''വിപ്ലവം തന്നെയാണ് ബദൽ; മാർഗം''; കെ.എൻ. രാമചന്ദ്രൻ സംസാരിക്കുന്നു
അരനൂറ്റാണ്ടിേലറെയായി നക്സലൈറ്റ് പ്രസ്ഥാനത്തിന് അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വം നൽകിയ രാഷ്ട്രീയപ്രവർത്തകനാണ് കെ.എൻ. രാമചന്ദ്രൻ. കഴിഞ്ഞമാസം കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് അദ്ദേഹം ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞു. തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുകയാണ് അദ്ദേഹം.
ഇടതു റാഡിക്കൽ പ്രത്യയശാസ്ത്രവുമായി ഇൗടുറ്റബന്ധമാണ് കെ.എൻ എന്ന രണ്ടക്ഷരത്തിൽ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിനുള്ളിൽ അറിയപ്പെടുന്ന കെ.എൻ. രാമചന്ദ്രന്റെ ജീവിതത്തിനുള്ളത്. വിപ്ലവത്തിന്റെ ആവശ്യം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനുവേണ്ടി നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്നു. ജനങ്ങളിൽ വിപ്ലവ മനോഭാവം നിറഞ്ഞുനിൽപുണ്ടെന്നാണ് കെ.എന്നിന്റെ വിശ്വാസം. അരനൂറ്റാണ്ടിലേറെ കാലമായി നക്സലൈറ്റ് പ്രസ്ഥാനത്തിന്...
Your Subscription Supports Independent Journalism
View Plansഇടതു റാഡിക്കൽ പ്രത്യയശാസ്ത്രവുമായി ഇൗടുറ്റബന്ധമാണ് കെ.എൻ എന്ന രണ്ടക്ഷരത്തിൽ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിനുള്ളിൽ അറിയപ്പെടുന്ന കെ.എൻ. രാമചന്ദ്രന്റെ ജീവിതത്തിനുള്ളത്. വിപ്ലവത്തിന്റെ ആവശ്യം ഇപ്പോഴുമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനുവേണ്ടി നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്നു. ജനങ്ങളിൽ വിപ്ലവ മനോഭാവം നിറഞ്ഞുനിൽപുണ്ടെന്നാണ് കെ.എന്നിന്റെ വിശ്വാസം.
അരനൂറ്റാണ്ടിലേറെ കാലമായി നക്സലൈറ്റ് പ്രസ്ഥാനത്തിന് നേതൃത്വനിരയിൽ അദ്ദേഹമുണ്ടായിരുന്നു. ഇൗ സെപ്റ്റംബറിൽ കോഴിക്കോട്ട് നടന്ന സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിന്റെ പാർട്ടി കോൺഗ്രസ് വരെ അദ്ദേഹം ജനറൽ സെക്രട്ടറി പദവി വഹിച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായത്. സമരതീക്ഷ്ണമായൊരു കാലത്തിലൂടെ സഞ്ചരിച്ച കെ.എൻ. രാമചന്ദ്രൻ അനുഭവം പങ്കുവെക്കുകയാണ് അഭിമുഖത്തിലൂടെ.
ആദ്യത്തെ രാഷ്ട്രീയപ്രവർത്തനം
മലയാളികളുടെ എഴുത്തിന്റെ ലോകത്തിലെ അത്ഭുതപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ തലയോലപ്പറമ്പിലാണ് ജനിച്ചത്. വൈക്കം സത്യഗ്രഹം നടന്ന സ്ഥലത്തിന് ഏതാനും കിലോമീറ്റർ അകലെ. ബാല്യകാലത്തെക്കുറിച്ച് ഓർമയിൽ തെളിയുന്നത് തലയോലപ്പറമ്പെന്ന വളരെ ചെറിയ ഗ്രാമമാണ്. പോസ്റ്റ് ഓഫിസും സ്കൂളും ആണ് അവിടെ ഉണ്ടായിരുന്ന സർക്കാർ സ്ഥാപനങ്ങൾ. ബഷീറിന്റെ കഥാപാത്രങ്ങൾ എല്ലാം ആ പ്രദേശത്തുള്ളവരായിരുന്നു. അക്കാലത്ത് തലയോലപ്പറമ്പിൽ ഉണ്ടായിരുന്നത് ചെറിയ വീടുകളാണ്. കരിനിലങ്ങളുണ്ടായിരുന്ന പ്രദേശം. ജാതിയുടെ അടിസ്ഥാനത്തിലായിരുന്നു വീടുകൾ. എട്ടര പതിറ്റാണ്ട് മുമ്പാണ് (85 വർഷം -1936ൽ) ജനിച്ചത്. വൈക്കം സത്യഗ്രഹം നടന്ന് ഒരു പതിറ്റാണ്ടായ കാലം. തിരുവിതാംകൂറിൽ ശക്തമായി ജാതി-ജന്മി വ്യവസ്ഥ നിലനിന്ന സ്ഥലമാണ് വൈക്കം. ഇപ്പോഴും അതിന്റെ വേരുകൾ മാഞ്ഞുപോയിട്ടില്ല. അന്ന് തിരുവിതാംകൂർ രാജാവിന് വഞ്ചീശമംഗളം ചൊല്ലിയാണ് സ്കൂളുകളിൽ പഠനം ആരംഭിച്ചത്. തിരുവിതാംകൂറിലെ ഭാഗമായിരുന്നു വൈക്കവും തലയോലപ്പറമ്പും. ജന്മി നാടുവാഴിത്തത്തിന്റെ സ്വഭാവമുണ്ടായിരുന്ന പ്രദേശങ്ങളാണ് ഇവ രണ്ടും. 15 -20 സെന്റ് ഭൂമിയിലാണ് കുടുംബം താമസിച്ചിരുന്നത്. അച്ഛന് കാളപൂട്ട് ആയിരുന്നു ജോലി. അര ഏക്കറോളം കരിനിലം സ്വന്തമായുണ്ടായിരുന്നു. മഴയില്ലാത്തതിനാൽ അവിടത്തെ കൃഷി വളരെ പ്രയാസമായിരുന്നു. നല്ല മഴപെയ്താൽ കൃഷി ചെയ്തതൊക്കെ വെള്ളത്തിനടിയിലാകും.
ഗ്രാമത്തിൽ ദരിദ്ര പശ്ചാത്തലത്തിലാണ് വളർന്നത്. ചേട്ടൻ പത്താം ക്ലാസ് വരെ പഠിച്ചത് തലയോലപ്പറമ്പിൽനിന്ന് അഞ്ച് കിലോമീറ്റർ നടന്ന് വൈക്കത്തെ ഹൈസ്കൂളിൽ പോയാണ്. തലയോലപ്പറമ്പിൽ അന്ന് ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. ചേട്ടന് വളരെവേഗം ട്രാൻസ്പോർട്ട് കണ്ടക്ടറായി ജോലി കിട്ടി. അന്നത്തെ ജീവിതസാഹചര്യത്തിൽനിന്നും രാഷ്ട്രീയത്തെക്കുറിച്ച് ചെറിയ ബോധമുണ്ടായി. തലയോലപ്പറമ്പിൽ ജ്ഞാനപ്രധാനി എന്നൊരു വായനശാല ഉണ്ടായിരുന്നു. അന്ന് കരയോഗത്തിലുള്ള ആളുകൾ ചേർന്നാണ് വായനശാല ഉണ്ടാക്കിയത്. ഇന്ന് അതിന്റെ പ്രവർത്തനം നടത്തുന്നത് പഞ്ചായത്താണ്. വായനശാല വഴിയാണ് പുസ്തകങ്ങളെല്ലാം ലഭിച്ചത്. ഹിന്ദു പത്രം വായനശാലയിൽ ലഭിച്ചിരുന്നു. അത് വായിച്ചാണ് ഇംഗ്ലീഷിന്റെ നിലവാരം മെച്ചപ്പെടുത്തിയത്. പത്താം ക്ലാസിൽ എത്തുമ്പോൾതന്നെ അക്കാലത്ത് കിട്ടാവുന്നത്ര ശാസ്ത്ര സാഹിത്യ പുസ്തകങ്ങൾ വായിച്ചിരുന്നു. പുന്നപ്ര-വയലാർ സമരം നടക്കുന്ന കാലത്ത് കടത്തു കടന്ന് വൈക്കത്തേക്കാണ് കമ്യൂണിസ്റ്റുകാർ എത്തിയത്. ആലപ്പുഴയിലും വയലാറിലും സി.പിയുടെ അടിച്ചമർത്തൽ ശക്തമായപ്പോഴെത്തിയ പാർട്ടിബന്ധമുള്ളവർ വൈക്കത്ത് പലയിടത്തും രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. അതോടെ, പാർട്ടി ഇവിടെ ശക്തമായി.
ഞാൻ പഠിച്ച തലയോലപ്പറമ്പിലെ സ്കൂളിൽ വിദ്യാർഥികൾ എ.ഐ.എസ്.എഫ് എന്ന സംഘടനയുണ്ടാക്കി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എ.ഐ.എസ്.എഫിൽ സജീവമായി. വള്ളംകുളം കരുണാകരനായിരുന്നു സ്കൂളിലെ ഹെഡ്മാസ്റ്റർ. അദ്ദേഹം അക്കാലത്തെ ഉദ്യോഗസ്ഥ മേധാവിയായിരുന്നു. കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ച് ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഹെഡ്മാസ്റ്റർ തീരുമാനിച്ചു. വിദ്യാർഥികൾ കോൺഗ്രസുകാരെ സ്കൂളിലെ പരിപാടിയിലേക്ക് വിളിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. വിദ്യാർഥികൾ പറഞ്ഞത് അദ്ദേഹം അംഗീകരിച്ചില്ല. ഹെഡ്മാസ്റ്റർ പരിപാടി നടത്തുമെന്ന് അറിയിച്ചു. വിദ്യാർഥികൾ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടു. സ്കൂളിൽ പരിപാടി തുടങ്ങിയപ്പോൾ വിദ്യാർഥികൾ ഒന്നടങ്കം ഹാൾ വിട്ട് കളിസ്ഥലത്തെത്തി യോഗം ചേർന്നു. അതായിരുന്നു ആദ്യത്തെ രാഷ്ട്രീയപ്രവർത്തനം.
രാഷ്ട്രീയ കളരിയായ എസ്.ഡി കോളജ്
1955ൽ പത്താം ക്ലാസ് ജയിച്ചപ്പോൾ ജോലിയെക്കുറിച്ചാണ് ആദ്യം ചിന്തിച്ചത്. കുടുംബത്തിലേക്ക് എന്തെങ്കിലും വരുമാനം കണ്ടെത്തണം. അന്ന് ഉപരിപഠനത്തിന് സാധ്യത കുറവാണ്. തുടർന്ന് പഠിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചില്ല. കാരണം, വീട്ടിലെ സാഹചര്യമായിരുന്നു. എയർഫോഴ്സിൽ ആളെ എടുക്കുന്ന കാലമാണ്. അതിന് അപേക്ഷ നൽകാൻ ആലോചിച്ചു. ചേട്ടൻ അന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സിയിലാണ്. എയർഫോഴ്സിലേക്കുള്ള അപേക്ഷ ഫോറം വാങ്ങി അത് അയക്കാൻ േജ്യഷ്ഠനെ കാണാനെത്തി. േജ്യഷ്ഠന് ഒപ്പം ജോലിചെയ്യുന്ന കണ്ടക്ടർമാർ സർട്ടിഫിക്കറ്റിന്റെ കോപ്പിയും വാങ്ങി നോക്കി. മാർക്ക് ലിസ്റ്റ് നോക്കിയവർ നല്ല മാർക്കുണ്ടല്ലോ എന്ന് പറഞ്ഞു. ജ്യേഷ്ഠന്റെ കൂട്ടുകാർ അനിയനെ പഠിപ്പിക്കണമെന്ന് ഉപദേശിച്ചു. തലയോലപ്പറമ്പ് സ്കൂളിലെ റെക്കോഡ് മാർക്ക് ആയിരുന്നു പത്താം ക്ലാസിൽ ലഭിച്ചത്. അങ്ങനെയാണ് ആലപ്പുഴ എസ്.ഡി കോളജിൽ ഇന്റർമീഡിയറ്റിന് പ്രവേശനം നേടുന്നത്.
നാട്ടിൻപുറത്തെ ഹൈസ്കൂളിൽനിന്ന് കോളജിൽ വിദ്യാഭ്യാസത്തിന് എത്തുമ്പോൾ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് പുതുരൂപവും ഭാവവുമുണ്ടായി. എന്റെ പഠനത്തിനായി ജ്യേഷ്ഠൻ കോളജിനടുത്ത് ഒരു വീട് എടുത്തു. പുന്നപ്ര-വയലാർ സമരമൊക്കെ കഴിഞ്ഞ് ആലപ്പുഴയിലെ ചുവന്ന അന്തരീഷം രാഷ്ട്രീയ പ്രവർത്തനത്തിന് അനുകൂലമായിരുന്നു. കോളജിൽ എ.ഐ.എസ്.എഫ് അന്ന് ശക്തം. 1956ൽ സൈമൺ ആശാനാണ് വിദ്യാർഥി സംഘടനക്ക് രാഷ്ട്രീയ ഉപദേശം നൽകിയത്. അദ്ദേഹമായിരുന്നു ഏരിയ സെക്രട്ടറി. വിദ്യാർഥികളുടെ കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് കീഴിലായിരുന്നു. ടി.വി. തോമസ്, ആർ. സുഗതൻ തുടങ്ങിയ നേതാക്കളൊക്കെ വിദ്യാർഥികൾക്ക് രാഷ്ട്രീയ ക്ലാസ് നൽകാൻ എത്തിയിരുന്നു. കോളജിലും പുറത്തും ഒരുപോലെ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി. ഗോവ വിമോചനത്തിനായി വിദ്യാർഥികൾ മാർച്ച് നടത്തി. വളന്റിയേഴ്സ് ആയി 10 വിദ്യാർഥികളെ ഗോവയിലേക്ക് അയച്ചു. അതിനായി വലിയ പ്രവർത്തനമാണ് കോളജിൽ നടന്നത്. 1956ലെ കേരളപ്പിറവി ദിനത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിൽ വലിയ റാലി നടത്തി. വിദ്യാർഥികളും റാലിയിൽ പങ്കെടുത്തു. റാലിക്കായി ലോകത്തിന്റെ ഗ്ലോബ് ഉണ്ടാക്കി. അതിൽ സോഷ്യലിസ്റ്റ് രാജ്യങ്ങൾ ചുവപ്പിൽ അടയാളപ്പെടുത്തി. തൊട്ടടുത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വന്നു. 1957 ഫെബ്രുവരിയിലായിരുന്നു തെരഞ്ഞെടുപ്പ്. മാർച്ചിലായിരുന്നു സർവകലാശാല പരീക്ഷ. എന്നിട്ടും തെരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചു. എസ്.ഡി കോളജിൽ പഠിച്ച രണ്ടുവർഷം ആലപ്പുഴയിൽതന്നെയാണ് താമസിച്ചത്. ഇന്റർമീഡിയറ്റിന്റെ റിസൽട്ട് വന്നപ്പോഴും മികച്ച മാർക്ക് ലഭിച്ചു. വിദ്യാർഥി കാലത്ത് ആലപ്പുഴയാണ് ചിന്തയിൽ പുതിയ രാഷ്ട്രീയ ആശയങ്ങൾ നിറച്ചത്.
എൻജിനീയറിങ് കോളജിലെ സംവാദങ്ങൾ
ഇന്റർമീഡിയറ്റ് കഴിഞ്ഞപ്പോൾ തുടർപഠനത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായി. പ്രഫഷനൽ കോളജിൽ ചേരണമെങ്കിൽ പഠനത്തിന് വലിയ തുക ചെലവാകും. ആ സമയത്ത് ധാരാളമായി വായിക്കുമായിരുന്നു. പല സുഹൃത്തുക്കളും ജ്യേഷ്ഠനോട് പറഞ്ഞു എൻജിനീയറിങ്ങിനു പഠിപ്പിക്കാൻ. തിരുവനന്തപുരത്ത് അകന്ന ചില ബന്ധുക്കൾ താമസിച്ചിരുന്നു. അവർ വഴി ഗവൺമെന്റ് എൻജിനീയറിങ് കോളജിലെ വിവരങ്ങൾ അറിഞ്ഞു. ഉയർന്ന മാർക്കുണ്ടായിരുന്നതിനാൽ ഗവ. എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചു. കോളജിൽ ആകെ 100 സീറ്റാണുണ്ടായിരുന്നത്. കിഴക്കൻ ആഫ്രിക്ക, ഒഡിഷ തുടങ്ങിയ ഇടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് 10 സീറ്റ് അനുവദിക്കും. ഇന്റർവ്യൂ കഴിഞ്ഞപ്പോൾ പ്രവേശനം ഉറപ്പായി. തുടർപഠനം എങ്ങനെയെന്ന് ആലോചിച്ചില്ല. സീറ്റ് കിട്ടിയതിനാൽ ചേർന്നു. ദേവസ്വം ബോർഡിന്റെ സ്കോളർഷിപ് കിട്ടിയതിനാലാണ് പഠനം തുടരാനായത്. ചില അധ്യാപകരും അക്കാലത്ത് സഹായിച്ചു.
ആലപ്പുഴയുടെ മണ്ണിൽനിന്ന് എത്തിയ വിദ്യാർഥിയെ തിരുവനന്തപുരത്തെ രാഷ്ട്രീയക്കാർ ആവേശത്തോടെ വരവേറ്റു. രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി. എൻജിനീയറിങ് കോളജിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനം അന്ന് അനുവദിച്ചിരുന്നില്ല. എന്നാൽ, രാഷ്ട്രീയ നിലപാടുള്ള വിദ്യാർഥികൾ യോഗം ചേർന്ന് പ്രത്യയശാസ്ത്ര ചർച്ച നടത്തിയിരുന്നു. എ.ഐ.എസ്.എഫിന്റെ യൂനിറ്റ് അതിനുള്ളിൽ പ്രവർത്തിച്ചിരുന്നു. പല കോളജുകളിൽനിന്നുമെത്തിയ വിദ്യാർഥികൾക്ക് കമ്യൂണിസ്റ്റ് രാഷ്ട്രീയ ആഭിമുഖ്യം ഉണ്ടായിരുന്നു. രണ്ടാം വർഷം വിദ്യാർഥി സംഘടന ശക്തിപ്പെടുത്തി. കോളജിൽ പരസ്യപ്രവർത്തനം അനുവദിച്ചിരുന്നില്ല. എന്നാൽ, വിദ്യാർഥികളുടെ രാഷ്ട്രീയയോഗങ്ങളം ചർച്ചയും മുറപോലെ നടന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പഞ്ചവത്സര പദ്ധതി സംബന്ധിച്ച് യോഗങ്ങളിൽ ചർച്ച നടത്തി. നെഹ്റുവിന്റെ വികസനമാതൃക എന്താണെന്ന് വിശകലനംചെയ്ത് വിദ്യാർഥികൾ സംസാരിച്ചു. എൻജിനീയറിങ് കോളജിൽ രാഷ്ട്രീയ പഠനവും പുറത്ത് രാഷ്ട്രീയപ്രവർത്തനവും തുടർന്നു. അതായിരുന്നു അന്നത്തെ ശൈലി.
കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം സിറ്റി കമ്മിറ്റി സെക്രട്ടറി കോസല രാമദാസായിരുന്നു. ആലപ്പുഴയിൽനിന്നും വന്ന സഖാവ് എന്ന നിലയിലാണ് ഞാൻ അവിടെ റിപ്പോർട്ട് ചെയ്തത്. പരിചയപ്പെട്ടതിൽ പല സഖാക്കളും സന്തോഷം പ്രകടിപ്പിച്ചു. വഴുതക്കാട് കമ്മിറ്റിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് അന്ന് നിർദേശം ലഭിച്ചത്. തുടർന്ന്, കോളജിനുള്ളിൽ പാർട്ടിക്കാരായ വിദ്യാർഥികളുടെ ഫ്രാക്ഷൻ രൂപവത്കരിച്ചു. പാർട്ടി ശരിയായ നിലപാടിൽ മുന്നോട്ടുപോകുന്നു എന്നാണ് ആലപ്പുഴയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടായ ധാരണ. തിരുവനന്തപുരത്ത് എത്തിയപ്പോൾ അവിടെ നടന്ന ചർച്ചകളിൽ പാർട്ടിയിലെ നയവ്യതിയാനത്തിനെതിരായ വിമർശനം ഉയർന്നുവന്നു. തെലങ്കാന, തേഭാഗ സമരങ്ങൾക്കുശേഷം പാർട്ടിക്കുണ്ടായ മാറ്റത്തെക്കുറിച്ച് തലയോലപ്പറമ്പിലെ പഴയ ചില സഖാക്കളും ചർച്ച ചെയ്യുന്നത് കേട്ടു.
പാർട്ടിയിലെ ബുദ്ധിജീവികളായിരുന്നു മാർക്സിസം സിദ്ധാന്തങ്ങളും മറ്റു പ്രത്യയശാസ്ത്ര പ്രശ്നങ്ങളും ചർച്ചചെയ്തിരുന്നത്. പലപ്പോഴും അത്തരം ചർച്ചകളിൽ ചിലതൊക്കെ മനസ്സിലാക്കാനായി. എന്നാൽ, പൂർണാർഥത്തിൽ കാര്യങ്ങൾ ആദ്യം വിദ്യാർഥികൾക്ക് മനസ്സിലായില്ല. പാർട്ടി പോകുന്നവഴി ശരിയല്ലെന്ന് വിമർശനം പലയിടത്തും ഉയർന്നു. അതോടൊപ്പം, 1957ലെ സർക്കാറിന്റെ നയപ്രഖ്യാപനത്തെ പലരും ചോദ്യംചെയ്തു. അക്കാലത്ത് ഞാൻ എ.ഐ.എസ്.എഫിന്റെ ജില്ല കമ്മിറ്റിയിലുണ്ട്. അന്ന് ഇ.എം.എസ് നടത്തിയ പ്രസംഗത്തിൽ ഈ സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾ നടപ്പാക്കാനല്ല; ഇന്നത്തെ അവസ്ഥയിൽ കോൺഗ്രസ് നടപ്പാക്കാത്ത പുരോഗമന പരിപാടികളുണ്ട്, അത് നടപ്പാക്കാനും ജനക്ഷേമപരമായ കാര്യങ്ങൾ ചെയ്യാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. പല സഖാക്കളും ഈ നയപ്രഖ്യാപനത്തെ നിശിതമായി വിമർശിച്ചു. അന്ന് കാട്ടായിക്കോണം ശ്രീധർ ആണ് പാർട്ടി ജില്ല സെക്രട്ടറി. വിദ്യാർഥി സംഘടനയുടെ ഫ്രാക്ഷനിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഫ്രാക്ഷനിൽ ഉണ്ടായിരുന്ന സഖാക്കളിൽ 75 ശതമാനവും പാർട്ടിയുടെ നിലവിലെ പോക്ക് തെറ്റാണെന്ന് വാദിച്ചു.
കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയത് പാർട്ടിയിലേക്ക് ജനങ്ങളെ അടുപ്പിക്കാനാണെന്ന് സഖാക്കൾ വാദിച്ചു. ഇ.എം.എസിന്റെ നിലപാട് ശരിയല്ല എന്നായിരുന്നു പാർട്ടിക്കുള്ളിൽ ഉയർന്ന വിമർശനം. പാർട്ടിയെ തിരുത്തേണ്ട പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാണിച്ചവരുമുണ്ട്. അന്ന് പാർട്ടിയിലെ ചില നേതാക്കൾ വിമർശനമുന്നയിച്ച വിദ്യാർഥികളെ റെബൽ സംഘമായി വിലയിരുത്തി. എന്നാൽ, സംഘടനാരംഗത്ത് വളരെ സജീവമായി പ്രവർത്തിക്കുന്നവർ ഈ വിദ്യാർഥികളായതിനാൽ വിമർശിച്ചവരെയും പാർട്ടിയോടൊപ്പം നിർത്തി. വിദ്യാർഥികളുടെ ഇടയിൽ ഈ വിഭാഗത്തിനായിരുന്നു വലിയ സ്വാധീനം. ഐക്യവും സമരവും എന്ന നിലയിലാണ് അന്ന് പാർട്ടി പ്രവർത്തനം മുന്നോട്ടുപോയത്. 1960-61 ആകുമ്പോഴേക്കും വിദ്യാർഥി രാഷ്ട്രീയത്തിന് പുറത്ത് മറ്റ് മേഖലകളിൽ നിൽക്കുന്ന സഖാക്കൾക്കും ഞാൻ പരിചിതനായി. കേരള യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. അങ്ങനെ യൂനിയൻ പ്രസിഡന്റ് ആയി. യൂത്ത് ഫെസ്റ്റിവൽ നിർത്തിവെച്ച കാലമായിരുന്നു. യൂനിവേഴ്സിറ്റി യൂനിയനിൽ അന്ന് യൂത്ത് ഫെസ്റ്റിവൽ പുനരാരംഭിക്കണമെന്ന് പ്രമേയം പാസാക്കി. അന്ന് വിദ്യാർഥികൾക്ക് എ.കെ.ജി അടക്കമുള്ള നേതാക്കളെ അറിയാം. അതുകൊണ്ട് എ.കെ.ജിയെ കണ്ടു. എം.കെ. കുമാരൻ അന്ന് എംപിയാണ്. അദ്ദേഹത്തെയും കണ്ടു. ഡൽഹിയിൽ ജവഹർലാൽ നെഹ്റുവിനെ നേരിൽ കണ്ട് കാര്യം അറിയിച്ചു. നെഹ്റു വിദ്യാർഥികൾക്ക് സന്ദർശനത്തിന് അനുവദിച്ചത് ഏതാനും മിനിറ്റുകളാണ്. അക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയിലെ പല നേതാക്കളും നെഹ്റുവിന്റെ നയങ്ങളുടെ ആരാധകരായിരുന്നുവെന്ന് ഡൽഹിയിലെത്തിയപ്പോൾ മനസ്സിലായി. അവർക്ക് ആശ്രിത മനോഭാവം ഉണ്ടായിരുന്നു.
ജോലിക്ക് തമിഴ്നാട്ടിലേക്ക്
ചൈനീസ് പാർട്ടിയുടെ നയസമീപനങ്ങളെക്കുറിച്ചൊക്കെ അന്ന് ചർച്ചചെയ്തു തുടങ്ങിയിരുന്നു. 1956ൽ ക്രൂഷ്ചേവ് റഷ്യയിൽ അധികാരത്തിൽ വന്നതടക്കം ഉൾപാർട്ടി ചർച്ചകൾ നടന്നിരുന്നു. ശീതസമരകാലത്തെ സോവിയറ്റ് യൂനിയനെ നയിക്കുകയും 1953 മുതൽ 1964 വരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയുമായിരുന്ന സോവിയറ്റ് നേതാവായിരുന്നു നികിതാ സെർഗ്യേവിച്ച് ക്രൂഷ്ചേവ്. സോഷ്യലിസ്റ്റ് നയങ്ങൾ തിരുത്തി പുതിയ രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കി സോവിയറ്റ് യൂനിയനെ മുതലാളിത്തപാതയിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചത് ക്രൂഷ്ചേവ് ആണ്. അജയഘോഷ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം ക്രൂഷ്ചേവ് ലൈൻ സ്വീകരിച്ചതും ചർച്ചയായി. ക്രൂഷ്ചേവ് ഇന്ത്യയിൽ പ്രസംഗിച്ചപ്പോൾ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർട്ടി വേണോ എന്ന് ചോദിച്ചിരുന്നു. കോൺഗ്രസിന്റെ നയങ്ങൾ നടപ്പാക്കിയാൽ പോരേ എന്നാണ് അദ്ദേഹം വാദിച്ചത്. സോവിയറ്റ് യൂനിയൻ തിരുത്തൽവാദത്തിലേക്ക് പോയി എന്നതരത്തിൽ അന്നുതന്നെ കമ്യൂണിസ്റ്റുകാർക്കിടയിൽ ചർച്ച രൂപപ്പെട്ടിരുന്നു. വിദ്യാർഥികൾ എന്നനിലയിൽ കോളജിലെ രാഷ്ട്രീയചർച്ചകളിൽ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ, ഒരു പുതിയ ലൈൻ അവതരിപ്പിക്കാനോ അതിനുവേണ്ടി അന്വേഷണങ്ങൾ നടത്താനോ വിദ്യാർഥികൾക്ക് കഴിഞ്ഞില്ല. അതിനുള്ള പ്രാപ്തി വിദ്യാർഥികൾക്ക് ഉണ്ടായിരുന്നില്ല. പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായെങ്കിലും ബദൽ ലൈൻ രൂപപ്പെട്ടുവന്നില്ല.
എൻജിനീയറിങ് കോളജിലെ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ജീവിതപ്രയാസങ്ങൾ ഏറെയായി. വരുമാനവും ജോലിയും അടിയന്തര ആവശ്യമായിരുന്നു. വീട്ടുകാർ ഞാൻ എൻജിനീയർ ആകണമെന്ന് ആഗ്രഹിച്ചു. ആറ് അംഗങ്ങളുള്ള കുടുംബത്തിലെ അഞ്ചാമനാണ്. മൂത്ത സഹോദരിയെയും ഇളയ സഹോദരിയെയും വിവാഹം കഴിച്ച് അയക്കണം. വീടൊക്കെ നന്നാക്കണമെന്നും വീട്ടുകാർ ആഗ്രഹിച്ചു. അച്ഛന് പ്രായമായി. വീട്ടിൽ സാമ്പത്തിക പ്രയാസങ്ങൾ പെരുകി. അപ്പോഴും രാഷ്ട്രീയത്തിൽ മുഴുവൻസമയ പ്രവർത്തകൻ ആകണമെന്നായിരുന്നു ആഗ്രഹമെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ എതിരായി. കൂടെ പഠിച്ചിരുന്നവരിൽ പലരും രാഷ്ട്രീയത്തിലേക്ക് പോകണ്ടെന്നും ജോലിയിൽ പ്രവേശിക്കാനും തീരുമാനിച്ചു. അങ്ങനെ ജോലിലഭിക്കാനായി ടെസ്റ്റ് എഴുതി. അക്കാലത്ത് എൻജിനീയറിങ് കഴിഞ്ഞ് ഒരാൾക്ക് ജോലികിട്ടുക എളുപ്പമാണ്. ടെസ്റ്റിൽ വിജയിച്ചതോടെ ആലപ്പുഴയിൽ എൻജിനീയറായി ജോലിയിൽ പ്രവേശിച്ചു. അവിടെ ജോലിയൊന്നുമില്ല. ആലപ്പുഴ തുറമുഖവുമായി ബന്ധപ്പെട്ട പ്രവർത്തനത്തിനാണ് നിയമിച്ചത്. അവിടെ ഒരു പാലമുണ്ട്, അത് നന്നാക്കാനായി ചില പണികൾ ഉണ്ടാകും. കുറച്ച് കടൽയാത്ര ചെയ്യണം. അപ്പോഴാണ് ഇന്ത്യ കാണണമെന്ന് ആഗ്രഹം ഉണ്ടായത്. തമിഴ്നാട്ടിൽ അന്ന് വളരെ വലിയ നിർമാണങ്ങൾ നടക്കുന്നുണ്ട്. അവിടെ എൻജിനീയറായി ജോലികിട്ടി. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ പഠിച്ചിരുന്ന സുഹൃത്തുക്കൾ നേരത്തേ തമിഴ്നാട്ടിൽ ജോലിക്ക് കയറിയിരുന്നു. സിവിൽ വിഭാഗത്തിൽ അവിടെ ആളെ ആവശ്യമുണ്ടായിരുന്നു. പ്രവർത്തനത്തിന് അവിടെ നല്ല അന്തരീക്ഷമാണെന്ന് കൂട്ടുകാർ അറിയിച്ചു. കേരളത്തിൽ അന്ന് കിട്ടിയിരുന്ന ശമ്പളം 150 രൂപയാണ്. തമിഴ്നാട്ടിൽ ആകട്ടെ 400 രൂപ കിട്ടും. തമിഴ്നാട്ടിലെ ജോലി സ്വീകരിച്ചു. അവിടെ റഷ്യൻ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരുന്നത്. ചില റഷ്യക്കാരെയും കാണാനിടയായി. അവിടെവെച്ചാണ് ഇന്ത്യ-ചൈന അതിർത്തിയിൽ റോഡുകൾ പണിയുന്ന പ്രോജക്ടിലേക്ക് ആളെ ആവശ്യമുണ്ടെന്ന് അറിയുന്നത്. അതിലേക്ക് അപേക്ഷ നൽകി.
സൈനികർക്കൊപ്പം രാജ്യത്തിന്റെ അതിർത്തിയിൽ
നാലഞ്ചു മാസം മാത്രമേ തമിഴ്നാട്ടിൽ ജോലിചെയ്തുള്ളൂ. അന്ത്യ-ചൈന അതിർത്തിയിൽ അന്ന് പലയിടത്തും റോഡുകൾ ഉണ്ടായിരുന്നില്ല. റോഡുകളുടെ നിർമാണത്തിന് പുതിയ പ്രോജക്ട് വന്നു. ബോർഡർ റോഡ് നിർമാണത്തിൽ മിലിറ്ററിക്ക് ഒപ്പമാണ് ജോലിചെയ്യേണ്ടത്. അവിടെയെത്തിയപ്പോൾ കാലാവസ്ഥ പിടിച്ചില്ല. ഭൂട്ടാനിലായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. ഓഫിസർ പറഞ്ഞതു പ്രകാരം ഡൽഹിയിൽ പോയി ഇന്റർവ്യൂവിൽ അറ്റന്റ് ചെയ്തു. തുടർന്ന് നിയമനം ലഭിച്ചത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറായിട്ടാണ്. പട്ടാള യൂനിഫോം അല്ല. പ്രത്യേക യൂനിഫോം ആണ് തന്നിരുന്നത്. രാവിലെ ഭക്ഷണം കഴിച്ച് റോഡ് നിർമാണത്തിന് സർവേ നടത്തണം. ആ പ്രവർത്തനത്തിനിടയിലാണ് സൈന്യവുമായി കൂടുതൽ അടുക്കുന്നത്. സേനയിൽ (പട്ടാളം) നടക്കുന്ന അഴിമതിയുടെ മുഖം തിരിച്ചറിയുന്നത് അക്കാലത്താണ്. 1962ലെ ഇന്ത്യ-ചൈന യുദ്ധം ഉണ്ടായി. ഭൂട്ടാന്റെ കിഴക്കൻഭാഗത്താണ് അന്ന് പ്രവർത്തിച്ചിരുന്നത്. െചെനീസ് സൈന്യം വടക്കെ അറ്റംവരെയെത്തി. അവിടന്ന് 25 കിലോമീറ്റർ നടന്നുകഴിഞ്ഞാൽ അരുണാചൽപ്രദേശിലെ തവാങ്ങിൽ (Tawang) എത്താം. അന്നത്തെ സംഘർഷത്തിന് പ്രധാന കേന്ദ്രം തവാങ് ആയിരുന്നു.
അരുണാചൽ അതിർത്തിവരെ ചൈന പിടിച്ചെടുത്തിരുന്നു. ഇന്ത്യൻ പട്ടാളക്കാർ അന്ന് രക്ഷപ്പെട്ട് ഓടുകയായിരുന്നു. സൈന്യം ഭൂട്ടാനിൽ കയറി ഞാനും മറ്റും തങ്ങിയിരുന്ന സ്ഥലത്തെത്തി. അവിടെ ഒരു റോഡുണ്ട്. അവിടെനിന്ന് വണ്ടിയൊക്കെ കലക്ട് ചെയ്തു. ഇന്ത്യൻ പട്ടാളം ഭൂട്ടാൻ വിട്ടുപോകണമെന്ന് ഭൂട്ടാൻ സർക്കാർ അന്ന് പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ ചൈന ഭൂട്ടാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഏതാണ്ട് നാലുവർഷം ഞാൻ അവിടെയുണ്ടായിരുന്നു. ഈ നാലുവർഷത്തിന് ഇടയിലാണ് 1962 ഒക്ടോബർ 20ന് തുടങ്ങി നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ അവസാനിച്ച ഇന്ത്യ-ചൈന യുദ്ധം നടന്നത്.
1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളരുമ്പോൾ ഞാൻ ഭൂട്ടാനിലായിരുന്നു ജോലിചെയ്തിരുന്നത്. പാർട്ടിയിലെ ആശയസംവാദങ്ങളുമായി ബന്ധപ്പെട്ട രേഖകളെല്ലാം അന്ന് പോസ്റ്റിൽ കിട്ടിയിരുന്നു. അതിർത്തിയിൽ പട്ടാളത്തോട് ഒപ്പമായിരുന്നു പ്രവർത്തിച്ചത്.അതിനാൽ അവരുടെ നിരീക്ഷണവലയത്തിലായിരുന്നു. പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട് എനിക്ക് എതിരായി വന്നിരുന്നു. 1961-62ലാണ് റിപ്പോർട്ട് വന്നത്. അതിൽ കമ്യൂണിസ്റ്റുകാരനാണെന്നും തീവ്രവാദിയാണെന്നും അടിവരയിട്ട് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ബ്രിഗേഡിയർ വിളിപ്പിച്ചു. റിപ്പോർട്ടിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദീകരണം തേടി. റിപ്പോർട്ട് അനുസരിച്ച് എന്നെ ഡിസ്മിസ് ചെയ്യാൻ പോവുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്തെങ്കിലും വിശദീകരണം നൽകാനുണ്ടോ എന്ന് ചോദിച്ചു. എന്നാൽ, അദ്ദേഹം റിപ്പോർട്ട് അയച്ചത് അങ്ങനെയായിരുന്നില്ല. മികച്ചനിലയിൽ ജോലിചെയ്യുന്നുണ്ട് അതിനാൽ എന്നെ സസ്പെൻഡ് ചെയ്യുന്നില്ലെന്നാണ് ബ്രിഗേഡിയർ മറുപടി അയച്ചത്. കഠിനമായി ജോലിചെയ്തതിനാലാണ് ജോലിയിൽ തുടരാൻ അനുവദിച്ചത്. അക്കാലത്ത് ഭൂട്ടാനിൽ ഒരു കലാപമുണ്ടായി. അന്ന് ഇന്ത്യക്കാരായ ചില ഉദ്യോഗസ്ഥർ പറയുമായിരുന്നു ഭൂട്ടാൻ കൂടി പിടിച്ചെടുക്കാമെന്ന്.
1964ലെ പിളർപ്പിൽ സി.പി.എമ്മിനോടാണ് ആശയപരമായി ആഭിമുഖ്യം തോന്നിയത്. 1965ൽ കേരളത്തിൽ വന്നപ്പോൾ സി.പി.എമ്മുമായി ബന്ധപ്പെട്ടു. കുന്നിക്കൽ നാരായണൻ പ്രസിദ്ധീകരിച്ച ലഘുലേഖ പിന്നീട് കിട്ടി. ഏതാണ്ട് ഒന്നരമാസം അന്ന് കേരളത്തിലുണ്ടായിരുന്നു. മാവോയുടെ ലേഖനങ്ങൾ പലതും മലയാളത്തിലേക്ക് അന്ന് തർജമ ചെയ്ത് പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു. ബംഗാളിലെ വടക്കുവശമായിരുന്നു ഭൂട്ടാൻ. നക്സൽബാരിക്ക് മുമ്പുതന്നെ ബംഗാളിൽ സി.പി.എമ്മിനുള്ളിൽ കലാപം തുടങ്ങിയിരുന്നു. അതിന്റെ കുറെ വിവരങ്ങളൊക്കെ സുഹൃത്തുക്കൾ വഴി അറിഞ്ഞു. 1966ൽ ഭക്ഷ്യകലാപം ഒക്കെ ഉണ്ടായി. നക്സൽബാരിയുടെ വാർത്തകൾ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ ആകെ നിറഞ്ഞു.
ബംഗാളിലെ പുതു രാഷ്ട്രീയ വഴികൾ
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക ആസ്ഥാനമായുള്ള ഫറാക്ക ബാരേജ് പ്രോജക്ടിൽ എൻജിനീയർമാരെ ആവശ്യമുണ്ടെന്ന് സെൻട്രൽ വാട്ടർ കമീഷൻ അറിയിപ്പ് വായിച്ചു. 1961ലാണ് ഫറാക്ക ബാരേജ് പ്രോജക്ട് അതോറിറ്റി രൂപവത്കരിച്ചത്. ആ ജോലിക്കുള്ള ഇന്റർവ്യൂ പോയി. അവിടെ ജോലി ലഭിച്ചു. നേരത്തേയുണ്ടായിരുന്ന ജോലിയുടെ പദവി തന്നെയാണ് അവിടെയും ലഭിച്ചത്. എന്നാൽ, ജോലിക്ക് ബംഗാളിലേക്ക് പോകണം. 1968ൽ ആണ് ഫറാക്കയിലെത്തിയത്. അന്ന് അവിടെ തീക്ഷ്ണമായ രാഷ്ട്രീയ കാലാവസ്ഥയായിരുന്നു. സമൂഹമാകെ ഇളകിമറിയുന്ന അവസ്ഥ. ഒരുഭാഗത്ത് കോൺഗ്രസും സി.പി.എമ്മും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുന്നു. സമൂഹത്തിൽ പടരുന്ന കലാപത്തിനെതിരായ പൊലീസ് ഇടപെടൽ.
1967ലെ നക്സൽബാരിയിലെ വെടിവെപ്പും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും സമൂഹത്തെ ഇളക്കിമറിച്ചു. ഇന്ത്യക്കുമേൽ ഒരു ചുവപ്പുതാരമെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപനവും വിപ്ലവത്തിന്റെ മേഘഗർജനം എന്ന സന്ദേശവും പുറത്തുവന്നു. ഫറാക്കയിൽ മികച്ച ക്വാർട്ടേഴ്സാണ് താമസത്തിന് കിട്ടിയത്. കുടുംബം അവിടെയുള്ള സമയങ്ങളിൽ ഭാഗികമായിട്ടും കുടുംബം ഇല്ലാത്ത സമയങ്ങളിൽ പൂർണമായും ക്വാർട്ടേഴ്സ് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു. പലവഴിയിലൂടെ പ്രസിദ്ധീകരണങ്ങൾ അവിടെ ലഭിച്ചു. സി.പി.ഐ (എം.എൽ)യുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളായിരുന്നു ലഭിച്ചത്. 1972 വരെ ഫറാക്കയിൽ കഴിഞ്ഞു. അതുവരെ നേരിട്ട് പാർട്ടി പ്രവർത്തനം നടത്തിയില്ല. പാർട്ടിക്ക് സഹായകരമായ പ്രവർത്തനങ്ങളാണ് നടത്തിയത്. കിഴക്കൻ ബംഗാളിൽ അന്ന് മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ കലാപമുണ്ടായി. അത് സമൂഹത്തിൽ അരാജകാവസ്ഥയുണ്ടാക്കി. കിഴക്കൻ ബംഗാളിൽനിന്ന് ലക്ഷക്കണക്കിന് ആളുകളാണ് അഭയാർഥികളായെത്തിയത്. അതിർത്തികളിലെ വാതിലുകളെല്ലാം തുറന്നു. അതിർത്തികളിൽ കാവലിന് ആളില്ലാത്ത അവസ്ഥയായി. ആ സമയത്ത് പശ്ചിമ ബംഗാളിൽ നക്സൽബാരി പ്രസ്ഥാനവും സജീവമായി.
ഇക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഈസ്റ്റ് ബംഗാൾ (സി.പി.ഇ.പി) എന്ന സംഘടനയും പ്രവർത്തിച്ചിരുന്നു. ആ സംഘടന ചാരു മജുംദാറിന്റെരാഷ്ട്രീയ നിലപാടിന് സമാനമായ ഒരു രാഷ്ട്രീയലൈനാണ് സ്വീകരിച്ചത്. കിഴക്കൻ ബംഗാളിനെ മോചിപ്പിക്കണമെന്ന മുദ്രാവാക്യം അന്ന് ചാരു മജുംദാർ ഉയർത്തി. എന്നാൽ, അതിനോട് ചൈന എടുത്ത നിലപാട് ആകട്ടെ കിഴക്കൻ പാകിസ്താനിലെ കലാപത്തെ പിന്തുണക്കുന്നതായിരുന്നില്ല. പാകിസ്താനെ വിഭജിക്കാൻവേണ്ടി ഇന്ത്യ നടത്തുന്ന ഗൂഢാലോചനയാണെന്നായിരുന്നു ചൈനീസ് നിലപാട്. സത്യത്തിൽ അതായിരുന്നില്ല ജനങ്ങളുടെ കലാപമായിരുന്നു കിഴക്കൻ പാകിസ്താനിൽ ഉയർന്നുവന്നത്. അതേസമയം, അവിടത്തെ വലതുപക്ഷ രാഷ്ട്രീയക്കാർ സജീവമായിരുന്നു. മുജീബ് റഹ്മാൻ വലതുപക്ഷ രാഷ്ട്രീയത്തിന്റെ നേതാവായിരുന്നു. വിപ്ലവശക്തികളെ അംഗീകരിക്കാത്ത നിലപാടായിരുന്നു ചൈന സ്വീകരിച്ചത്. ചാരു മജുംദാർ ഇക്കാര്യത്തിൽ സ്വന്തമായ നിലപാട് സ്വീകരിച്ചു. കിഴക്കൻ പാകിസ്താനിലെ വിമോചനവും പശ്ചിമ പാകിസ്താനിലെ വിമോചനവും ഒരുപോലെയാണ് ചാരു മജുംദാർ കണ്ടത്. ആ രീതിയിൽ കുറെ പ്രവർത്തനങ്ങൾ അക്കാലത്തു നടന്നു. കിഴക്കൻ പാകിസ്താനിലെ മുക്തിവാഹിനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. അതിനുവേണ്ടി സഹായങ്ങൾ ചെയ്തു. അവർക്കുവേണ്ടി സാധനങ്ങളൊക്കെ ശേഖരിച്ച് ഞാനും കൂട്ടരും പ്രോജക്ടിന്റെ വണ്ടിയിൽതന്നെ എത്തിച്ചു.
ആനന്ദ് 'അഭയാർഥികൾ' എന്ന നോവലിൽ ഈ കാലഘട്ടവും അന്ന് നേരിട്ട അനുഭവങ്ങളുമാണ് അടയാളപ്പെടുത്തുന്നത്. ആനന്ദ് പ്രോജക്ടിൽ ഉണ്ടായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ അദ്ദേഹം എന്റെ ഒരുവർഷം സീനിയർ ആയിരുന്നു. ആനന്ദ് ആദ്യം മിലിട്ടറിയിൽ പോയി. പിന്നീടാണ് ആനന്ദ് ഫറാക്ക പ്രോജക്ടിലേക്ക് വന്നത്. നിരന്തരം അഭയാർഥികളുടെ മഹാപ്രവാഹത്തെ സംബന്ധിച്ച് ആനന്ദ് സുഹൃത്തുക്കളുമായി ചർച്ചചെയ്തിരുന്നു. അഭയാർഥി പ്രവാഹത്തിന്റെ ദൈന്യം നേരിട്ട് അനുഭവിച്ചു. അന്ന് നടന്ന ചർച്ചയുടെ പലഭാഗങ്ങളും അദ്ദേഹം നോവലിന്റെ രചനയിൽ അസാമാന്യമായ ഭാഷയിൽ സർഗാത്മകമായി ആവിഷ്കരിച്ചിട്ടുണ്ട്. ആനന്ദ് ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തിൽ അടുത്തകാലത്ത് പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് മാവോയും ഒരു ഫാഷിസ്റ്റായിരുന്നുവെന്നാണ്. സോവിയറ്റ് യൂനിയൻ സ്റ്റാലിന്റെ കാലത്ത് സോഷ്യലിസ്റ്റ് നിർമാണത്തിൽ പല പരിമിതികളും ഉണ്ടായി. അക്കാലത്തു നടന്നത് എന്താണെന്ന് വിലയിരുത്താൻ ശ്രമിക്കാതെ അമേരിക്കൻ പ്രചാരണത്തെ അതേപടി ഏറ്റുപറയുന്ന അവസ്ഥയുണ്ട്. ബുദ്ധിജീവികളെ പലരെയും ബാധിക്കുന്ന പ്രശ്നം അതാണ്. അവരൊന്നും വസ്തുനിഷ്ഠമായ ഒരു നിലപാട് സ്വീകരിക്കുന്നില്ല.
കേരളത്തിലേക്കുള്ള മടക്കവും കോമ്രേഡും
1972 ജൂലൈയിലാണ് കേരളത്തിലേക്ക് യാത്രയാവുന്നത്. അപ്പോൾ മനസ്സിൽ ചില സ്വപ്നങ്ങൾ ഉണ്ടായിരുന്നു. 1965ൽ വിവാഹിതനായി. വിവാഹം കഴിക്കുന്ന സമയത്ത് മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് പോകാൻ തീരുമാനിച്ചിരുന്നില്ല. വിവാഹം പെട്ടെന്നുള്ള ഒരു തീരുമാനമായിരുന്നു. പിന്നിലേക്ക് നോക്കുമ്പോൾ അത് സംഭവിച്ചത് എങ്ങനെയാണെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരിക്കാം. കൂടുതലൊന്നും ആലോചിക്കാതെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ കണ്ടു പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിച്ചു. പരസ്പരം ബൗദ്ധികമായ ചർച്ച ആവശ്യമുണ്ടെന്ന് അന്നു തോന്നിയിരുന്നില്ല. വിവാഹത്തെ രാഷ്ട്രീയമായൊന്നും കണ്ടിരുന്നില്ല. പെൺകുട്ടിക്ക് പ്രത്യേക രാഷ്ട്രീയമൊന്നും ഉണ്ടായിരുന്നില്ല. അവർ രാഷ്ട്രീയനിലപാടുകൾ മനസ്സിലാക്കാനും ശ്രമിച്ചില്ല. ക്രമേണ ഞാൻ രാഷ്ട്രീയത്തിലേക്ക് കൂടുതൽ അടുക്കുകയും ഭാര്യ രാഷ്ട്രീയത്തിൽനിന്ന് അകലുകയും ചെയ്തു. ഭാര്യക്ക് എന്റെ രാഷ്ട്രീയമായ പോക്ക് ശരിയല്ലെന്നു തോന്നലുണ്ടായി.
ജോലി രാജിവെക്കുമ്പോൾ കേരളത്തിൽ വന്ന് ജോലി സ്വീകരിക്കുകയോ അതല്ലെങ്കിൽ കോൺട്രാക്ട് വർക്കുകൾ ഏറ്റെടുക്കുകയോ ചെയ്യാമെന്നായിരുന്നു ധാരണ. ബംഗാളിൽനിന്ന് പുറപ്പെടുമ്പോൾ അഖിലേന്ത്യാതലത്തിൽ സി.പി.ഐ (എം.എൽ) പാർട്ടി ഛിന്നഭിന്നമായിരുന്നു. 1971 ലാണ് പാർട്ടിയിൽ ആദ്യ പിളർപ്പുണ്ടായത്. സത്യനാരായണ സിങ്ങിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി. അവർ പുതിയ പാർട്ടി പ്രഖ്യാപിച്ചു. 1970ൽ 21 കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതിൽനിന്ന് ഏഴ്-എട്ട് പേരാണ് പുറത്തുപോയത്. സി.സി.സി.പി.ഐ (എം.എൽ) എന്ന പാർട്ടി രൂപവത്കരിച്ച് സത്യനാരായണ സിങ്ങിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രണ്ടാമത്തെ പിളർപ്പ് ചാരു മജുംദാറുടെ രക്തസാക്ഷിത്വത്തിനു ശേഷമാണ് നടന്നത്. ഇന്ത്യപോലൊരു രാജ്യത്ത് വിവിധ ഭാഷകളുണ്ട്. അതിനാൽ, കേന്ദ്രകമ്മിറ്റിയിൽ ഒരിക്കൽ പിളർപ്പുണ്ടായാൽ പിന്നീട് അതിനെ സംയോജിപ്പിക്കുക അസാധ്യമാണ്. ഛിന്നഭിന്നമായ ആളുകൾ പരസ്പരം ബന്ധപ്പെടാൻ കഴിയാത്തതിനാൽ പിന്നീട് അങ്ങനെതന്നെ പല ഗ്രൂപ്പുകളായിപ്പോയി. ഇത്തരമൊരു അവസ്ഥയെക്കുറിച്ച് ജോലി രാജിവെക്കുന്ന കാലത്ത് ബംഗാളിലെ പല ബുദ്ധിജീവികളുമായി സംസാരിച്ചു. പാർട്ടിക്കുള്ളിൽ സംഭവിച്ചത് എന്താണെന്ന് അന്വേഷിച്ചു. അതിനുശേഷമാണ് കേരളത്തിലേക്ക് യാത്രയായത്.
ബംഗാളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പിളർപ്പുകളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. അതേസമയം, ബംഗാളിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വന്നു പ്രവർത്തനം തുടങ്ങാൻ ആലോചിച്ചത്. കേരളത്തിൽ ബഹുജന ലൈനിന്റെ അടിസ്ഥാനത്തിൽ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിനുള്ള പുതുവഴികളാണ് അന്വേഷിച്ചത്. അതിനായി കേരളത്തിലെ പാർട്ടി സഖാക്കളെ കാണാനും ചർച്ചചെയ്യാനും തീരുമാനിച്ചു. എന്നാൽ, കേരളത്തിൽ എത്തിയശേഷം ആദ്യമൊന്നും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തലശ്ശേരി-പുൽപള്ളി ആക്ഷനുകളിൽ പങ്കെടുത്ത കുന്നിക്കൽ നാരായണന്റെ കൂടെയുണ്ടായിരുന്നവരും നഗരൂർ-കിളിമാനൂർ സംഭവത്തിന് നേതൃത്വം നൽകിയ വെള്ളത്തൂവൽ സ്റ്റീഫൻ അടക്കമുള്ള സഖാക്കളും ജയിലിലായിരുന്നു. കിളിമാനൂർ സംഭവത്തിന്റെ പേരിൽ കെ. വേണുവിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കെ.പി. നാരായണൻ, എം.എൻ. രാവുണ്ണി തുടങ്ങിയവരും വിവിധ കേസുകളിൽ ജയിലിൽതന്നെ. സി.പി.ഐ (എം.എൽ) പാർട്ടിയുടെ അറിയപ്പെടുന്ന നേതാക്കളെല്ലാം അന്ന് ജയിലിലാണ്. പുറത്ത് ഉണ്ടെന്ന് കരുതുന്ന ചിലർ ഒളിവിലിരുന്ന് രഹസ്യപ്രവർത്തനത്തിലുമാണ്. അന്വേഷണത്തിൽ പലയിടത്തായി ചിതറിക്കിടക്കുന്ന കുറച്ച് സഖാക്കളുണ്ടെന്ന് ക്രമേണ മനസ്സിലായി.
ജോലിചെയ്ത കാലത്ത് കിട്ടിയ പൈസ മുടക്കി ഒരു പ്രസിദ്ധീകരണ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചു. ചില പുസ്തകങ്ങൾ വിവർത്തനംചെയ്ത് മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ ശ്രമം തുടങ്ങി. ചൈനക്കുമേൽ ചുവപ്പുതാരമെന്ന പുസ്തകം മലയാളത്തിലേക്ക് വിവർത്തനംചെയ്ത് രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചു. ഏതാണ്ട് നാല് പുസ്തകം അന്ന് വിവർത്തനംചെയ്തു. കൈയിലുണ്ടായിരുന്ന സമ്പാദ്യത്തിന്റെ നല്ലൊരുഭാഗം പ്രസിദ്ധീകരണത്തിനുവേണ്ടി ചെലവഴിച്ചു. പുസ്തകങ്ങളിലൂടെയാണ് സഖാക്കളെ കണ്ടെത്തിയത്. വിതരണത്തിന് പാലായിൽ പുസ്തകശാല തുടങ്ങി. കെ.എൻ കേരളത്തിലെത്തിയെന്ന് വിളിച്ച് അറിയിക്കുകയായിരുന്നു ആ പുസ്തകശാലയുടെയും പുസ്തകപ്രസാധനത്തിന്റെയും ലക്ഷ്യം.
ചൈനീസ് സാംസ്കാരിക വിപ്ലവത്തെ സംബന്ധിച്ച് ജനം ചർച്ചചെയ്യണമെന്ന് ആഗ്രഹിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ വലതുപക്ഷ വ്യതിയാനം ജനങ്ങളോട് തുറന്നുപറയാൻ പുസ്തകവും മാസികയും ആവശ്യമായിരുന്നു. ചൈനക്കുമേൽ ചുവപ്പു താരം എന്ന പുസ്തകം ഇറങ്ങിയതോടെ ധാരാളം പുതിയ ബന്ധങ്ങൾ കിട്ടി. അപ്പോഴാണ് ഒരു മാസിക പ്രസിദ്ധീകരിക്കാൻ ആലോചിച്ചത്. അങ്ങനെയാണ് 'കോമ്രേഡി'ന്റെ പ്രസിദ്ധീകരണം തുടങ്ങിയത്. 1972 അവസാനത്തോടെ കോമ്രേഡ് മാസികയായി പുറത്തുവന്നു. 1973 ആയപ്പോൾ നേരത്തേയുണ്ടായിരുന്ന ചില ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ അൽബേനിയൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധം സ്ഥാപിക്കാനായി. കാനഡയിൽ അൽബേനിയൻ പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കനേഡിയൻ കമ്യൂണിസ്റ്റ് പാർട്ടി സി.പി.സി (എം.എൽ) ചാരു മജുംദാറുടെ നിലപാട് സ്വീകരിച്ച പാർട്ടിയായിരുന്നു. പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന മോഹൻകുമാർ അമേരിക്കയിൽനിന്ന് കേരളത്തിലെത്തി. അദ്ദേഹം കെൽട്രോണിൽ എൻജിനീയറായി ചേർന്നു. കെ.പി.പി. നമ്പ്യാരായിരുന്നു അന്ന് കെൽേട്രാണിന്റെ തലപ്പത്ത്. പത്തനംതിട്ടയിലെ രമേശൻ വഴിയാണ് മോഹൻകുമാറിനെ കണ്ടുമുട്ടിയത്. രമേശനും മോഹൻകുമാറും എൻജിനീയർമാരായിരുന്നു. അക്കാലത്ത് കാനഡയിൽനിന്ന് രണ്ട് സഖാക്കൾ കേരളത്തിൽ എത്തിയിരുന്നു.
അവരോട് ഇംഗ്ലീഷിൽ പ്രസിദ്ധീകരണം ആരംഭിക്കാൻ തീരുമാനിച്ച വിവരം പറഞ്ഞു. അതിന് എറണാകുളത്ത് ഓഫിസ് എടുക്കുമെന്നും സംസാരിച്ചു. പ്രവർത്തനത്തിൽ സാമ്പത്തികമായി സഹായിക്കാമെന്ന് അവർ അറിയിച്ചെങ്കിലും പ്രസിദ്ധീകരണത്തിന്റെ 100 കോപ്പി വാങ്ങി സഹായിച്ചാൽ മതിയെന്ന് മറുപടി നൽകി. ഇംഗ്ലീഷ് പ്രസിദ്ധീകരണമായ 'മാസ് ലൈൻ' പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ ഇന്ത്യയിലെ പല ഭാഗത്തും ഉണ്ടായിരുന്ന പഴയ സുഹൃത്തുക്കളുമായി രാഷ്ട്രീയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. സി.പി.ഐ (എം.എൽ) പീപ്പിൾസ് വാറിന്റെ നേതാവായിരുന്ന സത്യമൂർത്തി അടക്കമുള്ള ആളുകൾ ഇക്കാലത്ത് ബന്ധപ്പെട്ടിരുന്നു. രമണ റെഡ്ഡി അടക്കമുള്ള എഴുത്തുകാരുമായും അടുപ്പമുണ്ടായി. കവി വരവര റാവു കത്തുകളിലൂടെ ബന്ധപ്പെട്ടു. അവരുടെ കവിതകൾ മാസികയിൽ പ്രസിദ്ധീകരിച്ചു. അതോടെ, പൊലീസ് നിരീക്ഷണം ശക്തമായി. നേരിട്ട് പൊലീസ് വന്നിരുന്നില്ല. ബുക്ക് സ്റ്റാളിലും യാത്രകളിലും പൊലീസ് നിരീക്ഷണമുണ്ടായി. അതൊക്കെ മറികടന്നാണ് ബന്ധങ്ങൾ സ്ഥാപിച്ച് മുന്നോട്ടുപോയത്.
ഓർഗനൈസിങ് കമ്മിറ്റിയിലേക്ക്
പ്രസിദ്ധീകരണങ്ങൾ തുടങ്ങിയതിന് പിന്നിലുള്ള താൽപര്യം പൊലീസ് ഏതാണ്ട് മനസ്സിലാക്കിത്തുടങ്ങി. എന്നാൽ, അവർക്ക് വ്യക്തത ഉണ്ടായിരുന്നില്ല. പ്രസിദ്ധീകരണങ്ങൾ എല്ലാം പോസ്റ്റ് വഴിയാണ് അയച്ചിരുന്നത്. നക്സൽബാരി കലാപം വളരെ ശരിയായിരുന്നുവെന്നും ആ കലാപത്തെ തുടർന്ന് പാർട്ടി ഉണ്ടാക്കിയപ്പോൾ പല വ്യതിയാനങ്ങളും ഉണ്ടായെന്നുമായിരുന്നു അന്നത്തെ വിലയിരുത്തൽ. ഇത് പരിഹരിച്ച് ബഹുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന വിപ്ലവ പാർട്ടി ഉണ്ടാക്കണമെന്നായിരുന്നു തീരുമാനം. ഇക്കാര്യങ്ങൾ വിശദമാക്കിയാണ് കോമ്രേഡ് പ്രസിദ്ധീകരിച്ചത്. മാസ് ലൈനിലൂടെയും നിരന്തരം ഇക്കാര്യം എഴുതി. 1975 ആദ്യം കെ. വേണുവിന്റെ ഒരു ലേഖനം മാസ് ലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. ശിഥിലീകരണ പ്രവണതയെ എതിർക്കുക എന്നായിരുന്നു ആ ലേഖനത്തിന് തലക്കെട്ട്. കെ. വേണു രഹസ്യ പാർട്ടി കെട്ടിപ്പടുക്കണമെന്ന ലൈൻ ആണ് മുന്നോട്ടുവെച്ചത്. കേരളത്തിൽ അന്ന് ഓർഗനൈസിങ് കമ്മിറ്റിയെന്ന നിലയിൽ ചില സഖാക്കൾ ഉണ്ടായിരുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ സഖാക്കൾ പ്രവർത്തിച്ചിരുന്നു.
പുസ്തകപ്രസാധനം വഴി കിട്ടിയ ബന്ധങ്ങൾ ഉപയോഗിച്ച് പല ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ബുക്സ്റ്റാൾ വഴിയാണ് വർക്കല വിജയനുമായി ബന്ധപ്പെടുന്നത്. ക്രമേണ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വ്യാപിക്കുന്ന രാഷ്ട്രീയബന്ധങ്ങളുണ്ടായി. അവിടെയെല്ലാം കോമ്രേഡ് മാസിക എത്തി. അക്കാലത്തുതന്നെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ശ്രമവും നടന്നു. കൊച്ചി ഷിപ്പ് യാർഡിലെ തൊഴിലാളികളുടെ യോഗം വിളിച്ചു. ആ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ ട്രേഡ് യൂനിയൻ രൂപവത്കരിക്കാൻ തീരുമാനിച്ചു. ആയിടക്കാണ് കിളിമാനൂർ കേസിൽ കെ. വേണു പുറത്തുവന്നത്. കെ. വേണു രഹസ്യപ്രവർത്തന നിലപാട് തുടരുന്നതിനാൽ പരസ്യ പ്രവർത്തനപാത സ്വീകരിച്ചില്ല. വേണു ഒളിവിൽ പോയി പ്രവർത്തനം തുടർന്നു. പരസ്യമായി പ്രവർത്തനം സാധ്യമാണെങ്കിൽ അങ്ങനെ ഒളിവിൽ പോകണമെന്ന അഭിപ്രായം എനിക്ക് ഉണ്ടായിരുന്നില്ല. പ്രസിദ്ധീകരണമൊക്കെ തുടങ്ങിയിട്ടും എനിക്ക് പരസ്യമായി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, വേണു ആ നിലപാടിലായിരുന്നില്ല. പരസ്യപ്രവർത്തനം നടത്തുന്നതിന് ഒരു ശ്രമവും നടത്താതെയാണ് ഒളിവിൽപോയത്. അന്നും വേണു രഹസ്യവാദത്തിെന്റയും രഹസ്യപാർട്ടിയുടെയും സൈനിക ലൈനിന്റെയും വക്താവായിരുന്നു.
(തുടരും)