'സിനിമ ഏതു തരത്തില്‍ മാറിയെന്നാണ് നിങ്ങൾ പറയുന്നത്'
വ്യത്യസ്ത രാഷ്ട്രീയവും ഭാവുകത്വവും മുന്നോട്ടുവെക്കേണ്ടവർ ഇപ്പോഴും സിനിമക്ക് പുറത്താണെന്ന് സുവ്യക്തമായി പറയുകയാണ് അഭിനേതാവും സാമൂഹിക പ്രവർത്തകയുമായ ജോളി ചിറയത്ത്. പുതുകാല സിനിമകളിലെ സജീവ സാന്നിധ്യമായ അവർ ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ജീവിതത്തെയും സിനിമയെയും സാമൂഹിക അവസ്ഥകളെയും കുറിച്ചു സംസാരിക്കുകയാണ് ഇൗ ദീർഘസംഭാഷണത്തിൽ ജോളി ചിറയത്ത്.
സമീപകാല സാമൂഹിക മുന്നേറ്റങ്ങൾ മലയാള സിനിമയെയും പലതരം മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. വിവിധങ്ങളായ സാമൂഹികതയില്നിന്നുള്ള സിനിമകള്‍, പുതിയ ചെറുപ്പക്കാര്‍ നിർമിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നു. പുതിയ സംവിധായകർ പലതരത്തിൽ മലയാള സിനിമയുടെ വഴി തിരിച്ചുവിടുന്നു. സിനിമ സൗന്ദര്യശാസ്ത്രപരമായും മാറി. നവമാധ്യമ സാധ്യതകള്‍, പുതിയ ലോകത്തേക്കുള്ള തുറവികള്‍, സാമൂഹിക മാധ്യമങ്ങള്‍, സാേങ്കതികവിദ്യയുടെ കൂടുതലായുള്ള...
Your Subscription Supports Independent Journalism
View Plansസമീപകാല സാമൂഹിക മുന്നേറ്റങ്ങൾ മലയാള സിനിമയെയും പലതരം മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്. വിവിധങ്ങളായ സാമൂഹികതയില്നിന്നുള്ള സിനിമകള്‍, പുതിയ ചെറുപ്പക്കാര്‍ നിർമിക്കുന്ന സിനിമകള്‍ ഉണ്ടാകുന്നു. പുതിയ സംവിധായകർ പലതരത്തിൽ മലയാള സിനിമയുടെ വഴി തിരിച്ചുവിടുന്നു. സിനിമ സൗന്ദര്യശാസ്ത്രപരമായും മാറി. നവമാധ്യമ സാധ്യതകള്‍, പുതിയ ലോകത്തേക്കുള്ള തുറവികള്‍, സാമൂഹിക മാധ്യമങ്ങള്‍, സാേങ്കതികവിദ്യയുടെ കൂടുതലായുള്ള ജനാധിപത്യവത്കരണങ്ങള് ഒക്കെ അതിനു കാരണമായിട്ടുണ്ട്. അതിന്റെ തുടർച്ചയിൽ മൂല്യബോധമുള്ള സ്ത്രീകളും അഭിനേതാക്കളും സ്ക്രീനില്‍ വെളിച്ചം വീശാൻ തുടങ്ങി.
2017ല്‍ 'അങ്കമാലി ഡയറീസ്' എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ജോളി ചിറയത്ത് പലതരം സമരമുഖങ്ങളിലൂടെ കടന്നുവന്ന് മലയാള സിനിമയില്‍ എത്തിയ അഭിനേതാവാണ്. കൃത്യമായ നിലപാടുകളോടെ സമൂഹത്തെ സൂക്ഷ്മതയോടെ നോക്കിക്കാണുന്ന വ്യത്യസ്തയുള്ള അഭിനേതാവ്. ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ രണ്ടാമത്തെ അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ജോളി ചിറയത്ത് തന്റെ ജീവിതത്തെക്കുറിച്ചും കേരള സമൂഹത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുന്നു.
അറുപതുകളിൽ ആയിരിക്കുമല്ലോ താങ്കളുടെ ജീവിതം തുടങ്ങുന്നത്. എന്തായിരുന്നു അന്നത്തെ ജീവിതം, സാംസ്കാരിക സാമൂഹിക അവസ്ഥകൾ?
സാധാരണ ക്രിസ്ത്യന്‍ കാത്തോലിക്ക കുടുംബത്തില്‍ നാലാമത്തെ ആളായിട്ടാണ് ജനിച്ചത്. അപ്പച്ചന്, അമ്മ. ചേട്ടനും രണ്ട് ചേച്ചിമാരും. ഞങ്ങള്‍ നാലു മക്കളില്‍ ഒരാള്‍ മരിച്ചു. അമ്മ ഒരു ഹൃദ്രോഗിയായിരുന്നു. എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് അമ്മക്ക് ശസ്ത്രക്രിയ ചെയ്തത്. ടിപ്പിക്കല്‍ ജാതീഘടന എന്താണെന്ന് മനസ്സിലാക്കിത്തരുന്ന വിധത്തിലുള്ള ഒരു ഗ്രാമപ്രദേശത്താണ് ജനിച്ചത്. കാരണം, രണ്ടറ്റങ്ങളില്‍ വലിയ മനകളാണ്. പടിഞ്ഞാറേ മന എന്നുപറയുന്നത് കിഴക്കേ ഭാഗത്താണ്. ഏറ്റവും സമ്പന്നമായ ആയിരപ്പറ നിലമൊക്കെയുള്ള ഒരു മന. ഞങ്ങളുടെ ഭൂപ്രദേശത്തുള്ളത് ഒരു ദരിദ്ര മനയാണ്. ഇതിനിടയില്‍ എല്ലാ ജാതിശ്രേണിയിലുള്ളവരും ഉണ്ട്. മേനോന്, നായര്‍^നായരില്തന്നെ വെളുത്തേടം നായര്‍, അമ്പട്ടം നായര്‍ അങ്ങനെയൊക്കെ പറയുന്ന നായന്മാരും^ മറ്റ് ജാതിക്കാർ എന്നിങ്ങനെ എല്ലാരും. ജാതിഘടനയിലാണ് ജീവിച്ചതെന്ന് മനസ്സിലാക്കിയ ഒരാളല്ല ഞാന്‍. പക്ഷേ, വളര്‍ന്നുവരുമ്പോഴാണ് ജാതി നമുക്ക് മനസ്സിലായത്, കുന്നുമ്പുറത്ത്, തരിശിട്ട സ്ഥലം അങ്ങനെയുള്ള സ്ഥലത്തൊക്കെയാണെങ്കില്‍, അവിടെയാണ് കൂടുതലും ആശാരി വിഭാഗത്തിലുള്ളവര്‍ ജീവിക്കുന്നത്. മനയുടെ തൊട്ടടുത്ത് വരുന്നത് നായര്‍ കുടുംബങ്ങളാണ്. അതിന്റെയൊക്കെ ഇടയിലാണ് ഈ മറ്റു മനുഷ്യന്മാരുടെ ഒരു കൂട്ടം. കിഴക്കന്കുന്ന് എന്ന് പറയുന്നത് ആശാരിക്കുന്ന് എന്നും പറയാം. ആ ഭാഗത്ത് കൊല്ലന്മാരുണ്ട്, തട്ടാന്മാരുണ്ട്, ആശാരിമാരുണ്ട്. പിന്നെ കുറേ ഈഴവരായ മനുഷ്യര്‍. ഇതിനിടയില്‍ അവിടവിടെ ചിതറിയിട്ടാണ് ക്രിസ്ത്യന്‍ കുടുംബങ്ങളും, മുസ്ലിം കുടുംബങ്ങളും. താരതമ്യേന മുസ്ലിം കുടുംബങ്ങള്‍ കുറവാണ്. അന്ന് അയിത്തത്തിന്റെ ഒരു പ്രാക്ടീസ് ഉണ്ടായിരുന്നു. അത് ഒരു പ്രാക്ടീസ് ആയിട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും അത് അയിത്തമാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഞങ്ങളുടെ വീടുകളില്‍തന്നെ 'താഴ്ന്ന ജാതി' എന്ന് കരുതപ്പെടുന്ന ആര് വന്നാലും മുന്വശത്തുകൂടിവരാന് പാടില്ല. പിന്നാമ്പുറത്തുകൂടി വരണം. അവര്‍ക്ക് ഇരിക്കാന്‍ പ്രത്യേകം ഇരിക്കാന്‍ കൊടുക്കുകയോ 'ഇരിക്ക്' എന്ന് പറയുകയോപോലും ചെയ്യാത്ത അവസ്ഥയുണ്ട്. അവരും സ്വാഭാവികമായിട്ട് വടക്കേ പുറത്തുകൂടി വരുന്നു, അവിടെ തിണ്ണയിലോ ഇറയത്തോ ഇരിക്കുന്നു ഞങ്ങള്‍ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങളുടെ വല്യപ്പന്റെ വീട്ടില്‍പോകും. വേറൊരു നായര്‍ ഫാമിലിയില്‍ പോകും. അപ്പോ അവിടത്തെ മുതിര്‍ന്ന സ്ത്രീകള്‍ പറയും- ''ആ എല്ലാ അണ്ടനും അടകോടനും അല്ലെങ്കില്‍ വണ്ണാത്തിപ്പെണ്ണുങ്ങള് ഉണ്ടല്ലോ.'' അങ്ങനെ ജാതിതന്നെ പറഞ്ഞ് ആക്ഷേപിക്കുന്ന വിധത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ജാതി മനസ്സിലാവാന്‍ തുടങ്ങിയത്. അങ്ങനെയാണ് ഞാന്‍ എന്റെ വീട്ടിലും അത് ശ്രദ്ധിക്കുന്നത്. തൊട്ടയല്‍വക്കത്ത് വണ്ണാന്‍ കുടുംബമാണ്. അവിടത്തെ അമ്മൂമ്മ എന്റെ അമ്മൂമ്മയുടെ പ്രായമുള്ളവരാണ്. അമ്മപോലും അവരെ പേരാണ് വിളിക്കുന്നത്. അപ്പോ ഇതിനകത്ത് ഭയങ്കര ഒരു പ്രശ്നം എനിക്ക് തോന്നാന്‍ തുടങ്ങി. ഇതേസമയം അമ്മയെക്കാളും രണ്ടോ മൂന്നോ വയസ്സിന് മൂപ്പുള്ള ആളുകളെ മേനോന് സ്ത്രീകളെ അമ്മ ചേച്ചി എന്നും പ്രത്യേക ബഹുമാനത്തില്‍ വിളിക്കുന്നുണ്ട്. ഇതിലൊക്കെ നീതിയുടെ പ്രശ്നം ഉണ്ടെന്ന് എനിക്കു തോന്നി തുടങ്ങി. എന്റെ കലഹം അങ്ങനെയാണ് തുടങ്ങുന്നത്. നിങ്ങളീ മനുഷ്യന്മാര് ഒരേസമയം ദൈവസൃഷ്ടിയാണെന്ന് പറയുകയും എല്ലാവരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന് പറയുകയും എന്നാൽ, നിങ്ങളുടെ പ്രാക്ടീസില്‍ അത് കാണാതിരിക്കുകയും ചെയ്യുന്നു എന്നിടത്താണ് എതിർപ്പ് തുടങ്ങിയത്.
ഈ ജാതിഘടനയെ ഭൂമിയുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ജോളിയുടെ അനുഭവത്തില്‍ ഇതെങ്ങനെയാണ് പ്രവര്‍ത്തിച്ചത് ?
അവിടെ ഉള്ള ക്രിസ്ത്യന്‍ ഫാമിലികളും ചെറിയ ചെറിയ ബിസിനസ് നടത്തുന്നവരാണ്. വേറൊന്ന് ഞങ്ങളുടെ കുടുംബം എന്ന് പറയുന്നത് അവിടത്തെ മനയിൽ അപ്പാപ്പന്റെ കാലംതൊട്ട് കാര്യസ്ഥനായിരുന്നു. പറമ്പിലെ കാര്യസ്ഥന്. അപ്പോ അതിന്റെ ഭാഗമായിട്ട്, ഇഷ്ടദാനമായി പാടമൊക്കെ കിട്ടിയിട്ടുണ്ട്. അങ്ങനെയാണ് നമുക്കെന്തെങ്കിലും ഭൂമി ഉണ്ടാകുന്നത്. അപ്പച്ചന്റെ ചേട്ടനനിയന്മാരും എല്ലാവര്ക്കും ഏതാണ്ട് ഒരു അരയേക്കറോളം ഭൂമിയുണ്ട്. നമ്പൂതിരിമാരില്‍നിന്ന് ഇഷ്ടദാനം കിട്ടുന്നവര്ക്കാണല്ലോ സ്വന്തമായി ലാന്‍ഡ് ഉണ്ടാകുന്നത്. അങ്ങനെ കിട്ടിയ ഒരു ക്രിസ്ത്യന്‍ വിഭാഗമായിരിക്കണം ഞങ്ങളെന്നാണ് എന്റെ അനുമാനം.
അപ്പച്ചനാണെങ്കില്‍ 13 വയസ്സില്‍ നാടുവിട്ടു മഹാരാഷ്ട്രയില്‍ പോയി. കച്ചവടം ചെയ്തു. അങ്ങനെയുണ്ടാക്കിയെടുത്ത സ്വത്തുവകകള്‍ ഉണ്ടായിരുന്നു. സ്വത്തുവകകള്‍ എന്നു പറഞ്ഞാല്‍ സ്വത്തായിട്ടായിരിക്കും. കാഷ് അല്ല പറമ്പുണ്ടാവും. അന്ന് ഈ സഭയുടെ ഭൂമി എന്ന് പറഞ്ഞാല്‍ അതില്‍തന്നെ കോളനികളില്‍ താമസിക്കുന്ന ക്രിസ്ത്യന്‍ ഫാമിലിക്ക് ഈ രണ്ടു സെന്റ് സ്ഥലം കൊടുക്കും. രണ്ട് സെന്റ് സ്ഥലത്തിൽ പള്ളിവക വീട്. ഒരൊറ്റ മുറിയും അടുക്കളയുമായിട്ടുള്ള വീട്. ദലിത് ക്രിസ്ത്യാനികള്‍ ആണവര്. അവർ ക്രിസ്ത്യൻ ഘടനക്കകത്ത് പുറത്തുനില്‍ക്കുന്ന ആളുകള്‍തന്നെയാണ്. പള്ളിയിലൊക്കെ വരുന്നുണ്ടെങ്കില്പോലും തീരെ ഈ പൊതുസമൂഹത്തിനോട് അസോസിയേറ്റ് ചെയ്യാതെ മാറിനില്‍ക്കുന്ന മനുഷ്യരായിട്ടു തന്നെയാണ് അവരെ തോന്നിയത്. മുഖ്യധാരയിൽ ഇത്തരം മനുഷ്യരുടെ സാന്നിധ്യം വളരെ കുറവുതന്നെയാണ്.
ഇത്തരം തിരിച്ചറിവുകൾ ഉണ്ടാകുമ്പോള്‍ അന്നത്തെ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ എങ്ങനെയായിരുന്നു?
ഈഴവ കമ്യൂണിറ്റി കൂടുതലുള്ള പ്രദേശമാണ് ഞങ്ങളുടെ ഭാഗം. അവരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരാണ്. എല്ലാ കുടുംബങ്ങളിലും കമ്യൂണിസ്റ്റ് വത്കരണം വന്നിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ഭൂരിപക്ഷം പേരും ആ ഭാഗത്ത് ഇതുപോലെ പാര്‍ട്ടിയുടെ ആളുകളാണ്. പക്ഷേ, മുസ്ലിം, ക്രിസ്ത്യന്‍ കമ്യൂണിറ്റികള്‍, നായർ കമ്യൂണിറ്റികളൊക്കെ കോണ്‍ഗ്രസിന്റെ ആളുകളുമാണ്. കമ്യൂണിസ്റ്റുകാരെ അന്ന് മനസ്സിലാക്കുന്നത് തലവെട്ടി രാഷ്ട്രീയത്തിന്റെ ആള്‍ക്കാരായിട്ടാണ്. പക്ഷേ, ഞങ്ങള്‍ അയല്പക്കങ്ങള് തമ്മിൽ അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ തൊട്ടടുത്തുള്ള ആളുകള്‍ സി.പി.എമ്മുകാരനാണ്, സി.പി.ഐക്കാരനാണ് എന്നൊന്നും ഞങ്ങള്‍ കുട്ടികള്ക്കറിഞ്ഞൂടാ. അത് വാളിന്റെ ആളല്ലേ. അരിവാളിന്റെ ആള് എന്നൊക്കെ കേള്‍ക്കാം. അപ്പോ അതിന്റെ ആള്ക്കാര് തലവെട്ടി രാഷ്ട്രീയത്തിന്റെ ആള്‍ക്കാരാണ്. നമുക്കാകെ അറിയാവുന്ന കാര്യം സ്കൂളില്‍ പോകുമ്പോള്‍ കെ.എസ്.യുവിന് വോട്ട് ചെയ്യണം എന്നതാണ്. അതിനപ്പുറമുള്ള രാഷ്ട്രീയ പരിജ്ഞാനമൊന്നും ആയിട്ടില്ല. മനസ്സിലാക്കാനുള്ള ശ്രമവും ഇല്ല. എനിക്ക് ഒരു രാഷ്ട്രീയബോധം ഉണ്ടാകുന്നത് ജാതിവ്യത്യാസത്തിനെതിരെ പ്രതികരിക്കുന്നതില്നിന്നുള്ള ഒരു നീതിബോധത്തിൽനിന്നാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഇടപെടലില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാം. ഞാന്‍ ഏഴിൽ പഠിക്കുമ്പോള്‍ യുക്തിവാദികളായ ചേട്ടന്മാര് ഞങ്ങളോടു സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന് അവര്‍ നമുക്ക് ഇടമറുകിന്റെ പുസ്തകം കൊണ്ടുത്തരും. ശബരിമലയില്‍ കത്തുന്നതടക്കം വിശദീകരിക്കുന്ന വളരെ റാഡിക്കല്‍ ആയിട്ടുള്ള പുസ്തകങ്ങള്‍. ഇതൊക്കെ ഞങ്ങളെ സംബന്ധിച്ചിടത്തോളം വെളിച്ചമായിരുന്നു. എനിക്ക് കൂടുതല്‍ ചായ്വ് തോന്നിയിട്ടുള്ളത് അവരോടാണ്. എന്റെ ചേട്ടന് യുക്തിവാദിയായിരുന്നു. പക്ഷേ, പെണ്‍കുട്ടി എന്നുള്ള രീതിയില്‍ വീട്ടില്‍നിന്ന് കിട്ടുന്ന നിർദേശങ്ങളാണ്, ആഴ്ചയില്‍ പള്ളിയില്‍ പോകണം, വേദപഠനം നടത്തണം, വീട്ടിലെ പണികള്‍ ചെയ്യണം അതിനുശേഷം മതി സ്കൂള്‍ പഠനം എന്നുള്ള തരത്തിലാണ്. കൂടുതല്‍ പ്രയോറിറ്റി വീട് മാനേജ് ചെയ്യാന്‍ പഠിക്കലാണ്.
യുക്തിവാദത്തിലേക്ക് കടക്കുമ്പോള്‍ സ്വാഭാവികമായും പള്ളിയുമായി യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ടാകുമല്ലോ?
കുട്ടിക്കാലത്തുതന്നെ പള്ളിയില്‍നിന്നു കംപ്ലീറ്റ്ലീ ഞാന്‍ കട്ട്ഓഫ് ചെയ്യുന്നുണ്ട്. പള്ളികളുടെ പ്രാക്ടീസില്‍ കൃത്യമായ വംശീയതയുണ്ട്. ഒരു വേദോപദേശ ക്ലാസില്‍ നമ്മള് പഠിക്കുന്നതിന്റെ നേര്‍വിപരീതമായാണ് പള്ളികള്‍ ചെയ്തുകൊണ്ടിരുന്നത്. അതിന്റെ വൈരുധ്യം താങ്ങാന്‍ പറ്റില്ലായിരുന്നു. ദൈവവചനം ഈ രീതിയില്‍ സ്നേഹത്തെക്കുറിച്ചും നന്മയെക്കുറിച്ചും ധാർമികതയെക്കുറിച്ചുമൊക്കെ പഠിക്കുമ്പോള്‍ അതിന്റെ ഒരു പ്രാക്ടീസും ആരുടെ ഭാഗത്തുനിന്നും കാണുന്നില്ല. ഏറ്റവും താഴ്ന്ന പരിസരത്തുനിന്നും വരുന്ന കിണറു കുഴിക്കാന്‍ പോകുകപോലുള്ള ജോലിചെയ്തു ജീവിക്കുന്ന ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് വരുന്ന കുട്ടികളോടുള്ള ആറ്റിറ്റ്യൂഡ് വലിയ വയലന്‍സ് നിറഞ്ഞതായിരുന്നു. 'ബി പോസിറ്റിവ്' പോലെ ഇത്രയും വയലന്‍സ് ഉള്ള ഒരു വാക്ക് വേറെ കേട്ടിട്ടില്ല. ആരോടാണ് നമ്മളിത് പറയുന്നെ? നമ്മളീ ബി പോസിറ്റിവായിരിക്കുക, ആത്മവിശ്വാസമുള്ളവരായിരിക്കുക എന്ന് പറഞ്ഞാല്‍ അതിനുള്ള സാമൂഹിക പശ്ചാത്തലംകൂടി രൂപപ്പെട്ടിടത്തില്നിന്നുള്ള മനുഷ്യര്‍ക്കേ അത് പറ്റുള്ളൂ. ഇതൊന്നും ഇല്ലാത്ത സ്ഥലത്തുനിന്ന് വരുന്ന കൂലിപ്പണിക്കാരുടെ കുട്ടികളോട് അങ്ങനെ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? പള്ളിയുടെ ഒരു വിവേചനം എന്ന് പറഞ്ഞാല്‍ ഈ താഴ്ന്ന സമൂഹങ്ങളെ ഒന്നിലേക്കും അടുപ്പിക്കില്ല. പാട്ടു പാടണം, ഡാന്‍സ് ചെയ്യണം ഇതിനെല്ലാം തെരഞ്ഞെടുക്കപ്പെടുക സ്വാഭാവികമായും എലൈറ്റ് ക്ലാസില്നിന്നുള്ളവരാണ്. അങ്ങനെ അപകര്ഷതയില് മാത്രം ചൂളിച്ചൂളിപ്പോകുന്ന മനുഷ്യരോടുള്ള പള്ളിയുടെ ഇടപെടൽ കണ്ടുതന്നെയാണ്, എനിക്ക് ഇവിടന്ന് ഒന്നുംപഠിക്കാനില്ല എന്നു വിചാരിക്കുന്നത്.
ഒരിക്കല്‍ കൂലിപ്പണിക്ക് പോകുന്ന രക്ഷിതാവിന്റെ കുട്ടിയായ കൂട്ടുകാരിക്കും ഒരു എലൈറ്റ് വീട്ടില്‍നിന്നു വരുന്ന കുട്ടിക്കും വേദപഠന ക്ലാസിന്റെ പരീക്ഷ എഴുതാന്‍ പറ്റാതെയായി. രണ്ടുപേരുടെയും അമ്മാമ്മ മരിച്ചു എന്നതായിരുന്നു കാരണം. അപ്പോള്‍ അവര്‍ക്ക് രണ്ടുപേര്‍ക്കും പരീക്ഷ എഴുതാന്‍ പറ്റിയില്ല. പക്ഷേ, കുറച്ച് ആഴ്ച കഴിഞ്ഞപ്പോഴാണ്, വലിയ വീട്ടിലെ പെണ്‍കുട്ടി ജയിച്ച ക്ലാസില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ സിസ്റ്ററോട് ചോദിച്ചു. "അതെന്താ ഇവള് ഇവിടെ?" ഭാരിച്ച കാര്യം ഒന്നും നീ അന്വേഷിക്കണ്ടാന്ന് സിസ്റ്റര്‍ പറഞ്ഞു. അത് ശരിയാവില്ല എന്നു ഞാന്‍ പറഞ്ഞു. ഇൗ കുട്ടിയുടെ കൂട്ടുകാരികള്‍ ജയിച്ച ക്ലാസിലുണ്ട്. അവര്‍ സിസ്റ്ററോട്, ഞങ്ങള്‍ കൂട്ട് പിരിയും എന്ന് പറഞ്ഞിട്ടാണ് അവിടെ കൊണ്ടിരുത്തിയത്. ഞാന്‍ പറഞ്ഞു: എന്റെ കൂട്ടുകാരിയെയും ഇരുത്തണം. ഞങ്ങള്‍ ഒന്നിച്ചുതന്നെ വരുന്നോരും പോകുന്നോരുമാണ്. അയല്‍വക്കക്കാരാണ്. അവളെയും അവിടെ ഇരുത്തണം അല്ലെങ്കില്‍ തിരിച്ചിരുത്തണം. ഞാൻ ക്ലാസില്‍നിന്ന് പുറത്തിറങ്ങി നിന്നു. അവരിത് മൈന്‍ഡ് ചെയ്യുന്നൊന്നും ഇല്ല. അത് ഒരു അച്ചന് കണ്ടു. അച്ചന് ചോദിക്കുന്നു എന്താ പ്രശ്നം എന്ന്. ഞാന്‍ ഇങ്ങനെയാണെന്ന് പറഞ്ഞു. അച്ചന് പറഞ്ഞു- "അല്ല അത് സിസ്റ്റര്‍ തീരുമാനിക്കുന്നതല്ലേ. മോള് എന്തിനാ അതൊക്കെ ചോദ്യം ചെയ്യാന്‍ നില്‍ക്കുന്നെ?" ഞാന്‍ പറഞ്ഞു- "ഞങ്ങളെ പഠിപ്പിക്കുന്നതുവെച്ച് നോക്കുമ്പോള്‍ ചോദിച്ചിരിക്കണം." ഞാന്‍ ഭയങ്കര ആവേശത്തിലായിരുന്നു. കര്‍ത്താവ് പള്ളിയില്‍നിന്ന് ചാട്ടവാറുകൊണ്ട് പുറത്താക്കുന്നതൊക്കെ കേട്ട്, ഒരു ഐഡിയല്‍ മാതൃകയിലേ ജീവിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്ന സമയത്താണ്. എന്റെ അപ്പച്ചന്റെ ഒരു ഗുണം നീതിയുള്ള കാര്യത്തിനേ ഒപ്പം നില്ക്കൂ. പുള്ളി പറഞ്ഞു:, "അല്ല അത് ചെറിയ കിടാവാണ് എന്ന് വെച്ചിട്ട് അത് പറയുന്നതില്‍ ഒരു ന്യായമില്ലേ. അത് ശരിയാണ്. എന്റെ മോള് പറയുന്നതുതന്നെയാണ് ശരി." നിനക്കു പള്ളിയില്‍ പോകാന്‍ ഇഷ്ടമല്ലെങ്കില്‍ പോകണ്ട എന്ന് അപ്പച്ചന് പറഞ്ഞു.
പിന്നീട് ക്ലബുകള്‍ ഒക്കെ രൂപവത്കരിച്ച് സ്വയം പര്യാപ്തത എന്ന ആശയത്തിലേക്ക് വരുന്നുണ്ട് ?
ക്രിസ്ത്യാനി ആയിരിക്കുമ്പോള്‍തന്നെ കുടുംബം അതിസമ്പന്നരൊന്നുമായിരുന്നില്ല. അതേസമയം പുറമേക്ക് കാണില്ല. ബോംബെക്കാരുടെ കുടുംബം എന്ന പേരുമുണ്ടായിരുന്നു. അപ്പച്ചന് ബോംബെയില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു, നാട്ടില്‍ പറമ്പുണ്ട്. സത്യത്തില്‍ ആ പറമ്പില്‍നിന്ന് കിട്ടുന്ന തേങ്ങ വിറ്റ വരുമാനംകൊണ്ടാണ് ജീവിക്കുന്നത്. അപ്പച്ചൻ കൃത്യമായ വരുമാനം ഒന്നും അയച്ചുതരുമായിരുന്നില്ല. ബോംബെയില്‍ റസ്റ്റാറന്റും ടയര്‍ റീസോളിങ് കടയുമൊക്കെയുണ്ട് പുള്ളിക്ക്. പക്ഷേ, അതിലൊന്നുമല്ല ശ്രദ്ധ. അത് ആരെങ്കിലും കൂട്ടുകാരൊക്കെ നടത്തും. എന്തെങ്കിലും അപ്പച്ചന് കൊടുക്കും അല്ലാതെ പുള്ളിക്ക് ഇതിലൊന്നും വല്യ കാര്യമില്ല. വീടും പറമ്പും ഉള്ളതുകൊണ്ട് ഞങ്ങള്‍ വളരെ സമ്പന്നരാണ് എന്നതാണ് പൊതുധാരണ. പിന്നെ അമ്മയുടെ ഒരു രീതി അനുസരിച്ച് 'തവിട് തിന്നാലും തകൃതം കളയാതെ' എന്നമാതിരിയാണ്. അമ്മക്ക് അങ്ങനെയൊരു സല്‍പ്പേരുണ്ട്. അമ്മേടെ വീട്ടുകാരെ ഒപ്പം എത്തുക എന്നുള്ളതാണ് അമ്മയുടെ ലക്ഷ്യം. ഒരു മിഡില്‍ക്ലാസ് ഓറിയന്റേഷന്‍ ഉള്ള രീതിയിലേക്ക് അമ്മാവന്മാരൊക്കെ ആയിത്തീര്‍ന്നു. അതില്‍ അമ്മയാണ് ഏറ്റവും കുറഞ്ഞുനില്‍ക്കുന്നത്. തിരസ്കൃതരാകുന്ന എല്ലാ മനുഷ്യരും നമ്മുടെ സുഹൃത്തുക്കളാണ്. അതിലേ നില്ക്കാന് പറ്റുള്ളൂ. അപ്പോ സ്വാഭാവികമായിട്ടും ഉന്നതകുലജാതരില്നിന്ന് വിട്ട് ഞങ്ങളുടെ ഒരു അസോസിയേഷന് ഉണ്ടാകുന്നുണ്ട്. അവിടെ ചിലർക്ക് പഠിക്കാന്‍ പോവാന്‍ പറ്റുന്നില്ല. ചിലര്‍ക്കാണെങ്കില്‍ പഠിച്ചാല്‍ കേറുന്നില്ല. അപ്പോള്‍ ഞങ്ങളാദ്യം തീരുമാനിക്കുന്നത് ഒരു ക്ലബ് ഉണ്ടാക്കാനാണ്. നോക്കുമ്പോള്‍ ചേട്ടന്മാര്ക്കൊക്കെ ക്ലബ് ഉണ്ട്. ഫുട്ബാള്‍ കളിക്കുന്നു, വായനശാല. നമുക്കിതൊന്നും ഇല്ല. നമുക്കിതൊക്കെ വേണം. അങ്ങനെയാണ് ഞങ്ങളീ പെണ്‍പട്ടാളം എല്ലാരും ചേര്‍ന്നത്. ഗാന്ധി ക്ലബ് എന്നു പേരിട്ടു. ആകെ അറിയുന്ന പേര് അതാണ്. ഗാന്ധി ക്ലബ് എന്ന് പേരിട്ട് ഞങ്ങള്‍ ആകെ തീരുമാനിച്ചത് ഓരോ കൊല്ലവും പഠിത്തം കഴിയുമ്പോള്‍ എല്ലാവരുടെയും പുസ്തകങ്ങള്‍ എല്ലാം ഇവിടെ കൊണ്ടുവെക്കുക. അപ്പോള്‍ നമുക്കിങ്ങനെ പല ക്ലാസിലുള്ളോരുണ്ടാവുമല്ലോ. ഒരു പത്തുകൊല്ലം വരെ ഒരു ബുക്ക് തന്നെ ഇങ്ങനെ കൈമാറി പോവും. അന്ന് ഞങ്ങള്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങില്ല. നമ്മളങ്ങനെ തലമുറയായിട്ട് ഇതിങ്ങനെ കൈമാറിപ്പോകും. ഞങ്ങള്‍ കൃഷിചെയ്യാന്‍ പ്ലാന്‍ ഇട്ടു. അപ്പോ പറമ്പ് എല്ലാര്ക്കും വേണ്ട. രണ്ട് സെന്റില്‍ നില്ക്കുന്നവനായിക്കോട്ടെ, പത്ത് സെന്റില്‍ നില്ക്കുന്നവനായിക്കോട്ടെ നമുക്ക് എല്ലാര്ക്കും എല്ലാം വേണം. പച്ചക്കറികളില്‍ സ്വയം പര്യാപ്തത നേടാനായിട്ട് ഞങ്ങള്‍ ക്ലബിലെ എല്ലാരും കൂടി കൃഷി ചെയ്തു. വിളവെടുപ്പ് എല്ലാര്ക്കും ആണ്. അന്നത്തെ സോഷ്യലിസ്റ്റ് ചിന്ത എല്ലാം എല്ലാര്ക്കും വേണം എന്നാണ്. അത്തരം രീതിയിലാണ് എന്റെ സാമൂഹിക പ്രവര്‍ത്തനം തുടരുന്നത്.
സിനിമാഭിനയവും കാഴ്ചകളും
നമുക്ക് പഠനം, ആക്ടിവിസം, സാമൂഹികരംഗത്തെ ഇടപെടൽ, ഗൾഫ് ജീവിതം, ഭരണകൂട വേട്ട എന്നിവയൊക്കെപ്പറ്റി സംസാരിക്കാനുണ്ട്. അതിലേക്ക് വരാം. പക്ഷേ, ഇപ്പോൾ സിനിമയിലേക്ക് ഒരു ജംപ് കട്ട് നടത്താം. 'അങ്കമാലി ഡയറീസ്' ആണല്ലോ ആദ്യം അഭിനയിച്ച സിനിമ, ആ സിനിമയുടെ അനുഭവം എന്തായിരുന്നു ?
ഞാന്‍ ഗൾഫിൽനിന്ന് നാട്ടില്‍ വന്നപ്പോ ആദ്യം ചാനലില്‍ ജോലി ചെയ്യാം എന്നു കരുതി. പക്ഷേ, എനിക്കു മാസ് കമ്യൂണിക്കേഷന്‍ പഠിച്ച അനുഭവം ഇല്ല. അങ്ങനെ ശിപാർശ ചെയ്യാന്‍ ആരുമില്ല. അപ്പോഴാണ് പരിചയക്കാരോടൊപ്പം സുഹൃത്തുക്കളുടെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ട് വര്‍ക്ക്ചെയ്യുന്നത്. പിന്നീട് സാമൂഹിക പ്രവര്‍ത്തനവുമായി നീങ്ങുന്നതിനിടയിലാണ് നടനും സുഹൃത്തുമായ സുര്‍ജിത് ഗോപിനാഥ് വിളിക്കുന്നത്. സുര്‍ജിത് അന്ന് ചെമ്പൻ വിനോദിന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയമാണ്. ചെമ്പന്‍ വിനോദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പുതുമുഖങ്ങളെ ആവശ്യമുണ്ട്, എനിക്കു താല്പര്യമുണ്ടോ എന്നു സുര്‍ജിത് ചോദിച്ചു. ക്രിസ്ത്യന്‍ ബാക്ഗ്രൗണ്ട്, ഇരുനിറമുള്ള മധ്യവയസ്കയെയാണ് വേണ്ടത്. ആദ്യം തമാശയെന്ന രീതിയിലാണ് കണ്ടത്. എന്നാല്‍, ഒന്ന് നോക്കിക്കളയാം എന്നു തീരുമാനിച്ച് ഫോട്ടോസ് അയച്ചുകൊടുത്തു. പിന്നെ ഒരു പത്ത് മാസം കഴിയുമ്പോൾ ചെമ്പന്‍ വിളിച്ചിട്ട് ഓഡിഷനുണ്ട് മസ്റ്റായിട്ടും പങ്കെടുക്കണം എന്നു പറഞ്ഞു. അങ്ങനെ ഓഡിഷന് പോയി. അത് കിട്ടി. അങ്ങനെ സിനിമ സംഭവിക്കുന്നു. 'അങ്കമാലി ഡയറീസ്' സംഭവിച്ചില്ലെങ്കില്‍ എന്റെ നിലനിൽപിന് പ്രശ്നമായേനെ. അപ്പോള്‍ നമ്മളത് പ്ലാൻ അല്ലെങ്കിലും ചില കോഇന്‍സിഡന്‍സ് ലൈഫിലുണ്ട്. യാദൃച്ഛികമായി സിനിമയില്‍ സെലക്ഷന് കിട്ടുന്നു.
ഇപ്പോള്‍ സിനിമയുടെ പ്രമോഷന്റെ രീതികളും മാറി. ഇത്തരം പ്രമോഷന് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. എന്താണ് അനുഭവം?
ഞാന്‍ 'കോഴിപ്പോര്' എന്ന സിനിമയുടെ പ്രമോഷനിലാണ് ആദ്യമായി പങ്കെടുത്തത്. പ്രമോഷനില്‍ പങ്കെടുക്കാന്‍ സാധാരണ അവസരം വരാറില്ല. സാധാരണഗതിയില്‍ ലീഡ് റോള്‍ ചെയ്യുന്ന നായിക പ്രാധാന്യമുള്ളവരൊക്കെയാണ് പ്രമോഷനുകളില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ ഒരുപാട് സിനിമകള്‍ ഇറങ്ങുന്നുണ്ട്. ഇത് കൂടാതെ ഒരു സിനിമ വിവിധ ഭാഷകളിലായി ഒരേസമയം ഒ.ടി.ടികളില്‍ ഇറങ്ങുന്നുണ്ട്. ഹിന്ദി പടം ആണെങ്കിലും മലയാളത്തിലും കാണാം. അതിന്റെ ഒറിജിനല്‍ ഭാഷയില്‍ സബ് ടൈറ്റിലൂടെയും കാണാം. ലോക സിനിമകളും ഇന്ത്യക്കകത്തു തന്നെയുള്ള പ്രാദേശിക ഭാഷകളിലുള്ള സിനിമകളും കാണാം. സിനിമയുടെ കാഴ്ചകളുടെ സാധ്യത കൂടുന്നതിനോടൊപ്പം ഭയങ്കര മത്സരവും ഉണ്ട്. ആളുകളെ തിയറ്ററില്‍ എത്തിക്കുക എന്നത് വലിയ പണിതന്നെയാണ്. തിയറ്റര്‍ റിലീസിലേക്ക് പോകുമ്പോഴേക്കും നമ്മള് അഭിനയിച്ച പടത്തിന്റെ പേര് എങ്കിലും ആളുകളുടെ മനസ്സിലേക്ക് രജിസ്റ്റര്‍ ചെയ്യിക്കുക എന്നുള്ളത് വലിയ ഏര്‍പ്പാട് ആയി മാറി. നിങ്ങള്‍ ഫ്ലക്സ് വെച്ചിട്ട് കാര്യം ഇല്ല. എല്ലാത്തിനും മീതെ കോവിഡിനുശേഷം ജീവിതം മുഴുവനും കണ്ടും ചെയ്തും തീര്‍ക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. സോഷ്യല്‍ മീഡിയ എന്നു പറയുന്നത് വലിയ ഇന്‍ഫ്ലുവന്‍സ് തന്നെയാണ്. എനിക്ക് തോന്നുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ് ഏറ്റവും കൂടുതല്‍ സിനിമ പ്രമോഷന് നടത്തുന്നത്. അതുതന്നെ ഇന്സ്റ്റപോലെയുള്ള ആപ്പിലൂടെയൊക്കെയാണ് ചെയ്യുന്നത്. അപ്പോൾ ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ട് ഇത് വെറുതെ ഒരു പ്രമോഷന് ആയി നടത്തിയാലും പോരാ. സിനിമ നിരൂപണവും കൂടിയിട്ടുണ്ട്. അതിനൊക്കെ ഒരു ക്രൈറ്റീരിയ ഇല്ലല്ലോ. വിമർശകൻ സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂടുതലുള്ള ആളാണെങ്കില്‍ സിനിമയെക്കുറിച്ചുള്ള മൊത്തം അഭിപ്രായം അതായി മാറും. ആ അഭിപ്രായം ആളുകളെ ഭയങ്കരമായി സ്വാധീനിക്കും. സിനിമ പ്രവര്‍ത്തകരെയും സ്വാധീനിക്കും? ഏറ്റവും കൂടുതല്‍ മാനിപുലേറ്റിങ് ആയിട്ടുള്ള ഒരു ലോകത്ത് കൂടുതല്‍ മാനിപുലേറ്റ് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ആര്‍ട് ഫോം കൂടിയാണ്. മീഡിയ േപ്രാസസിങ് അനിവാര്യമായിക്കഴിഞ്ഞു. കാരണം, എന്നെപ്പോലെ സാധാരണഗതിയില്‍ പ്രമോഷന് രംഗത്തേക്ക് കൊണ്ടുവരാത്ത ആര്ട്ടിസ്റ്റിനെപ്പോലും കൊണ്ടുവരേണ്ടിവരുന്നു. ഒരു ഗുണം തോന്നിയത് എന്താണെന്നുവെച്ചാല്‍ ഈ പ്രമോഷനുകളിലൂടെ കൂടുതൽ ഇന്ററാക്ഷന് അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും സാധിക്കുന്നു എന്നതാണ്. മീഡിയപേഴ്സൻസ് ആയതുകൊണ്ട് അവര്‍ എല്ലായ്പോഴും സെന്‍സിബ്ള്‍ ചോദ്യങ്ങള്‍ ചോദിക്കും എന്നുള്ള പ്രതീക്ഷയില്‍ ഇരിക്കും. പേക്ഷ, വൈറലാക്കാനുള്ള കണ്ടന്റാണ് സോഷ്യൽ മീഡിയ പ്രമോട്ടേഴ്സിനു വേണ്ടത്. അപ്പോ അതുകൊണ്ട് വിവാദത്തിനുള്ള സാധ്യതകളുള്ളതുകൊണ്ട് നമ്മള് ഭയങ്കര അലര്‍ട്ട് ആയിട്ടിരിക്കണം. അത് അപകടവുമാണ് ഗുണവുമാണ്. അപകടം എന്നു പറഞ്ഞാല്‍ അനാവശ്യമായിട്ടുള്ള സെന്സിബിലിറ്റികളിലേക്ക് പോകുകയും അനാവശ്യമായ വിവാദങ്ങളും ഉണ്ടാകുകയും ചെയ്യും. ഗുണപരമായിട്ടുള്ള ഒരു കാര്യവും അതിലുണ്ടാവില്ല. എത്ര നല്ല സിനിമ ചെയ്താലും നിങ്ങള്‍ക്കത് മനസ്സിലേക്ക് രജിസ്റ്റർ ചെയ്യിക്കുന്ന പ്രോസസ് ഭയങ്കര ശ്രമകരമാണ്. അതുകൊണ്ട് മാര്‍ക്കറ്റിങ് എന്നുപറയുന്നത് ഏത് മോശം േപ്രാഡക്ടിനും അത്യാവശ്യമായി മാറി.
ഡബ്ല്യൂ.സി.സി മലയാള സിനിമയിലെ വേറൊരു സ്ത്രീ മുന്നേറ്റമാണല്ലോ. എങ്ങനെ നോക്കിക്കാണുന്നു?
ഞങ്ങളെപ്പോലുള്ള അഭിനേതാക്കള്‍ എല്ലായ്പോഴും നിരന്തരം കേള്ക്കേണ്ടിവരുന്നതാണ് സിനിമാ ലോകത്തിലെ വേതനത്തിന്റെ കാര്യം. സിനിമ ലോകത്ത് ശരിയായ വേതനം കിട്ടുന്നില്ല എന്ന ധാരണ എല്ലാവരിലുമുണ്ട്. ആ ധാരണ ഉള്ളതുകൊണ്ടാണ് ആ കാര്യത്തെപ്പറ്റി ഞങ്ങളോട് ചോദിക്കുന്നത്. ലീഡിങ് ആര്ട്ടിസ്റ്റുകളാരോടും ആ ചോദ്യം ഉന്നയിച്ച് കാണാറില്ല. അതുതന്നെ പ്രത്യേകിച്ചു സ്ത്രീകളോടു മാത്രമേ ചോദിക്കുകയുള്ളൂ. സ്ത്രീകള്‍ക്ക് വേതനം തുലോം കുറവാണെന്നത് അറിയാം. തുല്യവേതനം ഒരു വലിയ പ്രശ്നമായി വരുക സമൂഹം കുറെക്കൂടി മുന്നോട്ട് പോകുമ്പോഴാണ്. നീതിപൂര്‍വകമായ വേതനത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുവരെ മുന്‍കൈയെടുത്തിട്ടില്ല.
ഡബ്ല്യൂ.സി.സി എന്നുപറയുന്നത് നടി ആക്രമിക്കപ്പെട്ട സമയത്ത്, സ്ഫോടനാത്മകമായ സമയത്ത് രൂപപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനക്ക് എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഈ വ്യവസായത്തില്‍ ചില മാറ്റം വേണമെന്ന തോന്നലിന് വഴിവെച്ചു. അതിന്റെയൊരു പരിമിതി അതിനൊരു ട്രേഡ് യൂനിയന്‍ സ്വഭാവമില്ല എന്നതാണ്. ഞാനടക്കമുള്ളവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണമെങ്കില്‍ ഇത്തരത്തിലുള്ള സിനിമ സംഘടനകള്‍ ട്രേഡ് യൂനിയന്‍ സ്വഭാവമുള്ളൊരു സംഘടനയായി മാറണം. മീഡിയേറ്റര്‍ എന്നുള്ള രീതിയില്‍ അതത് സമയത്ത് പ്രതിസന്ധികളും പ്രശ്നങ്ങളും സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ളൊരു വേദിയായിട്ട് മാത്രമേ ഇപ്പോള്‍ നിലനില്ക്കുന്നുള്ളൂ. ഡബ്ല്യൂ.സി.സിയുടെ പരിമിതി അതിനൊരു വികാസ കുറവുമുണ്ടായിട്ടുണ്ട് എന്നതാണ്. ഒന്നതിനകത്ത് ഭയങ്കര ക്ലാസ് ഡിഫറന്‍സുണ്ട്. ഡബ്ല്യൂ.സി.സി അനൗണ്‍സ് ചെയ്തതിന്റെ പിന്നിൽ അവരെ ശ്രദ്ധിക്കുന്ന വലിയൊരു ആള്‍ക്കൂട്ടം ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് അവരുടെ ഉത്തരവാദിത്തവും ഏറിയിട്ടുണ്ട്.
ഹേമ കമീഷന്റെ റിപ്പോര്‍ട്ട് പുറത്തുവരാത്തതും അതിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങളിലേക്ക് പോകാത്തതും വേറെ ചര്‍ച്ചപോലും ആകാത്തതും ഗവൺമെന്റിന്റെയും സാംസ്കാരിക വകുപ്പിന്റെയും കഴിവുകേടുകൂടിയാണ്. ലക്ഷങ്ങൾ ചെലവഴിച്ചു നടത്തിയ പഠനത്തിനുശേഷമുള്ള ഹേമ കമീഷന് റിപ്പോർട്ട് ഇപ്പോഴും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ല. ഹേമ കമീഷൻ രൂപവത്കരിക്കപ്പെടുന്നതിലും സിനിമാരംഗത്തെ ഐ.സി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചതില്‍ ഡബ്ല്യൂ.സി.സിയുടെ ഇടപെടലിനെ ചെറുതായി നമ്മള് കണ്ടുകൂടാ.
ഡബ്ല്യൂ.സി.സിയുടെ നേതൃത്വത്തില്‍ ഉള്ളവര്‍ സാധാരണ മനുഷ്യരോട് ഇടപെട്ട്, അവരുടെ സാമൂഹിക ജീവിതങ്ങളില്‍ ഇടപെട്ട് ശീലമില്ലാത്തവരാണ്. അവര്‍ അതൊക്കെ പഠിക്കാന്‍ ഉള്ള ശ്രമത്തിലാണ്. പിന്നെ ഡബ്ല്യൂ.സി.സിയുടെ നേതൃത്വത്തില്‍ ഉള്ള ഇവർ എല്ലാനിലക്കും രാഷ്ട്രീയബോധ്യങ്ങളോടെ വന്നവരല്ലല്ലോ. അപ്പോള്‍ നമ്മളത് അങ്ങനെ പ്രതീക്ഷിക്കാനും പറ്റില്ല. അവരൊക്കെ സോഷ്യൽ ആക്ടിവിസ്റ്റുകളായിട്ട് സിനിമയില്‍ വന്നവരല്ലല്ലോ. സോഷ്യൽ ആക്ടിവിസവും സിനിമയും ഒന്നിച്ചുകൊണ്ടുപോകുന്ന മനുഷ്യരൊന്നുമല്ല. അതിന്റെ പരിമിതി അവര്‍ക്കുണ്ട്. പക്ഷേ, അതേ സമയം ഡബ്ല്യൂ.സി.സിയിലെ ക്ലാസ് ഡിഫറന്‍സ് എന്ന് പറഞ്ഞാല്‍ പതുക്കെ പൊളിഞ്ഞുപോകേണ്ടതാണ്.
അടുത്തകാലത്ത് ഷൈന്‍ ടോം ചാക്കോയുമായുള്ള ഒരു പ്രമോഷന് പരിപാടിയിലെ തര്‍ക്കങ്ങള്‍ ഓൺലൈന്‍ മീഡിയകള്‍ ആഘോഷിച്ചു?
നമ്മുടെ പൊതുബോധ മര്യാദ എന്ന് പറഞ്ഞ ഒരു സാധനത്തിന് അകത്തുനില്‍ക്കുന്ന മനുഷ്യന് അല്ല ഷൈന്‍ ടോം ചാക്കോ. അയാളെ സംബന്ധിച്ച് അയാള്‍ക്ക് ഒരുപാടുതരത്തിലുള്ള പ്രതീക്ഷകളുണ്ട്. ലോകത്തെ കുറിച്ചുള്ള ഭയങ്കര കലഹങ്ങള്‍ ഉണ്ട്. അയാളെ സംബന്ധിച്ച് ഈ സിസ്റ്റത്തിനോട് എപ്പോഴും അയാൾ കലഹത്തിലാണ്. ഈ കലഹത്തിനെ എക്സ്പ്രസ് ചെയ്യാന്‍, ആര്‍ട്ടിക്കുലേറ്റ് ചെയ്യാന്‍ ഭാഷ ഇല്ലാത്തതാണ് അയാളുടെ പരിമിതി. നിങ്ങള്‍ എന്തിനാണ് ശത്രുതാപരമാവുന്നത്. നിങ്ങള്‍ എന്തിനാണ് പാകിസ്താന്കാരെ ശത്രുവാക്കി നിര്‍ത്തുന്നത് എന്ന മനോഹരമായ ചോദ്യമാണ് അയാള്‍ ചോദിക്കുന്നത്. അതുപോലെ അയാള്‍ വളരെ ലോജിക്കല്‍ ആയിട്ടാണ് സംസാരിക്കുക. ഈ സിഗരറ്റിന്റെ പരസ്യം മുഴുവന്‍ കണ്ടുവന്നിട്ട് ഓലമടല് വലിക്കുവോ എന്നാണ് ചോദിക്കുക. അങ്ങനെ വളരെ സെന്സിബിള് ആയിട്ടുള്ള, സെന്സിറ്റിവ് ആയിട്ടുള്ള കാര്യങ്ങളിലാണ് അവന് വര്‍ത്തമാനം പറയുന്നത്. പൊതുബോധം എന്നത് ഞാന്‍ അടക്കമുള്ള ആളുകളുടെ ഒരു സ്ട്രാറ്റജി ആണ്. സ്വാഭാവികമായും സ്ത്രീകളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോഴുണ്ടാകുന്ന സംരക്ഷണ സ്വഭാവം അയാൾക്ക് ഉണ്ടാകുന്നുണ്ട്. അന്നത്തെ 'വിചിത്രം' എന്ന സിനിമയുടെ പ്രമോഷന് പരിപാടിയില്‍ ഷൈന്‍ എന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് മറ്റൊരാളുടെ ഏജന്‍സിയെ ഏറ്റെടുക്കല്‍ ആണെന്ന് തിരിച്ചറിയാതെയാണ്. അതയാളുടെ പരിമിതിയാണ്. ഒരാളുടെ വ്യക്തിപരമായ ടെറിട്ടറിയിലേക്ക് ഉള്ള ചോദ്യങ്ങള്‍ വൈറല്‍ കണ്ടന്റ് കിട്ടുക എന്ന ലാക്കോടെ എറിയുന്നതുകൊണ്ടാണ് ഷൈന്‍ ടോം അസ്വസ്ഥനായി പെരുമാറുന്നതെന്നാണ് എന്റെ നിരീക്ഷണം.
ഓൺലൈന്‍ മീഡിയകള്‍ ഇപ്പോള്‍ സിനിമ അഭിനേതാക്കളുടെ ജീവിതത്തില്‍ വല്ലാതെ ഇടിച്ചുകയറുന്നുണ്ട് എന്നാണ് ജോളി പറഞ്ഞുവരുന്നത്?
സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമാകുന്ന ഓൺലൈന്‍ പോര്‍ട്ടലുകള്‍ക്ക് വലിയ റീച്ചാണ് ഇപ്പോഴുള്ളത്. കാപ്ഷനുകളിലൂടെ ആണ് അവര്‍ വൈറല്‍ കണ്ടന്റുകള്‍ ഉണ്ടാക്കുന്നത്. കണ്ടന്റ് കോണ്ട്രഡിക്ടറി ആവണമെന്നില്ല. ഇവര്‍ കണ്ടെത്തുന്ന കാപ്ഷന്‍ ആണ് അതിന് അത്തരത്തിലുള്ളൊരു റീച്ച് കൊടുക്കുന്നത്. അപ്പോ ഇങ്ങനെയൊരു മാനിപുലേറ്റിവ് ആയിട്ടുള്ള ഒരു സ്ട്രാറ്റജി വെച്ചിട്ട് ആളുകളെ കൊണ്ട് ഇത് കാണിപ്പിക്കുക എന്നുള്ളതാണ് ചെയ്യുന്നത്. അതിനകത്ത് പ്രത്യേകിച്ച് ഒന്നും ഉണ്ടാവില്ല. പിന്നെ എനിക്ക് തോന്നുന്നു പൊതുവെ ഈ നവമാധ്യമങ്ങളെ ഹാന്‍ഡില്‍ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ധാരണയുണ്ട്. ആക്ടിങ് മേഖലയില്‍, എന്റര്ടെയ്ന്മെന്റ് മേഖലയില്‍ നില്‍ക്കുന്നവരോടൊക്കെ വളരെ ലളിതമായതും കോമാളിത്തമായതുമായ ചോദ്യങ്ങളെ ചോദിക്കാന്‍ പാടുള്ളൂ എന്ന്. രാഷ്ട്രീയക്കാരോട് അങ്ങനത്തെ ചോദ്യം ചോദിക്കില്ല. സാഹിത്യകാരന്മാരോട് ചോദിക്കില്ല. വേറെ തരത്തിലുള്ള സോഷ്യല്‍ സ്പെയ്സില്‍ നില്ക്കുന്ന ഒരു മനുഷ്യരോടും ഇങ്ങനത്തെ ചോദ്യം ചോദിക്കില്ല. പക്ഷേ, എന്റര്ടെയ്ന്മെന്റ് ഇൻഡസ്ട്രിയില്‍ നില്ക്കുന്ന മുഴുവന്‍ പേരോടും ഇങ്ങനത്തെ ഔചിത്യമില്ലാത്തതും യുക്തിയില്ലാത്തതും സോഷ്യലി റെലവന്റ് അല്ലാത്തതുമായ എന്തെങ്കിലും ഒരു കണ്ടന്റ് ആയിരിക്കും ചോദിക്കുക. 'ജോക്കര്‍' എന്നുപറയുന്ന സിനിമക്ക് പുറത്തും ആ അഭിനേതാവ് ജോക്കറായി മാറേണ്ട അവസ്ഥയുണ്ട് എന്നത് പോലെ. എന്റര്ടെയ്ന്മെന്റ് ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളുകള്‍ക്ക് ഇങ്ങനെയുള്ള ഗതികേടിനെ ഫെയ്സ് ചെയ്യേണ്ടതുണ്ട്. അപ്പോ എനിക്ക് തോന്നുന്നത് പലപ്പോഴും നമ്മളെ തന്നെ മാധ്യമപ്രവര്‍ത്തനത്തിന്റെ നിലവാരത്തിലൂടെയാണ് കാണിക്കുന്നത്. ഫിലിം ബീറ്റ്സ് എന്നൊക്കെ പറഞ്ഞാല്‍ ഫണ്ണിയായിരിക്കണം. ഇവര്‍ സ്വകാര്യ ജീവിതത്തെയിട്ട് അലക്കണം എന്നൊക്കെയാണ് ധാരണ.
സിനിമയിലുള്ളവരുടെ, വ്യക്തിജീവിതത്തിലുള്ള ഇവരുടെ സ്വഭാവങ്ങളെക്കൂടി എടുത്തുവെച്ചിട്ട് സമൂഹത്തില്‍ ഒരു റോള്‍മോഡലിനെ വേറൊരു രീതിയില്‍ സൃഷ്ടിക്കുക. അതാണിവര്‍ ചെയ്യുന്ന വേറൊരു കാര്യം. അതില്‍തന്നെ എനിക്ക് തോന്നിയിട്ടുള്ളത് ഭയങ്കരമായിട്ട് സോഷ്യല്‍ ലൊക്കേഷന്‍ പ്രധാനമാണ്. അതുകൊണ്ടാണ് വിനായകനെപ്പോലുള്ള, ഷൈൻ ടോം ചാക്കോപ്പോലുള്ള, ശ്രീനാഥ് ഭാസിയെപ്പോലുള്ളൊരാളോടൊക്കെ ഇവരുടെ ചോദ്യങ്ങള്‍ വേറെ രീതിയിലായി മാറുന്നത്. ഇതേപോലെ ഫഹദിനോടോ പൃഥ്വിരാജിനോടോ മമ്മൂട്ടിയോടോ മോഹന്‍ലാലിനോടോ ഒന്നും ഈ ചോദ്യം ചോദിക്കുന്നത് കാണുന്നില്ല. ഈ സോഷ്യല്‍ ലൊക്കേഷന്‍ എന്ന് പറയുന്നത് ജാതിപോലെ തന്നെ സിനിമക്കകത്തും മീഡിയ ക്രിയേറ്റ് ചെയ്യുന്നതാണ്.
അവിടെയാണ് ഞാന്‍ പ്രാതിനിധ്യത്തെ കുറിച്ചു പറയുന്നത്. നമ്മള് ഈ സിനിമയില്‍ പ്രാതിനിധ്യങ്ങള്‍ എന്ന് പറയുമ്പോള്‍ വിനായകന് പറയുന്നുണ്ടല്ലോ, ''18 വർഷം കഴിഞ്ഞിട്ടാണ് എന്റെ തല ഒരു പോസ്റ്ററില്‍ വന്നത്'' എന്ന്. വളരെ പെട്ടെന്നാണ് അയാളുടെ മാറ്റം. അത് അംഗീകരിക്കാന്‍ ഇവിടത്തെ പൊതുസമൂഹവും മീഡിയയും തയാറല്ല. അതുകൊണ്ടാണ് അയാള്‍ വിചാരണ ചെയ്യപ്പെടുന്നത്. അയാള്‍ക്ക് അയാളുടെ ഒരു ഫിലോസഫിയുണ്ട് പറയാനായിട്ട്. എനിക്ക് തോന്നുന്നു ഇതുതന്നെ തിരിച്ച് ഷൈനിനും ഉണ്ട്. അയാള്‍ക്കും അയാളുടെ ഒരു ഫിലോസഫിയുണ്ട് പറയാന്‍. ഇത് കേള്‍ക്കാന്‍ ആര്‍ക്കും താൽപര്യമില്ല. ഈ ലോകത്തെക്കുറിച്ച് ബന്ധങ്ങളെക്കുറിച്ച്, ഈ മനുഷ്യരെക്കുറിച്ച്, ആൺ-പെണ് സൗഹൃദങ്ങളെക്കുറിച്ച്, സെക്സിനെക്കുറിച്ച് അവര്‍ക്ക് വളരെ രസകരമായ കാഴ്ചപ്പാടുകളാണ്. പക്ഷേ, ഇതൊന്നും കേള്‍ക്കാന്‍ വയ്യ. ഇതൊക്കെ മിണ്ടുന്നുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കെന്തോ കുഴപ്പമുണ്ട്, അത് കിളിപാറിയതാണ്. അല്ലേല്‍ അത് മറ്റേത് അടിച്ചുപോയതാണ് എന്നൊക്കെയാണ് വിലയിരുത്തല്‍. ഇത് ബോധപൂര്‍വം പൊതുബോധം നിർമിച്ചുവിടുന്നതാണ്. ഒരു ഭാഗത്ത് സോഷ്യൽ മൊറാലിറ്റിയെ സ്ട്രക്ചര്‍ ചെയ്യുന്നത് ഇങ്ങനെയുള്ള ചില ഫണ്ണി എലമെന്റിനെ വെച്ചിട്ടും കൂടിയാണ്. അതില്‍തന്നെ കുറച്ചുകൂടി വിസിബിലിറ്റിയുള്ള മനുഷ്യന്മാർകൂടിയാവുമ്പോള് അത് ഈസിയാണ്.
ഇന്ന് മലയാള സിനിമ നവ ഭാവുകത്വത്തിലൂടെ സഞ്ചരിക്കുകയാണ് എന്നുപറയുന്നുണ്ടല്ലോ. എന്താണ് ജോളിക്ക് നവ സിനിമ?
വൈബ്രന്റ് ആയിട്ടുള്ള കുറെ കുട്ടികളുണ്ട് ഇന്ന്. പലതരത്തിലുള്ള രാഷ്ട്രീയം. നമ്മൾ നോക്കുമ്പോൾ പല സമരങ്ങളും നമ്മുടെ കാമ്പസുകളിലാണ് രൂപപ്പെടുന്നത്. പ്രത്യേകിച്ചും നോര്‍ത്ത് കാമ്പസുകളില്‍. അതേസമയം അത്രക്കും വൈബ്രന്റ് ആയിട്ടുള്ള കാമ്പസ് രാഷ്ട്രീയം പറയുന്ന സിനിമകള്‍ ഉണ്ടാകുന്നില്ല. രോഹിത് വെമുല ഇന്നും ഒരു സിനിമക്ക് വിഷയമായിട്ടില്ല. പ്രണയവും അതിന്റെ പ്രശ്നങ്ങളും അല്ലാതെ അതിനപ്പുറമുള്ള പ്രശ്നങ്ങള്‍ സംസാരിക്കുന്ന കാമ്പസ് സിനിമകള്‍ ഉണ്ടാകുന്നില്ല? പിന്നെയുള്ളത് പ്രാതിനിധ്യത്തിന്റെ പ്രശ്നങ്ങളാണ്. കലാഭവന്‍ മണിക്കുശേഷം വിനായകന് വന്നു. കലാഭവന്‍ മണിപോലത്തെ ഒരു ആര്‍ട്ടിസ്റ്റ് വന്നത് മലയാള സിനിമ വലിയ ഔദാര്യംപോലെയാണ് കാണുന്നത്. നമ്മൾ, ഇമോഷനലി ഫേക്ക് ആയ മനുഷ്യരാണ് കേരളത്തിലേത്. എനിക്ക് സോഷ്യല്‍ സയന്റിസ്റ്റുകളോട് ചോദിക്കാനുള്ള ഒരു കാര്യം, എന്തുകൊണ്ടായിരിക്കും നമ്മള് ഇങ്ങനെ. നമുക്ക് സാഹിത്യവും സിനിമയും രാഷ്ട്രീയവുമൊക്കെയായിട്ട് ഒരുപാട് തരത്തിലുള്ള വികാസങ്ങള്‍ ഉണ്ടായിട്ടും നമ്മുടെ സാമൂഹിക ചലനത്തില്‍ ഇതിന്റെ ഒരു ഗുണപരമായ മാറ്റമില്ല. അപ്പോള്‍ എനിക്കു തോന്നിയത് ഏറ്റവും കൂടുതല്‍ ജാതിബോധം ഉറച്ചുകിടക്കുന്ന മനുഷ്യര്‍ നമ്മളാണ് എന്നതുകൊണ്ടാണ്. നമ്മള് പുറമേക്ക് ജാതി ഇല്ല എന്നു പറയുമ്പോഴും അതൊരു യാഥാർഥ്യമാണ് ഇവിടെ. മനുഷ്യര്‍ ബിവറേജസില്‍ ക്യൂ നിന്ന് മദ്യം വാങ്ങി ഒളിപ്പിച്ചു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. അങ്ങനെ ക്യൂ നിന്നു വാങ്ങാന്‍ നില്ക്കുന്ന മനുഷ്യരുടെ നോട്ടം വരെ ഭയങ്കര പരിതാപകരമായ നോട്ടമാണ്. ഇതാണ് നമ്മുടെ മനഃശാസ്ത്രം. അരികുവത്കരിക്കപ്പെട്ട മനുഷ്യര്‍ നമുക്കൊരു ശല്യമാണ്. അതുകൊണ്ടാണ് ക്യൂ നിന്നു മദ്യം വാങ്ങുന്ന മനുഷ്യരോട് പരിഹാസ്യവും പരിതാപകരവുമായ നോട്ടങ്ങള്‍ നമ്മള് അയക്കുന്നത്. അതിന്റെ ഒരു പ്രശ്നം സിനിമക്ക് അകത്തുമുണ്ട്. സിനിമ എന്തുതരത്തില്‍ മാറി എന്നാണ് പറയുന്നത്? എനിക്കു മനസ്സിലായിട്ടില്ല, ഇക്കാലത്ത് പ്രത്യേകിച്ച് നവ സിനിമകള്‍ എന്നു പറയുമ്പോള്‍ ചെറുപ്പക്കാരുടെ മാത്രമാണ്. ഇവിടെ സിനിമ നിർമാണവും വിതരണവും പ്രദര്‍ശനവും പ്രധാനപ്പെട്ട നടന്മാരുടെ കൈയിലാണ്. നമ്മുടെ വിചാരം യുവാക്കൾ ചെയ്യുന്ന സിനിമകള്‍ എല്ലാം നവ സിനിമ എന്നാണ്. നവ സിനിമ എന്നു പറഞ്ഞാല്‍ ആര് ചെയ്താലും ഈ കാലത്തിനോടു വേറൊരു രീതിയില്‍ ഇവിടെ നിലനില്‍ക്കുന്ന പിന്നോട്ടു വലിക്കുന്ന മൂല്യ ബോധത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിനിമകളാണ്. ഇവിടെ ഇടതുപക്ഷ സിനിമകളാണ് നവ സിനിമ എന്ന രീതിയില്‍ വിലയിരുത്തപ്പെടുന്നത്. വ്യത്യസ്തമായ രാഷ്ട്രീയവും ഭാവുകത്വവും പറയാനുള്ള, മുന്നോട്ടുവെക്കാനുള്ള മനുഷ്യര്‍ ഇപ്പോഴും സിനിമ വ്യവസായത്തിന് പുറത്താണ്.
(തുടരും)