തമിഴിലെ ശ്രദ്ധേയയായ പുതുതലമുറ എഴുത്തുകാരി സ. വിജയലക്ഷ്മി മാധ്യമത്തോട് സംസാരിക്കുന്നു
'പൊന്നി' എന്ന തൂലികാനാമത്തിൽ 2006 വരെ എഴുതി. സമകാലിക തമിഴ് സാഹിത്യമണ്ഡലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് വിജയലക്ഷ്മിയുടേത്. കവിത, ചെറുകഥ, വിവർത്തനം, നിരൂപണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ സജീവമായി സാന്നിധ്യമറിയിക്കുന്നു വിജയലക്ഷ്മി. 'പെരുവെളിപ്പെൺ', 'എല്ലാ മാലൈകളിലും എരിയുമൊരു കുടിശൈ', 'എൻ വനദേവതൈ', 'തമിഴ് കവിതൈകളിൽ പെണ്ണുരുമൈ', 'പെണ്ണെഴുത്ത്: കാലമും...
Your Subscription Supports Independent Journalism
View Plans'പൊന്നി' എന്ന തൂലികാനാമത്തിൽ 2006 വരെ എഴുതി. സമകാലിക തമിഴ് സാഹിത്യമണ്ഡലത്തിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് വിജയലക്ഷ്മിയുടേത്. കവിത, ചെറുകഥ, വിവർത്തനം, നിരൂപണം തുടങ്ങി വ്യത്യസ്ത മേഖലകളിൽ സജീവമായി സാന്നിധ്യമറിയിക്കുന്നു വിജയലക്ഷ്മി. 'പെരുവെളിപ്പെൺ', 'എല്ലാ മാലൈകളിലും എരിയുമൊരു കുടിശൈ', 'എൻ വനദേവതൈ', 'തമിഴ് കവിതൈകളിൽ പെണ്ണുരുമൈ', 'പെണ്ണെഴുത്ത്: കാലമും അരശിയലും', 'കാളി', 'ലണ്ടായ്' എന്നിവ കൃതികൾ. ആദ്യസമാഹാരമായ പെരുവെളിപ്പെണ്ണിന് 2002ൽ അരിമാ ശക്തി പുരസ്കാരം ലഭിച്ചു. ലണ്ടായ് കവിതകളുടെ വിവർത്തന പുസ്തകത്തിന് 2015ൽ ജയന്തൻ പുരസ്കാരം ലഭിച്ചു. കവിതകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ കൊളംബിയ സർവകലാശാലയുടെ കാവ്യവിഭാഗം ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാളി എന്ന കഥ കേരളത്തിൽ പത്താം ക്ലാസ് തമിഴ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏതാണ് താങ്കളുടെ ദേശം? ജനിച്ചത് എവിടെയാണ്?
മദിരാശിയിൽ. ചിന്താദിരിപ്പേട്ടൈയിലാണ് ജനനം. അന്ന് നഗരത്തിന് ചെന്നൈ എന്ന പേര് സ്വീകരിച്ചിട്ടില്ല. ചിന്താദിരിപ്പേട്ടൈയിൽതന്നെയാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്.
ചിന്താദിരിപ്പേട്ടൈ ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശമാണല്ലോ...
അതെ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി അവരുടെ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ കൊണ്ടുവന്ന ശിപായിമാർക്ക് കുപ്പായങ്ങൾ നെയ്യാൻ 1734ൽ സ്ഥാപിച്ച നെയ്ത്തുകേന്ദ്രമാണ് ചിന്താദിരിപ്പേട്ടൈ. അതിനും മുമ്പ് പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്ന പ്രദേശമാണ് ചിന്താദിരിപ്പേട്ടൈ. കൂവം നദിക്കരയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
വായനയെയും എഴുത്തിനെയും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമായിരുന്നോ ബാല്യത്തിൽ?
എഴുത്തിന്റെ ഒരന്തരീക്ഷവും വീട്ടിൽ ഉണ്ടായിരുന്നില്ല. എഴുത്തോ സാഹിത്യാഭിരുചികളോ ഉള്ളവരായിരുന്നില്ല വീട്ടുകാർ. അമ്മയും അമ്മാവനും നോവൽ വായനക്കാരായിരുന്നു. ഇവരുടെ വായനകൾ എന്നിൽ ആകാംക്ഷ ഉയർത്തിയിരുന്നു. അങ്ങനെ അമ്മയും അമ്മാവനും കൊണ്ടുവരുന്ന നോവലുകൾ ഞാനും വായിക്കാൻ തുടങ്ങി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി നോവലുകൾ വായിക്കുന്നത്. ആ വായനകളാണ് എന്നെ ഭാഷയോട് അടുപ്പിച്ചത്. ആ വായനകൾതന്നെയാണ് എന്നിൽ സാഹിത്യാഭിരുചി ഉണ്ടാക്കിയത്.
എപ്പോഴാണ് എഴുതാൻ തുടങ്ങിയത്. എന്തെല്ലാമായിരുന്നു എഴുത്തുജീവിതത്തിന്റെ ആദ്യകാലങ്ങളെ രൂപപ്പെടുത്തിയ കാര്യങ്ങൾ?
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. അപ്പോൾ സ്കൂളിൽ നടന്ന കവിതാമത്സരത്തിൽ എനിക്ക് സമ്മാനം ലഭിച്ചു. അതിനുശേഷം നോട്ട് പുസ്തകത്തിൽ കവിത എന്ന് എനിക്ക് തോന്നിയ ചിലത് എഴുതാൻ ആരംഭിച്ചു. പിന്നീട് തമിഴിലെ ഉദാത്ത സാഹിത്യകൃതികൾ വായിക്കാൻ ആരംഭിച്ചു. ഞാൻ വിദ്യാർഥിയായിരുന്ന പ്രസിഡൻസി കോളജ്, മദ്രാസ് സർവകലാശാലയുടെ തമിഴ് വകുപ്പ് എന്നിവിടങ്ങളിലെ പ്രഫസർമാരും പ്രസിദ്ധരായ കവികളുമായിരുന്ന ഇൻക്വിലാബ് പൊൻ സെൽവഗണപതി, ഈറോഡ് തമിഴൻപൻ കവിക്കോ, അബ്ദുൽ റഹ്മാൻ, മു. മേത്തർ മുതലായവർ കവിതകൾ എഴുതുന്നതിന് പ്രോത്സാഹനമാവുകയും കവിയരങ്ങുകൾ തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുകയും ചെയ്തു. മറൈമലൈ ഈളക്കുവനാർ, സുതൻതിരമുത്തു തുടങ്ങിയ പ്രഫസർമാർ കവിതകളെക്കുറിച്ചുള്ള വിമർശനങ്ങൾ പറയാൻ പ്രേരണയും അറിവുമേകി. ക്രിസ്ത്യൻ കോളജിലെ പ്രഫസർ ഭാരതിപുത്തിരൻ 'വനം' എന്ന പേരിൽ കവിതക്കായി ഒരു കൂട്ടം ഉണ്ടാക്കി. ഇതിനെ മാതൃകയാക്കി 'സുതന്തിര മുത്തു', 'ജയ് ഭീം' സിനിമയുടെ സംവിധായകൻ ടി.ജെ. ജ്ഞാനവേൽ തുടങ്ങിയവർക്കൊപ്പം ചേർന്ന് കോളജ് തല സംവാദം സംഘടിപ്പിച്ചു. 'മുറൺകളരി' എന്ന പേരിൽ സാഹിത്യസഭ തുടങ്ങി. എട്ടു കൊല്ലം എല്ലാ മാസവും ഒരു സാഹിത്യവിമർശന സംവാദം കൂട്ടുകാർക്കൊപ്പം നടത്തിപ്പോന്നു. പല സാഹിത്യകാരന്മാരുടെയും വിമർശകരുടെയും രചനകളിലൂടെയുള്ള എന്റെ യാത്ര തുടരുന്നത് അങ്ങനെയായിരുന്നു. ഇടതുപക്ഷ കലാസാഹിത്യ സംഘം, എഴുത്തുകാരായ സുഹൃത്തുക്കൾ തുടങ്ങിയവർ സമകാല പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന എനിക്ക് എന്നും തുണയായിരുന്നിട്ടുണ്ട്.
ഇത്തരത്തിൽ സ്വാംശീകരിക്കാനായ തമിഴ് സാഹിത്യ പാരമ്പര്യം വിജയലക്ഷ്മിയുടെ സാഹിത്യസമീപനങ്ങളെ എങ്ങനെയാണ് സ്വാധീനിച്ചത്?
ഞാൻ തമിഴ് സാഹിത്യം പഠിച്ചു വളർന്നവൾ. 2600 വർഷങ്ങളായി പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ നിറഞ്ഞ നമ്മുടെ തമിഴ്, മലയാളികൾക്കും സ്വന്തം. ഇതിൽ സംഘസാഹിത്യം, ചിലപ്പതികാരം പോലുള്ള പഴയ ചേരനാട് ഉള്ളടങ്ങിയ കൃതികൾ കേരളീയർക്കും സ്വന്തം. ഈ മൊഴിയിൽ വിരിഞ്ഞ സാഹിത്യത്തിന്റെ പാരമ്പര്യം രക്തംപോലെ എന്റെയുള്ളിൽ ഓടിക്കൊണ്ടിരിക്കുന്നു. എന്റെ എഴുത്തിന്റെ അടിപ്പടവുകളിലേക്കെത്തിയാൽ അതിന്റെ പുരാവസ്തുവിജ്ഞാനീയം തുറന്നുതരിക തമിഴ് സാഹിത്യപാരമ്പര്യത്തിന്റെ ഉദാത്ത ശൈലികൾതന്നെ. എന്റെ രചനകളിലെന്നപോലെ പഴന്തമിഴിന്റെയും അതിന്റെ പാരമ്പര്യത്തിന്റെയും സ്വാധീനരാശിയായ സംഘപ്പാട്ടുകളുടെ തുടർച്ചകൾതന്നെയാണ് തമിഴിലെ നവീന കവിതയിലും കാണാനാവുക. കവിതകളുടെ ഈ പെരുങ്കടലിൽ ഒരു ചെറുതുള്ളിയായി ഞാനിരിക്കുന്നത് ഭാഗ്യം.
വായനയുടെ ഒരു വിസ്തൃതലോകത്തിനകത്താണ് വിജയലക്ഷ്മി സ്വന്തം കാവ്യലോകത്തെയും വിജയലക്ഷ്മിയെത്തന്നെയും നിർത്തുന്നത്..?
വായനയില്ലാതെ ഞാനില്ല. ലൈബ്രറികളിൽ ചെന്ന് പുസ്തകമെടുക്കുന്നതും അവ വായിക്കുന്നതും ഏറെ ഇഷ്ടപ്പെട്ട വായനാരീതി. അതിനു തുടർച്ചകൾ ആമസോൺ കിൻഡിലിലും നടക്കുന്നു.
വായിക്കുന്നതിന് കൃത്യമായ ഒരു സമയമുണ്ടോ?
എനിക്ക് വിദ്യാഭ്യാസ മേഖലയിലാണ് ജോലി. ഔദ്യോഗികമായ പ്രവൃത്തിസമയത്തിനു ശേഷം വീട്ടിൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ ചെയ്യണം. അതിനെല്ലാം ശേഷം രാത്രിയിൽ വായിക്കുന്നതാണ് എന്റെ ശീലം. സ്കൂൾ അവധിക്കാലം വായനക്കും എഴുത്തിനും വേണ്ടിയുള്ളതാണ്.
പ്രിയപ്പെട്ട എഴുത്തുകാർ, തേടിപ്പിടിച്ചു വായിക്കുന്നവ... അങ്ങനെ എന്തെങ്കിലും ഉണ്ടോ?
സംഘസാഹിത്യം എനിക്കാലയം. പുതുമൈപിത്തൻ, ജി. നാഗരാജൻ, ദസ്തയേവ്സ്കി, ആന്റൺ ചെക്കോവ്, ടോൾസ്റ്റോയ്, സാദത് ഹസൻ മാന്റോ, ഇഖ്മത് ചുക്തായ്, തകഴി, ബഷീർ, കമല സുറയ്യ, സച്ചിദാനന്ദൻ, കൽപറ്റ, പൗലോ കൊയ്ലോ, ജാക് ലണ്ടൻ തുടങ്ങിയ എഴുത്തുകാർ എനിക്ക് പ്രിയപ്പെട്ടവരിൽ ചിലർ. റഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെയും ഇന്ത്യയിലെ പ്രാദേശിക മൊഴികളിലെയും കാവ്യസാഹിത്യം വായിക്കാൻ പ്രധാനമായും ശ്രമിക്കാറുണ്ട്. അതുപോലെ, പല നാടുകളിൽ വസിക്കുന്ന തമിഴ് പ്രവാസി എഴുത്തുകാരുടെ രചനകളും വായിക്കാൻ ശ്രദ്ധിക്കാറുണ്ട്.
ആഴമുള്ള രാഷ്ട്രീയ ബോധത്താലും രാഷ്ട്രീയ നിലപാടുകളുടെ സജീവതയാലും സമ്പന്നമാണ് നിങ്ങളുടെ കാവ്യലോകം. നിത്യജീവിതത്തെ രാഷ്ട്രീയവത്കരിക്കുന്ന സവിശേഷമായ ഒരു സ്വരരീതി നിങ്ങളുടെ രചനകളിൽ കാണാം. എന്താണീ രാഷ്ട്രീയബോധത്തെ നിർമിക്കുന്ന മൂലകങ്ങൾ?
കല ജീവിതാവിഷ്കാരമാണെന്നും അത് ജനതക്കായാണ് നിലകൊള്ളേണ്ടതെന്നും വിശ്വസിക്കുന്നവളാണ് ഞാൻ. ഞാൻ എന്തായാണോ ഇരിക്കുന്നത്, എന്റെ അവസ്ഥകൾ എന്താണോ, എനിക്ക് ചുറ്റും എന്തെല്ലാം നടക്കുന്നുവോ അതെല്ലാം എന്റെ രചനകളെ സ്വാധീനിക്കുകയും അവയുടെ മൂലകങ്ങളായി തീരുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അല്ലെങ്കിൽ മറ്റൊരു കാര്യത്തെക്കുറിച്ച് എഴുതാമെന്ന് ഉറപ്പിച്ചുകൊണ്ട് എഴുതുന്ന ശീലം എനിക്കില്ല. എന്നെ ഉലയ്ക്കുന്നവയെന്താണോ എന്നെ വിടാതെ അസ്വസ്ഥമാക്കുന്നതെന്താണോ എന്നെ വല്ലാതെ രോഷം കൊള്ളിക്കുന്നതെന്താണോ അത്തരം ഘടകങ്ങൾ എന്റെ രചനകളുടെ മൂലകങ്ങളായിത്തീരാറുണ്ട്. എഴുത്തുകാർ കാലത്തിന്റെ സാക്ഷികളാണെന്ന് ഞാൻ വിശ്വസിക്കുന്നു.
എഴുത്തുകാരിയെന്ന നിലയിൽ ഇത്തരം അനുഭവങ്ങളെ നിങ്ങൾ നേരിടുന്നത് എങ്ങനെയാണ്?
ജീവിക്കുന്ന കാലത്തിന്റെ മുഖമായിരിക്കേണ്ടവരാണ് എഴുത്തുകാർ എന്നു കരുതുന്നവളാണ് ഞാൻ. കാലങ്ങളുടെ വഴിയായിത്തീരുന്ന ജീവിതങ്ങളുടെ പ്രതിധ്വനികളാണ് സാഹിത്യത്തിൽ നിറയുക. എന്റെ നിത്യജീവിതം എന്നത് ഈ സമൂഹത്തിലെ ജീവിതത്തിന്റെ ഒരു അടരു മാത്രം. ജീവിതത്തിന്റെ ദൈനികതയിൽ ഉൾവാങ്ങുന്ന മനുഷ്യരുടെ അനുഭവങ്ങളിലേക്കാണ് ഞാൻ ശ്രദ്ധിക്കാറുള്ളത്. ഈ ഭൂമിയിലെ എല്ലാ അനുഭവങ്ങളും രാഷ്ട്രീയ അനുഭവങ്ങളുമാണ് എന്നതിനാൽ അവയെ വിശകലനം ചെയ്യുകയും അവയെ സമീപിക്കുകയും ചെയ്യുന്നതിലും രാഷ്ട്രീയം സ്വാഭാവികമായും രൂപപ്പെടും. അതുകൊണ്ടുതന്നെ സാഹിത്യസൃഷ്ടികൾക്ക് രാഷ്ട്രീയ അനുഭവത്തെ അവതരിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവുകയില്ല. എന്റെ രചനകൾ അത്തരം പ്രതിഫലനങ്ങൾ ഉള്ളവയാണ്. രാജസ്ഥാൻ സന്ദർശനത്തിനിടയിലെ ഒരനുഭവം ഞാൻ പറയാം. കോട്ടകളാണ് അവിടത്തെ കാഴ്ചകളിൽ മുഖ്യം. അതിന്റെ നിർമിതിയുടെ ചാതുര്യം, ഉദാത്തത എല്ലാം നമ്മെ സ്തബ്ധരാക്കും. അവയുടെ വർണനകളിൽ മുഴുകും. എന്നാൽ, എനിക്ക് അവക്കുള്ളിൽ പോയപ്പോൾ ഉണ്ടായ തോന്നൽ അവയിലെ സ്ത്രീജീവിതങ്ങൾ എങ്ങനെ ആയിരുന്നിരിക്കും എന്നതായിരുന്നു. ആ ചുവരുകളും അവയിലെ കാലുകളിലും കുടുങ്ങിപ്പോയ നിസ്സഹായതകളും തേങ്ങലുകളും അവയിൽ തുളുമ്പിനിന്ന കണ്ണീരുമാണ് ഞാൻ കേട്ടതും കണ്ടതും. ആ കണ്ണീരിനും തേങ്ങലുകൾക്കും നിസ്സഹായതകൾക്കും മുന്നിൽ ആ കെട്ടിടങ്ങളുടെ വലുപ്പമോ ആഡംബരങ്ങളോ വലുതായി എനിക്ക് തോന്നിയില്ല. ഓരോ സന്ദർഭങ്ങളും അനുഭവങ്ങളും നമ്മിൽ രാഷ്ട്രീയ പ്രതികരണങ്ങൾ രൂപപ്പെടുത്തിക്കൊണ്ടേയിരിക്കും.
വിജയലക്ഷ്മിയുടെ രചനകളിലെ ആത്മകഥനാംശം എത്രയാണ്?
നാടൻപാട്ടുകൾ, പഴമൊഴികൾ എന്നിവ വളരെ പ്രാഥമികതലത്തിൽ ജീവിതാനുഭവങ്ങളെതന്നെയാണ് വെളിവാക്കുന്നത്. അവ രൂപപ്പെട്ട അന്തരീക്ഷത്തിൽ ജീവിക്കാൻ സാധിക്കാത്ത മനുഷ്യർ ആ അനുഭവങ്ങൾക്ക് അപ്പുറമുള്ള തങ്ങളുടെ അനുഭവങ്ങളെ ആവിഷ്കരിക്കുന്നതാണ് സാഹിത്യത്തിലെ അനുഭവതലം. ആത്മകഥനവും സമൂഹത്തിന് ആവശ്യമുള്ളവ. രചനകളുടെ കാര്യം വരുമ്പോൾ, സ്വാനുഭവങ്ങളിലൂടെ ആർജിച്ച ജ്ഞാനങ്ങളുടെ വഴികളിലൂടെ എഴുതുന്നൊരാൾ സമൂഹത്തോട് സംവദിക്കുക തന്നെയാണ്. അല്ലെങ്കിൽ അവർ ആ അനുഭവങ്ങളുടെ ബലത്തിൽ സാമൂഹിക വിമർശനത്തിനു മുതിരുന്നു. എഴുത്തിൽ ഈ ഒരു തലം ഒഴിച്ചുകൂടാൻ സാധിക്കാത്തതാണ്. ഈ ഒരു തലത്തിൽ എന്റെ രചനകളിലും ആത്മാംശം ഉണ്ട്. ആത്മകഥനാംശം അതിനാൽതന്നെ എന്റെ എഴുത്തുലോകത്തിന്റെ പ്രചോദനകേന്ദ്രവുമാണ്. സ്വാനുഭവത്തിന്റെ ചില അംശങ്ങൾ രചനകളിൽ കാണാനാവും. എന്റെ കവിതകളുടെ ശീർഷകങ്ങളും പല കവിതകളിലെയും കഥകളിലെയും പ്രതിപാദ്യവും സ്വാനുഭവത്തിന്റെ പ്രതലങ്ങളിൽനിന്നുള്ളവ തന്നെയാണ്.
എന്റെ ചില കഥകളെ മാത്രമേ സാങ്കൽപികമെന്നോ മാതൃകാരൂപങ്ങളെ പിന്തുടരുന്നവയെന്നോ പറയാനാവൂ. എനിക്ക് നേരിട്ട് അറിവുകൾ ഉള്ളവയോ എന്റെതന്നെ അനുഭവങ്ങളോ ആണ് മിക്ക കഥകൾക്കും വേണ്ട ഇതിവൃത്തങ്ങൾ പ്രദാനംചെയ്തിട്ടുള്ളത്. സ്ത്രീകൾക്ക് തുല്യത വേണമെന്ന് നാം നിത്യവും പറയും. എന്നാൽ, അഷ്ടാവക്രത്വം ഉള്ളവയാണ് പലപ്പോഴും സ്ത്രീജീവിതങ്ങൾ. ഒട്ടനവധി ദുരിതസന്ദർഭങ്ങൾ നിറഞ്ഞതാണ് സ്ത്രീകളുടെ ജീവിതം. ഞാൻ നേരിട്ടുകണ്ട മാതൃത്വത്തിന്റെ വിഷമതലങ്ങളെ കഥാത്മകമായി ആവിഷ്കരിച്ചതാണ് 'കാളി' എന്ന കഥ. ആനന്ദവികടനിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. കേരളത്തിൽ പത്താം ക്ലാസിലെ തമിഴ് പാഠപുസ്തകത്തിൽ ആ കഥ ചേർക്കുകയുണ്ടായി. 'റെയിൽ വിളയാട്ടിൻ രാക്ഷസ നൊടികൾ' എന്ന കഥ ഒരു വർഷത്തോളം നിത്യവും ഞാൻ യാത്ര ചെയ്തിരുന്ന തീവണ്ടിയിൽ സംഭവിച്ചതായി ഞാൻ കേട്ട ഒരു കാര്യത്തെ മുൻനിർത്തി എഴുതിയതാണ്. ആ സംഭവം എത്ര നൂറ്റാണ്ടുകൾ പിന്നിലാണ് മാനസികമായും സാംസ്കാരികമായും നമ്മൾ എന്ന ഒരു തോന്നലാണ് എന്നിൽ ഉളവാക്കിയത്. 'ശിവപ്പിൻ നിറം പെൺമൈ' എന്ന മറ്റൊരു കഥയും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. ഞാൻ രണ്ടുതവണ കശ്മീരിൽ പോയിട്ടുണ്ട്. കശ്മീരിന്റെ പശ്ചാത്തലവർണനകളോടെ ഒരു കഥ ഞാൻ എഴുതുകയുണ്ടായി. അവിടെ വലിയൊരു കുന്നിൻ മുകളിലുള്ള ദേവീക്ഷേത്രത്തിലേക്ക് സ്ത്രീകൾ പോകുന്നതും എന്നാൽ, ഋതുമതികൾ ആവുന്നവർ എന്ന കാര്യം പറഞ്ഞ് അവരെ തിരിച്ചുവിടുന്നതുമാണ് ഞാൻ കണ്ടത്. 'ജയ് മാതാജി' വിളികളോടെ ആ സ്ത്രീകൾ തിരിച്ചിറങ്ങുന്നത് വല്ലാത്ത കാഴ്ചയായിരുന്നു. അവരുടെ സങ്കടങ്ങൾക്ക് ദേവതതന്നെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കേരളത്തിൽ ശബരിമല ഒരു രാഷ്ട്രീയ പ്രശ്നമാണല്ലോ?
തമിഴ്നാട്ടിലെയും നമുക്ക് ചുറ്റുമുള്ള ലോകത്തിലെയും വലിയ ചില മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ജീവിതമാണ് വിജയലക്ഷ്മിയുടേത്. ഇത്തരം ചരിത്രസന്ധികൾ എഴുത്തുകാരിയെന്ന നിലയിൽ വിജയലക്ഷ്മിയുടെ ജീവിതത്തെ ഏതു തരത്തിലാണ് സ്വാധീനിച്ചിട്ടുള്ളത്?
പരിസ്ഥിതിവാദം, വ്യക്തിസ്വാതന്ത്ര്യം, വിമോചന പോരാട്ടം, ഭൂ അവകാശങ്ങൾ, സാമ്പത്തിക സ്വയംപര്യാപ്തത, ന്യൂനപക്ഷ അവകാശങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും അവയെക്കുറിച്ചുള്ള നിലപാടുകളും മാറിയിരിക്കുന്നു. ആഗോളീകരണത്തിന്റെയും നാഗരികതയുടെയും സാഹചര്യങ്ങളിലുള്ള ജീവിതമായിരിക്കുന്നു നമ്മുടേത്. ഫലസ്തീൻ, ഇത്യോപ്യ, ലബനാൻ, അഫ്ഗാനിസ്താൻ, കശ്മീർ, ശ്രീലങ്ക തുടങ്ങി ലോകമെമ്പാടും പല നാടുകളിൽ നടക്കുന്ന പോരാട്ടങ്ങൾ, ഭക്ഷണത്തിനും സമാധാനജീവിതത്തിനും ജീവിക്കാനുള്ള അവകാശത്തിനുംവേണ്ടി ഉയരുന്ന ശബ്ദങ്ങളാണ്. അവ കേട്ടില്ലെന്നു നടിച്ച് കടന്നുപോകാൻ സാധിക്കുമോ?
പരമ്പരാഗതശൈലികളിൽ വിട്ടുകളയുന്ന പലതിനെയും ഞാൻ ഏറ്റവും മുന്നിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ''ജലകന്യയായിരുന്ന ഞാൻ അപ്പോൾ ഒരു സാഗരമായ് മാറി'' എന്നും ''ഓഹരിവിപണി എല്ലായിടവും ആളിക്കത്തിച്ച് ഉറവയെടുക്കുന്നു. അതിന്റെ വിശകലനത്തിനു മാത്രമായിത്തീർന്നു മനുഷ്യർ'' എന്നും ''വരൂ, നീയും കത്തിയെരിയുന്നു; ഞാനും കത്തിയെരിയുന്നു; മക്കൊണ്ടാ, ഉണർന്നുകൊള്ളുക'' എന്നും ''അവൻ ദലിത്, അവൻ ആദിവാസി, അവൻ ഇസ്ലാം, അവൻ ഹിന്ദു, കൊലയിലും ആയിരം രാഷ്ട്രീയഭേദം'' എന്നും എഴുതാൻ എനിക്ക് കഴിയുന്നത് ഞാൻ ജീവിക്കുന്ന കാലവും എനിക്ക് ചുറ്റുമുള്ള ലോകവും മനുഷ്യരും എനിക്കുമേൽ ഉയർത്തുന്ന സ്വാധീനങ്ങളുടെ ഫലമായി എന്നിൽ രൂപപ്പെടുന്ന വൈരുധ്യങ്ങളും സംവാദങ്ങളും കാരണമാണ്.
ഉൽപാദനം ഉൽപാദകന് ഒരുൽപന്നത്തെ ഉൽപാദിപ്പിച്ചു നൽകുക മാത്രമല്ല ചെയ്യുന്നത്. മറിച്ച്, അത് ഉൽപന്നത്തിന് ഒരു ഉൽപാദകനെയും നിർമിച്ച് നൽകുന്നു എന്ന നിരീക്ഷണംപോലെയാണ് എന്റെ എഴുത്തിന്റെ കാര്യം.
നമുക്കു ചുറ്റുമുള്ള ലോകത്തെ ശ്രദ്ധിക്കുമ്പോൾ അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് പോകേണ്ടതുണ്ട്. ഉദാഹരണത്തിന് അഫ്ഗാൻ ഞാനേറെ ശ്രദ്ധയോടെ പിന്തുടരുന്ന പ്രദേശമാണ്. സദാ സംഘർഷപ്രദേശമായ അഫ്ഗാനിലെ സ്ത്രീജീവിതങ്ങളെ പല വർഷങ്ങളായി ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമമാണ് ആ സ്ത്രീകൾക്കിടയിൽ സജീവമായി നിലനിൽക്കുന്ന വാമൊഴിക്കവിതകളെ -ലണ്ടായ്കളെക്കുറിച്ച് മനസ്സിലാക്കാൻ എന്നെ പ്രാപ്തമാക്കിയത്. അവയെപ്പറ്റി കൂടുതൽ അറിയാൻ ശ്രമിച്ചപ്പോൾ അവ തമിഴിലേക്ക് മൊഴിമാറ്റാനും എനിക്കായി. അതിലൂടെ അവിടത്തെ രാഷ്ട്രീയവും ജീവിതവും സാമൂഹികാവസ്ഥകളും കൂടുതൽ വ്യക്തമായി സ്ത്രീകളുടെ കാഴ്ചയിലൂടെ മനസ്സിലാക്കാനുമായി. എന്നിലേക്കെത്തുന്ന ലോകം എന്റെ ഭാഗമായിത്തീരുന്നു. ഞാനാ ലോകത്തിലേക്കെത്തുമ്പോൾ ഞാൻ അതിൽ ലയിച്ചുതീരുന്നു.
ലണ്ടായ് കവിതകളിലേക്ക് എത്തിച്ചേർന്നതെങ്ങനെ?
ലണ്ടായ്, അഫ്ഗാനിലെ പഷ്തൂൺ വിഭാഗത്തിലെ സ്ത്രീകൾ പാടുന്ന കവിതകളാണ് ഞാൻ വിവർത്തനം ചെയ്തിരിക്കുന്നത്. എലിസ ഗ്രിസ്വോൾഡ് ലണ്ടായ് കവിതകൾ പഷ്തൂണിയിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരുന്നു. അവ ഞാൻ അവരുടെ ട്വിറ്റർ ഹാൻഡിലിൽ വായിക്കാറുണ്ടായിരുന്നു. ലണ്ടായ് കവിതകൾ ആദ്യമായി വായിച്ചപ്പോൾ എന്തോ പുതിയത് കണ്ടെത്തുകയോ ലഭിക്കുകയോ ചെയ്ത അനുഭവമായിരുന്നു. പിന്നീട് അവർ ഈ കാവ്യരീതികളെക്കുറിച്ച് എഴുതിയ ലേഖനങ്ങൾ തേടിപ്പിടിച്ചു വായിക്കാൻ തുടങ്ങി. ലണ്ടായ് കവിതകൾ എന്നെ വല്ലാതെ ആകർഷിച്ചു. രണ്ടുവരികളുള്ള കവിതകളാണ് ഇവ. നമ്മുടെ നാട്ടിലും പഴമൊഴി, നാട്ടുപാട്ടുകൾ എന്നിവ ഉണ്ട്. അവയെ സമകാലികമാക്കാനും അവ ഉപയോഗിച്ച് സമകാലത്തെ ആവിഷ്കരിക്കാനും നാം ശ്രമിക്കുന്നത് വളരെ കുറവാണ്. എന്നാൽ ലണ്ടായ് പഴയ രൂപങ്ങളെയും കാവ്യത്തെയും നിരന്തരം പുതുക്കുന്ന കവനരീതിയുമാണ്. അതിൽ യുദ്ധസാഹചര്യങ്ങളിലെ കവിതകളാണ് കൂടുതൽ. യുദ്ധങ്ങളും താലിബാൻ വിലക്കുകളും അരക്ഷിതത്വങ്ങളും നിറഞ്ഞ സാഹചര്യങ്ങളെ അടുക്കളസംഭാഷണ രീതിയിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നവയാണ് ഈ കവിതകൾ. അടിച്ചമർത്തൽ എത്ര തീവ്രമാകുന്നുവോ അത്തരം ഇടങ്ങളിൽ കവിതകൾ ആത്മപ്രകാശനത്തിന്റെയും പ്രതിരോധ- പ്രതിഷേധ ഭാഷണങ്ങളുടെയും ആയുധമാകുന്നതിന്റെ തെളിവാണ് ലണ്ടായ് കവിതകൾ. പ്രണയം, കാമം, പരിഹാസം, ഭീതി, നിരാശ തുടങ്ങി എല്ലാ വികാരങ്ങളും അവസ്ഥകളും ഈ വരികളിൽ വളരെ സ്പഷ്ടമായി അവതരിപ്പിക്കുന്നു. ഏറ്റവും പഴയ ഒരു സാഹിത്യരൂപം എത്ര കരുത്തോടെ സമകാല ജീവിതത്തെയും രാഷ്ട്രീയത്തെയും അവതരിപ്പിക്കാൻ ഉപയോഗിക്കപ്പെടുന്നു എന്നതിന്റെയും ഒരു പരമ്പരാഗത രീതിയെ എങ്ങനെ സമകാലവത്കരിക്കാം എന്നതിന്റെയും ഏറ്റവും നല്ല തെളിവാണ് ലണ്ടായ് കവിതകൾ. എന്നെ ആകർഷിച്ചത് ഈ കാര്യങ്ങളാണ്.
ലണ്ടായ് വിജയലക്ഷ്മിയുടെ ആദ്യ വിവർത്തന കൃതിയാണോ?
അതെ. ലണ്ടായ് എന്റെ ആദ്യ വിവർത്തന കൃതിയാണ്. എന്നെ ഇത്രയധികം സ്വാധീനിക്കുകയും പിന്തുടരാൻ നിർബന്ധിതയാക്കുകയും ചെയ്ത കവിതകൾ തമിഴിൽ വായിക്കപ്പെടണമെന്ന ആഗ്രഹമാണ് വിവർത്തനത്തിനു പ്രേരകമായത്.
കവിയെന്ന നിലയിൽ കവിതകൾ വിവർത്തനം ചെയ്യുമ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്തായിരുന്നു?
ഒരു ഭാഷയിലെ കവിതകൾ ആ ഭാഷയിലെ ഏറ്റവും ഉന്നതമായ സാഹിത്യരൂപമാണ്. അതിൽ ആവശ്യമില്ലാത്ത വരികളോ വാക്കുകളോ ഉണ്ടാവരുത്. ലണ്ടായ് സാധാരണ കവിതകൾ പോലെയല്ല. അത് ലക്ഷണയുക്തിയുള്ള വാമൊഴിപ്പാട്ടുകളാണ്. ആ രീതിയിൽതന്നെ തമിഴിൽ അവ വിവർത്തനം ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവുന്ന രീതിയിൽ ലളിതമായി തമിഴിലെ വാമൊഴി വഴക്കത്തെ ഉപയോഗപ്പെടുത്തിയാണ് ഞാൻ വിവർത്തനം ചെയ്തത്. പലപ്പോഴും വളരെയധികം ദിവസമെടുത്താണ് ഓരോ ഈരടിയും വിവർത്തനം ചെയ്തത്. പ്രത്യേകിച്ചും പ്രണയകവിതകൾ. അതിനു കാരണം ആ സമൂഹത്തിലെ വികാരപരമായ വിനിമയങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കുക എന്നത് ശ്രമകരമായ പ്രവൃത്തിയായിരുന്നു. രാഷ്ട്രീയകവിതകൾ സുതാര്യവും സൂക്ഷ്മവുമായിരുന്നു. ലണ്ടായ് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ ഉന്മാദവിഷം നിറഞ്ഞ സർപ്പങ്ങളായിരുന്നു. അവ വായിക്കുമ്പോൾ ശരീരത്തിലാകെ ഉന്മാദവിഷം പടരുന്ന പ്രതീതിയായിരുന്നു എനിക്ക്. ആ അനുഭവമാണ് ഞാൻ വായനക്കാർക്ക് പകർന്നുകൊടുക്കാൻ ശ്രമിച്ചിട്ടുള്ളത്.
ഇത്രയും സ്വാധീനങ്ങൾ ഉളവാക്കിയ കവിതകൾ നിങ്ങളുടെ രചനകളുടെ സ്വഭാവത്തെ -അവയുടെ ശൈലിയിലോ വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകളിലോ- ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചുവോ?
ഇല്ല. എന്റെ കവിതകൾ പുതുകവിതയുടെ ഗണത്തിൽപെട്ടവയാണ്. ഞാൻ അഫ്ഗാൻ സ്ത്രീകളുടെ ജീവിതാവസ്ഥകളെക്കുറിച്ച് രണ്ടര ദശകങ്ങളായി പഠിക്കുകയും അവരുമായി ബന്ധപ്പെട്ട വാർത്തകൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. എന്റെ കവിതകളിൽ പ്രണയവും കാമവും പ്രതീകങ്ങളാണ്. അത് ലണ്ടായ് കവിതകളിൽ ഉള്ളതുപോലെ അല്ല. ലണ്ടായ് കവിതകളിൽ ധാരാളം സദൃശവാക്യങ്ങളുണ്ട്. അവയിൽ വിവരിച്ചിരിക്കുന്ന ജീവിതരീതികൾ, അനുഭവങ്ങൾ, ആഴം, വാക്കുകളുടെ പ്രയോഗരീതി എല്ലാം വലിയതോതിൽ എന്റെ കവിതകളിൽനിന്ന് വ്യത്യസ്തമാണ്.
കവിതകളും ചെറുകഥകളും എഴുതുന്ന വിജയലക്ഷ്മിക്ക് അവ തമ്മിൽ ഒരു രചയിതാവെന്ന നിലയിൽ അനുഭവതാളത്തിൽ എന്തു വ്യത്യാസങ്ങളാണ് അനുഭവപ്പെടുന്നത്?
തികച്ചും വ്യക്തിപരമാകും അതിനുള്ള മറുപടി. കവിത വൈകാരികതലങ്ങളുടെ ഏറ്റവും സാന്ദ്രമായ ഭാവത്തെയാണ് പ്രകാശിപ്പിക്കുക. അതിൽ ഭാഷ ഏറ്റവും സാന്ദ്രമായി മാറും. വളരെ ലളിതമായ കവിത രചിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ചെറുകഥക്ക് നിശ്ചിതമായ ഒരു സംഭവത്തിന്റെ പിന്തുണ മതി. ആ സംഭവത്തെ പടർത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് അതിന്റെ രചനയിൽ ഞാൻ ചെയ്യാറുള്ളത്. ബഹുമുഖവും ബഹുതലസ്പർശിയുമായ ആവിഷ്കാരമായാണ് കവിതകൾ രചിക്കപ്പെടുന്നത്. അതിന്റെ വിനിമയസ്വഭാവംതന്നെ വ്യത്യസ്തമാണല്ലോ? ബിംബങ്ങളും രൂപകങ്ങളും ചിഹ്നങ്ങളും വിനിമയ ഉപാധികളായി കവിതയിൽ സജീവമാകും. എന്നാൽ, കഥകൾ വായിക്കുന്നവർക്ക് മനക്കണ്ണിൽ സംഭവങ്ങളുടെ സജീവമായ ദൃശ്യാവിഷ്കാരമായി തെളിയണം. കവിതയെയും ചെറുകഥകളെയും കുറിച്ചുള്ള എഴുത്തുകാരി എന്ന നിലയിലുള്ള എന്റെ നിലപാടുകളാണിവ.
കവിതകളുടെയും കഥകളുടെയും വിഷയങ്ങളായിത്തീരുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?
സ്ത്രീകളുടെ സാമൂഹികാവസ്ഥകൾ, സ്ത്രീകളുടെ അവകാശങ്ങൾ, അതിരുകളിലെ മനുഷ്യജീവിതങ്ങൾ- അവയാണ് എന്നും എന്റെ വിഷയങ്ങൾ.
നിങ്ങളുടെ കാവ്യവ്യക്തിത്വത്തിന്റെ വളർച്ചയെ സ്വയംവിമർശനപരമായി കാണുന്നത് എങ്ങനെയാണ്?
എനിക്കുള്ളിൽ വളർന്നിരിക്കുന്ന കാവ്യസ്വത്വം എന്നത് ഒരുള്ളടക്കത്തെ സൗന്ദര്യശാസ്ത്രപരമായി ആവിഷ്കരിക്കുന്നതിനുള്ള സാധ്യത ഒരുക്കുന്ന ഒരു അവബോധത്തിന്റെയും സമീപനത്തിന്റെയും തലങ്ങൾ പകർന്നുതരുന്ന ഒന്നായാണ് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ മാത്രമല്ല, ഏതൊരു രചയിതാവും എന്ത്, ഏതു സമീപനത്തിൽ ഏതു രചനാതന്ത്രത്തിൽ ആവിഷ്കരിക്കുന്നു എന്നത് എഴുത്തുകാർ എന്ന അവരുടെ സ്വത്വത്തിന്റെ ആവിഷ്കാരംതന്നെയാണ്. ഇതുകൊണ്ടു ഞാൻ അർഥമാക്കുന്നത് കഥയോ കവിതയോ ഇന്നയിന്ന വാക്കുകളിൽ ഇന്നയിന്ന രൂപത്തിൽ വളരെ അനായാസമായി വളരെ നല്ല രീതിയിൽ രൂപപ്പെട്ടു വരും എന്നല്ല. കാലവും ജീവിതസാഹചര്യങ്ങളും മനസ്സും ആവശ്യപ്പെടുന്ന വിഷയങ്ങളെ ആവിഷ്കരിക്കുന്നതിനുള്ള വാഗ്സമ്പത്ത് ഒരു സാഹിത്യരചയിതാവിന്റെ കൈവശം ഉണ്ടാവണം. അത് വെറുതെ ആകസ്മികമായി ഉണ്ടാവുന്നതല്ല. മറിച്ച്, സാഹിത്യരചയിതാവ് സമകാലികമാകുന്നതിന്റെ ഫലമായി രൂപപ്പെടുന്നതാണ്. അപ്പോൾ മാത്രമാണ് രചനകളിലെ വിവേചനശേഷിയെയും അവബോധത്തെയും അതിനു നിദാനമാകുന്ന വാക്കുകളെയും ഇവയെയെല്ലാം രൂപപ്പെടുത്തുന്ന ഇടം, കാലം, തിണൈ, പോലുള്ള ഘടകങ്ങളെയും പ്രയോജനപ്പെടുത്താനാവുക. ഇതിനായി പരന്ന വായനയും വേണം. സാഹിത്യരൂപങ്ങളെക്കുറിച്ച് അവയിൽ ഉളവാകുന്ന, നടക്കുന്ന പരീക്ഷണങ്ങളെയും മാറ്റങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ ഇതുപകരിക്കും. ഭാഷയിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പുതുക്കലുകളെക്കുറിച്ച് അറിയേണ്ടത് സാഹിത്യരചനയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. രചനയുമായി ബന്ധപ്പെട്ട ഈ ധാരണയോ ബോധ്യമോ ആണ് എന്നെ ഭാഷാപരമായും പ്രമേയപരമായും വീക്ഷണപരമായുമുള്ള നിരന്തരപുതുക്കലുകൾക്ക് തയാറാക്കുന്നത്. എന്റെ ആദ്യ കവിതാസമാഹാരത്തിലെ ഭാഷയിൽനിന്ന് രണ്ടാം സമാഹാരം വലിയതോതിൽ മാറിയതായും മൂന്നാം സമാഹാരത്തിൽനിന്ന് നാലാം സമാഹാരത്തിലേക്കെത്തുമ്പോൾ പ്രമേയപരമായും ഭാഷാപരമായും ഏറെ മാറ്റങ്ങൾ കവിതകൾക്ക് വന്നതായും അവയെക്കുറിച്ചുള്ള വായനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കവിതയാകട്ടെ കഥയാവട്ടെ -എഴുതുന്നതിനുള്ള തയാറെടുപ്പുകൾ എന്തൊക്കെയാണ്?
ഞാൻ ഈ സമൂഹത്തിലുള്ള മറ്റാരെയുംപോലെ ദൈനംദിന ജീവിതത്തിനായുള്ള ഓട്ടപ്പാച്ചിലുകളുള്ള സാധാരണ ഒരു സ്ത്രീ. എനിക്ക് ചുറ്റുമുള്ള സംഭവങ്ങൾ ശ്രദ്ധിക്കുന്ന എനിക്ക് അത്തരത്തിലുള്ള എല്ലാ കാര്യങ്ങളും എന്റെ രചനകൾക്ക് പ്രചോദനമാകും. അവ കവിതകളോ കഥകളോ ആയി രൂപപ്പെടും. അത്തരത്തിൽ പല സംഭവങ്ങളിൽനിന്ന് രൂപപ്പെടുന്ന ഭ്രൂണത്തെ വാക്കുകളിലേക്കാക്കി എഴുതുകയെന്നത് അതിനായുള്ള മാനസികതയിലേക്കും ഉണർവിലേക്കും ഞാൻ എത്തുമ്പോൾ മാത്രമാണ്. ചില സംഭവങ്ങളിൽനിന്ന് രൂപപ്പെടുന്ന കഥ-കാവ്യ ഭ്രൂണങ്ങൾ വളരെ വേഗത്തിൽ വാഗ് രൂപത്തിൽ തെളിയാറുണ്ട്. അത്തരത്തിൽ ഉള്ളവ പെട്ടെന്നുതന്നെ കുറിച്ചിടാറുണ്ട്. പിന്നീട് കവിത രചിക്കാൻ ഒരുങ്ങുമ്പോൾ ഇത്തരം കുറിപ്പുകൾ ഉപയോഗപ്പെടാറുണ്ട്. എപ്പോഴോ എഴുതിവെച്ചവ പിന്നീടൊരു കാലത്ത് തിരുത്തലുകൾ വരുത്തിയാണ്, ദീർഘകാലം എടുത്ത് എഡിറ്റ് ചെയ്താണ് പ്രസിദ്ധീകരണത്തിന് കൊടുക്കാറുള്ളത്. കവിത ചോദിക്കുന്നവർക്കായി പെട്ടെന്ന് എഴുതിത്തീർക്കുന്നത് സ്വീകാര്യമായ കാര്യമല്ല. ചെറുകഥയുടെ കാര്യമാണെങ്കിൽ കഥയെക്കുറിച്ചുള്ള ഏകദേശരൂപമായി തുടക്കവും ഒടുക്കവും മാത്രമേ പലപ്പോഴും എന്റെ മനസ്സിൽ ഉണ്ടാവാറുള്ളൂ. കഥയുടെ രചന പുരോഗമിക്കുമ്പോൾ മാത്രമേ അതിന്റെ വികാസങ്ങൾ സംഭവിക്കാറുള്ളൂ. എഴുതിക്കഴിഞ്ഞവ കുറച്ചുനാൾ കഴിഞ്ഞു വായിക്കുമ്പോൾ, മറ്റൊരു മാനസികാവസ്ഥയിൽ ആ കഥ എന്തായിത്തീരുമായിരുന്നു എന്ന് വിമർശനപരമായി ആലോചിക്കാൻ സാധിക്കാറുണ്ട്. നൂറ്റാണ്ടുകളായി വികസിച്ചുകൊണ്ടിരിക്കുന്ന സാഹിത്യഭാഷയെ വികസിതമാക്കാൻ സഹായകമായ തരത്തിലുള്ള കാവ്യ- കഥാഭ്രൂണങ്ങൾ ഇവിടെ ധാരാളമുണ്ട്. അതിനേക്കാൾ ഉപരിയായി സാഹിത്യം ജനതയുടെ പ്രതിരോധശബ്ദമായി ഉയർന്നു നിൽക്കേണ്ട തരത്തിൽ കാര്യങ്ങൾ ആറേഴു വർഷങ്ങളായി തീവ്രമായി നമുക്ക് ചുറ്റും രൂപപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ചില ചരിത്രപരമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഞാൻ ജീവിക്കുന്നതെന്ന ബോധ്യം എനിക്കുണ്ട്. എന്റെ മകളോടും അവളുടെ അടുത്ത തലമുറകളിലെ മക്കളോടും കഥകളായി പറയേണ്ട അനേകം കാര്യങ്ങൾ എനിക്ക് ചുറ്റും നടക്കുന്നു. എത്രയോ എഴുതാൻ കിടക്കുന്നു എന്ന തിടുക്കമാണ് മനസ്സിലെപ്പോഴും. എഴുതുന്നതിനായുള്ള മനോനിലയും അതിനിരിക്കാനുള്ള സമയവും കൈവരിക്കുന്നതോടെ എഴുത്ത് രൂപപ്പെടും. അടിസ്ഥാനപരമായ സത്യസന്ധത പുലർത്താതെ ഒരു രചനയും സാധ്യമാകാറില്ല.
ഓരോ രചനയിലും അതെഴുതുന്ന സമയത്തു ഞാൻ അനുഭവിക്കുന്ന മാനസികനില എന്താണോ അത് സ്വാഭാവികമായും പ്രതിഫലിക്കാറുണ്ട്. അത് സന്തോഷമാകട്ടെ, കോപമാകട്ടെ, ഉത്സാഹമാകട്ടെ അത് എഴുതുന്നതിൽ ലയിച്ചു കാണാനാവും. ഇതെല്ലാം എന്റെ ദൈനംദിന ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന കാര്യങ്ങളോടുള്ള വൈകാരികാനുഭവങ്ങൾ മാത്രമായി അവസാനിക്കുന്നില്ല. ഈ സമൂഹം എനിക്കു നൽകുന്നതും ഞാൻ ഈ സമൂഹത്തിന് തിരിച്ചുനൽകുന്നതുമായ അനുഭവങ്ങളുടെയും രചനകളുടെയും ആദാനപ്രദാനങ്ങൾ പ്രവർത്തിക്കുന്നു. എന്റെ കവിതകളിൽ ഈ തലം നേരിട്ട് മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ഞാൻ കരുതുന്നത്. കഥകളിലും ലേഖനങ്ങളിലും ഇവ പലതരത്തിൽ പ്രത്യക്ഷപ്പെടും. ചിലപ്പോൾ വളരെ ശാന്തമായി, മറ്റു ചിലപ്പോൾ വിശകലനാത്മകമായും വിമർശനപരമായും പ്രതികരണങ്ങൾ ഉയരും.
സ്വന്തം എഴുത്തുലോകത്തെ ഇത്ര സൂക്ഷ്മമായി വിലയിരുത്തുന്ന ഒരാൾ എന്ന നിലയിൽ സമകാലികമായ എഴുത്തുകളെക്കുറിച്ച് കൃത്യമായ വിലയിരുത്തലുകൾ ഉണ്ടാകുമല്ലോ?
സമകാലിക തമിഴ് സാഹിത്യമണ്ഡലം വളരെ ഊർജസ്വലമാണ്. ലോകത്തിൽ മറ്റു ഭാഗങ്ങളിൽ രൂപപ്പെടുന്നതുപോലെ, കഥേതര സാഹിത്യരംഗങ്ങളിൽ കാണുന്നതുപോലെ പുതുമക്കായുള്ള അന്വേഷണങ്ങളും ശ്രമങ്ങളും തമിഴ് കാവ്യരംഗത്ത് കാണാനാവുന്നുണ്ട്. ഞാൻ കവിത വളരെ ഗൗരവമായി എഴുതിത്തുടങ്ങിയ എന്റെ കോളജ് പഠനകാലഘട്ടത്തിൽ കവിതാപുസ്തകങ്ങൾ അച്ചടിച്ചുവരുന്നത് വലിയ കാര്യമായി കണക്കാക്കിയിരുന്നു. ഒന്നുരണ്ടു പുസ്തകങ്ങൾ ഇറങ്ങുന്നതോടെ കവിയെ ആൾക്കാർ തിരിച്ചറിയുമായിരുന്നു. അതിനുശേഷം പുതിയൊരു തലമുറ എഴുത്തുകാർ കാവ്യരംഗത്തേക്ക് കടന്നുവരുകയും അവരുടേതായി പല കൃതികളും പ്രസിദ്ധീകരിക്കാൻ തുടങ്ങുകയും ചെയ്തു. ഇവരുടെ കവിതകൾ വായനക്കാർ ഏറ്റെടുക്കുന്ന നിലയിൽ എത്തിയപ്പോൾ ചില മുതിർന്ന കവികൾ ഇത്തരം രചനകളെ ശ്രദ്ധിക്കാൻ തുടങ്ങുകയുണ്ടായി. തീർച്ചയായും മുൻതലമുറകളിൽപെട്ടവർ എഴുതിയിരുന്നതിലും കൂടുതലായി രചനകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവർക്ക് എഴുതുന്നതിന് പത്രമാധ്യമങ്ങൾ മാത്രമേ ഉള്ളൂ എന്ന അവസ്ഥയായിരുന്നില്ല. ജനകീയ പ്രസിദ്ധീകരണങ്ങൾ മുതൽ ഫേസ്ബുക്ക് വരെയുള്ള എല്ലാ മാധ്യമങ്ങളുടെയും സാധ്യതകളെ അവർ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നു. ഫേസ്ബുക്കിൽ എഴുതിയിടുന്നവ പുസ്തകങ്ങളാക്കി പ്രസിദ്ധീകരിക്കാനും തുടങ്ങി. എന്റെ ഗവേഷണകാലഘട്ടത്തിൽ ചില വർഷങ്ങൾ നവീനകവിതയിലും അവയുടെ ജനിതകത്തിലും ശ്രദ്ധിക്കാൻ ഞാൻ ചെലവിടുകയുണ്ടായി. ഒരേ സ്വഭാവത്തിലുള്ള കവിതകൾ, ഒരേ വീക്ഷണത്തിലുള്ള കവിതകൾ വേറെവേറെ പേരുകളിൽ പകർത്തിവെക്കുന്നതു കണ്ട അനുഭവവുമുണ്ട്. അത്തരം രചനകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുള്ളതിന് അനേകം ഉദാഹരണങ്ങൾ കാണാനാവും. ഇവക്കപ്പുറം കരുത്തുള്ള രചനകളുൾക്കൊള്ളുന്ന സമാഹാരങ്ങളുമായി സമകാലത്തിൽ സ്വന്തം ശബ്ദങ്ങൾ കേൾപ്പിച്ചവരും കാവ്യരംഗത്ത് സജീവമാണ്. കഴിഞ്ഞ നൂറ്റാണ്ടിനെയപേക്ഷിച്ച് തൂലികാനാമത്തിൽ എഴുതുന്നവരുടെ എണ്ണവും വളരെ കുറവാണ്. വിമർശനങ്ങൾ അക്ഷരാർഥത്തിൽ ഇല്ലാതായിരിക്കുന്നു. ഒരർഥത്തിൽ ആക്ഷേപകരമാണെന്നു തോന്നാമെങ്കിലും ഇന്നത്തെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ, വായനക്കായുള്ള പുതിയ രീതികളെ ഉപയോഗപ്പെടുത്തുന്ന വായനക്കാർ എഴുത്തുകാർക്ക് കൃതികളെക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പെട്ടെന്നുപെട്ടെന്ന് പകർന്നുകൊടുക്കുന്നു. അതുപോലെത്തന്നെ അത്തരം വായനക്കാർ സമൂഹമാധ്യമങ്ങളിൽ പുസ്തകങ്ങളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതും ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളും അതിൽ നടക്കുന്ന സംവാദങ്ങളും ആസ്വാദനത്തിലും എഴുത്തിലും പുതിയ ചില ഇടങ്ങൾ രൂപപ്പെടുത്തുന്നുണ്ട്.
തമിഴിൽ ഇളംതലമുറയിൽപെട്ട നിറയെ കഥാകൃത്തുക്കൾ സജീവമായി രചനകളുമായി വരുന്നുണ്ട്. മുതിർന്ന എഴുത്തുകാരും സജീവമാണ്. ഇവരെല്ലാം ചെറുകഥയുടെ എഴുത്തിടത്തെ സമ്പന്നമാക്കുന്നു. പുതിയ ചെറുകഥാകൃത്തുക്കൾക്കിടയിൽ എഴുത്തുകൂട്ടങ്ങൾ നിറയെ വന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളും സജീവമായി രംഗത്തുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സ്ത്രീകൾ സ്പഷ്ടമായും തുറന്നും എഴുതുന്നതിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ വിമർശനങ്ങളും അധിക്ഷേപങ്ങളുമായി പലരും സജീവമായിരുന്നു. ഇന്ന് അത്തരം സാഹചര്യങ്ങൾ പാടെ മാറിയിരിക്കുന്നു. ഇന്ന് സ്ത്രീകൾക്ക് തങ്ങൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എഴുതാനും അവ പ്രസിദ്ധീകരിക്കാനും പുസ്തകങ്ങളാക്കാനും സാധിക്കുന്ന സാഹചര്യമുണ്ട്. മറ്റേതൊരു ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തോടുമൊപ്പം നിൽക്കാവുന്ന തരത്തിൽ സമകാലിക തമിഴ് സാഹിത്യം സമ്പന്നമാണ്. അവരവരുടെ ജീവിതപരിസരങ്ങൾ, അവരവരുടെ അനുഭവങ്ങളും വികാരങ്ങളും അവരവരുടെ പ്രാദേശികമൊഴി ഇവയെല്ലാം ഉപയോഗിച്ചുകൊണ്ട് തമിഴ് സാഹിത്യം വലുപ്പമേറിയതായിത്തീരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും തമിഴർ എത്തിച്ചേർന്നിരിക്കുന്നു, മറ്റു പ്രദേശങ്ങളിൽ ജീവിക്കുന്ന തമിഴ് ജനത അത്തരം പ്രദേശങ്ങളിലെ സാഹിത്യസൃഷ്ടികളും എഴുത്തുരീതികളും അവിടങ്ങളിലെ സമകാലിക സാഹിത്യത്തിനു ലഭിക്കുന്ന സ്വീകരണമെന്തെന്നും മനസ്സിലാക്കുന്നു. ശ്രീലങ്കയിലെ പോരാട്ടച്ചൂടിൽ വളർന്നു വെളിയിലേക്കു വന്ന ഇളംതലമുറയിൽപെട്ട സഹോദരീസഹോദരന്മാർ തങ്ങളുടെ രചനകളിൽ യുദ്ധാന്തരീക്ഷത്തിലെ ജീവിതത്തെയും ആ അന്തരീക്ഷത്തെയും കുറിച്ച് എഴുതുന്നു. തമിഴിൽ ബാലസാഹിത്യരംഗം സജീവമായിരുന്നു. ഇപ്പോൾ പുതിയതായി പലർ ബാലസാഹിത്യ രംഗത്തേക്ക് തങ്ങളുടെ രചനകളുമായി വരുന്നു. കുട്ടികൾതന്നെ കഥയും കവിതകളും എഴുതി പുസ്തകമാക്കിയ സംഭവങ്ങളുമുണ്ട്.