കുഞ്ചാക്കോ ബോബൻ മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു
മലയാള സിനിമയിൽ കുഞ്ചാക്കോ ബോബൻ കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആദ്യ കാലത്ത് ചോക്ലറ്റ് നായകവേഷമായിരുെന്നങ്കിൽ ഇപ്പോൾ കൂടുതൽ ഗൗരവമുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം ചുവടുമാറ്റിയിരിക്കുന്നു. എന്താണ് കുഞ്ചാക്കോ ബോബൻ മലയാള സിനിമയിൽനിന്ന് പഠിച്ചത്? എങ്ങനെയാണ് അദ്ദേഹം തന്റെ ചുറ്റുവട്ടങ്ങളെ തിരുത്തിയത്?
1981ൽ 'ധന്യ' എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം. ശേഷം 1997ൽ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലെ സുധിയിലൂടെ നായകനിലേക്കുള്ള ചുവടുവെപ്പ്. പ്രണയചിത്രങ്ങളിലെ നായകനാരെന്ന് ചോദിച്ചാൽ അന്ന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, കുഞ്ചാക്കോ ബോബൻ. 'നക്ഷത്രത്താരാട്ട്', 'മയിൽപ്പീലിക്കാവ്', 'മഴവില്ല്', 'പ്രിയം', 'നിറം', 'ദോസ്ത്', 'സ്നേഹിതൻ', 'കസ്തൂരിമാൻ'... ചോക്ലറ്റ് നായകനായി നിറഞ്ഞുനിന്ന ചിത്രങ്ങൾ....
Your Subscription Supports Independent Journalism
View Plans1981ൽ 'ധന്യ' എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറ്റം. ശേഷം 1997ൽ 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലെ സുധിയിലൂടെ നായകനിലേക്കുള്ള ചുവടുവെപ്പ്. പ്രണയചിത്രങ്ങളിലെ നായകനാരെന്ന് ചോദിച്ചാൽ അന്ന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ, കുഞ്ചാക്കോ ബോബൻ. 'നക്ഷത്രത്താരാട്ട്', 'മയിൽപ്പീലിക്കാവ്', 'മഴവില്ല്', 'പ്രിയം', 'നിറം', 'ദോസ്ത്', 'സ്നേഹിതൻ', 'കസ്തൂരിമാൻ'... ചോക്ലറ്റ് നായകനായി നിറഞ്ഞുനിന്ന ചിത്രങ്ങൾ. 2005ന് ശേഷം ഇടക്കിടെ താൻ ഇവിടെ തന്നെയുണ്ടെന്ന് ഓർമിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന്റെ പേരിലുണ്ടായിരുന്നത്. 2010ൽ വീണ്ടുമൊരു മടങ്ങിവരവ്. പക്ഷേ, ആ മടങ്ങിവരവിൽ ചില ഉറച്ച തീരുമാനങ്ങളുമുണ്ടായിരുന്നു കുഞ്ചാക്കോ ബോബൻ എന്ന നടന്. ഉറച്ചുപോയ ചോക്ലറ്റ് ഹീറോ പരിവേഷത്തെ പടിക്കുപുറത്തുനിർത്തുകയായിരുന്നു ആദ്യ ജോലി. തനിക്കു ചേരില്ലെന്ന് ഉറപ്പിച്ചിരുന്ന ഹാസ്യവും നെഗറ്റിവ് ഷേഡുള്ള കഥാപാത്രങ്ങളെയും തേടിപ്പിടിച്ചു. 'എൽസമ്മ എന്ന ആൺകുട്ടി'യിലെ പാലുണ്ണിയും 'ട്രാഫിക്കി'ലെ ഏബലും അതിന്റെ തുടക്കമായിരുന്നു. മലയാള സിനിമക്കൊപ്പം മാറ്റങ്ങളുടെ ഭാഗമാകുക കൂടിയായിരുന്നു കുഞ്ചാക്കോ ബോബൻ എന്ന നടൻ. ചെയ്തു ശീലിച്ച ക്ലീഷേ കഥാപാത്രങ്ങളെ മാറ്റിനിർത്തി പുതിയ മേച്ചിൽപുറങ്ങൾ തേടാനാണ് ഇപ്പോൾ കുഞ്ചാക്കോ ബോബന് ഇഷ്ടം. 'ഓർഡിനറി', 'ഹൗ ഓൾഡ് ആർ യു', 'ടേക്ക് ഓഫ്', 'രാമന്റെ ഏദൻ തോട്ടം', 'വൈറസ്', 'അഞ്ചാംപാതിര', 'നിഴൽ', 'ഭീമന്റെ വഴി', 'പട', 'നായാട്ട്' എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ഏറ്റവുമൊടുക്കം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ കൊഴുമ്മൽ രാജീവനിലും എത്തിനിൽക്കുന്നു. തന്നിലെ നടനെ പരീക്ഷണങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഈ കാലഘട്ടമത്രയും. മലയാള സിനിമയിൽ 25 വർഷക്കാലമായി കുഞ്ചാക്കോ ബോബനുണ്ട്. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ സ്വയം മാറ്റങ്ങൾ വരുത്തിയും തിരുത്തിയും മുന്നേറുകയാണ് താരമിപ്പോൾ. സിനിമ ഇഷ്ടപ്പെടാതെ സിനിമയിലേക്കെത്തിയ കുഞ്ചാക്കോ ബോബൻ ഇപ്പോൾ സിനിമയെ മാത്രം പാഷനായി കാണുന്നു. ഇടക്കാലത്ത് മാറിനിന്ന് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ പ്രേക്ഷകരും ഇരു കൈയും നീട്ടി സ്വീകരിച്ചു. ആദ്യം ഇഷ്ടത്തോടെയായിരുന്നില്ല സിനിമയിലേക്ക് എത്തിയതെങ്കിൽ പിന്നീട് വളരെയധികം ആഗ്രഹിച്ചായിരുന്നു മടങ്ങിവരവ്. പിതാവും മുത്തച്ഛനും തുടങ്ങിവെച്ച ഉദയ സ്റ്റുഡിയോ എന്ന ബാനറിന്റെ അമരത്തുകൂടിയുണ്ട് താരമിപ്പോൾ. സിനിമയെ ഇഷ്ടപ്പെടാതിരുന്ന കാലത്തിൽനിന്ന് കുഞ്ചാക്കോ ബോബൻ സിനിമയെ ജീവിതത്തിന്റെ ഭാഗമാക്കിയ കാൽനൂറ്റാണ്ട് നീണ്ട യാത്രയുടെ വർത്തമാനം പറയുന്നു.
മലയാള സിനിമയിൽ കാൽനൂറ്റാണ്ട് പിന്നിടുന്നു. ശരിക്കും രണ്ടു കാലങ്ങളെ അടയാളപ്പെടുത്തുന്നതായിരുന്നു താങ്കളുടെ കഥാപാത്രങ്ങളെല്ലാം. ഇൗ വർഷങ്ങളെ എങ്ങനെ വിലയിരുത്തുന്നു?
ഇഷ്ടപ്പെടാതെ സിനിമയിലേക്ക് വന്ന ഒരാളായിരുന്നു ഞാൻ. ആദ്യ ചിത്രമായ 'അനിയത്തിപ്രാവി'ന്റെ ഓഡിഷന് പോകാൻപോലും താൽപര്യമില്ലായിരുന്നു. സംവിധായകൻ ഫാസിലിന്റെ ഭാര്യ റോസി ആന്റിയാണ് ഈ സിനിമയിലേക്ക് എന്നെ നിർദേശിക്കുന്നത്. സുഹൃത്താണ് നിർബന്ധിച്ച് പറഞ്ഞയക്കുന്നത്. ഇത്രയും വലിയ ഒരു അവസരം കിട്ടിയിട്ട് പോകാതിരിക്കുന്നതിനെക്കുറിച്ചും സുഹൃത്ത് പറഞ്ഞു. അങ്ങനെ ഓഡിഷന് പോയി. നല്ല ബോറായിരുന്നതിനാൽ കിട്ടില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ, പാച്ചിക്ക (ഫാസിൽ) ഞാൻ ഓക്കെയാണെന്നും നമുക്ക് തുടങ്ങാമെന്നും പറയുകയായിരുന്നു. ഇപ്പോൾ മലയാള സിനിമയിൽ 25 വർഷം. വളരെ ആവേശം തോന്നുന്നു. അർഹിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും അംഗീകാരവും മലയാള സിനിമ എനിക്ക് നൽകി. ഇടക്കാലത്ത് മാറിനിന്ന് വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ അതിന്റെ പതിന്മടങ്ങ് പ്രേക്ഷകർക്ക് തിരിച്ചുനൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആദ്യം ഇഷ്ടത്തോടെയായിരുന്നില്ല സിനിമയിലേക്ക് എത്തിയതെങ്കിൽ പിന്നീട് വളരെയധികം ആഗ്രഹിച്ചായിരുന്നു മടങ്ങിവരവ്. റിയൽ എസ്റ്റേറ്റ് രംഗത്തുനിന്നാണ് മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ്. മാറ്റങ്ങൾക്കനുസരിച്ച് മാറുക എന്നതായിരുന്നു എന്റെ കരിയറിൽ പ്രധാനം. അതിനായി കഠിനമായി പരിശ്രമിച്ചിരുന്നു. റൊമാന്റിക് ഹീറോ ടാഗിൽ ഒതുങ്ങില്ല എന്ന് ഉറപ്പിച്ചായിരുന്നു മടങ്ങിവരവ്. അല്ലെങ്കിൽ വന്നതിനേക്കാൾ വേഗത്തിൽ മടങ്ങിപ്പോകാമായിരുന്നു.
'നിറം' അല്ലെങ്കിൽ 'അനിയത്തിപ്രാവ്' പോലുള്ള സിനിമകൾ ചെയ്യുമ്പോൾ ചോക്ലറ്റ് ബോയ് ഇമേജ് ആയിരുന്നു. ഒരു ഇടവേള എടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഹ്യൂമർ, നെഗറ്റിവ് കഥാപാത്രങ്ങൾ ചെയ്യാത്തതെന്താണെന്ന് പലരും ചോദിച്ചിരുന്നു. അന്ന് ചെയ്യാൻ സാധിക്കാതിരുന്ന പല കഥാപാത്രങ്ങളും മടങ്ങിവരവിൽ ചെയ്യാൻ കഴിഞ്ഞു.
ചിലർ പറയാറുണ്ട് ചില കഥാപാത്രങ്ങൾ തേടിവരും, മറ്റു ചിലത് അന്വേഷിച്ച് പോകണം എന്ന്. താങ്കളുടെ കാര്യത്തിൽ അതെങ്ങനെയാണ്..?
ഇഷ്ടപ്പെട്ട സിനിമകളുടെ ഭാഗമായി ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുള്ള, താൽപര്യമുള്ള സംവിധായകരുടെ അടുത്ത് കഥാപാത്രങ്ങൾ ചോദിച്ചുവാങ്ങാറുണ്ട്. ഇപ്പോഴും അത് തുടരുന്നു. 25 വർഷത്തെ മാറ്റം സ്വാഭാവികമാണെന്നതിനപ്പുറം വളരെ പതുക്കെയുള്ള പ്രക്രിയ കൂടിയായിരുന്നു. അതിൽ എനിക്ക് ചെയ്യാൻ സാധിക്കാതിരുന്ന, ചേരില്ല എന്നു പറഞ്ഞ നെഗറ്റിവ് ഷേഡുള്ള, തമാശ പറയുന്ന കഥാപാത്രങ്ങൾ എന്നെ തേടിയെത്തി. എനിക്ക് ചേരില്ല എന്ന് പറഞ്ഞ് കഥാപാത്രങ്ങളെ മാറ്റിനിർത്താൻ ഇപ്പോൾ തയാറല്ല. അതിനനുസരിച്ച് എനിക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനാണ് ഇഷ്ടം. 'ട്രാഫിക്', 'എൽസമ്മ എന്ന ആൺകുട്ടി', 'അഞ്ചാംപാതിര', 'പട', 'നായാട്ട്' തുടങ്ങിയവയെല്ലാം മാറ്റത്തിന്റെ ഭാഗമായിരുന്നു. എന്റെ മുമ്പോട്ടുള്ള യാത്രയുടെ ഭാഗം തന്നെയായിരുന്നു അവയെല്ലാം. ഓരോ ചുവടും ചെറുതാണെങ്കിലും മുന്നോട്ടുള്ളതായാണ് തോന്നുന്നത്. അത് മനഃപൂർവമായോ അല്ലാതെയോ എന്നിൽ വന്നുചേർന്ന മാറ്റങ്ങളാണെന്ന് പറയാം. തനിയെ വന്ന മാറ്റങ്ങൾക്കൊപ്പം പരിശ്രമിച്ച് വരുത്തിയ മാറ്റങ്ങളും ഇപ്പോൾ എന്നിൽ കാണാം. ഞാൻ മാറണമെന്ന് ആഗ്രഹിച്ച് എനിക്കൊപ്പം നിന്ന ഒരുപാട് സുഹൃത്തുക്കൾ സിനിമക്ക് അകത്തും പുറത്തുമുണ്ട്. എന്റെ സുഹൃത്തുക്കളായ തിരക്കഥാകൃത്തുക്കളാണെങ്കിലും സംവിധായകരാണെങ്കിലും എന്റെ നല്ലതിനായി വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളുമായി എന്നെ തേടിയെത്തി. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ രാജീവനിൽ വന്നു നിൽക്കുമ്പോൾ 'ഞാൻ കണ്ട ഒരു രാജീവനല്ല' ചിത്രത്തിലുള്ളതെന്ന് പറയാം. അതിനേക്കാൾ പതിന്മടങ്ങ് മാറ്റങ്ങൾ വരുത്തിയാണ് സംവിധായകൻ എന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അതിലെ ഭാഷാശൈലിയും അതുപോലെതന്നെ. ഒരിക്കലും കാസർകോട് ഭാഷ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന വിശ്വാസം എനിക്കില്ലായിരുന്നു. പക്ഷേ അത് നാച്ചുറലായി എന്നിൽ മാറ്റങ്ങൾ വരുത്തി ചെയ്യിക്കാൻ ആ സംവിധായകനും ടീമിനും കഴിഞ്ഞു. ഒരു പാട്ടുസീൻ ചിത്രീകരിക്കുന്നതിനിടെയാണ് കാസർകോടൻ മലയാളം ആദ്യമായി പറഞ്ഞുനോക്കുന്നത്. കുഴപ്പമില്ലെന്ന് കണ്ടതോടെ അങ്ങനെതന്നെ മുന്നോട്ടുപോകാമെന്ന് അവർ തീരുമാനിക്കുകയായിരുന്നു. അത്തരം ഒരുപാട് ഘടകങ്ങൾ എന്നിൽ/എന്റെ അഭിനയ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതായി പറയാം. അവ സ്വയം വരുത്തിയ മാറ്റങ്ങൾക്കപ്പുറം മറ്റുള്ളവരുടെ ഇടപെടലുകൾകൂടി ഉണ്ടെന്ന് പറയാനാണ് ഇഷ്ടം.
സിനിമാ മേഖലയിലെ ഓരോ മാറ്റത്തിന്റെയും ഭാഗമായി മാറാൻ കഴിഞ്ഞ കഥാപാത്രങ്ങളായിരുന്നു കുഞ്ചാക്കോ ബോബന്റേതെന്ന് പറഞ്ഞാൽ..?
25 വർഷക്കാലം മലയാള സിനിമയിൽ ഒരുപാട് മാറ്റം വന്നുപോയി. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങി. 25 വർഷം മുമ്പിറങ്ങിയ 'അനിയത്തിപ്രാവ്' പ്രണയ ചിത്ര പരമ്പരകളുെട പുതിയ തുടക്കമായിരുന്നുവെന്ന് പറയാം. തിരിച്ചുവരവിൽ 'ട്രാഫിക്', അത് മലയാളത്തിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു. ന്യൂജെൻ, സ്വാഭാവികത എന്നിവയെല്ലാം കൊണ്ടുവന്ന 'ട്രാഫിക്കി'ൽ നല്ലൊരു വേഷംചെയ്തു. ആളുകളെ ഞെട്ടിക്കുന്ന തരത്തിലുള്ളവയായിരുന്നു 'ട്രാഫിക്കും' 'വേട്ട'യും 'സീനിയേഴ്സു'മെല്ലാം. 'അഞ്ചാം പാതിര' ത്രില്ലർ ശ്രേണിയിൽപെട്ട ചിത്രങ്ങളുടെ തുടക്കമായിരുന്നു. ഇപ്പോൾ 'പട', 'നായാട്ട്' തുടങ്ങിയ ചിത്രങ്ങൾ സാമൂഹിക പ്രസക്തിയുള്ള പൊള്ളുന്ന പ്രമേയങ്ങൾ അവതരിപ്പിക്കുന്നവയും. ഈ മലയാള സിനിമയുടെ മാറ്റങ്ങൾക്ക് തുടക്കമിട്ട ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചുവെന്നതാണ് ഭാഗ്യം.
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്? എപ്പോഴെങ്കിലും തിരഞ്ഞെടുപ്പ് തെറ്റിപ്പോയതായി തോന്നിയിട്ടുണ്ടോ?
കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് അറിഞ്ഞോ അറിയാതെയോ നടക്കുന്നതാണ്. ചിലത് അമ്പേ പാളിപ്പോകും. എന്നാൽ, ചിലത് സിനിമാജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നതായിരുന്നു. 'ട്രാഫിക്' അതിന് ഉദാഹരണമാണ്. എല്ലാത്തരത്തിലുമുള്ള സിനിമകളുടെ ഭാഗമാകാൻ സാധിച്ചുവെന്ന് പറയാം. സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. 'ടേക്ക് ഓഫ്', 'ഹൗ ഓൾഡ് ആർ യു' എന്നിവ അങ്ങനെ സംഭവിച്ചവയായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച സ്പൂഫ് എന്നു വിളിക്കാവുന്ന ചിത്രമാണ് 'ചിറകൊടിഞ്ഞ കിനാവുകൾ'. അതിന്റെ ഭാഗമാകാൻ സാധിച്ചു. ആ സമയത്ത് അത് അംഗീകരിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ഒരുപാടുപേർ കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. 'ഭീമന്റെ വഴി'യിൽ പേര് മാത്രമേ ഭീമന്റെ വഴിയെന്നുള്ളൂ. അതിൽ ഇപ്പോഴത്തെ സ്ത്രീകളുടെ ചിന്തകളും ഉത്തരവാദിത്തവുമാണ് പറയുന്നതെന്നാണ് എന്റെ വിശ്വാസം. അവസാനത്തെ സീനുകളിൽ വേണമെങ്കിൽ നായകന് മേൽക്കൈ നൽകാമായിരുന്നു. എന്നാൽ, അതിൽ ഒതുക്കിനിർത്താതെ നിരവധി ചിന്തകളിൽനിന്നുണ്ടായ ചിത്രമാണ് 'ഭീമന്റെ വഴി'. ഇത്തരം വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തുന്ന സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിൽ തിരഞ്ഞെടുപ്പ് എന്നതിലുപരി വന്നുകിട്ടുന്നതും തേടിപ്പോകുന്നതുമാണ് ഏറെയും. 'നായാട്ടി'ലെ കഥാപാത്രത്തെ ഞാൻ അങ്ങോട്ട് തേടിപ്പോകുകയായിരുന്നു. 'പട'യിലെ കഥാപാത്രം എന്നെ തേടിവരുകയായിരുന്നു. കഥ പറഞ്ഞുതുടങ്ങിയപ്പോൾ കലക്ടറുടെ കഥാപാത്രമാണ് എന്റേതെന്നായിരുന്നു ധാരണ, എന്നാൽ, അങ്ങനെയല്ലായിരുന്നു. ആഗ്രഹങ്ങളോടൊപ്പം പരിശ്രമം കൂടിയാകുമ്പോൾ അവ തീർച്ചയായും ലഭിക്കും. പൗലോ കൊയ് ലോ പറഞ്ഞതുപോലെ തേടുക, അപ്പോൾ അതിലേക്കുള്ള വഴി നമുക്ക് തുറന്നുവരും.
രതീഷ് ബാലകൃഷ്ണന്റെ ആദ്യ ചിത്രമാണ് 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'. അതിന്റെ കഥ ആദ്യം എന്നോട് പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ ആ സിനിമ വൻ വിജയമായി. കാലഘട്ടത്തിന് മുന്നേ സഞ്ചരിച്ച ചിത്രമായിരുന്നു 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ'. പുതുമയുള്ള ഒരു പ്രമേയം ഹാസ്യരൂപേണ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച് വൻ വിജയം നേടി. അതുകൊണ്ടുതന്നെ എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയാകണമെന്നില്ല എന്ന് പഠിക്കാൻ കഴിഞ്ഞു. കുറേ തവണ ഇങ്ങനെ പറ്റിയിട്ടുണ്ട്. രതീഷുമായി അടുത്ത പടം ചെയ്യണമെന്ന് പിന്നീട് തീരുമാനിച്ചു. അതുകൊണ്ടുതന്നെ രതീഷിനോട് ചോദിച്ചുവാങ്ങിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. ഇതിനുമുമ്പ് ചോദിച്ചുവാങ്ങിയത് 'നായാട്ട്' എന്ന ചിത്രവും. എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് 'നായാട്ട്'. അള്ള് രാമേന്ദ്രനാണ് അതിനുമുമ്പ് പൊലീസ് വേഷം ചെയ്തത്. എന്നാൽ, അതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് 'നായാട്ടി'ലെ പൊലീസ് കഥാപാത്രം.
'അറിയിപ്പി'ലെ നായകനും നിർമാതാവും; ഇപ്പോൾ ചിത്രം ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ എത്തിനിൽക്കുന്നു..?
പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് അറിയിപ്പും അതിന്റെ ഭാഗമായ ഉദയ ബാനറും. പണ്ട് അപ്പന്റെ അടുത്ത് ഉദയ എന്ന ബാനർ വേണ്ട, വിട്ടുകളഞ്ഞേക്ക് എന്നു പറഞ്ഞയാളാണ് ഞാൻ. എന്നാൽ, ഇപ്പോൾ എത്തിനിൽക്കുന്നത് ഉദയയുടെ ബാനറിലെ 89ാമത് സിനിമയായ 'ന്നാ താൻ കേസ് കൊടി'ലും. 88ാമത്തെ ചിത്രമായിരുന്നു 'അറിയിപ്പ്'. അതോടൊപ്പം കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ആദ്യ കോ പ്രൊഡക്ഷൻ ബാനറും. ലൊക്കാർണോ പോലുള്ള 75 വർഷത്തെ ചരിത്രമുള്ള ഒരു ഫിലിം ഫെസ്റ്റിവലിൽ, മലയാള സിനിമ ആദ്യമായി കോംപറ്റിറ്റിവ് സെഗ്മെന്റിൽ, 'അറിയിപ്പ്' പോകുന്നു എന്നതിൽ വളരെ അഭിമാനം തോന്നുന്നു. ആഗസ്റ്റ് നാലിനായിരുന്നു ലൊക്കാർണോയിൽ 'അറിയിപ്പി'ന്റെ പ്രീമിയർ ഷോ.
സംവിധായകന്റെ ചിത്രമാണ് 'അറിയിപ്പ്' എന്ന് താങ്കൾതന്നെ പറഞ്ഞിട്ടുണ്ട്. മഹേഷ് നാരായണൻ എന്ന സംവിധായകനെക്കുറിച്ച്, എഡിറ്ററെക്കുറിച്ച്..?
മഹേഷ് നാരായണൻ എന്ന സംവിധായകൻ, എഡിറ്റർ, റൈറ്റർ -അദ്ദേഹത്തിന്റെ ചിത്രമാണ് 'അറിയിപ്പ്'. മഹേഷ് നാരായണൻ ഏറ്റവും കൂടുതൽ എഡിറ്റ് ചെയ്തത് ഒരുപക്ഷേ എന്റെ ചിത്രങ്ങളായിരിക്കും. ഒരു നടനെന്ന രീതിയിൽ എന്നെ എങ്ങനെ ഉപയോഗിക്കാൻ സാധിക്കുമെന്ന് എന്നെക്കാൾ കൂടുതൽ അദ്ദേഹത്തിനറിയാം. ആ രീതിയിൽ എന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന ചിത്രമാണ് 'അറിയിപ്പ്'. വളരെ ആഴത്തിൽ സ്പർശിക്കുന്ന ചിത്രമാണത്. അതുതന്നെയാണ് അതിന്റെ പേരിന്റെ കാരണവും. അതിന് അർഹിക്കുന്ന തലത്തിലുള്ള അംഗീകാരങ്ങൾ അന്തർദേശീയതലത്തിൽ ലഭിക്കുന്നതിലും അഭിമാനം മാത്രം.
മലയാളിയുടെ ഗൃഹാതുരതയാണ് 'ഉദയ'. അതിന്റെ തിരിച്ചുവരവ്, അതിന്റെ തലപ്പത്തിരിക്കുമ്പോഴുള്ള ഉത്തരവാദിത്തം..?
ഉദയ പിക്ചേഴ്സ് എന്ന ഉത്തരവാദിത്തത്തേക്കാളുപരി പാഷനാണ് മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. സിനിമ എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്നും തിരിച്ചറിയാൻ അൽപം വൈകിയിരുന്നു. എങ്കിലും മുന്നോട്ടുള്ള പാതയിൽ ബാനറിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അവ എന്തെല്ലാം എനിക്ക് നൽകിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. നല്ല കഥാപാത്രങ്ങളിലൂടെയും നല്ല സിനിമകളിലൂടെയും ജനങ്ങളിലേക്ക് 'ഉദയ ബാനർ' എത്തിക്കണമെന്നാണ് ഇപ്പോൾ ആഗ്രഹം. അത് ജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്നതുമാകണം. ഇനി ഉദയയുടെ ബാനറിലും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസിന്റെ ബാനറിലും നല്ല സിനിമകൾ തീർച്ചയായുമുണ്ടാകും. വിജയചിത്രങ്ങളുടെ ഭാഗമാകുക എന്നതിനപ്പുറം അഭിമാനിക്കാൻ കഴിയുന്ന സിനിമകൾക്കൊപ്പം പ്രവർത്തിക്കാനാണ് ഉദയ പിക്ചേഴ്സ് ശ്രദ്ധിക്കുക. 30 വർഷത്തെ ഇടവേളക്കു ശേഷം 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ് ലോ' എന്ന ചിത്രത്തിലൂടെയായിരുന്നു ഉദയയുടെ തിരിച്ചുവരവ്. മുത്തച്ഛൻ കുഞ്ചാക്കോക്കും പിതാവ് ബോബൻ കുഞ്ചാക്കോക്കും ശേഷമാണ് ഉദയ ഏറ്റെടുക്കുന്നത്. എനിക്കും ഭാര്യ പ്രിയക്കും 14 കൊല്ലത്തെ കാത്തിരിപ്പിനു ശേഷമാണ് ഇസഹാഖ് ജനിക്കുന്നത്. അവന്റെ വളർച്ചയും കളിചിരികളും കണ്ടു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചുവെന്നതായിരുന്നു കോവിഡ് കാലത്തെ സന്തോഷം.
താങ്കളുടെ കരിയറിൽ ഒരുപക്ഷേ വലിയൊരു മാറ്റമുണ്ടാക്കിയ സിനിമയാകും 'പട'. 'പട'യിലേക്കുള്ള എൻട്രി...
ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു 'പട'യുടെ കഥ. പാലക്കാട് കലക്ടറെ ബന്ദിയാക്കിവെച്ച അയ്യൻകാളി പടയുമായി ബന്ധപ്പെട്ട വിഷയമാണ് സിനിമ കൈകാര്യം ചെയ്തത്. ''ഇതിലെ കലക്ടർ ആണോ ഞാൻ'' എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. കലക്ടറല്ല എന്നു പറഞ്ഞപ്പോൾ ഈ സിനിമ ചെയ്യണമെന്ന് തോന്നി. കമൽ തിരക്കഥ തരുന്നതിന് പകരം 'നക്സൽ ദിനങ്ങൾ' എന്ന പുസ്തകമാണ് തന്നത്. അതു വായിച്ചപ്പോൾ അറിഞ്ഞോ അറിയാതെയോ സ്വാഭാവികമായി ആ കഥാപാത്രങ്ങളുമായി ചേർന്നുപോയി. സിനിമയുടെ റിലീസിന് മുമ്പ് 'പട'യിലെ ഒറിജിനൽ പടയാളികളെ നേരിൽ കണ്ടിരുന്നില്ല. എന്നാൽ, അവർ ഫസ്റ്റ് ഷോ കാണാൻ എത്തിയിരുന്നു. രമേശ് കാഞ്ഞങ്ങാട് എന്ന വ്യക്തിയെയാണ് ഞാൻ സിനിമയിൽ രാകേഷ് കാഞ്ഞങ്ങാടായി അവതരിപ്പിച്ചത്. അദ്ദേഹം സിനിമ കണ്ടിറങ്ങിയതിന് ശേഷം 'പട'യിൽ അദ്ദേഹം അദ്ദേഹത്തെ തന്നെ കാണുകയായിരുന്നു എന്ന് പറഞ്ഞു. എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യമായിരുന്നു അത്.
എല്ലാ അഭിനേതാക്കളും പല ഭാഷകളിലായി അഭിനയിക്കുമ്പോൾ ഇത്രയും കാലം മലയാളത്തിൽ മാത്രം നിൽക്കാനുണ്ടായ കാരണം? ആദ്യ അന്യഭാഷാ ചിത്രത്തിലെത്തുമ്പോൾ ഉണ്ടായ അനുഭവം...
നേരത്തേ മറ്റു ഭാഷാ സിനിമകളിൽനിന്ന് ഓഫറുകൾ വരുമ്പോൾ ഒട്ടും താൽപര്യം ഇല്ലായിരുന്നു. മലയാള സിനിമയോടുപോലും താൽപര്യമില്ലാതിരുന്ന സമയത്തായിരുന്നു ആ ഓഫറുകൾ. ഇപ്പോൾ ആദ്യമായി ഒരു തമിഴ് സിനിമ ചെയ്യുന്നു. എനിക്ക് വഴങ്ങുന്ന ഒരു ഭാഷ എന്ന രീതിയിലാണ് ഇൗ തമിഴ് ചിത്രം തെരഞ്ഞെടുത്തതെന്ന് പറയാം. ഒറ്റ്, തമിഴിൽ രണ്ടകം എന്നുവിളിക്കും. അരവിന്ദ് സ്വാമി എന്ന നടന്റെ സാന്നിധ്യമാണ് അതിൽ ശ്രദ്ധേയം. 25 വർഷങ്ങൾക്കുശേഷമാണ് അദ്ദേഹം ഒരു മലയാള ചിത്രം ചെയ്യുന്നത്. ഞാൻ 25 വർഷത്തെ കരിയറിൽ ഒരു തമിഴ് സിനിമ ആദ്യമായി ചെയ്യുന്നു. പിന്നെ ഞങ്ങൾ രണ്ടുപേരും ഒരു കാലഘട്ടത്തിൽ ചോക്ലറ്റ് നായകന്മാരായി അതത് ഭാഷകളിൽ സജീവമായിരുന്നു. ആന്റി ഹീറോ, നെഗറ്റിവ് ഷേഡുള്ള കഥാപാത്രങ്ങൾ ചെയ്ത് ഞെട്ടിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. 'തലൈവി' എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ വേഷം അദ്ദേഹം അതിഗംഭീരമായി ചെയ്തു. തിരിച്ചുവരവിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ആ ഒരു രീതിയിൽ അദ്ദേഹത്തിനൊപ്പം ചിത്രം ചെയ്യാൻ ആവേശമായിരുന്നു. അദ്ദേഹം ഒരു സീനിയർ നടൻ എന്ന രീതിയിൽ സമീപിക്കാതെ സുഹൃത്തായി ഇടപെടുന്നു. സിനിമയുടെ വിജയത്തിനായി പരസ്പരം സഹകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിൽ വളരെ സന്തോഷം തോന്നിയിരുന്നു. നിർദേശങ്ങൾ നൽകുന്ന, അഭിപ്രായം പറയുന്ന ഒരു നല്ല സഹപ്രവർത്തകനും സുഹൃത്തുമാണ് അദ്ദേഹമെന്ന് പറയാം. ഒരു ആക്ഷൻ ത്രില്ലർ എന്റർടെയിൻമെന്റ് ചിത്രമാണ് 'രണ്ടകം'. ബോംബെയിൽനിന്ന് മംഗലാപുരം വരെയുള്ള യാത്രയിൽ കഥപറയുന്ന ഒരു റോഡ് മൂവി.
'നായാട്ട്', 'പട' എന്നീ ചിത്രങ്ങളെല്ലാം ഒ.ടി.ടി റിലീസ് ആയിരുന്നല്ലോ. മലയാള സിനിമയിൽ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ വരുത്തിയ മാറ്റം ഒരു നടനെന്ന നിലയിലും നിർമാതാവെന്ന രീതിയിലും എങ്ങനെ നോക്കിക്കാണുന്നു?
കോവിഡ് കാലഘട്ടത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോമിന് വളരെയധികം പ്രസക്തിയുണ്ടായിരുന്നു. ഇന്ത്യൻ സിനിമയിൽതന്നെ മലയാള സിനിമകൾ കുതിച്ചുകയറിയ കാലമായിരുന്നു കഴിഞ്ഞ രണ്ടുവർഷം. ആദ്യത്തെ പത്തു ചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ മലയാള സിനിമകൾ ഇടംപിടിച്ചു. ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് പാൻ ഇന്ത്യൻ റീച്ചാണ് ഒ.ടി.ടി പ്ലാറ്റ്ഫോം നൽകിയതെന്ന് പറയാം. മറ്റു ഭാഷക്കാർപോലും മലയാള സിനിമയെ നോക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയുംചെയ്തു. അസൂയാവഹമായ, നമുക്ക് അഭിമാനിക്കാവുന്ന നേട്ടമാണത്. പാൻ ഇന്ത്യൻ എന്നതിനെക്കാൾ ഉപരി ആഗോളതലത്തിൽ എത്തിക്കാൻ കഴിയുന്ന ചിത്രങ്ങളാണ് അവയെല്ലാം. 'അറിയിപ്പ്' അടക്കമുള്ള ചിത്രങ്ങളുടെ സ്ഥാനം അവയാണെന്ന് പറയാം. ഇതിലൂടെ കേരളത്തിൽ മലയാള സിനിമ രംഗത്തെ കഴിവ്, ടാലന്റ് എത്രത്തോളമുണ്ടെന്ന് കൂടി അവ കാണിച്ചുനൽകുന്നു. പണ്ട് കെ.ജി. ജോർജ് സാർ പറഞ്ഞൊരു കാര്യമുണ്ട്. നമ്മൾ അന്യഭാഷക്കാരെ, അല്ലെങ്കിൽ ഹോളിവുഡ് സിനിമകളെ പിന്തുടരുന്നു. എന്നാൽ, അതിനേക്കാൾ ഉപരി നമ്മുടെ സ്വന്തം കണ്ടന്റ് ആഗോളതലത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയിൽ ഒരു മാറ്റം മലയാള സിനിമയിൽ വന്നുകഴിഞ്ഞു. പാൻ ഇന്ത്യൻ എന്നതിനെക്കാൾ ഉപരി ആഗോളതലത്തിൽ മലയാള സിനിമയെ എത്തിക്കാൻ കഴിയുന്ന കണ്ടന്റും ടെക്നീഷ്യൻസും ടാലന്റും നമ്മൾ നേടിക്കഴിഞ്ഞു.
അഭിനേതാവ്, നിർമാതാവ് എന്നതിനേക്കാളുപരി സംവിധായകന്റെ കുപ്പായമണിയുമോ?
ഇനി വേറെ എന്തെങ്കിലും ബാക്കിയുണ്ടോ? (പൊട്ടിച്ചിരിക്കുന്നു). പാട്ടും സംവിധാനവും മാത്രം എന്നോട് ചെയ്യാൻ പറയരുത്. ബാക്കി എന്തുവേണമെങ്കിലും ഒരു കൈ നോക്കാം. മാറ്റങ്ങൾ എപ്പോഴും അനിവാര്യമാണ്. മാറ്റങ്ങൾക്കനുസരിച്ച് യാത്രചെയ്യുന്നവരാണ് എല്ലാവരും. മാറ്റങ്ങൾ വരുമ്പോൾ സിനിമ മാത്രമല്ല, സീരീസും ഉപയോഗപ്പെടുത്തും. സ്വാഭാവികമായും സിനിമ വിട്ട് അത്തരം സീരീസുകൾ എന്ന മാറ്റത്തിലേക്കും വരും. എന്നാൽ, ഇപ്പോൾ അങ്ങനെയൊരു ചിന്ത വന്നിട്ടില്ല.
രാഷ്ട്രീയ കേരളം ഏറെ ചർച്ചചെയ്ത സിനിമയായിരുന്നു 'ന്നാ താൻ കേസ് കൊട്'. ഏറെ ചർച്ച ചെയ്യപ്പെടുകയും വൻവിജയം നേടുകയും ചെയ്ത ഈ ചിത്രത്തെക്കുറിച്ച്...
തിയറ്ററിൽതന്നെ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെ നിർമിച്ച ചിത്രമായിരുന്നു 'ന്നാ താൻ കേസ് കൊട്'. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ രണ്ടാമത്തെ ചിത്രമായി എടുക്കാൻ ആരംഭിച്ചതാണെങ്കിലും കോവിഡും മറ്റു പ്രതിസന്ധികളും വന്നതോടെ നീണ്ടുപോയി. കോവിഡ് കാലഘട്ടം കഴിഞ്ഞ് ആളുകൾ തിയറ്ററിലേക്കെത്തിത്തു ടങ്ങുന്ന സമയമാണ് നല്ലതെന്ന് പിന്നീട് തോന്നി. കൊഴുമ്മൽ രാജീവനെന്ന മുൻ കള്ളന്റെ വേഷമാണ് ഇതിൽ. നേരായ മാർഗത്തിലൂടെ ജീവിക്കാൻ ശ്രമിക്കുന്ന രാജീവൻ ഒരു പ്രശ്നത്തിൽ ചെന്ന് ചാടുന്നതും അവസാനം മന്ത്രിക്കെതിരെ വരെ കേസ് നൽകുന്ന സാഹചര്യത്തിലേക്ക് പോകുകയും ചെയ്യുന്നതാണ് പ്രമേയം. മലയാളികൾ ദിവസവും കാണുകയും അറിയുകയും ചെയ്യുന്ന നിരവധി കഥാപാത്രങ്ങളും വിഷയങ്ങളും ചിത്രത്തിൽ കാണാം. ഗൗരവമുള്ള അത്തരം വിഷയങ്ങൾ ആളുകളിലേക്ക് എത്തണമെങ്കിൽ അത് ഹാസ്യരൂപേണ അവതരിപ്പിക്കണം. 'ആൻഡ്രോയ്ഡ് കുഞ്ഞപ്പനി'ൽ വളരെ അത്യാധുനികമായ സീരിയസായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ, എല്ലാവരും അത് ഏറ്റെടുക്കാനുണ്ടായ കാരണം, സാധാരണക്കാരിലേക്ക് എത്താനുള്ള കാരണം അതിലെ തമാശയായിരുന്നു. ഈ സിനിമയിലും ഹാസ്യവും ആക്ഷേപഹാസ്യവും കാണാനാകും.
സരസമായ ഒരു വിഷയത്തിൽ തുടങ്ങി ഗൗരവമായ കാര്യം കൈകാര്യംചെയ്യുന്ന രീതിയാണ് ഈ സിനിമയിൽ കാണാൻ സാധിക്കുക. ഇതുവരെ ചെയ്തുപോന്ന കഥാപാത്രങ്ങളുമായി ഒരുവിധ സാമ്യവുമില്ലാത്തതാണ് കൊഴുമ്മൽ രാജീവൻ. രൂപത്തിലും ഭാവത്തിലുമെല്ലാം വ്യത്യസ്ത ചേഷ്ടകൾ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തതയാർന്ന രൂപവും സംഭാഷണവുമാണ് സിനിമയിൽ മുഴുവനും. അത് തുടക്കത്തിൽതന്നെ ആളുകളിലേക്ക് എത്താൻ കഴിഞ്ഞുവെന്നതിൽ വളരെയധികം സന്തോഷം. അതുകൊണ്ടുതന്നെയാണ് ''ദേവദൂതർ പാടി'' എന്ന ഗാനവും ഡാൻസും എല്ലാവരും ഏറ്റെടുക്കാൻ കാരണവും.
കൂടെയുണ്ടായിരുന്ന കഥാപാത്രങ്ങൾ ഓരോരുത്തരും കൃത്യമായ അടയാളപ്പെടുത്തലുകൾ നടത്തി എന്നുതന്നെയല്ലേ 'ന്നാ താൻ കേസ് കൊട്' സിനിമയെ വേറിട്ടുനിർത്തുന്നത്..?
ബേസിൽ, ഉണ്ണിമായ, രാജേഷ് മാധവൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ്. കാസർകോടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. അവിടെ തന്നെയുള്ള നാട്ടുകാരെയാണ് ചിത്രത്തിലെ സഹതാരങ്ങളായി തിരഞ്ഞെടുത്തത്. 15 ദിവസത്തെ ക്യാമ്പിന് ശേഷമായിരുന്നു കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ്. അതിനായി 15 ദിവസം സിനിമ പ്രീഷൂട്ട് ചെയ്തു. അതിനുശേഷമായിരുന്നു ഒറിജിനൽ ഷൂട്ടിങ്. അതിനാൽ തന്നെ പുതുമുഖങ്ങളാണെങ്കിലും ഈ ചിത്രത്തിൽ അവർ വളരെ, ഞങ്ങളേക്കാളേറെ പരിചയസമ്പന്നായിരുന്നു. മറ്റു സഹപ്രവർത്തകർക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ പ്രതികരണവും മറുപടിയുമെല്ലാം നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ തന്നെയായിരിക്കും. എന്നാൽ, അവർ എങ്ങനെയാണ് ഡയലോഗുകൾ പറയുന്നതെന്ന് തൊട്ടടുത്തുനിൽക്കുന്ന നമുക്ക് പലപ്പോഴും പറയാൻ കഴിയില്ലായിരുന്നു. അവർ വളരെ നാച്ചുറലായി, റിയലിസ്റ്റിക്കായി ചെയ്തിരിക്കുന്നതിനാൽ അതിന്റെ ഒരു സുഖം ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാനും സാധിക്കും. നാട്ടുകാരുടെ സഹകരണവും എടുത്തുപറയണം. രാത്രിസമയത്ത് ചിത്രീകരിക്കേണ്ട നിരവധി സീനുകളുണ്ടായിരുന്നു. ഒരു സമയം കഴിയുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ പോയാലും നാട്ടുകാർ അവിടെതന്നെയുണ്ടാകും. പറ്റുമെങ്കിൽ അടുത്ത ദിവസവും ഇതേ ഡ്രസ് ധരിച്ച് വരണമെന്ന് ആവശ്യപ്പെടുമായിരുന്നു. അവർ അതുപോലെ വരുകയും ചെയ്യും. അതിനാൽ അവരുടെ സഹകരണവും പോസിറ്റിവ് വൈബും എടുത്തുപറയണം.
കുഞ്ചാക്കോ ബോബൻ ഡാൻസിന് പണ്ടേ ആരാധകർ ഏറെയുണ്ട്. ഇപ്പോൾ ഒരു 'വൈറൽ ഡാൻസും'..?
മലയാളിയുടെ മനസ്സിലുള്ള ഒരു ഈണമാണ് ദേവദൂതർ പാടിയെന്ന ഗാനം. 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിൽ ഒരു ഉത്സവപ്പറമ്പിലെ ഗാനമേളക്കിടെ ഈ പാട്ട് പാടുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിൽ ആൾക്കൂട്ടത്തിനിടയിൽനിന്ന് ചെയ്യുന്ന ഡാൻസാണ് വൈറലായത്. മനസ്സിൽ ഒരു തയാറെടുപ്പുമില്ലാതെ ചെയ്ത സ്റ്റെപ്പുകളായിരുന്നു അതെല്ലാം. ''ആടലോടകം ആടിനിക്കണ്'' എന്ന പാട്ട് ചിത്രീകരിച്ചുകൊണ്ടായിരുന്നു സിനിമയുടെ തുടക്കം. ഈ പാട്ടിന്റെ വരികൾ ആർക്കും മനസ്സിലാകുന്ന തരത്തിലായതുകൊണ്ടുതന്നെ പെട്ടെന്ന് ഏത് സാധാരണക്കാരിലേക്കുമെത്തും. പാടാൻ അറിയില്ലാത്തവർക്കും പാടാൻ സാധിക്കുന്ന വരികളാണ് പ്രത്യേകത. ഞാൻപോലും എന്റെ മോനെ ഉറക്കുന്നത് ഈ പാട്ടുപാടിയായിരുന്നു. അപ്പോൾതന്നെ ആർക്കും ഈ പാട്ട് പാടാൻ കഴിയുമെന്ന് മനസ്സിലാക്കാം. ഞാൻ തന്നെ അത്ഭുതപ്പെട്ടുപോയി.
രാകേഷ് ഹരിദാസാണ് ഇൗ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ. കോേളജിൽ എന്റെ ജൂനിയറായിരുന്നു അദ്ദേഹം. ഈ സിനിമയിലെ ഒരു പ്ലസാണ് രാകേഷ്. കണ്ടുശീലിച്ചിട്ടില്ലാത്ത ഒരു ടോണും കളർപാറ്റേണുമാണ് സിനിമക്കായി ഉപയോഗിച്ചിരിക്കുന്നത്. സിനിമക്ക് അനുയോജ്യമായ കാസർകോടിന്റെ ഭൂപ്രകൃതിക്ക് ചേരുന്ന രീതിയിലാണ് ആ കളർ പാറ്റേൺ. പാട്ടിനോടൊപ്പംതന്നെ വിഷ്വലുകളും ജനങ്ങളുടെ ഇടയിലേക്കെത്തും.