'പ്രതിഭകൾക്ക് ഇവിടെ പഞ്ഞമൊന്നുമില്ല, ഇന്ത്യൻ ഫുട്ബാൾ മാറുകയാണ്'; കരിയറിനെക്കുറിച്ചും ജീവിതത്തെ കുറിച്ചും സുനിൽ ഛേത്രി മാധ്യമത്തോട് സംസാരിക്കുന്നു
ഇന്ത്യൻ ഫുട്ബാൾ ഇതിഹാസത്തിന് ആഗസ്റ്റ് 3ന് 38ാം പിറന്നാൾ
ഇന്ത്യൻ ഫുട്ബാളിൽ പകരം വെക്കാനില്ലാത്ത നായകനാണ് സുനിൽ ഛേത്രി. 17ാം വയസ്സിൽ കൊൽക്കത്തയിലെ മോഹൻ ബഗാനിലൂടെ തുടങ്ങിയ പ്രഫഷനൽ കരിയർ 38ാം വയസ്സിൽ ബംഗളൂരു എഫ്.സിയിലെത്തിനിൽക്കുേമ്പാൾ നേട്ടങ്ങളുടെ നെറുകയിലാണ് ക്യാപ്റ്റൻ ഫൻറാസ്റ്റിക്. ദേശീയ ടീമിെൻറ മുന്നേറ്റം ഛേത്രിയെ വലംവെച്ചാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന്...
Your Subscription Supports Independent Journalism
View Plansഇന്ത്യൻ ഫുട്ബാളിൽ പകരം വെക്കാനില്ലാത്ത നായകനാണ് സുനിൽ ഛേത്രി. 17ാം വയസ്സിൽ കൊൽക്കത്തയിലെ മോഹൻ ബഗാനിലൂടെ തുടങ്ങിയ പ്രഫഷനൽ കരിയർ 38ാം വയസ്സിൽ ബംഗളൂരു എഫ്.സിയിലെത്തിനിൽക്കുേമ്പാൾ നേട്ടങ്ങളുടെ നെറുകയിലാണ് ക്യാപ്റ്റൻ ഫൻറാസ്റ്റിക്. ദേശീയ ടീമിെൻറ മുന്നേറ്റം ഛേത്രിയെ വലംവെച്ചാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഏറ്റവുമൊടുവിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ. ഛേത്രിയുമായുള്ള കരാർ 2021 ജൂണിൽ രണ്ടു വർഷത്തേക്ക് ബംഗളൂരു എഫ്.സി നീട്ടിയിരുന്നു.
ഇന്ത്യൻ പട്ടാളത്തിൽ എൻജിനീയറായിരുന്ന കെ.ബി. ഛേത്രിയുടെയും നേപ്പാൾ സ്വദേശിയായ സുശീല ഛേത്രിയുടെയും മകനായി 1984 ആഗസ്റ്റ് മൂന്നിന് സെക്കന്ദരാബാദിലാണ് സുനിൽ ഛേത്രിയുടെ ജനനം. 19ാം വയസ്സിൽ ദേശീയ കുപ്പായത്തിൽ ഗോളോടെ അരങ്ങേറ്റം. ഇതുവരെ 118 മത്സരത്തിൽനിന്നായി ഇന്ത്യക്കുവേണ്ടി എതിർവലയിൽ നിക്ഷേപിച്ചത് 74 ഗോളുകൾ. ഇന്ത്യൻ ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ. ലോകഫുട്ബാളിലെ സജീവ കളിക്കാരിൽ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോഡ് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നിൽ എഴുതിച്ചേർത്ത ഛേത്രി, വിവിധ ക്ലബുകൾക്കായി മേജർ കിരീടനേട്ടങ്ങളിലെല്ലാം പങ്കാളിയായി. കായികമികവിന് 2011ൽ അർജുന അവാർഡും 2019ൽ പത്മശ്രീയും തേടിയെത്തി. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷെൻറ മികച്ച താരത്തിനുള്ള അവാർഡ് ആറുതവണ നേടിയ ഏക താരവും ഛേത്രിയാണ്.
അക്കാദമി പരിശീലനമില്ലാതെ സ്വപ്രയത്നംകൊണ്ട് ഫുട്ബാളിൽ മേൽവിലാസമുണ്ടാക്കിയ ഛേത്രി, രണ്ടു പതിറ്റാണ്ടിെൻറ പ്രഫഷനൽ കരിയറിനെ കുറിച്ചും തെൻറ സ്വകാര്യജീവിതത്തെ കുറിച്ചും മാധ്യമം വാർഷികപ്പതിപ്പിനോട് സംസാരിക്കുന്നു...
സുനിൽ ഛേത്രിയുടെ പിറവി തന്നെ കാൽപന്തുകളിയുടെ പുൽമൈതാനത്തേക്കാണെന്ന് വിശേഷിപ്പിക്കാം. അച്ഛൻ ഇന്ത്യൻ ആർമിയിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് കോർ ബറ്റാലിയെൻറ പ്ലയർ, അമ്മ നേപ്പാൾ ദേശീയ ടീമിെൻറ പ്ലയർ...എങ്ങനെയാണ് അവർ ഛേത്രിയെ ചെറുപ്പത്തിൽ സ്വാധീനിച്ചത്?
എെൻറ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് മാതാപിതാക്കളാണ്. സ്പോർട്സിനോടുള്ള ഇഷ്ടം തുടങ്ങിയത് അവരിൽനിന്നാണ്. പട്ടാളക്കുടുംബത്തിൽ പിറന്നത് വ്യക്തിയെന്ന നിലക്ക് ഏറെ ഗുണംചെയ്തിട്ടുണ്ട്. അച്ചടക്കവും കൃത്യനിഷ്ഠയും ചെറുപ്പത്തിലേ അവരിൽനിന്ന് പഠിച്ചു. അതെെൻറ കളിജീവിതത്തിൽ ചിട്ട കൊണ്ടുവരാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്.
സ്പോർട്സിനോടുള്ള ഇഷ്ടംകൊണ്ട് ഒരുവിധം എല്ലാ കളിയും ചെറുപ്പത്തിൽ കളിക്കുമായിരുന്നു. ഫുട്ബാളും കാരംസും റസ്ലിങും ബാഡ്മിൻറണുമൊക്കെ ഞങ്ങൾ കളിക്കും. അമ്മയാണെെൻറ കളിക്കൂട്ടുകാരി. അമ്മയോടായിരുന്നു എെൻറ മത്സരം. സഹോദരി ബന്ദനക്ക് സ്പോർട്സ് അത്ര ഇഷ്ടമല്ല. എന്നാലും ഒപ്പം കൂടും. അമ്മയോടും അച്ഛനോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്്. അവർക്കുവേണ്ടിയല്ലായിരുന്നെങ്കിൽ ഞാനൊരു ഫുട്ബാൾ താരമാവുമായിരുന്നില്ല.
ഫുട്ബാൾതന്നെയാണ് ഭാവിയെന്ന് ചെറുപ്പത്തിൽ കരുതിയിരുന്നോ?
എല്ലാതരം സ്പോർട്സിലും പെങ്കടുക്കുമായിരുന്നെങ്കിലും ഫുട്ബാളാണ് എന്നെ സ്വാധീനിച്ചത്. നന്നെ കുഞ്ഞായിരിക്കുേമ്പാൾ പന്ത് കണ്ടാൽ എനിക്ക് ഇരിക്കപ്പൊറുതിയില്ലായിരുന്നു. കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കുന്ന കാലത്ത് െഎ.എം. വിജയനും കൃഷനുദേയുമായിരുന്നു ഇഷ്ടതാരങ്ങൾ. ഇരുവരുടെയും ആക്രമണശൈലി വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. പിന്നീട് ബൈച്ചുങ് ഭൂട്ടിയയെയും ഇഷ്ടമായി. വിദേശതാരങ്ങളിൽ ബ്രസീലിെൻറ റൊണാൾഡോയായിരുന്നു ആകർഷിച്ച താരം. എന്നാൽ, കളിയിൽ നമ്മൾ സീരിയസാവുംതോറും നമ്മുടെ സമീപനത്തിലും മാറ്റം വരും. ഏതെങ്കിലും ഒരു പ്ലയറുടെ കളി ഇഷ്ടപ്പെടുന്നതിന് പകരം പല കളിക്കാരുടെയും ഒാരോരോ ഗുണങ്ങൾ നമ്മൾ കണ്ടെത്താൻ തുടങ്ങും. വ്യത്യസ്തരാണ് എല്ലാവരും. ആ വ്യത്യസ്തതയുടെ കളിയഴകിനെ നമ്മൾ ഇഷ്ടപ്പെടാനും അഭിനന്ദിക്കാനും തുടങ്ങും. പിന്നെ, മികച്ച പരിശീലകർക്ക് കീഴിൽ കളിച്ചുവളരാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അവരൊക്കെ എന്നിൽ നന്നായി സ്വാധീനം ചെലുത്തിയിട്ടുണ്ട്.
െഎ.എം. വിജയനൊപ്പം ഒന്നിച്ചു ടീമിലില്ലായിരുന്നെങ്കിലും എതിരാളികളായി ഞങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. കളത്തിന് പുറത്ത് പലപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്
കൗമാരകാലത്ത് ഡൽഹിയായിരുന്നല്ലോ തട്ടകം..?
അച്ഛൻ ആർമിയിലായിരുന്നതിനാൽ ഇന്ത്യയിൽ മിക്കയിടത്തും ഞാൻ ജീവിച്ചിട്ടുണ്ട്. നഴ്സറിക്കാലം ഗാങ്ടോക്കിലും ഡാർജീലിങ്ങിലുമൊക്കെയായിരുന്നു. അക്കാലത്ത് ഇടക്ക് അച്ഛന് കൊൽക്കത്തയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. അവധിക്കാലത്ത് ഞങ്ങൾ ഡാർജീലിങ്ങിൽനിന്ന് കൊൽക്കത്തയിലേക്ക് പോവും. അവിടെ ഫോർട്ട് വില്യമിന് ചുറ്റുമുള്ള പുൽത്തകിടി കണ്ട് ഞാൻ അമ്പരന്നതും തിരിച്ച് ഡാർജീലിങ്ങിലേക്ക് പോവേണ്ട എന്ന് പറഞ്ഞ് വാശിപിടിച്ച് കരഞ്ഞതും അച്ഛൻ പറഞ്ഞുതന്നിട്ടുണ്ട്.
എന്നാൽ, ഡൽഹിയിൽനിന്നാണ് എെൻറ ഫുട്ബാൾ തുടങ്ങുന്നത്. സ്കൂളാകെട്ട, സ്പോർട്സാകെട്ട, പൊതുജീവിതമാകെട്ട; എല്ലാം ഡൽഹിയിൽനിന്നാണ് പഠിച്ചുതുടങ്ങുന്നത്. മനോഹരമാണ് ഡൽഹി. അതെെൻറ ഹൃദയത്തിെൻറ ഭാഗമാണ്.
(ഛേത്രി സന്തോഷ് ട്രോഫിയിൽ ഡൽഹിക്കുവേണ്ടിയാണ് ബൂട്ടുകെട്ടിയത്. ഡൽഹി ഫുട്ബാൾ അസോസിയേഷൻ 2008 മുതൽ ഛേത്രിയുടെ ജന്മദിനമായ ആഗസ്റ്റ് മൂന്ന് 'ഡൽഹി ഫുട്ബാൾ ഡേ' ആയാണ് ആഘോഷിക്കുന്നത്. അദ്ദേഹത്തിെൻറ 37ാം ജന്മദിനത്തിെൻറ സ്മരണക്കായി ഇൗ വർഷം മുതൽ '37 പ്ലസ് ലീഗി'നും തുടക്കമിടുന്നുണ്ട്.)
ഡൽഹിക്കായി ഛേത്രി പലപ്പോഴും പൊതുവേദിയിൽ സംസാരിച്ചിട്ടുണ്ട്..?
അതെ. ഡൽഹിയിൽ മികച്ച ഫുട്ബാൾ ക്ലബ് വേണം. ഒരു ക്ലബുണ്ടെങ്കിലേ കുട്ടികൾക്ക് നല്ല പരിശീലനവും അവസരവും ലഭിക്കൂ. അത്തരം അവസരം ലഭിക്കാതെയാണ് ഞാനൊക്കെ കളിച്ചുവളർന്നത്. അത് വിഷമകരമാണ്. അന്നൊന്നും െഎ ലീഗിൽ ഡൽഹിയിൽനിന്ന് ക്ലബില്ല. കുട്ടികൾ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ചെറുപ്പത്തിൽ പല തവണ തുന്നിക്കൂട്ടിയ ബൂട്ടിട്ട് ഞാൻ കളിച്ചിട്ടുണ്ട്. ഇന്നിപ്പോൾ എെൻറ സ്പോൺസർമാർ ഡസൻകണക്കിന് ബൂട്ട് വർഷംതോറും അയച്ചുതരുന്നുണ്ട്. പക്ഷേ, എനിക്കന്നായിരുന്നു അത് വേണ്ടിയിരുന്നത്. ക്ലബുകൾ കേന്ദ്രീകരിച്ച് ഗ്രാസ്റൂട്ട് ലെവൽ പരിശീലനം എല്ലായിടത്തും വേണം.
ഡൽഹിയിൽനിന്ന് മോഹൻ ബഗാനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?
കുറഞ്ഞ കാലമേ ഡൽഹി സിറ്റി ക്ലബിനായി കളിച്ചിട്ടുള്ളൂ. കളിക്കൊപ്പം പഠനം തരക്കേടില്ലാതെ മുന്നോട്ടുപോയിരുന്നു. വീട്ടിലെ ചിട്ട അതിന് സഹായിച്ചിരിക്കാം. സ്കൂൾ വിട്ടുവന്നാൽ ഞാനും സഹോദരിയും ഹോംവർക്കെല്ലാം വേഗം തീർക്കും. പന്ത്രണ്ടാം ക്ലാസിൽ 74 ശതമാനം മാർക്കുണ്ടായിരുന്നു എനിക്ക്. റിസൽറ്റ് വന്ന് ഏതാനും ദിവസത്തിന് ശേഷം മോഹൻ ബഗാനിൽനിന്നുള്ള വിളിയെത്തി. അവരുടെ പരിശീലനക്കളരിയിലേക്കുള്ള ക്ഷണമാണെന്നാണ് കരുതിയത്. സുബ്രതോ ഭട്ടാചാര്യയായിരുന്നു അന്ന് കോച്ച്. അവിടെ ചെന്ന് ഞാനറിയാതെതന്നെ എന്നെ ട്രയൽസിെൻറ ഭാഗമാക്കി. കരാർ തീരുമാനമായപ്പോൾ അച്ഛനെ വിളിച്ചുവരുത്തി. എനിക്കന്ന് 17 വയസ്സായതിനാൽ പ്രഫഷനൽ കരാറിൽ അച്ഛൻ ഒപ്പുവെച്ചു. മൂന്നുവർഷത്തേക്കായിരുന്നു ആദ്യ കരാർ.
ബഗാനിലെത്തിയപ്പോൾ ബൂട്ടിയക്കൊപ്പം കളിക്കാനായതുതന്നെയാണ് ഏറെ വിലപ്പെട്ടത്. വാക്കുകൾകൊണ്ട് പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണത്. അദ്ദേഹത്തിൽനിന്ന് ഒരുപാട് മനസ്സിലാക്കാനും പഠിക്കാനും ശ്രമിച്ചിട്ടുണ്ട്.
െഎ.എം. വിജയനൊപ്പം ഒന്നിച്ചു ടീമിലില്ലായിരുന്നെങ്കിലും എതിരാളികളായി ഞങ്ങൾ ഏറ്റുമുട്ടിയിട്ടുണ്ട്. കളത്തിന് പുറത്ത് പലപ്പോഴും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. അതൊക്കെ എനിക്ക് അഭിമാനവും സംതൃപ്തിയും നൽകിയ നിമിഷങ്ങളാണ്. ഫുട്ബാളിൽ ഇന്ത്യയുടെ ഇതിഹാസമാണ് െഎ.എം. വിജയൻ.
2009ൽ സ്കോട്ടിഷ് ക്ലബ് സെൽറ്റിക് താങ്കളെ നോട്ടമിെട്ടന്ന വാർത്തക്കു പിന്നാലെയാണ് ഇംഗ്ലീഷ് ലീഗിലെ ക്യൂൻസ് പാർക്ക് റേഞ്ചേഴ്സുമായി (ക്യു.പി.ആർ) താങ്കൾ മൂന്നു വർഷത്തെ കരാറൊപ്പിടുന്നത്. താങ്കളുടെ കളിജീവിതത്തിെല വഴിത്തിരിവായേക്കാവുന്ന സന്ദർഭം. എന്നാൽ, ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 70ാം റാങ്കിന് പിറകിലാണെന്ന കാരണത്താൽ ബ്രിട്ടൻ വർക്ക് പെർമിറ്റ് നൽകിയില്ല. നിരാശ തോന്നിയിരുന്നോ?
ഇല്ല. ഇന്ത്യക്കാരനായതിൽ എപ്പോഴും അഭിമാനിക്കുന്നയാളാണ് ഞാൻ. ഒരുപക്ഷേ, പട്ടാള കുടുംബത്തിൽ വളർന്നതുകൊണ്ട് അതിത്തിരി കൂടുതലാവാം. വിദേശത്ത് കളിക്കുക എന്നത് എെൻറ സ്വപ്നമായിരുന്നു. അതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. എെൻറ പരിധിക്കുമപ്പുറത്തായിരുന്നു ചില കാര്യങ്ങൾ. അവസരം ലഭിച്ചിട്ടും നിയമപരമായ തടസ്സങ്ങൾ മുന്നിൽ വരുേമ്പാൾ നിർഭാഗ്യമെന്നല്ലാതെ എന്തു പറയാൻ! ഫുട്ബാൾ അസോസിയേഷെൻറ തീരുമാനത്തിനെതിരെ അപ്പീൽ പോയിരുന്നു. ആറ് ജഡ്ജിമാരിൽ മൂന്നുപേർ അനുകൂലമായും മൂന്നുപേർ എതിരായും നിന്നു.
ഇന്ത്യയിൽ എല്ലായിടത്തും ഫുട്ബാൾ സ്വീകരിക്കപ്പെടുന്നില്ല എന്നത് ശരിയല്ല. എല്ലാ നഗരത്തിലും പിന്തുണക്കുന്നവരുണ്ട്. പ്രത്യേകിച്ചും യൂറോപ്യൻ ഫുട്ബാളിനെയൊക്കെ നന്നായി മനസ്സിലാക്കി പിന്തുടരുന്നവരുണ്ട്. ഒാരോ മത്സരത്തിന് മുമ്പും ഒാൺലൈനിൽ പിന്തുണ നൽകുന്ന ഒേട്ടറെ ആരാധകരുണ്ട്
ഇതൊക്കെ ജീവിതത്തിൽ സംഭവിക്കുന്നതാണ്. നമ്മൾ തെളിക്കുന്ന വഴിയെ തന്നെ നമ്മുടെ കരിയർ നീങ്ങണമെന്നില്ല. കഠിനമായി പരിശ്രമിച്ചിട്ടും എനിക്ക് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതിനെ മറികടക്കുകയാണ് പ്രധാനം. ജീവിതം നിറയെ അവസരങ്ങളുടേതാണ്. ഒരു വഴിയടഞ്ഞാൽ മറുവഴി തെളിയും. അതാണ് പിന്നീടെനിക്ക് സംഭവിച്ചത്.
പിന്നീട് കൻസാസ് സിറ്റി വിസാർഡ്സിലും സ്പോർട്ടിങ് ക്ലബ് പോർചുഗലിലും കളിച്ചു. അതെത്രത്തോളം ചേത്രിയിലെ പ്രതിഭയെ പരുവപ്പെടുത്താൻ സഹായിച്ചു?
കളിയുടെ കാര്യത്തിൽ ഒാരോ രാജ്യവും ഒാരോ ലീഗും ഒരുപോലെയാണ്. നമ്മൾ എവിടെ കളിച്ചാലും അവിടെനിന്ന് സ്വായത്തമാക്കുന്ന പാഠങ്ങളാണ് നമ്മളെ മാറ്റിയെടുക്കുന്നത്. ചിലപ്പോൾ അത് ഗ്രൗണ്ടിൽ നടപ്പാക്കുന്ന തന്ത്രങ്ങളാവാം, ക്ലബിെൻറ സംസ്കാരമാവാം, അല്ലെങ്കിൽ ആ നഗരത്തിെൻറ സംസ്കാരമാവാം. ഇന്ത്യയിലായാലും വിദേശത്തായാലും ഒാരോ ചലനവും എന്നെ ഒരുപാട് പഠിപ്പിച്ചിട്ടുണ്ട്. കളത്തിനകത്തും പുറത്തും ഛേത്രിയെന്ന ഞാൻ ഇന്ന് ആരാണോ; അതിലേക്ക് എന്നെ പരുവപ്പെടുത്തിയത് ആ പാഠങ്ങളാണ്.
കൻസാസ് സിറ്റി വിസാർഡ്സിലും സ്പോർട്ടിങ് ക്ലബിലും കളിക്കുേമ്പാൾ എത്ര ഉന്നതനിലവാരത്തിലാണ് അവർ കളിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാനും അതിനായി കഠിനാധ്വാനം ചെയ്തു. ഇന്ത്യയിൽ തിരിച്ചെത്തിയിട്ടും ഞാനത് തുടർന്നു. മൈതാനത്ത് നമ്മുടെ പരമാവധി സമർപ്പിക്കുക എന്നതു മാത്രമേ കളിക്കാരനെന്ന നിലയിൽ മെച്ചപ്പെടാൻ നമുക്കു മുന്നിലുള്ളൂ എന്നാണ് ഞാൻ വിദേശത്തുനിന്ന് പഠിച്ച പാഠം.
കൻസാസിൽ പ്രീ സീസണിൽ ഏഴു കളിയിൽനിന്ന് രണ്ട് ഹാട്രിക് അടക്കം 14 ഗോൾ ഞാൻ നേടി. ഞാൻ ടീമിലുണ്ടാവുമെന്ന് മനസ്സുപറഞ്ഞു. പക്ഷേ, ഏക സ്ട്രൈക്കറെ മുന്നിൽനിർത്തിയുള്ള കളിശൈലിയായിരുന്നു അന്ന് അവരുടേത്. കെയ് അൻസു കമാറ ഫസ്റ്റ് ചോയ്സായി അവർക്കു മുന്നിലുണ്ടായിരുന്നു. ഞാനെപ്പോഴും ബെഞ്ചിലായി. അപൂർവമായി മാത്രം കിട്ടുന്ന അവസരങ്ങളിൽ ഏതാനും മിനിറ്റുകൾ കളത്തിലിറങ്ങിയാലായി. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. ഏഷ്യൻ കപ്പിനുള്ള ദേശീയ ക്യാമ്പ് ബോബ് ഹൂട്ടന് കീഴിൽ നടക്കുന്നുണ്ടായിരുന്നു. കൻസാസിൽ പ്ലേ ടൈം കിട്ടുന്നില്ലെങ്കിൽ തിരിച്ചുവരാൻ അദ്ദേഹം ഉപദേശിച്ചു.
പിന്നീട് സ്പോർട്ടിങ് ക്ലബ് പോർചുഗലിൽ ചേർന്നെങ്കിലും ബി ടീമിലേക്കാണ് എന്നെ കോച്ച് മാറ്റിയത്. െസക്കൻഡ് ടീമിൽ കുറച്ചുകാലം കളിച്ചു. അവിടെ തുടരേണ്ടതില്ല എന്നുതോന്നി. റിലീസ് തുക നൽകാനില്ലാത്തതിനാൽ മാനേജ്മെൻറിെൻറ പ്രത്യേക അനുവാദത്താൽ ഇന്ത്യയിലേക്കുതന്നെ മടങ്ങി.
പ്രഫഷനൽ കരിയറിൽ 20 വർഷങ്ങൾ. ഇത്രയും കാലത്തിനിടെ നിരവധി ക്ലബുകൾക്കായി ബൂട്ടുകെട്ടി. എന്നാൽ, ബംഗളൂരു എഫ്.സിയിലെ സ്ഥിതി വ്യത്യസ്തമാണ്. തികച്ചും പ്രഫഷനലായ ക്ലബും ആരാധകരും. എന്തു പറയുന്നു?
ശരിയാണ്. ഇത്രയധികം കാലം ക്ലബിൽ തുടരുമെന്ന് ബംഗളൂരു എഫ്.സിയിൽ ചേരുേമ്പാൾ ഞാൻ വിചാരിച്ചിട്ടില്ല. സ്പോർട്ടിങ് ക്ലബ് പോർചുഗലിലെ കരാർ പൂർത്തിയായതോടെ 2013ൽ ബംഗളൂരു എഫ്.സിക്കൊപ്പം ചേർന്നു. ആഷ്ലി വെസ്റ്റ്വുഡിന് കീഴിൽ അതൊരു നല്ല തുടക്കമായിരുന്നു. ക്ലബിെൻറ ആദ്യ മത്സരം മുതൽ ഞാൻ കൂടെയുണ്ട്. വേറൊരു ക്ലബിലും ഇത്ര നീണ്ട കാലം ഞാൻ കളിച്ചിട്ടില്ല. ക്ലബും മാനേജ്മെൻറും ആരാധകരും എനിക്ക് പ്രിയപ്പെട്ടവരാണ്. ബംഗളൂരു നഗരം ഇപ്പോൾ എനിക്ക് വീടാണ് (ബംഗളൂരുവിലാണ് ഛേത്രിയുടെ വീട്). ടീമിൽ ചേരുേമ്പാൾ ആരാധകർ നൽകിയ ആദ്യത്തെ സ്വീകരണംതന്നെ ആവേശം നൽകുന്നതായിരുന്നു. ഗാലറിയിൽ അവർക്കൊപ്പമിരുന്ന് കളി ആസ്വദിച്ചിട്ടുണ്ട്. ടീം തോറ്റാലും ജയിച്ചാലും അവർ പിന്തുണ നൽകുന്നു. അത് വലിയ കാര്യമാണ്. തുടർന്ന് നന്നായി കളിക്കാൻ അത് പ്രേരിപ്പിക്കും.
മലയാളികളായ ആഷിഖ് കുരുണിയനും ലിയോൺ അഗസ്റ്റിനും ടീമിൽ സഹകളിക്കാരാണല്ലോ?
ഒന്നാന്തരം യുവ താരങ്ങളാണ് ഇരുവരും. പരിശീലനത്തിലായാലും മത്സരത്തിലായാലും നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന ആഷിഖും ലിയോണും കരിയറിൽ മികച്ച നേട്ടമുണ്ടാക്കുമെന്നതിൽ സംശയമില്ല.
കൊൽക്കത്തയിലും കേരളത്തിലും നിറഞ്ഞ ഗാലറിക്ക് മുന്നിൽ ഛേത്രി കളിച്ചിട്ടുണ്ട്. പക്ഷേ, ഇൻറർകോണ്ടിനൻറൽ കപ്പിൽ കെനിയക്കെതിരായ മത്സരത്തിന് ദേശീയ ടീമിനെ പിന്തുണക്കാൻ ആരാധകരോട് മുംബൈയിലെ സ്റ്റേഡിയത്തിലെത്താൻ താങ്കൾക്ക് അഭ്യർഥിക്കേണ്ടി വന്നു. നോർത്ത് ഇൗസ്റ്റിനും ബംഗാളിനും കേരളത്തിനും ഗോവക്കുമപ്പുറം ഫുട്ബാൾ ഇപ്പോഴും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ?
ലളിതമായി പറഞ്ഞാൽ ആരാധകർ ഫുട്ബാളിെൻറ ആത്മാവാണ്. എെൻറ ടീമിനെ പിന്തുണക്കുന്നവരായാലും എതിർ ടീമിനെ പിന്തുണക്കുന്നവരായാലും ഗാലറിയിൽ അവരില്ലാതെ കളി പൂർണമാവില്ല. കൊൽക്കത്തയും കേരളവുമൊക്കെ ഇക്കാര്യത്തിൽ ഇന്ത്യയിലെ അപൂർവ ദേശങ്ങളാണ്. ഇൗ നാടുകളിൽ സ്ഥിരമായി ആരാധകർ ഗാലറി നിറച്ച് ആർത്തുവിളിക്കുന്നതിൽ അത്ഭുതമില്ല. രണ്ടിടത്തും ഞാൻ കളി നന്നായി ആസ്വദിച്ചിട്ടുണ്ട്. കൊൽക്കത്തയിലും കേരളത്തിലും ഇനിയും കളിക്കണമെന്നാണ് ആഗ്രഹം.
ഇന്ത്യയിൽ എല്ലായിടത്തും ഫുട്ബാൾ സ്വീകരിക്കപ്പെടുന്നില്ല എന്നത് ശരിയല്ല. എല്ലാ നഗരത്തിലും പിന്തുണക്കുന്നവരുണ്ട്. പ്രത്യേകിച്ചും യൂറോപ്യൻ ഫുട്ബാളിനെയൊക്കെ നന്നായി മനസ്സിലാക്കി പിന്തുടരുന്നവരുണ്ട്. ഒാരോ മത്സരത്തിന് മുമ്പും ഒാൺലൈനിൽ പിന്തുണ നൽകുന്ന ഒേട്ടറെ ആരാധകരുണ്ട്. സമൂഹമാധ്യമത്തിൽ ഞാനിടുന്ന നോട്ടിഫിക്കേഷനിൽ സ്നേഹവും പിന്തുണയും അർപ്പിച്ചുള്ള മെസേജുകൾ വന്ന് നിറയാറുണ്ട്. നോർത്ത് ഇൗസ്റ്റും ബംഗാളും കേരളവും ഗോവയുമൊക്കെ രാജ്യത്തെ യഥാർഥ ഫുട്ബാൾ ഹബുകളാണ്. എന്നാൽ, ഇവക്കുമപ്പുറത്തേക്ക് ഫുട്ബാൾ വളർന്നുതുടങ്ങിയിരിക്കുന്നു എന്നാണ് എെൻറ അനുഭവം.
ഇന്ത്യൻ ഫുട്ബാൾ മാറുകയാണോ?
അതെ. അതാണ് ഞാൻ നേരത്തേ സൂചിപ്പിച്ചത്. ഇന്ത്യൻ ഫുട്ബാളിൽ മാറ്റം സംഭവിക്കുന്നു. ഞാനൊക്കെ കളി പഠിക്കുന്ന കാലത്ത് മികച്ച സൗകര്യങ്ങൾ അത്രയെളുപ്പം ലഭ്യമല്ലായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ശരിയായ ദിശയിലാണിപ്പോൾ നമ്മൾ നീങ്ങുന്നത്. ഗ്രാസ് റൂട്ട് ലെവൽ പരിശീലനങ്ങൾ പലയിടത്തും നടക്കുന്നുണ്ട്. എല്ലാ ക്ലബുകളിലും നഗരങ്ങളിലും ഇത് തുടരണം. അങ്ങനെയെങ്കിൽ സ്ഥിതി ഇതിലും മെച്ചപ്പെടും. ഇന്ത്യയിൽ പ്രതിഭകൾക്ക് പഞ്ഞമൊന്നുമില്ല.
ദേശീയ ടീമിൽ ഒരുപിടി മികച്ച യുവതാരങ്ങളാണുള്ളത്. ഭാവിയിൽ മികച്ച നേട്ടങ്ങൾ രാജ്യം ൈകവരിക്കണമെങ്കിൽ യുവപ്രതിഭകളെ ക്ലബുകൾ വാർത്തെടുക്കണം. മാധ്യമങ്ങൾ ഫുട്ബാളിനെ കുറിച്ച് സംസാരിക്കണം. പ്രതിഭ പ്രകടിപ്പിക്കുന്ന കുട്ടികളിലേക്ക് കാമറ തിരിക്കണം.
െഎ.എസ്.എല്ലിൽ പുതിയ നിയമം വരുകയാണല്ലോ. ഒരേസമയം ഏഴു സ്വദേശി താരങ്ങൾ കളത്തിലുണ്ടാവണമെന്ന പുതിയ നിബന്ധന ലീഗിനും ഇന്ത്യൻ കളിക്കാർക്കും ഗുണംചെയ്യുമോ?
അതെ. കൂടുതൽ ഇന്ത്യൻ താരങ്ങൾ കളത്തിലുണ്ടാവുന്നത് ശുഭകരമാണ്. എത്ര മികച്ച പരിശീലനം ലഭിച്ചാലും കൂടുതൽ ഗെയിം ടൈം കിട്ടുക എന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യത്തെ ഫുട്ബാളിനും ദേശീയ ടീമിനും അത് ഗുണം ചെയ്യും.
എല്ലാ മേഖലയിലുമെന്നപോലെ കോവിഡ് കാലം കളിയെയും കളിക്കാരെയും പല രീതിയിൽ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ താങ്കൾക്കും കുടുംബത്തിനും കോവിഡ് ബാധിച്ചിരുന്നു. തുടർന്ന് താങ്കളുടെ ഒൗദ്യോഗിക ട്വിറ്റർ പേജ് കോവിഡ് ദുരന്തമുഖത്തെ സന്നദ്ധസഹായത്തിനായി താങ്കൾ തുറന്നുനൽകി. എങ്ങനെയായിരുന്നു ആ ദുരിതകാലം പിന്നിട്ടത്?
കോവിഡിനെ കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടും പിടിപെടാതിരിക്കാൻ മുൻകരുതലുകളെടുത്തിട്ടും എങ്ങനെയോ എന്നെയും കോവിഡ് ബാധിച്ചു. പലരെയും കോവിഡ് എത്രമാത്രം ദുരിതത്തിലാക്കിയെന്ന് എനിക്കപ്പോൾ മനസ്സിലായി. മരുന്നും വിവരങ്ങളും തേടിയുള്ള ആളുകളുടെ സന്ദേശങ്ങൾകൊണ്ട് സമൂഹമാധ്യമങ്ങൾ നിറയുന്നത് കണ്ടു. ഇതോടെ എെൻറ സമൂഹമാധ്യമ അക്കൗണ്ട് ഇത്തരം സഹായത്തിനായി ഉപയോഗപ്പെടുത്താമെന്നും ഇത്രയധികം ഫോളോവേഴ്സുള്ള എെൻറ പേജ് വിട്ടുനൽകിയാൽ അത് ഏറെ പേർക്കും ഗുണം ചെയ്യുമെന്നും തോന്നി. ഇത്തരം സന്ദർഭങ്ങളിൽ ഒാരോ ചെറിയ പ്രവർത്തനവും വലിയ സഹായമായാണ് മാറുക.
കൊൽക്കത്തൻ കാലത്തെ പരിചയത്തിൽ തുടങ്ങി വിവാഹത്തിലെത്തി സോനവുമായുള്ള ബന്ധം. എന്തു പറയുന്നു?
സോനവുമായി എെൻറ കൗമാരകാലത്തുള്ള പരിചയമാണ്. 13 വർഷം ഞങ്ങൾ പ്രണയത്തിലായിരുന്നു. ഇപ്പോഴുമതെ. എെൻറ വിവാഹശേഷം ഏറെ ദിവസം വീട്ടിൽ കഴിയാനായി എന്നതാണ് ലോക്ഡൗണിെൻറ മറ്റൊരു വശം. കുടുംബമെന്ന നിലക്ക് ഒന്നിച്ച് ഒരുപാട് സമയം ചെലവഴിക്കാനാവുന്നത് നല്ല കാര്യമാണ്. പ്രഫഷനൽ ഫുട്ബാളറെ മനസ്സിലാക്കാൻ കഴിയുന്ന അവളെപോലൊരാൾ എെൻറ കൂടെയുണ്ടെന്നത് എനിക്കാശ്വാസമാണ്.
ആഗസ്റ്റ് മൂന്നിന് 37 വയസ്സ് തികഞ്ഞു ഛേത്രിക്ക്. ഇപ്പോഴും ദേശീയ ടീമിൽ പകരം വെക്കാനില്ലാത്ത സ്ട്രൈക്കറാണ് താങ്കൾ. ഏറ്റവുമൊടുവിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ അത് തെളിയിക്കുന്നു. എന്താണ് ഫിറ്റ്നസിെൻറ രഹസ്യം?
ഞാൻ തുടക്കത്തിൽ പറഞ്ഞപോലെ, അച്ചടക്കവും കൃത്യനിഷ്ഠയും ചെറുപ്പത്തിലേ എെൻറ ജീവിതത്തിെൻറ ഭാഗമായതാണ് അതിന് കാരണം. യുവതാരങ്ങൾക്കൊപ്പം മത്സരക്ഷമതയോടെ കളത്തിൽ നിലനിൽക്കാൻ അതെന്നെ സഹായിക്കുന്നുണ്ട്. പരിശീലനത്തിലായാലും മത്സരത്തിലായാലും എെൻറ നൂറു ശതമാനം ശേഷിയും പുറത്തെടുക്കാനാണ് ശ്രമിക്കാറ്. ഇത്രയും വർഷങ്ങൾകൊണ്ട് ഞാൻ കൂടുതൽ അച്ചടക്കമുള്ളവനായി മാറിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഫുട്ബാൾ ഞാൻ ആസ്വദിക്കുകയും ടീമിനായി സംഭാവന ചെയ്യുകയും ചെയ്യുന്നിടത്തോളം കാലം ഞാൻ ൈമതാനത്ത് തുടരും.
പുൽമൈതാനത്തെ പ്രണയം
ഇന്ത്യൻ ഫുട്ബാളിെൻറ പ്രണയഗേഹമായ കൊൽക്കത്തയുടെ പുൽമൈതാനത്ത് മൊട്ടിട്ടതാണ് സുനിൽ ഛേത്രിയുടെ പ്രണയം. തെൻറ പ്രണയകാലത്തെ കുറിച്ച് ഛേത്രി 'ഹ്യൂമൻസ് ഒാഫ് ബോംബെ' എന്ന ബ്ലോഗിൽ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. കോച്ച് സാക്ഷാൽ സുബ്രതോ ഭട്ടാചാര്യയുടെ കീഴിൽ മോഹൻബഗാനിൽ കളിക്കുന്ന കാലം. അന്ന് വയസ്സ് വെറും 18. പ്രിയശിഷ്യനായ ചേത്രിയെ കുറിച്ച് പതിവു സംസാരത്തിനിടെ സുബ്രതോ 15കാരിയായ മകൾ സോനം ഭട്ടാചാര്യയോട് പറയാറുണ്ടായിരുന്നു. ഒരുദിവസം അച്ഛെൻറ ഫോണിൽനിന്ന് നമ്പർ കണ്ടുപിടിച്ച് ഛേത്രിക്ക് സോനം മെസേജയച്ചു.
''ഹായ്...ഞാൻ സോനം. നിങ്ങളുടെ വലിയ ആരാധികയാണ്. എനിക്കൊന്ന് കാണാൻ പറ്റുമോ?''
ആരാണ് ഇൗ സോനം എന്ന് തനിക്ക് ഒരു പിടിയുമുണ്ടായിരുന്നില്ലെന്ന് ഛേത്രി. ആ മെസേജിലെ വാചകങ്ങൾ കണ്ടപ്പോൾ പാവമാണെന്ന് തോന്നി കാണാൻ തീരുമാനിച്ചു. അങ്ങനെ നേരിട്ട് കണ്ടപ്പോൾ അവൾ വെറുമൊരു കുട്ടിയാണെന്ന് മനസ്സിലായി. ''നീ കുട്ടിയാണ്, പോയി പഠിക്കൂ...'' എന്നായിരുന്നു അവളോടുള്ള ആദ്യ ഉപദേശം.എന്നാൽ, അവളുമായുള്ള കൂടിക്കാഴ്ചയിൽ എന്തൊെക്കയോ മനസ്സിൽ തങ്ങിയതിനാൽ ഇരുവരും പരസ്പരം മെസേജ് അയക്കുന്നത് തുടർന്നു.
ഒരുദിവസം കോച്ച് സുബ്രതോയുടെ ഫോൺ തകരാറിലായി. തെൻറ ഫോണൊന്ന് പരിശോധിച്ചുനോക്കാൻ പറഞ്ഞ് അദ്ദേഹം ഛേത്രിക്ക് ഫോൺ കൈമാറി. അത് പരിശോധിച്ച് നന്നാക്കുന്നതിനിടെ അദ്ദേഹത്തിെൻറ ഫോണിലേക്ക് മകളുടെ കാൾ വന്നു. പരിചയമുള്ള നമ്പറാണല്ലോ എന്ന് ഛേത്രിക്കും തോന്നി. നോക്കിയപ്പോൾ സോനത്തിെൻറ നമ്പർ! ഛേത്രിയാകെ വിളറി.
ഉടനെ സോനത്തെ വിളിച്ചു. കോച്ചിെൻറ മകളുമായി താൻ ചാറ്റ് ചെയ്യുന്ന കാര്യം അദ്ദേഹമറിഞ്ഞാൽ തെൻറ കരിയർ അതോടെ തീരുമെന്ന് പറഞ്ഞു. സോനവുമായുള്ള എല്ലാ ബന്ധവും അന്നത്തോടെ അവസാനിപ്പിക്കാൻ ശപഥം ചെയ്തു. അവളാകെട്ട സത്യം പറയാത്തതിന് ക്ഷമ ചോദിക്കുകയും ചെയ്തു.സംഭവം നടന്ന് രണ്ടു മാസം കഴിഞ്ഞു. ഛേത്രിയുടെ മനസ്സിലപ്പോഴും അവളുണ്ടായിരുന്നു. അവളൊപ്പമുണ്ടാവുന്നതാണ് മനസ്സിന് ഏറെ സന്തോഷം പകരുന്നതെന്ന് തോന്നി. പിന്നെ ഛേത്രിതന്നെ സോനത്തിന് മെസേജ് അയച്ചു. അധികം വൈകാതെ തമ്മിൽ കണ്ട് സംസാരിക്കാൻ തുടങ്ങി. കളിക്കായി നിരന്തരം യാത്രയായതിനാൽ തങ്ങളുടെ കൂടിക്കാഴ്ച വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമായിരുന്നെന്ന് ഛേത്രി പറയുന്നു. ആരുമറിയാതെയായിരുന്നു ഇതെല്ലാം.
സിനിമക്ക് പോവുേമ്പാൾ ആദ്യം ചെന്ന് രണ്ട് ടിക്കറ്റെടുക്കും. ഒരു ടിക്കറ്റ് അവളുടെ പേരിൽ കൗണ്ടറിൽ ഏൽപിക്കും. ആദ്യം ഛേത്രി തിയറ്ററിനകത്ത് കയറും. പത്തു മിനിറ്റ് കഴിഞ്ഞാവും സോനം വരുക. വർഷം കഴിയുംതോറും ബന്ധവും ഉൗഷ്മളമായി. പിന്നീട് മൈതാനത്ത് ഛേത്രി തിളങ്ങുേമ്പാെഴല്ലാം ഗാലറിയിൽ ആർപ്പുവിളിക്കാൻ അവളുമുണ്ടായിരുന്നു.
നീണ്ട 13 വർഷത്തെ പ്രണയത്തിനൊടുവിൽ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. അവളുടെ പിതാവിനോട് പറയണം. എങ്ങനെ പറയും? സോനത്തിെൻറ വീട്ടിലേക്ക് നടക്കുേമ്പാൾ ഛേത്രിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.
വീട്ടിലെത്തി അദ്ദേഹത്തെ കണ്ടു. കളത്തിനകത്തെയും പുറത്തെയും സകലമാന കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഒടുവിൽ ധൈര്യം സംഭരിച്ച് ഛേത്രി പറഞ്ഞു:
''സർ, എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണ്. അവൾക്ക് എന്നെയും ഇഷ്ടമാണെന്നാണ് കരുതുന്നത്...'' ''ആ...ആ...ശരി...ശരി'' -ഇതും പറഞ്ഞ് അദ്ദേഹം ബാത്ത്റൂമിലേക്ക് പോയി. തിരിച്ചുവരുേമ്പാൾ വിവാഹജീവിതത്തിലേക്കുള്ള സെലക്ഷൻ ഉത്തരവ് അദ്ദേഹം വാക്കാൽ നൽകി. അങ്ങനെ 2017 ഡിസംബർ നാലിന് ഇരുവരും വിവാഹിതരായി.തെൻറ കരിയറിലെ നേട്ടങ്ങൾക്ക് പിന്നിൽ പ്രചോദനമായി എന്നും സോനം കൂടെയുണ്ടായിരുന്നത് ഛേത്രി നന്ദിയോടെ ഒാർക്കുന്നു. ''ഞാൻ ആരുമല്ലാതിരിക്കുേമ്പാൾ, അഞ്ചു കാശ് കൈയിലില്ലാതിരുന്നിട്ടും അവൾ കൂടെയുണ്ടായിരുന്നു. എെൻറ ആദ്യ ജയത്തിലും തോൽവിയിലും അവൾ കൂടെയുണ്ടായിരുന്നു. ഞാൻ ക്യാപ്റ്റനായപ്പോഴും അവളവിടെത്തന്നെയുണ്ടായിരുന്നു. അവളില്ലാതെ എനിക്കെെൻറ കഴിഞ്ഞകാലം സങ്കൽപിക്കാനാവില്ല; എെൻറ വരുംകാലവും. ഇപ്പോഴും എെൻറ വലിയ ആരാധികയെന്നാണ് അവൾ സ്വയം വിശേഷിപ്പിക്കുന്നത്. വിസ്മയത്തോടെയാണ് ഞാനവളെ കാണുന്നതെന്ന് അവൾക്കുമറിയാം...'' -ഛേത്രി കുറിച്ചു.