'ഗോദ്സെ ലാബി'ന് ഇൗ രാജ്യത്തെ വിട്ടുകൊടുക്കില്ല; മഹ്ബൂബ മുഫ്തി മാധ്യമത്തോട് സംസാരിക്കുന്നു
ദീർഘനാളത്തെ വീട്ടുതടങ്കലിന് ശേഷം മോചിതയായ പി.ഡി.പി നേതാവും മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തി താഴ്വരയിൽനിന്ന് ഡൽഹിയിലെ ജന്തർമന്തറിലെത്തി കശ്മീർ വിഷയത്തിലേക്ക് രാജ്യത്തിെൻറ ശ്രദ്ധ ക്ഷണിച്ചു. നിലവിലുള്ള ജമ്മു-കശ്മീരിനെയും രാജ്യത്തെയും കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കുവെക്കുകയാണിവിടെ. എഴുത്ത് : ഹസനുൽ ബന്ന
ജമ്മു-കശ്മീരിലേതുപോലെ രാജ്യത്തെങ്ങുനിന്നുമുള്ള വിവരങ്ങൾ കേൾക്കാൻ സുഖമുള്ളതല്ല. എന്താണ് രാജ്യത്തിെൻറ സ്ഥിതിയെന്ന് എല്ലാവർക്കുമറിയും. മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) ബംഗ്ലാദേശിെൻറ താഴെ വന്നിരിക്കുന്നു. പട്ടിണിസൂചികയിൽ പാകിസ്താനും ബംഗ്ലാദേശിനും നേപ്പാളിനും താെഴ പോയിരിക്കുന്നു ഇന്ത്യ. തൊഴിലില്ലായ്മയുടെ കാര്യം തന്നെ നമുക്ക് പറയാൻ കഴിയാത്ത സ്ഥിതിയായിരിക്കുന്നു. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി, ഒടുവിൽ ഗംഗ മുഴുവൻ ശവങ്ങളൊഴുകി നടക്കുന്ന സാഹചര്യം സംജാതമായി.
രാജ്യത്ത് നിലവിലുള്ള സർക്കാർ ഒരു ജനാധിപത്യ സർക്കാറല്ല നടത്തിക്കൊണ്ടുപോകുന്നത്. മറിച്ച് കൊളോണിയൽ മനഃസ്ഥിതിയുള്ള ഒരു സർക്കാറാണ്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷം ലഭിച്ചശേഷം അവർ ഇൗ രാജ്യത്തെ കൊണ്ടുപോകുന്നത് തങ്ങളുടെ ഒരു കോളനിയെന്ന നിലയിലാണ്. ദൗർഭാഗ്യവശാൽ, ജമ്മു-കശ്മീർ ഒരു ലബോറട്ടറിയായി മാറിയിരിക്കുന്നു. രാജ്യത്ത് ഇവർ എന്തു ചെയ്യാൻ ആഗ്രഹിക്കുേന്നാ അത് ജമ്മു-കശ്മീർ ലബോറട്ടറിയിൽ ആദ്യം ടെസ്റ്റ് ചെയ്ത് നോക്കുകയാണ്. അവിടെയാണ് ടെസ്റ്റിങ് തുടങ്ങുന്നത്. ഭരണഘടന നശിപ്പിക്കാൻ തുടങ്ങിയത് അവിടെ നിന്നാണ്. 370ന് പിറകെ എൻ.ആർ.സി, പിന്നീട് സി.എ.എ, അതും കഴിഞ്ഞ് കാർഷിക നിയമങ്ങൾ.
കശ്മീരിൽ മിണ്ടാൻ വയ്യ; ജന്തർമന്തറിലേക്ക് പോന്നു
ഇതിെൻറയൊക്കെ ലബോറട്ടറി ജമ്മു-കശ്മീരാണ്. അവിെട ഒരാൾക്കും സംസാരിക്കാൻ അനുവാദമില്ല. അതുകൊണ്ടാണ് പത്ത് പന്ത്രണ്ട് ആളുകളെയുംകൊണ്ട് എനിക്ക് ജന്തർമന്തറിൽ വന്നിരിക്കേണ്ട ഗതികേടുണ്ടായത്. നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലപ്പുറമാണ് അവിടത്തെ കാര്യങ്ങൾ.
ജമ്മു-കശ്മീരിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ വല്ലതും നടന്നാൽ അവിടെ എല്ലാവെരയും പോകാൻ അനുവദിക്കും. എന്നാൽ, സുരക്ഷാ സേനയാൽ ഏതെങ്കിലും ഒരു നിരപരാധി കൊല്ലെപ്പട്ടാൽ ഞങ്ങളുടെ വീടുകൾക്ക് താഴ് വന്ന് വീഴുന്നു. ശാഹിദ് എന്ന യുവാവിേൻറത് ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ്. വെടിയേറ്റുമരിച്ച അവെൻറ വീട്ടിൽ പോകാൻപോലും എന്നെ സമ്മതിച്ചില്ല. ഹൈദർപുരയിൽ ഏറ്റുമുട്ടലിൽ മൂന്ന് മനുഷ്യെര ഷീൽഡ് ആയി ഉപയോഗിച്ച സംഭവമുണ്ടായപ്പോഴും അവരുടെ വീടൊന്ന് സന്ദർശിക്കാൻ ഞാനാഗ്രഹിച്ചു. എല്ലാവെരയും പോകാൻ അനുവദിച്ചിട്ടും എെന്ന പോകാൻ അനുവദിച്ചില്ല. വിചിത്രമായ ഒരു രീതി ഇന്ന് ജമ്മു-കശ്മീരിൽ സൃഷ്ടിച്ചിരിക്കുന്നു.
ജമ്മു-കശ്മീരിൽ ഒന്നും ശരിയായിട്ടില്ലെന്ന് മാത്രമല്ല, സ്ഥിതിവിശേഷം വീണ്ടും മോശമായിരിക്കുകയാണ്. ചുമയുള്ള രോഗിയുടെ വായ പൊത്തിപ്പിടിച്ച് അയാളുടെ രോഗത്തിന് അറുതി വരുത്തൂ എന്ന് പറഞ്ഞാൽ അയാളുടെ രോഗം മാറില്ല.
ജനാധിപത്യ രീതിയിൽ പുറത്തിറങ്ങി സമാധാനപരമായി ഒരു പ്രതിഷേധം സംഘടിപ്പിച്ചാലും വാതിലുകൾക്ക് താഴ് വീഴും. എന്നിട്ടും ആെരങ്കിലും പ്രതിഷേധത്തിന് ശ്രമിച്ചാൽ അവരെ വൈകീട്ട് പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കുന്നു. മേലിലൊരിക്കലും പ്രതിഷേധത്തിന് ഇറങ്ങില്ലെന്ന് എഴുതിവാങ്ങുന്നു. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ നമ്മുടെ വീര്യമില്ലാതാകും. 370ാം വകുപ്പ് റദ്ദാക്കിയ ശേഷം ജമ്മു-കശ്മീരിൽ എല്ലാം ശരിയായിരിക്കുന്നു എന്ന വ്യാജപ്രചാരണം രാജ്യത്ത് ഇവർ പരത്തിയിരിക്കുന്നു. ജമ്മു-കശ്മീരിൽ ഒന്നും ശരിയായിട്ടില്ലെന്ന് മാത്രമല്ല, സ്ഥിതിവിശേഷം വീണ്ടും മോശമായിരിക്കുകയാണ്. ചുമയുള്ള രോഗിയുടെ വായ പൊത്തിപ്പിടിച്ച് അയാളുടെ രോഗത്തിന് അറുതി വരുത്തൂ എന്ന് പറഞ്ഞാൽ അയാളുടെ രോഗം മാറില്ല. ജേണലിസ്റ്റുകളെ ഏറക്കുറെ സമ്മർദത്തിലാക്കി വരുതിയിൽ നിർത്തിയിരിക്കുകയാണ്. സ്വതന്ത്രമായി വല്ലതും യൂട്യൂബിലും ഡിജിറ്റൽ മാധ്യമങ്ങളിലുമൊക്കെ ചെയ്യുന്നവരെ ഫെലോഷിപ്പുകൾക്കും മറ്റും വിദേശത്ത് പോകാൻ അനുവദിക്കാതെ അവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടിയിരിക്കുന്നു.
സ്ത്രീകൾ അനുഭവിക്കുന്ന അസ്തിത്വ ഭീഷണി
370ാം വകുപ്പും 35 എയും ഭരണഘടനാ വിരുദ്ധമായ രീതിയിലൂടെ എടുത്തുകളഞ്ഞ് ആദ്യം ഞങ്ങളുടെ അസ്തിത്വത്തിന് നേർക്കായിരുന്നു ആക്രമണം. ജമ്മു-കശ്മീർ ഭരണഘടനാ സഭയിൽ മാത്രമേ 370ാം വകുപ്പ് റദ്ദാക്കാൻ കഴിയൂ എന്ന് നമ്മുടെ ഭരണഘടനയിലുള്ളതാണ്. തന്നിഷ്ടപ്രകാരം ഒരാൾക്കും ആ വകുപ്പ് എടുത്തുകളയാനാവില്ലായിരുന്നു. ജമ്മു-കശ്മീർ ഭരണഘടനാ സഭ ഉണ്ടാക്കിയത് എന്തിനാണെന്നറിഞ്ഞിട്ടും പാർലമെൻറിൽ ബലം പ്രയോഗിച്ച് പാസാക്കിയത് രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനമായിരുന്നു. ജമ്മു-കശ്മീരിൽ ഇന്ന് അസ്തിത്വ ഭീഷണി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. ആരെങ്കിലും മരിച്ചാലോ ജയിലിലാക്കിയാലോ അനുഭവിക്കുന്നതും സ്ത്രീകളാണ്.
സ്ത്രീ ശാക്തീകരണത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന മോദിസർക്കാർ സ്ത്രീ ശാക്തീകരണത്തിനായി ഞാൻ കൊണ്ടുവന്ന സുപ്രധാന ചട്ടം എടുത്തുകളഞ്ഞു. സ്ത്രീകളുടെ പേരിൽ ഭൂമി വാങ്ങുേമ്പാൾ സ്റ്റാമ്പ് ഡ്യൂട്ടി വാങ്ങരുത് എന്നതായിരുന്നു അത്. അതോടെ ജനങ്ങൾ ആൺമക്കളുടെയും സഹോദരങ്ങളുടെയും പേരിൽ ഭൂമി വാങ്ങുന്നത് നിർത്തി പെൺമക്കളുടെയും ഭാര്യയുടെയും മാതാവിെൻറയും സഹോദരിമാരുടെയും പേരിൽ ഭൂമി വാങ്ങിത്തുടങ്ങി. സ്ത്രീശാക്തീകരണത്തിന് കൈക്കൊണ്ട ആ നടപടിയും സർക്കാർ റദ്ദാക്കി.
ഗാന്ധിയുടെ ഇന്ത്യയെ ഗോദ്സെയുടെ ഇന്ത്യയാക്കുന്നു
18 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിന് തെൻറ പിതാവിെൻറ മൃതദേഹം വിട്ടുകിട്ടുന്നതും കാത്ത് കൊടും തണുപ്പിൽ രാത്രി മുഴുവൻ കഴിച്ചുകൂേട്ടണ്ടി വരുക. സഹോദരിക്ക് സഹോദരെൻറ മൃതേദഹത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരുക. തീവ്രവാദികളെ കൊന്ന പിതാവിെൻറ മകനെ തീവ്രവാദിയാണെന്ന് വിളിക്കുക. സൈന്യത്തിനൊപ്പം ഇൻേഫാർമറായി ഇപ്പോഴും ജോലി ചെയ്യുന്ന, തീവ്രവാദ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പൊലീസ് സുരക്ഷ നൽകിയ ആളുടെ ചായവിൽപനക്കാരനായ മകനെ കൊണ്ടാണ് ഹൈബ്രിഡ് മിലിറ്റൻറ് എന്ന് പറഞ്ഞത്. ഹൈബ്രിഡ് മിലിറ്റൻറ്, വൈറ്റ് കോളർ മിലിറ്റൻറ് തുടങ്ങി പുതിയ പുതിയ സേങ്കതങ്ങൾ വരുകയാണ്. അസോസിയേറ്റഡ് മിലിറ്റൻസി എന്നതാണ് പുതുതായി കണ്ടെത്തിയ വിളിപ്പേര്. ഇൗ പേരിട്ട് നിരവധി ആളുകളെ ജോലിയിൽനിന്ന് പുറത്താക്കി. ശരിക്കും ജീവിക്കുന്നതുതന്നെ ഹറാം (നിഷിദ്ധം) ആക്കിയിരിക്കുന്നു. കശ്മീരിലെ ജയിലുകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഇപ്പോൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ജയിലുകളിലേക്ക് കശ്മീരികളെ കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഗാന്ധിയുടെ ഇന്ത്യ ഗോദ്സെയുടെ ഇന്ത്യയാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മൾ ഇൗ തമാശ കണ്ടുനിൽക്കുകയാണ്. നമ്മുടെ വലിയ സ്തംഭങ്ങളായ ജുഡീഷ്യറിയും മീഡിയയും അവ ചെയ്യേണ്ട ഉത്തരവാദിത്തം ചെയ്യുന്നില്ല.
കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ആര് നോക്കണം?
മുഖ്യമന്ത്രിയായിരുന്നപ്പോൾ കശ്മീരി പണ്ഡിറ്റുകളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടുണ്ട്. ഒരിടത്ത് കട പിടിച്ചെടുക്കാൻ ശ്രമം നടന്നപ്പോൾ അത് തിരിച്ചുകൊടുപ്പിച്ചിട്ടുണ്ട്. ഞങ്ങൾ പണ്ഡിറ്റുകൾക്ക് അനുകൂലമാണ് എന്ന് പലരും പറയാറുള്ളതും ഇത്തരം നടപടികൊണ്ടായിരുന്നു. ന്യൂനപക്ഷവിഭാഗത്തെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം ജമ്മു-കശ്മീരിലെ മുസ്ലിംകളുടേതാണെന്ന് എെൻറ പിതാവ് പറയാറുണ്ടായിരുന്നു. ഇതുപോലെതന്നെയാണ് രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മു-കശ്മീരിെൻറ കാര്യവും. അതിനെ കഷണം കഷണമാക്കി. എെൻറ പിതാവ് ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ഖദർബാഗിലും മട്ടാനിലും ഷേപോറയിലും ട്രാൻസിറ്റ് അക്കമഡേഷനുണ്ടാക്കി. കശ്മീരിലേക്ക് തിരിച്ചുവരുന്ന കശ്മീരി പണ്ഡിറ്റുകൾക്ക് ജോലിയും താമസവും നൽകാനുള്ള മൻമോഹൻ സിങ്ങിെൻറ പദ്ധതിയും പിതാവ് നടപ്പാക്കി. പണ്ഡിറ്റുകളുടെ പുനരധിവാസം ഒരു ദിവസംകൊണ്ടു ചെയ്യാവുന്ന ജോലിയല്ല. ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും ചെയ്യാനും പറ്റില്ല. അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ജമ്മു-കശ്മീരിലെ നിലവിലുള്ള സ്ഥിതിവിശേഷം മാറ്റാതെ പണ്ഡിറ്റുകളുടെ കാര്യത്തിലും ഒന്നും െചയ്യാനാവില്ല. 370 എടുത്തുകളയുന്നതോടെ എല്ലാം ശരിയാകുമെന്നായിരുന്നു ബി.ജെ.പി പറഞ്ഞിരുന്നത്. ഇപ്പോൾ കശ്മീരിൽ എല്ലാം നേർവിപരീതം ആയിക്കൊണ്ടിരിക്കുന്നു.
കശ്മീരി പണ്ഡിറ്റുകളും സിഖുകാരും ലക്ഷ്യംവെക്കപ്പെടുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാറിനും രഹസ്യാന്വേഷണ ഏജൻസികൾക്കും ഇൗ വിവരമുണ്ടാകും. എന്നിട്ട് എന്താണ് സർക്കാർ ചെയ്യുന്നത്? സർക്കാറിെൻറ ഉത്തരവാദിത്തം എന്താണെന്ന് ഗോദി മീഡിയ ചോദിക്കണം. ലക്ഷ്യം വെക്കുന്നുവെന്ന് വിവരമുണ്ടായിട്ടും എങ്ങനെ ആക്രമണമുണ്ടായി, എന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ച് ഗോദി മീഡിയ സർക്കാറിന് പിന്നാലെ പോകണം. എന്നാൽ, ഇൗ സർക്കാറിനോട് ഒരു ചോദ്യവും ചോദിക്കുന്നില്ല.
മോദിയുടെ ഇന്ത്യയും വാജ്പേയിയുടെ ഇന്ത്യയും
കാർഗിലുണ്ടായത് വാജ്പേയിയുടെ കാലത്താണ്. അദ്ദേഹത്തിെൻറ തന്നെ കാലത്താണ് ആഗ്രയിൽനിന്നും മുശർറഫ് എണീറ്റുപോയത്. അതിനുശേഷം പാർലമെൻറ് ആക്രമണം നടന്നു. ഇതൊക്കെയുണ്ടായിട്ടും വാജ്പേയി സംഭാഷണം നിർത്തിയില്ല. വാജ്പേയിയേക്കാളും വലിയ സ്റ്റേറ്റ്സ്മാനെ ഞാനെെൻറ ജീവിതത്തിൽ കണ്ടിട്ടില്ല. വാജ്പേയി പാകിസ്താനോട് സംസാരിക്കുക മാത്രമല്ല ചെയ്തത്. രണ്ട് പ്രാവശ്യം അവിടെ പോകുകയും െചയ്തു. കാർഗിലിന് ശേഷവും വാജ്പേയി പാകിസ്താനിൽ പോയി. കാരണം, ജമ്മു-കശ്മീർ പ്രശ്നത്തിന് പരിഹാരം കാണണമെങ്കിൽ, ഗംഗയിൽ ജനങ്ങളുടെ ശവം ഒഴുകിനടക്കാതിരിക്കണമെങ്കിൽ, രാജ്യത്ത് നല്ല ആശുപത്രികളുണ്ടാക്കണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചങ്ങാത്തത്തിലാകണമെന്ന് വാജ്പേയിക്ക് അറിയാമായിരുന്നു. ഇന്ത്യയുടെ വലിയൊരു ഭൂപ്രദേശം കൈയേറിയിരിക്കുന്ന െെചനയുമായി നാം സംഭാഷണം നടത്തുേമ്പാൾ പാകിസ്താനുമായി എന്തുകൊണ്ടാണ് സംഭാഷണം നടത്താത്തത്?
ആഗ്രയിൽ പാകിസ്താെൻറ വിജയം ആഘോഷിച്ചു എന്നു പറഞ്ഞ് വലിയ കോലാഹലം ഉണ്ടാക്കിയപ്പോൾ വാജ്പേയി പ്രധാനമന്ത്രിയായ കാലത്ത് നടന്ന ഇന്ത്യ ^ പാകിസ്താൻ മാർച്ച് ആണ് ഒാർമയിൽ വന്നത്. ഇന്ത്യക്കാർ പാകിസ്താനും പാകിസ്താനികൾ ഇന്ത്യക്കും വേണ്ടി ആർത്തുവിളിക്കുകയായിരുന്നു. മുശർറഫ് വന്ന് രണ്ട് ടീമുകളെ അനുമോദിക്കുകയും ചെയ്തു. അതും ഒരു കാലമായിരുന്നു. ഇന്ന് ആഗ്രയിലെ ആ കുട്ടികളുടെ കേസ് നടത്താൻ ഒരു വക്കീൽപോലും തയാറാകുന്നില്ല.
വീട്ടുതടങ്കലിൽ വേട്ടയാടിയ ചിന്തകൾ
വീട്ടുതടങ്കലിലാക്കുമെന്ന് ഒരിക്കലും കരുതിയതല്ല. കശ്മീരികളുടെ രോഷമേറ്റുവാങ്ങി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുഖ്യധാരാ പാർട്ടികളോടാണ് ഇങ്ങനെ ചെയ്തത്. ഇന്ത്യൻ ഭരണഘടനയെ കുറിച്ച് സംസാരിക്കുേമ്പാഴും രാജ്യെത്ത കുറിച്ച് സംസാരിക്കുേമ്പാഴും എന്തിനെ കുറിച്ചാണ് ഇൗ പറയുന്നതെന്ന് പലരും ചോദിക്കാറുണ്ടായിരുന്നു. സർക്കാറിനും കശ്മീരികൾക്കുമിടയിൽ ഒരു മിഡിൽ ഗ്രൗണ്ട് ഒരുക്കിയ ഞങ്ങളെ പിടിച്ച് ജയിലിലിട്ടതോടെ ശൂന്യത സൃഷ്ടിക്കപ്പെട്ടു. ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനം ആയിട്ടുപോലും മതേതരത്വവും ജനാധിപത്യവുമുള്ള ഗാന്ധിയുടെ ഇന്ത്യയിൽ പോകാൻ ഞങ്ങളുടെയൊക്കെ മുൻഗാമികൾ എടുത്ത തീരുമാനത്തെ കുറിച്ച് പോലും ഞാൻ ചിന്തിച്ചു. നിങ്ങളാണെങ്കിൽപോലും ഇതൊക്കെ ആലോചിക്കും? പിന്നീട് ഞാനെെൻറ പിതാവിനെ കുറിച്ച്, എന്താണ് അദ്ദേഹം െചയ്തത് എന്നതിനെ കുറിച്ച് ആലോചിച്ചു. അതോടെ കീഴടങ്ങിെല്ലന്ന് ഞാൻ തീരുമാനിച്ചു.
ഞങ്ങൾ ഇൗ രാജ്യത്തിെൻറയും ന്യൂഡൽഹിയുടെയുമൊക്കെ ഏജൻറുമാരാണെന്നാണ് കശ്മീരികൾ കരുതുന്നത്. രാജ്യം നമ്മുടേതാണ് എന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ. ഉള്ള അവകാശങ്ങളും അധികാരങ്ങളുമില്ലാതാക്കി ഹിന്ദുസ്താൻ ഇപ്പോൾ എന്താണ് ചെയ്തതെന്ന് അവർ ചോദിച്ചുതുടങ്ങിയിരിക്കുന്നു.
ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയതിൽ കുറ്റബോധമില്ല
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിൽ ഒരു കുറ്റബോധവും തോന്നുന്നില്ല. രാജ്യത്തിന് വേണ്ടിയും ജനങ്ങൾക്ക് വേണ്ടിയും വലിയ ത്യാഗങ്ങൾ ചെയ്യേണ്ടിവരും. വാജ്പേയിയുടെ സമീപനം നോക്കിയാണ് മുഫ്തി മുഹമ്മദ് സഇൗദ് സഖ്യമുണ്ടാക്കിയത്. ഞങ്ങൾ ബി.ജെ.പിയുമായി സർക്കാറുണ്ടാക്കുേമ്പാൾ ആദ്യ നിബന്ധനവെച്ചിരുന്നത് 370ൽ തൊടിെല്ലന്നായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യസർക്കാർ തുടരുവോളം ആ നിബന്ധന പാലിച്ച് അതിൽ തൊട്ടില്ല.
ജമ്മു-കശ്മീർ പ്രശ്നപരിഹാരത്തിനാണ് പിതാവിനെ പോെല ബി.ജെ.പിയുമായി സഖ്യം െചയ്തത്. പുതിയ വഴി തുറക്കുെമന്നും സംഭാഷണം നടത്തുമെന്നുമാണ് ബി.ജെ.പി പറഞ്ഞിരുന്നത്. അതുകൊണ്ടാണ് സഖ്യസർക്കാറുണ്ടാക്കിയത്. എന്നാൽ മൃഗീയ ഭൂരിപക്ഷം ലഭിച്ചപ്പോൾ ഭരണഘടനാവിരുദ്ധമായി ഉള്ളതും എടുത്തുകളയുകയാണ് ചെയ്തത്. വാജ്പേയിയുടെ ഇൻസാനിയ്യത്തും ജംഹൂരിയ്യത്തും കശ്മീരിയ്യത്തും ആവർത്തിച്ച് അദ്ദേഹത്തിെൻറ കാലടിപ്പാടുകൾ പിന്തുടരുമെന്നാണ് മോദി പറഞ്ഞിരുന്നത്. ഇത് കേട്ട് ഞങ്ങളും സന്തോഷിച്ചു. വാജ്പേയിയുടെ നയങ്ങളുമായി മോദി മുന്നോട്ടുപോകുമെന്നാണ് ഞങ്ങൾ കരുതിയത്.
ജമ്മു-കശ്മീരിലെ രാഷ്ട്രീയ പ്രക്രിയ
ജമ്മു-കശ്മീരിലെ രാഷ്ട്രീയപ്രക്രിയയെ കുറിച്ച് പറഞ്ഞു കേൾക്കുന്നുണ്ട്. മുഖ്യധാരാ പാർട്ടികളാണല്ലോ അത് ചെയ്യേണ്ടത്. വീടുകളിലേക്ക് പോകാനും വീടുകളിൽനിന്നിറങ്ങാനും അനുവദിക്കാതെ രാഷ്ട്രീയപ്രക്രിയ എങ്ങനെ സാധ്യമാകും? മക്കൾ രാഷ്ട്രീയക്കാരാണെന്നും അഴിമതിക്കാരാണെന്നും പറഞ്ഞ് മുഖ്യധാരാ പാർട്ടികളെ മാറ്റിനിർത്തി. ഭരണകൂടത്തിനും ജനങ്ങൾക്കുമിടയിലുണ്ടായിരുന്ന മിഡിൽ ഗ്രൗണ്ട് ആണ് അതിലൂടെ ഇല്ലാതാക്കിയത്. മുഖ്യധാരാ പാർട്ടികൾക്ക് രാഷ്ട്രീയമായി പ്രവർത്തിക്കാൻ ഇടം നൽകാത്തതിനാൽ രാഷ്ട്രീയപ്രക്രിയ പൂർണമായും മറക്കപ്പെട്ട നിലയിലായിരിക്കുന്നു. ഏതായാലും സംസ്ഥാന പദവി എെൻറ ആവശ്യമല്ല. അത് നാഷനൽ കോൺഫറൻസിെൻറയോ മറ്റു വല്ലവരുടെയോ ആവശ്യമായിരിക്കാം. പത്താം ക്ലാസിൽനിന്ന് ഒരാളെ താെഴയുള്ള ക്ലാസിലേക്ക് ഡിമോട്ട് ചെയ്ത് പിന്നീട് പത്താം ക്ലാസിൽ തന്നെയാക്കിയാൽ അതിൽ ആഘോഷിക്കാനൊന്നുമില്ല. 370ഉം 35 എയും വകുപ്പുകളുടെ പുനഃസ്ഥാപനമാണ് എെൻറ ആവശ്യം.
തിരക്കിട്ട് നടത്തുന്ന മണ്ഡല പുനർനിർണയം
മണ്ഡല പുനർനിർണയം 2026ൽ രാജ്യത്ത് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ കശ്മീരിൽ ഇപ്പോൾ തിരക്കിട്ട് മണ്ഡല പുനർനിർണയം നടേത്തണ്ട കാര്യമെന്താണ്? ഇത് അവരുടെ അജണ്ടയുടെ ഭാഗമാണ്. ജമ്മു -കശ്മീരിെന ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി ഇപ്പോൾ മാറ്റിയെന്ന് പറയുന്നവർ മണ്ഡല പുനർനിർണയ കമീഷൻ വന്ന് സീറ്റുകൾ വർധിപ്പിക്കണം എന്ന് പറയുന്നത് ഭിന്നിപ്പിക്കൽ തന്ത്രത്തിെൻറ ഭാഗമാണ്. വോട്ടുകൾ ഭിന്നിക്കുന്ന തരത്തിലാണ് അവരുടെ മണ്ഡല പുനർനിർണയ പദ്ധതി. ചില ഭാഗങ്ങൾ വേർപെടുത്തി മറ്റു ചിലത് ചേർത്ത് അവർക്ക് കുറച്ചു സീറ്റുകൾ കൂട്ടണം. മുസ്ലിം, കശ്മീരി ഗുജ്ജർ, പഹാഡി എന്നിങ്ങനെ സമൂഹത്തെ അവർക്ക് ഭിന്നിപ്പിക്കണം. മണ്ഡല പുനർനിർണയത്തിൽ സഹകരിക്കില്ല. സഹകരിച്ചാലും ഗുണെമാന്നുമില്ല. ഇൗ സർക്കാറിനോട് സഹകരിച്ചവരോടൊക്കെ എന്താണവർ ചെയ്തത്? ഇത് കൂടാതെ ജമ്മു-കശ്മീരിലുള്ളവരെ അടിച്ചും പീഡിപ്പിച്ചും രാജ്യത്തെ മറ്റു ഭാഗങ്ങളിൽ േവാട്ടു ശേഖരിക്കുകയാണ്. ഇത് രാജ്യത്തിന് നല്ലതല്ല. ജമ്മു-കശ്മീരിൽ നടപ്പാക്കുന്നതാണ് പിന്നീട് രാജ്യത്തും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഗുലാം നബിയുടെ ഗുണം ബി.ജെ.പിക്ക്
തെരെഞ്ഞടുപ്പ് വന്നാൽ എന്തായാലും ഞങ്ങൾ മത്സരിക്കും. ജനാധിപത്യത്തിെൻറ ഇടമെങ്കിലും ഉപയോഗപ്പെടുത്തുകയല്ലാതെ മറ്റൊരു ഇടം ഞങ്ങൾക്കില്ല. എതിരാളികളില്ലാതെ ജയിച്ചുകയറാൻ ബി.ജെ.പിയെ ഞങ്ങൾ സമ്മതിക്കില്ല. അതേസമയം 370ാം വകുപ്പ്, 35 എ വകുപ്പും എടുത്തുകളഞ്ഞത് പുനഃസ്ഥാപിക്കാതെ ഞാൻ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തെരഞ്ഞെടുപ്പിൽ ഗുപ്കാർ സഖ്യം ഉണ്ടാകുമോ ഇല്ലേ എന്നൊന്നും ഇപ്പോൾ പറയാനാവില്ല. പ്രത്യേക ലക്ഷ്യങ്ങൾക്ക് ഒന്നിച്ചതാണവ. അതേസമയം ഒാരോ പാർട്ടിക്കും അവരവരുടെ അജണ്ടയുണ്ടാകും. അത് ഒന്നാക്കാൻ കഴിയില്ല. ഗുലാം നബിയുടെ പാർട്ടി മേതതര വോട്ടുകൾ വീണ്ടും ഭിന്നിപ്പിക്കാനുള്ളതാണ്. കോൺഗ്രസിന് കിട്ടിയിരുന്ന വോട്ടുകൾ ഭിന്നിക്കുന്നതിെൻറ ഗുണം ബി.ജെ.പിക്ക് ലഭിക്കും.
പ്രധാനമന്ത്രി യോഗം വിളിച്ച ശേഷം തുടർനടപടികളില്ല
പ്രധാനമന്ത്രി കശ്മീരിലെ നേതാക്കളെ വിളിച്ചശേഷം ഞങ്ങൾ അദ്ദേഹത്തിന് കത്തെഴുതിയിരുന്നു. അതിന്മേൽ പിന്നീട് ഒന്നുമുണ്ടായില്ല. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ജയിലുകളിൽ കഴിയുന്ന കശ്മീരികളെ വിട്ടയക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിട്ടയക്കാത്തവരെ ജമ്മു-കശ്മീരിലെ ജയിലുകളിലേക്ക് മാറ്റണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അതിൽ ഒരു നടപടിയുമുണ്ടായില്ല. സർക്കാറുമായി ഒരു ചർച്ചയും നിശ്ചയിച്ചിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കശ്മീരിൽനിന്നും അഫ്സ്പ എടുത്തുകളയണമെന്നാണ് എെൻറ അഭിപ്രായം. എത്ര നാൾ ഇങ്ങനെ തോക്കിന് തോക്കുകൊണ്ട് മറുപടി നൽകി മുന്നോട്ടുപോകും? പക്ഷേ, അവരത് ചെയ്യുമെന്ന് തോന്നുന്നില്ല. ബംഗാളിൽ കേന്ദ്രസേനക്ക് കൂടുതൽ ഭാഗങ്ങളിൽ ഇടപെടാനുള്ള അധികാരം നൽകുകയാണ് ചെയ്തത്.
ജുഡീഷ്യറിയും മാധ്യമങ്ങളും കശ്മീരിനോട് ചെയ്യുന്നത്
രാജ്യത്തിന് വല്ലതും സംഭവിക്കുേമ്പാൾ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളാണ് സർക്കാറിനെ ഉത്തരവാദിത്തബോധമുള്ളവരാക്കി മാറ്റുന്നത്. അതിലൊന്നാണ് സുപ്രീംകോടതിയും ജുഡീഷ്യറിയും. കശ്മീരിനെപോലെ ഇത്രയും വൈകാരികമായ ഒരു വിഷയത്തിൽ രണ്ട് വർഷമായി വാദം കേൾക്കാൻപോലും തയാറാകുന്നില്ല എന്ന് ആലോചിക്കുേമ്പാൾ നമ്മുടെ രാജ്യം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് നിങ്ങൾക്കറിയാം. ഇത്രയും ഗൗരവമുള്ള കേസ് രണ്ട് വർഷമായിട്ടും സുപ്രീംകോടതി എടുക്കാത്തതുകൊണ്ടാണ് എെൻറയും മാതാവിെൻറയും പാസ്പോർട്ടുകൾ പിടിച്ചെടുത്തിട്ടും കോടതിയിൽ പോകാത്തത്. പോയാലും വാദം കേൾക്കാൻ ദിവസം അനുവദിക്കില്ലെന്നാണ് കരുതുന്നത്.
ജമ്മു-കശ്മീർ പ്രശ്നപരിഹാരത്തിനാണ് പിതാവിനെപോെല ബി.ജെ.പിയുമായി സഖ്യം െചയ്തത്. പുതിയ വഴി തുറക്കുെമന്നും സംഭാഷണംനടത്തുമെന്നുമാണ് ബി.ജെ.പി പറഞ്ഞിരുന്നത്. അതുകൊണ്ടാണ് സഖ്യസർക്കാറുണ്ടാക്കിയത്.
പ്രശ്നപരിഹാരത്തിന് സംഭാഷണവും അനുരഞ്ജനവും
സംഭാഷണവും അനുരഞ്ജനവും മാത്രമാണ് കശ്മീർ പ്രശ്നത്തിനുള്ള പരിഹാരം. പ്രശ്നപരിഹാരത്തിന് പുതിയ പുസ്തകം തേടിപോകേണ്ടതില്ല. വാജ്പേയിയുടെ പുസ്തകംതന്നെ അവിെടയുണ്ട്. എങ്ങനെയാണ് അദ്ദേഹം ചെയ്തതെന്നും എന്താണ് ചെയ്തതെന്നും ആ പേജുകൾ മറിച്ചാൽ അറിയാം. അല്ലെങ്കിൽ കശ്മീർ പൂർണമായും കൈയിൽനിന്ന് വഴുതും. വാജ്പേയി വന്നപ്പോൾ ഇന്ത്യ ഞങ്ങൾക്ക് വേണ്ടി സുരക്ഷിതമാകുന്നു എന്നൊരു തോന്നലുണ്ടാക്കിയിരുന്നു. സംസാരിക്കാനും സംഭാഷണം നടത്താനും അനുരഞ്ജനത്തിലെത്താനും കഴിയുമെന്ന് കരുതിയിരുന്നു. ഇനിയും സംഭാഷണം മാത്രമാണ് താറുമാറായ കശ്മീർ പ്രശ്നത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴി. അതെല്ലങ്കിൽ രാജ്യത്തെ സ്ഥിതിഗതികൾ മോശമാകും. എത്ര പേരെ ജയിലിലിടാൻ കഴിയും? എത്ര പേർക്കെതിരെ യു.എ.പി.എ ചുമത്തും? എത്ര പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും?
രക്തസാക്ഷ്യങ്ങൾ വൃഥാവിലാവില്ല
ബോധപൂർവം കശ്മീരികളെ സാമ്പത്തികമായി തകർത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. പഴങ്ങളുമായി കശ്മീരിൽനിന്ന് പോകുന്ന ട്രക്കുകൾ അവ കേടുവരുന്നത് വരെ കുറെ ദിവസം റോഡിൽ തടഞ്ഞുനിർത്തുകയാണ്. കേവലം ടൂറിസെത്ത മാത്രം ആശ്രയിക്കുന്നവരായി ഞങ്ങളെ മാറ്റാനാണ് നോക്കുന്നത്. ഹരിയാനയിൽ എല്ലാ ജോലിയും അവിടെയുള്ളവർക്ക് കിട്ടണമെന്ന് നിങ്ങൾ പറയുന്നു. ഹിമാചലിലും മറ്റു പലയിടങ്ങളിലും പുറമെ നിന്നുള്ളവർക്ക് ഭൂമി വാങ്ങാൻ കഴിയില്ല. പിന്നെന്തിനാണ് ജമ്മു-കശ്മീരിനെ ഇൗ വിധത്തിൽ കഷ്ടപ്പെടുത്തുന്നത്. ഞങ്ങൾക്കുള്ള എസ്.പി.ജി സംരക്ഷണം പിൻവലിച്ചതും ബി.ജെ.പി അജണ്ടയുടെ ഭാഗമാണ്.
ഞങ്ങളുടെ പോരാട്ടം വളരെ വലുതാണ്. കൊേളാണിയൽ മനഃസ്ഥിതിയോടും രാജ്യത്തെ മുഴുവൻ ബന്ദിയാക്കി വെച്ചിരിക്കുന്ന ഭിന്നിപ്പിച്ച് ഭരിക്കുന്ന സർക്കാറിനോടുമാണ് ഇൗ പോരാട്ടം. ഗാന്ധി പോരാടിയപോലെ കശ്മീരിന് അകത്തും പുറത്തും ഞങ്ങൾ സമാധാനപരമായി പോരാടും. കർഷകർ പോരാടി വിജയിച്ച് നമുക്ക് കാണിച്ചുതന്നു. 700ലേറെ പേരുടെ രക്തസാക്ഷ്യങ്ങൾ കർഷകർ ഇതിനായി നൽകി. ജമ്മു-കശ്മീരിലുള്ളവർ ആയിരക്കണക്കിനു രക്തസാക്ഷ്യങ്ങളാണ് നൽകിയത്. അത് വൃഥാവിലാവാൻ ഞങ്ങൾ സമ്മതിക്കില്ല.