''മഴയുടെ സംഗീതം പോലൊരു കാഥികജീവിതം''; ടി.പത്മനാഭൻ ജീവിതം, എഴുത്ത്, നിലപാടുകൾ എന്നിവ പങ്കുവെക്കുന്നു
തൊണ്ണൂറ്റിനാലിലേക്ക് നടക്കുകയാണ് മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. ധിക്കാരത്തോടെ, കണിശതയോടെ, ആത്മവിശ്വാസത്തോടെ അദ്ദേഹം കഥ എഴുതുന്നു, സാഹിത്യം സംസാരിക്കുന്നു. വായനക്കാരെയും എഴുത്തുകാരെയും ഇവർക്കിടയിൽ തന്റെ സ്ഥാനത്തെയും കുറിച്ച് പുതുകാല കഥാകൃത്തിനോട് അദ്ദേഹം തുറന്നുപറയുന്നു.ഏതൊരു വായനക്കാരനും അത്രമാത്രം സ്വന്തമായ ഒരെഴുത്തുകാരനുണ്ടായിരിക്കും. പത്മനാഭന് എന്ന വാക്കിന് എന്റെ വൈയക്തിക...
Your Subscription Supports Independent Journalism
View Plansതൊണ്ണൂറ്റിനാലിലേക്ക് നടക്കുകയാണ് മലയാളകഥയുടെ കുലപതി ടി. പത്മനാഭൻ. ധിക്കാരത്തോടെ, കണിശതയോടെ, ആത്മവിശ്വാസത്തോടെ അദ്ദേഹം കഥ എഴുതുന്നു, സാഹിത്യം സംസാരിക്കുന്നു. വായനക്കാരെയും എഴുത്തുകാരെയും ഇവർക്കിടയിൽ തന്റെ സ്ഥാനത്തെയും കുറിച്ച് പുതുകാല കഥാകൃത്തിനോട് അദ്ദേഹം തുറന്നുപറയുന്നു.
ഏതൊരു വായനക്കാരനും അത്രമാത്രം സ്വന്തമായ ഒരെഴുത്തുകാരനുണ്ടായിരിക്കും. പത്മനാഭന് എന്ന വാക്കിന് എന്റെ വൈയക്തിക നിഘണ്ടുവില്‍ വെളിച്ചം എന്നാണർഥം. അതിന്റെ തുടർച്ചയിലാണ് 'പത്മനാഭം: ഒരനുവാചകന്റെ ആത്മകഥ' എന്ന പുസ്തകം സംഭവിക്കുന്നത്. ആ ഇഷ്ടങ്ങളുടെ തുടർച്ചയിൽ അക്ഷരസുഗന്ധം പരത്തുന്ന മഹാവൃക്ഷേത്താട് സംവദിക്കുകയാണിവിടെ.
അങ്ങയുടെ കഥകള്‍ വായിച്ച് ഒരുപാടുപേര് ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പലരും അങ്ങയുടെ സാഹിത്യത്തെപ്പറ്റി എഴുതി, പ്രസംഗിച്ച്, ഒരിക്കല്‍ താങ്കള്‍ പറഞ്ഞതോര്‍ക്കുന്നു. ഇനിയൊരു ജന്മമുണ്ടെങ്കിലൊരിക്കലും സാഹിത്യകാരനാകണ്ടായെന്ന്! അതേസമയം, അങ്ങുതന്നെ വ്യക്തമാക്കിയിട്ടുണ്ട്, കഥാകാരനായതില് സംതൃപ്തിയുണ്ടെന്നും ധന്യത അനുഭവിക്കുന്നെന്നും. ഒറ്റനോട്ടത്തില്‍ ഇതില്‍ വൈരുധ്യങ്ങളില്ലേ?
എഴുത്തുകാരുടേയും അവരുടെ കൂട്ടായ്മകളുടേയും ഒക്കെയുള്ള ചില പെരുമാറ്റങ്ങള്‍ കണ്ടുള്ള മടുപ്പും ചെടിപ്പുംകൊണ്ടായിരുന്നു ആദ്യത്തെ പ്രതികരണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുപോലും പ്രസിദ്ധനായ ഒരു പത്രാധിപരോട് ഫോണില്‍ സംസാരിക്കുമ്പോള്‍ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എന്റെ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതുകൊണ്ടോ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രസാധകര് വരാത്തതുകൊണ്ടോ എന്റെ കഥകള്‍ക്ക് അംഗീകാരം കിട്ടാത്തതുകൊണ്ടോ അല്ലായിരുന്നു അത്. സാംസ്കാരികലോകത്തെ വൃത്തികേടുകള്‍ കണ്ടുള്ള അസഹനീയതമൂലമായിരുന്നു. സാഹിത്യത്തിന് ഒരു സദുദ്ദേശ്യം ഉണ്ടായിരിക്കണം. മഹത്തായ ലക്ഷ്യം ഉണ്ടാകണം എന്നൊക്കെ എഴുതാന്‍ തുടങ്ങിയകാലം മുതല്‍ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്റെ വിശ്വാസങ്ങള്‍ തെറ്റായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അത് പ്രധാനമാണ്. താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഇതുവരെ ഞാനെന്റെ വിശ്വാസങ്ങളെ ബലികൊടുത്തിട്ടില്ല. രചനകള്‍ പ്രസിദ്ധീകരിക്കലോ അംഗീകാരം കിട്ടലോ മാത്രമായിരിക്കരുത് എഴുത്തുകാരന്റെ ജീവിതലക്ഷ്യങ്ങള്‍. ഇവിടെ ഇരുട്ടു പടരുകയാണ്. മറ്റുള്ളവരെ കുറ്റം പറയും. പക്ഷേ, തന്റെ കാര്യലാഭത്തിനുവേണ്ടി എന്ത് വൃത്തികെട്ട പണിയുമെടുക്കും. അതാണിവിടെ ഏറെയും. അതൊക്കെ കാണുമ്പോള്‍ എഴുത്തുകാരന് എന്നനിലക്ക് ആത്മനിന്ദ തോന്നും. ഈ അന്ധകാരം കാണുമ്പോള്‍ എഴുത്തുകാരനാകേണ്ടിയിരുന്നില്ല എന്നും തോന്നും. ഇനി രണ്ടാമത്തെ കാര്യം: എനിക്ക് പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളത് പറയാനും എഴുതാന്‍ ഉദ്ദേശിച്ചിട്ടുള്ളത് എഴുതാനും കഴിഞ്ഞു. വായനസമൂഹം അത് സ്വീകരിക്കുകയും ചെയ്തു. നിങ്ങള്‍തന്നെ പറഞ്ഞു. എന്റെ കഥകള്‍ വായിച്ച് ഒരുപാടുപേര് ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ടെന്ന്. ധന്യതയല്ലേയത്.
ഈ ലോകത്തുള്ള എല്ലാവരും വായനക്കാരായിരുന്നെങ്കില് എന്നാഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെയെങ്കില്‍ ഈ ലോകം കൂടുതല്‍ സുന്ദരമാകുമായിരുന്നില്ലേ?
ഈ ലോകം സുന്ദരമായിരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വായനക്കാരില്‍ മാനവികത കൂടുമെന്നും വിശ്വാസമുണ്ട്. അതായിരിക്കണം വായിപ്പിക്കുന്നവന്റെ ലക്ഷ്യവും. പക്ഷേ, എന്തുചെയ്യാം. ഒരിക്കലും എല്ലാവരും നല്ലവരാകില്ല. അത് പ്രകൃതിയുടെ മിസ്റ്റേക്കോ വാശിയോ ആണ്! അതുപോലെ എല്ലാവര്ക്കും വായനക്കാരോ എഴുത്തുകാരോ ആകാനാകില്ല. പ്രകൃതിക്ക് അതിന്റേതായ നിശ്ചയങ്ങളുണ്ട്. വായനയും 'വായന'യുമുണ്ട്. നിങ്ങള്‍ എന്താണ് വായിക്കുന്നത്? ദാഹിക്കുന്നവന് എന്തെങ്കിലും കുടിക്കണം. എന്നുവെച്ച് വിഷം കുടിക്കാന്‍ പറ്റുമോ? അപ്പോഴും ഒരുപക്ഷേ ദാഹം തീര്‍ന്നേക്കാം. എന്നാല്‍...? മനുഷ്യമനസ്സിനെ ഒന്നുകൂടി പ്രകാശപൂരിതമാക്കുന്നത് ഒന്നുകൂടി വിശാലമാക്കുന്നത് അല്ലെങ്കില്‍, എല്ലാ ജീവജാലങ്ങള്‍ക്കും സഹായം നല്കാന് ഉതകുന്ന ഒരു മനഃസ്ഥിതിയുള്ളവരാക്കിത്തീര്ക്കുന്ന... അത്തരം കൃതികള്‍ വായിച്ചാല്‍ ഈ ലോകം ജീവിക്കത്തക്കവിധമാകും. നേരത്തേ പറഞ്ഞ വിഷമാണ് വായിക്കുന്നതെങ്കില്‍ ജീവിതം ദുസ്സഹമാകുകയും ചെയ്യും. ചിലത് ഒറ്റനോട്ടത്തില്‍ വിഷമാണെന്ന് മനസ്സിലാകില്ല. ഏറ്റുകഴിഞ്ഞാലേ വിവരമറിയൂ.
ടി. പത്മനാഭന് അനേകം അനുവാചകരെ പ്രചോദിപ്പിച്ചിട്ടുണ്ട്. വായനയുടേയും എഴുത്തിന്റേയും തുടക്ക കാലഘട്ടത്തില്‍ അങ്ങയെ അതിയായി സ്വാധീനിച്ച എഴുത്തുകാരന് / രചന ഏതാണ്?
പലപ്പോഴും പറഞ്ഞിട്ടുള്ള, രേഖപ്പെടുത്തിയിട്ടുള്ള കാര്യമാണ്. എന്റെ എലിമെന്ററി സ്കൂള്‍ കാലത്ത്- എന്നുപറയുമ്പോള്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാഭ്യാസകാലം--എനിക്ക് ലഭിച്ച ഒരധ്യാപകന്. അദ്ദേഹമാണ് വായനയുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. വാഴയില്‍ ഗോവിന്ദന് വൈദ്യര്. അദ്ദേഹം ഒന്നാന്തരം ആയുര്‍വേദ വൈദ്യനായിരുന്നു. നല്ല സംസ്കൃതപണ്ഡിതനും മികച്ച അധ്യാപകനും നാട്ടുമുഖ്യസ്ഥനും കൂടിയായിരുന്നു.
സാഹിത്യാസ്വാദകനായതുകൊണ്ട് ഞങ്ങള്‍ക്ക് ചണ്ഡാലഭിക്ഷുകി ഒക്കെ വായിച്ച് പഠിപ്പിച്ചിരുന്നു. അതുപോലെ വള്ളത്തോളിന്റെ ബന്ധനസ്ഥനായ അനിരുദ്ധന്. വാസ്തവത്തില്‍ ഇതൊന്നും പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനില്ല. ഇത് പാഠപുസ്തകത്തിന് പുറത്താണ്. പിന്നെ എന്നെ സ്വാധീനിച്ച ഫിക്ഷന്‍ എന്നുപറയുമ്പോള്‍ അക്കാലത്ത് ഈ വ്യക്തി നാലപ്പാട്ട് നാരായണമേനോന് വിവര്‍ത്തനം ചെയ്ത പാവങ്ങള്‍ എനിക്ക് വായിക്കാന്‍ തന്നിട്ടുണ്ട്. ഇപ്പോള്‍ എം.എ മലയാളം സ്പെഷലൈസ് ചെയ്ത് പഠിക്കുന്ന വിദ്യാർഥികള്‍ ഇതൊക്കെ വായിക്കുമോ എന്നറിയില്ല. അന്ന് പാവങ്ങള്‍ എന്ന കൃതിയും അതിന്റെ എഴുത്തുകാരന് വിക്ടര്‍ ഹ്യൂഗോയും തന്നിട്ടുള്ള പ്രചോദനം നിഷേധിക്കാന്‍ കഴിയില്ല. അതെനിക്ക് മാത്രമല്ല, ലോകത്തെ ശതകോടി വായനക്കാര്‍ക്ക് ഇന്നും പ്രചോദനമായി നിലകൊള്ളുന്ന പുസ്തകമാണ്.
പലരും അങ്ങയുടെ സാഹിത്യത്തെപ്പറ്റി എഴുതി, പ്രസംഗിച്ചു, നിരൂപണം ചെയ്തു. എന്നാല്‍, ഇതിനൊന്നും അവസരമില്ലാത്ത സാധാരണക്കാരായ വായനസമൂഹവുമുണ്ട്. അക്കാദമിക്കലല്ലാത്ത അവരുടെ പ്രതിനിധിയാണ് ഞാന്‍. സാദാ കെട്ടിടനിർമാണത്തൊഴിലാളി. ഇത്തരക്കാരില്‍ ആരെങ്കിലും തന്റെ സ്വന്തമെന്ന വിചാരത്തോടെ ഔപചാരികതയില്ലാതെ അങ്ങയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ? അത്തരമൊരനുഭവം പങ്കുവെക്കാമോ?
ആ ഗണത്തിലുള്ള വായനക്കാര്‍ ഉണ്ടെന്നറിയാം. പക്ഷേ, ഇപ്പോള്‍ പ്രദീപല്ലാതെ ആ തരത്തിലാരും മുന്നില്‍ വന്നനുഭവമില്ല.
അങ്ങയുടെ പ്രശസ്ത രചനകളോടൊപ്പം അത്രയൊന്നും പരാമര്‍ശിക്കപ്പെടാത്ത കഥയാണ് 'ശവദാഹം'. ഏറെ ചെറുപ്പത്തിലാണതെഴുതിയിരിക്കുന്നതെന്ന് ഊഹിക്കുന്നു. മുറിപ്പെടുത്തുന്ന ഏകാന്തത അനുഭവിക്കുന്ന അതിലെ പ്രധാന കഥാപാത്രത്തില്‍ ടി. പത്മനാഭന് എത്രത്തോളമുണ്ട്. അതെഴുതിയ സാഹചര്യത്തെ ഓര്‍ത്തെടുക്കാമോ?
എന്റെ അത്രയൊന്നും പ്രശസ്തിയാർജിച്ചിട്ടില്ലാത്ത കഥയാണ് ശവദാഹം. സമ്മതിക്കുന്നു. പക്ഷേ, എനിക്കതിഷ്ടമാണ്. ഒരിക്കല്‍ എന്റെ എഴുത്തിന്റെ 50ാം വാര്‍ഷികം കണ്ണൂരില്‍ നടക്കുമ്പോള്‍ ഓള് ഇന്ത്യാ റേഡിയോയിലും ദൂരദര്‍ശനിലുമൊക്കെ ജോലിചെയ്തിട്ടുള്ള തിരുവനന്തപുരത്തുകാരനായ ഒരെഴുത്തുകാരന് ഒരുമണിക്കൂറിലേറെ സംസാരിച്ചത് ശവദാഹത്തെ കുറിച്ചാണ്. എന്നിട്ടും അദ്ദേഹത്തിന് മതിയാവുന്നില്ല. എനിക്കത് കേട്ടപ്പോള്‍ സന്തോഷം തോന്നി. അതിന് മുമ്പൊരിക്കലും ഇക്കഥയെ പറ്റി ആരും സംസാരിച്ചിട്ടില്ല. പിന്നീട് കുറെക്കാലത്തിന് ശേഷം പ്രദീപും ശവദാഹത്തെ കുറിച്ചെഴുതി. കണ്ണൂര്‍ പയ്യാമ്പലമാണ് ഇവിടത്തെ പൊതുശ്മശാനം. അവിടെ പോകാന്‍ ഇടവരുമ്പോഴൊക്കെ എനിക്കീ കഥ ഓർമവരും. ഏറെ മുമ്പാണ്. ഒരാള്‍ മരിച്ചു എന്നുകേട്ട് ഞാനയാളുടെ വീട്ടില്‍ പോകുന്നു. അവിടെ ഒന്നുമില്ല. പിന്നീട് പലപല വീടുകളില്‍ അന്വേഷിക്കുന്നു. ഒടുവില്‍, പൊതുശ്മശാനത്തില്‍ എത്തിച്ചേരുന്നു. അവിടെ ചിത ഒരുക്കപ്പെട്ടിരുന്നു. പക്ഷേ, ഡെഡ്ബോഡി എത്തിയിട്ടില്ല. ശ്മശാനം സൂക്ഷിപ്പുകാരന് അപ്പോള്‍ എന്നോട് പറയുന്നു: ചിതയില്‍ കിടന്നുകൊള്ളാന്‍; ഭയപ്പെടേണ്ട. ഇതാണ് കഥയിലെ എന്‍ഡും പ്രധാന ഭാഗവും. ഈ സംഗതി ഞാന്‍ സ്വയം സൃഷ്ടിച്ചതാണ്. ബാക്കിയെല്ലാം അനുഭവമാണ്. അയാളുടെ വിങ്ങല്‍, നീറ്റല്‍, അന്യതാബോധം, ഏകാകത. അതൊക്കെ എന്റെ മനസ്സിന്റെ അബോധതലത്തില്‍ ഉണ്ടായിരുന്ന എന്നെ മഥിച്ചിരുന്ന വികാരങ്ങളാണ്.
ഏഴു വര്‍ഷത്തോളം ഒന്നുമെഴുതാത്ത കാലയളവുണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. 'സാക്ഷി' എന്ന പരിസ്ഥിതി കഥയെഴുതിക്കൊണ്ടാണ് ആ മൗനംവെടിയുന്നത്. എഴുതാത്ത ആ സമയം എങ്ങനെയായിരുന്നു. ആശ്വാസവും സ്വാതന്ത്ര്യവുമാണോ, അസ്വാസ്ഥ്യമാണോ ഉളവായത്?
അസ്വാസ്ഥ്യമല്ല സുഖമാണുളവായത്. ഞാന്‍ എന്നോടുതന്നെ പറഞ്ഞു: ഏയ് പത്മനാഭാ നീയിനി എഴുതിയിട്ടില്ലെങ്കില്‍ എന്താ. ഒരു ജീവകാലത്തേക്കുള്ളത് ഇതിനകം എഴുതിയിട്ടുണ്ട്, അതുമതി. വിശദമായിട്ടുപറയാം. വളരെ ചെറുപ്പത്തിലേ എഴുതിത്തുടങ്ങിയവനാണ് ഞാന്‍. വേഗത്തില്‍ സഹൃദയരുടെ അംഗീകാരവും കിട്ടി. ബാലപംക്തിയിലൊന്നും എഴുതിയിട്ടില്ല. കുറുക്കുവഴികളൊന്നും തേടിയിട്ടുമില്ല. ആദ്യത്തെ മൂന്ന് കഥകള്‍ കണ്ണൂരില്‍നിന്നുള്ള മാസികയിലാണ് വന്നത്. നാലാമത്തേത് മലയാളത്തിലെ ഏറ്റവും പ്രശസ്തമായ പ്രസിദ്ധീകരണത്തിലേക്കാണ് കൊടുത്തത്. അവരതിടുകയും ചെയ്തു. ഈ അനുഭവമൊക്കെ ഈയടുത്തകാലത്ത് ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. പറഞ്ഞുവരുന്നതെന്താണെന്നുവെച്ചാല് വളരെ വേഗത്തില്‍ എനിക്ക് ഞാനര്‍ഹിക്കുന്ന അംഗീകാരം കിട്ടി. കഥകള്‍ പ്രസിദ്ധപ്പെടുത്താനോ പുസ്തകമാക്കാനോ പ്രയാസമില്ലായിരുന്നു. എന്നിട്ടും ഒരു സുപ്രഭാതത്തില്‍ എഴുത്തുനിര്‍ത്തി. അത് ഏഴു കൊല്ലത്തോളം നീണ്ടു. അതിന് കാരണം സാംസ്കാരികലോകത്തെ വൃത്തികേടുകളും അൽപന്മാരുടെ പ്രവൃത്തികളും കണ്ടുള്ള മനഃപ്രയാസമായിരുന്നു. അവാര്‍ഡുകള്‍ക്കുള്ള ദാഹം, അര്ഹിക്കാത്തതു നേടാനുള്ള ശ്രമം... ഇതിനൊക്കെ വേണ്ടിയുള്ള കുത്സിത പ്രവൃത്തികള്‍. ഒരിക്കല്‍ വളരെ പ്രശസ്തനായ ഒരെഴുത്തുകാരന്റെ പേരിലുള്ള അവാര്‍ഡ്. തൊടുപുഴയിലുള്ള കൂട്ടരാണ് കൊടുക്കുന്നത്. അതിലെ ആദ്യത്തെ അവാര്‍ഡും രണ്ടാമത്തെ അവാര്‍ഡും ലഭിച്ച രണ്ടുപേരും എന്റെ പരിചയക്കാരാണ്. അവര്‍ പറയുന്നു. നിങ്ങള്‍ വന്നിട്ട് നിങ്ങളുടെ കൈകൊണ്ട് അവാര്‍ഡ് തരണം. വിഡ്ഢിയായ ഞാന്‍ അതു വിശ്വസിച്ചുപോയി. വലിയ സദസ്സ്. വൈകാതെ മനസ്സിലായി. അത് തട്ടിപ്പായിരുന്നു. അങ്ങനെയൊരു സമിതിയില്ല, ജഡ്ജില്ല, അവാര്‍ഡില്ല. കരുതിക്കൂട്ടിയാണ് ഈ രണ്ടുപേരുടേയും പേര് പറയാത്തത്. ഇത്തരത്തിലുള്ള മടുപ്പുകള്‍, ഞാനും ഇതിന്റെ ഭാഗഭാക്കായില്ലേ എന്ന കുറ്റബോധം... ഇത്തരം പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ടൊക്കെയാണെഴുതാതിരുന്നത്. പിന്നീട് സാക്ഷി എഴുതിപ്പോയതാണ്. ഞാന്‍ ജോലി ചെയ്തിരുന്ന പബ്ലിക് സെക്ടര്‍ കമ്പനി. പതിനായിരത്തിലധികം ജീവനക്കാര്‍. അവിടത്തെ എന്റെ അനുഭവം; നേര്‍സാക്ഷ്യം. ഭൂമി അങ്ങനെ തന്നെ കത്തിച്ചുകളയുകയാണ് ചെയ്യുന്നത്. ജലാശയം വിഷമയമാക്കുന്നു. കമ്പനിയില്‍നിന്നുള്ള കെമിക്കല്‍സ് പുഴയിലേക്ക്. പുഴയില്‍ മത്സ്യങ്ങളില്ല. കൃഷിയില്ല. മണ്ണ് കരിഞ്ഞുപോകുന്നു. വായു മലീമസമാകുന്നു. ആര്‍ക്ക് വേണ്ടിയാണിത്? സാക്ഷി എഴുതിക്കഴിഞ്ഞപ്പോള്‍ ഒരു സന്തോഷമുണ്ടായി. അതുവരെ ഞാന്‍ കഥയെഴുതാത്തതിന് എന്നെ ഗുണദോഷിച്ചിരുന്ന ഉറൂബിനെ പോലുള്ളവര്‍, എം.കെ.കെ. നായരെ പോലുള്ളവര്‍ പറഞ്ഞു. നീ ഇതുവരെ എഴുതാത്തതില്‍ ഒന്നുമില്ല. ഈയൊരു കഥ ധാരാളം. അതിന് ശേഷം ഇതുവരെ തുടര്‍ച്ചയായി എഴുതുന്നു.
സാഹിത്യത്തിന് പുറമെ സംഗീതം, സിനിമ തുടങ്ങിയവയിലൊക്കെ താല്പര്യവും അവഗാഹവുമുണ്ട്. പക്ഷേ, അവിടെ ആസ്വാദകന് മാത്രമായേ നിന്നുള്ളൂ. സംഗീതകാരനാകാനോ, ചലച്ചിത്രകാരനാകാനോ ആഗ്രഹം തോന്നിയില്ലേ? പ്രത്യേകിച്ച് സിനിമ? ശ്രമിക്കാത്തതാണോ വേണ്ടാന്നുവെച്ചതാണോ, അതോ ആ മേഖലയുമായി ഒത്തുപോകാന്‍ പ്രയാസമായതുകൊണ്ടാണോ?
വേണ്ട എന്നുവെച്ചതാണ്. എന്റെ യൗവനകാലത്തും പിന്നീടും ഒന്നോ രണ്ടോ കഥാസമാഹാരം ഇറക്കിയാല്‍ പിന്നെ ഈ എഴുത്തുകാര്‍ക്ക് നോവലെഴുതാനാണ് താല്പര്യം. നോവലാണവര്ക്ക് പ്രധാനം. അതുകഴിഞ്ഞ് ഈ ആധുനിക കാലഘട്ടത്തില്‍ കഥയുമല്ല, നോവലുമല്ല സിനിമക്ക് സ്ക്രിപ്റ്റെഴുതലിലായി ഭ്രമം. തുടങ്ങുന്നതുതന്നെ അങ്ങനെയാകണം എന്ന സ്ഥിതിയായി. ഭാഗ്യത്തിന് എനിക്കാ ഭ്രമം ഒരിക്കലും ഉണ്ടായില്ല. സിനിമയെ സംബന്ധിച്ച് എത്രയോ ആള്ക്കാർ നിര്‍ബന്ധിച്ചിട്ടുണ്ട്. പൈസയും കൊണ്ടുതന്നിട്ടുണ്ട്. വേണ്ട, വേണ്ട. ഞാന്‍ നിരസിച്ചു. ഒന്നുകൂടി വിസ്തരിക്കാം. മഹാനായ സാഹിത്യകാരന് വില്യം സരോയന്‍ -അര്‍മേനിയന്‍ എഴുത്തുകാരനാണ്. എനിക്ക് വളരെ ഇഷ്ടമുള്ള റൈറ്ററാണ്. കഥകളുണ്ട്, നോവലുണ്ട്, അനുഭവക്കുറിപ്പുകളുണ്ട്. അദ്ദേഹത്തിന്റെ My Name is Aram എന്ന കഥാസമാഹാരമുണ്ട്. ഞാനത് എത്രതവണ വായിച്ചുവെന്നറിയില്ല. അതുപോലൊരു പുസ്തകം ഇറക്കാന്‍ ഏറെ ആഗ്രഹിച്ചിട്ടുള്ളവനുമാണ്. ഇദ്ദേഹത്തിന്റെ സിനിമാസംബന്ധമായ ഒരനുഭവമുണ്ട്. ഹോളിവുഡിലെ ഏറ്റവും ഉന്നതമായ പ്രൊഡക്ഷന്‍ കമ്പനി ഇദ്ദേഹത്തിന്റെ ഇന്ന നോവല്‍ സിനിമയാക്കണം എന്നുപറഞ്ഞ് സമീപിച്ചു. സരോയന്‍ ദാരിദ്ര്യമുണ്ടായിരുന്നു. ഒന്നും എഴുതിക്കിട്ടാതെതന്നെ വമ്പിച്ച തുകയുടെ ചെക്ക് കമ്പനി സരോയന്‍ അഡ്വാന്‍സായി നല്കി. പക്ഷേ, എത്ര ശ്രമിച്ചിട്ടും സരോയന്‍ എഴുത്തുവരുന്നില്ല. ഇതൊരു ബന്ധനമാണെന്ന് സരോയന്‍ ബോധ്യംവന്നു. ഒരു കെട്ടിയിടല്‍. പ്രൊഡക്ഷന്‍ കമ്പനിക്ക് നല്കിയ അഡ്വാന്‍സ് തിരികെ ചോദിക്കാന്‍ വിഷമം. സരോയന്‍ അതിപ്രശസ്തനും പ്രതിഭാശാലിയുമാണ്. പലതവണ ഡിസ്കഷന് എന്നുപറഞ്ഞ് മുന്തിയ ഹോട്ടലുകളില്‍ കമ്പനി പ്രതിനിധികളും സരോയനും ഇരുന്നു. പക്ഷേ, ഫലമൊന്നുമില്ല. ഏറെ തവണ ഇതാവര്‍ത്തിച്ചപ്പോള്‍ സരോയന്‍ സംഗതി മനസ്സിലായി. അദ്ദേഹം മര്യാദക്കാരനായിരുന്നു. വാങ്ങിയ തുക കമ്പനിക്ക് തിരിച്ചുകൊടുത്തു. സരോയന്‍ പറയുന്നുണ്ട്: ഇത് മനഃസാക്ഷിയുള്ളവനും ആത്മാർഥതയുള്ളവനും പറ്റിയ പണിയല്ല.
തിരക്കഥ എഴുതാന്‍ തുടങ്ങിയാല്‍ പിന്നെ അവർക്കുവേണ്ടിയുള്ള എഴുത്താകും. അവസാനം നോക്കുമ്പോള്‍, ചെറിയ ചെറിയ കൂട്ടിച്ചേർക്കലുകള്‍ വന്നുവന്ന് ഒടുവിലിങ്ങെടുക്കുമ്പോള് എഴുത്തുകാരന്റേതല്ല മറ്റവരുടേതാണ് സന്തതി. വേണ്ടാ, അതുവേണ്ടാ. വഴങ്ങാത്തതുകാരണം ഇവര്ക്കുണ്ടായതുപോലുള്ള അനുഭവം എനിക്ക് വന്നിട്ടില്ല. ടി. പത്മനാഭനത് വേണ്ടാന്നങ്ങ് തീരുമാനിച്ചു. എനിക്കെന്റെ കഥകള്‍തന്നെ ധാരാളം.
സാഹിത്യകാരനല്ലാത്ത ടി. പത്മനാഭനെ സങ്കൽപിച്ചിട്ടുണ്ടോ. ആ നിലയില്‍ കിട്ടുന്ന ഔന്നത്യവും പരിഗണനയുമൊന്നുമില്ലാത്ത സാദാ ഒരാള്‍. അങ്ങനെയായിരുന്നെങ്കില്‍ അതിജീവിക്കുമായിരുന്നെന്ന് തോന്നുന്നുണ്ടോ?
ഞാന്‍ സ്ഥിരം പറയാറുണ്ട്. ഞാന്‍ സാംസ്കാരികനായകനല്ല. അങ്ങനെ വിളിക്കുന്നതുതന്നെ എനിക്കങ്ങേയറ്റം അരോചകമാണ്. ഞാനതില്‍ അഭിരമിക്കുകയോ നാട്ടില്‍ നടക്കുന്ന കാര്യങ്ങളിലൊക്കെ പ്രതികരിക്കുകയോ ചെയ്യുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. നിവൃത്തിയില്ലാത്ത ഘട്ടങ്ങളില്‍ എന്റെ പ്രസംഗങ്ങളില്‍ ഞാനെന്റെ എതിര്‍പ്പോ മടുപ്പോ പറഞ്ഞിട്ടുള്ളതല്ലാതെ, സാംസ്കാരിക നായകനെന്നനിലയില്‍ പറഞ്ഞിട്ടില്ല. എനിക്കെന്റെ വഴി. ഞാനൊരു കഥാകൃത്താണ്. ആ സംതൃപ്തിയുമുണ്ട്. അതിലപ്പുറം... എഴുത്തുകാരനല്ലായിരുന്നെങ്കില് ഞാനൊരു രാഷ്ട്രീയപ്രവര്ത്തകനാകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
മാർകേസിന്റെ 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍' നൂറ് പേജിനപ്പുറം വായിക്കാനായിട്ടില്ല എന്ന് പറഞ്ഞിട്ടുണ്ട്. എം. മുകുന്ദനൊക്കെ ടി. പത്മനാഭനില്‍നിന്ന് പ്രതീക്ഷിച്ചില്ല ഇത്തരം പ്രസ്താവനകള്‍ എന്ന് പ്രതികരിച്ചിട്ടുമുണ്ട്. ഇത്രയും സത്യസന്ധമായി തുറന്നുപറയുമ്പോള്‍ ആ മാസ്റ്റര്‍ കൃതി സ്വാംശീകരിക്കാനാകാത്ത പരിമിതിയായി വ്യാഖ്യാനിക്കപ്പെടില്ലേ? വായനസമൂഹത്തെ സംബന്ധിച്ച് മലയാളത്തിലെ ഉന്നതനായ എഴുത്തുകാരനില്നിന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണത്?!
മാർകേസ് നൊബേല്‍ പുരസ്കൃതനായി ലോകപ്രശസ്തനായൊക്കെ ശേഷം ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹം നീണ്ട ഒരു കപ്പല്‍ യാത്ര പോകുന്നു. യാത്രയില്‍ വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ കരുതിയിരുന്നു. അതില്‍ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളും ഉണ്ട്. അദ്ദേഹം സാവകാശത്തില്‍ സ്വന്തം പുസ്തകം വായിച്ചപ്പോള്‍..! എനിക്ക് നൂറ് പേജ് വായിക്കാന്‍ കഴിഞ്ഞില്ലല്ലോ. മാർകേസിന് അത്രയും ഒപ്പിക്കാനായില്ലത്രെ. അദ്ദേഹം തന്നെ എഴുതി: ഇതൊരു immature കൃതിയാണ്. നാടോടുമ്പോള്‍ നടുവെ ഓടുക. മാർകേസ് എന്നു പറയുമ്പോള്‍ ഞാനും മാർകേസ് എന്നുപറയുക. എനിക്കദ്ദേഹത്തിന്റെ Chronicle of a death foretold പോലുള്ള പുസ്തകങ്ങള്‍ ഇഷ്ടമാണ്. ഇഷ്ടപ്പെട്ട ചെറുകഥകളുമുണ്ട്. മോശം കഥകളും ഉണ്ട്. അദ്ദേഹത്തിന്റെ ചെറുകഥകളെ പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. Meeting in August എന്ന ചെറുകഥ വായിച്ചതിനുശേഷം ഞാനൊരു ലേഖനമെഴുതി. ഈ കഥയുടെ ഒരു സംക്ഷിപ്തരൂപം കൊടുത്തിട്ട് ഞാന്‍ ചോദിച്ചു. ഇത് ടി. പത്മനാഭനാണ് എഴുതിയിരുന്നതെങ്കില്‍ നിങ്ങള്‍ വാഴ്ത്തുമോ? ആ കഥ ഞാന്‍ ചുരുക്കിയിട്ടിപ്പോള് പറയാം. മധ്യവയസ്സ് കഴിഞ്ഞ സുന്ദരിയായ ഒരു സ്ത്രീ. മുതിര്‍ന്ന രണ്ടാണ്മക്കളുടെ അമ്മ. സ്നേഹസമ്പന്നനും സുന്ദരനും ആരോഗ്യദൃഢഗാത്രനുമായ ഭര്‍ത്താവ്. സംതൃപ്തമായ കുടുംബം. കഥാനായിക കൊല്ലത്തിലൊരിക്കല് ഒരു ദ്വീപിലെ മുന്തിയ ഹോട്ടലില്‍ പോകാറുണ്ട്. അവിടെയുള്ള ശ്മശാനത്തിലാണ് അവരുടെ അമ്മയെ അടക്കിയിരിക്കുന്നത്. ആ ഓർമദിവസമാണീ സ്ത്രീ പോകുന്നത്. മനോഹരമായ ദ്വീപിലേക്ക് ധാരാളം ടൂറിസ്റ്റുകള്‍ വരാറുണ്ട്. ഒരുതവണ കഥാനായിക അവിടത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ ഇവരുടെ മേശക്കരികില്‍ ഇവരേക്കാള്‍ പ്രായംകുറഞ്ഞ സുന്ദരനായ ചെറുപ്പക്കാരന് ഇരിക്കുന്നു. അവര്‍ തമ്മില്‍ സംസാരിച്ചു. പരിചയക്കാരായി. ഒടുവില്‍ സ്ത്രീ ഒരു സ്ലിപ്പെഴുതി യുവാവ് കാണെ വെച്ചു. മുറിയുടെ നമ്പര്‍ പിന്നെ ഒരു വാചകവും: ഞാന്‍ വാതില്‍ കുറ്റിയിടുകയില്ല. സ്ത്രീ മുറിയില്‍ പോയി കുറച്ചുകഴിഞ്ഞപ്പോള്‍ ചെറുപ്പക്കാരന് അവിടേക്കുചെന്നു. അവര്‍ രാത്രി മുഴുവന്‍ സവിശേഷമായ പരമാനന്ദവും നുകര്‍ന്ന് കിടന്നു. രാവിലെ സ്ത്രീ എണീക്കുമ്പോള്‍ യുവാവ് പോയിക്കഴിഞ്ഞിരുന്നു. ഇവരുടെ വസ്ത്രമൊക്കെ മടക്കി ഭംഗിയായി കട്ടിലില്‍ യുവാവ് വെച്ചിരുന്നു. ഇത്രയേയുള്ളൂ കഥ. ഈ കഥക്ക് വേറൊരു പ്രാധാന്യമുണ്ട്. സാധാരണ വിദേശസാഹിത്യം എഴുത്തുകാരുടെ ഭാഷയില്‍നിന്ന് ഇംഗ്ലീഷിലാക്കി വിവര്‍ത്തനമാണ് നാം വായിക്കുന്നത്. ഈ രചന അങ്ങനെയല്ല. ന്യൂയോര്‍ക്കര്‍ മാസികയിലാണ് ഇക്കഥ വന്നത്. ഒരുകാലത്ത്, മാതൃഭൂമിയില്‍ എഴുതിയാലേ മലയാളത്തില്‍ സാഹിത്യകാരനാവൂ എന്നൊരു വിശ്വാസമുണ്ടായിരുന്നു. അങ്ങനെയല്ലാതെ ഇവിടെ എഴുത്തുകാരായവരുണ്ട് എന്നത് വേറെ കാര്യം. മാതൃഭൂമിയുടെ ഈ സ്ഥാനമാണ് ഇംഗ്ലീഷില്‍ ന്യൂയോര്‍ക്കറിന്. പ്രസ്തുത കഥ മാർകേസ് നേരിട്ട് ന്യൂയോര്‍ക്കറിന് കൊടുത്തതാണ്. ഞാന്‍ ചോദിക്കട്ടെ, ഇക്കഥയില്‍ സമൂഹത്തെ പരിഷ്കരിക്കാനുള്ള എന്തെങ്കിലുമുണ്ടോ? ഇതില്‍ മാജിക്കല്‍ റിയലിസമുണ്ടോ? ആരോഗ്യമുള്ള ചെറുപ്പക്കാരനും ചെറുപ്പക്കാരിയും നടത്തുന്ന അവിശുദ്ധ ഏര്‍പ്പാടല്ലാതെ എന്താണിതിലുള്ളത്? മാർകേസിനോട് ബഹുമാനമൊക്കെയുണ്ട്. പക്ഷേ, എനിക്കിപ്പറഞ്ഞ തരം സാഹിത്യത്തോട് പ്രിയമില്ല. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെ പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ തെറിയുടെ പൂരമായിരുന്നു. ഒരുത്തന് വിളമ്പി, പത്തുതവണ വായിച്ചിട്ടുണ്ടെന്ന്. അവന് ഒരുതവണ വായിച്ചോ എന്ന് സംശയമാണ്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ കുറവല്ലേ? ഇത്രയേയുള്ളൂ.
മഴ അങ്ങേക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് വ്യക്തമാണ്. മഴ പശ്ചാത്തലമായി വരുന്ന കഥകളുടെ മാത്രം സമാഹാരമുണ്ട്. ഇന്നത്തെ മഴ എങ്ങനെയാണ് അനുഭവവേദ്യമാകുന്നത്. ആസ്വദിക്കാനാകുന്നുണ്ടോ?
ഇന്നങ്ങനത്തെ മഴയില്ല. ഇപ്പോഴുള്ളത് മറ്റെന്തോ ആണ്. അത് അനുഭൂതിയല്ല ഭീതിയാണ് തരുന്നത്. നാലുദിവസം കൊണ്ട് പെയ്യേണ്ടത് നാല് മണിക്കൂര്‍ കൊണ്ട് പെയ്യുക. നാലുമണിക്കൂര്‍ കൊണ്ട് പെയ്യേണ്ടത് നാലുമിനിറ്റ്കൊണ്ട് പെയ്യുക! ഞാന്‍ രണ്ടുതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. ഒരമേരിക്കക്കാരന് കണ്ടതിലപ്പുറം അമേരിക്ക കണ്ടവനാണ് ഞാന്‍. ടൂറിസ്റ്റുകള്‍ സാധാരണ പോകാത്ത സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. ഞാനാദ്യത്തെ യാത്രകഴിഞ്ഞ് മടങ്ങുമ്പോള്‍ അമേരിക്കയില്‍നിന്ന് കൊണ്ടുവന്നത് ഒരു ചെറിയ ഡിസ്കാണ്. വെറെയൊന്നുമില്ല. അതിലെന്താണുണ്ടായിരുന്നതെന്നറിയാമോ? മഴ! അകമ്പടിയോ, ഓർകസ്ട്രയോ ഒന്നുമില്ലാത്ത നാച്ചുറലായ മഴയുടെ ശബ്ദം; മഴയുടെ സംഗീതം. പതുക്കെപ്പതുക്കെയുള്ള മഴ, കാറ്റ്, ഇടി. ക്രമേണ മഴയുടെ തോത് വർധിക്കുന്നു. വീടുകളുടെ മേൽപുരയില് മഴവീഴുന്ന ശബ്ദം. അവിടന്നത് താഴേക്ക് വീഴുന്നു. ഇടവഴികളിലൂടെ, കൊച്ചുറോഡുകളിലൂടെ അതൊലിച്ചൊലിച്ച് പോകുന്നു. അത് തോടാകുന്നു, അരുവിയാകുന്നു, പുഴയാകുന്നു, അവസാനം സമുദ്രത്തിലേക്ക്. ഇതിന്റെ എല്ലാ ഘട്ടത്തിലുമുള്ള ശബ്ദം. അമേരിക്കയിലേക്ക് പോകുംമുമ്പെ ഞാനിതിനെ കുറിച്ച് വായിച്ചറിഞ്ഞിരുന്നു. സമ്പാദിക്കണമെന്നും ആഗ്രഹിച്ചു. ഈ ഡിസ്ക് വളരെക്കാലം ഞാന്‍ കേട്ട് രസിച്ചിരുന്നു. ഒരിക്കല്‍ ഇതിനെപറ്റി മള്‍ബെറിയുടെ ഷെല്‍വിയോട് പറഞ്ഞപ്പോള്‍ അയാളത് വേണമെന്ന് ശാഠ്യം പിടിച്ചു. ഞാനത് കൊടുത്തു. മഴ അത്രമാത്രം എനിക്ക് പ്രിയങ്കരമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ പുസ്തകങ്ങളില്‍ ഒന്ന് 'പള്ളിക്കുന്നാ'ണ്. അതില്‍ മഴയെക്കുറിച്ചുള്ള കാര്യങ്ങളുണ്ട്. ഇവിടന്ന് ഒരു ഫര്ലോങ്ങപ്പുറം നെടുവാപ്പന് വയലെന്ന ഏക്കറ് കണക്കിന് പ്രദേശമുണ്ട്. വലിയൊരു തറവാട്ടുകാരുടേതാണ്. പണ്ട് മഴക്കാലത്ത് ഒരു വലിയ കടല്‍പോലെ അതുമുഴുവന്‍ വെള്ളം നിറയും. അവിടന്ന് കൈവഴികളിലൂടെയങ്ങനെ ഒലിച്ച് ഈ കോളനിയുടെ തെക്കേയറ്റത്തുകൂടെ പോകും. മാസങ്ങളോളം ആ വെള്ളം ഇരമ്പുന്ന ശബ്ദം ഇവിടേക്ക് കേള്‍ക്കും. ഇപ്പോള്‍ അവിടെയൊക്കെ വരണ്ടു കിടക്കുകയാണ്. മഴയില്ല. ഉള്ളത് മറ്റെന്തോ...
ഒരു രചന കാലാതിവര്‍ത്തിയാകുന്നത് അതിന് പുനര്വായിക്കപ്പെടാനുള്ള ശേഷിയുണ്ടാകുമ്പോഴാണ്. കഥയുടെ ആ രസതന്ത്രം, വ്യാകരണം. അതിനെ കുറിച്ച്?
എനിക്കതിനെ കുറിച്ച് ഒന്നുമറിയില്ല. ഇങ്ങനെ കാലാതിവര്‍ത്തി ആകണമെന്നുവെച്ച് കരുതിക്കൂട്ടി എഴുതുന്നതൊന്നുമല്ല. എനിക്കെന്താണോ ഇഷ്ടം അതെഴുതുന്നു. എഴുതുമ്പോള്‍ ഇത് കഥയാകുമോ, മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊന്നും ചിന്തിക്കാറില്ല. മനസ്സില്‍ അത്രയും പാകത വന്നാലേ എഴുതൂ. എഴുതിക്കഴിഞ്ഞാല്‍ മിനുക്കലോ, തിരുത്തലോ ഒന്നുമില്ല. പിന്നീട് വായിക്കാറുമില്ല.
മിക്കവാറും എല്ലാ എഴുത്തുകാരും സോഷ്യല്‍മീഡിയയില്‍ എഴുതുന്നവരും ഇടപെടുന്നവരുമാണ്. അതിനോട് ചേര്‍ന്നുനിന്നില്ലെങ്കില്‍ പുറന്തള്ളപ്പെടുമെന്ന് പ്രമുഖ എഴുത്തുകാര്‍പോലും കരുതുന്നു. സാങ്കേതികത്വം വശപ്പെടുത്താനുള്ള താൽപര്യമില്ലായ്മകൊണ്ടാണോ അതിന്റെ പിന്‍ബലമില്ലാതെ നിലനിൽപുണ്ട് എന്ന ആത്മവിശ്വാസംകൊണ്ടാണോ സോഷ്യല്‍ മീഡിയയില്‍നിന്ന് മാറിനില്‍ക്കുന്നത്?
എനിക്കതൊന്നും ഇഷ്ടമല്ലാന്ന് ചുരുക്കം. (തൊട്ടടുത്തിരിക്കുന്ന സഹായി രാമചന്ദ്രനെ ചൂണ്ടിക്കാട്ടിക്കൊണ്ട്) ഇവനെ സാക്ഷിയാക്കിക്കൊണ്ട് പറയുന്നു. എന്റെ ഫോണ്‍നമ്പര്‍ കാണാതെ പറയാന്‍ ഇപ്പോഴും എനിക്കറിയില്ല. അതേസമയം, ലോകത്തിലെ ഏറ്റവും മികച്ച ലേറ്റസ്റ്റ് ഫോണാണ് എനിക്കുള്ളത്. ഇതുകൊണ്ട് ഞാന്‍ ചെയ്യുന്ന പണിയെന്താണെന്ന് അറിയാമോ? ആരെങ്കിലും വിളിച്ചാല്‍ എടുക്കും. ആവശ്യമെങ്കില്‍ അങ്ങോട്ടു വിളിക്കുകയും ചെയ്യും. ജീവിതത്തില്‍ ഒരു ഫോട്ടോ ഇതുകൊണ്ടെടുത്തിട്ടില്ല. എസ്.എം.എസ് ഇല്ല, ഫേസ്ബുക്ക് ഇല്ല, വാട്സ് ആപ് ഇല്ല. പലരും എന്നെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അരമിനിറ്റ് കേള്‍ക്കുമ്പോള്‍ എനിക്ക് തലവേദന വരും. എനിക്കത് വേണ്ട, എനിക്ക് സോഷ്യല്‍മീഡിയയോട് അമര്‍ഷമാണ്. ചിലര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. നിങ്ങള്‍ ഇതിലൊന്നും ഇല്ല. പിന്നെന്തിനാണ് മോഡല്‍ മാറുമ്പോ മാറുമ്പോ പുത്തന്‍ വാങ്ങിവെക്കണതെന്ന്. എനിക്കിതൊരു രസമാണ്. ഞാനിതിങ്ങനെ എടുത്തുനോക്കും. കുട്ടികള്‍ കളിക്കുന്നപോലെ ഇതിനെ തടവും, താലോലിക്കും. ആ തരത്തിലൊരു ഇഷ്ടം. എപ്പോഴും ഫുള്ചാർജായിരിക്കും. എണീറ്റാല്‍ ആദ്യം ചെയ്യുക ഫോണ്‍ കുത്തിവെക്കലാണ്. എനിക്ക് ലോകത്തിലറിയുക രാമചന്ദ്രന്റെ നമ്പര്‍ മാത്രമാണ്. അത് സ്ഥിരം വിളിക്കുന്നതാണ്. പിന്നെ നിങ്ങള്‍ സൂചിപ്പിച്ചു. സോഷ്യല്‍മീഡിയയുടെ ഭാഗമായി നിന്നില്ലെങ്കില്‍ പുറന്തള്ളപ്പെടുമെന്ന്. എനിക്കങ്ങനെയൊരു ആധിയില്ല. എന്റെ കഥകളെ കുറിച്ച് നല്ല ആത്മവിശ്വാസമാണ്. നിങ്ങള്‍ കണ്ണൂരിലെ മികച്ച പുസ്തകശാലയില്‍ പോയി മലയാളത്തിലെ മുൻകാല എഴുത്തുകാരുടെ പുസ്തകങ്ങൾ ചോദിച്ചുനോക്കൂ. ബഷീറൊഴികെ ഇവരില്‍ ആരുടെ പുസ്തകമാണവിടെയുള്ളതെന്ന് നോക്ക്. ഉണ്ടാവില്ല. ബഷീറെങ്ങനെ വന്നു? അതിന് വേറൊരു കാരണമുണ്ട്. ഡി.സി ബുക്സാണ് മലയാളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണവിഭാഗം. അവരാണ് ഇതിറക്കുന്നത്. ഇതില്‍ രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് ഡി.സിയുടെ സ്ഥാപകനായ കിഴക്കേമുറിയും ബഷീറുമായുള്ള ആത്മാർഥമായ സ്നേഹബന്ധം. രണ്ട്, ഞാന്‍ മനസ്സിലാക്കുന്നത് ബഷീറിന്റെ കൃതികളുടെ മുഴുവന്‍ പകര്‍പ്പവകാശം അവര്‍ വാങ്ങിയിട്ട് മാന്യമായൊരു തുക എല്ലാമാസവും കൊടുക്കും എന്ന ഒരു വ്യവസ്ഥ--അത് വിറ്റാലും വിറ്റില്ലെങ്കിലും- ഉണ്ട് എന്നാണ്. അതുകൊണ്ട് ബഷീര്‍ നിലനില്ക്കുന്നു. അല്ലാതെയും നിലനില്‍ക്കാനുള്ള എല്ലാ യോഗ്യതയും ബഷീറിനുണ്ട്. പക്ഷേ, പ്രധാന കാരണം ആദ്യം പറഞ്ഞതാണ്. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരനാണ് കാ രൂര്‍. കാരൂരിന്റെ ഒരു പുസ്തകം -അദ്ദേഹം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപകനാണ്. ആ പീടികയില്‍ പോയി ചോദിച്ചാലും ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവിടെ തെറ്റുകൂടാതെ ഒരു വാചകം എഴുതാനറിയാത്ത എഴുത്തുകാര്‍പോലും ആഗ്രഹിക്കുന്നത് കാലാതിവര്ത്തിയാകണമെന്നാണ്. മഹാന്മാരുടെ കാര്യമാണ് ഞാന്‍ പറഞ്ഞത്. ഒരുപക്ഷേ, ഭാവിയില്‍ മലയാള ഫിക്ഷന്‍ പഠിപ്പിക്കുന്ന, മലയാള സാഹിത്യം സ്പെഷലൈസ് ചെയ്ത് പഠിപ്പിക്കുന്ന ക്ലാസുകളില്‍ പുസ്തകങ്ങളില്‍ എന്റെയൊരു പേര് വന്നാല്‍തന്നെ അതു വലിയ കാര്യം, അത്ഭുതം, ഭാഗ്യം. അത്രയേയുള്ളൂ.
ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും മറ്റും മലയാളത്തില്‍ വായനക്കാരുടെ എണ്ണം വിപുലപ്പെടുന്നു. പക്ഷേ, സാഹിത്യവായന ശുഷ്കമാകുകയാണ്. സാഹിത്യം വായിക്കാനാളില്ലാത്ത ഒരുകാലം വരുമോ?
വായിക്കാനാളില്ലാത്ത കാലം വരില്ല. പക്ഷേ, ഇന്നത്തെപോലെ വന്‍തോതില്‍ ഉണ്ടാകുമോ എന്ന് പറയാന്‍ പറ്റില്ല. ഇന്ന് മനുഷ്യര്‍ ഇതുകൊണ്ട് എനിക്കെന്താണ് പ്രയോജനം എന്ന് ചിന്തിക്കുന്ന കാലമാണ്. കാരൂരിന്റെ പൂവന്‍പഴം വായിച്ചിട്ട് എനിക്കെന്ത് പ്രയോജനം? അങ്ങനത്തെ കാലമാണ്. നാളെ രാവിലെ താന്‍ കൊല്ലപ്പെടുമെന്ന് സോക്രട്ടീസിന് അറിയാം. എന്നിട്ടും തലേദിവസം രാത്രി അദ്ദേഹം പുസ്തകം വായിച്ചു. നാളെ പുലര്‍ച്ചെ താന്‍ തൂക്കിക്കൊല്ലപ്പെടും എന്ന് ഭഗത് സിങ്ങിന് അറിയാം. എന്നിട്ടും അദ്ദേഹം പുസ്തകം വായിച്ചു. എന്താ പ്രയോജനം? അവരെ സംബന്ധിച്ച് പ്രയോജനമുണ്ടായിരുന്നു.
മലയാള കഥയുടെ പെരുന്തച്ചന് പുതിയ തലമുറയിലെ കഥാകൃത്തുക്കളെ ശ്രദ്ധിക്കാറില്ലേ. പ്രതീക്ഷ തരുന്ന കഥാകൃത്ത് ആരാണ്?
പണ്ട് 1988ല്‍ ആയിരിക്കും. കാരൂര്‍ നീലകണ്ഠപ്പിള്ളയെ കുറിച്ച് ഒരു പ്രഭാഷണം ഞാന്‍ നടത്തി. കാരൂര്‍ മരിച്ചതിന് ശേഷം SPCS എല്ലാ കൊല്ലവും കാരൂര്‍ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കാറുണ്ട്. 1988ല്‍ ഞാനാണ് അത് നിർവഹിച്ചത്. ഞാനെന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട പ്രസംഗങ്ങളെല്ലാം എഴുതിവായിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിന് രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, അതൊരു റെക്കോഡാകണം. രണ്ട്, ഇപ്പോഴത്തെ സാഹിത്യകാരന്മാര്, സാംസ്കാരികനായകന്മാര്, രാഷ്ട്രീയനേതാക്കള്‍ പ്രസംഗത്തില്‍ ഒരു കാര്യം പറഞ്ഞു. അത് വലിയ വാദപ്രതിവാദങ്ങള്ക്കിടവെക്കുന്നു. അപ്പോള്‍ പറയും. ഞാനങ്ങനെ പറഞ്ഞിട്ടില്ല അല്ലെങ്കില്‍, അത് തെറ്റായ വ്യാഖ്യാനിച്ചതാണ് എന്ന്. ടി. പത്മനാഭന് അതുവേണ്ട. ഞാന്‍ ബ്ലാക്ക് & വൈറ്റില്‍ ഇത് വായിച്ച് വിതരണം ചെയ്യുന്നു. പറഞ്ഞത് മാറ്റിപ്പറയില്ല. എനിക്കുമുമ്പും എത്രയോ പേര് കാരൂര്‍ സ്മാരകപ്രഭാഷണം നടത്തി. ഇപ്പോഴും ഉണ്ടാകും. എന്റെ കാരൂര്‍ പ്രഭാഷണം മലയാളത്തിലെ രണ്ട് പ്രമുഖ വാരികകള്‍ കലാകൗമുദിയും--കലാകൗമുദിയുടെ നല്ലകാലം- ദേശാഭിമാനിയും പ്രസിദ്ധീകരിച്ചു. അത് വലിയ കോലാഹലമായി. ശേഷം 22 ആഴ്ച ഒരു വാരിക, മറ്റേ വാരിക 21 ആഴ്ചയും തുടര്‍ച്ചയായി മലയാളത്തിലെ പ്രശസ്തരായ ആള്‍ക്കാരെ കൊണ്ട് ഇതിനെപറ്റി സംവാദപരമായി ലേഖനങ്ങള്‍ എഴുതിച്ചു. അവസാനം ഈ രണ്ടു വാരികകള്‍ എന്റെ മറുപടിയും വാങ്ങി പ്രസിദ്ധീകരിച്ചു. ഇത്രയും പറയാന്കാരണം കഷ്ടകാലത്തിന് അന്ന് നാളെയുടെ നാമ്പുകള്‍ എന്ന് തോന്നുന്ന ഏതാനും പേരുകള്‍ ഞാന്‍ പറഞ്ഞു. അതില്പ്രകാരമുണ്ടായ തെറി ഇന്നും എന്നെ പിന്തുടരുന്നുണ്ട്. കാരൂര്‍ പ്രഭാഷണം അതിന് മുമ്പും പിമ്പും ഉണ്ടായിട്ടുണ്ട്. ഒരു പത്ര റിപ്പോര്‍ട്ടില്‍ ആ വാര്ത്തയൊതുങ്ങും. പിന്നെ എന്‍.ബി.എസിന്റെ ബുള്ളറ്റിനിലും. പക്ഷേ, ഞാന്‍ പറഞ്ഞത് -വളരെ ചെറിയ പ്രസംഗം- കേരളം മുഴുവനും കേരളത്തിനും ഇന്ത്യക്കും പുറത്തെ മലയാളി അസോസിയേഷനും ചര്‍ച്ചചെയ്തു. ഇപ്പോള്‍ ഈ 93ാം വയസ്സില്‍ ഞാന്‍ വീണ്ടും ചില പേരുകള്‍ പറഞ്ഞ്... ഭയമല്ല, അതിന്മേലുള്ള തെറിവാങ്ങാനുള്ള ശേഷി ഇപ്പോള്‍ എനിക്കില്ല.
ചലച്ചിത്ര അക്കാദമിയൊക്കെ ഏറെ മാറി. നന്നായെങ്കില്‍ ആദ്യമായി സംവിധാനം ചെയ്ത് ഒരു സിനിമക്കും പുരസ്കൃതമാകാനുള്ള സാഹചര്യമുണ്ടിപ്പോള്. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. എന്നാല്‍, സാഹിത്യ അക്കാദമി അവാര്‍ഡിന് നല്ല കൃതി എന്നതിലപ്പുറം പ്രായവും സീനിയോറിറ്റിയും മാനദണ്ഡമാണെന്ന പ്രതീതിയുണ്ട്. ഇതിനെപ്പറ്റി എന്താണഭിപ്രായം? ഈ പ്രവണത മാറേണ്ടതല്ലേ?
ഒന്നാമത് ഇത് കിട്ടിയേ കഴിയൂ എന്നുണ്ടോ? അത്രക്ക് വലിയൊരു കാര്യമാണോ ഇപ്പറഞ്ഞത്. മലയാളത്തില്‍ ഇങ്ങനെ ചോദിക്കാന്‍ അര്‍ഹതയുള്ള ഒരാളേയുള്ളൂ. അത് ഞാനാണ്. വേണമെങ്കില്‍ അത് വലിച്ചുനീട്ടി ഇന്ത്യയില്‍ എന്നുവേണമെങ്കിലും പറയാം. ഒരു പ്രാദേശിക സാഹിത്യ അക്കാദമി അവാര്‍ഡ് എനിക്കിതുവേണ്ട അവിടെ വെച്ചേക്കൂ എന്നാദ്യം പറഞ്ഞത് ഞാനാണ്. ഇന്ത്യയില്‍ ഇതുപോലെ വേറെ ഉണ്ടായിട്ടില്ല. ഞാന്‍ കാത്തുനില്ക്കുകയായിരുന്നു. നിങ്ങളെത്രകണ്ട് കഥയെ പരിഗണിക്കാതിരുന്നാലും... ഒരിക്കലെങ്കിലും... അതു സംഭവിച്ചു. അപ്പോള്‍ എനിക്കിതു പറയാം. വാങ്ങിയിട്ട് ഒരു പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ മടക്കിക്കൊടുത്തവരൊക്കെയുണ്ട്. അതുവേറെ. നമ്മള് എഴുത്തുകാര്‍ ഇതിനെക്കുറിച്ച് -അവാര്‍ഡിനെ കുറിച്ച് ആലോചിക്കാതിരിക്കലാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ മത്സരചിന്തയൊഴിയും. തെളിഞ്ഞ മനസ്സോടെ എഴുതാന്‍ പറ്റണം.
മുഖ്യധാരയില്‍ എഴുതിത്തെളിഞ്ഞു നില്ക്കുന്ന എഴുത്തുകാരില്‍ 95 ശതമാനവും സര്‍ക്കാര്‍ ജോലിയുള്ളവരോ സമാനമായ തൊഴില്‍സുരക്ഷിതത്വം അനുഭവിക്കുന്നവരോ ആണ്. താഴേത്തട്ടിലുള്ള തൊഴിലാളികള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും കീറാമുട്ടിയല്ലേ സാഹിത്യകാരന് എന്ന സ്ഥാനം. വിയോജിപ്പുണ്ടോ?
നിങ്ങള്‍ പറഞ്ഞത് ശരിയാണ്. എന്തെങ്കിലും സ്ഥിരവരുമാനമുണ്ടെങ്കിലേ മലയാളത്തിലെ എഴുത്തുകാര്‍ക്ക് നിലനിൽപുള്ളൂ. പക്ഷേ, അല്ലാത്തവരും ഇവിടെ എഴുതിയിട്ടുണ്ട്; തങ്ങളുടെ എഴുത്തുകാരന് എന്ന വ്യക്തിത്വം സ്ഥാപിച്ചെടുത്തിട്ടുമുണ്ട്. അപൂർവരാണവര്. അസുരക്ഷിതരായിരുന്ന് ജീവിതംവെച്ചാണ് അവര്‍ കളിച്ചത്. ഇവിടെ ഇതുകൊണ്ട് ഉപജീവനം നടത്താന്‍ പ്രയാസമാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള കഥസമാഹാരം എന്റെ 'നളിനകാന്തി' ആണ്. അതുകൊണ്ട് എനിക്കുണ്ടായ വരുമാനം തുച്ഛമാണ്.
ആശയപരമായി ഏതു വമ്പനോടും ഏറ്റുമുട്ടാന്‍ ഒരു മടിയുമില്ല. വരുംവരായ്കളെ പറ്റി അപ്പോള്‍ ചിന്തിക്കുന്നില്ല. ഉള്ളില്‍ ഒരു റെബലുണ്ടോ?
ഉള്ളില്‍ മാത്രമല്ല, പുറത്തും റെബലുണ്ട്. ഞാന്‍ 20 കൊല്ലം ഇന്ത്യാ ഗവണ്മെന്റിന്റെ പബ്ലിക് സെക്ടര്‍ സ്ഥാപനത്തില്‍ ഉന്നത ഉദ്യോഗം വഹിച്ച വ്യക്തിയാണ്. എനിക്ക് മീതെ ആള്‍ക്കാരുണ്ട്. ദീര്‍ഘകാലം മെറ്റീരിയല്‍സ് മാനേജറായിരുന്നു. എന്നുപറഞ്ഞാല്‍ മാക്സിമം പുറം വരവുകിടന്ന തസ്തികയാണ്. ഒന്നും നേരിട്ട് വാങ്ങണ്ട. എത്തേണ്ടിടത്ത് എല്ലാം എത്തും. ഞാന്‍ FACTല്‍ ഉള്ളപ്പോള്‍ ഈ വളം നിറക്കുന്ന ചാക്കില്ലേ -33 കൊല്ലം മുമ്പാണ്- അതന്ന് ഒരു കൊല്ലം വാങ്ങുന്നതിന്റെ വില തന്നെ കോടികളാണ്. വേണ്ടാത്ത സാധനങ്ങള്‍ വാങ്ങുക. പിന്നെ ഇത്രകൊല്ലം അവിടെ വെച്ചിട്ട് ഔട്ട് ഓഫ് ഡേറ്റായി എന്ന് വരുത്തിത്തീര്‍ത്ത് വിൽക്കുക..! വെറുതെ മിണ്ടാതെ നിന്നിട്ട് മാമൂല് വാങ്ങല്‍ വേറെ. ആ വഴിയില്‍ എനിക്ക് കോടീശ്വരനാകാമായിരുന്നു. അളവറ്റ സുഖഭോഗങ്ങള്‍ അനുഭവിക്കാമായിരുന്നു. പക്ഷേ, ഞാന്‍ റെബലായി നിന്നു, എഴുതി. സാക്ഷി എന്ന കഥതന്നെ അവിടത്തെ ശമ്പളം പറ്റുമ്പോള്‍ ആ കമ്പനിയിലെ കാര്യങ്ങള്‍ക്കെതിരെ എഴുതിയതാണ്. നമ്മുടെ നീതിന്യായവ്യവസ്ഥയില്‍ ഏറ്റവും താണ കോടതി മുൻസിഫ് കോടതിയാണ്. പറവൂര്‍ മുൻസിഫ് മുതല്‍ സുപ്രീംകോടതി വരെ FACTലെ കൊള്ളരുതായ്മക്കെതിരെ കേസ് നടത്തിയവനാണ് ഞാന്‍. FACT എനിക്കെതിരല്ല, ഞാന്‍ FACTനെതിരെ ഒറ്റക്ക്. എതിര് ചെയര്മാന്, ഡയറക്ടര്‍, അവിടത്തെ സംഘടിത തൊഴിലാളികള്‍... ഇവരെല്ലാം യോജിച്ചും എതിര്‍പക്ഷത്ത് ഞാനൊറ്റക്കും. എനിക്കുറപ്പാണ്, സത്യസന്ധതയുള്ള തൊഴിലാളി യൂനിയന്‍ ഒരു പബ്ലിക് സെക്ടറില്‍ ഉണ്ടെങ്കില്‍ അവിടത്തെ ഒരു ചെയര്‍മാനും ജനറല്‍ മാനേജര്‍ക്കും നയാപൈസ കക്കാന്‍ കഴിയില്ല. മേൽപറഞ്ഞ എല്ലായിടത്തും വിജയിച്ചത് ഞാന്‍ മാത്രമാണ്. ഇതെല്ലാം എന്റെ കഴിവുകൊണ്ടു മാത്രമാണെന്ന് പറയില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല. അങ്ങനെയുണ്ടെങ്കില്‍ ആ ശക്തി എന്നെ സഹായിച്ചിട്ടുണ്ട്. ഒരു കരുണ എന്റെ നേര്‍ക്ക് -പത്മനാഭനെ അനാഥനാക്കണ്ട- ചൊരിഞ്ഞിട്ടുണ്ട്. കോടതിയില്‍ സത്യം പറഞ്ഞതുകൊണ്ടുമാത്രം കാര്യമില്ല. അവിടെ തെളിവാണ് വേണ്ടത്. ഞാന്‍ നിയമം പഠിച്ചവനാണ്. ഞാനെന്താണ് ചെയ്തത് എന്നുവെച്ചാല്‍ അതത് സമയത്ത് മുഴുവന്‍ ഡോക്യുമെന്റ്സിന്റേയും കോപ്പി എടുത്തുവെച്ചിരുന്നു. എപ്പോഴെങ്കിലും ഉപകരിക്കും എന്നൊരു ബോധ്യമുണ്ടായിരുന്നു. ഭാഗ്യത്തിന്റെ -ആ ശക്തിയുടെ- പ്രസാദം എന്നും എന്റെ നേര്‍ക്കുണ്ടായിരുന്നു. അതാണീ റെബലിനെ നയിക്കുന്നതും സംരക്ഷിക്കുന്നതും.
പ്രശ്നക്കാരന്‍, കലഹക്കാരന്‍, അപ്രിയസത്യങ്ങള്‍ വിളിച്ചുപറയുന്നയാള്‍ എന്നൊക്കെ ഇമേജുള്ളതുകൊണ്ടാണോ അക്കാദമി സ്ഥാനങ്ങളിലേക്ക് അങ്ങയെ വെക്കാത്തത്. ഔദ്യോഗികജീവിതത്തില്‍ അത് തെളിയിച്ചിട്ടുണ്ടല്ലോ. സര്‍ക്കാറിന്റെ അങ്ങനെയൊരു സ്ഥാനത്തേക്ക് ഇനി ക്ഷണിക്കപ്പെട്ടാല്‍ എന്തായിരിക്കും നിലപാട്?
നിങ്ങള്‍ ചോദിച്ചതില്‍ ഒരു പിശകുണ്ട്. എന്നെ ആ സ്ഥാനത്തേക്ക് വിളിക്കാത്തതല്ല. ഞാന്‍ സ്വീകരിക്കാത്തതാണ്. ഇവിടെ എന്റെ മുന്നില്‍ താങ്കൾ ഇരിക്കുന്നതുപോലെ വന്നിരുന്ന് പലവട്ടം അതിന് ഉത്തരവാദിത്തപ്പെട്ടവര്‍ വിളിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു എന്നെ ഒഴിവാക്കണം. അതിന് കാരണം ഇതുവരെ പറഞ്ഞതില്‍നിന്നുതന്നെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
വിജയത്തിന്റെ ഗാഥകളെ പറ്റി പറയാനാണ് പ്രശസ്തര്‍ക്കും അപ്രശസ്തര്‍ക്കും താൽപര്യം. പരാജയവും ജീവിതത്തിന്റെ ഭാഗമാണല്ലോ. അങ്ങയുടെ ജീവിതത്തില്‍ സംഭവിച്ച ഒരു പരാജയത്തിന്റെ കഥപറയാമോ?
പരാജയം ധാരാളമുണ്ട്. വിജയവും പരാജയവും ജീവിതത്തിലുണ്ടാകും. ഒടുവിലത്തെ അത്യന്തക വിശകലനത്തില്‍ ഏതാണോ കൂടുതല്‍ അതാണ് താന്‍. അതുനോക്കുമ്പോള്‍ വിജയിയാണ് ഞാന്‍. നേരത്തേ നിങ്ങള്‍ ചോദിച്ചു, സാഹിത്യ അക്കാദമിയുടെ കാര്യം. എന്നെ സംബന്ധിച്ച് അത് പ്രശ്നമല്ല. പരാജയമല്ല. ഇങ്ങോട്ട് തരുന്നത് വേണ്ടാന്ന് വെക്കുക. ഞാന്‍ പറഞ്ഞിട്ടുണ്ട്. നാറാണത്ത് ഭ്രാന്തനാണ് എന്റെ ഹീറോയെന്ന്. നാറാണത്ത് കാളിയോട് പറഞ്ഞു, നിര്‍ബന്ധമാണെങ്കില്‍ വലതുകാലിലെ മന്ത് ഇടതുകാലിലേക്കാക്കിക്കോളാന്.
താങ്കളുടെ കുട്ടിക്കാലത്തൊക്കെ വളരെ കര്‍ക്കശക്കാരായ രക്ഷിതാക്കളാണല്ലോ. അച്ഛനമ്മമാരില്‍നിന്ന് വേണ്ടത്ര സ്നേഹവായ്പുകള്‍ അനുഭവിക്കാനായിട്ടുണ്ടോ? കുട്ടിക്കാലം സുഖകരമായിരുന്നോ?
അച്ഛനെ കണ്ട ഓർമയില്ല. എനിക്ക് മാസങ്ങള്‍ ഉള്ളപ്പോള്‍തന്നെ അച്ഛന് മരിച്ചുപോയി. അമ്മയുടെ അടുക്കല്‍നിന്ന് സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളൂ. എന്റെ സ്വഭാവത്തെ രൂപവത്കരിക്കുന്നതിലും ജീവിതവീക്ഷണത്തിലും എല്ലാത്തിലും അമ്മ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, സ്നേഹംകൊണ്ട് വയറ് നിറയില്ലല്ലോ. വയറ് നിറക്കാന്‍ അമ്മ നന്നേ വിഷമിച്ചിട്ടുണ്ട്.
അങ്ങയുടെ ജീവിതചര്യകളെ പറ്റി കൗതുകപ്പെട്ടിട്ടുണ്ട്. നന്നേ പുലര്ച്ചെയുണരുന്നു. ഉദയം കാണുന്നു. പക്ഷികളുടെ കൂജനം ശ്രവിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ ഓമനിക്കുന്നു. ശുദ്ധസസ്യഭക്ഷണം. വളരെ നേരത്തേ കിടക്കുന്നു. ഇപ്പോഴും ഇങ്ങനെയാണോ? എന്തെങ്കിലും മാറ്റം?
പണ്ട് ഒരു ഏഴ്-ഏഴരക്ക് കിടക്കും. പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞാല്‍ എണീക്കും. ഇപ്പോള്‍ അത് പോയി. ഇന്ന് നിര്‍ബന്ധബുദ്ധിയോടെ രാത്രി ഒമ്പതുവരെ ചാനലൊക്കെ കണ്ട്, ന്യൂസ് കണ്ട് അല്ലെങ്കില്‍ ഇഷ്ടമുള്ള ഏതെങ്കിലും സിനിമ കണ്ട് മുട്ടിമുട്ടി ഒമ്പതാക്കി കിടക്കും. അഞ്ചരമണിക്കെഴുന്നേല്ക്കും. ഉറക്കം വളരെ കുറവാണ്. പലപ്പോഴും സ്വപ്നം കാണും. മരിച്ചുപോയ എന്റെ ജ്യേഷ്ഠനെ സ്വപ്നം കാണും. അദ്ദേഹം 93 വയസ്സുവരെ ജീവിച്ചു. ഭാര്യയേയും സ്വപ്നം കാണും. എന്തോ അമ്മയെ കാണാറില്ല. പിന്നെ ഇടക്കിടെ കാണുന്ന വിചിത്രമായ രണ്ടു സ്വപ്നങ്ങളുണ്ട്. ഞാന്‍ വളരെ ചെറുപ്പം മുതലെ പ്രഭാതസവാരി നടത്തിയിരുന്ന ആളാണ്. ആരോഗ്യമനുവദിച്ച കാലം വരെ നന്നായി നടന്നിരുന്നു. ഓടുകയും ചെയ്തിരുന്നു. എന്നെ വേട്ടയാടിക്കൊണ്ടിരുന്ന സ്വപ്നം ഇതാണ്. ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെടുന്നു. നടന്നുനടന്ന് ഒടുവില്‍ ഒരു ബസു വരുന്നു. ഞാനതില്‍ കേറി. എവിടെയോ എത്തി. ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നു. പക്ഷേ, എനിക്ക് വീടണയാനാകുന്നില്ല. ദിഗ് ഭ്രമത്തില്പെട്ട് ഉഴലുന്നു. അലയുന്നു. പിന്നെ മറ്റൊന്ന്, യാത്രയുടെ ഒരുഘട്ടത്തില്‍ എനിക്ക് എന്റെ മുഴുവന്‍ വസ്ത്രവും നഷ്ടപ്പെടുന്നു. ഞാന്‍ സമ്പൂർണ നഗ്നനാണ്. പക്ഷേ, എനിക്കതില്‍ വിഷമമനുഭവപ്പെടുന്നില്ല. മാന്യന്മാരും മഹാന്മാരുമായ വലിയ ജനക്കൂട്ടമുണ്ട്. ഞാന്‍ മാത്രം ദിഗംബരന്. എനിക്ക് വിഷമമില്ല. പക്ഷേ, അവര്‍ക്ക് വിഷമമുണ്ട്. ഏതാനും ദിവസങ്ങൾക്കുമുമ്പ് കണ്ട സ്വപ്നത്തില്‍ -ഇതുതന്നെ- ഞാന്‍ മാന്യന്മാരുടെ ജനക്കൂട്ടത്തില്‍ എത്തി. അപ്പോള്‍ ഏതോ ഒരു തീർഥയാത്രക്കോ മറ്റോ പോയിവരുന്ന അഞ്ചെട്ടാളുകളുള്ള ഒരുസംഘം. അവരില്‍ ഒരു നായകന്. ബാക്കിയുള്ളവര്‍ അദ്ദേഹത്തിന്റെ അനുയായികള്‍. സംഘം എവിടെയോ പോയി മടങ്ങിവരുകയാണ്. വലിയ ഭാണ്ഡക്കെട്ടുകളൊക്കെയുണ്ട്. അവര്‍ നല്ല വൃത്തിയുള്ളവരുമാണ്. എല്ലാവരും ഖദര്‍ ആണ് ധരിച്ചിരിക്കുന്നത്. തലവനായിട്ടുള്ള ആള്‍ക്ക് എന്നെ കണ്ടപ്പോള്‍, എന്റെ നഗ്നത കണ്ടപ്പോള്‍ വിഷമം സഹിക്കാനാകുന്നില്ല. അദ്ദേഹം അനുചരരോട് നിർദേശിച്ചു. എനിക്ക് വസ്ത്രം നല്‍കാനും ഭക്ഷണം കൊടുക്കാനും. അവരുടെ ഭാണ്ഡക്കെട്ടില്‍ പുത്തന്‍ ഖദറുകളുണ്ട്. ഞാനതൊക്കെ സ്വീകരിച്ചു. വേണ്ടാന്നൊന്നും പറയുന്നില്ല. ഭക്ഷണം കഴിച്ചു. മുണ്ടും ഉടുത്തു. ആ മൊമെന്റില് സ്വപ്നം പൊട്ടി. ഈ വസ്ത്രമില്ലാതെ നടക്കല്‍, ചെറുപ്പത്തില്‍ എനിക്ക് ഇല്ലായ്മയുടെ പ്രശ്നമുണ്ടായിരുന്നു. അത് അബോധതലത്തില്നിന്ന് വീണ്ടും വീണ്ടും തേട്ടിവരുന്നതാകണം. എന്ത് സ്വപ്നം കണ്ടാലും അഞ്ചരക്കെണീക്കും. നാല് പത്രങ്ങള്‍ ഉണ്ട്. പുസ്തകങ്ങളും വായിക്കും. കണ്ണിന് പ്രശ്നമുള്ളതിനാല്‍ മുമ്പത്തെപോലെ വയ്യ. അച്ചടിയക്ഷരങ്ങള്‍ ചെറുതാവുകയല്ലേ. പിന്നെ നിങ്ങള്‍ പറഞ്ഞതുപോലെ നായ്ക്കളെ ഓമനിക്കും. ഊട്ടും. എട്ടുപേരുണ്ടിപ്പോള്‍. പല കാലങ്ങളിലായി വന്നുകൂടിയവര്‍.
ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, അങ്ങനെ പ്രാർഥിക്കാറൊന്നുമില്ല എന്ന് കേട്ടിട്ടുണ്ട്. ദൈവവിശ്വാസത്തെ പറ്റി?
ദൈവവിശ്വാസത്തെ പറ്റി? I am not bothered. ഞാനെന്റെ അമ്മയുടെ ഉദാഹരണം പറയാം. ഒരു സവർണ അഗ്രഹാരത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. എന്റെ വീട്ടില്‍ കൂട്ടുകുടുംബമായിരുന്നു. അവിടെ അമ്മയൊഴികെ എല്ലാവരും അമ്പലത്തില്‍ പോകുമായിരുന്നു. എന്റെ അമ്മ ജീവിതത്തിലൊരിക്കലും അമ്പലത്തില്‍ പോകുന്നത് ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍, ദൈവവിശ്വാസിയല്ലേ എന്ന് ചോദിച്ചാല്‍, ആകണം. അമ്മക്ക് ജാതിവ്യത്യാസമില്ല. അമ്മയുടെ ക്ലോസ് ഫ്രണ്ട്സ് ജാതിയില്‍ വളരെ താഴ്ന്ന രണ്ടുപേരായിരുന്നു. ഈ നായ്ക്കളൊക്കെ കളിച്ച് മറിയാറില്ലേ. അതുപോലെയായിരുന്നു അമ്മയും കൂട്ടുകാരും. അതുകണ്ട് ഞങ്ങള്‍ കുട്ടികള്‍പോലും അവരെ കളിയാക്കും. ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ അമ്മയില്‍നിന്ന് ഞാന്‍ സ്വാംശീകരിച്ചിട്ടുണ്ട്. നിങ്ങള്‍ എന്ത് വിശ്വാസമായാലും എനിക്ക് പ്രശ്നമില്ല. പക്ഷേ, നിങ്ങളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് ഒരു പ്രശ്നമാകരുത്. മറ്റുള്ളവരെ ദ്രോഹിക്കുന്ന വിശ്വാസമാകരുത്. അതേ എനിക്കുള്ളൂ. ഇപ്രകാരമുള്ള ഒരു വിശ്വാസംകൊണ്ട് നിങ്ങളുടെ മനസ്സിന് ശാന്തികിട്ടുമെങ്കില് നല്ലതല്ലേ?
പരിസ്ഥിതിയുടെ നാശം, പുതിയ പുതിയ രോഗങ്ങള്‍, മതവർഗീയ വിദ്വേഷങ്ങള്‍, രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മൂല്യച്യുതി... ജീവിതം കൂടുതല്‍ ഇടുങ്ങുകയാണ്. പുതുതലമുറയുടെ ജീവിതത്തെ കുറിച്ച് ആധിയില്ലേ?
ഇങ്ങനെപോയാല്‍..! ഭൂമിയുണ്ടെങ്കിലല്ലേ ഒരു തലമുറയുണ്ടാകൂ. ഭൂമിതന്നെ ഇനിയുണ്ടാകുമോ എന്ന് സംശയമാണ്. ഇതൊരു അശുഭവിശ്വാസി പറയുന്നതല്ല. ഒരു ശുഭാപ്തി വിശ്വാസക്കാരന്റെ ബേജാറാണ്. ഇതുമുഴുവന്‍ തന്റെ അത്യാര്‍ത്തി തൃപ്തിപ്പെടുത്താനുള്ളതാണ്; ഈ ഭൂമിയും അതിലെ വിഭവങ്ങളും. ഇങ്ങനെ വിചാരിച്ചാല്‍ എന്തുചെയ്യും? മഹാത്മാ ഗാന്ധിയൊക്കെ പറഞ്ഞിട്ടുണ്ട്. മനുഷ്യന് സുഖമായി ജീവിക്കാനുള്ളതെല്ലാം ഈ ഭൂമുഖത്തുണ്ട്. മിതവ്യയമാണ് വേണ്ടത്. പകരം അത്യാര്‍ത്തി പുലര്‍ത്തിയാല്‍ എന്തുചെയ്യും. കുന്നുകള്‍ ഇടിക്കുന്നു. പുഴയെ... എല്ലാം... എല്ലാം. അധികമൊന്നും വേണ്ട. സ്വന്തം മക്കളുടെ ഭാവിയെ പറ്റിയെങ്കിലും.... അതുപോലും!
ലക്ഷണമൊത്ത 'സാക്ഷി' എന്ന പരിസ്ഥിതി കഥകളെഴുതിയ അങ്ങേക്ക് കെ-റെയില്‍ പോലുള്ള വമ്പന്‍ പദ്ധതിയെക്കുറിച്ച് എന്താണഭിപ്രായം? പരിസ്ഥിതിവിനാശം വരുത്തുമെന്ന് ഒരുപക്ഷം. നവകേരളസൃഷ്ടിയുടെ ചുവടുവെപ്പെന്ന് ഭരണപക്ഷം?
ഇതിനെ കുറിച്ച് ഞാന്‍ പാര്‍ലമെന്ററി പ്രതിനിധികളോടും സഖാക്കളോടും സംഭാഷണത്തില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പരസ്യമായി പറഞ്ഞിട്ടില്ല. ഭയംകൊണ്ടല്ല. ശാസ്ത്ര സാഹിത്യ പരിഷത്ത് ഭരിക്കുന്ന കക്ഷിക്കെതിരല്ലല്ലോ. അതുപോലെ RVG മേനോന്, മെട്രോമാന് ശ്രീധരന്. ശ്രീധരന് ബി.ജെ.പി ആണെന്നറിയാം. പക്ഷേ, അതില്‍ വലിയ അർഥമൊന്നുമില്ല. ഇതിനെക്കുറിച്ചൊക്കെ പറയാന്‍ ഏറ്റവും അര്‍ഹതപ്പെട്ട ആളാണ് അദ്ദേഹം. കഷ്ടകാലത്തിന് വയസ്സുകാലത്ത് ആള്ക്കിങ്ങനെയൊരു രണ്ടാംകല്യാണം കഴിക്കാന്‍ തോന്നി. അദ്ദേഹം ഈ വിഷയത്തില്‍ പറയുന്നത് ശരിയാണ്. ഇപ്പോള്‍ ഏതാണ്ട് ഗവണ്മെന്റും അത് വേണ്ടാന്നുവെച്ച നിലയിലാണ്. അപ്പോള്‍ പിന്നെ ചത്തകുട്ടി അല്ലെങ്കില്‍, ചാകാന്പോകുന്ന കുട്ടിയുടെ ജാതകം നോക്കിയിട്ടെന്ത്? പോരെ? ഇതിലെല്ലാം ഉണ്ടല്ലോ.
പിണറായി വിജയന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില് ഇതിലും മെച്ചപ്പെട്ട ഭരണം കിട്ടുമായിരുന്നു എന്നു തോന്നുന്നുണ്ടോ? മുഖ്യമന്ത്രി എന്നനിലയില്‍ പിണറായി വിജയനെ വിലയിരുത്താമോ?
കഴിവുകളുടെ ഉടമയാണ് പിണറായി വിജയന് എന്ന വ്യക്തിയെന്നതില്‍ എനിക്ക് തരിമ്പും സംശയമില്ല. അസാമാന്യന്‍. അദ്ദേഹത്തിന്റെ ആദ്യ മന്ത്രിസഭയുടെ കാലത്തുള്ള പ്രാഭവം ഇന്ന് കാണാന്‍ കഴിയുന്നില്ല എന്നത് ദുഃഖസത്യം.
ലളിതമായി നിർവചിക്കാമോ? ഈ കാലയളവിനുള്ളില്‍ അങ്ങേക്ക് തിരിഞ്ഞുകിട്ടിയ മനുഷ്യജീവിതം എന്താണ്?
അതൊക്കെ പണ്ഡിതരും തത്ത്വചിന്തകരും പറയേണ്ടതാണ്. എനിക്കത്രയും അറിവില്ല. ജീവിതം എന്നെ സംബന്ധിച്ചിടത്തോളം സംതൃപ്തമാണ്. ആ അവാര്‍ഡ് കിട്ടിയില്ല, ഈ അവാര്‍ഡ് കിട്ടിയില്ല എന്നൊന്നുമില്ല. മനോഭാവമാണ് പ്രധാനം.