‘അടൂരിനോട് കേരളം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്’ ; കെ.ആര്. നാരായണന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് വൈസ് ചെയര്പേഴ്സൻ ഹരിപ്രസാദ് സംസാരിക്കുന്നു
കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളും ജീവനക്കാരും സമരത്തിലാണ്. തങ്ങൾ ജാതി അപമാനത്തിനും വംശീയ അതിക്രമത്തിനും വിധേയരാകുന്നതായി സമരക്കാർ ആരോപിക്കുന്നു. എന്താണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നത്? യൂനിയന്‍ വൈസ് ചെയര്പേഴ്സൻ ഹരിപ്രസാദ് സംസാരിക്കുന്നു.
കോട്ടയത്തെ കെ.ആര്. നാരായണന് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തെ പിന്‍പറ്റിയുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് ഒരിക്കല്‍കൂടി സ്റ്റാലിന് കെ സംവിധാനംചെയ്ത India Untouched: Stories of a People Apart എന്ന ഒരു ഡോക്യുമെന്ററി കാണുന്നത്. അതില്‍ മലയാളികള്‍ ആവര്‍ത്തിച്ചു ‘‘ഇവിടെ ജാതിയില്ല, അതൊക്കെ അങ്ങ് ആന്ധ്രയിലാണ്’’ എന്ന് ഒരു സീക്വന്‍സില്‍ സംസാരിക്കുന്നുണ്ട്. ഇവിടെ വിദ്യാഭ്യാസമുണ്ട്, അതുകൊണ്ട് ജാതി നിലനില്ക്കുന്നില്ല എന്നാണ് ‘മലയാളി’ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച നയതന്ത്രജ്ഞനും രാഷ്ട്രപതിയുമായിരുന്ന കെ.ആര്. നാരായണന്റെ പേരില്‍ അതേ കേരളത്തില്‍ കോട്ടയത്ത് കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആൻഡ് ആര്‍ട്സ് എന്ന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇപ്പോള്‍ സമരം നടത്തുന്ന വിദ്യാർഥികള്‍ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക രാഷ്ട്രീയ പ്രശ്നം ഡയറക്ടര്‍ ശങ്കര മോഹന്റെ നേതൃത്വത്തില്‍ ജാതി വംശീയതയും സംവരണ അട്ടിമറിയും നടപ്പാക്കുന്നു എന്നാണ്. അതിനു കൂട്ട് ‘വിധേയന്’ സിനിമയിലൂടെ അടിമ/ഉടമ ബന്ധങ്ങളെ വിഷ്വലൈസ് ചെയ്ത ലോകോത്തര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്താണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നതെന്ന് യൂനിയന്‍ വൈസ് ചെയര്‍പേഴ്സനായ ഹരിപ്രസാദ് വ്യക്തമാക്കുന്നു.
വളരെ നാളുകളായി പുകയുന്ന പ്രശ്നങ്ങളുടെ തുടർച്ചയിലാണ് ഡിസംബര്‍ അഞ്ചിന് വിദ്യാർഥികള്‍ സമരത്തിലേക്ക് എത്തുന്നത്. ഇത് ഐ.എഫ്.എഫ്.കെ വേദിയില്‍ വ്യാപക ചർച്ചയായി. എവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്?
അടൂര്‍ ഗോപാലകൃഷ്ണന് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ആയിരുന്ന സമയത്ത് അവിടത്തെ കോഴ്സുകള്‍ മൂന്നു വർഷം എന്നുള്ളത് രണ്ടു വര്‍ഷമാക്കി ചുരുക്കിയ ഒരു പരിഷ്കാരം കൊണ്ടുവന്നിരുന്നു. അന്ന് അതിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി. അത് നടപ്പാക്കി മൂന്നു വര്‍ഷത്തിനുശേഷം ഈ പരിഷ്കാരം വിജയകരമല്ല എന്ന് അവിടത്തെ അധ്യാപകരും വിദ്യാർഥികളും തിരിച്ചറിഞ്ഞ്, അതിനെതിരെ അവിടെ സമരം ചെയ്തു വിജയിച്ചു. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി അടൂര്‍ നിയമിക്കപ്പെട്ടശേഷം ആദ്യമായി നടപ്പാക്കാന്‍ ശ്രമിച്ചത് പുണെയില്‍ അദ്ദേഹം പരാജയപ്പെട്ട അതേ പരിഷ്കാരമായിരുന്നു. അതിന്റെ പ്രാരംഭനടപടി ആരംഭിച്ചപ്പോഴാണ് കോവിഡ് വരുന്നത്. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിനു മൂന്നു ഗവേണിങ് ബോഡികളാണുള്ളത്. ഗവേണിങ് കൗൺസില്‍, അക്കാദമിക് കൗൺസില്‍ പിന്നെ എക്സിക്യൂട്ടിവ് കൗൺസില്‍. അക്കാദമിക് കൗണ്‍സിലില്‍ വിദ്യാർഥികള്‍ക്കും എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ വിദ്യാർഥികള്‍ക്കും പൂർവ വിദ്യാർഥികൾക്കും പ്രാതിനിധ്യമുണ്ട്. കോവിഡ് സമയത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണനിര്‍വഹണം മുഴുവനായും ഓട്ടോണമസ് ആയി. ആ സമയത്ത് വിദ്യാർഥികളുടെ പ്രാതിനിധ്യം മുഴുവനായും എടുത്തുമാറ്റി. കോഴ്സ് രണ്ടു വര്‍ഷമാക്കുക എന്ന പരിഷ്കാരത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥികള്‍ മെയിലുകള്‍ അഡ്മിനിസ്ട്രേഷന് അയച്ചു. കോവിഡ് സമയത്ത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം ഒന്നര വര്‍ഷം കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍ ആക്കി മാറ്റിയിരുന്നു. അപ്പോള്‍ കുറെ നാളുകളായി കോഴ്സുകള്‍ നടക്കാതെ വന്നു. അതിനുശേഷം ഓൺലൈന്‍ കോഴ്സുകള്‍ ആരംഭിച്ചു. പക്ഷേ, സിനിമയായതുകൊണ്ട് ഓൺലൈന്‍ കോഴ്സുകള്‍ പര്യാപ്തമല്ലായിരുന്നു. അത് ഒരു പരാജയമാണെന്ന് കണ്ടതോടെ നിര്‍ത്തലാക്കി. കോവിഡ് നിയന്ത്രണത്തില്‍ ഇളവുകള്‍ വന്ന സമയത്ത് പ്രാക്ടിക്കലുകള്‍ കുറെ ബാക്കിയുണ്ടായിരുന്നു. പ്രാക്ടിക്കലുകള്‍ ചെയ്യാന്‍ ക്ലാസുകള്‍ വാടക കെട്ടിടത്തിലേക്ക് മാറ്റി. അതിന്റെ ഇടയില്‍ കോവിഡ് വീണ്ടും രൂക്ഷമായി. ക്ലാസുകൾ നിർത്തിവെച്ചു. കുറച്ചു മാസങ്ങള്‍ക്കുശേഷം കോവിഡ് വീണ്ടും കുറഞ്ഞ സാഹചര്യത്തിൽ പിന്നെയും മറ്റൊരു വാടക കെട്ടിടത്തിലേക്ക് കോഴ്സുകള്‍ ആരംഭിക്കുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് സിനിമ പഠനത്തിനുവേണ്ടി മാത്രമായി ഡിസൈന്‍ ചെയ്ത സ്ഥാപനമാണ്. അവിടെ അതിനു വേണ്ടിയുള്ള സങ്കേതങ്ങളും ഉപകരണങ്ങളും സാങ്കേതികതകളുമുണ്ട്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റര്‍ മാറ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകള്‍ തുടങ്ങണം എന്ന സര്‍ക്കാർ ഉത്തരവ് വന്നെങ്കിലും അധികൃതര്‍ വാടക കെട്ടിടത്തില്‍തന്നെ ക്ലാസുകള്‍ തുടരാന്‍ തീരുമാനിച്ചു. കോഴ്സ് റീ സ്ട്രക്ച്ചറിങ് തീരുമാനത്തിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടാകുമെന്ന് അറിയാം. അങ്ങനെ ഒത്തൊരുമിച്ചു ഒരു പ്രതിഷേധം ഉണ്ടാകാതിരിക്കാനാണ് അധികൃതർ ഈ വാടക കെട്ടിടത്തില്‍തന്നെ ക്ലാസുകള്‍ തുടരുന്നത്. ഇതിനെതിരെ ഞങ്ങള്‍ കുറച്ചു വിദ്യാർഥികള്‍ മെയില്‍ അയച്ചു. ‘‘നിങ്ങൾക്ക് വേണമെങ്കില്‍ ക്ലാസുകളില്‍ ഇപ്പോള്‍ വാടക കെട്ടിടത്തില്വെച്ചു പങ്കെടുക്കാം അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാം’’ എന്ന മറുപടി ഡയറക്ടറുടെ ഭാഗത്തുനിന്നും വന്നു. ഞങ്ങൾക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുഴുവന്‍ സാങ്കേതികതകളോടുംകൂടി ക്ലാസുകളില്‍ പങ്കെടുത്താല്‍ മതി എന്ന രീതിയില്‍ ഒരു മറുപടി ഞങ്ങള്‍ തിരിച്ചയച്ചു. ഞാന്‍, ബോബി നിക്കോളാസ്, ബിബിന്‍, മഹേഷ് എന്നിങ്ങനെ നാലുപേരാണ് മെയില്‍ അയച്ചത്. ഞങ്ങള്‍ നാലുപേരെ പുറത്താക്കുന്ന നടപടിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നടപ്പിലാക്കുന്നത്.
ഞങ്ങള്‍ ഞങ്ങളുടെ മെയിലുകള്‍ എല്ലാം ബാക്കി വിദ്യാർഥികള്‍ക്ക് സി.സി വഴി അറിയിച്ചാണ് അയക്കുന്നത്. ഒന്നര വര്‍ഷത്തോളം വീട്ടില്‍ ഇരുന്നതിന്റെ മരവിപ്പ് കാരണം പലര്‍ക്കും എങ്ങനെയെങ്കിലും എവിടെ വെച്ചെങ്കിലും ക്ലാസുകള്‍ തുറന്നുകിട്ടിയാല്‍ മതി എന്നായിരുന്നു. അതിനാലാണ് അവർ വാടക കെട്ടിടത്തിലെ പ്രാക്ടിക്കൽ ക്ലാസുകളിൽ പങ്കെടുക്കാൻ നിർബന്ധിതരാകുന്നത്. അഡ്മിനിസ്ട്രേഷൻ വിദ്യാർഥികളുടെ ഈ അവസ്ഥയെ ശരിക്കും ചൂഷണംചെയ്യുകയായിരുന്നു. ഒരുമിച്ചു വിദ്യാർഥികള്‍ കൂടുന്ന ഒരു സാഹചര്യം ഇല്ലാതാക്കാന്‍ ഓരോ ബാച്ചുകളെയും പ്രത്യേകം വിളിച്ചാണ് പ്രാക്‍ടിക്കലടക്കം ചെയ്യിച്ചിരുന്നത്. ഞങ്ങള്‍ നാലുപേരെ പുറത്താക്കിയപ്പോള്‍ ബാക്കിയുള്ള വിദ്യാർഥികൾ സമരത്തിലേക്ക് കടന്നു. തിരിച്ചെടുക്കണം എന്നായിരുന്നു ആവശ്യം, അങ്ങനെ ഈ സമരത്തിന്റെ ഭാഗമായിട്ട് അഡ്മിനിസ്ട്രേഷൻ പ്രതിനിധികൾ ചര്‍ച്ചക്ക് വിളിക്കുകയാണ്. ചെയ്തത് തെറ്റാണ് എന്നു മാപ്പ് എഴുതി തരുകയാണെങ്കില്‍ തിരിച്ചു കയറ്റുന്നത് പരിഗണിക്കാം എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ പറഞ്ഞത്. ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണനെ കണ്ടു മാപ്പ് എഴുതി കൊടുക്കാനാണ് പറയുന്നത്. അത് സാധ്യമല്ല എന്നു ഞങ്ങള്‍ പറഞ്ഞു. കാരണം ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല. ഞങ്ങള്‍ വീണ്ടും സമരം തുടര്‍ന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍നിന്നും ഞങ്ങൾക്ക് ഫോണ്‍ വന്നു. അങ്ങനെ ഞങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിനെ കണ്ടു തെളിവ് സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഞങ്ങള്‍ നാലുപേരെ പുറത്താക്കിയപ്പോള്‍ മാധ്യമങ്ങളോടടക്കം പറഞ്ഞ ഒരു ന്യായം, ഞങ്ങൾക്ക് അറ്റൻഡന്‍സ് ഇല്ലായിരുന്നു, അതുകൊണ്ടാണ് പുറത്താക്കിയത് എന്നായിരുന്നു. ഈറോഡില്‍നിന്നുള്ള അമല്‍ എല്ലീസി എന്നൊരു വിദ്യാർഥി ഉണ്ടായിരുന്നു. ഡയറക്ഷനില് പഠിക്കുന്ന അദ്ദേഹവും ക്ലാസുകളില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. പക്ഷേ പുറത്താക്കിയിട്ടില്ല, പ്രതിഷേധ സൂചകമായി വിട്ടുനിന്ന നാലുപേരെ മാത്രമേ പുറത്താക്കിയിട്ടുള്ളൂ. അതും മന്ത്രിക്ക് വ്യക്തമായി ബോധ്യപ്പെട്ടു. ഞങ്ങളെ തിരിച്ചെടുക്കണം എന്നു മന്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ ഞങ്ങൾ 25,000 രൂപ പിഴ അടക്കണം എന്നു ഡയറക്ടര്‍ വാശിപിടിച്ചു. ഞങ്ങളുടെ കൂട്ടത്തിലുള്ള ബോബി അമ്മയുടെ സ്വർണമാല പണയംവെച്ചിട്ടാണ് പഠിക്കാന്‍ വരുന്നത് എന്നു പറഞ്ഞു. അതോടെ ഞങ്ങളുടെ ഭാഗത്തുനിന്ന് പിഴ ഒന്നും ഈടാക്കാന്‍ പറ്റില്ല എന്നും മന്ത്രി പറഞ്ഞു. ‘‘നിങ്ങൾക്ക് വേണമെങ്കില്‍ ക്ലാസുകളില്‍ ഇപ്പോള്‍ വാടക കെട്ടിടത്തില്വെച്ചു പങ്കെടുക്കാം അല്ലെങ്കില്‍ കുറച്ചു നാളുകള്‍ക്കുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാം’’ എന്നു സൂചിപ്പിച്ചു മെയിൽ അയച്ച ഡയറക്ടർ അതു നിഷേധിച്ച് മന്ത്രിയുമായുള്ള യോഗത്തില്‍ കള്ളം പറഞ്ഞു. ഞങ്ങള്‍ അദ്ദേഹം അയച്ച മെയില്‍ വായിച്ചു കേള്‍പ്പിച്ചു. അതും മന്ത്രി, സെക്രട്ടറിമാർ തുടങ്ങിയവര്‍ക്ക് ബോധ്യമായി. അങ്ങനെ എല്ലാ തെളിവുകളും ഡയറക്ടര്ക്കെതിരെയായതുകൊണ്ടാണ് മന്ത്രി ഞങ്ങളെ തിരിച്ചെടുക്കുന്നത്.
അതേസമയം, ദലിത് വിഭാഗത്തില്‍പെടുന്ന വിദ്യാർഥികൾക്കെതിരെ പ്രത്യക്ഷമായ ജാതിവിവേചനം നടക്കുന്നു. വിദ്യാർഥികള്‍ക്ക് ഇ-ഗ്രാന്റ്സ് നൽകുന്നില്ല, സംവരണ അട്ടിമറി നടക്കുന്നു എന്നീ ആരോപണം ഉയരുന്നു..?
ബിബിൻ ദലിത് വിദ്യാര്‍ഥിയാണ്. ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ഥികൂടിയാണ്. വിദ്യാഭ്യാസ ആനുകൂല്യം കിട്ടാന്‍ അദ്ദേഹത്തിന് ഒത്തിരി കഷ്ടപ്പെടേണ്ടി വന്നു. ഇവിടത്തെ അഡ്മിനിസ്ട്രേഷന് ഇ- ഗ്രാന്റ്സിനെ കുറിച്ച് ഒരു ധാരണയുമില്ലാത്തതുകൊണ്ടാണ് ബിബിന്‍ അത് കിട്ടാതിരുന്നത്. ഞങ്ങളുടെ ബാച്ചിലെ ഏറ്റവും സീനിയര്‍ ആയ വിദ്യാര്‍ഥി ആയിരുന്നു ബിബിന്‍. സിനിമ പഠിക്കാന്‍ അത്രയും ആഗ്രഹത്തോടെ പുണെ ഇന്‍സ്റ്റിറ്റ്യൂട്ടിലും െകാല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ടിലും ശ്രമിച്ചിട്ട് അവസാനം കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിയ ആൾ. സാമ്പത്തിക ആനുകൂല്യം ലഭിക്കാത്തതുകൊണ്ട് കോഴ്സ് നിര്‍ത്തിപ്പോകേണ്ടി വരുന്ന സാഹചര്യം പിന്നീട് ഉണ്ടായി. അതുപോലെ അനന്തപത്മനാഭന് എന്ന ഒരു വിദ്യാര്‍ഥി. ഇ-ഗ്രാന്റ്സിന്റെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കണം എന്നു നിരന്തരമായി ആവശ്യപ്പെടുന്ന ഒരാളായിരുന്നു. ഒരു യോഗത്തില്‍ ഡയറക്ടര്‍ മന്ത്രിയെ കണ്ടു ഈ കാര്യം സംസാരിക്കണം എന്നു അനന്തപത്മനാഭന് പറയുകയാണ്. വര്‍ഷങ്ങളായി ഇ-ഗ്രാന്റ് സഹായം കിട്ടാതെ ദലിത് വിദ്യാർഥികള്‍ ജോലിയൊക്കെ ചെയ്താണു പിടിച്ചുനില്‍ക്കുന്നത്. ഇപ്പോള്‍ മൂന്നു വര്‍ഷത്തെ കോഴ്സുകള്‍ ഒക്കെ കോവിഡ് പോലുള്ള പ്രത്യേക സാഹചര്യംമൂലം അഞ്ചു വര്‍ഷത്തിലേക്ക് എത്തിനില്‍ക്കുന്നുണ്ട്. അതിന്റെ അധിക ബാധ്യതകളുമുണ്ട്. അങ്ങനെ ഫൈനല്‍ ഡിപ്പാര്‍ട്മെന്റ് േപ്രാജക്ടിന്റെ സമയത്ത് ഇ-ഗ്രാന്റ് ലഭിക്കാത്തതുകൊണ്ട് അനന്തപത്മനാഭനും സുഹൃത്തുക്കളും സമരവുമായി മുന്നോട്ടുപോകും എന്ന നിലപാട് എടുത്തതോടെ അദ്ദേഹത്തിനെ േപ്രാജക്ടില്നിന്നു മാറ്റിനിർത്തി. അനന്തപത്മനാഭന് എസ്.സി വിഭാഗത്തിലും ബിബിന്‍ ഒ.ഇ.സി (ദലിത് ക്രിസ്ത്യന്‍) വിഭാഗത്തില്പെടുന്നതുമാണ്. അതിനുശേഷം അനന്തപത്മനാഭന് തന്റെ അച്ഛനുമായി വന്നു സംസാരിക്കുമ്പോഴും ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുകയാണ്.
ആക്ടിങ് വിദ്യാർഥികളുടെ ഒരു ഡിപ്ലോമ േപ്രാജക്ട് എല്ലാ വര്‍ഷവും നടക്കാറുണ്ട്. ആക്ടിങ് വിദ്യാർഥികള്‍ക്ക് പുറത്തുനിന്ന് ഒരു സംവിധായകനെ കൊണ്ട് വന്നു അവര്‍ക്ക് അവിടെ ഒരു ഡിപ്ലോമ േപ്രാജക്ട് നടപ്പാക്കാറുണ്ട്. അത് സംവിധാനം ചെയ്യാനായി വന്നത് സംസ്ഥാന അവാർഡ് ജേതാവായ ജിയോ ബേബി ആണ്. അനന്തപത്മനാഭന് സിനിമാറ്റോഗ്രഫി വിഭാഗം വിദ്യാര്‍ഥിയാണ്. ജിയോ ബേബി സംവിധാനം ചെയ്യുന്ന േപ്രാജക്ടില്‍ അനന്തപത്മനാഭന് സിനിമാറ്റോഗ്രാഫര്‍ ആയി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായി. ജോലി ചെയ്യാന്‍ അവസരംതരണമെന്ന് അനന്തപത്മനാഭന് ഇന്‍സ്റ്റിറ്റ്യൂട്ടിന് മെയില്‍ ചെയ്തു. പക്ഷേ, ഇന്‍സ്റ്റിറ്റ്യൂട്ട് അത് നിരാകരിച്ചു. അനന്തപത്മനാഭന് കേസുമായി മുന്നോട്ടു പോയി. ജിയോ ബേബി ആണ് സിനിമാറ്റോഗ്രാഫറെ തീരുമാനിക്കുന്നത് തങ്ങൾക്ക് പങ്കില്ല എന്ന് അധികൃതർ നുണ പ്രചരിപ്പിച്ചു. ആ കേസ് ഇപ്പോഴും നടക്കുകയാണ്. അനന്തപത്മനാഭന് ഇതുവരെ നീതി കിട്ടിയില്ല. ഇതൊക്കെ ഇപ്പോഴും അറിയാവുന്ന ഒരു വ്യക്തികൂടിയാണ് ജിയോ ബേബി. അതുകൊണ്ടാണ് ഐ.എഫ്.എഫ്.കെയില്‍ ഒരു പ്രതിഷേധം നടന്നപ്പോള്‍ അതിനുവേണ്ടി ആദ്യമായി പ്രതികരിക്കാന്‍ ജിയോ ബേബി മുന്നോട്ടുവരുന്നത്. ഇനി ശരത് എന്ന ഒരു വിദ്യാർഥിയിലേക്കു വരാം. 2019ല്‍ ശരത് അവിടെ അഡ്മിഷന് വന്നിരുന്നു. പക്ഷേ, ഓറിയന്റേഷനില്‍ മാര്‍ക്ക് ഇല്ല എന്നു പറഞ്ഞു പുറത്താക്കി. അതിനുശേഷം 2022ലും അദ്ദേഹം വരുകയാണ്. എഡിറ്റിങ് വിഭാഗത്തില്‍ അദ്ദേഹം അപേക്ഷിച്ചു. എൻട്രൻസ് ക്ലിയര്‍ ചെയ്തു. ഓറിയന്റേഷനുവേണ്ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്നു. പക്ഷേ, അലോട്മെന്റ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരില്ല. അദ്ദേഹം െകാല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ഇതേ കോഴ്സിന് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. എഡിറ്റിങ് വിഭാഗത്തില്‍ ഇവിടെ 10 സീറ്റുകള്‍ ഉള്ളതില്‍ ആറു സീറ്റുകളില്‍ മാത്രമേ അഡ്മിഷന് നടന്നിട്ടുള്ളൂ. ഈ ആറ് സീറ്റുകളിലും സംവരണ വിഭാഗങ്ങളില്‍നിന്നുള്ള ആരെയും ചേര്‍ത്തിട്ടില്ല. ശരത് എസ്.സി വിഭാഗക്കാരനാണ്. പട്ടിക ജാതിക്കാരനായ തനിക്ക് ഒരു സീറ്റ് സംവരണം ഉള്ളതല്ലേ എന്നു അദ്ദേഹം ചോദിച്ചു. കട്ട് ഓഫ് പ്രകാരം ഉള്ള മാര്‍ക്ക് ഇല്ലാത്തതുകൊണ്ട് നിങ്ങള്‍ യോഗ്യനല്ല എന്നു ഡയറക്ടര്‍ ശരത്തിനോടു നേരിട്ടു പറഞ്ഞു. ഈ കട്ട് ഓഫിലെ അപാകത എന്നു പറയുന്നത്, ഇവിടെ ജനറല്‍ കാറ്റഗറിക്കും സംവരണ വിഭാഗക്കാര്‍ക്കും ഒരേ കട്ട് ഓഫ് മാര്‍ക്കാണ് നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. പി.എസ്.സി നിയമപ്രകാരവും കേരള സർക്കാര്‍ ചട്ടപ്രകാരവും ഇത് നിയമവിരുദ്ധമാണ്. ഓരോ സാമൂഹിക വിഭാഗങ്ങൾക്കും അവരുടെ പ്രത്യേകമായ സാമൂഹിക പരിസ്ഥിതിക്ക് അനുസരിച്ചു പ്രത്യേകമായ കട്ട് ഓഫ് മാര്‍ക്കുകള്‍ ആവശ്യമുണ്ട്. എല്ലാവർക്കും ഒരേപോലുള്ള കട്ട് ഓഫ് വെച്ചിട്ടാണ് ശരത്തിനെ പുറന്തള്ളുന്നത്. ശരത് ഇതിനെ ചോദ്യംചെയ്തു കോടതിയില്‍ പോയി. കോടതിയില്‍നിന്ന് അദ്ദേഹത്തിന് അനുകൂലമായ ഒരു ഉത്തരവ് ലഭിച്ചു. അതിന്റെ ഇടയില്‍ ശരത്തിന് കൊല്‍ക്കത്ത ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന് കിട്ടി അവിടെ ചേർന്നു. കൊൽക്കത്തയില്‍ അഡ്മിഷന് കിട്ടിയ ഒരു വിദ്യാർഥിക്ക് ഇവിടെ അഡ്മിഷന് കിട്ടിയില്ല എന്നതിന്റെ പിന്നിലുള്ള ഒരു പ്രധാന കാരണം ജാതിതന്നെയാണ്. െകാല്‍ക്കത്തയിൽ ശരത്തിന് അഡ്മിഷന് കിട്ടിയിരുന്നില്ലെങ്കില്‍ ഇവര്‍ പറയുന്നത് ഈ സമൂഹം വിശ്വസിക്കുമായിരുന്നു. ജാതി കണ്ടു തിരഞ്ഞുപിടിച്ചുള്ള ഒരു ആക്രമണംതന്നെയാണ് അദ്ദേഹത്തിന് എതിരെ ഉണ്ടായിട്ടുള്ളത്. സംവരണത്തിന്റെ അട്ടിമറിയാണ് അവിടെ സംഭവിച്ചിട്ടുള്ളത്.
നിഖില്‍ എന്ന സ്റ്റാഫ് ഡയറക്ടര്‍ ശങ്കര്‍ മോഹനില്നിന്നു നേരിടേണ്ടി വന്ന ജാതി അതിക്രമത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി അയക്കുന്നുണ്ട്. എന്താണ് സംഭവിച്ചത്?
അത് എട്ട് പേജുള്ള ഒരു പരാതി ആയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പലതരം ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഫയലുകളില്‍ നോട്ട് എഴുതിയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ വിളിച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ചു നിരന്തരമായി അപമാനിക്കുകയും ചെയ്തു. അദ്ദേഹവും പട്ടിക ജാതി വിഭാഗക്കാരനാണ്. കോവിഡുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഡയറക്ടറുടെ വീട്ടില്‍ പലപ്പോഴും പോകേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഡയറക്ടറുടെ വീട്ടില്‍ ചെന്നാല്‍ നിഖിലിനെ എപ്പോഴും പുറത്തു നിര്‍ത്തുകയാണ് ചെയ്തത്. കോവിഡ് ആയതുകൊണ്ടുള്ള ഒരു മുൻകരുതല്‍ ആയിരിക്കുമിത് എന്നാണ് അദ്ദേഹം ആദ്യം കരുതിയത്. പക്ഷേ മറ്റ് ആളുകള്‍ ചെല്ലുമ്പോള്‍ വിളിച്ചിരുത്തി സല്ക്കരിക്കും. അദ്ദേഹം ഡയറക്ടറുടെ വീട്ടില്‍ ചെല്ലുമ്പോൾ ഡയറക്ടറുടെ വീട്ടുജോലികള്‍ ചെയ്യാന്‍ പറയും. അവിടത്തെ ഗ്യാസ് കുറ്റി വണ്ടിയില്‍നിന്നു ചുമന്ന് അകത്തു വെക്കാന്‍ പറയും. ക്ലറിക്കല്‍ സ്റ്റാഫിനോടു കാണിക്കേണ്ട മര്യാദകള്‍ ഒക്കെ ലംഘിക്കുകയാണ്. അത് ഡയറക്ടറുടെ മനസ്സിലെ ഒരു സവർണ ബോധത്തിന്റെ പ്രശ്നമാണ്.
ഇൻസ്റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികളായ പിന്നാക്ക വിഭാഗത്തില്‍പെട്ട സ്ത്രീകളോടുള്ള ഡയറക്ടറുടെ ജാതി-വംശീയ മനോഭാവത്തിന് എതിരെ ഉള്ള പ്രക്ഷോഭമായും വിദ്യാർഥികള്‍ സമരത്തെ ഏറ്റെടുക്കുന്നുണ്ട്. ഈ സ്ത്രീകള്‍ക്ക് നേരിടേണ്ട സംഭവങ്ങള്‍ വിശദീകരിക്കാമോ?
സ്വീപ്പര്‍ ജോലി ചെയ്യുന്ന അഞ്ചുപേര്‍ വളരെ സാധാരണ ചുറ്റുപാടില്‍നിന്നും വരുന്ന സ്ത്രീകളാണ്. അതില്‍ ഒരാള്‍ പട്ടികജാതി വിഭാഗത്തില്‍പെടുന്ന ആളാണ്. ബാക്കിയുള്ളവര്‍ പിന്നാക്ക വിഭാഗത്തില്‍പെട്ടവരുമാണ്. ഇവരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്കു പുറമെ ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടിലേക്കും ക്ലീനിങ് ജോലിക്കു വിളിക്കും. ഇവര്‍ ഡയറക്ടറുടെ വീട്ടില്‍ ജോലിക്കു ചെല്ലുമ്പോള്‍ ‘‘നിങ്ങളുടെ ജാതി ഏതാണ്?’’ എന്നാണ് ആദ്യമായി ചോദിക്കുന്നത്. റേഷന്‍ കാര്‍ഡിലെ അച്ഛന്റെ പേരെന്താണ് എന്നൊക്കെയാണ് അന്വേഷണങ്ങള്‍. സാനിൈറ്റസര് ഉപയോഗിച്ച് കുളിച്ചു കഴിഞ്ഞു മാത്രമേ അകത്തു കയറാന്‍ പാടുള്ളൂ എന്നൊക്കെയാണ് പറയുക. ഒരു ജോടി വസ്ത്രം പുറമെ കരുതണം എന്നൊക്കെ പറയുന്നുണ്ട്. ജാതി ചോദിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത അത്രയും നീചമായ കാര്യമാണ്. വീടിന്റെ അകത്തെ കക്കൂസ് ബ്രഷ് ഉപയോഗിക്കുന്നതിന് പകരം ചെറിയ സ്ക്രബര്‍ ഉപയോഗിച്ച് കഴുകാനാണ് നിര്‍ദേശം. ഡയറക്ടറുടെ മുറ്റം വളരെ വലുതാണ്. അത് വൃത്തിയാക്കുമ്പോള്‍ സ്വാഭാവികമായിട്ടും മടുക്കും. അപ്പോള്‍ അവര്‍ വെള്ളം ചോദിച്ചാൽ, അകത്തുനിന്നു വെള്ളം എടുത്തുകൊണ്ട് വന്നു അവര്‍ക്ക് മാത്രമായി പുറത്തുവെച്ചിട്ടുള്ള ഗ്ലാസിലേക്ക് ഒഴിച്ചുകൊടുക്കും. കുടിച്ചുകഴിഞ്ഞെങ്കിൽ ഗ്ലാസ് അവിടെത്തന്നെ വെച്ചാൽ മതിയെന്നും വെള്ളം തളിച്ച് ശുദ്ധിയാക്കി എടുത്തോളണമെന്നുമാണ് ഈ ശുചീകരണത്തൊഴിലാളികളോട് പറയുക. അതുപോലെ പട്ടികജാതി വിഭാഗത്തില്‍പെടുന്ന ചേച്ചിയെ അവിടെ ജോലിക്കു വിളിക്കുകപോലും ചെയ്തിട്ടില്ല. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശുചീകരണ തൊഴിലാളികള്‍ ആയിട്ടാണ് ഈ സ്ത്രീകളെ നിയമിച്ചിട്ടുള്ളത്. അതും ദിവസക്കൂലിയില്‍. ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ആഴ്ചയില്‍ ഒരിക്കല്‍ അയാളുടെ വീട്ടില്‍ പോകുന്നത്. ഇതൊക്കെ എഴുതി ഇവര്‍ വനിതാ കമീഷന് ഒരു പരാതികൊടുത്തു. ഈ ഒരു വിഷയം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിന്റെ ഇടയില്‍ തന്നെ വിദ്യാർഥികള്‍ ഈ വിഷയം അറിയുകയും ചെയ്യുന്നു. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സിനിമ പഠിക്കുന്ന വിദ്യാർഥികള്‍ എന്ന രീതിയില്‍ നമുക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു കാര്യമാണിത്. പണ്ട് ആളുകളെ പുറത്തു നിര്‍ത്തി കുമ്പിളില്‍ ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന ഒരു സാഹചര്യവുമായി യോജിപ്പിച്ചുകൊണ്ട് മാത്രമേ നമുക്ക് ഇതിനെ കാണുവാന്‍ കഴിയൂ. ഇതുപോലെ അപമാനകരമായ ഒരു സംഗതി വേറെയില്ല. ദലിത്-പിന്നാക്ക വിഭാഗങ്ങൾക്കെതിരെയുള്ള ഒരു സംഭവം മാത്രമായി ഇതിനെ കരുതരുത്. ഇത് സാമൂഹിക നീതിയുടെ കൂടി പ്രശ്നമാണ്. അതുകൊണ്ടാണ് സ്റ്റുഡന്റ്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ എല്ലാം സമരത്തിനിറങ്ങിയത്. ഈ സ്ത്രീകള്‍ കോൺട്രാക്ടിലാണ് ജോലിചെയ്യുന്നത്. നിങ്ങളുടെ ജോലി ഞങ്ങള്‍ കളയും എന്ന ഭീഷണി അവര്‍ക്കെതിരെയുണ്ട്. ഈ സ്ത്രീകളില്‍ രണ്ടുപേര്‍ വിധവകളാണ്. തുച്ഛമായ ശമ്പളത്തില്‍ ജോലിചെയ്യുന്നവരാണിവര്‍. ആദ്യം അവര്‍ക്ക് 6000 രൂപയായിരുന്നു മാസശമ്പളം. പിന്നീട് വർധിപ്പിച്ചെന്നു പറയുന്നുണ്ട്. അതുപോലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വളരെ ദൂരെയാണ് ഡയറക്ടറുടെ വീട്. അവിടേക്കു യാത്ര ചെയ്തു പോയി വേണം ഇവര്‍ക്ക് ജോലിചെയ്യാന്‍. അതിനു വെറും നൂറു രൂപ മാത്രമേ കൊടുക്കൂ. അതുകൊണ്ട് അവര്‍ക്ക് സാമ്പത്തികമായി ഒരു ഉപയോഗവുമില്ല. ഇത്രയധികം മാനസിക സമ്മര്‍ദത്തില്‍ ജോലി നഷ്ടപ്പെടും എന്ന അവസ്ഥയില്‍ ഇനി വേറെ രക്ഷയില്ല എന്ന അവസ്ഥയിലാണ് ഇവര്‍ ഇത് പുറത്തുപറയുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന് എന്ന അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു സംവിധായകന് ചെയര്മാന് ആയ ഒരു സ്ഥാപനത്തിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ഇതിനെ സമരം ചെയ്യുന്ന വിദ്യാർഥികള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?
ചെയര്മാന് ആയ അടൂര്‍ ഗോപാലകൃഷ്ണന് ഇവിടത്തെ വിദ്യാർഥികളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല എന്നതാണു വേറെ ഒരു വിഷയം. അത് മാത്രമല്ല, കണ്ണുമടച്ച് അടൂര്‍ ഗോപാലകൃഷ്ണന് ഡയറക്ടര്‍ ശങ്കര്‍ മോഹനനെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. താൻ അറിയാതെ ആ സ്ഥാപനത്തില്‍ ഒന്നും നടക്കില്ല എന്നു അദ്ദേഹംതന്നെ പറയുന്നുണ്ട്. അതിന്റെ അർഥം അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരം കാര്യങ്ങള്‍ ഇവിടെ സംഭവിക്കുന്നത് എന്നാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്‍ ഇപ്പോള്‍ വിദ്യാർഥികള്‍ പുനഃപരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ആളുകളെപ്പറ്റിയുള്ള പശ്ചാത്തലം അദ്ദേഹത്തിന്റെ സിനിമകളില്‍ എത്രത്തോളം ഉണ്ട് എന്നു ചോദിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ 50 വർഷം നമ്മള് ആഘോഷിക്കുകയാണ്. ഇതിന്റെ ഇടയില്‍ അദ്ദേഹം അനേകം സാംസ്കാരിക പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഈ പ്രിവിലേജ് ഇല്ലാത്ത മനുഷ്യരുടെ പ്രശ്നങ്ങള്‍ അടൂര്‍ എങ്ങനെയാണ് അഡ്രസ് ചെയ്തത് എന്നു കേരളം അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യമാണ്.
ആനിമേഷന്‍ എന്ന ഒരു കോഴ്സ് ഉണ്ട്. ആനിമേഷന്‍ പഠിക്കുന്ന വിദ്യാർഥിക്ക് ഒരു വർഷം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് ഫീസ്. വിദ്യാര്‍ഥിക്ക് ലാപ് ടോപ് സ്വന്തമായിട്ടുണ്ടെങ്കില്‍ മാത്രമേ അഡ്മിഷന് കൊടുക്കുകയുള്ളൂ. അതിവരുടെ അലിഖിത നിയമമാണ്. ഈ ലാപ് ടോപ്പിന്റെ വില എന്നത് ഒരു വര്‍ഷത്തെ ഫീസിനെക്കാള്‍ കൂടുതലാണ്. ഇത് എല്ലാ വിദ്യാർഥികള്‍ക്കും താങ്ങാന്‍ പറ്റുന്ന കാര്യമല്ല. പ്രത്യേകിച്ചു പിന്നാക്ക വിഭാഗത്തില്‍നിന്നു സിനിമ പഠിക്കാന്‍ വരുന്നവര്‍ക്ക്. ഇത് പക്ഷേ ഒരു പ്രോസ്പെക്ടസിലും പറഞ്ഞിട്ടുള്ള കാര്യവുമല്ല. ഇതെല്ലാം അടൂരിന്റെ അറിവോടുകൂടി സംഭവിക്കുന്ന കാര്യങ്ങളുമാണ്. ഡയറക്ടറും ചെയര്മാൻ ആയ അടൂരും അടക്കമുള്ള യോഗത്തില്‍ ഇത് ഉന്നയിച്ചപ്പോള്‍ ഞാനാണ് ഇത്തരം കാര്യങ്ങള്‍ പറയാന്‍ ശങ്കര്‍ മോഹനോടു നിർദേശിച്ചത് എന്ന് അടൂര്‍തന്നെ പറഞ്ഞു. ഇവിടത്തെ ജനാധിപത്യ സംവിധാനത്തെ ഒരിക്കലും മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. അത് ഒരു ഏകാധിപത്യ പ്രവണതയാണ്.
ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാന്‍ പോയ വിദ്യാർഥികള്‍ക്ക് താമസ സൗകര്യം നിഷേധിച്ചുള്ള സമീപനമാണ് പിന്നീട് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. ഇത്തരം പ്രതികാര നടപടികളെ എങ്ങനെയാണ് നേരിട്ടത്?
എല്ലാ വര്‍ഷവും ഐ.എഫ്.എഫ്.കെക്കു പോകുന്ന വിദ്യാർഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് താമസസൗകര്യം ഒരുക്കിക്കൊടുക്കും. ഈ സമരം ആരംഭിച്ചു രണ്ടു മൂന്നു ദിവസത്തിനു ശേഷമാണ് ഒന്നാം വര്‍ഷ വിദ്യാർഥികള്‍ ഐ.എഫ്.എഫ്.കെയില്‍ പോകുന്നത്. നേരത്തേതന്നെ അവര്‍ക്കുവേണ്ടി റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിവരം കൊടുത്തു. ഹോട്ടലില്‍ ചെന്നപ്പോഴാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു വിളിച്ച് ബുക്ക് ചെയ്ത റൂമുകള്‍ മുഴുവന്‍ കാന്‍സല്‍ ചെയ്തു എന്ന് അറിയുന്നത്. 25,000 രൂപ അഡ്വാന്‍സ് കൊടുത്തു ബുക്ക് ചെയ്ത റൂമുകള്‍ കാന്‍സല്‍ ചെയ്തു. കേരളത്തിന് പുറത്തുള്ള പെണ്‍കുട്ടികള്‍ അടക്കം ആ ഗ്രൂപ്പില്‍ ഉണ്ടായിരുന്നു. അവര്‍ ആകെ പ്രതിസന്ധിയിലായി. ഐ.എഫ്.എഫ്.കെ നടക്കുമ്പോള്‍ തിരുവനന്തപുരത്ത് അമ്പതു പേര്‍ക്ക് റൂം ശരിയാക്കുക എന്നത് വളരെ ശ്രമകരമായ പരിപാടി ആണ്. അവര്‍ ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ പെട്ടെന്നു തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെ വിളിച്ചു. അങ്ങനെ അദ്ദേഹം വൈലോപ്പിള്ളി സ്മാരക ബില്‍ഡിങ്ങില്‍ ഒരു ദിവസത്തെ താമസം ശരിയാക്കിക്കൊടുത്തു. അടുത്ത ദിവസം ഈ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഈ വിദ്യാർഥികളെ വിളിച്ച് സംസാരിച്ചു. ആ യോഗത്തില്‍വെച്ചു തന്നെ നിങ്ങള്‍ ഈ കാണിക്കുന്നത് ശരിയല്ല എന്നു ഡയറക്ടറോട് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് എത്രയും പെട്ടെന്നു തന്നെ റൂം ശരിയാക്കിക്കൊടുക്കണം എന്നും മന്ത്രി പറഞ്ഞു. കുറച്ചു സമയങ്ങള്‍ക്കുശേഷം അടൂര്‍ മന്ത്രിയെ വിളിച്ചു. നിങ്ങള്‍ മുമ്പ് പുറത്താക്കിയ നാല് വിദ്യാർഥികളെ തിരിച്ചെടുത്തതിന്റെ പേരിലാണ് ഈ അനാര്‍ക്കി അവിടെ ഉണ്ടായത് എന്ന രീതിയില്‍ അടൂര്‍ മന്ത്രിയോട് സംസാരിച്ചു. ഇതിന് ഒന്നാം വര്‍ഷ വിദ്യാർഥികള്‍ സാക്ഷിയാണ്. ഉടനെ മന്ത്രി മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു. ബാക്കിയുള്ള കാര്യങ്ങള്‍ ഒക്കെ അവിടെ നില്ക്കട്ടെ, വിദ്യാർഥികള്‍ക്ക് വളരെ അത്യാവശ്യമായി അപ്പോള്‍ താമസസൗകര്യം ശരിയാക്കി കൊടുക്കണം എന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നും നിര്‍ദേശം വന്നു. അങ്ങനെ നേരത്തേ ബുക്ക് ചെയ്ത ഹോട്ടലില്‍തന്നെ അവര്‍ താമസസൗകര്യം ശരിയാക്കി. അടൂര്‍ അന്ന് ബാലിശമായി മുന്നോട്ട് വെച്ച ഒരു കാര്യമുണ്ട്. വിദ്യാർഥികള്‍ക്ക് താമസസൗകര്യം ശരിയാക്കി കൊടുക്കണമെങ്കില്‍ അവര്‍ സമരത്തില്‍ പങ്കെടുക്കില്ല എന്നു രേഖാമൂലം എഴുതി കൊടുക്കണം എന്ന നിര്‍ദേശമായിരുന്നു അത്.
ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തുന്ന ജാതി-വംശീയതകളെ കണ്ടില്ലെന്നു നടിക്കുകയാണോ ചെയ്തത്?
മേല്പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെ ഉന്നയിച്ച് അടൂരിന് ഒരു കത്ത് കൊടുത്തിട്ടുണ്ടായിരുന്നു. ഇതൊന്നും ഇദ്ദേഹം ഗൗനിച്ചിട്ടില്ല. അവസാനം ശങ്കര്‍ മോഹന്റെ ജാതിവിവേചനങ്ങളും മറ്റ് ധാര്‍ഷ്ട്യത്തോടെയുള്ള നിലപാടുകളും ചാനലുകളില്‍കൂടി പുറത്തേക്കു വന്നപ്പോഴാണ് അടൂര്‍ ശങ്കര്‍ മോഹനെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്നത്. അടൂരിന്റെ ന്യായീകരണമാണ് തമാശ. ശങ്കര്‍ മോഹന്‍ ഒരു നോബിള്‍ ഫാമിലിയില്‍നിന്നുള്ള ഒരാളാണ്. ശങ്കര്‍ മോഹന്റെ അമ്മ സോഷ്യല്‍ സയന്‍സില്‍ പിഎച്ച്.ഡി എടുത്ത സ്ത്രീ ആണ്, അച്ഛന് ചലച്ചിത്ര കോർപറേഷന്റെ തലപ്പത്ത് ഇരുന്ന ആളാണ്, അതുകൊണ്ടുതന്നെ ശങ്കര്‍ മോഹന്‍ അങ്ങനെ ചെയ്യില്ല എന്നൊക്കെയാണ് അടൂര്‍ പറയുന്നത്. അമ്പതു വർഷം സിനിമ ചെയ്ത ഒരാളുടെ ജാതി പ്രിവിലേജ് കൊണ്ടുള്ള ഒരു മനസ്സിലാക്കല്‍ ആണിത്. ഇന്ന് സോഷ്യല്‍ മീഡിയയിലടക്കം അദ്ദേഹത്തിന്റെ ഈ സംസാരം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയാണ്. അതില്‍ കൂടുതല്‍ ഒരു വിശദീകരണം നമുക്ക് ആവശ്യമില്ല. ഈ പരാതി കൊടുത്ത വിദ്യാർഥികള്‍, നിഖില്‍, അത് പോലെ ഈ സ്ത്രീകള്‍ അടക്കമുള്ളവര്‍ ‘നോബിള്‍ ഫാമിലി’യില്‍ അല്ല എന്നല്ലേ അതിന്റെ അർഥം? അതുതന്നെയാണ് ഞങ്ങള്‍ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുന്ന പ്രശ്നവും.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകസമൂഹം ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടാകുമല്ലോ. അവര്‍ എങ്ങനെയാണ് പ്രതികരിച്ചത്?
ഇവിടെ നടക്കുന്നതു വളരെ വലിയ അനീതിയാണ് എന്നു അറിയാവുന്നവര്‍ ഇവിടത്തെ അധ്യാപക സമൂഹത്തിലുണ്ട്. പക്ഷേ ഇവരൊക്കെ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിനു സ്വാശ്രയ പദവികൂടി ഉള്ളതുകൊണ്ട് ജോലിയില്‍നിന്നും നിഷ്കരുണം എടുത്തുകളയാനുള്ള സാഹചര്യംകൂടിയുണ്ട്. അതുകൊണ്ട് അവര്‍ മിണ്ടാതെ തുടരുന്നു. നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ് അവരെ സംബന്ധിച്ചിടത്തോളം ഈ ജോലി. സര്‍ക്കാറും സാംസ്കാരിക കേരളവും അവര്‍ക്ക് പിന്തുണ നല്കിയാല് ഒരുപാട് പേര് അവിടെ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നു തുറന്നു പറയും. ഡയറക്ടര്‍ നിയമ വിരുദ്ധമായി കുറെ പേരെ അവിടെ നിയമിച്ചിട്ടുണ്ട്. അതിനെ പറ്റി സർക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതാണ്. ഇവര്‍ക്കൊക്കെ വേണ്ടത്ര യോഗ്യതകള്‍ ഉണ്ടോ എന്ന കാര്യം തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇതൊന്നും മോണിറ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ അവിടെ ഇല്ല. ഏകാധിപത്യപരമായ തീരുമാനങ്ങളില്‍ കൂടിയാണ് ഇത് മുന്നോട്ട് പോകുന്നത്.
2017ല്‍ ഗജേന്ദ്ര ചൗഹാന് എന്ന മഹാഭാരതം അഭിനേതാവ് പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി വന്നപ്പോള്‍ കേരളം അതിൽ പ്രതിഷേധിക്കുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു. പക്ഷേ, കേരളത്തില്‍ കെ.ആര്. നാരായണന്റെ പേരിലുള്ള ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്രയധികം വിവേചനങ്ങളും അതിക്രമങ്ങളും നിലനില്ക്കുമ്പോള് മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാണ്?
സാംസ്കാരിക കേരളത്തിന്റെ ഈ വിഷയത്തിലുള്ള നിസ്സംഗത അപകടകരമാണ്. കേരളം ചരിത്രപരമായി വളരെ പിറകോട്ടു പോയി എന്നതാണല്ലോ അവിടെ ജോലിചെയ്യുന്ന ചേച്ചിമാര് ആരോപിച്ച കാര്യങ്ങള്‍. ജാതിയും മതവും മാറ്റിനിര്‍ത്തിയാല്‍ തന്നെ മനുഷ്യത്വപരമായി ചിന്തിച്ചാല്‍ ഒരു തൊഴിലെടുക്കുന്ന വ്യക്തികളോട് ചെയ്യേണ്ട കാര്യമാണോ? ഇത്രയധികം സാംസ്കാരിക നായകര്‍ നവോത്ഥാന സാംസ്കാരിക മൂല്യങ്ങളെ പറ്റി വാതോരാതെ സംസാരിക്കുമ്പോഴും കണ്മുന്നില് ഇത്രയും വലിയ അനീതി നടന്നിട്ടും പ്രതികരിക്കാത്തതിന്റെ ഒരു കാരണം എല്ലാവർക്കും അറിയാം. അടൂരിെനതിരെ പ്രത്യക്ഷത്തില്‍ വന്നു സംസാരിക്കാന്‍ കേരളത്തിന് മടിയാണ്. പക്ഷേ, അത് അപകടകരമാണ് എന്നു മാത്രമേ നമുക്ക് പറയാന്‍ കഴിയൂ. ഇത് വിദ്യാർഥികളുടെയോ കുറച്ചു സ്ത്രീ തൊഴിലാളികളുടെയോ മാത്രം പ്രശ്നം ആയിട്ടല്ല കേരളത്തില്‍ അഡ്രസ് ചെയ്യപ്പെടേണ്ടത്. ഇവിടെ നിലനിന്നിരുന്ന ജാതിവ്യവസ്ഥയുടെ തുടര്‍ച്ചയാണ് എന്ന നിലയില്‍ തിരിച്ചറിയപ്പെടുകയാണ് വേണ്ടത്. അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഇതിനെ പറ്റി സാംസ്കാരിക കേരളം ഇരുത്തി ചിന്തിക്കണം.
അതേസമയം, മലയാള സിനിമ പ്രവര്‍ത്തകരും സംഘടനാ പ്രതിനിധികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ സമരത്തിന്റെ കൂടെ ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട് എന്നത് വളരെയധികം പ്രതീക്ഷ നല്കുന്ന കാര്യമാണ്. എന്തു തോന്നുന്നു?
ഈ വിഷയം വന്നതു മുതല്‍ ഞങ്ങളോട് ഏറ്റവും കൂടുതല്‍ ഐക്യദാർഢ്യം പ്രഖ്യാപിച്ച വ്യക്തികളാണ് ജിയോ ബേബി, വി.സി. അഭിലാഷ്, ആഷിക് അബു, മഹേഷ് നാരായണന്, സജിത മഠത്തില്‍, കമല്‍ കെ.എം തുടങ്ങിയവര്‍. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് പ്രവര്‍ത്തിച്ചതുകൊണ്ടുതന്നെ ഇവര്‍ക്ക് അവസ്ഥകള്‍ നേരിട്ടുതന്നെ അറിയാം. ഇവിടത്തെ കെടുകാര്യസ്ഥതയെപ്പറ്റിയും വിദ്യാർഥികളോടുള്ള അധികാരികളുടെ സമീപനത്തെപ്പറ്റിയും വ്യക്തമായ ബോധ്യമുള്ളവരാണ്. തൊഴിലാളി സ്ത്രീകളുടെ വിഷയം ഉണ്ടായപ്പോള്‍ ജിയോ ബേബി അടക്കമുള്ളവര്‍ അവരോടു നേരിട്ടു സംസാരിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളെ ഇത്രയധികം പിന്തുണച്ചു മുന്നോട്ടുവരുന്നത്. പക്ഷേ, ഇത്രയധികം സിനിമ പ്രവര്‍ത്തകര്‍ ഈ വിഷയത്തിന്റെ ഗ്രാവിറ്റി മനസ്സിലാക്കി പ്രതികരിക്കാന്‍ എത്തുമ്പോഴും ഒരു വലിയ വിഭാഗം ആളുകള്‍ മാറിനില്‍ക്കുകയാണ്. ‘ഫെഫ്ക’യുടെ ചെയര്മാന് ആയ ബി. ഉണ്ണികൃഷ്ണന് ഞങ്ങളെ വിളിച്ച് ഈ വിഷയത്തില്‍ പൂർണമായ പിന്തുണ വാഗ്ദാനം ചെയ്തത് സന്തോഷമുള്ള കാര്യമാണ്. രണ്ടു വര്‍ഷത്തോളം താന്‍ അവിടെ ജോലിചെയ്തതാണെന്നും തുടര്‍ന്നു ജോലിചെയ്യാന്‍ അവിടത്തെ സാഹചര്യം അനുവദിക്കാത്തതുകൊണ്ടു പിരിഞ്ഞുപോയ ആളാണ് താന്‍ എന്നുമാണ് സജിത മഠത്തില്‍ പറയുന്നത്.
കേരളത്തില്‍ നിലനില്‍ക്കുന്ന പൊതു വിദ്യാഭ്യാസ സംഘടനകള്‍ ഈ പ്രശ്നത്തോട് എങ്ങനെയാണ് പ്രതികരിച്ചത്?
കേരളത്തിലെ വ്യവസ്ഥാപിതമായ വിദ്യാഭ്യാസ രാഷ്ട്രീയ യുവജന സംഘടനകള്‍ ഈ വിഷയത്തില്‍ കൃത്യമായ ഒരു അകലം പാലിച്ചിട്ടുണ്ട് എന്നു വേണം പറയാന്‍. ഇത്രയും സെന്സിറ്റിവ് ആയ ഒരു വിഷയം ഉണ്ടായതിന് എട്ടോ ഒമ്പതോ ദിവസങ്ങള്‍ക്കുശേഷമാണ് പല പ്രതികരണങ്ങളും വന്നുതുടങ്ങുന്നത്. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള സംഘടനകൾക്കുള്ള സമ്മര്‍ദങ്ങള്‍ ആയിരിക്കാം ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാതെ അവരെ പിന്നോട്ടു വലിക്കുന്നത്. പ്രതിപക്ഷ സംഘടനകള്‍ക്ക് ഇത് സാമൂഹിക നീതിയുടെ ഒരു വിഷയമായി അഡ്രസ് ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാകാം. പക്ഷേ, ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികള്‍ ഈ വിഷയവുമായി ബന്ധപ്പെട്ടു ഞങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ ഇതിനെപ്പറ്റി കാര്യങ്ങള്‍ അന്വേഷിക്കുന്നവരുമാണ്.
അതേസമയം, ഫിലിം ഫെസ്റ്റിവല്‍ സമൂഹം നിങ്ങളുടെ സമൂഹത്തിനു വളരെ ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചത്. അതൊരു പ്രതീക്ഷയുമാണ്..?
ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ ഞങ്ങളുടെ സമരത്തില്‍ പങ്കെടുത്തിട്ടുള്ള എല്ലാവരും തന്നെ നവോത്ഥാന മൂല്യങ്ങളെ പിന്‍പറ്റി, നല്ല അറിവുള്ളവര്തന്നെയാണ്. കാരണം ആ പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഉണ്ടായിട്ടുള്ള ഒരു ജനക്കൂട്ടം അനുദിനം വർധിച്ചു. അവര്‍ അത് അവരുടെ പ്രശ്നമായാണ് കണ്ടത്. ഞങ്ങള്‍ 80 വിദ്യാർഥികള്‍ മാത്രമേ ഉള്ളൂ. പക്ഷേ, എത്രയോ അധികം ആളുകളാണ് ഞങ്ങളുടെ സമരത്തില്‍ പങ്കാളികളായത്. അവരൊക്കെ സോഷ്യല്‍ മീഡിയയിലൂടെ അവിടെ എത്തിച്ചേര്‍ന്നവരാണ്. അവരുടെ പ്രതികരണങ്ങള്‍ തീര്‍ച്ചയായും ഞങ്ങൾക്ക് വലിയ പ്രതീക്ഷ നല്കുന്നു. അവരാരും അവിടെ കൂടിയ സിനിമ പ്രവര്‍ത്തകരെ കാണാനോ അല്ലെങ്കില്‍ അവര്‍ പറയുന്നതു കേട്ടു തിരിച്ചു പോകാനോ വന്നവരല്ല. ആ പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ ആ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കൂടെനിന്നവരാണ്. ഞങ്ങള്‍ പറയുന്ന നീതിനിഷേധവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിനും അവിടെ കൂടിനിന്നവരില്നിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍തന്നെ അവര്‍ ഈ വിഷയത്തിനെ എത്രത്തോളം കാര്യമായി എടുത്തിട്ടുണ്ട് എന്നതിന് തെളിവാണ്.
മന്ത്രി ഡോ. ആര്. ബിന്ദുവും കേരള സര്‍ക്കാറും ഈ പ്രശ്നത്തില്‍ എങ്ങനെയാണ് ഇടപെട്ടത്?
മന്ത്രി ഡോ. ആര്. ബിന്ദു ഈ പ്രശ്നങ്ങള്‍ അറിഞ്ഞതോടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടുവന്ന് കാര്യങ്ങള്‍ മനസ്സിലാക്കി ഈ പറയുന്ന അധികാരികള്‍ക്കു വേണ്ട നിർദേശങ്ങള്‍ കൊടുത്തിട്ടുള്ളതാണ്. പക്ഷേ, ആ നിർദേശങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ഇവിടത്തെ വിദ്യാർഥികള്‍ക്ക് ഭക്ഷണത്തിനുവേണ്ടി മാത്രം ചെലവാകുന്നത് 4500 രൂപയാണ്. അത് സബ്സിഡി റേറ്റില്‍ ഭക്ഷണം നല്‍കണമെന്ന് മന്ത്രിയോട് ഞങ്ങള്‍ ആവശ്യപ്പെടുകയും അത് ആ തരത്തില്‍ നല്‍കണമെന്നു മന്ത്രി നിര്‍ദേശം കൊടുക്കുകയും ചെയ്തതാണ്. പക്ഷേ അത് പാലിക്കപ്പെട്ടിട്ടില്ല. ഇ-ഗ്രാന്റ് അടക്കമുള്ള വിദ്യാർഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നു പറഞ്ഞു, പക്ഷേ പാലിക്കപ്പെട്ടിട്ടില്ല. മന്ത്രി മുന്നോട്ടുവെച്ച ഒരു കാര്യവും ഇവര്‍ നടപ്പില്‍ വരുത്തിയിട്ടില്ല. സർക്കാര്‍ ഒരു അന്വേഷണ കമീഷനെ നിയമിച്ചിട്ടുണ്ട്. അവര്‍ കാമ്പസില്‍ വന്നു തെളിവെടുക്കും. അന്വേഷണ കമീഷന്റെ തെളിവുകളുടെ അടിസ്ഥാനത്തിലേ സര്‍ക്കാറിന് ഒരു നിലപാട് എടുക്കാന്‍ കഴിയൂ എന്ന് അറിയിച്ചിട്ടുണ്ട്. ആ തീരുമാനത്തിനായിട്ടു ഞങ്ങള്‍ കാത്തിരിക്കുകയാണ്. പക്ഷേ ഈ പ്രശ്നത്തില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവരുടെ പ്രതികരണങ്ങള്‍ ഉണ്ടാകണം. അതുണ്ടാകാത്തതില്‍ ഞങ്ങള്‍ നിരാശരുമാണ്.
കേരളത്തില്‍ ജാതി ഇല്ല എന്നും കേരളം ഒരു പുരോഗമന സമൂഹമാണ് എന്നുമൊക്കെയുള്ള വീമ്പുപറച്ചിലുകള്ക്കിടയിലാണ് കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത്തരം വംശീയതകള്‍ നടക്കുന്നത്. എന്തുതോന്നുന്നു?
ഇവിടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനമുണ്ടായി എന്നകാര്യം ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടല്‍ ഉണ്ടാക്കുന്നില്ല. കാരണം, ഇത് വ്യക്തമായും ഈ സമൂഹത്തില്‍ നിലനിന്നുപോകുന്ന വ്യവസ്ഥിതിയാണെന്ന് വളരെ ബോധ്യമുള്ള മനുഷ്യരാണ് ഞങ്ങള്‍. ഇവിടെ ജാതിയില്ല എന്നു പറയുന്ന വാദം കപടമാണ്. അത് ഓരോരുത്തരുടെയും നിക്ഷിപ്ത താൽപര്യങ്ങള് കാരണം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതാണ്. നമ്മുടെ സാമൂഹിക സ്ഥാപനങ്ങളായ കല്യാണങ്ങളിലടക്കം ജാതി എത്രത്തോളം പിന്തുടരുന്നു എന്നൊക്കെ നോക്കിയാല്‍ അക്കാര്യം മനസ്സിലാകും. അതിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പറയാന്‍ ഉണ്ടാകും.
വിവിധ സംസ്കാരങ്ങളിലുള്ള വിവിധ ഭാഷകള്‍ സംസാരിക്കുന്ന കേരളത്തിന് പുറത്തുള്ള വിദ്യാർഥികളും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസ്ഥാപിതമായ സമര രീതിയല്ല നിങ്ങളുടെ സമരത്തിന്..?
കേരളത്തിന് പുറത്തുള്ള വിദ്യാർഥികളും ഈ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഉണ്ട്. ഇവരെല്ലാവരും ഈ വിഷയം വ്യക്തമായി ബോധ്യപ്പെട്ട ആളുകളാണ്. ഇവരുടെ എല്ലാവരുടെയും പ്രതികരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. വളരെ ആധികാരികമായിട്ടാണ് ഓരോ വിദ്യാര്‍ഥിയും ഈ വിഷയത്തെ കുറിച്ചു സംസാരിക്കുന്നത്. അവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാ വിദ്യാർഥികള്‍ക്കും നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. ഈ ശുചീകരണ തൊഴിലാളികള്‍ അടക്കമുള്ള സ്ത്രീകളുമായി നേരിട്ടു സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള സാഹചര്യം അവിടെ ഉണ്ടായിരുന്നു. എൺപതു പേര് മാത്രം വിദ്യാർഥികളായുള്ള ഒരു സ്ഥാപനമാണിത്. സമരം പത്തു ദിവസം പിന്നിടുമ്പോഴും അവര്‍ തളരാതെ കൂടെതന്നെയുണ്ട്. അവരുടെ അക്കാദമിക് അവറുകള്‍ നഷ്ടപ്പെടുകയാണ്. പക്ഷേ ഈ വിഷയത്തിന്റെ ഗ്രാവിറ്റി അത്രത്തോളം മനസ്സിലാക്കിയിട്ടാണ് അവര്‍ സമരമുഖത്തുള്ളത്.
ജാതിക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പോരാടിയ ഒരു മനുഷ്യനാണ് കെ.ആര്. നാരായണന്. അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരം ജാതി-വംശീയത എന്ന വൈരുധ്യം നടക്കുന്നത്. എന്തു തോന്നുന്നു?
കെ.ആര്. നാരായണന് എന്ന മഹാനായ വ്യക്തിത്വം എത്തിച്ചേർന്ന ഉയരങ്ങള്‍ പലതരം വിവേചനങ്ങള്‍ മറികടക്കുന്നതിലൂടെ നേടിയെടുത്തതായിരുന്നു. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെ കുറിച്ച് ഒന്നും ഒരു ധാരണയും ഇല്ലാത്ത ആളുകളാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്മിനിസ്ട്രേഷന്റെ കസേരകളില്‍ ഇരിക്കുന്നത്. ആ ഒരു ബോധ്യമുണ്ടെങ്കില്‍ ഇത്തരം അവകാശങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്ന ദലിത് സമൂഹത്തിലുള്ള വിദ്യാർഥികളോടോ തൊഴിലാളി വര്‍ഗത്തില്‍പെടുന്ന സ്ത്രീകളോടോ അവര്‍ ഇത്തരത്തില്‍ പെരുമാറില്ലായിരുന്നു. കെ.ആര്. നാരായണന് എന്ന മനുഷ്യന്റെ ജീവിതം എന്തായിരുന്നു എന്ന് അവര്‍ ഇനിയും പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മൂല്യങ്ങള്‍ മനസ്സിലാക്കാതിരിക്കാനുള്ള ശ്രമകരമായ ദൗത്യങ്ങള്‍ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം.