എടുത്തുമറിച്ച രീതിയിലുള്ള ആഖ്യാനങ്ങള്‍; കൃഷ്ണേന്ദു കലേശ് സംസാരിക്കുന്നു
മലയാളത്തില്‍ ഒരു പുതിയ 'ആര്‍ട്ട്' സിനിമ ഇറങ്ങിയാല്‍ ചില സിനിമാ നിരൂപകർ അതിനെ കുറിച്ച് എഴുതും എന്നതാണ് പതിവ്. അത് സിനിമയുടെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ആയിരിക്കും. സിനിമയിലേക്ക് വ്യത്യസ്തമായ ഒരു നോട്ടം പൊതുവെ ഉണ്ടാകാറില്ല. സിനിമ ഏകശിലാത്മകമായതും ഇതിന് ഒരു കാരണമാണ്. എന്നാല്‍ കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' എന്ന സിനിമയെ കുറിച്ച് വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവർ -ഫിക്ഷന്‍ എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍, സംവിധായകർ,...
Your Subscription Supports Independent Journalism
View Plansമലയാളത്തില്‍ ഒരു പുതിയ 'ആര്‍ട്ട്' സിനിമ ഇറങ്ങിയാല്‍ ചില സിനിമാ നിരൂപകർ അതിനെ കുറിച്ച് എഴുതും എന്നതാണ് പതിവ്. അത് സിനിമയുടെ ഇതിവൃത്തത്തെ അടിസ്ഥാനമാക്കി ആയിരിക്കും. സിനിമയിലേക്ക് വ്യത്യസ്തമായ ഒരു നോട്ടം പൊതുവെ ഉണ്ടാകാറില്ല. സിനിമ ഏകശിലാത്മകമായതും ഇതിന് ഒരു കാരണമാണ്. എന്നാല്‍ കൃഷ്ണേന്ദു കലേഷിന്റെ 'പ്രാപ്പെട' എന്ന സിനിമയെ കുറിച്ച് വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവർ -ഫിക്ഷന്‍ എഴുത്തുകാര്‍, തിരക്കഥാകൃത്തുക്കള്‍, സംവിധായകർ, കലാനിരൂപകന്, ഇക്കോ-ബയോളജിസ്റ്റ്, സാംസ്കാരിക പഠിതാവ്- കുറിപ്പുകൾ എഴുതുകയുണ്ടായി. ഈ സിനിമ കണ്ട അനുഭവത്തെ ഒരു കവി കവിതയാക്കി എഴുതി. (മലയാളത്തില്‍ സാധാരണ അങ്ങനെ സംഭവിക്കാറില്ല). ഇതിനർഥം ഈ സിനിമ അത്രമാത്രം സാധ്യതകള്‍ ഒരുക്കുന്നു. സിനിമയുടെ ഇതിവൃത്തവും രൂപവും അനേകതയില്‍ അധിഷ്ഠിതമാണ്, ഏകപക്ഷീയമായ വീക്ഷണങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നു. അങ്ങനെ സിനിമ ആസ്വാദനത്തിന്റെ പല വാതിലുകള്‍ തുറന്നിടുന്നു.
''സിനിമ മറ്റൊരു സാങ്കേതികമാറ്റത്തെ സമീപിക്കുകയാണ്, ആഖ്യാനത്തിന്റെ ഒരു പുതിയ രൂപത്തെ. സിനിമാ പ്രേമികളുടെ വരും തലമുറ സിനിമകള്‍ ഗെയിമുകള്‍ പോലെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' -പീറ്റര്‍ ഗ്രീനവെയുടെ ഈ നിരീക്ഷണം 'പ്രാപ്പെട'യെ കുറിച്ച് സംസാരിക്കുമ്പോള്‍ പ്രസക്തമാവുന്നു. 'പ്രാപ്പെട' ചിലര്‍ക്ക് വിഡിയോ ഗെയിംപോലെയും അനുഭവപ്പെട്ടു. ''റിമോട്ട് കൺട്രോളിന്റെ വരവ് സിനിമയെ തകർത്തു'' എന്ന് ഗ്രീനവെ പറയുന്നുണ്ട്. എന്നാൽ ഇതാണ് പുതിയ കാലത്തെ സിനിമാ കാഴ്ച. ഇന്ന് സിനിമാ കാഴ്ചപോലെത്തന്നെ മൊബൈലിലും മറ്റുമുള്ള കമ്യൂണിക്കേഷന്‍ ശ്ലഥമായ അവസ്ഥയിലാണ്. ഈ അവസ്ഥയിലാണ് 'പ്രാപ്പെട' പ്രവര്‍ത്തിക്കുന്നത്. മൊബൈലില്‍ നാം ഇതുമായി പൊരുത്തപ്പെട്ടു എങ്കിലും സിനിമയില്‍ ഇതുമായി പൊരുത്തപ്പെടാന്‍ നമുക്ക് ആവുന്നില്ല. അതുകൊണ്ടാണ് ധാരാളം പേര് സിനിമ കണ്ടുവെങ്കിലും ഭൂരിഭാഗവും സിനിമ 'മനസ്സിലായില്ല' എന്ന് പരാതിപ്പെടുന്നത്. ഇപ്പോള്‍ നമുക്ക് സ്രഷ്ടാവിന്റെ വാക്കുകളില്‍ സിനിമയെ കുറിച്ച് അറിയാം:
വളരെ പെട്ടെന്ന് നമുക്ക് ഉള്‍ക്കൊള്ളാന്‍, മനസ്സിലാക്കാന്‍ സാധ്യമല്ല ഈ സിനിമ. പല അടരുകളും പല ശൈലികളുമായാണ് സിനിമ നിർമിച്ചിരിക്കുന്നത്..?
തിയറ്റർ വാച്ച് ടൈമിനേക്കാൾ (Theatre watch time) സിനിമ ഇന്ന് വളരെയധികം പ്രാപ്യമായ അവസ്ഥയുണ്ട്. സിനിമ കാണുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും പോസ് ചെയ്യാം, മുന്നോട്ടും പിറകിലോട്ടും പോവാം, വീണ്ടും വീണ്ടും കാണാം, ഫ്രെയിം ടു ഫ്രെയിം കാണാം. അപ്പോള്‍ ഈ സമയങ്ങളെ കൂടി ഒരു സിനിമയുടെ സമയത്തില്‍ ചേര്‍ക്കണം. കാണിക്ക് അതിന്റെ മുകളിൽ ഒരു കൺേട്രാൾ വന്നിട്ടുണ്ട്, ക്രിയേറ്റിവ് ആയല്ല, സിനിമയെ പ്രോസസ് ചെയ്യുന്നതില്‍. അപ്പോള്‍ നേരത്തേ പറഞ്ഞപോലെ ഒന്നര അല്ലെങ്കില്‍ രണ്ടു മണിക്കൂര്‍ എന്ന സിനിമാറ്റിക് ടൈമില്‍ കൂടുതല്‍ സിനിമയുടെ രചയിതാവിന് പ്രേക്ഷകരുമായി സംവദിക്കാന്‍ സമയം കിട്ടുന്നുണ്ട്. അനന്തമായ ഈ സമയത്തെ പ്രേക്ഷകര്‍ ഉപയോഗിക്കുമ്പോഴാണ് സിനിമ കൂടുതല്‍ അർഥവത്താവുന്നത്. അതായത് ഒരു പെയിന്റിങ്ങിനു മുന്നിൽ വളരെ നേരം നിന്നുകൊണ്ട് നിർവചിക്കാൻ ശ്രമിക്കുന്നതുപോലെ. പല ശൈലികൾ എന്നത് ഒരേ സമയം കഥപറച്ചിലിന്റെ ടൂൾ ആയിട്ടും, സിനിമക്കുള്ള ട്രിബ്യൂട്ട് എന്ന രീതിയിലുമാണ് സന്നിവേശിപ്പിച്ചിട്ടുള്ളത്.
അതായത്, താങ്കള്‍ ഉപയോഗിക്കുന്ന സൂചനകളും അന്യാപദേശങ്ങളും ഇത്തരത്തിലുള്ള ആവര്‍ത്തിച്ചുള്ള കാഴ്ചയിലൂടെ കൂടുതല്‍ തെളിഞ്ഞുവരും. നമുക്ക് ധാരണ ഉണ്ടാക്കാന്‍ പറ്റും..?
ഒരു സിനിമക്ക് ഒന്നില്‍ കൂടുതല്‍ കാഴ്ച ഉണ്ടാവുമ്പോഴാണ് സിനിമക്ക് മൂല്യം ഉണ്ടാവുന്നത്. പല കാലഘട്ടങ്ങളിലുള്ള അതിന്റെ തുടർകാഴ്ചകളെ മുൻനിർത്തിയാണ് സിനിമ കാലത്തെ അതിജീവിക്കുന്നത്. ആവര്‍ത്തിച്ചുള്ള കാഴ്ചകളെ ഞാന്‍ എന്റര്‍ടെയിന്‍മെന്റ് എന്ന അർഥത്തിലല്ല കാണുന്നത്. മേൽപറഞ്ഞതുപോലെയുള്ള ആക്സെസബിൾ ആയൊരു നവ സാഹചര്യം നിലനില്ക്കുമ്പോൾ ഇന്ന് സംവിധായകരും പ്രേക്ഷകരും ആ രീതിയിൽകൂടി സിനിമയെ സമീപിക്കണം. അതുകൊണ്ട് സിനിമയില്‍ അവതരിപ്പിക്കുന്ന എല്ലാം ഒറ്റക്കാഴ്ചയില്‍ത്തന്നെ വ്യക്തമാക്കേണ്ടതില്ല. മൊണ്ടാഷ് സംസ്കാരത്തെ കുറേക്കൂടി ഉപയോഗിക്കാവുന്ന ഒരു കാലമാണിത്. അതായത്, ഇന്ന് ഒരു മള്‍ട്ടിമീഡിയ മൊണ്ടാഷിലാണ് കമ്യൂണിക്കേഷൻ പ്രവര്‍ത്തിക്കുന്നത്. ഫോണിലായാലും ദൃശ്യങ്ങള്‍ ഉണ്ട്, ശബ്ദം ഉണ്ട്, ടെക്സ്റ്റ് ഉണ്ട് -നമുക്ക് ക്ലിപ്പുകളിലൂടെ കിട്ടുന്നതെല്ലാം മൊണ്ടാഷ് ഇൻഫര്‍മേഷൻ ആണ്. നാം ഈ മൊണ്ടാഷ് സംസ്കാരവുമായി അബ്സ്ട്രാക്ട് നിലവാരത്തിൽതന്നെ പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ ഈ അവസ്ഥയുമായി നാം പൊരുത്തപ്പെടുന്നില്ല. സിനിമയുടെ ഭാഷയെ സംബന്ധിച്ച് നാം ശീലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സിനിമയെ ഒന്നരമണിക്കൂറുള്ള (ടൈം ഫ്രെയിമിലുള്ള) നരേറ്റിവ് ആയി കാണുന്നതിനാല്‍ സിനിമയില്‍നിന്ന് നാം ഈ ഘടന പ്രതീക്ഷിക്കുന്നില്ല. സംവിധായകരും ഈ രീതി പരീക്ഷിക്കുന്നില്ല. എന്നാല്‍ ഞാന്‍ ശ്രമിക്കുന്നത് പ്രേക്ഷകരില്‍ ഇത്തരമൊരു കഥനരീതി അബോധതലത്തിലെങ്കിലും പ്രവര്‍ത്തിപ്പിക്കാനാണ്. അതുകൊണ്ടാണ് ഞാന്‍ പലപ്പോഴും എടുത്തുമറിച്ച രീതിയിലുള്ള ആഖ്യാനങ്ങള്‍, വിശദീകരിക്കാത്ത രീതിയിലുള്ള ആഖ്യാനങ്ങൾ ഒക്കെ ഉപയോഗിക്കുന്നത്. ഒരു പ്രാക്ടീസ് കൂടിയാണിത്.
താങ്കള്‍ സ്ക്രിപ്റ്റ് ഇല്ലാതെയാണല്ലോ ഷൂട്ട് ചെയ്തത്. അപ്പോള്‍ അഭിനേതാക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? സ്ക്രിപ്റ്റ് ഉണ്ടാവുമ്പോള്‍ ആ രീതിയില്‍ നിയന്ത്രണം ഉണ്ടാവില്ലേ?
പരമ്പരാഗത രീതിയിൽ ഫോർമാറ്റ് ചെയ്യപ്പെട്ട ഒരു സ്ക്രിപ്റ്റ് ഉപയോഗിച്ചിട്ടില്ല എന്നേയുള്ളൂ, ഒരു വിശദമായ സിനോപ്സിസ് ഉപയോഗിച്ചിട്ടുണ്ട്, അതിന് ഒരു ചെറുകഥയുടെ രൂപമുണ്ട്, പാരഗ്രാഫുകൾക്ക് സീക്വെൻസുകളുടെ സ്വഭാവമുണ്ട്, പലപ്പോഴും ഒരു ചാപ്റ്റർ പോലെയും അവ പ്രവർത്തിക്കുന്നു. ആദിമധ്യാന്തമുണ്ടതിൽ, കഥാഗതികൾ കുറിച്ചിട്ടുണ്ട്, അതിനെ പിന്തുടർന്നുള്ള അമൂർത്തമായ ചില ആശയങ്ങൾ കുറിച്ചിട്ടുണ്ട്, എന്നാൽ അവയുടെ വിശദീകരണങ്ങൾ ഇല്ല, എങ്ങനെ ഷൂട്ട് ചെയ്യണമെന്നതില്ല. ഞാൻ അതിനെ ഒരു റോ മെറ്റീരിയൽ മാത്രമായി കണക്കാക്കുന്നു. ഈ സിനിമയുടെ പ്രോസസ് ഇങ്ങനെയാവണം എന്ന് കരുതിക്കൂട്ടി തന്നെയാണ് അത് ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ സിനിമയുടെ പ്രോസസ് തീരുന്നതുവരെ സ്ക്രിപ്റ്റ് വികസിക്കുന്ന ഒരു പ്രക്രിയ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു, മാത്രമല്ല സിനിമയുടെ ഫോമിനെ നിർണയിക്കുന്നതിൽ ഈ പ്രവർത്തനശൈലി സ്വാധീനിച്ചിട്ടുണ്ട്. ബൈൻഡ് ചെയ്ത സ്ക്രിപ്റ്റിൽ ഒരു ലിമിറ്റേഷൻ പ്രവർത്തിക്കും, അതിനെ മറികടന്നുള്ള ജൈവികമായൊരു ഷൂട്ടിങ് രീതി ഉദ്ദേശിച്ചതുകൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്, ഗറില ഷൂട്ട് രീതി ഇതിന്റെ എക്സ്ട്രീം ആണ്. പരീക്ഷണസിനിമകളെ ചിന്താപദ്ധതി മുതൽക്കേ അത്തരത്തിൽ സമീപിക്കേണ്ടതുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. നിശ്ചിത ആഖ്യാന രീതികൾ പിന്തുടരുന്ന ഒരു വലിയ സ്റ്റുഡിയോ സിനിമ ചെയ്യുമ്പോൾ ഇത് സാധ്യമല്ല. അവിടെ എല്ലാ ഡിപ്പാർട്മെന്റിലുള്ളവരും ഒരേ പേജിൽ തന്നെയാണ് എന്ന് ഉറപ്പുവരുത്താൻ കൂടി സ്ക്രിപ്റ്റ് കോപ്പികൾ വിതരണം ചെയ്യേണ്ട ആവശ്യമുണ്ട്. ഒരു പേഴ്സനൽ സിനിമ ചെയ്യുമ്പോൾ മൊത്തമായൊരു വിഭാവനം സംവിധായകന്റേതാണ്, അവസാന പ്രിന്റ് അടിക്കും വരെ അയാൾക്കുള്ളിൽ ആശയങ്ങൾ ഉരുത്തിരിഞ്ഞുകൊണ്ടേയിരിക്കും.
അഭിനേതാക്കൾക്ക് സിനോപ്സിസ് വിതരണം ചെയ്യും, തുടർന്ന് അവരുടെ കൂടി ആശയങ്ങൾ കഥാപരിസരത്തിന്റെ ലോജിക്കിനോട് ചേർത്ത് വെച്ച് പയറ്റിനോക്കും. തീർത്തും കാൽപനികമായൊരു ഭൂമികയും കഥാപാത്രങ്ങളും ആയതുകൊണ്ട് അതിനൊക്കെയുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഫാന്റസി ഴോണറിന്റെ ഒരു സാധ്യതയാണത്. സംഭാഷണങ്ങളുടെ മാറ്റർ കൊടുത്തശേഷം സിന്റാക്സ് അവരെക്കൊണ്ട് ബിൽഡ് ചെയ്യിക്കും. സംഭാഷണങ്ങൾ ഇതിൽ ഇൻഫർമേഷൻ പാസിങ്ങിനു മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. മിക്ക കഥാപാത്രങ്ങളെയും ഇമോഷനൽ ആയി സമീപിക്കാത്തതുകൊണ്ട് (objectivity) പലപ്പോഴും സിറ്റുവേഷനുകൾക്ക് റിയാക്ട് ചെയ്യുക എന്നുള്ളതാണ് പലരും ചെയ്തിരുന്നത്. പ്രധാനകഥാപാത്രത്തിന്റേത് വിവരണാതീതമായ ഒരു അവസ്ഥയാണ്, അത് ജൈവികമാണ്, അതിനു സെറ്റിന്റെ മൂഡ് അത്തരത്തിൽ ക്രിയേറ്റ് ചെയ്യുക എന്നതായിരുന്നു ഉപയോഗിച്ച മെത്തേഡ്.
സ്ക്രിപ്റ്റ് ഉപയോഗിച്ച് ചിത്രീകരിക്കുമ്പോൾ അഖണ്ഡം എന്ന ആശയം നിലനില്ക്കുന്നു. അപ്പോള്‍ ആശയം സ്ക്രിപ്റ്റിനകത്ത് അന്തര്സ്ഥിതമാണ്. മാത്രവുമല്ല, ഈ രീതി പിന്തുടരുമ്പോള് എല്ലാം സ്ക്രിപ്റ്റിൽ ഉണ്ടായിരിക്കണം. അതുമാത്രമേ പിന്തുടരൂ. മണി കൗള്‍ ഈ രീതിക്ക് എതിരായിരുന്നു. അദ്ദേഹം യാദൃച്ഛികതക്ക് പ്രാധാന്യം കൊടുത്തു. മുന്‍കൂട്ടി തീരുമാനിക്കാത്തത്, അടുക്കും ക്രമവും ഇല്ലാത്തത്. തന്റെ സിനിമക്ക് ആധാരമാക്കിയ ദസ്തയേവ്സ്കിയുടെ ഇഡിയറ്റ് എന്ന നോവല്‍ അനവധി ലോകങ്ങള്‍ അധിവസിക്കുന്ന ഇടമാണ് എന്നാണ് അദ്ദേഹം പറയുന്നത്.
ലിറ്റററി-സിനിമ മാസ്റ്റേഴ്സിനെ അധികരിച്ചുകൊണ്ട് എന്റെ സിനിമയെ ഞാൻ തൽക്കാലം വിലയിരുത്തുന്നില്ല, അതൊരു ക്രിട്ടിക് മനോധർമം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ ഇതുവരെയുള്ള കാഴ്ചപ്പാടിൽ, റിയലിസ്റ്റ് സിനിമകൾ അടക്കം എല്ലാ സിനിമകളും കാൽപനികമാണ്, കാരണം സിനിമ പ്രവർത്തിപ്പിക്കുന്നത് ക്രിയേറ്റഡ് ആയുള്ള ടൈം- സ്പേസിലാണ്. അതിനും പുറമെ തീർത്തും കാൽപനികമായൊരു നരേറ്റിവ് ഭൂമികയിൽ യാദൃച്ഛികതക്കുള്ള സാധ്യതകൾ പ്രാക്ടിക്കലി കുറവാണ്, എന്നാൽ ഒരു റിയലിസ്റ്റ് സ്പേസില്‍ ആണ് കഥ നടക്കുന്നതെങ്കിൽ നമുക്ക് ധാരാളം കട്ട് എവേ ഷോട്ടുകൾക്ക് സാധ്യതയുണ്ട്. കൂടാതെ കഥപറച്ചിലിൽ ഒരൊറ്റ ആശയം മാത്രമല്ല ഉൾക്കൊള്ളിച്ചിരിക്കുന്നത്, അപ്പോൾ ആശയപദ്ധതികളെയെല്ലാംതന്നെ ഉൾക്കൊള്ളുന്ന ഒരു ദൃശ്യപദ്ധതി വേറെയും ആവിഷ്കരിക്കേണ്ടതുണ്ട്. അസ്ഥിരതയെ സിനിമയുടെ ഫോം ആക്കിയാണ് വിഭാവനം ചെയ്തിട്ടുള്ളത്, ഒപ്പം അസ്ഥിരത എന്നുള്ളത് പ്രധാനകഥാപാത്രത്തിന്റെ സ്വഭാവം / പ്രകൃതം കൂടിയാണ്. കഥാപശ്ചാത്തലം, കാലം, സമയം, കഥാപാത്രങ്ങൾ, പ്രോപ്പർട്ടികൾ, സ്വഭാവരീതി, ശബ്ദവിന്യാസം തുടങ്ങിയ എലമെന്റുകളെല്ലാംതന്നെ സാങ്കൽപികമാണ്, അപ്പോൾ അവയുടെ സ്വഭാവത്തെ ഒരു പേഴ്സനൽ ശൈലിയിൽ ഇട്ട് ക്രമീകരിക്കുമ്പോൾ നിലവിലുള്ള നിരവധി ധാരകളെ ചേർക്കുകവഴി പുതിയൊരു ലോകക്രമം സംഭവിക്കും.
അഖണ്ഡം എന്നുള്ളത് ഫിലോസഫിക്കൽ മാത്രമല്ലിതിൽ... ഒരു നരേറ്റിവ് സിനിമയുടെ വിഭാഗത്തിൽ ഈ ചിത്രത്തെ പൂർണമായും ഉൾക്കൊള്ളിക്കാൻ കഴിയില്ല, ഒരു സയൻസ് ഫിക്ഷന്റേതിൽ പറ്റില്ല, ഗ്രാൻഡ്നെസ് വെച്ച് ഫാന്റസിയിൽ പറ്റില്ല, ട്രോപുകൾ വെച്ച് ത്രില്ലറിന്റെ, പൊളിറ്റിക്കൽ ഫിലിമിന്റേതിൽ പറ്റില്ല, പരീക്ഷണസിനിമ വിഭാഗത്തിലും പൂർണമായ തലത്തിൽ കൊള്ളിക്കാൻ പറ്റില്ല, ഫോർമൽ സിനിമയല്ല, മെഡിറ്റേറ്റിവ് അല്ല, കോൺടെംേപ്ലട്ടീവ് അല്ല, ശൈലീകൃതമായൊരു ആർട് ഹൗസും അല്ല... അങ്ങനെ ഒന്നിലും പ്രത്യേകിച്ച് പെടുത്താതെ എല്ലാത്തിന്റെയും അംശങ്ങൾ പേറുന്ന ഒരു ചിത്രമെന്നു വേണമെങ്കിൽ പറയാം. അതൊരു ഏകലോക സങ്കൽപംകൂടിയാണ്. ജനറ്റിക് ആയ അംശങ്ങൾ പലത് വഹിക്കുന്ന എന്നാൽ ഒരു വിഭാഗത്തിലും പെടുത്താൻ കഴിയാത്ത എവൊലൂഷൻ വഴി തിരിച്ചറിയേണ്ടുന്ന യൂനിവേഴ്സൽ പൗരൻ എന്ന ആശയമാണത്. അതുകൊണ്ട് തന്നെ സിനിമയുടെ പരിചരണത്തിലും സോ കോൾഡ് പൂർണതയുടെ അഭാവമുണ്ട്, കാരണം പരിപൂർണത ഒരു എലീറ്റിസ്റ്റ് കാഴ്ചപ്പാടാണ്, എലീറ്റിസ്റ്റുകളെ പ്രതിസ്ഥാനത്തു നിർത്തിയുള്ള ട്രാജഡിയാണ് ഈ സിനിമ.
കെട്ടുപാടുകളിൽനിന്നും ഇടക്കിടെ കുതറാൻ ശ്രമിക്കുന്ന, അതിരുകളിൽ ഒതുങ്ങാൻ ആഗ്രഹിക്കാത്ത ഒരു നോൺ ബൈനറി, നോൺ ഇമോഷനൽ, അൺകണ്ടീഷനൽ സങ്കൽപംകൂടിയാണ് സങ്കേതങ്ങൾ വഴി സിനിമയുടെ ഫോമിൽ കൊണ്ടുവരാൻ ശ്രമിച്ചത്. കാരണം വിശാലമായൊരു വീക്ഷണകോണിൽ കാര്യങ്ങളെ സംഗ്രഹിക്കാനും ദൃശ്യവത്കരിക്കാനും ശ്രമിക്കുമ്പോൾ ഏറ്റവും പ്രധാനം സിനിമയുടെ സ്ട്രക്ച്ചറും ഫോമുമാണ്.
ബൈൻഡഡ് സ്ക്രിപ്റ്റ് ഇല്ലാതെ ചിത്രീകരിക്കുമ്പോള്‍ ധാരാളം റീടേക്കുകള്‍ ഉണ്ടാവാറുണ്ടോ? റീടേക്കുകളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്? റീടേക്ക് എന്നാല്‍ നിങ്ങള്‍ക്ക് മുന്‍കൂട്ടി തയാറാക്കിയ ഒരു വ്യവസ്ഥ ഉണ്ട് എന്നാണ് മണി കൗള്‍ പറയുന്നത്. അപ്പോള്‍, മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഷോട്ടിൽ ഉള്‍പ്പെടുത്തുക എന്നതുമാത്രമാണ് ലക്ഷ്യം. താങ്കള്‍ മനോധർമത്തിനു എത്രമാത്രം പ്രാധാന്യം കൊടുക്കുന്നു?
എന്നെ സംബന്ധിച്ച് ഓരോ ടേക്കും ഓരോ ടേക്ക് എവേകളാണ്. കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി സദാ പ്രവർത്തിക്കുന്ന ഒരു കാമറ കൂടി വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. നിർദേശിക്കാത്ത പ്രതിഭാ മിന്നായങ്ങൾ പരിചരണത്തിന് സഹായകരമാണ്. ഈ സിനിമയിൽ തന്നെ പല ടേക്കുകളിലെ (നോൺ-ഓക്കേ ടേക്കുകൾ) ഘടകങ്ങൾ ഒറ്റ സീനിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിൽ പ്രധാനമായും റീ ടേക്കുകൾ നിഷ്കര്‍ഷിച്ചത് ചില ഡയലോഗ് ഡെലിവർ ചെയ്യുമ്പോഴും പിന്നെ സിംഗിൾ ഷോട്ട് ലോങ് ടേക്കുകൾ പ്രവർത്തിക്കുമ്പോഴുമാണ്. റിലേഷൻഷിപ്പുകൾ എസ്റ്റാബ്ലിഷ് ചെയ്ത ശേഷം ഓരോരോ ജങ്ഷനുകൾ കൊടുത്ത ശേഷം കഥാപാത്രങ്ങളെ ഇഷ്ടാനുസരണം പെരുമാറാൻ വിട്ടിട്ടുമുണ്ടിതിൽ, കൊറിയോഗ്രഫിപോലെ പ്രവർത്തിക്കുന്ന ധാരാളം സീനുകൾ ഉള്ളതിനാലാണ് അത്. ബൈൻഡഡ് സ്ക്രിപ്റ്റ് എന്നപോലെ തന്നെ ഒരു വ്യവസ്ഥയാണ് റീടേക്കുകൾ, ഒരു കൃത്യതയുടെ കാർക്കശ്യം ഉണ്ടാവും അതിന്, എന്നാൽ ടെക്നോളജി വികസിക്കുന്നതിലൂടെ അവയുടെ നിഷ്കർഷസ്വഭാവം അയയുന്നുണ്ട്, സാധ്യതകൾക്കായി നമ്മൾ പരമാവധി പരതുന്നുണ്ട്, അതൊരിക്കലും സംവിധായകന്റെ പോരായ്മയല്ല. ഒരു എഡിറ്റർ എഡിറ്റ് ചെയ്യുമ്പോഴും ഇതേ വ്യവസ്ഥിതിയിൽ ഊന്നിയുള്ള മനോധർമം പ്രവർത്തിക്കുന്നുണ്ട്. സ്റ്റേജിനെ അപേക്ഷിച്ച് സിനിമയിൽ ഇമ്പ്രോവൈസേഷനുള്ള പരിധി നിശ്ചയിക്കുന്നത് സിനിമയുടെ സങ്കേതങ്ങൾതന്നെ ആണ്. ട്രാക്കും ലെന്സിങ്ങും ഫോക്കസ് പോയന്റുമൊക്കെ അതിൽ ഉൾപ്പെടുന്നു, എന്നാൽ ടെക്നോളജി വികസിച്ചപ്പോൾ കഥാപാത്ര ചലനങ്ങൾ സുഗമമായി, പക്ഷേ കാമറയുടെ ചലനം വേറെ അർഥം കൂടി തരുന്നുണ്ട് (aesthetic). ഒരു ടേക്കിന്റെ 'ഓക്കേ' ഘടകത്തിൽ ഇവയൊക്കെ ഉൾപ്പെടുന്നു. ഇവയെയൊക്കെ കോഓഡിനേറ്റ് ചെയ്യുക എന്നതിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന വിശ്വാസ്യത ആണ് സിനിമ നൽകുന്നത്. ആ 'ഓക്കേ' മനോധർമത്തിൽ എന്നതിൽ അറിവ് കൂടി അടങ്ങിയിരിക്കുന്നു, ആ സമയത്തെ നമ്മുടെ അറിവിന്റെയും സംവേദനബോധത്തിന്റെയും പരമാവധിക്കു വേണ്ടിയാണ് റീടേക്കുകൾ പോകുന്നത്. ഹിച്ച്കോക്ക് പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് ഏറ്റവും ബോറടിയുള്ള സമയം ഷൂട്ടിങ് പ്രോസസ് ആണെന്നാണ്, അത്രക്ക് കർക്കശമായി അതിനു മുമ്പേ പദ്ധതികൾ എല്ലാം അദ്ദേഹം രേഖപ്പെടുത്തി തയാറാക്കിയിരുന്നു, അദ്ദേഹത്തിന്റെ സിനിമാറ്റിക് മാസ്റ്ററി അദ്ദേഹത്തിന്റെ ആ ചിന്തയെ സാധൂകരിക്കുന്നുമുണ്ട്. ഫിലിം ഷൂട്ടിങ്ങിന്റെയും സാമഗ്രികളുടെയും പ്രോസസുകളുടെയും കാലഘട്ടത്തിനനുസരിച്ചുള്ള ഒരു പരിധികൂടി അതിൽ ഉൾപ്പെടുന്നു എന്ന് ഇന്ന് നോക്കിക്കാണുമ്പോൾ നമുക്ക് മനസ്സിലാക്കാം. ഒരേ സിനിമ പിന്നൊരിക്കൽ ഷൂട്ട് ചെയ്യാൻ അവസരം കിട്ടിയാൽ അറിവിന്റെ വികാസം ട്രീറ്റ്മെന്റിൽ അടങ്ങുമായിരിക്കാം. മാറ്റങ്ങൾക്കൊപ്പം റിലേറ്റിവ് ആണ് ഇത്തരം ക്രിയേറ്റിവ് ഡിസിഷനുകൾ.
സിനിമയില്‍ പലരീതിയിലുള്ള ശബ്ദങ്ങളോടൊപ്പം കുരവയുടെയും ചേങ്ങിലയുടെയും ശബ്ദം പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്..?
നമ്മുടെ കലാരൂപങ്ങളെയോ സ്ഥല-ചരിത്രത്തെയോ ചേർത്തുവെച്ചല്ല ഈ ശബ്ദങ്ങളെ ഉപയോഗിച്ചിരിക്കുന്നത്, ടെംപറൽ / നൈമിഷികമായ രീതിയിലാണ്, അവയിൽ പലതും കാടിന്റെ പശ്ചാത്തലത്തിൽ ഉള്ള തട്ട്-മുട്ട്-കൊട്ട് എന്ന പരമ്പരയിൽ ഉള്ള ശബ്ദ ശകലങ്ങൾ മാത്രമായിട്ടാണ്. മറ്റൊന്ന് പശ്ചാത്തലത്തിൽ പലപ്പോഴും റിയലിസ്റ്റിക് ശബ്ദമല്ല ഉപയോഗിച്ചിരിക്കുന്നത്. നേർരേഖയിലുള്ള ഒരു ആഖ്യാനം സിനിമയിൽ ഇല്ല. അതിനാൽ ആഖ്യാനത്തിനു വ്യക്തത വരാൻ പാകത്തിന് ശബ്ദത്തെ ഉപയോഗിച്ചിട്ടുമുണ്ട്. കൃത്യമായ ശബ്ദമോ സംഗീതമോ ഇല്ലാത്ത ഒരു ഭാവി-ഭൂമികയിലാണ് കഥ നടക്കുന്നത്, അതുകൊണ്ടുതന്നെ ശബ്ദങ്ങളെ ഒരു പ്രത്യേക സ്ഥലവുമായി ബന്ധിപ്പിക്കാൻ പാശ്ചാത്യമോ പൗരസ്ത്യമോ ആയിട്ടുള്ള നൈരന്തര്യത്തിലൂടെ ഞാൻ ശ്രമിച്ചിട്ടില്ല. ഇടക്കിടെ ഒരു ശൈലിയെ തകർത്തു മറ്റൊന്നിലേക്ക് പോവുന്നു, പല തരത്തിലുള്ള ശബ്ദങ്ങളും വരുന്നു. ഫിലിമിന്റെ നോയ്സ്, റേഡിയോ ഫ്രീക്വന്‍സി, മോർസ് കോഡ് ബീപ്പിങ് മുതലായ ശബ്ദങ്ങളും യുദ്ധസംബന്ധമായ ശബ്ദങ്ങളും മറ്റും ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും ബാക് സ്റ്റോറി, പാരലൽ റിയാലിറ്റി ഒക്കെ ശബ്ദങ്ങളിലാണ്, ഉദാഹരണത്തിന് ആമ ഇല്ലാത്തപ്പോൾപോലും കഥയിൽ പലയിടത്തും ആമയുടെ കരച്ചിൽ കേള്‍ക്കാം, നേരത്തേ പറഞ്ഞത് പോലൊരു ക്ലൂ ആണ്, എന്നാൽ അത് തിരിച്ചറിയപ്പെടാനുള്ള സാവകാശം (Stress) കൊടുത്തിട്ടില്ല, സൗണ്ട് സ്കേപ് ആണെന്ന രീതിയിൽ അങ്ങ് പോകും. സൗണ്ട് ഡിസൈൻ വഴി ഒരു സമാന്തര കഥപറച്ചിൽ ഉണ്ട്.
തുടക്കത്തില്‍ ആത്മഗതം / നരേഷന് എന്ന രീതിയിലാണ് സിനിമ. കഥാപാത്രങ്ങളെയോ അവരുടെ സംഭാഷണങ്ങളിലൂടെയോ അല്ല സിനിമ പുരോഗമിക്കുന്നത്. താങ്കള്‍ സിനിമയെ എങ്ങനെയാണ് സമീപിക്കുന്നത്? വിഷ്വല്‍ ആയാണോ ഓഡിയോ വിഷ്വല്‍ ആയാണോ?
ഞാൻ സിനിമയെ ഓഡിയോ-വിഷ്വൽ ആയാണ് കാണുന്നത്. സിനിമയുടെ യൂനിറ്റ് എടുക്കുമ്പോൾ തന്നെ അതിൽ ഇമേജും ശബ്ദവും അടങ്ങിയിട്ടുണ്ടാകും (പഴയ ഫിലിം സ്ട്രിപ്പ് തിയറി). എന്നാൽ ഓഡിയോ എന്നതിൽ സംഭാഷണങ്ങൾക്ക് പ്രാമുഖ്യമില്ല. ഡയലോഗിനെ ഇൻഫർമേഷൻ പാസിങ്ങിനു മാത്രമായി ചുരുക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.
ഒരു സിനിമ അവതരിപ്പിക്കുന്ന വിവിധ വിഷയങ്ങളെ പല രീതിയിൽ സമീപിക്കാം, വ്യാഖ്യാനിക്കാം, പൊളിറ്റിക്കൽ ആയും മനഃശാസ്ത്രപരമായും ചിഹ്നശാസ്ത്രപരമായും ഒക്കെ. താങ്കൾ സിനിമ ഉണ്ടാക്കിയിരിക്കുന്നതു തന്നെ എല്ലാം വ്യക്തമാക്കി കൊടുക്കുന്ന രീതിയിലല്ല. അപ്പോൾ ഞാൻ ദൃശ്യങ്ങളെ എത്രതന്നെ ഡീകോഡ് ചെയ്താലും അത് താങ്കൾ ഉദ്ദേശിച്ചതുപോലെ ആവില്ലല്ലോ. ഞാൻ അതിനെ എന്റേതായ രീതിയിൽ ആസ്വദിക്കുകയാണ്..?
എല്ലാത്തിനെയും കുറിച്ച് പ്രേക്ഷകര്‍ക്ക് 'ശരിയായ' ധാരണ ഉണ്ടാക്കിക്കൊടുക്കണം എന്ന് ഞാൻ വിശ്വസിക്കുന്നില്ല, അത് എന്റെ ഇപ്പോഴത്തെ ഒരു ശരിയെ അടിച്ചേൽപ്പിക്കുന്നതിന് തുല്യമാണ്. കാണുന്നവരുടെ ചിന്തകളുടെ വൈരുധ്യങ്ങളിലും നിലനിൽക്കാവുന്ന ഒരു കഥനരീതി ആണ് പരീക്ഷിച്ചത്. സ്ഥിരീകരണമായല്ല (Confirmatory), അതിലെ കാഴ്ചകളെ കാഴ്ചകളായി തന്നെ കണ്ട് വിശ്വസിക്കാം, ആ ഒരു സ്പേസിലെ ലോജിക്കിൽനിന്നുകൊണ്ട്, എന്നാൽ വിലയിരുത്താനായി മറ്റ് സാധ്യതകൾ ഉണ്ട്. എന്നുവെച്ച് ഞാൻ അവയെ വെറുതെ അഴിച്ചുവിടുകയല്ല. അതിലൂടെ പല രീതിയിലുള്ള സൂചനകളും കൊടുക്കുന്നുണ്ട്. ദൃശ്യവും ശബ്ദവും ഒക്കെ ഒരുമിച്ചു അതിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്.
കിയരോസ്തമി തന്റെ സിനിമാ സങ്കൽപങ്ങളെ Unfinished cinema എന്നാണ് വിശേഷിപ്പിക്കുന്നത്. സിനിമ പാതി, പ്രേക്ഷകര്‍ ബാക്കി എന്ന രീതിയില്‍. പ്രേക്ഷകരുടെ ചിന്തക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടായിരിക്കാം താങ്കൾ അവരെ സിനിമയുമായി താദാത്മ്യപ്പെടുത്തി സിനിമക്കൊപ്പം കൊണ്ടുപോവാന്‍ ശ്രമിക്കാത്തത്..?
വളരെ കണ്ഫര്മേറ്ററിയായി ബൈനറിയിൽനിന്നുകൊണ്ട് കഥ പറയുകയല്ല വേണ്ടത് എന്നാണ് എന്റെ വിശ്വാസം. കഥനസങ്കേതം എന്ന നിലയിൽ ചില സിനിമകളിൽ അവസാനം / ക്ലൈമാക്സിൽ സന്ദിഗ്ധത (Ambiguity) കൊണ്ടുവരുമായിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം പ്രവര്‍ത്തിക്കാവുന്ന ഒരു സങ്കേതമായാണ് ഞാന്‍ ഇതിനെ കാണുന്നത്. പ്രേക്ഷകരുടെ ചിന്താപദ്ധതികളെ ഇത് ഇഗ്നൈറ്റ് ചെയ്യും. യുദ്ധത്തിന്റെ ദൈന്യതയും ഭീകരതയുമൊക്കെ അനുഭവിപ്പിക്കുന്ന ധാരാളം സിനിമകള്‍ വന്നു കഴിഞ്ഞു. ഭാവിയിലെ (Dystopia) കഥ പറയുന്ന ഒരു സിനിമയാണ് എന്റേത്. ഈ വശം ഞാന്‍ ആഖ്യാനത്തിലും മേക്കിങ്ങിലും കൊണ്ടുവരാൻ ശ്രമിച്ചു, നിശ്ശബ്ദ സിനിമയുടെ ശൈലി ഇടക്കിടക്ക് ഉപയോഗിക്കുമ്പോൾപോലും സിനിമയുടെ ഭാഷ ഒരു ഭാവി സിനിമയുടേതായാണ് ഞാന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
അതേസമയം സിനിമയില്‍ Curiosity factor ഉണ്ട്. ഇതാണ് കാഴ്ചക്കാരെ മുന്നോട്ട് കൊണ്ടുപോവുന്നത്. ശൈലീകൃതമായ എല്ലാംതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്, സംഭാഷണങ്ങള്‍, നരേഷൻ ഒക്കെ. പക്ഷേ അതൊക്കെ സാധാരണപോലെയല്ല. തീര്‍ത്തും നോണ്നരേറ്റിവായി പോവുമ്പോൾ ഉണ്ടാവുന്ന Detachmentനെ ഇടക്കൊന്ന് പിടിച്ചുനിര്‍ത്താൻ ഇത് സഹായിക്കുന്നു, അവിടെ അൽപം ശീലത്തിലേക്ക് പ്രേക്ഷകർ കടക്കും. അതിലൂടെ തുടര്‍ന്നുവരുന്ന സര്‍റിയൽ ദൃശ്യങ്ങളെ ഉള്‍ക്കൊള്ളാൻ അത്തരമൊരു റിലാക്സേഷൻ ഉപകരിക്കുമായിരിക്കും. ഇടക്കിടെ ഉപയോഗിച്ചിരിക്കുന്ന ബ്ലാക്ക് സ്ക്രീൻ ഒരുതരത്തിലുള്ള ഇടത്താവളമാണ് (Breathing space).
സുപ്രധാനമെന്നു തോന്നുന്ന ഒരു സീനിൽ കഥാപാത്രങ്ങൾ രണ്ടുപേരും തട്ടിന്‍പുറത്ത് കയറി ഒരു പെട്ടി തുറന്ന് അതില്‍നിന്ന് ഫിലിമിന്റെ സ്ട്രിപ്പുകൾ പരിശോധിക്കുന്നു. പെട്ടിയില്‍നിന്ന് കിട്ടിയ ഒരു ലൈറ്റ് അടിച്ചുകൊണ്ട് ആ സ്ട്രിപ്പിനെ നോക്കുമ്പോൾ ദൃശ്യങ്ങള്‍ ചലനാത്മകമാകുന്നു. അപ്പോഴത്തെ ഒരു കാമറ മൂവ്മെന്റിൽ കൂടി ഒരു ചരിത്രം പറയാൻ ശ്രമിക്കുന്നതുപോലെ തോന്നി..?
സിനിമയില്‍ ഒരിടത്ത് ''How's your visual?'' എന്ന് കൺട്രോള് റൂമിൽനിന്ന് ചോദിക്കുമ്പോള്‍ ബോംബർ ആയ പൈലറ്റ് പറയുന്നുണ്ട് ''Let me take a photo''. ഇതാണ് ഇതിന്റെ ഫോർഷാഡോ. ആ സംഭാഷണത്തിൽനിന്നുമാണ് ഈ സീൻ അനുഗമിക്കുന്നത് എന്ന് കാണാം. മേൽപറഞ്ഞ സീനിൽ ന്യൂക്ലിയര്‍ ബോംബ് പൊട്ടുന്ന ഒരു ദൃശ്യം നിലത്തും ചുവരിലും ആയി പ്രോജക്റ്റ് ചെയ്യപ്പെടുകയാണ്. ഭാവിയിലെ ഗാഡ്ജെറ്റ് ആയതിനാൽ അത് ത്രിമാനമായി പ്രോജക്റ്റ് ചെയ്യപ്പെടുന്നു. ശബ്ദപഥത്തിൽ ബോംബർ പ്ലെയിനുകളുടെയും ബോംബ് സ്ഫോടനത്തിന്റെയുമൊക്കെ ശബ്ദങ്ങൾ ഉണ്ട്. ''ഇതൊരു മോശം സിനിമയാണ്'' എന്ന് അവളോട് ആദ്യമേ കൂട്ടുകാരൻ പറയുന്നുമുണ്ട്. അപ്പോള്‍ ''കുഴപ്പമില്ല'' എന്നാണ് അവള് പറയുന്നത്. ഈ ദൃശ്യം കണ്ട പെണ്‍കുട്ടി പ്രചോദിതയാവുന്നുണ്ട്. തുടർന്ന് അവളും സിനിമയുടെ അവസാനം വയലന്‍സ് സംവിധാനം ചെയ്യുകയാണ്. അത് കണ്ടു രസിക്കുകയാണ്.
കഥാപരമായി നോക്കിയാൽ, ആ ഫാഷിസ്റ്റ് വീടിന്റെ തട്ടിൻപുറത്തു സൂക്ഷിച്ചിരുന്ന ഒരുപിടി പ്രൊപ്പഗണ്ട റീലുകൾ എന്ന സാഹചര്യമാണത്. അത് കൺമുന്നിൽ വെളിപ്പെടുന്നതോടെ നായിക മാറുന്നു.
''ഇതൊരു മോശം സിനിമയാണ്'' എന്നതിന് പകരം ''It is a bad broccoli'' എന്നാണ് കൂട്ടുകാരൻ പറയുന്നത്. അതിന് ഉത്തരമായി അവള് പറയുന്നത്, ''കുഴപ്പമില്ല Bad broccoli ഞാൻ പാചകം ചെയ്യാറുണ്ട്'' എന്നാണ്..?
യുദ്ധത്തില്‍ ബോംബ് പോട്ടുന്ന ദൃശ്യത്തെ പൊതുവിൽ Mushroomനോടാണല്ലോ ഉപമിക്കാറ്, ഇതിനെ ഞാന്‍ Broccoli ആയിട്ടാണ് കാണിക്കുന്നത്. സിനിമയില്‍ പല സ്ഥലത്തും ടോപ്പ് ആംഗിള്‍ ഷോട്ട് കാണിക്കുമ്പോൾ റബര്‍തോട്ടം Broccoli പോലെ തോന്നുന്നുണ്ട്. വേറൊരു ഘട്ടത്തിൽ പാചകം ചെയ്ത ബ്രോക്കോളി അവൾ അടുപ്പിൽ തട്ടുന്നുണ്ട്.
ശരിയാണ്. സിനിമയുടെ തുടക്കത്തിലും ബോംബ് പൊട്ടി Mushroom പോലെ ആവുന്നതിന്റെ ഒരു ഫൂട്ടേജ് കാണിക്കുമ്പോൾ Broccoli എന്നാണ് പറയുന്നത്..?
ഇത്തരത്തിൽ ഒരു കണക്ഷൻ എന്തിനെന്നാൽ, ചരിത്രപരമായി, സിനിമ ടെക്നോളോജിക്കലി വളരാനുള്ള ഒരു പ്രധാന കാരണം യുദ്ധമായിരുന്നു. യുദ്ധം ചിത്രീകരിക്കാനായിരുന്നു മുന്തിയ ഇനം കാമറകള്‍, അതിന്റെ മൗണ്ടുകൾ, ലെൻസുകൾ ഒക്കെ കണ്ടുപിടിച്ചത്. വിമാനത്തിലും മറ്റും ഫിറ്റ് ചെയ്യാന്‍ പറ്റുന്ന വളരെ ആധുനികമായ കാമറകള്‍ കസ്റ്റമൈസ് ചെയ്തു നിർമിച്ചിരുന്നു. അത്തരമൊരു ഫൂട്ടേജിന്റെ റഫറൻസിൽനിന്നുമാണ് അവൾ പ്രചോദിതയാവുന്നത്. നാസി ജർമനിയിൽ ഇത്തരം യുദ്ധസിനിമകള്‍ കാണിച്ചായിരുന്നുവല്ലോ പലപ്പോഴും ജനങ്ങളെ ആവേശംകൊള്ളിച്ചിരുന്നത്. ഇതൊക്കെയാണ് ആ സീക്വെൻസ് വഴി സബ്ടെക്സ്റ്റിൽ പരാമര്‍ശിക്കപ്പെടുന്നത്. സ്പെസിഫിക് ആയി ചോദിച്ചതുകൊണ്ട് മാത്രം ഇത്രയും വിശദീകരിച്ചതാണ്.
സിനിമയില്‍ ആണുങ്ങള് മാത്രമാണ് സംസാരിക്കുന്നത്, അവര്‍ ഒരുപാട് സംസാരിക്കുന്നുണ്ട്. എന്നാല്‍, പെണ്ണുങ്ങള് സംസാരിക്കുന്നില്ല. ഒരു സ്ത്രീ ഊമയാണ്, മറ്റേ സ്ത്രീ തളര്‍വാതം പിടിച്ച് കിടപ്പിലാണ്. സിനിമയെ സ്ത്രീപക്ഷത്ത് നിന്ന് വായിക്കുന്നവരും പൊളിറ്റിക്കൽ കറക്റ്റ്നസ് അന്വേഷിക്കുന്നവരും ഇതൊരു സ്ത്രീവിരുദ്ധ സിനിമയായി കാണാന്‍ സാധ്യതയുണ്ട്..?
ഈ സ്ത്രീകള്‍ക്ക് സംഭാഷണങ്ങള്‍ ഇല്ലെങ്കിലും ഇവര്‍ വേറൊരു രീതിയിൽ സംവദിക്കുന്നുണ്ട്. സിനിമ നടക്കുന്ന സ്ഥലത്തിൽ ഇവരുടെ സംസാരത്തിന് ഒരു പ്രസക്തിയും ഇല്ല. സിനിമയുടെ അവസാനം റൂബിക്ക് പ്രസക്തി വരുന്ന ഒരു സമയമുണ്ട്. അപ്പോള്‍ അവള് സംസാരിക്കുന്നുണ്ട്. സിനിമയുടെ അവസാനം കടല്ക്കരയിൽ ആമകളുടെ ദൃശ്യങ്ങളെ കുറിച്ചാണ് ഞാന്‍ സൂചിപ്പിക്കുന്നത്.
ഡിജിറ്റല്‍ കാലത്തെ സിനിമയെ എങ്ങനെ കാണുന്നു?
സിനിമയിലെ മാറ്റങ്ങളെ നാം വളരെ ലാഘവത്തോടെയും അവകാശത്വരയോടെയുമാണ് കാണുന്നത് എന്നു തോന്നുന്നു. പുതിയ മാറ്റങ്ങൾക്ക് പിന്നിലൊക്കെ കല-സാങ്കേതികതയിലൂന്നിയ വിഷൻ ഉണ്ട്. സിനിമ ഡിജിറ്റൽ ആവുമ്പോൾ സിനിമ പരിവർത്തനം ചെയ്യപ്പെടുന്നുണ്ട്. അപ്രകാരമുള്ള കൂടുതൽ സാധ്യതകൾ നിലനിൽക്കുമ്പോൾതന്നെ അവയെ പര്യവേക്ഷിക്കാതെ ഏറ്റവും എളുപ്പമുള്ള വഴികളിലൂടെയും സാമ്പ്രദായിക ബിസിനസ് യുക്തികളിലൂടെയും സിനിമയെ കൊണ്ടുപോകാനുള്ള ത്വര കണ്ടുവരുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരായ ഫിലിം മേക്കേഴ്സിൽ. മാധ്യമത്തിൽ പരമാവധി പരീക്ഷണങ്ങൾ നടത്തുക, റിസ്കുകൾ എടുക്കുക, പുതിയ സിനിമാ സങ്കൽപങ്ങളെയും സൗന്ദര്യശാസ്ത്രപരമായ മൂവ്മെന്റുകളെയും മുന്നോട്ട് കൊണ്ടുവരിക എന്നൊക്കെയുള്ള പരിശ്രമം കുറച്ചിട്ട് വെർബൽ ആയി, സ്റ്റേജ് ഡ്രാമയുടെ സ്വാഭാവിക കൽപിതമായൊരു എക്സ്റ്റൻഷൻ പോലെ സിനിമയെ സമീപിക്കുന്ന രീതി കൂടുതലായി കാണുന്നു. വിനോദമോ വിഷയമോ ചില്ലുകൂട്ടിൽ ഇട്ട് അവതരിപ്പിക്കാനുള്ള ഉന്തുവണ്ടി മാത്രല്ല സിനിമ, ഭാവാവിഷ്കാരത്തിനേക്കാൾ ഉപയോ(ഭോ)ഗയുക്തിയോടെ നവചിത്രകാരന്മാർ സിനിമയെയും പ്രേക്ഷകരെയും സമീപിക്കുന്നതായി തോന്നിയിട്ടുണ്ട്. ഒന്നിലും തെറ്റൊന്നുമല്ല, പക്ഷേ ടെക്നോളജിക്കനുസൃതമായി നമ്മുടെ സിനിമ വളരാതെ ഇരിക്കും, പകർപ്പുകളിലേക്ക് മാത്രമായി ചുരുങ്ങും, വിഷനറികൾ ഉണ്ടാവില്ല.
സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും മലയാളത്തിൽ ഒരു സയന്‍സ് ഫിക്ഷന്പോലുമില്ല..?
ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ ഉണ്ടാക്കാന്‍ അത്തരം അസാധാരണമായ ചിന്ത ആവശ്യമാണ്. ആശയം മാത്രമല്ല, രൂപവും പ്രധാനമാണ്. ഈ രീതിയിലുള്ള (High concept) നമ്മുടെ ഏറ്റവും വലിയ സിനിമ ബാഹുബലിയാണ്. ഫാന്റസി എന്നാല്‍ നമുക്ക് ഇപ്പോഴും മിത്താണ്, അതായത് മിത്തോളജി.