെ തര്‍ക്കം നിലനില്‍ക്കെയാണ് വിവാഹം കഴിയുന്നത്. വിവാഹം കഴിഞ്ഞതില്‍ പിന്നെ ഭയങ്കര പ്രശ്നമായി. ഞാന്‍ ചോദിച്ചു, എന്താണ് പ്രശ്നം, എനിക്ക് 21 വയസ്സായി. പറയുന്നതിനനുസരിച്ച് സ്വയം ഒരാളെ തിരഞ്ഞെടുത്തതാണ്. ജാതിയും മതവും നോക്കിയിട്ടില്ല. സ്ത്രീധനം കൊടുത്തിട്ടില്ല. അപ്പോള്‍ അവര്‍ അത് ശരിയായില്ല എന്നു പറഞ്ഞു. ഞാന്‍ പിന്നീട് എന്റെ ജോയന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച് എസ്.എഫ്.ഐ വിട്ടു.
പിന്നീട് വിവാഹം കഴിഞ്ഞു ചെന്നൈയില്‍. ആ അനുഭവം എങ്ങനെയായിരുന്നു?
പഠനകാലത്ത് രാഷ്ട്രീയത്തില്‍ നില്ക്കുന്ന സ്ത്രീകളൊക്കെ പിന്നീട് എങ്ങോട്ടു പോകുന്നു എന്ന ഒരു ചോദ്യമുണ്ട്. തീപ്പൊരിയായ സ്ത്രീകള്‍പോലും പിന്നീട് രാഷ്ട്രീയരംഗേത്തക്ക് വരുന്നില്ല. ഞാനടക്കമുള്ളവര്‍ വലിയ വിപ്ലവകരമായി കല്യാണം കഴിച്ചിട്ടും പോകുന്നത് ബാലുവിന്റെ വീട്ടിലേക്കാണ്. ഞാന്‍ സാമ്പ്രദായികമായി താലി കെട്ടിയിട്ടില്ല എന്നേയുള്ളൂ. പക്ഷേ, ബാക്കി എല്ലാം നടക്കുന്നത് സാമ്പ്രദായികമായ രീതിയിലാണ്. കല്യാണത്തിന്റെ ആദ്യത്തെ ഒരു കൊല്ലം ഞാന്‍ വലിയ മാനസിക സമ്മർദത്തിലായിരുന്നു. ഞാനും ബാലുവും പിന്നീട് ചെന്നൈയിലേക്കു പോയി. അവിടെ പോകുമ്പോള്‍ രണ്ടാള്‍ക്കും തൊഴിലില്ല. പിന്നെ അവിടെ ബാലുവിന്റെ മാമന് ഞങ്ങൾക്ക് ഒരു കട ഇട്ടുതന്നു. സ്റ്റേഷനറിയും പലചരക്കും അടങ്ങുന്ന ഒരു കട. ഞങ്ങളുടെ കടയുടെ അടുത്ത് ഗവണ്മെന്റ് നിർമിച്ച ഒരു റെയില്‍വേ കോളനിയുണ്ട്. അവിടെ നൂറുകണക്കിന് ഒറ്റമുറി വീടുകളുണ്ട്. ഒരു വാടക കെട്ടിടത്തിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അതിന്റെ താഴത്തെ നിലയിലാണ് ഞങ്ങളുടെ കട. ഒരു അടുക്കള, ഒരു കക്കൂസ്. തോട്ടപുരത്തെ കോളനിയിലെ ജീവിതങ്ങള്‍ എപ്പോഴും സജീവമാണ്. അവിടെയുള്ള ആളുകളെ ഞാന്‍ പരിചയപ്പെടാന്‍ തുടങ്ങി. അവിടെ ഡാന്‍സുകാര്‍ മുതല്‍ വേശ്യാവൃത്തി ചെയ്യുന്നതടക്കമുള്ള സ്ത്രീകളെ ഞാന്‍ പരിചയപ്പെട്ടു. അവിടത്തെ അനുഭവത്തില്‍ നിന്നു ഞാന്‍ ഒരു ആന്തോളജി എഴുതിവെച്ചിട്ടുണ്ട്. അവിടെ സ്ത്രീകള്‍ നേരിടുന്നത് മാത്രമല്ല സ്ത്രീകൾ തിരിച്ചു പ്രയോഗിക്കുന്ന വയലന്‍സ് ഞാന്‍ കാണുന്നുണ്ട്. സര്വൈവലാണതൊക്കെ. വളരെ നിശ്ശബ്ദരായി റാഡിക്കല്‍ ആയ വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ത്രീകളുണ്ട്. അത് മാത്രമല്ല, വായനയും ചിന്തയുമൊക്കെയുള്ള വിപ്ലവകാരികളുണ്ട്. പൊലീസുകാരെയൊക്കെ കൊങ്ങയ്ക്കു പിടിച്ചുനിർത്തുന്ന പെണ്ണുങ്ങളുണ്ട്. ഇവിടെ വന്ന് പിള്ളേരെ തൊട്ടാല്‍ നീ ബാക്കിയുണ്ടാവില്ലെന്ന് പറയുന്ന സ്ത്രീകളുണ്ട്. അകത്തും പുറത്തും ഒരുപോലെ ഫൈറ്റ് ചെയ്യുന്ന സ്ത്രീകളുണ്ടവിടെ.
ചെന്നൈയിലെ ജീവിതത്തിനുശേഷമാണ് നാടകപ്രവര്ത്തനവുമൊക്കെയായി മുന്നോട്ടു പോകുന്നത്?
ചെന്നൈയിലുള്ളപ്പോഴാണ് എന്റെ ഡിഗ്രി റിസൽട്ട് വരുന്നത്. ബി.എഡ് എടുക്കണം എന്നതിനപ്പുറം വേറെ ഒരു വിചാരവുമില്ല. ബാലുവിന്റെ ഫീൽഡ് കാമറയാണ്. എനിക്ക് കാമറപോലുള്ള ടെക്നോളജി പേടിയാണ്. അന്ന് സുവീരനൊക്കെ നാടകം പഠിച്ച് കഴിഞ്ഞ് വന്നിട്ട് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പോകാനായി പരീക്ഷ എഴുതാന്‍ ചെന്നൈയില്‍ വന്നിരുന്നു. അതുപോലെ ഷാജി വര്‍ഗീസും. അക്കാലത്താണ് കൂത്താട്ടുകുളത്ത് പെണ്ണുങ്ങള് നടത്തുന്ന ഒരു നാടക ക്യാമ്പിനെപ്പറ്റി സുവീരന് പറയുന്നത്. അങ്ങനെ ഞാന്‍ ആദ്യമായിട്ട് ഒരു നാടക ക്യാമ്പ് അറ്റന്റ് ചെയ്യുകയാണ്. നാടകമെന്നത് കണ്ടക്ട്ചെയ്യുന്നവര് സ്വാഭാവികമായിട്ടും സി.പി.എമ്മുകാരാണ്. അല്ലെങ്കില്‍ ഒരു ഇടതുപക്ഷ പശ്ചാത്തലത്തിലുള്ള ആണുങ്ങളും പെണ്ണുങ്ങളും, അതില്‍തന്നെ ഇച്ചിരി ഇന്റലക്ച്വൽ സ്പേസ് ഷെയര്‍ ചെയ്തിട്ടുള്ള മനുഷ്യരാണ് ഇത് നടത്തുന്നത്. നാടക ക്യാമ്പ് 10 ദിവസമായിരുന്നു. ആദ്യ ദിവസങ്ങളില്‍ ക്യാമ്പ് ആക്ടിവിറ്റീസ് പൊതുവായിട്ടായിരുന്നു. പിന്നീട് കണ്ടക്ട് ചെയ്യാനുള്ള സൗകര്യാർഥം രണ്ടു ഗ്രൂപ്പുകളാക്കി മാറ്റി. ബുദ്ധി കുറഞ്ഞ മനുഷ്യര്‍, ബുദ്ധി കൂടിയവര്‍ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി ഇടകലരാതെ നടത്തിയ ക്യാമ്പ്. ക്യാമ്പിന്റെ അവസാനമെന്ന രീതിയിൽ ചെയ്യേണ്ടത് ഒരു 10 മിനിറ്റ് സ്ക്രിപ്റ്റാണ്. അതു നമുക്ക് എന്തുമാകാം. കഥയോ കവിതയോ ഞാനന്ന് സാറ ടീച്ചറുടെ 'എഴുത്തുകാരിയുടെ ഉള്ളിലും' എന്ന കഥ വായിച്ചിട്ട് അതിനെ ബെയ്സ് ചെയ്ത് 10 മിനിറ്റുള്ള ഒരു നാടകമുണ്ടാക്കി. സജിത മഠത്തിലും വേറൊരു സ്ത്രീയുമാണ് അതിൽ അഭിനയിക്കുന്നത്. ശ്രീനാഥ്, അന്നത്തെ റാങ്ക് ഹോള്‍ഡറാണ്. അയാളാണത് ഡയറക്ട് ചെയ്തത്. പക്ഷേ, എന്നെ ഏറ്റവും വേദനിപ്പിച്ചത് തലമൂത്ത ഫെമിനിസ്റ്റുകളായ കുറച്ച് ചേച്ചിമാര് എന്നോട് ചോദിച്ച ചോദ്യമാണ്. ആ നാടകം ബാലു എഴുതി തന്നതല്ലേ എന്നാണ് അവര്‍ ചോദിച്ച ചോദ്യം. ഒരു സ്ത്രീക്ക് ഈയൊരു പൊട്ടന്‍ഷ്യല്‍ ഉണ്ടാവില്ല എന്നൊരു ചിന്ത ഈ ഫെമിനിസ്റ്റുകള്ക്കുതന്നെ എവിടെയോ ഉണ്ടെന്നത് വേദനിപ്പിക്കുന്നതായിരുന്നു. എന്റെതന്നെ കര്തൃത്വത്തിനെ മൊത്തം നിഷേധിക്കുന്നൊരു ചോദ്യമായിരുന്നു അത്.
കേരളത്തിലെ ഫെമിനിസത്തിനെ ജോളി നോക്കിക്കാണുന്നതെങ്ങനെയാണ്?
പല ധാരകളെ മനസ്സിലാക്കാനും കൂട്ടിക്കലര്‍ത്തി കൊണ്ടുപോകാനുമുള്ള ശ്രമം ഫെമിനിസത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും തുടക്കത്തില്‍തന്നെ അത് നിന്നുപോയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങളുടെ ആളുകള്‍ എന്നരീതിയില്‍ കൂടുതല്‍ സെക്ടേറിയന്‍ സ്വഭാവത്തിലാണ് അത് മുന്നോട്ടുപോകുന്നത്. സ്വയം ഫെമിനിസ്റ്റാണെന്ന് അവകാശപ്പെടാന്‍ മാത്രം എെന്തങ്കിലും ഉണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. പേക്ഷ, വിചാരിക്കുന്നത് പുരുഷാധിപത്യ വ്യവഹാരത്തിന്റെ ഭാഷയെ, ആ വയലന്‍സിനെ ഒക്കെ പൊളിച്ചിട്ട് സ്ത്രീക്ക് മാത്രമായി സാധ്യമാകുന്ന വേറൊരു ഭാഷ ഉണ്ടാക്കിയെടുക്കാന്‍ പറ്റണമെന്നായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് പറ്റിയില്ല. 80കളിലും 90കളിലും രണ്ടായിരത്തിലുമൊക്കെ ഒരു ഫെമിനിസ്റ്റ് മൂവ്മെന്റിന് ഓരോ കാലക്രമമനുസരിച്ച് ഓരോ ഉയര്‍ച്ചയും താഴ്ചയും അടക്കമുള്ള വേരിയേഷന്‍ ഉണ്ടായിട്ടുണ്ട്. 2010ല്‍നിന്ന് ഇപ്പോള്‍ ഇവിടെ വന്നുനില്ക്കുമ്പോള്, നേരത്തേ പറഞ്ഞതുപോലെ, സോഷ്യല്‍ മീഡിയയാണ് നമ്മളെ ഓരോന്നിനും തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ചില വയലന്‍സുകള്‍ രസകരമാണ്. പൊളിറ്റിക്സ് പറയുന്ന പെണ്‍കുട്ടികളുടെ കല്യാണം എടുത്തുനോക്കുക. നിറത്തിന്റെ രാഷ്ട്രീയം പറയുന്ന കുട്ടികളൊക്കെ കല്യാണത്തിന്റന്ന് ബാര്‍ബി ഡോള്‍ മാതിരിയാണ് വരുക. സ്വയം അണിഞ്ഞൊരുങ്ങിയാണ് വരുന്നത്. എനിക്കത് വലിയ കോണ്ട്രഡിക്ഷനായി തോന്നാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ജെൻഡറിനെക്കുറിച്ച്, നിറത്തിനെക്കുറിച്ച് എല്ലാം സംസാരിക്കുമ്പോഴും ഇതേ സോഷ്യല്‍ മീഡിയയിലാണ് വെളുപ്പിനെപ്പറ്റി ഏറ്റവും കൂടുതല്‍ പരസ്യങ്ങൾ വരുന്നത്. ഒരേസമയംതന്നെ സോഷ്യല്‍ മീഡിയ രണ്ട് തരത്തിലുള്ള വൈരുധ്യങ്ങളെ ഒരുമിച്ച് കൊണ്ടുപോകുന്നുണ്ട്. ഇതിനെ എങ്ങനെ ഹാൻഡിൽ ചെയ്യാമെന്നറിയാതെയാണ് ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുപോകുന്നത്. അതുപോലെ 'മീ ടൂ' മൂവ്മെന്റ്. അതിനെക്കുറിച്ചു പറയണം. അതിലൊരു വകതിരിവില്ലായ്മയുണ്ടോ എന്ന സംശയം എനിക്കുണ്ട്. കാരണം, സ്വയംഭരണാവകാശം, 'മൈ ബോഡി മൈ റൂള്‍' എന്നു പറഞ്ഞതിനെയൊക്കെ റദ്ദുചെയ്യുന്ന രീതിയിലേക്കാണ് പ്രണയവും സെക്സും ഇന്ന് സ്ത്രീകള്‍ ഹാൻഡില്‍ ചെയ്യുന്നത് എന്നാണ് എനിക്കു തോന്നുന്നത്. വണ്‍ ടു വണ്‍ ബന്ധങ്ങളില്‍ അതിന്റെ താല്പര്യം എന്തായാലും അതില്‍നിന്ന് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് എപ്പോൾ വേണമെങ്കിലും പിന്‍വാങ്ങാം. വിട്ടുപോകാം. ആ സാധ്യതയെ അംഗീകരിക്കാനുള്ള വൈമുഖ്യം പൊതുവേ നമ്മുടെ ആളുകള്‍ക്കുണ്ട്. റിജക്ഷനെ തീരെ താങ്ങാന്‍ പറ്റുന്നില്ല. അതുകൊണ്ടാണ് പുരുഷന്റെ കാര്യത്തില്‍ ഈ റിജക്ഷന് വീട്ടില്‍ കയറി കൊല്ലുന്നതായും ആസിഡ് ഒഴിക്കുന്നതായും മാറുന്നത്. ഇന്ന് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പേടിക്കുന്നത് കാരക്ടര്‍ അസാസിനേഷനാണ്. ലൈംഗികവൃത്തിയില്‍ അച്ചടക്കമില്ല എന്ന തോന്നൽ ഉണ്ടാക്കിയാല്‍ നിങ്ങളുടെ ജീവിതം പാളി. കാരക്ടര്‍ അസാസിനേഷന്‍ ഉണ്ടാക്കിക്കഴിഞ്ഞാല്‍ അവിടെ നിങ്ങള്‍ റദ്ദ് ചെയ്യപ്പെട്ടു. ലൈംഗിക കുറ്റാരോപിതനായ ഒരു മനുഷ്യന്റെ സാമൂഹിക ജീവിതം, അതുവരെ അയാൾ ഉയര്‍ത്തിവന്ന രാഷ്ട്രീയ ജീവിതവും ഒരു നിമിഷംകൊണ്ട് റദ്ദുചെയ്യുന്നൊരു വല്ലാത്ത മാജിക്കാണ് ഇവിടെ കാണിക്കുന്നത്. മോബ് ലിഞ്ചിങ്ങിനെ നമ്മള് എതിര്‍ക്കുമ്പോള്‍തന്നെ ഈ ആക്ടിവിസ്റ്റ് സമൂഹത്തില്‍നിന്നുതന്നെ മോബ് ലിഞ്ചിങ്ങിന് സമാനമായ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ട്. സെക്സും പ്രണയവും ക്രിമിനല്‍ പൊസിഷനിൽ നിര്‍ത്തുന്ന അപകടമായൊരു കളി നമ്മള് അറിഞ്ഞോ അറിയാതെയോ ഈ 'മീ ടൂ' മൂവ്മെന്റില്‍ വന്നുപോകുന്നുണ്ട്. അവനെ ശിക്ഷിക്കൂ, അവളെ ശിക്ഷിക്കൂ എന്ന് പറയുന്നു. പാട്രിയാര്‍ക്കല്‍ വാല്യൂവില്‍ നില്ക്കുന്ന, റിലീജ്യസായി സ്ത്രീകളെ കാണുന്നൊരു ഭരണത്തോടാണ് നമ്മള് അങ്ങനെ ശിക്ഷിക്കാന്‍ പറയുന്നത്.
നമുക്ക് ജീവിതത്തിലേക്ക് തന്നെ പോകാം. പിന്നീട് ഗൾഫിലേക്ക് പോകാനുള്ള ഒരു ജീവിതസാഹചര്യം എന്തായിരുന്നു ?
ചെന്നൈയിൽ നാലഞ്ചു വർഷം കഴിഞ്ഞിട്ടും സാമ്പത്തിക സുരക്ഷിതത്വമായില്ല. വീടിന്റെ വാടക കൊടുക്കാന്‍ പറ്റുന്നില്ല. അമ്മാവന് കടയും തിരിച്ചു വാങ്ങുന്നു. നമ്മള് വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുന്നു. നാട്ടിലേക്കു കള്ളവണ്ടിപോലും കയറേണ്ട അവസ്ഥ ഉണ്ടായി. ബാലുവിനെ ചേട്ടന്മാര് ഗൾഫിലേക്ക് കൊണ്ടുപോകാം എന്നു പറഞ്ഞു. ബാലു ഗൾഫിലേക്ക് പോകുമ്പോള്‍ അഞ്ചു പൈസ വരുമാനം ഇല്ലാതെ നാട്ടിലേക്കു പോകാന്‍ പറ്റില്ല എന്നു ഞാന്‍ പറഞ്ഞു. ഞാന്‍ അങ്ങനെ പോണ്ടിച്ചേരിയിലേക്ക് പോയി. ഒന്നര വർഷം കഴിഞ്ഞിട്ടും ബാലുവിന് എന്നെ ഗൾഫില്‍ കൊണ്ടുപോകാന്‍ പറ്റുന്നില്ല. അപ്പോള്‍ ബാലു എന്നോടു പോണ്ടിച്ചേരിയില്‍നിന്നു നാട്ടിലേക്കു മടങ്ങാൻ പറഞ്ഞു. ഞാന്‍ ജോലി കളഞ്ഞു നാട്ടിലെത്തുമ്പോഴേക്കും ബാലുവിന് വീണ്ടും ജോലി പോയി. അപ്പോഴേക്കും എന്റെ ചിന്തയില്‍ ഒരുപാട് വികാസങ്ങള്‍ നടക്കുന്നുണ്ട്. ആറേഴ് വര്‍ഷത്തെ നാടകം. എനിക്ക് വീണ്ടും പഴയ ജീവിതത്തിലേക്ക് പോകാനും പറ്റില്ല. ഗൾഫിലേക്കുള്ള പോക്ക് വൈകുകയാണെങ്കില്‍ നാട്ടിലെ സ്ത്രീകള്‍ക്ക് ഒരു സംരംഭം തുടങ്ങുക എന്നു ഞാന്‍ തീരുമാനിക്കുന്നു. വനിത സഹകരണ സംഘം രൂപവത്കരിച്ചു. ഒരു തൊഴില്‍ യൂനിറ്റ്, ആദ്യം ഡി.ടി.പി സെന്റര്‍ പ്ലസ് സ്ക്രീൻപ്രിന്റിങ് ഒക്കെയാണ് ആലോചിച്ചത്. അതിനുള്ള പേപ്പര്‍ വര്‍ക്കുകൾ തുടങ്ങി. ഞാനന്നേരം നാടകംചെയ്യാന്‍ തുടങ്ങി. 'നാട്ടരങ്ങ്' എന്നാണ് ആ കൂട്ടത്തിന്റെ പേര്. അവിടെ ചെല്ലുമ്പോഴാണ് രാമചന്ദ്രന് മൊകേരി, എം.ജി. ഉണ്ണികൃഷ്ണന്, സാംകുട്ടി പട്ടംകരിപോലുള്ള മനുഷ്യരെ കാണുന്നത്. നാട്ടരങ്ങിന്റെ നെടുനായകത്വം വഹിക്കുന്നത് സി.ഡി. ജോസ് ആണ്. അതുപോലെ പ്രിയനന്ദനൻ. നാടകം പൊളിറ്റിക്കലി ഇടപെടാനുള്ള ഒരു ടൂള്‍ ആയിട്ട് മാറ്റണം എന്ന ആഗ്രഹത്തിലേക്ക് ഞാന്‍ എത്തുകയാണ്. അതിന്റെ ഭാഗമായി രണ്ടു വീടുകളിലും ഭയങ്കര പ്രശ്നമുണ്ടായി. അപ്പോഴാണ് ബാലു എന്നോട് ഗൾഫിലേക്ക് വരാന്‍ പറയുന്നത്. എനിക്കും കുട്ടികള്‍ വേണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഞാന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഞാനിനി നാട്ടില്‍ നില്‍ക്കില്ല. എങ്ങനെയെങ്കിലും ഗള്‍ഫിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞിട്ടാണ് ഫാമിലി വിസ എടുക്കുന്നത്. എന്റെ ആദ്യത്തെ കുട്ടി അവിടെയാണ് ഉണ്ടാകുന്നത്.
ഗൾഫിലെ ജീവിതപരിസരം എങ്ങനെയായിരുന്നു?
ഞാനാദ്യം കാണുന്ന വരണ്ട പച്ചപ്പില്ലാത്ത ഗൾഫ് എനിക്കു വല്ലാത്ത പ്രശ്നമുണ്ടാക്കി. ഇന്നത്തെ ഗള്ഫല്ല. തൊണ്ണൂറ്റി ആറിലെ ഗള്‍ഫ്. തീരെ പച്ചപ്പില്ല. ഒരു സ്ഥലത്തും മറവില്ല. അങ്ങനത്തെ കാഴ്ചയില്‍ ഞാന്‍ ഭയങ്കര ഡെസ്പ് ആയിരുന്നു. എനിക്ക് തിരിച്ചുവന്നാല്‍ മതി. രാവിലെ ബാലു പോകും. ഞാന്‍ കൂട്ടിലിട്ട തത്തയെപ്പോലെ വീട്ടിലിരിക്കും. അതുവരെ മുറിക്കകത്ത് വെറുതെ ഇരിക്കുകയാണ്. പിന്നെ ജീവിതം മാറിമറിഞ്ഞു. കുട്ടികളായി. പക്ഷേ, പിന്നീട് സാമ്പത്തികപരമായി വലിയ ഞെരുക്കം വന്നു. ആ സാമ്പത്തികത്തില്‍ ജീവിക്കാന്‍ പറ്റില്ല. ബാലു െവച്ച പരിഹാരം ഞാനും കുട്ടികളും നാട്ടില്‍ പോകലാണ്. അത് പറ്റാത്ത അവസ്ഥ. അങ്ങനെ ഞാന്‍ കണ്ടുപിടിച്ചൊരു ജോലിയാണ് ഈവനിങ് മാത്രമുള്ള സെയില്‍സ് പ്രമോഷന്. വലിയ മാളുകളില്‍ പ്രൊഡക്ട് എടുത്ത് സെയിൽ ചെയ്യുക. പക്ഷേ, ഇത് ആഴ്ചയില്‍ രണ്ടു ദിവസമേ ഉള്ളൂ. അതിന്റെ ഇടയില്‍ ഇവിടെ ഒരു കലക്ടിവ് ഉണ്ടാകുന്നുണ്ട്. ഗള്‍ഫില്‍ അടിഞ്ഞുകൂടിയ, എഴുത്തും വായനയും സിനിമയും കവിതയും ഒക്കെ താൽപര്യമുള്ള മനുഷ്യരുമായി ഒന്നിക്കുന്നു. നമ്മളൊരു ഹാളില്‍ പുസ്തകം കൊണ്ടുവെക്കുന്നു, സീഡി കൊണ്ടുവെക്കുന്നു. അങ്ങനെ ആ കലക്ടിവ് തുടങ്ങി. എല്ലാവരുംകൂടി പത്തിരുപത് പേര്. അപ്പോള്‍ കുറച്ചുകൂടി സജീവത വന്നുതുടങ്ങി. നാട്ടിലുള്ള പഴയ ഉഷാറൊക്കെ വന്നുതുടങ്ങി. ഞാന്‍ ഡ്രൈവിങ് പഠിക്കാന്‍ നിര്‍ബന്ധിതയായി. ജോലികിട്ടുന്നു. സാമ്പത്തികമായി കുറച്ച് ശ്വാസംവിടാനുള്ള അവസ്ഥയാകുമ്പോള്‍ നമുക്കൊരു സമാധാനം ഉണ്ടാകുമല്ലോ. പിന്നീട് ബാലു സ്റ്റുഡിയോ തുടങ്ങിയപ്പോള്‍ ജോലി വിട്ടിട്ട് ഞാന്‍ അതിന്റെ മൊത്തം മാനേജ്മെന്റ് ഏറ്റെടുത്തു. പക്ഷേ സ്റ്റുഡിയോ ആറുമാസം കഴിഞ്ഞിട്ട് അടച്ചിേടണ്ടിവന്നു. ഷാര്‍ജ എക്സ്പോസ് സെന്ററിന്റെ ഒരു കോണ്‍ട്രാക്ട് എനിക്കു കിട്ടി. ആ കാലത്തൊക്കെ വലിയ കാമറ തോളത്തിട്ട് പത്തമ്പത് ഫോട്ടോഗ്രാഫേഴ്സ് ഉണ്ട്. അതിന്റകത്ത് ആകെ ഞാന്‍ മാത്രമേ ഉള്ളൂ ഒരു സ്ത്രീ. പക്ഷേ, അവിടെ ഒരു പ്രത്യേകതയുണ്ട്. സ്ത്രീകളെ അവര്‍ക്കു വലിയ ബഹുമാനമാണ്. എപ്പോഴും പ്രയോറിട്ടി തന്നുകൊണ്ടേയിരിക്കും. ഞാന്‍ നോക്കിയിട്ട്, എന്ത് ജനാധിപത്യ പ്രശ്നങ്ങള്‍ അവിടെയുണ്ടെങ്കിലും സ്ത്രീ എന്ന നിലയില്‍ സാമൂഹികജീവിതം ആസ്വദിച്ചത് അവിടെനിന്നാണ്.
കേരളത്തിലേക്ക് പിന്നീട് പറിച്ചു നട്ടപ്പോഴുള്ള ജീവിതം എങ്ങനെയായിരുന്നു?
ഞാനും ബാലുവും കുറെ കാര്യങ്ങളില്‍ ഇടപെടുന്നു. അതിനാൽ ദാമ്പത്യത്തിലുണ്ടാകുന്ന വിള്ളലുകള്‍ മനസ്സിലാക്കുന്നില്ല. രണ്ട് മനുഷ്യർ ജീവിച്ച് ജീവിച്ച് അപരിചിതര്‍ ആയിക്കൊണ്ടിരിക്കുന്നു. പൊതുവായിട്ടെന്തെങ്കിലും ഉള്ളതായിട്ട് തോന്നുന്നില്ല. 2008ലെ സാമ്പത്തികമാന്ദ്യത്തില്‍ ഞങ്ങളുടെ സ്റ്റുഡിയോ ഡിസ്പോസ് ചെയ്തു. രണ്ടു വർഷം ഫ്രീലാന്‍സ് ആയി ഞങ്ങള്‍ നടന്നു. വേറെ ഒരു സ്റ്റുഡിയോ തുടങ്ങാനുള്ള ഒരു ആലോചനയില്‍ ഇരിക്കുേമ്പാഴാണ് മക്കൾക്ക് നാട്ടില്‍ ബേസ് േവണം എന്നുപറഞ്ഞ് ബാലു എന്നോടു നാട്ടിലേക്കു പോവാൻ പറയുന്നത്. ആരെങ്കിലും ഒരാള്‍ നാട്ടില്‍ ബേസ് ഇട്ടില്ലെങ്കില്‍ രണ്ടു പേര്‍ക്കും തൊഴില്‍ പോകുന്ന കാലം പ്രശ്നമായിരിക്കും എന്നു പറഞ്ഞു. പക്ഷേ, പത്തു പതിനൊന്ന് വര്‍ഷത്തെ ഒരു തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് എനിക്ക് നല്ല കോണ്‍ഫിഡന്‍സായിരുന്നു. ഞാന്‍ വേറെ സ്റ്റുഡിയോ തുടങ്ങാനുള്ള ആലോചനയില്‍ നില്ക്കുമ്പോള് പുള്ളിക്കു ഞാന്‍ നാട്ടില്‍ പോകണം എന്നു നിര്‍ബന്ധം. അപ്പോഴാണ് എന്റെ അഭിപ്രായത്തിനും താല്പര്യത്തിനും ഒരു സ്ഥാനമില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നത്. അങ്ങനെ ഞാനിവിടെ വരുന്നു. പണ്ടെനിക്ക് സിനിമ ചെയ്യാനും നാടകം ചെയ്യാനും താല്പര്യമില്ലേ, അത് ചെയ്തോളൂ എന്നു ബാലു പറയുന്നു. അപ്പോഴും ബാലു ആണത് ഡിസൈന്‍ ചെയ്യുന്നത്. ഇവിടെ വരുമ്പോള്‍ വേറൊരു ഫോറിന് ലാൻഡ് മാതിരിയാണെനിക്ക്. കൾചറല്‍ ഷോക്ക് ഭീകരം. ഞാൻ 21ാം വയസ്സില്‍ നാട്ടീന്ന് പോയിട്ട്, എന്തൊക്കെ പറഞ്ഞാലും ചെന്നൈയിലെ പോലെ ശ്വാസം വിടാനുള്ള ബ്രീത്തിങ് െപ്ലയിസായിട്ടുള്ള സ്ഥലംപോലെ എനിക്ക്് കേരളം തോന്നുന്നേയില്ല. കുട്ടികളുടെ സ്കൂൾ ഭയങ്കര നിയന്ത്രണമുള്ള ഒരു ഇടമായി മാറി. ഏറ്റവും കൂടുതല്‍ ഞാന്‍ അനുഭവിച്ചത് കുട്ടികളുടെ സ്കൂളില്‍നിന്നാണ്. ഓരോ ചെറിയ കാര്യങ്ങള്‍ക്ക് അവർ വിളിപ്പിച്ചുകൊണ്ടിരിക്കും. സ്കൂള്‍ ഭയങ്കര മിലിട്ടറി െറജിമെന്റ് പോലെയാണെന്നുള്ളത് എനിക്ക് അപ്പോഴാണ് മനസ്സിലായത്. എന്നും എനിക്കു സ്കൂളില്‍ പോകണം. എല്ലാം ചെറിയ ചെറിയ പ്രശ്നങ്ങളാണ്. അവർ ഒപ്പം പഠിക്കുന്ന പെണ്‍കുട്ടികളോട് മിണ്ടി എന്നൊക്കെയാണ് പ്രശ്നം. എന്റെ ചെറിയ മോൻ നല്ലോണം വരക്കുന്ന കുട്ടിയാണ്. ഞാനാണ് അവന് അനാട്ടമി ബുക്ക് വാങ്ങിച്ചുകൊടുക്കുന്നത്. ഒരു ദിവസം യൂത്ത് െഫസ്റ്റിവലോ മറ്റൊ നടക്കുമ്പോള്‍ അവന് സ്കെച്ച് ബുക്ക് കൊണ്ടുപോയി. കാണിച്ചുകൊടുക്കാന്‍. എല്ലാവര്‍ക്കുമുണ്ടല്ലോ സ്വയം പ്രകാശിക്കപ്പെടണമെന്നും പ്രകാശിക്കണമെന്നുമുള്ള ആഗ്രഹം. അവന് കൂടെ പഠിക്കുന്ന കുട്ടികളെ കാണിക്കുന്നു. ഉടനെ ആരോ വായ പൊത്തിപ്പിടിച്ച് ചിരിക്കുന്നു. ഒരു ടീച്ചര്‍ ഇത് കണ്ട് വരുന്നു. ടീച്ചര്‍ ബുക്ക് പിടിച്ച് വാങ്ങുകയാണ്. ഉടനെതന്നെ ഇത്രയും ഭീകരനായിട്ടുള്ള കുഞ്ഞില്ല എന്ന മട്ടിൽ വിധിയെഴുതപ്പെടുന്നു. അവന് മനുഷ്യശരീരത്തിന്റെ ഒരു ചിത്രമാണ് വരച്ചത്. അവർ 10ാം ക്ലാസ് കഴിഞ്ഞാൽ കുട്ടികളെ അവിടെ പഠിപ്പിക്കില്ല എന്ന് പറഞ്ഞു. അങ്ങനെ കണ്ടീഷന്‍ വെച്ചിട്ടാണ് അവനെ അവിടെ കംപ്ലീറ്റ് ചെയ്യിച്ചത്.
ഇത്തരം സങ്കുചിതമായ കേരളീയ സാഹചര്യങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമമുണ്ടായില്ലേ?
മടങ്ങി കൊച്ചിയിൽ വരുമ്പോള്‍ ഷാജി വര്‍ഗീസും ആശാ ആച്ചി ജോസഫും എഫ്.ബി വഴി പരിചയപ്പെട്ട ജൈസണ് കൂപ്പറും മാത്രമാണ് എനിക്കു മുന്‍പരിചയം ഉണ്ടായിരുന്നത്. ഡല്‍ഹിയില്‍വെച്ചു നന്ദിനിയെയും കെ.പി. സേതുനാഥിനെയും കാണുന്നു. അത് പുതിയ സൗഹൃദങ്ങളിലേക്ക് എത്തിക്കുകയും എനിക്കു പുതിയ ഒരു സാമൂഹികജീവിതം സാധ്യമാക്കുകയും ചെയ്തു. ആ സമയത്ത് സൗമ്യ ഇഷ്യൂ ഉണ്ടായി. സൗമ്യയുടെ മരണവും തുടര്‍ന്നുണ്ടായ പ്രതിഷേധ പരിപാടികള്‍ക്കും അത്തരം വിഷയങ്ങളില്‍ പ്രതികരിക്കാനും ഇടപെടാനും വേണ്ടി സ്ത്രീകളുടെ ഒരു കലക്ടിവ് ഉണ്ടാകണമെന്ന് ചർച്ച ഉണ്ടായി. അതിന്റെ ഭാഗമായി സ്ത്രീ കൂട്ടായ്മയുടെ രൂപവത്കരണവുമുണ്ടായി. പിന്നീട് കേരളത്തില്‍ നടക്കുന്ന എന്ത് തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ ചലനങ്ങളിലും സ്ത്രീ കൂട്ടായ്മ സജീവമായി രംഗത്ത് ഉണ്ടായിരുന്നു.
പിന്നെ ബാലുവുമായുള്ള വിവാഹമോചനത്തിലേക്ക് എത്തുന്നു?
മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ഭാഗമായി പോകുമ്പോള്‍ എനിക്കു മാവോവാദി ടാഗ് പതിച്ചുകിട്ടി. കൊച്ചിയിലെ വീട്ടില്‍ രണ്ട് മൂന്ന് റെയ്ഡുകള്‍ നടന്നു. ഒന്ന് നിറ്റ ജലാറ്റിന്‍ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ടും പിന്നെ നാഷനല്‍ റോഡ് അതോറിറ്റി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ടുമായിരുന്നു റെയ്ഡുകള്‍. തുടരത്തുടരെ പെറ്റി കേസുകള്‍ കിട്ടാന്‍ തുടങ്ങി. യു.പിയില്‍ ദലിത് വിഭാഗത്തിലെ മൂന്നു കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയിട്ടപ്പോൾ അതിനെതിരെ ഞങ്ങള്‍ പ്രതിഷേധം നടത്തി. പതാകയുടെ നിറമുള്ള തുണികളില്‍ ''ബലാത്സംഗം രാഷ്ട്രീയ ആയുധമാക്കുന്ന ഭരണകൂടമാണ് ഒന്നാം പ്രതി, ജാതിവ്യവസ്ഥ ഇന്ത്യയില്‍ ഒരു മർദനോപകരണമാണെന്നും'' എഴുതി. ഹൈകോര്‍ട്ട് ജങ്ഷനില്‍ ഞങ്ങള്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് അറസ്റ്റ് ഉണ്ടായി. അഞ്ചാറുകൊല്ലം വരെ പാസ്പോര്‍ട്ടൊന്നും പുതുക്കി തന്നില്ല. ഇത് ബാലു അടക്കമുള്ള മറ്റ് സുഹൃത്തുക്കളിൽ മുറുമുറുപ്പായി. ഓരോ സമയവും എന്റെ ജീവിതം തീരുമാനിക്കുന്നത് ഇവരൊക്കെയാണ്. പിന്നെ ഞാനും ബാലുവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അറ്റുപോയി. മക്കള്‍ക്കു പതിനെട്ടും ഇരുപതും വയസ്സുള്ളപ്പോഴാണ് ബാലു സ്ഥിരമായി നാട്ടില്‍ നില്‍ക്കാനായി ഗൾഫ് ഉപേക്ഷിച്ചുവരുന്നത്. അതിനുശേഷം ബാലു ഞങ്ങളുടെ കൂടെ ജീവിക്കുന്നില്ല എന്ന തീരുമാനം അറിയിക്കുന്നു.
ജീവിതത്തില്‍ കുറെ പൊലീസ് റെയ്ഡുകളും അന്വേഷണങ്ങളും നേരിടേണ്ടി വന്നു?
വീട്ടില്‍ പലവട്ടം പൊലീസ് റെയ്ഡ് നടന്നിട്ടുണ്ട്. ഈ പൊതുസമൂഹം തന്നെ ചില മനുഷ്യരുടെ ആക്ടിവിറ്റികളെ വളരെ സംശയത്തോടെ കാണുന്നു. ആര്.എസ്.എസുകാര്‍ക്ക് നിങ്ങളോട് ദേഷ്യം തോന്നുന്നില്ലെങ്കില്‍ നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് ടി.എന്‍. ജോയ് പറയുക. അതുപോലെയേ ഞാനും കാണുന്നുള്ളൂ. ഭരണകൂടത്തിന് നമ്മളോട് എന്തെങ്കിലും ചൊറയില്ലെങ്കില് നമുക്കെന്തോ തകരാറുണ്ട്. പൊലീസുകാർ ആദ്യത്തെ വട്ടം വന്നപ്പോള്‍ വിളിച്ചറിയിച്ചിട്ടാണ് വന്നത്. നിറ്റാ ജലാറ്റിന്‍ ഓഫിസില്‍ എന്തോ ബോംബ് പൊട്ടി എന്നും പറഞ്ഞാണ് ആദ്യത്തെ തവണ വന്നത്. അവര്‍ എന്നോടു വന്ന് ''നിങ്ങള്‍ എവിടെയെങ്കിലും പോയിരുന്നോ? ഇവിടെ തന്നെ ഉണ്ടായിരുന്നോ? നടക്കാന്‍ പോയിരുന്നോ?'' എന്നൊക്കെയാണ് ചോദിക്കുന്നത്. പക്ഷേ, ഞാന്‍ കൂളായിട്ട് അവരെ ഡീൽ ചെയ്തു. പിന്നെ ഉച്ചക്ക് സി.ഐയും കുറച്ച് സംഘങ്ങളും വന്നു. അവർ വന്നിട്ട് വളരെ ജെന്റിലായിട്ടാണ് സംസാരിച്ചത്. പക്ഷേ, അവര്‍ ഒരു ഭീകരാവസ്ഥ സൃഷ്ടിച്ചാണ് വന്നത്. ഒരു പൊലീസ് ജീപ്പ് വന്നു, അതില്‍നിന്നു പൊലീസുകാര്‍ വിഡിയോ പിടിച്ചുകൊണ്ടാണ് ഇറങ്ങിവന്നത്. നാടകീയമായി നാട്ടുകാരെ കാണിച്ചുകൊണ്ടാണ് വരുന്നത്. വേറെ പ്രശ്നങ്ങള്‍ ഒന്നുമുണ്ടായില്ല. പിന്നെ ഇവിടെ ദേശീയപാത അതോറിറ്റിയുടെ ഓഫിസില്‍ എന്തോ ബോംബ് സ്ഫോടനമുണ്ടായി അതിന്റെ ചില്ല് ഒക്കെ ഉടഞ്ഞു എന്നുപറഞ്ഞാണ് മൂന്നാമത്തെ പ്രാവശ്യം വന്നത്. രാത്രി ഏഴു മണിക്കാണ് ഒരു ജീപ്പു മുഴുവന്‍ പൊലീസുകാര്‍ വരുന്നത്. ഒരാള്‍ മഫ്തിയില്‍ എന്‍.ഐ.എയുടെ ഓഫിസര്‍ ആയിരുന്നു. അവര്‍ എന്റെ ഫോണ്‍ ഒക്കെ വാങ്ങിവെച്ചു, എന്റെ വീട്ടിലെ ഫ്രിഡ്ജ് അടക്കം പരിശോധിച്ചു. അവര്‍ എന്റെ വീട്ടില്‍ വല്ല നാര്‍കോടിക്സ് സാധനങ്ങളും കൊണ്ടുവെച്ചു വേറെ കേസില്പ്പെടുത്തുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു, നിങ്ങള്‍ എന്തിനാണ് ഇത്തരം അരാജകസമരങ്ങളില് പങ്കെടുക്കുന്നത് എന്ന് അവര്‍ ചോദിച്ചു. സ്വാതന്ത്ര്യം കിട്ടിയിട്ടു പത്തെഴുപതു കൊല്ലം കഴിഞ്ഞിട്ടും സമരം ചെയ്യാനുള്ള സാഹചര്യത്തെക്കുറിച്ചല്ലേ നിങ്ങള്‍ ആലോചിക്കേണ്ടത്. അല്ലാതെ ആരെങ്കിലും തമാശക്ക് സമരം ചെയ്യുമോ എന്നു ഞാന്‍ തിരിച്ചു ചോദിച്ചു. ഇതിലൊന്നും ഒരു അരാജകത്വവുമില്ല, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുന്നതാണ് അരാജകത്വം എന്നു ഞാന്‍ പറഞ്ഞു.
വ്യത്യസ്ത അനുഭവ പരിസരങ്ങളിലൂടെ കടന്നുപോയിട്ട് ഒരു ആത്മകഥ എഴുതാനുള്ള സാധ്യതയുണ്ടോ?
മിക്കവാറും വിശദമായ ഒരു ആത്മകഥ ഭാവിയില്‍ വന്നേക്കാം. സ്ത്രീകളെ സംബന്ധിച്ച് ഫിക്ഷനലായ എഴുത്തുകളും സിനിമകളും പലതും വന്നിട്ടുണ്ടെങ്കിലും യഥാർഥ ജീവിതങ്ങള്‍ വളരെ കുറവാണ് വന്നത്. അതുകൊണ്ട് എന്റെ സ്ത്രീജീവിതം പുറത്തുവരണം എന്ന ഒരു ആഗ്രഹമുണ്ട്. അത്തരം ഒരു പുസ്തകത്തിന്റെ പണിയിലാണ് ഞാനിപ്പോള്‍.
(അവസാനിച്ചു)